Tuesday, 12 November 2019

ടിപ്പുവിൻറെ വരവും പോക്കും

ഇസ്ലാം ഇവിടെ വേരുറപ്പിക്കുന്നു  

ഹൈദരാലിയുടെയും മകൻ ടിപ്പുവിന്റെയും ആധിനിവേശം മലബാറിൽ മാത്രം ആയിരുന്നു എന്നാണ് പൊതു ധാരണ.അത് ശരിയല്ല.കൊച്ചി കീഴ്പ്പെടുത്തിയ ശേഷമാണ് ഹൈദർ മലബാർ ശ്രദ്ധിച്ചത്.എല്ലാ വിദേശ ശക്തികൾക്കും വഴങ്ങിയ പോലെ കൊച്ചി മൈസൂരിന്റെ മേൽക്കോയ്മ 1766 ൽ അംഗീകരിച്ചു.നാല് ലക്ഷം രൂപയും പത്ത് ആനയുമായിരുന്നു, കൊച്ചിയുടെ പ്രതിവർഷ കപ്പം.1790 വരെ കൊച്ചി ഹൈദറുടെയും ടിപ്പുവിന്റെയും വെറും സാമന്ത രാജ്യമായിരുന്നു.തിരുവിതാംകൂർ അവരുടെ ശത്രു  രാജ്യവും.തിരുവിതാംകൂറിന് നിശ്ചയിച്ച കപ്പം 15 ലക്ഷവും 30 ആനയും.ഹൈദർ മലബാർ വിടുകയും കോലത്തിരിയെ മടക്കി കൊണ്ട് വരികയും ചെയ്താൽ കപ്പം കൊടുക്കാമെന്ന് പറഞ്ഞ് ധർമ്മരാജ ഉഴപ്പി.സാമൂതിരി കൊടുത്ത കപ്പം 12 ലക്ഷം രൂപ.

അക്കാലം കൊച്ചി വരെ  ഇസ്ലാം അധിനിവേശത്തിൽ ആയിരുന്നു.
കോഴിക്കോടിനടുത്ത ഫറൂക്കാബാദ് ആയിരുന്നു,നമ്മുടെ തലസ്ഥാനം-.ഇന്നത്തെ ഫറോക്ക്.

ഹൈദറുടെ വരവ് തടയാൻ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് 1757 -1962 ൽ ധർമരാജയുടെ മുൻകൈയിൽ കൊച്ചിക്ക് വടക്ക് നെടുംകോട്ട പണിതു.കൊടുങ്ങല്ലൂരിന് മുകളിൽ പശ്ചിമ തീരത്ത് കൃഷ്ണൻ കോട്ട മുതൽ പശ്ചിമ ഘട്ടത്തിൽ ആനമല വരെ,20 അടി 48 കിലോമീറ്റർ നീളമാണ് കോട്ടയ്ക്ക്.12 അടി ഉയരം.അന്നത്തെ ചാലക്കുടി താലൂക്കിൽ പശ്ചിമ തീരത്ത് പെരിയാറിനോട് ചേർന്ന് ചാലക്കുടി വരെ.പിന്നെ ചാലക്കുടി പുഴയോട് ചേർന്ന് കിഴക്ക്ആനമല വരെ.ഇതിന് വടക്ക് സാമൂതിരിയുടെ മേഖല.ഇതിൻറെ ഭൂഗർഭ അറകളിൽ വെടിക്കോപ്പ് സൂക്ഷിച്ചു.ഭടന്മാർക്ക് പ്രത്യേക മുറികൾ.കാവൽപ്പുരകൾ,പീരങ്കികൾ.കോട്ടയ്ക്ക് വടക്ക് 20 അടി വീതീയും 16 അടി താഴ്ചയുമുള്ള കിടങ്ങുകൾ കുഴിച്ചു.അതിനുള്ളിൽ മുൾ ചെടികൾ,വിഷപ്പാമ്പുകൾ.തെക്കും കോട്ടയ്ക്ക് മേലും സൈനിക നീക്കത്തിന് പാതകൾ ഉണ്ടാക്കി.കോട്ടയ്ക്ക് കളിമണ്ണും ചെളിയും ഉപയോഗിച്ചു.
ഹൈദരാലി 
ദിവാൻ അയ്യപ്പൻ മാർത്താണ്ഡൻ പിള്ളയും ഡച്ച് ക്യാപ്റ്റൻ യൂസ്റ്റേഷ്യസ് ഡിലനോയിയും കോട്ട പണിക്ക് മേൽനോട്ടം വഹിച്ചു.1741 ഓഗസ്റ്റ് 12 ന് കുളച്ചൽ യുദ്ധത്തിൽ ഡച്ച് സേനയെ തിരുവിതാംകൂർ തോൽപിച്ച ശേഷം,മാർത്താണ്ഡ വർമ്മ ഡിലനോയിയെ തിരുവിതാംകൂർ സൈന്യാധിപൻ ആക്കിയിരുന്നു.ചൈനയിലെ വൻമതിൽ ആയിരുന്നു മാതൃക.നെടുംകോട്ടയുടെ സംരക്ഷണത്തിലാണ് ആലുവയിൽ ടിപ്പു സുൽത്താന്റെ സേനയെ രാജാ കേശവദാസൻറെ നേതൃത്വത്തിലുള്ള ചെറിയ തിരുവിതാംകൂർ സേന നേരിട്ടത്.ഇന്ന് കോട്ടയുടെ അവശിഷ്ടങ്ങളില്ല.കൃഷ്ണൻ കോട്ട,കോട്ടമുക്ക്,കോട്ടമുറി,കോട്ടപ്പറമ്പ്,കോട്ടവഴി,പാളയം തുടങ്ങിയ സ്ഥലനാമങ്ങളാണ്,അവശിഷ്ടങ്ങൾ.ചാലക്കുടിക്കടുത്ത് മുരിങ്ങുർ കോട്ടമുറിയിൽ ദേശീയ പാത 47 നെടുങ്കോട്ടയെ പിളർന്നു.

