നാം പഠിപ്പിച്ച ജ്യോതിശാസ്ത്രം
വര്‍ഷവും തീയതിയും ആഴ്ചയും കലണ്ടറുമൊന്നും വിഷയമല്ലാതിരുന്ന ഒരു ദിവസമാണ്, കണകനെപ്പറ്റി അറിയുന്നത്. ആദ്യത്തെ പ്രമുഖ ഭാരതീയ ബഹിരാകാശ ഗവേഷകനും പാടലീപുത്രക്കാരനുമായ ആര്യഭടന്‍ മരിച്ച് 250 വര്‍ഷത്തിനുശേഷം, എഡി 773 ല്‍ സിന്ധുനദീതട മേഖലയില്‍നിന്ന്, ഒരു നയതന്ത്ര സംഘം പുതിയ അറബ് തലസ്ഥാനമായ ബാഗ്ദാദിലെത്തി. അവര്‍ പായ്ക്കപ്പലില്‍, ഇന്നത്തെ ഇറാന്റെ മരുതീരം ചുറ്റി പേര്‍ഷ്യന്‍ ഗള്‍ഫില്‍ കടന്ന്, അബദാന്‍ തുറമുഖത്തിലെത്തിയതാവണം. എക്കല്‍ അടിഞ്ഞ് ഇപ്പോള്‍, ആ തുറമുഖം, മുപ്പതുമൈല്‍ ഉള്ളിലേക്കു കയറിയിരിക്കുന്നു. അവിടെനിന്ന്, ടൈഗ്രിസ് വഴി 200 മൈല്‍ കടന്നാകണം, അല്‍ മന്‍സൂര്‍ ഖലീഫയുടെ കൊട്ടാര കവാടത്തിലെത്തിയത്.
സിന്ധു നദീതട മേഖല, എഡി 711 ല്‍ അറബികള്‍ കീഴടക്കിയശേഷം, പ്രാദേശിക ഭാരത നയതന്ത്ര സംഘങ്ങള്‍ പലതും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അല്‍ മന്‍സൂറിനെ ചെന്നു കണ്ടിരുന്നു. അബ്ബാസിദ് ഭരണവംശ സ്ഥാപകനായ മന്‍സൂറിന്, അവര്‍ പല സമ്മാനങ്ങളും കരുതി-രത്‌ന ഖചിത പോര്‍ച്ചട്ട, ദന്തത്തില്‍ തീര്‍ത്ത ഓടക്കുഴല്‍, നല്ല വിലയുള്ള പരുന്ത്, ചിത്രങ്ങള്‍ വരഞ്ഞ പട്ട്. മന്‍സൂര്‍ ഒരു പട്ടാളക്കാരന്‍ മാത്രമല്ല, കലാകാരനുമായിരുന്നതിനാല്‍, ആദ്യം പറഞ്ഞ സംഘം, അവരുടെ കൂട്ടത്തില്‍ ഒരു ജ്യോതിശാസ്ത്രജ്ഞനെയും കരുതിയിരുന്നു-കണകന്‍. അയാളില്‍ നിന്നാണോ, ഗണകന്‍ എന്ന വാക്കുണ്ടായത് എന്നറിഞ്ഞുകൂടാ! സൂര്യ, ചന്ദ്ര ഗ്രഹണങ്ങളില്‍ ജ്ഞാനിയായിരുന്ന കണകന്‍, ഖലീഫയ്ക്ക് കൊടുക്കാന്‍ ഭാരതീയ ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ കൊണ്ടുപോയി. അതില്‍ 'സൂര്യസിദ്ധാന്ത'വും ആര്യഭടനെ പരാമര്‍ശിക്കുന്ന ബ്രഹ്മഗുപ്തന്റെ രചനകളും ഉണ്ടായിരുന്നു.
