Monday, 2 September 2019

സാർത്ര് വഞ്ചിച്ച വേശ്യ

പൂവിനും വണ്ടിനും ഇടയിലെ ജാലകം

ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഴാങ് പോൾ സാർത്രിന്റെ അസ്തിത്വ ദർശനം വിശദീകരിക്കുന്ന സത്തയും ശൂന്യതയും (Being and Nothingness) ഞാൻ സ്വന്തമാക്കുന്നത്‌, 1982 ലാണ്. തിരുവനന്തപുരത്ത് എം എ യ്ക്ക് പഠിക്കുമ്പോൾ,ക്‌ളാസിക്കുകൾ കിട്ടുന്ന ഒരു പെട്ടിക്കട ഫൈൻ ആർട്സ് കോളജിന് അടുത്തുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്ന് കോളജിലേക്ക് നടക്കുമ്പോഴും മടങ്ങുമ്പോഴും അവിടെ പരതും. പ്രധാന പുസ്തകശാലകളിൽ കിട്ടാത്ത വിഖ്യാത പുസ്തകങ്ങൾ അവിടെ കിട്ടും. സത്തയും ശൂന്യതയും പേപ്പർ ബാക്ക് അവിടെ കണ്ട അദ്‌ഭുതത്തിൽ, ആ മാസം വീട്ടിൽ നിന്ന് അയച്ച പണം മുഴുവൻ അവിടെ മുടക്കി. അതും അവിടന്ന് കിട്ടിയ മിലോവൻ ജിലാസിന്റെ ന്യൂ ക്‌ളാസും ഇപ്പോഴും എൻറെ പക്കലുണ്ട്.

സാർത്ര് 

വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോൾ, ആ പെട്ടിക്കടക്കാരൻ പാളയം പള്ളിക്കടുത്ത് സാമാന്യം വലിയ കട തുറന്നിരുന്നു. ക്‌ളാസിക്കുകൾ ഉപേക്ഷിച്ചിരുന്നു.

സത്തയും ശൂന്യത യും പൂർണമായി മനസിലായ രണ്ടു മലയാളികൾ ഉണ്ടായിരുന്നു: കേരള സർവകലാശാലയിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന ഡോ കെ രാഘവൻ പിള്ളയും വിലാസിനിയും (എം കെ മേനോൻ). ഇരുവരും അസ്തിത്വ വാദം അറിയാവുന്നവർ എന്ന നിലയിൽ പരസ്‌പരം സുഹൃത്തുക്കൾ ആയി. സാർത്രിനെപ്പോലെ, അനൗപചാരിക ജീവിതം നയിച്ചയാളാണ് വിലാസിനി. സിംഗപ്പൂരിൽ അദ്ദേഹം തുടങ്ങിയ സഹജീവിതം അറിയാതെ, അവിവാഹിതൻ എന്ന് മാധ്യമങ്ങൾ എഴുതി. മകനെ കാണാൻ സിംഗപ്പൂരിൽ പോയി മടങ്ങിയ അമ്മ പറഞ്ഞു: "അവന് ഇനി കല്യാണത്തിൻറെ ആവശ്യമില്ല".

രാഘവൻ പിള്ളയാകട്ടെ. അദ്വൈത ജ്ഞാനം കൈയിൽ വച്ചാണ് ലണ്ടനിൽ നിന്ന് ഡോക്റ്ററേറ്റ് നേടി കലിഫോർണിയ സർവകലാശാലയിൽ പോസ്റ്റ് ഡോക്റ്ററൽ പഠനം തുടർന്ന്, അധ്യാപകനായത്. സാർത്രിന്റെ അസ്തിത്വ ദർശനം (1980) എന്ന പുസ്തകം തന്നെ എഴുതി.

സാർത്രിന്റെ അസ്തിത്വ ദർശനം മലയാളികൾക്ക് മനസ്സിലാകാത്തതിന് കാരണം, ആരംഭത്തിലേക്ക് പോകാതിരുന്നത് കൊണ്ടാണ്. ഡാനിഷ് ചിന്തകൻ സോറൻ ആബിയെ കീർക്കെഗാദിൽ തുടങ്ങണം. അവിടെയാണ്, വേര്.

കാമുകി അണിയിച്ച മനസ്സമ്മത മോതിരം തിരിച്ചു കൊടുത്ത്,ഭൗതിക ജീവിതം വിച്ഛേദിച്ച കീർക്കെഗാദ്,മനുഷ്യൻ അവൻറെ പാപ ബോധത്തിൽ കൂടി ഈശ്വര വിശ്വാസത്തിലേക്ക് കുതിക്കണം (a leap into faith) എന്ന് സിദ്ധാന്തിച്ചു.പഴയ നിയമത്തിലെ അബ്രഹാമിൻറെ കഥ ഉദാഹരിച്ച്, വിശ്വാസ പുരുഷൻ എന്ന അബ്രഹാമിൻറെ സ്ഥാനത്തിനും എത്രയോ താഴെയാണ്, ഗ്രീക്ക് ദുരന്ത നായകൻ എന്ന് അദ്ദേഹം കണ്ടു. അബ്രഹാമിനോട് ദൈവം ആവശ്യപ്പെടുന്നത്, പുത്രനെ ബലി കൊടുക്കാനാണ്. സാധാരണ മനുഷ്യൻറെ കണക്കു കൂട്ടലിന്  വിധേയമാകാത്ത ഒരു തലമാണ് അത്.അതിനാൽ അത്, അസംബന്ധ (absurd) ത്തിൻറെ മണ്ഡലമാണ്. അതിനെ വിശ്വാസം ആധാരമായ മറ്റൊരു  അസംബന്ധത്തിൻറെ കരുത്തു കൊണ്ട് അബ്രഹാം നേരിട്ടു.ദൈവം പുത്രനെ ചോദിക്കുന്ന അസംബന്ധത്തെ, അത് അനുസരിക്കുക എന്ന അസംബന്ധം കൊണ്ട് നേരിട്ടു.ഇവിടെ അസംബന്ധം nonsense അല്ല. ഈശ്വര വിശ്വാസിയായ കീർക്കെഗാദ് അങ്ങനെ കാണുകയില്ല. ആത്യന്തിക സത്യമായ ഈശ്വരന് താഴെയുള്ളതൊക്കെ, എല്ലാ ഭൗതിക വിജയവും, പാപത്തിൻറെ സന്തതികൾ ആണെന്ന് അദ്ദേഹം കരുതി. ആത്മീയ ജീവിതവും ഭൗതിക ജീവിതവും തമ്മിൽ ഒരു പൊരുത്തവും ഇല്ല. രണ്ടിലൊന്ന് സ്വീകരിക്കാം. ഇതാണ് സ്വന്തം പ്രണയ വിച്ഛേദത്തിന് ശേഷം കീർക്കെഗാദ് എഴുതിയ, 'അത്/ ഇത് ' (Either/  Or) എന്ന പുസ്തകം.


