Monday, 30 September 2019

ഇ എം എസ് പുച്ഛിച്ച തോപ്പിൽ ഭാസി

പ്രളയകാലത്തെ മൺവണ്ടി 10 

മാർക്‌സിയൻ സൗന്ദര്യ ശാസ്ത്രത്തെപ്പറ്റിയോ അതിന് സംഭാവന നൽകിയ പ്രാമാണികരെപ്പറ്റിയോ കാര്യമായ ധാരണയില്ലാതിരുന്ന ആളാണ് ഇ എം എസ്. ഒരു നിരൂപണത്തിലും ഷഡാനോവിനപ്പുറം അദ്ദേഹം പോയിട്ടില്ല -സ്റ്റാലിന് വേണ്ടിയുള്ള വരട്ടു വാദമായിരുന്നു അദ്ദേഹത്തിന്റേത്. 1973 ൽ
മലയാള നാടകവേദി: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും അതിന് ശേഷവും' എന്ന ലേഖന (1) ത്തിൽ, തോപ്പിൽ ഭാസിക്ക് ശേഷം രണ്ടു നാടകകൃത്തുക്കളെയേ പരാമർശിച്ചുള്ളു: എൻ എൻ പിള്ള, കെ ടി മുഹമ്മദ്. സി ജെ തോമസ്, ഇ എം എസിൻറെ കൺവെട്ടത്ത് വന്നില്ല. ലേഖനത്തിൽ നാടകത്തെ സംബന്ധിച്ച മാർക്സിയൻ ചിന്തകളും ഇല്ല. ബെർടോൾട് ബെഹ്ത് പരാമർശ വിഷയമേ അല്ല. പാർട്ടി പിളർന്നപ്പോൾ വിരുദ്ധ ചേരിയിൽ നിന്ന ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' (1952) യെ ചീത്ത പറയുകയാണ് ഇ എം എസിൻറെ ലക്ഷ്യം.

മലയാളത്തിലെ ആദ്യ വിപ്ലവ നാടകമായി ഇ എം എസ്‌ കാണുന്നത്, കെ ദാമോദരൻ എഴുതിയ 'പാട്ടബാക്കി' (1939) ആണ്. ഇതാണ് മലയാളത്തിലെ ആദ്യത്തെ വിജയകരമായ രാഷ്ട്രീയ നാടകമെന്ന് സി ജെ, 'ഉയരുന്ന യവനിക' (1950) യിൽ വിലയിരുത്തി.

'കമ്മ്യൂണിസ്റ്റാക്കി'യെപ്പറ്റി ഇ എം എസ് പറഞ്ഞത്:

"പാട്ടബാക്കിക്ക് ശേഷം വന്ന വിപ്ലവ നാടകങ്ങൾക്കെല്ലാം കാര്യമായ കുറവുണ്ടായിരുന്നു. സംഘടിത ബഹുജന പ്രസ്ഥാനത്തിൻറെ പ്രത്യക്ഷമായ പ്രചാര വേലയ്ക്ക് സഹായകമാവുന്ന സാഹചര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നവയാണ് അവയുടെ ഇതിവൃത്തം. അവയിലെ കഥാപാത്രങ്ങൾ ഓരോന്നും പ്രത്യക്ഷമായ പ്രചാര വേലയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഹായിക്കുന്നവരായിരിക്കണമെന്ന് നാടക കർത്താക്കൾക്ക് നിർബന്ധമായിരുന്നു. വിപ്ലവ ശക്തികളെ പ്രതിനിധാനം ചെയ്യുന്നവർ, പ്രതിവിപ്ലവ ശക്തികളുടെ പ്രതിനിധികൾ എന്നീ രണ്ടു വർഗത്തിൽപ്പെട്ട വിവിധ കഥാപാത്രങ്ങളാണ് രംഗത്ത് വന്നിരുന്നത്. ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾ സുസംഘടിതരായ തൊഴിലാളി -കർഷകാദി ബഹുജനങ്ങളെ ആഹ്ളാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്‌തുവെങ്കിൽ മറ്റ് സാധാരണക്കാരിൽ ഒരു ചലനവും സൃഷ്ടിക്കാൻ അവ പര്യാപ്തമായില്ല. ഈ കുറവ് പരിഹരിച്ചതാണ്, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ മേന്മ. 'പാട്ടബാക്കി' തൊട്ടുള്ള മുൻ നാടകങ്ങളെപ്പോലെ ഇതും വിപ്ലവാനുകൂല പ്രചാര വേലയെന്ന പ്രത്യക്ഷമായ ലക്ഷ്യങ്ങൾ നിലനിർത്തി തന്നെ തയ്യാറാക്കിയയതാണ്. പക്ഷെ അതിൻറെ പശ്ചാത്തലമായി, സാമൂഹ്യ ജീവിതത്തിൻറെ രാഷ്ട്രീയേതരമെന്ന് തോന്നിക്കുന്ന ഒരു വശം അവതരിപ്പിക്കുന്നുണ്ട്. മധ്യ തിരുവിതാംകൂറിലെ നായർ ഭൂവുടമ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ തകർച്ചയാണ് ആ പശ്ചാത്തലം."
ഭാസിയും ഗോപിയും 

