Wednesday, 19 June 2019

അൾത്താര ബാലൻ ആഫ്രിക്കൻ വീരപ്പൻ

വൈകിട്ട്, പ്രമുഖ ഡന്റിസ്റ്റ് ജെ.ഐ. ചാക്കോയെ കാത്തിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ റിസപ്ഷനിലാണ്, 1985 സെപ്തംബറിലെ 'നാഷനല്‍ ജ്യോഗ്രഫിക്' കണ്ടത്. ആനക്കൊമ്പ് അഥവാ ദന്തം (Ivory)) ആയിരുന്നു, മുഖലേഖനം. ഡന്റിസ്റ്റിനെ കാത്തിരിക്കെ, മറ്റൊരു ദന്തം കൈയില്‍ വരിക-ഇത്തരം നിമിഷങ്ങളാണ്, ദൈവിക നിമിഷങ്ങള്‍. 

ഇങ്ങനെ, കുറെ അനുഭവങ്ങള്‍ ഒ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍, ബ്രിട്ടീഷ് രാഷ്ട്രീയ ചിന്തകനായ ഡേവിഡ് സെല്‍ബോണുമൊരുമിച്ച് ഡല്‍ഹിയിലെ മുഗളായ് റസ്റ്ററന്റില്‍ വിജയന്‍ അത്താഴത്തിന് പോയി. അവരിരുന്നപ്പോള്‍ നേരെ എതിര്‍വശത്തെ മേശയില്‍, അന്ന്, 'റോ'യില്‍ ഉദ്യോഗസ്ഥനായ ഹോര്‍മിസ് തരകന്‍; ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും സെല്‍ബോണും വിജയനും അതേ റസ്റ്ററന്റില്‍ പോയി; അപ്പോഴും എതിര്‍വശത്തെ മേശയില്‍, ഹോര്‍മിസ് തരകന്‍! ഇക്കാര്യം, തരകന്‍ ഡ ല്‍ഹി ഏഷ്യാഡ് വില്ലേജിലെ വസതിയില്‍ വച്ച്, എന്നോട് സ്ഥിരീകരിച്ചു. സെല്‍ബോണും വിജയനും ഒന്നിച്ചു നടന്നത് അടിയന്തരാവസ്ഥക്കാലത്താണെന്ന് തോന്നുന്നു. ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്ന 'ആന്‍ ഐ ടു ഇന്ത്യ' എന്ന പുസ്തകം, ഇന്ദിര പോയ 1977 ല്‍ സെല്‍ബോണ്‍ പുറത്തിറക്കിയിരുന്നു. 

നല്ല ഉറപ്പുള്ളതെങ്കിലും, ആവശ്യമില്ലാത്ത പല്ല്, ഡോ. ചാക്കോയുടെ കൊടിലിനു വഴങ്ങാത്തതിനാല്‍, എല്ലുമുറിച്ചാണ് കടപുഴക്കിയത്. നീചന്മാരെ പല്ലും നഖവും ഉപയോഗിച്ചാണ് എതിര്‍ക്കേണ്ടത്; കുറച്ചുനാള്‍ അതിന്, ഒരു പല്ല് കുറവായിരിക്കും. പുതിയ പല്ലുകള്‍ വച്ചുതരാമെന്ന് ചാക്കോ ഏറ്റിട്ടുണ്ട്. എന്റെ മകള്‍ ബിഡിഎസ് അവസാന വര്‍ഷമാണ്. അവളെ അതിന് ചേര്‍ക്കും മുന്‍പ് ജോസഫ് മുണ്ടശ്ശേരിയുടെ മകള്‍ ഡോ. മേരി സത്യദാസിനെ കോട്ടയത്തു ഞാന്‍ കാണുകയുണ്ടായി. അവര്‍ പറഞ്ഞു: ''ബിഡിഎസ് നല്ലതാണ്; ഒരു രോഗിക്ക് 32 പല്ലാണ്; ഒരു രോഗിയെ കിട്ടുമ്പോള്‍ 32 രോഗികളെയാണ് കിട്ടുന്നത്!'' കോട്ടയത്ത് എന്റെ ഭാര്യ കണ്ടിരുന്നത് ഡോ. മാണിയെ ആണ്; 90-ാം വയസ്സിലും പ്രാക്ടീസ് ചെയ്ത് റേക്കോഡ് പുസ്തകങ്ങളില്‍ കയറിയ ഡന്റിസ്റ്റ്. 90-ാം വയസില്‍ എം.കെ. സാനു, സി. ജെ. തോമസിന്റെ ജീവചരിത്രം എഴുതിയിരിക്കുന്നു- 'ഇരുട്ടു കീറുന്ന വജ്രസൂചി.' 90-ാം വയസില്‍ പുസ്തകമഴുതിയവര്‍ ലോകത്തില്‍ തന്നെ അപൂര്‍വമാണ്. ഡോറിസ് ലെസിങ് 89-ാം വയസില്‍ 'ആല്‍ഫ്രഡ് ആന്‍ഡ് എമിലി' എന്ന നൊവെല്ല പ്രസിദ്ധീകരിച്ചു; ഹെര്‍മന്‍ വോക്കിന്റെ 'ദ ലോ ഗിവര്‍' നോവല്‍ കഴിഞ്ഞകൊല്ലം 94-ാം വയസിലാണ് വന്നത്. ആനക്കൊമ്പെന്ന് പറഞ്ഞാല്‍, തൃപ്പൂണിത്തുറയില്‍ നിന്ന് മോഹന്‍ലാലിന് കിട്ടിയ ആനക്കൊമ്പുകളാണ് എപ്പോഴും ഓര്‍മയില്‍ വരിക. അവ ബാലചന്ദ്രമേനോന്റെ 'ശേഷം കാഴ്ചയില്‍' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നു തോന്നുന്നു. തൃപ്പൂണിത്തുറക്കാരനായ  നിര്‍മാതാവിന്റെ വീടാണ് അതില്‍ കാണുന്നത്; ചുമരില്‍ ഈ കൊമ്പുകള്‍ കാണാം. ഇപ്പോള്‍ ആ വീടില്ല.

 'നാഷനല്‍ ജ്യോഗ്രഫികി'ന്റെ ദന്തലേഖനം, ലോകമാകെ നടക്കുന്ന ആനക്കൊമ്പു വേട്ടയെപ്പറ്റിയാണ്. എന്നെ ഞെട്ടിച്ച കാര്യം, ആഫ്രിക്കയില്‍, ആനകളെ വെടിവച്ചുകൊന്ന്, ഭീകരര്‍ ആനക്കൊമ്പുകള്‍ വിറ്റ് ഭീകരപ്രവര്‍ത്തനത്തിന് പണമുണ്ടാക്കുന്നു എന്നതാണ്. ആനക്കൊമ്പ് വേട്ടക്കാരനായ ആഫ്രിക്കയിലെ ഭീകരനേതാവാണ്, ഉഗാണ്ടയിലെ ലോര്‍ഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മി (എല്‍ആര്‍എ) സ്ഥാപകന്‍ ജോസഫ് കോണി; പിടികിട്ടാപുള്ളി. കോണിയുടെ സംഘടനയുടെ പേര് മലയാളീകരിച്ചാല്‍, 'കര്‍ത്താവിന്റെ പട്ടാളം' എന്നു തന്നെ. റോമന്‍ കത്തോലിക്കനായ അയാള്‍, പണ്ട് അള്‍ത്താര ബാലനായിരുന്നു. ഉഗാണ്ടയെ കര്‍ത്താവിന്റെ പത്തു കല്‍പനകള്‍ വച്ച്, മോചിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭീകരന്‍. ഉത്തര ഉഗാണ്ടയിലെ ഗുലുവിന് കിഴക്ക് ഒഡേക്കില്‍ 1961 ലാണ് കോണി കര്‍ഷകരായ ലൂയിസിക്കും നോറയ്ക്കും ജനിച്ചത്. അക്കോളി ഗോത്രവര്‍ഗം. സഹോദരങ്ങളുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍, വഴക്കുണ്ടായാല്‍, ആക്രമണകാരിയായിരുന്നു. ഉപദേശിയായിരുന്നു അച്ഛന്‍; 1976 വരെ കോണി അള്‍ത്താര ബാലനും. 15-ാം വയസില്‍ പള്ളിക്കൂടത്തില്‍ പോക്ക് നിര്‍ത്തി. 



ഉത്തര ഉഗാണ്ടയിലെ ഏഴു പ്രവിശ്യകള്‍ ചേര്‍ന്നതാണ്, അക്കോളി ലാന്‍ഡ്. ആലിസ് ഔമയുടെ 'പരിശുദ്ധാത്മാവു പ്രസ്ഥാനം' ശക്തമായ 1995 ലാണ്, കോണി ശ്രദ്ധിക്കപ്പെട്ടത്. ലക്‌വീന എന്ന ഇരട്ടപ്പേരുള്ള ഔമയുടെ ബന്ധുവാണ്, കോണി. അക്കോളി പ്രസിഡന്റ്ടിറ്റോ ഒകെല്ലോയെ, യൊവേരി മുസവേനിയുടെ നാഷനല്‍ റസിസ്റ്റന്‍സ് ആര്‍മി അട്ടിമറിച്ചു കഴിഞ്ഞിരുന്നു (1981-1986). മുസവേനിയുടെ പട്ടാളം കന്നുകാലികളെ മോഷ്ടിച്ചു; സ്ത്രീകളെ ബലാത്സംഗം ചെയ്തു. വീടുകള്‍ കത്തിച്ചു. വംശഹത്യ നടത്തി. ഈ അതിക്രമങ്ങള്‍ക്കെതിരെയാണ്, കോണി എല്‍ആര്‍എ ഉണ്ടാക്കിയത്. കോണിയുടെ പട്ടാളം സ്ത്രീകളെ പിടിച്ച് ചുണ്ടുകളും മുലകളും ചെവികളും ഛേദിച്ചു. കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തു. സൈക്കിളില്‍ പോകുന്നവരുടെ കാലുകള്‍ തല്ലിയൊടിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ പട്ടാളമുണ്ടാക്കി. അവര്‍ മുതിര്‍ന്ന്, കൊലയാളികളായി. 1994 ല്‍ കോണി ഉഗാണ്ട വിട്ടു.

 അയാള്‍ ആദ്യമെത്തിയത്, സുഡാനിലാണ്. വടക്കും തെക്കും ആഭ്യന്തര യുദ്ധത്തിലായിരുന്നു. തെക്കന്‍ സുഡാനെ തരിപ്പണമാക്കാന്‍, ഖാര്‍ട്ടൂമിലെ സുഡാന്‍ ഭരണകൂടത്തിനു കോണി, സഹായം വാഗ്ദാനം ചെയ്തു. പത്തുകൊല്ലം ഭരണകൂടം കോണിക്ക് ഭക്ഷണവും മരുന്നും ആയുധങ്ങളും നല്‍കി. 'കോണി 2012' എന്ന വീഡിയോ പടിഞ്ഞാറ് തരംഗമായി; അയാള്‍ ലോക കുപ്രസിദ്ധനായി. 2005 ല്‍ ഉത്തര, ദക്ഷിണ സുഡാന്‍ ഭരണകൂടങ്ങള്‍ സന്ധിയില്‍ ഒപ്പിട്ടപ്പോള്‍ കോണിക്ക് താവളം പോയി. 2006 മാര്‍ച്ചില്‍ അയാള്‍ കോംഗോയിലെത്തി, ഗരാംബ നാഷനല്‍ പാര്‍ക്കില്‍ താവളം ഉറപ്പിച്ചു. കോണി എത്തുമ്പോള്‍ അവിടെ 4000 ആനകളുണ്ടായിരുന്നു. ഗരാംബയില്‍ നിന്ന്, ഉഗാണ്ടയിലേക്ക് അയാള്‍ സന്ധിസന്ദേശങ്ങള്‍ അയച്ചു. തെക്കന്‍ സുഡാനിലെ ജൂബ മധ്യവര്‍ത്തിയായി. കോണിയും അയാളുടെ പട്ടാളവും വെടിനിര്‍ത്തല്‍ കരാറിന്റെ പിന്‍ബലത്തില്‍, പാര്‍ക്കില്‍ വിഹരിച്ചു. പച്ചക്കറി കൃഷി ചെയ്തു. വിദേശവാര്‍ത്താ ഏജന്‍സികളെ ക്ഷണിച്ച് അഭിമുഖങ്ങള്‍ നല്‍കി. വെടിനിര്‍ത്തല്‍ ലംഘിച്ച് അയാളുടെ പട്ടാളം, മധ്യ ആഫ്രിക്കയിലേക്ക് കയറി നൂറുകണക്കിന് കുട്ടികളെ റാഞ്ചി; പെണ്ണുങ്ങളെ തട്ടിയെടുത്ത് ലൈംഗിക അടിമകളാക്കി. കോണിയുടെ കൈയില്‍നിന്നു രക്ഷപ്പെട്ട സ്ത്രീകളാണ്, അയാളുടെ ആനവേട്ടയെപ്പറ്റി ലോകത്തോടു പറഞ്ഞത്. ഗരാംബ പാര്‍ക്കില്‍ കോണിക്കായി ആനവേട്ട നടത്തിയത്, മകന്‍ സലിം ഉള്‍പ്പെടെ 41 അംഗ സംഘമായിരുന്നു. 2008 ല്‍ അമേരിക്കന്‍ സഹായത്തോടെ ഉഗാണ്ടന്‍ പട്ടാളം കോണിയുടെ ഗരാംബ ക്യാമ്പുകളില്‍ ബോംബിട്ടു. രോഷാകുലനായ കോണി, ക്രിസ്മസ് തലേന്ന് നാട്ടുകാരുടെ തലകള്‍ വെട്ടി. മൂന്നാഴ്ചകൊണ്ട് 800പേരെ കശാപ്പു ചെയ്തു. 160 കുട്ടികളെ റാഞ്ചി. 2009 ജനുവരി രണ്ടിന് പാര്‍ക്കിന്റെ പ്രധാനമന്ദിരം തീവച്ചു. റേഞ്ചര്‍മാരെ കൊന്നു. ഇതുകഴിഞ്ഞും ആനക്കൊമ്പ് സുഡാനില്‍ കോണിക്കു കിട്ടിക്കൊണ്ടിരുന്നു. സുഡാന്‍ പട്ടാളത്തിന് ആനക്കൊമ്പ് കൊടുത്ത്, ഉപ്പും പഞ്ചസാരയും ആയുധങ്ങളും വാങ്ങി. കോണി ഉപേക്ഷിച്ച ആനവേട്ട സംഘം, ഗരാംബയില്‍നിന്ന് മധ്യ ആഫ്രിക്ക വഴി ദന്തം സുഡാനിലെത്തിക്കുന്നു. ഒരു വര്‍ഷം 132 ആനകളെ കൊന്ന ചരിത്രമുണ്ട്. പാര്‍ക്കിലിപ്പോള്‍ 1500 ആനകളെ കാണൂ. 

