Saturday, 2 November 2019

1921 വർഗ സമരമല്ല

 അത് ഹിന്ദു വിരുദ്ധം തന്നെ 

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഉള്ളിലേക്ക് കയറാതെ,1921 ലെ മാപ്പിള കലാപം എന്താണെന്ന് മനസ്സിലാവുകയില്ല.അത് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായിരുന്നു എന്ന്,ഉള്ളിലേക്ക് കയറാതെ പറയാൻ എളുപ്പമാണ്.ആ വഴിക്കാണ്,മാർക്സിസ്റ്റ്, ഇസ്ലാമിക ചരിത്രകാരന്മാരുടെ സഞ്ചാരം.പാക്കിസ്ഥാൻറെ ഉദ്ഭവം മുതൽ ഗാന്ധി വധം വരെയുള്ള സംഭവ പരമ്പരകൾക്ക് വഴി വച്ച ഒന്നാണ്,ഖിലാഫത്ത് പ്രസ്ഥാനം.ആ സംഭവ പരമ്പരകളിൽ ഒന്ന് മാത്രമാണ്,മാപ്പിള കലാപം.

1921 ലെ കലാപത്തിന് മുൻപുള്ള എൺപതോളം ചെറിയ സംഘർഷങ്ങളെയും ഇതിൻറെ ഭാഗമായി കാണേണ്ടതുണ്ട്.ഹിന്ദു ജന്മികളെയും അവരുടെ ഹിന്ദു ആശ്രിതരെയും വക വരുത്താൻ നടന്ന ശ്രമങ്ങൾ എങ്ങനെ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമാകും എന്നറിയില്ല.

മലബാറിലെ ഹിന്ദു മനസ്സിൽ ഈ ലഹളകൾ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്.ഇന്നും മുസ്‌ലിം മൗലിക വാദികൾ ഹിന്ദുക്കളിലെ വരേണ്യ വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന ലൗ  ജിഹാദിൻറെ വിത്തുകൾ പോലും ഈ ലഹളകളിൽ കാണാം.
അബ്‌ദുൾ മജീദ് II,അവസാന ഖലീഫ 
മൂന്നു വർഷം മാത്രം,1919 -1922 ൽ നില നിന്ന ഒന്നാണ് ഖിലാഫത്ത് പ്രസ്ഥാനം.ബ്രിട്ടനെ സ്വാധീനിക്കാൻ ഇന്ത്യയിൽ നടന്ന ഒന്ന്.അത് ആധാരമാക്കി 1920 ഫെബ്രുവരിയിൽ,ലണ്ടനിൽ ഒരു സമ്മേളനമുണ്ടായി.അറബ് ലോകത്ത്,തുർക്കിയുടെ മേൽക്കോയ്മയ്ക്കുള്ള ശ്രമമായാണ്,ഇതിനെ അറബികൾ കണ്ടത്.അതായത്,ഖിലാഫത്ത് പ്രസ്ഥാനത്തിന്,ലോക മുസ്ലിംകളുടെ ആശീർവാദം ഉണ്ടായിരുന്നില്ല.

1918 ഒക്ടോബർ 30 ന് മുദ്രോസ്‌ സന്ധി അനുസരിച്ച്,ഇസ്താംബുൾ ബ്രിട്ടീഷ് സേന കയ്യടക്കിയപ്പോൾ,തുർക്കി ഖലീഫയുടെ നില അപകടത്തിലായി.1919 ൽ വെഴ്സെയിൽസ് ഉടമ്പടിയുണ്ടായപ്പോൾ,ഓട്ടോമൻ സാമ്രാജ്യത്തിൻറെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ടു.ഒന്നാം ലോകയുദ്ധം ജയിച്ച സഖ്യ ശക്തികൾ,ഓട്ടോമൻ സാമ്രാജ്യവുമായി ഒപ്പു വച്ചതാണ്,മുദ്രോസ്‌ സന്ധി.ഓട്ടോമൻ നാവിക മന്ത്രി റൗഫ് ബേ,ബ്രിട്ടീഷ് അഡ്മിറൽ സോമർസെറ്റ് ആർതർ ഗൗഫ് -കാൾത്രോപ്പെ എന്നിവർ എച്ച് എം എസ് അഗമെംനൺ എന്ന യുദ്ധകപ്പലിലാണ് അത് ഒപ്പിട്ടത്.ലെംനോസ് എന്ന ഗ്രീക്ക് ദ്വീപിലെ തുറമുഖമാണ്,മുദ്രോസ്‌.

ജർമനിയും സഖ്യശക്തികളും തമ്മിൽ 1919 ജൂൺ 28 ന് ഒപ്പിട്ടതാണ് വേഴ്‌സെയിൽസ് സമാധാന ഉടമ്പടി.1920 ഫ്രാൻസിലെ സെവ്റെസ് കരാർ പ്രകാരം,ഓട്ടോമൻ സാമ്രാജ്യം വിഭജിച്ചു.അനറ്റോലിയയിൽ ഗ്രീസിന് സ്വാധീനം വന്നത്,തുർക്കിക്ക് ഇഷ്ടപ്പെട്ടില്ല.

