Saturday, 10 August 2019

ജിലാസ് സ്റ്റാലിനെ കണ്ടപ്പോൾ

അസംബന്ധം -ജിലാസ് അനുഭവിച്ച വിപ്ലവം 

പോളിഷ് എഴുത്തുകാരൻ സെസ്ലാവ് മിലോസ് മാർക്‌സിസം എത്രമാത്രം അസംബന്ധമാണെന്ന്,1939 ൽ ആത്മഹത്യ ചെയ്‌ത എഴുത്തുകാരൻ സ്റ്റാനിസ്ലാവ് വിറ്റ്കിവീസിൻറെ നോവൽ വിശകലനം ചെയ്‌ത്‌ തെളിയിക്കുകയുണ്ടായി.Insatiability എന്ന ആ നോവൽ വന്നത്,1932 ലായിരുന്നു.റഷ്യ 1939 ൽ പോളണ്ട് ആക്രമിച്ച പാടെ വിറ്റ്കീവിസ് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്‌തു.ഒരു അസംബന്ധ പ്രത്യയ ശാസ്ത്രം,ഒരു രാജ്യത്തെ കീഴടക്കി,ജനത്തിൻറെ സ്വകാര്യതയെ പോലും താറുമാറാക്കുന്നതായിരുന്നു,നോവലിൻറെ പ്രമേയം.അത് വച്ചാണ്,മിലോസ് മാർക്‌സിസത്തെ The Captive Mind എന്ന പുസ്തകത്തിൽ വിശകലനം ചെയ്‌തത്‌.
ഇത് പോലെ ലോകം നെഞ്ചടക്കി വായിച്ച മിലോവൻ ജിലാസിന്റെ The New Class എന്ന പുസ്തകം കേരളം കമ്മ്യൂണിസത്തെ അധികാരമേറ്റിയ 1957 ലാണ് വന്നത്.കമ്മ്യൂണിസത്തിൽ അധികാരമേറുന്നവർ പുതിയ വർഗമായി പരിണമിക്കുന്നതാണ്,ജിലാസ് ( Milovan Djilas -1911 -1995 ) വിവരിച്ചത്.യുഗോസ്ലാവിയയിൽ ജോസഫ് ബ്രോസ് ടിറ്റോയ്ക്ക് ശേഷം പ്രസിഡൻറ് ആകുമായിരുന്ന ജിലാസ്,1954 ൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടു.തടവിലായ അദ്ദേഹം,The New Class വിദേശത്ത് പ്രസിദ്ധീകരിച്ചപ്പോൾ,തടവ് നീട്ടി.തടവിൽ നിന്ന് പുറത്തു വന്ന ശേഷം,1962 ൽ എഴുതിയ Conversations with Stalin,സ്റ്റാലിനെ മൂന്ന് തവണ കണ്ടതിന്റെ വിവരണം ആണ്.
മിലോവൻ ജിലാസ് 
ആത്മകഥ എഴുതാനിരുന്നപ്പോൾ,ഈ ഘട്ടം പ്രത്യേകമായി എഴുതണം എന്ന് തോന്നുകയായിരുന്നുവെന്ന് ജിലാസ് മുഖവുരയിൽ പറഞ്ഞിട്ടുണ്ട്.ജീവിതത്തിലെ ഉപരിപ്ലവതകൾ നാം മറക്കുന്നത്,സഹജമാണ്;പിന്നീട് ശരിയെന്ന് തെളിയുന്നതുമായി ബന്ധപ്പെട്ട ഓർമ്മകൾ സൂക്ഷിക്കും.1953 ൽ സ്റ്റാലിൻ മരിക്കുകയും 1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസ് അയാളുടെ വ്യക്തിപൂജയെ നിരാകരിക്കുകയും ചെയ്തപ്പോൾ ജിലാസിന്റെ സ്റ്റാലിൻ ഓർമകൾക്ക് തെളിച്ചം കിട്ടി.വരണ്ട വസ്തുതകളെക്കാൾ പ്രധാനമാണ് മനുഷ്യരും മനുഷ്യ ബന്ധങ്ങളും.അതിനാണ് പുസ്തകത്തിൽ ശ്രമിച്ചത്.1955 -1956 ലാണ് ആത്മകഥ മനസ്സിൽ വന്നത് .സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചകൾ പ്രത്യേകമായി എഴുതാൻ ആലോചിച്ചപ്പോൾ തടവിലായി.അവിടെ എഴുതാൻ ആകുമായിരുന്നില്ല.അത് രാഷ്ട്രീയ കൃത്യം തന്നെ ആകുമായിരുന്നു.1961 ജനുവരിയിൽ മോചിപ്പിച്ചപ്പോൾ,പഴയ ആശയത്തിലേക്ക് മടങ്ങി.ചരിത്ര സംഭവങ്ങളുടെ മാനുഷിക വശം ഉയർന്നു നിന്നു.സ്റ്റാലിനെ സംബന്ധിച്ച് പരസ്‌പര വിരുദ്ധമായ കഥകൾ ഉള്ളതിനാൽ,സ്വന്തം ഉൾക്കാഴ്ചകളും നിഗമനങ്ങളും രേഖപ്പെടുത്തി.നിർണായക കാര്യങ്ങൾ പറയാതിരിക്കരുതെന്ന് ഉൾവിളി ഉണ്ടായി.

