Thursday, 19 September 2019

ഇന്ത്യ,അന്ധന് പിടികൊടുക്കാതെ

'അന്ധനായ മാർക്‌സ്' ആമുഖം 

മാർക്‌സിന്റെ ഇരുന്നൂറാം ജന്മവർഷവും 'മൂലധന'ത്തിൻറെ നൂറ്റൻപതാം  വർഷവും കൊണ്ടാടിയ 2018 ൽ ഒരു പത്രാധിപരാണ് എന്നോട് ലേഖനം ആവശ്യപ്പെട്ടത്.''പത്തെണ്ണം ഉണ്ടാകും' എന്നായിരുന്നു എൻറെ മറുപടി.ആ പത്തിന് ശേഷം കുറേക്കൂടി വിശദീകരിച്ച് ആറെണ്ണം വേറൊരു മാസികയിൽ എഴുതി.

'അന്ധനായ മാർക്‌സ് ' എന്ന ശീർഷകത്തിന് കീഴിൽ 'പാളിയ സിദ്ധാന്തം,പാഴായ മൂലധനം' എന്ന ഉപശീർഷകമുണ്ടായിരുന്നു.പത്തെണ്ണം എന്ന് പറയുമ്പോൾ,മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ 33 ലേഖനങ്ങളുടെ വിശകലനമായിരുന്നു,മനസ്സിൽ.അവ വന്നത്,'ന്യൂയോർക് ഡെയിലി ട്രിബ്യുൺ' എന്ന അമേരിക്കൻ പത്രത്തിൽ ആയിരുന്നു.അവയിൽ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച്,മാർക്സിന് ഇന്ത്യയെ മനസ്സിലായില്ല എന്ന് ലളിതമായി വായനക്കാരോട് വിശദീകരിക്കാനാണ് ശ്രമിച്ചത്.എന്ത് കൊണ്ട് മനസ്സിലായില്ല എന്ന് കണ്ടെത്താൻ ഉറവിടങ്ങൾ അന്വേഷിക്കുകയും അവ വിശദീകരിക്കേണ്ടി വരികയും ചെയ്‌തു.

കൗമാരത്തിൽ ആകർഷണം തോന്നുകയും യൗവനത്തിൽ അടിസ്ഥാന പാളിച്ചകളുണ്ട് എന്ന് കാണുകയും ചെയ്‌ത പ്രത്യയ ശാസ്ത്രമാണ്,എനിക്ക് മാർക്‌സിസം.പത്രപ്രവർത്തകൻ എന്ന നിലയിലും ഇടതു പക്ഷ റിപ്പോർട്ടിംഗ് വേണ്ടി വന്നു.'ചെങ്കൊടി പുതച്ച കലഹം' എന്ന പരമ്പര പുസ്തകം ആകാതെ കിടക്കുന്നു.കേരളത്തിലെ തന്നെ അവിഭക്ത പാർട്ടി ചരിത്രം,
നക്ഷത്രവും ചുറ്റികയും'എന്ന പേരിൽ എഴുതി.ലോകമാകെ ഇടതു പക്ഷ അപചയം ശ്രദ്ധിച്ചു.ആ പ്രത്യയ ശാസ്ത്രം ഏകാധിപതികളെ എന്ത് കൊണ്ട് സൃഷ്ടിച്ചു എന്ന് നോക്കി.ആത്മീയ സ്‌പർശം ഇല്ലാത്ത പുസ്തകങ്ങൾ നില നിൽക്കില്ലെന്ന് സാഹിത്യ ശിക്ഷണത്തിൽ നിന്ന് മനസ്സിലായി;സോഷ്യലിസ്റ്റ് റിയലിസം എനിക്ക് മുന്നിൽ വരണ്ടുണങ്ങിയപ്പോഴും,.സ്റ്റാലിൻ പുച്ഛിച്ച ദസ്തയേവ്‌സ്‌ക്കി ഉയർന്നു നിന്നു.മനുഷ്യൻറെ ആന്തരിക ജീവിതത്തെ വിച്ഛേദിച്ച പ്രത്യയ ശാസ്ത്രവും വരണ്ടുണങ്ങും എന്ന് ഉന്മൂലനങ്ങളും സോവിയറ്റ് യൂണിയൻറെ പതനവും വെളിവാക്കി.

ലെനിൻ നായകനായി ഒരു നോവൽ മനസ്സിൽ വന്നിട്ട് കാൽ നൂറ്റാണ്ടായി;മാർത്താണ്ഡ വർമ്മയും നോവലായി മനസ്സിൽ കിടക്കുന്നു.ഇരുവരും മനസ്സിൽ സ്ഥാനം നേടിയത്,അന്ത്യ കാലത്തെ പീഡനങ്ങളാൽ ആയിരുന്നു.അധികാരത്തിൽ ഭ്രമിച്ചവൻറെ ശിശിരം,പ്രത്യയ ശാസ്ത്രം അധികാര ക്രമം മാത്രമാണെന്ന് ബോധ്യപ്പെടുത്തി.മാർക്സിസത്തിൻറെ വേരുകളിലേക്ക് പോയി.മാർക്സിന്റെ ജീവിതം കൂടി പറഞ്ഞാണ്,ആ പ്രവാസ ദുരിതങ്ങളും ചേർത്താണ്,പുസ്തകം ഉണ്ടായത്.

ജർമനിയിലെ പ്രഷ്യയിൽ ജനിച്ച മാർക്സിന്റെ ജൂത കുടുംബം ,പ്രോട്ടെസ്റ്റൻറ് മതം രാജ്യ മതമായതിനാൽ അതിലേക്ക് മാറുകയായിരുന്നു.പാരിസിലെ പ്രവാസ കാലത്ത് തത്വ ശാസ്ത്രത്തിന് പുറമെ സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും അടിത്തറയുള്ള ഒരു പുസ്തകം അപൂർണമാക്കി നിർത്തിയാണ് മാർക്സ് ലണ്ടനിലേക്ക് പോയത്.ബ്രിട്ടനിലും രാജ്യ ,മതമായിരുന്നു,പ്രൊട്ടെസ്റ്റന്റ് മതം.മുതലാളിത്തത്തിന് ആ മതം സംഭാവന ചെയ്തോ എന്ന് മാർക്‌സ് അന്വേഷിച്ചില്ല.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖയിൽ തന്നെ പ്രേഷിത പ്രവർത്തനം ഉണ്ടായിരുന്നതാണ്.ആ മതത്തിന് കുഴപ്പമുണ്ടോ എന്ന് തിരക്കാതെ,ഹിന്ദു മതത്തെ കിരാതമായി കാണുകയാണ് മാർക്‌സ്  ചെയ്‌തത്‌,യാത്രാ വിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും അദ്ദേഹത്തെ വഴി തെറ്റിച്ചു.പ്രോട്ടെസ്റ്റന്റ് മതത്തെ മാർക്‌സ് ചർച്ചയ്ക്ക് എടുക്കാത്തതിനാൽ,ആ ഭാഗത്ത് മാക്‌സ് വെബറിനെ ആശ്രയിക്കേണ്ടി വന്നു.

