Tuesday, 27 August 2019

ടിറ്റോയുടെ ഭാര്യയെ സ്റ്റാലിൻ കൊന്നു

ആദ്യ ഭാര്യയും തടവിൽ  

യൂഗോസ്ലാവ് കമ്മ്യൂണിസ്റ്റ് നേതാവ് മിലോവൻ ജിലാസ് എഴുതിയ Conversations with Stalin എന്ന പുസ്തകം മൂന്ന് തവണ 1940 കളിൽ സ്റ്റാലിനുമായി നടത്തിയ ചർച്ചകളുടെ വിവരണമാണ്.ഇതിൽ ഒന്നിൽ മാത്രമേ യൂഗോസ്ലാവ് പാർട്ടി ജനറൽ സെക്രട്ടറി ജോസിപ് ബ്രോസ് ടിറ്റോ പങ്കെടുക്കുന്നുള്ളൂ.ഒരു ചർച്ചയ്ക്ക് ജിലാസിനെ തന്നെ അയയ്ക്കണം എന്ന് സ്റ്റാലിൻ ആവശ്യപ്പെടുന്നുണ്ട്.അത്,ജിലാസിനെ കൈയിലെടുത്ത് ടിറ്റോയുമായി തെറ്റിക്കാൻ ആകണം.സോവിയറ്റ് യൂണിയനിൽ പോകാൻ ഇഷ്ടപ്പെടാതിരുന്ന ടിറ്റോ,1948 ൽ സ്റ്റാലിനുമായുള്ള ബന്ധം പൂർണമായും വിച്ഛേദിച്ചു.
സോവിയറ്റ് യൂണിയൻ ഇല്ലാതായ ശേഷം തുറന്ന ആർകൈവ്സിൽ നിന്ന് കിട്ടുന്നത്,ടിറ്റോയുടെ രണ്ടാം ഭാര്യ ലൂസി ബോയറെ സ്റ്റാലിൻ കൊന്നതിൻറെ വിവരങ്ങളാണ്.അപ്പോൾ ടിറ്റോ എന്ത് കൊണ്ട് സ്റ്റാലിനെ വെറുത്തു എന്ന് വ്യക്തമാകുന്നു.

