Sunday, 4 August 2019

സ്വദേശാഭിമാനിയാണ്, ചെങ്കളം

പിതാവാണ് അദ്ദേഹം 


സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ള എന്ത് കൊണ്ട് നല്ല പത്ര പ്രവർത്തകൻ അല്ല എന്ന്  സ്വദേശാഭിമാനി:ക്ളാവ് പിടിച്ച കാപട്യം എന്ന പുസ്തകത്തിൽ ഞാൻ വ്യക്തമാക്കുകയുണ്ടായി. ആ പുസ്തകത്തിന് ശേഷം, കാൾ മാർക്‌സിന്റെ ജീവചരിത്രം പിള്ളയാണ് ഇന്ത്യയിൽ ആദ്യമെഴുതിയത് എന്ന അവകാശവാദം ശരിയല്ലെന്ന്, ആ ജീവചരിത്രം ലാലാ ഹർദയാൽ എഴുതിയ കാൾ മാർക്‌സ്:എ മോഡേൺ ഋഷി എന്ന ദീർഘ പ്രബന്ധത്തിൻറെ പകർപ്പാണെന്ന് വെളിവാക്കിയും, ഹർദയാലിന്റെ പ്രബന്ധം പരിഭാഷ ചെയ്‌തും ഞാൻ തെളിയിച്ചു. സ്വദേശാഭിമാനി അശ്ലീല പത്രപ്രവർത്തനത്തിന് മലയാളത്തിൽ തുടക്കമിട്ടു എന്ന് ഏതെങ്കിലും വ്യഭിചാര ലോലൻ അവകാശപ്പെട്ടാൽ അത് ശരിയായിരിക്കും; പിള്ള കാട്ടിയ വഴിയിൽ പിൽക്കാലത്ത് കലാനിലയം കൃഷ്‌ണൻ നായർ സഞ്ചരിക്കുകയുണ്ടായി.

നാട് കടത്തിയതാണ് പിള്ളയുടെ മഹത്വം എങ്കിൽ, പിള്ളയ്ക്ക് മുൻപേ കോട്ടയത്തെ സന്ദിഷ്ടവാദി (1867) പത്രാധിപർ ഡോ കീസിനെ അതിന് എത്രയോ മുൻപ് ദിവാൻ മാധവറാവുവിന് എതിരെ എഴുതിയതിനെ തുടർന്ന് നാട് കടത്തിയിരുന്നു എന്ന് മറ്റൊരു ലേഖനത്തിലും ഞാൻ നിരീക്ഷിച്ചു; പിള്ളയെ പറഞ്ഞു വിട്ടത് 1910 ൽ മാത്രമാണ്.

ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 

പിള്ള പത്രപ്രവർത്തനം ശരിക്ക് പാകമാകാത്ത കാലത്ത് അത് നടത്തിയതിനാലാണ് അലസിപ്പോയത് എന്ന് വാദിക്കാനും പഴുതില്ല. കാരണം, സ്വദേശാഭിമാനിയുടെ തൊണ്ടി മുതൽ എന്ന ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയ പോലെ, ബ്രിട്ടീഷ് ഭരണത്തെ എതിർത്ത ബങ്കിം ചന്ദ്ര ചാറ്റർജിയും അരവിന്ദ ഘോഷും മികച്ച പത്ര പ്രവർത്തനം പിള്ള അശ്ലീല പത്രപ്രവർത്തനം നടത്തുന്ന കാലത്തും അതിന് മുൻപും നടത്തിയിരുന്നു.

എന്തിന്, ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 1884 ൽ കേരള പത്രിക തുടങ്ങി മലയാളത്തിൽ തന്നെ ആധുനിക പത്ര പ്രവർത്തനം എന്താണെന്ന് തെളിയിച്ചിരുന്നു. മിഷനറിമാർ തുടങ്ങിയ മത പത്ര പ്രവർത്തനവും കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ കേരള മിത്രം പോലുള്ള ആശയസമ്പുഷ്ടി ഇല്ലാത്ത ചെറിയ സംരംഭങ്ങളും ഒഴിവാക്കിയാണ് മേനോനെ ആധുനിക മലയാള പത്ര പ്രവർത്തനത്തിൻറെ പിതാവായി പലരും കാണുന്നത്. അത് കൊണ്ട് തന്നെയാകണമല്ലോ തിരുവിതാംകൂറിൽ നിന്ന് ആട്ടിപ്പുറത്താക്കിയ ശേഷം പിള്ള എഴുതിയ വൃത്താന്ത പത്ര പ്രവർത്തനം എന്ന വിലക്ഷണ ഗ്രന്ഥത്തിന് അവതാരിക എഴുതാൻ, മേനോനെ തന്നെ സമീപിച്ചത്.

