Monday, 15 July 2019

എഡ്‌ഗാർ സ്നോ എന്ന ചാരൻ

ചൈനയുടെ മഹത്വങ്ങൾ കാണാൻ അവിടെപ്പോയി 13 കൊല്ലം അവിടെ ജീവിച്ച അമേരിക്കൻ പത്ര പ്രവർത്തകൻ എഡ്‌ഗാർ സ്‌നോയെ ഇവിടത്തെ വ്യാജ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ പാടിപ്പുകഴ്ത്താറുണ്ട്.Red Star Over China എന്ന സ്നോ എഴുതിയ പുസ്തകം കമ്മ്യൂണിസ്റ്റ് ലോകത്ത്,മറ്റൊരു അമേരിക്കൻ പത്ര പ്രവർത്തകൻ ജോൺ റീഡ് എഴുതിയ,റഷ്യൻ വിപ്ലവത്തിൻറെ വ്യാജ ദൃക്‌സാക്ഷി വിവരണമായ Ten Days that Shook the World പോലെ തന്നെ പ്രസിദ്ധമാണ്.എന്നാൽ,സ്നോ ചൈനയിൽ പോകും മുൻപ് ഇന്ത്യ സന്ദർശിച്ച കാര്യം അദ്ദേഹത്തിൻറെ ജീവചരിത്ര കുറിപ്പുകളിൽ കാണാറില്ല.അതിൻറെ കാരണം അറിയില്ല.ദുരൂഹമാണ് ആ യാത്ര.
സ്നോ ഇന്ത്യയിൽ വന്നത് 1931 ലാണ്..ഇന്ത്യയെപ്പറ്റിയുള്ള മൂന്ന് ലേഖനങ്ങൾ ആ വർഷമാണ്,സ്നോ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒന്ന്:The Trial of British Communists at Meerut, India. China Weekly Review , September 19, 1931, 106.
രണ്ട് :The Revolt of India's Women. New York Herald-Tribune Magazine , October 25, 1931, 14-15, 24-25.
മൂന്ന് :Calcutta, India, City of Contrasting Beauty and Squalor—The Hindu Rituals on the Banks of the Sacred Ganges River. New York Sun , October 29, 1931.

പല തലങ്ങളിൽ സംശയമുളവാക്കുന്നതാണ്,സ്‌നോയുടെ ഇന്ത്യ സന്ദർശനം.അന്ന് രഹസ്യമായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആതിഥ്യം അരുളിയത്.മീററ്റ് ഗൂഢാലോചന നടന്ന സമയം ആയിരുന്നു.ഗൂഢാലോചനയിൽ മൂന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾ പ്രതികളായിരുന്നു.ചൈനയെപ്പറ്റിയുള്ള സ്‌നോയുടെ പുസ്തകങ്ങൾ വരുന്നതിന് അഞ്ചു വർഷം മുൻപാണ് ഈ സന്ദർശനം.എന്നാൽ,ചൈനയിൽ നിന്നാണ് സ്നോ വന്നത്.1928 ൽ അമേരിക്കൻ ഓഹരി വിപണിയിൽ നിന്നുണ്ടാക്കിയ കാശു കൊണ്ട് ചൈനയിൽ എത്തിയ സ്നോ 13 വർഷം അവിടെ കഴിഞ്ഞു.