കൊച്ചിയെ ഹൈദർ ആക്രമിച്ച് 24 വർഷത്തിന് ശേഷം ടിപ്പു കൊച്ചിയും തിരുവിതാംകൂറും പിടിക്കാനെത്തി.1789 ഡിസംബർ 31 ന് ടിപ്പു നെടുങ്കോട്ട ആക്രമിച്ച് സൈനിക നിരയെ ഭേദിച്ചു.വൈക്കം പത്മനാഭ പിള്ളയുടെ 20 അംഗ തിരുവിതാംകൂർ സേന അവിടെയുണ്ടായിരുന്നു.പിൻവാങ്ങിയ ടിപ്പു വീണ്ടും കൂടുതൽ സേനയുമായി എത്തി നെടുംകോട്ടക്കിപ്പുറം എത്തി.കുനൂരിലോ കോട്ടമുറിയിലോ നെടുങ്കോട്ടയുടെ മതിൽ തകർത്തു.കിടങ്ങുകൾ നികത്തി മുന്നേറി.ക്ഷേത്രങ്ങൾ നശിപ്പിച്ചു.ആലുവ പെരിയാർ കരയിൽ എത്തി താവളമടിച്ചു.'പ്രപഞ്ചത്തിൻറെ അവ്യവസ്ഥയോർത്ത് പെരിഞ്ചക്കോടൻ ഒരന്തക ചാട്ടം ചാടി " എന്ന് സി വി രാമൻ പിള്ള വിവരിച്ച അവസ്ഥയിൽ,പത്മനാഭ പിള്ളയും കാളികുട്ടി  പിള്ളയും നീന്തി പുലർച്ചെ പെരിയാറിന്റെ കരഭിത്തി തകർത്തു..പെരിയാറിൽ വെള്ളം ഉയർന്നു.ഘോര പേമാരി പെയ്തു.കാലം തെറ്റി വന്ന തുലാവർഷം ആകാം.മാർക്സിസ്റ്റ് അല്ലാത്തവർക്ക് പ്രപഞ്ച] നീതിയുടെ കുത്തൊഴുക്കായി കാണാം.ടിപ്പുവിന്റെ വെടിമരുന്ന് കുതിർന്ന് ഉപായോഗമില്ലാതായി.അയാൾ മടങ്ങി .ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ ആക്രമിക്കാൻ പദ്ധതിയിടുന്ന വിവരവും പിന്മാറ്റത്തിന് കാരണമായി.

മലബാറിലെ മൈസൂർ പടയോട്ടം 1766 -1792 ൽ ആയിരുന്നു.ഇന്ത്യ സമുദ്ര തുറമുഖങ്ങൾ കൈവശപ്പെടുത്തുക ലക്ഷ്യമായിരുന്നു.ഇതിൻറെ ഫലം,മലബാറിലെ ചെറു രാജ്യങ്ങൾ ബ്രിട്ടൻറെ വരുതിയിലാവുക എന്നതായിരുന്നു.ത്രിരുവിതാംകൂർ പേടിച്ച് ബ്രിട്ടൻറെ സംരക്ഷിത രാജ്യവുമായി.
നെടുംകോട്ട കവാട അവശിഷ്ടം 
വിജയനഗര സാമ്രാജ്യവും മുഗൾ വംശവും തകർന്നപ്പോഴാണ്,വൊഡയാർ കുടുംബം മൈസൂരിൽ ഉയർന്നത്.1761 ൽ ഭരണം അവരുടെ സേനയിലെ ഹൈദരാലിയുടെ കയ്യിലായി.ബേദനൂർ ( ഇക്കേരി,കെലാടി),സുന്ദ,സേറ ,കാനറ ഒക്കെ കീഴടക്കി.1766 ൽ ചിറയ്ക്കൽ ( കോലത്തുനാട് ),കോട്ടയം,കടത്തനാട്,കോഴിക്കോട്,വള്ളുവനാട്,പാലക്കാട് എന്നിവ കീഴടക്കി.തിരുവിതാംകൂറിനെ ടിപ്പു ആക്രമിക്കാൻ നടത്തിയ അവസാന ശ്രമം മൂന്നാം ആംഗ്ലോ -മൈസൂർ യുദ്ധത്തിൽ കലാശിച്ചു.1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി വഴി ടിപ്പുവിൻറെ രാജ്യത്തിൻറെ പകുതി ബ്രിട്ടന് കിട്ടി.3 .3 കോടി രൂപ നഷ്ടപരിഹാരം  കൊടുക്കേണ്ടി വന്നു.1801 ൽ വെല്ലസ്ലി മലബാറും കാനറയും ചേർത്ത് മദ്രാസ് പ്രസിഡൻസിയുണ്ടാക്കി.പേടിച്ചരണ്ട തിരുവിതാംകൂറിനോട് മൂന്നാം ആംഗ്ലോ -മൈസൂർ യുദ്ധത്തിൻറെ ചെലവ് വഹിക്കാൻ കമ്പനി ആവശ്യപ്പെട്ടു.തിരുവിതാംകൂറിനെ സംരക്ഷിക്കാൻ നടത്തിയ യുദ്ധം എന്ന് കമ്പനി അവകാശപ്പെട്ടു.1795 ഉടമ്പടി വഴി,അത് വരെ സഖ്യ രാജ്യമായിരുന്ന തിരുവിതാംകൂർ സംരക്ഷിത രാജ്യമായി.ബ്രിട്ടീഷ് സുരക്ഷാ സേനയെ ചുമക്കാൻ രാജാവ് നിർബന്ധിതനായി.അതിനുള്ള പണം കുടിശ്ശികയായി.കമ്പനിക്ക് കുരുമുളക് കുത്തക കിട്ടി.