"എൻറെ കേരള പത്രിക എന്ന പത്രം മലയാള ജില്ലയിൽ മലയാള ഭാഷയിലെ ഒന്നാമത്തെ പത്രമാണ്" എന്ന് മേനോൻ ആ അവതാരികയിൽ പറയുന്നുണ്ട്. അത് സത്യം അറിയാത്തത് കൊണ്ടാണെന്ന് മൂർക്കോത്ത് കുഞ്ഞപ്പയും പുതുപ്പള്ളി രാഘവനും  പറയുന്നത്* അവരുടെ  അജ്ഞതയായി കണ്ടാൽ മതി -മത പത്ര പ്രവർത്തനം, പത്ര പ്രവർത്തനമായി ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ 1885 ലെ സ്ഥാപക സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്‌ത മേനോൻ കാണാതിരുന്നത് തന്നെയാണ്, ശരി. വിശാഖം  തിരുനാൾ ( 1880 -1885 ) രാജാവ് കേരള പത്രിക 200 കോപ്പി മലബാറിൽ നിന്ന് വരുത്തി തിരുവിതാംകൂറിൽ സ്‌കൂളുകളിലും കോടതികളിലും വിതരണം ചെയ്‌തത്‌ പ്രൗഢിയും പ്രയോജനവും കണ്ടാണ്. (ആയില്യം തിരുനാൾ എന്ന് വി കരുണാകരൻ നമ്പ്യാർ 'നായന്മാർ പത്ര പ്രവർത്തനത്തിൽ എന്ന ലേഖനത്തിൽ പറഞ്ഞത് ശരിയല്ല;ആയില്യം 1880 ൽ മരിച്ചു ).

കുഞ്ഞിരാമ മേനോൻ (1857 -1935) മലബാറിലെ ആദ്യ അഞ്ച് ബിരുദ ധാരികളിൽ ഒരാളായിരുന്നു. ചെങ്കളം കോഴിക്കോട്ടെ പ്രമുഖ തറവാടായിരുന്നു. മദ്രാസിൽ നിന്ന് ബി എ പാസായി. പൊതുപ്രവർത്തനത്തിലെ താൽപര്യം കാരണം സർക്കാർ ജോലിക്ക് പോകാതെ കോഴിക്കോട് ബാസൽ ജർമൻ മിഷൻ സ്‌കൂളിൽ അധ്യാപകനായി. അവിടം വിട്ട് സാമൂതിരി സ്‌കൂളിൽ പോയി, ബാസൽ മിഷനിൽ തിരിച്ചെത്തി. സ്‌കൂൾ കാലം, മലയാളികളുടെ സാംസ്‌കാരികമായ പിന്നാക്കാവസ്ഥ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അതിൽ നിന്നാണ് പത്രം എന്ന ആശയത്തിൽ എത്തിയത്. ദേശീയ നേതാവ് ബിപിൻ ചന്ദ്ര പാൽ (1858 -1932) കേരളത്തിൽ നിന്ന് ദേശീയ പത്രം തുടങ്ങാൻ മേനോനെ പ്രേരിപ്പിച്ചതായി പറയുന്നു.

അലൻ ഒക്ടേവിയൻ ഹ്യൂമിന് കോൺഗ്രസ് സ്ഥാപകപ്പട്ടം ചാർത്തിക്കൊടുക്കുന്നു എങ്കിലും 1857 ലെ ആദ്യ വിപ്ലവം മുതൽ ദേശീയവാദികൾ ഇതിന് ശ്രമം നടത്തിയിരുന്നു. 1885 ഡിസംബർ 28 ന് മുംബൈയിൽ കോൺഗ്രസ് ഉണ്ടാകും മുൻപ് 1884 ഡിസംബറിൽ  ഹ്യൂമിന്റെ നേതൃത്വത്തിൽ 17 പേർ മദ്രാസിൽ  തിയോസഫിക്കൽ കൺവെൻഷൻ ചേർന്ന് പൂനെയിൽ ഇങ്ങനെ ഒരു സംഘടന രൂപീകരിക്കാൻ ആലോചിച്ചു. അവിടെ കോളറ പടർന്നതിനാൽ വൈസ്രോയി ഡഫ്‌റിൻ പ്രഭുവിൻറെ അനുവാദത്തോടെ മുംബൈയിൽ ചേർന്നു. 72 പ്രതിനിധികൾ പങ്കെടുത്തു. ഉമേഷ് ചന്ദ്ര ബാനർജിയെ പ്രസിഡൻറായി തിരഞ്ഞെടുത്തു-ഡബ്ള്യു .സി ബാനർജി . Womesh Chandra Bonnerjee എന്നായിരുന്നു ഇംഗ്ലീഷിൽ. 