ഇസ്ലാമിക നിയമമനുസരിച്ച് ഉണ്ടാക്കിയ ഭരണ സമ്പ്രദായം ആയിരുന്നു,ഖലീഫായത്ത്‌.1876 -1909 ൽ ഖലീഫ ആയിരുന്ന ഓട്ടോമൻ ചക്രവർത്തി അബ്‌ദുൾ ഹമീദ് രണ്ടാമൻ,പടിഞ്ഞാറൻ ആക്രമണങ്ങളിൽ നിന്ന് സാമ്രാജ്യത്തെ സംരക്ഷിക്കാൻ ആഗോള ഇസ്ലാമിക ( Pan Islamic ) പദ്ധതി മുന്നോട്ടു വച്ചു.ജലാലുദീൻ അഫ്ഗാനി എന്ന ദൂതനെ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം ഇന്ത്യയിലേക്ക് അയച്ചു.ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ ഇതിനോട് വികാര വായ്പുണ്ടായി.മധ്യ പൂർവ ദേശത്തെ ഇസ്ലാമിക സൈദ്ധാന്തികനായിരുന്നു,സയ്യിദ് ജമാൽ അൽ =ദിൻ അൽ -അഫ്ഗാനി ( 1839 -1897 ).ആധുനിക ഇസ്ലാമിൻറെ സ്ഥാപകരിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം,അഫ്ഗാൻകാരനാണെന്ന് സ്വയം പ്രചരിപ്പിച്ചിരുന്നെങ്കിലും,സയ്യിദ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെന്ന് ഇപ്പോൾ വെളിവായിട്ടുണ്ട്.ബാല്യം ഇറാനിൽ.ഷിയാ മുസ്ലിം ആയി വളർന്നു.സുന്നിയായി ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ അഫ്ഗാനിയാണെന്ന് ഭാവിച്ചു.

ഇറാൻ ഭരണാധികാരി നസറുദീൻ ഷായുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുക ലക്ഷ്യമായിരുന്നു.1855 -56 ൽ ഇന്ത്യയിലെത്തി കുറച്ചുകാലം മത പഠനം നടത്തി.1859 ൽ അഫ്ഗാനി റഷ്യൻ ചാരൻ ആയിരിക്കാമെന്ന് ഒരു ബ്രിട്ടീഷ് ചാരൻ റിപ്പോർട്ട് ചെയ്തു.1866 ൽ ഇറാനിൽ നിന്ന് അദ്ദേഹം അഫ്ഗാനിസ്ഥാനിൽ എത്തി .ദ്രോസ്‌തി മുഹമ്മദ് ഖാൻ രാജാവിൻറെ ഉപദേഷ്ടാവായി.ബ്രിട്ടനെതിരെ നിൽക്കാനും റഷ്യയെ അനുകൂലിക്കാനും അഫ്ഗാനി,രാജാവിനെ ഉപദേശിച്ചു.മുസ്ലിമിനേക്കാൾ യൂറോപ്യൻ ജീവിത ശൈലി ആയിരുന്നു അഫ്ഗാനിക്കെന്ന് ബ്രിട്ടീഷ് രേഖകളിൽ കാണാം.റമദാൻ പെരുന്നാൾ ആഘോഷിക്കുകയോ നോമ്പ് നോൽക്കുകയോ ചെയ്തിരുന്നില്ല.1868 ൽ ഷേർ അലി ഖാൻ രാജാവായപ്പോൾ അഫ്ഗാനിയെ പുറത്താക്കി.പല യൂറോപ്യൻ രാജ്യങ്ങളിലും നാടോടിയായി.ഇറാനിലെ നാസർ അക്പദിൻ രാജാവ്,അഫ്ഗാനിയെ ക്ഷണിച്ചു.അവരും പിണങ്ങി.പുറത്താക്കപ്പെട്ട ശേഷം,ഷാക്കെതിരെ അഫ്ഗാനി നടത്തിയ സമരങ്ങളാണ്,1891 ൽ ബ്രിട്ടന് ഇറാൻ പുകയില കുത്തക നൽകുന്നതിന് എതിരായ പ്രക്ഷോഭത്തെ വിജയത്തിൽ എത്തിച്ചത്.1906 ൽ ഭരണ ഘടനാ വിപ്ലവവും ഉണ്ടായി.1892 ൽ അബ്‌ദുൾ ഹമീദ് രണ്ടാമൻ ക്ഷണിച്ചത്,ബ്രിട്ടീഷ് വിരോധം നിലനിർത്തിക്കൊണ്ടാണ്.1944 ൽ അഫ്ഗാൻ സർക്കാരിൻറെ അപേക്ഷ അനുസരിച്ച് ഭൗതികാവശിഷ്ടങ്ങൾ അഗാനിസ്ഥാനിൽ എത്തിച്ച് കാബൂൾ സർവകലാശാലാ വളപ്പിൽ സ്‌മാരകമുണ്ടാക്കി.സയ്യദ് ജമാലുദീൻ സർവകലാശാല ഉണ്ടാക്കി.
അഫ്ഗാനി 
അഫ്ഗാനിയുടെ ഇന്ത്യൻ ദൗത്യം ഇവിടത്തെ മുസ്ലിംകളിൽ വികാരമുണ്ടാക്കാൻ കാരണം,ഖലീഫ എന്ന നിലയിൽ,ഓട്ടോമൻ ചക്രവർത്തി മുസ്ലിംകളുടെ രാഷ്ട്രീയ നെതാവ് മാത്രമല്ല,മതാചാര്യൻ കൂടിയാണ് എന്നതിനാലാണ്.ഖിലാഫത്തിൻറെ പേരിൽ നിരവധി മുസ്ലിം നേതാക്കൾ ഇന്ത്യയിൽ പ്രചാരണം നടത്താൻ തുടങ്ങി.ഓട്ടോമൻ സാമ്രാജ്യത്തിൻറെ പിന്തുണയോടെ,മുസ്ലിം മതാചാര്യൻ മൗലാനാ മെഹ്‌മൂദ് ഹസൻ ബ്രിട്ടനെതിരെ ദേശീയ സ്വാതന്ത്ര്യ സമരം സംഘടിപ്പിക്കാൻ ശ്രമിച്ചു.ദിയോബന്ദി സുന്നി മുസ്ലിം പണ്ഡിതൻ ആയിരുന്നു,യു പി യിലെ ബറേലിയിൽ പിറന്ന മഹ്‌മൂദ് അൽ -ഹസൻ ( 1851 -1920 ).കേന്ദ്ര ഖിലാഫത് കമ്മിറ്റി അദ്ദേഹത്തിന് ഷെയ്ഖ് അൽ ഹിന്ദ് പദവി നൽകിയിരുന്നു.

