Sunday, 25 August 2019

അപ്പോൾ ബ്രെഹ്ത് കൈകഴുകി

റോസയ്‌ക്കൊപ്പം മരിച്ച വിപ്ലവം 

റോസാ ലക്സംബർഗിനെ കൊല്ലാൻ ജർമൻ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഫ്രേയ്‌കോർപ്സ് എന്ന രഹസ്യ പൊലീസ് എത്തിയപ്പോൾ,അവർ ഗോയിഥെയുടെ ഫൗസ്റ്റ് വായിക്കുകയായിരുന്നു.അറസ്റ്റ് ചെയ്‌ത്‌ തടവിലാക്കും എന്നേ തോന്നിയുള്ളൂ .അതിനാൽ ഒരു സ്യൂട്കേസ് നിറയെ പുസ്തകങ്ങൾ കരുതിയിരുന്നു.

ഈഡൻ എന്ന ഹോട്ടലിലേക്കാണ് റോസയെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സഹ പ്രവർത്തകനും പങ്കാളിയുമായ കാൾ ലീബക് നെക്റ്റിനെയും കൊണ്ട് വന്നത്.ഇരുവരും സ്ഥാപിച്ച പാർട്ടി നടത്തിയ വിപ്ലവം സോഷ്യൽ ഡെമോക്രാറ്റിക് ഭരണ കൂടം അടിച്ചമർത്തിയിരുന്നു.ഇരുവർക്കും 47 വയസ്സായിരുന്നു.നൂറു കൊല്ലം മുൻപ് 1919 ജനുവരി 15 നായിരുന്നു,കൊല.നൂറാം വാർഷികം ആചരിക്കുമ്പോൾ വിലാപത്തിന് എത്തിയവരെ പ്രതിപക്ഷ ഇടത് പാർട്ടി,ഡി ലിങ്കെ പ്രവർത്തകർ കൊല നടന്ന സ്ഥലങ്ങൾ ചുറ്റിക്കാണിച്ചു.ഈഡൻ ഹോട്ടൽ ഇന്നില്ല.റോസയെ വെടി വച്ച് കൊന്ന് ജഡം കനാലിൽ തള്ളി.നൂറു മീറ്റർ അപ്പുറമാണ് നുയൻ സീ തടാകത്തിൽ ലീബക് നെക്റ്റിനെ കൊന്നു തള്ളിയത്.
റോസാ ലക്സംബർഗ് 
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഇന്നും ഭരണത്തിൽ പങ്കാളിയാണ്.അവരും റോസയുടെ പൈതൃകം അവകാശപ്പെടുന്ന ഡി ലിങ്കെ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്നും ശത്രുതയിലാണ്.റോസയുടെ കൊല ഇടതു പക്ഷത്തെ തകർത്തു.
എന്നാൽ കൊലയുടെ നൂറാം വർഷം ആചരിക്കുമ്പോൾ,സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ചരിത്രത്തിൽ ആദ്യമായി അതിൻറെ നേതാവ് ആൻഡ്രിയ നൽസ് കൊലയിൽ തൻറെ പാർട്ടിക്ക് പങ്കുണ്ടായിരുന്നെന്ന് സമ്മതിച്ചു.അന്നത്തെ പ്രതിരോധ മന്ത്രി ഗുസ്‌താവ്‌ നൊസ്‌കെയാണ് കൊല്ലാൻ ഉത്തരവിട്ടത്.കൊലയ്ക്ക് ശേഷം ചിലരെ പിടിച്ച് അയാൾ പ്രഹസന വിചാരണയും നടത്തി.രണ്ടു പേർക്ക് മാത്രം ചെറിയ ശിക്ഷ നൽകി.

കിഴക്കൻ ബെർലിനിലെ ഫ്രീഡ്രിക്‌സ്ഫെൽദെ സെമിത്തേരിയിലെ രണ്ടു കല്ലറകൾ ചുവന്ന റോസാപ്പൂക്കൾ കൊണ്ട് മൂടി.വിലാപത്തിൽ 20,000 പേർ പങ്കെടുത്തു.മുൻപ് സ്റ്റാലിൻ ആലി എന്ന് പേരുണ്ടായിരുന്ന തെരുവിലൂടെ അവർ നീങ്ങി.ഇത്രയും ധിഷണയുള്ള ഒരു സ്ത്രീ ലോക കമ്മ്യൂണിസത്തിൽ ഉണ്ടായിട്ടില്ല.കമ്മ്യൂണിസ്റ്റ് ഏകാധിപതികളിൽ പലരും നല്ല വിദ്യാഭ്യാസം ഇല്ലാത്തവർ ആയിരുന്നു.സ്റ്റാലിൻ തന്നെ സെമിനാരിയിൽ നിന്ന് പിരിച്ചു വിട്ടയാളാണ്.റോസ ലോകത്ത് ഡോക്ടറേറ്റ് നേടിയ ആദ്യ സ്ത്രീകളിൽ ഒരാളായിരുന്നു .അവർ മാർക്‌സിനേയും ലെനിനെയും തിരുത്തി.1918 ൽ തന്നെ 'റഷ്യൻ വിപ്ലവം' എന്ന ദീർഘ പ്രബന്ധമെഴുതി ലെനിനെ വഞ്ചകൻ എന്ന് വിളിച്ചു.
ടീർഗാർട്ടൻ പാർക്കിലെ റോസ സ്‌മാരകം 
ലണ്ടനിൽ നിന്ന് എഴുത്തുകാരൻ ഡേവിഡ് ഫെൻബാക് വിലാപത്തിനെത്തി.റോസയുടെ പാർട്ടി 'സ്പാർട്ടക്കസ് ലീഗ്' എന്നാണ് അറിയപ്പെട്ടത്.അതിലെ പ്രവർത്തകൻ ആയിരുന്നു,ഡേവിഡിന്റെ മുത്തച്ഛൻ  വോൾഫ് ഗാംഗ്,അദ്ദേഹത്തെ 1919 ജനുവരി 11 ന് സർക്കാർ സൈന്യം കൊന്നു.അപ്പോൾ 30 വയസ് മാത്രമായിരുന്നു.

