Showing posts with label സർ സി ശങ്കരൻ നായർ. Show all posts
Showing posts with label സർ സി ശങ്കരൻ നായർ. Show all posts

Wednesday 17 February 2021

ഗാന്ധി കാണാത്ത മാപ്പിള ലഹള ഇറങ്ങി

 ഗാന്ധി കാണാത്ത മാപ്പിള ലഹള


സർ സി ശങ്കരൻ നായർ എഴുതിയ 'ഗാന്ധിയും അരാജകത്വവും' ( Gandhi and Anarchy ) എന്ന പുസ്തകത്തിൽ മാപ്പിള ലഹളയെയും ഖിലാഫത്തിനെയും പരാമർശിക്കുന്ന ഭാഗങ്ങളുടെ പരിഭാഷ..
പരിഭാഷ:രാമചന്ദ്രൻ
പേജ് 88,വില 100 രൂപ
കുരുക്ഷേത്ര പ്രകാശൻ,കലൂർ കൊച്ചി 0484 233 8324




Tuesday 8 September 2020

സ്വരാജ്യവും മാപ്പിളയും

ഗാന്ധി കാണാത്ത മാപ്പിള ലഹള 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

സർ സി ശങ്കരൻ നായർ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആയിരുന്ന ഏക മലയാളി.അത് ഗാന്ധി നേതൃത്വത്തിൽ എത്തുന്നതിന് മുൻപായിരുന്നു.1897 ലെ അമരാവതി സമ്മേളനത്തിൽ.ശങ്കരൻ നായർ,ഗാന്ധിയുടെ ഖിലാഫത്ത് നയത്തിലും തുടർന്നുള്ള മാപ്പിള ലഹളയിലും ദുഃഖിതനായിരുന്നു.1922 ൽ ശങ്കരൻ നായർ 'ഗാന്ധിയും അരാജകത്വവും' ( Gandhi and Anarchy ) എന്ന പുസ്തകം തന്നെ എഴുതി.അതിൽ നിന്ന് മാപ്പിള ലഹളയെപ്പറ്റിയുള്ള ഭാഗങ്ങൾ:

1.സ്വരാജ്യവും മാപ്പിളയും 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊൽക്കത്ത,നാഗ് പൂർ സമ്മേളനങ്ങളിൽ അഹിംസയിൽ അധിഷ്ഠിതമായ നിസ്സഹകരണം നയമാക്കിയത്,ഗാന്ധി പറഞ്ഞിട്ടായിരുന്നു.ഭരണഘടനാപരമായ മാർഗങ്ങൾ അടയുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ഒന്നാകാം ഗാന്ധിയെ സംബന്ധിച്ചിടത്തോളം,അഹിംസ.അഹിംസയും എല്ലാം സഹിച്ചുള്ള സഹനവും രക്തച്ചൊരിച്ചിലിന് ഇടയാക്കും;പ്രതീക്ഷിച്ച ഫലങ്ങൾ നൽകുകയില്ല.പഞ്ചാബ്,ഖിലാഫത്ത് പ്രക്ഷോഭങ്ങളിൽ ഗാന്ധിയുടെ രാജ്യ നേതൃ പാടവം തീരെ കണ്ടില്ല.

യൂറോപ്പിനെതിരെ ഏഷ്യയെ നിർത്തി,ഇരുനിറക്കാരെ വെള്ളക്കാർക്കെതിരെ നിർത്തി,ഹിന്ദുക്കൾ തുർക്കി സാമ്രാജ്യത്തെ സഹതാപത്തോടെ കണ്ടു.ഏഷ്യൻ പ്രതിനിധികൾ എന്ന നിലയിൽ മുസ്ലിംകളെ പിന്തുണച്ചു.എന്നാൽ,ആ സാഹചര്യം പൊടുന്നനെ മാറി.ഇന്ത്യയ്‌ക്കൊപ്പം രണ്ടാം ലോക യുദ്ധത്തിൽ സഖ്യ ശക്തി ആയിരുന്ന,മുസ്ലിംകളിൽ കുലീനതയുള്ള അറബികൾ,തുർക്കിയെ തോൽപിക്കാൻ നമുക്കൊപ്പം നിന്നവരാണ്.യുദ്ധം കഴിഞ്ഞപ്പോൾ,അറബികൾ തുർക്കിയുടെ മേൽക്കോയ്മ അംഗീകരിക്കണമെന്ന് ശാഠ്യം ഉണ്ടായി.അത് മതാധിഷ്ഠിത നിലപാടായിരുന്നു.ഇത്തരം നിലപാടുകൾ ഇന്ത്യയ്ക്ക് തന്നെ ശാപമായിരുന്നു.ഗാന്ധി ഖിലാഫത്തുമായി ചേർന്നത് കുഴപ്പമാണെന്ന് അന്നേ പലരും തിരിച്ചറിഞ്ഞത്,ശരിയായിരുന്നുവെന്ന് രക്ത രൂഷിതമായ പിൽക്കാല സംഭവങ്ങൾ വെളിവാക്കി.ഗാന്ധിക്കും ഖിലാഫത്തുകാർക്കും സംഭവം ഉപേക്ഷിക്കേണ്ടി വന്നു.