|
മൻസൂർ
|
കണകനെപ്പറ്റി കൂടുതലൊന്നും നമുക്കറിഞ്ഞുകൂടാ. അയാളെ ആദ്യം പരാമര്‍ശിക്കുന്നത്, 500 വര്‍ഷത്തിനുശേഷം, അല്‍ ഖിഫ്തി എന്ന അറബ് ചരിത്രകാരനാണ്. കണകന്‍ കൊണ്ടുപോയ ഗ്രന്ഥങ്ങള്‍ ഉടന്‍ പരിഭാഷപ്പെടുത്താന്‍ അല്‍ മന്‍സൂര്‍ ഉത്തരവിട്ടെന്നാണ്, അല്‍ ഖിഫ്തി പറയുന്നത്. ഇവയുടെ ഉള്ളടക്കം, 'മഹാ സിന്ധ് ഹിന്ദ്' എന്ന പാഠപുസ്തകമായി. സിദ്ധാന്തം എന്ന സംസ്‌കൃത വാക്കിന് പര്യായമാണ്, 'സിന്ധ് ഹിന്ദ്.' ആ വാക്കില്‍ എന്റെ മുന്‍ സുഹൃത്ത് സക്കറിയ പറയുന്ന 'ഹിന്ദുത്വ' ഉണ്ട്. ഇപ്പറഞ്ഞ ജ്യോതിശാസ്ത്ര സിദ്ധാന്തം, ബാഗ്ദാദില്‍ നിന്ന് സിറിയ, സിസിലി, അറബ് ആധിപത്യത്തിലുള്ള സ്‌പെയിന്‍ വഴി ക്രിസ്ത്യന്‍ സാമ്രാജ്യത്തിലെത്തി. 1126 ല്‍ 'മഹാ സിന്ധ് ഹിന്ദ്' ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി. യൂറോപ്പിനെ ആധുനികതയിലേക്ക് പറപ്പിക്കുകയും കൃത്യമായി വര്‍ഷം കണക്കാക്കാന്‍ സഹായിക്കുകയും ചെയ്ത ഒരു ഡസന്‍ ഗ്രന്ഥങ്ങളിലൊന്നായിരുന്നു, ഇത്. ഇതു പറഞ്ഞതു പി.പരമേശ്വരന്‍ അല്ല, 'ദ കലണ്ടര്‍' എന്ന പുസ്തകത്തില്‍, ഡേവിഡ് ഇവിംഗ് ഡങ്കന്‍ (1998) ആണ്.അറബ് ലോകത്തെ എഡി 600 കളുടെ മധ്യത്തില്‍ പിടിച്ചുകുലുക്കിയ രാഷ്ട്രീയ ഭൂകമ്പത്തിന് ഒന്നരനൂറ്റാണ്ടുശേഷമാണ്, കണകന്‍ ബാഗ്ദാദിലെത്തിയത്. മതേച്ഛയും നൂറ്റാണ്ടു പഴക്കമുള്ള ഗോത്ര സൈനിക പരിചയവും കൂട്ടിക്കലര്‍ത്തി മുന്നേറിയ മുഹമ്മദ് നബിയുടെ സേന, തീര്‍ത്തും അപ്രതീക്ഷിതമായി, വിജ്ഞാനവ്യാപനത്തിലും ശ്രദ്ധിച്ചു. യുഡിഎഫ് ഭരണത്തില്‍ മുസ്ലിംലീഗ് വിദ്യാഭ്യാസ വകുപ്പ് വച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയല്ല പറയുന്നത്; വിശ്വാസികള്‍ ജ്ഞാനം നേടണമെന്ന് പ്രവാചകന്റെ ആജ്ഞയുണ്ടായി. പടിഞ്ഞാറ്, റോമിന്റെ പ്രവിശ്യകളും നഗരങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്ത ബാര്‍ബറികളില്‍ നിന്നു വ്യത്യസ്തരായിരുന്നു, അറബികള്‍. ഗ്രീസും സമീപ പൗരസ്ത്യ ദേശവും കീഴടക്കിയ റോമാക്കാര്‍ ചെയ്തപ്പോലെ, അറബികളും കീഴടക്കിയ പ്രദേശത്തെ സംസ്‌കാരം ആവാഹിച്ചു.
