Friday 5 July 2019

സ്വദേശാഭിമാനിയുടെ തൊണ്ടിമുതൽ

ഹർദയാലിന്റെ മാർക്‌സ് ജീവചരിത്ര പരിഭാഷയ്ക്ക് ആമുഖം 

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കാൾ മാർക്‌സിനെപ്പറ്റി മലയാളത്തിൽ എഴുതിയ ജീവചരിത്രമാണ്, ഇന്ത്യയിൽ മാർക്‌സിനെപ്പറ്റി വന്ന ആദ്യ ജീവചരിത്രമെന്നും അത് ഒക്ടോബർ വിപ്ലവത്തിന് അഞ്ചു വർഷം മുൻപായിരുന്നുവെന്നും പിള്ളയുടെ ഭക്തസംഘം കൊട്ടിപ്പാടിസ്സേവ നടത്താറുണ്ട്. പിള്ള എഴുതിയ ജീവചരിത്രം, ലാലാ ഹർദയാൽ എഴുതിയ, Karl Marx: A Modern Rishi എന്ന ജീവചരിത്രത്തിൻറെ മോഷണമാണെന്ന് സ്വദേശാഭിമാനി:ക്ലാവ് പിടിച്ച കാപട്യം എന്ന പുസ്തകത്തിൽ,' മാർക്സിനെ ചൂണ്ടിയ പിള്ള' എന്ന അധ്യായത്തിൽ, ഞാൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ പത്രപ്രവർത്തനത്തിൻറെ പിതാവായ രാമാനന്ദ് ചാറ്റർജിയെപ്പറ്റിയുള്ള പഠനത്തിനിടയിൽ,ആകസ്മികമായാണ്, ഈ മോഷണം എൻറെ ശ്രദ്ധയിൽ പെട്ടത്. മോഷണത്തിൻറെ വിശദാംശത്തിലേക്ക് അപ്പോൾ ഞാൻ കടന്നിരുന്നില്ല. ഇതാണ്,അതിന് പറ്റിയ സന്ദർഭം.

ലാലാ ഹർദയാൽ 

ഇന്ത്യയിൽ മാര്ക്സിനെപ്പറ്റി ആദ്യം വന്ന ദീർഘ ജീവചരിത്രം, ലാലാ ഹർദയാലിന്റേതാണ്. അത്, രാമാനന്ദ് ചാറ്റർജി പത്രാധിപരായി കൊൽക്കത്തയിൽ നിന്നിറങ്ങിയിരുന്ന മോഡേൺ റിവ്യൂ മാസികയുടെ 1912 മാർച്ച് ലക്കത്തിലാണ് (പേജ് 273 -286 ) വന്നത്. പിള്ള എഴുതിയ ജീവചരിത്രത്തിൻറെ ആമുഖത്തിൽ, ജീവചരിത്രത്തിൻറെ തീയതി 1912 ഓഗസ്റ്റ് നാല് ആണ്. ഹർദയാൽ ജീവചരിത്രം പ്രസിദ്ധീകരിച്ച് നാലു മാസത്തിനു ശേഷം, പിള്ള എഴുതിയ ജീവചരിത്രം വന്നത്, യാദൃച്ചികമാകാൻ ഇടയില്ല എന്ന് തോന്നിയാണ്, ഞാൻ ഹർദയാൽ എഴുതിയ ജീവചരിത്രം സംഘടിപ്പിച്ച് ഒത്തു നോക്കിയത്. ഒരു ന്യായവുമില്ലാത്ത കൊള്ളയാണ് നടന്നതെന്ന് ബോധ്യപ്പെട്ടു. പിള്ളയുടെ ആദ്യ ഖണ്ഡിക ഒഴിച്ചാൽ, ബാക്കി മുഴുവൻ ഹ്ർദയാലിൽ നിന്ന് പകർത്തിയതാണ്. ഹർദയാൽ മാർക്സിസത്തോട് പ്രകടിപ്പിക്കുന്ന വിയോജിപ്പുകൾ പിള്ള വിട്ടു കളഞ്ഞിട്ടുണ്ട്. ഹർദയാലിന്റെ പ്രബന്ധത്തിലെ ഉദ്ധരണികൾ പിള്ളയും ആവർത്തിക്കുന്നു. ചില ഭാഗങ്ങൾ സംഗ്രഹിച്ചതിനാൽ, ഹർദയാലിന്റെ പ്രബന്ധത്തെക്കാൾ ചെറുതാണ്, പിള്ള എഴുതിയ ജീവചരിത്രം.