ഒന്നാം ലോകയുദ്ധത്തിന് മുൻപ് ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ലോകത്തിലെ മികച്ച സോഷ്യലിസ്റ്റ് പാർട്ടി ആയിരുന്നു.1914 ൽ അത് പാർലമെൻറ് ആയ റീഷ് സ്റ്റാഗിൽ യുദ്ധത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തതാണ്‌ റോസയെയും കൂട്ടരെയും അതിൽ നിന്നകറ്റിയത്.അത് പിളർന്നാണ് തീവ്ര ഇടതു സ്പാർട്ടക്കസ് ലീഗുണ്ടായത്.1918 നവംബറിൽ ജർമനിയിൽ ഉടനീളം കലാപങ്ങൾ ഉണ്ടായി.ഡിസംബർ 30 ന് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക കോൺഗ്രസ് നടന്നു.ഏഴു റിപ്പോർട്ടുകൾ കോൺഗ്രസിന് മുൻപാകെ വന്നു.പാർട്ടി പരിപാടി റോസയും സോഷ്യലിസ്റ്റ് പാർട്ടിയിലെ പ്രതിസന്ധി ലീബക് നെക്റ്റും ദേശീയ അസംബ്ലി വിഷയം പോൾ ലേവിയും അവതരിപ്പിച്ചു.സോവിയറ്റ് നേതാവ് കാൾ റാഡെക് അഭിവാദ്യം ചെയ്‌തു.
ലീബക്നെക്റ്റ് ബെർലിനിൽ പ്രസംഗിക്കുന്നു 
ഇവരുടെ വിപ്ലവത്തിൽ പേടിച്ച നൊസ്‌കെ കമ്മ്യൂണിസ്റ്റ് വിരുദ്ധ അർദ്ധ സൈനിക ഗ്രൂപ്പുകൾ ഉണ്ടാക്കി.ഇവയാണ് ഫ്രേയ്കോർപ്‌സ്.ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത ഭടന്മാരായിരുന്നു,ഇതിൽ.1919 ജനുവരി വിപ്ലവം തുടങ്ങിയത് റോസയോ ലീബക് നെക്റ്റോ ആയിരുന്നില്ല.അവർ അതിൽ ചേരുകയായിരുന്നു.ഇവർ കൊല്ലപ്പെട്ട ശേഷം പാർട്ടി തന്നെ രണ്ടായി.ലിയോ ജോഗിച്ചസ് വധിക്കപ്പെട്ടപ്പോൾ പോൾ ലേവി നേതാവായി.പോളണ്ടിൽ പാർട്ടി തുടങ്ങിയ ജോഗിച്ചസ്,വളരെക്കാലം റോസയുടെ പങ്കാളി ആയിരുന്നു.റോസയുടെ മരണം അന്വേഷിച്ച കൊലയാളികൾ മാർച്ചിൽ ജോഗിച്ചസിനെ കൊന്നു.ജൂതനായിരുന്നു.ലിത്വനിയയിൽ പാർട്ടി തുടങ്ങി,സാർ ചക്രവർത്തിയുടെ സേനയിൽ നിർബന്ധിത സേവനം വേണ്ടി വരുമെന്ന ഘട്ടത്തിൽ സ്വിറ്റ്‌സർലൻഡിൽ എത്തി.അവിടെയാണ് 23 വയസുള്ള ജോഗിച്ചസ് 20 വയസുള്ള റോസയെ കണ്ടത്.