യൂഗോസ്ലാവ് മാർക്സിസത്തിൻറെ ഏക സൈദ്ധാന്തികനായ ജിലാസ്,രണ്ടാം ലോകയുദ്ധ കാലത്ത് അച്ചുതണ്ട് ശക്തികൾക്കെതിരെ നിന്ന നാഷനൽ ലിബറേഷൻ ആർമി ( Partisan ) യിൽ ജനറലും പിന്നീട് വന്ന സർക്കാരിൽ മന്ത്രിയും ആയി.അത് കഴിഞ്ഞ് കിഴക്കൻ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മാർക്‌സിസ്റ്റ് വിമതനും ആയി.വടക്കൻ മോണ്ടിനെഗ്രോയിൽ ജനിച്ച് ബെൽഗ്രേഡ് സർവകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കെയാണ് 1932 ൽ പാർട്ടിയിൽ ചേർന്നത്.1933 -1936 ൽ രാഷ്ട്രീയ തടവുകാരനായി.1938 ൽ കേന്ദ്രകമ്മിറ്റിയിലും 1940 ൽ പൊളിറ്റ് ബ്യുറോയിലും എത്തി.1941 ൽ ജർമനിയും ഇറ്റലിയും യൂഗോസ്ലാവ് രാജകീയ പട്ടാളത്തെ തോൽപിച്ച് യൂഗോസ്ലാവ് രാജഭരണം ഇല്ലാതായപ്പോഴാണ്,ജിലാസ്,ടിറ്റോയെ ദേശീയ സേനയുണ്ടാക്കാൻ സഹായിച്ചത്.1941ജൂൺ 22 ന്  ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ ,സായുധ കലാപത്തിന് സി സി തീരുമാനിച്ചു.ഇറ്റാലിയൻ സൈന്യം യുഗോസ്ലാവിയയിൽ ഉണ്ടായിരുന്നു.1941 നവംബറിൽ,ജിലാസ് വലിയ സേനക്കെതിരെ മോണ്ടിനെഗ്രോയിൽ മുന്നണിപ്പോരാട്ടത്തിന് മുതിർന്ന ഇടതു വ്യതിയാനത്തിന്,ടിറ്റോ അദ്ദേഹത്തെ സേനയിൽ നിന്ന് നീക്കി,പാർട്ടി പത്രം ബോർബ യുടെ എഡിറ്ററാക്കി.

1944 ൽ പാർട്ടി,സൈനിക ദൗത്യത്തിൻറെ ഭാഗമായാണ്,ആദ്യം സ്റ്റാലിനെ കണ്ടത്.ബൾഗേറിയൻ പാർട്ടി നേതാവും കോമിന്റേൺ മേധാവിയുമായ ജോർജി ദിമിത്രോവ്,സോവിയറ്റ് വിദേശകാര്യ മന്ത്രി മൊളോട്ടോവ് എന്നിവരെയും കണ്ടു.യുഗോസ്ലാവിയ സ്വതന്ത്രമായപ്പോൾ ടിറ്റോയ്ക്ക് കീഴിൽ വൈസ് പ്രസിഡൻറായി.അടുത്ത കൊല്ലവും 1948 ലും  സ്റ്റാലിനെ വീണ്ടും കണ്ടു.റഷ്യയും ബെൽഗ്രേഡും തമ്മിലുള്ള വിടവ് നികത്തുകയായിരുന്നു,ലക്ഷ്യം.യുഗോഗോസ്ലാവിയയെ റഷ്യൻ നുകത്തിൻ കീഴിൽ ആക്കാനുള്ള സ്റ്റാലിന്റെ പദ്ധതിയുടെ വിമർശകനായി,ജിലാസ്.ആ വർഷം ഒടുവിൽ യുഗോസ്ലാവിയ റഷ്യയുമായുള്ള ബന്ധം വിടർത്തി കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ( കോമിന്റേൺ ) നിന്ന് പുറത്തു വന്നു.അന്ന് മുതൽ 1955 വരെ റഷ്യയുമായി ശീതസമരം നില നിന്നു.