ഇന്ത്യൻ ചരിത്രകാരന്മാർ ശ്രദ്ധിക്കാത്ത ഒരു കാര്യം ഇവിടെ പ്രസക്തമാണ് -1928 ൽ തന്നെയാണ് അമേരിക്കൻ പത്രപ്രവർത്തക ആഗ്നസ് സ്‌മെഡ്‌ലി ബർലിനിൽ നിന്ന് ചൈനയ്ക്ക് പോകുന്നത്.സ്‌നോയുടെയും ആഗ്നസിൻറെയും പ്രവർത്തന കേന്ദ്രം ഒന്നു തന്നെ -ഷാങ്ങ്ഹായ്.കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലിൻ്റെ ( കോമിന്റേൺ ) ഏജൻറ് ആയ ആഗ്നസ്,പ്രവാസി വിപ്ലവകാരി വീരേന്ദ്രനാഥ് ചതോപാധ്യായുടെ ജീവിത പങ്കാളിയായിരുന്നു,1920 മുതൽ 1928 വരെ.സരോജിനി നായിഡുവിൻറെ ഇളയ സഹോദരനാണ്,ചാറ്റോ എന്നറിയപ്പെട്ട വീരേന്ദ്രനാഥ്.ചാറ്റോയെ 1937 ൽ സ്റ്റാലിന്റെ ഉന്മൂലന കാലത്ത് വെടിവച്ചു കൊന്നു.
അദ്‌ഭുതകരം -സ്നോ ജനിച്ചത്,ആഗ്നസ് ജനിച്ച അമേരിക്കയിലെ മിസ്സൂറിയിൽ തന്നെ.
ആഗ്നസ് 
ആഗ്നസ്,സ്‌നോയെ പരിചയപ്പെടുത്തി,ജവഹർലാൽ  നെഹ്‌റുവിന് നൽകിയ കത്തുമായാണ് സ്നോ മുംബൈയിൽ എത്തിയത്.അത് മുംബൈയിൽ നൽകിയെന്ന് സ്‌നോയുടെ ജീവചരിത്രത്തിൽ ജോൺ മാക്‌സ്‌വെൽ ഹാമിൽട്ടൺ പറയുന്നു.സരോജിനി നായിഡു,സ്‌നോയെ സഹോദരി സുഹാസിനിക്ക് പരിചയപ്പെടുത്തി.സ്നോ വന്നത് മുംബൈ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചു.സുഹാസിനി 1951 വരെ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു.ഇന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാൻ കോമിന്റേൺ നിയോഗിച്ച സുഹാസിനി 1928 സെപ്റ്റംബർ 17 നാണ് എസ് എസ് ക്രാക്കോവിയ എന്ന കപ്പലിൽ ബർലിനിൽ നിന്ന് മുംബൈയിൽ എത്തിയത്.സുഹാസിനിക്കൊപ്പം ലെസ്റ്റർ ഹച്ചിൻസൺ എന്ന ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു.അയാളെ മീററ്റ് ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്തു.എം എൻ റോയിയുടെ ശുപാർശയിൽ മോസ്കോയിലെ ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ സുഹാസിനി,പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യയായിരുന്നു.ആദ്യ മലയാള ചെറുകഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഇളയ മകനായിരുന്നു,നമ്പ്യാർ.ബർലിനിൽ നിന്ന് സുഹാസിനി ഇന്ത്യയിൽ എത്തിയ ശേഷം,ബർലിൻ ഇന്ത്യ ഇൻഫർമേഷൻ ബ്യുറോ സെക്രട്ടറി ഈവ ഗെയ്‌സ്‌ലർക്കൊപ്പം നമ്പ്യാർ പൊറുപ്പ് തുടങ്ങി.എം എൻ റോയിയുടെ നിരവധി കാമുകിമാരിൽ ഒരാളായ ലൂയിസിൻറെ സഹോദരിയായിരുന്നു ,ഈവ.ഈ വഞ്ചനയിൽ ഒരു ദാമ്പത്യം തകർന്നു.ഒരേ വർഷം,1928 ൽ മോസ്‌കോ ആഗ്നസ്.സ്നോ,സുഹാസിനി,ഹച്ചിൻസൺ എന്നിവരെ നിയോഗിക്കുന്നതാണ്,ഇവിടെ കണ്ടത്.