ഇങ്ങനെയാണ് നാം ദരിദ്രവാസികൾ ആയത്.

ഹൈദർ 1766 ൽ മംഗലാപുരം വഴി മലബാറിൽ എത്തിയത്,12000 കാലാൾപ്പട,പീരങ്കികൾ അടങ്ങിയ 4000 പേരടങ്ങിയ കവചിത സേന എന്നിവയുമായാണ്.അറബിക്കടലിനോട് ഒരു തുറമുഖം അയാൾക്ക് അത്യാവശ്യമായിരുന്നു.ബ്രിട്ടനെതിരെ ഫ്രാൻസിൽ നിന്ന് വരുന്ന ആയുധങ്ങൾ ഇറക്കേണ്ടിയിരുന്നു.കോലത്തിരിയെ തോൽപിച്ചപ്പോൾ,മാഹി കിട്ടി.അത് ഫ്രഞ്ച് അധീനത്തിൽ ആയിരുന്നു.

കോലത്തിരിയുമായി ഇടഞ്ഞു നിന്ന അറയ്ക്കൽ അലി,കൊട്ടാരം തീവച്ചു.കോലത്തിരി രാജാവ് ബ്രിട്ടീഷ് തലശ്ശേരിക്കോട്ടയിൽ അഭയം തേടി.കോലത്തു നാടിന് ശേഷം,നാടൻ മുസ്ലിം സഹായത്തോടെ ഹൈദർ കോട്ടയം കീഴടക്കി.കടത്തനാട് പ്രതിരോധമുണ്ടായപ്പോൾ അതിനെ അക്രമം വഴി നേരിട്ടു.കോഴിക്കോട് രക്തരൂഷിത യുദ്ധത്തിൽ പിടിച്ച അയാൾ അവിടന്ന് കൊള്ളയടിച്ച വൻ തുകയുമായി,കോയമ്പത്തൂർക്ക് പോയി.അറയ്ക്കൽ അലിയെപുതിയ മലബാർ പ്രവിശ്യയുടെ പട്ടാള ഗവർണറാക്കി.മുത്തണ്ണയായി,ഗവർണർ.
ഡിലനോയ് മാർത്താണ്ഡവർമ്മയ്ക്ക് കീഴടങ്ങുന്നു 
ഹൈദറുടെ സൈനിക മേധാവി റാസ അലി കോയമ്പത്തൂർക്ക് മടങ്ങിയപ്പോൾ,കാട്ടിൽ ഒളിച്ചിരുന്ന ഹിന്ദു കലാപകാരികൾ മഴക്കാലത്ത് പുറത്തെത്തി പഴയ കോട്ടകൾ പിടിച്ചു.ചില പ്രദേശങ്ങളും കൈയടക്കി.1766 ജൂണിൽ ഹൈദർ മടങ്ങിയെത്തി പട്ടാളത്തെ കലാപകാരികൾക്കെതിരെ അഴിച്ചു വിട്ടു.നായർ പോരാളികൾ നിരവധി മരിച്ചു വീണു.15000 നായന്മാരെ കാനറയ്ക്ക് നാട് കടത്തി.അതിൽ 200 പേരെ ശേഷിച്ചുള്ളൂ എന്ന് ഗസറ്റിയർ പറയുന്നു.താനൂരിലെ പുതിയങ്ങാടിയിൽ ( വെട്ടത്തുനാട് ) നിർണായക പോരാട്ടത്തിൽ ഹിന്ദുക്കൾ തോറ്റു.നൂറുകണക്കിന് ഹിന്ദു കലാപകാരികൾ വീണ്ടും കാട്ടിൽ ഒളിച്ചു.

