Saturday 15 June 2019

രണ്ട് വിപ്ലവക്കുട്ടികൾ

 ന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിപ്ലവകാരി പുരുഷനല്ല.വെറും 14 വയസുണ്ടായിരുന്ന സുനീതി ചൗധരിയാണ് .ആ കഥ പറയാൻ ഓസ്‌ട്രേലിയയിലെ 'അഡ്‌ലെയ്ഡ് ക്രോണിക്കിളി'ന്റെ 1931 ഡിസംബര്‍ 17 വ്യാഴാഴ്ചയിലെ 37-ാം പേജില്‍നിന്ന് ഒരു വാര്‍ത്ത പരിഭാഷ ചെയ്യാം: 



സ്ത്രീകള്‍ മജിസ്‌ട്രേറ്റിനെ കൊന്നു ,ബംഗാളില്‍ അരാജകത്വം പൊലീസ് റൈഡിന്  പ്രതികാരം
'ദ അഡൈ്വര്‍ടൈസറി'ന് കേബിള്‍ 
കൊല്‍ക്കത്ത, ഡിസംബര്‍ 14: ഇന്നുരാവിലെ കിഴക്കന്‍ ബംഗാളിലെ കോമില്ലയിലെ ജില്ലാ മജിസ്‌ട്രേട്ടും കലക്ടറുമായ ചാള്‍സ് ജഫ്രി ബുക്‌ലാന്‍ഡ് സ്റ്റീവന്‍സിനെ രണ്ട് ഭാരതീയ അരാജകവാദി സ്ത്രീകള്‍ വെടിവച്ചുകൊന്നതോടെ, ബംഗാള്‍, ഭീകരതയുടെ നിഷ്ഠുരമായ ഉയിര്‍പ്പ് കണ്ടു. ഭീകരപ്രസ്ഥാന ചരിത്രത്തില്‍, ഉദ്യോഗസ്ഥനെതിരെ ആദ്യമായി സ്ത്രീകള്‍ നടത്തുന്ന ആക്രമണമാണ്, ഇത്. അരാജകത്വവാദികളുടെ താവളമെന്ന് സംശയിക്കപ്പെട്ട വിദ്യാര്‍ത്ഥി ഹോസ്റ്റലുകളിലും, വീടുകളിലും ശനിയാഴ്ച നടന്ന റെയ്ഡ് പരമ്പരയ്ക്ക് പിന്നാലെയായിരുന്നു, വധം. കോമില്ലയിലെ ഒരു ഡോക്ടറുടെ വീട്ടില്‍നിന്ന് ഒരുദ്യോഗസ്ഥനും പത്തു യുവാക്കളും അറസ്റ്റിലാവുകയും അവിടെനിന്ന് വെടിയുണ്ടയുള്ള റിവോള്‍വര്‍ കളവുപോവുകയും ചെയ്തിരുന്നു. അതിന് പിന്നാലെയായിരുന്നു, കൊല. സ്റ്റീവന്‍സിന് ഈ സ്ത്രീകള്‍ ഒരു പരാതി നല്‍കുകയായിരുന്നു എന്നുപറയുന്നു. അദ്ദേഹം തന്റെ ഡസ്‌കില്‍ അത് വായിക്കുമ്പോഴായിരുന്നു, ഒരു സ്ത്രീ റിവോള്‍വര്‍കൊണ്ട് സ്റ്റീവന്‍സിന്റെ വയറ്റില്‍ വെടിവച്ചുകൊന്നത്. സ്ത്രീകളില്‍ ഒരാള്‍ 20 വയസ്സിനടുത്താണ്. ഇരുവരും അറസ്റ്റിലായി. സ്റ്റീവന്‍സ് (42) വിവാഹിതനാണ്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ 18 വര്‍ഷമായി. കഴിഞ്ഞവര്‍ഷം മുതല്‍ ടിപ്പെര ( ത്രിപുര ) ജില്ലയിലാണ്. ഇത്, ഭാരതത്തിലെ പത്താമത്തെ ഭീകരപ്രവര്‍ത്തനമാണ്. ഈ വര്‍ഷം ബംഗാളില്‍ നടന്ന ഏഴാമത്തേതും. 



എന്നെ അദ്ഭുതത്തില്‍ ആഴ്ത്തിയ വാര്‍ത്തയാണ്, ഇത്. അതിന്റെ ആദ്യ കാരണം, ശാസ്ത്രീയമായി ഞാന്‍ പഠിച്ച പത്രപ്രവര്‍ത്തനത്തിലെ നിയമങ്ങളെല്ലാം ഇതില്‍ പാലിച്ചിരിക്കുന്നു എന്നതാണ്. കാര്യം ആദ്യം പറയുക, പശ്ചാത്തലം അവസാനം പറയുക എന്നതാണ് നിയമം. ഈ നിയമം ഞങ്ങള്‍ പ്രാദേശിക ലേഖകര്‍ക്കും പറഞ്ഞു കൊടുക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍, അന്ന് ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിലെ പാലാ ലേഖകന്‍ ജോസിനും പറഞ്ഞുകൊടുത്തു. പശ്ചാത്തലം അവസാനം പറയണം. അതുകഴിഞ്ഞ് ജോസ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: 
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു പാലാ: അല്‍ഫോന്‍സാ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി റോസമ്മ (19) ഇന്നലെ രാത്രി ഭരണണങ്ങാനത്തെ വീട്ടില്‍ ആത്മഹത്യ ചെയ്തു. ആദ്യമായാണ്, ഈ കുട്ടി ആത്മഹത്യ ചെയ്യുന്നത്.
 ജോസിന്റെ റിപ്പോര്‍ട്ടിലെ ആ അവസാന വാചകമാണ്, പശ്ചാത്തലം; ബംഗാളില്‍ നടന്നതിനെക്കാള്‍ വലിയ ഭീകരത!
 ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് ഞാനെത്തിയിട്ട് ഒന്നരമാസമേ ആയുള്ളൂ. എല്ലാ ദിവസവും പത്രത്തിലെ തെറ്റുകളെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കും. അതില്‍ നിരീക്ഷിക്കുന്ന പ്രധാന സംഗതികളിലൊന്ന്, ചില റിപ്പോര്‍ട്ടുകള്‍, നീണ്ട ഒരു ഖണ്ഡികയാണ് എന്നതാണ്. ഒരു ഖണ്ഡിക, പലപ്പോഴും ഒരു കോളത്തിന്റെ പകുതിയോ അതില്‍ കൂടുതലോ ഉണ്ടാകും. 1931 ല്‍ ജനിച്ചാല്‍ മതിയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു; ചെറിയ ഖണ്ഡികകളായി ജീവിക്കാമായിരുന്നു.
 ഈ റിപ്പോര്‍ട്ട് ഞാനെടുത്തത്, TROVE എന്ന സൈറ്റില്‍നിന്നാണ്; പത്രങ്ങളുടെ പഴയ ലക്കങ്ങള്‍ അതില്‍ കിട്ടും. ഇപ്പറഞ്ഞ പേജില്‍ കാണുന്ന മറ്റൊന്ന്, സ്റ്റീവന്‍സിനെ കൊന്ന് അടുത്തനാള്‍, ചൈനയിലെ ക്രിസ്ത്യന്‍ പ്രസിഡന്റ് ചിയാങ് കൈഷക്ക് രാജിവച്ചു എന്നതാണ്. ഇതുവായിക്കുംവരെ, ചിയാങ് കൈഷക്ക് ക്രിസ്ത്യാനിയായിരുന്നു, എന്ന് എനിക്കറിയില്ലായിരുന്നു. പല ക്രിസ്ത്യാനികളെയും നാം അറിയുന്നുണ്ടാവില്ല. സോണിയാ ഗാന്ധി കൂടെക്കൊണ്ടു നടക്കുന്ന എല്ലാവരും ക്രിസ്ത്യാനികളാണ്. എ.കെ.ആന്റണി, പി.ജെ.കുര്യന്‍, കെ.വി.തോമസ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, പി.സി.ചാക്കോ, ടോം വടക്കന്‍, വിന്‍സന്റ് ജോര്‍ജ്, അംബികാ സോണി, കപില്‍ സിബല്‍ എന്നിവരൊക്കെ അതില്‍ പെടും. പ്രസ്ബിറ്റീരിയന്‍ സഭക്കാരനാണ് , സിബൽ. 
ആദ്യം ഉദ്ധരിച്ച റിപ്പോര്‍ട്ടിനെ സംബന്ധിച്ച അടുത്ത അദ്ഭുതം, വേണ്ടപോലെ ഇങ്ങനെയൊരു കൊലപാതകം, ഒരുപാട് വിപ്ലവങ്ങള്‍ ശ്രദ്ധിച്ച ഞാന്‍ പരതിയിരുന്നില്ല എന്നതാണ്. ഭാരതീയ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായ രാമാനന്ദ ചാറ്റര്‍ജിയെപ്പറ്റി പഠിക്കുമ്പോഴാണ്, ഇത് ശ്രദ്ധയില്‍ വന്നത്. ഭഗത്‌സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്‌ദേവിനെയുമൊക്കെപ്പറ്റി ധാരാളം നാം ചരിത്രപുസ്തകത്തില്‍ വായിക്കുന്നു. 1928 ഡിസംബര്‍ 17 ന്, ലഹോറിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ജോണ്‍ പി.സോന്‍ഡേഴ്‌സ് മടങ്ങുമ്പോള്‍, ഭഗത്‌സിങ്, ശിവറാം രാജ് ഗുരു , സുഖ്‌ദേവ് ഥാപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍, ഗൂഢാലോചനയുടെ ഫലമായി അദ്ദേഹത്തെ കൊന്നു. സൂപ്രണ്ട് ജയിംസ് എ.സ്‌കോട്ടാണെന്ന് തെറ്റിദ്ധരിച്ചാണ്, സോന്‍ഡേഴ്‌സിനെ കൊന്നത്. ലാലാ ലജ്പത് റായിയെ ലാത്തികൊണ്ടടിച്ചയാളാണ്, സ്‌കോട്ട്. റായ് 1928 നവംബര്‍ 17 ന് ഹൃദയാഘാതത്താല്‍ മരിച്ചു. അതിന്റെ പ്രതികാരമായിരുന്നു ഭഗത് സിങ്ങിന്റെ ഗൂഢാലോചന. ആളുമാറിയത് എന്തായാലും തെറ്റായിപ്പോയി.
 ബംഗാളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന രണ്ടു സംഘങ്ങളാണുണ്ടായിരുന്നത്; ജുഗാന്തറും അനുശീലന്‍ സമിതിയും. അനുശീലനെപ്പോലെ തന്നെ, ജുഗാന്തറും, കായിക ക്ലബ് എന്ന മട്ടിലാണ് തുടങ്ങിയത്. ജുഗാന്തറിന്റെ നിരവധി അംഗങ്ങളെ പിടികൂടി, ആന്‍ഡമാനിലുള്ള തുറന്നജയിലിലേക്ക് അയയ്ക്കുകയായിരുന്നു. ഒന്നാംലോക യുദ്ധത്തിനുശേഷം, പലര്‍ക്കും ശിക്ഷയില്‍ ഇളവുകിട്ടി. അനുശീലനില്‍ അംഗമായിരുന്നു, പി. കൃഷ്ണപിള്ള, അദ്ദേഹം വഴി, ഇഎംഎസും. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാറും അനുശീലനില്‍ അംഗമായിരുന്നു. കൃഷ്ണപിള്ളയ്ക്കും ഇഎംഎസിനും, ആര്‍എസ്എസിലും അംഗങ്ങളാകാമായിരുന്നു. സോന്‍ഡേഴ്‌സിന്റെ കൊലകഴിഞ്ഞ്, മൂന്ന് കൊല്ലം കഴിഞ്ഞാണ്, സ്റ്റീവന്‍സിന്റെ കൊല; തീയതി, ഏതാണ്ട്, സോന്‍ഡേഴ്‌സ് മരിച്ചതിനടുത്ത്. 'അഡ്‌ലെയ് ഡ് ക്രോണിക്ക്ള്‍' റിപ്പോര്‍ട്ടില്‍, ഭാരതത്തില്‍ സ്ത്രീകള്‍ നടത്തിയ ആദ്യ 'ഭീകരാക്രമണ'മാണ് അത് എന്ന ഉഗ്രന്‍ വിവരമുണ്ട്. ആ സ്ത്രീകളുടെ വിശദാംശങ്ങള്‍ അറിയുമ്പോഴാണ്  മുന്‍ നക്‌സലൈറ്റ്  അജിതയെപ്പറ്റി മതിപ്പുകുറയുന്നത്.
പ്രഫുല്ല നളിനി ബ്രഹ്മ 
 സ്റ്റീവന്‍സിനെ കൊന്നത്, ശാന്തിഘോഷും സുനീതി ചൗധരിയുമായിരുന്നു. അന്ന്, ശാന്തിക്ക് വയസ്സ് വെറും 15, സുനീതിക്ക്, 14. കോമില്ലയിലെ വിക്‌ടോറിയ കോളജില്‍ ഫിലോസഫി പ്രൊഫസറായ, ദേബേന്ദ്രനാഥ് ഘോഷിന്റെ മകളായിരുന്നു, ശാന്തി. അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1916 നവംബര്‍ 22 ന് ജനിച്ച ശാന്തി, 1931 ല്‍ യുഗാന്തറിൻറെ ഛാത്രി സംഘ (വിദ്യാര്‍ത്ഥിനികളുടെ സംഘടന) സെക്രട്ടറിയായി. കോമില്ലയിലെ ഫൈസുന്നീസ ഗേള്‍സ് ഹൈസ്‌കൂളിലെ സഹപാഠി പ്രഫുല്ല നളിനി ബ്രഹ്മ വഴി പ്രചോദിതയായി, ശാന്തി, വിപ്ലവസംഘടനയായ ജുഗാന്തര്‍ പാര്‍ട്ടിയില്‍, സുനീതിക്കൊപ്പം ചേര്‍ന്നു. ബ്രിട്ടീഷ് ഭരണത്തെ തുരത്താന്‍ കൊലപാതകം ആയുധമാക്കിയ സംഘടന. വാള്‍, കുന്തം, വെടിക്കോപ്പ് എന്നിവയില്‍ ശാന്തി പരിശീലനം നേടി. 1931 ഡിസംബര്‍ 14 ന്, ശാന്തിയും സുനീതിയും, തങ്ങളുടെ ക്ലാസിലെ കുട്ടികളെ വച്ച് ഒരു നീന്തല്‍ ക്ലബ് സംഘടിപ്പിക്കാനുള്ള അനുവാദം ചോദിച്ചാണ്, സ്റ്റീവന്‍സിന്റെ ബംഗ്ലാവില്‍ ചെന്നത്. അതിനുള്ള അപേക്ഷ സ്റ്റീവന്‍സ് വായിക്കുന്നതിനിടെ, ശാന്തിയും സുനീതിയും, ഷാളിനടിയില്‍ ഒളിപ്പിച്ച ഓട്ടോമാറ്റിക് പിസ്റ്റളുകള്‍ പുറത്തെടുത്ത്, അദ്ദേഹത്തെ വെടിവച്ചുകൊന്നു. 1932 ഫെബ്രുവരിയില്‍, ഇരുവരെയും ജീവപര്യന്തം നാടുകടത്തി. തൂക്കുമരം കിട്ടാത്തതിലും, രക്തസാക്ഷിത്വം വരിക്കാനാവാത്തതിലും ദുഃഖിതരായ ശാന്തിയും സുനീതിയും പറഞ്ഞു: ''കുതിരത്തൊഴുത്തില്‍ ജീവിക്കുന്നതിനെക്കാള്‍ ഭേദം, മരണമാണ്.'' തടവില്‍ ശാന്തി അപമാനവും ശാരീരിക ദണ്ഡനങ്ങളും ഏറ്റുവാങ്ങി. ഏഴുവര്‍ഷം തടവുപിന്നിട്ടപ്പോള്‍, ഗാന്ധിയും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ നടന്ന ചര്‍ച്ചവഴി, ശാന്തിയെയും സുനീതിയെയും മോചിപ്പിച്ചു. ശാന്തി, ബംഗാളി വിമന്‍സ് കോളജില്‍ ചേര്‍ന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി; ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. പിന്നെ, കോണ്‍ഗ്രസിലേക്ക് വഴിമാറി. 1942 ല്‍ പ്രൊഫസര്‍ ചിത്തരഞ്ജന്‍ ദാസിനെ വിവാഹം ചെയ്തു. 1952 മുതല്‍ പത്തുവര്‍ഷം പശ്ചിമബംഗാള്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലും, 1962-64 ല്‍ നിയമസഭയിലും, അംഗമായി. 'അരുണ്‍ ബാഹ്‌നി' എന്ന പുസ്തകമെഴുതി. 1989ല്‍ മരിച്ചു. 

