Wednesday 28 August 2019

വനത്തിൽ വില്ലി തൂങ്ങി നിന്നു

കോയ്സ്ലറുടെ വരവും പോക്കും 

വില്ലി മുൻസൻബർഗിന്റെ ജീവചരിത്രത്തിൻറെ ശീർഷകം 'ചുവപ്പ് കോടീശ്വരൻ എന്നാണ് -സീൻ മക് മീകിൻ 2003 ൽ എഴുതിയത്.ഇന്ന് ലോകം ചർച്ച ചെയ്യുന്നില്ലെങ്കിലും,ഒരു കാലത്ത് ലോകത്തിലെ രാഷ്ട്രീയ നേതാക്കൾ ഭയ ഭക്തി ബഹുമാനങ്ങളോടെയാണ് ആ പേര് കേട്ടത്.ആദ്യ ലോകയുദ്ധ ശേഷം ലോകം ആശയ സംഘർഷത്തിൽ പെട്ടപ്പോൾ സോവിയറ്റ് യൂണിയൻറെ പ്രചാരണ സംവിധാനം കൈയിലെടുത്ത് അയാൾ അമ്മാനമാടി.ബെർലിനിലും പിന്നെ പാരിസിലും ഓഫീസിലിരുന്ന് ആ ജർമൻ കമ്മ്യൂണിസ്റ്റ് കാക്കത്തൊള്ളായിരം കമ്മ്യൂണിസ്റ്റ് പോഷക സംഘടനകൾ ഉണ്ടാക്കി -സൗഹൃദം,ജീവകാരുണ്യം,പ്രസാധനം,പത്രങ്ങൾ ,മാസികകൾ,തിയറ്ററുകൾ,ഫിലിം സ്റ്റുഡിയോകൾ,ക്ലബുകൾ,സ്‌കൂളുകൾ. ബ്യുണോസ് ഐറിസ് മുതൽ ടോക്യോ വരെ അത് നീണ്ടു.

ബ്രിട്ടീഷ് ചാരനായ കിം ഫിൽബിയെ സോവിയറ്റ് ചാരനാക്കി മാറ്റിയത് വില്ലിയാണെന്നും കഥയുണ്ട്.ബുദ്ധിജീവികളെ ആകർഷിച്ച് കമ്മ്യൂണിസത്തോടൊപ്പം നിർത്തിയതും വില്ലി ആയിരുന്നു.മാധ്യമ ചക്രവർത്തി ആയിരുന്നു അയാൾ.
സ്റ്റാലിനും ഹിറ്റ്ലറും സന്ധി ചെയ്‌ത്‌ 1939 ൽ പോളണ്ടിനെ ആക്രമിക്കും വരെ അത് നില നിന്നു.എല്ലാ രഹസ്യങ്ങളും തുറന്നു പറയുമെന്ന് അയാൾ കോമിന്റേൺ സെക്രട്ടറി ദിമിത്രോവിന് കത്തെഴുതി.1940 ജൂണിൽ അയാളെ ഫ്രാൻസിൽ സ്റ്റാലിന്റെ ഏജന്റുമാർ കൊന്നു.
ലോക കമ്മ്യൂണിസ്റ്റ് ചരിത്രം പരതുമ്പോൾ എല്ലായിടത്തും ഇയാളെ കണ്ടുമുട്ടുന്നു എന്നതാണ് എൻറെ അനുഭവം.കൊല ആസൂത്രണം ചെയ്യുന്നവനായും കാണാം.
വില്ലി മുൻസൻബെർഗ് 
മരിച്ച ശേഷം വില്ലി ലോകശ്രദ്ധയിൽ വരുന്നത് ആർതർ കോയ്സ്ലറുടെ ആത്മകഥയുടെ രണ്ടാം ഭാഗത്തിലാണ്.മുപ്പതുകളുടെ ആദ്യം യുവ ബെർലിനിൽ യുവ പത്രപ്രവർത്തകനായ കോയ്സ്ലർ വില്ലിയെ അറിഞ്ഞിരുന്നു.1933 -40 ൽ പാരിസിൽ അയാൾക്ക്‌ വേണ്ടി ജോലി ചെയ്‌തു.സംഘാടകനും പ്രസാധകനും പ്രചാരകനുമായി വില്ലി കോയ്സ്ലറുടെ മനസ്സിൽ നിറഞ്ഞു നിന്നു.'നട്ടുച്ചയ്ക്കിരുട്ട്' എഴുതി കമ്മ്യൂണിസ്റ്റ് വിരുദ്ധനായ കോയ്സ്ലർ ആദ്യ കാലത്ത് വില്ലി റിക്രൂട്ട് ചെയ്‌ത സോവിയറ്റ് പക്ഷക്കാരനായിരുന്നു.
എല്ലാ സംഘടനകളിലും വില്ലി അറിയപ്പെടാതെ പിന്നണിയിൽ നിന്നു.ഇന്റർനാഷനൽ വർക്കേഴ്‌സ് എയ്‌ഡ്‌ എന്ന സംഘടന 1921 ൽ ബെർലിനിൽ ഉണ്ടാക്കി കോടിക്കണക്കിന് രൂപയുടെ ആഹാരം സോവിയറ്റ് ക്ഷാമ കാലത്ത് അയച്ചു കൊണ്ടായിരുന്നു,വില്ലിയുടെ തുടക്കം.ഈ ട്രസ്റ്റ് പിന്നീട് പ്രസാധനത്തിന് ഉപയോഗിച്ചു.

