Thursday, 27 June 2019

ഹൈഡഗർ ഹിറ്റ്ലർക്കൊപ്പം

ചിന്തകൻ അവസരവാദി ആകുമ്പോൾ 

രു വൃത്തി കെട്ട തത്വ ശാസ്ത്രത്തിൻറെ ഉപജ്ഞാതാവും ചീഞ്ഞ ജീവിതത്തിൻറെ പ്രണേതാവുമായിരുന്നു,സാർത്ര്.സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ ഇതു പോലെ മാന്യതയില്ലാത്ത അധികം പേരെ കാണാൻ കഴിയില്ല.മാർക്സിസം പോലെ ഏകാധിപതികളെ മാത്രം സൃഷ്ടിച്ച ഒരു പ്രത്യയ ശാസ്ത്രത്തിൻറെ മൂടു താങ്ങി ആയെങ്കിലും,സാർത്ര് പദവികൾക്കോ പുരസ്കാരങ്ങൾക്കോ പിന്നാലെ പോയില്ല.അവസര വാദി ആയില്ല.


സാർത്രിനെപ്പോലെ അസ്തിത്വം ചിന്താ വിഷയമായ ജർമൻ തത്വ ചിന്തകൻ മാർട്ടിൻ ഹൈഡഗർ ഹിറ്റ്‌ലറെ അനുകൂലിക്കുക മാത്രമല്ല,നാസി പാർട്ടിയിൽ അംഗമാവുക കൂടി ചെയ്തു.സാർത്രിന്റെ Being and Nothingness പോലെ,ഇരുപതാം നൂറ്റാണ്ടിൻറെ വിചാരഗതി നിർണയിച്ച പുസ്തകമാണ്,ഹൈഡഗറിന്റെ Being and Time.രണ്ടു ചിന്തകരും സംസാരിച്ച ഭാഷ അവ്യക്തതയുടേതാണ് -നാസി ആയിരുന്നപ്പോൾ,അത് ഹൈഡഗറിൽ കൂടി.മനുഷ്യന് സ്വയം ന്യായീകരിക്കാൻ കഴിയാതെ വരുമ്പോൾ,അവ്യക്തതയാണ് ആശ്രയം.ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് അവ കുഴച്ച് വിദ്യാർത്ഥികളെ ,മായിക ലോകത്തിൽ ആഴ്ത്തിയ ആളാണ് ഹൈഡഗർ എന്ന് അദ്ദേഹത്തിൻറെ വിദ്യാർത്ഥിനിയും കാമുകിയും ആയിരുന്ന ഹന്നാ ആരെന്റ് എഴുതിയിട്ടുണ്ട്.വിദ്യാർത്ഥികൾ അദ്ദേഹത്തെ വിളിച്ചിരുന്നത്,മെസ്‌കിർച്ചിലെ മാന്ത്രികൻ എന്നാണ്.

മെസ്‌കിർച്ചിൽ കപ്യാരുടെ മകനായാണ്,ഹൈഡഗർ ജനിച്ചത്.റോമൻ കത്തോലിക്കൻ.സർവകലാശാലയിൽ അയയ്ക്കാൻ പണമില്ലാത്തതിനാൽ,വീട്ടുകാർ ജെസ്വിറ്റ്‌ സെമിനാരിയിലേക്ക് അയച്ചു.അനാരോഗ്യം കാരണം സെമിനാരി ആഴ്ചകൾക്കു ശേഷം മടക്കി അയച്ചു.സ്‌കീയിങ്ങും വനയാത്രകളും ആയിരുന്നു,താൽപര്യം.പള്ളിയുടെ സഹായത്താൽ ഫ്രീബെർഗ് സർവകലാശാലയിൽ ദൈവശാസ്ത്രം പഠിക്കാൻ പോയി,തത്വശാസ്ത്രത്തിലേക്ക് വഴി മാറുകയായിരുന്നു.1916 ൽ ഡോക്റ്ററേറ്റ് കിട്ടുമ്പോൾ, ഗുരു എഡ്‌മണ്ട് ഹുസ്സെളിന്റെ പ്രതിഭാസിക ശാസ്ത്രത്തിൽ (Phenomenology ) ആകൃഷ്ടനായിരുന്നു.സർവകലാശാലയിൽ രണ്ടു കൊല്ലം പദവിയും ശമ്പളവുമില്ലാത്ത അധ്യാപകനായിരുന്നു.
ഹുസ്സെളിന്റെ സഹായം വഴി മാർബെർഗ് സർവകലാശാലയിൽ 1923 ൽ പ്രൊഫസറായി .അവിടെയാണ് ഹന്നാ ആരെന്റ് പഠിച്ചത്.അവിടത്തെ പ്രഭാഷണങ്ങളിലാണ്,അരിസ്റ്റോട്ടിലിൽ തുടങ്ങി അസ്തിത്വത്തിലേക്കുള്ള യാത്ര തുടങ്ങിയത്.സെയിന്റ് പോൾ,അഗസ്റ്റിൻ,കീർക്കെഗാഡ്,നീഷേ എ ന്നിവരിൽ നിന്നുള്ള ചിന്തകളും സ്വാംശീകരിച്ചു .