രാമാനന്ദ് ചാറ്റർജി 

ഹർദയാലിന്റെ പ്രബന്ധം കൊൽക്കത്ത നാഷനൽ ലൈബ്രറിയിലും നെതർലാൻഡ്‌സിലെ ഇൻറർനാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ ഹിസ്റ്ററി ആർക്കൈവ്സിലുമുണ്ട്.നാഷനൽ ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത പ്രബന്ധം, പി സി ജോഷി,കെ ദാമോദരൻ എന്നിവർ എഡിറ്റ് ചെയ്ത Marx Comes to India ( 1975 ) എന്ന പുസ്തകത്തിൽ ചേർത്തു. അതോടൊപ്പം ആ പുസ്തകത്തിൽ, പിള്ള എഴുതിയ ജീവചരിത്രം ഹൈദരാബാദ് സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് അധ്യാപകനായ കെ പി മോഹനെ കൊണ്ട് പരിഭാഷ ചെയ്യിച്ച് ചേർത്തു. അങ്ങനെ രണ്ടും ഇംഗ്ലീഷിലും ഒത്തു  നോക്കാൻ അവസരം വന്നു. എന്നിട്ടും പിള്ളയുടേത് മോഷണമാണെന്ന സത്യം ജോഷിയും ദാമോദരനും പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ മറച്ചു വച്ചു. എന്നാൽ, മാർക്സിസ്റ്റ് ചരിത്രകാരനായ കിരൺ മൈത്ര താനെഴുതിയ Marxism in India എന്ന ചരിത്രത്തിൽ ഇത് ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു:" ഹർദയാലിന്റെ നഖ ചിത്രത്തിന് പിന്നാലെ,ഹർദയാലിന്റെതിനോട് അതീവ സാമ്യമുള്ള ഒരു ജീവചരിത്ര കുറിപ്പ് ഒരു രാമ കൃഷ്ണ പിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ചു ".

അങ്ങനെ, പിള്ളയെ നവോത്ഥാന നായകനാക്കി ചിലർ ചിലർ പൊക്കിപ്പിടിച്ച് സൃഷ്ടിച്ച കപട വിഗ്രഹം പൊളിക്കുന്നതിൻറെ ഭാഗമായി,ഹർദയാലിന്റെ പ്രബന്ധം പരിഭാഷ ചെയ്യേണ്ടത് അനിവാര്യമായി വന്നു.

രാമാനന്ദ് ചാറ്റർജി ( 1865 -1973 ) മോഡേൺ റിവ്യൂ സ്ഥാപകനും ഉടമയും പത്രാധിപരുമായിരുന്നു.ഗാന്ധി, ടഗോർ, നെഹ്‌റു, ബോസ്, റൊമെയ്ൻ റൊളാങ്, ലാലാ ലജ് പത് റായ്, സിസ്റ്റർ നിവേദിത, ജാദുനാഥ് സർക്കാർ എന്നിവരൊക്കെയായിരുന്നു, അതിൽ എഴുതിയിരുന്നത്. ഇന്ത്യൻ ദേശീയതയുടെ സംഗമ ബിന്ദുവായിരുന്നു, മാസിക. രാഷ്ട്രീയം,ധന ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവ ആധാരമാക്കിയുള്ള പ്രബന്ധങ്ങൾ, കവിതകൾ, കഥകൾ, യാത്രാ വിവരണം, രേഖാ ചിത്രങ്ങൾ എന്നിവ അതിൽ ഉണ്ടായിരുന്നു. ആദ്യമായി പരിസ്ഥിതി നാശത്തെപ്പറ്റി രാധാ കമൽ മുക്കർജി എഴുതിയ ലേഖനങ്ങൾ അതിൽ വന്നു; വെറിയർ എൽവിൻറെ ആദ്യ നര വംശ ശാസ്ത്ര ലേഖനങ്ങളും അതിൽ കണ്ടു. 1937 നവംബറിൽ നെഹ്‌റു 'ചാണക്യ' എന്ന തൂലികാ നാമത്തിൽ, സ്വയം വിമർശനപരമായ 'രാഷ്‌ട്രപതി' എന്ന ലേഖനം അതിൽ എഴുതി.

ജോഷിയും ദാമോദരനും ഇറക്കിയ പുസ്തകത്തിൽ, 1903 ൽ കൊൽക്കത്തയിലെ അമൃത ബസാർ പത്രിക യിൽ, Rise of Foreign Socialists : Their Remarkable Growth in the Continent in Recent Years എന്ന ലേഖനത്തിലാണ് ആദ്യം ഇന്ത്യയിൽ മാർക്‌സിന്റെ പേര് വന്നത് എന്ന് പറയുന്നത് ശരിയല്ല. 1981 മെയ് ഒന്നിലെ 'മഹ്‌റാട്ട' യിൽ ബാലഗംഗാധര തിലകൻ എഴുതിയ ലേഖനത്തിലാണ്,ആദ്യം മാർക്‌സിന്റെ പേര് വന്നത്.* എന്നാൽ, മാർക്സിനെപ്പറ്റിയുള്ള ആദ്യ പ്രബന്ധം ഹർദയാലിന്റേത് തന്നെ.

പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ പാദത്തിൽ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ഇന്ത്യൻ ചിന്തകർ ബന്ധപ്പെട്ടു. 1833 ൽ രാജാറാം മോഹൻ റോയ് ഇംഗ്ലണ്ടിൽ റോബർട്ട് ഓവനെ കണ്ടിരുന്നു. 1871 ൽ കൊൽക്കത്തയിലെ ചില തീവ്ര വാദികൾ മാർക്സിനെ ബന്ധപ്പെട്ട്,അദ്ദേഹം സ്ഥാപിച്ച ഇൻറർനാഷനൽ വർക്കിങ് മെൻസ് അസോസിയേഷനിൽ (ഇതാണ് ഇൻറർനാഷനൽ എന്നറിയപ്പെട്ടത്) അംഗമാകാൻ ശ്രമിച്ചു.ഇവരുടെ പേരുകൾ അറിയില്ല.ബ്രഹ്മസമാജത്തിൽ പ്രവർത്തിച്ചിരുന്ന ചരിത്രകാരൻ ശിവ്‌നാഥ് ശാസ്ത്രി ആണെന്ന് സംശയമുണ്ട്. (ശാസ്ത്രി, സ്വാമി വിവേകാനന്ദൻറെ അനുജൻ ഭൂപേന്ദ്ര നാഥ് ദത്തിനെ വിപ്ലവകാരിയാക്കുന്നതിൽ പങ്കു വഹിച്ചു).എന്നാൽ ഇവരുടെ കത്ത് ഇന്റർനാഷനലിന്റെ പൊതുയോഗം ചർച്ച ചെയ്തതായി, The Eastern Post 1871 ഓഗസ്റ്റ് 19 ന് റിപ്പോർട്ട് ചെയ്തു.
ഹർദയാൽ ലേഖനം 

