Monday, 16 September 2019

'മൂലധനം' വെറും അബദ്ധ പഞ്ചാംഗം

അന്ധനായ മാർക്‌സ് 13

ക ദൈവ സങ്കൽപത്തിന് പകരം,ഹിന്ദു മതത്തിലെ ബഹു ദൈവ സങ്കൽപം,ഭിന്നാഭിപ്രായങ്ങളെ ആദരിക്കുന്ന ജനാധിപത്യത്തിൻറെ ആധാര ശിലയാണ്.ദൈവത്തോട് ദേഷ്യപ്പെടാനും രോഷം കൊള്ളാനും ചില ക്ഷേത്രങ്ങളിൽ തെറി അഭിഷേകം നടത്താനും സ്വാതന്ത്ര്യമുണ്ട്.ദൈവമുണ്ണിക്കണ്ണനായി മടിയിൽ ഇരിക്കുകയും ക്ഷോഭ ശിവനായി മനുഷ്യനെ ഭസ്‌മമാക്കുകയും ചെയ്യും.ഹിന്ദു മതവും മത ഗ്രന്ഥങ്ങളും ധർമ്മ ശാസ്ത്രങ്ങൾ ആകയാൽ,ഈ ഭാവനയെല്ലാം ധർമ്മ സംസ്ഥാപനത്തിനാണെന്ന് ഉരുവിടുന്നു.ധാർമികത ബാഹ്യ വിപ്ലവം വഴിയല്ല,ആത്മ വിസ്ഫോടനം വഴിയേ ഉണ്ടാകൂ.

ഹെഗലിന് ഇത് മനസ്സിലാകാതെ പോയത്,അദ്ദേഹവും യൂറോപ്യൻ ഉറവിടങ്ങളെ ആശ്രയിച്ചത് കൊണ്ടാണ്.ഹെഗലിൻറെ ഹിന്ദു,ദൈവത്തെ താഴ്ത്തി കെട്ടുകയും മനുഷ്യ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറ വയ്ക്കുകയും ചെയ്യുന്ന ഒരുവനാണ്.ജീവിതത്തെ ആദരിക്കുന്ന ധാർമികത അദ്ദേഹം ഹിന്ദുക്കളിൽ കാണുന്നില്ല.

ദൈവ ബാഹുല്യത്തിന് സമാന്തരമായി ഹെഗൽ ജാതി ബാഹുല്യത്തെയും കാണുന്നു.നിശ്ചേതനമായ ഒരു സമൂഹത്തിനുണ്ടായ വികാസമായി ജാതിയെ തുടക്കത്തിൽ കാണുന്ന ഹെഗൽ ഉടൻ അതിനെ,'അപഹാസ്യമായ ആത്മീയ അടിമത്ത' മായി വിശേഷിപ്പിക്കുന്നു.ഇന്ത്യൻ ഗ്രാമത്തിലും സമാനമായ മരവിപ്പാണ് ഹെഗൽ കണ്ടത് ( The Philosophy of History,Page 44 ):
"ഓരോ ഗ്രാമത്തിൻറെയും മൊത്ത വരുമാനം രണ്ടായി വീതിക്കുന്നു.ഒന്ന് രാജാവിനും മറ്റൊന്ന് കൃഷിക്കാർക്കും.ആനുപാതികമായ വീതം,അധികാരി ( Provost ),ന്യായാധിപൻ,ജല വിതരണക്കാരൻ,ബ്രാഹ്മണൻ,ജ്യോതിഷി,കൊല്ലൻ,ആശാരി,കുശവൻ,വെളുത്തേടൻ,ക്ഷുരകൻ,വൈദ്യൻ,നർത്തകി,ഭാഗവതർ,കവി തുടങ്ങിയവർക്ക് കിട്ടുന്നു.ഈ സംവിധാനം,ക്ളിപ്തവും മാറ്റമില്ലാത്തതും ഒരാളുടെയും ഇച്ഛയ്ക്ക് വിധേയം അല്ലാത്തതുമാണ്.അതിനാൽ,ഏതു തരം രാഷ്ട്രീയ വിപ്ലവവും ഹിന്ദുവിന് പ്രശ്നമല്ല.അയാളുടെ വിധി മാറ്റമില്ലാത്തതാണ് ".
ചാൾസ് മെറ്റ്കാഫെ 
മാർക്‌സ് ഇന്ത്യൻ ഗ്രാമ സങ്കൽപം ഇതിൽ നിന്ന് പകർത്തി.ഹെഗൽ ബ്രിട്ടീഷ് പാർലമെൻറ് സെലെക്റ്റ് കമ്മിറ്റിയുടെ ഈസ്റ്റ് ഇന്ത്യ കമ്പനി സംബന്ധിച്ച 1812 ലെ അഞ്ചാം റിപ്പോർട്ടിൽ നിന്ന് പകർത്തി.ഇത് 1835 -36 ൽ ഇന്ത്യയിൽ ആക്റ്റിങ് ഗവർണർ ജനറൽ ആയിരുന്ന ചാൾസ് മെറ്റ്കാഫെ,ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ എന്ന നിലയിൽ നൽകിയതാണ്.ബംഗാൾ ആർമി മേജർ ആയിരുന്ന തോമസ് മെറ്റ്കാഫെയുടെ മകനായ അദ്ദേഹം,കൊൽക്കത്തയിൽ ആണ് ജനിച്ചത്.1789 -1812 ൽ കമ്പനി ഡയറക്റ്റർ ആയിരുന്നു.

മാർക്‌സ് ഇന്ത്യൻ ഗ്രാമ സമൂഹങ്ങളെ 'ജാതിപ്പകർച്ചയുടെയും അടിമത്തത്തി'ൻറെയും പേരിൽ അപലപിക്കുന്നു.രാഷ്ട്രീയ സംഭവങ്ങളിൽനിന്ന് സമൂഹം അകന്നു നിൽക്കുന്നതായി അദ്ദേഹം വിലപിക്കുന്നു.

അന്നത്തെ 'ബൂർഷ്വാ ചിന്തകരുടെ വിഡ്ഢിത്തം മാർക്‌സ് അപ്പാടെ വിഴുങ്ങി.അഞ്ചാം റിപ്പോർട്ട് മാർക്‌സ് കാണുകയും 1853 ജൂൺ 25 ലെ ലേഖനത്തിൽ ( The British Rule in India ) ഉദ്ധരിക്കുകയും ചെയ്യുന്നു.മാർക്ക് വിൽക്‌സ് എഴുതിയ Historical Sketches of the South India ( 1810 ) എന്ന പുസ്തകത്തിൽ ഗ്രാമ സമൂഹങ്ങളെപ്പറ്റിയുള്ള ഖണ്ഡിക 1853 ജൂൺ 14 ന് എംഗൽസിനുള്ള  കത്തിൽ മാർക്‌സ് ഉദ്ധരിക്കുന്നു ( Selected Correspondence ).ജോൺ കാംപ്‌ബെലിൻറെ Modern India ( 1852 ) യിൽ നിന്നുള്ള ഭാഗങ്ങൾ ഒന്നിൽകൂടുതൽ തവണ ട്രിബ്യുൺ ലേഖനങ്ങളിലും മൂലധനം ഒന്നാം വാല്യത്തിലും ( Page 352 ) വരുന്നു.ജെയിംസ് സ്റ്റുവർട്ട് മിലിൻറെ History of British India ( 1806 -'18 ),1853 ജൂലൈ 11 ലെ ലേഖനത്തിൽ ( The East India Company -Its Hisory and Results ) ഉദ്ധരിക്കുന്നു.1853 ലെ ഈസ്റ്റ് ഇന്ത്യ കമ്പനി അവകാശ രേഖയ്ക്ക് മുൻപുള്ള പാർലമെൻറ് ചർച്ചയും റിപ്പോർട്ടും അവലംബിച്ച മാർക്‌സ്,'മനുസ്‌മൃതി' പരാമർശിക്കുകയും 1853 ജൂലൈ 11 ന് എംഗൽസിന് എഴുതിയ കത്തിൽ പറയുകയും ചെയ്യുന്നു ( Selected Correspondence,Page 62 ).സർ വില്യം ജോൺസിൻറെ 'മനുസ്‌മൃതി' പരിഭാഷ 1794 ൽ വന്നിരുന്നു.ഫ്രാങ്സ്വാ ബെർണിയറുടെ Travels അക്കാലത്ത് മാർക്‌സ് വായിച്ചത്,സമൃദ്ധമായി ഉപയോഗിച്ചു.ഔറംഗസേബിൻറെ കാലത്തെ മുഗൾ സാമ്രാജ്യ വിവരണം അതിലുണ്ട്.ആ സാമ്രാജ്യത്തിൻറെ പതന കാരണങ്ങൾ ബെർണിയർ വിശകലനം ചെയ്‌തത്‌,മാർക്‌സ്,A Contribution to the Critique of Political Economy യിൽ പകർത്തി.

എംഗൽസിന് 1853 ജൂൺ രണ്ടിന് എഴുതിയ കത്തിൽ,'എന്ത് കൊണ്ടാണ് കിഴക്കിൻറെ ചരിത്രം മതങ്ങളുടെ ചരിത്രമായി തോന്നുന്നത് ?' എന്ന് മാർക്‌സ് ശങ്കിച്ചു.ഹെഗൽ ഇന്ത്യൻ സംസ്കാരത്തിൽ കണ്ട മത സവിശേഷതകൾ,ഗ്രാമ സമൂഹവുമായി ബന്ധപ്പെട്ടതാണ്.1853 ൽ 'ഗ്രാമ സമൂഹം ' എന്ന് കണ്ട മാർക്‌സ്,അത് ഇന്ത്യയെ സംബന്ധിച്ച സർവതിനെയും വിശദീകരിക്കുന്നതായി തെറ്റിദ്ധരിച്ചു.