ലോകത്തില്‍, ദന്തം കലാരൂപങ്ങള്‍ക്കായി ഉപയോഗിക്കുന്ന രണ്ടു പ്രധാന രാജ്യങ്ങളാണ് ചൈനയും ജപ്പാനും. 700 ആനകളെ കൊന്നാല്‍, 40 ടണ്‍ ദന്തം കിട്ടും. ബില്യാര്‍ഡ്‌സ് പന്തുകള്‍, പിയാനോ കീകള്‍ തുടങ്ങിയവയ്ക്ക് ദന്തം ഉപയോഗിച്ചിരുന്നു. എഴുപതുകളില്‍, പിയാനോയ്ക്കുവേണ്ടി ദന്തം ഉപയോഗിക്കുന്നതു നിര്‍ത്തി. എണ്‍പതുകളില്‍, പത്തുവര്‍ഷംകൊണ്ട് ആഫ്രിക്കന്‍ ആനകളുടെ എണ്ണം 13 ലക്ഷത്തില്‍ നിന്ന് ആറുലക്ഷമായി കുറഞ്ഞു. കൃത്രിമപ്പല്ലിന്, ഹിപ്പൊപ്പൊട്ടാമസിന്റെ ദന്തമാണ് ഉപയോഗിക്കാറ്. 1989 ല്‍ ആഫ്രിക്കന്‍ ദന്ത കയറ്റുമതി നിരോധിച്ചു. ദന്തം ശില്‍പങ്ങള്‍ക്കുപയോഗിച്ച പ്രമുഖര്‍ ആധുനിക കാലത്ത് രണ്ടുപേരാണ്: ജര്‍മന്‍ ശില്‍പി ഫെര്‍ഡിനാന്റ് പ്രെയ്‌സും (1882-1943) ബല്‍ജിയത്തില്‍നിന്ന് ഫ്രാന്‍സില്‍ കുടിയേറിയ കലാകാരി ക്ലെയര്‍ കോളിനെറ്റും (1880-1950). ഫ്രെയ്‌സിന്റെ ശില്‍പശാല രണ്ടാംലോക യുദ്ധം അവസാനിക്കും മുന്‍പ് ബോംബിംഗില്‍ തകര്‍ന്നു. നൃത്തശില്‍പങ്ങളാണ്, ക്ലെയര്‍ ചെയ്തത്. ദന്തം ശില്‍പിയില്‍നിന്ന് ഭീകരനിലെത്തുന്നത്, ദുരന്തമാണ്; കോണിയെ പരാമര്‍ശിക്കാതെ, ഇന്ന്, ഒരു ദന്തകഥ എഴുതാനാവില്ല. ഇപ്പോള്‍, അയാള്‍ എവിടെ? 

കോണിയെപ്പറ്റി ഒരു പുസ്തകം കഴിഞ്ഞ മാസം പുറത്തുവന്നു: ലീഡിയോ കാക്കോങ് എഴുതിയ 'വെന്‍ ദ വാക്കിംഗ് ഡിഫീറ്റ്‌സ് യു.' കോണിയുടെ അംഗരക്ഷകനായിരുന്ന ജോര്‍ജ് ഒമോന പറഞ്ഞ വിവരങ്ങളാണ്, ഇതില്‍. മധ്യ ആഫ്രിക്കന്‍ ഭരണകൂടത്തെ 2013 മാര്‍ച്ച് 24 ന് അട്ടിമറിച്ച സെലീക്ക ഭീകരസംഘത്തോടൊപ്പം കോണി ചേര്‍ന്നു. മധ്യ ആഫ്രിക്കയെ നിയമവാഴ്ചയില്ലാത്ത രാജ്യമാക്കി സെലീക്ക മാറ്റി. നാട്ടുകാരെ കത്തിച്ച് പാലങ്ങളില്‍ നിന്നെറിഞ്ഞു. കണ്ണില്‍ കണ്ടവരെയൊക്കെ വെടിവച്ചുകൊന്നു. 2013 മേയില്‍ സെലീക്കയുടെ പിന്തുണയുള്ള സുഡാനീസ് ആനവേട്ടക്കാര്‍ ത്‌സാങ്ക നാഷണല്‍ പാര്‍ക്ക് ആക്രമിച്ച് 26 ആനകളെ കൊന്നു. വേണ്ടത്ര ആനക്കൊമ്പു ശേഖരിക്കുകയാണ്, കോണിയുടെ ലക്ഷ്യം. അത് വിറ്റു വേണം, ഉഗാണ്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍. നൈജീരിയയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്ന ഭീകര സംഘടനയായ ബൊക്കോ ഹറാമുമായി ബന്ധപ്പെടാനും കോണി ശ്രമിക്കുന്നു. നൈജീരിയയിലെ സംബിസ വനം ബൊക്കോ ഹറാമിന് താവളമാണ്. അതിന്റെ നേതാവ് അബൂബക്കര്‍ ഷെക്കാവു ഐഎസുമായി സഖ്യത്തിലാണ്. ആള്‍ക്കൂട്ടത്തില്‍ നിന്നകന്നുകഴിയുന്ന കോണിയില്‍ നിരവധി ബാധകള്‍ കൂടിയിട്ടുണ്ടെന്ന് അനുയായികളും ശത്രുക്കളും വിശ്വസിക്കുന്നു. തന്റെ കുട്ടി സൈന്യത്തിനോട് അയാള്‍ പറഞ്ഞിരിക്കുന്നത്, നെഞ്ചത്ത് എണ്ണകൊണ്ട് കുരിശുവരച്ചാല്‍, വെടിയുണ്ടകളെ തടുക്കാം എന്നാണ്. നിരവധി ഭാര്യമാരിലായി 42 കുട്ടികള്‍ അയാള്‍ക്കുള്ളതായി കണക്കാക്കുന്നു. 
പത്തു കല്‍പനകളെ വ്യാഖ്യാനിച്ച് അയാള്‍ തന്റെ ദുഷ്‌കര്‍മങ്ങളെ ന്യായീകരിക്കുന്നു: ''ഞാന്‍ ചെയ്യുന്നതു തെറ്റോ? ഞാന്‍ ചെയ്യുന്നത് മനുഷ്യാവകാശങ്ങള്‍ക്ക് എതിരല്ല. എനിക്ക് കല്‍പനകള്‍ തന്നത് ജോസഫോ എല്‍ആര്‍എയോ അല്ല; എനിക്ക് കല്‍പനകള്‍ തന്നത്, കര്‍ത്താവാകുന്നു.'' ആനവേട്ടകൊണ്ട് ജീവിച്ചുപോകുന്ന പാവം സത്യക്രിസ്ത്യാനി; ആഫ്രിക്കന്‍ കാനന വീരപ്പന്‍. ദന്തമേയുള്ളൂ, ചന്ദനം ഇല്ല. ഉന്‍മാദത്തിനെന്തിനാണ്, ചന്ദനക്കുറി? 

ഡിസംബർ 27,2016   

എം ജി ആറും സ്മാർത്ത വിചാരവും

സ്മാർത്തവിചാരം കുന്നംകുളങ്ങരയിൽ 


എ.എം.എന്‍. ചാക്യാരുടെ 'അവസാനത്തെ സ്മാര്‍ത്ത വിചാരം' എന്ന പുസ്തകത്തില്‍,'എം. ഗോപാലമേനോന്‍ സംഭവം' എന്ന ഉപശീര്‍ഷകത്തില്‍ ചെറിയൊരു ഭാഗമുണ്ട്. അതില്‍നിന്നുള്ള പ്രസക്ത വാചകങ്ങള്‍ ഉദ്ധരിക്കാം:

"കുറിയേടത്തു താത്രി സംഭവത്തോടനുബന്ധിച്ച് രസകരമായ ഒരു കഥ പ്രചാരത്തിലുണ്ട്. ആ സംഭവത്തില്‍ പുറത്താക്കപ്പെട്ടവരില്‍, വിവാഹിതനും തൃശൂരില്‍ നിയമ ഉദ്യോഗസ്ഥനും ആയ ഒരു മേനോന്‍ ഉണ്ടായിരുന്നുവെന്നും അയാള്‍ നാടുവിട്ടു പോയി, പാലക്കാട്ടു ചെന്ന് ജാതിയില്‍ താഴ്ന്ന ഒരു സ്ത്രീയെ കല്യാണം കഴിച്ചുവെന്നും പറയപ്പെടുന്നു. ഉപജീവന മാര്‍ഗം തേടി ആ ദമ്പതിമാര്‍ സിലോണിലേക്ക് കടക്കുകയും കുറച്ചുകാലം അവിടെ തങ്ങുകയും ചെയ്തു. രണ്ടാണ്‍കുട്ടികള്‍ക്ക് പിതൃത്വം നല്‍കിയ ശേഷം ആ മേനോന്‍ മരിച്ചുപോയത്രെ. അരക്ഷിതയായ ആ വിധവ ജീവിതം വഴിമുട്ടിയപ്പോള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവന്ന് പല പട്ടണങ്ങളിലും വീട്ടുവേല ചെയ്ത് കുട്ടികളെ വളര്‍ത്തി. ആ കുട്ടികളില്‍ ഒരുവന്‍ പിന്നീട് സിനിമാ നടനായി പ്രസിദ്ധി നേടുകയും ഒടുവില്‍ രാഷ്ട്രീയ നേതാവും ഉന്നത ഭരണാധിപനും ആയിത്തീര്‍ന്നുവെന്നാണ് കഥ. കുറിയേടത്തു താത്രി സംഭവവുമായി ബന്ധമുണ്ടായിരുന്നുവെന്ന ഭാഗം ഒഴിവാക്കിയാല്‍, ബാക്കി വസ്തുതകള്‍ ശരിയാണ്... വിശ്വസനീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഈ മേനോന്‍, മേലക്കത്ത് ഗോപാലമേനോനാണ്. അദ്ദേഹം ഇരിങ്ങാലക്കുടയിലുള്ള ഒരു നായര്‍ കുടുംബാംഗമായ വട്ടപ്പറമ്പിലെ മീനാക്ഷി അമ്മയെ ആണ് വിവാഹം ചെയ്തിരുന്നത്. അവര്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. മറ്റൊരു സ്മാര്‍ത്തവിചാരത്തില്‍ ഉള്‍പ്പെട്ടുപോയ അദ്ദേഹം നാടുകടത്തപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന് നാടും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. പാലക്കാട്ടേക്കു കടന്ന ഇദ്ദേഹത്തിന്റെ കഥയാണ് ബാക്കിയുള്ളത്. കുന്നംകുളത്തിന് സമീപമുള്ള നമ്പൂതിരി ഇല്ലത്തു നടന്ന 1903 ലെ സ്മാര്‍ത്തവിചാരത്തിലാവാം ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്."

