Monday 30 September 2019

ഗ്രീക്ക് ദുരന്ത അസംബന്ധം

പ്രളയകാലത്തെ മൺവണ്ടി 2

പഴയ നിയമത്തിലെ അബ്രഹാമിനെ മുൻനിർത്തി ഡാനിഷ് ചിന്തകൻ കീർക്കെഗാദ്, ഗ്രീക്ക് ദുരന്ത നായകനെപ്പറ്റി നടത്തിയ അന്വേഷണവും നാനാർത്ഥങ്ങളും-അബ്രഹാമിൽ നിന്ന് അഗമെമ്നണിലേക്കുള്ള ദുരന്ത ദൂരം.

But Abraham believed, and therefore he was young; for he who always hopes for the best becomes old, deceived by life, and always prepared for the worst becomes old prematurely; but he who has Faith retains eternal youth...Abraham resigned everything back on the strength of the absurd.
-Soren Kierkegaard / Fear and Trembling

ഗ്രീക്ക് ദുരന്ത നാടകകൃത്ത് സോഫോക്ലിസിനെ നമിച്ചു കൊണ്ടാണ്, അദ്ദേഹത്തിൻറെ നാടകങ്ങൾ വായിച്ചത്. അദ്ദേഹത്തിൻറെ 'ഈഡിപ്പസ് രാജാവ്', 'ആന്റിഗണി' എന്നിവ സി ജെ തോമസ് മലയാളത്തിലാക്കി. ഇനിയും നല്ല പരിഭാഷ ആകാം.

ഗ്രീക്ക് ദുരന്ത നാടകങ്ങളിലെ നായകന്മാരോട് ഡാനിഷ് ചിന്തകൻ സോറൻ കീർക്കെഗാദ് രേഖപ്പെടുത്തിയ വിയോജിപ്പ് എന്നെ അമ്പരപ്പിച്ചു. ബാഹ്യലോകത്തു നിന്ന് കരയുകയും കരയിപ്പിക്കുകയും ചെയ്യുന്ന ആ നായകർക്ക് വിശ്വാസത്തിൻറെ ആത്മീയ ശക്തി ഇല്ലാത്തതിനാൽ, ആത്യന്തിക നിലനിൽപ് അദ്ദേഹം കാണുന്നില്ല.

അസംബന്ധം എന്നാൽ 

വിശ്വാസത്തെപ്പറ്റി 'അസംബന്ധത്തിൻറെ കരുത്ത്' എന്ന ആശയം 'ഭയ സംഭ്രമങ്ങൾ' ( Fear and Trembling / 1843 ) എന്ന പുസ്തകത്തിൽ അദ്ദേഹം ആവിഷ്‌കരിക്കുന്നു. ഈ ആശയത്തിൽ നിന്നാണ്, ആൽബേർ കാമു, തൻറെ പ്രബന്ധങ്ങൾക്ക് ആധാരമായ വാദങ്ങൾ മുളപ്പിച്ചത്; യൂജിൻ യനസ്കോയും സാമുവൽ ബക്കറ്റും മറ്റും അസംബന്ധ നാടകങ്ങൾ സൃഷ്ടിച്ചത്.

കീർക്കെഗാദ് 

അസംബന്ധം എന്നാൽ Nonsense അല്ല. Absurd ആണ്. താത്വിക തലത്തിൽ അതിന് വാച്യാർത്ഥവും അല്ല. അസംബന്ധം മനുഷ്യാവസ്ഥയാണ്. ഇത് സാധുവാക്കാൻ കീർക്കെഗാദ് എടുക്കുന്നത്, ബൈബിൾ പഴയ നിയമത്തിലെ അബ്രഹാമിനെയാണ്. അബ്രഹാമിനോട് മകൻ ഇസഹാക്കിനെ ബലി കഴിക്കാൻ ദൈവം ആവശ്യപ്പെടുന്നത് അസംബന്ധമാണ്; ആരോടും പറയാതെ,അതിനെ മറ്റൊരു അസംബന്ധത്തിൻറെ കരുത്തിൽ അബ്രഹാം മൗനം കൊണ്ട് നേരിടുന്നു. അസംബന്ധത്തെ അസംബന്ധം കൊണ്ട് നേരിടുന്ന സംഘർഷ മുഹൂർത്തത്തിൽ,അതിന് അബ്രഹാമിനെ സഹായിക്കുന്നത്, വിശ്വാസമാണ്.ഗ്രീക്ക് ദുരന്ത നായകന് വിശ്വാസ ലോകമില്ല. അതുകൊണ്ട്, അയാൾ ഒരു ഹാസ്യരൂപം  (Caricature) മാത്രമാകുന്നു -ഇത്രയും കീർക്കെഗാദിന്റെ വാദം സംഗ്രഹിക്കാം.

'അസംബന്ധം'എന്ന താത്വിക ആശയത്തെ പൊതുവെ 'ജീവിതം അസംബന്ധം' എന്ന് വായനാശീലമുള്ള മലയാളികൾ മനസ്സിലാക്കി വച്ചതായി തോന്നുന്നു.അത് വിഡ്ഢിത്തമാകയാൽ,അബ്രഹാമിൻറെ കഥയിൽ എങ്ങനെ
'അസംബന്ധം'വരുന്നു എന്ന് നോക്കാം.പഴയ നിയമത്തിൽ ഉൽപത്തി പുസ്തകത്തിലെ 22 ഖണ്ഡത്തിലാണ് അബ്രഹാം ആഖ്യാനം.

ദൈവം കൽപിച്ചു:
"നിൻറെ പുത്രനെ,നീ അത്യധികം സ്നേഹിക്കുന്ന ഏകജാതനായ ഇസഹാക്കിനെ,കൂട്ടിക്കൊണ്ട് മോറിയ ദേശത്തേക്ക് പോവുക.അവിടെ ഞാൻ കൽപിക്കുന്ന മലയിൽ അവനെ എനിക്ക് ഹോമിക്കുക".

അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് ജീനി കെട്ടി;ഹോമബലിക്ക് വേണ്ട വിറക് കീറി.അയാൾ രണ്ടു ചെറുപ്പക്കാരെയും പുത്രനായ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് ദൈവം തന്നോട് കൽപിച്ച സ്ഥലത്തേക്ക് പോയി.മൂന്നാം ദിവസം അബ്രഹാം തല ഉയർത്തി നോക്കിയപ്പോൾ ദൂരെ ആ സ്ഥലം കണ്ടു.അപ്പോൾ അയാൾ ചെറുപ്പക്കാരോട് പറഞ്ഞു:

"കഴുതയുമായി നിങ്ങൾ ഇവിടെ നിൽക്കുക.ഞാനും കുട്ടിയും കുറെ ദൂരം കൂടി പോയി,ആരാധന നടത്തി മടങ്ങി വരാം".

അബ്രഹാം ഹോമബലിക്കുള്ള വിറക് പുത്രൻ ഇസഹാക്കിൻറെ ചുമലിൽ വച്ചു.എന്നിട്ട് തീയും കത്തിയും എടുത്തു.ഇരുവരും ഒന്നിച്ചു നടന്നു.ഇസഹാക്ക് പിതാവായ അബ്രഹാമിനെ വിളിച്ചു:
"പിതാവേ !"
"എന്താണ് മകനേ !"
"ഇതാ തീയും വിറകും;എന്നാൽ ഹോമബലിക്കുള്ള ആട്ടിൻ കുട്ടി എവിടെ ?",
മകൻ ശങ്കിച്ചു.
"ഹോമബലിക്കുള്ള ആട്ടിൻകുട്ടിയെ ദൈവം നൽകിക്കൊള്ളും",അബ്രഹാം പറഞ്ഞു.

അങ്ങനെ,ഇരുവരും ഒന്നിച്ചു നടന്നു.

ദൈവം നിർദേശിച്ച സ്ഥലത്ത് എത്തിയപ്പോൾ,അബ്രഹാം അവിടെ ബലിപീഠം പണിത്,അതിൽ വിറക് അടുക്കി.ഇസഹാക്കിനെ കൈകാലുകൾ കെട്ടി ബലിപീഠത്തിൽ വിറകിന് മുകളിലായി കിടത്തി.അനന്തരം അബ്രഹാം തൻറെ പുത്രനെ ബലികഴിക്കാൻ കൈനീട്ടി കത്തി എടുത്തു.ആ സമയത്ത് കർത്താവിൻറെ മാലാഖ ആകാശത്തു നിന്ന് ''അബ്രഹാം!',അബ്രഹാം!" എന്ന് വിളിച്ചു.

"ഇതാ,ഞാൻ ഇവിടെയുണ്ട്,"അബ്രഹാം പറഞ്ഞു.

മാലാഖ പറഞ്ഞു:
"കുട്ടിയുടെ മേൽ കൈ വയ്ക്കരുത്;അവനെ ഒന്നും ചെയ്യരുത്.നിൻറെ പുത്രനെ,നിൻറെ ഏകജാതനെ തന്നെ തരാൻ നീ വൈമനസ്യം കാണിക്കായ്കയാൽ,നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു" ( ഉൽപത്തി 22 :12 ).

അബ്രഹാം കണ്ണ് തിരിച്ചു.അതാ,തൻറെ പിന്നിൽ,കൊമ്പുകൾ കുറ്റിക്കാട്ടിൽ ഉടക്കി ഒരു ആൺകോലാട് നിൽക്കുന്നു!അബ്രഹാം ചെന്ന് ആടിനെ പിടിച്ച്,പുത്രന് പകരം ഹോമിച്ചു.

ലോകസാഹിത്യത്തിലെ ഏറ്റവും ഗംഭീരമായ മുഹൂർത്തങ്ങളിൽ ഒന്നാണ്, ഇത്.ഇങ്ങനെ ഒരു സന്ദർഭം ഭാവന ചെയ്യാൻ ചെറിയ മനുഷ്യരൊന്നും പോരാ.

ബലിയുടെ അർത്ഥം 

ഇക്കഥയിൽ, പിതാവും പുത്രനും തമ്മിലുള്ള രണ്ടു വരി സംഭാഷണത്തിൽ, പിതാവ് തന്നെ ബലി കൊടുക്കാൻ വന്നതാണെന്ന് പുത്രന്  അറിയില്ല എന്ന് വ്യക്തം. ''ഹോമബലിക്കുള്ള ആട്ടിൻ കുട്ടി എവിടെ?'' എന്ന് പുത്രൻ ചോദിച്ചപ്പോൾ, അബ്രഹാം, ''ആട്ടിൻ കുട്ടിയെ ദൈവം നൽകിക്കൊള്ളും" എന്ന് പറയുന്നിടത്താണ്, അബ്രഹാമിൻറെ വിശ്വാസം. അതുള്ളതിനാൽ, വിവരം അയാൾ ഭാര്യ സാറയോടോ മകനോടോ സഹായി ഏലിയാസാറിനോടോ പറഞ്ഞില്ല. ഈ മൗനം അസംബന്ധമാണ്. മൗനം, പക്ഷെ, അനന്തമായ രാജി (Infinite resignation) ആണ്. രാജി എന്ന വാക്ക് പിടികിട്ടിയില്ലെങ്കിൽ, 'അനന്തമായ സന്ധി' എന്നാകാം. മനുഷ്യൻറെ കണക്കുകൾ വിലപ്പോകാത്ത സാഹചര്യമെന്തോ, അതാണ്, അസംബന്ധം. അതിനെ അനന്തമായ രാജി കൊണ്ടാണ്, അബ്രഹാം നേരിട്ടത്; അതാണ്, അസംബന്ധത്തിൻറെ കരുത്ത്.