ഗാന്ധിയെ സ്‌നോയ്ക്ക് മതിപ്പുണ്ടായിരുന്നില്ല.അദ്ദേഹത്തെ ഷിംലയിലാണ് കണ്ടത്.ഗാന്ധി തരക്കേടില്ലാത്ത ബോറനാണെന്ന് ( a considerable bore ) സ്നോ സഹോദരി മിൽഡ്രഡിന് എഴുതി.സായുധ കലാപത്തിൽ വിശ്വസിച്ച സ്‌നോയ്ക്ക് ഗാന്ധിയുടെ അഹിംസയും ബ്രഹ്മചര്യവും ലാളിത്യവും പിടിച്ചില്ല.ഗാന്ധി ബ്രിട്ടീഷ് വസ്ത്രങ്ങൾ ബഹിഷ്‌കരിച്ചത് ഇന്ത്യയിൽ ജപ്പാന് വിപണി ഉണ്ടാക്കിയതായി സ്‌നോയ്ക്ക് തോന്നി."യന്ത്രങ്ങളെ കൈത്തറി കൊണ്ട് മാറ്റി മറിക്കാമെന്ന് ഗാന്ധി കരുതുന്നു" എന്ന് വാർത്താ റിപ്പോർട്ടിൽ സ്നോ എഴുതി.ഈ തോന്നലുകൾ പങ്കു വച്ചപ്പോൾ ഗാന്ധി സ്നോയോട് പറഞ്ഞു:" കുറച്ചു കൂടി പഠിക്കൂ ".
തുണിമിൽ തൊഴിലാളികളുടെ ഭീകര പ്രസ്ഥാനം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 32 പേരുടെ മീററ്റ് ഗൂഢാലോചനയുടെ വിചാരണ കേൾക്കാൻ സ്നോ കോടതിയിൽ എത്തി.മൂന്ന് പേർ ഒഴിച്ചുള്ളവർ കമ്മ്യൂണിസ്റ്റുകൾ ആയിരുന്നു.പ്രതികളുടെ പ്രതിരോധം ഉഗ്രനായിരുന്നെന്നും ഓരോ പ്രതിയും കമ്മ്യൂണിസത്തിൻറെ സവിശേഷ ഘട്ടം വിവരിച്ചെന്നും സ്നോ എഴുതി." വിചാരണ തുടങ്ങിയ ശേഷമുള്ള പത്ര റിപ്പോർട്ടുകൾ നോക്കിയാൽ,അത്,മാർക്‌സിന്റെ ധന തത്വ ശാസ്ത്രത്തിലുള്ള വിദ്യാഭ്യാസവും ലെനിനും സഹ പ്രവർത്തകരും പിൻഗാമികളും അവയ്ക്ക് നൽകിയ വിപ്ലവ പ്രയോഗവുമായിരുന്നു എന്ന് കാണാം", സ്നോ എഴുതി.


ഡ്‌ഗാർ സ്നോയ്ക്ക് മുംബൈയിൽ ആതിഥ്യം  വഹിച്ചത് സുഹാസിനി ആയിരുന്നു.സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ നേതാക്കൾ നടത്തിയ സമരം പഠിക്കാനാണ്  സ്നോ എത്തിയത്,ആഗ്നസ്  അന്ന് ഹോംഗ് കോംഗ് -ൽ ആയിരുന്നു.സരോജിനി നായിഡുവാണ് സുഹാസിനിയെ പരിചയപ്പെടുത്തിയത്.താൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് സ്നോ ഓർമിച്ചു.തുണിമില്ലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അടുത്ത് അവർ സ്‌നോയെ കൊണ്ടു പോയി.സുഹാസിനിയെയും  അവരുടെ മൂന്ന് സഹോദരിമാരെയും പറ്റി സ്നോ ലേഖനം എഴുതി.ഇന്ത്യയിൽ കാണാൻ കഴിയാത്തത് അവരിൽ കണ്ടെന്ന് സ്നോ എഴുതി .സ്വതന്ത്ര ചിന്താഗതിയുള്ള പെണ്ണുങ്ങളിലായിരുന്നു,സ്‌നോയ്ക്ക് കമ്പം .ലേഖനത്തിൽ  ഹിന്ദുമതത്തിന് എതിരെ ഒരു ഖണ്ഡികയുണ്ട്:

Victimised by their religion and archaic social structure , a system of government which has kept them in dark ignorance and illiteracy and a philosophy based on one of the most fundamentally corrupting of all superstitions -that the suffering one endures in this life is the result of sin in a previous existence -the millions of Hindu women in semi slavery need to be awakened to the needless futility of their lives and to be shown how release is possible.( The Revolt of India's Women, Newyork Herald Tribune Magazine,October 25,1931).