 സുനീതി അന്ന് 
ത്രിപുരയിൽ കോമില്ല   ഇബ്രാഹിംപൂര്‍ ഗ്രാമത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉമാചരണ്‍ ചൗധരിയുടെയും സുരസുന്ദരിയുടെയും മകളായി, 1917 മെയ് 22 നാണ്, സുനീതി ജനിച്ചത്. സുനീതി സ്‌കൂളിലായിരുന്നപ്പോള്‍, രണ്ടു സഹോദരന്മാര്‍ വിപ്ലവപ്രസ്ഥാനത്തിലായിരുന്നു. കോമില്ലയിലെ വിപ്ലവകാരി ഉല്ലാസ്‌കര്‍ ദത്തയുടെ ജീവിതമായിരുന്നു, പ്രചോദനം.ഫൈസുന്നിസ സ്‌കൂളിൽ സീനിയറായ പ്രഫുല്ല നളിനി നിരോധിക്കപ്പെട്ട പുസ്തകങ്ങൾ എത്തിച്ചു.മാതൃഭൂമിക്കായുള്ള ത്യാഗമാണ് ജീവിതം എന്ന സ്വാമി വിവേകാനന്ദൻറെ വാക്കുകൾ ആവേശമായി .ജില്ലാ വളണ്ടിയർ കോർപ്‌സ് മേജർ ആയി . നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ട അക്കാലത്തു സുഭാഷ് ചന്ദ്ര ബോസ് പങ്കെടുത്ത  വിദ്യാര്‍ത്ഥി സമ്മേളനത്തില്‍, ശാന്തിയും സുനീതിയും വളന്റിയര്‍മാരായിരുന്നു; സുനീതിയായിരുന്നു, ക്യാപ്റ്റന്‍. വിപ്ലവ പ്രസ്ഥാനത്തിൽ സ്ത്രീകൾ എവിടെയായിരിക്കണം എന്ന് പ്രഫുല്ല ചോദിച്ചപ്പോൾ ബോസ് പറഞ്ഞു:"മുൻ നിരയിൽ".മൂവരെയും ഒളിവിലായ ബീരേൻ ഭട്ടാചാര്യ അഭിമുഖം നടത്തി ,ധീരകൾ എന്ന് വിധിച്ചു.ത്രിപുര വിദ്യാർത്ഥി സംഘടനാ നേതാവ് അഖിൽ ചന്ദ്ര നന്ദി പരിശീലന മേല്നോട്ടത്തിനെത്തി.
സമീപത്തെ മൈനാമതി കുന്നിന്‍ മുകളില്‍, കഠാരയിലും തോക്കിലും പരിശീലനം നേടിയശേഷം, സുനീതിയെയും ശാന്തിയെയും പാര്‍ട്ടി, ആക്രമണത്തിന് നിയോഗിച്ചു.

സുനീതി ഭർത്താവിനും മകൾക്കുമൊപ്പം 
ജില്ലാ മജിസ്‌ട്രേറ്റ് നേതാക്കളെ തടവിലിട്ട സത്യഗ്രഹം അടിച്ചമർത്തുകയായിരുന്നു .സമാധാനം പറഞ്ഞവരെയൊക്കെ തടവിലാക്കി .അത് തടയാനുള്ള നിയോഗമായിരുന്നു ,സുനീതിക്കും ശാന്തിക്കും .1931 ഡിസംബർ 14 ന് മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവിനു മുന്നിൽ അവരെ കേറ്റിയ വണ്ടി നിന്നു .ഇരുവരും ആവേശത്തോടെ ഇറങ്ങി.സാരിയാണ് ഉടുത്തത്.തണുപ്പകറ്റാൻ,അതിനു പുറത്ത് സിൽക്ക് ചുറ്റിയിരുന്നു.ഇവർ ഇടനാഴി കടക്കും മുൻപേ വണ്ടിക്കാരൻ ധൃതിയിൽ സ്ഥലം വിട്ടു .ഓർഡർലി വശം,തങ്ങൾക്ക് മജിസ്‌ട്രേറ്റിനെ കാണണമെന്ന കുറിപ്പ് കൊടുത്തയച്ചു.സബ് ഡിവിഷണൽ ഓഫിസർ നേപ്പാൾ സെന്നിനൊപ്പം സ്റ്റീവൻസ് പുറത്തു വന്നു .ഇള സെൻ,മീര ദേവി എന്നീ പേരുകളിൽ നീന്തൽ ക്ലബ് വേണമെന്ന് കാട്ടി അവർ നൽകിയ കുറിപ്പിൽ അയാൾ നോക്കി.Your Majesty എന്ന സംബോധന അതിശയോക്തിയും തുടർന്നുള്ള വാചകങ്ങൾ മുറി ഇംഗ്ലീഷും ആയിരുന്നു .കത്തിൽ ഒപ്പു വേണമെന്ന് ഇരുവരും പറഞ്ഞു .അയാൾ ഒപ്പിട്ട് തിരിച്ചു വന്നു .സാരി ചുറ്റിയ സിൽക്ക് അപ്പോൾ കാണാനില്ലായിരുന്നു,രണ്ടു റിവോൾവറുകൾ അയാൾക്ക് നേരെ ചൂണ്ടി .വെടിയുണ്ടകൾ മുഴങ്ങി . സുനീതിയുടെ റിവോള്‍വറിലെ ആദ്യ വെടിയുണ്ട, സ്റ്റീവന്‍സിനെ കൊന്നു. 
സുനീതിയുടെ മേജർ യൂണിഫോമിന് അടിയിൽ ഒരു വാചകം ബംഗാളിയിൽ എഴുതിയിരുന്നു :സംഹാരത്തിനുള്ള കത്തുന്ന ആവേശം എൻറെ രക്തത്തിൽ ഇന്ന് തിളയ്ക്കുന്നു.
പീഡനങ്ങൾക്ക് അവർ തയ്യാറെടുത്തിരുന്നു.സ്വയം വിരൽ തുമ്പുകളിൽ പിൻ കൊണ്ട് കുത്തി നോക്കിയിരുന്നു . മ ര്‍ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇരുവരും ചിരിച്ചു; പാടി. ചെറിയ പ്രായം കണക്കിലെടുത്താണ്, ശിക്ഷ, ജീവപര്യന്തമായത്. വിധിക്കുശേഷം, ജയിലിലേക്ക് നീങ്ങുമ്പോള്‍ കാസി നസ്‌റുള്‍ ഇസ്ലാമിന്റെ കവിത അവര്‍ അവിടെ ചൊല്ലി: ''ഈ തടവറകള്‍ തകര്‍ക്കുക; ഈ തടവറകള്‍ക്ക് തീയിടുക.'' സുനീതിയുടെ അച്ഛനുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തി. മൂത്ത രണ്ട് സഹോദരന്മാരെ തടവിലിട്ടു. കുടുംബം പട്ടിണിയിലായി. അനുജന്‍ പട്ടിണികിടന്നു മരിച്ചു. ഏഴുവര്‍ഷത്തെ തടവിനുശേഷം പുറത്തുവന്ന, സുനീതി, ഡോക്ടറായി. 1947 ല്‍ തൊഴിലാളി നേതാവായ പ്രദ്യോത് കുമാര്‍ഘോഷിനെ വിവാഹം ചെയ്തു. ഒരു മകള്‍-ഭാരതി സെന്‍. 