ഹെഗലിൻറെ ഭൗതിക ദർശനവും കീർക്കെഗാദിൻറെ അസ്തിത്വ ദർശനവും പേറിയാണ് പിൽക്കാല യൂറോപ്യൻ ചിന്തകർ വളർന്നത്. ഗബ്രിയേൽ മാർസൽ, കീർക്കെഗാദിനെ അങ്ങനെ തന്നെ പിൻ പറ്റിയപ്പോൾ, ഫ്രഞ്ചുകാരൻ തന്നെയായ സാർത്ര്, കീർക്കെഗാദിന്റെ അസ്തിത്വ വാദത്തെ നിരീശ്വരത്വത്തിൽ പ്രതിഷ്ഠിച്ചു. മാർട്ടിൻ ഹൈഡഗർ, കാൾ ജാസ്‌പെർസ്‌, ഫ്രഡറിക് നീഷേ എന്നിവർ രണ്ടിനുമിടയിൽ നിന്നു. മാർക്‌സിസ്റ്റും നിരീശ്വര വാദിയുമായിരുന്നു, സാർത്ര് (1905 -1980 ).

നിരീശ്വര വാദിയായ മാർക്സിസ്റ്റിനും ഈശ്വര വാദിയായ അദ്വൈതിക്കും ചർച്ച ചെയ്യാവുന്ന ഒന്ന് അസ്തിത്വ വാദത്തിലുണ്ട്- 'അസ്തിത്വം അതിൻറെ സത്തയ്ക്ക് മുൻപേ ഉണ്ട്' ( existence precedes essence ) എന്ന് അസ്തിത്വവാദം പറയുന്നതിൽ ചർച്ചയാകാം. സത്യം വ്യക്തിത്വത്തിൻറെ ലക്ഷണമായി അനുഭവിക്കുക തന്നെ വേണം; സത്യത്തിൽ എത്താനാവില്ല എന്ന ആശയത്തിലുംചർച്ച ആകാം. ഇച്ഛയ്ക്കാണ് (Will) അസ്തിത്വ വാദത്തിൽ പ്രാധാന്യം. പറയുന്നതിനേക്കാൾ പ്രധാനമാണ്,ഓരോരുത്തരും ജീവിക്കുന്ന തത്വം. അതിനാൽ ഔപചാരിക ജീവിതം കപടമാണ് എന്ന് അസ്തിത്വ വാദികൾ പറയുന്നു.

അസ്തിത്വ വാദം (existentialism) ഗ്രീക്ക്, ഭാരതീയ ദർശനങ്ങളിൽ കാണാമെങ്കിലും, സാർത്രിന്റെ യൂറോപ്പിൽ അത് വേര് പിടിച്ചത്, രണ്ടു ലോകയുദ്ധങ്ങൾ കാരണം, വിശ്വാസം ചിതറി തെറിച്ചത് കൊണ്ടാണ്. രണ്ടാം ലോകയുദ്ധം കഴിഞ്ഞ് കാൽ നൂറ്റാണ്ട് കാലം അസ്തിത്വ ദർശനം യൂറോപ്പിൽ നിറഞ്ഞു നിന്നു. എൻറെ യൗവനത്തിലെ നായകന്മാരായിരുന്നു, സാർത്രും കാമുവും കാഫ്‌കയും. മനുഷ്യൻ എന്ന പൊതു തത്വത്തെ ഉപേക്ഷിച്ച്,വ്യക്തിയുടെ ആകുലതകൾ (angst) കൈകാര്യം ചെയ്‌ത ദർശന പദ്ധതിയാണ്, അത്. വ്യക്തിയെ പ്രധാനമായി എടുക്കുമ്പോൾ, കീർക്കെഗാദ് കണ്ടത്, അന്യൻ അസ്തിത്വ സാക്ഷാൽക്കാരത്തിന് തടസ്സമാണ് എന്നാണ്. സാർത്രിന്, അന്യൻ നരകം തന്നെ ആയി. എല്ലാ അസ്തിത്വ വാദികളും വ്യക്തിയുടെ മൗലിക പ്രശ്നങ്ങളായ സ്വാതന്ത്ര്യം, നിരാശ, ആകുലത, അന്യതാ ബോധം, മൃത്യു ഭീതി എന്നിവയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അസ്തിത്വം മനുഷ്യന് മാത്രമേയുള്ളു. മനുഷ്യന് പൂർവ നിശ്ചിത സത്തയില്ല; അസ്തിത്വമേയുള്ളു. അവൻ സാധ്യതകളുടെ സമാഹാരമാണ്. അതിനാൽ, അവന് ഉചിതമായ തിരഞ്ഞെടുപ്പ് വഴി, സ്വന്തം സത്തയ്ക്ക് രൂപം നൽകാൻ സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം താങ്ങാനാവാത്ത ചുമതല ആയതിനാൽ, ആകുലമായ ശാപമാണ്. സ്ഥല കാലങ്ങളിലെ വ്യക്തിയുടെ നിൽപും (Facticity) പ്രപഞ്ചത്തിലെ അവൻറെ പാഴ്‌നിലയും (Throwness) ആകുലതയെ അസഹ്യമാം വണ്ണം തീവ്രമാക്കുന്നു.