ലേവി സ്ഥാനം ഏൽക്കുമ്പോൾ,ക്ലാര സെറ്റ്കിൻ,പോൾ ഫ്രോളിച്,ഹ്യൂഗോ എബെർലിൻ,ഫ്രാൻസ് മെഹ്‌റിങ്,ഓഗസ്റ്റ് തൽഹെയ്മർ ,ഏണസ്റ്റ് മേയർ എന്നിവരായിരുന്നു പ്രമുഖ നേതാക്കൾ.ഉടൻ വിപ്ലവം പാർട്ടി മാറ്റി.സ്റ്റാലിനും സിനോവീവും തമ്മിൽ മോസ്‌കോയിൽ നടന്ന ശണ്ഠകൾ ജർമൻ പാർട്ടിയിലും വിഭാഗീയത ഉണ്ടാക്കി.അച്ചടക്ക ലംഘനത്തിന് 1921 ൽ ലേവിയെ കോമിന്റേൺ പുറത്താക്കി.സ്റ്റാലിനെ എതിർത്ത മറ്റുള്ളവരും ക്രമമായി പുറത്താക്കപ്പെട്ടു.ഇതിൽ ഹെൻറിച്ച് ബ്രാൻഡ്‌ലർ,തൽഹെയ്മർ,ഫ്രോളിച് എന്നിവർ പ്രതിപക്ഷ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.
ലിയോ ജോഗിച്ചസ് 
  ഏർണസ്റ്റ് താൽമാൻ സെക്രട്ടറിയായി 1923 ൽ സ്റ്റാലിൻ അനുകൂല നേതൃത്വം വന്നു.വിപ്ലവം മാറ്റി,തിരഞ്ഞെടുപ്പിൽ പങ്കാളിയായി.സോവിയറ്റ് യൂണിയന് ശേഷമുള്ള വലിയ പാർട്ടി.1932 തിരഞ്ഞെടുപ്പിൽ പത്തു ശതമാനം വോട്ടും 100 സീറ്റുകളും കിട്ടി.പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഹിറ്റ്ലർക്ക് 30%,താൽമാന് 13.സ്റ്റാലിൻ 1928 മുതൽ ഫണ്ട് നൽകിയതോടെ,താൽമാൻ പാവയായി.മുപ്പതുകളുടെ തുടക്കത്തിൽ സോഷ്യൽ ഡെമോക്രാറ്റുകളെ തോൽപിക്കാൻ പാർട്ടി നാസികളുമായി ചേർന്നു;ഫാഷിസവുമായി കൈകോർക്കുന്നത് ,പാർട്ടിക്ക് പുത്തരിയല്ല.പാർട്ടി, ദേശീയത ഉയർത്തി പിടിച്ചു.പ്രൂഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റ് സർക്കാരിനെ വീഴ്ത്താൻ നാസികളുമായി ചേർന്നത്,അവർ തൊഴിലാളി സഖാക്കൾ എന്ന് പറഞ്ഞാണ്.സോഷ്യൽ ഡെമോക്രാറ്റ് വനത്തെ ചില നാസി മരങ്ങൾ കൊണ്ട് കാണാതിരിക്കരുത് എന്നാണ് താൽമാൻ പറഞ്ഞത്.അങ്ങനെ പാർട്ടി സോഷ്യൽ ഫാഷിസം എന്ന നയത്തിൽ എത്തി,ഹിറ്റ്ലർക്ക് വഴിയൊരുക്കി.

ഹിറ്റ്‌ലർ ചാൻസലറായി നാലാഴ്ച കഴിഞ്ഞപ്പോൾ റീഷ് സ്റ്റാഗിന് സോവിയറ്റ് ചാരനും ബൾഗേറിയൻ കമ്മ്യൂണിസ്റ്റുമായ ഗ്യോർഗി ദിമിത്രോവ് തീ വച്ചു.ഇത് സംബന്ധിച്ചു നടന്ന ലീപ്‌സിഗ് വിചാരണയിൽ സ്വയം വാദിച്ച് നായക പരിവേഷം കിട്ടിയ ദിമിത്രോവിനെ സ്റ്റാലിൻ കോമിന്റേൺ സെക്രട്ടറിയാക്കി.ഡച് കമ്മ്യൂണിസ്റ്റ് മാറിനസ് വാന്ഡർ ലുബ്ബെയെ കെട്ടിടത്തിനടുത്തു കണ്ടിരുന്നു.1933 ലെ തിരഞ്ഞെടുപ്പിൽ 82 സീറ്റ് കിട്ടിയ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഹിറ്റ്‌ലർ വേട്ടയാടി.പാർട്ടിയെ നിരോധിച്ചു.നേതാക്കൾ തടവിലായി.മുതിർന്ന പാർട്ടി നേതാക്കൾ വിൽഹെം പ്ലെക്,വാൾട്ടർ ഉൾബ്രിക്റ്റ് എന്നിവർ സോവിയറ്റ് യൂണിയനിലേക്ക് രക്ഷപ്പെട്ടു.
വോളൻബെർഗ് 
സ്റ്റാലിൻ 1937 -38 ലെ മഹാ ശുദ്ധീകരണത്തിൽ,പ്രവാസത്തിൽ കഴിയുന്ന ജർമൻ പാർട്ടി നേതാക്കളെ കൊന്നു.എബെർലിൻ,ഹെൻസ് ന്യൂമാൻ,ഹെർമൻ റമ്മൽ,ഫ്രിൻസ് ഷുൾട്ടെ,ഹെർമൻ ഷൂബെർട്ട് എന്നിവർ ഇക്കൂട്ടത്തിൽ പെട്ടു.മാർഗരറ്റ് ബ്യുബർ ന്യൂമാനെപ്പോലുള്ളവരെ ഗുലാഗിലേക്ക് അയച്ചു.ജർമൻ നാടക സംവിധായകൻ ഗുസ്താവ് വോൺ വാങ്കൻ ഹീം,പിൽക്കാല ജർമൻ ആഭ്യന്തര മന്ത്രി എറിക് മീൽകെ തുടങ്ങിയവർ സഖാക്കളെ സോവിയറ്റ് ചാര സംഘടനയ്ക്ക് ഒറ്റിക്കൊടുത്തു.ജർമൻ പാർട്ടി പ്രചാരണ വിഭാഗം തലവൻ വില്ലി മുൻസൺബെർഗിനെ 1940 ൽ ഫ്രാൻസിൽ സ്റ്റാലിന്റെ ചാരന്മാർ കൊന്നു.മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ വാൾട്ടർ ബെഞ്ചമിൻ,ആർതർ കൊയ്സ്ലർ എന്നിവരെ നിരീക്ഷിച്ചിരുന്ന സോവിയറ്റ് ചാരനായ ജർമൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു, വില്ലി ,