സ്റ്റാലിനുമായി പിരിഞ്ഞെങ്കിലും കടുകട്ടി മാർക്സിസത്തിൽ നിന്ന യുഗോസ്ലാവിയ സ്വതന്ത്ര സോഷ്യലിസ നയത്തിൽ എത്തി.പൊതു ഉടമയിൽ തൊഴിലാളി മാനേജ്മെൻറ്.അതിൻറെ ഭാഗമായി നിന്ന ജിലാസ് അതിനപ്പുറം പോയി പുതിയ ആശയങ്ങൾക്ക്,നോവ മിസാവോ ( New Thought ) എന്ന മാസിക തുടങ്ങി.അതിലാണ് ജിലാസിന്റെ പുത്തൻ ആശയ പരമ്പര വന്നത്.1953 ൽ പ്രസിഡൻറ് സ്ഥാനത്തിൻറെ പടി വരെ എത്തി -ഫെഡറൽ അസംബ്ലി പ്രസിഡൻറായി.1953 ഡിസംബർ 25 മുതൽ 1954 ജനുവരി 16 വരെ മാത്രമേ ആ സ്ഥാനത്ത് തുടർന്നുള്ളു.ഒക്ടോബർ -ജനുവരിയിൽ ബോർബ യിൽ 19 ലേഖനങ്ങൾ എഴുതി;ടിറ്റോ പ്രോത്സാഹിപ്പിച്ചു.അതിൽ ഒരെണ്ണം പ്രസിദ്ധീകരിച്ചില്ല.
റാങ്കോവിച്,ടിറ്റോ,ജിലാസ് -യുദ്ധകാലം 
സ്റ്റാലിനിസത്തിന് എതിരായിരുന്നു,ഇവ.കൂടുതൽ ജനാധിപത്യത്തിനായുള്ള ജിലാസിന്റെ വാദം,ഏകകക്ഷി ഭരണത്തെ ചോദ്യം ചെയ്യുന്ന നിലയിൽ എത്തി.പരിഷ്‌ക്കാരങ്ങൾക്ക് തടസ്സം നിന്ന് പണം അടിച്ചു മാറ്റുന്ന നേതാക്കൾ വിരമിക്കണമെന്ന വാദം,തനിക്ക് എതിരായി ടിറ്റോ എടുത്തു.1954 ജനുവരിയിൽ ജിലാസ് പാർട്ടിയിൽ നിന്ന് പുറത്തായി.18 മാസം ശിക്ഷ കിട്ടി .1956 നവംബർ 19 ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.ഹംഗറിയിൽ സോവിയറ്റ് യൂണിയൻ നടത്തിയ ഇടപെടൽ സംബന്ധിച്ച യു എൻ വോട്ടെടുപ്പിൽ നിന്ന് യുഗോസ്ലാവിയ വിട്ടു നിന്നതിനെ വിമർശിച്ചതായിരുന്നു,കാരണം.മൂന്ന് വർഷം ശിക്ഷ കിട്ടി.ജയിലിൽ ആകും മുൻപ് അമേരിക്കൻ പ്രസാധകന് അയച്ച The New Class 1957 ൽ പ്രസിദ്ധീകരിച്ചപ്പോൾ ഏഴു വർഷം തടവ് കിട്ടി.സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും നില നിന്ന കമ്മ്യൂണിസത്തിൽ സമത്വം ഉണ്ടായിരുന്നില്ല;അത് കമ്മ്യൂണിസ്റ്റ് ഉദ്യോഗ വൃന്ദത്തെ വളർത്തി.അവർക്ക് പ്രത്യേക അവകാശങ്ങളും സ്ഥാനമാനങ്ങളും കിട്ടി -നാം കേരളത്തിൽ പോലും കാണുന്ന ഈ നീചത്വം കാലേ കൂട്ടി പറഞ്ഞതാണ് പുസ്തകം.

ജയിലിൽ വച്ച് മോണ്ടിനെഗ്രോ രാജകവി ഞെഗോസിന്റെ ബൃഹദ് ജീവചരിത്രം എഴുതി.1958 ൽ ആത്മകഥ വന്നു-Land Without Justice.ഇത് 1954 ൽ യുഗോസ്ലാവിയൻ പ്രസാധകർ നിരസിച്ചിരുന്നു.1961 ൽ മോചിതനായി ,1962 ഏപ്രിലിൽ Conversations with Stalin വന്നപ്പോൾ,പിന്നെയും അഞ്ചു വർഷം തടവ് കിട്ടി.ഭരണ രഹസ്യങ്ങൾ വെളിപ്പെടുത്തി എന്നതായിരുന്നു,കുറ്റം.അൽബേനിയയെ യുഗോസ്ലാവിയയിൽ കൂട്ടിച്ചേർക്കാനുള്ള പദ്ധതി അതിൽ വിവരിച്ചത്,കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങൾക്ക് ജാള്യതയുണ്ടാക്കി.ഈ ജയിൽ വാസത്തിൽ,മിൽട്ടൻറെ Paradise Lost,പറുദീസാ നഷ്ടം ടോയ്‌ലെറ്റ് പേപ്പറിൽ.ജിലാസ് സെർബോ -ക്രൊയേഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.1966 ഡിസംബർ 31 ന് മോചിപ്പിച്ചു.മരണം വരെ ബെൽഗ്രേഡിൽ താമസിക്കാനുള്ള സ്വാതന്ത്ര്യം ജിലാസ് എഴുത്തു കൊണ്ട് നേടിയെടുത്തു.