ഹന്നാ ആരെന്റ് 
ആദ്യ പുസ്തകമായിരുന്നു,1927 ൽ വന്ന Being and Time.1928 ൽ ഹുസ്സെൾ വിരമിച്ചപ്പോൾ ഫ്രീബർഗിൽ ഫിലോസഫി പ്രൊഫസറായി.അവിടെയും ഹന്ന ശിഷ്യ ആയി;ഹെർബർട്ട് മെ ർക്യൂസ് ആയിരുന്നു,മറ്റൊരു ശിഷ്യൻ .ഇതേ വർഷം ഇമ്മാനുവൽ ലെവിനാസ്,അവിടെ ഹൈഡഗറുടെ പ്രഭാഷണം കേട്ടു.1933 ഏപ്രിൽ 21 നാണ്,ഹൈഡഗർ  അവിടെ റെക്റ്റർ ആയത്.മെയ് ഒന്നിന് നാഷനൽ സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർട്ടിയിൽ ചേർന്നു -അതാണ്,നാസി.

ഇത്രയുമൊക്കെ പൊതുവെ ഹൈഡഗറുടെ ജീവിതത്തെപ്പറ്റി അറിയാമെങ്കിലും,നാസിയെന്ന നിലയിൽ അദ്ദേഹത്തിൻറെ പ്രവർത്തനവും മാക്‌സ് മുള്ളറെ ദ്രോഹിച്ചതുമൊക്കെ സാറ ബേക്ക്വെൽ എഴുതിയ At the Existentialist Cafe യിൽ വായിച്ചാണ്,ഞെട്ടിയത്.
1932 ൽ തന്നെ ഹൈഡഗർ നാസിസത്തിലേക്ക് മാറി ജൂത വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് എഴുത്തുകാരൻ റെനെ ഷിക്കൽ ഡയറിയിൽ കുറിച്ചിരുന്നു.ഇത് കേട്ട്,ജൂതയായ ഹന്ന , 1932 -33 ശിശിരത്തിൽ താങ്കൾ നാസിയായോ എന്ന് ചോദിച്ച് ഹൈഡഗർക്ക് എഴുതി.രോഷം പൂണ്ട്,താൻ എത്രയോ ജൂത സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും സഹായിച്ചതായി,മറുപടിയിൽ ഹൈഡഗർ ന്യായം പറഞ്ഞു.ഹന്ന വിശ്വസിച്ചില്ല.17 വർഷം അവർ ബന്ധം വിച്ഛേദിച്ചു.ആവശ്യമുള്ളപ്പോൾ നാസി പക്ഷപാതം അദ്ദേഹം മറച്ചു വച്ചു.ഹന്ന അകന്നപ്പോൾ,ജൂതയായ എലിസബത്ത് ബ്ളോക് മാനെ, ഹൈഡഗർ കാമുകിയാക്കി -ഹൈഡഗറുടെ ഭാര്യ എൽഫ്രീഡ് പ്രൊട്ടസ്റ്റൻറ് ആയിരുന്നു.ഗുരു ഹുസ്സെൾ ജൂതനായി ജനിച്ച്  പ്രൊട്ടസ്റ്റന്റ് ആയ ആളായിരുന്നു . അദ്ദേഹം ജീവിതത്തിൽ നിന്ന് മതത്തെ മാറ്റി നിർത്തി.
