Tuesday, 17 September 2019

ക്രിസ്‌തു മതത്തിൽ നിന്ന് മുതലാളിത്തം

അന്ധനായ മാർക്‌സ് 14

രു വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ ഹിന്ദുമതത്തെപ്പറ്റി എഴുതിയ ആദ്യ ദീർഘ വിവരണങ്ങളിൽ ഒന്നാണ്,മാക്‌സ് വെബറിൻറെ 'ഇന്ത്യയുടെ മതം'( The Religion of India,1916 ).മാർക്‌സിയൻ സിദ്ധാന്തങ്ങളോട് ആദ്യം പ്രിയം തോന്നി പിന്നെ അതിൽ നിന്ന് മാറി സ്വന്തം വഴി തേടിയ ആളാണ്,ജർമൻകാരൻ തന്നെ ആയ വെബർ ( 1864 -1920 ).മഹദ് ചരിത്ര പ്രക്രിയകളെ വിശദീകരിക്കാൻ,ആശയങ്ങൾ അനിവാര്യമാണ് എന്ന വിശ്വാസം തെറ്റാണ് എന്ന തിരിച്ചറിവായിരുന്നു,മാറാൻ കാരണം.ലോകത്തെ വ്യാഖ്യാനിക്കാനും മാറ്റി മറിക്കാനും മാർക്‌സിസം അനിവാര്യമല്ല ( 1 ).

ജർമനിയിലെ ഇർഫർട്ടിൽ 1864 ഏപ്രിൽ 21 ന് മജിസ്‌ട്രേറ്റിന്റെ മകനായി,പ്രൊട്ടെസ്റ്റൻറ് യാഥാസ്ഥിക കുടുംബത്തിൽ വെബർ ജനിച്ചു.മുത്തച്ഛൻ ലിനൻ കമ്പനി കെട്ടിപ്പടുത്തയാൾ എന്ന നിലയിൽ,'ബൂർഷ്വ'യോ മുതലാളിത്ത സത്ത അറിഞ്ഞയാളോ ആയിരുന്നു.ഏഴുമക്കളിൽ മൂത്തയാൾ.അമ്മ ഹെലന് വെബറിനെ മുലയൂട്ടാൻ കഴിയാത്തതിനാൽ,അത് ചെയ്‌തത്‌ ആശാരി സ്ത്രീ ആയിരുന്നു ( Marianne Weber / Max Weber: A Biography ).വെബർ കുലീനതയ്ക്ക് എതിരെ പിൽക്കാലത്തു നീങ്ങിയതിന് ഇതാണ് കാരണമെന്ന് കുടുംബം കളിയാക്കി.ഹൈഡൽബെർഗ് സർവകലാശാലയിൽ നിയമം,ചരിത്രം,സാമ്പത്തിക ശാസ്ത്രം,തത്വ ചിന്ത എന്നിവ പഠിച്ച്,ഒരു വർഷത്തെ നിർബന്ധിത സൈനിക സേവന ശേഷം ബെർലിൻ സർവകലാശാലയിൽ പഠനം തുടർന്നു.
മാക്‌സ് വെബർ 
സഹോദരൻ ആൽഫ്രഡിന് അന്ന് എഴുതിയ കത്തുകളിൽ,ക്രിസ്തു മത സ്നേഹമുണ്ട്.മാർക്‌സിസത്തെ,വികസിച്ചു വരുന്ന ക്രിസ്‌തു മതം,ഉള്ളിൽ നിന്ന് കീഴടക്കും എന്ന് വിശ്വസിച്ച ഫ്രഡറിക് നോമാനുമായും അദ്ദേഹത്തിൻറെ ക്രിസ്ത്യൻ സോഷ്യൽ പ്രസ്ഥാനവുമായും വെബർ സഹകരിച്ചു.1903 ൽ 39 വയസിൽ The Protestant Ethic and the Spirit of Capitalism എഴുതുമ്പോഴും ക്രിസ്‌തു മതത്തെ സ്നേഹിച്ചു.ദൈവശാസ്ത്രം,നിയമം,കല,സംഗീതം,തച്ചു ശാസ്ത്രം,ശാസ്ത്രം,ഭരണ കൂടം തുടങ്ങി മുതലാളിത്തം വരെ,സകല ജീവിത വികാസത്തിലും ക്രിസ്‍തു മത സംസ്‌കാരത്തിന് ഉത്തരവാദിത്തമുണ്ടെന്ന് ഈ പുസ്തകം നിരീക്ഷിക്കുന്നു.''ആധുനിക ജീവിതത്തിലെ വിധി നിർണായക ശക്തിയാണ് മുതലാളിത്തം'  എന്ന് വെബർ പറയുന്നു.യൂറോപ്പിൽ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ഉന്നത രൂപം ഉണ്ടാകാൻ കാരണം,പാശ്ചാത്യ സംസ്‌കാരത്തിന്റെ കൃത്യവും സവിശേഷവുമായ യുക്തി കൂടിയാണെന്ന വാദം ഉയർത്തുന്നു.ഇതിനെല്ലാം കാരണം പ്രൊട്ടസ്റ്റന്റ് മതമാണ്.