ചാക്യാരുടെ പുസ്തകം വായിച്ചശേഷം, ഈ ഭാഗം അദ്ദേഹവുമായി ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. വിഖ്യാത ചലച്ചിത്ര നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജി. രാമചന്ദ്രന്റെ അച്ഛനാണ്, മേലക്കത്ത് ഗോപാല മേനോന്‍. 1903 ലെ സ്മാര്‍ത്ത വിചാരത്തില്‍, വിധവയായ അന്തര്‍ജനം 16 പേര്‍ക്കൊപ്പം വ്യഭിചരിച്ചു എന്നാണ് കുറ്റസമ്മതം നടത്തിയത്. അവരിലൊരാള്‍ ക്ഷുരകനായിരുന്നു. 15 പേരെയും അന്തര്‍ജനത്തെയും ഭ്രഷ്ടു തള്ളി.

ഈ സംഭവത്തിന്റെ റിപ്പോര്‍ട്ട് 1903 ജൂണ്‍ 27 ലെ 'മലയാള മനോരമ'യില്‍ നിന്ന് (സ്ഥലപ്പേര് കുന്നംകുളങ്ങര):

"കൊച്ചി സംസ്ഥാനത്ത് കുന്നംകുളങ്ങരയ്ക്ക് സമീപമുള്ള ഒരില്ലത്തിലെ വിധവയായ ഒരന്തര്‍ജനത്തിന് വ്യഭിചാരദോഷമുണ്ടെന്ന് അറിവുകിട്ടിയതിനാല്‍, അവരെ തൃപ്പൂണിത്തുറ വരുത്തി വലിയ തമ്പുരാന്‍ തിരുമനസ്സിലെ മേല്‍നോട്ടത്തില്‍ വൈദികന്മാര്‍ ദോഷവിചാരം ചെയ്തതില്‍ ആക്ഷേപം യഥാര്‍ത്ഥമെന്ന് തെളിയിക്കുകയും 'സാധന'ത്തിനെ കൈകൊട്ടി പുറത്താക്കുകയും ഉടനെ പട്ടാളക്കാരുടെ അകമ്പടിയോടുകൂടി ചാലക്കുടിയില്‍ കൊണ്ടുപോയി അവിടത്തെ പുഴയുടെ തീരത്ത് ഒരു വിജനസ്ഥലത്ത് ആരോടും യാതൊരു സംസര്‍ഗത്തിനും ഇടയാകാത്ത വിധത്തില്‍ സര്‍ക്കാരു ചെലവില്‍ താമസിപ്പിക്കണമെന്ന് കല്‍പനയാകുകയും ചെയ്തിരിക്കുന്നു. ഈ സാധനം മൂലധര്‍മത്തിന് വിരോധമായി പ്രവര്‍ത്തിച്ചെന്ന് സ്വന്തസമ്മതത്താലും വൈദികന്മാരുടെ ശ്രദ്ധാപൂര്‍വമായ വിചാരത്താലും തെളിഞ്ഞിരിക്ക കൊണ്ട് ഇവര്‍ക്ക് ലഭിച്ച ഈ ജീവപര്യന്തമായ തടവുശിക്ഷയെക്കുറിച്ച് ദുഃഖിക്കുന്നവര്‍ അധികം ഉണ്ടായിരിക്കുകയില്ല. എന്നാല്‍ ഇവരോടുകൂടി പത്തുപതിനാറു പേര്‍ക്ക് ചേര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുകയും അതനുസരിച്ച് ഈ പതിനാറുപേര്‍ക്കും ഭ്രഷ്ട് കല്‍പിക്കുകയും ഇവരിലാരും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാതെയും കുളം മുതലായവ തൊടാതെയും സൂക്ഷിക്കുന്നതിന് പേഷ്‌കാരന്‍മാര്‍ക്ക് ഉത്തരവയയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ വക ദോഷ വിചാരങ്ങളില്‍ ഇരുകക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കുക എന്നുള്ളത് 'കീഴ്മര്യാദ'യ്ക്ക് ചേര്‍ന്നതല്ലായ്കയാല്‍ ഈ സംഗതിയിലും കീഴ്മര്യാദയെ ലംഘിച്ചിട്ടില്ല. ഇതു കുറെ സങ്കടവും അന്യായവും അല്ലെ എന്നു ശങ്കിക്കുന്നു. സല്‍സ്വഭാവ ലേശമില്ലാത്ത ഈ സാധനത്തിന് സംഗതിവശാല്‍ വല്ല മാന്യന്മാരോടും ദ്വേഷം ഉണ്ടാകയോ അല്ലെങ്കില്‍ വല്ലവരുടെയും പ്രേരണയില്‍ വല്ല മാന്യന്മാരുടെയും പേര് അവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യാന്‍ അത്ര പ്രയാസമുണ്ടെന്ന് തോന്നുന്നില്ല. ഭ്രഷ്ടാക്കപ്പെട്ട ഈ പതിനാറുപേരില്‍ നമ്പൂതിരിമാര്‍ മുതല്‍ ക്ഷുരകന്‍ വരെയുള്ള പലരും നല്ല മാന്യന്മാരും, ഗൃഹസ്ഥന്മാരും ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമാണ്. ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ പ്രായശ്ചിത്തമോ മറ്റോക്കൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല. ഇവര്‍ ഭാര്യാ പുത്രന്മാരില്‍നിന്ന് എന്നുവേണ്ട, ഹിന്ദു സമുദായത്തില്‍ നിന്നുതന്നെ തീരെ ഒഴിഞ്ഞു നില്‍ക്കണമെന്ന് വന്നിരിക്കുന്നത് മഹാകഷ്ടമായിട്ടുള്ള ഒരു സംഗതിയാണെന്ന് വിശേഷിച്ചും പറയണമെന്നില്ല."

അന്ന് ഒരു പത്രം, കൊച്ചി മഹാരാജാവിന്റെ നടപടിയെ വിമര്‍ശിച്ചു എന്നതു ശ്രദ്ധിക്കണം. 'മനോരമ' ഇന്നത്തെക്കാള്‍ എത്രയോ ഭേദമായിരുന്നു, അന്ന്!"



                                                            ആദ്യ ചിത്രം, ഗോപാല മേനോൻ 



ഭ്രഷ്ടനായ പാലക്കാട് നല്ലേപ്പുള്ളി മേലക്കത്ത് ഗോപാലമേനോന്‍, പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ വടവന്നൂരിലെ മരുതൂര്‍ സത്യഭാമയെ ജീവിതസഖിയാക്കി. ജാതിയില്‍ താഴ്ന്നവരായിരുന്നു സത്യഭാമ എന്നാണ് ചാക്യാര്‍ പറഞ്ഞിരിക്കുന്നത്. ഭ്രഷ്ടനായ നായര്‍ക്ക്, നായര്‍ സ്ത്രീയെ തന്നെ പരിണയിക്കാനും കഴിയുമായിരുന്നില്ല. ഈ ഭാഗം പലര്‍ക്കും ഇഷ്ടപ്പെടണം എന്നില്ല. മേനോനും സത്യഭാമയും സിലോണില്‍, തേയില തോട്ടത്തില്‍ തൊഴിലാളികളായി.

കൊളംബിയ സര്‍വകലാശാലയില്‍ ഡ്രമാറ്റിക് ആര്‍ട്‌സ് എമെരിറ്റസ് പ്രൊഫസറായ എറിക് ബാര്‍ണൗ, 1961 ല്‍ എം.ജി. ആറിനെ അഭിമുഖം ചെയ്തു. എന്നിട്ട്, മീഡിയാ മാരത്തോണ്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയത്, മേനോന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നുവെന്നും, അദ്ദേഹം എം.ജി.ആറിന് രണ്ടുവയസ്സുള്ളപ്പോള്‍ മരിച്ചു എന്നുമാണ്. മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ (1917-1987) സിലോണില്‍ കാന്‍ഡിയില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ, നവാല്‍പിട്ടിയയില്‍, ഒരു തേയിലത്തോട്ടത്തിലെ ദാരിദ്ര്യം മൂടിയ ലൈന്‍ മുറിയിലാണ് ജനിച്ചത്. നവാല്‍പിട്ടിയയില്‍ അന്ന് സ്‌കൂള്‍ ഒന്നുമുണ്ടായിരുന്നില്ല; എന്നിട്ടല്ലേ, മോനോന്‍ പ്രിന്‍സിപ്പലാകാന്‍! മേനോന്‍ കാന്‍ഡിയില്‍ മജിസ്‌ട്രേട്ടായിരുന്നു എന്ന അസംബന്ധവും നിലവിലുണ്ട്. ചക്രപാണിയായിരുന്നു മൂത്തവന്‍. എംജിആര്‍ ഇളയവന്‍. ഇടയ്ക്കുള്ള പെണ്‍കുട്ടി, മേനോന്‍ മരിച്ച് താമസിയാതെ, മരിച്ചു.

മേനോന്‍ മരിച്ചപ്പോള്‍ ഗതിയില്ലാതായ സത്യഭാമ, പറക്കമുറ്റാത്ത രണ്ട് ആണ്‍കുട്ടികളെയുംകൊണ്ട് തിരിച്ചെത്തി. മേനോന്റെ ആദ്യഭാര്യ മീനാക്ഷി അവരെ ആട്ടിപ്പായിച്ചതായി കേട്ടിട്ടുണ്ട്. പരമേശ്വര മേനോന്റെയും പാപ്പി അമ്മയുടെയും മകളായിരുന്നു, വട്ടപ്പറമ്പില്‍ മീനാക്ഷി. അവരുടെ 11 മക്കളില്‍ ഒരാള്‍. സത്യഭാമ കുട്ടികളെയുംകൊണ്ട് ബര്‍മയ്ക്കുപോയി രക്ഷ കിട്ടാതെ, ഈറോഡിലെത്തി. ജ്യേഷ്ഠന്റെ സഹായത്തോടെ, കുംഭകോണത്തു താമസമാക്കി. ചക്രപാണിക്ക് ഒന്‍പത്; എംജിആറിന് മൂന്ന്. കുട്ടികളെ അവര്‍ക്ക് സ്‌കൂളില്‍ അയയ്ക്കാനായില്ല. എംജിആര്‍ ഏഴാം വയസില്‍, എസ്.എം. സച്ചിദാനന്ദം പിള്ളയുടെ മധുരൈ ഒറിജിനല്‍ ബോയ്‌സ് കമ്പനി എന്ന നാടകസംഘത്തില്‍ ചേര്‍ന്നു. ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമെ, ആഴ്ചയില്‍ 25 പൈസ. പത്താം വയസില്‍ കോളറ ബാധിച്ച് എംജിആര്‍ തിരിച്ചെത്തിയപ്പോള്‍, കുടുംബം പട്ടിണിയിലായി. 19-ാം വയസില്‍, എല്ലിസ് ഡങ്കന്റെ 'സതി ലീലാവതി'യില്‍ പൊലിസുകാരനായി എംജിആര്‍ സിനിമയിലെത്തി.

തമിഴ്‌നാട് രാഷ്ട്രീയത്തെ ഭയന്നിട്ടാണോ എന്നറിയില്ല, മലയാളി വേരുകള്‍ മറയ്ക്കാന്‍ എംജിആര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. 'നാന്‍ മുഖം പാര്‍ത്ത സിനിമാ കണ്ണാടികള്‍' എന്ന പുസ്തകത്തില്‍ നടന്‍ അരുള്‍ ദാസ് അത്തരമൊരു നിമിഷം ഓര്‍ക്കുന്നു. മേക്കപ്പ് റൂമില്‍ വച്ച്, താന്‍ മലയാളിയല്ലെന്ന് എംജിആര്‍ പറഞ്ഞു. പൊള്ളാച്ചിയില്‍നിന്നുള്ള മന്നാടിയാരാണ് താന്‍. ഹൈദരലിയുടെ കാലത്ത് മതംമാറ്റം പേടിച്ച് പാലക്കാട്ടേക്ക് പോയതാണ്. മരുതമലൈ ക്ഷേത്രത്തിന് സിനിമാനിര്‍മാതാവ് സാന്‍ഡോ എം.എം.എ ചിന്നപ്പാ തേവര്‍ നല്‍കിയ വൈദ്യുതി സൗകര്യത്തിന്റെ ഉദ്ഘാടനം നടന്ന 1962 ഡിസംബര്‍ ഏഴിന്, സഹകരണമന്ത്രി നല്ല സേനാപതി ശര്‍ക്കരൈ മന്നാടിയാരായിരുന്നു അധ്യക്ഷന്‍. താനും മന്നാടിയാരാണെന്ന് എംജിആര്‍ പ്രസംഗിച്ചു.