മലബാറിൽ നിന്ന് കോൺഗ്രസ് പ്രതിനിധി ആയിരുന്നു മേനോൻ. സമ്മേളനത്തിന് മാർച്ചിൽ തന്നെ നോട്ടീസ് കിട്ടിയിരുന്നു. ഇംഗ്ലീഷുകാരനെ മുന്നിൽ നിർത്തിയില്ലെങ്കിൽ സമ്മേളനം ചേരാൻ അനുമതി കിട്ടുമായിരുന്നില്ല എന്ന് ഗോപാല കൃഷ്‌ണ ഗോഖലെ പറഞ്ഞിട്ടുണ്ട്. ഡിസംബർ 28 മുതൽ 31 വരെ ആയിരുന്നു സമ്മേളനം. ദാദാ ഭായ് നവറോജി,ജസ്റ്റിസ് റാനഡെ, ഫിറോസ് ഷാ മേത്ത,കെ ടി തെലങ്,ദിൻ ഷാ വാചാ എന്നിവർ പ്രധാന പ്രതിനിധികൾ ആയിരുന്നു. ലാലാ ലജ്‌പത്‌ റായ്, ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ എന്നിവർ 'ലാൽ ബാൽ പാൽ ' എന്നറിയപ്പെട്ട ത്രിമൂർത്തികൾ ആയിരുന്നു. അരവിന്ദൻറെ സുഹൃത്തായ പാൽ, Bengal Public Opinion,The Tribune, New India എന്നിവയിൽ പ്രവർത്തിച്ചു. അദ്ദേഹം ആയിരുന്നു, സ്വദേശി പ്രസ്ഥാന ശിൽപി.

കൊൽക്കത്ത സെൻറ് പോൾസ് കത്തീഡ്രൽ മിഷൻ കോളജിൽ അധ്യാപകനും കൊൽക്കത്ത പബ്ലിക് ലൈബ്രറി ലൈബ്രേറിയനും ആയിരുന്നു.
ബിപിൻ ചന്ദ്രപാൽ 

കോൺഗ്രസ് സ്ഥാപനത്തിന് മുൻപൊരു സമ്മേളനത്തിൽ കൊൽക്കത്തയിൽ പോയി ആവേശവുമായി വന്നാണ് മേനോൻ പത്രം തുടങ്ങുന്നത് എന്ന് കരുണാകരൻ നമ്പ്യാർ എഴുതിയിട്ടുണ്ട്. അത് ഏതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല .1883 ലും 1885 ലും സുരേന്ദ്രനാഥ് ബാനർജി, ആനന്ദ് മോഹൻ ബോസിനൊപ്പം കൊൽക്കത്തയിൽ ഇന്ത്യൻ നാഷനൽ അസോസിയേഷൻ വിളിച്ചു കൂട്ടിയിരുന്നു. നിയമപരമായി ജനത്തിൻറെ രാഷ്ട്രീയ, ബൗദ്ധിക,ഭൗതിക നില മെച്ചമാക്കുകയായിരുന്നു ഇന്ത്യൻ അസോസിയേഷൻറെ ലക്ഷ്യം.

ബാനർജിക്ക് ഐ സി എസ് കിട്ടിയിട്ടും അത് നൽകാതിരിക്കാൻ ബ്രിട്ടൻ ഉടക്കുണ്ടാക്കിയിരുന്നു. 1876 ൽ ബാനർജിയും ബോസും ശിവ്‌നാഥ് ശാസ്ത്രിയും മറ്റും രൂപീകരിച്ച ഭാരത സഭയുടെ തുടർച്ചയായിരുന്നു, ഇത്. 1883 ലെ സമ്മേളനത്തിൽ തന്നെ മേനോൻ പങ്കെടുത്തെങ്കിൽ അത് ചെറിയ കാര്യമല്ല. 1879 ൽ തന്നെ, ബ്രിട്ടീഷ് വിരുദ്ധനായ ബാനർജി, ബംഗാളി എന്ന പത്രം തുടങ്ങിയിരുന്നു. പത്രത്തിൽ ബ്രിട്ടീഷ് വിരുദ്ധ പരാമർശങ്ങൾ വന്നപ്പോൾ 1883 ൽ ബാനർജി അറസ്റ്റിലായി. ഇതിനു ശേഷമാണ് അസോസിയേഷൻ സമ്മേളനം നടന്നത് എന്നതിനാൽ, ഇന്ത്യയിൽ എമ്പാടും നിന്ന് പ്രതിനിധികൾ എത്തി. ഈ സംഭവം മേനോനെ പ്രചോദിപ്പിച്ചു എന്ന് കരുതുന്നതിൽ തെറ്റില്ല. അസോസിയേഷൻ 1885 ൽ കോൺഗ്രസിൽ ലയിച്ചു.