ഹിന്ദുമതത്തെ മാത്രമല്ല,ഇന്ത്യയുടെ ഭൂവിനിയോഗത്തെയും രാഷ്ട്രീയത്തെയും ഭൂതകാലത്തെയും മാർക്‌സ് തെറ്റായി വായിച്ചു.ഹെഗൽ അവ്യക്തതകൾ കൊണ്ട് തെറ്റിന് കൊഴുപ്പ് കൂട്ടി.ഫോയർബാക്ക് ദൈവത്തെ വിച്ഛേദിച്ച് തെഴിലാളിയെ കൊണ്ട് വന്നു.ഒന്നായ മാനുഷ്യകത്തെ രണ്ടായി പിളർന്ന് മാർക്‌സ് ആഗോള സംഘർഷം വിതച്ചു,ജൂത പാരമ്പര്യത്തിലെ വാഗ്‌ദത്ത ഭൂമി ഒരു വർഗത്തിന് വാഗ്‌ദാനം ചെയ്‌ത്‌,മറ്റേ വർഗ്ഗത്തെ ഉന്മൂലനം ചെയ്യാൻ പഠിപ്പിച്ചു.ഇന്ത്യയെപ്പറ്റി തെറ്റ് മനസിലായപ്പോഴേക്കും 'മൂലധനം' ഇറങ്ങിയിരുന്നു.പ്രത്യയ ശാസ്ത്രം പാടെ പൊള്ളയാണെന്ന് ലോകം തിരിച്ചറിയുമ്പോഴേക്കും ,തലയോടുകളുടെ ഘോഷയാത്രകൾ റഷ്യയിലും ഉപഗ്രഹ രാജ്യങ്ങളിലും നടന്നു കഴിഞ്ഞിരുന്നു.നിണ സമുദ്രത്തിൽ ഏകാധിപതികൾ മുങ്ങി മരിച്ചിരുന്നു.

റോസാ ലക്സംബർഗിനെപ്പോലെ ലോക മാർക്‌സിസ്റ്റ് സൈദ്ധാന്തികർ മാത്രമല്ല,ഡി ഡി കോസംബി,ഇർഫാൻ ഹബീബ്,ഐജാസ് അഹമ്മദ് തുടങ്ങിയ ഇന്ത്യൻ മാർക്‌സിസ്റ്റ്‌ ചിന്തകരും മാർക്‌സ് ഇന്ത്യയെ കണ്ടത് കുരുടൻ ആനയെ കണ്ടത് പോലെയാണെന്ന് ശരിയായി മനസ്സിലാക്കി;കോസംബി നേരത്തെ മനസിലാക്കി.ഇന്ത്യയ്ക്ക് മഹദ് ഭൂതകാലം ഇല്ല എന്ന് പറഞ്ഞ മാർക്സിനെ മഹത്വം എണ്ണിപ്പറഞ്ഞാണ്,കോസംബി വിമർശിച്ചത്.ഇത്തരം മാർക്സിസ്റ്റുകൾ നൽകിയ സൂചനകൾ വികസിപ്പിച്ചതാണ്,ഈ പുസ്തകം.ഇ എം എസ്,മാർക്‌സ് ഇന്ത്യയെപ്പറ്റി മാർക്‌സ് വിവരിച്ച വിഡ്ഢിത്തത്തിൽ തന്നെ അവസാനകാലത്തും തൂങ്ങി നിന്നു എന്ന സത്യം നടുക്കുന്നതാണ്.1934 ൽ മുൽക്ക് രാജ് ആനന്ദ് എഡിറ്റ് ചെയ്‌ത മാർക്‌സ് ലേഖനങ്ങളിൽ നിന്ന് ഒരിഞ്ചു പോലും അദ്ദേഹം മുന്നോട്ട് പോയില്ല.ഇന്ത്യ മഹിതമാണെന്ന് കണ്ടില്ല.
മലയാളികൾക്കും അങ്ങനെ ഇത് ഒരു വീണ്ടെടുപ്പാകും എന്ന് കരുതുന്നു.

( 'അന്ധനായ മാർക്‌സ്' എന്ന പുസ്തകത്തിൻറെ ആമുഖം ) 

പിരപ്പൻകോട്ടെ വെളിച്ചപ്പാട്

'ഗ്രന്ഥാലോകം' കൊടുക്കാത്ത മറുപടികൾ 

കേരള ലൈബ്രറി കൗൺസിലിൻറെ 'ഗ്രന്ഥാലോകം' 2018 ജനുവരിയിൽ,സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എഴുതിയ മാർക്‌സ് ജീവചരിത്രം മോഷണം ആണെന്ന എൻറെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.ലാലാ ഹർദയാൽ 'മോഡേൺ റിവ്യൂ'വിൽ എഴുതിയ പ്രബന്ധം നാലു മാസം കഴിഞ്ഞ് പിള്ള മോഷ്ടിക്കുകയായിരുന്നു.തെളിവുകൾ നിരത്തിയുള്ള എൻറെ 'സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ'എന്ന ലേഖനവും ഹർദയാലിന്റെ ദീർഘ പ്രബന്ധത്തിന് ഞാൻ നിർവഹിച്ച പരിഭാഷയും ആണ് പ്രസിദ്ധീകരിച്ചത്.ഇതിന് പിരപ്പൻ കോട് മുരളി,ഒരു കാർത്തികേയൻ നായർ എന്നിവർ എഴുതിയ അർത്ഥമില്ലാത്ത മറുപടികൾ മാർച്ചിൽ  പ്രസിദ്ധീകരിച്ചു.ഇവ എനിക്ക് പത്രാധിപർ എസ് രമേശൻ നേരത്തെ തന്നതിനാൽ,അവരുടെ മറുപടികൾക്കൊപ്പം എനിക്കുള്ള പ്രതികരണം കൂടി നൽകാൻ അവ ഞാൻ അയച്ചു കൊടുത്തു.ഹൃദ്രോഗ ബാധിതനായ രമേശൻറെ അസാന്നിധ്യത്തിൽ ചുമതലയുണ്ടായിരുന്ന അസിസ്റ്റൻറ് എഡിറ്ററും മുരളിയുടെ അനന്തരവനുമായ എസ് ആർ ലാൽ അത് പ്രസിദ്ധീകരിച്ചില്ല.പകരം,ചിലർ ഗൂഢാലോചന നടത്തി രമേശനെ പുറത്താക്കി.