എംജിആര്‍ മൂന്നു കല്യാണം കഴിച്ചു. ആദ്യ ഭാര്യ ചിറ്റാരിക്കുളം ഭാര്‍ഗവി നേരത്തെ മരിച്ചു. രണ്ടാം ഭാര്യ സദാനന്ദവതി കുഴല്‍മന്ദം കടുക്കുണ്ണി നായരുടെയും മൂകാംബിക അമ്മയുടെയും മകളായിരുന്നു- ക്ഷയം വന്നു മരിച്ചു. 1956 ല്‍ വൈക്കം സ്വദേശിനി വി.എന്‍. ജാനകിയുമായി ഒളിച്ചോടുകയായിരുന്നു. വിഖ്യാത സംഗീതജ്ഞന്‍ പാപനാശം ശിവന്റെ ജ്യേഷ്ഠന്‍ രാജഗോപാല അയ്യരുടെയും വൈക്കം നാരായണി അമ്മയുടെയും മകളായ ജാനകി, അക്കാലത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായിരുന്നു. മേക്കപ്പ്മാനായ ഗണപതി ഭട്ട് ആയിരുന്നു ഭര്‍ത്താവ്; 16 വയസുള്ള സുരേന്ദ്രന്‍ എന്ന മകനുണ്ടായിരുന്നു. പില്‍ക്കാലത്ത്, എംജിആറിന് ജയലളിതയോടുണ്ടായ പ്രണയത്തെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു, ജാനകിയുടെ ജീവിതം.

1976 ല്‍, സി.എന്‍. അണ്ണാദുരൈ എംജിആറിനോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, എംജിആര്‍ ചോദിച്ചു: ''എത്ര മുടക്കണം?''''ഒരു പൈസപോലും വേണ്ട,'' അണ്ണാദുരൈ പറഞ്ഞു, ''നിന്റെ മുഖത്തിന് കോടികളാണ് വില.'' ആശുപത്രിക്കിടക്കയില്‍ കിടന്ന് എംജിആര്‍ ജയിച്ചു. എം.ആര്‍. രാധ വെടിവച്ചിട്ടാണ് എംജിആര്‍ ആശുപത്രിയില്‍ ആയത്. എന്തിനാണു വെടിവച്ചത്?

എന്നെ അദ്ഭുതപ്പെടുത്തിയ ഒന്നാണ്, ജയലളിതയുടെ സംസ്‌കാരച്ചടങ്ങ്. അന്ധവിശ്വാസത്തില്‍ മുങ്ങിക്കുളിച്ചുനിന്ന ശ്രീരംഗത്തുകാരി അയ്യങ്കാര്‍ സ്ത്രീയെ കുഴിച്ചിടുക. ഒരു സ്ത്രീ മരണാനന്തര ചടങ്ങുകള്‍ നടത്തുക. ഏതോ ഒരു കാര്‍മികന്‍ അസംബന്ധങ്ങള്‍ കാട്ടിക്കൂട്ടുക. എല്ലാം വെട്ടിപ്പിടിച്ച സ്ത്രീയായിരുന്നു, അപ്പോള്‍, കള്ളാര്‍ സമുദായാംഗമായ ശശികല.

ആ സമുദായത്തിന്റെ കുലത്തൊഴില്‍ മോഷണമാണെന്ന ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ക്കെതിരെ പോരാടിയ ആളാണ്, മലയാളി ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. ദ്രാവിഡ രാഷ്ട്രീയം തുടങ്ങിയതുതന്നെ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരില്‍ നിന്നോ, അണ്ണാദുരൈയില്‍നിന്നോ അല്ല. പാലക്കാട്ടുകാരന്‍ തരവത്ത് മാധവന്‍ നായരില്‍നിന്നാണ്. പെരിയോരെക്കാള്‍ 11 വയസു മൂപ്പുള്ള ടി.എം. നായരാണ്, ത്യാഗരായ ചെട്ടിക്കും സി. നടേശ മുതലിയാര്‍ക്കുമൊപ്പം ജസ്റ്റിസ് പാര്‍ട്ടി തുടങ്ങി, ദ്രാവിഡ രാഷ്ട്രീയത്തിന് വിത്തിട്ടത്. നായര്‍, ഇവിടെ സവര്‍ണനാണ്; അവിടെ ദ്രാവിഡനും.

© Ramachandran 

 

മുഖ്യധാരാ മാധ്യമ നക്‌സലിസം

മ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ മാധ്യമ നക്‌സലിസം കാണുമ്പോള്‍, ഞാന്‍ എപ്പോഴും ഓര്‍ക്കുക, തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ഡോഗനെയാണ്. ചൈന കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവുമധികം പത്രപ്രവര്‍ത്തകരെ തടവിലിട്ടിരിക്കുന്ന രാജ്യമാണ്, തുര്‍ക്കി. ജൂലൈ മുതല്‍ ഇന്നുവരെ 120 പത്രപ്രവര്‍ത്തകരെയാണ്, അടിച്ചമര്‍ത്തിയ അട്ടിമറിശ്രമത്തിനുശേഷം, എര്‍ഡോഗന്‍ തടവിലാക്കിയത്. സിഗററ്റുകളെ വെറുക്കുന്നയാളാണ് എര്‍ഡോഗനെന്ന്, കദ്രി ഗുര്‍സേല്‍ എന്ന പംക്തികാരന്‍ എഴുതി. എര്‍ഡോഗന്‍ തന്റെ അനുയായികളില്‍ നിന്ന് സിഗററ്റ് പാക്കറ്റുകള്‍ പിടിച്ചെടുത്ത്, പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് പ്രഭാഷണം നടത്താറുണ്ട്. എര്‍ഡോഗന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ, ഒരു സിഗററ്റ് കത്തിച്ച്, അതു കത്തിത്തീരും വരെ ഉയര്‍ത്തിപ്പിടിക്കാന്‍, വായനക്കാരോട് കദ്രി ആഹ്വാനം ചെയ്തു. അങ്ങനെ, അറസ്റ്റിലായ 120 പേരില്‍ കദ്രിയും ഉള്‍പ്പെട്ടു.

ഭീകരവാദി എന്ന മുദ്ര കുത്തിയാണ്, അയാളെ പൊലിസ് പിടിച്ചത്. ജയിലില്‍, കദ്രിക്ക് തന്റെ പത്രമായ 'കുംഹുരിയേത്തി'ല്‍ നിന്നുള്ള പത്ത് സഹപ്രവര്‍ത്തകര്‍ കൂട്ടുണ്ട്. രാജ്യത്തെ അവസാനത്തെ പ്രധാന സ്വതന്ത്ര പത്രമാണ്, ഇത്. ജയിലില്‍, പത്രത്തിന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമുണ്ട്. മൂന്നുവര്‍ഷം മുന്‍പു നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്നാണ്, എര്‍ഡോഗന്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്. 12 വര്‍ഷത്തെ എര്‍ഡോഗന്‍ ഭരണത്തില്‍, 1863 പത്രപ്രവര്‍ത്തകര്‍ക്ക് ജോലി പോയി. സ്വകാര്യ പത്രസ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുന്ന പദ്ധതി തുടങ്ങി. സര്‍ക്കാര്‍ പത്രസമ്മേളനങ്ങളില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് സിഹാന്‍ ന്യൂസ് ഏജന്‍സി, 'ഗുലേനിസ്റ്റ് സമന്‍' പത്രം എന്നിവയോട് നിര്‍ദേശിച്ചു. സോണര്‍ യാല്‍സിനെപ്പോലുള്ള പ്രതിപക്ഷ പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മാധ്യമ നിരോധനം 2013 ല്‍ കണ്ടത്, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി മൂന്നു ദിവസവും, മുഖ്യധാരാ മാധ്യമങ്ങള്‍ അവയെപ്പറ്റി ഒരക്ഷരംപോലും എഴുതാതിരുന്നപ്പോഴാണ്. 


എർദോഗൻ 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ വെട്ടുകിളി ശല്യത്തെപ്പറ്റി നമ്മുടെ മുഖ്യധാരാ മാധ്യമം മുഖപ്രസംഗം എഴുതിയെന്നു പറയുംപോലെ, പ്രതിഷേധകാലത്ത്, സിഎന്‍എന്‍ സംപ്രേഷണം ചെയ്തത്, പെന്‍ഗ്വിനുകളെപ്പറ്റിയുള്ള ഡോക്യുമെന്ററിയാണ്. റേഡിയോ, ടിവി സുപ്രീം കൗണ്‍സില്‍, പ്രതിപക്ഷാനുകൂല ചാനലുകാര്‍ക്ക് പിഴയിട്ടു. 2014 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത്, 'ദ ഇക്കണോമിസ്റ്റി'ന്റെ അംബേരിന്‍ സമന്‍ എന്ന ലേഖികയെ എര്‍ഡോഗന്‍ നാണമില്ലാത്ത ഭീകരവാദി എന്നുവിളിച്ചു. തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടന്നിട്ടും, എര്‍ഡോഗനു തന്നെ മാധ്യമ മുന്‍തൂക്കം കിട്ടി. ജൂലൈ രണ്ടിനും നാലിനുമിടയില്‍, ഭരണകൂട ചാനലായ ടിആര്‍ടി 204 മിനുട്ട് എര്‍ഡോഗനും വെറും മൂന്ന് മിനുട്ട് എതിരാളികള്‍ക്കും നല്‍കി. കോടതി ഉത്തരവുകളില്ലാതെ തന്നെ വെബ്‌സൈറ്റുകള്‍ തടയുന്ന ഉത്തരവ് 2014 സെപ്റ്റംബര്‍ 12 ന് നടന്നു. ട്വിറ്ററും യൂ ട്യൂബും 2014 മാര്‍ച്ച് അവസാനം തന്നെ തടഞ്ഞിരുന്നു. 2013 അഴിമതി കുംഭകോണത്തിനിടയില്‍, മകന്‍ ബിലാലിനോട്, വീട്ടിലെ പണം മുഴുവന്‍ കടത്തിക്കളയും എന്ന് എര്‍ഡോഗന്‍ പറയുന്ന സംഭാഷണ ശകലം ഇന്റര്‍നെറ്റില്‍ വന്നതായിരുന്നു, കാരണം. പിശുക്കി ജീവിക്കുന്ന ലാളിത്യ കുടുംബമാണു തന്റേതെന്നു എര്‍ഡോഗന്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പ്രതിമാസ വൈദ്യുതി ബില്‍ 500,000 ഡോളര്‍ ( 3 .4 കോടി  രൂപ ) മാത്രമേ വന്നിരുന്നുള്ളൂ. ഗാന്ധിക്ക് ലളിത ജീവിതം നയിക്കാന്‍ ദിവസം അന്നത്തെക്കാലത്ത് 300 രൂപ വരുമായിരുന്നുവെന്ന്, സരോജിനി നായിഡു പറഞ്ഞതാണ്, ഓര്‍മവരുന്നത്. 

പത്രമാരണമുണ്ടായിട്ടും, ലോകത്തില്‍ ഏറ്റവും പുച്ഛിക്കപ്പെട്ട പ്രസിഡന്റാണ്, എര്‍ഡോഗന്‍. അദ്ദേഹത്തെ പുച്ഛിച്ച മിസ് തുര്‍ക്കി, മെര്‍വെ ബുയുകസറാക്കിനെ ഒരു വര്‍ഷം തടവിലിട്ടു. ഈ വര്‍ഷം 'ബ്ലൂം ബര്‍ഗ്' പുറത്തുവിട്ട വാര്‍ത്ത പ്രകാരം, രണ്ടായിരത്തിലധികം കേസുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷം, പത്രപ്രവര്‍ത്തകര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെ എടുത്തു. ഈ മാസം, തുര്‍ക്കിയില്‍ സാമൂഹ്യ മാധ്യമങ്ങളെല്ലാം നിരോധിക്കപ്പെട്ടു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു. ഒര്‍ഹാന്‍ പാമുക്കിനെപ്പോലെ, നമ്മുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച, നൊബേല്‍ സമ്മാനിതനായ എഴുത്തുകാരന്റെ നാട്ടിലാണ്, എര്‍ഡോഗന്‍ ജീവിക്കുന്നത്, എന്നോര്‍ക്കണം. ഫുട്‌ബോള്‍ കളിക്കാരനായ എര്‍ഡോഗന്‍ ഇസ്ലാമിസ്റ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനായി 1994 ല്‍ ഇസ്താംബുള്‍ മേയറായി; വര്‍ഗീയത തുപ്പി പത്തുമാസം ജയിലില്‍ കിടന്നു; അവിടത്തെ മ അദനി. 2001 ല്‍ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെപി)യുണ്ടാക്കി, മൂന്ന് പൊതുതെരഞ്ഞെടുപ്പുകള്‍ ജയിച്ചു-2002, 2007, 2011. 2003 മുതല്‍ 2014 വരെ പ്രധാനമന്ത്രി. രണ്ടുവര്‍ഷം മുന്‍പ്, പ്രസിഡന്റായി. 