ഹിറ്റ്‌ലർ ജനിച്ച അതേ വർഷം 1889 ഓഗസ്റ്റ് 14 നാണ് വില്ലിയും ജനിച്ചത്.തെക്കുകിഴക്കൻ പ്രഷ്യൻ നഗരമായ ഇർഫർട്ടിൽ -അത് ഇന്ന് തുറിൻഗിയ ആണ്.നാലാം വയസിൽ അമ്മ മരിക്കും വരെ അവിടെ വളർന്നു.ചെറിയ പട്ടാള ജീവിതം കഴിഞ്ഞ പിതാവിന് കാര്യമായ ജോലി ഒന്നും ഉണ്ടായിരുന്നില്ല.ഒരു സത്രം സൂക്ഷിപ്പുകാരനായിരുന്നു.പല സ്‌കൂളുകളിൽ പഠിച്ച വില്ലി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു.1914 ൽ ഒന്നാം ലോകയുദ്ധത്തെ തുണച്ചതിനെ ചൊല്ലി പിളർന്നപ്പോൾ ഇടത് പക്ഷത്തു നിന്നു.സൂറിച്ചിൽ ലെനിനെ കണ്ടു കൊണ്ടിരുന്നു.1918 ൽ ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയ കോൺഗ്രസിൽ പങ്കെടുത്തു.യങ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷനൽ മേധാവി ആയി.1924 ൽ എം പി .1933 ൽ ദിമിത്രോവ് റീഷ്സ്റ്റാഗ് കത്തിച്ച കേസിനെ തുടർന്ന് പാർട്ടി നിരോധിക്കും വരെ എം പി ആയിരുന്നു.1924 ൽ വില്ലി തുടങ്ങിയ ആർബിറ്റർ ഇല്ലസ്ട്രേറ്റയിറ്റെ സെറ്റുങ് ജർമനിയിലെ ഏറ്റവും വായിക്കുന്ന സോഷ്യലിസ്റ്റ് പത്രമായി.കോമിന്റേണും സോവിയറ്റ് രഹസ്യ പൊലീസിനും അയാൾ വിവരങ്ങൾ കൊടുത്തു.

