Friday 14 July 2023

കൊച്ചിയിൽ നിന്ന് മാർപ്പാപ്പയ്ക്ക് ഒരാന

 പോർച്ചുഗൽ രാജാവിന് സമ്മാനം 

ആനയെയും കടലിനെയും നമുക്ക് മാത്രമല്ല, മാർപ്പാപ്പയ്ക്കും മടുക്കില്ല. അതിനാൽ, പോർച്ചുഗീസുകാർ കൊച്ചിയിൽ അധിനിവേശം നടത്തുകയും മാനുവൽ കോട്ട പണിയുകയും ചെയ്ത പുതുക്കത്തിൽ, 1512 ൽ, കൊച്ചി രാജാവ് ഉണ്ണിരാമൻ കോയിക്കൽ (ഭരണം 1503 -1537) പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമന് ഒരു ആനയെ കൊടുത്തു; രാജാവ് അത് ലിയോ പത്താമൻ മാർപ്പാപ്പയുടെ അഭിഷേകത്തിന് (1514) സമ്മാനമായി കൊടുത്തു. ഈ വെള്ളാനയുടെ  കഥയാണ്, വത്തിക്കാൻ ഗവേഷകൻ സിൽവിയോ ബേദിനി എഴുതിയ, 'മാർപ്പാപ്പയുടെ ആന' (Pope's Elephant, 2000). 

റാഫേൽ വരച്ച ഹന്നോ 

കൊച്ചിരാജാവ് ഇത് സമ്മാനമായി കൊടുത്തതോ അന്നത്തെ വൈസ്‌റോയ്‌ അഫോൻസോ ആൽബുക്കർക്കിനെക്കൊണ്ട് വാങ്ങിപ്പിച്ചതോ ആകാം എന്ന് പുസ്തകത്തിൽ ഊഹിക്കുന്നു. പേടിച്ചരണ്ട കൊച്ചി രാജാവ് വെറുതെ കൊടുത്തത്തതാകാനേ വഴിയുള്ളൂ. വാങ്ങിയതാണെന്ന് പറഞ്ഞ് ആൽബുക്കർക്ക്, പോർച്ചുഗൽ രാജാവിൽ നിന്ന് പണം വാങ്ങിയിരിക്കാം.

ഹന്നോ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ആനയെ ഇറ്റലിക്കാർ വിളിച്ചത്, 'അന്നോൻ' എന്നാണ്. രണ്ടു വാക്കും 'ആന' എന്ന വാക്കുമായി ബന്ധമുള്ളതാണ്. റോമിലെ പോർച്ചുഗീസ് സ്ഥാനപതി ത്രിസ്താവോ കുൻഹയ്ക്ക് ഒപ്പം റോമിലെത്തിയ ആന മാർപ്പാപ്പയുടെ ഓമനയായി വളർന്നു; രണ്ടു കൊല്ലം കഴിഞ്ഞ് മലബന്ധം വന്ന് ചെരിഞ്ഞു. മരിക്കുമ്പോൾ ആനയ്ക്ക് ഏഴു വയസ്സായിരുന്നു.

ആനയെ എത്തിച്ച സ്ഥാനപതി ത്രിസ്താവോ, 1504 ൽ ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്‌റോയ്‌ ആയി നിയമിതനായിരുന്നു എങ്കിലും, താൽക്കാലികമായി വന്ന അന്ധത കാരണം, സ്ഥാനമേറ്റില്ല. ആൽബുക്കർക്ക് അടുത്ത ബന്ധുവായിരുന്നു; 1529 ൽ ഇന്ത്യയിലെ ഒൻപതാമത്തെ പോർച്ചുഗീസ് ഗവർണർ നൂനോ കുൻഹ, ത്രിസ്താവോയുടെ മകനായിരുന്നു. 