എര്‍ഡോഗനെപ്പോലെ, അധികാരത്തിലിരിക്കുന്നവരാണ്, മാധ്യമമാരണത്തിന് തുനിയാറ്; എന്നാല്‍ കേരളത്തില്‍, തിരിച്ചാണ്. കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷത്തില്‍ ഈ മാസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ പങ്കെടുത്തപ്പോള്‍, ഒരു പത്ര പ്രവര്‍ത്തകനും അത് റിപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നില്ല. ഇത്, മാധ്യമ നക്‌സലിസമാണ്; വായനക്കാരന് അറിയാനുള്ള അവകാശം നിഷേധിക്കലാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമ ഉടമകളാണ്, സംഘര്‍ഷഭരിതമായ ചില നാളുകള്‍ക്കൊടുവില്‍, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഇങ്ങനെ ബഹിഷ്‌കരിച്ചത്. എന്തു കുറ്റമാണ് ചീഫ് ജസ്റ്റിസ്, ഇവരോട് ചെയ്തത്? പഴയ രാമസ്വാമി ജഡ്ജിയെപ്പോലെ, എന്തെങ്കിലും പെരുമാറ്റ ദൂഷ്യം താക്കൂറിനുണ്ടോ? അദ്ദേഹം ഏതെങ്കിലും പത്രം അടച്ചുപൂട്ടാന്‍ കല്‍പിച്ചോ? മാധ്യമമാരണ തിട്ടൂരത്തില്‍ ഒപ്പിട്ടോ?

 എം.കെ. ദാമോദരനെ നിയമോപദേഷ്ടാവു സ്ഥാനത്തുനിന്ന് പിണറായി വിജയന്, ഒഴിവാക്കേണ്ടി വന്നത്, മാധ്യമ വിമര്‍ശനങ്ങള്‍ കാരണമാണ്. അക്കാലം മുതലാണ്, മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകരുടെ തല്ലുകൊണ്ട് തുടങ്ങിയത്; തല്ലുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്ന അഭിഭാഷകര്‍ സ്ഥിരവേഷക്കാരാണെന്നും അവര്‍ ചിലരുടെ പാവകളാണെന്നും ഇരുകൂട്ടര്‍ക്കും അറിയാം. ലാവ്‌ലിന്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരിഗണനാ വേളയിലെ ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ കാരണമാണ്; പല രാഷ്ട്രീയ നേതാക്കള്‍ക്കും രാജിവയ്‌ക്കേണ്ടിവന്നിട്ടുള്ളത്. ലാവ്‌ലിന്‍ കേസ് പരിഗണിക്കുമ്പോള്‍, പത്രലേഖകര്‍ കോടതി മുറിയിലുണ്ടാകരുത്; പരാമര്‍ശം വന്നാല്‍ കേള്‍ക്കരുത്. അതിനാല്‍, ലാവ്‌ലിന്‍ കേസില്‍ ഉത്തരവു വരുംവരെയെങ്കിലും, മാധ്യമപ്രവര്‍ത്തകര്‍ തല്ലുകൊണ്ടിരിക്കും. അപ്പോള്‍, ആരാണ് മാധ്യമ സ്വാതന്ത്ര്യത്തിനു തടസ്സം? ഏതെങ്കിലും ചര്‍ച്ചയ്ക്ക് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനെ വിളിച്ചോ? ഈ ചെറിയ ആനുകൂല്യംപോലും കാട്ടാതെ, പ്രണബ് മുഖര്‍ജിയെ കണ്ടും, സായിപ്പന്മാരുടെ പ്രസ്താവനകള്‍ വച്ചും, ഗവര്‍ണറെ കണ്ടും, ചീഫ് ജസ്റ്റിസിനെ കണ്ടും, അഭിഭാഷകരെ പേടിപ്പിക്കാന്‍ നോക്കുകയാണ്, മുഖ്യധാരാ മാധ്യമ ഉടമകള്‍ക്കുള്ളിലെ കുറുമുന്നണി. പ്രശ്‌നം പരിഹരിക്കണമെന്നല്ല താല്‍പര്യം; പിണറായി വിജയന്റെയും ദാമോദരന്റെയും അജന്‍ഡ നടപ്പാക്കുകയാണ്, ഉന്നം. പത്രമുടമയുടെ സ്വകാര്യ കച്ചവടം വിജയന്‍ അനുവദിക്കുവോളം, സ്വകാര്യ അജന്‍ഡകള്‍ ഒത്തുപോകുവോളം, സംഘര്‍ഷം നിലനില്‍ക്കണമെന്നതാണ്, ആവശ്യം. അപ്പോള്‍, ചീഫ് ജസ്റ്റിസിനെയും ബഹിഷ്‌കരിക്കും; പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന രണ്ടു സ്വകാര്യ പത്രമുടമകളെക്കാള്‍ ഒട്ടും മഹിമ കുറഞ്ഞയാളല്ല, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. 


ബി ജി വർഗീസ് 
നമ്മുടെ ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍, നമ്മുടെ സ്വപ്‌നങ്ങള്‍ തകരുമ്പോള്‍, നാം നീതിപീഠത്തെയാണ്, ഉറ്റുനോക്കുന്നത്. ആ നീതിപീഠത്തെ മാധ്യമങ്ങള്‍ കൊഞ്ഞനം കുത്തരുത്. അടിയന്തരാവസ്ഥക്കാലത്ത്, ആ നിയമത്തില്‍, കസ്റ്റഡി മരണങ്ങള്‍ പോലും ന്യായമാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചപ്പോള്‍, ഒരു ജഡ്ജി എഴുന്നേറ്റുനിന്നു-എച്ച്.ആര്‍.ഖന്ന. അദ്ദേഹമാണ്, അന്ന് ഹേബിയസ് കോര്‍പസ് അനുവദിച്ചത്. 'സ്വതന്ത്ര ജുഡീഷ്യറി, ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍' എന്ന ലേഖനത്തില്‍, വലിയ പത്രാധിപന്മാരിലൊരാളായ ബി.ജി. വര്‍ഗീസ് എഴുതി: 

''ഗ്രീഷമിന്റെ നിയമത്തില്‍ ചീത്തപ്പണം നന്മയെ ആട്ടിപ്പായിക്കുംപോലെ (മാധ്യമലോകത്ത്), ദുരാരോപണങ്ങള്‍ വസ്തുതകളെ മൂടുകയും പക്വമായ വ്യാഖ്യാനങ്ങളെ നിസ്സാരത വലയം ചെയ്യുകയും ചെയ്യും. നൈതികതയും ആശയവിനിമയത്തിന്റെ പൊതു ട്രസ്റ്റികളായി നില്‍ക്കണമെന്ന ബാധ്യതയും പല പ്രസാധകരുടെയും മനസ്സില്‍നിന്ന് മാഞ്ഞിരിക്കുന്നു. ലാഭക്കൊതിയാണ് പ്രധാനം.''

ഒന്നാം എലിസബത്ത് രാജ്ഞിയുടെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഗ്രീഷം പതിനാറാം നൂറ്റാണ്ടിലാണ്, ഇത് പറഞ്ഞത്. അയര്‍ലന്‍ഡില്‍ ജനിച്ച ബ്രിട്ടീഷ് എംപി എഡ്മണ്ട് ബര്‍ക്ക് മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നുവിളിച്ചത് 18-ാം നൂറ്റാണ്ടിലാണ്. പുരോഹിതര്‍, പ്രഭുക്കള്‍, സാധാരണക്കാര്‍ എന്നിവര്‍ ആദ്യ തൂണുകളും പത്രങ്ങള്‍ നാലാമത്തേതുമായിരുന്നു. പിന്നീടാണ്, ലജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്കുശേഷം മാധ്യമങ്ങള്‍ എന്ന നിലയുണ്ടായത്. വര്‍ഗീസ് കണ്ട അപകടം, ഫോര്‍ത്ത് എസ്റ്റേറ്റ്, ഫസ്റ്റ് എസ്റ്റേറ്റ് ആകാന്‍ നോക്കുന്നു എന്നതാണ്. മാധ്യമലോകത്തിന്റെ എഫ്‌ഐആറിനോട് ഓച്ഛാനിച്ച് മറ്റെല്ലാം നില്‍ക്കണം എന്ന് ആ അപായഘട്ടത്തില്‍ മാധ്യമങ്ങള്‍ വാശിപിടിക്കുന്നു. ആ അപായഘട്ടമാണ് മുഖ്യധാരാ മാധ്യമങ്ങള്‍, ചീഫ് ജസ്റ്റിസിനോട് ആജ്ഞാപിക്കുമ്പോള്‍, കേരളം കണ്ടത്; അതാണ്, മാധ്യമ നക്‌സലിസം.

തപസ്യ ചർച്ചയിൽ തിരുവനന്ത പുരത്ത് നടത്തിയ പ്രഭാഷണം 

നവംബർ 22,2016 

യേശു, കുരിശിനു ശേഷം

യേശു ഇന്ത്യയിൽ 

യേശു അന്ന് കുരിശില്‍ മരിച്ചില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ്, ഞാന്‍. ജീവിതം മുന്നോട്ടു പോകുന്തോറും, അതിന്റെ തെളിവുകള്‍ കൂടിവരുന്നേയുള്ളൂ.

കുരിശില്‍ തറയ്ക്കപ്പെട്ട യേശു, അവിടന്നു രക്ഷപ്പെട്ടശേഷം, ഭാരതത്തില്‍ താമസിച്ചതിന്റെ കഥയാണ്, ഹോള്‍ഗര്‍ കെര്‍സ്റ്റന്‍ എഴുതിയ ‘ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകം. ആ പുസ്തകത്തില്‍, പല പ്രധാന പുസ്തകങ്ങളും പരാമര്‍ശിക്കപ്പെടുന്നില്ല എന്നതാണ്, ന്യൂനത. അതില്‍ പ്രധാനമാണ്, ഒരു ദൃക്‌സാക്ഷി എഴുതിയ ‘കുരിശിലേറ്റല്‍’ (Crucifixion). ഇറ്റലിയിലെ നേപ്പിള്‍സില്‍ പുരാതന നഗരമായ അക്വിലയിലെ പഴയൊരു തറവാട് 1810 ല്‍ ഫ്രഞ്ച് പട്ടാളത്തിന്റെ കലാ കമ്മീഷണര്‍മാര്‍ ഉല്‍ഖനനം ചെയ്തപ്പോള്‍ കിട്ടിയ താളിയോലയാണ്, അത്.

യേശു, എസനീയര്‍ എന്ന ബ്രഹ്മചാരി സംഘത്തില്‍ അംഗമായിരുന്നു. അതിലെ ഒരാളുടെ പൈതൃകത്തില്‍പെട്ട ഈ തറവാട്ടില്‍, പില്‍ക്കാലത്ത് ഗ്രീക്ക് പാതിരിമാരാണ് ജീവിച്ചിരുന്നത്. 1873 ല്‍ ഈ താളിയോലയിലെ കാര്യങ്ങള്‍ ജര്‍മനിയില്‍ പ്രസിദ്ധീകരിച്ചു. അത് അമേരിക്കയില്‍ മസാച്യുസെറ്റ്‌സിലെ ഫ്രീമേസണ്‍ എന്ന രഹസ്യ സംഘടനയില്‍ എത്തി, 1907 ല്‍ ഇംഗ്ലീഷില്‍ വന്നു. 1921 ല്‍ ഇതിന്റെ ഒരു കോപ്പി സ്വാമി അഭേദാനന്ദന്‍ ഭാരതത്തിലേക്ക് കൊണ്ടുവന്നു. വിവേകാനന്ദനും അഭേദാനന്ദനും ശ്രീരാമകൃഷ്ണ മിഷനില്‍ സമകാലികരായിരുന്നു; എഴുത്തിലും തത്വചിന്തയിലും, വിവേകാനന്ദന്‍, അഭേദാനന്ദന്റെ അടുത്തെങ്ങും വരില്ല. വിവേകാനന്ദന്റെ തെരഞ്ഞെടുത്ത കൃതികള്‍ 12 വാല്യത്തില്‍ നില്‍ക്കുമെങ്കില്‍, അഭേദാനന്ദന്റേത് 24 ആണ്. ഇവ പെരുമ്പടവം ശ്രീധരന്റെ തിരുവനന്തപുരം തമലത്തെ വീട്ടില്‍ കണ്ടശേഷം, ഞാന്‍ കൊല്‍ക്കത്തയില്‍നിന്ന് വരുത്തുകയായിരുന്നു.

കുരിശിലേറ്റല്‍

യേശുവിനെ കുരിശിലേറ്റി ഏഴുവര്‍ഷത്തിനുശേഷം, ഒരു എസനീയന്‍, അലക്‌സാണ്ട്രിയയിലെ സുഹൃത്തിനെഴുതിയതാണ്, ‘കുരിശിലേറ്റല്‍.’ ഗലീലിയിലെ ഗവര്‍ണര്‍ പോന്തിയസ് പിലാത്തോസ് എഴുതിയ യേശുവിന്റെ മരണവാറന്റ് ഇതിലുണ്ട്. ക്വിലിയസ് കൊര്‍ണേലിയസാണ്, യേശുവിനെ കുരിശുമരണം നടക്കേണ്ടയിടത്തേക്ക് നയിക്കേണ്ടതെന്ന്, അതില്‍ കാണാം. നാലു സാക്ഷികളാണ് യേശുവിന്റെ നിരാകരണത്തില്‍ ഒപ്പിട്ടിരിക്കുന്നത്: ഫരീസിയന്‍മാരായ ദാനിയേല്‍, ജൊവാനസ്, റാഫേല്‍. നാലാമന്‍ സാധാരണ പൗരനായ കാപെത്. മറ്റു മൂവരും പുരോഹിതര്‍. സ്ത്രൂനസിലെ കവാടം വഴി യേശു പുറത്തേക്കു പോകണമെന്നാണ് വാറന്റിലെ ആജ്ഞ. കൃത്യമായി യേശുവിനെ കുരിശില്‍ തറച്ച സ്ഥലം ഏതെന്ന് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഗാഗുല്‍ത്ത എവിടെ എന്ന് അടയാളപ്പെടുത്താനായിട്ടില്ല.