ഇന്ത്യൻ സ്വരാജിന് അടിസ്ഥാനം മറ്റ് ഘടകങ്ങളാണ്;ഹിന്ദുക്കൾക്ക് ഖിലാഫത്ത് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല.ഖലീഫയുടെ പേരിൽ വന്ന അവകാശ വാദങ്ങളോട് മുസ്ലിംകൾക്ക് തന്നെ യോജിപ്പില്ല.മുസ്ലിം ഭൂരിപക്ഷത്തിൻറെ പിന്തുണ തുർക്കി ഖലീഫയ്ക്ക് ഇല്ല.ഇത്തരം അവകാശ വാദങ്ങൾ വെറും കച്ചിത്തുരുമ്പിൽ തൂങ്ങി നിൽക്കുന്നതിനാൽ,ആ അവകാശങ്ങൾ ഉന്നയിച്ചത് തന്നെ വിചിത്രമായിരുന്നു.ഗാന്ധിയുടെ പരിപാടി ഇന്ത്യയുടെ മികച്ച സന്താനങ്ങൾ 1919 വരെ ഉദ്‌ഘോഷിച്ച സകലതും ലംഘിച്ചു കൊണ്ടായിരുന്നു.ഗാന്ധിയെ അനുഗമിക്കുന്ന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ,ലാലാ ലജ്‌പത്‌ റായ്,വിജയരാഘവാചാരി*,നടരാജൻ **,'ഹിന്ദു' പത്രാധിപർ എസ് കസ്തുരി രംഗ അയ്യങ്കാർ എന്നിവരൊന്നും ഇതിനെ ശക്തമായി അപലപിച്ചില്ല.ഗാന്ധിയുടെ വികാര വിക്ഷോഭങ്ങളും ഉപവാസങ്ങളും സന്യാസിയുടെ അരവസ്ത്രവും വികാരത്തിനടിപ്പെടുന്ന ജനത്തെ,സ്ത്രീകളെയും കുട്ടികളെയും വശീകരിച്ചിരിക്കാം;എന്നാൽ മുകളിൽ പറഞ്ഞ മാന്യന്മാർ എങ്ങനെ ആ വികാര വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ?

ഗാന്ധിയുടെ ലാളിത്യവും അഹിംസയും ബുദ്ധമതത്തിൽ പിറന്ന് ഹിന്ദു മതത്തിൻറെ ഭാഗമായി തീർന്നതാണ്.ഇത് ഹിന്ദുക്കളെ,പ്രത്യേകിച്ചും സസ്യ ഭുക്കുകളെ ഗാന്ധിയിലേക്ക് ആകർഷിച്ചു.ഇന്ത്യയുടെ വർണ വ്യവസ്ഥ തന്നെ അഹിംസയുമായി ഒത്തു പോകുന്നതല്ല.ഗാന്ധി വർണ വ്യവസ്ഥയെ അനുകൂലിച്ചത്,വരേണ്യർക്കും ഇഷ്ടപ്പെട്ടു.വരേണ്യർ ഒരു പ്രധാന ജാതിയെ തന്നെ,വർണ വ്യവസ്ഥയിൽ മരണത്തിന് അർപ്പിച്ചവരാണ്.തീവ്ര ഖിലാഫത്ത് ആവശ്യങ്ങൾക്കുള്ള ഗാന്ധിയുടെ അന്യായമായ പിന്തുണ മുസ്ലിംകളുടെയും പിന്തുണ നേടി.ജാതി വ്യവസ്ഥയെക്കാൾ അഹിംസയെ എതിർക്കുന്ന മതമാണ് ഇസ്ലാം.ഹിന്ദുക്കൾ ഗോഹത്യയെ എതിർക്കുന്നത് തന്നെ ഇത് കാരണമാണ്.

ചില രാഷ്ട്രീയ നേതാക്കൾ ഗാന്ധിയുടെ സ്വാധീനം ചൂഷണം ചെയ്യുകയാണ്.അദ്ദേഹമാകട്ടെ,അവരെ സ്വന്തം ലക്ഷ്യ സാധ്യത്തിനായി ഉപയോഗിക്കുന്നു.ഇത് തോൽക്കുക തന്നെ ചെയ്യും.1920 സെപ്റ്റംബറിൽ കൊൽക്കത്തയിലും ഡിസംബറിൽ നാഗ് പൂരിലും നടന്ന കോൺഗ്രസിൻറെ പ്രത്യേക സമ്മേളനങ്ങളിൽ സ്വരാജിനുള്ള മൊണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാരങ്ങൾ അദ്ദേഹം നശിപ്പിച്ചു.സ്വന്തം വന്യമായ നയങ്ങൾ അംഗീകരിപ്പിച്ചു.അതിനായി തൻറെ തന്നെ തത്വങ്ങളെ എതിർത്തിരുന്ന ശക്തികളുമായി ഒത്തു കൂടി.അവരെ മുൻ നിരയിലേക്ക് കൊണ്ട് വന്നു.അതിൻറെ ഭീകരമായ പ്രത്യാഘാതങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.അതിൻറെ ഫലമായി,അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഗാന്ധി സത്യസന്ധമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചു.

മൊണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാരം ഗാന്ധി തള്ളിയതിന്റെ ഉള്ളുകള്ളികൾ ഗാന്ധി മുൻകൈ എടുത്ത് കൊൽക്കത്ത സമ്മേളനത്തിൽ പാസാക്കിയതും നാഗ് പൂർ സമ്മേളനം ശരിവച്ചതുമായ നിസ്സഹകരണ പ്രമേയം വെളിവാക്കുന്നു.