ശാന്തി അന്ന് 
സ്റ്റീവൻസ് മരണത്തിന് രണ്ടു കൊല്ലം മുൻപ് മാത്രമാണ് വിവാഹിതനായത്;ഒരു മകൾ ജനിച്ച് അധികമായിരുന്നില്ല .പ്രധാന ആസൂത്രകയായ പ്രഫുല്ലയെ തടവിലിട്ടുഅത് കഴിഞ്ഞ് വീട്ടു തടങ്കലിലായി .അഞ്ചു വർഷത്തിന് ശേഷം ചികിത്സ കിട്ടാതെ മരിച്ചു.
കഥ ഇവിടെ തീരുന്നു. പത്രപ്രവര്‍ത്തനത്തില്‍, വാര്‍ത്ത, ഒരു ശീര്‍ഷാസന പിരമിഡ് ആണ്. മാംസളമായ ഭാഗങ്ങള്‍ ആദ്യം; വെട്ടിക്കളയാവുന്ന ചെറിയ വിവരങ്ങള്‍ അവസാനം. ഈ വാര്‍ത്ത ഇവിടെ തീരുമ്പോള്‍, ഒരു ദുഃഖമേയുള്ളൂ. കൊല്ലപ്പെട്ട സ്റ്റീവന്‍സിനെപ്പറ്റി വലിയ വിവരമൊന്നും ഇല്ല. അതാണ്, ദുര്‍മരണങ്ങളുടെ വിധി.

സി പി എം റാഞ്ചിയ ചട്ടമ്പി

ദ്വൈതാചാര്യനായ ചട്ടമ്പിസ്വാമികളുടെ ജന്മദിനം കൊണ്ടാടാന്‍ സിപിഎം തീരുമാനിച്ചതിൽ ദുഷ്ടലാക്കുണ്ട് . കേരളത്തിലെ നായര്‍ സമുദായം ബിജെപിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതു തടയുകയാണ്, ലക്ഷ്യം. 24ന് ശ്രീകൃഷ്ണജയന്തിക്കൊപ്പമാണ്, ചട്ടമ്പിസ്വാമി ജയന്തിയും വരുന്നത് എന്നതിനാല്‍, ജന്മാഷ്ടമി ആഘോഷിക്കുന്നതു കൊണ്ടുള്ള ജാള്യത മറയ്ക്കാനും കഴിയും. 
ചട്ടമ്പി സ്വാമികള്‍ 1853 ല്‍ ജനിച്ച്, 1924 ല്‍ സമാധിവരെയും, കമ്മ്യൂണിസ്റ്റാണെന്ന പേരു കേള്‍പ്പിച്ചിരുന്നില്ല. അതിനകം,ലാലാ ഹർദയാലിന്റെ പ്രബന്ധം മോഷ്ടിച്ച്   സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം (1912) എഴുതിയിരുന്നതു സ്വാമികള്‍ വായിച്ചതിനും തെളിവില്ല; അദ്ദേഹം ബൈബിള്‍ വായിച്ചിരുന്നു താനും. കേരളം ലോകത്തിന് സംഭാവന ചെയ്ത മഹാമനീഷി എന്ന നിലയില്‍, ചട്ടമ്പിസ്വാമികളെ ആര്‍ക്കും ആദരിക്കാം; പക്ഷേ, പെരുന്നയില്‍ ഇതുവരെ മാര്‍ക്‌സിന്റെ ചിത്രം വച്ചിട്ടില്ലാത്ത സ്ഥിതിക്ക്, അങ്ങോട്ടു കയറി സ്വാമികളെ ആലിംഗനം ചെയ്യുന്നതില്‍ അപാകത കാണുന്നവരെ കുറ്റം പറയാനാവില്ല. മാത്രമല്ല, ഈ നീക്കം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. ഒരാളെ ആദരിക്കുമ്പോള്‍, ആദരം മൊത്തത്തിലാകണം. അങ്ങനെയാണോ ചട്ടമ്പിസ്വാമികളുടെ കാര്യം എന്നു സിപിഎം നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. 
നാരായണ ഗുരുവും ചട്ടമ്പിയും 
അദ്ദേഹമെഴുതിയ മൂന്നു പ്രധാന പുസ്തകങ്ങള്‍ വച്ചുകൊണ്ടല്ലാതെ, അദ്ദേഹത്തെ വിലയിരുത്താന്‍ കഴിയില്ല. 'പ്രാചീന മലയാളം', 'അദ്വൈതചിന്താ പദ്ധതി', 'ക്രിസ്തുമത നിരൂപണം' എന്നീ പേരുകളിലുള്ള ആ പുസ്തകങ്ങള്‍ വായിച്ചിരുന്നുവെങ്കില്‍, കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഈ അബദ്ധത്തില്‍ ചെന്നുചാടുമായിരുന്നില്ല; സീതാറാം യെച്ചൂരിക്കു പറഞ്ഞുനില്‍ക്കാം: സ്വാമികളുടെ ഗുരു സുബ്ബ ജടാ പാഠികള്‍ തമിഴ്‌നാട്ടില്‍ അംബാസമുദ്രത്തിനടുത്ത കല്ലടക്കുറിച്ചിക്കാരനായിരുന്നെങ്കിലും, മൂലകുടുംബം, ആന്ധ്രയിലായിരുന്നു. ആ പുസ്തകങ്ങള്‍ സിപിഎം അംഗീകരിക്കുന്നുണ്ടോ? 'പ്രാചീന മലയാള'ത്തില്‍, പരശുരാമന്‍ കേരളം സൃഷ്ടിച്ചപ്പോള്‍, മലയിറങ്ങി താഴെക്കണ്ട ധീവരരെ, ചൂണ്ടയിലെ ടങ്കീസ് (ഇര കോര്‍ക്കുന്ന ചരട്) പൂണൂലാക്കിയിട്ട്, നമ്പൂതിരിമാരാക്കുകയായിരുന്നു എന്നുപറഞ്ഞിട്ടുണ്ട്. ഇഎംഎസ് പുസ്തകപ്പുഴുവായിരുന്നതിനാല്‍, അതു വായിച്ചതുകൊണ്ടാകാം, സ്വാമികളെ ആദരിക്കാതിരുന്നത്. 'ക്രിസ്തുമത നിരൂപണ'മാകട്ടെ, ക്രിസ്തുമതസാരം, ക്രിസ്തുമത ഛേദനം എന്നീ ഭാഗങ്ങള്‍ അടങ്ങുന്നതാണ്. സ്വാമികളുടെ ശിഷ്യന്മാരായ കരുവാ ഏറത്ത് കൃഷ്ണനാശാന്‍, കാളിയാങ്കല്‍ നീലകണ്ഠപ്പിള്ള എന്നിവര്‍, അവരുടെ മതപ്രഭാഷണങ്ങളില്‍ ക്രൈസ്തവ ഉപദേശികളെ എതിര്‍ക്കാനായി, സ്വാമികളെ അഭയംപ്രാപിച്ചപ്പോള്‍, എഴുതിയതാണ്, 'ക്രിസ്തുമത നിരൂപണം'. തത്വചിന്താ പ്രൊഫസറായ സുന്ദരംപിള്ളയാണ്, ഇംഗ്ലീഷില്‍ വന്ന ബൈബിള്‍ വ്യാഖ്യാനങ്ങള്‍ സ്വാമികള്‍ക്ക് വായിച്ചുകൊടുത്തത്. ഷണ്‍മുഖദാസന്‍ എന്ന തൂലികാനാമത്തില്‍ വന്ന പുസ്തകത്തിലെ ആശയങ്ങള്‍, ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്താണ്, നീലകണ്ഠപ്പിള്ള ആദ്യം പ്രസംഗിച്ചത്. മതംമാറ്റത്തെ തടയുകയായിരുന്നു, ലക്ഷ്യം. കൃഷ്ണനാശാന്‍, ഈഴവനായിരുന്നു. 
മത്തായിയും മര്‍ക്കോസും ലൂക്കോസും യോഹന്നാനും എഴുതിയ സുവിശേഷങ്ങളില്‍ യേശുവിന്റെ ഉയിര്‍പ്പിനെപ്പറ്റിയുള്ള പരസ്പര വൈരുദ്ധ്യങ്ങളെ കീറിമുറിക്കുന്ന 'ക്രിസ്തുമതഛേദനം', തീക്ഷ്ണമാണ്. അതില്‍ തീവ്രത കുറഞ്ഞ ഒരു ഭാഗം ഇതാ: ''നാലുപേരും വിരുദ്ധങ്ങളായിട്ടു പറഞ്ഞു എന്നുവരികിലും, അവരില്‍ ഒരുത്തനെങ്കിലും, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റില്ല എന്നുപറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ എന്നു ചില ക്രിസ്ത്യന്‍മാര്‍ പറയുന്നു എങ്കില്‍, ഇതിലേക്ക് ഒരു ദൃഷ്ടാന്തം പറയാം, കേള്‍പ്പിന്‍. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരെ ഷാപ്പില്‍ കട്ടിലിന്മേല്‍ കാലത്ത് ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ ഒരു വെളുത്ത കാക്ക ഇരുന്നു എന്ന് ഒരുവനും, ആ കാക്ക തന്നെ ആ സമയത്ത് വെമ്പായത്തു കുറുപ്പിന്റെ വീട്ടില്‍ കിടക്കയില്‍ ഇരുന്നതായിട്ട് മറ്റൊരുത്തനും, ആ സമയത്തു തന്നെ ആ കാക്ക ശംഖുമുഖത്തു കൊട്ടാരത്തില്‍ ഇരുന്നതായിട്ട് മൂന്നാമതൊരുത്തനും, ആ കാക്ക ആ സമയത്തുതന്നെ കൊട്ടാരക്കര ക്ഷേത്രത്തില്‍ ഇരുന്നതായിട്ട് ഒരുത്തനും പറഞ്ഞു കഴിഞ്ഞാല്‍, അതിനെ കേള്‍ക്കുന്നവര്‍, ഇവരിലാരും വെള്ളക്കാക്ക ഇല്ലെന്നു പറഞ്ഞില്ലല്ലോ, ആയതുകൊണ്ട് വെള്ളക്കാക്ക ഉണ്ടായിരുന്നതു തന്നെ എന്നു നിരൂപിക്കുമോ? പരിഹസിക്കുമോ? പരിഹസിക്കുകതന്നെ ചെയ്യും.'' 
അതിനാല്‍, ഇഎംഎസ് ചട്ടമ്പിയെ ബാധ്യതയായി കണ്ട അതേ നിലപാടില്‍ പാര്‍ട്ടി തുടര്‍ന്നില്ലെങ്കില്‍, സ്വാമികളെ ചുവപ്പണിയിക്കാനുള്ള ശ്രമം പാഴ്‌വേലയാകും.
ഓഗസ്റ്റ് 16,2016 

