Friday, 25 October 2019

കൃഷ്ണ പിള്ളയെ കടിച്ച അമേരിക്കൻ പാമ്പ്‌

കേരള പാർട്ടിയെ ബ്രോഡർ തകർത്തു 

'മാതൃഭൂമി'യുടെ കമ്മ്യൂണിസ്റ്റ് പത്രാധിപർ പി നാരായണൻ നായരുടെ 'അര നൂറ്റാണ്ടിലൂടെ'എന്ന ആത്മകഥയിൽ,അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ബ്രോഡർ നിർദേശിച്ചതനുസരിച്ച് കേരളത്തിലെ പാർട്ടിയെ  അതിൻറെ സെക്രട്ടറി പി കൃഷ്ണ പിള്ള പിരിച്ചു വിട്ട കഥ പറയുന്നുണ്ട്.രണ്ടാം ലോകയുദ്ധത്തിന് തൊട്ടു പിന്നാലെ ആയിരുന്നു ഇത്.

കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിർത്ത് ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചിരുന്നു എന്നും പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചിരുന്നു എന്നും ചരിത്രത്തിലുണ്ട്.ബ്രിട്ടീഷ് നേതൃത്വത്തിൽ നാസിസത്തിനെതിരായി നടക്കുന്ന രണ്ടാം ലോകയുദ്ധം,ജനകീയ യുദ്ധമാണെന്ന് അന്ന് പാർട്ടി കണ്ടു;പാകിസ്ഥാൻ വാദം ഉപദേശീയതയാണെന്ന് തെറ്റിദ്ധരിച്ചു.ഇതൊക്കെ പുറത്തറിയാം.എന്നാൽ കേരള പാർട്ടിയിലെ അമേരിക്കൻ സ്വാധീനം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല.കൃഷ്ണ പിള്ളയും ഇ എം എസും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായിരിക്കെ നടന്ന ഈ പിരിച്ചു വിടൽ,അവർ തമ്മിലുള്ള ബന്ധം വഷളാക്കി.
1934 -1945 ൽ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന,ഏൾ ബ്രോഡർ ( Earl Browder 1891 -1973 ) ഒന്നാം ലോകയുദ്ധത്തെ എതിർത്ത് ജയിലിലായി.1936 ലും 1940 ലും യു എസ്‌ പ്രസിഡൻറ് സ്ഥാനാർഥി.സോവിയറ്റ് ചാരനായി,പാസ്പോർട്ട് തട്ടിപ്പിന് 1940 ൽ തടവിലിട്ടു.1946 ൽ പാർട്ടിയിൽ നിന്ന് പുറത്തായി.

രണ്ടാം ലോകയുദ്ധം അവസാനിച്ചയുടനെയാണ്,ബ്രോഡർ സിദ്ധാന്തം വന്നത്.സാമ്രാജ്യത്വ ശക്തി ക്ഷയിച്ചെന്നും ലോകം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കീഴിൽ അമർന്നെന്നും പഴയ മട്ടിലുള്ള സംഘടനാ പ്രവർത്തനം ഇനി ആവശ്യമില്ലെന്നും സംഘടന പിരിച്ചു വിടണമെന്നും ആയിരുന്നു,സിദ്ധാന്തം.പാർട്ടിക്ക് ഇനി പഴയ പോലെ മുഴുവൻ സമയ പ്രവർത്തകർ ആവശ്യമില്ലെന്നും പ്രവർത്തകർ വേറെ പണി ചെയ്‌ത്‌ ജീവിക്കണമെന്നും ബ്രോഡർ നിർദേശിച്ചു.