പിടിയിലായ പോരാളികളെ കൊന്നു.നിരവധിപ്പേരെ മൈസൂർ മലകളിലേക്ക് നാട് കടത്തി.ഇനി കലാപം ഉണ്ടാകാതിരിക്കാൻ നായർ വിരുദ്ധ നിയമങ്ങൾ ഹൈദർ ഇറക്കി.നായർ മാടമ്പികൾക്ക് അധിക നികുതി ചുമത്തി.
തെക്കൻ മലബാറിൽ നിന്ന് ഇളയ ഏറാൾപ്പാട് മൈസൂർ സേനക്കെതിരെ പോരാട്ടം തുടർന്നു.നിരന്തര കലാപങ്ങളിൽ വശംകെട്ട ഹൈദർ പല സ്ഥലങ്ങളും ഹിന്ദു ഭരണാധികാരികൾക്ക് വിട്ടു കൊടുത്തു.അവ സാമന്ത രാജ്യങ്ങളായി.കോലത്തുനാടും പാലക്കാടും തന്ത്ര പ്രധാനമാകയാൽ,ഹൈദർ നേരിട്ട് ഭരിച്ചു.
മൈസൂരിന് കീഴിൽ കൊച്ചി,മലബാർ 
തിരുവിതാംകൂർ 1767 ൽ കീഴടക്കാനുള്ള മൈസൂർ ശ്രമം വിജയിച്ചില്ല.വടക്കൻ മലബാറിൽ ഇതേ വർഷം 4000 പേരടങ്ങിയ മൈസൂർ സേനക്കെതിരെ കലാപകരികൾ ഉണർന്നു.2000 വരുന്ന കോട്ടയം നായർ പട മൈസൂർ സേനയെ തുരത്തി.വെടിക്കോപ്പുകൾ കൊള്ള ചെയ്തു.മൈസൂർ സേനാ നീക്കത്തെ തടഞ്ഞു;താവളങ്ങൾ ആക്രമിച്ചു.അടുത്ത കൊല്ലം ക്യാപ്റ്റൻ തോമസ് ഹെൻറിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സേന ബത്തേരി കോട്ട ( ആവറക്കോട്ട ) പിടിച്ചു.അറയ്ക്കലേക്കുള്ള ആയുധ നീക്കം തടയുകയായിരുന്നു ലക്ഷ്യം.തുടർന്നുള്ള പോരാട്ടത്തിൽ ബ്രിട്ടീഷ് സേന തോറ്റു.1768 ൽ ഹിന്ദു കലാപങ്ങൾ അമർച്ച ചെയ്ത്,പാലക്കാട് കോട്ട പണിത്,മൈസൂർ സേന താൽക്കാലികമായി പിൻവാങ്ങി.കോലത്തു നാട് ഭരണം അറയ്ക്കലിന് കിട്ടി.അലിരാജയും ബ്രിട്ടീഷ് സേനയും പോരാട്ടം തുടർന്നു.1770 ൽ കമ്പനി രണ്ടുതറ തിരിച്ചു പിടിച്ചു.ഹിന്ദു ഭരണാധികാരികൾ കപ്പം കുടിശ്ശിക വരുത്തിയതിനാൽ,1773 ൽ താമരശ്ശേരി വഴി സയ്യദ് സാഹബിന്റെ നേതൃത്വത്തിൽ മൈസൂർ സേനയെത്തി;മലബാർ വീണ്ടും മൈസൂർ നുകത്തിൻ കീഴിൽ വന്നു.

കമ്പനി 1779 ൽ മാഹി പിടിച്ചതാണ് മലബാറിലെ മുസ്ലിം അധിനിവേശത്തിൽ വഴിത്തിരിവായത്.1780 ജൂലൈ രണ്ടിന് ഹൈദർ ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചു.1784 വരെ നീണ്ട രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധം തുടങ്ങി.1782 ഫെബ്രുവരിയോടെ ധർമ്മടം,കോഴിക്കോട്,പാലക്കാട് കോട്ടകൾ മേജർ അബിങ്‌ടൺ കീഴിലെ ബ്രിട്ടീഷ് സേനയ്ക് കീഴിലായി.വേനലിൽ മുംബൈയിൽ നിന്ന് കൂടുതൽ സേന തലശ്ശേരിയിലെത്തി.ഹൈദർ ടിപ്പുവിനെ മലബാറിലേക്ക് അയച്ചു.ആ സേന പൊന്നാനിയിൽ താവളം അടിച്ചു.
ടിപ്പു ആലുവയ്ക്കടുത്ത് നെടുംകോട്ടയിൽ 
നിരന്തര തോൽവികളിൽ വലഞ്ഞ ഹൈദർ,തെക്കു നിന്നുള്ള മൈസൂർ വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ മക്ദൂo അലിയുടെ സേനയെ മലബാറിലേക്ക് അയച്ചു.കോഴിക്കോട്ട് മേജർ അബിങ്ങ്ടണും കേണൽ തോമസ് ഫ്രഡറിക് ഹംബർസ്‌റ്റോണും,അലിയുടെ മുന്നേറ്റത്തെ തടയാൻ നിർദേശം കിട്ടി.തിരുരങ്ങാടി പോരാട്ടത്തിൽ അലിയും 400 ഭടന്മാരും കൊല്ലപ്പെട്ടു.മൈസൂർ സേനയെ ഹംബർസ്‌റ്റോൺ പൊന്നാനിക്ക് ഓടിച്ചു.പാലക്കാട് കോട്ട പിടിക്കേണ്ടിയിരുന്നു.പൊന്നാനിയിലെ മഴയിൽ ഹംബർസ്‌റ്റോൺ കോഴിക്കോട്ടേക്ക് പിൻവാങ്ങി.അവിടന്ന് തൃത്താലയിൽ എത്തി,മൈസൂർ -അറയ്ക്കൽ മിന്നൽ ആക്രമണം ഭയന്ന് പൊന്നാനിയിലേക്ക് മടങ്ങി.മേജർ മക്ലിയോഡ്ബ്രിട്ടീഷ്  മലബാർ സേനാധിപനായി പൊന്നാനിയിലെത്തി.ബ്രിട്ടീഷ് സേനയെ അവിടെ ആക്രമിച്ച ടിപ്പു,200 ഭടന്മാർ കൊല്ലപ്പെട്ട് പിന്മാറി.എഡ്‌വേഡ്‌ ഹ്യൂഗ്സിന്റെ നാവിക സേന അവിടെയെത്തി.മേജർ മാത്യൂസിൻറെ സേന മുംബൈയിൽ നിന്ന് പൊന്നാനിയിലെത്തി.

നിർണായക പോരാട്ടത്തിൻറെ ഈ വേദിയിലാണ് ടിപ്പു,ഹൈദർ മരിച്ച വിവരം അറിഞ്ഞത്.സിംഹാസനമേറാൻ അയാൾ മടങ്ങി.