ടിറ്റോയുടെ മുൻ ഭാര്യ പെലജ ബെലുസോവ ( പോൾക്ക ) യെയും ഭാര്യ ജൊവാന (അന) കോനിഗി ( ലൂസിയ ബോയർ ) നെയും സാമ്രാജ്യത്വ  ചാരപ്രവർത്തനത്തിന് 1936 ൽ ആണ് അറസ്റ്റ് ചെയ്‌തത് .പോൾക്ക രണ്ടു കൊല്ലം തടവിൽ കഴിഞ്ഞു.14 വയസുള്ള മകൻ സാർകോയെ ടിറ്റോ ബോർഡിങിൽ ചേർത്തു.ജർമൻകാരി അനയെ ജർമനിക്ക് ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച് ലുബിയാങ്ക ജയിലിൽ വെടിവച്ചു കൊന്നു.
ലൂസിയ ബോയർ  എന്ന് കമ്മ്യൂണിസ്റ്റ് വൃത്തങ്ങളിൽ അറിയപ്പെട്ട അവർക്ക്,അന്ന കോനിൻ,എൽസ ജൊഹാന കോനിഗ് എന്നൊക്കെ പേരുകളുണ്ട്.ജർമൻ കമ്മ്യൂണിസ്റ്റ് ആയ അവർ ഹിറ്റ്‌ലർ  തടവിലിട്ട കമ്മ്യൂണിസ്റ്റ് യുവാവ് ഏണസ്റ്റ് വോൾവെബറിൻറെ ഭാര്യ ആയിരുന്നു. അദ്ദേഹത്തിൻറെ അറസ്റ്റിന് ശേഷം റെഡ് എയ്‌ഡ്‌ അവരുടെ സംരക്ഷണം ഏറ്റെടുത്ത് മോസ്‌കോയ്ക്ക് കൊണ്ട് പോയി.അവിടെ കിട്ടിയ പാർട്ടി പേരായിരുന്നു,ലൂസിയ ബോയർ.
ടിറ്റോ,പോൾക്ക,സാർക്കോ 
ടിറ്റോ ( 1892 -1980 ) നന്മയുള്ള ഏകാധിപതി ആയാണ് അറിയപ്പെടുന്നത്.വടക്കൻ ക്രൊയേഷ്യയിലെ കത്തോലിക്ക തൊഴിലാളി കുടുംബത്തിലായിരുന്നു,ജനനം.എട്ടു മക്കളിൽ ഏഴാമൻ.പത്തേക്കർ സ്ഥലവും വീടും ഉണ്ടായിരുന്നെങ്കിലും കൃഷി ഉണ്ടായിരുന്നില്ല.ടിറ്റോ അമേരിക്കയ്ക്ക് കുടിയേറണമെന്ന് പിതാവ് ആഗ്രഹിച്ചു;യാത്രയ്ക്ക് പണം ഉണ്ടാക്കാനായില്ല.നാലു വർഷം മാത്രം സ്‌കൂളിൽ പഠിച്ചു തോറ്റ ടിറ്റോയ്ക്ക് ജീവിതം മുഴുവൻ അക്ഷര പിശകുണ്ടായി.ഹോട്ടൽ ജീവനക്കാരനും കൊല്ലനുമായി.മെയ് ദിനം ആചരിച്ച് കമ്മ്യൂണിസം പരിചയപ്പെട്ടു.സൈക്കിൾ നന്നാക്കുന്ന ജോലി ചെയ്‌തു.സ്കോഡ,ബെൻസ്ഓസ്‌ട്രോ ഡെയിംലർ  കാർ കമ്പനികളിൽ പണി എടുത്തു.ഒന്നാം ലോക യുദ്ധത്തിൽ രാജാവിൻറെ ഭടനായി.റഷ്യയിലെ കസാനിൽ മുറിവേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ടോൾസ്റ്റോയ്,തുർഗനേവ് കൃതികൾ വായിച്ചു.യുദ്ധത്തടവുകാരനായി,1916 ൽ പുതിയ ട്രാൻസ് -സൈബീരിയൻ റെയിൽവേ പണിക്ക് കൊണ്ട് പോയി. 1917 ഫെബ്രുവരി വിപ്ലവശേഷം പീറ്റർ പോൾ കോട്ടയിൽ തടവിലായിരിക്കെ രക്ഷപ്പെട്ട് 3200 കിലോമീറ്റർ സഞ്ചരിച്ച് സൈബീരിയയിലെ ഓംസ്‌കിൽ എത്തി.