റീൻഹാർഡ്‌ മുള്ളർ,സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ ജർമൻ കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്തതിനെപ്പറ്റി ഒരു പുസ്തകം എഴുതി -Trapped in Moscow:Exile and Stalinist Persecution ( 2001 ).ലെനിനൊപ്പം നിന്ന പഴയ നേതൃനിരയെ വെട്ടിനിരത്താനാണ് സ്റ്റാലിൻ ഈ അവസരം ഉപയോഗിച്ചത്.എറിക് വോളൻബെർഗ്,മാക്‌സ് ഹോൾസ് എന്നിവരെ ചുറ്റി ഒരു ട്രോട് സ്‌കിയിസ്റ്റ് പ്രതിവിപ്ലവ സംഘടന ഭാവനയിൽ ഉണ്ടാക്കിയാണ് സ്റ്റാലിൻ ഇവരെ കൈകാര്യം ചെയ്‌തത്‌.ആഭ്യന്തര ,മന്ത്രി നിക്കോളായ് യെഷോവ് ,വലതു പക്ഷം എന്ന് സംശയിക്കുന്നവരെ ട്രോട് സ്‌കിയിസ്റ്റുകളായി മുദ്ര കുത്തി വേട്ടയാടാൻ ഉത്തരവിട്ടു .1936 ആദ്യം  പി ബി തീരുമാനിച്ച്  ഓഗസ്റ്റിൽ, 'ട്രോട് സ്‌കി -സിനോവീവ് കേന്ദ്ര'ത്തിനെതിരെ പ്രഹസന വിചാരണ അരങ്ങേറി.വോൾഗ റിപ്പബ്ലിക്കിലെ ജർമൻ കമ്മ്യൂണിസ്റ്റുകളെ പിടി കൂടി.
വില്ലി ലിയോവ് ഇത്തരമൊരു കേന്ദ്രം നടത്തിയെന്ന് സമ്മതിക്കാൻ തടവിലായവരെ പീഡിപ്പിച്ചു.ആറു ഗ്രൂപ്പുകളിൽ 47 പേർ ഈ 'പദ്ധതി'യിൽ പെട്ടതായി 'കണ്ടെത്തി'.ലെനിൻഗ്രാഡ്,മോസ്‌കോ,യുക്രൈൻ എന്നിവിടങ്ങളിലും ശാഖകൾ 'കണ്ടെത്തി'.1938 മാർച്ചിൽ മഹാശുദ്ധീകരണത്തിന്റെ ഉച്ച ഘട്ടത്തിൽ 70 % ജർമൻ പ്രവാസി കമ്മ്യൂണിസ്റ്റുകളും ഉന്മൂലനം ചെയ്യപ്പെടുകയോ തടവിലാകുകയോ ചെയ്‌തിരുന്നു.
ഹോൾസും ഭാര്യയും 
ഹിറ്റ്ലറും സഖ്യ കക്ഷികളും ജയിച്ച 1933 മാർച്ച് അഞ്ച് വൈകിട്ട് ഒരു സംഘം ജർമൻ പാർട്ടി പ്രവർത്തകർ എൽസ,ഹെർമൻ ടോബൻബെർഗർ ദമ്പതികളുടെ മോസ്കോ ഫ്ലാറ്റിൽ ഒത്തു ചേർന്നു.എൻജിനീയറായ ഹെർമൻറെ റേഡിയോയിൽ ഫലങ്ങൾ കേട്ട് ചർച്ച നടന്നു.പാർട്ടി പട്ടാള വിദഗ്ദ്ധൻ എറിക് വോളൻബെർഗ്,സംഗീതജ്ഞൻ കോൺസ്റ്റാന്റിൻ സീബൻഹാർ,1923 ൽ പാർട്ടിയുടെ നിയമവിരുദ്ധ വാർത്താ സർവീസ് നടത്തിയ വെർണർ റാക്കോവ്,ഹാൻസ് ഷിഫ്,പീറ്റർ ഷിഫ്,കാൾ ഷ്മിറ്റ്,എറിക് ടക്കെ എന്നിവർ ഇതിൽ ഉണ്ടായിരുന്നു.ഫെലിക്സ് വോൾഫ് എന്ന പാർട്ടി പേര് സ്വീകരിച്ച റാക്കോവിനെ 1928 ൽ തന്നെ സോവിയറ്റ് യൂണിയനിൽ അറസ്റ്റ് ചെയ്‌തിരുന്നു.മാപ്പെഴുതി കൊടുത്തപ്പോൾ പാർട്ടിയിൽ എടുത്തു.
ഇവരിൽ ചിലർക്ക് 1919 ലെ പാളിയ വിപ്ലവം മുതൽ അറിയാമായിരുന്നു.ബെർലിനിലെ പാർട്ടി നേതൃത്വത്തെ ഈ യോഗത്തിൽ  ചിലർ വിമർശിച്ചു..ഇതിനെ ഹാൻസ് ഷിഫ് എതിർത്തു.ഇത് വച്ച് സോവിയറ്റ്പാർട്ടി അന്വേഷണം നടത്തിയാണ് പലരെയും കുടുക്കിയത്.1933 ഏപ്രിലിൽ റാക്കോവിനെയും വോളൻബെർഗിനെയും ജർമൻ പാർട്ടി പുറത്താക്കി.

