Saturday, 17 September 2022

കുമാരനാശാൻ ആത്മീയ കവി തന്നെ

ദുരവസ്ഥയുടെ നാനാർത്ഥങ്ങൾ 

കുമാരനാശാനെ ഒരു ലേഖനത്തിൽ ഞാൻ 'ആത്മീയ കവി' എന്ന് വിശേഷിപ്പിച്ചതിൽ ക്ഷുഭിതനായി, അവിവേകിയായ ഒരാൾ എഴുതിയ മറുപടി കണ്ടു. അത് അദ്ദേഹം പടച്ചത്, സാഹിത്യത്തിലെ ആത്മീയത എന്താണെന്ന് അറിയാത്തത് കൊണ്ടോ വേണ്ടത്ര സാഹിത്യ ശിക്ഷണം ഇല്ലാത്തതു കൊണ്ടോ ലോകസാഹിത്യവുമായി പരിചയമില്ലാത്തതു കൊണ്ടോ ആകാം. കാൽ നൂറ്റാണ്ടു മുൻപ്, കടവല്ലൂർ അന്യോന്യത്തോട് അനുബന്ധിച്ചു നടന്ന ദക്ഷിണേന്ത്യൻ സാഹിത്യ സമ്മേളനത്തിൽ 'ചെറുകഥയും ആത്മീയതയും' എന്ന വിഷയത്തിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധം, മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രബന്ധത്തിൽ ചർച്ച ചെയ്തത്, ഒ വി വിജയൻ, പട്ടത്തുവിള കരുണാകരൻ, സി വി ശ്രീരാമൻ എന്നിവരുടെ കഥകളിലെ ആത്മീയതയെക്കുറിച്ചാണ്. 

കുമാരനാശാൻ

ലോകസാഹിത്യത്തിൽ, ദസ്തയേവ്സ്കി, കസാൻദ്സാകിസ് എന്നിവരുടെ രചനകൾ വായനക്കാർ ഇഷ്ടപ്പെടുന്നതു തന്നെ, അവയുടെ ആത്മീയ തലം മുൻ നിർത്തിയാണ്. 'കാരമസോവ് സഹോദരന്മാർ' എന്ന ദസ്തയേവ്സ്കിയുടെ നോവലിൽ, ഇവാനും അല്യോഷയും തമ്മിലുള്ള സംവാദത്തിലെ  ഗ്രാൻഡ് ഇൻക്വിസിറ്റർ വരുന്ന അധ്യായം, എഴുത്തുകാരൻറെ തന്നെ ആത്മീയ സംഘർഷം വെളിപ്പെടുത്തുന്ന ഒന്നാണ്. ഗ്രീക്ക് ദുരന്ത നാടകങ്ങളെ ഉദാത്തമായ തലത്തിലേക്ക് ഉയർത്തുന്നതും അവയിലെ ആത്മീയ ഉള്ളടക്കമാണ്. എഴുത്തച്ഛൻ, ശ്രീനാരായണ ഗുരു, കുമാരനാശാൻ എന്നിവരെ ഉയർന്ന പീഠത്തിൽ ഇരുത്തുന്നതും കവിതയിലെ ആത്മീയ ഉള്ളടക്കമാണ്.

ദസ്തയേവ്സ്കി, ഈ നോവൽ എഴുതുമ്പോഴാണ്, അദ്ദേഹത്തിൻറെ രണ്ടു വയസുള്ള മകൻ അല്യോഷ മരിക്കുന്നത്. അദ്ദേഹത്തിന് എഴുത്തു തുടരാൻ കഴിയാതായി. ദുഃഖിതനായ അദ്ദേഹം, ഒപ്റ്റിന പുസ്‌റ്റിനെ ആശ്രമത്തിലേക്ക് തീർത്ഥാടനം നടത്തി. അവിടത്തെ സന്യാസിയുമായുമൊത്ത് രണ്ടു ദിവസം ചെലവിട്ടു. ആ സന്യാസി പിന്നീട് വിശുദ്ധ അംബ്രോസ് ആയി വാഴ്ത്തപ്പെട്ടു.

തീർത്ഥാടനത്തിൽ നിന്ന് മടങ്ങിയ ദസ്തയേവ്സ്കിക്ക് മാനസാന്തരം വന്നിരുന്നു. ഈ ആത്മീയ വ്യക്തിയാണ് നോവൽ എഴുതിയത്. അംബ്രോസ് പറഞ്ഞു: "ആത്മാവിൻറെ ആഹാരമാണ് പ്രാർത്ഥന. ആത്മാവിനെ പട്ടിണിക്ക് ഇടരുത്. ശരീരം പട്ടിണിയാകുന്നതാണ് ഭേദം."