കാഴ്‌ചയുടെ രാഷ്ട്രീയം

കാഴ്ചയുടെ രാഷ്ട്രീയത്തെപ്പറ്റിയുള്ള ഏതു ചർച്ചയിലും ആദ്യം പരാമർശിക്കാൻ കഴിയുന്ന ചിത്രമാണ്, 1568 ൽ നെതർലൻഡ്‌സിലെ നവോത്ഥാന ചിത്രകാരൻ പീറ്റർ ബ്രൂഗൽ വരച്ച, ‘അന്ധൻ നയിക്കുന്ന അന്ധന്മാർ.’ The Blind Leading the Blind or The Parable of the Blind. ഇതിൽ തുടങ്ങി, രാഷ്ട്രീയാന്ധതയിലേക്ക് പോകുന്നതാണ്, ഡേവിഡ് ഫോർ ഗാക്സിന്റെ, ‘അന്ധതയും കാഴ്ചയുടെ രാഷ്ട്രീയവും ‘ എന്ന പ്രബന്ധം.

മത്തായിയുടെ സുവിശേഷത്തിൽ, “അവരെ വിടുക, അവർ അന്ധരായ നായകരാണ്; അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും” (മത്തായി 15 :14 ) എന്ന വചനത്തെ ആധാരമാക്കിയുള്ളതാണ് ലിനൻ കാൻവാസിൽ 86 x 154 സെന്റിമീറ്റർ വലിപ്പത്തിലുള്ള ചിത്രം.

ബ്രൂഗൽ 
ആറ് അന്ധന്മാരുടെ ജാഥയാണ് ഇതിൽ കാണുന്നത്. അവരുടെ പാതയിൽ, ഒരു വശത്തു പുഴയും മറുവശത്തു പള്ളിയുള്ള ഗ്രാമവുമാണ്. നായകൻ പൃഷ്ഠം കുത്തി കുഴിയിലേക്ക് വീണിരിക്കുന്നു. അവരെല്ലാവരും അപരന്റെ വടിയിൽ പിടിച്ചിരിക്കുകയാൽ, പരസ്പരം വലിച്ചു വീഴാൻ പോകുന്നു. പശ്ചാത്തലത്തിൽ, ഒരു പശുക്കൂട്ടമുണ്ട്.ഓരോ ആൾക്കും സവിശേഷമായ കണ്ണ് ദീനമുണ്ടെന്നതാണ്,നിരീക്ഷണത്തിലെ പ്രത്യേകത.കൃഷ്ണമണിയിലെ ലൂക്കോമ മുതൽ മൊത്തത്തിൽ നീക്കിയ കണ്ണ് വരെ ഉണ്ട്.മറ്റ് ഇന്ദ്രിയങ്ങൾ നന്നായി ഉപയോഗിക്കാൻ,തല ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുകയാണ്,ഓരോ ആളും.ചിത്രത്തിലെ ആഖ്യാന രീതി ചെരിവുള്ളതാകയാൽ ( diagonal ),കോണോട് കോൺ ആകയാൽ , ആറു പേരും ഒന്നിന് പിന്നാലെ ഒന്നായി വീഴുന്നതിൻറെ ഭാവന അപാരമാണ്.ബോദ്‌ലെയറിൻറെ കവിതയെയും ഗെർട്ട് ഹോഫ്‌മാന്റെ ഒരു നോവലിന്  ചിത്രം പ്രചോദനമായി .ജർമൻ എഴുത്തുകാരൻ ഹോഫ്‌മാന്റെ നോവൽ പത്ത് അധ്യായം മാത്രമുള്ള,The Parable of the Blind.


ഈ ചിത്രത്തിൻറെ സൃഷ്ടി ഓരോ അന്ധനും പറയുന്നതാണ്,നോവൽ.ചിത്രകാരൻറെ വീട്ടിലേക്കുള്ള അവരുടെ അനിശ്ചിതമായ യാത്ര.വഴിയിൽ മുങ്ങിപ്പോകുമെന്ന അവസ്ഥ വരുന്നു;ഒരു പട്ടി ആക്രമിക്കുന്നു.അവർ ചിത്രകാരൻറെ വീട്ടിലെത്തി ആഹാരം കഴിച്ച ശേഷം ഒരു പാല ത്തിലേക്ക് നയിക്കപ്പെടുന്നു.ഒരു നിരയായി പോകുമ്പോൾ ഇവർ താഴെ വെള്ളത്തിലേക്ക് വീഴുന്നു.ഇത് ജാലകത്തിൽ നിന്ന് കാണുന്ന ചിത്രകാരൻ,അത് വരയ്ക്കുന്നു.
ചിത്രം കോണോട് കോൺ ആയി 
മരണത്തിന് ഒരു വർഷം മുൻപാണ് ബ്രൂഗൽ ഇതു വരച്ചത്. 1567 സെപ്റ്റംബർ 9 ന് സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻറെ ഉത്തരവ് പ്രകാരം, നെതർലണ്ടിലെ ഗവർണ്ണർ ജനറൽ ഫെർണാണ്ടോ അൽവാരെസ്, രാഷ്ട്രീയ കലാപകാരികളെ വിചാരണ ചെയ്യാൻ കോടതിയുണ്ടാക്കിയിരുന്നു. കൂട്ട അറസ്റ്റും കൂട്ടക്കൊലയും പിന്നാലെയുണ്ടായി. സ്പെയിനിന്റെ അധീനതയിലായിരുന്ന നെതർലണ്ടിൽ, പ്രൊട്ടസ്റ്റന്റ് മതത്തെ അടിച്ചമർത്തുകയായിരുന്നു.അങ്ങനെ, രാഷ്രീയ ഉള്ളടക്കമുള്ളതാണ് ചിത്രം.
ഇന്നത്തെ ലോകത്ത് നയിക്കപ്പെടുന്നവർ കുഞ്ഞാടുകളാകാം; സഖാക്കളാകാം.തീവ്രവാദികളാകാം,മത ഭ്രാന്തന്മാരാകാം..നയിക്കപ്പെടാൻ ചുമ്മാ നിന്നു കൊടുക്കുന്നവനാണ്,അടിമ.

ഋഭു ഗീത അനുഭവം

തിരുവണ്ണാമലയിലെ രമണ മഹർഷിയുടെ ആശ്രമത്തിൽ നിന്നാണ് ഋഭു ഗീത കിട്ടിയത്. മഹർഷിക്ക് പ്രിയപ്പെട്ടതായിരുന്നു ഈ പുസ്തകം. ഗീതകളിൽ ബൃഹത്തും അഗാധവും ആണ് ഇത്. 50 അധ്യായ ങ്ങൾ, 2000 ശ്ലോകങ്ങൾ. ഭഗവദ് ഗീതയാകട്ടെ, 18 അധ്യായങ്ങൾ, 800 ശ്ലോകങ്ങൾ.
12 ഭാഗങ്ങളുള്ള ശ്രീശിവരഹസ്യത്തിലെ ആറാം ഭാഗമാണ്, ഋഭു ഗീത. ഒരു ലക്ഷം ശ്ലോകങ്ങളുള്ളതാണ് ,ശ്രീശിവ രഹസ്യ പുരാണം. ശൈവ പുരാണങ്ങളിൽ ഒന്നാണ്, അത്.
ഋഭു മഹർഷി, ശിഷ്യനായ നിദഘ മുനിക്കു  നൽകുന്ന ആത്മീയ ജ്ഞാനമാണ് ഈ ഗീത. ഋഭുവിനു പരമശിവനിൽ നിന്ന് തന്നെ കിട്ടിയ ജ്ഞാനമാണ് അത് എന്ന് വിശ്വാസം. പുലസ്ത്യ   മഹർഷിയുടെ പുത്രനായ നിദഘൻ, ദേവികാ നദീതീരത്തെ വിരാ നഗരത്തിൽ പാർക്കുമ്പോൾ ഋഭു നൽകിയതാണ് ആത്മജ്ഞാനം. ഇരുവരുടെയും പേരുകൾ ചില ഉപനിഷത്തുക്കളിൽ പരാമർശിക്കുന്നുണ്ട്: കൃഷ്ണ യജുർവേദത്തിലെ തേജോബിന്ദു ഉപനിഷത്, വരാഹോപനിഷത്, അഥർവ വേദത്തിലെ നാരദ പരിവ്രാജകോപനിഷത്, അന്നപൂർണോപനിഷത്, സാമവേദത്തിലെ മഹോപനിഷത്.
അഗാധമായ ഈ ഗീതയ്ക്ക് വലിയ പ്രചാരമില്ലാത്തതിനാൽ അത് സമീപ കാലത്തേ അച്ചടിയിൽ വന്നുള്ളൂ. രമണ മഹർഷിക്ക് പരിചിതം,ഭിക്ഷു ശാസ്ത്രികൾ, ഉലകനാഥ സ്വാമി എന്ന പേരിൽ ചെയ്ത തമിഴ് പരിഭാഷയായിരുന്നു. 1885 മുതൽ കോവിലൂര് മഠം പുറത്തിറക്കിയിരുന്ന ഈ പരിഭാഷ, 1898 ൽ മഹർഷിക്ക് നാഗലിംഗ സ്വാമി ഗ്രന്ദശാലയിൽ  നിന്ന് ആദ്യ ശിഷ്യൻ പളനി സ്വാമി എടുത്തു കൊടുക്കുകയായിരുന്നു. അന്ന് തിരുവണ്ണാമലയിലെ ഗുരുമൂർത്തത്തിലെ മാന്തോപ്പിൽ കഴിഞ്ഞിരുന്ന മഹർഷിക്ക് 18 വയസ്സ്. രണ്ടു കൊല്ലം മുൻപ്, 16 വയസ്സിൽ മധുരയിലെ വീട്ടിൽ ആത്മജ്ഞാന നേരത്തു തോന്നിയതൊക്കെ പുസ്തകത്തിൽ കണ്ടുവെന്ന് പിൽക്കാലത്തു മഹർഷി ഓർമിച്ചു.