ഉണ്ണിരാമൻ രാജാവ് സ്ഥാനമേൽക്കുന്നതിന് തൊട്ടു മുൻപ്, 1500 ലാണ് പോർച്ചുഗീസ് അഡ്‌മിറൽ പെദ്രോ അൽവാരെസ് കബ്രാൾ കോഴിക്കോട്ട് നിന്ന് പിൻവാങ്ങി കൊച്ചി തീരത്തെത്തിയത്. രാജാവ് അദ്ദേഹത്തെ സ്വാഗതം ചെയ്ത്, സാമൂതിരിക്കെതിരെ ഉടമ്പടിയുണ്ടാക്കി. കോട്ട പണിതു. കബ്രാൾ പോയപ്പോൾ, 30 പോർച്ചുഗീസുകാരും നാല് ഫ്രാൻസിസ്കൻ പാതിരിമാരും കൊച്ചിയിൽ തുടർന്നു. പോർച്ചുഗീസ് പിന്തുണ ഉറപ്പായപ്പോൾ, കൊച്ചി രാജാവ് ശത്രുവായ സാമൂതിരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1502 ൽ വാസ്കോ ഡ ഗാമ കൊച്ചിയിലെത്തി. 1503 സെപ്റ്റംബർ 27 ന് തടി കൊണ്ടുള്ള കോട്ടയ്ക്ക് കല്ലിട്ടു -ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് കോട്ട. ഇതൊക്കെയാണ്, ഒരാന കൊച്ചിയിൽ നിന്ന് കപ്പൽ കയറാനുള്ള പശ്ചാത്തലം.

37 വയസിൽ മാർപ്പാപ്പ 

കർദിനാൾ ജിയോവാനി മെഡിച്ചി, ലിയോ പത്താമൻ മാർപ്പാപ്പയാകാനുള്ള സാഹചര്യങ്ങൾ ബേദിനിയുടെ പുസ്തകത്തിലുണ്ട്. ടസ്കനിയിലെ മാടമ്പിയായ, പ്രബലമായ മെഡിച്ചി കുടുംബക്കാരനായ ലോറൻസോയുടെ രണ്ടാമത്തെ മകനായ ജിയോവാനി, മാർപ്പാപ്പയാകുന്നത് 37 വയസ്സിലാണ്. പുരോഹിതനല്ലാതെ മാർപ്പാപ്പയാകുന്ന അവസാനത്തെ ആൾ. ബന്ധുവായ മാർപ്പാപ്പ ഇന്നസെൻറ് എട്ടാമനോട് ശുപാർശ ചെയ്ത്, ലോറൻസോ മകനെ നേരിട്ട് 13 വയസിൽ ഡൊമിനിക്കയിലെ സാന്താമാരിയയിൽ  കർദിനാൾ ആക്കുകയായിരുന്നു. മൂന്ന് വർഷം കഴിഞ്ഞേ വേഷഭൂഷാദികൾ ധരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ മരിച്ചപ്പോൾ, തിരുസംഘത്തിലെ യുവജനങ്ങളുടെ വോട്ടിലാണ് ജിയോവാനി പരമപദമേറിയത്.

ബേദിനിയുടെ പുസ്തകം 

ലിയോ പത്താമൻ 1517 ൽ അനന്തരവൻ ലോറൻസോയെ ഊർബിനോയിലെ ഡ്യൂക്ക് ആക്കാൻ വലിയ ചെലവ് വന്ന യുദ്ധം നടത്തി വത്തിക്കാനിലെ ഖജനാവ് കാലിയാക്കി. മാർട്ടിൻ ലൂഥറുടെ നേതൃത്വത്തിലെ പ്രൊട്ടസ്റ്റൻറ് നവോത്ഥാനത്തെ മാർപ്പാപ്പ എതിർത്തു. ലൂഥറെ പുറത്താക്കി പത്താം മാസമായിരുന്നു, മാർപ്പാപ്പയുടെ മരണം.