കോമിന്റേണു വേണ്ടി തുടങ്ങിയ രാജ്യാന്തര പോഷക സംഘടനകളെ വില്ലി നിഷ്‌കളങ്ക ക്ലബുകൾ എന്ന് വിളിച്ചു.ഫ്രണ്ട്‌സ് ഓഫ് സോവിയറ്റ് യൂണിയൻ,വേൾഡ് ലീഗ് എഗൈൻസ്റ്റ് ഇoപീരിയലിസം,വർക്കേഴ്‌സ് ഇന്റർനാഷനൽ റിലീഫ് എന്നിവ വില്ലി ഉണ്ടാക്കിയത് റഷ്യയ്ക്ക് അനുകൂലമായി നിഷ്പക്ഷരെയും മിതവാദികളെയും തിരിക്കാൻ ആയിരുന്നു.ഇവ മുൻസൺബെർഗ് ട്രസ്റ്റിന് പണം പിരിക്കാൻ സഹായിക്കുകയും ചെയ്‌തു.വില്ലി ഒരു സംഘടനയുടെയും ഭാരവാഹി ആയില്ല.അയാൾ നല്ല ലിമോസിനിൽ സഞ്ചരിച്ചു;ആഡംബര ഫ്ലാറ്റിൽ ജീവിച്ചു.ആംസ്റ്റർഡാമിൽ 1932 നടത്തിയ യുദ്ധത്തിനെതിരായ ലോക കോൺഗ്രസിൽ 27 രാജ്യങ്ങളിൽ നിന്ന് 2000 പ്രതിനിധികൾ പങ്കെടുത്തു.അതിനെ തുടർന്ന് യുദ്ധത്തിനും ഫാഷിസത്തിനും എതിരായ ലോക സമിതി ബെർലിൻ ആസ്ഥാനമായി ഉണ്ടാക്കി.എന്നാൽ കോമിന്റേൺ വില്ലിയുടെ നീക്കങ്ങൾ പിടിക്കാതെ അയാളെ ഇതിൽ നിന്ന് മാറ്റി പകരം ദിമിത്രോവിനെ കൊണ്ട് വന്നു.അടുത്ത കൊല്ലം ഹിറ്റ്ലർ ചാൻസലറായി;സംഘടനാ ആസ്ഥാനം പാരിസിലേക്ക് മാറ്റി,വില്ലി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി.ദിമിത്രോവിനെ റീഷ്സ്റ്റാഗ് തീവച്ചതിന് അറസ്റ്റ് ചെയ്തപ്പോൾ തീവച്ചത് ഹിറ്റ്‌ലർ തന്നെ എന്ന് സ്ഥാപിക്കാൻ ലീഗ് എഗൈൻസ്റ്റ് ഇoപീരിയലിസം എതിർ വിചാരണ നടത്തി.

ബ്രിട്ടൻ യാത്രാനുമതി നൽകാത്തതിനാൽ,വില്ലി അമേരിക്കയിൽ പ്രചാരണം നടത്തി.എഴുത്തുകാരായ സിൻക്ലെയർ ലൂയിസും മാൽകം കൗലിയും ഒപ്പം ചേർന്നു.അന്നറിയപ്പെടാതിരുന്ന ചെക് എഴുത്തുകാരൻ എഗോൺ കിഷിനെ യുദ്ധത്തിനും ഫാഷിസത്തിനുമെതിരായ ഓസ്‌ട്രേലിയ സമ്മേളനത്തിന് കോമിന്റേൺ അയച്ചത് വില്ലിക്ക് കീർത്തി കൂട്ടി.ഓസ്‌ട്രേലിയ കിഷിനെ പുറത്താക്കാൻ ശ്രമിച്ചത് വലിയ വാർത്ത ആയി.കിഷ് കമ്മ്യൂണിസ്റ്റ് ആണെന്നതിന് തെളിവുണ്ടായിരുന്നില്ല.സഹ കോമിന്റേൺ ഏജന്റ് ഓട്ടോ കാറ്റ്സിനെ 1935 ലെ ഏഴാം കോൺഗ്രസിന് മുൻപ് അമേരിക്കയിൽ അയച്ച് ഹോളിവുഡ് ആന്റി നാസി ലീഗുണ്ടാക്കി.ഡൊറോത്തി പാർക്കർ മുന്നിൽ നിന്നു.ലീഗ് ഓഫ് അമേരിക്കൻ റൈറ്റേഴ്‌സ് ഉണ്ടായി.പോൾ മുനി,മെൽവിൻ ഡഗ്ളസ്,ജെയിംസ് കാഗ്നി എന്നീ നടൻമാർ ഒപ്പം കൂടി.
ഓട്ടോ കാറ്റ്സിനെ 1952 ഡിസംബർ മൂന്നിന് ചെക്കോസ്ലോവാക്യയിലെ സ്റ്റാൻസ്‌കി വിചാരണയ്ക്ക് ശേഷം,തൂക്കിക്കൊന്നു.