മുതലാളിത്ത പൂർവ ഭൂവുടമാവകാശത്തെപ്പറ്റി മാർക്‌സ് അടിസ്ഥാനപരമായ അബദ്ധങ്ങൾ ഇത് കൊണ്ട് വരുത്തിക്കൂട്ടിയെന്ന് മാർക്സിസ്റ്റ് ചിന്തകർ കാണുന്നു.മാർക്‌സും എംഗൽസും തയ്യാറാക്കിയ 'ജർമൻ ഐഡിയോളജി' യിൽ തന്നെ,മുതലാളിത്ത പൂർവ ഉടമസ്ഥതയുടെ രൂപങ്ങൾ സിദ്ധാന്തിക്കാൻ ശ്രമമുണ്ട്.വേട്ടയുടെയും മൽസ്യ ബന്ധനത്തിന്റെയും പ്രാഗ് കാർഷിക കാലത്തെയും ഗോത്ര ഭൂമി,പ്രാചീന പൊതു ഉടമ,കൃഷിക്കാരുടെ ചെറിയ അടിമത്തമുള്ള ജന്മിത്ത ഭൂമി എന്നിങ്ങനെയാണ്,അതിൽ തരം തിരിച്ചത്.റോമൻ സമൂഹം,മധ്യകാല പശ്ചിമയൂറോപ് എന്നിവയിൽ നിന്ന് മാർക്സിന് തോന്നിയ സാങ്കൽപിക രൂപങ്ങൾ മാത്രമാണ്,ഇവ.രണ്ടാം ഗണത്തിലെ പൊതു ഉടമയിലാണ് ഇന്ത്യ എന്ന് മാർക്‌സ് ധരിച്ചു.'മൂലധന'ത്തിൻറെ  ആദ്യ വാല്യത്തിലും ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂമി പൊതു ഉടമയിൽ ആയിരുന്നു എന്ന വിഡ്ഢിത്തം വിളമ്പി ( പേജ് 350 ).കൃഷിക്കാർ പൊതുവായി കൃഷി ചെയ്‌തിരുന്ന സ്ഥലത്തെയാണ് മാർക്‌സ് സൂചിപ്പിച്ചത് എന്ന് കരുതിയാൽ,ഇത് പകർത്തിയത്,വിൽക്സിൽ നിന്നാണ്.
വിൽക്‌സ് എഴുതി :"ഒരു ഗ്രാമത്തിലെ ഭൂമി പൊതുവായി കൃഷി ചെയ്യുന്നതിന് ഉദാഹരങ്ങളുണ്ട്.ചെയ്‌ത അധ്വാനത്തിൻറെ അനുപാതത്തിൽ വിള തിരിച്ചു.പൊതുവെ അവകാശി തന്നെയാണ് നിലം ഉഴുതത് "( Page 137 ).മാർക്‌സ് 1853 ലേഖനത്തിന് ഉപയോഗിച്ച അഞ്ചാം റിപ്പോർട്ടിൽ ഇതില്ല.1853 ജൂൺ 14 ന് എംഗൽസിന് എഴുതിയ കത്തിൽ വിൽക്സിന്റെ ഈ വിവരണം മാർക്‌സ് പരാമർശിക്കുന്നു.1857 -'58 ൽ തയ്യാറാക്കിയ 'ഗ്രന്ത്രിസ്സേ'യിൽ,ഇന്ത്യയിലെ ചില ഗോത്രങ്ങൾക്കിടയിൽ.'അധ്വാനത്തിൻറെ പൊതു സംഘാടനം' ഉണ്ടെന്ന് പറയുന്നു ( പേജ് 473 ).'പൊതു കൃഷിയിൽ നിന്നാണ് പൊതു ഉടമാവകാശം ഉണ്ടായത്' എന്നും പറയുന്നു ( പേജ് 472 ).1858 ജൂൺ ഏഴിന് ട്രിബ്യുണി ൽ Lord Canning's Proclamation and Land Tenure in India എന്ന ലേഖനത്തിൽ മാർക്‌സ് എഴുതി:'മൂല ഹിന്ദു ഘടന അനുസരിച്ച്,ഭൂമിയുടെ അവകാശം ഗ്രാമ കോര്പറേഷനുകളിൽ ആയിരുന്നു.അവയാണ്,കൃഷിക്കായി ഭൂമി വ്യക്തികൾക്ക് നൽകിയിരുന്നത്".

ഗ്രാമത്തലവൻ തരിശു ഭൂമി പുറത്തുള്ളവർക്കോ കൃഷിക്ക് തയ്യാറുള്ളവർക്കോ നൽകിയിരുന്ന പൊതു രീതിയാണ് ഇവിടെ വിവക്ഷ.ഭൂമി പൊതുവാണെന്ന് മാർക്‌സ് കരുതി.രണ്ടു സവിശേഷതകൾ കൂടി മാർക്‌സ് കണ്ടു ( ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം,1853 ജൂൺ 25 ):'തൊഴിൽ വിഭജനത്തിൽ വികാസം ഇല്ലാത്തതിനാൽ,കൃഷിയും നിർമാണ തൊഴിലും ഒന്നിച്ചു ".ഈ വാദം 'ഗ്രന്ത്രിസ്സേ'യിലും 'മൂലധന' ത്തിലും കേന്ദ്ര സ്ഥാനത്തുണ്ട്.
രണ്ടാമതായി,'മാറ്റമില്ലാത്ത തൊഴിൽ വിഭജനം' ജാതി വ്യവസ്ഥ വഴി ഉണ്ടായി.
കൈത്തൊഴിലുള്ളവർക്ക് മാറ്റമില്ലാത്ത വിപണിയാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെന്നും,തൊഴിൽ വിഭജനം ക്ലിപ്തമായതിനാലാണ് ഇതുണ്ടായതെന്നും മാർക്‌സ് പറഞ്ഞു.ഇന്ത്യയിൽ ഉണ്ടായിരുന്നത്,'തളം കെട്ടി നിന്ന നിശ്ചേതനമായ ജീവിതം' ആണ് !

'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് എഴുതി ( പേജ് 486 ):

"ഏഷ്യൻ രൂപം,ദീർഘ കാലം,കർക്കശമായി നില നിൽക്കും.അതിന് കാരണം,അതിൻറെ നിലനിൽപ്പിന്റെ അടിസ്ഥാന തത്വമാണ്.വ്യക്തി, സമൂഹത്തിൽ നിന്ന് സ്വതന്ത്രനല്ല.ഉൽപാദന ചക്രം,സ്വയം തുണയ്ക്കുന്നതാണ്.കൃഷിയുടെയും കൈത്തൊഴിലിൻറെയും ഐക്യം പോലെ ".

മാർക്‌സ് തുടരുന്നു:

"ഒരു ഗോത്രം മറ്റൊന്നിനെ കീഴടക്കുമ്പോൾ,സ്വത്തിൻറെ രൂപം മാറും,അടിമത്തത്തിലേക്ക് നീങ്ങും.ഇന്ത്യൻ സമൂഹത്തിൻറെ ആന്തരിക ദാർഢ്യം കാരണം,അടിമത്തം അതിൻറെ അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കുന്നില്ല.ഗോത്ര സ്വഭാവത്തെ അധികരിച്ചുള്ള സ്വത്തിൻറെ വികാസം മാത്രമാണ് അടിമത്തം.സർവ ഘടനകളെയും പരിഷ്‌കരിക്കുന്നതാണ് അടിമത്തം എങ്കിലും,ഏഷ്യൻ മാതൃകയിൽ,അത് അങ്ങനെയല്ല " ( പേജ് 497 ).

ഈ ആശയം 'മൂലധന'ത്തിലുമുണ്ട് ( ഒന്നാം വാല്യം പേജ് 83,91;മൂന്നാം വാല്യം പേജ് 371 -'72 ). അധിനിവേശ ശക്തികൾ വ്യക്തിയെ നേരിട്ട് ചൂഷണം ചെയ്യുന്നതിന് പകരം,സംഘടിത സമൂഹത്തെ ചൂഷണം ചെയ്യുന്നു.1853 ൽ മാർക്‌സ് വായിച്ച ബെർണിയറുടെ യാത്രാവിവരണത്തിൽ,മുഗൾ ഭരണവും കിഴക്കൻ രാജ്യങ്ങളും ജീർണിച്ചത് സ്വകാര്യ സ്വത്ത് ഇല്ലാത്തതിനാലാണ് എന്ന അബദ്ധവുമുണ്ട്.1853 ജൂൺ രണ്ടിന് എംഗൽസിന് മാർക്‌സ് എഴുതി:"രാജാവാണ് ഭൂമിയുടെ ഏക അവകാശി.കിഴക്ക്,തുർക്കിയിലും പേർഷ്യയിലും ഇന്ത്യയിലും എല്ലാ പ്രതിഭാസത്തിൻറെയും അടിസ്ഥാനം,സ്വകാര്യ ഭൂസ്വത്തില്ല എന്ന സത്യത്തിൽ കാണാമെന്ന് ബെർണിയർ ശരിയായി കാണുന്നു.ഇതാണ് കിഴക്കെന്ന സ്വർഗത്തിന്റെ താക്കോൽ".
മൂലധനം ആദ്യ ജർമൻ പതിപ്പ് 
യൂറോപ്പിലെ ഭൂവുടമാ സമ്പ്രദായത്തിൽ നിന്ന് ഭിന്നമാണ് ഇന്ത്യയിലെ രീതി എന്നല്ലാതെ,ഇന്ത്യയിലെ ഭൂമി മുഴുവൻ പൊതു ഉടമയിലാണെന്ന് ബെർണിയർ പറഞ്ഞിട്ടില്ല.ഈ ശങ്ക കൂടിയതിനാൽ ആകണം,'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് നിരീക്ഷിച്ചു:"സ്വത്ത് സമൂഹത്തിന്റേതായാലും ഭരണ കൂടത്തിന്റേതായാലും,വ്യക്തിക്ക് സ്വത്തില്ല " ( പേജ് 472 -473 ).സ്വത്തും അവകാശവും തമ്മിൽ വേർതിരിവ് ഉണ്ടാക്കി മാർക്‌സ് രക്ഷപ്പെടുന്നു.ഭരണാധിപനെ ഏകാധിപതി ( Despot ) ആക്കി രംഗത്തിറക്കുന്നു.സമൂഹം അവകാശിയും ഏകാധിപതി ഉടമയും !