ബ്രിട്ടൻ 1783 ൽ മംഗലാപുരം പിടിച്ചു.കേണൽ ഫുള്ളർട്ടനും സ്റ്റുവർട്ടും ചേർന്ന് 1783 നവംബർ 14 ന് പാലക്കാട് കോട്ട കീഴടക്കി.ലണ്ടനിൽ നിന്ന് നിർദേശം കിട്ടി ടിപ്പുവുമായി ബ്രിട്ടീഷ് സേന സന്ധി സംസാരിച്ചു.ഒരു സാമൂതിരി രാജകുമാരൻ ഈ നേരം പാലക്കാട്ടെത്തി കോട്ട വീണ്ടെടുത്തു.ടിപ്പുവിൻറെ സേനയെത്തി കോട്ടയും തെക്കൻ മലബാറും കാൽകീഴിലാക്കി.ഡിസംബറിൽ മക്ലിയോഡ്,ഫ്രഞ്ച് സഹായത്തോടെ കണ്ണൂർ,അറയ്ക്കലിൽ നിന്ന് വീണ്ടെടുത്തു.1784 മാർച്ച് 11 ൻ ബ്രിട്ടൻ ടിപ്പുവുമായി മംഗലാപുരം സന്ധി ഒപ്പിട്ടു.വടക്കൻ മലബാർ ബ്രിട്ടീഷ്,നായർ അധീനതയിൽ വന്നു.തെക്കൻ മലബാർ ടിപ്പുവിന് കിട്ടി.ഈ മേഖലയിലാണ് മാപ്പിള ലഹളകൾ അരങ്ങേറിയത്.

നിരവധി മുസ്ലിം വിരുദ്ധ കലാപങ്ങൾ,ഹിന്ദുക്കൾക്കെതിരെ ചുമത്തിയ പുത്തൻ നികുതികൾ കാരണം നടന്നു.ഭൂനികുതി പ്രശ്നങ്ങൾ തീർക്കാൻ ടിപ്പു,അർഷദ് ബേഗ് ഖാനെ മലബാർ ഗവർണറാക്കി.ഖാൻതാമസിയാതെ  പണി മടുത്ത് വിട വാങ്ങി ടിപ്പു തന്നെ സ്ഥലം നേരിട്ട് കാണണം എന്നപേക്ഷിച്ചു.1788 ൽ ടിപ്പു മലബാറിൽ എത്തി റെസിഡൻറ് ഗ്രിബിളിനെ കണ്ട് ബേപ്പൂരിനടുത്ത് പുതിയ നഗരം പണിയുന്ന കാര്യം ചർച്ച ചെയ്തു.
പാലക്കാട് കോട്ട 
കുറുങ്ങോത്ത് നായരെ കൊന്ന് 1787 ൽ ടിപ്പു ഇരുവഴിനാട് സ്വന്തമാക്കി.അതോടെ ഫ്രഞ്ചുകാർ ടിപ്പുവുമായി സഖ്യത്തിലായി.അറയ്ക്കൽ ബീവി ബ്രിട്ടനുമായി കൈകോർത്തു;കോലത്തിരി മൈസൂർ പാളയത്തിലെത്തി.കോലത്തിരി ബ്രിട്ടനിൽ നിന്ന് ധർമ്മടം,രണ്ടത്തറ എന്നിവ വീണ്ടെടുത്തു.1788 ൽ സാമൂതിരി കുടുംബത്തിലെ രവിവർമ്മ നായർ സേനയ്‌ക്കൊപ്പം കോഴിക്കോട്ടെത്തി ഭരണമേറ്റതായി പ്രഖ്യാപിച്ചു.ടിപ്പുവിൻറെ സേനാധിപൻ എം ലാലിയും മിർ അസർ അലി ഖാനും അവരെ തുരത്തി.ഈ ചെറിയ സംഘർഷത്തിനിടയിൽ,രവിവർമ്മ 30000 ബ്രാഹ്മണരെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്യാൻ സഹായിച്ചു.1789 ൽ ടിപ്പു 60000 പേരടങ്ങിയ സേനയുമായി കോഴിക്കോട്ടേക്ക് മുന്നേറി കോട്ട തകർത്തു.നഗരം നശിപ്പിച്ചു.കോഴിക്കോട് വീണു.

കോയമ്പത്തൂരിൽ ടിപ്പു തടവിലാക്കിയിരുന്ന പരപ്പനാട് രാജാവ്,നിലമ്പുർ അധികാരി ത്രിച്ചേര തിരുമുല്പാട് തുടങ്ങി അനവധി ഹിന്ദു വരേണ്യരെ 1788 ഓഗസ്റ്റിൽ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മാറ്റി.ചിറയ്ക്കൽ,പരപ്പനാട്,കോഴിക്കോട് രാജവംശങ്ങളിലെ സകല സ്ത്രീകളും നിരവധി പുരുഷന്മാരും തിരുവിതാംകൂറിൽ അഭയം തേടി.പുന്നത്തൂർ,നിലമ്പൂർ,കവളപ്പാറ,ആഴ്വാഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ സവർണ കുടുംബങ്ങളും പലായനം ചെയ്തു.ടിപ്പു വീണ ശേഷവും പലരും മടങ്ങിയില്ല.ഭീതി നിറഞ്ഞു നിന്നു.