1933 -40 ൽ പാരിസിൽ ഇടക്കിടെ പോയ വില്ലി വിവാഹ മുക്‌തയായ പാർട്ടി അംഗം  ബാബെറ്റ്‌ ഗ്രോസിനെ  കെട്ടി-സോവിയറ്റ് യൂണിയനിൽ തടവിലായ മാർഗരറ്റ് ബ്യുബർ ന്യൂമാൻറെ സഹോദരി. പ്രവാസ കാലത്താണ് വില്ലി,കിം ഫിൽബിയെ സോവിയറ്റ് ചാരനാക്കിയത് എന്നാണ് കേൾവി.വില്ലിയുടെ സംഘടന വേൾഡ് സൊസൈറ്റി ഫോർ ദി റിലീഫ് ഓഫ് ദി വിക്‌ടിംസ് ഓഫ് ജർമൻ ഫാഷിസമാണ് ഫിൽബിയെ ഈ ജോലി ഏൽപിച്ചത്.

എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിലും ട്രോട് സ്‌കി വിരുദ്ധ ശുദ്ധീകരണം നടപ്പാക്കണം എന്ന സ്റ്റാലിൻ നയത്തിനൊപ്പം നിൽക്കാത്തതിനാൽ വില്ലിയോട്‌ മോസ്‌കോയിൽ പ്രവാസത്തിലായിരുന്ന പാർട്ടി സെക്രട്ടറി വാൾട്ടർ ഉൾബ്രിക്റ്റിന് വില്ലിയോട്‌ ശത്രുത ഉണ്ടായിരുന്നു.1936 ഒടുവിൽ ഇരുവരും അകന്നു.മോസ്‌കോയ്ക്ക് പോയി ദിമിത്രോവിനൊപ്പം കോമിന്റേൺ ജോലി ചെയ്യാൻ ഉൾബ്രിക്റ്റ് വില്ലിയോട്‌ ആവശ്യപ്പെട്ടു.തന്നെ എപ്പോൾ വേണമെങ്കിലും മോസ്‌കോ വിടാൻ അനുവദിക്കാമെങ്കിൽ മാത്രമേ നടക്കൂ എന്ന് പറഞ്ഞ് വില്ലി നിരസിച്ചു.അവിടെ ചെന്നാൽ ഉന്മൂലനത്തിലാകുമെന്ന് ഉറപ്പായിരുന്നു.ഉൾബ്രിക്റ്റ് അത് ലക്ഷ്യമാക്കിയാകണം പോകാൻ ആവശ്യപ്പെട്ടതും.സ്റ്റാലിനിസ്റ്റ് പാതയിൽ നിന്ന് വില്ലി വ്യതിചലിച്ചതായി ഉൾബ്രിക്റ്റ് മോസ്‌കോയ്ക്ക് റിപ്പോർട്ട് ചെയ്‌തിരുന്നു.പാരിസിൽ ഉൾബ്രിക്റ്റ്,ജർമൻ നിയമജ്ഞനും മുൻ പ്രഷ്യൻ ധനമന്ത്രിയുമായ ഓട്ടോ ക്ലെപ്പറോട് പറഞ്ഞു:" ഞങ്ങൾ അയാളെ ഉന്മൂലനത്തിന് മോസ്‌കോയ്ക്ക് അയയ്ക്കുകയാണ്."
ബാബെറ്റ്‌,വില്ലി,മാർഗരറ്റ് 
വില്ലിയോട് മോസ്‌കോയ്ക്ക് പോകാൻ പറഞ്ഞ ശേഷം കൂറില്ലാത്തവരെ ശുദ്ധീകരിക്കാൻ ഉൾബ്രിക്റ്റ് സ്പെയിനിലേക്ക് പോയി.തിരിച്ചു പാരിസിലെത്തി ജനകീയ മുന്നണി സമിതിയിൽ നിന്ന് സ്റ്റാലിനോട് കൂറില്ലാത്തവരെ നീക്കി.രണ്ടു വർഷത്തിനുള്ളിൽ,വില്ലി കൊണ്ടുവന്ന എഴുത്തുകാരെയെല്ലാം നീക്കുകയോ കൊല്ലുകയോ ചെയ്‌തു.ഒതുക്കപ്പെട്ട വില്ലി 1937 ഒക്ടോബറിലാണ് എല്ലാ രഹസ്യവും ലോകത്തോട് പറയുമെന്ന് കാട്ടി ദിമിത്രോവിന് എഴുതിയത്.മാർക്‌സിസം -ലെനിനിസത്തിൽ നിന്ന് വ്യതിചലിച്ച വഞ്ചകനാണ് വില്ലിയെന്ന് പാർട്ടി കമ്മിറ്റി വിലയിരുത്തി.പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരായ വില്ലിയുടെ പ്രതിഷേധം പേടിപ്പിക്കും വിധമായി.1938 അവസാനം പാർട്ടി ചെയർമാൻ വിൽഹെം പ്ലെക് പറഞ്ഞു:"ഇപ്പോഴത്തെ ഭീഷണി ട്രോട് സ്‌കിയിസം അല്ല,മുൻസൻബെർഗ് ആണ് ".