ഇത് നടക്കുന്നത്, ഈ ഭൗതിക ലോകത്തല്ല. അനന്തമായ വിശ്വാസത്തിൻറെ ലോകത്താണ്. അനന്തമായ രാജിയാൽ അബ്രഹാം ആ ലോകത്തെത്തി. ഇങ്ങനെ ഒരു ലോകമോ, രാജിയോ, വിശ്വാസമോ ഗ്രീക്ക് ദുരന്ത നായകനിൽ ഇല്ല.

മകനെ ഹോമിക്കാൻ പോകുമ്പോൾ, അബ്രഹാമിന് നൂറു വയസ്സ് കഴിഞ്ഞിരുന്നു. മോറിയ മലയിലേക്ക് മൂന്ന് നാൾ യാത്ര ചെയ്യുമ്പോൾ അയാൾ കാലവുമായി പോരാടുകയായിരുന്നു. വിശ്വാസമുള്ളതിനാലാണ്, അബ്രഹാം ആ പ്രായത്തിലും ചെറുപ്പമായിരുന്നത്.

കീർക്കെഗാദ് എഴുതുന്നു:
"പ്രത്യാശ മാത്രമുള്ളവൻ,ജീവിതത്താൽ വഞ്ചിക്കപ്പെട്ട്,വൃദ്ധനാകുന്നു.തിന്മ മാത്രം പ്രതീക്ഷിക്കുന്നവൻ,അകാലത്തിൽ വൃദ്ധനാകുന്നു.വിശ്വാസമുള്ളവൻ അനന്ത യൗവനത്തിൽ കഴിയുന്നു !"

ഇക്കഥയില്‍ ക്രൈസ്തവസഭ കാണുന്നത്, വിശ്വാസവും അനുസരണയുമാണ്. ജൂതസംസ്‌കാരത്തില്‍, ബലിക്കുയര്‍ത്തിയ കൈ താഴ്ത്താന്‍ ആജ്ഞയുണ്ടായതിനാല്‍, ഇത് ദൈവ കാരുണ്യത്തിന്റെ കഥയായി. കീര്‍ക്കെഗാദിന്  അബ്രഹാം, ദൈവേച്ഛക്കുള്ള ഒരുപകരണം മാത്രമല്ല; അബ്രഹാം മഹത്വമുള്ളവനാകുന്നത്, അയാള്‍ ദൈവത്തിന്റെ വിശ്വാസവിചാരണയ്ക്കു മുന്നില്‍ പതറാതെ നിന്ന്, ആ സഹനം ഏറ്റുവാങ്ങുന്നതുകൊണ്ടാണ്. 

കീർക്കെഗാദ് കയ്യക്ഷരം 

വിശ്വാസത്താലാണ് അബ്രഹാം പിതൃഭൂമി വിട്ട് വാഗ്‌ദത്ത ഭൂമിയിൽ അപരിചിതനായി എത്തിയത്‍. ഭൗതിക ലോകം വിട്ട്, വിശ്വാസലോകത്തെത്തുകയാണ്. പുതു ലോകത്തിൽ കാണുന്നതെല്ലാം പ്രചോദിപ്പിക്കുന്നതാണ്. ദൈവം ഉപേക്ഷിച്ചവനല്ല അയാൾ; ദൈവം തിരഞ്ഞെടുത്തവനാണ്. പിതൃഭൂമിയിൽ നിന്ന് ദൈവം പുറത്താക്കിയ യെരമ്യയുണ്ട്. ഓവിഡ് ഉണ്ട്. അവരെ മറക്കുന്നില്ല; അവരുടെ വിലാപഗീതികളും മറക്കുന്നില്ല. അബ്രഹാമിൽ നിന്ന് വിലാപ ഗീതികൾ ഒന്നുമില്ല. കരയുന്നതും കരയുന്നവന്റെ കൂടെ കരയുന്നതും മനുഷ്യ സ്വഭാവമാണ്. വിശ്വാസമുണ്ടാവുകയാണ്, മഹത്തരം. വിശ്വാസിയെ കാണുന്നതാണ്, അനുഗ്രഹം. അത് വരെയുണ്ടായ പരീക്ഷണങ്ങളുടെ ആകുലതകൾ സാന്ദ്രീകരിച്ച നിമിഷമായിരുന്നു, ആ ബലി സന്ദർഭം.

പൂർവ പിതാവ് യാക്കോബിന് പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അയാൾ അതിൽ ഒന്നിനെയേ സ്‌നേഹിച്ചുള്ളൂ. അബ്രഹാമിന് ഒന്നേയുള്ളു.അയാൾ അവനെ സ്നേഹിച്ചു.ബലി,അവനെ വേർപെടുത്തുമായിരുന്നു. അനുഗ്രഹിക്കേണ്ട കൈകൾ കൊണ്ടാണ് അബ്രഹാം കത്തി എടുത്തത്. ദൈവം തന്നെയാണ് ഇവിടെ മരണ ദൂതൻ. ഇതിനപ്പുറം ഒരു പരീക്ഷണം മനുഷ്യന് ഇല്ല. മരണ ദൂതനെയാണ് ശപിക്കേണ്ടത്; ഇവിടെ അതും വയ്യ. അബ്രഹാമിന് കത്തി, സ്വന്തം നെഞ്ചിൽ കുത്തിയിറക്കാമായിരുന്നു. മലഞ്ചെരിവിൽ ആടുകൾ മേയുന്നുണ്ടായിരുന്നു. അതിൽ ഒന്നിനെ പകരം എടുക്കൂ എന്ന് യാചിക്കാമായിരുന്നു. മകനോടൊപ്പം ദൈവത്തെ ധിക്കരിച്ചു മടങ്ങാമായിരുന്നു. അപ്പോൾ ഒന്നും പഴയ പടി ആയിരിക്കില്ല. ജീവിതം പലായനവും ഈശ്വരേച്ഛ ഹാസ്യവും ആയിത്തീരും. ശരീരം കൊണ്ട് പലായനം ആകാം; ആത്മാവ് കൊണ്ടും അതാകാമോ? പരമ പരീക്ഷണത്തെ അതിജീവിച്ച്, മരണത്തിന് മുൻപേ മരണത്തെ ദർശിച്ച് അബ്രഹാം അമരനായി. വിശ്വാസത്തെ മുറുകെപ്പിടിച്ച് പുത്രനെ ത്യജിക്കാൻ നിന്നപ്പോൾ, ബലി കൊലയല്ലാതായി; അത് നേർച്ചയായി.

അബ്രഹാം, മകനെ രക്ഷിച്ച്, കത്തി സ്വന്തം നെഞ്ചിൽ കുത്തിയിറക്കിയിരുന്നെങ്കിൽ, ലോകം അയാളെ ആരാധിച്ചേനെ. ആരാധിക്കപ്പെടുക എന്നതിനെക്കാൾ മഹത്താണ്, ആകുലതകളിൽ അകപ്പെട്ടവർക്ക് അടയാള നക്ഷത്രം ആവുക എന്നത്.

എത്രയോ പിതാക്കന്മാർക്ക്,മക്കളെ നഷ്ടപ്പെട്ടു. ദൈവമാണ് എടുത്തത്. ഇവിടെ അങ്ങനെയല്ല. കടുത്തതായിരുന്നു വിചാരണ -അബ്രഹാമിൻറെ കൈയിൽ തന്നെ, പുത്രൻ ഇസഹാക്കിൻറെ വിധിയും വച്ച് കൊടുത്തു. വൃദ്ധൻ തൻറെ ഏകജാതനുമായി, ഏക പ്രത്യാശയുമായി നിന്നു.സംശയിച്ചില്ല. ഭയ സംഭ്രമങ്ങളാൽ ഇടവും വലവും നോക്കിയില്ല. പ്രാർത്ഥനകൾ കൊണ്ട് ദൈവത്തെ വെല്ലു വിളിച്ചില്ല. ദൈവമാണ് പരീക്ഷിക്കുന്നത്. ഏറ്റവും വലിയ ത്യാഗമാണ്, ആവശ്യപ്പെടുന്നത്. ദൈവം ചോദിക്കെ, ഒരു ബലിയും ഒഴിവാക്കാനാവില്ല. അത് കൊണ്ട് അയാൾ പുത്രനെ കൊല്ലാൻ കത്തിയെടുത്തു. (അദ്വൈതത്തിൻറെ കണ്ണിൽ നിന്ന്, പിതാവും പുത്രനും ഒന്നാകയാൽ, ഇത് ആത്മബലി തന്നെയാകുന്നു.)

അധ്വാനിക്കുന്നവനേ അന്നം കിട്ടൂ. ഭൗതിക ലോകത്ത് വിപരീതമായാണ് കാണുക. ബാഹ്യ ലോകത്ത്, അപൂർണതയാണ്, നിയമം. അധ്വാനിക്കാത്തവനേ അന്നം കിട്ടൂ. ഉറങ്ങുന്നവനേ ഐശ്വര്യം തേടിയെത്തും. അവന്, നിസ്സംഗതയാണ്, നിയമം. അനന്ത ദൈവ ക്രമം നില നിൽക്കുന്ന ആത്മീയ ലോകത്ത്, അധ്വാനിക്കുന്നവനേ ഫലം കിട്ടൂ. ബലിക്ക് കത്തി എടുത്തവനേ പുത്രനെ മടക്കി കിട്ടൂ. പൗരുഷം ഇല്ലാത്തവൻ ആയതിനാലാണ്, ഓർഫ്യുസ് എന്ന ഗായകനെ ദൈവം ഉപേക്ഷിച്ചത്. അബ്രഹാം അചഞ്ചലനായി നിന്നെങ്കിലും, ആ അനുഭവം അറിയുന്നവൻ ഭയ സംഭ്രമങ്ങളിൽ പെട്ടുഴലും. ധർമ ബോധത്തിൻറെ ഭാഗത്തു നിന്ന് നോക്കിയാൽ, അബ്രഹാം ഇസഹാക്കിനെ കൊല്ലാൻ തയ്യാറായിരുന്നു. മത ബോധത്തിൽ നിന്ന് നോക്കിയാൽ, ഇസഹാക്കിനെ ബലി കഴിക്കാൻ തയ്യാറായിരുന്നു. ഈ ദ്വന്ദ്വത്തിലാണ്, മനുഷ്യൻറെ ഉറക്കം കെടുത്തുന്ന സംഭ്രമം നില കൊള്ളുന്നത്. ഈ വൈരുധ്യമാണ്, അബ്രഹാമിൻറെ കഥയിലെ സമസ്യ.