വെബറിൻറെ മത സമീപനം,അദ്ദേഹത്തിൻറെ വ്യക്തി ജീവിതത്തെ താറുമാറാക്കിയെന്ന് ബ്രയാൻ ടേണർ പറഞ്ഞിട്ടുണ്ട് ( Bryan Turner / Weber and Islam ).എമ്മി ബോംഗാർട്ടിനെ പ്രണയിക്കുകയും മരിയനെ വിവാഹം ചെയ്യുകയും ചെയ്‌ത വെബറിൻറെ കുറ്റ ബോധം,ലൈംഗിക ജീവിതത്തെ ബാധിച്ചു.കുഞ്ഞുണ്ടായില്ല.പ്രൊട്ടെസ്റ്റൻറ് നീതി ശാസ്ത്ര സത്ത ജീവിതത്തിൽ പകർത്തിയെന്ന് ടേണർ പറയുന്നു.മാർക്‌സിന്റെ മത സമീപനം ഇങ്ങനെ വ്യക്തി നിഷ്ഠമായില്ല.വീട്ടുവേലക്കാരിക്ക് അവിഹിത ഗർഭമുണ്ടാക്കിയപ്പോഴും മാർക്സിന് കുറ്റബോധം ഉണ്ടായില്ല."മാർക്‌സിന്റെ സാമൂഹ്യ ശാസ്ത്രം നിരീശ്വരവും ( atheist ) വിമർശനാത്മകവും ആയിരുന്നു ",ടേണർ എഴുതുന്നു ,"വെബറിന്റേത്,അവിശ്വാസിയുടേതും ( agnostic ) താർക്കികന്റേതും".അവിശ്വാസം കുറഞ്ഞു വന്ന ശേഷമാണ്,വെബർ ലോകമതങ്ങളുടെ സാമൂഹ്യ ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്.ജീവിതകാലം മുഴുവൻ പിതാവുമായി കലഹിച്ച വെബർ,പിതാവിൻറെ മരണ ശേഷം ഉന്മാദി ആയി.