ഭിക്ഷു ശാസ്ത്രിയെപ്പറ്റി ഒരു കഥയുണ്ട്: ഒന്നുമില്ല,ഒന്നുമില്ല, ബ്രഹ്മം മാത്രമേയുള്ളു എന്നതാണ് ഋഭു ഗീതയുടെ സത്ത. ബാക്കിയെല്ലാം മുയൽകൊമ്പു പോലെയും വന്ധ്യയുടെ പുത്രനെപ്പോലെയും ആകാശ കുസുമത്തെ പോലെയും അയഥാർത്ഥം. ഇതിൽ മുങ്ങി നിരീശ്വരനായ ശാസ്ത്രിക്ക് കാഴ്ച നഷ്ടപ്പെട്ടു. “ഒന്നുമില്ല”എന്ന് പറയുന്നതിൻ്റെ  വിവക്ഷ, ഈശ്വരന് നിർഗുണ സ്വരൂപമാണെന്നാണ്. സഗുണ സ്വരൂപമില്ല എന്നല്ല. സഗുണ സ്വരൂപത്തെ നിരാകരിച്ചതിനു കിട്ടിയ ശിക്ഷയാണ് കാഴ്ചയില്ലായ്മ എന്ന് തോന്നി, ഋഭു ഗീത യുടെ പരിഭാഷയിൽ ഓരോ അധ്യായത്തിന്റെയും അവസാനം നടരാജനെ സ്തുതിച്ചു സ്വന്തമായി ഓരോ ശ്ലോകം ശാസ്ത്രി എഴുതിയപ്പോൾ,കാഴ്ച തിരിച്ചു കിട്ടി.
ശ്രീ ശിവരഹസ്യത്തിന്റെ സംസ്കൃതത്തി ഉള്ള കയ്യെഴുത്തു പ്രതി തഞ്ചാവൂരിൽ ലളിത മഹൽ എന്നറിയപ്പെടുന്ന കയ്യെഴുത്തു ഗ്രന്ഥ ശാലയിലാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നുള്ള ഋഭു ഗീത 1994 ൽ ഡോ .എച് .രാമ മൂർത്തി പരിഭാഷ ചെയ്ത് അമേരിക്കയിലെ സൊസൈറ്റി ഓഫ് അബൈഡൻസ്‌ ഇൻ ട്രൂത് പ്രസിദ്ധീകരിച്ചു. തമിഴ് പരിഭാഷയിൽ നിന്ന് 122 ശ്ലോകങ്ങൾ പ്രൊഫസർ എൻ.ആർ. കൃഷ്ണ മൂർത്തി 1984 ൽ മൊഴി മാറ്റിയിരുന്നു.
കാഞ്ചി കാമകോടി പീഠത്തിലെ ചന്ദ്രശേഖരേന്ദ്ര സരസ്വതിക്കും പ്രിയപ്പെട്ടതായിരുന്നു ഋഭു ഗീത.
ഗീതകൾ പലതുണ്ട്: മഹാഭാരതത്തിലെ ഭീഷ്മ പർവത്തിൽ വരുന്ന ഭഗവദ് ഗീത, സാന്ദർഭിക സംവാദമാണ്. അതിൽ തന്നെയാണ്, വ്യാധ ഗീതയും കൃഷ്ണൻ തെന്നെ ഉപദേശിക്കുന്ന അനുഗീതയും. സ്കന്ദ പുരാണത്തിൽ ഗുരു ഗീതയും ഗണേശ പുരാണത്തിൽ ഗണേശ ഗീതയും വരുന്നു. ഭഗവതത്തിലാണ് ഉദ്ധവ ഗീത. ദത്താത്രേയ ൻ്റെതാണ് അവധൂത ഗീത. ശ്രീരാമൻ ലക്ഷ്മണനെ ഉപദേശിക്കുന്നതാണ്, രാമ ഗീത. അഷ്ടാവക്രൻ ജനകന് നൽകുന്നതാണ്, അഷ്ടാവക്ര ഗീതയാണ്, ആഴത്തിൽ, ഋഭു ഗീതയ്ക്ക് അടുത്ത് വരുന്നത്.
ഡോ. ലിംഗേശ്വര റാവു, ഡോ.അനിൽ ശർമ എന്നിവർ പരിഭാഷ ചെയ്തു 2009 ൽ പ്രസിദ്ധീകരിച്ച സംസ്‌കൃത മൂലമുള്ള സമ്പൂർണ പതിപ്പാണ് ഞാൻ വായിച്ചതു. സച്ചിദാനന്ദം സാക്ഷാത്കരിക്കുന്നതെങ്ങനെ, ജീവന്മുക്തനും വിദേഹ മുക്തനും ആകുന്നതെങ്ങനെ തുടങ്ങി, സമാധി, ഷാജ സമാധി, മുക്തി എന്നിവയുടെ സാക്ഷാത്കാരം വിവരിക്കുകയാണ് ഇവിടെ.
ജ്ഞാനേശ്വറിൻ്റെ  ‘അമൃതാനുഭവം’ ആണ് മുൻപ് അദ്വൈത  സത്തയുടെ അനുഭവം എനിക്ക് സമ്മാനിച്ചത്.
ആചാരങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്തിനായി, ഋഭു ഗീതയിൽ നിന്ന് ചില ശ്ലോകങ്ങൾ:
വ്രതാനി മിഥ്യ  ഭുവനാനി  മിഥ്യ
ഭാവാദി മിഥ്യ ഭവനാനി  മിഥ്യ
ഭയം ച മിഥ്യ ഭരണാദി  മിഥ്യ
ഭു ക്തം ച മിഥ്യ ബഹു ബന്ധ  മിഥ്യ
(വ്രതങ്ങൾ,ലോകം,ഭാവ ങ്ങൾ,മന്ദിരങ്ങൾ ഭയം,തുണകൾ മിഥ്യ ,അനുഭവം മിഥ്യ,ബന്ധം മിഥ്യ )
സർവ്വ വർണ സർവ ജാതി സർവ ക്ഷേത്രം ച തീർത്ഥകം
സർവ്വ വേദം സർവ ശാസ്ത്രം സർവ്വം ശശ വിഷാണവത്
(എല്ലാ ജാതിയും സമുദായവും ക്ഷേത്രവും തീർത്ഥങ്ങളും വേദങ്ങളും ശാസ്ത്രങ്ങളൂം മുയൽ കൊമ്പു പോലെ -മുയലിനു കൊമ്പില്ലല്ലോ)
വര്ണാശ്രമ വിഭാഗശ്ച ഭ്രാന്തിരിവ ന സംശയ :
ബ്രഹ്മ വിഷ്ണുവീശ രുദ്രാണാം   ഉപാസ ഭ്രാന്തിരേവ
(വര്ണാശ്രമ ജീവിത ക്രമങ്ങൾ വിഭ്രാന്തി;ബ്രഹ്മാവ്,വവിഷ്ണു ,ഈശൻ ,രുദ്രൻ എന്നിവയുടെ ഉപാസനയും വിഭ്രാന്തി ).

ശബരിമല 1957ൽ വിഷയം തന്നെ

തീവയ്‌പ് റിപ്പോർട്ട് വിഷയം  
 

കേരളത്തിൽ ആദ്യമായാണ് മതവിശ്വാസം തിരഞ്ഞെടുപ്പ് വിഷയമാകുന്നത് എന്നാണ്, പൊതുവേ രാഷ്ട്രീയ വിശകലനം നടത്തുന്നവർ, പ്രത്യേകിച്ചും ഇടതു പക്ഷക്കാർ ഭാവിക്കുന്നത്. കണ്ണടച്ചിരുട്ടാകുന്ന നിലപാടാണ് ഇത്. 1957 ൽ അവിഭക്ത കമ്യുണിസ്റ്റു പാർട്ടി അധികാരത്തിൽ എത്തിയത്, ശബരിമലയുമായി ബന്ധപ്പെട്ട ഹിന്ദു വിശ്വാസം ആളിക്കത്തിച്ചായിരുന്നു. 

തിരുവിതാംകൂറിൽ പാർട്ടി സ്ഥാനാർത്ഥികൾ ഭൂരിപക്ഷവും നായന്മാരായിരുന്നു എന്നതും പാർട്ടി സെക്രട്ടറി എം.എൻ.ഗോവിന്ദൻ നായർ, എൻ.എസ്.എസ് സ്ഥാപകൻ മന്നത്തു പത്മനാഭൻറെ ഇഷ്ടക്കാരനായിരുന്നു എന്നതും രഹസ്യമല്ല. ഗോവിന്ദൻ നായരുടെ പിതാവ് മന്നത്തിനൊപ്പം ഉൽപന്ന പിരിവു നടത്തിയിരുന്നു; എം.എൻ.പൊതു ജീവിതം തുടങ്ങിയത് എൻ.എസ്.എസിലായിരുന്നു. വീടാകട്ടെ, പന്തളത്തും.

1950 മേയിൽ ശബരിമല ക്ഷേത്രം തീവയ്ക്കപ്പെട്ടു. മെയ് 20 ന് നടയടച്ച ശേഷം ഒരാഴ്‌ചയ്‌ക്കുള്ളിലാണ് അതു നടന്നത്. ജൂൺ 16 രാത്രിയാണ് പൊലീസ് വിവരം അറിഞ്ഞത്. ശാന്തിക്കാരൻ 14 ന് നട തുറക്കാൻ പോയപ്പോൾ ശ്രീകോവിലും മണ്ഡപവും സ്റ്റോർ മുറിയും കത്തി നശിച്ചിരുന്നു. അയ്യപ്പ വിഗ്രഹം ഉടഞ്ഞിരുന്നു.

അന്വേഷണത്തിനായി സ്പെഷ്യൽ ബ്രാഞ്ച് ഡി.ഐ.ജി. കെ.കേശവ മേനോനെ കോൺഗ്രസ് മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണ പിള്ള ചുമതലപ്പെടുത്തി. അയ്യപ്പ വിഗ്രഹം തകർക്കുക എന്ന മത വിരുദ്ധ ലക്ഷ്യമായിരുന്നു തീവയ്‌പിന്‌ പിന്നിലെന്ന് കുറ്റപ്പെടുത്തിയ റിപ്പോർട്ട്, അതിന് കാരണക്കാർ കാഞ്ഞിരപ്പള്ളിയിലെ ചില എസ്റ്റേറ്റ് ഉടമകളാണെന്ന് കണ്ടെത്തി. റിപ്പോർട്ട് പറവൂർ ടി.കെ.യും പിന്നീട് മുഖ്യമന്ത്രിമാരായ സി. കേശവനും എ.ജെ.ജോണും പട്ടം താണുപിള്ളയും പനമ്പിള്ളി ഗോവിന്ദ മേനോനും പൂഴ്ത്തി.

കോൺഗ്രസ് മുഖ്യമന്ത്രിമാർ പൂഴ്ത്തിയ റിപ്പോർട്ട് തങ്ങൾ അധികാരത്തിൽ വന്നാൽ പ്രസിദ്ധീകരിക്കുമെന്ന് എം.എൻ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ വാഗ്‌ദാനം ചെയ്തു.