ഇത് വിശ്വസിച്ച് പാർട്ടി സെക്രട്ടറി പി കൃഷ്‌ണ പിള്ള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു.മണ്ടനായിരുന്നു എന്നർത്ഥം.ഇ എം എസ് യോഗ ക്ഷേമ സഭ പ്രസിഡൻറായി.സി എച്ച് കണാരൻ എസ് എൻ ഡി പി യിൽ പോയി.പിരിച്ചു  വിടും മുൻപ് പാർട്ടി,പ്രതിസന്ധിയിൽ ആയിരുന്നു.പിള്ളയും ഇ എം എസും വ്യത്യസ്ത ധ്രുവങ്ങളിൽ ആയിരുന്നു.'പ്രസ്ഥാനത്തിൻറെ മുകളിൽ കയറിയിരുന്ന് മറ്റുള്ളവരെ ഹനിക്കുന്നതും ശാസിക്കുന്നതും നേതൃത്വമായി വിചാരിച്ചവരെ'  പി നാരായണൻ നായർ ആത്മകഥയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്."ഒളിവിൽ ജീവിച്ചതിൻറെ അഭിജാത്യത്തിൽ മറ്റുള്ളവരോട് അവരുടെ പ്രവർത്തനങ്ങളെപ്പറ്റി ഡയറികളും റിപ്പോർട്ടുകളും എഴുതി വാങ്ങിക്കുക,അവ വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള കഴിവില്ലാതെ റിഫോമിസ്റ്റ് മുദ്രയും പെറ്റി ബൂർഷ്വാ വിളികളും അച്ചടക്ക ഖഡ്‌ഗവുമായി കേവലം യാന്ത്രികമായി വിലസുക"' ഇതൊക്കെയായിരുന്നു ഈ നേതൃത്വത്തിൻറെ പരിപാടിയെന്ന് നാരായണൻ നായർ നിരീക്ഷിക്കുന്നു.ഈ സ്ഥിതി വിശേഷം കൃഷ്‌ണ പിള്ളയെ വ്യാകുലപ്പെടുത്തിയപ്പോൾ ഉണ്ടായ  പ്രതികരണമായിരുന്നു,പിരിച്ചു വിടൽ.'ഈ നേതൃത്വം'' എന്ന് നായർ പറയുന്നത് ആരെപ്പറ്റിയാണ്?ഇ എം എസ് മാത്രമാണ് അന്ന് ദേശീയ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നത്.അപ്പോൾ,പരാമർശം ഇ എം എസിനെപ്പറ്റി തന്നെ.

ഇ എം എസിനോട് വള്ളുവനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കൃഷ്‌ണപിള്ള നിർദേശിച്ചു. കണാരന് കർഷക സംഘം ചുമതല നൽകി.മുഴുവൻ സമയ പ്രവർത്തകർ ജോലിക്ക് പോയി ജീവിക്കാനും  മിച്ചമുള്ള സമയത്ത് പാർട്ടി പ്രവർത്തനത്തിന് പോകാനും ഇ എം എസ് നിർദേശിച്ചു.കെ പി ജി നമ്പൂതിരി വിപ്ലവ പാട്ടെഴുത്ത് നിർത്തി തിരുവനന്തപുരം ലോ കോളജിൽ ചേർന്നു.തുടർന്നുള്ള കാലത്ത് കേന്ദ്ര കമ്മിറ്റി ഇവിടെ പുനഃസംഘടന നടപ്പാക്കിയെങ്കിലും,പാർട്ടിയിൽ ആകെ നിരാശയുടെ കരിനിഴൽ വീണ കാലമായിരുന്നു,1946 -1948.കേരളകമ്മിറ്റിക്ക് മുൻപ് കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലും പിരിച്ചു വിട്ടു.
ബ്രോഡർ 
ഐക്യമുന്നണിയല്ല,കമ്മ്യൂണിസ്റ്റ് പാർട്ടി ആധിപത്യമാണ് വേണ്ടത് എന്ന ലൈൻ 1947 മധ്യത്തിൽ സ്റ്റാലിൻ എടുത്തു.മധ്യ,പൂർവ യൂറോപ്യൻ രാഷ്ട്രങ്ങളിൽ പാർട്ടി അധികാരത്തിൽ എറിയതായിരുന്നു ലൈൻ മാറ്റത്തിന് കാരണം.കോമിൻഫോം രൂപീകരിച്ചു.സോവിയറ്റ്,മധ്യ / പൂർവ യൂറോപ്യൻ പാർട്ടികൾ,ഇറ്റലി,ഫ്രഞ്ച് പാർട്ടികൾ എന്നിവ അംഗങ്ങൾ.ചൈനീസ് പാർട്ടിയെ ഒഴിവാക്കി.ടിറ്റോയുടെ അധീശത്വം കാരണ,യുഗോസ്ലാവ്യൻ പാർട്ടിക്കായിരുന്നു രണ്ടാം സ്ഥാനം.ഇതോടെ ബ്രോഡർ സിദ്ധാന്തം ചവറ്റു കുട്ടയിലായി.