പതിറ്റാണ്ടുകളുടെ യുദ്ധത്തിലും ആഭ്യന്തര പോരാട്ടങ്ങളിലും പെട്ട് പുരാതന പാഠശാലകളും അവയ്ക്ക് പ്രചോദനമായ സംസ്‌കൃതികളും ജീര്‍ണിച്ച ഘട്ടത്തിലാണ്, അറബ് ഭരണം വന്നത്. ഗുപ്ത ഭരണം അവസാനിച്ച്, ഭാരതം ചെറുരാജ്യങ്ങളായി; ഹൂണന്മാരുടെ ആക്രമണത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. സമീപ പൗരസ്ത്യ മേഖലയില്‍, ബൈസാന്റിയവും (തുര്‍ക്കി) പേര്‍ഷ്യയും തമ്മില്‍ നടന്ന യുദ്ധം 628 ല്‍ സന്ധിയിലായപ്പോള്‍ ഇരുരാജ്യങ്ങളും ശോഷിച്ചിരുന്നു. റോമില്‍, ബാര്‍ബറികള്‍ നാശം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഇംഗ്ലീഷില്‍ പ്രാകൃതം എന്നര്‍ത്ഥം വരുന്ന Barbarians എന്ന പ്രയോഗമുണ്ടായി. ഇക്കാലത്ത്, മൗലിക ചിന്തകള്‍ക്ക് വിഘ്‌നമുണ്ടായി. ഭാരതത്തില്‍ ബ്രഹ്മഗുപ്തനെപ്പോലെ ചില അപവാദങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍, ബൈസാന്റിയ സാമ്രാജ്യത്തിനകത്തെ ഗ്രീക്ക് പാരമ്പര്യത്തിനുള്ളില്‍, പണ്ഡിതന്മാര്‍ എരിപിരികൊണ്ടു. അവശിഷ്ട റോമാ സാമ്രാജ്യം, യാഥാസ്ഥിതികമായി. വിമത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും വിഗ്രഹാരാധകരെയും വരട്ടു മതാത്മകത സ്വീകരിക്കാത്തവരെയും ക്രിസ്ത്യന്‍ സഭ അടിച്ചമര്‍ത്തി. 529 ല്‍ ജസ്റ്റിനിയന്‍, ആതന്‍സിലെ 900 വര്‍ഷം പഴക്കമുള്ള പ്ലാറ്റോയുടെ അക്കാദമി അടച്ചുപൂട്ടി. അതു വിഗ്രഹാരാധകരുടെ കേന്ദ്രമായി എന്നായിരുന്നു, വിമര്‍ശനം. പേടിച്ചരണ്ട പണ്ഡിതന്മാര്‍, പേര്‍ഷ്യയിലേക്കു പലായനം ചെയ്തു. ഒരു പ്രവാസ അക്കാദമിയുണ്ടായി. ഒരു നൂറ്റാണ്ടുകഴിഞ്ഞ് അറബികള്‍ പേര്‍ഷ്യ പിടിച്ചപ്പോള്‍, ഈ ഗ്രീക്ക് പണ്ഡിതര്‍ അറബ് പണ്ഡിതര്‍ക്കു മുന്നില്‍, അവരുടെ പുസ്തകങ്ങള്‍ നിവര്‍ത്തിവച്ചു.
ഇറ്റലിയില്‍ കാസിയോഡോറസ് മരിച്ച് 30 കൊല്ലം കഴിഞ്ഞപ്പോള്‍, 610 ല്‍, മെക്കയെന്ന മരുപ്പച്ചയിലെ നാല്‍പ്പതുകാരനായ വ്യാപാരി, ഒരു ദര്‍ശനത്തില്‍ ഗബ്രിയേല്‍ മാലാഖയെ കണ്ടു. ജൂത, ക്രിസ്ത്യന്‍-പാരമ്പര്യങ്ങള്‍ ശുദ്ധീകരിക്കാന്‍ മാലാഖ ആവശ്യപ്പെട്ടു. തന്റെ പട്ടണത്തിലെ വിഗ്രഹാരാധകരോട് അദ്ദേഹം, 'സമ്പൂര്‍ണ സമര്‍പ്പണം' ഉപദേശിച്ചു. അറബിക്കില്‍ 'ഇസ്ലാം' എന്ന വാക്കിന്റെ അര്‍ത്ഥം അതാണ്. തുടക്കത്തില്‍ കുടുംബാംഗങ്ങളും ചില സുഹൃത്തുക്കളും മാത്രമാണ് അദ്ദേഹത്തിനൊപ്പം നിന്നത്. മറ്റുള്ളവര്‍ പരിഹസിച്ചു. അദ്ദേഹവും അനുയായികളും 622 ല്‍ മെദീന എന്ന മറ്റൊരു മരുപ്പച്ചയിലേക്ക് പലായനം ചെയ്തു. ഇത്, 'ദേശാന്തര ഗമനത്തിന്റെ വര്‍ഷം' ആയി അറബിക്കില്‍, ഹിജ്‌റ. ഇംഗ്ലീഷില്‍ ഹെജീറ. അങ്ങനെ, മുസ്ലിം കലണ്ടറുണ്ടായി. ജൂതരുടെ ചന്ദ്ര/സൂര്യ കലണ്ടറിനും ക്രിസ്ത്യാനികളുടെ സൂര്യകലണ്ടറിനും വിരുദ്ധമായി, ചന്ദ്ര കലണ്ടറായിരുന്നു ഇത്. ഇതാണ്, കലണ്ടറിലെ രാഷ്ട്രീയം.