ഹൈഡഗർ നാസിയായെന്ന സംശയം നില നിൽക്കുമ്പോഴാണ്,അദ്ദേഹം ഹിറ്റ്ലറോട് കൂറ് പ്രഖ്യാപിച്ച് റെക്റ്റർ ആയത്.നാസി അനുകൂല പ്രഭാഷണങ്ങൾ നടത്തി.മേയിൽ,സർവകലാശാല ലൈബ്രറിക്ക് പുറത്ത്  ഫ്രീബെർഗ് പുസ്തക തീയിടലിൽ പങ്കെടുത്തു.ജൂത വിരുദ്ധ പരാമർശങ്ങൾ കൊണ്ട് നോട്ട് ബുക്കുകൾ നിറഞ്ഞു.2014 ൽ ഈ കറുത്ത നോട്ട് ബുക്ക്  പ്രസിദ്ധീകരിച്ചു.1933 മെയ് 27 ന് നാസി ബാനറുകൾ നിറഞ്ഞ ഹാളിൽ ആയിരുന്നു,റെക്റ്റർ ആയി ആദ്യ പ്രഭാഷണം.വിദ്യാർത്ഥികൾക്കുള്ള നാസി നയം അദ്ദേഹം പ്രഖ്യാപിച്ചു -തൊഴിൽ എടുക്കുക,പട്ടാളത്തിൽ ചേരുക.ഇതൊക്കെ പറയുമ്പോൾ,അസ്തിത്വ അവ്യക്തതകൾ അദ്ദേഹം കൂട്ടി കലർത്തി.ഈ പ്രഭാഷണത്തിൽ നിന്ന്:
this knowledge service will make students place their existence in the most acute danger in the midst of overpowering Being.
ഇതിന് മലയാളത്തിൽ മാങ്ങാത്തൊലി എന്ന് പറയും.പ്രഭാഷണം,ആത്മ വഞ്ചനയുടെ കലയായി.നവംബറിൽ ഹിറ്റ്ലറോടും ദേശീയ സോഷ്യലിസ്റ്റ് ഭരണ കൂടത്തോടും കൂറ് പുലർത്തുന്ന പ്രഖ്യാപനത്തിൽ ഒപ്പിട്ടു.അധികാര സ്ഥാനത്തായി,അദ്ദേഹം.എല്ലാ പദവികളിൽ നിന്നും ജൂതന്മാരെ നീക്കി.ഇത് മതം കാര്യമാക്കാത്ത   ഹുസ്സെളിനെയും ബാധിച്ചു -അദ്ദേഹത്തിൻറെ എമെറിറ്റസ് പദവി തെറിച്ചു.കീൽ സർവകലാശാലയിൽ നിയമ പ്രൊഫസറായ ഹുസ്സെളിന്റെ മകൻ ഗെർഹാർട്ടിനും ജോലി പോയി.ഒന്നാം ലോകയുദ്ധത്തിൽ പരുക്കേറ്റയാളായിരുന്നു,ഗെർഹാർട്ട്.സഹോദരൻ വോൾഫ് ഗാങ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.ഹുസ്സെൾ കുടുംബത്തിൻറെ ദേശാഭിമാനം വരവ് വച്ച്,ഹൈഡഗറുടെ ഭാര്യ എൽഫ്രീഡ്,ഹുസ്സെളിന്റെ ഭാര്യ മാൽവീന് പൂച്ചെണ്ട് കൊടുത്തയച്ച് പിന്നെയും അപമാനിച്ചു.ഹൈഡഗറെ പോലെ തന്നെ വേറെ പലരുമായും ബന്ധമുണ്ടായിരുന്നു,ഭാര്യയ്ക്കും.തൻറെ പിതാവ് ഹൈഡഗർ അല്ലെന്നും ഒരു ഡോക്ടർ ആണെന്നും അമ്മ പറഞ്ഞതായി,വർഷങ്ങൾക്കു ശേഷം ഹൈഡഗറുടെ മകൻ ഹെർമൻ വെളിപ്പെടുത്തി.