യേശു കുരിശില്‍ മരിച്ചില്ല എന്ന് കുരിശിലേറ്റല്‍ സ്ഥിരീകരിക്കുന്നു. അരിമത്തിയയിലെ ജോസഫ്, വൈദ്യനായ നിക്കൊദേമസ് എന്നിവരുടെ കരുതലോടെയുള്ള പരിചരണം വഴി യേശു സുഖംപ്രാപിച്ചു. മരണംപോലുള്ള ഒരു സമാധിയിലേക്ക് യേശു നിപതിച്ചു. അദ്ദേഹത്തിന്റെ ബ്രഹ്മചാരി സംഘത്തിലെ വൈദ്യശാസ്ത്രം അറിയാവുന്നവര്‍ ഇടപെട്ടു. സുഖം പ്രാപിച്ചശേഷം യേശു എന്തു ചെയ്തുവെന്ന് കുരിശിലേറ്റല്‍ പറയുന്നില്ല. ഈ മൗനം, ബ്രഹ്മചാരി സംഘത്തിന്റെ നിര്‍ദേശം കാരണാകാമെന്നാണ്, ഊഹം. യേശുവിന്റെ പില്‍ക്കാല ജീവിതത്തിന്റെ രേഖകളുള്ളത്, ലഡാക്കിലെ ഹെമിസ് ഗോംപ ആശ്രമത്തിലാണ്. ഈ ഹിമാലയന്‍ ആശ്രമം, ജമ്മുകശ്മീരിലെ ലേയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ 12000 അടി, സമുദ്രനിരപ്പില്‍ നിന്ന്, ഉയരത്തില്‍. 1922 ല്‍ അഭേദാനന്ദന്‍ ആശ്രമത്തില്‍ പോയി ഈശയുടെ ജീവിതം പറയുന്ന താളിയോലകള്‍ കണ്ടു. ബംഗാളിയില്‍ അദ്ദേഹം കശ്മീരെ-ഒ-ടിബറ്റെ എന്ന പുസ്തകമെഴുതി. ഇതും കെര്‍സ്റ്റന്റെ പുസ്തകത്തില്‍ പറയുന്നില്ല. സുശാന്ത കുമാര്‍ ചതോപാധ്യായ 1975 ല്‍ ഹെമിസ് ആശ്രമത്തെപ്പറ്റി ഡോക്യുമെന്ററി ചെയ്തു; 1978 ല്‍ ലേഖനമെഴുതി. അഭേദാനന്ദന്റെ കണ്ടെത്തലുകളെ, 2012 ല്‍ റിച്ചാര്‍ഡ് ഹൂപ്പര്‍ ചോദ്യം ചെയ്തു.

യേശു ഭാരതത്തില്‍ ജീവിച്ചു എന്നുപറയുന്നവര്‍ കരുതുന്നത്, കുരിശേറ്റത്തിനുശേഷം യേശു കശ്മീരിലെത്തി എന്നാണ്. ടിബറ്റ് വഴി വന്നു; കാശിയിലും ഗയയിലും പോയി, കശ്മീരില്‍ മരിച്ചു. കശ്മീരിലെ ഖനിയാറിലെ റോസാ ബാലില്‍ കുഴിമാടം കാണാം. വൈസ്രോയി ഇര്‍വിന്‍ 1930 ല്‍ അവിടെ പോയി. ആന്‍ഡ്രിയാസ് ഫേബര്‍ കൈസര്‍ എഴുതിയ ‘ജീസസ് ഡൈഡ് ഇന്‍ കശ്മീര്‍’, ഇക്ബാല്‍ കൗള്‍ എഴുതിയ ‘ഡിഡ് ക്രൈസ്റ്റ് ലിവ് ആന്‍ഡ് ഡൈ ഇന്‍ കശ്മീര്‍’ എന്നീ പുസ്തകങ്ങളും, കെര്‍സ്റ്റന്‍ പരാമര്‍ശിക്കുന്നില്ല. ഒരുപക്ഷേ, ഈ പുസ്തകങ്ങള്‍ പകര്‍ത്തിയതിനാല്‍, അവ പരാമര്‍ശിക്കാത്തതാകാം. ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടുന്നവര്‍, അവര്‍ കോപ്പിയടിച്ച പുസ്തകങ്ങളൊഴിച്ചുള്ള പുസ്തകങ്ങളാണ്, ഗ്രന്ഥ സൂചിയില്‍ ചേര്‍ക്കാറ്.

യേശു അദ്ദേഹം ജീവിച്ചകാലത്ത്, അറിയപ്പെട്ടിരുന്നില്ല. എഡി 50 നടുത്തു മരിച്ച ചരിത്രകാരന്‍ ഫിലോ യേശുവിനെ പരാമര്‍ശിച്ചില്ല. എഡി 37 ല്‍ മരിച്ച, ‘ജൂയിഷ് ആന്റിക്വിറ്റി’ എഴുതിയ ചരിത്രകാരന്‍ ഫ്‌ളേവിയസ് ജോസഫസ്, ഏതാനും വരികളില്‍ യേശുവിന്റെ കുരിശുമരണം പറയുന്നു. അതില്‍, ക്രിസ്ത്യാനികള്‍ ഇല്ല. ഗലീലിക്കടുത്ത നസ്രേത്ത് എന്ന ചെറുപട്ടണത്തില്‍, റോമന്‍ വര്‍ഷം 750 നടുത്താണ്, യേശു ജനിച്ചത്, അന്നത്തെ ജനപ്രിയ പേരായ ജോഷ്വ എന്നതിന്റെ പാഠഭേദമായിരുന്നു, യേശു. എഡി 28 നടുത്ത് (ടൈബീരിയസിന്റെ ആദ്യ ഭരണവര്‍ഷം) സ്‌നാപകയോഹന്നാന്റെ പേര് പലസ്തീനില്‍ പ്രസിദ്ധമായി. ചാവുകടലിന്റെ കിഴക്കന്‍ തീരത്ത് ഹെബ്രോണിനടുത്ത യുട്ടയില്‍ ജനിച്ച യോഹന്നാന്‍, യോഗിയായിരുന്നു.
ഒട്ടകരോമങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രം. വെട്ടുകിളികളെ തിന്നു; കാട്ടുതേന്‍ കുടിച്ചു. എസ്സനീയരുടെ ബ്രഹ്മചാരി സമൂഹത്തില്‍, യേശുവിന്റെ ഗുരുവായി, അദ്ദേഹം. യോഹന്നാന്റെ ജന്മഗൃഹത്തിനടുത്തായിരുന്നു, ആശ്രമ കേന്ദ്രം. ഈ സമൂഹത്തിനെതിരായ സമൂഹത്തില്‍പ്പെട്ടയാളായിരുന്നു, ഹെറോദ് രാജാവ്. അവരായിരുന്നു, സാദ്യൂസികള്‍.

യേശുവിന്റെ ജനനം രാജാവിനെ പരിഭ്രാന്തനാക്കി. രാജാവിന്റെ മരണശേഷം, യേശുവിന്റെ ആശാരിമാരായ മാതാപിതാക്കള്‍, ഈജിപ്തില്‍ നിന്ന് ഗലീലിയിലെത്തി. നികുതി ചുമത്തിയതാണ് പലായന കാരണമെന്ന്, സുവിശേഷത്തില്‍ ലൂക്കോസ് പറയുന്നുണ്ടെങ്കിലും, നികുതിവന്നത്, പിന്നീടാണ്. നികുതി പ്രഖ്യാപിച്ചത് സിറിയയില്‍ സൈറേനിയസ് ഗവര്‍ണറായിരുന്ന വേളയില്‍, ഹെറോദിന്റെ കാലത്ത് സീസര്‍ അഗസ്റ്റസാണെന്ന് ലൂക്കോസ് പറയുന്നു; എന്നാല്‍, സൈറേനിയസിനെ നിയമിച്ചത്, ഹെറോദ് മരിച്ച് വളരെ കഴിഞ്ഞാണ്.

അഭേദാനന്ദ,കെർസ്റ്റൻ 

മത്തായിയുടെയും ലൂക്കോസിന്റെയും സുവിശഷം, യേശുവിന്റെ ബാല്യത്തെപ്പറ്റി ഒന്നും പറയുന്നില്ല. പന്ത്രണ്ടാം വയസില്‍ ദേവാലയത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പോയതു മാത്രം പറയുന്നുണ്ട്. അപ്പോഴാണ് ജൂതന്മാര്‍ക്ക് പ്രായപൂര്‍ത്തി ആഘോഷം. മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കൂടെ അവനുണ്ടായിരുന്നില്ല. അവര്‍ അവനെ ദേവാലയത്തില്‍ മൂന്നാംനാള്‍ കണ്ടെത്തി. പണ്ഡിതരുമായി തര്‍ക്കിക്കുകയായിരുന്നു. ജറുസലേമിലെ അന്യോന്യം.

യേശുവിൻറെ സ്ത്രീകൾ 

മൂന്നുപെണ്ണുങ്ങള്‍ യേശുവിന് അകമ്പടിയായി. മഗ്ദലമേരി, ചൂസയുടെ ഭാര്യ ജൊവാന, സൂസന്ന. 18 മാസം അവന്‍ ദേവാലയത്തിലോ ജറുസലേമിലോ പോയില്ല. എഡി 32 ലെ ദേവാലയ വിരുന്നിന്, ഒറ്റയ്ക്കാണ് പോയത്. ദേവാലയ ശുദ്ധീകരണത്തിനായി, യൂദാസ് മക്കാബിയസ് (ഒറ്റുകാരനല്ല) നടത്തിയ വിരുന്നിനെ ദീപങ്ങളുടെ വിരുന്നായും വിശേഷിപ്പിച്ചു. അന്തോക്കിയസ് എപ്പിഫാനസ് ദേവാലയം വൃത്തികേടാക്കിയശേഷം നടന്ന ശുദ്ധികലശം. വിരുന്നു നടന്ന എട്ടുനാളും വീടുകളില്‍ വിളക്കു കത്തിച്ചു-ദീപാവലി. എസ്സനീയര്‍ വസിച്ച ഗലീലിയില്‍നിന്ന് അന്നാണ് യേശു വിടപറഞ്ഞത്. ആ സ്ഥലത്തെ, ശത്രുക്കളായ ഫരിസീയര്‍ വെറുത്തു. അവിടെനിന്ന് പെരനിലേക്കും യോര്‍ദാന്‍ നദിയുടെ കരയിലേക്കും അവന്‍ പോയി.
അടുത്തനാള്‍, മാര്‍ച്ച് 29 ഞായറാഴ്ച, അവന്‍ ബഥനിയില്‍ നിന്ന് ജറുസലേമിലെത്തി. 

പെസഹയുടെ ആദ്യദിനമായ വെള്ളിയാഴ്ച അവനെ പിടിക്കേണ്ടെന്നു ശത്രുക്കള്‍ തീരുമാനിച്ചിരുന്നു-അറസ്റ്റ് ചെയ്താല്‍ പ്രക്ഷോഭമുണ്ടാകാം. ദേവാലയത്തില്‍ വച്ചും അറസ്റ്റ് വയ്യ. അതിനാല്‍ ഏപ്രില്‍ രണ്ട് വ്യാഴാഴ്ച അറസ്റ്റിന് തീരുമാനിച്ചു. കെരിയോത്തിലെ യൂദാസ് അവനെ എല്ലായിടവും അന്വേഷിച്ചു. അടുത്തനാള്‍ വൈകിട്ട് ബലിയാടിനെ ഭക്ഷിച്ചാണ് പെസഹയുടെ തുടക്കം. അപ്പോള്‍, അവന്റെ അവസാനത്തെ അത്താഴം, സഭ പറയുംപോലെ, പെസഹയുടെ അനുഷ്ഠാന ഭക്ഷണമല്ല. ഒരു ദിവസത്തെ തെറ്റ് സഭയ്ക്ക് പറ്റി. ആദ്യ മൂന്നു സുവിശേഷങ്ങള്‍ പറയുന്നത്, ഫരിസീയരായ പുരോഹിതര്‍ കൊടുത്ത പണം മുന്‍നിര്‍ത്തി യൂദാസ് അവനെ ഒറ്റിയെന്നാണ്. എന്നാല്‍ നാലാമത്തേതു പറയുന്നത്, ബഥനിയിലെ അത്താഴനേരത്ത്, അഭിഷേകം ധൂര്‍ത്തായി, മടിശ്ശീലക്കാരനായ യൂദാസിന് തോന്നിയെന്നും രോഷാകുലനായ അയാള്‍ പണം മോഷ്ടിച്ചു എന്നുമാണ്. അവരിറങ്ങിയപ്പോള്‍, രാത്രിയായിരുന്നു. കെദ്രോണ്‍ താഴ്‌വരയിലൂടെ നടക്കുമ്പോള്‍ യൂദാസ് അവനെ ചുംബിച്ചു. അതായിരുന്നു, ശത്രുവിന്, അടയാളം. പത്രോസ് വാളുയര്‍ത്തിയപ്പോള്‍ മലാക്കസിന്റെ കാതിന് മുറിവേറ്റു. ബാക്കി, ചരിത്രമാണ്.