അയാളുടെ വിധി 1937 ൽ തന്നെ സ്റ്റാലിൻ തീരുമാനിച്ചിരുന്നു.ദിവസവും ഡയറി എഴുതുന്ന ദിമിത്രോവ് സ്റ്റാലിൻ സ്വകാര്യ സംഭാഷണത്തിൽ ഇങ്ങനെ പറഞ്ഞതായി കുറിക്കുന്നു:
Münzenberg is a Trotskyist. If he comes (to Moscow), we will arrest him. Give some thought on how to best to lure him here.
"മുൻസൻബെർഗ് ട്രോട് സ്കിയിസ്റ്റാണ്.അയാൾ ഇവിടെ വന്നാൽ നാം അറസ്റ്റ് ചെയ്യും.അയാളെ എങ്ങനെ കൊണ്ട് വരാം എന്നാലോചിക്കൂ".
ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പാർട്ടിയിൽ നിന്ന് വില്ലിയെ പുറത്താക്കി;അയാൾ സ്റ്റാലിനെതിരെ പരസ്യമായി രംഗത്ത് വന്നു.കോമിന്റേൺ മുഖപത്രം എഴുതി:
"Our unshaking determination to unify anti-Fascists, our sense of duty before the German people, obliges us to warn them about Münzenberg. He is an enemy!"
ഫാഷിസ്റ്റ് വിരുദ്ധരെ ഒന്നിപ്പിക്കാനുള്ള അചഞ്ചല നിശ്ചയം കാരണം ജർമ്മൻ ജനതയ്ക്ക് മുന്നറിയിപ്പ് നൽകുന്നു -അയാൾ ശത്രുവാണ്.
ഡൈ സുകുനഫിറ്റ് എന്ന പുതിയ മാസിക വില്ലി തുടങ്ങി;അയാൾ ഫാഷിസത്തിനും സ്റ്റാലിനും എതിരെ നിന്നു.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിൽ രാജ്യാന്തര ബ്രിഗേഡിന് സോവിയറ്റ് ആയുധങ്ങൾ വാങ്ങി നൽകി.

എങ്കിലും അയാളുടെ സൂര്യൻ അസ്തമിക്കുകയായിരുന്നു.സുഹൃത്തുക്കളായ കാൾ റാഡെക്,ഹെയ്ൻസ് ന്യൂമാൻ എന്നിവർ സോവിയറ്റ് ശുദ്ധീകരണത്തിൽ പെട്ടു.ന്യൂമാൻറെ ഭാര്യ മാർഗററ്റിനെ തടവിലാക്കി.1940 ൽ അവർ ജർമനിയിൽ തിരിച്ചെത്തി,Under Two Dictators എന്ന ആത്മകഥ എഴുതി.