യാഗോദയുടെ  നേതൃത്വത്തിലുള്ള ചാര സംഘടന ഈ യോഗമാണ് തുടക്കമായി എടുത്തത്.വോളൻബെർഗ് -ഹോൾസ് പദ്ധതി എന്ന ഭാവന വിരചിതമായി.തൊഴിലാളി റോബിൻഹുഡ് എന്നറിയപ്പെട്ട ജനകീയനായ ഹോൾസ്,സോവിയറ്റ് യൂണിയനിൽ എത്തിയ കാലം മുതൽ നേതൃത്വവുമായി തെറ്റിയിരുന്നു.സോവിയറ്റ് യൂണിയനിൽ നിന്ന് പോകാൻ പാർട്ടി അനുമതി നിഷേധിച്ചപ്പോൾ അയാൾ മോസ്കോയിലെ ജർമൻ എംബസിയെ സമീപിച്ചു.തുടർന്ന് 1933 സെപ്റ്റംബറിൽ നിഷ്‌നി നോവ്‌ഗോരോദിൽ ദുരൂഹ സാഹചര്യത്തിൽ അയാൾ മരിച്ചു.
ഹെർബെർട്  വെഹ്നർ 
പട്ടാള ഡോക്ടറുടെ മകനായ വോളൻബെർഗിനെയാണ് ചാരസംഘടന ഉന്നം വച്ചത്.ഒന്നാം ലോകയുദ്ധ വീരനായിരുന്നു.1918 നവംബറിലെ കലാപത്തിൽ കോനിഗ്സ് ബെർഗിലെ നാവിക സുരക്ഷാ മേധാവിയായിട്ടും പങ്കെടുത്തു.1923 ൽ പാർട്ടി സുരക്ഷാ തലവനായി.1923 ലെ ജർമൻ ഒക്ടോബർ വിപ്ലവം  പാളിയപ്പോൾ തടവിൽ ആകാതിരിക്കാൻ അയാളെ പാർട്ടി സോവിയറ്റ് യൂണിയനിലേക്ക് അയച്ചു . റെഡ് ആർമിയിൽ പ്രവർത്തിച്ചു.ജർമനി അയാൾക്ക് മാപ്പു കൊടുത്തപ്പോൾ മടങ്ങി പ്രചാരണ വകുപ്പിൽ ചേർന്നു.1932 ലെ ഒരു നാസി യോഗത്തിൽ പ്രസംഗിച്ച അയാളെ എതിരാളികൾ പൊതിരെ തല്ലി.പാർട്ടി സംരക്ഷിച്ചില്ലെന്ന് അയാൾ സി സി ക്ക് എഴുതി.പാർട്ടി സെക്രട്ടറി വാൾട്ടർ ഉൾബ്രിക്റ്റിനെയാണ് ലക്ഷ്യം വച്ചത്.ഉൾബ്രിക്റ്റും ഹെർബെർട് വെഹ്നറും വോളൻബെർഗിനെതിരെ അന്വേഷണം നടത്തി;അയാളെ ശാസിച്ച് പാർട്ടി പത്രമായ റൊട്ടേ ഫഹ്‌നെ യിൽ  നിന്ന് പിരിച്ചു വിട്ടു.