പലിശയും പന്നിമാംസവും വിലക്കിയതിലും ഒന്നാന്തരം രാഷ്ട്രീയമുണ്ടായിരുന്നു. മെദീനയില്‍ ആധിപത്യമുള്ള ജൂതന്മാര്‍, അതു രണ്ടും വഴി, പുതിയ ഇസ്ലാം മതത്തിന്റെ അനുയായികളില്‍ നിന്നു പണം തട്ടരുത്. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത പ്രവാചകന്‍ 630 ആയപ്പോള്‍ മെക്ക കീഴടക്കിയിരുന്നു. പുതിയ മതം സ്ഥാപിച്ച അദ്ദേഹം 632 ജൂണ്‍ എട്ടിന് മരിച്ചു. ആ മരണം, അനുയായികളെ ആശയക്കുഴപ്പത്തിലാഴ്ത്തിയെങ്കിലും, പ്രവാചകന്റെ അളിയനായ അബൂബക്കര്‍ പിന്‍ഗാമി അഥവാ ഖലീഫ ആയി.
ഇത് അന്നോ പിന്നീടോ, പ്രശ്‌നം തീര്‍ത്തില്ല. പുതിയ ഭരണം രണ്ടു പതിറ്റാണ്ടിനുള്ളില്‍, പേര്‍ഷ്യന്‍ സൈന്യത്തെ തരിപ്പണമാക്കി, ഈജിപ്തും സിറിയയും ഏഷ്യാമൈനറിന്റെ ഭാഗങ്ങളും പിടിച്ചു; ബൈസാന്റിയം ഏതാണ്ടു വരുതിയിലാക്കി. 696 മുതല്‍ 720 കള്‍ വരെ, ഇസ്ലാം സൈന്യം വടക്ക് കാസ്പിയന്‍ കടലിലേക്കും തുര്‍ക്കിസ്ഥാനിലേക്കും വടക്കുകിഴക്ക് ഇറാനിലേക്കും ചൈനീസ് അധീനതയിലെ കഷ്ഗറിലേക്കും കടന്നു. തെക്കുകിഴക്ക്, സിന്ധു നദീതടം കൈവശപ്പെടുത്തി. പടിഞ്ഞാറ്, ഉത്തര ആഫ്രിക്ക പിടിച്ച്, സ്‌പെയിനിലേക്കു കടന്നു. ഫ്രാന്‍സില്‍ ചാര്‍ലിമാന്‍ ചക്രവര്‍ത്തിയുടെ മുത്തച്ഛന്‍ ചാള്‍സ് മാര്‍ട്ടലിനോടു തോറ്റപ്പോള്‍ ഈ സൈന്യം പിന്‍വാങ്ങി. ബാക്കിനില്‍ക്കുന്നത് എന്തൊക്കെ എന്നു വിലയിരുത്തിപ്പോള്‍, അതില്‍ പേര്‍ഷ്യന്‍, ഗ്രീക്ക്, ഭാരത സംസ്‌കാരവും ശാസ്ത്രവും സാഹിത്യവും ഉണ്ടായിരുന്നു.