എൻറെ 'ഗ്രന്ഥാലോകം' പ്രസിദ്ധീകരിക്കാത്ത പ്രതികരണമാണ്,ഇത്.
'ഗ്രന്ഥാലോക'ത്തിൽ ഞാൻ എഴുതിയ 'സ്വദേശാഭിമാനിയുടെ തൊണ്ടി മുതൽ' എന്ന പഠനവും ഹർദയാലിന്റെ മാർക്‌സ് ജീവചരിത്ര പരിഭാഷയും കണ്ട്,'മുഖമടച്ച് അടി കിട്ടിയ പരവേശം' ഉണ്ടായതായി പിരപ്പൻകോട് മുരളി മാലോകരെ അറിയിച്ചിരിക്കുന്നു.ഇതേ മുരളി പണ്ട് ഒരു കവിത എഴുതാൻ ശ്രമിച്ചപ്പോൾ,കാട്ടായിക്കോണം ശ്രീധർക്ക് ഉണ്ടായതും ഇതേ പരവേശമാണ്.''എന്തെഴുതണം,എങ്ങനെ എഴുതണം എന്നൊന്നുമറിയില്ല " എന്ന് മുരളി വിളംബരം ചെയ്യുന്നു.ഇങ്ങനെ വരുമ്പോൾ,എഴുതാതിരിക്കുകയാണ് വിവരമുള്ളവർ ചെയ്യുക.പരവേശം മൂക്കുമ്പോൾ,എഴുതിയാൽ സമനില തെറ്റും.വിക്കു വരും.വിക്ക് വരുന്നവർ എല്ലാവരും ഇ എം എസ് ആവില്ല.സൗണ്ട് തോമ വരെ ആകാം.

നിലയില്ലാ കയത്തിലിറങ്ങി കൈകാലിട്ടടിക്കുന്ന മുരളിയുടെ വാദങ്ങളും അവയ്ക്കുള്ള മറുപടിയും ചുവടെ :

വാദം 1.കേരളത്തിലെ ഇടതു പക്ഷ റിപ്പോർട്ടിംഗ് മാറ്റിമറിച്ച പ്രമുഖ പത്ര പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു 'പുലി'ക്കാണ് സ്വദേശാഭിമാനി വധ ക്വട്ടേഷൻ 'ഗ്രന്ഥാലോകം' നൽകിയത്.അരാജകവാദിയാണ്,ഈ ലേഖകൻ.

മറുപടി:ഞാൻ ആത്മകഥ എഴുതിയിട്ടില്ല.എഴുതാനുള്ള വലിപ്പവുമില്ല.മുരളിയേക്കാൾ വലിപ്പമുള്ള നേതാക്കളെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്.കവിയും നാടക കൃത്തുമാകാൻ ബദ്ധപ്പെടുന്ന മുരളിയുടെ അൽപജ്ഞാനവും അപകർഷ ബോധവും എനിക്കില്ല.ഗ്രന്ഥാലോകം പത്രാധിപർ ക്വട്ടേഷൻ നൽകി എന്ന ആരോപണത്തിന് പത്രാധിപരാണ് മറുപടി നൽകേണ്ടത്.പത്രാധിപർ ദളിതനായത് കൊണ്ട് മുരളിക്കുള്ള പുച്ഛം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയിൽ നിന്ന് കിട്ടിയതാകും.സവര്ണരെ കുതിരയോടും ദളിതരെ പോത്തിനോടും ഉപമിച്ച് ഇരുവരെയും വിദ്യാലയങ്ങളിൽ ഒന്നിച്ചിരുത്തരുത് എന്ന് മുഖപ്രസംഗം എഴുതിയ പിള്ള മനോഭാവമാണ് മുരളിയിൽ കാണുന്നത്.

ഭാര്യ ജെന്നി അഞ്ചാം പ്രസവത്തിന് പോയപ്പോൾ വേലക്കാരിക്ക് ഗർഭമുണ്ടാക്കിയ മാർക്സിന്റെ അരാജകത്വം എനിക്കില്ല.മദ്യപാനവും തെമ്മാടിത്തവും കാരണം ബോൺ സർവകലാശാലയിൽ നിന്ന് നീക്കപ്പെട്ട മാർക്‌സിന്റെ അരാജകത്വവും എനിക്കില്ല.