Conversations with Stalin ആയിരുന്നു,ജിലാസിന്റെ പ്രിയ പുസ്തകം.മൂന്ന് തവണയാണ് ജിലാസ് സ്റ്റാലിനെ കണ്ടത്.ചിലപ്പോൾ ഒറ്റയ്ക്കും ചിലപ്പോൾ മറ്റുള്ളവരുടെ സാന്നിധ്യത്തിലും ദീർഘ സംഭാഷണങ്ങൾ അവർ തമ്മിൽ നടന്നു.ക്രെംലിനിലും മോസ്‌കോയ്ക്ക് പുറത്ത് സ്റ്റാലിന്റെ ഡാച്ചയിലും വിരുന്നുകളിൽ പങ്കെടുത്തു.സ്റ്റാലിന്റെ അടുക്കളക്കൂട്ടത്തെ പരിചയപ്പെട്ടു -വ്യാചസ്ലാവ് മൊളോട്ടോവ്,മിഖയിൽ കാലിനിൻ,സൈദ്ധാന്തികൻ ആൻഡ്രി ഷഡാനോവ്,ചാര മേധാവി ലവ്‌റേന്റി ബേറിയ..ഇവരുടെ സംഭാഷണങ്ങളും പെരുമാറ്റവും വിശകലനം ചെയ്യുന്നതാണ്,പുസ്തകം.സ്റ്റാലിനെപ്പറ്റി ഇങ്ങനെ ഒരു വ്യക്തിപരമായ വിവരണം വേറെയില്ല.സ്റ്റാലിന്റെ മനഃശാസ്ത്രം പഠിക്കാൻ കൈപുസ്തകവും ആണിത്.പുസ്തകത്തിൽ നിന്നുള്ള രണ്ട് ചോദ്യങ്ങൾ  ആവർത്തിച്ചു വരാറുണ്ട്.1945 ൽ സ്റ്റാലിൻ ജിലാസിനോടും ടിറ്റോയോടും  പറഞ്ഞു:

ഇത് പണ്ടത്തെ യുദ്ധം പോലെയല്ല.ഒരു പ്രദേശം പിടിക്കുന്നയാൾ അവിടെ അയാളുടെ സാമൂഹിക ക്രമം  നടപ്പാക്കും.അയാളുടെ സൈന്യത്തിന് ശക്തിയുള്ളിടത്തോളം ഒരാൾ അത് ചെയ്യും.അങ്ങനെ അല്ലാതെ വരില്ല.

കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് അധിനിവേശങ്ങൾക്കുള്ള സാധൂകരണം,സൈന്യ ശക്തിയുണ്ട് എന്നതായിരുന്നു;സാമ്രാജ്യത്വം മാർക്സിസത്തിന് നിരക്കുമോ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വം എന്നൊന്നുണ്ടോ എന്നതൊന്നും ആ മാർക്സിസ്റ്റ് ഭ്രാന്തന് വിഷയം ആയിരുന്നില്ല.
രണ്ടാമത്തേത്,ബെൽഗ്രേഡിലെ സോവിയറ്റ് സ്ഥാനപതിയുമായി ജിലാസ് തർക്കിച്ചതാണ്.1945 ൽ യുഗോസ്ലാവിയ രണ്ടു കയ്യും നീട്ടി സോവിയറ്റ് സേനയെ സ്വീകരിച്ചു.റെഡ് ആർമി എത്തിയ ശേഷം,ഭടന്മാർ കൊള്ളയും ബലാൽസംഗവും വ്യാപകമായി നടത്തി.യൂഗോസ്ലാവ് പാർട്ടി സൈനികർ ഞെട്ടിപ്പോയി.മൊത്തം കമ്യൂണിസത്തിന് ഇത് അപമാനമാണെന്ന് ജിലാസ് സ്ഥാനപതിയോട് പരാതിപ്പെട്ടു.സ്ഥാനപതിക്ക് അത് പിടിച്ചില്ല.
സ്‌റ്റാലിൻ പിന്നീട് ജിലാസിനെ കണ്ടപ്പോൾ,മിണ്ടാൻ തന്നെ തയ്യാറായില്ല.അത് കഴിഞ്ഞ് പ്രശ്‍നം തമാശ പോലെ പരാമർശിച്ചു,സ്റ്റാലിൻ ജിലാസിനെ ചൂണ്ടി,ഒരു സഖാവിൻറെ  അടുത്തേക്ക് തല നീട്ടി  അയാളോട് പറഞ്ഞു:

ചോരയ്ക്കും തീയ്ക്കും മരണത്തിനും മുകളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ താണ്ടിയ ഒരു ഭടൻ ഒരു സ്ത്രീയുമായി നേരമ്പോക്കിൽ ഏർപ്പെട്ടാലോ ഇത്തിരി കട്ടാലോ അത് ഇയാൾക്ക് മനസ്സിലാവില്ലേ?