പ്രചാരവേലയ്ക്കപ്പുറം ചിലത് നാടകത്തിൽ ഉണ്ടായാലേ നാടകം നാടകമാവൂ എന്നർത്ഥം. ഇ എം എസിന് കേരളസമൂഹത്തിൽ കിട്ടിയ സമ്മതി, തൊഴിലാളി -കർഷകർക്കപ്പുറം കക്ഷി രാഷ്ട്രീയത്തിന് അതീതമായി കിട്ടിയ സമ്മതി കൂടി നാടകത്തിനും ഉണ്ടാകണം എന്നർത്ഥം. 'കല സമൂഹത്തിന് വേണ്ടി' എന്ന് ഇ എം എസ് ചേരിയും 'കല കലയ്ക്ക് വേണ്ടി' എന്ന് എം പി പോൾ -മുണ്ടശ്ശേരി ചേരിയും വാദിച്ച കാലത്ത് നിന്നുള്ള മാറ്റമാണ് ഇത്. അത്രയും നന്ന്.

ഇനി ഇ എം എസ്,'കമ്മ്യൂണിസ്റ്റാക്കി'യുടെ ഉള്ളിലേക്ക് കടക്കുന്നു:

മധ്യതിരുവിതാംകൂറിലെ നായർ ഭൂവുടമാ വർഗത്തിൽപ്പെട്ടവർക്കുണ്ടായ സാമൂഹ്യ തകർച്ചയുടെ പ്രതീകങ്ങളായ പരമു പിള്ള, കേശവൻ നായർ എന്നീ കുടുംബനാഥന്മാരിൽ, കർഷക പ്രസ്ഥാനത്തിൻറെ വളർച്ച സൃഷ്ടിക്കുന്ന വിരുദ്ധ പ്രത്യാഘാതങ്ങളാണ്, നാടക ജീവൻ. ഈ പശ്ചാത്തലത്തിൽ നിന്നുള്ള കഥാപാത്രങ്ങളുടെ സജീവത -അവരെപ്പറ്റി നാടകകൃത്ത് സദസ്യരിൽ സൃഷ്ടിക്കുന്ന ധാരണയും സദസ്യരുടെ നിത്യാനുഭവവും തമ്മിലുള്ള പൊരുത്തം -ഇതാണ് അതുവരെയുള്ള എല്ലാ വിപ്ലവനാടകങ്ങളിൽ നിന്നും 'കമ്മ്യൂണിസ്റ്റാക്കി'യെ വ്യത്യസ്തമാക്കിയത്.

ഇക്കാര്യത്തിൽ 'കമ്മ്യൂണിസ്റ്റാക്കി'യും രണ്ടു വ്യാഴവട്ടം മുൻപ് അവതരിപ്പിച്ച എം പി ഭട്ടതിരിപ്പാടിൻറെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' നാടകവും തമ്മിൽ സാദൃശ്യമുണ്ട്. മധ്യ തിരുവിതാംകൂറിലെ നായർ കുടുംബത്തിന് പകരം,മലബാർ -കൊച്ചി പ്രദേശത്തെ നമ്പൂതിരി കുടുംബങ്ങളാണ്, ആ നാടകത്തിൽ.കർഷക പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്ക് പകരം, വിവാഹ -കുടുംബ ജീവിത മേഖലകളിൽ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങളാണ് കുടുംബനാഥന്മാരിൽ വിരുദ്ധ പ്രതികരണങ്ങൾ ഉണ്ടാക്കുന്നത്. ഭട്ടതിരിപ്പാട് അവതരിപ്പിച്ച വിളയൂരച്ഛൻ നമ്പൂതിരിയെയും കാമ്പിശ്ശേരി കരുണാകരൻ അവതരിപ്പിച്ച പരമു പിള്ളയെയും ഇ എം എസ് നേരിട്ട് കണ്ട് സാദൃശ്യങ്ങൾ ബോധ്യപ്പെട്ടു. അടുത്തറിയാവുന്നവരെ മാതൃകയാക്കി ഭട്ടതിരിപ്പാടും ഭാസിയും കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ദാമോദരൻ സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ദാമോദരൻറെ നാടകത്തിൽ ആശയങ്ങൾ തമ്മിലാണ് സംഘട്ടനം എന്നതിനാൽ, പ്രചാരവേലയ്ക്ക് പ്രസക്തിയില്ലാത്തിടത്ത്, അതിന് ചലനമില്ല. മറ്റേതിൽ വ്യക്തിഗത സംഘട്ടനങ്ങൾക്ക് പ്രസക്തിയുണ്ടായി. സമൂഹമല്ല,വ്യക്തിയാണ് പ്രധാനം എന്ന് ഇ എം എസ് സമ്മതിക്കുന്നു. അത്രയും നന്ന്.

ഇനി 'കമ്മ്യൂണിസ്റ്റാക്കി'യുടെ കോട്ടങ്ങളിലേക്ക് ഇ എം എസ് കടക്കുന്നു.

''യാഥാസ്ഥിതിക നായർ കുടുംബങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്നതിൽ അസാമാന്യ വിജയം നേടിയ ഭാസി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാണികളിൽ മതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ് " എന്നും "അദ്ദേഹത്തിൻറെ നാടകത്തിലെ ഏറ്റവും നിർജീവമായ കഥാപാത്രങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരുമാണ് " എന്നും കൂടി ഇ എം എസ് നിരീക്ഷിക്കുന്നു.