അടുത്ത രാവിലെ, യേശുവിനെ വിധിമുറിയിലേക്ക് കൊണ്ടുവന്നു. അന്റോണിയയിലെ ഗോപുരത്തിനടുത്തായിരുന്നു ഇത്. അവനെ ചാട്ടവാര്‍ കൊണ്ടടിച്ചു. എന്നാല്‍ ചാട്ടവാറടി 40 നപ്പുറം പോകരുതെന്നായിരുന്നു, ജൂതനിയമം. കുരിശില്‍ തറയ്ക്കല്‍ ജൂതശിക്ഷാ വിധിയായിരുന്നില്ല. അതുണ്ടായത് പേര്‍ഷ്യയിലാണ്; അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയും അയാളുടെ സേനാധിപന്മാരും, അത്, മെഡിറ്ററേനിയന്‍ ലോകത്തേക്ക്, ഈജിപ്തിലേക്കും കാര്‍തേജിലേക്കും കൊണ്ടുവന്നു. കാര്‍തേജില്‍ നിന്നാണ് റോമാക്കാര്‍ പഠിച്ചത്. അത് അടിമകള്‍ക്കും താഴ്ന്നവര്‍ക്കുമുള്ളതായിരുന്നു.

അതിനാലാണ്, യേശുവിനെ രണ്ടു കള്ളന്മാര്‍ക്കൊപ്പം കുരിശില്‍ തറച്ചത്. അല്ലെങ്കില്‍, വാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു, ശിക്ഷാവിധി. നേരത്തെപറഞ്ഞ പോലെ, ഗാഗുല്‍ത്ത ഇന്നുവരെ കണ്ടെത്തിയിട്ടില്ല. തലയോട്ടി എന്നാണ്, ആ വാക്കിനര്‍ത്ഥം. അത്, കെദ്രോണ്‍, ഹൊന്നം താഴ്‌വരകള്‍ക്കിടയിലായിരിക്കും. ജറുസലേമിന് വടക്ക് അല്ലെങ്കില്‍, വടക്ക് പടിഞ്ഞാറ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു, കുരിശിലേറ്റിയത്. 12 ശിഷ്യരില്‍ ഒരാളുമുണ്ടായിരുന്നതായി, ആദ്യ രണ്ടു സുവിശേഷങ്ങള്‍ പറയുന്നില്ല. മൂന്നു മേരിമാര്‍ ഉണ്ടായിരുന്നു: മഗ്ദലമേരി, അമ്മമേരി, സെബിദീയുടെ മക്കളുടെ അമ്മ മേരി. പെണ്ണുങ്ങള്‍ക്കാണ് ചങ്കുറപ്പ്.

പാസോളിനിയുടെ ‘ദ ഗോസ്പല്‍ അക്കോഡിംഗ് ടു സെന്റ് മാത്യു’ എന്ന മനോഹര ചലച്ചിത്രം കണ്ടതോര്‍ക്കുന്നു. പാസോളിനിയുടെ അമ്മയാണ്, യേശുവിന്റെ അമ്മയായി വേഷമിട്ടത്.യേശുവിനൊപ്പം
ആണുങ്ങളെ കാണാത്ത ഈ നിമിഷം വരെ, ഇക്കഥ ഞാന്‍ മനഃപൂര്‍വം ആഖ്യാനം ചെയ്യുകയായിരുന്നു. ഈ ഘട്ടത്തില്‍, നാലാമത്തെ സുവിശേഷം പറയുന്നു: യേശുവിന്റെ ശരീരം ചണത്തുണിയില്‍ ചുറ്റി, രണ്ടു പുരുഷന്മാര്‍, ഔഷധലേപനം നടത്തി. പെണ്ണുങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും നല്‍കി. മത്തായിയും ലൂക്കോസും പറയുന്നത്, ശരീരം, ശിഷ്യന്മാര്‍ ഒരു രഹസ്യ മലമ്പ്രദേശത്തേക്ക്, ഔഷധ ലേപനത്തിനായി, കൊണ്ടുപോയി എന്നാണ്. അതായത്, യേശു കുരിശില്‍ മരിച്ചില്ല എന്നു ബൈബിളില്‍ തന്നെ പറഞ്ഞിരിക്കുന്നു.
 
ജഡത്തിനെന്തിനാണ്, ഔഷധ ലേപനം?


