തൻ്റെ ശവസംസ്കാര ചടങ്ങിന് നേതൃത്വം നൽകാൻ സുബൈർ എന്ന മുസ്ലിമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിഖ്യാത ചെറുകഥാകൃത്ത് ടി. പത്മനാഭൻ വെളിപ്പെടുത്തി. കൂറ്റനാട് ബുക്‌സ് ആൻഡ് പീരിയോഡിക്കൽസ് എന്ന പുസ്തക ശാല നടത്തുകയാണ് സുബൈർ. തൻറെ ഭാര്യ മരിച്ചപ്പോൾ ശേഷക്രിയ ചെയ്തത് കീഴാളനായിരുന്നു എന്നും പത്മനാഭൻ വ്യക്തമാക്കി.
ഈയിടെ മാഹി മലയാള കലാഗ്രാമത്തിൽ അനുമോദനങ്ങൾക്ക് മറുപടി പറയുമ്പോൾ നടത്തിയ പരാമർശം, എന്നോട് ഫോണിൽ വി ശദീകരിക്കുകയായിരുന്നു, അദ്ദേഹം. കഥകൾ മാത്രമെഴുതി മലയാള സാഹിത്യത്തിൽ സിംഹാസനം ഉറപ്പിച്ച പത്മനാഭന് 88 വയസുണ്ട്.
സുബൈറിനെ കാര്യങ്ങൾ ഏൽപിച്ചത് മതം നോക്കിയല്ല. അഞ്ചു നേരം നിസ്കരിക്കുന്ന മുസ്ലിമാണ്. വലിയ മനുഷ്യ സ്നേഹിയും ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നയാളുമാണ് സുബൈർ. 35 കൊല്ലമായി അറിയാം, ജാതിയും മതവും നോക്കിയല്ല സുബൈർ നന്മ ചെയ്യുന്നത്.
പത്മനാഭൻ ജീവിക്കുന്ന കണ്ണൂരിൽ നിന്ന് ദൂരെ, വി.ടി ഭട്ടതിരിപ്പാട് ജീവിച്ച മേഴത്തൂരിനടുത്താണ് കൂറ്റനാട്. അവിടത്തെ സുബൈറിനെ എങ്ങനെ പത്മനാഭൻ പരിചയപ്പെട്ടു ?
കാളിദാസൻറെ രചനകളെ ആഴത്തിൽ പഠിച്ചു ‘ഛത്രവും ചാമരവും’ എന്ന പുസ്തകം എഴുതിയ എം.പി. ശങ്കുണ്ണി നായർ ജീവിച്ചത് കൂറ്റനാടായിരുന്നു. അദ്ദേഹമാണ് പത്മനാഭൻറെ തിരഞ്ഞെടുത്ത കഥകൾക്ക് അവതാരിക എഴുതിയത്. മികച്ച കഥാകൃത്താണ് എന്ന് പത്മനാഭൻ യൗവ്വനത്തിൽ ഊറ്റം കൊണ്ടത് ന്യായമാണെന്ന് ശങ്കുണ്ണി നായർ എഴുതിയിരുന്നു.
“ശങ്കുണ്ണി നായര്ക്ക് ജനത്തെ അവിശ്വസമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്, സുബൈറിനെ വിശ്വാസമായിരുന്നു. അവർ തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. നായരുടെ വീട്ടിൽ സുബൈറിന് വലിയ സ്വാതന്ത്ര്യം ആയിരുന്നു ,” പത്മനാഭൻ പറഞ്ഞു.
ശങ്കുണ്ണി നായർ മരിച്ചപ്പോൾ പത്മനാഭൻ എഴുതിയ അനുസ്മരണത്തിൽ സുബൈറിനെ പരാമർശിച്ചിരുന്നു. വൈദ്യ മഠം തിരുമേനിക്കും സുബൈറിനെ ഇഷ്ടമായിരുന്നു. സുബൈർ നന്നായി വായിക്കും. വിലയിരുത്തും.
പത്മനാഭന് മക്കളില്ല. ഭാര്യ കല്ലൻമാർ തൊടി ഭാർഗവി കൊച്ചിയിൽ ലൈബ്രേറിയൻ ആയിരുന്നു. അവർ മരിച്ചപ്പോൾ രാമചന്ദ്രൻ എന്ന കീഴാളനാണ് ശേഷക്രിയകൾ ചെയ്തത്. വീടിന് ഒന്നര കിലോ മീറ്റർ ദൂരത്തുള്ള അവൻ മകനെ പോലെയാണ്.അവൻ തന്നെയാണ് തൻറെയും കർമങ്ങൾ ചെയ്യുകയെന്ന് പത്മനാഭൻ പറഞ്ഞു. ജാതിയുണ്ടെങ്കിൽ അവൻ കീഴ്ജാതിയാണ്. ജാതിയിൽ തനിക്ക് വിശ്വാസമില്ല.
മാഹിയിലെ ചടങ്ങിൽ പത്മനാഭൻ പറഞ്ഞത്:
എൻറെ എഴുത്തു ജീവിതത്തിൻറെ ആത്മ ശ്രുതി ഗാന്ധിജിയുടെ ദർശനങ്ങളും ജീവിതവുമാണ്. അത് ചെറുപ്പത്തിൽ ആത്മാവിലും മനസ്സിലും കയറിക്കൂടി. അത് എഴുത്തിനെയും ജീവിതത്തെയും സ്വാധീനിച്ചു. ജാതി വിവേചനം ഇല്ല. വെറുതെ പറയുന്നതല്ല, ഇല്ലാത്തതിനാലാണ്. ഭാര്യ മരിച്ചു, കുട്ടികളില്ല.ലോകം മുഴുവൻ ഞങ്ങളുടെ കുട്ടികളാണ്. ഭാര്യ ജാതി ശ്രേണിയിൽ ഉയർന്നതായിരുന്നു. മരിച്ചപ്പോൾ കർമങ്ങൾ ചെയ്തതും ചിതാ ഭസ്മം തിരുനെല്ലിയിൽ നിമജ്ജനം ചെയ്തതും ബലിയർപ്പിച്ചതും രാമചന്ദ്രനാണ്. ഞങ്ങളുടെ അനന്തരവന്മാർക്ക് അവനെക്കാൾ വിദ്യാഭ്യാസമുണ്ടായിരുന്നു. എന് നാൽ ഞങ്ങൾ അവനെ മനസാ മകനായി വരിച്ചു. ഞാൻ മരിച്ചാൽ ക്രിയകൾ നടത്തുന്നതും അവനായിരിക്കും. അതായിരിക്കും ആത്മാവിനു ശാന്തി കിട്ടാൻ നല്ലത്. ശവമടക്കിന് നേതൃത്വം നൽകാൻ സുബൈറിനെ ഏല്പിച്ചിട്ടുണ്ട് ……ഞങ്ങളുടെ മനസ്സിൽ ജാതിയില്ല. ജാതി മത വിശ്വാസങ്ങൾക്ക് അതീതമായ ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. അതിനൊത്തു ജീവിക്കാൻ ഞാൻ ശ്രമിച്ചു. എഴുതി ….
No comments:
Post a Comment