അയാൾ കവി എറിക് മുഹ്‍സം,ഭാര്യ സെൻസിൽ, വിൽഹെം പ്ലെക് എന്നിവർക്കൊപ്പം ബെർലിനിൽ ചേർന്നു.മ്യൂണിക് കാലം മുതൽ അയാൾക്ക് എറിക്കിനെ അറിയാമായിരുന്നു;ഒപ്പം തടവിലായിരുന്നു . പ്ലക്ക് ശുപാർശ ചെയ്‌ത്‌ 1932 ൽ വീണ്ടും സോവിയറ്റ് യൂണിയനിൽ എത്തി.ലെനിൻറെ സമ്പൂർണ കൃതികളുടെ ജർമൻ പതിപ്പിൽ ജോലി ചെയ്‌തു.ജർമനിക്ക് തിരിച്ചു വിളിക്കാനുള്ള അയാളുടെ അഭ്യർത്ഥന പാർട്ടി തള്ളി.1933 ഫെബ്രുവരി അവസാനം അയാൾ ട്രോട് സ്‌കിയിസ്റ്റായ കാൾ ഗ്രോളിനെ മോസ്‌കോയിൽ കണ്ടു.താമസിയാതെ ഗ്രോൾ  സോവിയറ്റ് യൂണിയൻ വിട്ടു.കോമിന്റേൺ തപാൽ പെട്ടിയിൽ സ്റ്റാലിന്,ദേശീയ സോഷ്യലിസത്തെ ജർമൻ പാർട്ടി വഞ്ചിച്ചു എന്ന കത്തിട്ടാണ് അയാൾ മടങ്ങിയത്.
ഗ്രോളിനെ  പാർട്ടി പുറത്താക്കിയപ്പോൾ വോളൻബെർഗ് പ്രാഗിലേക്ക് രക്ഷപ്പെട്ടു.അയാൾ മോസ്കോയുടെ ശത്രുവായി.
എറിക് മുഹ്‌സം 
ഇക്കാലത്ത് ജർമനി വിപ്ലവത്തിന് പാകമായി എന്ന ചിന്തയിലായിരുന്നു സ്റ്റാലിൻ.സോവിയറ്റ് യൂണിയൻ വിട്ട ഗ്രോൾ, ട്രോട് സ്‌കിയിസ്‌റ്റ്  പത്രമായ അൻസർ വോർട്ടി ൽ ( Our Word ) പരസ്യമായി പാർട്ടിയെ ആക്രമിച്ചു.വോളൻബെർഗ്,റാക്കോവ് എന്നിവരെ പുറത്താക്കിയത്,മോശമായെന്ന് അയാൾ വിമർശിച്ചു.വോളൻബെർഗ്,റാക്കോവ്,ഹോൾസ് എന്നിവരുമായി പരിചയം ഉണ്ടായിരുന്ന 70 പേരെ സോവിയറ്റ് ചാരസംഘടന പിടികൂടി ലേബർ ക്യാമ്പുകളിൽ അയച്ചു.അതിലൊരാൾ പാർട്ടി പത്രം റൊട്ടേ ഫഹ്‌നെ ചീഫ് എഡിറ്റർ വേർനെർ ഹെർഷ് ആയിരുന്നു. ഗെസ്റ്റപ്പോയുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടാണ് അയാൾ സോവിയറ്റ് യൂണിയനിൽ എത്തിയത്.അയാളെ നാസി ചാരനായി മോസ്‌കോ കണ്ടു.ഹെർഷും എറിക്കിന്റെ വിധവ  സെൻസിലും തമ്മിൽ പ്രാഗിൽ ബന്ധപ്പെട്ടിരുന്നു എന്നും വിധവയ്ക്ക് 'ട്രോട് സ്‌കിയിസ്റ്റ്' വോളൻബെർഗുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഹെർബെർട് വെഹ്‌നർ ഉൾപ്പെട്ട പാർട്ടി കമ്മീഷൻ കണ്ടെത്തി.ഹെർഷ് സോവിയറ്റ് ജയിലുകളിൽ പീഡിപ്പിക്കപ്പെട്ടു.നിർബന്ധിത കുറ്റസമ്മതം വാങ്ങി പത്തു വർഷം തടവിന് ശിക്ഷിച്ചു.1937 നവംബർ പത്തിന് അയാൾ മരിച്ചു.
സെൻസിൽ മുഹ്‌സം 
എറിക് മുഹ്‌സം ഒരാന്യൻബെർഗ് കോൺസൻട്രേഷൻ ക്യാമ്പിൽ പീഡനത്താൽ മരിച്ചു. ഹെർഷ് , ക്രെസെൻഷ്യ ( സെൻസിൽ  ) മുഹ്‌സം,കേരളത്തിൽ വിഖ്യാതനായ ബെർടോൾട് ബ്രെഹ്തിൻറെ നാടക സംഘത്തിലെ നടി കരോള നെഹർ എന്നിവരായിരുന്നു പ്രമുഖ ഇരകൾ.സെൻസിൽ  പ്രാഗിൽ പ്രവാസം തുടങ്ങിയപ്പോൾ മുതൽ അവരും സുഹൃത്തുക്കൾ കരോളയും വോളൻബെർഗും സംശയ നിഴലിലായി.എറിക്കിന്റെ അപ്രകാശിത കൃതികൾ പ്രസിദ്ധീകരിക്കാനാണ് സെൻസിൽ മോസ്‌കോയിൽ എത്തിയത്.ചുവപ്പ് റെഡ് ക്രോസ് നേതാവ് യെലേന സ്റ്റാസോവ അവരുടെ സുഹൃത്തായിരുന്നു.സ്റ്റാലിൻറെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾ അവരെ പുസ്തകം ഇറക്കാൻ സഹായിച്ചില്ല.വ്യക്തി സദാ നിരീക്ഷിക്കപ്പെടുന്ന സോഷ്യലിസത്തിൽ അവർക്ക് വിശ്വാസം നഷ്ടപ്പെട്ടു.അടുത്ത 20 വർഷം അവരെ മൂന്ന് തവണ അറസ്റ്റ് ചെയ്‌തു.1955 ൽ കിഴക്കൻ ജർമനിയിൽ എത്തിയ അവരെ സോഷ്യലിസ്റ്റ് ഭരണ കൂടത്തിൻറെ ചാരന്മാരും നിരീക്ഷിച്ചു.
കരോള 
ജർമൻ നാടക സംവിധായകനും ചാരനുമായ ഗുസ്താവ് വോൺ വാങ്കൻഹീം,ലെഫ്റ്റ് കോളം നാടക സംഘാംഗമായ കരോളയെ ഒറ്റിക്കൊടുത്തു.അവർ 1936 ജൂലൈ 25 ന് മോസ്‌കോയിൽ അറസ്റ്റിലായി പത്തു കൊല്ലം ലേബർ ക്യാമ്പിലേക്ക് ശിക്ഷിച്ചു.ഒറൻബേർഗിലെ സോൾസെക് ജയിലിൽ 1942 ജൂൺ 26 ന് മരിച്ചു.