ബ്രിട്ടനെതിരെ ഓട്ടോമൻ സാമ്രാജ്യം ഒന്നാം ലോകയുദ്ധത്തിൽ കടന്നപ്പോൾ,ആഗോള മുസ്ലിംകൾ ഓട്ടോമൻ സുൽത്താന്റെ ഭാവിയെപ്പറ്റി ആകുലരായി.ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടു.മുഹമ്മദലി -,ഷൗക്കത്തലി സഹോദരർ ഇന്ത്യയൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചു.പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ മഹ്‌മൂദ് അൽ ഹസൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.ഇന്ത്യയ്ക്ക് പുറത്തു നിന്നും അകത്തു നിന്നും ബ്രിട്ടനെതിരെ സായുധ കലാപത്തിന് യത്നിച്ചു.മൗലാനാ ഉബൈദുള്ള സിന്ധി,മുഹമ്മദ് മിയാൻ മൻസൂർ അൻസാരി എന്നിവർ പ്രസ്ഥാനത്തിൽ ചേർന്നവരിൽ പ്രമുഖർ ആയിരുന്നു.സിന്ധിയെ കാബുളിലേക്കും അൻസാരിയെ വടക്കു പടിഞ്ഞാറൻ അതിർത്തി മേഖലയിലേക്കും അയച്ചു.അവർ സന്നദ്ധ ഭടന്മാരെ റിക്രൂട്ട് ചെയ്തു.മഹ്‌മൂദ് അൽ ഹസൻ തന്നെ,തുർക്കിയുടെ പിന്തുണയ്ക്ക്,ഹിജാസിൽ ചെന്നു.ബ്രിട്ടനെതിരായ യുദ്ധ പ്രഖ്യാപനത്തിൽ തുർക്കി ഗവർണർ ഗലിബ് പാഷയുടെ ഒപ്പു വാങ്ങിയ അദ്ദേഹം,ബാഗ്ദാദ്,ബലൂചിസ്ഥാൻ വഴി ഇന്ത്യയിലെത്തി കലാപത്തിന് ആഗ്രഹിച്ചു.പട്ടു ലിഖിത ഗൂഢാലോചന ( Silk Letter Conspiracy ) എന്നറിയപ്പെട്ട ഈ പദ്ധതി,പഞ്ചാബ് സി ഐ ഡി കണ്ടെത്തി അൽ ഹസനെ മെക്കയിൽ അറസ്റ്റ് ചെയ്തു.മാൾട്ടയിൽ തടവിലായ അദ്ദേഹത്തെ 1920 ൽ വിട്ടയച്ചു.
ഉബൈദുള്ള സിന്ധി 
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ,റൗലറ്റ് നിയമത്തിന് എതിരായ കലാപത്തിൽ ആയിരുന്നു,രാജ്യം.ഗാന്ധിയെയും കോൺഗ്രസിനെയും തുണയ്ക്കാൻ ഹസൻ ഫത്വ ഇറക്കി.ഹസനാണ് ജാമിയ മിലിയ സർവകലാശാലയ്ക്ക് കല്ലിട്ടത്.ദേശീയ വാദികളായ ഹക്കിം അജ്മൽ ഖാൻ,മുക്താർ അഹമ്മദ് അൻസാരി എന്നിവർ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ സ്ഥാപനമായാണ്,അത് സ്ഥാപിച്ചത്.1920 നവംബർ 30 ന് ഹസൻ മരിച്ചു.

മലബാറിൽ,ടിപ്പു സുൽത്താനുമായി സഖ്യമുണ്ടാക്കി സ്വത്തും സ്വാധീനവും കൂട്ടിയ എളമ്പുലാശേരി ഉണ്ണി മുത്ത മൂപ്പൻ,ചെമ്പൻ പോക്കർ,അത്തൻ മോയൻ ഗുരുക്കൾ തുടങ്ങിയ മാപ്പിള പ്രമാണിമാരെ ബ്രിട്ടീഷുകാർ സംശയത്തോടെ കണ്ടു.ഹൈദരാലിയും ടിപ്പുവുമായി അറയ്ക്കൽ രാജ കുടുംബം അടുത്തിരുന്നു എന്ന് മാത്രമല്ല,അറയ്ക്കൽ ബീവിയുടെ ബാലികയായ മകളെ ടിപ്പുവിൻറെ കൗമാര പ്രായത്തിലുള്ള മകൻ അബ്‌ദുൾ ഖാലിക് നിക്കാഹ് ചെയ്യുകയുമുണ്ടായി.മൂപ്പനും പോക്കറും ഗുരുക്കളും 1800 ൽ പ്രക്ഷോഭം സംഘടിപ്പിച്ചു.മൂപ്പന് നൂറോളം ആയുധധാരികളുടെ സംഘം ഉണ്ടായിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ 1781 ൽ ടിപ്പു നടത്തിയ പോരാട്ടത്തിൽ,മൂപ്പൻ അദ്ദേഹത്തോടൊപ്പം നിന്നു.ദക്ഷിണ മലബാറിൽ കരം പിരിച്ചിരുന്നത് മൂപ്പനാണ്.ഏറനാട്,ചേറനാട് താലൂക്കുകളിൽ ദരോഗ അഥവാ പൊലീസ് അധികാരികൾ ആയിരുന്നു,പോക്കറും ഗുരുക്കളും.മൂപ്പൻറെ സഹോദരനെ ചട്ട ലംഘനത്തിന് 1799 ൽ ബ്രിട്ടീഷുകാർ കൊന്നു.പോക്കറെ അയാളുടെ ക്രൂരതയെപ്പറ്റി പരാതി കിട്ടിയപ്പോൾ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് പാലക്കാട് തടവിലിട്ടു.ഗുരുക്കളുടെ അളിയനെ ബ്രിട്ടീഷുകാർ കൊന്നപ്പോൾ അയാൾ ക്ഷുഭിതനായി.