ബങ്കിം ചന്ദ്ര ചാറ്റർജി 1870 കളുടെ ഒടുവിൽ കമ്മ്യൂണിസത്തെയും ഇന്റർനാഷനലിനെയും ബംഗദേശേർ കൃഷക്   എന്ന ലേഖനത്തിൽ പരാമർശിച്ചു. ടഗോർ,സോഷ്യലിസം എന്ന ലേഖനം 1892 ൽ സാധന യിൽ എഴുതി. താൻ ഒരു സോഷ്യലിസ്റ്റ് ആണെന്ന് സ്വാമി വിവേകാനന്ദൻ 1896 നവംബർ ഒന്നിന് എഴുതിയ കത്തിൽ,പ്രഖ്യാപിച്ചു.**

റഷ്യയിലെ ഒക്ടോബർ വിപ്ളവത്തിന്‌ മുൻപ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ തകർക്കാൻ യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാർ,ഫ്രഞ്ച് സോഷ്യലിസ്റ്റുകളുമായി ബന്ധപ്പെട്ടിരുന്നു. മാഡം കാമയും എസ് ആർ റാണെയും സ്വന്തം നിലയിൽ  ഇന്ത്യൻ പ്രതിനിധികളായി, 1909 ൽ സ്റ്റുട്ട് ഗാർട്ടിൽ നടന്ന ഇൻറർനാഷനൽ സോഷ്യലിസ്റ്റ് സമ്മേളനത്തിൽ പങ്കെടുത്തു. മാർക്സിന്റെ മകളുടെ മകനും പാരിസിൽ സോഷ്യലിസ്റ്റും പത്രാധിപരുമായിരുന്ന ജീൻ ലോംഗ്വെറ്റിനെ സരോജിനി നായിഡുവിൻറെ ഇളയ സഹോദരനും വിപ്ലവകാരിയുമായ, ചാറ്റോ എന്നറിയപ്പെട്ട വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മാഡം കാമയും ബന്ധപ്പെട്ടിരുന്നു.സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു, മാഡം കാമ എന്നറിയപ്പെട്ട ബിഖാവ്‌ജി കാമ ( 1861 -1936 ) എന്ന പാഴ്‌സി വനിത. ഇത്രയൊക്കെ പശ്ചാത്തലം ഹർദയാലിന്റെ പ്രബന്ധത്തിനുണ്ട്. ഹർദയാൽ തൻറെ പ്രബന്ധത്തിന് ആധാരമാക്കിയത്, 1908 ൽ അമേരിക്കയിൽ ഇറങ്ങിയ, ജോൺ സ്‌പർഗോ എഴുതിയ Marx: His Life and Work എന്ന ജീവചരിത്രമാണ്.
ജീൻ ലോൻക്വെറ്റ് 

ഒക്ടോബർ വിപ്ലവത്തോടെ,വിദേശത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളിൽ ചിലർ,റഷ്യൻ സോഷ്യലിസ്റ്റുകളുമായി ബന്ധപ്പെട്ടു. ചാറ്റോ, വി വി എസ് അയ്യർ, തിരിമൂൽ ആചാര്യ, അബ്ദുറബ് നിസ്തർ, മുഹമ്മദ് സാദിഖ് എന്നിവരായിരുന്നു, ഇതിൽ പ്രമുഖർ. ഇവർ ലെനിനെ കണ്ട് സഹായം ചോദിച്ചു.സോഷ്യലിസം നന്നായി പഠിക്കാൻ അയാൾ ഉപദേശിച്ചു.

അന്ന് മാർക്സിസത്തിൽ ആവേശഭരിതനായ പ്രമുഖ ഇന്ത്യക്കാരനാണ്, നരേൻ എന്നറിയപ്പെട്ട നരേന്ദ്രനാഥ് ബാനർജി.ആയുധവും പണവുമാണ് വിപ്ലവത്തിന് അത്യാവശ്യം എന്ന ചിന്ത തലയിൽ കയറി. ഒന്നാം ലോകയുദ്ധം ഉണ്ടായപ്പോൾ ,ജർമനി ഇന്ത്യയിലെ വിപ്ലവകാരികൾക്ക് ആയുധങ്ങൾ നൽകാം എന്നേറ്റു.അവ ഇന്ത്യയിൽ എത്താത്തതിൽ ണ് നിരാശനായ നരേൻ, സി എ മാർട്ടിൻ എന്ന പേരിൽ വേഷ പ്രച്ഛന്നനായി, ആയുധം തേടി ഇന്ത്യ വിട്ടു.ബറ്റേവിയ -ഷാങ് ഹായ് -ടോക്കിയോ വഴി സാൻഫ്രാൻസിക്കോയിൽ എത്തി,അവിടെ നിന്ന് പാലോ ആൾട്ടോയിൽ ചെന്നു. അവിടെ നിന്ന് ബർലിനിൽ എത്താം എന്നായിരുന്നു പ്രതീക്ഷ.പാലോ ആൾട്ടോയിലെ സ്റ്റാൻഫോഡ് സർവകലാശാലാ കാമ്പസിൽ  ഇന്ത്യയിലെ തൻറെ സഖാവായിരുന്ന ജാദുഗോപാൽ മുക്കർജിയുടെ അനുജൻ ധനഗോപാൽ മുക്കർജിയുടെ അതിഥിയായി. ആ കാഴ്ച അപ്രതീക്ഷിതമായി. പുതിയൊരു ജീവിതത്തിന് മുക്കർജി നരേനെ പ്രേരിപ്പിച്ചു. അങ്ങനെ എം എൻ റോയ് (1887 -1954 ) ഉണ്ടായി. റോയ് പിൽക്കാലം ഇന്ത്യൻ പാർട്ടിയെ നിയന്ത്രിച്ചു.