തിരുവിതാംകൂറിനെ ടിപ്പു ആക്രമിക്കാൻ
മുതിർന്നത്,അവിടത്തെ തുറമുഖങ്ങൾ തന്ത്ര പ്രധാനം എന്ന് തോന്നിയിട്ടാണ്.1767 ൽ ഹൈദറിന് ആ സ്വപ്നം സഫലമാക്കാനായില്ല.രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധം കഴിഞ്ഞപ്പോൾ ടിപ്പു അതിന് പുറപ്പെട്ടു.1788 ൽ പരോക്ഷമായി രാജ്യം കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങൾ പൊളിഞ്ഞു.മദ്രാസ് ഗവർണർ ആർച്ചിബാൾഡ് കാംപ്ബെൽ,തിരുവിതാംകൂറിനെതിരായ ആക്രമണം ,ബ്രിട്ടനെതിരായ യുദ്ധപ്രഖ്യാപനം ആയിരിക്കുമെന്ന് ടിപ്പുവിനെ ഭീഷണിപ്പെടുത്തി.ആക്രമണത്തിന് അറയ്ക്കൽ രാജ ടിപ്പുവിനെ ക്ഷണിച്ചു.ടിപ്പു കൊച്ചിയുടെ സഹായം തേടി.കൊച്ചി വഴങ്ങിയില്ല.
ആക്രമണം പ്രതിരോധിക്കാൻ തിരുവിതാംകൂർ ഡച്ചുകാരിൽ നിന്ന് കൊടുങ്ങല്ലൂർ,പള്ളിപ്പുറം കോട്ടകൾ വാങ്ങി.മൈസൂർ അവകാശം ഉന്നയിച്ച കൊച്ചി പ്രദേശങ്ങളിലേക്ക് നെടുംകോട്ട നീട്ടി തിരുവിതാംകൂർ ടിപ്പുവിൻറെ രോഷം സമ്പാദിച്ചു.കർണാട്ടിക് നവാബ് വഴി കമ്പനിയെ തിരുവിതാംകൂർ ബന്ധപ്പെട്ടു.നെടുംകോട്ട ടിപ്പു ആക്രമിച്ചാൽ സഹായം പ്രതീക്ഷിച്ചു.
ബത്തേരി ജൈന ക്ഷേത്രം:ടിപ്പുവിൻറെ പീരങ്കികൾ ഇവിടെ 
ഹാലിളകിയ ടിപ്പുവിൻറെ പടയോട്ടം ഭയന്ന് കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും ഹിന്ദു പലായനം 1789 ലായിരുന്നു.ആ വർഷം ഒടുവിൽ കോയമ്പത്തൂരിൽ ടിപ്പു തിരുവിതാംകൂർ യുദ്ധ സന്നാഹം തുടങ്ങി.ഡിസംബർ 28 നും 29 നും ടിപ്പുവിൻറെ സേന വടക്കു നിന്ന് നെടുംകോട്ട ആക്രമിച്ചു.ഇതാണ് ,നെടുംകോട്ട യുദ്ധം അഥവാ മമൈസൂർ -തിരുവിതാംകൂർ യുദ്ധം.ടിപ്പുവിൻറെ 14000 ഭടന്മാർ നാടൻ മുസ്ലിം പോരാളികൾക്കൊപ്പം കോട്ടയിലേക്ക് മാർച്ച് ചെയ്തു.29 ന് കോട്ടയുടെ വലതുകര ടിപ്പുവിൻറെ കയ്യിലായി.16 അടി വീതിയും 20 അടി താഴ്ചയുമുള്ള ഒരു കിടങ്ങ് മാത്രമേ ഇരു സൈന്യങ്ങളെയും വേർതിരിച്ചിരുന്നുള്ളു.കിടങ്ങ് മൂടാൻ സേനയോട് ടിപ്പു നിർദേശിച്ചു.തിരുവിതാംകൂർ സേനയുടെ പീരങ്കി വർഷത്തിൽ കിടങ്ങ് എളുപ്പം മൂടാനായില്ല.ഇടുങ്ങിയ ഒരു ഇടവഴിയിലൂടെ സേന മുന്നോട്ട് പോകാൻ ടിപ്പു ഉത്തരവിട്ടു.ഇത് വിഡ്ഢിത്തമായിരുന്നു.വൈക്കം പത്മനാഭ പിള്ളയുടെ നേതൃത്വത്തിൽ,നന്ത്യാട്ട് കളരിയിൽ നിന്നുള്ള രണ്ടു ഡസൻ നായർ പടയാളികൾ സ്ഥലത്തുണ്ടായിരുന്നു.

ടിപ്പു രണ്ടു തവണ കിടങ്ങിൽ വീണു.മരണം വരെ അയാൾ മുടന്തി. 

പെരിയാറിന്റെ കരഭിത്തി തുറന്ന വെള്ളപ്പൊക്കത്തിൽ ടിപ്പു ആശയറ്റു നിന്നു.ഘോര പേമാരിയുണ്ടായി.ബ്രിട്ടൻ സഖ്യകക്ഷിയായ തിരുവിതാംകൂറിന് വേണ്ടി ടിപ്പുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.തലസ്ഥാനമായ ശ്രീരംഗപട്ടണം പ്രതിരോധിക്കാൻ ടിപ്പു മടങ്ങി.