ബലാൽസംഗം നേരമ്പോക്കാണെന്ന് കരുതുന്ന ഒരു രാഷ്ട്രത്തലവൻ,ഒരു മാർക്സിസ്റ്റ്,യൂറോപ്പിനെ ഞെട്ടിച്ചു.അന്ന് ജിലാസിനെ വിശ്വസിക്കാത്തവർ ഇന്ന് രേഖകൾ കണ്ട് ഞെട്ടുന്നു.
അന്ന് യാത്ര പറയുമ്പോൾ,സ്റ്റാലിൻ ജിലാസിന്റെ ഭാര്യയെ ചുംബിച്ച്,പ്രതികരിച്ചു:" ഞാൻ ഈ സ്നേഹം കാട്ടുന്നത്,ബലാൽസംഗ കേസ് വരും എന്ന് പേടിച്ചാണ്!".
സ്റ്റാലിൻ,വൊറോഷിലോവ്,മികോയൻ,മൊളോട്ടോവ് ,1935 
ഒരു റെഡ് ആർമി കമാൻഡറിൽ നിന്ന് വിചിത്രമായ ഒരു സിദ്ധാന്തം കേട്ടതായി ജിലാസ് എഴുതുന്നു.ലോകം മുഴുവൻ കമ്മ്യൂണിസം വിജയിച്ചു കഴിയുമ്പോൾ,യുദ്ധം അതിൻറെ ഏറ്റവും അവസാനത്തെ ഭീകരാവസ്ഥയിൽ എത്തും.മാർക്സിസ്റ്റ് സിദ്ധാന്ത പ്രകാരം,യുദ്ധം വർഗ്ഗസമരത്തിൻറെ ഉൽപന്നമാണ്.കമ്മ്യൂണിസം വർഗ്ഗങ്ങളെ ഇല്ലാതാക്കുന്നതിനാൽ,യുദ്ധം ചെയ്യേണ്ട സാഹചര്യം വരില്ല.പക്ഷെ ഈ ജനറലിനും റെഡ് ആർമി ഭടന്മാർക്കും ഒരു ഭീകരയുദ്ധത്തിൽ പങ്കെടുത്ത തനിക്കും ഒരു തിരിച്ചറിവുണ്ടായിരുന്നു -ഒരേ സാമൂഹിക ക്രമത്തിൽ എല്ലാവരും വരുമ്പോഴാണ് ഏറ്റവും വലിയ വിദ്വേഷം ഉണ്ടാവുക.അങ്ങനെ ഒരു ക്രമം നില നിൽക്കാത്തതിനാൽ,കൂടുതൽ ആഹ്ളാദത്തിനായി ഓരോരുത്തരും മനുഷ്യ വംശത്തിൻറെ ഉന്മൂലനത്തിൽ ഏർപ്പെടും.മാർക്‌സിസം പഠിച്ച സോവിയറ്റ് ഓഫിസറിൽ നിന്ന് ഈ പരാമർശം ആകസ്മികമായി ഉണ്ടായതാകാം എങ്കിലും താൻ മറന്നില്ല.

ഒരു സൈനികന് എല്ലാ ദിവസവും 100 ഗ്രാം വോഡ്‌ക നൽകാൻ ഷഡാനോവ് സ്റ്റാലിനോട് ശുപാർശ ചെയ്‌തത്‌ നടപ്പാക്കിയിരുന്നു;ആക്രമണത്തിന് മുൻപ് ഇരട്ടി കൊടുത്തിരുന്നു.ഒരു വിരുന്നിൽ ജിലാസ് ബിയർ മാത്രം കുടിക്കുന്നത് കണ്ട് സ്റ്റാലിൻ പറഞ്ഞു:" ജിലാസ് ബിയർ കുടിക്കുന്നത്,ജർമൻകാരനെപ്പോലെയാണ്.ഇയാൾ ജർമനാണ്,ജർമനാണ്!"