കേശവ മേനോൻ റിപ്പോർട്ട് 

ഇതു വിശ്വസിച്ചു അതു വരെ വോട്ട് ചെയ്യാതിരുന്ന നായർ മുത്തശ്ശിമാർ വരെ, പരമ്പരാഗത കോൺഗ്രസ് തറവാടുകളിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി.
ആ സ്ത്രീ സഞ്ചയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്. നായന്മാരുടെ ശിപായി ലഹളയാണ്, അന്നുണ്ടായത്.  കേശവ മേനോൻറെ റിപ്പോർട്ട്, ഇ.എം.എസ് സർക്കാർ 1957 ഡിസംബർ 10 ന് പ്രസിദ്ധീകരിച്ചു. ഭൂപരിഷ്കരണ ബിൽ അവതരിപ്പിക്കുന്നതിന് മുൻപായിരുന്നു ഇത്. വിദ്യാഭ്യാസ ബില്ലിനെതിരെ ക്രൈസ്‌തവർ പ്രക്ഷോഭം നടത്തുമ്പോൾ മന്നത്തു പത്മനാഭനെ വരുതിയിലാക്കാമെന്നും ശബരിമല റിപ്പോർട്ട് വഴി ക്രൈസ്തവരെ നിശബ്ദരാക്കാമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി കണക്കു കൂട്ടി.

1957 ലെ അനുഭവത്തിൽ നിന്ന്, പിണറായി വിജയനിൽ എത്തുമ്പോൾ, പാർട്ടി, പ്രതിലോമ സോഷ്യൽ എഞ്ചിനിയറിങ്ങിനാണ് ശ്രമിക്കുന്നത്. ശബരിമലയിൽ ദളിത് ആക്ടിവിസ്റ്റുകളെ കണ്ടത് അത് കൊണ്ടാണ് ഹിന്ദുക്കളിൽ, അവർണരും മത ന്യൂന പക്ഷങ്ങളും കൂടെ നിൽക്കുമെന്ന് കരുതുന്നുണ്ടാകണം. 1957 ൽ കൂടെ നിന്ന നായർ സമുദായത്തെ പാർട്ടി അകറ്റിക്കഴിഞ്ഞു. അന്ന് ബി.ജെ.പി  ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, അമൃതാന്ദമയിക്കെതിരെ സംസാരിച്ചു വേറെയും വിശ്വാസികളെ പിണക്കിക്കഴിഞ്ഞു. അങ്ങനെ, ശബരിമല സി.പി.ഐ-എമ്മിന് ഈ തിരഞ്ഞെടുപ്പിൽ, റിവേഴ്‌സ് എഞ്ചിനീറിങ് വിഷയമാണ്. ഇത് വരെ കേരളത്തിലെ ഹിന്ദു പാർട്ടി അതായിരുന്നു. അല്ലെന്നു വന്നാലും, അധികാരമേറുമോ എന്നറിയാനുള്ള പരീക്ഷണം.

കേസരി, ജനുവരി 22, 2019 

സോഫോക്ലിസ് -ആ മനുഷ്യൻ നീ തന്നെ !

ലയാള നാടകത്തിലെ ജീനിയസ് ആയ സി.ജെ. തോമസിൻറെ ഇഷ്ട നാടകകൃത്തായിരുന്നു, ഗ്രീക്ക് ദുരന്ത നാടക ആചാര്യൻ സോഫോക്ലിസ്. അദ്ദേഹത്തിൻറെ ഈഡിപ്പസ് രാജാവ്,ആന്റിഗണി എന്നീ നാടകങ്ങൾ സി.ജെ. വിവർത്തനം ചെയ്തു. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ വിഷാദത്തിൽ നിന്ന് സി.ജെ. മോചിതനായില്ല എന്നും പറയാം. അയനെസ്കോയും കമ്യൂവുമൊക്കെയുള്ള അസംബന്ധ നാടക വേദി സി.ജെ യ്ക്ക് പരിചിതമായിരുന്നു- മരണത്തെപ്പറ്റി ‘ക്രൈം ‘നാടകത്തിൽ വരുന്ന പരാമർശങ്ങളിൽ അതു കാണാം. ഡാനിഷ് തത്വ ചിന്തകനായ കീർക്കെഗാദ് ആണ് ആദ്യം ‘അസംബന്ധം ‘ഒരാശയമായി മുന്നോട്ടു വച്ചത്. ഗ്രീക്ക് ദുരന്ത നായകന്മാരെക്കാൾ വലിയവനാണ് പഴയ നിയമത്തിലെ അബ്രഹാം എന്ന് കീർക്കെഗാദ് കണ്ടു. ദൈവം അബ്രഹാമിനോട് സ്വന്തം മകനെ ബലിയായി ആവശ്യപ്പെടുന്നത് അസംബന്ധമാണ്. അതിനെ അതിനു വഴങ്ങുക എന്ന അസംബന്ധം വഴി അബ്രഹാം നേരിട്ടു -ഇതാണ് കീർക്കെഗാദ് Fear and Trembling എന്ന രചനയിൽ മുന്നോട്ടു വച്ച ആശയം.
ഇതൊക്കെ സി.ജെ ക്ക് അറിയാമായിരുന്നിരിക്കാം. അല്ലെങ്കിൽ, സി.ജെ യുടെ സുഹൃത്തായ എം.ഗോവിന്ദന് അറിയാമായിരുന്നു. എന്നിട്ടും സി.ജെ യുടെ നാടകം ദുരന്തത്തിനുള്ളിൽ കറങ്ങി നിന്നു.


പഴയ നിയമത്തിലെ ദാവീദിൻറെ ദുരന്തമാണ്, സി.ജെ. യുടെ പ്രധാന നാടകമായ ‘ആ മനുഷ്യൻ നീ തന്നെ’. രാജാവായ ദാവീദ് ഭടനായ ഊറി യാവിന്റെ ഭാര്യ ബെത് ശേബയെ വരുത്തി പ്രാപിക്കുന്നതുൾപ്പെടെ നിരവധി പാപങ്ങൾ ചെയ്യുന്നു. ദാവീദിൻറെ മൂത്ത മകൻ അബ്‌ശാലോം കൊട്ടാരം വളഞ്ഞപ്പോൾ നാഥാൻ പ്രവാചകൻ ദൃഷ്‌ടാന്ത കഥയുമായി എത്തി. ധനവാൻ നിരവധി ആടുമാടുകൾ ഉണ്ടായിട്ടും, അയാൾ അയലത്തെ ദരിദ്രൻറെ ഏക പെൺ കുഞ്ഞാടിനെ കൊന്നു. അതു പോലെയാണ് ഈ രാജ്യത്തെ കാര്യങ്ങൾ.
ആ പാപം ചെയ്തവനാര് എന്ന ചോദ്യത്തിന് പ്രവാചകൻറെ ഉത്തരമാണ് ,’ആ മനുഷ്യൻ നീ തന്നെ’.
ഇനി ക്രിസ്തുവിനു മുൻപ് നാലാം നൂറ്റാണ്ടിൽ ജീവിച്ച സോഫോക്ലിസിൻറെ ‘ഈഡിപ്പസ് രാജാവ് ‘എന്ന നാടകത്തിലേക്ക് പോകാം. തീബ്സിലെ രാജാവായ ഈഡിപ്പസ് പിതാവിനെ കൊന്ന് അമ്മയെ പരിണയിക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നു. അത് ആകസ്മികമായി സംഭവിച്ചു. അപ്പോൾ അന്ധനായ പ്രവാചകൻ തൈറെ ഷ്യസ് ,ഈഡിപ്പസിനോട് പറഞ്ഞു:
Thou art the man,
Thou the accursed polluter of this land.
(ആ മനുഷ്യൻ നീ തന്നെ;ഈ രാജ്യത്തെ മലിനമാക്കുന്ന പാപി ).

ഈ ഭാഗം നാടകത്തിൽ നിന്ന് പൂർണമായി ഉദ്ധരിക്കട്ടെ:

OEDIPUS
Monster! thy silence would incense a flint.
Will nothing loose thy tongue? Can nothing melt thee,
Or shake thy dogged taciturnity?
TEIRESIAS
Thou blam'st my mood and seest not thine own
Wherewith thou art mated; no, thou taxest me.
OEDIPUS
And who could stay his choler when he heard
How insolently thou dost flout the State?
TEIRESIAS
Well, it will come what will, though I be mute.
OEDIPUS
Since come it must, thy duty is to tell me.
TEIRESIAS
I have no more to say; storm as thou willst,
And give the rein to all thy pent-up rage.
OEDIPUS
Yea, I am wroth, and will not stint my words,
But speak my whole mind. Thou methinks thou art he,
Who planned the crime, aye, and performed it too,
All save the assassination; and if thou
Hadst not been blind, I had been sworn to boot
That thou alone didst do the bloody deed.
TEIRESIAS
Is it so? Then I charge thee to abide
By thine own proclamation; from this day
Speak not to these or me. Thou art the man,
Thou the accursed polluter of this land.

OEDIPUS
Vile slanderer, thou blurtest forth these taunts,
And think'st forsooth as seer to go scot free.
TEIRESIAS
Yea, I am free, strong in the strength of truth.
OEDIPUS
Who was thy teacher? not methinks thy art.
TEIRESIAS
Thou, goading me against my will to speak. (339-357)

രാജാവെന്ന നിലയിൽ ധാർഷ്ട്യം മൂത്ത ഈഡിപ്പസ് വിവേക പൂർണമായ ഉപദേശം കേൾക്കാതെ,പ്രവാചകന് എതിരെയാണ് നീങ്ങുന്നത്.ഈഡിപ്പസിനെ,സി ജെ, ദാവീദിലേക്ക് പറിച്ചു നടുകയായിരുന്നു.
ബി സി 429 ൽ ആദ്യം അവതരിപ്പിക്കപ്പെട്ട ഈഡിപ്പസ്,സോഫോക്ലിസിൻറെ ഈഡിപ്പസ് നാടക ത്രയത്തിൽ രണ്ടാമത് എഴുതിയതാണ്.ഈഡിപ്പസ് കൊളോണസ്,ആന്റിഗണി എന്നിവയാണ്,മറ്റുള്ളവ.എഴുതിയപ്പോൾ  ഇതിൻറെ പേര് ഈഡിപ്പസ് എന്ന് മാത്രമായിരുന്നു.അരിസ്റ്റോട്ടിൽ,പൊയറ്റിക്സിൽ.ഇതിനെ ആ പേരിലാണ്,പരാമർശിക്കുന്നത്.  തിബ്‌സിലെ രാജാവായ ഈഡിപ്പസ്,പ്രവചനങ്ങൾ പോലെ,പിതാവ് ലേയസ് രാജാവിനെ കൊന്ന്,സ്വന്തം 'അമ്മ ജോക്കാസ്റ്റയെ പരിണയിക്കുന്നു.കൊന്നതാരെ ,പരിണയിച്ചതാരെ എന്ന് അയാൾ അറിയുന്നില്ല .പാപ ഫലമായി രാജ്യത്തെ ബാധിച്ച പ്ളേഗ് തുടച്ചു നീക്കാൻ,ലേയസിനെ കൊന്നതാര് എന്ന് അന്വേഷിക്കുകയാണ്,അയാൾ.സത്യം വെളിവാകുമ്പോൾ, അമ്മ തൂങ്ങി മരിക്കുന്നു;ഈഡിപ്പസ് സ്വന്തം കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ഗതികെട്ടവനാകുന്നു.പിതാവിൻറെ ഘാതകനെ അന്വേഷിക്കുന്ന ഘട്ടത്തിൽ,ഈഡിപ്പസിനോട്,പ്രവാചകൻ പറയുന്നതാണ്,
ആ മനുഷ്യൻ നീ തന്നെ !

ഇളയിടം ഡോക്ടറേറ്റ് സമ്മർദം വഴി

സുനിൽ പി ഇളയിടം മോഷ്ടിച്ചോ?