ഈ സാഹചര്യങ്ങളിൽ സഞ്ചിയും തൂക്കി കഞ്ചാവുമായി ഹരിദ്വാറിലേക്ക് പോയാൽ മതി എന്നാണ്,അസ്തിത്വ വാദം മോരോ മുതിരയോ എന്നറിയാത്ത  എം മുകുന്ദൻ കരുതിയത്. സാർത്രിൽ നിന്ന് വിച്ഛേദിച്ച്, അലസമായിരിക്കാനല്ല (passive) കാമു അസംബന്ധ വാദത്തിൽ  വ്യക്തിയോട് പറയുന്നത്; അസംബന്ധത്തോട് കലാപം നടത്താനാണ്, കാമു അദ്ദേഹത്തിൻറെ മിത് ഓഫ് സിസിഫസ്, ദി റിബൽ എന്നീ പുസ്തകങ്ങളിൽ ആഹ്വാനം ചെയ്‌തത്‌. സാർത്രിന്റെ ദർശനത്തിലെ അവ്യക്തത നീക്കാനാണ് കാമു ശ്രമിച്ചത്. സ്വയം തിരഞ്ഞെടുക്കുന്ന കർമമാണ്,സാക്ഷാൽക്കാരം.

കീർക്കെഗാദ് 

അസ്തിത്വ വാദം ശരിയായി മലയാളത്തിൽ വന്നത്, മുകുന്ദൻ വഴി അല്ല,വിലാസിനിയുടെ 'ഇണങ്ങാത്ത കണ്ണികൾ' ( 1968 ) എന്ന നോവലിലാണ്. സ്വന്തം കർമങ്ങളുടെ ആകെത്തുകയാണ് മനുഷ്യൻ എന്ന് സാർത്രും ഭഗവദ് ഗീതയും പറയുന്നിടത്താണ്, ആ നോവൽ. ചങ്ങനാശേരി എൻ എസ് എസ് കോളജിൽ ഫിലോസഫി വിദ്യാർത്ഥികൾക്ക് ഒരിക്കൽ ക്‌ളാസ് എടുത്ത ആളാണ്, പ്രസംഗിക്കാൻ പോകാതിരുന്ന വിലാസിനി. കുരുക്ഷേത്രത്തിൽ തളർന്ന അർജുനന്റെ ആകുലതയും അസ്തിത്വ വാദികളുടെ സംത്രാസവും ഒന്നാണെന്ന് അദ്ദേഹം കണ്ടു.

സാർത്രിന്റെ സത്തയും ശൂന്യതയും എളുപ്പം വഴങ്ങില്ലെങ്കിലും, അതിലെ പനിനീർ പൂവിൻറെയും വണ്ടിൻറെയും ദൃഷ്ടാന്ത കഥ നമുക്ക് മനസ്സിലാകും. പനിനീർപ്പൂവിൽ ചെന്ന് തേൻ കുടിക്കാൻ പറക്കുന്ന വണ്ട്, ജാലക ചില്ലിൽ മൂക്കിടിച്ചു പിന്മാറി, വീണ്ടും ചെന്ന്, പിന്നെയും ജാലക ചില്ലിനപ്പുറത്തേക്ക് കടക്കാനാകാത്ത ആകുലതയിൽ പെടുന്ന ബിംബം അതിലുണ്ട്. കാമനകളും അഭിലാഷങ്ങളും വഴിമുടക്കിയ തീവ്ര യാഥാർഥ്യങ്ങളുമായി മല്ലടിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ, അവന് പ്രാതികൂല്യങ്ങളോട് മത്സരിക്കാൻ ത്രാണി ഉണ്ടാകുന്നു. ഉപബോധ മനസ്സിലെ സ്നേഹം, വിദ്വേഷം തുടങ്ങിയ  വികാരങ്ങളെയും ബോധ മനസ്സിലെ വിചാരങ്ങളെയും ഇണക്കി, സ്വന്തം വ്യക്തിത്വം അഥവാ സത്ത കണ്ടെത്താൻ അവന് പല അവസരങ്ങൾ കിട്ടുന്നു. സാർത്ര് ഇതിന് ഉദാഹരിക്കുന്നത്, ദസ്തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിലെ, റാസ്‌കോൽനിക്കോവിനെയാണ്. അയാൾ സ്വയം കുറ്റമേറ്റ് പറഞ്ഞ്, പൂർവ ജീവിതം കൈയൊഴിക്കുമ്പോൾ, പഴയ ജീവിത പദ്ധതി ഭൂതകാലത്തിൽ ഉപേക്ഷിക്കുമ്പോൾ, അതിൻറെ അവശിഷ്ടങ്ങളിൽ പുതിയൊരു ജീവിതം ഭാവന ചെയ്യുന്നു. എങ്ങുമെത്താത്ത ഈ അവസ്ഥയിൽ, അപകർഷതയും യാതനയും ആകുലതയും ഒന്നിച്ച്, വികാരങ്ങൾ കത്തി തീരുകയും സ്വാതന്ത്ര്യ വാഞ്ഛ ഉൽക്കടമാവുകയും ചെയ്യുന്നു. അതാണ്, ജീവിതത്തിലെ അഗ്നി. സാർത്ര് പറയുന്നു:

"ദയ, പ്രവർത്തന സ്വാതന്ത്ര്യം, സഹിഷ്‌ണുത തുടങ്ങിയ എല്ലാ പദ്ധതികളും,അന്യനെക്കുറിച്ചുള്ള അശ്രദ്ധയും അവഗണനയും എൻറെ തന്നെ  മാനസിക വ്യാപാരമാണ്. കർമമാണ്. എൻറെ ചേതനയുടെ വ്യവഹാരമാണ്. മറ്റുള്ളവർക്ക് അതിലുള്ള പങ്കാളിത്തം, അവരുടെ കീഴടങ്ങലിലും ഒത്തു ചേർന്ന് പോകലിലും മാത്രമാണ്...അന്യർക്കിടയിലേക്ക്, നാം വലിച്ചെറിയപ്പെട്ടിരിക്കുന്നു.ജനനത്തിലൂടെ എൻറെ ജീവിതം, ഓരോ പതനത്തിലും, മറ്റുള്ളവരുടെ കാമനകളിൽ നിയന്ത്രണങ്ങളും അതിരുകളും വയ്ക്കുന്നു. നമ്മുടെ ചേതനയും കാമനയും വളർത്തിയെടുക്കുക എന്നത്, ഈ അർത്ഥത്തിൽ, അന്യരുടെ സ്വതന്ത്ര്യം നിഷേധിക്കലാണ്, നിയന്ത്രിക്കലാണ്,ഉന്മൂലനം ചെയ്യലാണ്. എൻറെ അസ്തിത്വം അന്യരിൽ ഏൽപിക്കുന്ന ഈ സ്വാതന്ത്ര്യ നിഷേധമാണ്, ആദി പാപത്തിൻറെ കാതൽ".