2

വിപ്ലവം നടത്താൻ ഇന്ത്യ വിടുകയും അതിനായി താൻ വിശ്വാസം അർപ്പിച്ച ജർമനി ഒന്നാം ലോകയുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ, ബ്രിട്ടനൊപ്പം ചേർന്ന് ലണ്ടനിൽ അധ്യാപകനായ ആളാണ്, ലാലാ ഹർദയാൽ (1884 -1939). ഡൽഹിയിൽ കായസ്ഥ കുടുംബത്തിൽ ജനിച്ച്, അവിടെയും ലഹോറിലും പഠിച്ച് എം എ യ്ക്ക് ഒന്നാം റാങ്ക് നേടി, സർക്കാർ സ്കോളർ ഷിപ്പോടെ 1905 ൽ ഓക്സ്ഫോഡിലെ സെയിന്റ് ജോൺസ് കോളജിൽ പഠിക്കാൻ ചെന്നു. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എഡിറ്ററായിരുന്ന ശ്യാംജി കൃഷ്ണ വർമ്മ (1857 -1930) സ്ഥാപിച്ച ദേശീയ തീവ്രവാദി കേന്ദ്രമായ ഇന്ത്യ ഹൗസുമായി ബന്ധപ്പെട്ടു. സവർക്കർ,ചാറ്റോ തുടങ്ങിയവരെ അവിടെ കണ്ടു. 1907 ൽ പഠനം ഉപേക്ഷിച്ച് ലഹോറിൽ എത്തി പഞ്ചാബി വിപ്ലവകാരികൾക്കിടയിൽ പ്രവർത്തിച്ചു. അടുത്ത കൊല്ലം യൂറോപ്പിൽ എത്തി.

ബ്രിട്ടൻ 1897 ൽ ബാലഗംഗാധര തിലകനെ തടവിലാക്കിയതോടെയാണ്, ദേശീയ വിപ്ലവകാരികൾ സ്വാതന്ത്ര്യമുള്ള വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയത്.ഹർദയാൽ മടങ്ങി എത്തിയ കാലത്ത്, നാസിക് ഗൂഢാലോചന കേസിൽ സവർക്കറിനെ ജീവപര്യന്തം നാട് കടത്തിയതിൽ പ്രതിഷേധിച്ച്, മദൻലാൽ ദിൻഗ്ര, ഇൻഡ്യാ ഓഫിസിലെ സർ കർസൻ വൈലിയെ വെടിവച്ചു കൊന്നു. അതോടെ ഹർദയാലും കൂട്ടരും ബ്രിട്ടൻ വിട്ട് മാഡം കാമയുടെ കുടക്കീഴിൽ തണൽ തേടി.ബംഗാളിൽ നിരോധിച്ച വന്ദേ മാതരം മാസിക അവർ 1909 സെപ്റ്റംബർ 10 ന് ജനീവയിൽ നിന്നിറക്കി. എഡിറ്ററുടെ സ്ഥാനത്ത് കാമയുടെ പേരായിരുന്നെങ്കിലും, ഇൻറലിജൻസ് റിപ്പോർട്ടുകളിൽ കാണുന്നത്, എഡിറ്റർ ഹർദയാൽ ആയിരുന്നു എന്നാണ്. കൊൽക്കത്ത, പുണെ, ലഹോർ എന്നിവിടങ്ങളിൽ നിന്ന് വിപ്ലവ പ്രവർത്തനം പാരിസിലും ജനീവയിലും ബർലിനിലും ലണ്ടനിലും ന്യൂയോർക്കിലും എത്തിയതിനാൽ, അവിടങ്ങളിൽ നിന്ന് വിപ്ലവാശയങ്ങൾ ഇന്ത്യയിൽ എത്തിക്കുകയാണ്,മാസികയുടെ ലക്ഷ്യമെന്ന് ആദ്യ ലക്കത്തിൽ കണ്ടു. കാമയുടെ സാമ്പത്തിക സഹായത്താൽ ഹർദയാൽ, The Social Conquest of the Hindu Race എന്ന പുസ്തകം എഴുതി. ഹർദയാൽ,മാർക്‌സിന്റെ കൊച്ചുമകൻ ലോൻഗ്വെറ്റുമായി പാരിസിൽ ബന്ധപ്പെട്ടു. ഫ്രഞ്ച് പൊലീസ് സവർക്കറെ പിടി കൂടി ബ്രിട്ടന് കൈമാറിയപ്പോൾ, ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടി മുഖപത്രമായ ല ഹ്യൂമാനിറ്റേ അതിനെതിരെ പ്രചാരണം നടത്തി.ലോൻഗ്വെറ്റ് നൽകിയ സഹായം മാർക്‌സിന്റെ ജീവചരിത്രത്തിൽ ഹർദയാൽ ഓർക്കുന്നു.