ടതു പ്രഭാഷകനും കാലടി ശ്രീശങ്കര സർവകലാശാലാ മലയാളം അധ്യാപകനുമായ സുനിൽ പി ഇളയിടത്തിൻ്റെ പിഎച്ച്  ഡി പ്രബന്ധം പാസാക്കാൻ വലിയ സമ്മർദ്ദമുണ്ടായെന്ന് വ്യക്തമായി. പ്രബന്ധത്തിൻ്റെ മൂന്നു പരിശോധകരിൽ ഒരാൾ പ്രബന്ധം തിരുത്തി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വേറൊരു പരിശോധകനെ വച്ചു പാസാക്കിക്കാനായിരുന്നു സമ്മർദ്ദം. മൂന്നു പരിശോധകരിൽ ഒരാൾ തിരുത്താൻ ആവശ്യപ്പെട്ടാൽ തന്നെ വീണ്ടും ഏതാനും വർഷങ്ങൾ അതിനു ചെലവാക്കേണ്ടി വരും. ഇതൊഴിവാക്കാനായിരുന്നു, പിൻവാതിൽ ശ്രമങ്ങൾ. ഇളയിടത്തിനു ഡോക്ടറേറ്റ് നൽകിയത് 2008 ൽ ആയിരുന്നു. രക്ഷാ ശ്രമത്തിൽ, അന്നത്തെ ഒരു ഇടതു മന്ത്രിയും പങ്കാളി ആയി എന്നാണ് വിവരം.


“രാഷ്ട്രീയ പാർട്ടികളിൽ നിന്നും അധ്യാപക,വിദ്യാർത്ഥി സംഘടനകളിൽ
നിന്നും ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു”, അന്നത്തെ വൈസ് ചാൻസലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ സ്ഥിരീകരിച്ചു. ഡോ. പി.പവിത്രനായിരുന്നു ഇളയിടത്തിൻ്റെ ഗൈഡ് എന്ന് രേഖകൾ വ്യക്തമാക്കുന്നു. എം.ജി.ശശിഭൂഷൺ, വിജയ് കുമാർ മേനോൻ, എം എം ബഷീർ എന്നിവരായിരുന്നു പരിശോധകർ. ഇതിൽ ശശിഭൂഷണാണ് പ്രബന്ധം തിരുത്താൻ ആവശ്യപ്പെട്ടത്. പൂർണ നിരാകരണമാണ് വേണ്ടിയിരുന്നത് എങ്കിലും, ഭാവിയെ ഓർത്തു തിരുത്താൻ ആവശ്യപ്പെടുകയായിരുന്നു എന്നറിയുന്നു. ഒരാൾ ഈ നിലപാടെടുത്താൽ, നാലാമനെ വയ്ക്കാൻ വൈസ് ചാൻസലർക്ക് വിവേചനാധികാരമുണ്ട്. വയ്ക്കാം, വയ്‌ക്കാതിരിക്കാം. നാലാമനെ വയ്ക്കാൻ സമ്മർദ്ദമുണ്ടായപ്പോൾ, ഡോ. ഡി.ബെഞ്ചമിനെ വയ്ക്കുകയായിരുന്നു.

“ആധുനികതാ വാദത്തിൻ്റെ രാഷ്ട്രീയാബോധം മലയാള നോവലിലും ഇന്ത്യൻ ചിത്ര കലയിലും”എന്നതായിരുന്നു പ്രബന്ധ വിഷയം. ഈ ശീർഷകം തന്നെ അർത്ഥ ഗ്രഹണ ക്ലേശമുള്ളതാണെന്ന് ശശിഭൂഷൺ തൻ്റെ റിപ്പോർട്ടിൽ നിരീക്ഷിച്ചു. “Political Unconscious” എന്ന പ്രയോഗത്തിന് രാഷ്ട്രീയാവബോധരാഹിത്യമെന്നോ അരാഷ്ട്രീയമെന്നോ ആകേണ്ടിയിരുന്നു, പരിഭാഷ.
 
ശശിഭൂഷൺ ചൂണ്ടിക്കാട്ടിയ പ്രധാന ന്യൂനതകൾ ഇവയാണ്: മലയാള നോവലിലും ഇന്ത്യൻ ചിത്ര കലയിലും എന്ന ഉപശീർഷകം വിവക്ഷിക്കുന്ന അന്വേഷണം പ്രബന്ധത്തിൽ ഇല്ല. ഒ വി വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസം,’ ചിത്രകാരൻ കെ.സി.എസ് പണിക്കരുടെ ‘മലബാർ കർഷകൻ്റെ ജീവിതം ‘ എന്നിവയെപ്പറ്റി മാത്രമാണ് പ്രബന്ധത്തിൽ വിശദ ചർച്ചയുള്ളത്. എം. മുകുന്ദൻ (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ), കാക്കനാടൻ (ഉഷ്ണമേഖല), വി.കെ.എൻ (പിതാമഹൻ), സേതു (പാണ്ഡവപുരം), ആനന്ദ് (ആൾക്കൂട്ടം ) എന്നീ നോവലുകൾ പഠന വിധേയമാക്കിയിട്ടില്ല. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യം ആധാരമാക്കിയ വിജയൻ്റെ ‘ധർമ്മപുരാണം’ പരാമർശിച്ചിട്ടില്ല. 

എം.എഫ് ഹുസൈൻ, സതീഷ് ഗുജ്റാൾ, ജി.ആർ. സന്തോഷ്, സി.എൻ.കരുണാകരൻ, എ .രാമചന്ദ്രൻ, നമ്പൂതിരി, കെ.വി.ഹരിദാസൻ തുടങ്ങിയ ആധുനികരുടെ ചിത്രങ്ങളും പൊതു പഠനത്തിന് വിധേയമാക്കിയില്ല. ആധുനിക ചിത്ര കല കേരളീയമല്ല എന്ന വാദം ഇളയിടം ഉന്നയിക്കുന്നുണ്ടെങ്കിലും, സമർത്ഥിക്കുന്നില്ല. കെ.സി.എസ് പണിക്കരുടെ ‘കർഷക കുടുംബം,’ ‘കമ്പോളം,’ ‘നരകിക്കുന്ന ചണം,’ ‘വാക്കുകളും പ്രതീകങ്ങളും ‘ എന്നീ ചിത്രങ്ങൾ പരാമർശിക്കുന്നില്ല. പണിക്കർ പ്രതിനിധാനം ചെയ്‌ത ‘മദ്രാസ് സ്‌കൂൾ,’ ബിനോദ് ബിഹാരി മുഖർജിയുടെ സ്വാധീനത്തിലാണ് ഉറവെടുത്തത് എന്ന ഇളയിടം കണ്ടെത്തൽ ശരിയല്ല. ഡി. പി. റോയ് ചൗധരിയായിരുന്നു അതിനു പ്രചോദനം. എം.ഗോവിന്ദൻ ,പ്രചരിപ്പിച്ച റാഡിക്കൽ ഹ്യൂമനിസം, ഇടശ്ശേരിയുടെ കവിതകളിലും ‘കൂട്ടുകൃഷി ‘എന്ന നാടകത്തിലും കാണുന്ന പരിവർത്തനോത്സാഹം എന്നിവയുടെ പശ്ചാത്തലത്തിൽ സജീവമായ പൊന്നാനി കളരിയെപ്പറ്റി അന്വേഷിച്ചിട്ടു വേണമായിരുന്നു, മലബാർ കർഷക ജീവിതത്തെ അപഗ്രഥിക്കാൻ. ആധുനിക നിരൂപണ സംജ്ഞകൾ മുൻകൂട്ടി തിരഞ്ഞെടുത്തു സ്ഥാന നിർണയം നടത്തിയ ശേഷം, അവയെ കോർത്തിണക്കുന്ന കൃത്രിമ വാക്യ സൃഷ്ടികളാണ് പ്രബന്ധത്തിൽ ഉടനീളമെന്ന് ശശിഭൂഷൺ വിമർശിക്കുന്നു. വളച്ചു കെട്ടി പറയുന്ന വിലക്ഷണ രീതി, ഗവേഷണ പ്രബന്ധത്തിലെ ഭാഷയെപ്പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ശശിഭൂഷൺ പറയുന്നു 
 
ഇളയിടത്തിൻ്റെ പിഎച്ച് ഡി പ്രബന്ധം, അമേരിക്കൻ സാഹിത്യ വിമർശകനും മാർക്സിസ്റ്റ് രാഷ്ട്രീയ ചിന്തകനുമായ ഫ്രഡറിക് ജെയിംസൻ്റെ പുസ്‌തകത്തിൻ്റെ ആശയാനുവാദമാണെന്ന് പ്രബന്ധ പരിശോധകനായിരുന്ന ശശിഭൂഷൺ എന്നോട് പറയുകയുണ്ടായി. 1981 ലാണ് ജെയിംസൻ്റെ ‘The Political Unconscious: Narrative as a Socially Symbolic Art’ എന്ന പുസ്തകം വന്നത്. ഇളയിടം പ്രബന്ധ വിഷയമാകട്ടെ, The Political Unconscious In Malayalam Novel and Indian Art എന്നായിരുന്നു. “അബോധതല രാഷ്ട്രീയം എന്ന വിഷയമെടുത്തു കട്ടിലിന് അനുസരിച്ചു ആളെ വെട്ടുകയായിരുന്നു,” ശശിഭൂഷൺ പറഞ്ഞു.

ജെയിംസൺ 

അയ്യപ്പപണിക്കരാണ് ജെയിംസൻ്റെ പുസ്തകത്തെപ്പറ്റി തന്നോടു പറഞ്ഞതെന്ന് ശശിഭൂഷൺ ഓർമ്മിച്ചു. പണിക്കർക്ക് ജെയിംസനെ നേരിട്ടറിയാമായിരുന്നു. അങ്ങനെയാണ്, പുസ്തകം ലൈബ്രറികളിൽ അന്വേഷിച്ചത്. ആശയം അപഹരിച്ചു എന്ന് വിലയിരുത്തലിൽ പറഞ്ഞില്ല. വിലയിരുത്തൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ തെറ്റുകൾ തിരുത്തിയാണ് ഇളയിടം പ്രബന്ധം ‘ദമിതം ‘എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത്. ചൂണ്ടിക്കാണിക്കാത്ത തെറ്റുകൾ അപ്പോഴും പുസ്തകത്തിൽ നില നിന്നു. കാസർകോഡ് അനന്തപുര ക്ഷേത്രത്തിൽ മഹിഷാസുര മർദിനി ചിത്രമുണ്ട്. ഇതേപ്പറ്റി ചിത്രകാരനായ കെ.കെ.മാരാരും ആൽബർട്ട് ഫ്രൻസും എഴുതിയ ‘Wall Paintings In North Kerala/India:1000 years of Temple Art’ എന്ന പുസ്തകത്തിൽ പരാമർശമുണ്ട്. മഹിഷം എന്നാൽ എരുമയാണ്. എന്നാൽ, ഈ പുസ്തകത്തിൽ Weeping Cow (കരയുന്ന പശു) എന്നു തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എരുമയെ പശുവായി ഇളയിടവും പകർത്തി. അനന്തപുരക്ക്, ഫ്രൻസും മാരാരും തെറ്റായി പ്രയോഗിച്ച അനന്തേശ്വരയും ഇളയിടം പകർത്തി. മാർക്സിസ്റ്റ് ആണെങ്കിലും ചിത്രം കാണാൻ അമ്പലം വരെ ഒന്നു പോകാമായിരുന്നു.