പറഞ്ഞുറപ്പിച്ചത് പോലെ, ബലിക്കായി ദൈവം പറഞ്ഞുറപ്പിച്ച സ്ഥലത്ത് അബ്രഹാം എത്തി.നേരത്തെയല്ല; വൈകിയും അല്ല. വിശ്വാസത്തിൻറെ പുറത്തായിരുന്നു, സഞ്ചാരം. മനുഷ്യൻറെ കണക്കു കൂട്ടലുകൾക്ക് അവിടെ സ്ഥാനമില്ല. അസംബന്ധത്തിൻറെ കരുത്താണ്, അവിടെ വേണ്ടത്. ബലി ചോദിച്ച ദൈവം, അടുത്ത നിമിഷത്തിൽ അത് പിൻവലിക്കും എന്ന് കരുതുന്നത്, അസംബന്ധം; എന്നാൽ, അബ്രഹാം അത് വിശ്വസിച്ചു. ഒരു അസംബന്ധത്തിൽ വിശ്വസിച്ചു. ഇതിനെയാണ്, കീർക്കെഗാദ്, അസംബന്ധത്തിൻറെ കരുത്ത് എന്ന് വിളിക്കുന്നത്.

ദ്വന്ദ്വങ്ങളിൽ (Dialectics), വിശ്വാസത്തിൻറെ ദ്വന്ദ്വo / വൈരുധ്യം ആണ്, ശുദ്ധം, മഹത്തരം. വിശ്വാസമില്ലാതെ, ദൈവത്തെ സ്നേഹിക്കുന്നവൻ, അവനവനെയാണ് ധ്യാനിക്കുന്നത്; വിശ്വാസത്തോടെ ദൈവത്തെ പുണരുന്നവൻ ആകട്ടെ, ദൈവത്തെ മാത്രമാണ് ധ്യാനിക്കുന്നത്. ദൈവത്തിലെ പൂർണ സമർപ്പണത്തിന്, വിശ്വാസത്തിന് മുൻപ് ആർജ്ജിക്കേണ്ടതാണ്, അനന്തമായ രാജി, അഥവാ വിച്ഛേദം. വിശ്വാസം, അതിനാൽ,കലാപരമായ വികാരം അല്ല. അത് വേദിയിലെ ഹൃദയ വികാരം അല്ല. ജീവിത സമസ്യ തന്നെയാണ്. വിശ്വാസം വഴി അബ്രഹാം, ഇസഹാക്കിനു മേലുള്ള അവകാശം ഉപേക്ഷിക്കുകയല്ല, അവനെ നേടുകയാണ് ചെയ്‌തത്‌. ബാഹ്യലോകത്ത് എല്ലാറ്റിനും പരിധിയുണ്ട്; ആത്മീയ ലോകത്ത് അനന്തമാണ്, അസംബന്ധം.

കീർക്കെഗാദ് പ്രതിമ 

കീർക്കെഗാദുo മാർക്‌സും ഉൾപ്പെടെയുള്ള ചിന്തകർ ഹെഗലിൽ നിന്നാണ് ഊർജം ഉൾക്കൊണ്ടത് എങ്കിലും, ഹെഗൽ ആത്മീയതയെ വിച്ഛേദിക്കുന്നിടത്താണ്, അദ്ദേഹത്തോട് കീർക്കെഗാദ് കലഹിക്കുന്നത്. വ്യക്തി, പ്രപഞ്ചസത്തയ്ക്കും മേലെയാണ് എന്നത് അസംബന്ധമാണ്. അബ്രഹാമിന്റെ കഥയിൽ ഇതും സമസ്യയാണ്. ഹെഗൽ ബാഹ്യലോകം മാത്രമാണ് കാണുന്നത്. അദ്ദേഹത്തിന് ബാഹ്യ ലോകം ആന്തരിക ലോകത്തെക്കാൾ വലുതാണ്. പുത്രനാണ് ആന്തരികം; പിതാവാണ്, ബാഹ്യം. പുത്രനെ പിതാവ് നിർണയിക്കുന്നു. വിപരീതമായി ,പുത്രൻ, പിതാവിനെ ആന്തരികമായും കാണുന്നു. വിശ്വാസത്തിൻറെ കാര്യത്തിൽ കീർക്കെഗാദ് ഇവിടെ സമസ്യ കാണുന്നു -അവിടെ ആന്തരികതയാണ്, ഉന്നതം.

ഗ്രീക്ക് ദുരന്തം 

ഗ്രീക്ക് നാടകത്തിലെ ദുരന്ത നായകനും അബ്രഹാമും തമ്മിൽ ഒരു സാമ്യവുമില്ല. ധാർമിക ബോധത്തിൻറെ വലയത്തിനുള്ളിലാണ്, ദുരന്ത നായകൻ. ധാർമിക ജീവിതവുമായി ബന്ധപ്പെട്ടുള്ള പിതാവ് -പുത്രൻ, പിതാവ് -പുത്രി ബന്ധങ്ങളാണ്, ഇതിൽ വിഷയം. അബ്രഹാമും ഇസഹാക്കും തമ്മിലുള്ള ബന്ധം, ഗ്രീക്ക് തത്വ ചിന്തയ്ക്ക് പരിചിതമല്ല. അവിടെ ദുരന്ത നായകൻ ദൈവവുമായി സ്വകാര്യ ബന്ധത്തിൽഏർപ്പെടുന്നില്ല. അയാൾക്ക്,ധാർമികതയാണ്,ആത്മീയത. അതിനാൽ, അബ്രഹാമിൽ നിന്ന് ഭിന്നമായി, അവിടെ സമസ്യ ഒന്നുമില്ല. ദുരന്ത നായകന്, സ്വന്തം കരുത്തു കൊണ്ട് മനുഷ്യനാകാം. വിശ്വാസത്തിൻറെ രാജകുമാരൻ ആകാൻ പറ്റില്ല. ദുരന്ത നായകന്, ഒരുപാട് പേർ ഉപദേശം നൽകാനുണ്ട്. വിശ്വാസത്തിൻറെ നേരിയ വഴിയിൽ, ഉപദേഷ്ടാക്കളില്ല.

ദുരന്ത നായകൻ ദൈവത്തെ സംബോധന ചെയ്യുന്നത്, അന്യ പുരുഷനായാണ്. വിശ്വാസ പുരുഷൻ,ദൈവത്തിൻറെ വിശ്വസ്തനും സുഹൃത്തും ദൈവത്തെ 'അങ്ങ്' എന്ന് സംബോധന ചെയ്യുന്നവനുമാണ്. വിശ്വാസ പുരുഷൻറെ ചുവടുകൾ സാവധാനമായിരിക്കെ, ദുരന്ത നായകൻറെ ചുവടുകൾ നർത്തകന്റേതാണ്.

ദുരന്ത നായകൻറെ പോരാട്ടം താമസിയാതെ തീരുന്നു. വിശ്വാസ പുരുഷൻ ഉണർന്ന് തന്നെ ഇരിക്കുന്നു.അയാൾ നിരന്തരം വിചാരണയിലാണ്. അയാളിൽ ധാർമിക വിച്ഛേദമുണ്ട്. ഗ്രീക്ക് ദുരന്ത നായകനായ അഗമെംനണ് മകനോടോ മകളോടോ ധാർമിക ഉത്തരവാദിത്തമുണ്ട് എന്നതിനാൽ, അയാൾ അത് ഒരാഗ്രഹമായി പ്രകടിപ്പിച്ചേക്കാം. ദൈവത്തോട് അയാൾക്ക് പറയാം:

"എൻറെ മകൾ ഇഫിജീനിയയോട്,പിതാവെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം എനിക്ക് ലംഘിക്കാൻ വയ്യ".

എസ്കിലസിൻറെ ഗ്രീക്ക് ദുരന്ത നാടകമാണ്, 'അഗമെംനൺ'. ഓറസ്റ്റിയ എന്ന നാടക ത്രയത്തിൽ ആദ്യത്തേത്. ട്രോജൻ യുദ്ധത്തിൽ നിന്ന് പത്തു കൊല്ലത്തിന് ശേഷം രാജാവായ അഗമെംനൺ മടങ്ങുന്നത്, അയാളുടെ കൊല ആസൂത്രണം ചെയ്‌ത്‌ കാക്കുന്ന ഭാര്യ ക്ളിറ്റംനിസ്ട്രയ്ക്ക് അടുത്തേക്കാണ്. മകൾ ഇഫിജിനിയയെ യുദ്ധകാലത്ത്, യുദ്ധം ജയിക്കാൻ, ആർട്ടെമിസ് ദേവതയുടെ അവശ്യ പ്രകാരം അയാൾ ബലി നൽകുന്നു. ഇതിന് പക വീട്ടുകയാണ്, ഭാര്യ. ഇഫിജിനിയ മരിക്കുന്നതായും ആർട്ടെമിസ് രക്ഷിക്കുന്നതായും ഭാഷ്യങ്ങളുണ്ട്.

ദൈവത്തോട് അഗമെംനൺ മകളോടുള്ള ഉത്തരവാദിത്തം പറഞ്ഞാൽ, കാമവും ആഗ്രഹവും തുല്യമാകുന്നു. മനുഷ്യരെല്ലാം എന്തെങ്കിലും ഉത്തരവാദിത്തം ഭാവിക്കുന്നവരും, അത് ആഗ്രഹമായി പരിവർത്തിപ്പിക്കുന്നതിൽ ഉന്മേഷം കാണുന്നവരുമാണ്. ദുരന്ത നായകൻ ആകട്ടെ, കടമ നിർവഹിക്കാൻ, ആഗ്രഹം മാറ്റി വയ്ക്കുന്നു. വിശ്വാസ പുരുഷന്, ആഗ്രഹവും കടമയും ഒന്ന് തന്നെ. അയാൾക്ക് രണ്ടും ത്യജിച്ചേ പറ്റൂ. അയാൾക്ക് അങ്ങനെ ഒരു പരമ ദൗത്യം കിട്ടുന്നു. ദുരന്ത നായകനാകട്ടെ, കടമയുടെ ആവിഷ്‌കാരമാണ്,പ്രധാനം. പരമ ദൗത്യം അയാൾക്കില്ല. അബ്രഹാമും അഗമെംനനും തമ്മിലുള്ള വ്യത്യാസം ഇതാണ്.