മോഷ്ടാക്കൾക്കാണ്,ക്വട്ടേഷൻ സംഘത്തെ ആവശ്യം.അതുകൊണ്ടാണ് മോഷ്ടാവായ സ്വദേശാഭിമാനി പിള്ളയ്ക്ക് വേണ്ടി വെളിച്ചപ്പാട് തുള്ളുന്ന മുരളി,ഒരുപാട് ക്വട്ടേഷനുകൾ ( ഉദ്ധരണി ) വാരി വിതറിയത്.സ്വന്തമായി ഒന്നും പറയാനില്ലെങ്കിൽ ക്വട്ടേഷനാണ് നന്ന്.
എസ് രമേശൻ 
ജീവിക്കുന്ന അദ്‌ഭുതമാണ്,ഞങ്ങൾ കൊച്ചിക്കാർക്ക്,ഗ്രന്ഥാലോകം പത്രാധിപർ എസ് രമേശൻ.മഹാരാജാസ് കോളജിൽ രണ്ടു തവണ തുടർച്ചയായി യൂണിയൻ ചെയർമാൻ ആയിരുന്ന രമേശന് എം ടി വാസുദേവൻ നായരുമായി ആത്മ ബന്ധമുണ്ട്.അത് വഴിയാണ്,മമ്മൂട്ടി നടനായത്.രമേശനെ ഞങ്ങൾ ദളിതനായി കണ്ടിട്ടില്ല.മുരളി തുള്ളിയപ്പോഴാണ്,ഞാൻ അത് ശ്രദ്ധിച്ചത്.ദളിതൻ വിദ്യാഭ്യാസം നേടി ഉയർന്നാൽ നായർക്കൊപ്പം നിൽക്കാൻ യോഗ്യനാവില്ല എന്ന സ്വാദേശാഭിമാനി പിള്ള ചിന്തയുടെ ചുവട് പിടിച്ചാണ്,മുരളിക്ക് രമേശൻറെ പത്രാധിപ സ്ഥാനം അസഹ്യമായി തോന്നിയത്.2016 ൽ തന്നെ ഹർദയാൽ ലേഖനം പിള്ള  മോഷ്ടിച്ച വിവരം ഞാൻ എഴുതിയിട്ടുണ്ട്.രമേശൻ എന്നെക്കൊണ്ട് എഴുതിച്ചത് ആണെന്ന വാദം മുഖവിലയ്ക്ക് എടുത്താൽ തന്നെ,വായനക്കാർക്ക് താൽപര്യമുള്ള വിഷയങ്ങളെപ്പറ്റി എഴുതിക്കുക പത്രാധിപ ധർമമാണ്.

തിരുവനന്തപുരം ജാതി കാലാവസ്ഥയുമായി കൊച്ചിക്ക് ബന്ധമില്ല.രമേശൻ സ്വദേശാഭിമാനി പിള്ളയും  മുരളിയും ( പിൽക്കാലത്തു ഞാനും) പഠിച്ച യൂണിവേഴ്‌സിറ്റി കോളജിൽ ആയിരുന്നെങ്കിൽ ചെയർമാൻ ആകുമായിരുന്നില്ല.ജില്ലാ സെക്രട്ടറി എ പി വർക്കിയുടെ നിർദേശം വച്ച് രമേശൻ പണ്ടേ ഞാറയ്ക്കലിൽ നിന്ന് എം എൽ എ ആകേണ്ടതായിരുന്നു.ജീവിത പ്രാരബ്ധങ്ങൾ കാരണം ജോലിയിൽ പിടിച്ചു നിന്നു.പണ്ഡിറ്റ് കെ പി കറുപ്പനെ എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ അധ്യാപകനാക്കിയപ്പോൾ,സഹ അധ്യാപക സവർണർ പ്രതിഷേധിച്ചു.പ്രതിഷേധിച്ചവർക്ക് പിരിയാം,കറുപ്പൻ നിൽക്കും എന്നാണ് രാജാവ് പറഞ്ഞത്.

അക്കാലത്ത് കൊച്ചി ദിവാൻ ആയിരുന്ന പി രാജഗോപാലാചാരിയാണ് ഷൊർണൂർക്ക് റെയിൽപാത പണിതത്.അദ്ദേഹം തിരുവിതാംകൂർ ദിവാനായപ്പോൾ ഇംഗ്ലീഷിൽ സ്വാഗത മുഖ പ്രസംഗം എഴുതിയ സ്വദേശാഭിമാനി പിള്ള,പ്രജാസഭയിൽ അംഗത്വം കിട്ടാതായപ്പോൾ ദിവാന് എതിരായി .രാജഗോപാലാചാരിയിലെ പുരോഗമന വാദിയെയാണ് അദ്ദേഹം അയ്യൻ കാളിയെയും കുമാരൻ ആശാനെയും പ്രജാസഭയിൽ എടുത്തപ്പോൾ കണ്ടത്.ചരിത്രം എപ്പോഴും സത്യം വിളിച്ചു പറയുന്നതിനാൽ ഞാൻ സ്വദേശാഭിമാനി പിള്ളയുടെ പക്കൽ നിന്ന്  തൊണ്ടി മുതൽ കണ്ടെടുത്തു എന്നേയുള്ളു.

ഓപ്പൺ ഹാർട്ട് സർജറിക്ക് പോകും മുൻപാണ്,രമേശൻ 'ഗ്രന്ഥാലോക'ത്തിൽ ചരിത്ര ദൗത്യം നിർവഹിച്ചത്.ശസ്ത്രക്രിയയ്ക്ക് ശേഷം കൊച്ചിയിൽ കൃതി രാജ്യാന്തര പുസ്തകോത്സവം സംഘടിപ്പിച്ച രമേശനെ 'നിശബ്ദ വിപ്ലവകാരി' എന്ന് എം കെ സാനു വിശേഷിപ്പിച്ചതിന് പിണറായി വിജയനാണ് സാക്ഷി.ശസ്ത്രക്രിയയ്ക്ക് ശേഷം രമേശൻ വിശ്രമമില്ലാതെ അധ്വാനിക്കുമ്പോഴാണ് ,പിരപ്പൻകോട് വെളിച്ചപ്പാട് രമേശന് എതിരെ ഉറഞ്ഞത്.സി പി എം സംസ്ഥാന സമ്മേളനം നടന്ന പാലക്കാട്ടെ സംഘർഷത്തിൽ,അർബുദ രോഗിയായ ചടയൻ ഗോവിന്ദന് എതിരെപ്പോലും ഒരു ഗ്രൂപ് നീങ്ങുമോ എന്ന് സംശയം വന്നപ്പോൾ ഞാൻ ടി ശിവദാസ മേനോനെ വിളിച്ചു."ഞങ്ങൾക്ക് മനുഷ്യത്വമുണ്ട് ",മേനോൻ പറഞ്ഞു.മേനോനിൽ നിന്ന് മുരളിയിൽ എത്തുമ്പോൾ,മനഃസാക്ഷിയും മനുഷ്യത്വവും പണയം വച്ചോ ?