അമൃതബസാർ പത്രിക നിരോധിച്ചപ്പോൾ ശിശിർകുമാർ ഘോഷ് രായ്ക്കുരാമാനം ഇംഗ്ലീഷ് പത്രമായി ഇറക്കിയത് ബംഗാളിൽ ആവേശം നിറച്ച സംഭവം ആയിരുന്നു. ഇന്നത്തെ ബംഗ്ലാദേശിലെ ജെസോർ ജില്ലയിൽ അമൃത ബസാർ ഗ്രാമത്തിൽ ബംഗാളിയിൽ വാരികയായി ആ പത്രം 1868 ഫെബ്രുവരി 20 ന് തുടങ്ങിയത്, ശിശിർ ഘോഷും മോത്തിലാൽ ഘോഷും ചേർന്നായിരുന്നു. ധനിക കച്ചവടക്കാരനായ ഹരിനാരായൺ ഘോഷിൻറെ മക്കളായിരുന്നു ഇരുവരും. അവർ ഒരു ചന്തയുണ്ടാക്കി അതിന് ഘോഷിൻറെ ഭാര്യ അമൃതമയിയുടെ പേരിടുകയായിരുന്നു. കോളജ് വിദ്യാഭ്യാസം ഇല്ലാതിരുന്ന മോത്തിലാൽ ആയിരുന്നു ആദ്യ പത്രാധിപർ. സുരേന്ദ്രനാഥ് ബാനർജി പത്രാധിപരായിരുന്ന ബംഗാളി യുടെ എതിരാളിയായി അത് വളർന്നു. നീലം കൃഷിക്കാരുടെ ചൂഷണത്തിനെതിരെ അത് നില കൊണ്ടു.

അമൃത ബസാറിൽ പ്ളേഗ് പടർന്നപ്പോൾ പത്രം 1871 ൽ കൊൽക്കത്തയ്ക്ക് മാറ്റി, ശിശിർ കുമാർ ഘോഷ് പത്രാധിപർ ആയി.സർക്കാർ വിരുദ്ധ വാർത്തകൾ ഇംഗ്ലീഷിലും അച്ചടിച്ചപ്പോൾ വൈസ്രോയി ലിറ്റൻ 1878 ൽ പത്രികയെ ലാക്കാക്കി പ്രാദേശിക പത്ര മാരണ നിയമം കൊണ്ട് വന്നു. ഇന്ത്യൻ ഉടമയിലെ ആദ്യ ഇംഗ്ലീഷ് പത്രമായി 1891 ൽ അത് മാറി. പത്രികയുടെ ഒരു ലേഖകൻ വൈസ്രോയിയുടെ ഓഫിസിലെ ചവറ്റുകുട്ട പരതി കീറക്കടലാസുകൾ ഒന്നിച്ചു ചേർത്തപ്പോൾ കശ്മീർ പിടിച്ചടക്കാനുള്ള വൈസ്രോയിയുടെ പദ്ധതി കിട്ടി -അതാണ് ഇന്ത്യയിലെ ആദ്യ അന്വേഷണാത്മക റിപ്പോർട്ട്.

സുരേന്ദ്രനാഥ് ബാനർജി 

പത്രിക എന്ന പേര് തന്നെ മേനോൻ  തൻറെ പത്രത്തിന് എടുത്തു.
കോഴിക്കോട് മുൻസിഫ് ആയിരുന്ന കാളഹസ്തിയപ്പ  മുതലിയാർ, പുസ്തക പ്രസാധനത്തിന് സ്ഥാപിച്ച വിദ്യാവിലാസം  പ്രസിൽ നിന്നാണ് കേരള പത്രിക പ്രതിവാര പത്രമായി ഇറങ്ങിയത്. കുന്ദലത നോവൽ എഴുതിയ ബാങ്കർ അപ്പു നെടുങ്ങാടി പണം കൊടുത്തു സഹായിച്ചു. പത്രത്തിൽ ലേഖനങ്ങൾ എഴുതി. നയം തീരുമാനിക്കുന്നതിൽ പങ്കു വഹിച്ചു. ജില്ലാ കോടതി ട്രാൻസ്‌ലേറ്റർ മൂളിയിൽ രാമൻ ചർച്ചകളിൽ പങ്കു കൊണ്ടു; ലേഖനങ്ങൾ എഴുതി. എഴുത്തുകാരൻ കണ്ണമ്പ്ര കുഞ്ഞുണ്ണി നായരും സഹായിച്ചു.