അദ്ദേഹം വിശദീകരിച്ചു: "മനുഷ്യ ജീവിതത്തിൻറെ നിഗൂഢത കിടക്കുന്നത്, ജീവിച്ചിരിക്കുന്നതിൽ അല്ല. എന്തിനെങ്കിലും വേണ്ടി ജീവിച്ചിരിക്കുന്നതിലാണ്."

ഈ ധർമ്മമാണ് ദസ്തയേവ്സ്കി അല്യോഷ, സോസിമ എന്നീ കഥാപാത്രങ്ങൾ വഴി മുന്നിൽ വയ്ക്കുന്നത്. അംബ്രോസിൻറെ സ്ഥാനത്താണ്, സോസിമ. നോവലിലെ ഗ്രാൻഡ് ഇൻക്വിസിറ്റർ കമ്മ്യൂണിസം, നാസിസം, ഫാഷിസം എന്നിവയുടെ ഭീകരതകൾ പ്രവചിക്കുന്നതായി വിമർശകർ നിരീക്ഷിച്ചിട്ടുണ്ട്.

എഴുത്തിലെ ആത്മീയത കൂടുതൽ വിശദീകരിക്കാൻ, കസാൻദ്സാകിസിനെ  ഉദാഹരിക്കാം.

സ്വാതന്ത്ര്യ പോരാട്ടത്തിൽ, നാല് ആത്മീയ ഗുരുക്കന്മാരാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്: നീഷെ, ബെർഗ്‌സൻ, യേശു, ദസ്തയേവ്സ്കി. സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം ആണെന്ന് ധരിക്കരുത്. മാനസിക മോചനത്തിൻറെ ചവിട്ടു പടികളിൽ വഴികാട്ടികളായ ഗുരുക്കന്മാരാണ്, ഇവർ. അതേ സമയം, തന്നെ വേട്ടയാടിയ പല പ്രശ്നങ്ങൾക്കും ഉത്തരം നൽകിയത്, ശ്രീബുദ്ധൻ ആണെന്ന് അദ്ദേഹം ആത്മകഥയായ 'റിപ്പോർട്ട് ടു ഗ്രെക്കോ' യിൽ പറയുന്നുമുണ്ട്. കിഴക്കിൻറെ അവതാരമായ ബുദ്ധൻ കുമാരനാശാൻറെ ആത്മീയ തീർത്ഥാടന പാതയിൽ വരുന്നത് സ്വാഭാവികമാണ്. ഗ്രീസിൽ ജനിച്ച ഒരാളിൽ അസാധാരണവുമാണ്. അടിമത്തത്തെ ന്യായീകരിച്ച അരിസ്റ്റോട്ടിലിൻറെയും പ്ളേറ്റോയുടെയും നാട്ടിൽ ജനിച്ച ഒരാളിൽ, അപ്പോൾ, അങ്ങനെ സംഭവിച്ചത്, യൂറോപ്പിന് അപരിചിതമായ ആത്മീയ അന്വേഷണത്തിൽ അയാൾ ഏർപ്പെട്ടതു കൊണ്ടു മാത്രമാണ്. യൂറോപ്പിന് പ്രവാചകന്മാരില്ലെന്നും പ്രവാചകന്മാർ എല്ലാവരും ഏഷ്യൻ സമൂഹത്തിലാണെന്നും സ്വാമി വിവേകാനന്ദൻ നിരീക്ഷിച്ചത് ഓർത്തു പോകുന്നു.