ആ വർഷം  പുറത്തിറക്കിയ Being and Time -ൽ നിന്ന് ഹുസ്സെളിനുള്ള സമർപ്പണം ഹൈഡഗർ നീക്കി.ഹൈഡഗർക്ക് വേണ്ടി ഹുസ്സെൾ ശുപാർശക്കത്തുകൾ എഴുതുമ്പോൾ തന്നെ അദ്ദേഹത്തെ പിന്നിൽ നിന്ന് ഹൈഡഗർ കുത്തിക്കൊണ്ടിരുന്നു.അക്കാലത്ത് കാൾ ജസ്‌പേഴ്‌സിന് ഹൈഡഗർ എഴുതി:പ്രാതിഭാസിക ശാസ്ത്രത്തിൻറെ പിതാവാണ് താൻ എന്ന് അദ്ദേഹം ഭാവിക്കുന്നു.അതെന്താണെന്ന് ആർക്കും അറിയില്ല. അത് എന്താണെന്ന് ജസ്‌പേഴ്‌സിനും മനസ്സിലാകാത്തതിനാൽ,കത്ത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കിയില്ല.ഹൈഡഗർ മടങ്ങി വരുമെന്നും തൻറെ അപ്രകാശിത രചനകൾ വേണ്ട പോലെ ഭാവിയിൽ ലോകത്ത് എത്തിക്കുമെന്നും കരുതിയാണ്,ഹുസ്സെൾ താൻ വിരമിച്ചപ്പോൾ ആ ജോലി ഹൈഡഗർക്ക് വാങ്ങി കൊടുത്തത്.
ഹുസ്സെൾ 
വലിയ ചിന്തകൻ കാൾ ജസ്‌പേഴ്‌സും ഇതെല്ലം നിരീക്ഷിച്ചു കൊണ്ടിരുന്നു.ഹുസ്സെളിന്റെ ജന്മദിന വിരുന്നിൽ ഒരിക്കൽ കണ്ടാണ് ഹൈഡഗറും ജസ്‌പേഴ്‌സും സുഹൃത്തുക്കൾ ആയത്.ഹൈഡൽബെർഗിലായിരുന്നു ,ജസ്‌പെർസ്‌.അതു കൊണ്ട് കത്തിടപാടുകൾ ആയിരുന്നു,കൂടുതൽ.ഭാര്യ ഗെർ ത്രൂദിനെ സർഗാത്മക പ്രവർത്തനത്തിൽ പങ്കാളി ആക്കിയിരുന്ന ജസ്‌പേഴ്‌സുമായി ഹന്ന എക്കാലവും സൗഹൃദത്തിൽ ആയിരുന്നു.മാക്സ് വെബറിൻറെ സ്വാധീനത്തിലായിരുന്നു,ഹൈഡൽ ബെർഗ്.ജസ്‌പേർസ് മറ്റൊരു ശ്രദ്ധാ കേന്ദ്രമായിരുന്നു.ഹൈഡഗറുമൊത്ത് The Philosophy of the Age എന്ന മാസിക ഇറക്കാൻ ആലോചിച്ചെങ്കിലും,നടന്നില്ല.തത്വ ചിന്തയിൽ ഒരു വിപ്ലവം വേണമെന്ന ചിന്തയിൽ ഇരുവരും യോജിച്ചു.പ്രയോഗികതയിൽ വിയോജിച്ചു.Being and Time -ൻറെ കരട് വായിച്ച ജസ്‌പേഴ്സിന് പല ഭാഗങ്ങളും അവ്യക്തമായി തോന്നി.ഒരിക്കൽ ജസ്‌പേഴ്‌സിനെപ്പറ്റി ആരോടോ ഹൈഡഗർ മോശമായി സംസാരിച്ചതറിഞ്ഞ്,അദ്ദേഹം ഹൈഡഗറെ നേരിട്ടു -ഹൈഡഗർ നിഷേധിച്ചു.ഹൈഡഗർ നാസി പ്രവണതകൾ കാട്ടുന്നത്,ജസ്‌പെർസ്‌ സ്വകാര്യ കുറിപ്പുകളിൽ രേഖപ്പെടുത്തി.ജസ്‌പെർസ്‌ ജൂതനായിരുന്നില്ല;ഭാര്യ ആയിരുന്നു.1933 മാർച്ചിൽ ഹൈഡഗർ,ജസ്‌പേഴ്‌സിന്റെ വീട്ടിലെത്തി,പോകാൻ നേരം ഗെർ ത്രൂദിനോട്‌ യാത്ര പറഞ്ഞില്ല.ആ ബന്ധം അറ്റു.