മാസങ്ങൾ കഴിഞ്ഞ്,1858 മെയ് 25 ന് ട്രിബ്യുണി ൽ How Lucknow was Taken എന്ന ലേഖനത്തിൽ,ഈ വിഡ്ഢിത്തം മാർക്‌സ് ഉപേക്ഷിച്ചു.'മൂലധന'ത്തിൻറെ മൂന്നാം  വാല്യത്തിൽ എത്തുമ്പോൾ, ഏകാധിപതി,നികുതി പിരിക്കുന്ന മേൽക്കോയ്മ മാത്രമാണ്.യൂറോപ്പിലെ രാജാവല്ല.1858 ലെ ലേഖനത്തിൽ,ഭരണ കൂടത്തിനും കർഷകനും ഇടയിൽ,ജമീന്ദാർ എന്ന അവകാശിയെ കൂടി മാർക്‌സ് അവതരിപ്പിക്കുന്നു.കൃഷിക്കാർ കുടിയാന്മാരും ജമീന്ദാർ ഭൂവുടമയുമാണ്.അങ്ങനെയെങ്കിൽ,അധിനിവേശം വഴി ഭൂവുടമസ്ഥതയും ആകാമെന്ന് വന്നു.അതിന് മുൻപ് വരെ,'ഏഷ്യയിലാകെ മുസ്ലിംകൾ ഭൂമിയിൽ ഭരണ കൂട ഉടമസ്ഥത കൊണ്ട് വന്നിരിക്കാം' എന്നാണ് മാർക്‌സ് കരുതിയത് ( 1853 ജൂൺ 14 ലെ കത്ത് ).നികുതി/കരം ഇസ്ലാം ഭരണത്തിൻറെ സവിശേഷത ആയിരുന്നല്ലോ. ഏതു സമൂഹത്തിൻറെയും ഘടനാ മാറ്റങ്ങളിൽ,അധിനിവേശത്തിനും പങ്കുണ്ടാകുമെന്ന് മാർക്‌സ് കണ്ടില്ല.'മൂലധനം' എഴുതുന്നത് വരെയുള്ള പത്തു വർഷങ്ങളിൽ,റിച്ചാർഡ് ജോൺസിൻറെ ആശയം കടമെടുത്ത്,കോളനി പൂർവ ഇന്ത്യയിൽ ചരക്കു കൈമാറ്റം നടന്നിരിക്കാമെന്ന് മാർക്‌സ് കരുതിയിരുന്നു എന്ന് കാണാം.മിച്ച മൂല്യം,വാടക ആയോ കരമായോ വരുന്നു.ഇത് സാധ്യത മാത്രമായാണ് മാർക്‌സ് കണ്ടത്.''ഇന്ത്യൻ നെയ്ത്തുകാരൻ ഒരു ഇടപാടുകാരൻ നിർദേശിച്ചാൽ മാത്രം നെയ്യുന്ന നിസംഗ വ്യക്തി''യാണെന്ന് 'മൂലധന'ത്തിൽ മാർക്‌സ്,ഹ്യൂഗ് മുറെ,ജെയിംസ് വിൽസൺ എന്നിവർ എഴുതിയ Historical and Descriptive Account of British India ( 1832 ) രണ്ടാം വാല്യത്തിൽ നിന്ന് ഉദ്ധരിക്കുന്നു.യൂറോപ്പിൽ സംഭവിക്കാത്തവണ്ണം,ഇന്ത്യയിൽ ഭരണ കൂടം,നികുതിയെ വാടകയാക്കി മാറ്റുന്നതിൽ എങ്ങനെ വിജയിച്ചു എന്നത്,മാർക്സിന് പിടി കിട്ടിയില്ല.എംഗൽസിന്റെ നിർദേശ പ്രകാരം,മാർക്‌സ് ഇതിൻറെ കാരണം,ഭരണകൂടം ഏറ്റെടുത്തു നടത്തുന്ന ജലസേചനത്തിൽ കണ്ടു ( 1853 ജൂൺ ആറിന് മാർക്‌സ് എംഗൽസിന് എഴുതിയ കത്ത്,Selected Correspondence ,Page 59 ).ഈ വാദവും വേര് പിടിച്ചില്ല.
\
റിച്ചാഡ് ജോൺസ് 
കൊവാലെവ്‌സ്‌കിയുടെ Communal Landholding ( 1879 ) പുറത്തു വന്നപ്പോൾ,ഇന്ത്യയെപ്പറ്റി പറഞ്ഞതൊക്കെ തെറ്റി എന്ന തോന്നൽ മര്കസിനുണ്ടായി എന്ന് അതേപ്പറ്റിയുള്ള മാർക്‌സിന്റെ കുറിപ്പുകളിൽ കാണാം.മുഗൾ ഭരണകാലം ഫ്യൂഡലിസമായിരുന്നു എന്ന് കൊവാലെവ്‌സ്‌കി സിദ്ധാന്തിച്ചു.ഇന്ത്യൻ ഗ്രാമസമൂഹത്തിൽ സ്വകാര്യ സ്വത്തുണ്ടായെന്നും അത് ആഭ്യന്തര സംഘർഷങ്ങൾക്ക് ഇടയാക്കിയെന്നും മാർക്‌സ് ഇതിൽ പറയുന്നുണ്ട് എങ്കിലും 'മൂലധനം'ആദ്യ വാല്യം വിഡ്ഢിത്തവുമായി ഇറങ്ങി കഴിഞ്ഞിരുന്നു.ഇന്ത്യ നിശ്ചേതനമായി തളം കെട്ടിക്കിടന്ന ഒരു സമൂഹമല്ല.അതിൻറെ ഉപരിഘടന,മാർക്‌സ് പറഞ്ഞ പോലെ 'കിഴക്കൻ ഏകാധിപത്യം ' ( Oriental despotism ) അല്ല.

മൂലധനം' കഴിഞ്ഞ് എൽഫിൻസ്റ്റൻറെ ഇന്ത്യ ചരിത്രത്തിൽ നിന്ന് കുറിപ്പുകൾ എടുത്തപ്പോഴും മാർക്സിന് അബദ്ധം തോന്നിയിരിക്കണം.ഇതിൽ നിന്ന് അക്ബറിൻറെ ( 1556 -1605 ) കാലത്തെ നികുതിയെപ്പറ്റിയാണ് കുറിപ്പുകൾ എടുത്തത്.ഉൽപാദനത്തിൽ മൂന്നിലൊന്ന് അക്ബർ നികുതി ആയി എടുത്തു.കണക്കിന് പഴയ വിലകൾ നോക്കി അനുപാതം നിശ്ചയിച്ച അക്ബർ,നികുതി പണമായി വാങ്ങി.ഈ വിവരം,മാർക്‌സിന്റെ ഇന്ത്യൻ സിദ്ധാന്തത്തിൻറെ അടിക്കല്ലിളക്കി.തുടർന്ന് മാർക്‌സ് ഹെൻറി സമ്മർമെയ്‌നിന്റെ Lectures on the Early History of Institutions ( 1875 ),എൽ എച്ച് മോർഗൻറെ Ancient Society ( 1877 ) എന്നിവ വായിച്ചു.ഇന്ത്യൻ സമൂഹത്തിന് മേൽ ഭരണകൂടം നിന്നു എന്ന പിടിവാശി മാർക്‌സ് ഉപേക്ഷിച്ചു.ഏതു സമൂഹത്തിലും സംഘർഷം ഉണ്ടെന്ന് മനസിലായി.

മുതലാളിത്ത സമൂഹത്തിൽ മാത്രമാണ് മിച്ചമൂല്യം വഴി മൂലധനപ്പെരുപ്പം ( Capital accumulation ) ഉണ്ടാകുന്നത് എന്ന മാർക്‌സിന്റെ വാദത്തെ 1913 ൽ മാർക്സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്സംബർഗ് ചോദ്യം ചെയ്‌തു ( Rosa Luxemberg / The Accumulation of Capital ).ഇന്ത്യയെപ്പോലുള്ള മുതലാളിത്ത പൂർവ കൊളോണിയൽ,കാർഷിക സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിത ചരക്ക് കൈമാറ്റം വഴി,മുതലാളിക്ക് മിച്ചമൂല്യം ഉണ്ടാകുമെന്ന് അവർ മാർക്സിനെ തിരുത്തി.ഒരടഞ്ഞ മുതലാളിത്ത ലോകത്തെയാണ് 'മൂലധനം' ചർച്ച ചെയ്യുന്നത്.ആ ലോകം അടഞ്ഞതല്ല.ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് കൊള്ള ചെയ്‌തുണ്ടാക്കിയ പ്രാഥമിക മൂലധനമല്ല ഇവിടെ വിവക്ഷ.അത് മാർക്‌സും കണ്ടു.മുതലാളിത്ത ലോകത്തിന് അന്യമായ ഉൽപന്നങ്ങൾ അതിന് മുതലാളിത്ത പൂർവ ലോകത്ത് തേടിപ്പോകേണ്ടതായി വരും.മുതലാളിത്ത ലോകം,സ്വന്തം ലോകം തുറക്കേണ്ടി വരും.റോസയുടെ ഈ തിരുത്ത് തന്നെയും,ഇന്ത്യയെപ്പോലെ ഒരിടത്ത് അലസ ഗ്രാമ സമ്പദ് വ്യവസ്ഥയല്ല എന്ന സത്യത്തെ ഉറപ്പിച്ചു.
റോസാ ലക്സംബർഗ് 
റോസയുടെ സിദ്ധാന്തത്തെ വിമർശിച്ച നിക്കോളായ് ബുഖാറിൻ,'മൂലധന' ത്തിൻറെ ഒന്നാം വാല്യത്തിൽ നിന്ന് രണ്ടു ഖണ്ഡികകൾ എടുത്ത്,മാർക്‌സിനും ഇതറിയാമായിരുന്നു എന്ന് വരുത്താൻ ശ്രമിച്ചു.വികസിച്ച രാജ്യം പിന്നാക്ക രാജ്യത്തിന് ചരക്കു വിറ്റും അവിടന്ന് അസംസ്‌കൃത വസ്‌തു വാങ്ങിയും,'മിച്ച ലാഭം' ഉണ്ടാക്കുന്നു എന്നാണ് മാർക്‌സ് ആ ഖണ്ഡികകളിൽ പറഞ്ഞത് ( പേജ് 232 -233 ).ചെറിയ അധ്വാനം,വലിയ അധ്വാനവുമായി കൈമാറ്റം നടക്കുന്നു.ഇങ്ങനെ 'ധനിക രാഷ്ട്രം ദരിദ്ര രാഷ്ട്രത്തെ ചൂഷണം ചെയ്യുന്നു'.