ഇങ്ങനെ സ്വന്തം നില എടങ്ങേറിലായ മാപ്പിളമാരാണ്,കലാപത്തിന് ആഹ്വാനം ചെയ്തത്.ബ്രിട്ടീഷ് ഭരണത്തിൽ ഇസ്ലാം സ്വാതന്ത്രമായിരിക്കില്ലെന്ന് അവർ പറഞ്ഞതിൽ,സ്വാതന്ത്ര്യ സമരം കാണാൻ വയ്യ.1799 ൽ ഉടയോനായ ടിപ്പുവിനെ ശ്രീരംഗ പട്ടണത്ത് ബ്രിട്ടീഷുകാർ കൊന്നതിന് പിന്നാലെ,ഈ ടിപ്പു ഭക്തന്മാരെ കൂടി കൈകാര്യം ചെയ്തപ്പോൾ അവർ രോഷം കൊണ്ടു എന്നാണ് കാണേണ്ടത്.1800 ന് ശേഷം അധികാരി,മേനോൻ തസ്തികകളിൽ ഭൂവുടമകളായ ഹിന്ദുക്കൾക്ക് നിയമനം കിട്ടിയത് സ്വാഭാവികം.ഈ തസ്തികകളിൽ മാപ്പിളമാരെയും പരിഗണിക്കാമെന്ന് 1817 ൽ മൺറോ നൽകിയ ശുപാർശ,പ്രാദേശിക ഭരണാധികാരികൾ തള്ളി.പത്തൊൻപതാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ,തഹസിൽദാർമാർ എല്ലാവരും,വില്ലേജ് ജീവനക്കാരിൽ ഭൂരിപക്ഷവും ഹിന്ദുക്കൾ ആയിരുന്നുവെന്ന് 1851 ൽ കലക്‌ടർ എച്ച് വി കൊണോളി നൽകിയ റിപ്പോർട്ടിൽ കാണാം.വിദ്യാഭ്യാസത്തിൽ മുസ്ലിംകൾ പിന്നാക്കം ആയിരുന്നല്ലോ.ഹിന്ദുക്കൾ ദൈവ തുല്യം കണ്ട ആഴ്വാഞ്ചേരി തമ്പ്രാക്കൾ ഉൾപ്പെട്ട കേസിൽ,ഹിന്ദു മുൻസിഫിൽ നിന്ന് നീതി കിട്ടിയില്ലെന്ന് ഒരു മാപ്പിള കുടിയാൻ പരാതിപ്പെട്ടിരുന്നു.
മഹ് മൂദ് അൽ ഹസൻ 
നാല് മത പ്രബോധകർ  മുസ്ലിംകൾക്കിടയിൽ ഉണ്ടായി:വെളിയംകോട് ഉമ്മർ ഖാസി,സയ്യദ് അലവി തങ്ങൾ,മകൻ മമ്പുറം സയ്യദ് ഫസൽ പൂക്കോയ തങ്ങൾ,സയ്യദ് സനാ ഉള്ള മക്തി തങ്ങൾ.ബ്രിട്ടീഷുകാർക്ക് നികുതി അടയ്ക്കുന്നത് നിർത്താൻ ഉമ്മർ ഖാസി ആഹ്വാനം ചെയ്തു.ബ്രിട്ടീഷ് ഭരണത്തിന് എതിരെ ഫത്വ വന്നു. അലവി അദ്‌ഭുത പ്രവൃത്തികൾ കാട്ടുന്നയാൾ എന്ന അന്ധ വിശ്വാസം മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്നു.അദ്ദേഹം ലഘു ലേഖകളും കവിതകളും എഴുതി.

അലവി തങ്ങൾ 1767 ൽ 17 വയസിലാണ് അറേബ്യയിൽ നിന്ന് മലബാറിലെത്തി മമ്പുറത്ത് മത പണ്ഡിതനായ അമ്മാവനൊപ്പം താമസമാക്കിയത്.നബിയുടെ പുത്രി ഫാത്തിമ വഴി പിന്തുടർച്ചയുള്ള താരിമിലെ അലി കുടുംബക്കാരനായിരുന്നു.അങ്ങനെയാണ് മമ്പുറം പ്രധാന മത കേന്ദ്രമായത് .ബ്രിട്ടനെതിരെ  ഇറക്കിയ 'സെയ്ഫുൽ ബത്താർ' എന്ന ലഘു ലേഖയിൽ അലവിയുടെ പങ്ക് ബ്രിട്ടൻ സംശയിച്ചു.ബ്രിട്ടനെതിരെ ജിഹാദിന് അദ്ദേഹം ആഹ്വാനം ചെയ്തു.മത ഭ്രാന്തനായ അറബിയായി ബ്രിട്ടൻ അദ്ദേഹത്തെ മുദ്രകുത്തി.മകൻ ഫസൽ പൂക്കോയ തങ്ങളാണ്,മമ്പുറം ജമാഅത്ത് പള്ളി പണിതത്.ഖുർ ആൻ ആധാരമാക്കി ജീവിതം നയിക്കാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു.ഹിന്ദുക്കളുമായുള്ള സമ്പർക്ക\ത്തെപ്പറ്റി അദ്ദേഹം പുറപ്പെടുവിച്ച ഫത്വകളിൽ മൂന്നെണ്ണം വർഗീയത വളർത്തുന്നതായിരുന്നു :

  • നായന്മാരെ തമ്പ്രാൻ എന്ന് അഭിസംബോധന ചെയ്യരുത് 
  • സമ്പന്ന ഹിന്ദുക്കൾ ഉത്സവത്തിന് പാകം ചെയ്യുന്ന ഭക്ഷണാവശിഷ്ടം ദരിദ്ര മുസ്ലിംകൾ തിന്നരുത് 
  • വെള്ളിയാഴ്ചകൾ ശാബത്തായി ആചരിക്കുന്നതിന് പകരം,കൃഷിപ്പണിയിൽ ഏർപ്പെടരുത്
ഈ ഫത്‌വകൾ മത സ്പർദ്ധ വളർത്താൻ ആയിരുന്നുവെന്ന് സ്റ്റീഫൻ ഡെയ്‌ലും രണജിത് ഗുഹയും നിരീക്ഷിച്ചിട്ടുണ്ട്.അലവിയുടെ ജാറത്തെ മുസ്ലിംകൾ ആരാധിച്ചു പോന്നു.
ഫസൽ പൂക്കോയ തങ്ങൾ 