പ്രമേയത്തിൽ നിന്ന്:

"ഖിലാഫത്ത് പ്രശ്നത്തിൽ,ഇന്ത്യൻ സർക്കാരും ബ്രിട്ടീഷ് സാമ്രാജ്യ സർക്കാരും ഇന്ത്യൻ മുസ്ലിമിനോടുള്ള കടമയിൽ പരാജയപ്പെട്ടിരിക്കുന്നു.പ്രധാനമന്ത്രി അവർക്ക് നൽകിയ വാക്ക് പാലിച്ചില്ല.മുസ്ലിം സഹോദരനെ നിയമപരമായ ഏതു വഴിക്കും സഹായിക്കേണ്ടത് ഇന്ത്യയിലെ ഏതൊരു ഹിന്ദുവിൻറെയും കടമയാണ്.മുസ്ലിമിനെ കീഴടക്കിയിരിക്കുന്നത് മതപരമായി വലിയ അപകടമാണ്.അതിൽ നിന്ന് രക്ഷ നേടാൻ കൂടെ നിൽക്കണം.

"1919 ഏപ്രിലിലെ ( ജാലിയൻ വാലാബാഗ് ) സംഭവ പശ്ചാത്തലത്തിൽ,ഈ സർക്കാരുകൾ പഞ്ചാബിലെ നിരപരാധികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു.പട്ടാളക്കാർക്ക് നിരക്കാത്ത കാടത്തം കാട്ടിയ ഓഫീസർമാരെ സംരക്ഷിച്ചു.പരോക്ഷമായോ പ്രത്യക്ഷമായോ അക്രമത്തിന് ഉത്തരവാദിയായ മൈക്കിൾ ഓ'ഡയറിനെ കുറ്റവിമുക്തനാക്കി.പ്രഭു സഭ ഇന്ത്യയോട് ഒരു കരുണയും കാണിച്ചില്ല.പഞ്ചാബിലെ ഭീകര പ്രവർത്തനത്തിനൊപ്പം നിന്നു.ഖിലാഫത്ത്,പഞ്ചാബ് എന്നിവയിൽ വൈസ്രോയിയുടെ സമീപ കാല പ്രസ്താവനയിൽ ഒരു പശ്ചാത്താപവും കണ്ടില്ല."

ഭരണ പരിഷ്‌കാരം തള്ളുന്നതിന് ആദ്യ കാരണം ഖിലാഫത്തും രണ്ടാമത്തെ കാരണം ജാലിയൻ വാലാബാഗുമാണ്.ഇതാണ് സ്വരാജ്യ പ്രഖ്യാപനത്തിന് പിന്നിൽ.അങ്ങനെ അഹിംസാത്മകമായ നിസ്സഹകരണ പ്രസ്ഥാനം വന്നു.ഈ പ്രമേയം വച്ച് സ്വരാജിന് ശ്രമിക്കുമെന്നാണ് ഗാന്ധിയുടെ അവകാശ വാദം.എന്നാൽ,പ്രമേയം വായിച്ചാൽ ലക്ഷ്യം സ്വരാജാണെന്ന് തോന്നില്ല.ലക്ഷ്യം അരാജകത്വവും ആത്മ പ്രതിരോധവുമാണ്.

അലി സഹോദരന്മാർ 

ഭരണ പരിഷ്‌കാരം നിരാകരിക്കാൻ മതിയായ കാരണങ്ങളല്ല പ്രമേയത്തിൽ പറഞ്ഞത്.പ്രമേയത്തിൽ പറഞ്ഞ ബഹിഷ്കരണങ്ങൾ വഴി അത് സാധ്യവും അല്ല.ഗാന്ധി പറഞ്ഞത് ഇതാണ്:

"മതപരവും കടുത്ത ധാർമികവുമായ പ്രസ്ഥാനം വഴി സർക്കാരിനെ അട്ടിമറിക്കാനാണ് നിസ്സഹകരണ പ്രസ്ഥാനം ".

അപ്പോൾ അട്ടിമറി ലക്ഷ്യമാക്കിയാണ് ആ പ്രക്ഷോഭത്തിലെ വിവിധ ഘട്ടങ്ങൾ.

പ്രമേയത്തിൽ ആദ്യം ഇടം പിടിച്ച ഖിലാഫത്ത് പ്രശ്‍നം നോക്കാം.

ഖിലാഫത്തുമായി ബന്ധപ്പെട്ട് ഒരു കാര്യം ഓർക്കണം.1918 ലെ സന്ധിക്ക് ശേഷം തുർക്കിയുടെ പേരിൽ ബ്രിട്ടനിലെ മുസ്ലിംകൾ ബ്രിട്ടീഷ് സർക്കാരിന് രണ്ട് ഭീമ ഹർജികൾ നൽകി.1919 ജനുവരിയിലെ ആദ്യ ഹർജിയിൽ ആഗാ ഖാൻ,അബ്ബാസ് അലി ബെയ്‌ഗ്‌,അമീർ അലി,യൂസഫ് അലി,എച്ച് കെ കിദ്വായ് തുടങ്ങിയവർ ഒപ്പിട്ടിരുന്നു,ഡിസംബറിലെ രണ്ടാം ഹർജിയിൽ ആഗാ ഖാൻ,അമീർ അലി,ഗാർഗി പി,കിദ്വായ് എന്നിവർ ഉണ്ടായിരുന്നു.ഹർജികളിൽ ഉന്നത പദവികളിലുള്ള മുസ്ലിംകൾ അല്ലാത്തവരും ഒപ്പിട്ടു.അവർ തുർക്കി,കോൺസ്റ്റാന്റിനോപ്പിൾ,ത്രേസ്,സ്മിർണ ഉൾപ്പെട്ട അനത്തോളിയ എന്നിവയ്ക്കായി അവകാശം ഉന്നയിച്ചു.തുർക്കിക്കാർ ഇല്ലാത്ത സ്ഥലങ്ങൾക്കായി അവകാശം ഉന്നയിച്ചില്ല.