ഷഡാനോവിനെ വലിയ ബുദ്ധിജീവിയായാണ് പി ബി കരുതിയിരുന്നത് എന്ന് ജിലാസ് എഴുതുന്നു.പൊക്കം കുറഞ്ഞ് ചുവന്ന മുഖവുമായി അയാൾ രോഗിയെപ്പോലെ തോന്നിച്ചു.അയാളുടെ സങ്കുചിതത്വവും വരട്ടു വാദവും കുപ്രസിദ്ധമായിരുന്നു.അയാളുടെ ജ്ഞാനം ചെറുതായിരുന്നില്ല.സംഗീതം ഉൾപ്പെടെ നിരവധി മേഖലകൾ അറിയാമായിരുന്നു എങ്കിലും ഏതെങ്കിലും മേഖലയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്നില്ല.മാർക്‌സിസ്റ്റ് സാഹിത്യം വഴിയാണ് അയാൾ മറ്റ് മേഖലകളെ അറിഞ്ഞത്.സർവ പുച്ഛമായിരുന്നു.എഴുത്തും മദ്യവും  ആയിരുന്നു ദൗർബല്യം.ഉത്തരവുകൾ കൊണ്ട് സി സി സാഹിത്യവും കലയും  നടപ്പാക്കുന്ന കാലമായിരുന്നു.ചെറിയ സ്വാതന്ത്ര്യം എടുത്തവർ പോലും വിമർശിക്കപ്പെട്ടു.താൻ ഹാസ്യ സാഹിത്യകാരൻ മിഖയിൽ സൊഷെങ്കോയെ ( Zoshchenko ) വിമർശിച്ചത് ഷഡാനോവ്,ഇരുവരും സ്റ്റാലിനെ കാത്തു നിന്നപ്പോൾ പരാമർശിച്ചു.അവർ സൊഷെങ്കോയുടെ റേഷൻ കൂപ്പണുകൾ എടുത്തു കൊണ്ട് പോയി.
സൊഷെങ്കോ 
ആസൂത്രണ കമ്മീഷൻ ചെയർമാൻ നിക്കോളായ് വോസ്‌നെസിൻസ്കി ( Voznesensky ) 40 വയസ്സ് മാത്രം കഴിഞ്ഞ ആളായിരുന്നു.അധികം സംസാരിച്ചില്ല.സോവിയറ്റ് സമ്പദ്ഘടനയെപ്പറ്റി അയാൾ എഴുതിയ പുസ്തകം ജിലാസ് വായിച്ചിരുന്നു.പിന്നീട് ഈ പുസ്തകം വിമർശിക്കപ്പെട്ടു.കാരണം പറയാതെ അയാളെ വെടിവച്ചു കൊന്നു.

സ്റ്റാലിനുമായുള്ള ആദ്യ സമാഗമം അലസി.ഒരേ പ്രത്യയ ശാസ്ത്രമായിട്ടും അലസി.ഇത് അടഞ്ഞ പ്രത്യയ ശാസ്ത്രത്തിന് അകത്തായതിനാൽ,സംഘർഷം ധര്മ സങ്കടം ഉണ്ടാക്കി എന്നല്ലാതെ ഒന്നുമുണ്ടായില്ല.യാഥാസ്ഥിതികത്വത്തിൻറെ ആസ്ഥാനത്തിന് ഒരു ചെറിയ പാർട്ടിയുടെ ദുഃഖവും ശുദ്ധതയും മനസ്സിലായില്ലെന്ന് ജിലാസിന് തോന്നി.ജിലാസ് എഴുതുന്നു:

മനുഷ്യർ ബോധത്തിൽ പലപ്പോഴും പ്രതികരിക്കാറില്ലാത്തതിനാൽ,ഞാൻ മനുഷ്യന് പ്രകൃതിയുമായുള്ള അവിച്ഛിന്നമായ ബന്ധം കണ്ടെത്തി.-ഞാൻ യൗവനത്തിലെ വേട്ടയ്ക്കുള്ള യാത്രകൾ ഓർത്തു.പാർട്ടിക്കും വിപ്ലവത്തിനും പുറത്ത് സൗന്ദര്യമുണ്ടെന്ന് ഞാൻ കണ്ടു...കയ്‌പ്‌ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

ടിറ്റോയുമായി ജിലാസ് സ്റ്റാലിനെ കണ്ടപ്പോൾ,മുൻകാലത്തെക്കാൾ ഭിന്നമായ വഴിയിൽ ഇപ്പോൾ സോഷ്യലിസം നടപ്പാകുന്നുണ്ടെന്ന് ടിറ്റോ പറഞ്ഞു.സ്റ്റാലിൻ പറഞ്ഞത് ഞെട്ടിച്ചു;ഇന്ന് സോഷ്യലിസം ഇംഗ്ലീഷ് രാജഭരണത്തിൻ കീഴിലും നടക്കും.എല്ലായിടത്തും വിപ്ലവം വേണമെന്നില്ല.ഈയിടെ ബ്രിട്ടീഷ്‌ ലേബർ പാർട്ടി സംഘം വന്നിരുന്നു.ഇക്കാര്യം ഞങ്ങൾ സംസാരിച്ചു.അതെ,പുതിയ കാര്യങ്ങൾ ഉണ്ട്.ഇംഗ്ലീഷ് രാജാവിന് കീഴിൽ സോഷ്യലിസം സാധ്യമാണ്.