ബുഖാറിൻ രക്ഷാ ദൗത്യം നടത്തിയെങ്കിലും ( Bukharin / Imperialism and Accumulation of Capital ) മാർക്‌സ് ഈ ഖണ്ഡികകളിൽ പരാമർശിച്ചത് ഇന്ത്യയെ അല്ല.ഇന്ത്യ മാർക്സിന് ചരക്കു കൈമാറ്റം നടക്കാത്ത സ്ഥലമായിരുന്നല്ലോ.ട്രിബ്യുൺ ലേഖനങ്ങളിലെയും മൂലധന ത്തിലെയും കാഴ്ചപ്പാടുകൾ തമ്മിൽ അന്തരമില്ല.ഇന്ത്യൻ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട് നായിക്കും ബുഖാറിനെപ്പോലെ ഒരു ദൗത്യം ഏറ്റിട്ടുണ്ട്:ട്രിബ്യുൺ ലേഖനങ്ങളിൽ കാണുന്നത്,'മൂലധന'ത്തെക്കാൾ വിശാല കാഴ്ചപ്പാടാണ് എന്ന വിചിത്ര വാദം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു ( The Other Marx ).മാർക്‌സ് 'മൂലധനം' ഒന്നാം വാല്യമേ എഴുതിയുള്ളൂ;അദ്ദേഹം തന്നെ രണ്ടും മൂന്നും എഴുതിയിരുന്നെങ്കിൽ,.മുതലാളിത്ത പൂർവ ലോകത്തെ മുതലാളിത്ത പ്രവണതകൾ കണ്ടേനെ എന്ന് പട് നായിക്ക് പറയുമ്പോൾ,അദ്ദേഹം എംഗൽസിനേക്കാൾ മാർക്‌സുമായി സൗഹൃദം ഭാവിക്കുകയാണ്.രണ്ടും മൂന്നും എംഗൽസ്,മാർക്‌സിന്റെ കുറിപ്പുകളിൽ നിന്ന് എഴുതി എന്ന് മാത്രമല്ല,ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നവരുമാണ്.മാർക്സിന് വിവരമുണ്ടായിരുന്നില്ല എന്ന് കോസംബി തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്.

അതിനാൽ പട് നായിക്ക് വേറൊരു വാദം നിരത്തുന്നു -തൊഴിലാളി വിപ്ലവത്തിന് മുൻപ് ദേശീയ സ്വാതന്ത്ര്യ സമര സാധ്യത മാർക്‌സ് കണ്ടിരുന്നെങ്കിലും,ഉടൻ തൊഴിലാളി വിപ്ലവം വരുമെന്ന് അദ്ദേഹം കരുതിയിരിക്കാം !ഇക്കാരണത്താൽ,മുതലാളിത്ത പൂർവ ലോകത്തെ വിശകലനം ചെയ്യാതെ,നാഗരിക മുതലാളിത്തത്തിൽ മാർക്‌സ് ഭ്രമിച്ചു പോയി.അതിനാൽ,യൂറോപ്യൻ തൊഴിലാളി വിപ്ലവത്തിന് കീഴിൽ,ഇന്ത്യ ചെറിയ സംഭവമായി.ഇത് കൊണ്ടാണ് ഇന്നും നാഗരിക മാർക്സിസ്റ്റുകൾ ട്രിബ്യുൺ ലേഖനങ്ങൾ ചർച്ച ചെയ്യാത്തത് എന്നും പട് നായിക് വിലപിക്കുന്നു.

ട്രിബ്യുൺ ലേഖനങ്ങൾ കാക്കത്തൊള്ളായിരം നാഗരിക മാർക്സിസ്റ്റുകൾ ചർച്ച ചെയ്‌ത്‌ പുസ്തകങ്ങൾ എഴുതിയതിന്റെ ഉദാഹരണങ്ങൾ ഞാൻ നിരത്തിയിട്ടുണ്ട്;പട് നായിക്കിന് മാർക്‌സിസം തന്നെ അറിയില്ല.അലസ ഗ്രാമ വ്യവസ്ഥയിൽ നിന്ന് തൊഴിലാളി വിപ്ലവത്തിലേക്ക് കുതിച്ചു ചാട്ടം മാർക്സിസത്തിൽ ഉണ്ടോ?
--------------------------------
See https://hamletram.blogspot.com/2019/09/blog-post_16.



മാർക്‌സ് നടത്തിയ പ്രേഷിത വേല

അന്ധനായ മാർക്‌സ് 12 

സ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടത്തിന് ബ്രിട്ടീഷ്‌ പാർലമെന്റിന്റെ അവകാശ രേഖ ( Charter ) അടുത്ത 20 വർഷത്തേക്ക് പുതുക്കുന്ന വർഷമായിരുന്നു,മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതി തുടങ്ങിയ 1853.ഇന്ത്യയിലും ചൈനയിലും കച്ചവട കുത്തകയ്ക്കും നികുതിക്കും ഭരണത്തിനും ഉള്ളതായിരുന്നു,കമ്പനിക്ക് ഭരണ കൂടം നൽകിയ മൂല രേഖ.1853 ൽ കച്ചവട കുത്തക തീർന്നു;ഭരണാവകാശം നില നിന്നു.

കമ്പനി പ്രവർത്തിച്ചത് ഡയറക്റ്റർ ബോർഡ് വഴി ആയിരുന്നു.1853 ൽ ബോർഡ് ഘടന മാറ്റാനുള്ള നിർദേശങ്ങൾ വന്നു.മുഖ്യ പ്രശ്നവുമായി തട്ടിച്ചു  നോക്കുമ്പോൾ ഇത് നിസ്സാരമാണെന്ന് മാർക്‌സ് എഴുതി.ഇന്ത്യൻ സാമ്രാജ്യം ഭരിക്കാനുള്ള ചെലവിനായി ചുമത്തിയ നികുതിയുടെ ഭാരം വഹിക്കുന്നത് ബ്രിട്ടീഷ് ജനതയാണെന്നും ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് അയയ്ക്കുന്ന ചരക്കുകൾ കൊണ്ട് ധനികരാകുന്നത് കച്ചവട വർഗമാണെന്നും മാർക്‌സ് തുടരെ എഴുതി.1840 കളിലും അൻപതുകളിലും യൂറോപ്പിൽ ഉണ്ടായ വിപ്ലവ അന്തരീക്ഷത്തിൽ ഇംഗ്ലണ്ടിലും വിപ്ലവം ഉണ്ടാകാമെന്ന് അദ്ദേഹം വിചാരിച്ചു.മാർക്‌സ് എഴുതി:( 1 )

"ഇംഗ്ലീഷ് ഭരണ വംശത്തിന് അതിൻറെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന തോന്നലുണ്ട്.അതുകൊണ്ട്,അവർക്കും ബന്ധപ്പെട്ടവർക്കും വേണ്ടി ഇന്ത്യയെ 20 വർഷം കൂടി കൊള്ളയടിക്കാനുള്ള ഉടമ്പടിക്ക് അവർക്ക് ആഗ്രഹമുണ്ടാകും "

പാർലമെൻറ് രേഖകളിൽ നിന്നാണ് മാർക്‌സ് വിവരങ്ങൾ എടുത്തത്.ബ്രിട്ടീഷ് മ്യൂസിയത്തിനടുത്ത് സോഹോയിലെ ഡീൻ സ്ട്രീറ്റിലായിരുന്നു മാർക്‌സിന്റെ വാസം.എംഗൽസ് ആകട്ടെ,ഏഷ്യൻ സമൂഹ പഠനത്തിൽ ആയിരുന്നു.പേർഷ്യൻ ഭാഷയും പഠിക്കാൻ തുടങ്ങിയിരുന്നു.19 -o നൂറ്റാണ്ടിൻറെ മധ്യത്തിലെ ഇന്ത്യയെപ്പറ്റിയേ  പാർലമെന്റ് രേഖകളിൽ  വിവരം ഉണ്ടായിരുന്നുള്ളു.അക്കാര്യത്തിൽ മാർക്‌സ് ഭേദമാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ എറിക് ഹോബ്‌സ്‌ബാം പറഞ്ഞിട്ടുണ്ട് ( 2 ).ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന ലേഖനത്തിൽ മാർക്‌സ് എഴുതി:

"ഏഷ്യൻ മാനങ്ങളുള്ള ഒരിറ്റലിയാണ്,ഇന്ത്യ.ആൽപ്സിന് പകരം ഹിമാലയം.ബംഗാൾ സമതലങ്ങൾ ലൊംബാർഡിയിലെ സമതലങ്ങൾ പോലെ.ആപനൈനുകൾക്ക് പകരം,ഡക്കാൻ.സിലോൺ,സിസിലി ദ്വീപിന് പകരം.മണ്ണിൽ നിന്നുള്ള വിളവിൽ അതേ  സമൃദ്ധി.രാഷ്ട്രീയ ഘടനയിൽ അതേ വിച്ഛേദങ്ങൾ.അധിനിവേശക്കാരൻറെ വാൾ ഇറ്റലിയെ ഇടക്കിടെ ഭിന്ന ദേശീയതകളായി ചുരുക്കിയ പോലെ,മുഹമ്മദൻറെ അഥവാ ബ്രിട്ടീഷ് സമ്മർദത്തിൽ അല്ലാത്തപ്പോൾ അനവധി തമ്മിലടിക്കുന്ന രാജ്യങ്ങളായി ചിന്നി ചിതറി.സാമൂഹികമായി ഇന്ത്യ,ഇറ്റലി അല്ല.കിഴക്കിലെ അയർലൻഡ് ആണ്.ഇറ്റലിയുടെയും അയര്ലന്ഡിന്റെയും ഈ വിചിത്ര സമാഹാരം,സമൃദ്ധിയുടെയും സങ്കടങ്ങളുടെയും സങ്കരം,ഇന്ത്യയിലെ പുരാതന മത പാരമ്പര്യത്തിൽ പ്രതീക്ഷിച്ചതാണ്.ആ മതം,ഒരേ സമയം കാമാർത്തവും ആത്മപീഡയുടെ സന്യാസവുമാണ്.ലിംഗത്തിൻറെയും ജഗന്നാഥൻറെയും മതം;സന്യാസിയുടെയും ദേവദാസി ( Bayadere ) യുടെയും മതം".