നെടുംകോട്ടയിലെ കിടങ്ങുകളിൽ നിന്ന് നായർ പടയാളികൾ ടിപ്പുവിൻറെ വാൾ,പല്ലക്ക്,കഠാര,മോതിരം തുടങ്ങി സ്വകാര്യ വസ്തുക്കൾ കണ്ടെടുത്തു.അവ ധർമ്മരാജയ്ക്ക് സമ്മാനിച്ചു.ചിലവ ആഗ്രഹം പ്രകടിപ്പിച്ച കർണാട്ടിക് നവാബിന് കൊടുത്തു.
വൈക്കം പത്മനാഭ പിള്ള 
1790 ഡിസംബറിൽ,കേണൽ ജെയിംസ് ഹാർലിയുടെ സേന കോഴിക്കോടും  ജനറൽ റോബർട്ട് അബർക്രോംബി കണ്ണൂരും പിടിച്ചതോടെ മുസ്ലിം യുഗത്തിന് തിരശീല വീണു.ഡിസംബർ ഏഴു മുതൽ 12 വരെ തിരൂരങ്ങാടിയിലാണ്,ടിപ്പുവിൻറെ നായകൻ ഹുസ്സൈൻ അലിയെ വീഴ്ത്തി കോഴിക്കോട് പിടിച്ചത്.തിരുരങ്ങാടി തുടർന്ന് മാപ്പിള ലഹളകളുടെ കേന്ദ്രമായി.ഡിസംബർ 14 ന് കണ്ണൂരിൽ അറയ്ക്കൽ രാജയുടെ ഭരണത്തിന് അന്ത്യമായി.അബർക്രോംബി (1740 -1827 ) മുംബൈ ഗവർണറും മുംബൈ പട്ടാള മേധാവിയും ഇന്ത്യയുടെ പട്ടാള മേധാവിയും ആയി -സ്‍കോട്ടിഷ്‌ ജനറലും ട്രിനിഡാഡ് ഗവർണറും ബ്രിട്ടീഷ് എം പി യും ആയിരുന്ന റാൽഫ് അബർക്രോംബിയുടെ ഇളയ സഹോദരൻ.ഫ്രഞ്ച് യുദ്ധത്തിലും പങ്കെടുത്തു.1790 മുതൽ ഏഴു വർഷമായിരുന്നു,ഇന്ത്യയിൽ.1793 ലാണ് ഇന്ത്യൻ പട്ടാള മേധാവി ആയത്.തിരിച്ചു പോയി സഹോദരന് പകരം എം പി ആയി.ഇന്ത്യയിൽ നിന്ന് കിട്ടിയ കണ്ണുദീനം വളർന്ന് കാഴ്ച നഷ്ടപ്പെട്ടു;1802 ൽ രാജി വച്ചു.

തോമസ് ഫ്രഡറിക് മക്കൻസി ഹംബർസ്‌റ്റോൺ ( 1753-1783 ) 1780 ലാണ് കേണൽ ആയി 100 ഫൂട്ട് റെജിമെന്റിൽ നിയോഗിക്കപ്പെട്ടത്.രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധ വീരനായി.1783 ൽ അദ്ദേഹം സഞ്ചരിച്ച കപ്പൽ മറാത്താ സേന ആക്രമിച്ചു പരുക്കേറ്റ അദ്ദേഹം ഏപ്രിൽ 30 ന് ഗേറിയ ( വിജയദുർഗ് ) തുറമുഖത്ത് മരിച്ചു.അവിവാഹിതനായിരുന്നു എങ്കിലും,മകൻ ഉണ്ടായിരുന്നു -തോമസ് ഹംബർസ്‌റ്റോൺ.
റോബർട്ട് അബർക്രോംബി 
ടിപ്പുവിനുള്ള ബ്രിട്ടീഷ് വിരോധം വഴി അയാളെ സ്വാതന്ത്ര്യ സമര സേനാനിയാക്കാൻ വിവരദോഷികളായ ചരിത്രകാരന്മാർ ശ്രമിക്കുന്നുണ്ട്.ആ ബ്രിട്ടീഷ് വിരോധം,ആഗോള ഇസ്ലാമിക -ക്രിസ്ത്യൻ സംഘർഷത്തിൻറെ ഭാഗം മാത്രമായിരുന്നു.ഹൈദറും മകനെ പാരിസിൽ പഠിക്കാൻ അയച്ച ടിപ്പുവും ഫ്രഞ്ച് സഖ്യം ആഗ്രഹിച്ചു.ബ്രിട്ടന് പകരം,ഇന്ത്യയിൽ ഫ്രഞ്ച് അധിനിവേശത്തിന് കാത്തു.മാഹി വഴി ഫ്രഞ്ച് ആയുധങ്ങൾ കൊണ്ട് വന്നു.
നെപ്പോളിയൻ 1782 ൽ മറാത്താ പേഷ്വ മധു റാവു നാരായണുമായി ഉടമ്പടിയിൽ ഒപ്പിട്ടു.ഇതുവഴി പോണ്ടിച്ചേരി ഫ്രഞ്ച് ഗവർണർ ചാൾസ് ജോസഫ് ബസ്സി സൈന്യത്തെ ഫ്രഞ്ച് കോളനിയായ മൗറീഷ്യസിൽ എത്തിച്ചു.അഡ്മിറൽ പിയറി സഫ്രാൻ,ലൂയി പതിനാറാമൻറെ ചിത്രം ഹൈദറിന് സമ്മാനിച്ച് സഖ്യം തേടി.