ആരാണ് ബ്രോഡർ ?

അധ്യാപകനും കർഷകനുമായ കാൻസസിലെ വില്യം -മാർത്ത ദമ്പതിമാരുടെ എട്ടാമത്തെ കുട്ടി.പതിനാറാം വയസിൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ.1912 ൽ പിളരും വരെ അതിൽ തുടർന്നു.ഒരു സിൻഡിക്കേറ്റ് പാർട്ടിയിൽ രൂപപ്പെട്ട്,പാർട്ടി അട്ടിമറിക്ക് എതിരായ വ്യവസ്ഥ ഭരണ ഘടനയിൽ കൂട്ടി ചേർത്തപ്പോൾ ആയിരുന്നു,പിളർപ്പ്.നഗരത്തിലേക്ക് മാറി ഓഫിസ് ക്ളർക്ക് ആയ ബ്രോഡർ,1916 ൽ ജോൺസൺ കൗണ്ടി സഹകരണ അസോസിയേഷൻ മാനേജരായി.ഒന്നാം ലോകയുദ്ധം സാമ്രാജ്യത്വ സംഘർഷമാണെന്നു പറഞ്ഞ് അതിനെ പരസ്യമായി എതിർത്തു.1917 ൽ അമേരിക്ക യുദ്ധത്തിൽ പങ്കാളിയായി;ബ്രോഡർ അറസ്റ്റിലായി.ഗൂഢാലോചനയ്ക്ക് രണ്ടു വർഷം തടവ്.ജയിൽ മോചിതനായി അമേരിക്കൻ ട്രോട് സ്കിയിസ്റ്റും സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാവുമായ ജയിംസ് കാനനൊപ്പം 'ദി വർക്കേഴ്സ് വേൾഡ്' എന്ന പത്രം തുടങ്ങി.ബ്രോഡർ ആദ്യ പത്രാധിപർ.താമസിയാതെ വീണ്ടും തടവിൽ.അപ്പോഴാണ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇടതു പക്ഷം പാർട്ടി വിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയത്.അനവധി പിളർപ്പുകൾക്കും ലയനങ്ങൾക്കും ശേഷം 1921 ൽ രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നായി.ജയിലിൽ നിന്ന് പുറത്തു വന്ന ബ്രോഡർ അതിൽ ചേർന്നു.'ലേബർ ഹെറാൾഡ്'മാനേജിംഗ് എഡിറ്ററായി.

റഷ്യൻ നേതാവ് ഗ്രിഗറി സിനോവീവ് 1921 ൽ രാജ്യാന്തര തൊഴിലാളി യൂണിയൻ സമ്മേളനം വിളിച്ചപ്പോൾ ഖനി തൊഴിലാളികളെ പ്രതിനിധീകരിച്ച് അമേരിക്കൻ പ്രതിനിധി സംഘത്തിൽ അംഗമായി. ബ്രോഡർ 1928 ൽ കാമുകിയും റഷ്യൻ ചാര പ്രവർത്തകയുമായ കിറ്റി ഹാരിസിനൊപ്പം ചൈനയിൽ പോയി ഷാങ് ഹായിൽ താമസിച്ചു.റെഡ് ഇന്റർനാഷനൽ ലേബർ യൂണിയൻ സെക്രട്ടറിയായി ഏഷ്യ പസിഫിക് തൊഴിലാളികളെ സംഘടിപ്പിക്കുക ആയിരുന്നു ലക്ഷ്യം.1929 ൽ ഇരുവരും മടങ്ങി.പ്രണയം മരവിച്ചിരുന്നു.