സ്റ്റാലിൻ മാർക്സിനെ നിമിഷ നേരം കൊണ്ടാണ്,തിരുത്തി നശിപ്പിച്ചത് !

അന്ന് വാസസഥലത്തേക്ക് മടങ്ങുമ്പോൾ,ടിറ്റോ ജിലാസിനോട് പറഞ്ഞു:" പിശാച് ബാധിച്ച പോലെയാണ് ഈ റഷ്യക്കാരുടെ കുടി-സർവത്ര ജീർണത ".
ബേറിയ 
ജിലാസിനെ രണ്ടു ചോദ്യങ്ങൾ അലട്ടിയിരുന്നു.അവയുടെ ഉത്തരം സ്റ്റാലിനോട് ചോദിക്കാൻ തീരുമാനിച്ചു.ഒന്ന് സൈദ്ധാന്തികമായിരുന്നു:മാർക്‌സിസ്റ്റ് സാഹിത്യത്തിൽ ഒരിടത്തും 'ജന'വും 'രാഷ്ട്ര'വും തമ്മിലുള്ള വ്യത്യാസം നിർവ്വചിച്ചിട്ടില്ല.  സ്റ്റാലിൻ ദേശീയതയുടെ കാര്യത്തിൽ വിദഗ്ദ്ധനാണെന്ന് കമ്മ്യൂണിസ്റ്റുകൾ കരുതിയിരുന്നു.അത് സംബന്ധിച്ച് സ്റ്റാലിൻ എഴുതിയ പുസ്തകത്തിലും രണ്ടും തമ്മിലുള്ള വ്യത്യാസം പറഞ്ഞിട്ടില്ലെന്ന് ജിലാസ് ചൂണ്ടിക്കാട്ടി.പുസ്തകം വന്നത്,ഒന്നാം ലോക യുദ്ധത്തിന് മുൻപായിരുന്നു.
പ്രശ്‍നം ജിലാസ് ഉന്നയിച്ചപ്പോൾ മൊളോട്ടോവ് ഇടപെട്ടു:"രണ്ടും ഒന്ന് തന്നെ".
സ്റ്റാലിൻ സമ്മതിച്ചില്ല."അസംബന്ധം",സ്റ്റാലിൻ പറഞ്ഞു," രണ്ടും രണ്ടാണ്.രാഷ്ട്രം എന്തെന്ന് നിങ്ങൾക്ക് ഇപ്പോൾ അറിയാം.മുതലാളിത്തത്തിൻറെ ഉൽപന്നം,അതിൻറെ സവിശേഷതകളോടെ.ജനം എന്നാൽ ,ഒരു രാഷ്ട്രത്തിലെ തൊഴിലാളി വർഗം.ഒരേ ഭാഷയും സംസ്കാരവും ആചാരങ്ങളുമുള്ള തൊഴിലാളി വർഗം ."
Marxism and the National Question ആയിരുന്നു സ്റ്റാലിന്റെ പുസ്തകം.1913 ജനുവരിയിൽ വിയന്നയിൽ എഴുതിയത്."അത്,ഇലിയിച്ചിൻറെതായിരുന്നു",സ്റ്റാലിൻ പറഞ്ഞു," ലെനിൻറെ വീക്ഷണം.അദ്ദേഹം ആ പുസ്തകം എഡിറ്റ് ചെയ്‌തു ".
ദസ്തയേവ്സ്കി 
ജിലാസിന്റെ രണ്ടാം ചോദ്യം ദസ്തയേവ്സ്കിയെപ്പറ്റി ആയിരുന്നു.ആധുനിക യുഗത്തിലെ ഏറ്റവും വലിയ എഴുത്തുകാരൻ ആയാണ് അദ്ദേഹത്തെ ജിലാസ് ചെറുപ്പം മുതൽ കണ്ടിരുന്നത്.അദ്ദേഹത്തിന് എതിരായ മാർക്‌സിസ്റ്റ് അക്രമണങ്ങളോട് ജിലാസ് പൊരുത്തപ്പെട്ടിരുന്നില്ല.സ്റ്റാലിൻ പറഞ്ഞു:"വലിയ എഴുത്തുകാരനും വരട്ടുവാദിയും.ഞങ്ങൾ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല;അവ യുവാക്കളിൽ മോശം സ്വാധീനമാണ്.പക്ഷെ വലിയ എഴുത്തുകാരൻ !".
ജിലാസ്,മാക്സിം ഗോർക്കിയിലേക്ക് തിരിഞ്ഞു. റഷ്യൻ വിപ്ലവ ആഖ്യാനത്തിലും ആഴത്തിലും അദ്ദേഹത്തിൻറെ മികച്ച കൃതി,The Life of Klim Sangin ആണെന്ന് ജിലാസ് നിരീക്ഷിച്ചു.സ്റ്റാലിൻ സമ്മതിച്ചില്ല."അയാളുടെ മികച്ച കൃതികൾ മുൻപ് എഴുതിയവയാണ്.The Town of Okarov.അദ്ദേഹത്തിൻറെ കഥകൾ.Foma Gordeev.klim Sangin -ലെ വിപ്ലവം നിസ്സാരം.അതിൽ ഒരു ബോൾഷെവിക്കേയുള്ളു...വിപ്ലവത്തെ ഏകപക്ഷീയമായാണ് കണ്ടത്.വേണ്ടത്രയില്ല.സാഹിത്യ പക്ഷത്തു നിന്ന് നോക്കിയാലും,മുൻകാല രചനകളാണ് നന്ന് ".