ഇന്ത്യൻ മുസ്ലിംകളുടെ അവകാശവാദം ഇതിനപ്പുറം പോയി.ആ വർഷം അവസാനം വൈസ്രോയിയെ കണ്ട നിവേദക സംഘവും അടുത്ത വർഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട സംഘവും യുദ്ധ പൂർവ തുർക്കി പുനഃസ്ഥാപിക്കണം എന്നാണ് ആവശ്യപ്പെട്ടത്.തുർക്കി മേൽക്കോയ്മയിൽ അർമേനിയക്കാർക്കും അറബികൾക്കും സ്വതന്ത്ര ഭരണവും ആവശ്യപ്പെട്ടു.ഇത് നടപ്പുള്ള കാര്യം അല്ലായിരുന്നു.തുർക്കികൾക്കുള്ളത്ര അവകാശങ്ങൾ അറബികൾക്കും ഉണ്ടായിരുന്നു.മേൽക്കോയ്മ പ്രശ്‍നം ഉദിക്കുന്നില്ല.മുഹമ്മദ് അലി,ഷൗക്കത് അലി സഹോദരന്മാർ ആയിരുന്നു ഈ അവകാശവാദത്തിന് പിന്നിൽ.

ഇന്ത്യ കൗൺസിലിൽ വന്ന മറ്റൊരു അവകാശവാദം,തുർക്കിക്ക് അനറ്റോളിയയും ത്രേസും നൽകുക എന്നതായിരുന്നു.അമുസ്ലിം നിയന്ത്രണം ഇല്ലാതെ അറബികൾക്ക് അവരുടെ രാജ്യങ്ങളിൽ പൂർണ സ്വാതന്ത്ര്യം നൽകുക.ഇതിൽ ഏഡനിൽ നിന്നുള്ള കുടിയൊഴിപ്പിക്കലുണ്ടോ എന്നെനിക്ക് അറിയില്ല.

ഇന്ത്യയിലെ മുസ്ലിം പ്രക്ഷോഭം അപകടകരമായ നിലയിലെത്തി.ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറിക്കോ ഇന്ത്യൻ സർക്കാരിനോ ഖിലാഫത്ത് പ്രശ്നത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇവരെ ബോധിപ്പിക്കാൻ കഴിഞ്ഞില്ല.ഇന്ത്യൻ മുസ്ലിം വികാരം ബ്രിട്ടീഷ് മന്ത്രിസഭയ്ക്ക് മുന്നിൽ വയ്ക്കാനേ കഴിയൂ.ബ്രിട്ടീഷ് സാമ്രാജ്യത്തിന് നല്ലതെന്തോ അതായിരിക്കും അവസാന തീരുമാനം.

ഗാന്ധിക്ക് സംഗതി വ്യക്തമായിരുന്നു.ഖിലാഫത്ത് അവകാശ വാദത്തിന്റെ യുക്തി നോക്കാതെ,ഏറ്റവും തീവ്രമായ നിലപാടിനൊപ്പം നിൽക്കുക.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജ് തുർക്കിക്ക് നൽകിയ ഒരു 'വാഗ്‌ദാന'ത്തെ ഗാന്ധി ആശ്രയിച്ചു.തുർക്കി അതിൻറെ മേഖലകളിലും ത്രേസിലും വച്ച അവകാശത്തിന് അനുകൂലമായിരുന്നു അത്.തുർക്കിക്ക് കീഴിൽ അത് വരെ നില നിന്ന സാമന്ത രാജ്യങ്ങൾ ഇനി തുർക്കിക്ക് കീഴിൽ ആയിരിക്കില്ല എന്ന വസ്‌തുത കണക്കിലെടുക്കാത്ത വാഗ്‌ദാനം ആയിരുന്നു,അത്.അത് വിശ്വസിച്ച് സംഘടിതരായ മുസ്ലിംകൾക്കൊപ്പം,അതിനെതിരായ അമുസ്ലിംകളുടെ എണ്ണവും കൂടി വന്നു.രണ്ടിനും പിന്നിൽ മൈക്കിൾ ഓ' ഡയർ ആയിരുന്നു.