ഇത് അമേരിക്കൻ പാർട്ടിയിൽ വഴിത്തിരിവിൻറെ കാലമായിരുന്നു.ഷിക്കാഗോ ഗ്രൂപ് നേതാവ് വില്യം ഫോസ്റ്റർക്ക് മേൽ,ദേശീയ സമ്മേളനത്തിൽ പാർട്ടി നേതാവ് ജേ ലവ്‌സ്റ്റോൺ വിജയം നേടി.കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ നയത്തെ തന്നെ വെല്ലുവിളിച്ച ലവ് സ്റ്റോൺ മോസ്‌കോയ്ക്ക് പോയി തോറ്റു മടങ്ങി.അയാൾ പാർട്ടിയിൽ നിന്ന് പുറത്തായി.പകരം അഞ്ചംഗ സെക്രട്ടേറിയറ്റ് വന്നു.കോമിന്റേൺ പ്രതിനിധി ബോറിസ് മിഖയിലോവ്,ജി വില്യംസ് എന്ന പേരിൽ അധികാരിയായി.ഒരു ചേരിയിലും പെടാതെ മാറി നിന്ന ബ്രോഡർ വ്ലാഡിവോസ്റ്റോക്കിൽ ട്രേഡ് യൂണിയൻ സെക്രട്ടേറിയറ്റ് അവസാന യോഗത്തിനു പോയി മടങ്ങിയപ്പോൾ,അമേരിക്കൻ പാർട്ടി കേന്ര കമ്മിറ്റിയുടെ അസാധാരണ പ്ലീനം ആയിരുന്നു.മോസ്‌കോയിൽ സോളമൻ ലോസോവ്സ്കിയുടെ പിന്തുണയോടെ,ബ്രോഡർ പാർട്ടി മേധാവിയാകാൻ സാധ്യത തെളിഞ്ഞെങ്കിലും അദ്ദേഹം അത് നിരസിച്ചു.മൂന്നംഗ സെക്രട്ടേറിയറ്റിൽ ബ്രോഡർ എത്തി.
ബ്രോഡർ ജയിലിൽ 
ഒക്ടോബർ പ്ലീനം കഴിഞ്ഞതോടെ ലോകം മഹാ മാന്ദ്യ കുരുക്കിലായി.തൊഴിൽ ഇല്ലായ്മയ്ക്ക് എതിരായ പ്രചാരണം ബ്രോഡർ ഏറ്റെടുത്തു.1930 നവംബർ ദേശീയ സമ്മേളനം മാക്സ് ബെഡക്റ്റിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.മൂന്നംഗ സെക്രട്ടേറിയറ്റിൽ ബ്രോഡർക്ക് രാഷ്ട്രീയ ചുമതല കിട്ടി.1931 ലെ കോമിന്റേൺ പ്ലീനത്തിൽ അമേരിക്കൻ പാർട്ടിയെ സംബന്ധിച്ച മുഖ്യ റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടേറിയറ്റിൽ ഫോസ്റ്റർ,ബ്രോഡറെ ശത്രുവായി കണ്ടു;സംഘർഷം ഉരുണ്ടു കൂടി.കോളജിൽ പഠിച്ച മൂന്നാമൻ വിൽ വെയിൻസ്റ്റോണിനെ മറ്റിരുവർക്കും കണ്ടു കൂടായിരുന്നു.നെഞ്ചു വേദന വന്ന് ഫോസ്റ്റർ കിടപ്പിലായി.1932 നവംബർ 13 ന് ബ്രോഡറുടെ വാദം അംഗീകരിച്ച് വെയിൻസ്റ്റോണിനെ മോസ്കോയിലേക്ക് മാറ്റി.ഇരുവരും ചേരി തിരിഞ്ഞ് പയറ്റി.മോസ്‌കോയിൽ 29 ദിവസം നീണ്ട ചർച്ചയിൽ ബ്രോഡർ ജയിച്ചു.1933 ജനുവരിയിൽ ഹിറ്റ്‌ലർ വന്ന ശേഷം,ഫാഷിസത്തിന് എതിരായ ഐക്യ മുന്നണി എന്ന സ്റ്റാലിൻ -ദിമിത്രോവ് സിദ്ധാന്ത കാലത്ത് ബ്രോഡർ തിളങ്ങി.ജർമനിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയും ഭിന്ന ചേരികളിൽ ആയത് നാശമായെന്ന വിലയിരുത്തൽ ഉണ്ടായി.അമേരിക്കയിൽ ഇരു പാർട്ടികളും സഹകരിച്ചു.അമേരിക്കൻ ലീഗ് എഗൻസ്റ്റ് ഫാഷിസം,ലീഗ് ഓഫ് അമേരിക്കൻ റൈറ്റേഴ്‌സ് എന്നിവ ഉണ്ടായി.റൂസ്‌വെൽറ്റ് ഭരണവുമായും പാർട്ടി ഒത്തു.
1936 പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ബ്രോഡർക്ക് 80195 വോട്ട് കിട്ടി.