ആന പുറപ്പെടുന്നു 

ഹന്നോ ആന ലിസ്ബണിൽ നിന്ന് യാത്രയായത് ഒറ്റയ്ക്കല്ല; 42 മൃഗങ്ങൾ വേറെയുണ്ടായിരുന്നു. പുള്ളിപ്പുലി, കഴുതപ്പുലി, തത്തകൾ, ടർക്കി കോഴികൾ, അപൂർവയിനം ഇന്ത്യൻ കുതിരകൾ. 140 അംഗ പ്രതിനിധി സംഘം, റോമിലെത്തിയത് 1914 ഫെബ്രുവരിയിലാണ്. ഇന്ത്യയിൽ നിന്നുള്ള സമ്പത്ത് ഒഴുകുന്ന മിന്നുന്ന കാലത്ത് വിരാജിക്കുകയായിരുന്നു, മാനുവൽ രാജാവ്. ജനുവരി 18 ന് മാർപ്പാപ്പ, മാനുവലിന് ഒരു സന്ദേശം എത്തിച്ചിരുന്നു: പണമോ ഖ്യാതിയോ ആകരുത് ലക്ഷ്യം, മതം വളരണം. ഇതിൽ ആഹ്‌ളാദം പൂണ്ടാണ്, മാനുവൽ റോമിലേക്ക് സമ്മാന സഞ്ചയത്തെ യാത്രയാക്കിയത്. 

നെറ്റിപ്പട്ടവും അമ്പാരിയുമൊക്കെ പെട്ടികളിൽ അകമ്പടിയായി. 1514 മാർച്ച് 12 ന് റോമിലെ തെരുവുകളിൽ ആഘോഷമായ പ്രദക്ഷിണമുണ്ടായി. ആന പിന്നിൽ വഹിച്ച വെളിപ്പെട്ടിയിൽ, വജ്രവും മുത്തും ആഘോഷത്തിനായി കമ്മട്ടത്തിൽ അടിച്ച നാണയങ്ങളും ഉണ്ടായിരുന്നു. ആഞ്ചലോ കൊട്ടാരത്തിൽ, മാർപ്പാപ്പ, പ്രദക്ഷിണത്തെ വരവേറ്റു. മാർപ്പാപ്പയ്ക്ക് മുന്നിൽ, ഇവിടന്നു പോയ പാപ്പാൻ്റെ ആജ്ഞപ്രകാരം, ഹന്നോ മൂന്ന് തവണ തല കുനിച്ചു. ഒരു തൊട്ടിയിൽ നിന്ന് തുമ്പിക്കൈ കൊണ്ട് വെള്ളമെടുത്ത് ആന, കർദിനാൾമാരുടെയും  ജനക്കൂട്ടത്തിൻറെയും മുകളിലേക്ക് ചീറ്റി, കേരളത്തിൻ്റെ കൂടി ആശിസ്സുകൾ ചൊരിഞ്ഞു. 

ആനയെ ആദ്യം സൂക്ഷിച്ചത്, ബെൽവേദരെ നടുമുറ്റത്താണ്. അതിന് ശേഷം, സെൻറ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കും മാർപ്പാപ്പയുടെ അരമനയ്ക്കുമിടയിൽ പുതുതായി പണിത താവളത്തിൽ പാർത്തു. ഈ സൗകര്യം ഒരു അൽമായനും കിട്ടിയിട്ടില്ല. ജനിക്കുകയാണെങ്കിൽ ആനയായി ജനിക്കണം എന്ന് ഏതു കത്തോലിക്കനും വിചാരിക്കുന്ന മുഹൂർത്തമായിരുന്നു, അത്.റോം അന്ന് ലോകത്തിലെ ക്രൈസ്തവ കേന്ദ്രം മാത്രമല്ല, റാഫേൽ, ഡാവിഞ്ചി, മൈക്കലാഞ്ചലോ എന്നീ ദൈവതുല്യരായ കലാകാരന്മാരുടെ ജീവിത കേന്ദ്രം കൂടിയായിരുന്നു. റാഫേൽ വരച്ച ഹന്നോയുടെ ചിത്രം നിലനിൽക്കുന്നു. ധാരാളം ചിത്രങ്ങളിലും ശിൽപങ്ങളിലും സ്ഥാനം പിടിച്ച ഹന്നോ സകല ആഘോഷത്തിലും തലയെടുപ്പോടെ നിന്നു. പ്രഭുവായ പാസ്കൽ മലാസ്പിന ആനക്കവിത എഴുതി. 