അഗമെംനൺ മുഖാവരണം 

ദുരന്ത നായകൻ ധാർമികതയിൽ മാത്രം ഊന്നുന്നത് വഴി, ജനപ്രിയത കൈവരിക്കുന്നു. വിശ്വാസ പുരുഷൻ ഏകനാണ്. അതാണ് ഭീകരം. ധാർമിക കടമയ്ക്ക് പലപ്പോഴും കാലപരിധിയുണ്ട്. ജനപ്രിയതയ്ക്ക് അയാളെ സഹായിക്കാനുമാവും. അയാൾക്ക് അന്ത്യമുണ്ട്. വിശ്വാസ പുരുഷൻ സദാ ആകുലനാണ്. ഇഫിജീനിയയിലെ അവകാശം ഉപേക്ഷിക്കുമ്പോൾ, അഗമെംനണ് ജനപ്രിയതയിൽ വിശ്രമിച്ച്, ബലിക്കൊരുങ്ങാം. അതുപേക്ഷിക്കുന്ന നേരത്ത്, വികാര സാന്ദ്രീകരണമുണ്ട്. അത് അയാളെ നായകനാക്കുന്നു. ഇത് അബ്രഹാമിനും ഉണ്ട്. അയാൾ ഏകൻ ആയതിനാൽ, അദ്‌ഭുതത്തിലേക്ക് ആത്മാവിനെ സാന്ദ്രീകരിക്കുന്നു. അത് ചെയ്തില്ലെങ്കിൽ, അയാൾ മറ്റൊരു അഗമെംനൺ ആയി അവസാനിക്കും.

അബ്രഹാം ബലി ദൗത്യം ഭാര്യ സാറ, മകൻ ഇസഹാക്ക്, സഹായി ഏലിയാസർ എന്നിവരിൽ നിന്ന് ഒളിക്കുന്നു. ഒളിച്ചു വയ്ക്കൽ, ഗ്രീക്ക് ദുരന്ത  നാടകങ്ങളുടെയും ഭാഗമാണ്. അരിസ്റ്റോട്ടിൽ 'പൊയറ്റിക്സി'ൽ, ദുരന്ത നാടകങ്ങളുടെ രണ്ടു ഘടകങ്ങൾ പറയുന്നു. നായകൻറെ ഉയർച്ചയിൽ പെട്ടെന്നുണ്ടാകുന്ന പതനം, തിരിച്ചറിവ്.

തിരിച്ചറിവുണ്ടാകുന്നുണ്ടെങ്കിൽ, ആദ്യം മൂടി വയ്ക്കുന്നുണ്ട്. തിരിച്ചറിവിൽ നാടകം അയയുന്നു. മൂടി വയ്ക്കുമ്പോൾ, സംഘർഷം. മൂടിവയ്ക്കലും തിരിച്ചറിവും തമ്മിൽ കൂടിക്കുഴഞ്ഞാൽ നാടകം മേന്മയുള്ളതാകുമെന്ന് അരിസ്റ്റോട്ടിൽ. ഒറ്റ തിരിച്ചറിവും ഇരട്ട തിരിച്ചറിവും സംഘർഷം സൃഷ്ടിക്കുന്നതിനെപ്പറ്റിയും പറയുന്നുണ്ട്.

ഇരട്ട തിരിച്ചറിവിന് ഉദാഹരണം:എസ്കിലസിന്റെ ഓറസ്റ്റസ്, ഭ്രാന്തിൽ നിന്ന് രക്ഷ നേടി, അതിന് വിലയായി ആർട്ടെമിസിന്റെ പ്രതിമ എടുക്കുന്നു. അയാളെ പിടിച്ച് ബലി നൽകാൻ ഒരുങ്ങുമ്പോൾ, അയാളെ തിരിച്ചറിയുന്നു. അതേ സമയം, സഹോദരി ഇഫിജീനിയയെയും തിരിച്ചറിയുന്നു. അഗമെംനൺ അവളെ ബലി കഴിച്ചെന്നായിരുന്നു, ധാരണ. അവൾ ആർട്ടെമിസിന്റെ പുരോഹിത ആയി. ഇരുവരും, ഓറസ്റ്റസിന്റെ സുഹൃത്ത് പിലാദ്‌സിനൊപ്പം രക്ഷപ്പെടുന്നു.

ഗ്രീക്ക് ദുരന്ത നാടകത്തിൽ,മൂടി വയ്ക്കൽ (അതിൽ തിരിച്ചറിവും) വിധിയെ ആധാരമാക്കി രക്ഷപ്പെടാനുള്ള വഴിയാണ്. ഇതിഹാസ മാനമുണ്ട്. എല്ലാം വിധിക്ക് മേൽ കെട്ടി വയ്ക്കുമ്പോൾ, പ്രേക്ഷകന് മുന്നിൽ നാടകം ഇല്ലാതാകുന്നു. നാടകം, കാഴ്ച നഷ്‌ടമായ വെണ്ണക്കൽ പ്രതിമ പോലെയാകുന്നു. ഗ്രീക്ക് ദുരന്ത നാടകം, അങ്ങനെ അന്ധമാകുന്നു. ഇതിനെ പ്രകീർത്തിക്കാൻ, അനാവശ്യ കാര്യങ്ങൾ സങ്കൽപിച്ചു കൂട്ടേണ്ടി വരും. സോഫോക്ലിസിൻറെ 'ഈഡിപ്പസി'ൽ, മകൻ പിതാവിനെ കൊല്ലുന്നു. കൊല്ലുന്നത് പ്രേക്ഷകൻ കാണുന്നു. പക്ഷെ, അത് പിതാവായിരുന്നു എന്ന് മകൻ തിരിച്ചറിയുന്നത് പിന്നീടാണ്. എന്ത് നാടകം? യൂറിപ്പിഡിസിൻറെ 'ടോറിസിലെ ഇഫിജീനിയ' നാടകത്തിൽ, സഹോദരനായ ഓറസ്റ്റസിനെ ബലി കഴിക്കാൻ ഒരുങ്ങുന്ന നിർണായക സന്ദർഭത്തിലാണ്, അവർ പരസ്‌പരം തിരിച്ചറിയുന്നത് -പ്രേക്ഷകന് ഇത് നേരത്തെ അറിയാം!

ഈ ദുരന്ത നാടകം, ആധുനിക പ്രേക്ഷകൻറെ സ്വയം വിലയിരുത്തലുമായി ചേർന്ന് പോകുന്നില്ല എന്ന് കീർക്കെഗാദ് നിരീക്ഷിക്കുന്നു. ആധുനിക നാടകങ്ങൾ വിധിയെ അതിൻറെ പാട്ടിന് വിട്ടു. വിധിയെ സ്വാഭാവിക പരിണതിയിൽ എത്തിച്ചു. മൂടി വയ്ക്കലും തിരിച്ചറിയലും. നായകന്,അയാൾ ഉത്തരവാദി ആയ സ്വതന്ത്ര കർമം ആയി.

അരിസ്റ്റോട്ടിൽ പറഞ്ഞത് വച്ച്, മൂടി വയ്ക്കുന്നത് അസംബന്ധം ആണെങ്കിൽ, അത് ഹാസ്യ നാടകം; മൂടിവയ്ക്കുന്നവന് ആ സംഗതിയുമായി ബന്ധം ഉണ്ടെങ്കിൽ, അത് ദുരന്തം.

ഇങ്ങനെ അല്ലാതെയും കലാപരമായി മൂടി വയ്ക്കൽ വരാം. തടവിലായ നായകന്, മൗനം വഴി മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയും എന്ന് തോന്നിയാൽ, അയാൾക്ക് മൗനം ദീക്ഷിക്കാം. സ്വാഭാവികം. നായകൻ, മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടുമ്പോൾ, വെളിപ്പെടുത്തൽ ആണുണ്ടാവുക. യൂറിപ്പിഡിസിൻറെ 'ഒലീസിലെ ഇഫിജീനിയ'  നാടകത്തിൽ, അഗമെംനൺ, ഇഫിജീനിയയെ ബലി നൽകാൻ ഒരുങ്ങുന്നു. കല ആവശ്യപ്പെടുന്നത്, അഗമെമ്നൻറെ മൗനമാണ്. നായകൻ എന്ന നിലയിൽ, ഇഫിജീനിയയുടെയും ക്ളിറ്റംനെസ്‌ട്രയുടെയും കണ്ണീരിന് അയാൾ പരീക്ഷണ വിധേയൻ ആകുകയും വേണം. ഈ ഘട്ടത്തിൽ, നാടകകൃത്തിന്, പോംവഴിയുണ്ട്: പഴയൊരു സഹായി, സത്യം മുഴുവൻ ക്ളിറ്റംനെസ്ട്രയോട് വെളിപ്പെടുത്തുക. മറ്റുള്ളവർക്ക് അറിയാത്തതൊക്കെ വേലക്കാർക്ക് അറിയാം!

അബ്രഹാമും ഇസഹാക്കും / റെംബ്രാൻഡ്‌ 

എന്നാൽ, ധാർമികതയ്ക്ക്, പഴയ സഹായി ഇല്ല. യാഥാർഥ്യവുമായി തട്ടിച്ചു നോക്കിയാൽ, ആ പോംവഴി വിലപ്പോവില്ല. വെളിപ്പെടുത്തൽ നായകൻ തന്നെ നടത്തണമെന്ന് ധാർമികത ശഠിക്കും. അയാൾ തന്നെ, ഇഫിജീനിയയോട് സത്യം വെളിപ്പടുത്തി, ധാർമികതയുടെ പ്രിയ നായകനാകുന്നു. പിന്നെ വേദിയിൽ ഇഫിജീനിയ പൊട്ടിക്കരയുകയായി!
ആന്തരികചോദനകളുടെ ഘടകങ്ങൾ എന്ന നിലയിൽ, രഹസ്യവും മൗനവും, മനുഷ്യ മഹത്വത്തിന് നിദാനമാണ്.

ഗ്രീക്ക് പുരാണത്തിൽ (Metamorphoses) സൈക്കി (Psyche) യെ ഉപേക്ഷിക്കുമ്പോൾ, അമോർ പറയുന്നു:

"നീ മൗനമായിരുന്നാൽ നിനക്ക് പിറക്കുന്ന കുഞ്ഞ് ദിവ്യത്വമുള്ളതായിരിക്കും; രഹസ്യം വെളിപ്പെടുത്തിയാൽ, മനുഷ്യത്വം മാത്രമേ ഉണ്ടാകൂ".

ദുരന്ത നായകൻ, മനുഷ്യനാണ്. മൗനം, ഒരേ സമയം ദിവ്യവും പൈശാചികവുമാണ്. മൗനം കൊണ്ട് പിശാചിനെ ഭീകരനാക്കാം; മൗനം, വ്യക്തിയും ദൈവവും തമ്മിലുള്ള ആശയ വിനിമയമാകാം. ഇവിടെയും ദ്വന്ദ്വമുണ്ട്: അത്, ഗൊയ്ഥെയുടെ 'ഫൗസ്റ്റ്'ലും കാണാം. തൻറെ സംശയം പുറത്തെടുത്ത് ഭൂകമ്പo ഉണ്ടാക്കാമായിരുന്നിട്ടും, അയാൾ മൗനത്തിലാഴുന്നു. അതിൽ ഒരു ബലിയുണ്ട്. ആ മൗനത്തിന്, ധാർമികത അയാളെ കുറ്റപ്പെടുത്തുന്നു.