പ്രവാചകന്‍ മരിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍, ഈ കൂട്ടുമൂശയില്‍നിന്ന് പുതിയ സംസ്‌കൃതി ഉണ്ടായി; അല്‍ മന്‍സൂര്‍ പണിത ബാഗ്ദാദ്, വിജ്ഞാനത്തിനു കൂടിയുള്ളതായിരുന്നു. അത്, മന്‍സൂറിന്റെ പിന്‍ഗാമികളായ ഹാരൂണ്‍ അല്‍ റഷീദ് (786-809), പുത്രന്‍ അല്‍ മാമൂണ്‍ (809-833) എന്നിവരുടെ കാലത്ത് ഉച്ചസ്ഥായിയിലെത്തി. അപ്പോഴാണ്, അവിടെ കണകനെ കണ്ടത്. പിന്നെയും 500 വര്‍ഷം കഴിഞ്ഞ്, 1267 ല്‍ ക്ലെമന്റ് നാലാമന്‍ മാര്‍പ്പാപ്പയ്ക്ക്, റോജര്‍ ബേക്കണ്‍ എന്ന ഇംഗ്ലീഷ് പാതിരി, രോഷം വാരിവിതറിയ ഒരു കത്തയച്ചു. അപ്പോഴത്തെ കലണ്ടര്‍ വര്‍ഷം, ശരിക്കുള്ള സൂര്യവര്‍ഷം നോക്കിയാല്‍, 11 മിനുട്ട് ദൈര്‍ഘ്യമേറിയതാണെന്ന് കത്തില്‍ നിരീക്ഷിച്ചു. അങ്ങനെ, 125 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസത്തിന്റെ തെറ്റുണ്ടാകും. താന്‍ ജീവിക്കുന്ന കാലത്ത് അങ്ങനെ ഒന്‍പത് അധികദിവസങ്ങളായിക്കഴിഞ്ഞു. ഇങ്ങനെയങ്ങുപോയാല്‍, മാര്‍ച്ച് ശരത്കാലത്തേക്കും ഓഗസ്റ്റ് വസന്തത്തിലേക്കും പോകും. മാത്രമോ ഇപ്പോള്‍ ക്രിസ്ത്യാനികള്‍ ഈസ്റ്ററും മറ്റു വിശുദ്ധ ദിനങ്ങളും ആചരിക്കുന്നത്, തെറ്റായ തീയതികളിലാണ് എന്നും കത്തില്‍ രേഖപ്പെടുത്തി.
അന്നത്തെ കാലത്ത് ബേക്കണെ കുരിശില്‍ തറയ്ക്കാവുന്ന കുറ്റമാണ്, ആ കത്തെഴുത്ത്. നാല്‍പ്പതാം വയസ്സു കടന്ന് പാതിരിയായ ബേക്കണ്‍, പാരിസ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴും ഫ്രാന്‍സിസ്‌കന്‍ സന്യാസ സമുഹത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്വതന്ത്രചിന്തകനായിരുന്നു. അദ്ദേഹം ആലോചിച്ചുകൊണ്ടേയിരുന്നു-എന്താണ് മഴവില്ലിനു കാരണം? ലിയൊനാര്‍ദോ ഡാവിഞ്ചിക്കും രണ്ടു നൂറ്റാണ്ടുകള്‍ മുന്‍പ്, കണ്ണിന്റെ ആന്തരഭാഗങ്ങള്‍ ബേക്കണ്‍ വരച്ചു. ടെലസ്‌കോപ്പ്, കണ്ണട, വിമാനങ്ങള്‍, അതിവേഗം കറങ്ങുന്ന യന്ത്രങ്ങള്‍, യന്ത്രവല്‍കൃത കപ്പലുകള്‍ തുടങ്ങിയവയെല്ലാം ഉണ്ടാകുമെന്ന് പ്രവചിച്ചു. വെടിമരുന്നിന് രഹസ്യഫോര്‍മുല കണ്ടെത്താന്‍ ശ്രമിച്ചു. ഓക്‌സ്ഫഡിലും പാരീസിലുമുള്ള സഹപാതിരിമാര്‍ ബേക്കന്റെ ബുദ്ധിയെ പേടിച്ച് അയാളെ ഒരുതരം വീട്ടുതടങ്കലിലാക്കി. എഴുത്ത്, അധ്യാപനം എന്നിവയില്‍ നിന്നൊഴിവാക്കി. വൈദികാശ്രമത്തില്‍ അടിച്ചുതളിക്കാരനാക്കി. പലപ്പോഴും ഭക്ഷണം നിഷേധിച്ചു.