ഇ എം എസ് എഴുതുന്നു:

"പരമു പിള്ളയെക്കൊണ്ട് അവസാനം 'നിങ്ങളൊക്കെ കൂടി എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന് പറയിക്കത്തക്ക എന്തെങ്കിലും സ്വഭാവ വിശേഷം ഗോപാലനിൽ കാണികൾക്ക് ദർശിക്കാൻ കഴിയുകയില്ല. നേരെ മറിച്ച്, ലോകത്തിൽ ഒരാളുടെയെങ്കിലും അഭിപ്രായം മാറ്റാൻ കഴിവില്ലാതെ,തികച്ചും 'ബോറനായ' രീതിയിൽ അരങ്ങു മുഷിപ്പിക്കുന്ന ഇത്തരക്കാരാണോ പുന്നപ്ര വയലാറിൻറെയും കയ്യൂരിൻറെയും പാരമ്പര്യം സൃഷ്‌ടിച്ച ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയതെന്ന സംശയമാണ് അവരിൽ ഗോപാലൻ സൃഷ്ടിക്കുക. 'പാട്ടബാക്കി'തൊട്ടുള്ള നിരവധി വിപ്ലവ രാഷ്ട്രീയ നാടകങ്ങളിലെ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെക്കാൾ പോലും നിര്ജീവമാണ്, 'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല"

പുന്നപ്ര വയലാറും കയ്യൂരും പരാമർശിക്കുന്ന ഇ എം എസ്, ഭാസി പ്രതിയായ ശൂരനാട് കേസ് പറയുന്നില്ല.

തനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് കഥാപാത്രങ്ങളെ സൃഷ്‌ടിച്ച മാതൃക ഭാസി ഗോപാലനിൽ പിന്തുടർന്നില്ല എന്നാണ് ഇ എം എസ് പറയുന്നത്.  ദാമോദരൻ ആധിയായവരെപോലെ ഭാവനയ്‌ക്കൊത്താണ് കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെ ഭാസി സൃഷ്ടിച്ചത്. ത്രികോണ പ്രേമം എന്ന മാമൂൽ ധാരണയും ഭാസി പിന്തുടർന്നു. ഗോപാലൻ അറിയാതെ അയാളെ സ്നേഹിക്കുന്ന മാലയ്ക്കും ഗോപാലൻ സ്നേഹിക്കുന്ന സുമയ്ക്കും നാടക വളർച്ചയിൽ, ആ പ്രേമം അല്ലാതെ എന്താണ് പങ്ക് ? എന്നിട്ട്,ഒരുത്തൻറെയും ഉള്ളിൽ തട്ടാത്തവണ്ണം കമ്മ്യൂണിസം പ്രസംഗിക്കുക !

ഇ എം എസിന് 'കമ്മ്യൂണിസ്റ്റാക്കി' യിൽ പരമു പിള്ള കഴിഞ്ഞാൽ ഇഷ്ടപ്പെട്ടത്, മാലയുടെ അച്ഛൻ കറുമ്പനെയാണ്. മാലയെ, ആ വികൃത പ്രേമം കാരണം,ഭാസി ഉശിരത്തിയാക്കിയില്ല.വർഗ്ഗശത്രുക്കൾക്കെതിരായി, അവൾക്ക് സിംഹിയെപ്പോലെ പാഞ്ഞു കയറാൻ ഒത്തില്ല.ഗോപാലനെപ്പറ്റി കാണിക്കുണ്ടാകുന്ന മതിപ്പില്ലായ്മ ഒരളവ് വരെ എന്ന് വച്ചാൽ പുട്ടിന് പീര പോലെ, കമ്യൂണിസത്തിന് ദളിതനെ വേണം.

ഇ എം എസ് എഴുതുന്നു:

"പരമു പിള്ളയുടെയും കേശവൻ നായരുടെയും കുടുംബങ്ങളിലൂടെ ചിത്രീകരിക്കപ്പെടുന്ന നാടുവാഴി സമൂഹ തകർച്ച, മാലയുടെ കുടുംബത്തിലൂടെ ഭാഗികമായി ചിത്രീകരിക്കപ്പെടുന്ന കർഷക തൊഴിലാളി പ്രസ്ഥാനത്തിൻറെ ഉയർച്ച എന്നിവയുടേതായ കലാലോകത്തിൽ, സ്വർഗ്ഗത്തിലെ കട്ടുറുമ്പു പോലെ ശല്യം സൃഷ്ടിക്കുകയാണ്, കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളായ ഗോപാലനും അവനെ ചുറ്റിപ്പറ്റിയുള്ള പ്രേമകഥകളും ചെയ്യുന്നത്. ആദ്യത്തേതിൻറെ കാര്യത്തിൽ തനിക്ക് ചുറ്റുമുള്ള ലോകം സത്യസന്ധമായി കാണാൻ ശ്രമിക്കുന്ന പ്രതിഭാശാലിയായ കലാകാരനെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഭാസി, രണ്ടാമത്തേതിൻറെ കാര്യത്തിൽ താൻ വച്ച് പുലർത്തുന്ന തെറ്റായ ധാരണകൾ കൊണ്ട് സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്‌തത്‌. ഇതാണ് അദ്ദേഹത്തിൻറെ പരാജയം."