മൗനം,ബൈബിൾ പുതിയ നിയമത്തിൽ,യേശുവിൻറെ ഗിരി പ്രഭാഷണത്തിലുണ്ട്:

"...നീ ഉപവസിക്കുമ്പോൾ, തലയിൽ എണ്ണ പുരട്ടുകയും മുഖം കഴുകുകയും ചെയ്യണം. അങ്ങനെ, രഹസ്യത്തിലിരിക്കുന്ന നിൻറെ പിതാവൊഴികെ ആരും നിൻറെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തിൽ കാണുന്ന നിൻറെ പിതാവ് നിനക്ക് സമ്മാനം നൽകുകയും ചെയ്യും."(മത്തായി 6:17 -18 ).

ഗ്രീക്ക് ദുരന്ത നാടകത്തിലെ കഥാപാത്രം അല്ലാത്തതിനാൽ, അബ്രഹാം, തനിക്ക് ധാർമിക ഉത്തരവാദിത്തമുള്ള സാറ, ഇസഹാക്ക്, ഏലിയാസർ എന്നിവരോട് മൗനം പാലിച്ചു. അദ്ദേഹത്തിന് സംസാരിക്കാനാവില്ല എന്നിടത്താണ്, കഷ്ടതയും സംഭ്രമവും. അദ്ദേഹത്തിന് സംസാരിക്കാം; എന്നാൽ അത്, മറ്റുള്ളവർക്ക് മനസ്സിലാവില്ല. താൻ ഇസഹാക്കിനെ സ്നേഹിക്കുന്നു എന്നും ബലി നടത്തിയേ പറ്റൂ എന്നും അഴകുള്ള ഭാഷയിൽ പറയാം. പക്ഷെ, ഒന്നും പറഞ്ഞിട്ട് കാര്യമില്ല; ബലിക്ക് തയ്യാറായേ പറ്റൂ. അത്, ധർമ്മ സങ്കടമല്ല. വിശ്വാസത്തിൻറെ ഇറുകി പിടിത്തമാണ്. പരീക്ഷയ്ക്ക് മുന്നിൽ വാക്കുകൾക്ക് വഴക്കമില്ല. ഇതേപ്പറ്റി, കൂടെയുള്ളവർക്ക് ധാരണയില്ല. അതിനാൽ, സംസാരിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടതും ഇല്ല.

വിശ്വാസ പുരുഷൻറെ ഈ ആകുലതയാണ്, ഗ്രീക്ക് ദുരന്ത നായകരിൽ കാണാത്തത്. ഏകാകിതയുടെ ഭീതിദമായ ഉത്തരവാദിത്തത്തെപ്പറ്റി അയാൾക്ക് ഒരു ചുക്കും അറിഞ്ഞു കൂടാ. ക്ളിറ്റെംനെസ്ട്രയ്ക്കും ഇഫിജീനിയയ്ക്കുമൊപ്പം അയാൾക്ക് കണ്ണീരൊഴുക്കാം. പൊട്ടിക്കരച്ചിൽ ആശ്വാസം നൽകും. നിലവിളിക്കാൻ കഴിയാത്ത നിലവിളിയാണ്, ഭയാനകം. അതാണ്, അസംബന്ധം.
-------------------------------

See https://hamletram.blogspot.com/2019/09/o.html


© Ramachandran











ഇ എം എസ് പുച്ഛിച്ച തോപ്പിൽ ഭാസി

പ്രളയകാലത്തെ മൺവണ്ടി 10 

മാർക്‌സിയൻ സൗന്ദര്യ ശാസ്ത്രത്തെപ്പറ്റിയോ അതിന് സംഭാവന നൽകിയ പ്രാമാണികരെപ്പറ്റിയോ കാര്യമായ ധാരണയില്ലാതിരുന്ന ആളാണ് ഇ എം എസ്. ഒരു നിരൂപണത്തിലും ഷഡാനോവിനപ്പുറം അദ്ദേഹം പോയിട്ടില്ല -സ്റ്റാലിന് വേണ്ടിയുള്ള വരട്ടു വാദമായിരുന്നു അദ്ദേഹത്തിന്റേത്. 1973 ൽ
മലയാള നാടകവേദി: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും അതിന് ശേഷവും' എന്ന ലേഖന (1) ത്തിൽ, തോപ്പിൽ ഭാസിക്ക് ശേഷം രണ്ടു നാടകകൃത്തുക്കളെയേ പരാമർശിച്ചുള്ളു: എൻ എൻ പിള്ള, കെ ടി മുഹമ്മദ്. സി ജെ തോമസ്, ഇ എം എസിൻറെ കൺവെട്ടത്ത് വന്നില്ല. ലേഖനത്തിൽ നാടകത്തെ സംബന്ധിച്ച മാർക്സിയൻ ചിന്തകളും ഇല്ല. ബെർടോൾട് ബെഹ്ത് പരാമർശ വിഷയമേ അല്ല. പാർട്ടി പിളർന്നപ്പോൾ വിരുദ്ധ ചേരിയിൽ നിന്ന ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' (1952) യെ ചീത്ത പറയുകയാണ് ഇ എം എസിൻറെ ലക്ഷ്യം.

മലയാളത്തിലെ ആദ്യ വിപ്ലവ നാടകമായി ഇ എം എസ്‌ കാണുന്നത്, കെ ദാമോദരൻ എഴുതിയ 'പാട്ടബാക്കി' (1939) ആണ്. ഇതാണ് മലയാളത്തിലെ ആദ്യത്തെ വിജയകരമായ രാഷ്ട്രീയ നാടകമെന്ന് സി ജെ, 'ഉയരുന്ന യവനിക' (1950) യിൽ വിലയിരുത്തി.

'കമ്മ്യൂണിസ്റ്റാക്കി'യെപ്പറ്റി ഇ എം എസ് പറഞ്ഞത്:

"പാട്ടബാക്കിക്ക് ശേഷം വന്ന വിപ്ലവ നാടകങ്ങൾക്കെല്ലാം കാര്യമായ കുറവുണ്ടായിരുന്നു. സംഘടിത ബഹുജന പ്രസ്ഥാനത്തിൻറെ പ്രത്യക്ഷമായ പ്രചാര വേലയ്ക്ക് സഹായകമാവുന്ന സാഹചര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നവയാണ് അവയുടെ ഇതിവൃത്തം. അവയിലെ കഥാപാത്രങ്ങൾ ഓരോന്നും പ്രത്യക്ഷമായ പ്രചാര വേലയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഹായിക്കുന്നവരായിരിക്കണമെന്ന് നാടക കർത്താക്കൾക്ക് നിർബന്ധമായിരുന്നു. വിപ്ലവ ശക്തികളെ പ്രതിനിധാനം ചെയ്യുന്നവർ, പ്രതിവിപ്ലവ ശക്തികളുടെ പ്രതിനിധികൾ എന്നീ രണ്ടു വർഗത്തിൽപ്പെട്ട വിവിധ കഥാപാത്രങ്ങളാണ് രംഗത്ത് വന്നിരുന്നത്. ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾ സുസംഘടിതരായ തൊഴിലാളി -കർഷകാദി ബഹുജനങ്ങളെ ആഹ്ളാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്‌തുവെങ്കിൽ മറ്റ് സാധാരണക്കാരിൽ ഒരു ചലനവും സൃഷ്ടിക്കാൻ അവ പര്യാപ്തമായില്ല. ഈ കുറവ് പരിഹരിച്ചതാണ്, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ മേന്മ. 'പാട്ടബാക്കി' തൊട്ടുള്ള മുൻ നാടകങ്ങളെപ്പോലെ ഇതും വിപ്ലവാനുകൂല പ്രചാര വേലയെന്ന പ്രത്യക്ഷമായ ലക്ഷ്യങ്ങൾ നിലനിർത്തി തന്നെ തയ്യാറാക്കിയയതാണ്. പക്ഷെ അതിൻറെ പശ്ചാത്തലമായി, സാമൂഹ്യ ജീവിതത്തിൻറെ രാഷ്ട്രീയേതരമെന്ന് തോന്നിക്കുന്ന ഒരു വശം അവതരിപ്പിക്കുന്നുണ്ട്. മധ്യ തിരുവിതാംകൂറിലെ നായർ ഭൂവുടമ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ തകർച്ചയാണ് ആ പശ്ചാത്തലം."
ഭാസിയും ഗോപിയും 

പ്രചാരവേലയ്ക്കപ്പുറം ചിലത് നാടകത്തിൽ ഉണ്ടായാലേ നാടകം നാടകമാവൂ എന്നർത്ഥം. ഇ എം എസിന് കേരളസമൂഹത്തിൽ കിട്ടിയ സമ്മതി, തൊഴിലാളി -കർഷകർക്കപ്പുറം കക്ഷി രാഷ്ട്രീയത്തിന് അതീതമായി കിട്ടിയ സമ്മതി കൂടി നാടകത്തിനും ഉണ്ടാകണം എന്നർത്ഥം. 'കല സമൂഹത്തിന് വേണ്ടി' എന്ന് ഇ എം എസ് ചേരിയും 'കല കലയ്ക്ക് വേണ്ടി' എന്ന് എം പി പോൾ -മുണ്ടശ്ശേരി ചേരിയും വാദിച്ച കാലത്ത് നിന്നുള്ള മാറ്റമാണ് ഇത്. അത്രയും നന്ന്.

ഇനി ഇ എം എസ്,'കമ്മ്യൂണിസ്റ്റാക്കി'യുടെ ഉള്ളിലേക്ക് കടക്കുന്നു:

മധ്യതിരുവിതാംകൂറിലെ നായർ ഭൂവുടമാ വർഗത്തിൽപ്പെട്ടവർക്കുണ്ടായ സാമൂഹ്യ തകർച്ചയുടെ പ്രതീകങ്ങളായ പരമു പിള്ള, കേശവൻ നായർ എന്നീ കുടുംബനാഥന്മാരിൽ, കർഷക പ്രസ്ഥാനത്തിൻറെ വളർച്ച സൃഷ്ടിക്കുന്ന വിരുദ്ധ പ്രത്യാഘാതങ്ങളാണ്, നാടക ജീവൻ. ഈ പശ്ചാത്തലത്തിൽ നിന്നുള്ള കഥാപാത്രങ്ങളുടെ സജീവത -അവരെപ്പറ്റി നാടകകൃത്ത് സദസ്യരിൽ സൃഷ്ടിക്കുന്ന ധാരണയും സദസ്യരുടെ നിത്യാനുഭവവും തമ്മിലുള്ള പൊരുത്തം -ഇതാണ് അതുവരെയുള്ള എല്ലാ വിപ്ലവനാടകങ്ങളിൽ നിന്നും 'കമ്മ്യൂണിസ്റ്റാക്കി'യെ വ്യത്യസ്തമാക്കിയത്.