മുഗൾ അധിനിവേശം പരാമർശിക്കുമ്പോഴും,ഹിന്ദു മത വൈരുധ്യങ്ങളിൽ ഊന്നുന്നു.ആ മതത്തിന് തുടർച്ചയുണ്ട്.അധിനിവേശങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങിയില്ല:

"പഴയ ലോകത്തിൻറെ നഷ്ടം,നവലോകം കിട്ടാതിരിക്കെ,ഹിന്ദുവിൻറെ ഇന്നത്തെ ദുരിതത്തിന് സവിശേഷ ദൈന്യത ഏറ്റുന്നു.അത്,ബ്രിട്ടൻ ഭരിക്കുന്ന ഇന്ത്യയെ,അതിൻറെ പൈതൃകത്തിൽ നിന്നും ഭൂതകാല ചരിത്രത്തിൽ നിന്നും വേർതിരിക്കുന്നു".

'പഴയ ലോകം ' എന്ന് മാർക്‌സ് പറയുന്നത്,സ്വയം 'അലസ ' ഗ്രാമ സമൂഹത്തെപ്പറ്റിയാണ്.കോളനി പൂർവ ഇന്ത്യയിൽ അങ്ങനെ ഒന്നുണ്ടായിരുന്നു എന്നാണ് യൂറോപ്യൻ ഉറവിടങ്ങളിൽ നിന്ന് മാർക്‌സ് മനസ്സിലാക്കിയത്:

"ഈ ചെറു സമൂഹങ്ങൾ മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം,ബാഹ്യ സാഹചര്യങ്ങളുടെ അടിമയാക്കുകയാണ് ചെയ്‌തത്‌.സ്വയം വികസിക്കുന്ന സാമൂഹിക ഘടനയെ അവ,ഒരിക്കലും മാറാത്ത വിധിയാക്കി മാറ്റി ".

ഇവിടെ നിന്നാണ് മാർക്‌സ് ഹിന്ദുവിനെ കുരങ്ങിനെയും പശുവിനെയും പ്രണമിക്കുന്ന കിരാതനായി വിലയിരുത്തുന്നത്.-പ്രകൃതിയുടെ മാരകമായ ആരാധന.പ്രകൃതിയുടെ യജമാനൻ ആകേണ്ടവൻ അതിൻറെ അടിമയായ അവസ്ഥ.ഹിന്ദു പുരാണങ്ങളിലെ പരിസ്ഥിതി വാദം മാർക്‌സ് കാണാതെ പോയത്,ആ വാദം മാർക്സിസത്തിൽ ഇല്ല എന്നതിനാലാണ്.

ഇംഗ്ലീഷ് കാപട്യത്തെ വിമർശിച്ച് മാർക്‌സ് തുടരുന്നു:

"അവർ ( ഇംഗ്ലീഷുകാർ ) സ്വന്തം 'വിശുദ്ധ' മതത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ ഫ്രഞ്ച് വിപ്ലവത്തെ എതിർക്കുമ്പോഴും,ഇന്ത്യയിൽ ക്രിസ്‌തു മത പ്രചാരണത്തെ തടഞ്ഞില്ലേ?ഒറീസയിലും ബംഗാളിലും ക്ഷേത്രങ്ങളിൽ തിക്കിത്തിരക്കുന്ന തീർത്ഥാടകരിൽ നിന്ന് പണമുണ്ടാക്കാൻ,( പുരി ) ജഗന്നാഥ ക്ഷേത്രത്തിലെ കൊലയുടെയും വ്യഭിചാരത്തിന്റെയും കച്ചവടം ഏറ്റെടുത്തില്ലേ?"

പുരിയുടെ കഥ മുൻപ് പറയുകയുണ്ടായി.മാർക്‌സ്,ബ്രിട്ടീഷുകാർ ക്രിസ്‌തു മതത്തെ പ്രതിരോധിക്കാൻ ഫ്രഞ്ച് വിപ്ലവത്തെ എതിർത്തെന്നും ഇന്ത്യയിൽ അവരുടെ മത പ്രചാരണത്തെ തടഞ്ഞെന്നും പറയുന്നതിന് ചരിത്ര പശ്ചാത്തലമുണ്ട്.1662 ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ Act of Uniformity പ്രൊട്ടസ്റ്റൻറ് മതത്തെ രാജ്യത്തിൻറെ മതമാക്കി.പൗരൻ എന്നാൽ ആംഗ്ലിക്കൻ എന്നായി.ഇത് പോലെ മതേതരത്വത്തിൻറെ വേരറുക്കുന്ന പണി വേറൊരു രാജ്യത്തും നടന്നില്ല.അവിടന്നാണ് ബ്രിട്ടീഷുകാർ വന്നത്.കമ്പനിക്ക് നൽകിയ അവകാശ രേഖയിൽ 'ഇന്ത്യയിൽ ക്രിസ്ത്യാനി അല്ലാത്ത ഏതു രാജാവും ജനവുമായി സമാധാനത്തിലോ യുദ്ധത്തിലോ ഏർപ്പെടാൻ'വ്യവസ്ഥ ചെയ്‌തിരുന്നു.1661 ലാണ് മുംബൈ ചാൾസ് രണ്ടാമന് പോർച്ചുഗലിൽ നിന്ന് സ്ത്രീധനമായി കിട്ടിയത്.

ഇന്ത്യയിൽ പ്രേഷിത പ്രവർത്തനം കമ്പനി തടഞ്ഞത്,ഇവിടെ ഹിന്ദുക്കൾ നടത്തിയ കലാപങ്ങൾ കച്ചവടത്തെ ബാധിക്കും എന്ന് വന്നപ്പോഴാണ്.1798 ൽ ഗവർണർ ജനറൽ ആയ റിച്ചാഡ് വെല്ലസ്ലിയെ തത്വ ചിന്തകൻ എഡ്‌മണ്ട് ബർക്ക് സ്വാധീനിച്ചിരുന്നു.ബ്രിട്ടനിലെ രാജാധികാരം നില നിർത്താൻ ഓരോ രാജ്യത്തിനും അധീശ മതമുണ്ട് എന്ന് ബർക്ക് പറഞ്ഞത്,ഇന്ത്യയുടെ അധീശ മതം ഹിന്ദുമതം എന്ന് വെല്ലസ്ലി അംഗീകരിക്കുന്നതിൽ എത്തിച്ചേർന്നിരുന്നു.ബ്രിട്ടനിലെ തൊഴിലാളികൾ വിപ്ലവത്തിന് പിന്നാലെ പോകാതിരിക്കാനാണ് ബ്രിട്ടൻ ഫ്രഞ്ച് വിപ്ലവത്തെ എതിർത്തത്.അവരെ മതത്തിൽ തളച്ചതിനാൽ അവർ വഴി തെറ്റിയില്ല.

ആത്മ പീഡയിൽ ഹിന്ദുക്കളെ മതം മിടുക്കരാക്കിയിട്ടുണ്ടെന്ന് 1857 ജൂൺ 25 ന് എഴുതിയ 'ഇന്ത്യൻ കലാപം' ( The Indian Revolt ) എന്ന ലേഖനത്തിൽ മാർക്‌സ് പുച്ഛിക്കുന്നു.പുരി ജഗന്നാഥ ക്ഷേത്ര ഉത്സവങ്ങൾ 'ക്രൂരതയുടെ മതത്തിൻറെ ചോര വാർന്ന ആചാരങ്ങൾ'ആണ്.1857 ലെ കലാപത്തിനിടയിൽ നടന്ന അക്രമങ്ങളെ പരാമര്ശിക്കുമ്പോഴാണ്,മാർക്‌സ് മതത്തിൽ കുത്തുന്നത്.ബ്രിട്ടീഷുകാർ ഭരണത്തിനിടയിൽ കാട്ടിയ ക്രൂരതകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് നിരീക്ഷിക്കുന്നു.1857 സെപ്റ്റംബർ 17 ന് എഴുതിയ
'ഇന്ത്യയിലെ പീഡനത്തെപ്പറ്റി അന്വേഷണം ' ( Investigation of Torture in India ) എന്ന ലേഖനത്തിൽ മാർക്‌സ് ചോദിച്ചു:"കണ്ണിൽ ചോരയില്ലാതെ ഇംഗ്ലീഷുകാർക്ക് ഇതൊക്ക ചെയ്യാമെങ്കിൽ,കലാപകാരികളായ ഹിന്ദുക്കൾ കലാപത്തിൻറെയും സംഘർഷത്തിൻറെയും ക്ഷോഭത്തിൽ,കുറ്റവും അക്രമവും ചെയ്തെങ്കിൽ,അദ്‌ഭുതം എന്ത് ?'

എഡ്‌മണ്ട് ബർക്ക്
 
ഇന്ത്യയിൽ അധിനിവേശം നടത്തിയ മറ്റൊരു മതത്തിൻറെയും ക്രൂരതകളെ മാർക്‌സ് പരാമർശിക്കുന്നില്ല. മുസ്ലിം ക്രൂരതയെ പരാമർശിക്കാത്തതിന് കാരണമായി അനുകൂലികൾ പറയുന്നത്,അധിനിവേശം നടത്തിയ അറബികൾ,തുർക്കികൾ,താർതാറുകൾ,മുഗളന്മാർ ഒക്കെ ഹുന്ദുവത്കരിക്കപ്പെട്ടു എന്ന് മാർക്‌സ് കരുതിയത് കൊണ്ടാണ് എന്നാണ്.'ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങളി'ൽ മാർക്‌സ് എഴുതി:"ഇങ്ങനെ അധിനിവേശം നടത്തിയ അപരിഷ്‌കൃതർ,ചരിത്രത്തിൻറെ അനിവാര്യ നിയമത്താൽ,പ്രജകളുടെ ഉന്നതമായ സംസ്‌കാരത്തിനാൽ കീഴടക്കപ്പെട്ടു.ഹിന്ദുക്കളെ അപരിഷ്‌കൃതർ എന്ന് മുൻപ് പരിഹസിച്ച മാർക്‌സ് തന്നെ,ഒരു മാസം കഴിഞ്ഞ് ഹിന്ദുക്കളുമായി തട്ടിച്ചു നോക്കി,മുസ്ലിംകളെ അപരിഷ്‌കൃതർ എന്ന് വിളിക്കുന്നു !