അതിലാണ്, കേരളത്തിൽ ആദ്യമായി പരിഷ്‌കൃതവും ചടുലവുമായ ശൈലിയിൽ വാർത്ത നിരന്നത്. വായനക്കാരിൽ ദേശീയ ബോധം വളർത്തി.ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ മറനീക്കി. അധർമ്മത്തെ തൊലിയുരിച്ചു. കോൺഗ്രസ് എന്ന വാക്ക് ഭാരത മഹാജന സഭ എന്ന് മേനോൻ പരിഭാഷ ചെയ്‌തു. കേരളത്തിൽ കോൺഗ്രസ് പ്രചാരണം തുടങ്ങിയത് ഈ പത്രമാണെന്ന് ഉള്ളൂർ രേഖപ്പെടുത്തി.**

പത്രം, പൊതു ജനാഭിപ്രായം രൂപീകരിക്കാൻ ഉപയോഗിച്ചത് താൻ ആണെന്ന് മേനോൻ, വൃത്താന്ത പത്ര പ്രവർത്തന അവതാരികയിൽ പറയുന്നു:

ഞാൻ പത്രവൃത്തിയിൽ ഇറങ്ങിയ കാലത്ത് ഈ ജില്ലയിൽ (മലബാർ) പൊതു ജനാഭിപ്രായം എന്ന ഒന്ന് ഉണ്ടായിരുന്നുവോ എന്ന് തന്നെ സംശയമായിരുന്നു. ഏതെങ്കിലും ഒരു ദിക്കിലെ പ്രമാണിയുടെയോ ഒരു ഉദ്യോഗസ്ഥന്റെയോ അഭിപ്രായത്തിന് അനുസരിച്ചായിരുന്നു ജനങ്ങളുടെ അഭിപ്രായവും നില നിന്നിരുന്നത്.പ്രമാണികളുടെയും ഉദ്യോഗസ്ഥന്മാരുടെയും അഭിപ്രായങ്ങൾക്ക് വിപരീതമായ അഭിപ്രായങ്ങൾ ആലോചിച്ച് ഉണ്ടാക്കുവാനുള്ള അറിവ് അധികം ആളുകൾക്കും ഉണ്ടായിരുന്നില്ല. ചുരുക്കം ചിലർക്ക് ഉണ്ടായിരുന്നുവെങ്കിൽ തന്നെ അത് വെളിയിൽ പറയുവാൻ അവർക്ക് ധൈര്യവും ഉണ്ടായിരുന്നില്ല.,,,

കൈക്കൂലി വാങ്ങി അന്യായം പ്രവർത്തിക്കുന്നത് പ്രാപ്തിയും യോഗ്യതയുമുള്ള ഉദ്യോഗസ്ഥന്മാരുടെ ലക്ഷണമാണെന്നും സത്യമായും മര്യാദയായും നടക്കുന്നത് പോരാത്തവരുടെ ലക്ഷണമാണെന്നുമായിരുന്നു വളരെ ജനങ്ങളും വിശ്വസിച്ചു പോന്നിരുന്നത്. കൈക്കൂലി മേടിച്ചും വേറെ പ്രകാരത്തിൽ അഴിമതി ചെയ്‌തും ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥന്മാരെ നാട്ടിൽ പ്രമാണികൾ കൂടി ആദരിച്ചു പോന്നിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.ഇതേ പോലെ തന്നെ മറ്റു പല കാര്യങ്ങളിലും ജനങ്ങളുടെ അഭിപ്രായം നല്ല നിലയിൽ അല്ലായിരുന്നു. ഇനി ജനങ്ങളുടെ രുചി, അല്ലെങ്കിൽ വായന രസം എന്നുള്ള സംഗതിയെപ്പറ്റി ആലോചിക്കുന്നതായാൽ അതും ഇപ്പോഴത്തേതിലും എത്രയോ വ്യത്യാസപ്പെട്ട നിലയിൽ ആയിരുന്നു. അക്കാലത്ത് ജനസമുദായത്തിൻറെ സ്ഥിതിയെ സംബന്ധിച്ചോ രാജ്യ കാര്യങ്ങളെ സംബന്ധിച്ചോ ഗൗരവമായ വല്ല മുഖ പ്രസംഗവും എഴുതിയിരുന്നാൽ അത് അധികം ജനങ്ങൾക്കും രുചിച്ചിരുന്നില്ല. വല്ല കാര്യങ്ങളെയും ദുഷിച്ചോ വല്ലവരെയും ഹസിച്ചോ എഴുതിയിരുന്നുവെങ്കിൽ അവയെ അധിക ജനങ്ങളും സന്തോഷത്തോടു കൂടി വായിച്ചിരുന്നു. യാതൊരു വലിയ കാര്യത്തെപ്പറ്റിയും ആലോചിക്കുവാൻ ജനങ്ങൾക്ക് മനസ്സുണ്ടായിരുന്നില്ല. വല്ലവർക്കും മനസ്സുണ്ടായിരുന്നുവെങ്കിൽ തന്നെ ആലോചിച്ച് അഭിപ്രായം പറയുവാൻ തക്ക അറിവ് എത്രയോ ചുരുക്കം ജനങ്ങൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു.