ഫ്രാന്‍സിലെ ലൂയി പതിനാലാമന്റെ കൊട്ടാര ഉപദേഷ്ടാവും അഭിഭാഷകനുമായ ഗയ്‌ഥേ ഗ്രോസ് ഫള്‍ക്കസ്, 1265 ല്‍ ബേക്കണെപ്പറ്റി അറിഞ്ഞ്, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ എഴുതി അറിയിക്കണം എന്നാവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍, ബേക്കണ്‍, അങ്ങനെ ഒടുങ്ങിയേനെ. ഭാര്യ മരിച്ച 1256 ല്‍ വൈകി പാതിരിയായ ആളായിരുന്നു, ഫള്‍ക്കസ്. ശരവേഗത്തില്‍ അദ്ദേഹം മെത്രാനും കര്‍ദ്ദിനാളുമായി. അപ്പോഴാണ്, ബേക്കണ്‍ എഴുതിയത്. കുറച്ചുമാസങ്ങള്‍ കഴിഞ്ഞ്, ഫള്‍ക്കസ്, മാര്‍പ്പാപ്പയായി-ക്ലമന്റ് നാലാമന്‍. അന്ന് വിവാഹിതനും മാര്‍പ്പാപ്പയാകാം. റോമില്‍നിന്ന് മാര്‍പ്പാപ്പ വീണ്ടും ബേക്കണ് കത്തെഴുതി. സ്വന്തം സന്യാസസമൂഹത്തിന്റെ പീഡനം കാരണം, വേണ്ടവിധം സിദ്ധാന്തങ്ങള്‍ ക്രോഡീകരിക്കാനായില്ലെന്ന് ബേക്കണ്‍ അറിയിച്ചു. സ്വതന്ത്രനായി രണ്ടുവര്‍ഷത്തിനുള്ളില്‍ ബേക്കണ്‍ മുഖ്യപ്രബന്ധം മാര്‍പ്പാപ്പയ്ക്ക് ജോണ്‍ എന്ന സഹായിവശം കൊടുത്തയച്ചു.
പല വിഷയങ്ങളുമുള്ള പ്രബന്ധത്തില്‍, ഗണിതത്തിന്റെ ഭാഗത്താണ് കലണ്ടര്‍ പ്രശ്‌നം വന്നത്. കലണ്ടറുണ്ടാക്കിയ ജൂലിയസ് സീസറിനെയാണ്, ബേക്കണ്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയത്. ബിസി 45 ജനുവരി ഒന്നിനാണ്, ആ കലണ്ടര്‍ ആരംഭിച്ചത്. അതില്‍ വര്‍ഷത്തിന്റെ ദൈര്‍ഘ്യം ശരിയായിരുന്നില്ല. 130 വര്‍ഷത്തിലൊരിക്കല്‍, ഒരു ദിവസം അതില്‍ കൂടുതലായിരിക്കും; അതെടുത്ത് മാറ്റിയാല്‍, കലണ്ടര്‍ നേരെയാകും. വസന്തസംക്രാന്തി കഴിഞ്ഞുവരുന്ന വെളുത്തവാവിന് ശേഷമുള്ള ഞായറാഴ്ചയാണ്, സഭ ഈസ്റ്റര്‍ ആചരിച്ചിരുന്നത്. 325 ല്‍ തുര്‍ക്കിയിലെ നിസിയയില്‍ ചേര്‍ന്ന കൗണ്‍സിലാണ്, അങ്ങനെ തീരുമാനിച്ചത്. എന്നാല്‍ 325 നുശേഷം, സംക്രാന്തി ദിവസം ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു ബേക്കണ്‍ വാദിച്ചു-11 മിനുട്ടിലധികം. പ്രബന്ധമെഴുതുന്ന 1267 ല്‍ കൃത്യമായ സംക്രാന്തി നാള്‍ മാര്‍ച്ച് 12 ആയിരുന്നുവെന്ന് അദ്ദേഹം കണക്കുകൂട്ടി. അപ്പോള്‍, ഒന്‍പതു ദിവസത്തെ വ്യത്യാസം കലണ്ടറില്‍ കാണേണ്ടതായിരുന്നു. ഓരോ 125 വര്‍ഷം കൂടുമ്പോഴും ഒരു ദിവസം കലണ്ടറില്‍ കുറയ്ക്കുക എന്നതായിരുന്നു, ബേക്കണ്‍ നിര്‍ദ്ദേശിച്ച പോംവഴി.