അവിടെ ട്രെയിൻ ബോൾഷെവിക്കുകൾ തടഞ്ഞ് ലെനിൻ പെട്രോഗ്രാഡ് പിടിച്ചതായി അറിയിച്ചു.ടിറ്റോയെ ഇൻറർനാഷനൽ റെഡ് ഗാർഡിലേക്ക് എടുത്തു.ട്രാൻസ് -സൈബീരിയൻ റെയിൽവേയ്ക്ക് കാവലായി.1918 മെയിൽ ബോൾഷെവിക് വിരുദ്ധ ചെക് ലീജിയൻ സൈബീരിയയുടെ ചില മേഖലകൾ പിടിച്ചു.ഓംസ്‌കിൽ താൽകാലിക സൈബീരിയൻ ഭരണകൂടം വന്നപ്പോൾ ടിറ്റോയും സഖാക്കളും ഒളിവിൽ പോയി.അപ്പോഴാണ് ടിറ്റോ,പോൾക്കയെ കണ്ടത്-പെലാജിജ ഡെനിസോവ്‌ന പോൾക്ക ബെലുസോവ,14 വയസ്.ടിറ്റോ 26.അവളാണ് ടിറ്റോയെ ഒളിപ്പിച്ച് 64 കിലോമീറ്റർ അകലെ കിർഗിസ് ഗ്രാമത്തിലേക്ക് രക്ഷപെടാൻ സഹായിച്ചത്.1919 നവംബറിൽ റെഡ് ആർമി ഓംസ്‌ക് തിരിച്ചു പിടിക്കും വരെ ടിറ്റോ ധാന്യ മില്ലിൽ പണിയെടുത്തു.അയാൾ ഓംസ്‌കിലേക്ക് മടങ്ങി ജനുവരിയിൽ പോൾക്കയെ കെട്ടി.1920 ശിശിരത്തിൽ ഗർഭിണി ആയ പോൾക്ക,ടിറ്റോയ്‌ക്കൊപ്പം ടിറ്റോയുടെ നാട്ടിലേക്ക് പോയി.ടിറ്റോയുടെ അമ്മ മരിച്ചിരുന്നു .അമ്മ സാഗ്രെബിലേക്ക് മാറിയിരുന്നു.ഇവിടെയാണ് ടിറ്റോ പാർട്ടിയിൽ ചേർന്നത് .ഹോട്ടലിൽ വെയ്റ്റർ ആയി.1924 ൽ ജില്ലാ കമ്മിറ്റിയിൽ എത്തിയത് മുതൽ പടവുകൾ കയറി.
ജൊവാങ്ക 
പോൾക്ക ഇലിക്കയിൽ ബോത്ത ആൻഡ് എഹർമാൻ ഫർണിച്ചർ സ്റ്റോറിൽ സെയിൽസ് ക്ലർക് ആയി.കടുത്ത ദാരിദ്ര്യത്തിൽ ജീവിച്ചു. പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങൾ ചെറിയ പ്രായത്തിലും സ്ലേറ്റിന എന്ന മകൾ രണ്ടു വയസിലും മരിച്ചു.1924 സാർക്കോ എന്ന മകൻ പിറന്നു.33 വയസിൽ ടിറ്റോ മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി.ടിറ്റോയെ അഞ്ചു വർഷം തടവിന് ശിക്ഷിച്ച് താമസിയാതെ 1929 ൽ പോൾക്ക മകനൊപ്പം സോവിയറ്റ് യൂണിയനിലേക്ക് മടങ്ങി.അവർ കോമിന്റേൺ ഫൊട്ടോഗ്രഫർ പീറ്റർ സ്‌മയിലോവിച് റോഗുൽജീവിനെ വിവാഹം ചെയ്‌തപ്പോൾ,മകനെ ദുർഗുണ പരിഹാര പാഠശാലയിൽ വിട്ടു.നാഷനൽ മൈനോറിറ്റി സർവകലാശാലയിൽ ചേർന്ന അവർക്ക് വരുമാനം ഉണ്ടായിരുന്നില്ല.സാർക്കോയ്ക്ക് ഇറ്റാലിയൻ പാർട്ടി സെക്രട്ടറി പാൽമിറ തോഗ്ലിയറ്റിയുടെ മകൻ അടങ്ങിയ ഗോൾഡൻ ടൂത് എന്ന സംഘമുണ്ടായിരുന്നു.അവൻ ട്രംപറ്റ് വായിച്ചിരുന്നു.