ഭാസിയുടെ കോട്ടങ്ങളെ ഇങ്ങനെ ഭൂതക്കണ്ണാടി വച്ച് പർവ്വതീകരിക്കുന്ന ഇ എം എസ്, 1954 ൽ 'പാട്ടബാക്കി മുതൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വരെ' എന്ന ലേഖനം എഴുതിയിരുന്നു. അന്ന് പാർട്ടി പിളർന്ന് ഭാസി എതിർ ചേരിയിൽ ആയിരുന്നില്ല.

ആ ലേഖനത്തിൽ നിന്ന്:

"പാട്ടബാക്കിയെക്കാൾ പൂർണവും അതുകൊണ്ടു തന്നെ കൂടുതൽ സങ്കീര്ണവുമാണ്, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'. ജന്മിയും കുടിയാനും തമ്മിലുള്ള വൈരുധ്യം, ആ വൈരുധ്യത്തിൻറെ പശ്ചാത്തലത്തിൽ നടക്കുന്ന കുടിയാന്റെ കുടുംബ ജീവിതം, ആ കുടുംബ ജീവിതം കിട്ടുണ്ണിയുടെയും കുഞ്ഞിമാളുവിൻറെയും ജീവിതത്തിലും മാനസിക വ്യാപാരങ്ങളിലും വരുത്തുന്ന മാറ്റം -ഇത്രയേ 'പാട്ടബാക്കി'യിലുള്ളു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലാകട്ടെ, ജന്മിയും കുടിയാനുമുണ്ട്; ജന്മിയും കർഷക തൊഴിലാളിയുമുണ്ട്. പൊളിഞ്ഞ ജന്മിയും ക്രമേണ ശക്തിപ്പെട്ടു വരുന്ന ജന്മിയുമുണ്ട്. ജന്മി കുടുംബങ്ങളിൽ തന്നെ നവീനാശയമുൾക്കൊള്ളുന്നവരും അവയെ എതിർക്കുന്നവരുമുണ്ട്; എല്ലാറ്റിലും മീതെ 'പാട്ടബാക്കി'സ്പർശിക്കുക പോലും ചെയ്യാത്ത പ്രേമവും അതിൽ നിന്നുണ്ടാവുന്ന വൈരുധ്യങ്ങളുമുണ്ട്. മേന്മയുടെ കാരണം സാങ്കേതികങ്ങളല്ല"

ഭാസി ചേരി മാറുന്നതിന് മുൻപ് ഇ എം എസ് ഗോപാലനെ കണ്ടത്, ജന്മി കുടുംബത്തിലെ നവീനാശയങ്ങൾ ഉൾക്കൊണ്ട യുവായാണ്. അയാളുടെ പ്രേമവും അയാളോടുള്ള പ്രേമവും അതിലെ വൈരുധ്യവും അന്ന് നാടക മേന്മയായിരുന്നു !

ഈ ലേഖനത്തിൽ ഭാസിയെ വച്ച് ദാമോദരനെ ഇകഴ്ത്താനുള്ള ശ്രമവുമുണ്ട്. ലേഖനം എഴുത്തും മുൻപ് 1953 ഡിസംബർ 27 മുതൽ 1954 ജനുവരി നാല് വരെ മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ വിരുദ്ധ ചേരികൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ലേഖനത്തിൽ ഇ എം എസ് ഇത്ര കൂടി പറയുന്നു:"കിട്ടുണ്ണിയെയും കുഞ്ഞിമാളുവിനെയും ബാലനെയുംകാൾ കൂടുതൽ കറമ്പനെയും മാലയെയും വേലുവിനെയും മീനയെയും നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ അതിന് കാരണം, ഭാസി സ്വന്തമാക്കിയ ബഹുജന ജീവിതം, ദാമോദരൻ ചിത്രീകരിക്കാൻ ശ്രമിച്ചതിനെക്കാൾ പൂർണമായതാണ് എന്നതാണ്."

ഇ എം എസിന് മുൻപേ കാശിയിൽ വച്ച് ദാമോദരൻ പാർട്ടി അംഗമായെങ്കിലും, ലേഖന കാലത്ത് പി ബി യിൽ കേരളത്തിൽ നിന്ന് ഇ എം എസ് മാത്രമേയുള്ളു.ദാമോദരനെ കഴിയുന്നത്ര ഇ എം എസ് ഒതുക്കിയിരുന്നിരിക്കാം.