കണക്കു ശരിയായിരുന്നില്ലെങ്കിലും, ബേക്കണ് സഹസ്രാബ്ദം മുന്‍പ്, ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞന്‍ ക്ലോഡീയസ് ടോളമി (ഏതാണ്ട് എഡി 100-178) കലണ്ടര്‍ വര്‍ഷം യഥാര്‍ത്ഥ വര്‍ഷത്തേക്കാള്‍ കുറവാണെന്ന് കണ്ടിരുന്നു. ദൈര്‍ഘ്യം കൂടുതല്‍ അഥവാ കുറവ് എന്നു ഗണിച്ചവരില്‍, ആര്യഭടന്‍ (476-550), മുഹമ്മദ് ഇബ്ന്‍മൂസാ അല്‍-ഖ്വാറിസ്മി (780-850) തുടങ്ങിയവരും പെടും. ശാസ്ത്രം മുന്നോട്ടുവച്ച സത്യം നിരാകരിക്കുന്നവന്‍ മണ്ടനാണെന്ന് ബേക്കണ്‍ എഴുതി. 1268 നവംബര്‍ 29 ന് ക്ലമന്റ് നാലാമന്‍ മാര്‍പ്പാപ്പ മരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന്, നമുക്കറിഞ്ഞു കൂടാ. പിന്നീടുവന്ന ഗ്രിഗറി പത്താമന്‍ മാര്‍പ്പാപ്പയും ഒന്നും പറഞ്ഞില്ല.
1272 ല്‍ ബേക്കണ്‍ രാജാക്കന്മാരെയും മാര്‍പ്പാപ്പയെത്തന്നെയും വിമര്‍ശിച്ചു. സ്വത്തും അധികാരവും കയ്യാളി, യേശുവിന്റെ ഉദ്‌ബോധനങ്ങളില്‍ നിന്നു സഭ വഴിവിട്ടതായി കണ്ട്, ബേക്കണ്‍ യൂറോപ്പിലെ ഒരു ചെറുസംഘം വൈദികര്‍ക്കൊപ്പം ചേര്‍ന്നു. 'സംശയാസ്പദമായ നവീനതകള്‍' പ്രചരിപ്പിച്ചതിന് 1277 ല്‍ ബേക്കണെ വിചാരണ ചെയ്ത് തടവിലിട്ടു. മോചിതനായ ശേഷം, വൃദ്ധനായ ബേക്കണ്‍ 1292 ല്‍ പിന്നെയും തീപ്പൊരി പ്രബന്ധമെഴുതി. അതാരും ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിന്റെ രേഖകളൊന്നും നിലവിലില്ല. നവോത്ഥാനകാലത്ത്, ബേക്കണ്‍ ഉയിര്‍ത്തെഴുന്നേറ്റു. ബേക്കണ്‍ മരിച്ച് 300 കൊല്ലം കഴിഞ്ഞ്, ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ (1502-1585), 1582 ല്‍ കലണ്ടര്‍ നേരെയാക്കി. 1543 ല്‍ കോപ്പര്‍നിക്കസ് കലണ്ടര്‍ പ്രശ്‌നമുയര്‍ത്തുകയും സൂര്യനും ഗ്രഹങ്ങളും ഭൂമിക്കു ചുറ്റും വലയംവയ്ക്കുന്നുവെന്ന വിശ്വാസം വിഡ്ഢിത്തമാണെന്നു പറയുകയും സഭ അയാളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അങ്ങനെയാണ്: വിവരം വിളിച്ചുപറയുന്നവരെ ശിക്ഷിക്കും. അപ്പോള്‍ ഇഎംഎസിനെ പുറത്താക്കാത്തതോ?