മുന്നേറുന്ന ജർമൻ സേനയിൽ നിന്ന് രക്ഷ തേടി വില്ലി 1940 ജൂണിൽ പാരിസിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്ക് രക്ഷപ്പെട്ടു.ദലാദീർ സർക്കാർ അയാളെ ചമ്പാരൻ വനത്തിൽ തടവിലാക്കി.ക്യാമ്പിലെ അപരിചിതനായ അന്തേവാസി,ജർമനിയും ഫ്രാൻസും സന്ധി ( ജൂൺ 22 ) ഒപ്പിടുന്ന ബഹളത്തിനിടയിൽ തടവ് ചാടാമെന്ന് വില്ലിയോട് പറഞ്ഞു.ഇയാൾ സോവിയറ്റ് ചാര മേധാവി ബേറിയയുടെ ഏജൻറ് ആയിരുന്നു എന്ന് കരുതപ്പെടുന്നു.വില്ലി സമ്മതിച്ചു.വില്ലി,വാലെന്റിൻ ഹാർട്ടിഗ്,വില്ലിയുടെ പ്രസാധന സഹായി ഹാൻസ് സീംസൻ എന്നിവർ തെക്ക് സ്വിസ് അതിർത്തിയിലേക്ക് യാത്രയായി.ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വില്ലിയെ കാണാതായി -അയാൾ തിരിച്ചു വന്നില്ല.ഒക്ടോബർ 17 ന് സെൻറ് മർസെലിനടുത്ത കാട്ടിൽ,വില്ലിയുടെ പാതി ജീർണിച്ച ജഡം ഒരു ഓക്ക് മരത്തിന് ചുവട്ടിൽ വേട്ടക്കാർ കണ്ടെത്തി.ചരട് കൊണ്ടുള്ള വളയത്തിൽ ( garrote ) കഴുത്തു കുരുക്കി കൊന്നതായിരുന്നു.മുട്ടിൽ ചാരിയിരിക്കുന്ന നിലയിൽ ആയിരുന്നു,ജഡം.മരത്തിൻറെ ശാഖയിൽ നിന്ന് ചരട് പൊട്ടി വീണതായിരുന്നു.പൊലീസ് അന്തേവാസികളെ ചോദ്യം ചെയ്യാതെ ആത്മഹത്യ എന്ന് വിധി എഴുതി.കൂടെയുണ്ടായിരുന്നവർ അയാൾ ഉന്മേഷവാൻ ആയിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തി -പൊടുന്നനെ കാണാതാവുകയായിരുന്നു.കൂടെയുള്ള സഖാക്കൾ തന്നെ കൊന്നു കെട്ടി തൂക്കിയതാകാം.വില്ലിയുമായി തെറ്റിപ്പിരിഞ്ഞ ഓട്ടോ കാറ്റ്സ് ആണ് സ്റ്റാലിന് വേണ്ടി കൊല ആസൂത്രണം ചെയ്‌തത്‌ എന്നും പറയപ്പെടുന്നു.അയാളാണ് ഈ കൊല കഴിഞ്ഞ് സെപ്റ്റംബറിൽ ട്രോട് സ്‌കിയെ കൊല്ലാൻ റാമോൺ മക്കാർദറിനെ കണ്ടെത്തിയത്.

വില്ലിയെ ട്രോട് സ്‌കിയാണ് തൻറെ ആദ്യ പ്രവാസ കാലത്ത് റിക്രൂട്ട് ചെയ്‌ത്‌ ലെനിന് പരിചയപ്പെടുത്തിയതെന്ന് Double Lives എന്ന പുസ്തകത്തിൽ സ്റ്റീഫൻ കോച് പറയുന്നു.അവരൊന്നിച്ചാണ് ബുദ്ധിജീവികളെയും പാശ്ചാത്യ പ്രമുഖരെയും പ്രചാരണത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചത്.ജീവകാരുണ്യ പ്രവൃത്തികൾ സോഷ്യലിസം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രചരിപ്പിക്കുക ആയിരുന്നു ലക്ഷ്യം.വില്ലി കൊണ്ടുവന്ന എഴുത്തുകാർ ദൂരെ നിന്ന് സോഷ്യലിസത്തെ പ്രകീർത്തിക്കുന്ന ശിശുക്കളായിരുന്നെന്ന് പിൽക്കാലത്ത് ട്രോട് സ്‌കി പരിതപിച്ചു.