പോൾക്ക ( 1904 -1967 ) കാര്യമായി വിദ്യാഭ്യാസം ചെയ്‌തിരുന്നില്ല.ഇരുവരും പള്ളിയിൽ ചേർന്നായിരുന്നു വിവാഹം.1926 ൽ യൂഗോസ്ലാവ് പാർട്ടിയിൽ ചേർന്നു.അടുത്ത വർഷം മുതൽ സി സി വനിതാ വിഭാഗത്തിൽ പ്രവർത്തിച്ചു.തടവുകാർക്ക് രക്ഷ ഒരുക്കി,അനധികൃത പ്രസിൽ പ്രവർത്തിച്ചു.1929 ൽ സോവിയറ്റ് യൂണിയനിലേക്ക് മടങ്ങിയ ശേഷം ഡോ ആന്റി സിലിഗയുടെ ട്രോട് സ്‌കി ഗ്രൂപ്പിൽ പ്രവർത്തിച്ചു.1938 ലെ പോൾക്കയുടെ അറസ്റ്റ്,ടിറ്റോ ട്രോട് സ്‌കിയിസ്റ്റ് എന്ന് സംശയിക്കാൻ വഴി വച്ചു.

1934 ലെ ക്രിസ്‌മസിന്‌ യൂഗോസ്ലാവ് പാർട്ടി പി ബി യിൽ വന്ന ശേഷം ടിറ്റോ 1935 ഫെബ്രുവരിയിൽ കോമിന്റേൺ വാസ സ്ഥാനമായ ട്രസ്‌കയാ തെരുവിലെ ഹോട്ടൽ ലക്‌സിൽ എത്തിയപ്പോഴാണ് അവിടത്തെ ജീവനക്കാരിയായ ലൂസിയയെ കണ്ടത്.സ്റ്റാലിനെ ആദ്യമായി കണ്ടത് ഓഗസ്റ്റിൽ .ലൂസിയയുമായുള്ള  പ്രണയം അറിഞ്ഞ പോൾക്ക 1936 ഏപ്രിലിൽ ടിറ്റോയിൽ നിന്ന് പിരിഞ്ഞു.കോമിന്റേൺ ഏഴാം കോൺഗ്രസിന് ശേഷം ഒക്ടോബർ 13 ന് ടിറ്റോ, ലൂസിയയെ കെട്ടി.വിവാഹ സർട്ടിഫിക്കറ്റിൽ വാൾട്ടർ എന്നും ലൂസിയ എന്നുമാണ് കാണുന്നത്.ഫ്രഡറിക് വാൾട്ടർ എന്നായിരുന്നു ടിറ്റോയുടെ പാർട്ടി പേര്.ടിറ്റോയെക്കാൾ 22 വയസ് ഇളയതായിരുന്നു.ഈ മാസത്തിൽ തന്നെ യുഗോസ്ലാവിയയ്ക്ക് ഒളിവ് പ്രവർത്തനത്തിന് പോയ ടിറ്റോയ്ക്ക് അവർ പ്രണയം നിറച്ച കത്തുകൾ എഴുതി.1937 ഒക്ടോബർ 20 ന് ഗസ്റ്റപ്പോയുടെ ഏജൻറ് എന്ന് മുദ്ര കുത്തി അവരെ അറസ്റ്റ് ചെയ്‌തു.ഡിസംബർ 29 ന് വെടിവച്ചു കൊന്നു.
ഹെർത്ത ടിറ്റോയ്‌ക്കൊപ്പം 
പ്രഹസന വിചാരണയിൽ വാൾട്ടർ ഫ്രഡറിക് എന്ന യൂഗോസ്ലാവ് പാർട്ടി പി ബി അംഗത്തെ 1936 ൽ വിവാഹം ചെയ്‌തെന്ന് ലൂസിയ പറഞ്ഞതായി മിനിറ്റ്സിൽ ഉണ്ട്.
സാർക്കോയെ പാഠശാലയിൽ നിന്ന് വിടർത്തി ടിറ്റോ ബോർഡിങിൽ ചേർത്തു.ലൂസിയ അവനെ നോക്കുമെന്ന് ടിറ്റോ കരുതി.പാഠശാലയിൽ മകനെ ഉപേക്ഷിച്ച പോൾക്കയ്ക്ക് ടിറ്റോ മാപ്പ് നൽകിയില്ല.പോൾക്കയ്ക്ക് സൈബീരിയയിൽ 20 വർഷം ശിക്ഷ കിട്ടി.
ടിറ്റോ 1938 ഓഗസ്റ്റ് 24 ന് മോസ്‌കോയിൽ എത്തിയപ്പോൾ,പോൾക്കയെയും ലൂസിയയെയും സാമ്രാജ്യത്വ ചാരന്മാർ എന്ന് കുറ്റപ്പെടുത്തി അറസ്റ്റ് ചെയ്‌ത വിവരം അറിഞ്ഞു.സെപ്റ്റംബർ 27 ന് ടിറ്റോ കോമിന്റേൺ സെക്രട്ടറിമാരായ ജിയോർഗി ദിമിത്രോവിനും ദിമിത്രി മാനുവിൽസ്‌കിക്കും നൽകിയ മൊഴി :

ജാഗ്രതക്കുറവിനാൽ ഭാര്യയുടെ വഞ്ചന കാണാതിരുന്നതിൽ കുറ്റബോധമുണ്ട് .പോൾക്ക മകൻ സാർക്കോവിനെ അനാഥാലയത്തിൽ ഉപേക്ഷിച്ചത് അധാർമിക പ്രവൃത്തി ആയിരുന്നു.അവൾ മകനെ വെറുത്തു.അന്നയ്ക്ക് രാഷ്ട്രീയ ബോധം ഇല്ലായിരുന്നു.അവർ ചാരവൃത്തി ചെയ്‌തത്‌ എൻറെ പാർട്ടി പ്രവർത്തനത്തിലെ കളങ്കമാണ്.