പത്രത്തിന്റെ യഥാർത്ഥ ദൗത്യത്തെപ്പറ്റി ഇന്നത്തെ കാഴ്ചപ്പാടിൽ നിന്ന് ഭിന്നമല്ല, മേനോൻ ഇവിടെ പറഞ്ഞിരിക്കുന്നത്; പൊതുജനാഭിപ്രായ രൂപീകരണവും വിജ്ഞാനം പകരലുമാണ് പ്രാഥമിക കടമ.മലയാളിയുടെ സംസ്‌കാരം ആകട്ടെ, മേനോൻ പറഞ്ഞതിൽ നിന്ന് ഒരുപാടൊന്നും മാറിയിട്ടില്ല; രാമകൃഷ്‌ണ പിള്ള തെളിച്ച അശ്ലീല വഴിയായി പ്രചാരം മുന്നിൽ കണ്ട മുഖ്യധാരാ മാധ്യമ സഞ്ചാരം.

അമൃതബസാർ പത്രിക 

പത്രത്തിൻറെ മാത്രമല്ല, മാസികയുടെ സ്വഭാവം കൂടി പത്രികയ്ക്ക് മേനോൻ നൽകിയിരുന്നു എന്നത് ഒരു ക്രാന്തദർശിക്ക് മാത്രം കഴിയുന്ന കാര്യമാണ് -മൂല്യ വർധിത ഉൽപന്നമാകണം പത്രം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്; അതാണ് മേനോൻ അക്കാലത്തു കൈകാര്യം ചെയ്തത്.

പത്രികയിൽ സ്ഥിരമായി എഴുതിയിരുന്നവരിൽ പ്രധാനി ആദ്യ മലയാള ചെറു കഥ വാസനാ വികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ആയിരുന്നു. കേസരി എന്ന തൂലികാ നാമത്തിൽ ആയിരുന്നു, അവ. അതിൽ വന്ന 22 ലേഖനങ്ങൾ കേസരി എന്ന പേരിൽ പുസ്തകമായി.കണ്ണൂരിലെ സ്വതന്ത്ര ചിന്തകൻ പോത്തേരി കുഞ്ഞമ്പു മത പരിഷ്‌കാരം, ചില സാമുദായിക ആചാരങ്ങളിലെ അർത്ഥമില്ലായ്മ,ജാതി എന്ന അസംബന്ധം അധഃകൃതോദ്ധാരണം എന്നിവയെപറ്റിയെഴുതി (ഇതൊക്കെ കഴിഞ്ഞും പിള്ള ജാതിയിൽ തൂങ്ങി). കണ്ണമ്പ്ര കുഞ്ഞുണ്ണി നായർ പിന്നീട് കൈരളി എന്ന പ്രമുഖ മാസികയുടെ പത്രാധിപരായി. കോഴിക്കോട്ടെ പ്രമുഖ കുടുംബമായ വട്ടാംപൊയിലിലെ ചാത്തുക്കുട്ടി വൈദ്യർ ആദ്യകാല പ്രവർത്തകൻ ആയിരുന്നു.കുടുംബത്തിലെ മറ്റംഗങ്ങളായ  ചോയി വൈദ്യരും കൃഷ്ണൻ വൈദ്യരും സാമുദായിക, സാംസ്‌കാരിക രംഗങ്ങളിൽ ഇടപെട്ടിരുന്നു. അപ്രസിദ്ധരായവരും കഴിവുള്ളവരുമായവരെ കണ്ടെത്തി എഴുതിച്ച ആദ്യ പത്രാധിപരാണ് മേനോൻ.അദ്ദേഹം പിള്ളയെപ്പോലെ ജാതിവാദി അല്ലായിരുന്നുവെന്ന് ഈഴവർ ഒപ്പമുണ്ടായിരുന്നു എന്ന വസ്തുതയിൽ നിന്നറിയാം .
ശിശിർ ഘോഷ് 