കമ്മ്യൂണിസം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കനിസം എന്ന ബ്രോഡറുടെ മുദ്രാവാക്യത്തിന് ക്ലച്ചു പിടിച്ചതോടെ അദ്ദേഹത്തിൻറെ താൻ പ്രമാണിത്തവും തിളച്ചു പൊന്തി.1937 ലെ മാന്ദ്യത്തിൽ ബ്രോഡർ ഭരണകൂട വിമർശം മിതമാക്കിയപ്പോൾ ഫോസ്റ്റർ രംഗത്തു വന്നു.1938 ഒക്ടോബറിൽ മോസ്‌കോയ്ക്കുള്ള അവസാന യാത്രയിൽ കോമിന്റേൺ സെക്രട്ടറി  ദിമിത്രോവിനെ കണ്ട് റേഡിയോ ആശയ വിനിമയത്തിന് പദ്ധതി തയ്യാറാക്കി.1939 ഓഗസ്റ്റ് 23 ന് ഹിറ്റ്ലറും സ്റ്റാലിനും അനാക്രമണ സന്ധി ഒപ്പിട്ടതോടെ ലോക രാഷ്ട്രീയം പാടെ മാറി.പോളണ്ടിനെ ആക്രമിച്ച ജർമനിക്കെതിരെ ബ്രിട്ടനും ഫ്രാൻസും യുദ്ധം പ്രഖ്യാപിച്ചു.രണ്ടാം ലോക യുദ്ധം തുടങ്ങി.റഷ്യയും പോളണ്ടിനെ ആക്രമിച്ചു.