ലൂസിയയെപ്പറ്റിയുള്ള മൊഴി:

1935 ഒക്ടോബറിൽ ലക്സ് ഹോട്ടലിലാണ് ഞാൻ  അവരെ കണ്ടത്.ഞാൻ കോമിന്റേണിൽ പ്രവർത്തിച്ചതിനാൽ ഒറ്റയ്ക്ക് മകനെ നോക്കാൻ പ്രയാസമായിരുന്നു.അവൻ ഒറ്റയ്ക്ക് വീട്ടിലിരുന്ന് തെമ്മാടിക്കൂട്ടത്തിൽ പെട്ടു.ലൂസിയെ കണ്ടപ്പോൾ ഞാൻ കൂടെ ജീവിക്കാൻ പറഞ്ഞു.അവർ മകനെ നോക്കുമെന്ന് തോന്നി.അവർ ഒരു അനാഥ പ്രവർത്തകൻറെ  മകളായിരുന്നു.അവർ ജർമൻ കോസ്‌മോസ്‌മോളിലെ പ്രധാന പ്രവർത്തകൻറെ ഭാര്യയായിരുന്നു.നമ്മുടെ പാർട്ടിയിലെ  അട്ടിമറിക്കാർ  ഇതൊക്കെ എനിക്കെതിരെ ഉപയോഗിക്കും.ജാഗ്രത വേണം.

രണ്ടാം ലോകയുദ്ധ ശേഷം മോചിതയായ പോൾക്കയ്ക്ക് റോഗുൽജീവിൽ കുഞ്ഞുണ്ടായി -നിന എൻജിനീയറായി.ടിറ്റോ സ്റ്റാലിനുമായി പിരിഞ്ഞപ്പോൾ 1948 ൽ പോൾക്കയെ വീണ്ടും അറസ്റ്റ് ചെയ്‌തു.പത്തു വർഷം തടവ് ശിക്ഷിച്ചു.സ്റ്റാലിൻ പോയ ശേഷം 1957 ൽ മോചിപ്പിച്ചെങ്കിലും മോസ്‌കോയിൽ താമസിക്കാൻ സമ്മതിച്ചില്ല.1967 ൽ മരണം വരെ ഇസ്ത്രിയയിൽ ജീവിച്ചു.
വോൾവെബർ 
ലൂസിയയുടെ ആദ്യ ഭർത്താവ് ഏണസ്റ്റ് വോൾവെബർ കോൺസൻട്രേഷൻ ക്യാമ്പുകൾ അതിജീവിച്ച് കിഴക്കൻ ജർമനിയിൽ ദേശീയ സുരക്ഷാ മന്ത്രിയായി.അദ്ദേഹത്തിൻറെ അഭ്യർത്ഥന മാനിച്ച് ലൂസിയയെ 1958 ൽ മോസ്‌കോ പുനരധിവസിപ്പിച്ചു.വോൾവെബർ ( 1898 -1967 ) 1955 -57 ലാണ് മന്ത്രി ആയിരുന്നത്.ഒന്നാം ലോകയുദ്ധത്തിൽ മുങ്ങിക്കപ്പലിൽ ഓഫിസർ ആയിരുന്നു.നാവിക കലാപത്തിൽ പങ്കെടുത്ത് 1919 ൽ പാർട്ടിയിൽ ചേർന്നു.1921 ൽ സി സി യിൽ എത്തി.മൂന്ന് വർഷം കഴിഞ്ഞ് അറസ്റ്റിലായി.1928 ൽ പ്രഷ്യൻ എം പി.1933 ൽ ദിമിത്രോവ് ജർമൻ റീഷ്സ്റ്റാഗിന് തീവച്ചപ്പോൾ വോൾവെബർ ലെനിൻ ഗ്രേഡിലേക്ക് പലായനം ചെയ്‌തു.ലൂസിയയെ ടിറ്റോ വിവാഹം ചെയ്യുമ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നിരിക്കാം.1936 -40 ൽ ഫാഷിസത്തിനെതിരെ സോവിയറ്റ് യൂണിയന് പിന്തുണ എന്ന സംഘടനയുണ്ടാക്കി ഫാഷിസ്റ്റ് കപ്പലുകൾക്ക് എതിരെ 21 ആക്രമണങ്ങൾ നടത്തി.വോൾവെബർ ലീഗ് എന്ന് സംഘടന അറിയപ്പെട്ടു.1937 സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിൽ റിപ്പബ്ലിക്കൻ പക്ഷത്തിന് ആയുധങ്ങൾ കൊടുത്തു.1940 ൽ സ്വീഡനിൽ അറസ്റ്റിലായി -പൊടുന്നനെ അയാൾക്ക് സോവിയറ്റ് പൗരത്വം കൊടുത്ത് വധശിക്ഷയിൽ നിന്ന് രക്ഷിച്ചു.1944 ൽ സോവിയറ്റ് യൂണിയനിലേക്ക് വിട്ടയച്ചു.1953 ൽ ചാര സംഘടന സ്റ്റാസിയുടെ മേധാവി ആയിരുന്നു.