നെപ്പോളിയൻ ഈജിപ്ത് കീഴടക്കിയത്,ടിപ്പുവുമായി സഖ്യം ലാക്കാക്കി ആയിരുന്നു*.1798 ഫെബ്രുവരിയിൽ നെപ്പോളിയൻ,ബ്രിട്ടനെ ചെറുക്കാനുള്ള ശ്രമങ്ങളെ ശ്ലാഘിച്ച് ടിപ്പുവിന് കത്തെഴുതി.ഇത് മസ്കറ്റിൽ ബ്രിട്ടീഷ് ചാരൻ പിടിച്ചതിനാൽ,ടിപ്പു കണ്ടില്ല.നെപ്പോളിയൻ -ടിപ്പു സഖ്യ സാധ്യതയിൽ വിറളി പൂണ്ടാണ്,ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ വെല്ലസ്ലി ,ടിപ്പുവുമായി അവസാന പോരാട്ടത്തിന് തിടുക്കം കൂട്ടിയത്.1798 ഫെബ്രുവരി 13 ന് ഫ്രഞ്ച് രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനുമായ ചാൾസ് മോറിസ് ടെലിറാൻഡ്എഴുതിയ റിപ്പോർട്ടിൽ പറഞ്ഞു:"ഈജിപ്ത് കീഴടക്കി കോട്ട കെട്ടിയതിനാൽ,15000 പേരടങ്ങിയ സേനയെ നാം സൂയസിൽ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കും;ടിപ്പു സാഹിബിൻറെ സേനയ്‌ക്കൊപ്പം ചേർന്ന് ബ്രിട്ടനെ തുരത്തും."

തുർക്കി പ്രതിരോധിച്ച അക്രേ പിടിക്കുന്നതിലും അബുകിർ യുദ്ധത്തിലും തോറ്റ നെപ്പോളിയൻ ആ പദ്ധതി പൂട്ടിക്കെട്ടി.59 ഫ്രഞ്ച് സൈനികരും താനും അടങ്ങുന്ന ജെക്കോബിൻ ക്ലബ് മൈസൂരിൽ ടിപ്പു ഉണ്ടാക്കിയിരുന്നു.ഫ്രഞ്ച് രീതിയിൽ നിയമം ഉണ്ടാക്കി.സ്വാതന്ത്ര്യ മരം നട്ടു. ക്ലബിൽ സമത്വം നടപ്പാക്കി,സ്വയം 'പൗരൻ ടിപ്പു'എന്ന് വിശേഷിപ്പിച്ചു.
ടിപ്പു ദൂതർ ലൂയി 16 നടുത്ത് 
മലബാറിലെ ഹിന്ദു ജന്മി സമ്പ്രദായം ടിപ്പു കേന്ദ്രീകൃത ഭരണം വഴി അവസാനിപ്പിച്ചു.നായന്മാരുടെയും മറ്റ് സവര്ണരുടെയും അധികാരകുത്തക തീർന്ന് മുസ്ലിംകളിൽ ധനിക വർഗം ഉദയം ചെയ്തു.പലായനം ചെയ്ത നായർ മാടമ്പിമാരുടെ സ്വത്ത് പിടിച്ചെടുത്തു വിതരണം നടത്തി.കൃഷിക്കാരിൽ നിന്ന് നേരിട്ട് നികുതി പിരിക്കുന്ന ജമാബന്ദി സംവിധാനമുണ്ടായി.ഭൂമി സർവേ നടത്തി തരം തിരിച്ചു.വിസ്തൃതിയും വിളയും നോക്കി നികുതി നിശ്ചയിച്ചു.കുരുമുളക്,തേങ്ങ,പുകയില,ചന്ദനം,തേക്ക് തുടങ്ങിയവയ്ക്ക് കുത്തക ഏർപ്പെടുത്തി.യുദ്ധത്തിന് ഉണ്ടാക്കിയ റോഡുകൾ കച്ചവടത്തെ സഹായിച്ചു.

വൈക്കം പത്മനാഭ പിള്ള ( 1767 -1809 ) യെ ബ്രിട്ടനെതിരെ കലാപം നടത്തിയതിന് 1809 ൽ പിടികൂടി തൂക്കി കൊന്നു.

ടിപ്പു ആക്രമിച്ച 1789 ലാണ് പിള്ള പട്ടാളത്തിൽ ചേർന്നത്.നന്ത്യാട്ട് കളരിയിൽ നിന്നുള്ള 20 കരുതൽ സേനാംഗങ്ങളിൽ ഒരാൾ.1790 ഏപ്രിലിലെ രണ്ടാം പോരാട്ടത്തിലും പങ്കെടുത്തു.രാജാവിൻറെ പട്ടാള മേധാവിയായി.വേലുത്തമ്പി ദളവ കലാപം തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറെ പട്ടാള മേധാവി.ബോൾഗാട്ടി പാലസ്,കായലിലൂടെ ഓടി വള്ളങ്ങളിൽ വളഞ്ഞ് 1808 ഡിസംബറിൽ റസിഡൻറ് മെക്കാളെയെ ചെമ്പിൽ അരയൻ ആക്രമിച്ച പദ്ധതിയുടെ ആസൂത്രകൻ.പള്ളാത്തുരുത്തിയാറ്റിൽ 13 ബ്രിട്ടീഷ് ഭടന്മാരെ മുക്കിത്താഴ്ത്തി.വൈക്കം തിരുവേലി കുന്നിൽ പരസ്യമായി തൂക്കി കൊന്നു.

------------------------------------------------
Reference:
1.Malabar Manual/William Logan
2.Kerala District Gazetteers,Kozhikode,Kannur
3.Travancore State Manual / T K Velu Pillai,V Nagam Aiya
4.History of Tipu Sultan/ Mohibul Hassan
5.Tipu Sultan As Known in Kerala/ Ravi Varma
6.Kerala Under Haidar Ali and Tipu Sultan/ C K Kareem
7.Historical Sketches of the South of India in an Attempt to Trace the History of Mysore/
Mark Wilks
8.Selected Letters of Tipoo Sultan/William Kirkpatrick
9.Rise and Fulfillment of English Rule in India/Edward John Thompson
*Quoted in Iradj Amini (1 January 1999). Napoleon and Persia: Franco-Persian Relations Under the First Empire

See https://hamletram.blogspot.com/2019/11/blog-post_6.html











FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...