മാഡം കാമ 

പാരിസിലെ വിപ്ലവകാരികൾ ചിതറിത്തെറിച്ചു. കൃഷ്ണ വർമ്മ നായകൻ അല്ലാതായി. സവർക്കർ അറസ്റ്റിലായി.കാമ നേതാവായിരുന്നില്ല. ഹർദയാലും ചാറ്റോയും ഒന്നിച്ചു പോയില്ല. 1910 സെപ്റ്റംബർ 28 ന് ഹർദയാൽ അമേരിക്ക ലക്ഷ്യമാക്കി ജിബൂട്ടിയിലേക്ക് യാത്രയായി. അമേരിക്കയിൽ എത്തി സ്റ്റാൻഫോഡ് സർവകലാശാലയിൽ ഭാരതീയ തത്വ ചിന്താ അധ്യാപകനായി. തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു. മൗലവി ബർകത്തുള്ളയെപോലുള്ളവർ സജീവമായിരുന്നു. പ്രൊഫസർ താരകനാഥ് ദാസ് പത്രാധിപരായ Free Hindustan, ഹർദയാലിന്റെ  ശ്രദ്ധ മാർക്‌സിലേക്ക് തിരിച്ചു.സ്റ്റാൻഫോഡിലെ ജോലി ഉപേക്ഷിച്ച്, ഹർദയാൽ സിഖ് തൊഴിലാളികൾ രൂപീകരിച്ച ഹിന്ദുസ്ഥാൻ അസോസിയേഷൻറെ പ്രവർത്തകനായി. 1912 -13 ൽ ഇന്ഡസ്ട്രിയൽ വർക്കേഴ്‌സ് ഓഫ് ദി വേൾഡ് സാൻഫ്രാന്സിസ്കോ ശാഖാ സെക്രട്ടറിയുമായി.സോഹൻ സിങ് ബഖ്‌ന പ്രസിഡന്റും ഹർദയാൽ ജനറൽ സെക്രട്ടറിയുമായി ഹിന്ദി സഭ രൂപം കൊണ്ടു. ബംഗാളി തീവ്രവാദ ഗ്രൂപ്പായ യുഗാന്തറിൻറെ പേര് സഭാ കേന്ദ്രത്തിന് നൽകി.സഭയുടെ മാസികയായി,ഗദർ (കലാപം) തുടങ്ങി. ഹർദയാൽ എഡിറ്ററായ മാസിക പ്രസിദ്ധമായി. സഭ ഗദർ പാർട്ടി ആയി. ഒന്നാം ലോകയുദ്ധത്തിൽ  ബ്രിട്ടന് പ്രയാസമുണ്ടായാൽ, അത് ഇന്ത്യയ്ക്ക് അവസരമാകുമെന്ന് പാർട്ടി കരുതി. ജർമൻ കുടിയേറ്റക്കാർ ഇന്ത്യയോട് അനുഭാവം  പുലർത്തി. ഹർദയാലിനെ അരാജകവാദിയായി മുദ്ര കുത്തി 1914 മാർച്ചിൽ അറസ്റ്റ് ചെയ്തു.

 ജാമ്യത്തിൽ ഇറങ്ങിയ ഹർദയാൽ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു. ഒന്നാം ലോകയുദ്ധമുണ്ടായപ്പോൾ ജര്മനിയിലുണ്ടായിരുന്ന പ്രധാന ഇന്ത്യൻ വിപ്ലവകാരി ചാറ്റോ*** മാത്രമായിരുന്നു. വിദേശങ്ങളിൽ രാഷ്ട്രീയാഭയം തേടിയ ഇന്ത്യക്കാർക്കെല്ലാം ബർലിനിൽ എത്താൻ ചാറ്റോ അവസരമൊരുക്കി. 1915 ജനുവരി 27 ന് ബർകത്തുള്ളയുടെ നിർദേശപ്രകാരം, ഹർദയാൽ ജനീവയിൽ എത്തി. ചാറ്റോയുമായി ചേർന്ന് പോകാനാകാതെ അദ്ദേഹം ഇസ്താൻബുളിൽ എത്തിയെങ്കിലും, അവിടെയും നിരാശനായി, ബുഡാപെസ്റ്റിലേക്ക് പോയി. യുദ്ധം തീരും മുൻപേ,എല്ലാവരുമായും കലഹിച്ച ഹർദയാൽ രംഗത്തു നിന്ന് നിഷ്ക്രമിച്ചു. ഇന്ത്യൻ വിപ്ലവകാരികൾ റഷ്യ ലാക്കാക്കി കടന്നു. അക്കൂട്ടത്തിൽ,ആദ്യ ആളായിരുന്നു, 1918 മാർച്ചിൽ എത്തിയ രാജാ മഹേന്ദ്ര പ്രതാപ്.നിഷ്‌പക്ഷ സ്വീഡനിൽ നിന്ന് ചാറ്റോ റഷ്യൻ വിപ്ലവകാരികളുമായി ബന്ധപെട്ടു. 1917 ൽ സ്റ്റോക് ഹോമിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ചാറ്റോയും ഡോ ഭൂപേന്ദ്രനാഥ് ദത്തും പങ്കെടുത്തു. സ്വാമി വിവേകാനന്ദൻറെ സഹോദരനായിരുന്നു, ദത്ത. കോമിന്റേണിന്റെ (കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ) ആദ്യ ജനറൽ സെക്രട്ടറി അഞ്ചലിക്ക ബലനോവ, രണ്ടാം സെക്രട്ടറി കാൾ റാഡെക്, പാർട്ടിയിലും നയതന്ത്ര വിഭാഗത്തിലും പ്രധാനിയായ കെ എം ട്രോയിനോവ്സ്കി എന്നിവരുമായി അവർ പരിചയപ്പെട്ടു. 