തോപ്പിൽ ഭാസി 

അന്നും ഇ എം എസ്,'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻറെയും മാത്യുവിൻറെയും പാത്രസൃഷ്ടിക്ക് എതിരായിരുന്നു. രണ്ടിനും ജീവനില്ല.ഒരു വികാരവുമുണ്ടാക്കാത്ത സംഭാഷണവും സംഭവങ്ങളും.മാല തന്നിൽ അനുരക്തയാണെന്ന് ഗോപാലൻ അറിയാത്തതിന് ന്യായീകരണം ഇ എം എസ് കണ്ടില്ല. സംഘടിത ശക്തിയായി ഉയർന്നു വരുന്ന ജന ജീവിതം പഠിച്ച്,വർഗ ബന്ധങ്ങൾ വ്യക്തി ജീവിതത്തെയും വ്യക്തി ജീവിതം വർഗ ബന്ധങ്ങളെയും ബാധിക്കുന്നതെങ്ങനെ എന്ന് പഠിച്ച് അത് വിശദമാക്കുന്നിടത്ത് ഭാസി പരാജയപ്പെട്ടെന്ന് ഇ എം എസ് പറഞ്ഞു. ജീവനുള്ള കമ്മ്യൂണിസ്റ്റുകളുമായി പൊരുത്തപ്പെടാത്ത പാവകളാണ്, ഗോപാലനും മാത്യുവും. "അച്ചടി ഭാഷയിൽ രാഷ്ട്രീയവും തിയറിയും പ്രസംഗിക്കാൻ ജനിച്ച ജീവിയാണ് മാത്യു. ഗോപാലനാകട്ടെ,അതിനൊപ്പം പ്രേമിക്കുക കൂടി ചെയ്യുന്നു.ഇങ്ങനെ അച്ചടി ഭാഷയിൽ പ്രസംഗിക്കാനും പ്രേമിക്കാനും മാത്രമറിയാവുന്ന -അതും മാലാഖയെപ്പോലൊരു ഉശിരത്തിപ്പെൺകിടാവിൻറെ പ്രേമം മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത -ആളുകളാണ് കമ്മ്യൂണിസ്റ്റുകൾ എങ്കിൽ അവർക്കിത്ര വൻപിച്ച പ്രസ്ഥാനം സൃഷ്ടിക്കാൻ കഴിയുമോ ?," ഇ എം എസ് അമ്പരക്കുന്നു.

ചെറുകാടിൻറെ 'നമ്മളൊന്നി'ലെ ശങ്കുണ്ണിക്കും മുഹമ്മദിനും പി ജെ ആൻറണിയുടെ 'ഇൻക്വിലാബിന്റെ മക്കളി'ലെ ഫ്രാൻസിസിനുമൊക്കെ ഇതേ നിർജീവത്വം ഇ എം എസ്‌ കാണുന്നു.

ഗോപാലൻ  ദളിത് യുവതി മാലയുടെ പ്രേമം കാണാത്തതിന് ഇ എം എസ് അയാളെ കുറ്റം പറയുമ്പോൾ, ഒരു ലളിത ചോദ്യമുണ്ട്: തകർന്ന ജന്മി കുടുംബങ്ങളിൽ നിന്ന് വന്ന എത്ര സവർണ കമ്മ്യൂണിസ്റ്റ് യുവാക്കൾ ദളിത് യുവതികളുടെ പ്രേമം കണ്ട് അവരെ വിവാഹം ചെയ്തിട്ടുണ്ട് ?അതോ,ഒരു നിർജീവ നായർ ദളിത് യുവതിയെ വിവാഹം ചെയ്‌ത്‌ വഞ്ചിക്കണം എന്നാണോ ? ഈ വൃത്തികെട്ട കമ്മ്യൂണിസ്റ്റ് മാലയുടെ പ്രേമം കാണാതിരുന്നപ്പോൾ അവൾ രക്ഷപ്പെടുകയല്ലേ ചെയ്‌തത്‌ ? ഒരു ദളിത് യുവതിയെ നായരായ ഭാസി രക്ഷപ്പെടുത്തിയതിൽ ഇ എം എസിന് എന്തിനാണ് കൊതിക്കെറുവ് ?

സമൂഹം ദളിതരോട് അയിത്തം കാട്ടും പോലൊന്ന് പാർട്ടിയുടെ തെറ്റുകൾ ചോദ്യം ചെയ്തപ്പോൾ ഭാസി അനുഭവിക്കുകയുണ്ടായി -പാർട്ടിയിലും ഊരുവിലക്കും അയിത്തവുമുണ്ട്.സോവിയറ്റ് യൂണിയനിലും ഉപഗ്രഹ രാജ്യങ്ങളിലും അത് ഉന്മൂലന രൂപം കൈക്കൊണ്ടു.

'കമ്മ്യൂണിസ്റ്റാക്കി'യും മറ്റും വിജയകരമായി മുന്നേറി നാടകത്തിന് ഭാസി കൂടുതൽ സമയം ചെലവിട്ടത് സഖാക്കൾക്ക് പിടിച്ചില്ല. മാവേലിക്കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ചത് മുതൽ സെക്രട്ടറി ആയിരുന്നു ഭാസി. താലൂക്ക് സമ്മേളനത്തിൽ, 'അവസരവാദി'യായ ഭാസിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പി ആർ ജനാർദ്ദനനും മറ്റും വാദിച്ചു. സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച്, സമ്മേളനത്തിൽ പങ്കെടുത്ത എസ് കുമാരൻ ചോദിച്ചു: "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എഴുതിയ തോപ്പിൽ ഭാസിയെപ്പറ്റിയാണോ നിങ്ങളുടെ വിമർശനം ?"