ബുദ്ധമതത്തിൽ നിന്ന് കസാൻദ്സാകിസിന് പലതും കിട്ടിയെങ്കിലും, അതിനെ സ്വീകരിക്കൽ ഒട്ടും എളുപ്പമായിരുന്നില്ല. കർമ്മ പാതയിൽ ബുദ്ധമതം അദ്ദേഹത്തിന് ഒരു വിഴുപ്പായിരുന്നു. ബുദ്ധ സ്വാധീനം കുടഞ്ഞു കളയാൻ ശ്രമിച്ചിട്ടും, മോക്ഷത്തിൻ്റെയും ആത്മീയ പൂർത്തിയുടെയും പാതയിൽ ബുദ്ധൻ സദാ അദ്ദേഹത്തെ അനുയാത്ര ചെയ്തു. ബുദ്ധമതം, അദ്ദേഹത്തിൻറെ തത്വചിന്തയുടെ ഭാഗമായി. ബുദ്ധനുമായുള്ള ആത്മീയ സംഘർഷം,ബുദ്ധമത ഘടകങ്ങളുള്ള കസാൻദ്സാകിസിൻറെ പല രചനകൾക്കും കാരണമായി. "ബുദ്ധൻ" എന്ന ശീർഷകത്തിൽ തന്നെ അദ്ദേഹത്തിൻറെ ഒരു നാടകമുണ്ട്. നിർഭാഗ്യവശാൽ, അത് ആരും അത്ര ശ്രദ്ധിച്ചിട്ടില്ല. ദി സേവിയേഴ്‌സ് ഓഫ് ദി ഗോഡ്, സോർബ ദി ഗ്രീക്ക്, ദി ഒഡീസി: എ മോഡേൺ സീക്വൽ എന്നിവയും ബുദ്ധമത സ്വാധീനം ഉള്ളവയാണ്. കസാൻദ്സാകിസ് പറഞ്ഞതനുസരിച്ച്, അദ്ദേഹം, അലക്‌സാൻഡ്ര ഡേവിഡ് -നീലിൻറെ തിബത്തൻ ബുദ്ധമതം സംബന്ധിച്ച പുസ്തകം വായിച്ചിട്ടുണ്ട്. ഹെർമൻ ഓൾഡൻബർഗിൻറെ Buddha: His Life, His Doctrine, His Order എന്ന പുസ്തകത്തിന് മുഖവുര എഴുതി. ആത്മകഥയിൽ കസാൻദ്സാകിസ് വിവരിക്കുന്ന അന്തർസംഘർഷവും മനനവും അത് വായിച്ചവർക്ക് മറക്കാൻ കഴിയില്ല.

അഗാധതയുള്ള ഏത് എഴുത്തുകാരനും ഇത്തരം ആത്മീയ സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ടി വരും. അതാണ് എഴുത്തിനുള്ള ബലി. ഇത്തരം സംഘർഷങ്ങൾ ഒന്നും കുമാരനാശാന് ഉണ്ടായിരുന്നില്ല എന്നാണ്, അദ്ദേഹം ആത്മീയ കവിയല്ല എന്ന് പരിമിത വിഭവൻമാർ കാച്ചി വിടുമ്പോൾ തോന്നുക. (2) ആശാൻറെ ജീവിത പശ്ചാത്തലത്തിൽ, ഗുരുവിലെത്തിയ ആത്മീയ അന്വേഷണത്തിൽ, ആത്മീയ സന്ദർഭങ്ങൾ കണ്ടെത്തിയ ശിക്ഷണത്തിൽ, ഒക്കെ അത്തരം അന്തഃസംഘർഷങ്ങൾ വേണ്ടുവോളമുണ്ട്. അതാണ്, അദ്ദേഹത്തെ കവിത്രയത്തിൽ ഏറ്റവും മുകളിൽ നിർത്തുന്നത്. എന്നാൽ, കവി എന്ന നിലയിൽ ആശാനും എത്രയോ മേലെയാണ് ശ്രീനാരായണ ഗുരു. ആശാൻ തന്നെ ഗുരുവിനെ വിശേഷിപ്പിച്ചത് മോദസ്ഥിതൻ എന്നാണ്. തടശില പോലെ തരംഗലീലയിൽ നിന്നവൻ. ഇത്തരം ഗുരുക്കന്മാരുടെ സ്ഥിതപ്രതിജ്ഞ ബുദ്ധനിൽ ഇല്ല. ബുദ്ധമതത്തിലേക്കുള്ള സമുദായ മാറ്റത്തെ ഗുരുവോ ആശാനോ അനുകൂലിച്ചുമില്ല.

ഓട്ടു കമ്പനി നടത്തിയയാൾക്ക് എന്ത് ആത്മീയത എന്ന്, ഇതേ ലേഖകൻ  ചോദിക്കുന്നത്, ആശാനെ അപമാനിക്കലാണ്. (3) ഒരാൾ വ്യവസായം നടത്തുന്നത് ഉപജീവനത്തിനാണ്. ഒരാൾ കവിയാകുന്നത് അയാളുടെ സ്വകാര്യ നിമിഷങ്ങളിൽ, ഏകാന്തത്തിൽ ആണ്. അപ്പോൾ നടക്കുന്നത്, ആത്മാവുമായുള്ള സംവാദമാണ്. അപ്പോൾ ദൈവവും കവിയും മാത്രമേയുള്ളൂ.