മോസ്‌കോയിൽ നടക്കാൻ പോകുന്ന പൗരസ്ത്യ സെമിനാർ സംഘടിപ്പിക്കാൻ സംസ്കൃതവും തത്വ ചിന്തയും അറിയുന്നയാൾ എന്ന നിലയിൽ  ഹർദയാലിനെ നിർദേശിച്ചു. ക്ഷണം ഹർദയാൽ നിരസിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധം വിച്ഛേദിച്ച്, ബ്രിട്ടനിൽ വിശ്വാസം അർപ്പിച്ച് ഹർദയാൽ പ്രസ്താവന ഇറക്കി. ഇംഗ്ലണ്ടിൽ എത്തി ഓർമ്മക്കുറിപ്പുകൾ ഇറക്കി. ലണ്ടൻ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ മത, തത്വ ശാസ്ത്ര ഗവേഷണത്തിന് ചേർന്നു-ക്രിയാത്മക മാനവികത (constructive humanism) എന്ന ചിന്താധാര വികസിപ്പിക്കാൻ ശ്രമിച്ചു. സർ തേജ് ബഹദൂർ സപ്രുവിനെപ്പോലുള്ളവർ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതിക്കായി, ബ്രിട്ടീഷ് സർക്കാരിൽ സമ്മർദം ചെലുത്തി എങ്കിലും, ബ്രിട്ടൻ അനുവദിച്ചില്ല. അമേരിക്കയിൽ പ്രസംഗ പര്യടനത്തിന് പോയ ഹർദയാൽ 1939 മാർച്ച് നാലിന് ഫിലഡൽഫിയയിൽ മരിച്ചു. ചാറ്റോയെ സ്റ്റാലിൻ 1937 ൽ ശുദ്ധീകരണ കാലത്ത് കൊന്നു.

ചാറ്റോ 
ഹർദയാലിന്റെ പ്രബന്ധം മോഡേൺ റിവ്യൂ വിൽ വന്ന ശേഷം, മദ്രാസിൽ നിന്ന് ജി എ നടേശൻ ആൻഡ് കമ്പനി ചെറു പുസ്തകമായി ഇറക്കി.


നി വേറൊരു പത്രാധിപരുടെ കഥ കൂടി നോക്കാം. കേരളീയ നവോത്ഥാനം കുറെ സന്ന്യാസിമാർക്കും പിള്ളയെപ്പോലുള്ള കപട വിഗ്രഹങ്ങൾക്കും മാത്രം വച്ച് നീട്ടിയാൽ പോരാ എന്ന് കാണിക്കാനാണ്, ബംഗാൾ നവോത്ഥാനത്തിലേക്കും അരവിന്ദ ഘോഷ് എന്ന പത്രാധിപരിലേക്കും നാം പോകുന്നത്. അയ്യൻ കാളിയെയും പണ്ഡിറ്റ് കെ പി കറുപ്പനെയും എന്തിന്, ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കെതിരെ കേസ് കൊടുത്ത ചേർത്തലയിലെ പിന്നാക്ക സ്ത്രീക്കും വരെ കേരള നവോത്ഥാനത്തിൽ പങ്കുണ്ട് എന്ന് കാണണം.

ബംഗാൾ നവോത്ഥാനത്തിന് രണ്ടു ഘട്ടങ്ങൾ ഉണ്ട്. ആദ്യത്തേത് മതപരമാണ്. രണ്ടാമത്തേത് രാഷ്ട്രീയവും.ഇതിൻറെ ഉൽപന്നമാണ്,അരവിന്ദ ഘോഷ് അഥവാ മഹർഷി അരവിന്ദൻ (1872 -1950). സ്വദേശാഭിമാനിയുടെ കാലത്തു തന്നെ പത്രാധിപരായിരുന്നയാൾ.

ബങ്കിം ചന്ദ്ര 

അരവിന്ദൻറെ അച്ഛൻ ഡോ കൃഷ്ണ ധൻ ഘോഷ് കൊൽക്കത്ത മെഡിക്കൽ കോളജിൽ ബിരുദ പഠനം കഴിഞ്ഞ് 1869 -71 ൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി,ഇംഗ്ലീഷ് ജീവിതത്തിൽ ആകൃഷ്ടനായി; നിരീശ്വര വാദിയായി. അരവിന്ദൻ കുഞ്ഞായിരിക്കെ, മിസ് പേജെറ്റ് എന്ന ആയയെ ഏൽപിച്ചു. അഞ്ചാം വയസിൽ ഡാർജിലിംഗിലെ ലൊറേറ്റോ കോൺവെന്റിൽ അയച്ചു.രണ്ടു കൊല്ലം കഴിഞ്ഞ് അരവിന്ദനെയും രണ്ടു സഹോദരന്മാരെയും വിദ്യാഭ്യാസത്തിന് ഇംഗ്ലണ്ടിൽ തന്നെ കൊണ്ട് പോയി. 14 കൊല്ലം അരവിന്ദൻ ഇംഗ്ലണ്ടിൽ താമസിച്ചു.