ഖിലാഫത്ത് അവകാശവാദം അനുസരിച്ച് താൻ ഈജിപ്തിൽ നിന്ന് ബ്രിട്ടൻ ഒഴിയണം എന്നാവശ്യപ്പെടുകയുണ്ടായില്ല എന്ന് ഗാന്ധി പിന്നീട് തിരുത്തു കയുണ്ടായി.ഇന്ത്യൻ സൈന്യം ഒഴിയണം എന്ന് ഗാന്ധി ആവശ്യപ്പെട്ടു.എന്തിനാണ് ഗാന്ധി ബ്രിട്ടൻ ഈജിപ്തിൽ നിന്ന് സ്ഥലം കാലിയാക്കണം എന്നാവശ്യപ്പെട്ടത് ? ഖലീഫയെ ഈജിപ്ത് നിരാകരിച്ചത് ഗാന്ധിക്ക് അറിയാമായിരുന്നിരിക്കാം.അറബികൾ ഖലീഫയെയും തുർക്കിയെയും തള്ളിക്കളയും എന്ന് ഗാന്ധി മനസിലാക്കിയിട്ടുണ്ടാവില്ല.ഇതൊന്നും ഗാന്ധിക്ക് വിഷയമല്ല.ഇങ്ങനെ സംഭവിച്ചാൽ മെക്കയും മെദീനയും കൈവശമുള്ള അറബ് മേധാവി ഖലീഫയാകും എന്ന് ഗാന്ധി കരുതി.സിറിയ ബ്രിട്ടന് കീഴിലല്ല എന്നത് വിഷയമല്ല.നിസ്സഹകാരികളെ ബ്രിട്ടൻ തൃപ്തിപ്പെടുത്തണം എന്നേ ഗാന്ധിക്കുള്ളൂ -ഫ്രഞ്ച് അധീശത്വവും സിറിയ കൈവശം വയ്ക്കലും ഗാന്ധി ക്ഷമിക്കും.തുർക്കിക്കാർക്കും ഖലീഫയ്ക്കും അറബ് ദേശം കൈവശം വേണ്ട എന്നത് ഗാന്ധിക്ക് വിഷയമല്ല.1919 ജനുവരിയിൽ അവർ ചോദിച്ചത് സ്വന്തം രാജ്യത്തിൻറെ സ്വാതന്ത്ര്യം മാത്രമാണ്.ഈ സത്യം ഗാന്ധിക്കും ഖിലാഫത്ത് പ്രസ്ഥാനക്കാർക്കും വിഷയമല്ല.എത്ര ലഘുവാണ് ഇവരുടെ സമീപനം -തുർക്കിയും ഖലീഫയും പറയുന്നതല്ല,ലോക മുസ്ലിം വികാരമാണ് കണക്കിലെടുക്കേണ്ടത് എന്നാണ് പറച്ചിൽ.പലസ്‌തീൻ തുർക്കി മേൽക്കോയ്മയ്ക്ക് കീഴിൽ ആയിരിക്കണമെന്ന കാര്യത്തിൽ ഗാന്ധിക്ക് നിർബന്ധമുണ്ട്.അതായിരുന്നു പ്രവാചകൻറെ ഇച്ഛ എന്നാണ് ഗാന്ധി പറയുന്നത്.ഇസ്രയേലിലെ പ്രവാചകരോ ക്രിസ്‌തു മത സ്ഥാപകനോ ജൂത,ക്രിസ്ത്യൻ വികാരങ്ങളോ ഒന്നും ഗാന്ധി കാണുകയില്ല.ഗാന്ധിക്കും ഖിലാഫത്ത് നേതാക്കൾക്കും ആകെ വേണ്ടത് സർക്കാരിനെ അട്ടിമറിക്കലാണ്.

മുഹമ്മദ്,ഷൗക്കത് അലിമാരാണ് പ്രക്ഷോഭത്തിൻറെ ശക്തരായ നേതാക്കൾ.ബംഗാൾ വിഭജന പ്രക്ഷോഭ കാലത്ത്,ഹിന്ദുക്കൾക്കെതിരെ മുസ്ലിം താൽപര്യം കൊണ്ട് നടന്ന മുസ്ലിം ലീഗാണ് അവരുടെ പൂർവാശ്രമം.പൊതു പ്രസംഗങ്ങളിൽ അവർക്ക് ഹിന്ദുക്കളെ വേണ്ട;ഇന്ത്യയിലെ മുസ്ലിം സ്വത്വത്തെ ട്രിപ്പോളിയിലെയോ അൾജീരിയയിലെയോ മുസ്ലിം താൽപര്യവുമായി കൂട്ടിയിണക്കുന്നതിലാണ് അവർക്ക് പൂതി.ഇവിടത്തെ ഹിന്ദുവും മുസ്ലിമും ഒരേ സർക്കാരിന് കീഴിലാണ് എന്നത് വിഷയമല്ല.ബാൽക്കൻ യുദ്ധം മുതൽ അവർക്ക് ബ്രിട്ടിഷ് സർക്കാരിനോടു തീവ്രമായ രോഷമുണ്ട്.അവർക്ക് പടിഞ്ഞാറുള്ള മുസ്ലിം സഹോദരരെ സഹായിക്കാൻ കഴിഞ്ഞില്ല.അപ്പോൾ ഹിന്ദുക്കളെ സമീപിക്കുക രാഷ്ട്രീയ തന്ത്രമായി.പടിഞ്ഞാറെ സഹോദരർ തടവിലായപ്പോൾ രോഷം ആളിക്കത്തി.തടവുകാരെ വിട്ട ശേഷവും ബ്രിട്ടീഷ് സർക്കാരിനോടുള്ള ദേഷ്യം കുറഞ്ഞില്ല.ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ അടുത്ത ഘട്ടം മുസ്ലിം ഭരണ സ്ഥാപനമാണ്.യുദ്ധ പൂർവ നിലയിൽ തുർക്കിയെ പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇതും ലക്ഷ്യമാണ്.അലി സഹോദരർ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഷൗക്കത് അലി 1920 ഏപ്രിലിൽ പറഞ്ഞു:

"മുഴുവൻ ലക്ഷ്യവും മുന്നിൽ കണ്ടാണ് ഇതിന് ഇറങ്ങിയത്.കേവല സ്വാതന്ത്ര്യത്തിനാണ് ഈ പ്രസ്ഥാനം."