വാദം 2:ദേശീയതയ്ക്ക് വേണ്ടി രാമകൃഷ്ണ പിള്ള നില കൊണ്ടു.1905 ൽ സ്വദേശി പ്രസ്ഥാനത്തിൻറെ ആരംഭത്തിൽ അതിൽ പിള്ള ആവേശം കൊണ്ടതായി ടി വേണുഗോപാലൻ പറഞ്ഞിട്ടുണ്ട്.ഇന്ത്യയിലെ ആദ്യ ഇടതു പക്ഷക്കാരനാണ് പിള്ള എന്നും പറഞ്ഞിട്ടുണ്ട്.
മറുപടി :രണ്ടും തെളിയിക്കാൻ കഴിയില്ല.1885 ൽ കോഴിക്കോട്ട് 'കേരള പത്രിക ' തുടങ്ങിയ ചെങ്കളത്ത് വലിയ കുഞ്ഞിരാമ മേനോൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ ആദ്യ
സമ്മേളനത്തിൽ പങ്കെടുത്തു.1892 ൽ 'മദ്രാസ് സ്റ്റാൻഡേർഡ്' പത്രാധിപർ ജി പി പിള്ള രണ്ടു തവണ എ ഐ സി സി ജനറൽ സെക്രട്ടറിയായി.ഗാന്ധിക്ക് മുൻപേ ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്ത രണ്ടു വലിയ പത്രാധിപന്മാർ,നായന്മാർ തന്നെ ഉള്ളപ്പോൾ,ഒരു മോഷ്‌ടാവിന്റെ വിഗ്രഹ പ്രതിഷ്ഠ നന്നല്ല.
പിരപ്പൻകോട് മുരളി 
വാദം 3:ഇ എം എസ്,കെ ദാമോദരൻ,സി അച്യുത മേനോൻ,പി ഗോവിന്ദ പിള്ള ,കെ എൻ പണിക്കർ,ഒ എൻ വി എന്നിവർ പിള്ളയ്ക്കായി കൊട്ടിപ്പാടിസേവ നടത്തി.
മറുപടി:മുരളിയുടെ പട്ടികയിൽ ഇ എം എസ് ഒഴികെയുള്ളവർ ഒരേ ജാതി ആയതും 'ഗ്രന്ഥാലോകം' പത്രാധിപർ ദളിതൻ ആയതും ആകസ്മികമല്ല.ഗോവിന്ദ പിള്ള പ്രസ് അക്കാദമി ചെയർമാൻ ആയിരിക്കെയാണ് ടി വേണുഗോപാലന് സ്വദേശാഭിമാനിയെപ്പറ്റി പുസ്തകം എഴുതാൻ അഞ്ചു ലക്ഷം രൂപ ക്വട്ടേഷൻ കൊടുത്തത്.അത് വ്യാജ നിർമിതി ആയിപ്പോയി.സ്വദേശാഭിമാനിയുടെ സുഹൃത്തായിരുന്നു അയ്യൻ‌കാളി എന്ന് സ്ഥാപിക്കാൻ,പാലക്കാട്ട് തരവത്ത് അമ്മാളു അമ്മയുടെ വീട്ടിലെ തകരപ്പെട്ടിയിൽ നിന്ന് അയ്യൻകാളിയുടെ കത്ത് കിട്ടി എന്ന വ്യാജ പ്രസ്താവന പുസ്തകത്തിലുണ്ട്.സ്വദേശാഭിമാനിയുടെ കൈയക്ഷരത്തിൽ ആയിപ്പോയി,അയ്യൻകാളിയുടെ കത്ത് !

ഇന്ത്യയിലെ ആദ്യത്തെ ഇടതു പക്ഷക്കാരനാണ് പിള്ള എന്ന പ്രസ്താവന മുരളി അംഗീകരിക്കുന്നുണ്ടോ ? മലയാളത്തിൽ സോഷ്യലിസത്തെക്കുറിച്ച് സൈദ്ധാന്തിക വിവരണം തുടങ്ങി വച്ചത്,എം കെ നാരായണ പിള്ള എന്ന ബാരിസ്റ്ററാണ് എന്ന് 'കേരളൻ' എന്ന സ്വന്തം മാസികയിൽ പിള്ള തന്നെ എഴുതിയതായി വേണുഗോപാലൻ പുസ്തകത്തിൽ പറയുന്നത് വഴി ,അദ്ദേഹം സ്വയം റദ്ദാക്കി.ഇ എം എസ് എവിടെയെങ്കിലും പിള്ളയെ ആദ്യ ഇടതുപക്ഷക്കാരൻ എന്ന് വിളിച്ചോ ?

മാർക്‌സ് ജീവചരിത്രം എഴുതിയതാണ് പിള്ളയെ ആദ്യ ഇടതു പക്ഷക്കാരൻ എന്ന് വിളിക്കാൻ കാരണം എങ്കിൽ,'മോഹന ദാസ് ഗാന്ധി' എന്ന പിള്ളയുടെ ജീവചരിത്രം മറക്കരുത്.യഥാർത്ഥ കോൺഗ്രസുകാരനും പിള്ള തന്നെ ആകണം -യെച്ചൂരി സിദ്ധാന്തത്തിൻറെ ആദിമ പിതാവ്.