ആദി പിതാക്കളായ ആദവും ഹവ്വയും ചെയ്‌ത പാപം കഴുകിക്കളയാനുള്ള പശ്ചാത്താപ, പ്രായശ്ചിത്തങ്ങളുടെ നിറുകയിലാണ്, ജീവിതം ധന്യമാകുന്നത്. ആദി പാപം, മനുഷ്യൻറെ മുക്തിയില്ലാത്ത സമ്പാദ്യമാണ്. അത് അയാളെ ജന്മാന്തരങ്ങളിലേക്ക് പിന്തുടരുന്നു. മരണം, അന്ത്യ വിധി നാളിലെ കണക്കെടുപ്പിനുള്ള കാത്തിരിപ്പാണ്.ജീവിതം ഒരിട വേള മാത്രം. അതിന് മുൻപും പിമ്പുമുള്ള പാപ ഭീതി, സ്വർഗാഭിലാഷം എന്നിവയാൽ അത് നിർണയിക്കപ്പെടുന്നു. ഇവ രണ്ടിൽ നിന്നും അന്യമായ അസ്തിത്വം അതിനില്ല. ഈ അന്തമില്ലാത്ത നൈരന്തര്യത്തിൽ നിന്ന് ജീവിതത്തെ വേർപെടുത്തി, വ്യക്തിയുടെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയെടുക്കാനുള്ള വിചാര മാർഗമാണ്, അസ്തിത്വ വാദം.

സാർത്ര് നിരീക്ഷിക്കുന്നു :

"ഞാൻ എഴുതുന്നു. പുക വലിക്കാൻ പോകുന്നു. വൈകിട്ട് എനിക്ക് പിയറിയെ കാണണം. സൈമണ് മറുപടി അയയ്ക്കണം. ക്ളോഡിയയോട് സത്യം പറയണം. ഇങ്ങനെ നൂറു കൂട്ടം പ്രതിദിന കാര്യങ്ങൾക്ക് യുക്തിയും പ്രസക്തിയും കിട്ടുന്നത്, ഞാൻ എന്നെ ആദ്യം തന്നെ ഏതു വിധം സംവിധാനം ചെയ്‌തു എന്നത് അനുസരിച്ചാണ്. എൻറെ ലോകം ഞാൻ തന്നെ മെനഞ്ഞുണ്ടാക്കുന്നു. അതാണ്, എൻറെ അസ്തിത്വം".

ഹോട്ടൽ വെയ്റ്ററെ സാർത്ര് ഉദാഹരിക്കുന്നു. അയാൾ പതിവുകാരോട് പല നാടകങ്ങൾ കളിക്കുന്നു. നടത്തം, സംഭാഷണം, അംഗ വിക്ഷേപങ്ങൾ, ഉത്സാഹം. സമാന്തരമായി,അയാൾക്കൊരു ആന്തരിക ജീവിതമുണ്ട്. സ്വന്തം നിലനിൽപിനെ ചൊല്ലി അവൻറെ വിചാരം, തീരുമാനം എന്നിവ അതിൽ നിറഞ്ഞിരിക്കുന്നു. ഹോട്ടൽ വെയ്റ്റർ ആകണമെന്ന് അയാൾ എടുത്ത തീരുമാനത്തിൻറെ മുക്തിയില്ലാ ഫലമാണ്, അത്. അവയുടെ സമഗ്രതയാണ്, അയാൾ. സ്വയം മെനഞ്ഞുണ്ടാക്കി എടുത്ത തനിമ.

വിലാസിനി 

സാർത്ര് എഴുതുന്നു:

"എന്റേതും എന്റേത് മാത്രവുമായ ആദി പദ്ധതി (original project) ഉരുവപ്പെടുത്തിയതോടെ, ഞാൻ എൻറെ തനിമയിൽ അനാവരണം ചെയ്യപ്പെടുന്നു. ആ പദ്ധതിയിലൂടെ, സ്വയം കണ്ടെത്തുന്നു. അതോടൊപ്പമുള്ള യാതനകളും വേദനകളും ഏറ്റെടുത്തു കൊണ്ട് തന്നെ. ഞാൻ, 'ഞാനാ'യി തീരാനുള്ള എൻറെ പിടിച്ചു കയറലിൽ, വിലങ്ങുകൾ അഴിഞ്ഞു വീഴുന്നു. നിയന്ത്രണങ്ങൾ റദ്ദാകുന്നു. പരമ്പരാഗത വിശ്വാസങ്ങൾ വലിച്ചെറിയുന്നു. ഞാൻ സ്വാതന്ത്രനാകുന്നു."

അസ്തിത്വ ദർശനത്തിന്റെ എല്ലാ അംശങ്ങളും സമ്മേളിച്ച സാർത്രിന്റെ നാടകമാണ്, 'മാന്യയായ വേശ്യ' (The Respectable Prostitute -1946).