ജസ്‌പെർസ്‌ 
1933 ലെ ക്രിസ്‌മസ്‌ ആയപ്പോഴേക്കും, ഹൈഡഗർ പരസ്യ  നാസി വേഷത്തിൽ അസ്വസ്ഥനായി..ആ ശിശിരം മുഴുവൻ വിഛേദത്തെപ്പറ്റി ആലോചിച്ചെന്ന് പിന്നീട് ഹൈഡഗർ എഴുതി.അടുത്ത സെമസ്റ്റർ ഒടുവിൽ,1934 ഏപ്രിൽ 14 ന്   റെക്റ്റർ സ്ഥാനം രാജി വച്ചു.നാസിസവുമായി ഇതിന് ശേഷം ബന്ധമുണ്ടായില്ല എന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും,സത്യം അതായിരുന്നില്ല.Being and Time -ൽ ഹുസ്സെളിനുള്ള സമർപ്പണം മടങ്ങി വന്നു.യുദ്ധാവസാനം വരെ ചാരന്മാർ തൻറെ പിന്നിലായിരുന്നെന്ന് ഹൈഡഗർ അവകാശപ്പെട്ടു.ഇക്കാലത്തെപ്പറ്റി സംസാരിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല.1945 ൽ തൻറെ ഭാഗം ന്യായീകരിച്ച്,The Rectorate 1933 / 34 Facts  and thoughts എന്നൊന്ന് എഴുതിയെങ്കിലും,ഏറ്റില്ല.യുദ്ധം കഴിഞ്ഞ് ഹിറ്റ്‌ലർ തോറ്റ ശേഷം,തെറ്റ് ഏറ്റു പറഞ്ഞതിൽ നൈതികത ഉണ്ടായിരുന്നില്ല.
നാസികളെ പേടിച്ച് പലരും ജർമനി വിട്ടിരുന്നു.ഹന്നാ ആരെന്റിനെ 1933 വസന്തത്തിൽ ബെർലിനിൽ അറസ്റ്റ് ചെയ്തപ്പോൾ അവർ രക്ഷ തേടി പല രാജ്യങ്ങൾ വഴി ന്യൂയോർക്കിൽ എത്തി.ലെവിനാസ് നേരത്തെ തന്നെ ഫ്രാൻസിലെത്തി സോർബോണിൽ പ്രൊഫസറായി.ഹുസ്സെളിന്റെ മക്കൾ എല്ലിയും ഗെർഹാർട്ടും അമേരിക്കയിൽ കുടിയേറി.ഹുസ്സെളിന് 1933 നവംബറിൽ സതേൺ കലിഫോർണിയ സർവകലാശാല ജോലി വാഗ്‌ദാനം ചെയ്തത് അദ്ദേഹം നിരസിച്ചു.ഇടക്കിടെ സഹായി മാക്‌സ് മുള്ളറെ ഹുസ്സെളിന്റെ അടുത്തയച്ച് താൻ എന്ത് ചെയ്യുന്നുവെന്ന് ആവശ്യമില്ലാതെ ഹൈഡഗർ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.1934 ഓഗസ്റ്റിൽ പ്രേഗിൽ നടന്ന രാജ്യാന്തര ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാൻ ഹുസ്സെളിന് യാത്രാനുമതി നിഷേധിച്ചു.യൂറോപ്യൻ ജ്ഞാനാന്വേഷണ പൈതൃകം ഭീഷണിയിലാണെന്ന് കോൺഗ്രസിൽ വായിച്ച സന്ദേശത്തിൽ ഹുസ്സെൾ മുന്നറിയിപ്പ് നൽകി.1936 ജനുവരിയിൽ The Crisis of the European Sciences ആദ്യ ഭാഗം ജൂത വിരുദ്ധ നിയമങ്ങൾ കാരണം,ജർമനിയിൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.1937 ഓഗസ്റ്റിൽ ഒരു വീഴ്ചയിൽ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാൻ ആയില്ല.Crisis പൂർത്തിയാക്കാനാകാതെ അദ്ദേഹം 1938 ഏപ്രിൽ 27 ന് മരിച്ചു.കുഴിമാടം നാസികൾ ആക്രമിക്കുമെന്ന് ഭയന്ന്,ഭാര്യ അദ്ദേഹത്തിൻറെ ജഡം ദഹിപ്പിച്ചു.ചിതാഭസ്മവും രചനകളും സൂക്ഷിച്ച് അവർ വീട്ടിലിരുന്നു.അനാരോഗ്യം പറഞ്ഞ്,ഹൈഡഗർ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല.