ഏംഗൽസ്, മാർക്സിന്റെ എഴുത്തു കൂമ്പാരം അടുക്കുന്ന 1884 ൽ (തലേ വർഷം മാർക്സ് മരിച്ചു ) അരവിന്ദൻ സെയിന്റ് പോൾസ് സ്‌കൂളിൽ ചേർന്നു. ക്‌ളാസിക്കുകളും ഇംഗ്ലീഷ്, ഫ്രഞ്ച് സാഹിത്യവും വായിച്ചു.കേംബ്രിഡ്‌ജിലേക്ക് സ്കോളർഷിപ് കിട്ടി. മാർക്സിനെപ്പോലെ തന്നെ, യൂറോപ്യൻ യുക്തി ചിന്തയിൽ മനസുടക്കിയാണ്, അരവിന്ദനും സർവകലാശാല വിട്ടത്.കേംബ്രിഡ്ജ് മജ്‌ലിസ് സൊസൈറ്റിയിൽ, വിപ്ലവ പ്രസംഗങ്ങൾ നടത്തിയതിനാൽ, ഐ സി എസിൽ അയോഗ്യത കൽപിച്ചു എന്നാണ് അരവിന്ദൻ പറഞ്ഞിട്ടുള്ളത്. സർക്കാർ ഫയലുകളിൽ ഇത് പരാമര്ശിക്കുന്നില്ലെന്ന് ലിയോണാഡ് ഗോർഡൻ Bengal: The Nationalist Movement എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. എങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി അവിടെ അരവിന്ദൻ വാദിച്ചിരുന്നു. 1893 ൽ ഇന്ത്യയിൽ മടങ്ങിയെത്തി ബറോഡ മഹാരാജാവിൻറെ സേവനത്തിൽ ചേർന്നു.

ഇക്കാലത്താണ്, അരവിന്ദൻ രാഷ്ട്രീയ പത്ര പ്രവർത്തകൻ ആകുന്നത്. 1893 -94 ൽ മുംബൈയിൽ നിന്നുള്ള ഇന്ദു പ്രകാശ് വാരികയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ മിതവാദ നയങ്ങളെ വിമർശിച്ച് നിരവധി ലേഖനങ്ങൾ എഴുതി.ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ഭീഷണി മുഴക്കി. 1894 ഏപ്രിലിൽ മരിച്ച ബംഗാളി ദേശീയ വാദിയും എഴുത്തുകാരനുമായ ബങ്കിം ചന്ദ്ര ചാറ്റർജിയെപ്പറ്റിയായിരുന്നു, അരവിന്ദൻറെ അടുത്ത പരമ്പര. ബംഗാൾ നവോത്ഥാനത്തിൻറെ രണ്ടാം ഘട്ടത്തിലെ നായകരിൽ ഒരാളായിരുന്നു,ബങ്കിം ചന്ദ്ര. ആദ്യഘട്ടം ഇന്ത്യയുടെ പുരാതന മത പാരമ്പര്യത്തിൻറെ വീണ്ടെടുപ്പായിരുന്നു. മുഗൾ ഭരണം, ബ്രിട്ടീഷ് ആധിപത്യം എന്നിവയ്ക്ക് ശേഷം ഹിന്ദു ആത്മാഭിമാനത്തിൻറെ വീണ്ടെടുപ്പ്. രണ്ടാം ഘട്ടം തത്വചിന്തയേക്കാൾ രാഷ്ട്രീയ ഉള്ളടക്കമുള്ളതായിരുന്നു. വന്ദേമാതരം എന്ന അദ്ദേഹത്തിൻറെ ഗാനം, ദേശീയ  വാദികളുടെ പ്രിയഗാനമായി. ആ പേരിൽ 1905 ൽ അരവിന്ദൻ തുടങ്ങിയ പത്രം ബ്രിട്ടീഷുകാർ നിരോധിച്ചു. ബങ്കിം ചന്ദ്ര, അരവിന്ദന് ഇന്ത്യൻ വിപ്ലവ പ്രതീകമായി. അദ്ദേഹം കോൺഗ്രസിനെതിരെ ഉയർത്തിയ വിമർശനം,അരവിന്ദൻ ഏറ്റെടുത്തു. ഭവാനി മന്ദിർ എന്ന കൃതിയിൽ, ജപ്പാനെപ്പോലെ ഇന്ത്യ, മതപരമായ ദേശീയത നേടണം എന്ന് അരവിന്ദൻ വാദിച്ചു.****ബറോഡയിൽ, പ്രവർത്തിച്ച 1902 -1906 ൽ അദ്ദേഹം തിലകനുമായി ബന്ധപ്പെട്ടു.
അരവിന്ദൻ ( 1908 )