ഹെർബെർട് വെഹ്‌നർ വലിയ ചതിയനായിരുന്നുവെന്ന് മുള്ളറുടെ പുസ്തകം വെളിവാക്കുന്നു.എറിക് മുഹ്‌സം,സെൻസി, വോളൻബെർഗ് എന്നിവരുടെ ജീവിതം തകർത്തത്,1937 ൽ മോസ്‌കോയിൽ എത്തിയ ശേഷം ഇയാൾ കോമിന്റേണിനും ചാരസംഘടനയ്ക്കും കൊടുത്ത രഹസ്യ റിപ്പോർട്ടുകൾ കൊണ്ടാണ്.അയാൾ പ്രാഗിലായിരുന്നപ്പോഴും ഇഷ്ടമില്ലാത്തവരെ ട്രോട് സ്‌കിയിസ്റ്റ് മുദ്ര കുത്തിയിരുന്നു.ലുബിയാങ്ക ജയിലിലെ ചാര യൂണിറ്റിനും ഇയാൾ വിവരം നൽകി.പിൽക്കാലത്ത് ഇയാൾ ജർമനിയിൽ എത്തി പാർട്ടി വിട്ട് സോഷ്യൽ ഡെമോക്രാറ്റ് നേതാവായി.യുദ്ധാനന്തര പശ്ചിമ ജർമനിയിലെ പാർലമെൻറിൽ അവരുടെ കക്ഷി നേതാവായിരുന്നു.അപ്പോൾ അയാൾ ഡബിൾ ഏജൻറ് ആയിരുന്നിരിക്കണം -ഒരേ സമയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സോഷ്യൽ ഡെമോക്രാറ്റുകളുടെയും ചാരൻ.

ബ്രെഹ്തിൻറെ നടി കരോള തടവിലായപ്പോൾ അദ്ദേഹം എന്ത് ചെയ്യുകയായിരുന്നു ?

ബ്രെഹ്ത് മാർക്സിസ്റ്റ് ആയത് 1926 ൽ ആയിരുന്നു.Man Equals Man എന്ന നാടകം അവതരിപ്പിച്ച ശേഷം മാർക്‌സിസം പഠിക്കാൻ തുടങ്ങി.ബ്രെഹ്ത് എഴുതി:

When I read Marx's Capital , I understood my plays; Marx was, the only spectator for my plays I'd ever come across.
മാർക്‌സിന്റെ 'മൂലധനം' വായിച്ചപ്പോൾ എനിക്ക് എൻറെ നാടകങ്ങൾ മനസ്സിലായി.എൻറെ നാടകത്തിൻറെ ഏക പ്രേക്ഷകൻ അദ്ദേഹമാണ്.