വാദം 4:രാമകൃഷ്ണ പിള്ള മുഖം നോക്കാതെ കാര്യങ്ങൾ വിളിച്ചു പറയുന്ന പത്രാധിപരായിരുന്നു എന്ന് കുമാരനാശാൻ എഴുതി.
മറുപടി:ആശാൻ എഴുതിയതിൽ നിന്ന് പകുതി മാത്രം എടുത്താൽ പോരാ.പിള്ളയുടേത് സ്വയം കൃതാനർത്ഥം എന്നാണ് നാടുകടത്തിയപ്പോൾ ആശാൻ എഴുതിയത്.പിള്ളയെ  നാട് കടത്തിയ ദിവാൻ രാജഗോപാലാചാരിയുടെ സുഹൃത്തായിരുന്നു ആശാൻ;അംബുജ വിലാസം റോഡിന് കരണക്കാരിയായ വിദുഷിയും നായർ ഭർതൃമതിയുമായ  അംബുജത്തെ ഇരുവർക്കും അറിയാമായിരുന്നു. ആശാനെ മാത്രമല്ല,അയ്യങ്കാളിയെയും ശ്രീമൂലം പ്രജാസഭയിൽ അംഗമാക്കിയതും രാജഗോപാലാചാരിയാണ്.അദ്ദേഹം തിരുവിതാംകൂർ വിട്ടപ്പോൾ ആശാൻ മംഗള ശ്ലോകം എഴുതി.ദിവാൻ ഭക്തിവിലാസത്തിൽ കോണാൻ ഉടുക്കാതെയാണ് ഇരിക്കുന്നത് എന്ന് ഒരു മുഖപ്രസംഗത്തിൽ പിള്ള എഴുതിയത്,ആശാനും വായിച്ചു കാണും;മുഖം നോക്കില്ലെങ്കിലും ആസനം നോക്കും എന്നായിരിക്കും ആശാൻ ഉദ്ദേശിച്ചത്.
ജി പി പിള്ള 
വാദം 5 :പിന്നാക്ക വിഭാഗക്കാരെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടി പറയാനും അവരുടെ യോഗ്യതയെ സമർത്ഥിക്കാനും അവരുടെ അവശതകൾ പരിഹരിക്കാനും പിള്ള എക്കാലവും നില കൊണ്ടു.
മറുപടി:അതുകൊണ്ടാകും,സവർണർ കുതിരകളും ദളിതർ പോത്തുകളും ആകയാൽ അവരെ ഒന്നിച്ചിരുത്തി വിദ്യാലയങ്ങളിൽ പഠിപ്പിക്കരുത് എന്ന് പിള്ള മുഖപ്രസംഗം എഴുതിയത്.അത് കൊണ്ടാകും,ധീവരനായ പണ്ഡിറ്റ് കെ പി കറുപ്പൻ 'ബാലാ കലേശം ' എന്ന നാടകം എഴുതിയപ്പോൾ 'വാലാ കലേശം' എന്ന് ജാതിയിൽ കുത്തി പിള്ള പരിഹസിച്ചത്.നാട് കടത്തിയ ശേഷം കൊച്ചിയിൽ വന്നായിരുന്നു ,പിള്ളയുടെ ജാതിക്കളി.നാട് കടത്തിയിട്ടും നന്നായില്ല.

വാദം 6:ഹർദയാൽ എഴുതിയ ജീവചരിത്രത്തിൻറെ മോഷണമാണ് പിള്ളയുടെ കൃതി എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.
മറുപടി:അത് എൻറെ പഠനത്തിൽ വ്യക്തമാണ്.ഹർദയാലിന്റെ ഖണ്ഡികകളുടെ സമ്പൂർണ ചോരണം.ഉദ്ധരണികൾ അതേ പടി എടുത്തിരിക്കുന്നു.കെ ദാമോദരന് നന്ദി -പിള്ളയുടെ ലേഖനംപിൽക്കാലത്ത്  ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യിച്ചത് അദ്ദേഹമാണ്.അപ്പോൾ വാചകങ്ങൾ അതേ പടി പകർത്തി എന്ന് വ്യക്തമായി.

വാദം 7:ചെറുപ്പത്തിൽ പുരോഗമന വാദിയും വിപ്ലവകാരിയും ആയിരുന്ന ഹർദയാൽ,ശിഷ്ടായുസിൽ രാജഭക്തനായിരുന്നു.
മറുപടി:അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.പിള്ള മാർക്സിനെയും ഗാന്ധിയെയും പറ്റി എഴുതിയ പോലെ.ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഒറ്റി കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടനൊപ്പം നിന്ന പോലെ.നമ്മുടെ വിഷയം മോഷണമാണ്.ഹർദയാലിന്റെ രാഷ്ട്രീയം അല്ല.
ഉദ്ധരണി പ്രളയം കൊണ്ട് മോഷ്ടാവിനെ ശുദ്ധീകരിക്കാൻ കഴിയില്ല.പിള്ള മോഷ്ടിച്ചില്ല എന്ന് തെളിയിക്കാനെന്തെങ്കിലും വസ്‌തുത ഉണ്ടെങ്കിൽ നിരത്തണം.ബാക്കി കാര്യങ്ങൾക്ക് ഞാൻ എഴുതിയ 'സ്വദേശാഭിമാനി :ക്ലാവ് പിടിച്ച കാപട്യം' ( എൻ ബി എസ് ) എന്ന പുസ്തകമാണ്,മറുപടി.അതിന് അവതാരിക എഴുതിയ എം കെ സാനുവിന് ക്വട്ടേഷൻ എവിടന്നായിരുന്നു എന്ന് പിള്ള ഭക്ത സംഘം പറഞ്ഞാൽ കൊള്ളാം.

കാർത്തികേയൻറെ സെൽഫ് ഗോൾ 

മുരളിക്കൊപ്പം കാർത്തികേയൻ നായർ എന്നൊരാൾ മറുപടി എഴുതിയിരുന്നു.പാർട്ടി മേൽവിലാസത്തിൽ ഭാഷാ ഇന്സ്ടിട്യൂട്ടിൽ ലാവണം നോക്കുന്നതായി അന്വേഷണത്തിൽ കണ്ടു.വാദിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ തോറ്റ പീറ വക്കീലിനെയാണ് നായർ ഓർമിപ്പിക്കുന്നത്.നായർ എഴുതുന്നു:

"'മോഡേൺ റിവ്യൂ'വിൽ മാർക്‌സിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു വന്നത്,പിള്ളയ്ക്ക് ഒരു നിമിത്തമായി വന്നിരിക്കാം.ആശയങ്ങൾ കടമെടുത്തിട്ടുമുണ്ടാകാം ...ഹർദയാലിനെ പിള്ള ആശ്രയിച്ചിട്ടുണ്ട്''.

ഇക്കാര്യമാണ് ഞാൻ പഠനവും പരിഭാഷയും വഴി ചൂണ്ടിക്കാണിച്ചത്.അതിന് വേണ്ടതിലധികം തെളിവുണ്ട്.ജോൺ സ്‌പർഗോ 1908 ൽ എഴുതിയ 'കാൾ മാർക്‌സ്:ഹിസ് ലൈഫ് ആൻഡ് വർക്' എന്ന പുസ്തകമാണ് ഹർദയാൽ പ്രബന്ധത്തിന് ആധാരമാക്കിയത് എന്ന് ആ പ്രബന്ധത്തിൽ നിന്ന് തന്നെ അറിയാൻ കഴിയും.മൂല കൃതിയോടുള്ള അവലംബം പിള്ള രേഖപ്പെടുത്തിയില്ല എന്നത് അപരാധമാണ്;അത് ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്;സ്‌പർഗോയുടെ പുസ്‌തകവും എൻറെ കൈയിലുണ്ട്.