വിവരമില്ലാതിരുന്നതിനാലാണ്, എന്നതാണ് ഉത്തരം. ഇഎംഎസ് എഴുതിയ ഒരു വരിപോലും, കാലത്തെ അതിജീവിക്കില്ല. അദ്ദേഹത്തിനു സര്‍ഗശേഷിയുണ്ടായിരുന്നില്ല. ''നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ചങ്ങലകള്‍ അല്ലാതെ'' എന്നു മാര്‍ക്‌സും എംഗല്‍സും തൊഴിലാളികളോടു പറഞ്ഞിടത്ത് ഒരു സര്‍ഗ സ്ഫുലിംഗമുണ്ട്. അത്തരം വരികള്‍ നിലനില്‍ക്കും-പ്രത്യയശാസ്ത്രം മൊത്തത്തില്‍ പൊളിഞ്ഞാലും. സഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കമ്മീഷനുകളെ വയ്ക്കും. ബവേറിയയിലെ ഗണിതശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫര്‍ ക്ലേവിയസ്, ഇറ്റാലിയന്‍ വൈദ്യന്‍ അലോഷ്യസ് ലിലിയസ് എന്നിവരെ കമ്മീഷനാക്കിവച്ച്, ഗ്രിഗറി മാര്‍പ്പാപ്പ കലണ്ടര്‍ തിരുത്തിയ വിളംബരം 1582 ഫെബ്രുവരി 24 ന് വന്നു. ബേക്കണ്‍ മുന്‍ മാര്‍പ്പാപ്പയെ വിവരമറിയിച്ചശേഷം, അപ്പോള്‍, രണ്ടുവര്‍ഷം കൂടി നഷ്ടപ്പെട്ടിരുന്നു. എപ്പോഴും, കലാകാരനിലെ പ്രണയമാണ് സര്‍ഗശേഷിയെ ഉണര്‍ത്താറ്: ജൂലിയസ് സീസറിന് ക്ലിയോപാട്രയോട് പ്രണയം തോന്നിയിടത്താണ്, കലണ്ടര്‍ ഉണ്ടായത്. തീയതിവച്ചേ, സമാഗമം പറ്റൂ. 41 നാളത്തെ മണ്ഡലവ്രതം, റോമില്‍ ഉണ്ടായിരുന്നില്ല.
നമുക്കും സ്വന്തം കലണ്ടറുണ്ട്; കൊല്ലം തലസ്ഥാനമായ മുഹൂര്‍ത്തം വച്ചാണെന്നു പറയപ്പെടുന്നു; അതിനെ സംബന്ധിച്ച് പാഠഭേദമുണ്ട്. അതാണ് കൊല്ലവര്‍ഷം; കൊല്ലാന്‍ കിട്ടിയ നേരം എന്നതാകാം, ശരി. പൊതുവെ മനുഷ്യര്‍ക്ക് സ്വകാര്യ കലണ്ടറുള്ളതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്‍പതു ദിവസം നഷ്ടപ്പെട്ടതാണ് ബേക്കണ്‍ കണ്ടത് എങ്കില്‍, കലണ്ടര്‍ ദിനങ്ങള്‍ മൊത്തത്തില്‍ നഷ്ടപ്പെടുത്തുന്നവരെയും നാം കാണാറുണ്ട്; അവരിലൊരാളാണ്, നക്‌സലിസത്തില്‍ നിന്നു റിട്ടയര്‍ ചെയ്ത കെ.ഒളിവിടം തേടി ഒരിക്കല്‍ കെ., ചെന്നൈയില്‍ നടന്‍ കെ.പി.ഉമ്മറിന്റെ വീട്ടിലെത്തി. 'ചെറിയ വാടകയ്ക്ക് ലോഡ്ജ് മുറി വേണം' എന്നു പറഞ്ഞപ്പോള്‍, ഉമ്മറിന് കാര്യം മനസ്സിലായി-പണം ഇല്ല. ഉമ്മര്‍ തന്റെ കാര്‍ഷെഡ് കെ.യ്ക്ക് താമസിക്കാന്‍ കൊടുത്തു. അപ്പോഴാണ്, കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം. അതു ചെയ്തത് തന്റെ പാര്‍ട്ടിയാണെന്ന്, അവിടെനിന്നു കെ. പ്രസ്താവനയിറക്കി. നാട്ടില്‍നിന്ന് അതിഥികള്‍ വരുന്നുവെന്നു ന്യായം പറഞ്ഞ്, ഉമ്മര്‍ കെ.യെ ഒഴിവാക്കി. കാലം ഒരു പ്രവാഹമാണ്; അതിന്റെ തീരത്തിരുന്നു കലണ്ടറുണ്ടാക്കുന്നതു തന്നെ പാഴ്‌വേലയാണ്. ക്രിസ്തു മരിച്ച അന്നാണോ ലോകമുണ്ടായത്? നബി മെദീനയ്ക്കു പോയപ്പോഴാണോ, ലോകം ആരംഭിച്ചത്? കലണ്ടര്‍ വെറും അക്കമാണ്; അക്ഷരമാണ് ജീവിതം. എങ്കിലും കാശുകായ്ക്കുമെങ്കില്‍ കലണ്ടര്‍, '.....' തന്നെ!
© Ramachandran