ടിറ്റോ നടന്നതൊക്കെ വിശ്വസിച്ചിട്ടാണോ സ്വന്തം ഉയർച്ചയ്ക്കാണോ രണ്ടു പെണ്ണുങ്ങളെ തള്ളിപ്പറഞ്ഞതെന്ന് വ്യക്തമല്ല.മിറോ സിംസിക്‌ Tito Without a Mask എന്ന പുസ്തകത്തിന് വേണ്ടി കോമിന്റേൺ ആർകൈവ്സിൽ നിന്ന് കത്ത് കണ്ടെടുത്തിരുന്നു.Women in Tito's Shadow എന്ന പുസ്തകവും അദ്ദേഹം എഴുതി.രണ്ടാം ലോക യുദ്ധത്തിന് ശേഷം ടിറ്റോയുടെ വലംകൈ എഡ്‌വേഡ്‌ കാർഥേൽജിനെ പോലെ ചിലർ ഇസ്ലാം സ്വീകരിച്ചത്,സ്ത്രീഭ്രമം കൊണ്ടാണെന്ന് സിംസിക് പറയുന്നു.സ്ലോവേനിയൻ ആർകൈവ്സിലെ 36 നമ്പർ പെട്ടി നിറയെ ഇത്തരം വിവരങ്ങളുണ്ട്.