മതത്തിൻറെയും പ്രാചീനമായ സാമൂഹിക ഘടനയുടെയും ഇരകളാണ് ഇന്ത്യൻ സ്ത്രീകൾ.ഭരണ സംവിധാനം അവരെ കടുത്ത അജ്ഞതയിലും നിരക്ഷരതയിലും ആഴ്ത്തി.അവരുടെ തത്വശാസ്ത്രം അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങൾ കൊണ്ട് കളങ്കിതമായിരുന്നു.ഈ ജന്മത്തിലെ ദുരിതത്തിന് കാരണം മുജ്ജന്മത്തിലെ പാപമാണെന്ന് അവർ വിശ്വസിച്ചു.ഇത്തരം ജീവിതം നിഷ്‌ഫലമാണെന്ന ബോധത്തിലേക്ക് അർദ്ധ അടിമത്തത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് ഹിന്ദു സ്ത്രീകൾ ഉണരണം.അവർക്ക് മോചനത്തിനുള്ള വഴി കാട്ടണം.

സ്നോ ഇതെഴുതിയത്,കാൾ മാർക്‌സ് ഇന്ത്യയെപ്പറ്റി വിഡ്ഢിത്തങ്ങൾ എഴുതിയ അതേ പത്രത്തിലാണ്.മാർക്‌സിന്റെ ഇന്ത്യൻ പാപ്പരത്തം വിശദമായി അന്ധനായ മാർക്‌സ് എന്ന പരമ്പരയിൽ ഞാൻ തുറന്നു കാട്ടിയിരുന്നു.സ്‌നോയെ Mr Iceberg എന്ന് സുഹാസിനി വിളിച്ചു.താൻ വിശ്വസിച്ച അത്ര സ്നോ മാർക്‌സിസ്റ്റ് ആയില്ല എന്നതായിരുന്നു കാരണം.The Rise and Fall of the Third Reich എഴുതിയ അമേരിക്കൻ പത്ര പ്രവർത്തകൻ വില്യം ഷിറർ,സ്‌നോയെ ഷിംലയിൽ കണ്ടപ്പോൾ,അയാൾ ചൈനയിൽ തല്പരനാണെന്നു തോന്നി.സ്നോ പിതാവിനോട് പറഞ്ഞു:" ഇന്ത്യയ്ക്ക് ഭംഗിയുണ്ട്;എന്നാൽ അപൂർവം ചിലർക്കല്ലാതെ,ഞാൻ കണ്ട ഇന്ത്യക്കാർക്ക് ചൈനക്കാരുടെയോ,ജപ്പാൻകാരുടെയോ വിയറ്റ്നാംകാരുടെയോ സൗന്ദര്യമില്ല"
ഹച്ചിൻസൺ,സുഹാസിനി 
ഹച്ചിൻസൺ  പത്ര പ്രവർത്തകനായാണ്,വേഷം കെട്ടിയിരുന്നത്.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുകയായിരുന്നു,ഉന്നം. സുഹാസിനിയുടെ ഖാറിലെ വീട്ടിൽ താമസിച്ചു .സുഹാസിനിയുടെ സഹോദരി മൃണാളിനി പറഞ്ഞിട്ട് ടഗോറിൻ്റെ ഒരു നാടകത്തിൻറെ ഇംഗ്ലീഷ് പതിപ്പിൽ അഭിനയിക്കുകയും ചെയ്തു -Red Oleanders .ഗിർണി കംഗാർ യൂണിയൻ വൈസ് പ്രസിഡൻറായി അയാൾ .1929 മാർച്ച് 15 ന് മീററ്റ് ഗൂഢാലോചന കേസിൽ 31 പ്രതികൾക്കെതിരെ അറസ്റ്റ് വാറൻറ് ഇറങ്ങി.എസ് എ ഡാങ്കെ,മുസഫർ അഹമ്മദ്,എസ് വി ഘാട്ടെ,എസ് എസ് മിറാജ്‌കർ,ഷൗക്കത് ഉസ്‌മാനി തുടങ്ങിയവർ അതിലുണ്ടായിരുന്നു.ജൂണിൽ മുപ്പത്തി രണ്ടാമനെ നാഗ് പൂരിൽ പിടിച്ചു -ഹച്ചിൻസൺ.ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ആയ അയാൾ,ഫിലിപ് സ്പ്രാറ്റ്,ബെൻ ബ്രാഡ്‌ലി എന്നിവർക്കൊപ്പമാണ് അറസ്റ്റിലായത്.ഇവർക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിപ്ലവാവേശം കുത്തിവയ്ക്കാൻ കോമിന്റേൺ നിർദേശമുണ്ടായിരുന്നു.വർഷങ്ങൾക്കു ശേഷം ഹച്ചിൻസൺ ലേബർ പാർട്ടി എം പി ആയി.എഡ്‌ഗാർ സ്നോ അന്ന് മീററ്റ് കേസും എഴുതി.അതിൽ ഉൾപ്പെട്ട മൂന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടിയുള്ള കൂലി എഴുത്ത്.ഇന്ത്യ സന്ദർശനം ചാരൻ എന്ന നിലയ്ക്കായിരുന്നു എന്നതിൽ സംശയമില്ല.
ബ്രിട്ടൻ ഇന്ത്യയിൽ നടത്തിക്കൊണ്ടിരുന്ന കോളനി ഭരണത്തെ അനിവാര്യമായ സാമൂഹിക വിപ്ലവമാണെന്ന് മാർക്‌സ് ശ്ലാഘിച്ചിരുന്ന പാതയിലാണ് സ്നോയും നീങ്ങിയത്.സ്നോ എഴുതി:

(I am ) impressed with the amazing fact that these two countries, with the oldest continuous civilizations, with close religious and cultural ties, and which between themselves hold about half the men and women of the world, had such poor means of communication between them...Their cultural centers were farther from each other by existing land routes than either one was from Europe or America – just as far apart, in fact, as in the days when Buddhism was carried over the Himalayas to the Chinese Empire.

ഇന്ത്യയും ചൈനയും തമ്മിൽ വലിയ സാംസ്‌കാരിക വിനിമയം നടക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുകയാണ്,സ്നോ.അതും ബ്രിട്ടീഷ് ഭരണത്തിൻറെ ഫലമാണെന്നും യൂറോ സെൻട്രിക് വിദ്യാഭ്യാസത്തിൽ മുഴുകിയ ഇന്ത്യക്കാരൻ അങ്ങനെയാണ് ബെയ്‌ജിങിനെക്കാൾ കൂടുതൽ ലണ്ടനിൽ പോയതെന്നും ചൈനയിലെ വിപ്ലവ ശേഷം അത് ഭാരതീയതയുമായി ഇണങ്ങാത്ത പതനത്തിൽ എത്തിയെന്നും കരുതിയാൽ പ്രശ്‍നം തീർന്നു.സ്‌നോയുടെ കാലത്തിനു ശേഷമായതിനാൽ ടിയാനന്മെൻ പരാമർശിക്കുന്നില്ല.യൂറോപ്യൻ അധിനിവേശത്തിനു മുൻപ് കാര്യങ്ങൾ ഇങ്ങനെ ആയിരുന്നില്ല.ഇന്ത്യൻ മഹാസമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള ലോകം പരസ്പരാശ്രിതമായിരുന്നു.