രാജിക്ക് ശേഷം ഹൈഡഗർ നാസിസം വിട്ടിരുന്നില്ല.1934 ൽ നാസികളുടെ ഫിലോസഫി അക്കാദമിക്ക് അദ്ദേഹം ശുപാർശകൾ നൽകിയിരുന്നു.1936 ൽ റോമിൽ ജർമൻ കവി ഹോൾഡർലിനെപ്പറ്റി പ്രഭാഷണം നടത്താൻ ഹൈഡഗർ പോയി.അവിടെ കോട്ടിൻറെ നെഞ്ചത്ത് ഹൈഡഗർ സ്വസ്തിക ചിഹ്നം കുത്തിയിരുന്നു.പഴയ ജൂത വിദ്യാർത്ഥി കാൾ ലോവിത് സ്ഥലം കാണാൻ കൊണ്ടു പോയപ്പോഴും,സ്വസ്തിക അവിടെ കണ്ടു.
ഇന്ത്യയെ കണ്ടെത്തിയ മാക്‌സ് മുള്ളർ ഹൈഡഗറുടെ സഹപാഠിയും അസിസ്റ്റന്റുമായിരുന്നു.1937 ൽ രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയ മുള്ളർക്ക് ഭരണ കൂടവുമായി പ്രശ്നങ്ങൾ ഉണ്ടായി.ഒരു കത്തോലിക്കാ സംഘത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു.മുള്ളറെ പറ്റി ഭരണകൂടം ഹൈഡഗറോട് റിപ്പോർട്ട് ചോദിച്ചെന്നും പൊതുവെ നല്ല കാര്യങ്ങൾ പറഞ്ഞ ശേഷം,മുള്ളർക്ക് ഭരണ കൂടത്തെപ്പറ്റി നല്ല അഭിപ്രായമല്ല എന്നുകൂടി ഹൈഡഗർ ചേർത്തെന്നും മുള്ളറോട്,വൈസ് റെക്ടർ തിയഡോർ മൗൺസ് വെളിപ്പെടുത്തി.ഹൈഡഗറുടെ അടുത്ത് ചെന്ന് ഭാവി നശിപ്പിക്കരുതെന്ന് കേണ മുള്ളറെ ഹൈഡഗർ നിരാകരിച്ചു.സത്യം വെട്ടി നീക്കാൻ കഴിയില്ലെന്ന് അദ്ദേഹം  കട്ടായം പറഞ്ഞു.

ഹൈഡഗറെ  പ്പറ്റിയുള്ള സത്യം,ചരിത്രം വെട്ടി നീക്കാത്തതു കൊണ്ടാണ്,എനിക്ക് ഇത് എഴുതേണ്ടി വന്നത്.





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...