ആ ഹിന്ദുമതം,മാർക്സിന് സ്വാഭാവികവും പ്രാകൃത ഗ്രാമ സമൂഹത്തിന് ചേർന്നതുമാണ്.കാമവും ക്രൂരതയും ആത്മ പീഡനവുമാണ് അതിൻറെ മുഖ മുദ്ര.ഈ വീക്ഷണം,മാർക്‌സ് കടം കൊണ്ടതാണ്.മാർക്‌സ് ഇത് എഴുതുന്നതിന് ഒരു കൊല്ലം മുൻപ് 1852 ൽ ഇറങ്ങിയ ജി കാംപ്‌ബെലിൻറെ Modern India:A Sketch of the System of Civil Government എന്ന പുസ്തകത്തിൽ ( പേജ് 84 -85 ) ഈ നിരീക്ഷണമുണ്ട്.

ഹിന്ദുമതം 'കാമാസക്തവും ക്രൂരവും ' ആയത്,ഇന്ത്യയിലെ അലസ പ്രാകൃത ഗ്രാമ റിപ്പബ്ലിക്കുകൾ കാരണമാണെന്ന് മാർക്‌സ് നിരീക്ഷിച്ചു.ഇതാണ് ഏഷ്യൻ ഉൽപാദന മാതൃക ( Asiatic Mode of Production ) യ്ക്ക് അടിത്തറ എന്നും അദ്ദേഹം പറഞ്ഞു.ഇതും മൗലികമല്ല.റിച്ചാർഡ് ജോൺസ്,ജോൺ സ്റ്റുവർട്ട് മിൽ തുടങ്ങിയവർക്ക് ഇതേ ആശയമായിരുന്നു (3 ).ഡേവിഡ് റിക്കാർഡോ,മാൽത്തൂസ് എന്നിവരെ വാടക,ജനസംഖ്യ എന്നിവയിൽ എതിർത്ത ആളാണ് ധന ശാസ്ത്രജ്ഞനാണ് ജോൺസ്.

ഏഷ്യൻ ഉൽപാദന മാതൃക എന്നൊന്നുണ്ടോ ? അതിൽ അലസ ഗ്രാമ്യ വ്യവസ്ഥയുണ്ടോ?അതിൽ നിന്നാണോ ഹിന്ദുമതം ഉണ്ടായത് ?

സംഭവം ഇങ്ങനെയാണെന്നും ബ്രിട്ടീഷ് ഭരണത്തിൽ ഇത് കൊഴിയുകയാണെന്നും 'ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി'യിൽ മാർക്‌സ് നിരീക്ഷിച്ചു:( 4 )

"സാമൂഹിക ഘടനയുടെ ഇത്തരം വാർപ്പ് മാതൃകകൾ ( stereotypes ) വൻ തോതിൽ കൊഴിഞ്ഞു പോയി.ഇപ്പോഴും കൊഴിയുകയാണ്.ബ്രിട്ടീഷ് സൈനികന്റെയോ നികുതി പിരിക്കുന്നവന്റെയോ കടുത്ത ഇടപെടലുകളെക്കാൾ,ഇംഗ്ലീഷ് തീവണ്ടിയും സ്വതന്ത്ര വാണിജ്യവുമാണ്,ഇതിന് കാരണം.ഈ കുടുംബങ്ങളും സമൂഹങ്ങളും ആഭ്യന്തര വ്യവസായത്തെ ആശ്രയിച്ചായിരുന്നു.കൈത്തറി,നെയ്ത്ത്,കൈകൊണ്ട് ഉഴുന്ന കൃഷി തുടങ്ങിയവയുടെ പ്രത്യേക സങ്കരം അവയ്ക്ക് സ്വാശ്രയ ശക്തി നൽകി.ഇംഗ്ലീഷ് ഇടപെടൽ ലങ്കാഷയറിലെ യന്ത്രത്തറിയെയും ബംഗാളിലെ കൈത്തറിയെയും നേർക്ക് നേർ കൊണ്ട് വന്ന് ഹിന്ദു കൈത്തറിക്കാരനെയും നെയ്ത്തുകാരനെയും തുടച്ചു നീക്കി;ഈ അർദ്ധ അപരിഷ്‌കൃത/പരിഷ്‌കൃത സമൂഹങ്ങളെ അവയുടെ സാമ്പത്തിക അടിത്തറ തകർത്ത് ഒഴുക്കി നീക്കി.ഇങ്ങനെ ഏഷ്യയിലെ മഹത്തായ ഒറ്റ വിപ്ലവം നടപ്പാക്കി"

ഈ പ്രാകൃത സമൂഹങ്ങൾ ഇന്ത്യയിലെ പുരാതന ഏകാധിപത്യങ്ങൾക്ക് അടിത്തറയേകി എന്നാണ് മാർക്‌സ് പറയുന്നത്.കാരണം,അവ,"മനുഷ്യ മനസ്സിനെ ഏറ്റവും ചെറിയ വലയത്തിലേക്ക് ചുരുക്കി,അതിനെ പാരമ്പര്യ നിയമങ്ങളുടെ അടിമയാക്കി അതിന് ചരിത്രോർജത്തിൻറെ സകല മഹിമയും ഇല്ലാതാക്കി"( Capital Vol 1,Chapter 1 , Page 79 -81 ).

മാർക്‌സ് തുടരുന്നു :

"അത് പ്രാകൃത അഹങ്കാരമായിരുന്നു.ദുരിതമയമായ ഒരു ഭൂപ്രദേശത്ത് കേന്ദ്രീകരിച്ച് ശാന്തമായി അത് സാമ്രാജ്യങ്ങളുടെ ജീർണതയും വിവരിക്കാനാവാത്ത ക്രൂരതയും വൻ നഗരങ്ങളിലെ കൂട്ടക്കൊലകളും കണ്ടു.ഒരാക്രമണകാരിയുടെ നിസ്സഹായ ഇര എന്നതിനപ്പുറം,ഒരു പരിഗണയും അതിന് കിട്ടിയില്ല"

ഇന്ത്യൻ പ്രാകൃത സമൂഹത്തിൻറെ മത സവിശേഷതകൾ മാർക്‌സ് വിവരിച്ചു:

"ബൂർഷ്വാ സമൂഹത്തെ അപേക്ഷിച്ച്,ഉൽപാദനത്തിന്റെ പുരാതന സാമൂഹിക ക്രമങ്ങൾ ഏറ്റവും ലളിതവും സുതാര്യവുമാണ്.അവ,വ്യക്തി എന്ന നിലയിൽ മനുഷ്യൻറെ അപക്വ വികാസത്തിൽ ആധാരമുള്ളതാണ്.അവൻ പ്രാകൃത ഗോത്ര സമൂഹത്തിൽ ഒപ്പമുള്ളവരുമായുള്ള പൊക്കിൾകൊടി ബന്ധം വിടർത്തിയവൻ അല്ല;അടിമത്തത്തിലാണ്.അധ്വാനത്തിൻറെ ഉൽപാദന ശക്തിയുടെ വികാസം ഏറ്റവും താഴ്ന്ന നിലയിൽ ആയിരിക്കുമ്പോഴേ,ഇവയ്ക്ക് ഉയർന്നു നിൽക്കാനാവൂ.അപ്പോൾ,ഭൗതിക ജീവിതത്തിൻറെ സാമൂഹിക ബന്ധം,മനുഷ്യനും മനുഷ്യനും തമ്മിൽ, മനുഷ്യനും പ്രകൃതിയും തമ്മിൽ  നേരിയതായിരിക്കും.ഈ സങ്കുചിതത്വമാണ് പുരാതന പ്രകൃതി ആരാധനയിലും ജനകീയ മതങ്ങളിലെ ആചാരങ്ങളിലും കാണുന്നത്.അപ്പോൾ,മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും യുക്തിസഹവും സമർത്ഥവുമായ പ്രായോഗിക ബന്ധം നിത്യ ജീവിതത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ,മത പ്രചോദനങ്ങൾ ഇല്ലാതാകും".

മാർക്‌സ് തുടർന്നു ( Capital,Vol 1,Chapter 1,Page 341 ):

"ഈ ചെറിയ പുരാതന ഇന്ത്യൻ ( ഗ്രാമ ) സമൂഹങ്ങൾ,ഭൂമിയുടെ പൊതു ഉടമ, കൃഷിയുടെയും കൈത്തൊഴിലിൻറെയും സങ്കരo, മാറ്റമില്ലാത്ത തൊഴിൽ വിഭജനം എന്നിവയെ ആധാരമാക്കിയുള്ളതാണ്.100 മുതൽ ആയിരക്കണക്കിന് ഏക്കർ വിസ്‌തൃതിയുള്ള ഓരോ സമൂഹവും ഓരോന്നിനും വേണ്ടത് ഉൽപാദിപ്പിക്കുന്നു.ആ സമൂഹത്തിന് വേണ്ടത് വേണ്ടപ്പോൾ ഉൽപാദിപ്പിച്ച് സ്വയം ഉപയോഗിക്കുന്നതിനാൽ,ഉൽപന്നം ( product ) ചരക്ക് ( commodity ) ആകുന്നില്ല.അതിനാൽ,ചരക്ക് കൈമാറ്റം നടക്കുന്ന മൊത്തം ഇന്ത്യൻ സമൂഹത്തിലെ തൊഴിൽ വിഭജനത്തിൽ നിന്ന് സ്വതന്ത്രമാണ്,ഉൽപാദനം.മിച്ചമൂല്യമാണ്,ഒടുവിൽ ഭരണകൂടത്തിൻറെ പക്കൽ,അതിൽ ഒരംശമെങ്കിലും നികുതിയായി എത്തുമ്പോഴാണ്,ഉൽപന്നം ആകുന്നത് ....ഈ സ്വയം പര്യാപ്‌ത ഘടകങ്ങളുടെ ഉൽപാദന ലാളിത്യം,ആവശ്യാനുസരണം അതേ രൂപത്തിൽ പുനരുൽപാദനം നടത്തുകയും ആകസ്മികമായി തകർക്കപെട്ടാൽ,വീണ്ടും ഉയർന്നു വരികയും ചെയ്യുന്നു.അതേ സ്ഥലത്ത് അതേ പേരിൽ.ഈ ലാളിത്യമാണ് ഏഷ്യൻ സമൂഹങ്ങളുടെ മാറ്റമില്ലായ്‌മയുടെ താക്കോൽ.ഇത്,നിരന്തരം ഏഷ്യൻ ഭരണ കൂടങ്ങൾ വീഴുമ്പോഴും രാജവംശങ്ങൾ മാറുമ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു.രഷ്ട്രീയ ആകാശത്തിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോഴും,സാമ്പത്തിക ഘടന മാറ്റമില്ലാതെ നിൽക്കുന്നു ".