പത്രപ്രവർത്തനത്തിൻറെ ആ തുടക്ക കാലത്ത് മേനോൻ നന്നായി ബുദ്ധിമുട്ടി.അദ്ദേഹം എഴുതുന്നു:

പത്രം ആരംഭിച്ച കാലത്ത് എനിക്കും എൻറെ സഹായികൾക്കും ഉണ്ടായ ബുദ്ധിമുട്ട് അൽപമല്ലായിരുന്നു.മാന്യന്മാരായ ചില സ്നേഹിതന്മാരുടെ ഉത്സാഹം കൊണ്ട് ആദിയിൽ തന്നെ വരിക്കാർ കുറെയുണ്ടായി.നാട്ടിൻ പുറങ്ങളിൽ നിന്ന് വർത്തമാനങ്ങളും ലേഖനങ്ങളും എഴുതാൻ തക്ക ആളുകൾ ഇല്ലാത്തതു കൊണ്ടാണ് ബുദ്ധിമുട്ട് അധികവും ഉണ്ടായത്. ഇംഗ്ലീഷ് പഠിച്ചവരിൽ ചിലർക്ക് നാട്ടുഭാഷയിലുള്ള പത്രങ്ങൾ വായിക്കുന്നതും അവയിലേക്ക് വല്ലതും എഴുതുന്നതും തങ്ങളുടെ അവസ്ഥയ്ക്ക് കുറവാണെന്നുള്ള വിചാരം കൂടിയുണ്ടായിരുന്നു. ചിലർ നാട്ടുഭാഷയിൽ എന്തെങ്കിലും എഴുതുവാൻ ശീലമില്ലാത്തവരും ആയിരുന്നു. ഇംഗ്ലീഷ് പഠിക്കാത്തവരും നാട്ടുഭാഷയിലോ സംസ്‌കൃതത്തിലോ സാമാന്യം അറിവുള്ളവരും ആയവർ -കോടതിയിൽ ശീലിച്ചവരും ആധാരം എഴുത്തുകാരും ഒഴികെ -കവികൾ, എന്ന് വച്ചാൽ പദ്യരൂപമായ കവിതകൾ മാത്രം വായിച്ചു ശീലിച്ചവരായിരുന്നതിനാൽ, ഗദ്യങ്ങൾ എഴുതുവാൻ ഒട്ടും ശീലമുള്ളവരായിരുന്നില്ല.കോടതിക്കാരുടെ വാചക രീതി പത്രങ്ങളിലേക്ക് വളരെ പറ്റിയതും ആയിരുന്നില്ല. ഈ വക കാരണങ്ങളാൽ ആദ്യകാലത്ത് ലേഖക ദൗർലഭ്യം കൊണ്ട് ഞാൻ സാമാന്യം ബുദ്ധിമുട്ടിയിട്ടുണ്ട്. ചിലപ്പോൾ നാട്ടിൻപുറങ്ങളിൽ നിന്ന് വന്നിരുന്ന വർത്തമാന കത്തുകളെയും ലേഖനങ്ങളെയും സാധാരണ മലയാളത്തിൽ ആക്കേണ്ടതിന് മാറ്റി എഴുതേണ്ടതായും വന്നിട്ടുണ്ട് .... 

പത്രഭാഷ സാധാരണക്കാരന്റേത് ആയിരിക്കണം, അതിൽ എഡിറ്റിങ് വേണം എന്ന ആധുനിക കാഴ്ചപ്പാടാണ് ഇവിടെ കാണുന്നത്. 27 കൊല്ലം കൊണ്ട് 'പത്രിക' കേരളീയരിൽ വരുത്തിയ മാറ്റം അഭിമാനകരമായി മേനോൻ തന്നെ വിലയിരുത്തുന്നു. ഇതാണ് സ്വയം ബോധ്യത്തിൻറെ മേന്മ. അല്ലാതെ നാട് കടത്തലിൻറെ കാരണം പറയാതെ എൻറെ നാടു കടത്തൽ എന്ന് പുസ്തകം എഴുതുന്നത് പോലെ അല്ല. 27 കൊല്ലം കൊണ്ട് ലേഖക ദൗർലഭ്യവും ലേഖന ദൗർലഭ്യവും ഇല്ലാതായി. പൈങ്കിളിയിൽ നിന്ന് ഗൗരവത്തിലേക്ക് ജനം മാറി.കൈക്കൂലിക്കാർ ചുരുങ്ങി. അനീതി പറയാൻ ജനത്തിന് പേടി ഇല്ലാതായി.