സനാ ഉള്ള മക്തി തങ്ങൾ എക്‌സൈസ് ഇൻസ്പെക്റ്റർ ജോലി 1882 ൽ രാജി വച്ചാണ് ക്രൈസ്തവ മിഷനറി പ്രവർത്തനങ്ങൾക്ക് എതിരെ നീങ്ങിയത്.ഹിന്ദുക്കൾ സ്വാഭാവികമായും ഇതിൽ തുണച്ചു.'കഠോര കുടാരം',;പാർക്കലീന പോർക്കളം' എന്നീ കൃതികൾ വഴി അദ്ദേഹം ക്രിസ്തു മതത്തെ ആക്രമിച്ചു.യാഥാസ്ഥിതികൻ ആയിരുന്നില്ല.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വാദിച്ചു.മലയാളവും ഇംഗ്ളീഷും പഠിക്കാൻ പ്രേരിപ്പിച്ചു.അറബി മലയാളം ലിപി പരിഷ്കരിക്കാൻ 'വാലിo ഉൾ ഇഖ്‌വാൻ' എന്ന പുസ്തകം എഴുതിയ ഔക്കോയ മുസ്‌ലിയാർ,മായം കുട്ടി ഇല്യ എന്നിവരും മുസ്ലിം അഭിപ്രായം രൂപപ്പെടുത്തി.അങ്ങനെ മാപ്പിള കലാപങ്ങൾക്ക് മതപരമായ ന്യായീകരണമുണ്ടായി.
മമ്പുറം അലവി തങ്ങൾ മാളിക 
1852 ൽ നടന്ന ഒന്നൊഴികെ ബാക്കി കലാപങ്ങളെല്ലാം തെക്കുള്ള ഏറനാട്ടിലും വള്ളുവനാട്ടിലുമായിരുന്നു.ദരിദ്ര താലൂക്കുകൾ.മാപ്പിള ജന സംഖ്യയുടെ 37 ശതമാനവും ഇവിടങ്ങളിലായിരുന്നു.ഏറനാട് 1823 ൽ 7 .5 ശതമാനം മാത്രമായിരുന്നു സാക്ഷരത.ഇംഗ്ലീഷ് പഠിച്ചവർ 960.വള്ളുവനാട് 1821 ൽ സാക്ഷരത 11 .4 %.ഇംഗ്ലീഷ് പഠിച്ചവർ 2248.മാപ്പിള കലാപം 1852 ൽ അന്വേഷിച്ച ടി എൽ സ്ട്രേഞ്ച് കലാപ തുടക്കം കണ്ടത്,1836 ൽ പന്തലൂരിലെ ഹിന്ദു ജ്യോത്സ്യനെ മാപ്പിളമാർ കുത്തിക്കൊന്നപ്പോഴാണ്.1841 ഏപ്രിൽ അഞ്ചിന് കണ്ണൂരിൽ കുഞ്ഞോലൻ എന്ന കൂടിയാനെ പുറത്താക്കിയപ്പോൾ അയാൾ പെരുമ്പള്ളി നമ്പൂതിരിയെ കൊന്നതായിരുന്നു,കലാപ കാരണം.കുഞ്ഞോലൻറെ രണ്ടു മക്കളും ആറ് അയൽക്കാരും കൊലയിൽ പങ്കെടുത്തു.അല്ലാഹുവിന് പ്രീതി കിട്ടുന്ന കൃത്യം ചെയ്താൽ സ്വർഗത്തിൽ എത്തുമെന്ന് കുഞ്ഞോലൻ അയൽക്കാരോട് പറഞ്ഞിരുന്നുവെന്ന് മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിലുണ്ട്.തോട്ടച്ചേരി കേളുപ്പണിക്കരുടെ കോൽക്കാരനെ കൊന്നതാണ്,അടുത്ത കലാപ കാരണം.പണിക്കരിൽ നിന്ന് കാണക്കരാറിനെടുത്ത കുണ്ടച്ചേനയ്‌ക്കൽ പറമ്പിൽ പള്ളി പണിതതിനെ സംബന്ധിച്ചായിരുന്നു ,തർക്കം.തുടർന്ന് 1841 ലും 1843 ലും കലാപങ്ങൾ ഉണ്ടായി.ആദ്യത്തേതിൽ അധികാരിയുടെ മകനും അനന്തരവനും രണ്ടാമത്തേതിൽ അധികാരിയും കോൽക്കാരനും മൂന്നിൽ നമ്പൂതിരി ജന്മിയും ഭൃത്യനും കൊല്ലപ്പെട്ടു.

ഒരു മുസ്ലിമിനെ കുടിയൊഴിപ്പിച്ച പള്ളിപ്പുറത്ത് ജന്മി പെരുമ്പള്ളി നമ്പൂതിരി യെയും കാര്യസ്ഥനെയും കൊന്നു.ഇല്ലം ലഹളക്കാർ കയ്യടക്കി.പള്ളി മതിൽ കെട്ടാൻ തടസം നിന്ന താച്ചു പണിക്കരെയും കൊന്നു.1843 ലും 1851 ലും ഇങ്ങനെ ലഹളയുണ്ടായി.പലപ്പോഴായി,കുമ്പട്ടു കൃഷ്ണ പണിക്കർ,കളത്തിൽ കേശവൻ,കറുകമണ്ണ മൂസ് എന്നിവർ വധിക്കപ്പെട്ടു.