ഡി ഡി കോസംബി 

ഈ വാദം തെറ്റിദ്ധാരണാ ജനകമാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ ഡി ഡി കോസംബി നിരീക്ഷിക്കുന്നു (An Introduction to the Study of Indian History, Page 11). ഇപ്പറയുന്ന സ്വാശ്രയ അലാസ ഗ്രാമ സമ്പദ് വ്യവസ്ഥ ആയിരുന്നില്ല ഇന്ത്യയിൽ. മിക്കവാറും ഗ്രാമങ്ങളിൽ ലോഹങ്ങളോ ഉപ്പോ ഉൽപാദിപ്പിച്ചിരുന്നില്ല. ജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ രണ്ടു വസ്തുക്കൾ കിട്ടിയിരുന്നത്,കൈമാറ്റം വഴിയാണ്.ഇന്ത്യൻ ഗ്രാമങ്ങളിൽ ചരക്കു കൈമാറ്റം നടന്നിരുന്നു.മാർക്‌സ് പറയും പോലെ,ഗ്രാമങ്ങൾ 'അതിപുരാതന കാലം' മുതൽ ഉണ്ടായിരുന്നില്ല.ഗോത്ര ഇന്ത്യയിൽ കലപ്പ ഉപയോഗിക്കുന്ന കാർഷിക സമ്പദ് വ്യവസ്ഥയുടെ വ്യാപനം,സ്വന്തം നിലയ്ക്ക് തന്നെ ചരിത്ര നേട്ടമാണ്.രണ്ടാമതായി,ഗ്രാമ ഘടകത്തിലെ വലിപ്പം മാറാതിരുന്നാലും,അവിടത്തെ ജന സാന്ദ്രത [പ്രധാന പങ്ക് വഹിക്കുന്നു.ഒരേ മേഖലയിലെ രണ്ട് ഗ്രാമങ്ങൾക്കും 200 ഗ്രാമങ്ങൾക്കും 2000 ഗ്രാമങ്ങൾക്കും ഒരേ ഉപരി ഘടനയാവില്ല.ഒരേ തരം ഭരണ കൂട രീതിയിൽ ഇവയെ ചൂഷണം ചെയ്യാനുമാവില്ല.ഉപരിഘടനയുടെ കനം അനുസരിച്ച്,ഗ്രാമത്തിനകത്തെ ഭൂമിയിലെ ഉടമാവകാശം മാറും.കനം,ഗുണത്തെ മാറ്റും.ഭൂമി പൊതു ഉടമയിൽ ആയിരുന്നു എന്ന മാർക്‌സിന്റെ വാദം വിഡ്ഢിത്തമാണ്.

രാജാവ് ആരായിരുന്നു എന്നതോ,രാജാവ് ഉണ്ടായിരുന്നോ എന്നതല്ല പ്രധാനം.ഒരു ഘട്ടത്തിൽ,ഏതു തരം കലപ്പ,ലഘുവോ കനമുള്ളതോ എന്നതാണ്,പ്രധാനം.ഏതു തരം രാജാവ് എന്നത്,ഏതുതരം കാർഷിക വ്യവസ്ഥ എന്നതിനെ ആശ്രയിച്ചാണ്;മറിച്ചല്ല.ഗോത്ര വർഗ്ഗങ്ങളെ വിഘടിപ്പിച്ച് മുഖ്യധാരയിൽ എത്തിക്കുന്നതിൽ ജാതിയുടെ പങ്ക് എന്തായിരുന്നു ? ലോഹങ്ങൾ എവിടന്നു വന്നു ? ചരക്ക് വിനിമയത്തിന് പറ്റിയ നാളികേരം പോലുള്ള വിളകൾ പ്രധാനമായത്,എപ്പോൾ ? ഇവയ്ക്ക് ഭൂമിയിലെ അവകാശവുമായി എന്തായിരുന്നു ബന്ധം ? പുരാതന കാലത്ത് ഇന്ത്യയിൽ എന്ത് കൊണ്ട് വൻ അടിമത്തം ഉണ്ടായില്ല ? ജന്മിത്തത്തിലും പാശ്ചാത്യ ലോകത്തിലെപോലെ അടിമത്തം കണ്ടില്ല ? ഇന്നും എല്ലാ വിഭാഗങ്ങളും ശിലായുഗ ദൈവങ്ങളെ ആരാധിക്കുന്നത് എന്ത് കൊണ്ട് ?

ഈ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.മാർക്സിസം പറയുന്ന ഉൽപാദന അടിത്തറയിലെ മാറ്റങ്ങൾ എടുത്താൽ തന്നെ,രാജവംശങ്ങളുടെയും മതങ്ങളുടെയും കടപുഴകൽ ശക്തമായ സാമൂഹിക മാറ്റങ്ങൾക്ക് തെളിവാണ്.മാർക്‌സ് പറയും പോലെ ഒരിക്കലും മാറാത്ത അടിത്തറയിലുണ്ടായ,അർത്ഥമില്ലാത്ത ഉപരിപ്ലവ മാറ്റങ്ങൾ ആയിരുന്നില്ല,ഇവ.മാർക്‌സ് ഇന്ത്യൻ ചരിത്രത്തെപ്പറ്റി പറഞ്ഞത് അസംബന്ധം എന്ന ബോധ്യത്തിൽ നിന്നാണ് കോസംബി ഒരു പുസ്തകം തന്നെ എഴുതിയത്.

ഏഷ്യൻ ഉല്പാദന മാതൃകയിലെ സങ്കുചിതത്വം പോയി പ്രായോഗികതയും യുക്തിയും വരുമ്പോൾ,മതത്തിന് സ്ഥാനം ഇല്ലാതാകും എന്നൊരു പ്രവചനം 'മൂലധന'ത്തിൽ മാർക്‌സ് നടത്തിയത്,ശ്രദ്ധിച്ചല്ലോ.ഈ പരിണാമം,ഏതൊക്കെ ഘട്ടങ്ങൾ കടന്നു പോകും എന്ന ചോദ്യം,ഏഷ്യൻ ഉൽപാദന മാതൃക എന്ന സങ്കല്പത്തിന്റെ തന്നെ കട പുഴക്കി.മാർക്സിയൻ തത്വ പ്രകാരം സോഷ്യലിസത്തിലേക്കുള്ള ഘട്ടങ്ങൾ അറിയാം:പുരാതന ഘട്ടത്തിൽ നിന്ന് ജന്മിത്തം,ബൂർഷ്വാ -മുതലാളിത്തം  വഴി സോഷ്യലിസം.ഇതിൽ എവിടെയാണ്,ഏഷ്യൻ മാതൃകയുടെ സ്ഥാനം ?ഏഷ്യൻ മാതൃകയിൽ നിന്ന് നേരിട്ട് ബൂർഷ്വാ -മുതലാളിത്ത സമൂഹത്തിലേക്ക് ചാടുമോ ?

ഈ ചോദ്യം ഇനി ചോദിക്കേണ്ടതില്ല.ഏഷ്യൻ ഉൽപാദന മാതൃക എന്നത് അസംബന്ധമാണെന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികർ അംഗീകരിച്ചു കഴിഞ്ഞു.1832 ൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് സെലെക്റ്റ് കമ്മിറ്റിക്ക് ഇന്ത്യയിലെ പിൽക്കാല ബ്രിട്ടീഷ് ഗവർണർ ജനറൽ ചാൾസ് മെറ്റ്കാഫെ ( 1785 -1846 ) നൽകിയ റിപ്പോർട്ടിന് മാർക്‌സ് നിറം പിടിപ്പിച്ചതാണ് ഈ വിഡ്ഢിത്തം എന്ന ഹോബ്‌സ്‌ബാം എഴുതുന്നു ( Pre Capitalist Economic Formations,Page 27,58 ).മെറ്റ് കാഫെ ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ ആയിരിക്കെ 1812 ൽ നൽകിയ ഈ റിപ്പോർട്ടിലാണ് ഗ്രാമ റിപ്പബ്ലിക്കുകൾ എന്ന പ്രയോഗം.1853 ജൂൺ 14 ന് എംഗൽസിന് എഴുതിയ കത്തിൽ,മെറ്റ്കാഫെയുടെ റിപ്പോർട്ടിൽ നിന്ന് നീണ്ട ഖണ്ഡിക മാർക്‌സ് ഉദ്ധരിക്കുന്നുണ്ട്.ഇത് മുഴുവൻ 'മൂലധനം ' ആദ്യ വാല്യത്തിൽ പകർത്തി.പിൽക്കാലത്ത് റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞൻ മാക്‌സിം കൊവാലെവ്‌സ്‌കി നടത്തിയ പഠനം മാർക്‌സ് കണ്ട്  ( Marx,Excerpts from Kovalevsky ) ഏഷ്യൻ ഉൽപാദന മാതൃക എന്ന സങ്കൽപം ഉപേക്ഷിച്ചു .ഏഷ്യൻ ഉൽപാദന മാതൃകയെ ഫ്യൂഡലിസമായാണ് കൊവാലെവ്‌സ്‌കി കണ്ടത്.മാർക്‌സ് ഉപേക്ഷിച്ച ഈ വിഡ്ഢിത്തം മലയാളി മാർക്സിസ്റ്റുകൾ കൊണ്ട് നടക്കുന്നു.ഇന്ത്യയിലേത് അലസ ഗ്രാമ സമ്പദ് വ്യവസ്ഥയായിരുന്നു എന്ന മാർക്‌സിന്റെ വാദം ലോക മാർക്സിസ്റ്റ് സൈദ്ധാന്തികർ ഇന്ന് അംഗീകരിക്കുന്നില്ല.ഡേവിഡ് ജി മാൻഡെൽബാം ( Society in India,Page 328 ) എഴുതി:'ഒരു ഇന്ത്യൻ ഗ്രാമം ഒരു റിപ്പബ്‌ളിക്കേ അല്ല;അത് ഓരോ കാലത്തും മാറിയിട്ടുണ്ട്.അത് ഒരിക്കലും സ്വാശ്രയം ആയിരുന്നില്ല ".