ചൈനയിൽ ആഗ്നസ് ചെലവിട്ട അത്രയും വർഷങ്ങൾ തന്നെയാണ് സ്നോയും താമസിച്ചത്.രണ്ടാം ലോകയുദ്ധ കാലത്ത് അയാൾ  ചാരനാണെന്നു തന്നെ അമേരിക്ക സംശയിച്ചു.ജോസഫ് മക് കാർത്തിയുടെ രഹസ്യ പൊലീസ് അയാളെ ചോദ്യം ചെയ്തു.അമേരിക്ക വിട്ട് 1959 ൽ സ്വിറ്റ്സർലാൻഡിലേക്ക് കുടിയേറി.
റിച്ചാർഡ് സോർജ് 
ആത്മകഥാപരമായ Daughter of Earth പൂർത്തിയാക്കിയ ശേഷം ആഗ്നസ്  1928 ൽ  ചൈനീസ്  വിപ്ലവം റിപ്പോർട്ട് ചെയ്യാൻ അങ്ങോട്ട് പോയി.13 കൊല്ലം അവിടെ ജീവിച്ചു.മുപ്പതുകളിൽ ഷാങ്ഹായിൽ ജർമൻ പത്രപ്രവർത്തകനായ റഷ്യൻ ചാരൻ റിച്ചാർഡ് സോർജിനൊപ്പം കിടക്ക  പങ്കിട്ടു .ജപ്പാനിലെ അസാഹി ഷിംബുൺ ചൈനാ ലേഖകൻ ഒസാകി ഹോത് സുമിയുമായും ബന്ധമുണ്ടായിരുന്നു.റിച്ചാർഡിനെ ഹോത് സുമിക്ക് പരിചയപ്പെടുത്തിയത് ആഗ്നസാണ് . ടോക്യോയിൽ വലിയ ചാരനാകാൻ റിച്ചാഡിന് ആഗ്നസ് ഇങ്ങനെ അടിത്തറ പാകി .സോവിയറ്റ് യൂണിയനെ ആക്രമിക്കാനുള്ള ഹിറ്റ്ലറുടെ പദ്ധതി ചോർത്തിയത്,റിച്ചാർഡാണ്.അയാളെ ജപ്പാനിൽ പിടിച്ച് 1944 ൽ തൂക്കിക്കൊന്നു . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് ആഗ്നസ് അപേക്ഷിച്ചെങ്കിലും അച്ചടക്കം ഇല്ലാത്തതിനാൽ ,തള്ളി. ചൈനയെപ്പറ്റി അവർ എഴുതിയ പുസ്തകങ്ങളിൽ Battle Hymns for China ( 1943 ) ഓർക്കപ്പെടുന്നു.താൻ ഈ പുസ്തകം വായിക്കുകയാണെന്ന് നെഹ്‌റു 1944 നവംബർ ഏഴിന് അഹമ്മദ് നഗർ ജയിലിൽ നിന്ന്  സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതി .നെഹ്‌റു ഇങ്ങനെ കുറിച്ചു :ചൈനീസ് സംഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണം മാത്രമല്ല ,ധീരയായ ഒരു സ്ത്രീയുടെ ഒഡീസി കൂടിയാണ് .ആഗ്നസിന് നെഹ്‌റുവിനെ അറിയാമായിരുന്നു അതു കൊണ്ടു കൂടിയാണ്,സ്‌നോയ്ക്ക് ഇന്ത്യയിൽ നിർബാധം സഞ്ചരിക്കാനായത്.


See https://hamletram.blogspot.com/2019/07/blog-post_85.html
https://hamletram.blogspot.com/2019/07/blog-post_14.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...