സംസ്ഥാന കമ്മിറ്റി ഇടപെട്ട് വീണ്ടും സെക്രട്ടറി ആക്കിയപ്പോൾ,ഭാസി സ്ഥാനം നിരസിച്ചു.പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും ഉപേക്ഷിച്ചു. കലയ്ക്കും സാഹിത്യത്തിനും അംഗീകാരമില്ലെന്ന് പാർട്ടിയിൽ അദ്ദേഹം വാദിക്കാൻ തുടങ്ങി. ഭാസി എഴുതുന്നു:

"സെക്റ്റേറിയൻ സഖാക്കളുടെ വിമർശനം അപ്പാടെ ഞാൻ അംഗീകരിച്ചിരുന്നുവെങ്കിൽ, 'സർവ്വേക്കല്ല്' എഴുതുമായിരുന്നില്ല. തുടർന്ന് മറ്റ് നാടകങ്ങളും എഴുതുമായിരുന്നില്ല. ഒരുപക്ഷെ മന്ത്രിയാകുമായിരുന്നു".

പാർട്ടി പിളർന്ന 1964 ൽ ഇ എം എസിനെയും എ കെ ജി യെയും അഭിസംബോധന ചെയ്‌ത്‌, 'തെളിവിലെ യാഥാർഥ്യങ്ങൾ' എന്ന ലഘു ലേഖ ഭാസി എഴുതി. രണ്ടു ചോദ്യങ്ങൾ അവരോട് ചോദിച്ചു:

  • ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിൽ നിന്ന് ഏതു സാഹചര്യത്തിലായാലും,ഇറങ്ങിപ്പോക്ക് നടത്തുന്നത് ശരിയാണോ ?
  • ഏത് സാഹചര്യത്തിലായാലും,ഒരു പാർട്ടി ഘടകത്തിന്റെ ഭൂരിപക്ഷ നടപടിയെ അനുസരിക്കാതെ,അതിനെ വെല്ലുവിളിച്ചു കൊണ്ട്,ഒരു സഖാവോ,ഏതാനും സഖാക്കളോ സമാന്തര പാർട്ടി പ്രവർത്തനം നടത്തുന്നത്,നമ്മൾ ഇന്നോളം അനുസരിച്ചു പോന്ന സംഘടനാ തത്വങ്ങൾക്കും പ്രമാണങ്ങൾക്കും ചേർന്നതാണോ ?
ഇ എം എസിനോട് ഭാസി പറഞ്ഞു:

"അങ്ങയുടെ രാഷ്ട്രീയാഭിപ്രായത്തിന് പാർട്ടിയിൽ ഭൂരിപക്ഷം കിട്ടാതെ വന്നപ്പോൾ അങ്ങ് പ്രവർത്തിച്ചത് പോലെ നിസ്സാരനായ ഞാനും എന്നെപ്പോലുള്ള ഒന്ന് രണ്ട് സഖാക്കളും പ്രവർത്തിച്ചിരുന്നെങ്കിൽ, പൊടുന്നനെയുള്ള പത്തു മരണങ്ങൾ ഒഴിവാക്കാമായിരുന്നു. അഞ്ചു പൊലീസുകാരുടെയും അഞ്ചു സഖാക്കളുടെയും (ശൂരനാട് സംഭവമാണ് പത്ത് മരണം), മർദനം കൊണ്ട് ചുമച്ച് ഏങ്ങി വലിച്ച് ജീവിച്ച മുപ്പതിൽ പരം സഖാക്കളിൽ പിന്നീട് മരിച്ച 11 പേരുടെ മരണവും ഒഴിവാക്കാമായിരുന്നു. എൻറെയും എന്നെപ്പോലുള്ള ഒട്ടനവധി പാർട്ടി പ്രവർത്തകരുടെയും കുടുംബങ്ങളെ മർദനങ്ങളിൽ നിന്നും എണ്ണമറ്റ ദുരിതങ്ങളിൽ നിന്നും രക്ഷിച്ചു നിർത്തമായിരുന്നു. ഞങ്ങൾ അത് ചെയ്തില്ല. പാർട്ടി അച്ചടക്കം ഞങ്ങൾക്ക് ദിവ്യ മന്ത്രമായിരുന്നു"

ഇരു പാർട്ടികളും ലയിക്കണമെന്ന് വാദിച്ച ഒരു ലേഖനത്തിൽ  ഭാസി ചോദിച്ചു:

"കമ്മ്യൂണിസ്റ്റുകാരന്റെ പൂണൂലാണ്, പാർട്ടി കാർഡ്. കാർഡില്ലെങ്കിലും ഞാൻ എന്നെപ്പറ്റി കമ്മ്യൂണിസ്റ്റ് എന്നാണ് പറയുക. പൂണൂൽ പൊട്ടിച്ചു കളഞ്ഞെങ്കിലും, നമ്പൂതിരിപ്പാട്, നമ്പൂതിരിപ്പാട് അല്ലാതാകുമോ?"