ഇക്കാര്യത്തിൽ 'കമ്മ്യൂണിസ്റ്റാക്കി'യും രണ്ടു വ്യാഴവട്ടം മുൻപ് അവതരിപ്പിച്ച എം പി ഭട്ടതിരിപ്പാടിൻറെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' നാടകവും തമ്മിൽ സാദൃശ്യമുണ്ട്. മധ്യ തിരുവിതാംകൂറിലെ നായർ കുടുംബത്തിന് പകരം,മലബാർ -കൊച്ചി പ്രദേശത്തെ നമ്പൂതിരി കുടുംബങ്ങളാണ്, ആ നാടകത്തിൽ.കർഷക പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്ക് പകരം, വിവാഹ -കുടുംബ ജീവിത മേഖലകളിൽ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങളാണ് കുടുംബനാഥന്മാരിൽ വിരുദ്ധ പ്രതികരണങ്ങൾ ഉണ്ടാക്കുന്നത്. ഭട്ടതിരിപ്പാട് അവതരിപ്പിച്ച വിളയൂരച്ഛൻ നമ്പൂതിരിയെയും കാമ്പിശ്ശേരി കരുണാകരൻ അവതരിപ്പിച്ച പരമു പിള്ളയെയും ഇ എം എസ് നേരിട്ട് കണ്ട് സാദൃശ്യങ്ങൾ ബോധ്യപ്പെട്ടു. അടുത്തറിയാവുന്നവരെ മാതൃകയാക്കി ഭട്ടതിരിപ്പാടും ഭാസിയും കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ദാമോദരൻ സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ദാമോദരൻറെ നാടകത്തിൽ ആശയങ്ങൾ തമ്മിലാണ് സംഘട്ടനം എന്നതിനാൽ, പ്രചാരവേലയ്ക്ക് പ്രസക്തിയില്ലാത്തിടത്ത്, അതിന് ചലനമില്ല. മറ്റേതിൽ വ്യക്തിഗത സംഘട്ടനങ്ങൾക്ക് പ്രസക്തിയുണ്ടായി. സമൂഹമല്ല,വ്യക്തിയാണ് പ്രധാനം എന്ന് ഇ എം എസ് സമ്മതിക്കുന്നു. അത്രയും നന്ന്.

ഇനി 'കമ്മ്യൂണിസ്റ്റാക്കി'യുടെ കോട്ടങ്ങളിലേക്ക് ഇ എം എസ് കടക്കുന്നു.

''യാഥാസ്ഥിതിക നായർ കുടുംബങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്നതിൽ അസാമാന്യ വിജയം നേടിയ ഭാസി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാണികളിൽ മതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ് " എന്നും "അദ്ദേഹത്തിൻറെ നാടകത്തിലെ ഏറ്റവും നിർജീവമായ കഥാപാത്രങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരുമാണ് " എന്നും കൂടി ഇ എം എസ് നിരീക്ഷിക്കുന്നു.

ഇ എം എസ് എഴുതുന്നു:

"പരമു പിള്ളയെക്കൊണ്ട് അവസാനം 'നിങ്ങളൊക്കെ കൂടി എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന് പറയിക്കത്തക്ക എന്തെങ്കിലും സ്വഭാവ വിശേഷം ഗോപാലനിൽ കാണികൾക്ക് ദർശിക്കാൻ കഴിയുകയില്ല. നേരെ മറിച്ച്, ലോകത്തിൽ ഒരാളുടെയെങ്കിലും അഭിപ്രായം മാറ്റാൻ കഴിവില്ലാതെ,തികച്ചും 'ബോറനായ' രീതിയിൽ അരങ്ങു മുഷിപ്പിക്കുന്ന ഇത്തരക്കാരാണോ പുന്നപ്ര വയലാറിൻറെയും കയ്യൂരിൻറെയും പാരമ്പര്യം സൃഷ്‌ടിച്ച ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയതെന്ന സംശയമാണ് അവരിൽ ഗോപാലൻ സൃഷ്ടിക്കുക. 'പാട്ടബാക്കി'തൊട്ടുള്ള നിരവധി വിപ്ലവ രാഷ്ട്രീയ നാടകങ്ങളിലെ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെക്കാൾ പോലും നിര്ജീവമാണ്, 'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല"

പുന്നപ്ര വയലാറും കയ്യൂരും പരാമർശിക്കുന്ന ഇ എം എസ്, ഭാസി പ്രതിയായ ശൂരനാട് കേസ് പറയുന്നില്ല.

തനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് കഥാപാത്രങ്ങളെ സൃഷ്‌ടിച്ച മാതൃക ഭാസി ഗോപാലനിൽ പിന്തുടർന്നില്ല എന്നാണ് ഇ എം എസ് പറയുന്നത്.  ദാമോദരൻ ആധിയായവരെപോലെ ഭാവനയ്‌ക്കൊത്താണ് കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെ ഭാസി സൃഷ്ടിച്ചത്. ത്രികോണ പ്രേമം എന്ന മാമൂൽ ധാരണയും ഭാസി പിന്തുടർന്നു. ഗോപാലൻ അറിയാതെ അയാളെ സ്നേഹിക്കുന്ന മാലയ്ക്കും ഗോപാലൻ സ്നേഹിക്കുന്ന സുമയ്ക്കും നാടക വളർച്ചയിൽ, ആ പ്രേമം അല്ലാതെ എന്താണ് പങ്ക് ? എന്നിട്ട്,ഒരുത്തൻറെയും ഉള്ളിൽ തട്ടാത്തവണ്ണം കമ്മ്യൂണിസം പ്രസംഗിക്കുക !

ഇ എം എസിന് 'കമ്മ്യൂണിസ്റ്റാക്കി' യിൽ പരമു പിള്ള കഴിഞ്ഞാൽ ഇഷ്ടപ്പെട്ടത്, മാലയുടെ അച്ഛൻ കറുമ്പനെയാണ്. മാലയെ, ആ വികൃത പ്രേമം കാരണം,ഭാസി ഉശിരത്തിയാക്കിയില്ല.വർഗ്ഗശത്രുക്കൾക്കെതിരായി, അവൾക്ക് സിംഹിയെപ്പോലെ പാഞ്ഞു കയറാൻ ഒത്തില്ല.ഗോപാലനെപ്പറ്റി കാണിക്കുണ്ടാകുന്ന മതിപ്പില്ലായ്മ ഒരളവ് വരെ എന്ന് വച്ചാൽ പുട്ടിന് പീര പോലെ, കമ്യൂണിസത്തിന് ദളിതനെ വേണം.

ഇ എം എസ് എഴുതുന്നു:

"പരമു പിള്ളയുടെയും കേശവൻ നായരുടെയും കുടുംബങ്ങളിലൂടെ ചിത്രീകരിക്കപ്പെടുന്ന നാടുവാഴി സമൂഹ തകർച്ച, മാലയുടെ കുടുംബത്തിലൂടെ ഭാഗികമായി ചിത്രീകരിക്കപ്പെടുന്ന കർഷക തൊഴിലാളി പ്രസ്ഥാനത്തിൻറെ ഉയർച്ച എന്നിവയുടേതായ കലാലോകത്തിൽ, സ്വർഗ്ഗത്തിലെ കട്ടുറുമ്പു പോലെ ശല്യം സൃഷ്ടിക്കുകയാണ്, കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളായ ഗോപാലനും അവനെ ചുറ്റിപ്പറ്റിയുള്ള പ്രേമകഥകളും ചെയ്യുന്നത്. ആദ്യത്തേതിൻറെ കാര്യത്തിൽ തനിക്ക് ചുറ്റുമുള്ള ലോകം സത്യസന്ധമായി കാണാൻ ശ്രമിക്കുന്ന പ്രതിഭാശാലിയായ കലാകാരനെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഭാസി, രണ്ടാമത്തേതിൻറെ കാര്യത്തിൽ താൻ വച്ച് പുലർത്തുന്ന തെറ്റായ ധാരണകൾ കൊണ്ട് സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്‌തത്‌. ഇതാണ് അദ്ദേഹത്തിൻറെ പരാജയം."

ഭാസിയുടെ കോട്ടങ്ങളെ ഇങ്ങനെ ഭൂതക്കണ്ണാടി വച്ച് പർവ്വതീകരിക്കുന്ന ഇ എം എസ്, 1954 ൽ 'പാട്ടബാക്കി മുതൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വരെ' എന്ന ലേഖനം എഴുതിയിരുന്നു. അന്ന് പാർട്ടി പിളർന്ന് ഭാസി എതിർ ചേരിയിൽ ആയിരുന്നില്ല.

ആ ലേഖനത്തിൽ നിന്ന്:

"പാട്ടബാക്കിയെക്കാൾ പൂർണവും അതുകൊണ്ടു തന്നെ കൂടുതൽ സങ്കീര്ണവുമാണ്, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'. ജന്മിയും കുടിയാനും തമ്മിലുള്ള വൈരുധ്യം, ആ വൈരുധ്യത്തിൻറെ പശ്ചാത്തലത്തിൽ നടക്കുന്ന കുടിയാന്റെ കുടുംബ ജീവിതം, ആ കുടുംബ ജീവിതം കിട്ടുണ്ണിയുടെയും കുഞ്ഞിമാളുവിൻറെയും ജീവിതത്തിലും മാനസിക വ്യാപാരങ്ങളിലും വരുത്തുന്ന മാറ്റം -ഇത്രയേ 'പാട്ടബാക്കി'യിലുള്ളു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലാകട്ടെ, ജന്മിയും കുടിയാനുമുണ്ട്; ജന്മിയും കർഷക തൊഴിലാളിയുമുണ്ട്. പൊളിഞ്ഞ ജന്മിയും ക്രമേണ ശക്തിപ്പെട്ടു വരുന്ന ജന്മിയുമുണ്ട്. ജന്മി കുടുംബങ്ങളിൽ തന്നെ നവീനാശയമുൾക്കൊള്ളുന്നവരും അവയെ എതിർക്കുന്നവരുമുണ്ട്; എല്ലാറ്റിലും മീതെ 'പാട്ടബാക്കി'സ്പർശിക്കുക പോലും ചെയ്യാത്ത പ്രേമവും അതിൽ നിന്നുണ്ടാവുന്ന വൈരുധ്യങ്ങളുമുണ്ട്. മേന്മയുടെ കാരണം സാങ്കേതികങ്ങളല്ല"

ഭാസി ചേരി മാറുന്നതിന് മുൻപ് ഇ എം എസ് ഗോപാലനെ കണ്ടത്, ജന്മി കുടുംബത്തിലെ നവീനാശയങ്ങൾ ഉൾക്കൊണ്ട യുവായാണ്. അയാളുടെ പ്രേമവും അയാളോടുള്ള പ്രേമവും അതിലെ വൈരുധ്യവും അന്ന് നാടക മേന്മയായിരുന്നു !

ഈ ലേഖനത്തിൽ ഭാസിയെ വച്ച് ദാമോദരനെ ഇകഴ്ത്താനുള്ള ശ്രമവുമുണ്ട്. ലേഖനം എഴുത്തും മുൻപ് 1953 ഡിസംബർ 27 മുതൽ 1954 ജനുവരി നാല് വരെ മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ വിരുദ്ധ ചേരികൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ലേഖനത്തിൽ ഇ എം എസ് ഇത്ര കൂടി പറയുന്നു:"കിട്ടുണ്ണിയെയും കുഞ്ഞിമാളുവിനെയും ബാലനെയുംകാൾ കൂടുതൽ കറമ്പനെയും മാലയെയും വേലുവിനെയും മീനയെയും നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ അതിന് കാരണം, ഭാസി സ്വന്തമാക്കിയ ബഹുജന ജീവിതം, ദാമോദരൻ ചിത്രീകരിക്കാൻ ശ്രമിച്ചതിനെക്കാൾ പൂർണമായതാണ് എന്നതാണ്."