ലോക കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് രായ്ക്കുരാമാനം നയം മാറ്റേണ്ടി വന്നു.ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണം നിന്നു.അമേരിക്ക യുദ്ധത്തിൽ പങ്കെടുക്കരുത് എന്ന പെരുമ്പറ മുഴങ്ങി.നിരവധിയാളുകൾ അമേരിക്കൻ പാർട്ടി വിട്ടു.ഒരു വർഷം കൊണ്ട് 15 % കൊഴിഞ്ഞു.റൂസ്‌വെൽറ്റ് ഭരണകൂടം പാർട്ടിക്ക് എതിരായി.ബ്രോഡർ വ്യാജ പേരുകളിൽ മോസ്‌കോയ്ക്ക് മുൻപ് യാത്ര ചെയ്തത് കുത്തിപ്പൊക്കി.അമേരിക്കൻ കോൺഗ്രസ് കമ്മിറ്റി മുൻപാകെ,വ്യാജ പാസ്‌പോർട്ടിൽ മോസ്‌കോയ്ക്ക് പോയിട്ടുണ്ടെന്ന് ബ്രോഡർ സമ്മതിച്ചു.കമ്മ്യൂണിസ്റ്റ് നേതാക്കൾ പലരും ഇത് ചെയ്‌തെന്ന് വ്യക്‌തമായപ്പോൾ അവർ ഒളിവിൽ പോയി.സോവിയറ്റ് ചാരൻ നിക്കോളാസ് ഡോസൻബർഗിന്റെ പേരിലും ബ്രോഡർ മോസ്‌കോയ്ക്ക് പോയിരുന്നു.അറസ്റ്റിലായിരുന്ന അയാൾ വ്യാജ പാസ്പോർട്ട് സാക്ഷ്യപ്പെടുത്തി.ബ്രോഡർക്ക് നാലു വർഷം തടവ് ശിക്ഷ കിട്ടി.

ജർമനി 1941 ജൂൺ 22 ന് ഓപ്പറേഷൻ ബാർബറോസ എന്ന പേരിൽ റഷ്യയെ ആക്രമിച്ചപ്പോൾ ലോക കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പിന്നെയും മാനം പോയി.അത് വരെ സാമ്രാജ്യത്വ യുദ്ധമായിരുന്ന ഒന്ന് ജനകീയ യുദ്ധമായി.പേൾ ഹാർബറിലെ അമേരിക്കൻ നാവിക താവളം ഡിസംബർ ഏഴിന് ജപ്പാൻ ആക്രമിച്ചു.അമേരിക്ക യുദ്ധത്തിൽ പങ്കാളിയായി.1942 മെയ് 16 ന് സോവിയറ്റ് വിദേശ മന്ത്രി മോളോട്ടോവ് അമേരിക്കയിൽ എത്തും മുൻപ് ബ്രോഡറെ മോചിപ്പിച്ചു.ന്യൂയോർക്കിൽ എത്തി ജനറൽ സെക്രട്ടറിയായി.യുദ്ധത്തിന് ആവശ്യമുള്ള ഉൽപാദന പ്രവൃത്തികളിൽ മുഴുകാൻ അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു.Victory and After എന്ന പുസ്തകത്തിൽ,യുദ്ധ ശേഷം അമേരിക്കയും റഷ്യയും ഒന്നിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്തു.സഖ്യശക്തി ഐക്യവും ആഭ്യന്തരശാന്തിയും മുന്നോട്ടു വച്ച ഈ നയം ബ്രൗഡറിസം എന്നറിയപ്പെട്ടു.1944 ജനുവരി ഏഴിന് 28 അംഗ ദേശീയ സമിതി 200 അതിഥികൾക്ക് മുൻപിൽ വിളിച്ചു ചേർത്ത് ബ്രോഡർ പ്രഖ്യാപിച്ചു:

"Capitalism and Socialism have begun to find their way to peaceful coexistence and collaboration in the same world."
ഈ ലോകത്ത് സോഷ്യലിസവും മുതലാളിത്തവും തമ്മിൽ സഹവർത്തിത്വം സാധ്യമാണ്.