1905 ജൂലൈ 20 ലെ ബംഗാൾ വിഭജനം,പ്രക്ഷോഭങ്ങൾക്ക് വഴി വച്ചു.സ്വദേശി, സ്വരാജ് പ്രസ്ഥാനങ്ങൾ ഉണ്ടായി. 1906 മുതൽ  ബംഗാളിൽ  അരവിന്ദൻ രാഷ്ട്രീയ ലേഖനങ്ങൾ എഴുതി. 1910 ഫെബ്രുവരി വരെ വിപ്ലവകാരിയായി അദ്ദേഹം തുടർന്നു. 1908 മെയ് നാലിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത്‌ ആലിപ്പൂർ ജയിലിൽ അടച്ചു. 1909 മെയിൽ മോചിപ്പിച്ചെങ്കിലും, 1910 ഫെബ്രുവരിയിൽ വീണ്ടും തടവിലാക്കി. ഈ ഇടവേളയിൽ, ഇന്ത്യയുടെ വിപ്ലവാവേശം തണുക്കുന്നതായി അദ്ദേഹം കണ്ടു.സ്വരാജുo സ്വദേശിയും രംഗമൊഴിഞ്ഞു. ഈ മാറ്റം കര കാഹിനി എന്ന ജയിൽ ഡയറിയിൽ  വിവരിച്ചിട്ടുണ്ട്. 1910 ഫെബ്രുവരിയിൽഅദ്ദേഹത്തിൻറെ കര്മയോഗിൻ, മാസികയുടെയും ധർമ്മ വാരികയുടെയും ഓഫിസിൽ ഇരിക്കുമ്പോൾ പൊലീസ് എത്തുമെന്ന വിവരം കിട്ടി, അദ്ദേഹം ഏതാനും മൈൽ അകലെ,ഫ്രഞ്ച് കോളനിയായ ചന്ദർ നാഗോറിലേക്ക് രക്ഷപ്പെട്ടു. അവിടന്നാണ്, വേഷ പ്രച്ഛന്നനായി, പോണ്ടിച്ചേരിയിൽ എത്തി, ആശ്രമവാസിയും മഹർഷിയും ആയത്.

ഒരു നവോത്ഥാനത്തിൻറെയും അതിൽ പങ്കാളിയായ ഒരെഴുത്തുകാരൻറെയും രാഷ്ട്രീയ പത്ര പ്രവർത്തകന്റെയും ജീവിത കഥാ സംഗ്രഹമാണ്, ഇത്. ദേശീയതയിൽ ഊന്നുന്നതാണ്, രാഷ്ട്രീയ പത്ര പ്രവർത്തനം. ഇവിടെ നിന്ന്, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എന്താണ് ചെയ്തതെന്ന് നോക്കുക. ദേശീയതയ്ക്കു വേണ്ടി വാദിച്ചതിനാണോ, അയാളെ നാട് കടത്തിയത്? ബ്രിട്ടീഷുകാർക്കെതിരെ ഒരക്ഷരം അദ്ദേഹം എഴുതിയോ?ദേശീയതയ്ക്കു വേണ്ടി വാദിക്കുന്നതാണോ, ഈഴവരാദി പിന്നാക്ക സമുദായങ്ങളെ കൊഞ്ഞനം കുത്തുന്നതാണോ രാഷ്ട്രീയ പത്ര പ്രവർത്തനം ?ഭക്തിവിലാസത്തിൽ കോണാൻ ഉടുക്കാതെയാണ് ദിവാൻ ഇരിക്കുന്നത് എന്നെഴുതിയ പിള്ള അക്കാലത്തെ കലാനിലയം കൃഷ്ണൻ നായരും സ്വദേശാഭിമാനി വെറും തനിനിറ വും അല്ലേ?

നല്ല പത്രപ്രവർത്തകനാകാൻ എന്തും നന്നായി ചെയ്യാനുള്ള സ്വഭാവ മഹിമ ഉണ്ടാകണം. പിള്ള ആ പരീക്ഷ പാസാവില്ലെന്ന് വ്യക്തമാക്കുന്നതാണ്, ഹർദയാൽ എഴുതിയ ജീവചരിത്രം കോപ്പിയടിച്ച സംഭവം. ഹർദയാലിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള ഈ കൈയേറ്റം, നാടുകടത്തലിനും അപ്പുറമുള്ള ശിക്ഷ അർഹിക്കുന്നു.
 ------------------------------
* History of the Communist Movement in India Vol 1 / Leftword,2005
** Swami Vivekananda/  Complete Works Vol 6
***ചാറ്റോയെ ബ്രിട്ടീഷ് രഹസ്യ പൊലീസ് 1915 ൽ സ്വിസ് -ഫ്രാൻസ് അതിർത്തിയിൽ കൊല്ലാൻ ശ്രമിച്ച സംഭവം സോമർസെറ്റ് മോം ചെറുകഥയാക്കി -Guilia Lazzari.കഥാകൃത്താകും മുൻപ് രഹസ്യ പൊലീസിൽ ആയിരുന്നു,മോം.ചാറ്റോയുടെ സുഹൃത്തായിരുന്നു,തലശ്ശേരി സ്വദേശിയായ വിപ്ലവകാരി,എ സി എൻ നമ്പ്യാർ.ആദ്യ മലയാള ചെറുകഥ വാസനാ വികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ.
**** Karl Marx and Religion / Trevor Ling,1980

(ഗ്രന്ഥാലോകം, 2018 ജനുവരി)

See
https://hamletram.blogspot.com/2019/06/blog-post_2.html

https://hamletram.blogspot.com/2019/06/blog-post_57.html

വ 
വിപ്ലവം 
വിപ്ലവം 
വിപ്ലവം നടത്താൻ 

1 comment:

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...