ഇ എം എസിന് മുൻപേ കാശിയിൽ വച്ച് ദാമോദരൻ പാർട്ടി അംഗമായെങ്കിലും, ലേഖന കാലത്ത് പി ബി യിൽ കേരളത്തിൽ നിന്ന് ഇ എം എസ് മാത്രമേയുള്ളു.ദാമോദരനെ കഴിയുന്നത്ര ഇ എം എസ് ഒതുക്കിയിരുന്നിരിക്കാം.

തോപ്പിൽ ഭാസി 

അന്നും ഇ എം എസ്,'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻറെയും മാത്യുവിൻറെയും പാത്രസൃഷ്ടിക്ക് എതിരായിരുന്നു. രണ്ടിനും ജീവനില്ല.ഒരു വികാരവുമുണ്ടാക്കാത്ത സംഭാഷണവും സംഭവങ്ങളും.മാല തന്നിൽ അനുരക്തയാണെന്ന് ഗോപാലൻ അറിയാത്തതിന് ന്യായീകരണം ഇ എം എസ് കണ്ടില്ല. സംഘടിത ശക്തിയായി ഉയർന്നു വരുന്ന ജന ജീവിതം പഠിച്ച്,വർഗ ബന്ധങ്ങൾ വ്യക്തി ജീവിതത്തെയും വ്യക്തി ജീവിതം വർഗ ബന്ധങ്ങളെയും ബാധിക്കുന്നതെങ്ങനെ എന്ന് പഠിച്ച് അത് വിശദമാക്കുന്നിടത്ത് ഭാസി പരാജയപ്പെട്ടെന്ന് ഇ എം എസ് പറഞ്ഞു. ജീവനുള്ള കമ്മ്യൂണിസ്റ്റുകളുമായി പൊരുത്തപ്പെടാത്ത പാവകളാണ്, ഗോപാലനും മാത്യുവും. "അച്ചടി ഭാഷയിൽ രാഷ്ട്രീയവും തിയറിയും പ്രസംഗിക്കാൻ ജനിച്ച ജീവിയാണ് മാത്യു. ഗോപാലനാകട്ടെ,അതിനൊപ്പം പ്രേമിക്കുക കൂടി ചെയ്യുന്നു.ഇങ്ങനെ അച്ചടി ഭാഷയിൽ പ്രസംഗിക്കാനും പ്രേമിക്കാനും മാത്രമറിയാവുന്ന -അതും മാലാഖയെപ്പോലൊരു ഉശിരത്തിപ്പെൺകിടാവിൻറെ പ്രേമം മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത -ആളുകളാണ് കമ്മ്യൂണിസ്റ്റുകൾ എങ്കിൽ അവർക്കിത്ര വൻപിച്ച പ്രസ്ഥാനം സൃഷ്ടിക്കാൻ കഴിയുമോ ?," ഇ എം എസ് അമ്പരക്കുന്നു.

ചെറുകാടിൻറെ 'നമ്മളൊന്നി'ലെ ശങ്കുണ്ണിക്കും മുഹമ്മദിനും പി ജെ ആൻറണിയുടെ 'ഇൻക്വിലാബിന്റെ മക്കളി'ലെ ഫ്രാൻസിസിനുമൊക്കെ ഇതേ നിർജീവത്വം ഇ എം എസ്‌ കാണുന്നു.

ഗോപാലൻ  ദളിത് യുവതി മാലയുടെ പ്രേമം കാണാത്തതിന് ഇ എം എസ് അയാളെ കുറ്റം പറയുമ്പോൾ, ഒരു ലളിത ചോദ്യമുണ്ട്: തകർന്ന ജന്മി കുടുംബങ്ങളിൽ നിന്ന് വന്ന എത്ര സവർണ കമ്മ്യൂണിസ്റ്റ് യുവാക്കൾ ദളിത് യുവതികളുടെ പ്രേമം കണ്ട് അവരെ വിവാഹം ചെയ്തിട്ടുണ്ട് ?അതോ,ഒരു നിർജീവ നായർ ദളിത് യുവതിയെ വിവാഹം ചെയ്‌ത്‌ വഞ്ചിക്കണം എന്നാണോ ? ഈ വൃത്തികെട്ട കമ്മ്യൂണിസ്റ്റ് മാലയുടെ പ്രേമം കാണാതിരുന്നപ്പോൾ അവൾ രക്ഷപ്പെടുകയല്ലേ ചെയ്‌തത്‌ ? ഒരു ദളിത് യുവതിയെ നായരായ ഭാസി രക്ഷപ്പെടുത്തിയതിൽ ഇ എം എസിന് എന്തിനാണ് കൊതിക്കെറുവ് ?

സമൂഹം ദളിതരോട് അയിത്തം കാട്ടും പോലൊന്ന് പാർട്ടിയുടെ തെറ്റുകൾ ചോദ്യം ചെയ്തപ്പോൾ ഭാസി അനുഭവിക്കുകയുണ്ടായി -പാർട്ടിയിലും ഊരുവിലക്കും അയിത്തവുമുണ്ട്.സോവിയറ്റ് യൂണിയനിലും ഉപഗ്രഹ രാജ്യങ്ങളിലും അത് ഉന്മൂലന രൂപം കൈക്കൊണ്ടു.

'കമ്മ്യൂണിസ്റ്റാക്കി'യും മറ്റും വിജയകരമായി മുന്നേറി നാടകത്തിന് ഭാസി കൂടുതൽ സമയം ചെലവിട്ടത് സഖാക്കൾക്ക് പിടിച്ചില്ല. മാവേലിക്കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ചത് മുതൽ സെക്രട്ടറി ആയിരുന്നു ഭാസി. താലൂക്ക് സമ്മേളനത്തിൽ, 'അവസരവാദി'യായ ഭാസിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പി ആർ ജനാർദ്ദനനും മറ്റും വാദിച്ചു. സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച്, സമ്മേളനത്തിൽ പങ്കെടുത്ത എസ് കുമാരൻ ചോദിച്ചു: "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എഴുതിയ തോപ്പിൽ ഭാസിയെപ്പറ്റിയാണോ നിങ്ങളുടെ വിമർശനം ?"

സംസ്ഥാന കമ്മിറ്റി ഇടപെട്ട് വീണ്ടും സെക്രട്ടറി ആക്കിയപ്പോൾ,ഭാസി സ്ഥാനം നിരസിച്ചു.പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും ഉപേക്ഷിച്ചു. കലയ്ക്കും സാഹിത്യത്തിനും അംഗീകാരമില്ലെന്ന് പാർട്ടിയിൽ അദ്ദേഹം വാദിക്കാൻ തുടങ്ങി. ഭാസി എഴുതുന്നു:

"സെക്റ്റേറിയൻ സഖാക്കളുടെ വിമർശനം അപ്പാടെ ഞാൻ അംഗീകരിച്ചിരുന്നുവെങ്കിൽ, 'സർവ്വേക്കല്ല്' എഴുതുമായിരുന്നില്ല. തുടർന്ന് മറ്റ് നാടകങ്ങളും എഴുതുമായിരുന്നില്ല. ഒരുപക്ഷെ മന്ത്രിയാകുമായിരുന്നു".

പാർട്ടി പിളർന്ന 1964 ൽ ഇ എം എസിനെയും എ കെ ജി യെയും അഭിസംബോധന ചെയ്‌ത്‌, 'തെളിവിലെ യാഥാർഥ്യങ്ങൾ' എന്ന ലഘു ലേഖ ഭാസി എഴുതി. രണ്ടു ചോദ്യങ്ങൾ അവരോട് ചോദിച്ചു:

  • ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിൽ നിന്ന് ഏതു സാഹചര്യത്തിലായാലും,ഇറങ്ങിപ്പോക്ക് നടത്തുന്നത് ശരിയാണോ ?
  • ഏത് സാഹചര്യത്തിലായാലും,ഒരു പാർട്ടി ഘടകത്തിന്റെ ഭൂരിപക്ഷ നടപടിയെ അനുസരിക്കാതെ,അതിനെ വെല്ലുവിളിച്ചു കൊണ്ട്,ഒരു സഖാവോ,ഏതാനും സഖാക്കളോ സമാന്തര പാർട്ടി പ്രവർത്തനം നടത്തുന്നത്,നമ്മൾ ഇന്നോളം അനുസരിച്ചു പോന്ന സംഘടനാ തത്വങ്ങൾക്കും പ്രമാണങ്ങൾക്കും ചേർന്നതാണോ ?
ഇ എം എസിനോട് ഭാസി പറഞ്ഞു:

"അങ്ങയുടെ രാഷ്ട്രീയാഭിപ്രായത്തിന് പാർട്ടിയിൽ ഭൂരിപക്ഷം കിട്ടാതെ വന്നപ്പോൾ അങ്ങ് പ്രവർത്തിച്ചത് പോലെ നിസ്സാരനായ ഞാനും എന്നെപ്പോലുള്ള ഒന്ന് രണ്ട് സഖാക്കളും പ്രവർത്തിച്ചിരുന്നെങ്കിൽ, പൊടുന്നനെയുള്ള പത്തു മരണങ്ങൾ ഒഴിവാക്കാമായിരുന്നു. അഞ്ചു പൊലീസുകാരുടെയും അഞ്ചു സഖാക്കളുടെയും (ശൂരനാട് സംഭവമാണ് പത്ത് മരണം), മർദനം കൊണ്ട് ചുമച്ച് ഏങ്ങി വലിച്ച് ജീവിച്ച മുപ്പതിൽ പരം സഖാക്കളിൽ പിന്നീട് മരിച്ച 11 പേരുടെ മരണവും ഒഴിവാക്കാമായിരുന്നു. എൻറെയും എന്നെപ്പോലുള്ള ഒട്ടനവധി പാർട്ടി പ്രവർത്തകരുടെയും കുടുംബങ്ങളെ മർദനങ്ങളിൽ നിന്നും എണ്ണമറ്റ ദുരിതങ്ങളിൽ നിന്നും രക്ഷിച്ചു നിർത്തമായിരുന്നു. ഞങ്ങൾ അത് ചെയ്തില്ല. പാർട്ടി അച്ചടക്കം ഞങ്ങൾക്ക് ദിവ്യ മന്ത്രമായിരുന്നു"

ഇരു പാർട്ടികളും ലയിക്കണമെന്ന് വാദിച്ച ഒരു ലേഖനത്തിൽ  ഭാസി ചോദിച്ചു:

"കമ്മ്യൂണിസ്റ്റുകാരന്റെ പൂണൂലാണ്, പാർട്ടി കാർഡ്. കാർഡില്ലെങ്കിലും ഞാൻ എന്നെപ്പറ്റി കമ്മ്യൂണിസ്റ്റ് എന്നാണ് പറയുക. പൂണൂൽ പൊട്ടിച്ചു കളഞ്ഞെങ്കിലും, നമ്പൂതിരിപ്പാട്, നമ്പൂതിരിപ്പാട് അല്ലാതാകുമോ?"