ഹെർത്ത ഹാസ്,ജൊവാങ്ക ബ്രോസ് എന്നീ ഭാര്യമാർ കൂടി ടിറ്റോയ്ക്ക് ഉണ്ടായിരുന്നു.ഹെർത്തയെ 1940 ലും ജൊവാങ്കയെ 1952 ലും വിവാഹം ചെയ്‌തു.ഹെർത്ത ( 1914 -2010 ) വിവാഹം മൂന്ന് വർഷമേ നിന്നുള്ളൂ.1937 ൽ പാരിസിലാണ് കണ്ടത്.സ്ലോവേനിയക്കാരിയായ അവർ യുഗോസ്ലാവിയയ്ക്കും ഫ്രാൻസിനുമിടയിൽ വിപ്ലവ കൊറിയർ ആയിരുന്നു.മോസ്‌കോയിൽ നിന്ന് മടങ്ങിയ ടിറ്റോയ്ക്ക് തുർക്കിയിൽ പാസ്പോർട്ട് കൊടുക്കാൻ പോയി പ്രണയത്തിലായി.മിസോ എന്ന കുഞ്ഞുണ്ടായി.നാസികൾ ഹെർത്തയെ പിടികൂടി മോചിപ്പിക്കുമ്പോഴേക്കും ടിറ്റോ സെക്രട്ടറി ദാവോർജങ്ക പൗനോവികിനെ വിവാഹ ചെയ്യാതെ കൂടെ കൂട്ടിയിരുന്നു.ഹെർത്ത പുനർവിവാഹം ചെയ്‌ത്‌ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായി.ഹെർത്തയും ടിറ്റോയും 22 വയസ്സായിരുന്നു ദൂരം.
ദാവോർജങ്ക 
ദാവോർജങ്ക ( 1921 -1946 ) സെഡങ്ക എന്ന് പാർട്ടിയിൽ അറിയപ്പെട്ടു.ധനിക കുടുംബത്തിൽ നിന്നെത്തി,ആധുനികയായി പെരുമാറി.1939 ൽ പാർട്ടിയിൽ ചേർന്നു.1941 ൽ പി ബി യുടെ കൊറിയർ ആയിരുന്നു.യുദ്ധകാലം മുഴുവൻ ടിറ്റോയുടെ സെക്രട്ടറി.ബെൽഗ്രേഡിൽ ഫ്രഞ്ച് പഠിക്കുകയായിരുന്നു.ക്ഷയം ബാധിച്ച് 1944 ൽ റഷ്യയിൽ ചികിത്സയ്ക്ക് പോയി.മടങ്ങി വന്ന് ടിറ്റോയ്‌ക്കൊപ്പം റൊമാനിയയിലും വൈറ്റ് പാലസിലും ജീവിച്ചു.1946 ൽ മരിച്ചപ്പോൾ ആഗ്രഹമനുസരിച്ച് സെർബിയയിലെ വൈറ്റ് പാലസ് വളപ്പിൽ സംസ്‌കരിച്ചു.ടിറ്റോയുടെ  ഇഷ്ട പ്രണയിനി.29 വയസ്സായിരുന്നു ഇരുവരും തമ്മിലുള്ള അകലം.

ജൊവാങ്ക ( 1924 -2013 ) യൂഗോസ്ലാവ് പീപ്പിൾസ് ആർമിയിൽ ഉണ്ടായിരുന്നു.വിവാഹ ശേഷം മരണം വരെ കൂടെ നിന്നു -ടിറ്റോയുടെ മറ്റ് പ്രണയങ്ങൾ സഹിച്ചു.ടിറ്റോയുടെ മരണ ശേഷം സ്വത്തു മുഴുവൻ പിടിച്ചെടുത്ത സർക്കാർ അവരെ വീട്ടു തടങ്കലിലാക്കി.17 വയസിൽ അവർ പാർട്ടി പ്രതിരോധ സേനയിൽ ( Partisan ) ചേർന്നിരുന്നു.1945 ൽ ടിറ്റോയുടെ ആരോഗ്യം സൂക്ഷിക്കാനെത്തി.1946 ൽ ദാവോർജങ്ക മരിച്ചപ്പോൾ സെക്രട്ടറിയായി.മിലോവൻ ജിലാസ് അവരെ ഇങ്ങനെ ഓർമിച്ചു:

The motives for her closeness to Tito could've been explained in endless ways, none of which would show her character in a good light: career climbing, cajolery, malicious female extravagance, exploitation of Tito's lonesomeness... As far as she was concerned, Tito was a war and communist party deity for whom everyone was supposed to sacrifice everything they had. She was a woman deep in the process of comprehending Tito as a man, while also increasingly and devotedly falling in love with him. She was resigned to burn out or fade away, unknown and unrecognized if need be, next to the divine man about whom she dreamt and to whom she could only belong now that he has chosen her.

അവർ ടിറ്റോയുടെ ഏകാന്തത മുതലെടുത്ത്,സർവതും സമർപ്പിച്ച് മുകളിൽ കയറി.1975 ൽ ഒന്നിച്ചുള്ള ജീവിതത്തിൽ നിന്ന് ടിറ്റോ മാറി;1977 -80 ൽ പരസ്‌പരം കണ്ടില്ല.31 വയസ്സായിരുന്നു,ഇരുവരും തമ്മിലുള്ള അകലം.

ലൂസിയയുടെ ഒരു ചിത്രവും പുറത്തു വന്നിട്ടില്ല.

See https://hamletram.blogspot.com/2019/08/blog-post_26.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...