ചിത്ര കലയും സാഹിത്യവും അറിയുന്നയാൾ എന്ന നിലയിലാണ്, തന്നോട് വിലയിരുത്താൻ സമ്മതം ചോദിച്ചതെന്ന് ശശിഭൂഷൺ പറഞ്ഞു. പ്രബന്ധ വിഷയം കണ്ടപ്പോൾ പന്തികേട് തോന്നി. ചിത്രകാരനായ കെ.സി.എസ്.പണിക്കരെ ഹിന്ദുത്വ വാദിയായാണ് ഇളയിടം ചിത്രീകരിച്ചത്. അമൂർത്ത ചിത്ര കലയ്ക്ക് ഭാരതീയ മാനം നൽകിയ ആളാണ് പണിക്കർ. അദ്ദേഹം വരയ്ക്കുമ്പോൾ, ഹിന്ദുത്വ വന്നിട്ടില്ല. മകൻ്റെ കണക്ക് ഹോംവർക്ക് പുസ്തകത്തിലെ കടലാസ് ചീന്തിയാണ്, പണിക്കർ ചിത്രത്തിൽ ആൾജിബ്ര വരച്ചത്. പണിക്കരുടെ നാട്ടിൽ പശുവിൻ്റെ യും കാളയുടെയും കഴുത്തിൽ, രോഗം വരാതിരിക്കാൻ, പനയോലയിൽ തകിടുണ്ടാക്കി ജപിച്ചു കെട്ടാറുണ്ട്. വണ്ണാന്മാരാണ് അതു ചെയ്യുക. പൂതപ്പാട്ടിലെ പൂതം കെട്ടുന്നവൻ്റെ പണിയും അതാണ്. ഇതാണ്,പണിക്കരുടെ ‘വാക്കുകളും പ്രതീകങ്ങളും’ ചിത്ര പരമ്പരയിൽ വന്നത്. 1974 ൽ എൻ.രവീന്ദ്രൻ എഡിറ്ററും താൻ അസോസിയേറ്റുമായി ‘പ്രസര' എന്ന കലാ മാസിക നടത്തിയിരുന്നുവെന്ന് ശശിഭൂഷൺ ഓർമിച്ചു. ഇതേപ്പറ്റിയൊക്കെ അതിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. അന്ന് ഹിന്ദുത്വയുണ്ടോ?
 
ഭാരതീയതയെ രാഷ്ട്രീയ ഹിന്ദുത്വയായി ഇളയിടം ചിത്രീകരിച്ചതിൽ അരിശം തോന്നി. പൂർണമായും നിരാകരിക്കാനാണ് മനസു പറഞ്ഞത്. ഭാവി കളയേണ്ടെന്നു കരുതി തിരുത്താൻ പറഞ്ഞു. "അതു കൊണ്ട്, പ്രബന്ധത്തിൻ്റെ ഫുട് നോട്ടിൽ എൻ്റെ ‘കേരളത്തിലെ ചുവർ ചിത്രങ്ങൾ’ എന്ന പുസ്തകത്തോട് കടപ്പാട് രേഖപ്പെടുത്തിയിരുന്നത്, ഇളയിടം പുസ്തകത്തിൽ ഒഴിവാക്കി", ശശിഭൂഷൺ പറഞ്ഞു.
 
Political Unconscious എന്നതിന്, രാഷ്ട്രീയാവബോധരാഹിത്യമെന്നോ അരാഷ്ട്രീയമെന്നോ വേണമെന്നും രാഷ്ട്രീയാബോധം എന്ന് ഇളയിടം പ്രയോഗിച്ചത് ശരിയായില്ലെന്നും താൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതു മനസിലായില്ലെന്നും താൻ പക്ഷപാതപരമായാണ് വിലയിരുത്തിയതെന്നും ആരോപിച്ചു ഇളയിടം മന്ത്രിക്ക് കത്ത് നൽകി, വേറൊരു പരിശോധകനെ സൃഷ്ടിക്കുകയായിരുന്നു – ശശിഭൂഷൺ കുറ്റപ്പെടുത്തി.

വൃത്തഭംഗത്തിന് ഡോക്ടറേറ്റ്..വായിക്കുക:



ടി പത്മനാഭൻറെ മതം

ൻ്റെ ശവസംസ്കാര ചടങ്ങിന് നേതൃത്വം നൽകാൻ സുബൈർ എന്ന മുസ്ലിമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിഖ്യാത ചെറുകഥാകൃത്ത് ടി. പത്മനാഭൻ വെളിപ്പെടുത്തി. കൂറ്റനാട് ബുക്‌സ് ആൻഡ് പീരിയോഡിക്കൽസ് എന്ന പുസ്തക ശാല നടത്തുകയാണ് സുബൈർ. തൻറെ ഭാര്യ മരിച്ചപ്പോൾ ശേഷക്രിയ ചെയ്തത് കീഴാളനായിരുന്നു എന്നും പത്മനാഭൻ വ്യക്തമാക്കി.
ഈയിടെ മാഹി മലയാള കലാഗ്രാമത്തിൽ അനുമോദനങ്ങൾക്ക് മറുപടി പറയുമ്പോൾ നടത്തിയ പരാമർശം, എന്നോട് ഫോണിൽ  വി ശദീകരിക്കുകയായിരുന്നു, അദ്ദേഹം. കഥകൾ മാത്രമെഴുതി മലയാള സാഹിത്യത്തിൽ സിംഹാസനം ഉറപ്പിച്ച പത്മനാഭന് 88 വയസുണ്ട്.
സുബൈറിനെ കാര്യങ്ങൾ ഏൽപിച്ചത് മതം നോക്കിയല്ല. അഞ്ചു നേരം നിസ്കരിക്കുന്ന മുസ്ലിമാണ്. വലിയ മനുഷ്യ സ്നേഹിയും ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നയാളുമാണ് സുബൈർ. 35 കൊല്ലമായി അറിയാം, ജാതിയും മതവും നോക്കിയല്ല സുബൈർ നന്മ ചെയ്യുന്നത്.


പത്മനാഭൻ ജീവിക്കുന്ന കണ്ണൂരിൽ നിന്ന് ദൂരെ, വി.ടി ഭട്ടതിരിപ്പാട് ജീവിച്ച മേഴത്തൂരിനടുത്താണ് കൂറ്റനാട്. അവിടത്തെ സുബൈറിനെ എങ്ങനെ പത്മനാഭൻ പരിചയപ്പെട്ടു ?
കാളിദാസൻറെ രചനകളെ ആഴത്തിൽ പഠിച്ചു ‘ഛത്രവും ചാമരവും’ എന്ന പുസ്തകം എഴുതിയ എം.പി. ശങ്കുണ്ണി നായർ ജീവിച്ചത് കൂറ്റനാടായിരുന്നു. അദ്ദേഹമാണ് പത്മനാഭൻറെ തിരഞ്ഞെടുത്ത കഥകൾക്ക് അവതാരിക എഴുതിയത്. മികച്ച കഥാകൃത്താണ് എന്ന് പത്മനാഭൻ യൗവ്വനത്തിൽ ഊറ്റം കൊണ്ടത് ന്യായമാണെന്ന് ശങ്കുണ്ണി നായർ എഴുതിയിരുന്നു.
“ശങ്കുണ്ണി നായര്ക്ക് ജനത്തെ അവിശ്വസമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്, സുബൈറിനെ വിശ്വാസമായിരുന്നു. അവർ തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. നായരുടെ വീട്ടിൽ സുബൈറിന് വലിയ സ്വാതന്ത്ര്യം ആയിരുന്നു ,” പത്മനാഭൻ പറഞ്ഞു.
ശങ്കുണ്ണി നായർ മരിച്ചപ്പോൾ പത്മനാഭൻ എഴുതിയ അനുസ്മരണത്തിൽ സുബൈറിനെ പരാമർശിച്ചിരുന്നു. വൈദ്യ മഠം തിരുമേനിക്കും സുബൈറിനെ ഇഷ്ടമായിരുന്നു. സുബൈർ നന്നായി വായിക്കും. വിലയിരുത്തും.
പത്മനാഭന് മക്കളില്ല. ഭാര്യ കല്ലൻമാർ തൊടി ഭാർഗവി കൊച്ചിയിൽ ലൈബ്രേറിയൻ ആയിരുന്നു. അവർ മരിച്ചപ്പോൾ രാമചന്ദ്രൻ എന്ന കീഴാളനാണ് ശേഷക്രിയകൾ ചെയ്തത്. വീടിന് ഒന്നര കിലോ മീറ്റർ ദൂരത്തുള്ള അവൻ മകനെ പോലെയാണ്.അവൻ തന്നെയാണ് തൻറെയും കർമങ്ങൾ ചെയ്യുകയെന്ന് പത്മനാഭൻ പറഞ്ഞു. ജാതിയുണ്ടെങ്കിൽ അവൻ കീഴ്ജാതിയാണ്. ജാതിയിൽ തനിക്ക് വിശ്വാസമില്ല.
മാഹിയിലെ ചടങ്ങിൽ പത്മനാഭൻ പറഞ്ഞത്:
എൻറെ എഴുത്തു ജീവിതത്തിൻറെ ആത്മ ശ്രുതി ഗാന്ധിജിയുടെ ദർശനങ്ങളും ജീവിതവുമാണ്. അത് ചെറുപ്പത്തിൽ ആത്മാവിലും മനസ്സിലും കയറിക്കൂടി. അത് എഴുത്തിനെയും ജീവിതത്തെയും സ്വാധീനിച്ചു. ജാതി വിവേചനം ഇല്ല. വെറുതെ പറയുന്നതല്ല, ഇല്ലാത്തതിനാലാണ്. ഭാര്യ മരിച്ചു, കുട്ടികളില്ല.ലോകം മുഴുവൻ ഞങ്ങളുടെ കുട്ടികളാണ്. ഭാര്യ ജാതി ശ്രേണിയിൽ ഉയർന്നതായിരുന്നു. മരിച്ചപ്പോൾ കർമങ്ങൾ ചെയ്തതും ചിതാ ഭസ്മം തിരുനെല്ലിയിൽ നിമജ്ജനം ചെയ്തതും ബലിയർപ്പിച്ചതും രാമചന്ദ്രനാണ്. ഞങ്ങളുടെ അനന്തരവന്മാർക്ക് അവനെക്കാൾ വിദ്യാഭ്യാസമുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അവനെ മനസാ മകനായി വരിച്ചു. ഞാൻ മരിച്ചാൽ ക്രിയകൾ നടത്തുന്നതും അവനായിരിക്കും. അതായിരിക്കും ആത്മാവിനു ശാന്തി കിട്ടാൻ നല്ലത്. ശവമടക്കിന് നേതൃത്വം നൽകാൻ സുബൈറിനെ ഏല്പിച്ചിട്ടുണ്ട് ……ഞങ്ങളുടെ മനസ്സിൽ ജാതിയില്ല. ജാതി മത വിശ്വാസങ്ങൾക്ക് അതീതമായ ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. അതിനൊത്തു ജീവിക്കാൻ ഞാൻ ശ്രമിച്ചു. എഴുതി ….

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...