ഭാസിയുടെ അച്ഛനെയും കാമ്പിശ്ശേരിയുടെ അച്ഛനെയും കലർത്തി രൂപപ്പെടുത്തിയതായിരുന്നു, പരമു പിള്ള. മാല,സ്വന്തം ഗ്രാമത്തിലെ ഒരു ഹരിജൻ യുവതി. കറുമ്പൻ, ഭാസിയുടെ വീട്ടിലെ തലപ്പുലയൻ, തിരുവഞ്ചൻ.
കെ പി എ സി എക്‌സിക്യൂട്ടീവിൽ, ഭാസിയുടെ തുറന്ന അഭിപ്രായങ്ങൾ കേട്ട്,മുതിർന്ന സി പി ഐ നേതാവ് ചോദിച്ചു: "നിങ്ങൾ പാർട്ടിയുടെ സൃഷ്ടിയല്ലേ?"

ഭാസി മറുചോദ്യം എറിഞ്ഞു: "എന്നേക്കാൾ പാർട്ടിക്കൂറും,എന്നെപ്പോലെ പാർട്ടി പ്രവർത്തന പരിചയവുമുള്ള നിങ്ങൾ എന്തുകൊണ്ട് ഒരേകാങ്ക നാടകമോ നാലുവരി കവിതയോ എഴുതിയില്ല?"

ആത്മകഥയിൽ ഭാസി,ഇതോർമിച്ച്,ദണ്ഡിയുടെ 'കാവ്യാദര്ശ'ത്തിൽ നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കുന്നു:

നൈസര്ഗികീ ച പ്രതിഭാ
ശ്രുതം ച ബഹുനിർമ്മലം 
അമന്ദമാശ്ചാഭിയോഗോ,അസ്യാ:
കാരണം കാവ്യ സമ്പദ:

(ജനനാലുള്ളതാണ് പ്രതിഭ. പ്രതിഭയ്ക്ക് വികാസം നൽകാൻ നിർമലമായ അറിവ് വേണം.പ്രതിഭകൾക്ക് കാവ്യസമ്പത്തിന് കാരണം, കാവ്യത്തോടുള്ള അലസതയില്ലാത്ത അഭിമുഖ്യമാണ് ).

ഗോപാലൻ, മാത്യു എന്നിവർ, "തെറ്റ് പറ്റാത്ത യന്ത്രങ്ങളായ കഥാപാത്രങ്ങൾ" ആണെന്ന അഭിപ്രായം തന്നെയാണ് ഭാസിക്കുണ്ടായിരുന്നത്. കൊൽക്കത്ത തീസിസിന് (1948 ) ശേഷമുള്ള ശൂരനാട് കേസിൽ പ്രതിയായ ഭാസി, രാഷ്ട്രീയത്തിൽ വഴി മാറി നടന്നത് കൊണ്ടാണ്, 'പുതിയ ആകാശം, പുതിയ ഭൂമി' പോലുള്ള നാടകങ്ങളിൽ ഇത്തരം പാവകൾ ഉണ്ടാകാതിരുന്നതെന്ന്, ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്:"ഞാനൊരു സെക്റ്റേറിയൻ കമ്മ്യൂണിസ്റ്റ് സാഹിത്യകാരൻ അല്ലാതായി".

'പുതിയ ആകാശ'ത്തിൽ, ഒരു മുരടൻ കമ്മ്യൂണിസ്റ്റുണ്ട്.'അശ്വമേധ'ത്തിലും 'ശരശയ്യ'യിലും കമ്മ്യൂണിസ്റ്റുകൾ ഇല്ല.'തുലാഭാര'ത്തിൽ സാധാരണ തൊഴിലാളിയേയുള്ളു.കമ്മ്യൂണിസ്റ്റ് ഇല്ല. പിന്നെ ഒന്നിലും കമ്മ്യൂണിസ്റ്റ് ഇല്ലെന്ന് വന്നു. 'കമ്മ്യൂണിസ്റ്റാക്കി'യിലെ മാല, സിനിമയിൽ നിന്ന് പണമുണ്ടാക്കിയ ഭാസിയെ കാണാൻ എത്തുന്നതാണ്,
'ഇന്നലെ,ഇന്ന്,നാളെ'. പാർട്ടി ഭിന്നിച്ചതിലെ ആഘാതം നിമിത്തമാണ്, ഭാസി, അത് എഴുതിയത്. മാലയും കറമ്പനും പുറത്തുണ്ട് എന്നറിഞ്ഞിട്ടും, അകത്ത് പ്രവേശിപ്പിക്കാത്ത ബൂർഷ്വയാണ്, ഭാസി -സ്വയം വിമര്ശനം.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി / കെ പി എ സി 

'കമ്മ്യൂണിസ്റ്റാക്കി'യിലെ കഥാപാത്രങ്ങളെ വച്ച്, സി ജെ തോമസ്, വിമോചന സമരത്തിന്, 'വിഷവൃക്ഷം' ( 1959 ) എഴുതി. ഭാസി അതേപ്പറ്റി:

"കമ്മ്യൂണിസ്റ്റാക്കി' നാടകത്തിൻറെ വിജയം കണ്ട് അന്ധാളിച്ച കോൺഗ്രസുകാർ ആ നാടകത്തിനെതിരെ, 'കമ്മ്യൂണിസ്റ്റാക്കി'യിലെ കഥാപാത്രങ്ങളെ വച്ച് തന്നെ സി ജെ തോമസിനെ കൊണ്ട് 'വിഷവൃക്ഷം'അവതരിപ്പിച്ചത്, 'നാട്യശാസ്ത്രം'വായിച്ചിട്ടാവില്ല. 'വിഷവൃക്ഷം'ഏശാതെ പോയത്, നാടകത്തിൻറെ ദൗര്ബല്യo കൊണ്ടാവണം".