1848 ഓഗസ്റ്റിലെ മഞ്ചേരി കലാപത്തിൽ 65 മാപ്പിളമാർ ഉൾപ്പെട്ടു.അത്തൻ മോയൻ ഗുരുക്കളും മമ്പുറം സയ്യിദ് ഹുസൈൻ തങ്ങളുടെ മകൻ കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നൽകി.ഗുരുക്കളുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് എതിരായിരുന്നുവെന്ന് മലബാർ അസിസ്റ്റൻറ് മജിസ്‌ട്രേറ്റ് ഡബ്യു മോറിസൺ കണ്ടെത്തി.ഗുരുക്കൾ 15 മാപ്പിളമാരെ അരീക്കോട്ട് നിന്ന് സംഘടിപ്പിച്ച് ജന്മി മരാട്ട് നമ്പൂതിരിയുടെ ഇല്ലത്തേക്ക് 1848 ഓഗസ്റ്റ് 26 ന് നീങ്ങി.ഈ സംഘത്തിലെ നിലാങ്കര അലിക്ക് നമ്പൂതിരിയോട് പകയുണ്ടായിരുന്നു.അന്ന് നമ്പൂതിരി രക്ഷപ്പെട്ടു.എട്ടു നാൾ സംഘം മഞ്ചേരി ക്ഷേത്രത്തിൽ കഴിഞ്ഞു.രണ്ട് ബ്രിട്ടീഷ് പൊലീസ് സംഘങ്ങളെ തോൽപിച്ചപ്പോൾ അതിൽ ഊറ്റo കൊണ്ടവർ കൂടിച്ചേർന്ന് സംഘം 60 പേരായി.അവർ അങ്ങാടിപ്പുറം ക്ഷേത്രത്തിലേക്ക് പോയി.1849 സെപ്റ്റംബർ നാലിന് സംഘത്തെ ബ്രിട്ടീഷ് സേന തോൽപിച്ചു.
മാപ്പിള വാൾ 
1851 ഓഗസ്റ്റ് 22 ലെ കുളത്തൂർ കലാപത്തിൽ മാപ്പിളമാർ മങ്കര കോട്ടുപറമ്പത്ത് കോമു മേനോൻ,ഭൃത്യൻ,കോമുവിൻറെ സഹോദരൻ ഇട്ടുണ്ണി മേനോൻ,വീട്ടിൽ ഉണ്ടായിരുന്ന കടക്കോട്ടിൽ നമ്പുതിരി എന്നിവരെ വക വരുത്തി.അതിനു ശേഷം കോമുവിൻറെ സുഹൃത്ത് മുണ്ടൻ കര രാരിച്ചൻ നായരെ കൊന്നു.ചെങ്ങറ വാരിയരുടെ വീട് കത്തിച്ചു.ജന്മി കുളത്തൂർ വാരിയരെ കൊന്നു.ടിപ്പുവിൻറെ കാലത്ത് തിരുവിതാoകൂറിലേക്ക് പലായനം ചെയ്ത വാരിയർ തിരികെയെത്തി മാപ്പിളമാർ കൈവശം വച്ചിരുന്ന സ്വത്ത് തിരികെ എടുത്തിരുന്നു.കടക്കോട്ടിൽ നമ്പൂതിരി,കുളത്തൂർ വാരിയർ എന്നിവരുടെ കൊലകൾക്ക് പിന്നിൽ ധനിക മാപ്പിളമാരുടെ ആസൂത്രണം സംശയിക്കപ്പെട്ടു.നമ്പൂതിരിയുമായി,ഏമലുക്കുട്ടിക്ക് കാണ നില തർക്കമുണ്ടായിരുന്നു.വാരിയരുമായി പള്ളി ഭുമിയെപ്പറ്റി ഇരിപ്പിടത്തിൽ മായൻ എന്ന മാപ്പിള ചർച്ച നടത്തിയിരുന്നു.വടക്കേ മലബാറിലെ ഏക കലാപമായിരുന്നു,1852 നബി ജന്മ ദിനമായ ജനുവരി നാലിന് മട്ടന്നൂരിൽ നടന്നത്.കല്ലാറ്റിലെ നമ്പൂതിരി ജന്മിയോട്,കൊട്ടാലേ എന്ന ധനിക മാപ്പിള കുടുംബം,കലാപകാരികൾ വഴി പക വീട്ടുകയായിരുന്നു.മമ്പുറം തങ്ങൾ ഇതിന് ആശീർവാദം നൽകി.ജന്മിയെ മാത്രമല്ല,കുടുംബാംഗങ്ങളെയും വേലക്കാരെയും കൊന്നു.16 പേരുടെ കൂട്ടക്കൊല.കലാപകാരികളെ വളപ്പിങ്ങത്ത് ഹസ്സൻകുട്ടി എന്ന ധനിക മാപ്പിള ഇരിക്കൂറിലെ ജന്മി കൂളിയാട്ട് അനന്തൻറെ വീട്ടിലേക്ക് തിരിച്ചു വിട്ടു.ആ വീട്ടിൽ പ്രതിരോധിക്കാൻ മുന്നൂറോളം ആയുധ ധാരികൾ ഉണ്ടായിരുന്നതിനാൽ കലാപകാരികൾ കൊല്ലപ്പെട്ടു.ഗ്രാമത്തിലെ മാപ്പിള ചന്ത നിന്ന തൻറെ സ്ഥലം വീണ്ടെടുക്കാൻ അനന്തൻ ശ്രമിച്ചിരുന്നു.