അവരെ അറിയാവുന്നവർക്കും അവരുടെ വിചാരണ ശ്രദ്ധിച്ചവർക്കും ഇതിൽ ഒരു സംശയവും ഉണ്ടാവില്ല.

കറാച്ചിയിൽ 1921 ജൂലൈ ഒൻപതിന് ഇവരുടെ പ്രചോദനത്തിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ,മതം ആധാരമാക്കി മുസ്ലിം സിപായിമാർ പട്ടാളം വിടണമെന്ന പ്രമേയം പാസാക്കി. പ്രമേയത്തിൽ നിന്ന്:

"ഈ പ്രക്ഷോഭ കാലത്ത് മുസ്ലിംകൾ ബ്രിട്ടീഷ് പട്ടാളത്തിൽ തുടരുന്നതും അതിൽ ചേരാൻ പ്രേരിപ്പിക്കുന്നതും മതപരമായി നിയമ വിരുദ്ധമാണ്.പൊതുവായി മുസ്ലിംകളും വിശേഷിച്ച് ഉലമാക്കളും പട്ടാളത്തിലെ ഓരോ മുസ്ലിമിനെയും ഈ മത കല്പനകൾ ബോധ്യപ്പെടുത്തണം.ക്രിസ്‌മസിന്‌ മുൻപ് ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ,കോൺഗ്രസ് അഹമ്മദാബാദ് സമ്മേളനത്തിൽ ഇന്ത്യൻ റിപ്പബ്ലിക് പ്രഖ്യാപിക്കും".

സഹോദരന്മാരെ കോടതികൾ വിചാരണ ചെയ്‌ത്‌ ശിക്ഷിച്ചു.ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടപ്പോൾ നിയമപരവും ഭരണഘടനപരവും ആയിരുന്നുവെങ്കിൽ പോലും,ആദ്യ ഘട്ടങ്ങളിൽ പ്രക്ഷോഭം അനുവദിച്ചെങ്കിൽ തന്നെയും അതിനെ നിയന്ത്രിച്ചവർ പൊടുന്നനെ,മതപ്രചാരകരായി മാറിയെന്ന് ജഡ്ജി നിരീക്ഷിച്ചു.വിധിയിൽ ഇങ്ങനെ രേഖപ്പെടുത്തി:

"കോടതിയിലെ അവരുടെ പ്രസ്താവനകൾ കണ്ടിടത്തോളം ഹിന്ദുവായ ആറാം പ്രതി ഒഴിച്ചുള്ളവർ അവർ സ്വയം ബ്രിട്ടീഷ് വിരോധത്തിൽ അഭിരമിച്ചു.അവർ ആ പ്രമേയത്തെ ഖുർ ആന്റെ പേരിൽ ന്യായീകരിച്ചു.രാജ്യ നിയമത്തിന് എതിരായി പോലും ഖുർ ആൻ നിയമത്തെ അനുസരിക്കണമെന്ന് അവർ വാദിച്ചു.മുഹമ്മദ് അലിയും ഷൗക്കത് അലിയും ഉൾപ്പെടെ ഈ കേസിലെ എല്ലാ മുസ്ലിംകളും വാദിച്ചത് ഇതാണ്:മതം ചില കർമങ്ങൾ ചെയ്യണമെന്ന് അനുശാസിക്കുന്നു.ഇതിനെ നിയന്ത്രിക്കുന്ന ഒരു രാജ്യ നിയമത്തിനും സാധുതയില്ല.രാജ്യ നിയമം ലംഘിച്ചു ചെയ്യുന്ന കർമം മതം അനുവദിക്കുന്നതായാൽ മതി."

ഖുർ ആൻ നിയമത്തിന് വിധേയമായി മാത്രമേ മുസ്ലിംകളെ വിധിക്കാവൂ എന്ന ഈ അവകാശവാദമാണ് എല്ലാത്തരം ഖിലാഫത്ത് അവകാശവാദങ്ങളുടെയും ഉറവിടം എന്നത് ഗാന്ധിക്കും അനുയായികൾക്കും അറിയില്ല എന്ന് ധരിക്കാൻ കഴിയില്ല.ഈ അവകാശവാദം സ്വീകരിച്ചാൽ,അത് ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെയും ഇൻഡോ -ബ്രിട്ടീഷ് കോമൺവെൽത്തിൻറെയും മരണമണി മാത്രമല്ല,സ്വരാജിൻറെയും നമ്മുടെ പൊതു സഹോദര്യത്തിൻറെയും നിരാസമായിരിക്കും.ഹിന്ദു -മുസ്ലിം സഖ്യം കൊണ്ട് ഹിന്ദുക്കൾ അർത്ഥമാക്കുന്നത്,ശരിയായ സമത്വം ആകാം;മുഹമ്മദ്,ഷൗക്കത്ത് അലിമാരും അനുയായികളും കരുതുന്നത് ശുദ്ധമായ മുസ്ലിം അധീശത്വമായിരിക്കും.സമയം പാകമാകും വരെ അവർ അത് മൂടി വയ്ക്കും.അതിനവർക്ക് മിടുക്കുണ്ട്.ഹിന്ദു സഹോദരർക്കെതിരെ ഗൂഢ ലക്ഷ്യങ്ങളും സാമുദായിക പ്രചോദനവുമുണ്ടെന്ന് പറഞ്ഞാൽ ,അവർ നിരാകരിക്കും;അപകടകരമായ ഈ കുടില തന്ത്രം,നാം അനുഭവസ്ഥർ കുറെ കണ്ടതാണ്.അനുഭവമില്ലാത്തവരും കുരുക്കിൽ വീഴാൻ സാധ്യതയുമുള്ളവർക്ക് നാം മുന്നറിയിപ്പ് നൽകണം.ഗാന്ധി അനുയായികളായ ചില നന്മയുള്ളവരെ കണ്ടിടത്തോളം,അവർ അവർ ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും ഊരാൻ പറ്റാതായിരുന്നു.