മുതലാളിത്തത്തിൻറെ സത്ത,വ്യവസായ മുതലാളിത്തത്തിൻറെ ഉയർച്ചയ്ക്ക് കാരണമായ പ്രത്യയ ശാസ്ത്ര ഘടകം കണ്ടെത്തി എന്നതാണ്,വെബറിൻറെ അവകാശ വാദം.അതിൻറെ ഉറവിടം,പ്രൊട്ടെസ്റ്റൻറ് നീതി ശാസ്ത്രമാണ്.പ്രധാനമായും,1647 ലെ വെസ്റ്റ് മിൻസ്റ്റർ കൺഫെഷൻ,ക്വേക്കർമാർ തുടങ്ങിയ കാൽവിനിസ്റ്റ് വിശ്വാസമുള്ള പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളിൽ.അവരുടെ വിശ്വാസം,സർക്കാർ സേവനം ,സൈനിക സേവനം,നിയമമേഖല എന്നിവിടങ്ങളിൽ പണിയെടുക്കുന്നതിൽ നിന്ന് വിലക്കി.കച്ചവടത്തിൽ മാത്രം തൊഴിൽ സാധ്യത ചുരുങ്ങി.കഠിനാധ്വാനവും ചെറിയ ആഹ്ളാദവും ചേർന്ന ലളിത ജീവിത രീതി ആയിരുന്നു ഇവരുടേത്.ലാഭം ധൂർത്തടിക്കാതെ,കച്ചവടത്തിൽ തന്നെയിട്ടു.മൂലധനം പെരുത്തു.ഈ നിരീക്ഷണത്തിൻറെ അടിസ്ഥാനത്തിൽ,എന്ത് കൊണ്ട് മറ്റ് സംസ്‌കാരങ്ങൾ,ജൂത മതവും ഏഷ്യയിൽ ചൈനയിലെയും ഇന്ത്യയിലെയും നാഗരികതകൾ എന്ത് കൊണ്ട് 'മുതലാളിത്ത സത്ത'യ്ക്ക് വളമായില്ല എന്ന് വെബർ അന്വേഷിച്ചു.മതത്തെ സംബന്ധിച്ച കണക്കുകൾ അതുവരെ ഇല്ലാത്ത വിധം വെബർ ശേഖരിച്ചു.ഉദ്യോഗസ്ഥ മുതലാളിത്ത കണക്കിനാണ് ചൈന,ജപ്പാൻ,ഇന്ത്യ എന്നിവിടങ്ങളിലേക്കും ഇസ്ലാമിക രാജ്യങ്ങളിലേക്കും തിരിഞ്ഞത്.വെബറെ സംബന്ധിച്ച്,"അവസാന വിശകലനത്തിൽ, സാമ്പത്തിക വികസന പ്രക്രിയകൾ അധികാരത്തിനുള്ള മത്സരമാണ്.മൂല്യങ്ങളുടെ ആത്യന്തിക മാനദണ്ഡം,'ഭരണ കൂടത്തിൻറെ യുക്തികൾ' ആണ്.സാമ്പത്തിക വിശകലനങ്ങളുടെയും മാനദണ്ഡം അവ തന്നെ "( 2 ).

വെബറിൻറെ കണ്ടെത്തൽ മാർക്സിസത്തിൻറെ കട പുഴക്കുന്ന ഒന്നാണ്.മതവും മുത്തലാളിത്തവും തമ്മിലാണ് വെബർ ബന്ധം കണ്ടത്.മുതലാളിത്തം പ്രൊട്ടസ്റ്റൻറ് നീതി ശാസ്ത്ര പ്രത്യാഘാതമാണ്.പ്രൊട്ടസ്റ്റൻറ് സന്യാസ ജീവിതത്തെ സാമ്പത്തിക ചുറ്റുപാട് എങ്ങനെ ബാധിച്ചുവെന്നത് അന്വേഷിക്കേണ്ട വിഷയമായി തോന്നി."ലോക മതങ്ങളുടെ സാമൂഹ്യ മനഃശാസ്ത്രം ' ( Social Psychology of the World Religions ) എന്ന പ്രബന്ധത്തിൽ വെബർ എഴുതി:"ആശയങ്ങൾ മാത്രമല്ല,ഭൗതിക ആദര്ശ താൽപര്യങ്ങളും മനുഷ്യ പെരുമാറ്റത്തെ പ്രത്യക്ഷമായി നിയന്ത്രിക്കുന്നു".ആദർശ താൽപര്യങ്ങൾ ഒന്നോ അതിൽ കൂടുതലോ സാമ്പത്തിക ,രാഷ്ട്രീയ പ്രവർത്തനങ്ങളെ ഉന്തി വിടും.ആശയങ്ങൾ സൃഷ്ടിച്ച ലോക ബിംബങ്ങൾ,റയിൽ പാതയിലെ സിഗ്നൽകാരനെപോലെ,കർമ്മ പാതകൾ സൃഷ്ടിക്കും.മത ആശയങ്ങൾ,ബന്ധപ്പെട്ട മത സംഘത്തിൻറെ സാമ്പത്തിക പ്രവൃത്തികൾക്ക് വഴി പാകുകയല്ല,അവ വഴിയുള്ള സാമ്പത്തിക പ്രവൃത്തികളെ തള്ളി വിടുകയാണ്.ഒരു സിഗ്നൽമാൻ ഒരു തീവണ്ടിയെ ഒരു പാത വഴി തള്ളി വിടുമ്പോൾ,മറ്റൊരാൾ മറ്റൊന്ന് വഴി തള്ളി വിടും.ഒരു മത നീതി ശാസ്ത്രം വ്യവസായ മുതലാളിത്തം സൃഷ്ടിച്ചാൽ,മറ്റൊന്ന് അതിനെ കാർഷിക സമ്പദ് വ്യവസ്ഥയിലാകും നയിക്കുക.