കസാൻദ്സാകിസ്

സർഗ്ഗവൈഭവമുള്ളയാൾക്ക് ജാതിയെ മറികടക്കാൻ കഴിയും എന്നത് ചരിത്രസത്യമാണ്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ ഞാൻ ഓർക്കുന്നത്, അതിന് മുന്നിൽ നിന്ന് 'കൃഷ്ണാ നീ ബേഗനെ ബാരോ' എന്നു പാടിയ കനക ദാസനെക്കുറിച്ചാണ്; അദ്ദേഹം ജനിച്ച പിന്നാക്ക കുരുബ സമുദായത്തെ അല്ല. സവർണർ ക്ഷേത്രത്തിൽ കയറ്റാത്തതു കൊണ്ട്, പുറത്തു നിന്ന് പാടിയ അദ്ദേഹത്തിനായി ശ്രീകൃഷ്ണൻ ശ്രീകോവിലിൻറെ പടിഞ്ഞാറു ഭാഗം പിളർന്നു എന്നാണ് ഐതിഹ്യം. ആ ഭാഗത്ത് 'കനകന കിണ്ടി' എന്നൊരു കിളിവാതിൽ ഇന്നുമുണ്ട്. അദ്ദേഹം എഴുതി എന്ന കാരണത്താൽ, യമുനാ കല്യാണിയിലെ ആ കീർത്തനം സവർണർ പാടാതിരിക്കുന്നില്ല.

മഹാഭാരതത്തിലെ 'വ്യാധ ഗീത' ഇറച്ചി വെട്ടുകാരൻറെതാണ്.

ദിവാൻ മാധവ റാവുവാണ് കുമാരനാശാനെ നിയമസഭയിൽ അംഗമാക്കിയത് എന്നു പറഞ്ഞ് ലേഖകൻ ഒഴിയുന്നത് ശരിയല്ല; (4) മാധവ റാവുവും സവർണ്ണൻ ആയിരുന്നു; കുമാരനാശാനെ ആ പദവിയിൽ പി രാജഗോപാലാചാരി നിലനിർത്തിയതും അയ്യങ്കാളിയെ നിയമ സഭാംഗമാക്കിക്കിയതുമാണ്, ഞാൻ ലേഖനങ്ങളിൽ പറയാറുള്ളത്. രാജഗോപാലാചാരിയുമായി കുമാരനാശാന് വലിയ സൗഹൃദമായിരുന്നു. അദ്ദേഹം തിരുവിതാംകൂറിൽ നിന്ന് മടങ്ങുമ്പോൾ ആശാൻ മംഗള കവിത എഴുതി; അദ്ദേഹത്തിന് എസ് എൻ ഡി പി സ്വീകരണം നൽകി. ആശാൻ ബഹുമാനിച്ച ഇത്തരം സവർണരെ നിന്ദിക്കുന്ന രീതി, ആ പാരമ്പര്യത്തിന് നിരക്കുന്നതല്ല. സ്വസമുദായത്തിലുള്ളവരെ മാത്രമല്ല, ആശാൻ ആദരിച്ചത്, പാണ്ഡിത്യത്തെയാണ് ആദരിച്ചു പോന്നത് എന്ന് അദ്ദേഹത്തിൻറെ നിരൂപണങ്ങൾ നോക്കിയാൽ അറിയാം.

;ഒരു കാര്യം കൂടി-കുമാരനാശാന് ഒരു വയസുള്ളപ്പോഴാണ്, ആറാട്ടുപുഴ വേലായുധപ്പണിക്കരെ തൊപ്പിയിട്ട കിട്ടനും സംഘവും കൊന്നത്. കിട്ടൻ തൊപ്പിയിട്ടത് പൊന്നാനിയിൽ പോയിട്ടാണ്. ആറാട്ടുപുഴയിൽ, പണിക്കർ മത പരിവർത്തനം തടഞ്ഞതിലുള്ള പ്രതികാരം ആയിരുന്നു ഇതെന്ന് അദ്ദേഹത്തിൻറെ കൊച്ചുമകനും മുൻ മന്ത്രിയുമായ എം കെ ഹേമചന്ദ്രൻ അരുവിപ്പുറം പ്രതിഷ്ഠ ശതാബ്‌ദി പതിപ്പിൽ എഴുതിയിരുന്നു. ഇസ്ലാമിലേക്ക് മതപരിവർത്തനം എന്ന  'ദുരവസ്ഥ' മുൻപേ ഉണ്ടായിരുന്നു എന്നർത്ഥം.

_____________________________________

1. ഡോ എസ് ഷാജി, സഹോദരൻ, സെപ്റ്റംബർ, 2022 
2. do 
3. do
4. do  


© Ramachandran 






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...