ജിലാസ് എഴുതുന്നു:

ഞങ്ങൾക്ക് പരസ്‌പരം മനസ്സിലാകുന്നില്ല എന്ന് വ്യക്തമായി.ഞങ്ങൾക്ക് യോജിക്കാൻ കഴിയുന്നില്ല.
സമകാലിക റഷ്യൻ സാഹിത്യത്തിൽ ഷോളോഖോവ് ആണ് മികച്ചത് എന്ന് ഞാൻ പറഞ്ഞപ്പോൾ,സ്റ്റാലിൻ എതിർത്തു:"അതിലും മികച്ചവരുണ്ട്".രണ്ടു പേരുകൾ സ്റ്റാലിൻ പറഞ്ഞു;ഒന്ന് സ്ത്രീ ആയിരുന്നു,അവരെ ഞാൻ കേട്ടിരുന്നില്ല...ഞാൻ ഫദീവിന്റെ Young Guard ചർച്ച ചെയ്‌തില്ല.വേണ്ടത്ര പാർട്ടി നോവലിലില്ല എന്നതിനാൽ പാർട്ടി അതിന് അന്ന് എതിരായിരുന്നു.അലക്‌സാണ്ടറോവിൻറെ History of Philosophy യും വിമർശനമേറ്റു വാങ്ങിയിരുന്നു-പൊള്ള,തിന്മ,വരട്ടു വാദം.
ആ സായാഹ്നം ബേറിയയുടെ വൃത്തികേടിൽ അവസാനിച്ചു.അവർ പെരേറ്റ്സോവ്ക എന്ന സ്‌ട്രോങ് വോഡ്‌ക കുരുമുളകിട്ട് ഒരു ചെറിയ ഗ്ലാസ് എന്നെ കൊണ്ട് കുടിപ്പിച്ചു. ഈ മദ്യം ലൈംഗിക ഗ്രന്ഥികളെ ബാധിക്കുമെന്ന് ബേറിയ പറഞ്ഞു;ഉപയോഗിച്ച വാക്ക് അശ്ലീലമായിരുന്നു.സ്റ്റാലിൻ പൊട്ടിച്ചിരിക്കാൻ എൻറെ മുഖത്ത് സൂക്ഷിച്ചു നോക്കി.എൻറെ നീരസം കണ്ട് അയാൾ ഗൗരവം പൂണ്ടു.

ഷഡാനോവ് കേന്ദ്ര കമ്മിറ്റിയിലെ ജൂതരെയെല്ലാം ഉന്മൂലനം ചെയ്തപ്പോഴും,ഹംഗറിയിലെ പാർട്ടി നേതൃത്വത്തിൽ കുടിയേറ്റക്കാരായ ജൂതരെ സഹിച്ചുവെന്ന് ജിലാസ് എഴുതുന്നു -വേരില്ലാത്ത അവരെ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് തെളിക്കാം.
സ്റ്റാലിൻ ലെനിൻ ഗ്രാഡ് സെക്രട്ടറി കിറോവിനെ കൊന്നത് പാർട്ടിക്കകത്തെ പ്രതിപക്ഷത്തെ പേടിപ്പിക്കാൻ ആയിരുന്നിരിക്കാമെന്ന് ജിലാസ് കരുതുന്നു.ലെനിനെ കൊന്നത് സ്റ്റാലിൻ ആണെന്ന് ട്രോട് സ്‌കി സംശയിച്ചു.സ്വന്തം ഭാര്യയെ അയാൾ കൊന്നതായും കേൾവിയുണ്ട്.അല്ലെങ്കിൽ അവരുടെ ആത്മഹത്യയ്ക്ക് അയാൾ വഴി വച്ചിരിക്കാം.ഗോർക്കിയെ സ്റ്റാലിൻ കൊന്നതാകാം എന്നും ജിലാസ് കുറിക്കുന്നു.സ്റ്റാലിൻ ഒരേ സമയം പീഡകനായ റോമൻ ചക്രവർത്തി കലിഗുലയും തിന്മ കലയാക്കിയ സെസാറോ ബോർഗിയയും ഇവാൻ ദി ടെറിബിളും ആയിരുന്നു.

See https://hamletram.blogspot.com/2019/08/blog-post_9.html


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...