വെബറുടെ വാദം അനുസരിച്ച് ഇന്ത്യയിൽ സാമ്പത്തിക പുരോഗതിക്ക് വിഘാതം വന്നെങ്കിൽ,കാരണം ഹിന്ദുമതം ആയിരിക്കണം.ഈ വാദം ശരിയാണോ ?

2011 കാനേഷുമാരി പ്രകാരം,ഇന്ത്യൻ ജന സംഖ്യയിൽ 79 .8 % ഹിന്ദുക്കളാണ്.14 .2 മുസ്ലിം,2 .3 ക്രിസ്ത്യൻ.ബാക്കി നാലോ അഞ്ചോ മറ്റു മതക്കാർ അമേരിക്കയും യൂറോപ്പുമായി തട്ടിച്ചു നോക്കിയാൽ,അവികസിത രാജ്യം.രാജ്യാന്തര ധർമ്മ സ്ഥാപനങ്ങൾ ഇന്ത്യയെ പട്ടിണിയിൽ വലയുന്ന രാജ്യമായി ചിത്രീകരിക്കുന്നു.അന്ധ വിശ്വാസത്തിൽ അകപ്പെട്ട ഗ്രാമങ്ങൾ.ദാരിദ്ര്യവും മതവും തമ്മിൽ,വിദേശിക്ക് ബന്ധിപ്പിക്കാൻ എളുപ്പം.വെബറുടെ വീക്ഷണം ഇതിൽ നിന്ന് വ്യത്യസ്തമല്ല.വെബർ ഇന്ത്യ കണ്ടില്ല.1911 ൽ വെബർ Hinduismus and Budhismus ( The Religion of India യുടെ ജർമൻ ശീർഷകം ) എഴുതാൻ തയ്യാറെടുക്കുന്നത്.പാശ്ചാത്യ ഉറവിടങ്ങൾ ആധാരം.യുക്തിയും യുക്തി രാഹിത്യവും,മുതലാളിത്തത്തിൻറെ വികാസത്തെ കുറിക്കുന്ന നീതി ശാസ്ത്രത്തിൻറെ സാന്നിധ്യത്തിന്റെയോ അസാന്നിധ്യത്തിന്റെയോ സൂചകമായി വെബർ കാണുന്നു.ഇന്ത്യയിലെ ആത്മീയ ഗുരു,വെബറിന്,യുക്തി രാഹിത്യം പ്രകടിപ്പിക്കുന്നവനാണ്.
മുഗൾ ഭരണ കാലത്തെ ഇസ്ലാo  അധിനിവേശത്തിൻറെ പ്രത്യാഘാതമാണ്,ഗുരു സാന്നിധ്യം വികസിച്ചത് എന്ന് വെബർ പറയുന്നു.അതിനു മുൻപ് ഹിന്ദു രാജാക്കന്മാർ,ബ്രാഹ്മണ പുരോഹിതരുടെ സഹായത്തോടെ,ചില സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുരുക്കന്മാരെ അകറ്റി നിർത്തി.ഇസ്ലാം അധിനിവേശം,വരേണ്യ വർഗ്ഗത്തിൻറെ രാഷ്ട്രീയ അധികാരം തകർത്തു.ഗുരു സ്വാധീനത്തെ സ്വതന്ത്രമാക്കി,അസാധാരണ ഉയരങ്ങളിൽ എത്തിച്ചു.യുക്തി രാഹിത്യം നിറഞ്ഞ ഈ സംഘങ്ങൾ,ജീവിതത്തിൻറെ യുക്തി വികാസത്തെ തടഞ്ഞു.ഇത്തരം ആന്തരിക ശക്തിയുള്ള സമൂഹത്തിന് 'മുതലാളിത്ത സത്ത ' യിൽ എത്താനാവില്ല."ജപ്പാനിലെപ്പോലെ,സാങ്കേതിക തികവുള്ള ഒരു കലാരൂപമായി പോലും ( ഇന്ത്യയിൽ മുതലാളിത്തം ) വളർന്നില്ല",വെബർ എഴുതുന്നു.( The Religion of India,Page 325 ).