രണ്ട് 

'മാന്യയായ വേശ്യ' എന്ന നാടകത്തിൻറെ പ്രശ്‍നം, സാർത്ര് വികസിപ്പിച്ചു കൊണ്ട് വരുന്ന പിരിമുറുക്കം, അവസാന രംഗത്തിൽ ചീറ്റിപ്പോകുന്നു എന്നതാണ്. അത് എങ്ങനെ ഉണ്ടായി എന്ന് വഴിയേ ചർച്ച ചെയ്യാം.
പാപ ബോധവും സ്നേഹവും വ്യക്തി സത്തയിലേക്ക് വളരാനുള്ള ശ്രമവുമൊക്കെ ഉൾക്കൊള്ളുന്നതാണ്, നാടകം. അസ്തിത്വ ദർശനത്തിൽ ഉറച്ച്,കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കമ്മിസാർ ഭരണത്തിന് എതിരെ കലഹിക്കുമ്പോഴും, മാർക്സിസത്തിൽ ഉറച്ചു നിന്ന്, ആ ദർശനം വിശദീകരിക്കാനാണ്, സാർത്ര് നോവലും നാടകവും എഴുതിയത്. അദ്ദേഹത്തിൻറെ ആദ്യ നോവൽ 'ഓക്കാനം' (Nausea), നോവൽ ത്രയങ്ങൾ എന്നിവ വായിക്കുന്ന കാലത്ത്, അവയിൽ സർഗ്ഗ ശേഷിയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സർഗ്ഗ രചനകൾ വായിച്ച് ദർശനത്തിലേക്ക് പോകുന്നതിന് പകരം, ദർശനം വായിച്ച് രചനകളിലേക്ക് കടക്കുന്നതാണ്, സാർത്രിന്റെ കാര്യത്തിൽ നല്ലത്.

അമേരിക്കൻ കഥാപാത്രങ്ങളെ വച്ച്, അമേരിക്കയിൽ നടക്കുന്ന ഒരു\നാടകമാണ്, ഇത്. രണ്ടാം ലോക യുദ്ധത്തിൻറെ നായകനായ അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റ്, സി ജെ തോമസിൻറെ 'ക്രൈം 1128 ൽ 27' എന്ന നാടകത്തിൽ എന്ന പോലെ ഇതിൽ പരാമർശിക്കപ്പെടുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തെപ്പറ്റി കമ്മ്യൂണിസ്റ്റുകൾക്കുള്ള വിമർശനവും അസ്തിത്വ വാദവും കൂടിക്കലർന്നതാണ്, നാടകം.


വേശ്യയായ ലിസി, അവളെ ഇരുട്ടിൽ പ്രാപിച്ച അമേരിക്കൻ സെനറ്ററുടെ മകൻ ഫ്രെഡ്, അയാളുടെ സുഹൃത്തുക്കളായ ജോൺ, ജെയിംസ് എന്നീ പൊലീസുകാർ, തീവണ്ടിയിൽ ലിസിക്ക് നേരെ നടന്ന ബലാൽസംഗത്തിന് ദൃക്‌സാക്ഷി ആയ നീഗ്രോ, സെനറ്റർ ക്ളർക് എന്നിവരാണ് കഥാപാത്രങ്ങൾ. നീഗ്രോ, നീഗ്രോ ആയതിനാൽ, പേരില്ല.

ന്യൂയോർക് അല്ലാത്ത ഒരമേരിക്കാൻ നഗരത്തിലെ ഒരു മുറിയിലാണ്, നാടകം സംഭവിക്കുന്നത്. ഇടത്ത് കുളിമുറിയുടെ വാതിലും പശ്ചാത്തലത്തിൽ തെരുവിലേക്ക് തുറക്കുന്ന വാതിലുമുണ്ട്. ഫ്രഡും ലിസിയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രാത്രിക്ക് ശേഷമുള്ള ദിവസമാണ്, നാടകം. അവർ ബന്ധത്തിൽ ഏർപെടുമ്പോൾ ഫ്രെഡ് മദ്യപിക്കുകയും ലിസിയെ സ്നേഹിക്കുന്നതായി പുലമ്പുകയും ചെയ്‌തിരുന്നു.

വാക്വം ക്ളീനർ കൊണ്ട് വീട് വൃത്തിയാക്കുന്ന ലിസി, പുറത്ത് ഒരലർച്ചയ്ക്ക് ശേഷം, വാതിലിൽ മുട്ട് കേട്ട് തുറക്കുമ്പോൾ, നീഗ്രോകളുടെ ബലാൽസംഗ ശ്രമത്തിന് ദൃക്‌സാക്ഷി ആയിരുന്ന നീഗ്രോ അകത്തു കടക്കുന്നു. ഫ്രെഡ് കുളിമുറിയിലാണ്. നീഗ്രോയെ, പ്രതിയായി കണ്ട് അമേരിക്ക വേട്ടയാടുന്നു. ലിസി അയാൾ നിരപരാധി ആണെന്ന് അധികൃതരോട് പറയണം -അതാണ് അയാളുടെ ആവശ്യം. പറയാം എന്ന് ലിസി വാക്ക് നൽകുന്നു.

നീഗ്രോ പുറത്തു പോയ ശേഷം, ഫ്രഡും ലിസിയുമായുള്ള സംസാരത്തിൽ, പാപവും ബൈബിളുമുണ്ട്. അവളുടെ കിടക്കയ്ക്ക്, പാപത്തിൻറെ ഗന്ധമാണെന്ന് അയാൾ പറയുന്നു. കിടക്കയിലിരിക്കാൻ അവളെ ക്ഷണിച്ച് അയാൾ പറയുന്നത്, "നമ്മുടെ പാപങ്ങൾക്ക് മേൽ ഇരിക്കൂ" എന്നാണ്. മനഃസാക്ഷിക്ക് മുൻപിൽ പാപങ്ങളേയുള്ളു; നല്ല സുന്ദരമായ പാപങ്ങൾ !

അവൾ ആവശ്യപ്പെട്ടിട്ടും, ഫ്രെഡ് അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. ലാസ്റ്റ് ടാംഗോ ഇൻ പാരീസ് (1972) എന്ന ബെർട്ടോലൂച്ചി സംവിധാനം ചെയ്‌ത അമേരിക്കൻ സിനിമയിൽ, മർലൻ ബ്രാൻഡോ അവതരിപ്പിക്കുന്ന നായകനും മരിയ ഷ്നെയ്‌ഡർ അവതരിപ്പിക്കുന്ന നായികയും പേരുകൾ അറിയാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടും പോലെ ഒരു സന്ദർഭം.