നായർ സെൽഫ് ഗോൾ അടിച്ച സ്ഥിതിക്ക് എൻറെ കേസ് അവസാനിപ്പിക്കേണ്ടതാണ്.എൻറെ പഠനവുമായി ബന്ധപ്പെടാത്ത കുറെ അവാസ്തവങ്ങളും അബദ്ധ ധാരണകളും അർദ്ധ സത്യങ്ങളും വിളമ്പി,വൃഥാ സ്ഥൂലത കൊണ്ട് മറുപടി നീട്ടി,നായർ.കാമ്പും ആഴവുമില്ലാത്തപ്പോൾ ചപ്പടാച്ചി,പൊള്ള മനുഷ്യൻറെ കസർത്താണ്.

സ്വദേശാഭിമാനിയെപ്പറ്റിയുള്ള എൻറെ പുസ്തകം വായിക്കാതെ തന്നെ നായർ പുച്ഛിക്കുന്നു.നായർക്കുള്ള എൻറെ മറുപടി:
രാജഗോപാലാചാരി 
വാദം 1:രാമചന്ദ്രൻറെ വിമർശന മാനദണ്ഡമനുസരിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കരും ശ്രീനാരായണനും കുമാരനാശാനും അഴിമതിയുടെ ചെളിക്കുണ്ടിൽ വീണു കിടക്കുകയായിരുന്ന തിരുവിതാംകൂർ ഭരണത്തെ വിമര്ശിക്കാതിരിക്കുന്നതു കൊണ്ട് അവരുടെ യശസ്സിന് ക്ലാവ് പിടിച്ചോ ?
മറുപടി:നായരുടെ ഉള്ളിലെ ജാതിയാണ് പുളിച്ചു തികട്ടുന്നത്.ഈഴവ സമുദായത്തിലെ നവോത്ഥാന പ്രതിഭകൾ മൂരാച്ചികൾ ആയിരുന്നു എന്നാണ് നായർ ധ്വനിപ്പിക്കുന്നത്.'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' എന്ന് ഗുരു പറഞ്ഞതിൽ അടങ്ങിയത്,നായർ ഉൾപ്പെട്ട സവർണ സമൂഹം ഈഴവരാദി പിന്നാക്കക്കാരെ ചവിട്ടി താഴ്ത്തിയതിലുള്ള രോഷമാണ്.കുമാരൻ ആശാൻ 'വിവേകോദയം'പത്രാധിപർ എന്ന നിലയിൽ പിള്ളയുടെ നാട് കടത്തലിനെ ന്യായീകരിച്ചു.കാലാതിവർത്തിയായ ആശാൻറെ പ്രതിഭയ്ക്ക് പിള്ള വെറും ജാതിവാദിയാണെന്നും ജാതിക്കൂട്ടത്തിൻറെ കൈയിലെ പാവയാണെന്നും തോന്നി.കവിക്ക് സത്യം കാണാൻ എളുപ്പമാണ്.പിള്ള ബ്രിട്ടീഷുകാർക്കെതിരെ ഒരു വാക്കും എഴുതാതിരിക്കെ സമകാലികനായ അരവിന്ദ ഘോഷ് ബംഗാളിൽ അത് നിരന്തരം ചെയ്‌തു കൊണ്ടിരുന്നു.ഈഴവ സമുദായത്തിൽ നവോത്ഥാന പ്രതിഭകൾ പ്രഭ ചൊരിയുമ്പോഴാണ്,പിള്ള,നവോത്ഥാനത്തെ പിന്നോട്ടടിക്കുന്ന ജാതി വാദത്തെ ആശ്രയിച്ചത്.

വാദം 2:'മോഹനദാസ് ഗാന്ധി' എന്ന ലഘു ജീവചരിത്രമെഴുതാൻ പിള്ള ആരുടെ കൃതിയാണ് മോഷ്ടിച്ചത് എന്ന് രാമചന്ദ്രൻ ഒരന്വേഷണം നടത്താൻ തുനിയുന്നത് നന്നായിരിക്കും.
മറുപടി : നായർ പാർട്ടി സ്വാധീനം വച്ച് ഇക്കാര്യം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുന്നത് നന്നായിരിക്കും.ഒരു നായർ എസ് പി ക്ക് തന്നെ അന്വേഷണ ചുമതല നൽകണം.

പിള്ളയുടെ പുസ്തക നിരൂപണങ്ങൾ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവ മോഷണമാണെന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ച എനിക്ക് ബോധ്യമുണ്ട്.ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇതുമുൾപ്പെടുത്തി നായർ സ്വയം കൃതാര്ഥൻ ആകുമല്ലോ.

വാദം 3:പിള്ളയെ സ്വാധീനിച്ചത് 'മദ്രാസ് ഹെറാൾഡ്'പത്രാധിപർ ജി പി പിള്ളയാണ്.അതിൻറെ താളുകളിൽ നിന്ന് പിള്ള മോഹന ദാസ് ഗാന്ധിയെ മോഷ്ടിക്കുകയായിരുന്നു.
മറുപടി:ഹാവൂ,ആ മോഷണം ഷെർലക് നായർ തന്നെ കണ്ടെത്തി.ജി പി പിള്ള ( 1864 -1904 ) യുടെ കാര്യത്തിൽ നായർ തെളിവ് സാമഗ്രികൾ കുഴിച്ചു കൊണ്ട് വരുന്നത് നന്നായിരിക്കും.പിള്ളയുടെ പത്രം നായർ എഴുതിയ പോലെ,'മദ്രാസ് ഹെറാൾഡ്' ആയിരുന്നില്ല.'മദ്രാസ് സ്റ്റാൻഡേർഡ്'ആയിരുന്നു.തിരുവിതാംകൂർ ഭരണത്തെ പിള്ള പുലഭ്യം പറഞ്ഞതിലെ സ്വാധീനം ഗുരു നാരായണ കുരുക്കൾ ആയിരുന്നു.അദ്ദേഹത്തിൻറെ രണ്ടു പീറ നോവലുകൾ പിള്ള പ്രസിദ്ധീകരിച്ചിരുന്നു;വമനേച്ഛ വരാൻ നന്ന്.