രണ്ടാം ലോകയുദ്ധ ശേഷം വില്ലിയുടെ സുഹൃത്തുക്കൾ കിഴക്കൻ ജർമൻ ചാര സംഘടന സ്റ്റാസിയുടെ നിരീക്ഷണത്തിൽ ആയിരുന്നു. മാർഗരറ്റ് മടങ്ങി വന്നത് വിസ്മയം ആയിരുന്നു. ഏജന്റുമാർ വില്ലിയെ കൊന്നതാണെന്ന് മാർഗരറ്റ് പറഞ്ഞു പരത്തുന്നതായി സ്റ്റാസി റിപ്പോർട്ട് ചെയ്‌തു.മാർഗരറ്റിൻറെ രണ്ടാമത്തെ പങ്കാളിയായിരുന്നു ,ന്യൂമാൻ.ആദ്യ ഭർത്താവ്,തത്വചിന്തകൻ മാർട്ടിൻ ബ്യുബറുടെ മകൻ റാഫേൽ ബ്യുബർ.ഇമ്പ്രെകോർ എഡിറ്ററായിരുന്നു.ജർമനിയിൽ കോമിന്റേൺ ഏജൻറ് ആയിരുന്ന ന്യൂമാനെ 1929 ൽ കണ്ടുമുട്ടി.1933 നവംബറിൽ മോസ്‌കോയിൽ നിന്ന് വിളി വന്നെങ്കിലും ന്യൂമാൻ സ്വിറ്റ്സർലാൻഡിലേക്ക് വഴുതി മാറി.അവിടെ അറസ്റ്റ് ചെയ്‌ത്‌ പുറത്താക്കിയപ്പോൾ,പാരിസിലെത്തി ന്യൂമാനും മാർഗരറ്റും വില്ലിക്കൊപ്പം നിന്നു.മാർഗരറ്റിൻറെ സഹോദരിയെ വില്ലി കെട്ടി.1935 മെയിൽ കോമിന്റേൺ ഇരുവരെയും ഫോറിൻ വർക്കേഴ്‌സ് പബ്ലിഷിംഗ് ഹൗസിൽ പരിഭാഷകരാക്കി.കോമിന്റേൺ ഹോട്ടൽ ലക്‌സിൽ താമസിക്കേ,1937 ഏപ്രിൽ 27 ന് ന്യൂമാനെ അറസ്റ്റ് ചെയ്‌തു.നവംബർ 26 ന് കൊന്നു.കൊലയുടെ വിവരം അറിയാത്ത മാർഗരറ്റിനെ 1938 ജൂൺ 19 ന് അറസ്റ്റ് ചെയ്‌ത്‌ ലുബിയാങ്ക തടവറയിലാക്കി.ജനശത്രുവിൻറെ ഭാര്യ എന്ന നിലയിൽ ലേബർ ക്യാമ്പുകളിലേക്ക് കൊണ്ട് പോയി.1940 ഫെബ്രുവരിയിൽ അവരെ വിട്ടത്,നാസി തടവുകാരുമായുള്ള കൈമാറ്റത്തിൽ ആയിരുന്നു.
ജർമനിയിൽ റവൻസ്‌ബ്രേക് കോൺസൻട്രേഷൻ ക്യാമ്പിലായിരുന്നു.

യുദ്ധ ശേഷം മോചിതയായി.ആർതർ കോയ്സ്ലർ പറഞ്ഞിട്ട് അനുഭവങ്ങൾ എഴുതി.കോയ്സ്ലർ വില്ലിയുടെ ഓഫിസിലാണ് ആദ്യം സഹോദരിമാരെ കണ്ടത്.ബാബെറ്റ്‌ ഗ്രോസ്,മാർഗരറ്റിന്റെ സഹോദരി,വില്ലിയുടെ ജീവചരിത്രം എഴുതി.ബാബെറ്റിന്റെ ആദ്യഭർത്താവ് ഫ്രിറ്റ്സ് ഗ്രോസും എഴുത്തുകാരനായിരുന്നു.ബെർലിൻ മതിൽ വീഴുന്നതിന് മൂന്ന് ദിവസം മുൻപായിരുന്നു,മാർഗരറ്റിന്റെ മരണം.ബാബെറ്റ്‌ 1937 ൽ പാർട്ടി വിട്ട് 1940 ൽ നാസി തടവറയിലായി.പോർച്ചുഗൽ വഴി മെക്സിക്കോയിലേക്ക് രക്ഷപ്പെട്ടു.അവിടെമുൻ മന്ത്രി ഓട്ടോ ക്ലെപ്പർകൊപ്പം താമസിച്ചു;1947 ൽ തിരിച്ചെത്തി ക്ലെപ്പർകൊപ്പം ജീവിച്ചു.
ഓട്ടോ കാറ്റ്സ് 
വില്ലിയെ പാർട്ടി പുറത്താക്കി  ഒരു വർഷം കഴിഞ്ഞ് കോയ്സ്ലർ കമ്മ്യൂണിസം വിട്ടു .വില്ലി മരിച്ച ശേഷം, വിവരമുള്ളവർ കോയ്സ്ലറെ ഒഴിവാക്കിയിരുന്നു;പക്ഷെ,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ വാൾട്ടർ ബെഞ്ചമിൻ ആ ബന്ധം തുടർന്നു.ഒരു കഫെയിലിരുന്ന് ഇരുവരും പരസ്യമായി ഭാവി ചർച്ച ചെയ്തു.1941 ൽ ഇറങ്ങിയ  Scum of Earth എന്ന ഓർമ്മക്കുറിപ്പിൽ കോയ്സ്‌ലർ,ആ കൂടിക്കാഴ്ച വിവരിക്കുന്നു.ബെഞ്ചമിൻ 1933 ൽ ഹിറ്റ്‌ലർ അധികാരമേറ്റത് മുതൽ,ആവശ്യം വന്നാൽ ജീവനൊടുക്കാൻ  താൻ സൂക്ഷിക്കുന്ന,പത്രക്കടലാസിൽ പൊതിഞ്ഞ  62 ഉറക്ക ഗുളികകൾ കോയ്സ്ലറെ കാട്ടി.പകുതി കോയ്‌സ്‌ലർക്കു കൊടുത്തു.സ്പെയിനിലെ പോർട്ട് ബോയിൽ പൊലീസ് ബെഞ്ചമിനെ അറസ്റ്റ് ചെയ്‌തെന്നും അടുത്ത നാൾ തിരിച്ചയയ്ക്കുമായിരുന്നെന്നും കോയ് സ്‌ലർ പറയുന്നു.ട്രെയിനിൽ കയറ്റാൻ അവരെത്തിയപ്പോൾ ബെഞ്ചമിൻ മരിച്ചിരുന്നു.ബെഞ്ചമിനെ സ്റ്റാലിൻ കൊന്നതാണെന്നും സംശയമുണ്ട്.