തീർത്ഥാടനങ്ങൾ,വിവാഹം,സവിശേഷ സേവനങ്ങൾ എന്നിവയ്ക്ക് യഥേഷ്ടം സഞ്ചരിച്ചിരുന്നവനാണ്,ഇന്ത്യക്കാരൻ.ഈ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചിരുന്ന ഒന്നാണ് മതം.ഏതു ഗ്രാമ സമൂഹത്തെയും പോലെ,ഈ സമൂഹവും മാറിക്കൊണ്ടിരുന്നു.മാർക്‌സ് വായിച്ച പഠനങ്ങൾ അദ്ദേഹത്തെ വഴി തെറ്റിച്ചു.ഹിന്ദു സമൂഹത്തെയും മതത്തെയും മനസ്സിലാക്കുന്നതിൽ പിഴച്ച അദ്ദേഹം ആഗോള ക്രിസ്ത്യൻ അജണ്ടയ്ക്ക് പേനയുന്തി.വെറും പ്രേഷിത പ്രവർത്തകൻറെ നിലവാരത്തിലെത്തി.മതവും ഭരണവും സ്വതന്ത്രമാണെന്ന് കരുതി.യൂറോപ്പിലെ പോലെ തന്നെ,മതം ഇന്ത്യയിലും സാമൂഹിക നിയന്ത്രണ ഉപാധിയാണെന്നും അതിനെ ഭരണ കർത്താക്കളും ധനികരും ഉപയോഗിക്കുന്നു എന്നും മാർക്‌സ് കണ്ടില്ല.സ്വന്തം രാജ്യമായ പ്രഷ്യയിൽ ഭരണകൂടം മതത്തെ സംരക്ഷിക്കുകയാണെന്നും അല്ലെങ്കിൽ മതം കൊഴിയുമായിരുന്നു എന്നും ഇന്ത്യ വ്യത്യസ്തമാണെന്നും ധരിച്ചു.ഹിന്ദുമതം മാർക്സിന്,പ്രകൃതിയുടെ പ്രാകൃത ആരാധനയാണ്;അത് മനുഷ്യൻറെ പ്രകൃതിയോടുള്ള യുക്തി രഹിത സമീപനമാണ്.ഇന്ത്യയുടെ ഗ്രാമ ജീവിത സ്വഭാവം വച്ച്,ഭരണ കൂട സംരക്ഷണം ഇല്ലാതെ തന്നെ,ഹിന്ദു മതം തുടരും.അതിനാൽ,ഗ്രാമ സമൂഹത്തിൻറെ അടിസ്ഥാന രൂപം തകരുമ്പോഴേ,ഹിന്ദു മതവും കൊഴിയുകയുള്ളൂ.അങ്ങനെ ജീർണിക്കുമ്പോഴേ അതിന് ഭരണ കൂട സംരക്ഷണം വേണ്ടി വരൂ.

മാർക്‌സിന്റെ ഈ വാദം,അദ്ദേഹത്തിന് തന്നെ വിഴുങ്ങേണ്ടി വന്നു.ഗ്രാമ സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന ബ്രിട്ടീഷ് ഭരണവും സ്വതന്ത്ര വാണിജ്യവും,ഹിന്ദു മതത്തിൻറെ തകർച്ചയ്‌ക്കൊപ്പമുള്ള ഹിന്ദു മത ജീര്ണതയിൽ,അതിൻറെ സംരക്ഷണത്തിന് എത്തിയില്ല.പൊതുവെ ഹിന്ദു മതത്തെ ആക്രമിക്കുന്നതിൽ നിന്ന് ബ്രിട്ടീഷ് ഭരണം വിട്ടു നിന്നെങ്കിലും,പ്രധാനമന്ത്രി ബെഞ്ചമിൻ ഡിസ്രേലിക്ക് കീഴിൽ പുതിയ നയം വന്നതായി മാർക്‌സ് ട്രിബ്യുണി ൽ 1857 ഓഗസ്റ്റ് 14 ന് 'ഇന്ത്യൻ പ്രശ്‍നം' ( The Indian Question ) എന്ന ലേഖനത്തിൽ എഴുതി:"ഇന്ത്യൻ ദേശീയതയെ തകർക്കാൻ,'ജന മതം തകർക്കാൻ ' മനഃപൂർവം ശ്രമങ്ങൾ നടക്കുന്നു ".

ബ്രിട്ടീഷ് ഭരണത്തിൽ,ഗ്രാമസമൂഹങ്ങൾ ഇല്ലാതായി,ഹിന്ദു മതം സമീപ ഭാവിയിൽ നശിക്കും എന്നായിരുന്നു മാർക്‌സ് പ്രവചനം."ഏഷ്യയിൽ നടക്കുന്ന ഏക സാമൂഹിക വിപ്ലവം'' ആണ് അത് എന്ന് അലസ വേഗത്തിൽ കണ്ടെത്തിയ മാർക്‌സ്,അവിനേരി നിരീക്ഷിച്ച പോലെ,ഒരു യൂറോ കേന്ദ്രിത ചിന്തകനായി അവശേഷിച്ചു ( 5 ).ചരിത്രത്തെ സംബന്ധിച്ച പൊതു മാർക്‌സിയൻ നിലപാടുമായി പൊരുത്തപ്പെടുന്നതല്ല, ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച മാർക്‌സിന്റെ നിരീക്ഷണങ്ങൾ.അവ യൂറോപ്യൻ അനുഭവവും പാശ്ചാത്യ ചരിത്ര ബോധവും നിര്ണയിച്ചതാണ്.
മുസ്ലിം അധിനിവേശത്തെപ്പറ്റി മാർക്‌സ് അവലംബിച്ച മൗനവും പ്രധാനമാണ്.ഇന്ത്യയുടെ മതത്തിലും സമൂഹത്തിലും ആ അധിനിവേശം ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്‌തിരുന്നെങ്കിൽ,മാർക്‌സ് വഴി തെറ്റാതിരുന്നേനെ.അധിനിവേശം നടത്തിയ മുസ്ലിംകൾ ഹിന്ദുവൽക്കരിക്കപ്പെട്ടു എന്ന ലളിതമായ കണ്ടെത്തലിന് പിന്നിൽ,ഒളിക്കുകയായിരുന്നു,മാർക്‌സ്.മുസ്ലിം സംസ്‌കാരവും സാമൂഹിക ഘടനയും അവയുടെ മൗലിക സ്വഭാവങ്ങൾ നിലനിർത്തിയില്ല എന്ന് മാർക്‌സ് ധരിച്ചു.അങ്ങനെയെങ്കിൽ,ഹിന്ദുക്കളെ എന്തിന് ഇസ്ലാമിലേക്ക് മാറ്റി?

സാമ്പത്തിക,സാമൂഹിക മാറ്റങ്ങൾക്ക് പിന്നാലെ,മതത്തിൻറെ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന് ധരിച്ചതാണ് മാർക്‌സിന്റെ അബദ്ധം.മതപരമായ മാറ്റങ്ങൾ,സാമൂഹിക,സാമ്പത്തിക മാറ്റങ്ങൾ സൃഷ്ടിക്കാം എന്ന് കണ്ടില്ല.ബൂർഷ്വാ -മുതലാളിത്ത സമൂഹത്തിന്,പ്രൊട്ടസ്റ്റൻറ് മതം എന്ന പോലെ,ഇന്ത്യയുടെ ലാളിത്യത്തിന് ചേർന്നതാണ്,ഹിന്ദു മതം.നിലനിൽക്കുന്ന മതം വച്ച്,സാമൂഹിക,സാമ്പത്തിക മാറ്റങ്ങൾ പ്രവചിക്കാനാവില്ല.ഇസ്ലാം ചില ഘട്ടങ്ങളിൽ,സാമ്പത്തിക ഉന്നമനത്തിന് വിഘ്നമായിട്ടുണ്ട് എന്ന വസ്‌തുത,മാർക്സിന് മനസ്സിലായില്ല.മാർക്സിസത്തിൽ,മതം സമൂഹത്തെ മാറ്റുന്നില്ല.

ഇന്ത്യൻ ഗ്രാമങ്ങളെ മാർക്‌സ് കാണേണ്ടിയിരുന്നത്, മതത്തിലൂടെ ആയിരുന്നു. ഹിന്ദു മതത്തിൻറെ ആന്തരിക ജനാധിപത്യത്തിലൂടെ ആയിരുന്നു. ബഹു ദൈവങ്ങളുടെ ബഹുസ്വരതയിലൂടെ ആയിരുന്നു. അതാണ്, സാമൂഹിക ശാസ്ത്രജ്ഞർ ഇന്ന് ചെയ്യുന്നത്. അതാണ്,മാക്‌സ് വെബർ ചെയ്‌തത്‌.
------------------------------------------
1.India Bill / Newyork Daily Tribune,9 June 1853
2.Eric Hobsbawm /Inroduction ,Marx/  Pre -Capitalist Economic Formations,1984,Page 23
3.K A Witlfogel / Oriental Despotism,1957,Page 372
4.The British Rule in India / Newyork Daily Tribune,25 June 1853
5 .S S Avineri / Karl Marx On Colonialism and Modernization,1968,Page 27.

See https://hamletram.blogspot.com/2019/09/blog-post_96.html






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...