പത്രികയുടെ നിലവാരം വച്ചാണ് വിശാഖം തിരുനാൾ അത് തിരുവിതാംകൂറിൽ വരുത്തിയത്; എന്നാൽ ആ ഏർപ്പാട് പിൽക്കാലത്ത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഇടപെട്ട് നിർത്തിച്ചു; തമ്പുരാൻറെ അമരുക ശതകം, മയൂര സന്ദേശം എന്നിവ പൊട്ടക്കവിതകളാണെന്ന് പത്രിക എഴുതിയതായിരുന്നു, കാരണം. തമ്പുരാന് സഹിഷ്‌ണുത ഉണ്ടായില്ല. ഇത് കേട്ട് മേനോൻ ഇങ്ങനെ പ്രതികരിച്ചു:" അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാത്തവരുടെ സഹായമൊന്നും വേണ്ട".

മേനോന് ശേഷം, സഹോദരൻ കോമു മേനോൻ, അനന്തരവനും കഥാകൃത്തുമായ  എം ആർ കെ സി (ചെറിയ കുഞ്ഞിരാമ മേനോൻ) എന്നിവർ പത്രാധിപന്മാരായി. കുറച്ചു കാലം മുടങ്ങി പുനരാരംഭിച്ചപ്പോൾ പത്രാധിപരായത് ഹാസ്യ സാമ്രാട്ട് സഞ്ജയൻ ആയിരുന്നു. സഞ്ജയൻ എഴുതി:

ചെങ്കളത്ത് കുഞ്ഞിരാമ മേനോന് സ്മാരക സ്‌തംഭം ഒന്നും വേണ്ട;മഹാനായ അലക്‌സാണ്ടർക്കും ജൂലിയസ് സീസർക്കും വേണം. അവർ സ്ഥാപിച്ച സാമ്രാജ്യങ്ങൾ എവിടെ ? കുഞ്ഞിരാമ മേനോൻ നട്ട വിത്തിൽ നിന്ന് ഒരു വമ്പിച്ച ഉദ്യാനമാണ് ഉണ്ടായിരിക്കുന്നത്.ഇന്ന് നിങ്ങൾ നാടെങ്ങും കാണുന്ന വർത്തമാന പത്രങ്ങൾ ഒക്കെയും അദ്ദേഹത്തിൻറെ വിജയ പതാകകളാണ് ".

1904 ൽ പത്രിക സാമ്പത്തിക ക്ലേശത്തിൽ പെട്ടപ്പോൾ, എം ആർ കെ സി പുന്നത്തൂർ രാജാവിൻറെ ഭൂമി പൊളിച്ചെഴുത്ത് മേൽനോട്ടക്കാരനായിരുന്നു. സർക്കാർ സേവനത്തിൽ നിന്ന് അവധി എടുത്താണ് പത്രികയിൽ ചേർന്നത്. അത് കഴിഞ്ഞ് സർക്കാർ ജോലി രാജിവച്ച് തൃശൂരിൽ മംഗളോദയം മാനേജരായി. സ്ഥാപനത്തിന് പുതിയ കെട്ടിടം പണിയുമ്പോൾ ശീലാന്തി താഴെ അദ്ദേഹത്തിന് മേൽ വീണ് ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. അദ്ദേഹം ഹൈദരാലിയുടെ ഗവർണറായ ആയാസ് ഖാൻറെ ജീവിതം ആധാരമായി എഴുതിയതാണ്, വെള്ളവകമ്മാരൻ നോവൽ. കമ്മാരൻ നമ്പ്യാർ മതം മാറിയാണ് ആയാസ് ഖാൻ ആയത്.

കുഞ്ഞിരാമ മേനോന് സ്‌മാരകം വേണ്ടെന്ന് സഞ്ജയൻ എഴുതി; അന്ന് സ്വദേശാഭിമാനി ഭക്ത സംഘമോ പിള്ള പ്രതിമയോ ഉണ്ടായിരുന്നില്ല.അശ്ലീല പത്രപ്രവർത്തന പ്രതിമ തലസ്ഥാനത്ത് ഉള്ളപ്പോൾ, മലയാള പത്രപ്രവർത്തനത്തിൻറെ പിതാവിന്, അദ്ദേഹം ജനിച്ച കോഴിക്കോട്ട് സ്‌മാരകം ഉണ്ടാവുക തന്നെ വേണം. ആ പ്രതിമ നിർമാണത്തിൽ അഴിമതി ഉണ്ടാവുകയും അരുത്.

---------------------------------------
*സംസ്‌കാര തരംഗിണി/മൂർക്കോത്ത് കുഞ്ഞപ്പ;കേരള പത്ര പ്രവർത്തന ചരിത്രം/ പുതുപ്പള്ളി രാഘവൻ 
**മലയാള സാഹിത്യ ചരിത്രം / ഉള്ളൂർ 




© Ramachandran









FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...