വാദം 4:പിള്ള അവലംബിച്ചത് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യെ ആണെന്ന് 'കാറൽ മാർക്‌സ്'വായിച്ചാൽ മനസ്സിലാകും.
മറുപടി:'മാനിഫെസ്റ്റോ' ജീവചരിത്രമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.പിള്ള എഴുതിയ ജീവചരിത്രം,അതിലെ ഉദ്ധരണികൾ,പിതാവ് മാർക്സിന് എഴുതിയ കത്ത് എല്ലാം ഹർദയാലിൽ നിന്നാണ്.
ലാലാ ഹർദയാൽ 
വാദം 5:മിച്ച മൂല്യ സിദ്ധാന്തത്തെപ്പറ്റി വിവരിക്കുന്നിടത്ത് ഹർദയാലിന്റെ ദഹനക്കേട് വ്യക്തമാണ്.പിള്ള അതിനെ പൂർണമായി ദഹിപ്പിച്ച് സത്തെടുത്തു വിളമ്പുകയാണ്.
മറുപടി:ജി പി പിള്ളയെപ്പോലെ ഇതും എൻറെ വിഷയമല്ല.ഗദർ പാർട്ടി ഒരിടത്തും ഭരണത്തിൽ ഇല്ലാത്തതിനാൽ,ഹർദയാലിന്റെ വക്കാലത്ത് എനിക്കില്ല.1913 ൽ The Accumulation of Capital എന്ന പുസ്തകം വഴി റോസാ ലക്സംബർഗ് മാർക്സിനെ തിരുത്തിയത് പ്രസക്തമാണ്.നായരെക്കാൾ  ഭേദപ്പെട്ട മാർക്സിസ്റ്റുകളായ ഇർഫാൻ ഹബീബും ( Marx's Perception of India ),പ്രഭാത് പട് നായിക്കും  ( The Other Marx ) റോസയെ അനുകൂലിച്ചിട്ടുണ്ട്.ലെനിൻ തന്നെ ആ തിരുത്ത് അംഗീകരിച്ചു.എന്നിട്ടും പഴയ മൂല്യത്തിൽ കിടന്നു പുളയുകയാണ് നായർ.ഡേവിഡ് റിക്കാർഡോ ഇല്ലെങ്കിൽ മിച്ച മൂല്യം ഉണ്ടോ ?

ഹർദയാലിന് മാർക്സിനോടുള്ള വിയോജിപ്പ് മാത്രമാണ് പിള്ള മോഷ്ടിക്കാത്തത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

വാദം 6: പിള്ള എഴുതിയ മാർക്സ് ജീവചരിത്രം അന്നത്തെ മലയാളി പ്രബുദ്ധതയെ സ്വാധീനിച്ചിരുന്നു.
മറുപടി:വിഡ്ഢിത്തത്തിൻറെ കത്തി വേഷമാണ് നായർ ആടുന്നത്.പിള്ള എഴുതിയ ജീവചരിത്രം വായിച്ചാണ് പി കൃഷ്ണ പിള്ളയും ഇ എം എസും കമ്മ്യൂണിസ്റ്റ് ആയതെന്ന് അവർ പറഞ്ഞിട്ടില്ല.കൃഷ്ണ പിള്ളയെ സഹായിച്ചത് ബാരിസ്റ്റർ എ കെ പിള്ള ആയിരുന്നു.സ്വദേശാഭിമാനി പിള്ളയുടെ ജാമാതാവ്.അദ്ദേഹത്തിൻറെ വീട്ടിലെ ലൈബ്രറിയിൽ പോയി പുസ്തകം വായിച്ചതായി കൃഷ്ണ പിള്ളയ്ക്ക് മുൻപേ കമ്മ്യൂണിസ്റ്റ് ആയ പി കേശവ ദേവ് എഴുതിയിട്ടുണ്ട്.എ കെ പിള്ള ബ്രിട്ടനിൽ നിന്നാണ് സോഷ്യലിസ്റ്റ് ആശയങ്ങൾ കൊണ്ട് വന്നത്.സ്വദേശാഭിമാനി പിള്ളയുടെ മാർക്‌സിൽ നിന്നല്ല.1936 ലാണ് കേരളത്തിൽ പാർട്ടി ഉണ്ടായത്.ആ ചരിത്രത്തിൽ സ്വദേശാഭിമാനി പിള്ളയ്ക്ക് ഒരു പങ്കുമില്ല.പിള്ളയുടെ മാർക്സ് വായിച്ച് പ്രബുദ്ധത ഉണ്ടായെങ്കിൽ മോഹനദാസ് ഗാന്ധി വായിച്ചാകണം കോൺഗ്രസുകാരുണ്ടായത്.ഇത്രമാത്രം പ്രബുദ്ധത ഉണ്ടാകാൻ പിള്ള മാർക്സ് എത്ര കോപ്പി അടിച്ചു ?

വാദം 7:'ഭസ്മമിട്ടു തിളക്കിയ നിലവിളക്ക്' പോലെ പിള്ള ജ്വലിച്ചു കൊണ്ടിരിക്കും.
മറുപടി:'ഭസ്മമിട്ടു തിളക്കിയ നിലവിളക്കി'ലെ ഹിന്ദുത്വ ബിംബ കൽപന ജോറായി -കേരളത്തിലെ നായർ കമ്മ്യൂണിസ്റ്റുകളിൽ ഭൂരി പക്ഷവും വീട്ടിൽ ആർ എസ് എസും പുറത്ത് കമ്മ്യൂണിസ്റ്റുമാണെന്ന് പറയുന്നതിൽ കഥയുണ്ട്.'ഹിന്ദുത്വ ' തികട്ടി വന്നു കൊണ്ടിരിക്കും.

ചരിത്ര രചന എങ്ങനെ വേണമെന്ന ഉപദേശം നായർ വിളമ്പാൻ ശ്രമിച്ചിട്ടുണ്ട്.ഞാൻ ചരിത്രകാരനല്ല.ചരിത്രകാരന്മാരെ പോലെ ഭാവന വിളമ്പൽ എൻറെ പണിയല്ല.സ്വദേശാഭിമാനി പിള്ളയെക്കാൾ കൂടുതൽ കാലം പത്ര പ്രവർത്തനം നടത്തിയ നിലയ്ക്ക്,ഇന്ന് പിള്ള ഇറക്കുമായിരുന്ന പത്രം 'തനിനിറം'ആയിരിക്കും എന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും.അതിറക്കിയതും നായർ തന്നെ എന്നതാണ് സ്വദേശാഭിമാനി ഭക്ത സംഘത്തിന് ആശ്വാസം.

See https://hamletram.blogspot.com/2019/07/blog-post_6.html






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...