ഈ സംഘത്തിൽ പെട്ട ഓട്ടോ കാറ്റ്സ് ( 1895 -1952 ) ബൊഹീമിയയിലെ ധനിക ജൂത കുടുംബത്തിലാണ് ജനിച്ചത്.മുപ്പതുകളിലും നാല്പതുകളിലും പാശ്ചാത്യ ബുദ്ധിജീവികൾക്കിടയിൽ പ്രവർത്തിച്ച സോവിയറ്റ് ചാരൻ.പ്രാഗിൽ കാഫ്‌ക,മാക്‌സ് ബ്രോഡ്,ഫ്രാൻസ് വെർഫെൽ എന്നിവരുമായും സൗഹൃദമുണ്ടായിരുന്നു.ഇoപീരിയൽ എക്സ്പോർട് അക്കാദമിയിൽ പഠിക്കുകയും ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്‌തു. പ്രാഗിൽ മെറ്റലർജിക്കൽ കമ്പനിയിൽ ജോലി നോക്കി.സാഹിത്യത്തിലും നാടകത്തിലും യുവ നടികളിലും ആയിരുന്നു,കമ്പം.എഗോൺ കിഷുമായി അടുപ്പമുണ്ടായിരുന്നു.കവിതകൾ എഴുതി.സോണിയ ബോഗ്‌സോവ എന്ന നടിയെ വിവാഹം ചെയ്‌തു;ആ ബന്ധം നീണ്ടില്ല.ഇരുവരും 1921 ൽ ബെർലിനിൽ താമസം തുടങ്ങിയിരുന്നു.1924 ൽ ബാബെറ്റ്‌ വഴിയാണ് വില്ലിയെ പരിചയപ്പെട്ടത്.ഒടുവിൽ വില്ലിയെപ്പറ്റി സോവിയറ്റ് ചാര സംഘടനയ്ക്ക് വിവരങ്ങൾ നൽകിയത് കാറ്റ്സ് ആയിരുന്നു.വില്ലിയെപ്പോലെ,സ്റ്റാലിന്റെ രാജ്യാന്തര ചാരനായി.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധകാലത്ത് അവിടത്തെ ഉന്മൂലനങ്ങളിൽ പങ്കെടുത്തു;ട്രോട് സ്‌കിയുടെ കൊലയാളി അവിടന്നായിരുന്നു.1952 ഡിസംബർ 13 ന് ചെക്കോസ്ലോവാക്യയിലെ റൂസിനെ ജയിലിൽ തൂക്കിക്കൊന്നു .

See https://hamletram.blogspot.com/2019/08/blog-post_25.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...