കാരമ്പാറ നായരിൽ നിന്ന് കാണമായി എടുത്ത വസ്തുവിൽ ഇടയ്‌ക്കൽ അധികാരി കുഞ്ഞാമൻ പള്ളി പണിതതാണ് 1873 ലെ കലാപ കാരണം.നായർ,വെളിച്ചപ്പാടിനെക്കൊണ്ട്,പള്ളിയുടെ സാമീപ്യത്താൽ ദേവിക്ക് കോപമുണ്ടായതായി പറയിച്ചിരുന്നു.നായരെ കൊന്ന സംഘത്തിൽ 15 വയസുള്ള ബാലൻ ഒഴികെ എല്ലാവരെയും പട്ടാളം കൊന്നു.
ഇസ്ലാമിലേക്ക് തീയ സ്ത്രീ മതം മാറിയതാണ്,1896 ലെ വലിയ കലാപത്തിന് വഴി വച്ചത്.ഒരു തട്ടാൻ മാത്രം കൊല്ലപ്പെട്ടു.
കലക്‌ടർ കോണോളി 
കലാപകാരികൾക്കെല്ലാം അതതു കാലത്ത് നാട്ടുകാർ വിരുന്നു നൽകിയിരുന്നു.1855 ൽ കലക്റ്റർ എച്ച് വി കൊണോലിയെ കൊന്നവർക്കും പള്ളിയിൽ വിരുന്നുണ്ടായി.1898,1915,1919 വർഷങ്ങളിലും കലാപങ്ങൾ നടന്നു.അവയ്ക്ക് മുൻപ് കലാപകാരികൾ ജാറങ്ങളിലേക്ക് തീർത്ഥ യാത്രകൾ നടത്തി.തങ്ങൾമാർ,മുസലിയാർമാർ എന്നിവരിൽ നിന്ന് ആശീർവാദം വാങ്ങി.മൊയ്‌ലീബ്,റാത്തീബ് എന്നീ മതാഘോഷങ്ങളിൽ പങ്കെടുത്തു.അജ്ഞരായ മുല്ലമാർ പ്രചോദിപ്പിച്ച മത ഭ്രാന്താണ് കലാപങ്ങൾക്ക് കാരണമെന്ന് 1852 ൽ കലാപങ്ങൾ അന്വേഷിച്ച ടി എൽ സ്ട്രേഞ്ച് കണ്ടെത്തി.അന്വേഷണം പൂർത്തിയാകും മുൻപ് സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ സർക്കാർ നാട് കടത്തി.തങ്ങൾ മലബാറിന് പുറത്തായിരുന്നപ്പോൾ രംഗം ശാന്തമായിരുന്നു.തങ്ങൾക്ക് സ്വാധീനം ഉണ്ടായിരുന്ന തിരുരങ്ങാടി മേഖലയിൽ ആയിരുന്നു കലാപങ്ങൾ.1852 മാർച്ച് 19 ന് 57 പേർക്കൊപ്പം തങ്ങൾ അറേബ്യയിലേക്ക് കപ്പൽ കയറി.പരപ്പനങ്ങാടി വരെ,8000 മാപ്പിളമാർ അനുഗമിച്ചു.ഈ നാട് കടത്തലാണ്,കൊണോലിയുടെ കൊലയിൽ കലാശിച്ചത്.നാട് കടത്തിയ ശേഷം,കാൽ നൂറ്റാണ്ട് മലബാർ ശാന്തമായിരുന്നു.1880 ന് ശേഷം വീണ്ടും തീ ആളിക്കത്തി.കാർഷിക ബന്ധങ്ങൾ പഠിക്കാൻ വില്യം ലോഗൻ എത്തി.ലോഗൻറെ ശുപാർശകൾ സർക്കാർ തള്ളി.കുടിയൊഴിപ്പിക്കൽ തുടർന്നു.

രാഷ്ട്രീയ രംഗത്ത്,1916 വരെ കോൺഗ്രസ് സജീവം ആയിരുന്നില്ല..കുടിയായ്മ,ഖിലാഫത്ത് പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൻറെ ഭാഗമായപ്പോൾ,രംഗം കൊഴുത്തു.1920 ലെ മഞ്ചേരി സമ്മേളനം കുടിയായ്മ നിയമ നിർമാണത്തിന് പ്രമേയം പാസാക്കി.ഒറ്റപ്പാലത്തെ ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ,കുടിയായ്മ സമ്മേളനം കൂടി ചേർത്തു .ഈ നിലപാട് വഴി,മാപ്പിളമാർ പലരും പ്രസ്ഥാനത്തിൽ എത്തി.എം പി നാരായണ മേനോന് പുറമെ,കടിലശ്ശേരി മുഹമ്മദ് മുസലിയാരും വള്ളുവനാട്,ഏറനാട് താലൂക്കുകളിൽ പ്രവർത്തിച്ചു.ഖിലാഫത്ത്,നിസ്സഹകരണ പ്രസ്ഥാനങ്ങൾ കുറെ മാപ്പിളമാരെ തടുത്തു കൂട്ടി.ഖിലാഫത്തിൻറെ രക്ഷയ്ക്ക് പൊരുതാൻ തയ്യാറായി.മഞ്ചേരി സമ്മേളനത്തിൽ ഖിലാഫത്തിൻറെ ഭാവി ചർച്ച ചെയ്തു.പ്രമേയം പാസാക്കി.ഓഗസ്റ്റ് 18 ന് ഗാന്ധിയും മൗലാനാ ഷൗക്കത്ത് അലിയും മലബാറിൽ എത്തി.

രാഷ്ട്രീയവും മതവും കൂടി കലർന്നു.കോൺഗ്രസ് അംഗ സംഖ്യ 1921 ജൂണിൽ 20000 ആയി ഉയർന്നു.ഖിലാഫത്ത് കമ്മിറ്റികൾ ഉണ്ടായി.മാപ്പിളമാരെ സംഘടിപ്പിച്ച മത നേതാക്കൾ ഖിലാഫത്ത് പ്രസ്ഥാനത്തെ മത പ്രസ്ഥാനമായി തന്നെ കണ്ടു.അതിലെ ഏച്ചു കെട്ടായിരുന്നു,സാമ്രാജ്യത്വം.1921 ഏപ്രിൽ 25 ന് ഒറ്റപ്പാലത്ത് ഉലമ സമ്മേളനം ചേർന്നു.അതിൽ കോൺഗ്രസ് നേതാവ് ഇ മൊയ്തു മൗലവി,കേരളത്തിലെ മുസ്ലിംകൾ ഖിലാഫത്ത് സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു.ഇതിൽ പാസാക്കിയ പ്രമേയം മത പക്ഷപാതിത്വം വിളംബരം ചെയ്തു.മൊയ്തു മൗലവി പറഞ്ഞു:

"സ്വജീവനെക്കാൾ നാം മതത്തെ പ്രിയതരമായി കരുതുന്നു.വ്യാജമായ മധുര വാക്കുകളാൽ സന്തോഷിപ്പിച്ച ശേഷം,നമ്മെ കൊള്ളയടിക്കാനും ഹൃദയം കവരാനും ശ്രമിക്കുന്ന ഒരു ഗവൺമെന്റിന്റെ പിന്തുണയ്ക്കാൻ ഏതെങ്കിലുമൊരു മുസ്ലിമിന് കഴിയുമോ?ഇസ്ലാമിൻറെ മഹത്വം ചെറിയ അളവിലെങ്കിലും ഉൾക്കൊണ്ടിട്ടുള്ള ഓരോ മുസ്ലിമും ഇതിനെതിരായി നിൽക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു".
മൊയ്തു മൗലവി 
അതായത്,കോൺഗ്രസ് കൂട്ടിപ്പിടിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൽ ഹിംസയുടെ അടിയൊഴുക്കും ഉണ്ടായിരുന്നു.വാളെടുക്കുന്നത് ഒഴിവാക്കാനുള്ള ഗാന്ധിയുടെ നിർദേശം,മൗലാനാ മുഹമ്മദ് അലി സ്വീകരിച്ചില്ല.ഇസ്ലാമിനോട് ചെയ്ത തെറ്റിന് പ്രതികാരമായി ഇന്ത്യൻ മുസ്ലിംകൾ ബ്രിട്ടീഷുകാരോട് പൊരുതണമെന്ന് മൊയ്തു മൗലവി കണ്ണൂരിൽ ആവശ്യപ്പെട്ടു.വേണ്ടത്ര ആയുധമില്ലെന്ന് അദ്ദേഹം പരിതപിച്ചു.മുസ്ലിംകൾ അപ്പോൾ പടക്കോപ്പുകൾ കൂട്ടി.പരിശീലനങ്ങൾ നടന്നു.വാളുകളും കത്തികളും പണിതു.ബ്രിട്ടീഷ് കമാൻഡർ റിച്ചാർഡ് ടോട്ടൻഹാം പറഞ്ഞ പോലെ ഗാന്ധിയുടെ അഹിംസ എന്ന ഉറയിൽ,ഇസ്ലാമിൻറെ ഹിംസയുടെ വാൾ ശയിച്ചു.

ടോട്ടൻഹാം എഴുതി:
"നിസ്സഹകരണം ഒരു പ്രഹസനം മാത്രമാണ്...എന്നാൽ ഖിലാഫത്ത് ഗൗരവമുള്ള,സത്യസന്ധമായ,അപകടകരമായ പ്രസ്ഥാനമാണ്.ഗാന്ധിയും അഹിംസയും ( മാപ്പിളമാർക്ക് ) പ്രധാനമല്ല.(അവർ ) ആയുധം സംഭരിക്കാനുള്ള മറയായി കോൺഗ്രസിനെ കാണുന്നു.കോൺഗ്രസ് എപ്പോഴും ഗാന്ധിയെ,സർക്കാരിനെ,നിയമങ്ങളെ അനുസരിക്കും.ഖിലാഫത്തുകാർ എതിർക്കും."

ഇതാണ്,1921 ൻറെ പശ്ചാത്തലം.

ഇതിൽ നാം കാണേണ്ടത് ഇതാണ്:
ഹൈദരാലിയെ മംഗലാപുരത്തു പോയി ഇങ്ങോട്ടു വിളിച്ചു കൊണ്ട് വന്നത്,അറയ്ക്കൽ മുസ്ലിം രാജാവാണ്.അദ്ദേഹത്തിന് ഹിന്ദു രാജാവ് കോലത്തിരിയെ ഒതുക്കണം.ഹൈദരാലി കഴിയുന്നതൊക്കെ കീഴടക്കി.മകൻ ടിപ്പു മലബാറിൽ കഴിയുമ്പോഴായിരുന്നു,ഹൈദരാലിയുടെ മരണം.ഹൈദരാലിയുടെ ഗവർണറായ ആയാസ് ഖാൻ രാജ്യം പിടിച്ചടക്കുമെന്നു പേടിച്ച് ടിപ്പു മലബാർ വിട്ട് ശ്രീരംഗ പട്ടണത്തേക്കു പോയി.കണ്ണൂർക്കാരൻ വെള്ളുവക്കമ്മാരൻ നമ്പ്യാരാണ് മതം മാറി ആയാസ് ഖാൻ ആയത്.

ഹൈദറിൻറെയും ടിപ്പുവിന്റെയും കാലത്ത് ഒരു ഇസ്ലാമിക രാഷ്‌ട്രം താൽക്കാലികം ആയെങ്കിലും മാപ്പിളമാർ കൊണ്ടാടി.ടിപ്പു വന്നപ്പോൾ ഹിന്ദു ജന്മിമാർ പലായനം ചെയ്തു.സാമൂതിരി താവഴികളും പലായനം ചെയ്തു.ഇങ്ങനെയുള്ളവരുടെ സ്വത്തുക്കൾ മാപ്പിളമാർ കയ്യടക്കി.ടിപ്പു പോയപ്പോൾ,മുൻപ് പലായനം  ചെയ്തവർ തിരിച്ചെത്തി സ്വത്ത് വീണ്ടെടുത്തത് സംഘർഷം കൂട്ടി.മുസ്ലിം മത ആചാര്യന്മാരും ധനിക മാപ്പിളമാരും നിർബന്ധിത മതം മാറ്റവും സ്ഥിതി വഷളാക്കി.ആഗോളമായി നില നിൽക്കുന്ന മുസ്ലിം -ക്രിസ്ത്യൻ സംഘർഷ പശ്ചാത്തലത്തിൽ,ഖിലാഫത്ത് ഒരു വിശുദ്ധ യുദ്ധ രൂപം പൂണ്ടു.1921 ഒറ്റപ്പെട്ട തുരുത്തല്ല,അതിനു മുൻപത്തെ കലാപങ്ങളുടെ തുടർച്ചയാണ്.

അതല്ലാതെ,1921 സ്വാതന്ത്ര്യ സമരമോ വർഗ സമരമോ അല്ല.

See https://hamletram.blogspot.com/2019/07/blog-post_3.html


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...