രാഷ്ട്രീയ ധ്വനിയുള്ള ഒരു സന്ദർഭമാണ് അടുത്തത് -ലിസി പറയുന്നത്, അവളുടെ പെട്ടിയിൽ ഒരു മികച്ച പെയിൻറിംഗ് -ൻറെ പകർപ്പുണ്ടെന്നാണ്. 'ഉടഞ്ഞ മൺകലം' എന്നാണ് അതിൻറെ പേര്. ചിത്രത്തിൽ കാണുന്ന പെൺകുട്ടി ആകാം കലം ഉടച്ചത്. അവൾ ഫ്രഞ്ചുകാരിയാണ്.
നീഗ്രോകൾക്കെതിരായ നിരവധി അമേരിക്കൻ വംശീയ പരാമർശങ്ങൾ വരുന്ന ഭാഗങ്ങൾ തുടർന്നുണ്ട്. "അവരെ കാണുന്നത് നല്ല ലക്ഷണമല്ല, അവർ ചെകുത്താന്മാരാണ്" എന്നും കേൾക്കാം.

രാത്രിയിൽ ഫ്രഡുമായി നടന്ന ലൈംഗിക ബന്ധം, അയാൾ മദ്യപിച്ചായതിനാൽ, ലിസി ഓർമിപ്പിക്കുന്നു: കുളിമുറിയിൽ നിന്ന് നഗ്നയായി അവൾ വന്നപ്പോൾ, അയാളുടെ ശരീരം ചുവന്നു. അയാൾ പരിഭ്രമിച്ചു. അയാൾ വിളക്ക് കെടുത്തി, അവളെ പ്രാപിച്ചു. അയാൾക്ക് പുരുഷത്വം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് അവർ ശിശുക്കളെപ്പോലെ, തൊട്ടിലിൽ കിടന്നു. രാത്രിയിൽ നടന്നതെല്ലാം അയാൾക്ക് വിഴുപ്പാണ്. അയാൾ ഭൂത കാലം ചുമക്കാൻ തയ്യാറല്ല.

ബാല്യത്തിൽ സ്നേഹം നഷ്ടപ്പെട്ടവളാണ് ലിസി എന്നതിന് സൂചന വേണ്ടുവോളമുണ്ട്. അവൾക്ക്, പേരക്കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഒരു വല്യമ്മയെ വേണം. ഫ്രഡുമായുള്ള ലൈംഗിക ബന്ധം ഓർക്കുമ്പോൾ, ലഹരിയുണ്ട്. രതി മൂർച്ഛ അതിൽ ഉണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് അവിടെ താമസിക്കാൻ എത്തിയ ലിസിയുടെ ആദ്യ ഇടപാടുകാരനാണ് ഫ്രെഡ്. അവൾക്ക് രതി മൂർച്ഛ ഉണ്ടായെങ്കിൽ അതിനർത്ഥം അവൾക്ക് പഴക്കമില്ല എന്നാണ്. ആദ്യ കസ്റ്റമർക്ക് ഫ്രീ. എന്നാൽ അയാൾ പത്തു ഡോളർ മേശപ്പുറത്ത് വയ്ക്കുന്നു. തലേന്ന് സുഖിപ്പിച്ച പ്രിയൻ ഇന്ന് അമാന്യനാണ്. ഫ്രഡിനോട്, അയാളുടെ അമ്മ വേശ്യയായിരിക്കും എന്ന് അവൾ തിരിച്ചടിക്കുന്നു. അപ്പോൾ താൻ സെനറ്റർ ക്ളർക്കിന്റെ മകൻ ആണെന്ന് അയാൾ വെളിപ്പെടുത്തുന്നു. സ്വന്തം പേര് അപ്പോഴും പറയുന്നില്ല. "ഞാൻ റൂസ്‌വെൽറ്റിൻറെ മകളാണ്", ലിസി പറയുന്നു. അയാൾ ചിത്രം കാട്ടി തെളിയിക്കുന്നു. അമ്മ വേശ്യയായിരിക്കും എന്ന പരിഹാസം അവൾ പിൻവലിക്കുന്നു.

സർപ്പ ചിത്രം കൊത്തിയ ഒരു വള അവളുടെ കൈയിലുണ്ട്. അത് കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തും എന്നറിഞ്ഞാണ്, ധരിച്ചിരിക്കുന്നത്. അമേരിക്കക്കാർ വംശനാശം വരുത്തിയ റെഡ് ഇന്ത്യക്കാരുടെ ഗോത്രസ്‌മൃതികൾ ഓർമയിൽ കൊണ്ട് വരുന്ന ഈ വള, നാടകത്തിൽ പല ഘട്ടങ്ങളിലും ബിംബമാകുന്നു.

മിനിയാന്ന് ആറു മണിക്കുള്ള എക്‌സ്പ്രസിൽ ന്യൂയോർക്കിൽ നിന്ന് നഗരത്തിൽ എത്തിയ യുവതിയാണ് ലിസിയെന്ന് ഫ്രെഡ് സംഭാഷണത്തിനിടയിൽ തിരിച്ചറിയുന്നു. ആ തീവണ്ടിയിൽ ബലാൽസംഗ ശ്രമമുണ്ടായത് നഗരത്തിൽ പാട്ടാണ്. അമേരിക്കക്കാർ അതുമായി ബന്ധപ്പെട്ട് ഒരു നീഗ്രോയെ വെടി വച്ച് കൊന്നിരുന്നു. നീഗ്രോകൾ ബലാൽസംഗ ശ്രമം നടത്തിയെന്ന ഫ്രഡിൻറെ ഭാഷ്യം അവൾ നിരാകരിക്കുന്നു. നാലു വെള്ളക്കാരാണ് അത് ചെയ്‌തത്‌. നീഗ്രോകളെ അവർ കളിയാക്കിയപ്പോൾ നടന്ന പോരാട്ടത്തിലാണ്, വെടിവയ്പ് ഉണ്ടായത്.