പാർട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ് പൊളിറ്റിക്കൽ അസോസിയേഷൻ എന്ന് മാറ്റി.
ഫോസ്‌റ്ററും സംഘവും ഈ നീക്കങ്ങളെ എതിർത്തു.ഫോസ്‌റ്ററുടെ പ്രതികരണവും കത്തും അച്ചടക്ക ലംഘനമാണെന്ന് ബ്രോഡർ ഭീഷണി മുഴക്കി.യുദ്ധം കഴിഞ്ഞ് ബ്രൗഡറിസം രാജ്യാന്തര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആക്രമിക്കപ്പെട്ടു.1945 ഏപ്രിലിൽ തന്നെ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ പത്രത്തിൽ ഴാക്വസ് ദുക്ലോസ്‌,ബ്രോഡറെ പിച്ചി ചീന്തി.മാർക്സിസവുമായി ബ്രോഡർ സിദ്ധാന്തത്തിന് ഒരു ബന്ധവുമില്ലെന്ന് അതിൽ നിരീക്ഷിച്ചു.തൊഴിലാളി വർഗ പാർട്ടിയെ ബ്രോഡർ ഉന്മൂലനം ചെയ്തു.അത് മാർക്സിസത്തെ ശീർഷാസനത്തിൽ നിർത്തി.
കൃഷ്ണ പിള്ള 
ദുക്ളോസിനെ കൊണ്ട് ഇത് മോസ്‌കോ പറയിച്ചതാണെന്ന് അമേരിക്കൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിഞ്ഞു.ഇത് റഷ്യൻ ഭാഷയിൽ 1945 ൽ യുദ്ധം നടക്കുമ്പോൾ തന്നെ മോസ്‌കോയിൽ തയ്യാറാക്കിയതായിരുന്നുവെന്ന് സോവിയറ്റ് യൂണിയൻ ഇല്ലാതായ ശേഷം ആർകൈവ്സിൽ കണ്ടെത്തി.ബോഡറെ 1945 ജൂണിൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കി.അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി പുനഃസ്ഥാപിച്ചു.സ്വന്തം നിലയ്ക്ക് ഒരു വാരിക അദ്ദേഹം തുടങ്ങിയത് അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തി 1946 ഫെബ്രുവരി അഞ്ചിന് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി.

മുഹമ്മയിൽ 1948 ഓഗസ്റ്റ് 19 ന് കൃഷ്ണ പിള്ളയെ പാമ്പു കടിച്ചില്ലായിരുന്നെങ്കിൽ,അദ്ദേഹത്തിൻറെ വിധിയും ഇതാകുമായിരുന്നില്ലേ?അദ്ദേഹത്തിനെ അതിനു മുൻപ് കടിച്ച ബ്രോഡർ വിഷം കൂടിയ പാമ്പ് ആയിരുന്നു.

പുറത്താക്കപ്പെട്ട ബ്രോഡർ മോസ്‌കോയിൽ പോയി മോളോട്ടോവ് ഉൾപ്പെടെയുള്ളവരോട് കെഞ്ചിയെങ്കിലും രക്ഷപ്പെട്ടില്ല.ഒരു സാഹിത്യ ഏജൻറ് ആകാൻ സൗകര്യം ചെയ്തു കൊടുത്തു.റഷ്യയിൽ നിന്നുള്ള പരിഭാഷകൾ ഇറക്കാൻ പ്രസാധകരെയും ലേഖനങ്ങൾ അടിക്കാൻ ആനുകാലികങ്ങളെയും കണ്ടെത്തുക -ഇതിൽ ബ്രോഡർ വിജയിച്ചില്ല.വാഷിംഗ്ടണിലെ രണ്ടാം സെക്രട്ടറിയെ മാസത്തിൽ ഒരു തവണ കണ്ട് അമേരിക്കയെയും പാർട്ടിയെയും പറ്റി റിപ്പോർട്ടുകൾ നൽകി.അത് ചാര പ്രവർത്തനമായി.1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസിന് ശേഷം സ്വതന്ത്ര നിലപാടിൽ എത്തിയ അമേരിക്കൻ പാർട്ടിയിൽ കടന്നു കൂടാനുള്ള ബ്രോഡറുടെ ശ്രമം വിജയിച്ചില്ല.പാർട്ടിയിൽ ഇല്ലാതെ പ്രിൻസ്റ്റണിൽ മരിച്ചു.മൂന്ന് ആൺ മക്കളും ഗണിത ശാസ്ത്രജ്ഞരായി.
---------------------------------------
See https://hamletram.blogspot.com/2019/09/blog-post_29.html





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...