© Ramachandran

നാം കാണുന്ന നൊബേൽ കളികൾ

നൊബേല്‍ സമ്മാനം കൊടുക്കുന്ന മുതലാളിമാരെ കളിപ്പിക്കുന്ന ബോബ് ഡിലന്റെ ചുവടുകള്‍ എനിക്കിഷ്ടപ്പെട്ടു. ബോബ് നല്ല എഴുത്തുകാരനല്ല. അദ്ദേഹം അങ്ങനെ കരുതുന്നുമില്ല. പാട്ടുകാരനും നര്‍ത്തകനുമാണെന്നേ അദ്ദേഹം സ്വയം കരുതുന്നുള്ളൂ. 
ബോബിന്റെ ചാഞ്ചാട്ടങ്ങള്‍ കാണുമ്പോള്‍, പലപ്പോഴും, മൈക്കിള്‍ ജാക്‌സനെ ഓര്‍മവരും; വിചിത്ര സ്വഭാവികള്‍. 'ക്രോണിക്കിള്‍സ്' എന്ന ഓര്‍മക്കുറിപ്പുകള്‍ ബോബിന്റേതായുണ്ട്. 1966 ല്‍ തനിക്കുണ്ടായ ബൈക്കപകടം അദ്ദേഹം അതില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ കശേരുക്കള്‍ തകര്‍ന്നതായാണ് കേട്ടിരുന്നത്. എന്നാല്‍, ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയതായി വിവരമില്ല. ചിലപ്പോഴൊക്കെ കുറെക്കാലം അപ്രത്യക്ഷനാകാറുണ്ട്. അമേരിക്കക്കാര്‍ക്ക് സ്വകാര്യ ജീവിതം വലുതാണ്. അച്യുതാനന്ദന്റെ പിറന്നാളിന്റെ അടുക്കളപ്പടം കാണുമ്പോഴൊക്കെ ഞാന്‍ ഇതോര്‍ക്കാറുണ്ട്. കരുണാകരന്റെ പൂജാമുറിപ്പടങ്ങള്‍ കാണുമ്പോഴും ഓര്‍ത്തിരുന്നു. സ്വകാര്യജീവിതത്തിലേക്ക് ഫൊട്ടോഗ്രഫറെയും ലേഖകരെയും കയറ്റിയവന്‍ അനുഭവിക്കും. അച്യുതാനന്ദന്‍ ലണ്ടനില്‍ ചികിത്സയ്ക്ക് പോയപ്പോള്‍, മകന്‍ അരുണ്‍ കുമാറിനോട് പറഞ്ഞ്, ആശുപത്രി മുറി ചിത്രവും വരുത്തുകയുണ്ടായി. 
ബോബ് ഡിലൻ നൊബേൽ വാങ്ങുന്നു 
അങ്ങനെയൊന്നും വേണ്ടതില്ല. ബോബിനെക്കണ്ട് പഠിക്കൂ; ഒരക്ഷരം അയാള്‍ പറഞ്ഞിട്ടില്ല. കെ.സച്ചിദാനന്ദന്‍ എന്തൊക്കെയാണ് പറഞ്ഞ് നടന്നത്-നൊബേല്‍ ചുരുക്കപ്പട്ടികയിൽ ഉണ്ടെന്നോ?നൊബേൽ സമ്മാനത്തിന് ചുരുക്കപ്പട്ടികയേയില്ല. മാധവിക്കുട്ടിക്ക് നൊബേല്‍ കിട്ടാനിടയുണ്ടെന്ന് ആരോ പറഞ്ഞപ്പോള്‍, പേജ് തയ്യാറാക്കി വച്ചതും ഓര്‍ക്കുന്നു. ചുരുക്കപ്പട്ടികയില്ലെന്ന് അന്നറിയില്ലായിരുന്നു. അവാര്‍ഡിന് പുറകെ ആക്രാന്തത്തോടെ പായുന്ന ലോകത്ത്, അത് വേണ്ടെന്ന് വയ്ക്കുക എളുപ്പമല്ല. മുംബൈയിലെ കൃഷ്ണന്‍ പറപ്പിള്ളി എന്ന രാമപുരത്തുകാരന്‍, സ്വന്തം ഭാര്യയുടെ പേരില്‍ പുരസ്‌കാരമുണ്ടാക്കി, തനിക്ക് തന്നെ സ്വയം പ്രഖ്യാപിക്കുകയുണ്ടായി. അവാര്‍ഡ് സ്വയം സംഘടിപ്പിച്ച തനിക്ക് തന്നെ നല്‍കാന്‍, കാലിക്കവര്‍ സംഘാടകരായി നിന്നുകൊടുത്തവരെ ഏല്‍പിച്ചതായും എനിക്കറിയാം. 2010 ല്‍ അക്കിത്തത്തിന് കിട്ടേണ്ടിയിരുന്ന ജ്ഞാനപീഠമാണ്, ഒഎന്‍വിക്ക് ഡ ല്‍ഹിയിലെ മലയാളി കവി തിരിച്ചുവിട്ടത്. എന്നിട്ട്, അക്കിത്തത്തിന് മൂര്‍ത്തീദേവി പുരസ്‌കാരം കൊടുത്തു. ഒരാള്‍ക്ക് രണ്ടും കിട്ടില്ലെന്നാണ് പറയുന്നത്. ഒഎന്‍വിയെക്കാള്‍ വലിയ കവിയാണ്, അക്കിത്തം എന്ന് എല്ലാവര്‍ക്കുമറിയാം. ഓന്ത് ഒരു തുള്ളി മുതലയാണെന്ന് ലോര്‍ക്ക പറഞ്ഞപോലെ, ഒഎന്‍വിയും കവിയാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടു പറയുകയുണ്ടായി. ലളിതാംബിക അന്തര്‍ജനം പുരസ്‌കാര സമര്‍പണത്തോടനുബന്ധിച്ച് കവിയരങ്ങിന്, എന്‍.മോഹനന്‍ പി.നാരായണക്കുറുപ്പിനെ നിര്‍ദ്ദേശിച്ചപ്പോള്‍, ''വേണ്ട, ഒരു കുറുപ്പുമതി'' എന്ന് ഒഎന്‍വി പറഞ്ഞതായി, മോഹനന്‍ എന്നോട് പറയുകയുണ്ടായി.
 നൊബേല്‍ സമ്മാനം നിരസിച്ച ഒരെഴുത്തുകാരനേ ഇതുവരെയുള്ളൂ. 1964 ല്‍ ഴാങ്‌പോള്‍ സാത്ര്. അസ്തിത്വവാദത്തിന്റെ പ്രചാരകന്‍. 'സത്തയും ശൂന്യതയും' ( Being and Nothingness )  എന്ന കടിച്ചാല്‍ പൊട്ടാത്ത ദാര്‍ശനിക ഗ്രന്ഥത്തിന്റെ സ്രഷ്ടാവ്. അതു മനസ്സിലായ രണ്ടു മലയാളികള്‍ ഉണ്ടായിരുന്നു- കെ.രാഘവന്‍ പിള്ളയും വിലാസിനിയും. രാഘവന്‍ പിള്ളയെഴുതിയ അസ്തിത്വവാദ പുസ്തകത്തിന്, വിലാസിനിയുടെ അവതാരിക തന്നെയുണ്ട്. ഭഗവദ്ഗീതയില്‍ അസ്തിത്വവാദമുണ്ട് എന്നാണ് രാഘവന്‍ പിള്ള പറഞ്ഞത്. കിര്‍ക്കെഗാദ്, ഹെഗല്‍ എന്നിവരുടെ അടിസ്ഥാന പ്രമാണങ്ങളുമായി തട്ടിച്ചുനോക്കിയാല്‍, സാര്‍ത്രിന്റെ അസ്തിത്വവാദം കാലത്തെ അതിജീവിക്കുകയില്ല; അവരുടെ ദര്‍ശനങ്ങളില്‍നിന്ന് ആത്മീയത തട്ടിക്കിഴിച്ചാല്‍, സാര്‍ത്രിന്റെ ദര്‍ശനം കിട്ടും. അതല്ലെങ്കില്‍, സാര്‍ത്രിന്റെ 'മാന്യയായ വേശ്യ' എന്ന അമേരിക്കന്‍ സംസ്‌കാരത്തിനെതിരായ നാടകം വായിച്ചാല്‍ മതി. 'സത്തയും ശൂന്യതയും' വായിച്ചതില്‍നിന്ന് മനസ്സില്‍ നില്‍ക്കുന്ന ഒന്ന്, അത് ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്; അദ്ദേഹം സിമൊങ് ദ ബുവ്വയുമായി സഹജീവിതം നയിച്ചിരുന്നല്ലോ. ഇപ്പോള്‍ ഒരു സഹജീവിതം കേട്ടത്, മുലായം സിങ്, സാധനാ ഗുപ്തയുമായി നടത്തിക്കൊണ്ടിരുന്നതാണ്. ഒരു ശവക്കോട്ടയില്‍ പോയി, ശത്രുവിന്റെ കല്ലറയിൽ  മൂത്രമൊഴിച്ചതായി, സാര്‍ത്ര് ആത്മകഥയില്‍ പറയുന്നുണ്ട്. മൂത്രമൊഴിച്ച് ശത്രുത ഒഴുക്കിക്കളയുന്ന വിദ്യ, ഇവിടെയും പരീക്ഷിക്കാവുന്നതാണ്.
 ഡൈനാമിറ്റ് കണ്ടെത്തിയ ആളാണ് ആല്‍ഫ്രഡ് നൊബേല്‍ എന്ന് നമുക്കറിയാം. 1895 ലെ വില്‍പത്രത്തിലാണ്, തന്റെ സ്വത്തിലെ വലിയ ഭാഗം, ഊര്‍ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയിലെ സമ്മാനങ്ങള്‍ക്ക് നീക്കിവച്ചത്. 1968 ല്‍ സ്വീഡനിലെ കേന്ദ്ര ബാങ്കായ സ്‌വെറിഗ്‌സ് റിക്‌സ് ബാങ്കാണ്, നൊബേലിന്റെ ഓര്‍മയ്ക്ക്, സാമ്പത്തിക ശാസ്ത്ര സമ്മാനം ഏര്‍പ്പെടുത്തിയത്. ഇതുവരെ 579 സമ്മാനം കൊടുത്തു. ആകെ 911 സമ്മാനാര്‍ഹരുണ്ട്. പങ്കാളികള്‍ വരുന്നതിനാലാണ്, സമ്മാനാര്‍ഹര്‍ കൂടിയത്. 26 എണ്ണം സംഘടനകള്‍ക്കായിരുന്നു. നൊബേല്‍ 1901 ല്‍ തുടങ്ങിയെങ്കിലും, 49 തവണ കൊടുക്കാതിരുന്നിട്ടുണ്ട്. ലോകയുദ്ധ കാലത്താണ്, കൂടുതലും കൊടുക്കാതിരുന്നത്. സാഹിത്യത്തിന് 1914, 1918, 1935, 1940, 1941, 1942, 1943 വര്‍ഷങ്ങളില്‍ കൊടുത്തില്ല. 1955, 1956, 1966, 1967, 1972 വര്‍ഷങ്ങളില്‍ സമാധാനമുണ്ടായില്ല. സമ്മാനാര്‍ഹരുടെ ശരാശരി വയസ്സ് 59. പൊതുജന്മദിനം, മെയ് 21, ഫെബ്രുവരി 28. ഭാരതീയര്‍ക്ക് പൊതുവേ ഈ ജന്മദിനങ്ങള്‍ ഇല്ലെന്ന് തോന്നുന്നു. 1997 ജൂലൈ 12 ന് ജനിച്ച് മലാല യൂസഫ് സായിയെ പ്രായക്കുറവില്‍ വെട്ടിക്കാന്‍ ആര്‍ക്കും കഴിയില്ലായിരിക്കും. 17 വയസ്സേ മലാലയ്ക്കായിരുന്നുള്ളൂ. ഊര്‍ജതന്ത്ര നൊബേല്‍ 1915 ല്‍ സ്വീകരിക്കുമ്പോള്‍ വില്യം ലോറന്‍സ് ബ്രാഗിന് 25 വയസ്സ് മാത്രമായിരുന്നു. 1932 ല്‍ വെര്‍ണര്‍ ഹെയ്‌സര്‍ബര്‍ഗിന്, 31. സാമ്പത്തിക ശാസ്ത്രത്തില്‍ 2007 ല്‍ ലിയോനിദ് ഹര്‍വിക്‌സ് നൊബേല്‍ നേടുമ്പോള്‍ 90 വയസ്സായിരുന്നു. സാഹിത്യത്തില്‍, നൊബേല്‍ നേടുമ്പോള്‍ പ്രായം കുറഞ്ഞയാള്‍ റഡ്‌യാര്‍ഡ് കിപ്ലിങ്-41. ഡോറിസ് ലെസിങ്ങിന് 2007 ല്‍ സമ്മാനം കിട്ടുമ്പോള്‍, 88. സമാധാനത്തിന് 1995 ല്‍ സമ്മാനം കിട്ടുമ്പോള്‍, ജോസഫ് റോട്ബ്ലാറ്റിന് 87. സമ്മാനം കിട്ടുമ്പോള്‍ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു: ജര്‍മന്‍ പത്രപ്രവര്‍ത്തകന്‍ കാള്‍ വോണ്‍ ഒസീറ്റ്‌സ്‌കി, മ്യാന്‍മറിലെ ആങ് സാന്‍ സൂകി, ചൈനയിലെ ലിയു സിയാവോബോ. എല്ലാം സമാധാനം. റെഡ്‌ക്രോസിന് മൂന്നുതവണ കിട്ടി. പങ്കാളിത്തമില്ലാതെ, ഒറ്റയ്ക്ക് രണ്ടു നൊബേല്‍ നേടിയ ഒരാളേയുള്ളൂ-ലൈനസ് പോളിങ്. 1954 ല്‍ രസതന്ത്രം, 1962 ല്‍ സമാധാനം. പങ്കാളിത്തത്തോടെ രണ്ടുതവണ നൊബേല്‍ നേടിയവര്‍: ജെ. ബര്‍ദീന്‍ (രസതന്ത്രം 1956, ഊര്‍ജതന്ത്രം 1972, മദാം ക്യൂറി (ഊര്‍ജതന്ത്രം 1903), രസതന്ത്രം 1911), എഫ്. സാങ്കര്‍ (രസതന്ത്രം 1958, 1980). മരണാനന്തര നൊബേല്‍ കൊടുക്കേണ്ടെന്ന് 1974 ല്‍ തീരുമാനിച്ചു. നൊബേല്‍ പ്രഖ്യാപിച്ച ശേഷമാണ് മരണമെങ്കില്‍ കൊടുക്കും. 1974 ന് മുന്‍പ് രണ്ടുതവണ മരണാനന്തരം കൊടുത്തു. യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ഡാഗ് ഹാമര്‍ഷോള്‍ഡ് (1961 സമാധാനം), എറിക് ആക്‌സല്‍ കാള്‍ഫെല്‍റ്റ് (1931 സാഹിത്യം). 2011 വൈദ്യശാസ്ത്രത്തില്‍ റാള്‍ഫ് സ്റ്റൈയ്ന്‍മാന് സമ്മാനം പ്രഖ്യാപിച്ചത്, അദ്ദേഹം മരിച്ച് മൂന്നുദിവസം കഴിഞ്ഞായിരുന്നു. മരിച്ചത് കമ്മിറ്റി അറിഞ്ഞിരുന്നില്ല. എങ്കിലും, സമ്മാനം മാറ്റിയില്ല. കുടുംബം എന്ന നിലയില്‍ നൊബേല്‍ എത്തിയത്, മേരി, പിയറി ക്യൂറി ദമ്പതികള്‍ക്കാണ്. പൊളോണിയം, റേഡിയം എന്നിവ കണ്ടെത്തിയതിന്. ഇവരുടെ മകള്‍ ഐറീന്‍ ജോലിയറ്റ് ക്യൂറിക്ക് 1935 ലെ രസതന്ത്ര നൊബേല്‍ കിട്ടി. ഐറീന്‍ അത്, ഭര്‍ത്താവ് ഫ്രെഡറിക്കുമായി പങ്കിട്ടു. അങ്ങനെ ഒരു കുടുംബത്തില്‍ നാലുപേര്‍; വല്ലാത്ത കുടുംബം! സഹോദരന്മാര്‍ ഒരു ജോഡി മാത്രം: ജാന്‍ ടിന്‍ബര്‍ഗന്‍, നിക്കൊളാസ് ടിന്‍ബര്‍ഗന്‍-1973 ല്‍ വൈദ്യശാസ്ത്രം.

നൊബേല്‍ നിരസിച്ചാല്‍ അക്കാദമി അത് പരിഗണിക്കാറില്ല. കിട്ടിയ ആള്‍ നൊബേല്‍ സമ്മാനിതന്‍ തന്നെ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണ്, ഇതിന് സാമ്യം. ആ പാര്‍ട്ടി രാജി സമ്മതിക്കുകയോ, സ്വീകരിക്കുയോ പതിവില്ല. രാജിവച്ചയാളെ, കമ്മിറ്റി കൂടി പുറത്താക്കും. അത് അസംബന്ധമാണ് എന്നറിയാവുന്ന സ്വീഡിഷ് അക്കാദമി, നിരസിച്ചവനെ പുറത്താക്കാന്‍ കമ്മിറ്റി കൂടുകയില്ല. പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കൊഴുക്ക് കൂടുതലാണ്. നൊബേലില്‍, നിരാസം പതിവല്ല. സാര്‍ത്രും ഡിലനുമൊക്കെ, വാല്‍നക്ഷത്രങ്ങള്‍. നൊബേല്‍ കിട്ടിയിട്ടു വേണം നിരസിക്കാനെന്ന് വിചാരിക്കുന്നവരാണ്, സച്ചിദാനന്ദനും ആനന്ദും. ആനന്ദും ഒരു സച്ചിദാനന്ദനാണ്. ഒരുപാടുകളിച്ചാല്‍ പുലിവാലു പിടിക്കുമെന്നതിനും തെളിവാണ്, നൊബേല്‍. രാഷ്ട്രീയം വച്ച് ഇക്കുറി സിറിയന്‍ കവി അലി അഹമ്മദ് സായിദ് എസ്ബറിന് കൊടുക്കാമായിരുന്നു. അദ്ദേഹമാണ്, നാം ആശാന്‍ സമ്മാനം കൊടുത്ത അഡോണിസ്. ആശാന്‍ സമ്മാനം കിട്ടിയ ആള്‍ക്ക് നൊബേല്‍ കൊടുക്കില്ലായിരിക്കും.
നൊബേൽ കിട്ടാത്ത എഴുത്തുകാരാണ്,വലിയവർ-ടോൾസ്റ്റോയ്,ജെയിംസ് ജോയ്‌സ്,കാഫ്‌ക,ബോർഹസ് ,ഹെൻറി ജെയിംസ്,വിർജീനിയ വോൾഫ്,റോബർട്ട് ഫ്രോസ്റ്റ്,ജോൺ അപ്‍ഡേയ്‌ക്,ഗോർക്കി,ഇബ്‌സൻ,എമിലി സോള,പ്രൂസ്ത്,റിൽകെ,ബ്രെഹ്ത്,ക്രോച്ചേ,തോമസ് ഹാർഡി,മാർക്ക് ട്വൈൻ,ജോസഫ് കോൺറാഡ്,ലോർക്ക,ഡി എച് ലോറൻസ്,സ്ട്രിൻഡ്ബർഗ്,വൈക്കം മുഹമ്മദ് ബഷീർ,ഒ വി വിജയൻ.
അത് കിട്ടിയ പീറകൾ:സള്ളി പ്രൂധോം,ജോസ് എച്ചിഗരി,റുഡോൾഫ് യൂകാൻ,പോൾ വോൺ ഹെസെ,വെർണർ ഹെയ്‌ഡൻസ്‌റ്റം,വില്യം ഗോൾഡിങ്,വ്ളാഡിസ്ലാവ് റെയ്‌മോൻറ്,ഗ്രാസിയ ഡെലിഡ്ഡ,എറിക് കാൽഫെൽട്ട്,ഫ്രാൻസ് സിലൻപ,ഹാൽഡർ ലക്‌നെസ്.
സമ്മാനം കിട്ടിയത് കൊണ്ട് മാത്രം ഒരു ദിവസത്തേക്ക് രാജാക്കന്മാരായ ഇവരുടെ പുസ്തകം ആരും അന്വേഷിച്ചില്ല.ഇപ്പോൾ കിട്ടിയാലും വേണ്ട.
പീരിയോഡിക് ടേബിൾ കണ്ടു പിടിച്ച മെൻഡലീവിന് കിട്ടിയില്ല.സമാധാന നൊബേൽ ഗാന്ധിക്ക് കിട്ടിയില്ല .ബെർത സാറ്റ്നർ എന്നൊരാൾക്ക് കിട്ടി.
ഒക്ടോബർ 24,2016 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...