വെള്ളക്കാരനെതിരെ ലിസി തെളിവ് കൊടുക്കരുത് എന്ന് ഫ്രെഡ് ഉത്തരവിടുന്നു. ഫ്രഡിൻറെ പിതൃ സഹോദരിയുടെ മകനാണ്, നീഗ്രോയെ കൊന്ന വെള്ളക്കാരൻ, തോമസ്. അയാളാണ്, ലിസിയുടെ പാവാടയ്ക്കുള്ളിൽ കൈയിട്ടത്. അയാളെ രക്ഷിക്കാൻ ലിസിക്ക് ഫ്രെഡ് 500 ഡോളർ വാഗ്‌ദാനം ചെയ്യുന്നു. ഫ്രഡിൻറെ സുഹൃത്തുക്കളായ പൊലീസുകാർ മുറിയിൽ എത്തി ലിസിയെ ഭീഷണിപ്പെടുത്തുന്നു. ലിസിയെ നിർബന്ധിച്ച് സത്യവാങ്മൂലത്തിൽ ഒപ്പിടീക്കുന്നു. ലിസി കയർക്കുമ്പോൾ സെനറ്റർ ക്ളർക് തന്നെ വന്ന് സഹോദരി മേരിയുടെ ദൈന്യത വിവരിച്ച്,ലിസിയുടെ അനുകമ്പ മുതലെടുക്കുന്നു.സത്യം പലതരമുണ്ടെന്ന് അയാൾ പറയുന്നു.

അങ്കിൾ സാം ലിസിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ചിലത് ആവശ്യപ്പെട്ടാൽ ലിസി എന്ത് ചെയ്യും എന്നാണ് സെനറ്ററുടെ ചോദ്യം. രണ്ടു യുവാക്കളിൽ ആരെ രക്ഷിക്കണം എന്ന തിരഞ്ഞെടുപ്പ് ലിസി നടത്തണം. അങ്കിൾ സാം ആണ് നീഗ്രോയെ പരിപാലിച്ചത്. നീഗ്രോ മനുഷ്യനല്ല. തോമസ് നീഗ്രോയെ കൊന്നെങ്കിലും,അവൻ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ്. അവൻ പഠിച്ചത് ഹാർവാഡിലാണ്. 2000 തൊഴിലാളികൾ പങ്കെടുക്കുന്ന ഫാക്റ്ററി ഉടമയാണ് അവൻ.

ലിസി, തോമസിന് വേണ്ടി ഒപ്പിടുന്നു. അവളുടെ പാവാടയ്ക്കുള്ളിൽ കയ്യിട്ടവൻ.

അങ്കിൾ സാമിനെ ഇവിടെ യേശുവിനെ പോലെയാണ് സെനറ്റർ അവതരിപ്പിക്കുന്നത്; ലോകമാകെയുള്ള കമ്മ്യൂണിസ്റ്റുകൾ അമേരിക്കയെ കളിയാക്കി വിളിക്കുന്ന പേരാണ് അത്.

അടുത്ത രംഗത്തിൽ, സെനറ്റർ, ലിസിയോട് വാക്ക് പറഞ്ഞ പോലെ, തോമസോ മേരിയോ അവളെ കാണാൻ എത്തില്ല എന്നറിയിക്കുന്നു. സഹോദരി കൊടുത്തതെന്ന് പറഞ്ഞ് ലിസിക്ക് അയാൾ കൊടുക്കുന്ന 100 ഡോളർ അവൾ ചുരുട്ടി കൂട്ടി നിലത്തെറിയുന്നു. അതും അയാൾക്ക് ലാഭം. അമേരിക്കൻ വേട്ടയിൽ രക്ഷയില്ലാതെ എത്തുന്ന നീഗ്രോയെ ലിസി ഒളിപ്പിക്കുന്നു. തോക്ക് കൊടുത്ത് ഫ്രഡിനെ കൊല്ലാൻ അവൾ ആവശ്യപ്പെടുമ്പോൾ നീഗ്രോ വിസമ്മതിക്കുന്നു: "വെള്ളക്കാരെ വെടി വയ്ക്കാൻ എനിക്കാവില്ല".

ഫ്രെഡ് പറഞ്ഞില്ലെങ്കിലും ആ പേര് ഈ ഘട്ടത്തിൽ ലിസി പറയുന്നുണ്ട്. അവളെ പ്രാപിച്ച അബോധത്തിൽ അയാൾ പറഞ്ഞിരിക്കാം. "ലോകത്തിൽ ഇതാ രണ്ട് ഏകാകികൾ, രണ്ട് അനാഥർ", ലിസി പറയുന്നു. അപ്പോൾ വേറൊരു നീഗ്രോയെ കൊന്ന് ഫ്രെഡ് മുറിയിലെത്തുന്നു. മരക്കൊമ്പിൽ നീഗ്രോ തൂങ്ങി ആടുമ്പോൾ ഫ്രഡിന് ഉദ്ധാരണമുണ്ടായി. അപ്പോൾ ലിസിയെ ഓർത്തു വന്നതാണ്. കുളിമുറിയിൽ ഒളിച്ച നീഗ്രോ മുറിയിൽ എത്തി ഫ്രഡിനെ തള്ളി മാറ്റി രക്ഷപ്പെടുകയാണ്. ഫ്രെഡ് പിന്നാലെ ഓടി. പുറത്ത് വെടിയൊച്ചകൾ കേട്ടു.മടങ്ങി വന്ന ഫ്രഡിന് നേരെ റിവോൾവർ ചൂണ്ടിയ ലിസിക്ക് അവനെ കൊല്ലാം. അപ്പോൾ അവൻ പൈതൃകം പറഞ്ഞ് അവളെ സ്വാധീനിക്കുന്നു. പൂർവ പിതാവായ ക്ളർക് ആണ് അമേരിക്ക ഉണ്ടാക്കിയത്. അയാൾ ജോർജ് വാഷിങ്ടൻറെ സുഹൃത്തായിരുന്നു. അയാളുടെ മകനാണ് ഈ നഗരം പണിതത്.ഗവർണറും സെനറ്ററുമുള്ള കുടുംബം. എല്ലാ ക്ളർക്കുമാരെയും അവൾക്ക് കൊല്ലാൻ കഴിയുമോ? അവളുടെ മുത്തച്ഛന് പൈതൃകമുണ്ടോ?കുടുംബ മഹിമയുണ്ടോ?