കറാച്ചി വിചാരണയിൽ നിരീക്ഷിച്ച പോലെ,ആദ്യം നിസ്സാരമെന്നു തോന്നും ,പിന്നെ ഭീകരമായി വളരും.

"അഹിംസാത്മകമായ നിസ്സഹകരണം " ആണ് ഖിലാഫത്ത് സമിതികൾ നാടൊട്ടുക്കും സർക്കാരിനെതിരെ നടത്തേണ്ടിയിരുന്നത്.തുടക്കത്തിലെ കപടമായ അഹിംസയിൽ നിന്ന് ഹിംസയിലേക്കുള്ള പരിണാമം ലെജിസ്ളേറ്റിവ് കൗൺസിലിൽ മക്ഫേഴ്സൺ വിവരിച്ചിട്ടുണ്ട് ( അനുബന്ധം ).ഇത് എല്ലാ സംഘടനകൾക്കും ബാധകമാണ്.ഇസ്ലാമിൽ നിന്ന് ഉടലെടുത്തതിനാൽ ,ഖിലാഫത്തിന് ഇത് കൂടുതൽ ബാധകമാണ്.ഏറ്റവും കൂടുതൽ ഇത് പ്രകടമായ മലബാറിൽ ഇതേപ്പറ്റി കോടതി വ്യാഖ്യാനങ്ങൾ ഉണ്ടായില്ല.അതിനാൽ,1920 ഏപ്രിലിൽ മലേഗാവിൽ നടന്ന ഒരു കലാപത്തിൽ ചിലരെ ശിക്ഷിച്ചു കൊണ്ടുള്ള വിധിന്യായത്തിൻറെ സംഗ്രഹം ഞാൻ ഇവിടെ പറയാം.

മലേഗാവിൽ ഒരു ഖിലാഫത്ത് കമ്മിറ്റിയും സന്നദ്ധ സേവകരും ചേർന്ന് 1920 മാർച്ച് 15 ന് രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി.കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും ആയി.പ്രഭാഷണങ്ങൾ രാഷ്ട്രീയവും ഉദ്ബോധനങ്ങൾ മതപരവുമായിരുന്നു.1921 ജനുവരിയിൽ ഷൗക്കത് അലി അവിടെയെത്തി ഖിലാഫത്ത് പ്രസ്ഥാനത്തെപ്പറ്റി പ്രസംഗിച്ചു.ഇതിന് ശേഷം രാഷ്ട്രീയ പ്രവർത്തനം ശക്തമായി.

അവിടത്തെ മുസ്ലിം സ്‌കൂളുകളായ ബെയ്‌തു ലല്ലം,അഞ്ചുമാൻ എന്നിവയ്ക്ക് സർക്കാർ ഗ്രാൻറ് നൽകിയിരുന്നു.നിസ്സഹകരണ പ്രസ്ഥാനം വന്നപ്പോൾ ഈ എയ്‌ഡഡ്‌ സ്‌കൂളുകൾ സർക്കാർ സഹായം വേണ്ടെന്നു വയ്ക്കാൻ പണപ്പിരിവ് നടത്തി.ചില ഹിന്ദുക്കളും പങ്കാളികളായി.പഴയ തരം പൈസ ഫണ്ട് പിരിവ് ആണ് നടന്നത്.മലേഗാവിലെ ഓരോ നെയ്ത്തുകാരനും ഓരോ സാരി വിൽക്കുമ്പോൾ ഫണ്ടിന് ഒരു പൈസ നൽകണം.

അതിന് തയ്യാറില്ലാത്ത നെയ്ത്തുകാർക്ക് വേറെ വഴിയില്ലായിരുന്നു.ഇതിനെ എതിർത്ത സാരി വാങ്ങുന്നവരെ വിചാരണ ചെയ്യുന്ന നിലയുണ്ടായി.ഫെബ്രുവരി 27 ന് ഫണ്ട് കമ്മിറ്റി പൊതുയോഗം വിളിച്ച് പണം നൽകാൻ വിസമ്മതിക്കുന്ന ഇടപാടുകാരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‌തു.പണം നൽകാൻ വിസമ്മതിക്കുന്നവരുടെ കടകൾ പിക്കറ്റ് ചെയ്‌തു.അവരുടെ കച്ചവടം പൂട്ടി.ഇവർ അധികൃതർക്ക് പരാതിയും നിവേദനവും നൽകിയിരുന്നു.നിയമവിരുദ്ധമായി ഒന്നും സംഭവിക്കാത്തിടത്തോളം അവർക്ക് ഇടപെടാൻ ആവില്ലായിരുന്നു.

പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും പൊതുവേദികളിൽ നിറയുകയും ആവേശം വിതറുകയും ചെയ്‌തു കൊണ്ടിരുന്നു.വേണ്ടത്ര പ്രകാശമില്ലാത്ത മലേഗാവിലെ സായാഹ്നങ്ങളിൽ പൊതുവേദികളിൽ വാളും കഠാരയുമായി യോഗങ്ങൾ നടക്കുന്നത് സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കിട്ടിയ റിപ്പോർട്ടുകളിൽ നിന്ന് വിലയിരുത്തി.ഈ യോഗങ്ങൾ നിരോധിച്ച് മാർച്ച് 30 ന് ഉത്തരവിറക്കി.ഈ ഉത്തരവ് ലംഘിച്ചാണ് കലാപത്തിന് കോപ്പു കൂട്ടിയത്.

അധികൃതർ പല തരത്തിലും സംഘർഷം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.മാർച്ച് 13 ന് സബ് ഡിവിഷനൽ ഓഫിസർ നിർബന്ധിത പണപ്പിരിവില്ലാതെ വേറൊരു വഴി കണ്ടെത്താൻ യോഗം വിളിച്ചിരുന്നു.ഇതിന് കടകളിൽ പെട്ടി വയ്ക്കാമെന്ന് പറഞ്ഞതിനോട് എതിർ പക്ഷം പ്രതികരിച്ചില്ല.

പതിനൊന്ന് നേതാക്കൾ ഒപ്പിട്ട ഒരു മാനിഫെസ്റ്റോ ഇറങ്ങി.ഈ മാനിഫെസ്റ്റോ ഗാന്ധിയുടെ അഹിംസാ തത്വങ്ങൾ ഉദ്ധരിച്ച് സന്നദ്ധ ഭടന്മാർ ആയുധങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിച്ചു.

ഇതിന് ഗുണമുണ്ടായില്ല.ഏപ്രിൽ ഒന്നിന് ഇറങ്ങിയ മാനിഫെസ്റ്റോയിൽ നാലിന് ഒപ്പിട്ട ഒരാൾ ഒരു പൊതുയോഗത്തിൽ തനിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ഇതിൽ ഖേദിച്ചു. അവർക്ക് മാപ്പ് നൽകി.പണം നൽകാത്ത കടകളുടെ പിക്കറ്റിങ് തുടർന്നു.24 സന്നദ്ധ ഭടന്മാർക്കെതിരെ മാർച്ച് 30 ലെ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിന് 15 ന് കേസെടുത്തു.ഏപ്രിൽ 24 ന് കേസ് വിചാരണയ്ക്ക് തലേന്ന് രാത്രി യോഗത്തിൽ ഒരുന്നത മുസ്ലിം ഇങ്ങനെ പ്രസംഗിച്ചു:
"സർക്കാരിനെയോ പോലീസിനെയോ പേടിക്കരുത്.സന്നദ്ധ സേവകർ തന്നെ കേസ് കൈകാര്യം ചെയ്യും.അല്ലാഹു അവർക്ക് മതം പ്രചരിപ്പിക്കാൻ ശക്തി നൽകട്ടെ ."

അടുത്ത ദിവസം റെസിഡൻറ് തക്കർക്ക് മുന്നിൽ 12 കേസുകൾ വിചാരണക്കെത്തി.ആറു പേരെ ശിക്ഷിച്ചു.50 രൂപ പിഴയിട്ടു.പിഴ നൽകിയില്ലെങ്കിൽ നാലാഴ്‌ച വെറും തടവ്,ഇവർ പിഴ ഒടുക്കിയില്ല,

വിധിയറിഞ്ഞ ശേഷം പുറത്ത് കാത്തു നിന്ന ആൾക്കൂട്ടം 'അല്ലാഹു അക്ബർ ' വിളികൾ മുഴക്കി.കലാപത്തിൽ ഉടനീളം ഇങ്ങനെ തക്ബീർ ധ്വനികൾ മുഴങ്ങി.മലേഗാവിൽ കണ്ട പോലീസിനെയൊക്ക അവർ ആക്രമിച്ചു.ക്ഷേത്രം കത്തിച്ചു.എസ് ഐ യെ കൊന്ന് തീയിലിട്ടു.ഖിലാഫത്ത് പ്രസ്ഥാനത്തിന് എതിരായവരുടെ വീടുകൾ കൊള്ള ചെയ്‌തു.വീട്ടുകാർ പലായനം ചെയ്തിരുന്നു.എസ് ഐ മാത്രമല്ല കൊല്ലപ്പെട്ടത്.

ഖിലാഫത്ത് കമ്മിറ്റികളും സന്നദ്ധ സേവകരും പിന്തുടർന്ന അഹിംസാ മാർഗമായിരുന്നു,ഇത്.ബാരാബങ്കിയിൽ നിന്ന് മറ്റൊരുദാഹരണം നൽകാം.അത് മത ഭ്രാന്ത് എത്രമാത്രം രൂക്ഷമായിരുന്നു എന്ന് വെളിവാക്കും.ഉദാഹരണങ്ങൾ ധാരാളം.

--------------------------------------------------

*വിജയരാഘവാചാരി :സി വിജയരാഘവാചാരി ( 1852 -1944 ).കോൺഗ്രസിൻറെ സ്വരാജ് ഭരണഘടന തയ്യാറാക്കിയവരിൽ ഒരാൾ.1920 ൽ കോൺഗ്രസ് ദേശീയ പ്രസിഡൻറ്.1931 ൽ ഹിന്ദു മഹാസഭാ പ്രസിഡൻറ്.
** നടരാജൻ :കസ്‌തൂരി രംഗ അയ്യങ്കാരുടെ 'ഹിന്ദു' സഹപ്രവർത്തകൻ കെ നടരാജൻ ആകാം.



















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...