സോവിയറ്റ് യൂണിയനിൽ പ്രചോദനം കണ്ട് ബ്രെഹ്ത്, ബോൾഷെവിക് കൂട്ട് പരിപാടികളെ പ്രകീർത്തിച്ച് പ്രചാരണ നാടകങ്ങൾ എഴുതി.അതിലൊന്നാണ് Man Equals Man.ലെനിൻറെ ചുവപ്പ് ഭീകരതയെ ആശ്ലേഷിക്കുന്നതാണ്,The Decision.മുതലാളിത്തത്തിന് എതിരാണ്,Saint Joan of the Stockyards.
അത് കൊണ്ട്,1942 ൽ സോവിയറ്റ് ജയിലിൽ കഴിയുന്ന കരോളയെ സഹായിക്കാൻ ബ്രെഹ്ത് വിസമ്മതിച്ചു.പടിഞ്ഞാറൻ ലോകത്തെ റഷ്യൻ കുടിയേറ്റക്കാർ ക്ഷുഭിതരായി.തോപ്പിൽ ഭാസിക്കുള്ള മനുഷ്യത്വം അദ്ദേഹത്തിനുണ്ടായില്ല.ബ്രെഹ്തിന് മനുഷ്യത്വം കാട്ടാൻ പേടിക്കേണ്ടിയിരുന്നില്ല.രണ്ടാം ലോകയുദ്ധ കാലത്ത് ജർമനി വിട്ട് അമേരിക്കയിലായിരുന്നു.
ബ്രെഹ്ത് 
ഹോളിവുഡിൽ Hangmen Also Die എന്ന തിരക്കഥ എഴുതി ബ്രെഹ്ത്  കാശുണ്ടാക്കിയിരുന്നു.ശീതസമര കാലത്ത് സ്റ്റുഡിയോകൾ അദ്ദേഹത്തെ  കരിമ്പട്ടികയിൽ പെടുത്തി.ഹൗസ് അൺ അമേരിക്കൻ കമ്മിറ്റി വിളിച്ചു ചോദ്യം ചെയ്‌തു.1947 ഒക്ടോബർ 30 ന്,താൻ ഒരിക്കലും പാർട്ടി അംഗമായിരുന്നില്ലെന്ന്  മൊഴി നൽകി.അടുത്ത ദിവസം അമേരിക്ക വിട്ടു.മൊഴി നൽകിയത് വഞ്ചനയായി കമ്മ്യൂണിസ്റ്റ് ലോകം കരുതി.ബ്രെഹ്ത് പാർട്ടി അംഗമായിരുന്നില്ല.എന്നാൽ ലൂക്കാച്ചിനൊപ്പം തലയെടുപ്പുള്ള സൈദ്ധാന്തികൻ കാൾ കോർഷ് അദ്ദേഹത്തെ മാർക്‌സിസം പഠിപ്പിച്ചിരുന്നു.1953 ജൂൺ 16 ന് ,സ്റ്റാലിന്റെ മരണ ശേഷം,കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കിഴക്കൻ ജർമനിയിൽ,പത്തു ലക്ഷം തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കലാപം നടത്തി.സോവിയറ്റ് പട്ടാളത്തെ ഉപയോഗിക്കുന്നത് ഉൾപ്പെടെ,സർക്കാർ എടുത്ത നടപടികളെ ബ്രെഹ്ത് അനുകൂലിച്ചു.17 ന് അദ്ദേഹം പാർട്ടി സെക്രട്ടറി വാൾട്ടർ ഉൾബ്രിക്റ്റിന് എഴുതി:

History will pay its respects to the revolutionary impatience of the Socialist Unity Party of Germany. The great discussion [exchange] with the masses about the speed of socialist construction will lead to a viewing and safeguarding of the socialist achievements. At this moment I must assure you of my allegiance to the Socialist Unity Party of Germany.
പാർട്ടിയുടെ വിപ്ലവകരമായ അക്ഷമയെ അഭിവാദ്യം ചെയ്യുന്നു.ഞാൻ പാർട്ടിക്കൊപ്പം നിൽക്കുന്നു .

ഏതാനും മാസം കഴിഞ്ഞപ്പോൾ അബദ്ധമായെന്ന് തോന്നി,'പരിഹാരം '( The  Solution ) എന്ന കവിതയിൽ ബ്രെഹ്ത് വിലപിച്ചു:

After the uprising of the 17th of June
The Secretary of the Writers Union
Had leaflets distributed in the Stalinallee
Stating that the people
Had forfeited the confidence of the government
And could win it back only
By redoubled efforts.

Would it not be easier
In that case for the government
To dissolve the people
And elect another?


സർക്കാരിന് ഇപ്പോഴുള്ള ജനത്തെ പിരിച്ചു വിട്ട് മറ്റൊന്നിനെ തിരഞ്ഞെടുത്തു കൂടെ എന്ന ചോദ്യത്തിൽ,ആ മനുഷ്യൻറെ നിരാശയുണ്ട് .കവിതയിൽ പറയുന്ന സ്റ്റാലിനാലി , പാർട്ടി സർക്കാർ പണിത നടപ്പാതയാണ്.1954 ൽ ബ്രെഹ്തിന് സ്റ്റാലിൻ സമാധാന സമ്മാനം കിട്ടി.

See https://hamletram.blogspot.com/2019/08/blog-post_24.html


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...