ലിസി റിവോൾവർ അവന് കൈമാറുന്നു. തുടർന്ന് വാഗ്‌ദാന പെരുമഴ.നദീതീരത്ത്, കുന്നിൻ മുകളിൽ സൗധം. നീഗ്രോ പരിചാരകർ. ഇരുട്ടിയ ശേഷം ഫ്രെഡ് വരും. വേറെ ഒരാൾക്കുമൊപ്പം കിടക്കരുത്. കഴിഞ്ഞ രാത്രിയിലെ രതി മൂർച്ഛ അയാൾ ഓർമിപ്പിക്കുന്നു. "എൻറെ പേര് ഫ്രെഡ്", അയാൾ പറയുന്നു.

ഇവിടെ, നാടകം തീരുന്നു.

നാടകം വേദിയിൽ 

ആണും പെണ്ണും തമ്മിലുള്ള ലൈംഗിക ബന്ധം സംബന്ധിച്ച അസ്തിത്വ വാദികളുടെ കാഴ്ചപ്പാട് ഞാൻ നാടകത്തിൻറെ അവസാനത്തേക്ക് വച്ചത്, മനപൂർവ്വമാണ്.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഇരുവരും പരസ്‌പരം വസ്‌തുക്കൾ ആക്കപ്പെടുന്നു. വസ്‌തു പദവി,വ്യക്തി പദവിയേക്കാൾ കുറഞ്ഞതാണ്. അന്തസ്സില്ലാത്തതാണ്. ആ ബന്ധത്തിൽ, 'ഞാൻ ' അപരന് വിഷയമായ വസ്‌തുവാകാതെ നോക്കുന്നത്, 'എൻറെ ' സ്നേഹത്തിൽ കൂടിയാണ്. ആ ബന്ധത്തിലൂടെ, 'ഞാൻ' അപരനെ 'എന്നോട് ' സ്വാംശീകരിക്കാൻ നോക്കുന്നു. എന്നാൽ,ഇവിടെ ദ്വന്ദ്വം (dialectics) ഉണ്ട്-എനിക്ക് അപരാസ്‌തിത്വ സ്നേഹം കിട്ടാൻ, അതിൻറെ 'വിഷയം ' എന്ന സ്ഥിതിയുണ്ടാകണം. അപ്പോൾ, വ്യക്തി എന്ന നിലയിൽ സ്നേഹം കൊതിക്കുകയും 'വിഷയം ' എന്ന നിലയിൽ സ്നേഹം കിട്ടുകയും വേണം. സ്നേഹം വഹിക്കേണ്ട ഒരു കുരിശാണ്, അത്.

നാടകത്തിൻറെ അവസാനം ചീറ്റിപ്പോയതിന് ന്യായീകരണം ആയല്ലോ -ലിസിക്കുള്ളിലെ അതൃപ്തമായ സ്നേഹം വഹിക്കുന്ന കുരിശാണ്, ഫ്രെഡ്. വ്യക്തികൾ എന്ന നിലയിൽ അവർക്ക് അന്യനായ നീഗ്രോയിൽ നിന്ന് വേറിട്ട് സ്വയം കണ്ടെത്തേണ്ട ജീവിതം ഉണ്ട്. അത്, റിവോൾവർ പരിഹരിക്കുകയില്ല.

സാർത്ര് അങ്ങനെ നാടകത്തിൽ ബലി കഴിച്ചത്, അദ്ദേഹത്തിലെ മാർക്സിസ്റ്റിനെയാണ്. ലിസി നീഗ്രോയ്ക്ക് ഒപ്പം നിന്നാലേ, മാർക്സിസ്റ്റ് രാഷ്ട്രീയം ശരിയാകൂ. അവൾ നിൽക്കുന്നില്ല. അവൾ എപ്പോഴും ബൂർഷ്വയ്ക്ക് വഴങ്ങുന്നു. അമേരിക്കൻ പൈതൃകം വരുമ്പോൾ ബൂർഷ്വയുടെ കൂടെയാണ്. അവൾക്ക് ഫ്രഡിനെ കൊല്ലാം, നീഗ്രോയെ കൊണ്ട് കൊല്ലിക്കാം. നീഗ്രോ പോലും വെള്ളക്കാരനെ കൊല്ലില്ല എന്ന് പറയുന്ന പ്രോലിറ്റേറിയൻ ദൗർബല്യത്തിലാണ് നാടകം ഒടുങ്ങുന്നത്.

അതിന് കാരണം ഒരേ സമയം സാർത്ര് അസ്തിത്വ വാദിയും മാർക്‌സിസ്റ്റും ആകാൻ ശ്രമിച്ച വൈരുധ്യം നിറഞ്ഞ ജീവിതമാണ്. വ്യക്തി വാദവും മാർക്‌സിസവും ഒരിക്കലും പൊരുത്തപ്പെടില്ല. സ്റ്റാലിനെ തുണച്ചു നിന്ന കാലത്താണ് സാർത്ര് ഈ നാടകം എഴുതിയത്. എന്നിട്ടും വരട്ടു വാദികളെ നാടകത്തിൽ സാർത്ര് ഉന്മൂലനം ചെയ്‌തില്ല. സ്വാതന്ത്ര്യവും ഉണ്ടായില്ല; ഉന്മൂലനവും ഉണ്ടായില്ല. പാവം വേശ്യയെയും കറുത്ത വർഗക്കാരനെയും സാർത്രും വഞ്ചിച്ചു. മാർക്‌സിസം ആഗോളമായി തൊഴിലാളിയെ വഞ്ചിച്ച് ചങ്ങാത്ത മുതലാളിത്തത്തിന് ഒപ്പം നിന്നതിൻറെ ആദ്യ മാതൃകയായി ഈ നാടകത്തെ എടുക്കാം -അതായിരുന്നില്ല സാർത്രിന്റെ ലക്ഷ്യമെങ്കിലും, പ്രത്യയ ശാസ്ത്രം അവിടെ എത്തി.


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...