കമ്മ്യൂണിസത്തിൻറെ സ്ഥാനത്ത് മരണത്തെ വച്ച്, 'വിഷവൃക്ഷം' മാറ്റിയെഴുതാൻ സി ജെ ആഗ്രഹിച്ചു. 'വിഷവൃക്ഷ'ത്തിൽ 1957 ഇ എം എസ് സർക്കാരിൻറെ കാലത്തെ കമ്മ്യൂണിസ്റ്റ് അധികാര ദല്ലാൾ ആണ്, സഖാവ് ഗോപാലൻ.അയാൾ പഴയ കോൺഗ്രസ് ജന്മി കേശവൻ നായരുടെ മകൾ സുമത്തെ വിവാഹം ചെയ്‌തു-ഇരുവരും നല്ല ബന്ധത്തിൽ അല്ല. ഇ എം എസ് ജീർണ കഥാപാത്രമായി കണ്ട ഗോപാലൻ, സി ജെ യുടെ കൈയിൽ ദല്ലാൾ ആയതിൽ അദ്‌ഭുതമില്ല.

ഭാസി സോഷ്യലിസ്റ്റ് റിയലിസ വക്താവ് ആയിരുന്നില്ല.നാടകത്തിൽ ഭാസിക്ക് ഗുരു എൻ കൃഷ്ണ പിള്ള ആയിരുന്നു. 1945 ൽ അവർ തിരുവനന്തപുരത്ത്, ഒരു ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിള്ള യൂണിവേഴ്‌സിറ്റി കോളജിൽ അധ്യാപകനായ കാലത്ത്, ഭാസി ആയുർവേദ കോളജിൽ ചേർന്നു. വകയിൽ അമ്മാവനായ ചവറ തെക്കുംഭാഗം രാഘവൻ പിള്ള ശാസ്ത്രി വച്ചുണ്ടു താമസിക്കുന്ന ലോഡ്‌ജ്‌ ആയിരുന്നു,  അത്. ശാസ്ത്രിയുടെ നാട്ടിലെ അഴകത്ത് വീട്ടിൽ നിന്നായിരുന്നു, പിള്ളയുടെ വിവാഹം.

പിള്ള, 'ഭഗ്നഭവനം','കന്യക' എന്നിവ എഴുതി പ്രസിദ്ധൻ ആയിരുന്നു.
ഭഗ്നഭവനം' പിള്ളയ്‌ക്കൊപ്പമിരുന്ന് വി ജെ ടി ഹാളിൽ ഭാസി കണ്ടു. പി കെ വിക്രമൻ നായരുo സി ഐ പരമേശ്വരൻ പിള്ളയും ലോഡ്‌ജിൽ സ്ഥിരക്കാരായിരുന്നു. ലോഡ്‌ജിലിരുന്ന് പിള്ള 'ബലാബലം' എഴുതിക്കൊണ്ടിരിക്കെ, എഴുതിയ ഭാഗങ്ങൾ രഹസ്യമായി വായിച്ചാണ്, ഭാസി നാടകം പഠിച്ചത്. 'ഭഗ്നഭവന'വും 'കന്യക'യും ഭാസി രണ്ടാം വരവിൽ കെ പി എ സി ക്കായി സംവിധാനം ചെയ്‌തു.' ഭഗ്നഭവന'ത്തിൽ ചില മാറ്റങ്ങൾ വരുത്താൻ പിള്ള അനുവദിച്ചു. ഒടുവിൽ ഭാസി സംസ്‌കൃതത്തിലേക്ക് മടങ്ങി -ശൂദ്രകൻറെ 'മൃച്ഛകടികം'.ദരിദ്ര ബ്രാഹ്മണനായ ചാരുദത്തനും ധനികളായ വസന്തസേനയും തമ്മിലുള്ള പ്രണയവും വസന്തസേനയെ പ്രണയിക്കുന്ന സംസ്ഥാനകൻറെ ഇടപെടലും പ്രമേയമായ നാടകത്തിലെ രാഷ്ട്രീയമായിരിക്കും ഭാസിയെ ആകർഷിച്ചിരിക്കുക -ക്രൂരനായ ഏകാധിപതിയെ ഒരിടയൻ അട്ടിമറിക്കുന്ന ഉപ പ്രമേയം നാടകത്തിനുണ്ട്. 1850 ലും 1895 ലും ഇത് ഫ്രാൻസിൽ പരിഭാഷ ചെയ്‌ത്‌ അവതരിപ്പിച്ചിരുന്നു. സാധാരണ സംസ്‌കൃത നാടകങ്ങൾ പോലെ,ഇതിഹാസങ്ങളിൽ നിന്നെടുത്ത കഥയല്ല.
'
---------------------------------
1..ഇ എം എസ് / മലയാള നാടക വേദി:'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും അതിനു ശേഷവും.ദേശാഭിമാനി വിഷു വിശേഷാൽ പ്രതി,1973.


See https://hamletram.blogspot.com/2019/09/blog-post_29.html












No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...