ഭാസിയുടെ അച്ഛനെയും കാമ്പിശ്ശേരിയുടെ അച്ഛനെയും കലർത്തി രൂപപ്പെടുത്തിയതായിരുന്നു, പരമു പിള്ള. മാല,സ്വന്തം ഗ്രാമത്തിലെ ഒരു ഹരിജൻ യുവതി. കറുമ്പൻ, ഭാസിയുടെ വീട്ടിലെ തലപ്പുലയൻ, തിരുവഞ്ചൻ.
കെ പി എ സി എക്‌സിക്യൂട്ടീവിൽ, ഭാസിയുടെ തുറന്ന അഭിപ്രായങ്ങൾ കേട്ട്,മുതിർന്ന സി പി ഐ നേതാവ് ചോദിച്ചു: "നിങ്ങൾ പാർട്ടിയുടെ സൃഷ്ടിയല്ലേ?"

ഭാസി മറുചോദ്യം എറിഞ്ഞു: "എന്നേക്കാൾ പാർട്ടിക്കൂറും,എന്നെപ്പോലെ പാർട്ടി പ്രവർത്തന പരിചയവുമുള്ള നിങ്ങൾ എന്തുകൊണ്ട് ഒരേകാങ്ക നാടകമോ നാലുവരി കവിതയോ എഴുതിയില്ല?"

ആത്മകഥയിൽ ഭാസി,ഇതോർമിച്ച്,ദണ്ഡിയുടെ 'കാവ്യാദര്ശ'ത്തിൽ നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കുന്നു:

നൈസര്ഗികീ ച പ്രതിഭാ
ശ്രുതം ച ബഹുനിർമ്മലം 
അമന്ദമാശ്ചാഭിയോഗോ,അസ്യാ:
കാരണം കാവ്യ സമ്പദ:

(ജനനാലുള്ളതാണ് പ്രതിഭ. പ്രതിഭയ്ക്ക് വികാസം നൽകാൻ നിർമലമായ അറിവ് വേണം.പ്രതിഭകൾക്ക് കാവ്യസമ്പത്തിന് കാരണം, കാവ്യത്തോടുള്ള അലസതയില്ലാത്ത അഭിമുഖ്യമാണ് ).

ഗോപാലൻ, മാത്യു എന്നിവർ, "തെറ്റ് പറ്റാത്ത യന്ത്രങ്ങളായ കഥാപാത്രങ്ങൾ" ആണെന്ന അഭിപ്രായം തന്നെയാണ് ഭാസിക്കുണ്ടായിരുന്നത്. കൊൽക്കത്ത തീസിസിന് (1948 ) ശേഷമുള്ള ശൂരനാട് കേസിൽ പ്രതിയായ ഭാസി, രാഷ്ട്രീയത്തിൽ വഴി മാറി നടന്നത് കൊണ്ടാണ്, 'പുതിയ ആകാശം, പുതിയ ഭൂമി' പോലുള്ള നാടകങ്ങളിൽ ഇത്തരം പാവകൾ ഉണ്ടാകാതിരുന്നതെന്ന്, ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്:"ഞാനൊരു സെക്റ്റേറിയൻ കമ്മ്യൂണിസ്റ്റ് സാഹിത്യകാരൻ അല്ലാതായി".

'പുതിയ ആകാശ'ത്തിൽ, ഒരു മുരടൻ കമ്മ്യൂണിസ്റ്റുണ്ട്.'അശ്വമേധ'ത്തിലും 'ശരശയ്യ'യിലും കമ്മ്യൂണിസ്റ്റുകൾ ഇല്ല.'തുലാഭാര'ത്തിൽ സാധാരണ തൊഴിലാളിയേയുള്ളു.കമ്മ്യൂണിസ്റ്റ് ഇല്ല. പിന്നെ ഒന്നിലും കമ്മ്യൂണിസ്റ്റ് ഇല്ലെന്ന് വന്നു. 'കമ്മ്യൂണിസ്റ്റാക്കി'യിലെ മാല, സിനിമയിൽ നിന്ന് പണമുണ്ടാക്കിയ ഭാസിയെ കാണാൻ എത്തുന്നതാണ്,
'ഇന്നലെ,ഇന്ന്,നാളെ'. പാർട്ടി ഭിന്നിച്ചതിലെ ആഘാതം നിമിത്തമാണ്, ഭാസി, അത് എഴുതിയത്. മാലയും കറമ്പനും പുറത്തുണ്ട് എന്നറിഞ്ഞിട്ടും, അകത്ത് പ്രവേശിപ്പിക്കാത്ത ബൂർഷ്വയാണ്, ഭാസി -സ്വയം വിമര്ശനം.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി / കെ പി എ സി 

'കമ്മ്യൂണിസ്റ്റാക്കി'യിലെ കഥാപാത്രങ്ങളെ വച്ച്, സി ജെ തോമസ്, വിമോചന സമരത്തിന്, 'വിഷവൃക്ഷം' ( 1959 ) എഴുതി. ഭാസി അതേപ്പറ്റി:

"കമ്മ്യൂണിസ്റ്റാക്കി' നാടകത്തിൻറെ വിജയം കണ്ട് അന്ധാളിച്ച കോൺഗ്രസുകാർ ആ നാടകത്തിനെതിരെ, 'കമ്മ്യൂണിസ്റ്റാക്കി'യിലെ കഥാപാത്രങ്ങളെ വച്ച് തന്നെ സി ജെ തോമസിനെ കൊണ്ട് 'വിഷവൃക്ഷം'അവതരിപ്പിച്ചത്, 'നാട്യശാസ്ത്രം'വായിച്ചിട്ടാവില്ല. 'വിഷവൃക്ഷം'ഏശാതെ പോയത്, നാടകത്തിൻറെ ദൗര്ബല്യo കൊണ്ടാവണം".

കമ്മ്യൂണിസത്തിൻറെ സ്ഥാനത്ത് മരണത്തെ വച്ച്, 'വിഷവൃക്ഷം' മാറ്റിയെഴുതാൻ സി ജെ ആഗ്രഹിച്ചു. 'വിഷവൃക്ഷ'ത്തിൽ 1957 ഇ എം എസ് സർക്കാരിൻറെ കാലത്തെ കമ്മ്യൂണിസ്റ്റ് അധികാര ദല്ലാൾ ആണ്, സഖാവ് ഗോപാലൻ.അയാൾ പഴയ കോൺഗ്രസ് ജന്മി കേശവൻ നായരുടെ മകൾ സുമത്തെ വിവാഹം ചെയ്‌തു-ഇരുവരും നല്ല ബന്ധത്തിൽ അല്ല. ഇ എം എസ് ജീർണ കഥാപാത്രമായി കണ്ട ഗോപാലൻ, സി ജെ യുടെ കൈയിൽ ദല്ലാൾ ആയതിൽ അദ്‌ഭുതമില്ല.

ഭാസി സോഷ്യലിസ്റ്റ് റിയലിസ വക്താവ് ആയിരുന്നില്ല.നാടകത്തിൽ ഭാസിക്ക് ഗുരു എൻ കൃഷ്ണ പിള്ള ആയിരുന്നു. 1945 ൽ അവർ തിരുവനന്തപുരത്ത്, ഒരു ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിള്ള യൂണിവേഴ്‌സിറ്റി കോളജിൽ അധ്യാപകനായ കാലത്ത്, ഭാസി ആയുർവേദ കോളജിൽ ചേർന്നു. വകയിൽ അമ്മാവനായ ചവറ തെക്കുംഭാഗം രാഘവൻ പിള്ള ശാസ്ത്രി വച്ചുണ്ടു താമസിക്കുന്ന ലോഡ്‌ജ്‌ ആയിരുന്നു,  അത്. ശാസ്ത്രിയുടെ നാട്ടിലെ അഴകത്ത് വീട്ടിൽ നിന്നായിരുന്നു, പിള്ളയുടെ വിവാഹം.

പിള്ള, 'ഭഗ്നഭവനം','കന്യക' എന്നിവ എഴുതി പ്രസിദ്ധൻ ആയിരുന്നു.
ഭഗ്നഭവനം' പിള്ളയ്‌ക്കൊപ്പമിരുന്ന് വി ജെ ടി ഹാളിൽ ഭാസി കണ്ടു. പി കെ വിക്രമൻ നായരുo സി ഐ പരമേശ്വരൻ പിള്ളയും ലോഡ്‌ജിൽ സ്ഥിരക്കാരായിരുന്നു. ലോഡ്‌ജിലിരുന്ന് പിള്ള 'ബലാബലം' എഴുതിക്കൊണ്ടിരിക്കെ, എഴുതിയ ഭാഗങ്ങൾ രഹസ്യമായി വായിച്ചാണ്, ഭാസി നാടകം പഠിച്ചത്. 'ഭഗ്നഭവന'വും 'കന്യക'യും ഭാസി രണ്ടാം വരവിൽ കെ പി എ സി ക്കായി സംവിധാനം ചെയ്‌തു.' ഭഗ്നഭവന'ത്തിൽ ചില മാറ്റങ്ങൾ വരുത്താൻ പിള്ള അനുവദിച്ചു. ഒടുവിൽ ഭാസി സംസ്‌കൃതത്തിലേക്ക് മടങ്ങി -ശൂദ്രകൻറെ 'മൃച്ഛകടികം'.ദരിദ്ര ബ്രാഹ്മണനായ ചാരുദത്തനും ധനികളായ വസന്തസേനയും തമ്മിലുള്ള പ്രണയവും വസന്തസേനയെ പ്രണയിക്കുന്ന സംസ്ഥാനകൻറെ ഇടപെടലും പ്രമേയമായ നാടകത്തിലെ രാഷ്ട്രീയമായിരിക്കും ഭാസിയെ ആകർഷിച്ചിരിക്കുക -ക്രൂരനായ ഏകാധിപതിയെ ഒരിടയൻ അട്ടിമറിക്കുന്ന ഉപ പ്രമേയം നാടകത്തിനുണ്ട്. 1850 ലും 1895 ലും ഇത് ഫ്രാൻസിൽ പരിഭാഷ ചെയ്‌ത്‌ അവതരിപ്പിച്ചിരുന്നു. സാധാരണ സംസ്‌കൃത നാടകങ്ങൾ പോലെ,ഇതിഹാസങ്ങളിൽ നിന്നെടുത്ത കഥയല്ല.
'
---------------------------------
1..ഇ എം എസ് / മലയാള നാടക വേദി:'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും അതിനു ശേഷവും.ദേശാഭിമാനി വിഷു വിശേഷാൽ പ്രതി,1973.


See https://hamletram.blogspot.com/2019/09/blog-post_29.html












FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...