രണ്ടു കൊല്ലം കഴിഞ്ഞ് ആനയ്ക്ക് ദഹനക്കേട് ഉണ്ടായപ്പോൾ, സ്വർണം ചാലിച്ച ഒറ്റമൂലി കൊടുത്തു. 1516 ജൂൺ എട്ടിന് ആന ചെരിയുമ്പോൾ, മാർപ്പാപ്പ അടുത്തുണ്ടായിരുന്നു. അവനെ കോർട്ടിലെ ബെലവേദരെയിൽ അടക്കി. റാഫേൽ വരച്ച ആനയുടെ ചുമർ ചിത്രം കാലത്തെ അതിജീവിച്ചില്ല. എന്നാൽ, ലിയോ പത്താമൻ എഴുതിയ വിലാപഗീതം നശിച്ചില്ല. അത് ദേശീയ ഗജഗീതം ആകേണ്ടതാണ്.

നാടകകൃത്ത് പിയത്രോ അരാട്ടിനോ, ആനയെ കേന്ദ്ര കഥാപാത്രമാക്കി, 'ഹന്നോയുടെ ഒസ്യത്ത്' എന്ന പേരിലെഴുതിയ ഹാസ്യകൃതിയിൽ, മാർപ്പാപ്പയെയും രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചു. മാർപ്പാപ്പ അയാളുടെ ശിരച്ഛേദം  നടത്താതെ, സ്വന്തം സർവീസിൽ ജോലി കൊടുത്തുവെന്നത്, കേരളത്തിലെ മാർക്സിസ്റ്റുകൾക്ക് പാഠമാകേണ്ടതാണ്.

സരമാഗോയുടെ നോവൽ 

ആനയുമായി റോമിലെത്തിയ പോർച്ചുഗീസ് സംഘം, 1515 ഏപ്രിൽ 29 ആയപ്പോൾ, പാപ്പരായി. അവർക്ക് വേണ്ടി, മാർപ്പാപ്പ മാനുവൽ രാജാവിന് ഒരു കൽപ്പന ഉഗ്രൻ സമ്മാനങ്ങൾ സഹിതം, അയച്ചു. ഒരു കപ്പൽ നിറയെ സുഗന്ധ വ്യഞ്ജനങ്ങൾ രാജാവ് തിരിച്ചു സമ്മാനമായി നൽകി. 

ഇതിന് പിന്നാലെ, മാനുവൽ രാജാവിന്,  ഗുജറാത്തിലെ സുൽത്താൻ മുസഫർ ഷാ രണ്ടാമൻ ഒരു കാണ്ടാമൃഗത്തെ അയച്ചു കൊടുത്തു. അതുമായി പോയ കപ്പൽ, ജനോവയിൽ 1516 ഫെബ്രുവരി ആദ്യം അപകടത്തിൽ പെട്ടു. ഇതിനെ ആധാരമാക്കിയാണ്, ആൽബ്രെഷ്റ്റ് ഡൂറർ, റൈനോസെറോസ് എന്ന ചിത്ര പരമ്പര മരത്തിൽ ചെയ്തത്. കാണ്ടാമൃഗം ചത്തതിനാൽ, മാനുവൽ രാജാവിന് തൊലിക്കട്ടിയിൽ മത്സരിക്കേണ്ടി വന്നില്ല.

പോർച്ചുഗലിന് ഒരു ഇന്ത്യൻ ആനക്കഥ കൂടിയുണ്ട് -ജൊവാവോ മൂന്നാമൻ രാജാവ് 1555 ൽ ആർച്ച് ഡ്യൂക് മാക്സിമില്യന് കൊടുത്ത വിവാഹ സമ്മാനം സോളമൻ അഥവാ സുലൈമാൻ എന്ന ആനയെ ആയിരുന്നു. പേരിൽ മതമൈത്രിയുണ്ട്. ഇതിൻ്റെ ലിസ്ബണിൽ നിന്ന് വിയന്നയിലേക്കുള്ള യാത്രയാണ്, കേരളത്തിൽ അറിയപ്പെടുന്ന പോർച്ചുഗീസ് നോവലിസ്റ്റ് ഹോസെ സരമാഗുവിൻ്റെ The Elephant's Journey എന്ന നോവലിലെ വിഷയം. ഇതിൽ പാപ്പാന് പേരുണ്ട് -സുബ്‌റോ. ഹന്നോയുടെ പാപ്പാന് പേരില്ല. പാവം പാപ്പാൻ്റെ ജീവിതം കൊലച്ചോറാണ്.  


© Ramachandran 










FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...