ഇന്ത്യൻ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് കാരണം ഹിന്ദു മതം ആണെന്ന് വെബർ വിശ്വസിച്ചില്ല.'ഹിന്ദുയിസം' എന്നത്,ആംഗ്ലോ -ജർമൻ നിർമിതമായ,വ്യക്തതയില്ലാത്ത വാക്കാണ്.അത് ഒരാശയമല്ല .1881 ലെയും 1911 ലെയും കാനേഷുമാരി റിപ്പോർട്ടുകളിൽ ഈ വാക്ക് വിശാലാർത്ഥത്തിലാണ് ഉപയോഗിച്ചത്.ആര്യൻ ദൈവ വിശ്വാസം മുതൽ തിരുനൽവേലി രാക്ഷസാരാധന വരെ,ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടതെല്ലാം അതിൽ വന്നു.'യൂറോപ്യനിസം'എന്ന വാക്കുണ്ടാവുകയും അതിൽ പെന്തക്കോസ്ത് മുതൽ മാർക്‌സിസ്റ്റ്‌ വരെ എല്ലാം വരികയും ചെയ്‌താലുള്ള അവസ്ഥ.

ആധുനികതയുടെയും വ്യവസായ മുതലാളിത്തത്തിൻറെയും മത്സരത്തിൽ,ഇന്ത്യ തോറ്റതിന് കാരണമായി,വെബർ കണ്ടത്,മോക്ഷ മതങ്ങളെയും ഭക്ത സംഘങ്ങളെയുമാണ്.salvation religion എന്നാണ് പ്രയോഗം.വിശ്വാസം വഴി മോക്ഷം വാഗ്‌ദാനം ചെയ്യുന്ന ഈ മതങ്ങൾ,ലോകത്തിൻറെ മൂല്യം കുറച്ച് അതിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു.മോക്ഷം വാഗ്‌ദാനം ചെയ്‌ത മതങ്ങളെല്ലാം യുക്തി രഹിതമായിരുന്നു.ഇന്ത്യ സ്വതന്ത്രമായാൽ,ബ്രിട്ടീഷ് ഭരണ കാലത്തുണ്ടായ വ്യവസായ വികസനം നിലനിൽക്കില്ലെന്ന ഇംഗ്ലീഷ് മേധാവിത്വ വാദവും വെബർ ശരി വയ്ക്കുന്നു.

ഇവരെ നിരാശപ്പെടുത്തി സ്വാതന്ത്ര്യ ശേഷം ഇന്ത്യ വികസനത്തിലേക്ക് കുതിച്ചു.1947 ന് മുൻപും പിമ്പുമുള്ള സാമ്പത്തിക റിപ്പോർട്ടുകൾ താരതമ്യം ചെയ്‌താൽ മതി.ഒ ഇ ഇ സി സാമ്പത്തിക വിഭാഗം മുൻ മേധാവി ആൻഗസ് മാഡിസൺ ചിലത് സംഗ്രഹിച്ചിട്ടുണ്ട്.1943 ന് ശേഷം ഇന്ത്യൻ ദേശീയ വരുമാനം പ്രതി വർഷം 3 .3 % വളർന്നു.ബ്രിട്ടീഷ് ഭരണ കാലത്ത്,1900 -1946 ൽ വളരാതെ തളം കെട്ടി നിന്ന ആളോഹരി വരുമാനവും വളർന്നു.1960 -'65 ൽ ദേശീയ വരുമാനം പ്രതി വർഷം ശരാശരി 47% വളർന്നു.1965 -'67 ൽ യുദ്ധവും വരൾച്ചയും വളർച്ചയെ പിന്നോട്ടടിച്ചു.1968 മുതൽ മുന്നോട്ട് തന്നെ.കാർഷിക ഇടപടലുകൾക്കൊപ്പം,വ്യവസായവൽക്കരണ നയം കൂടിയാണ്,ഇതിന് വഴി വച്ചത് ( 3 ).

ഇന്ത്യയെ ബ്രിട്ടൻ കൊള്ളയടിച്ചതിൻറെ കണക്കുകൾ മാർക്‌സിന്റെ ലേഖനങ്ങളിലും 'മൂലധന'ത്തിലും തന്നെയുണ്ട് ( 4 ).1851 -52 ലെ ഇന്ത്യയുടെ മൊത്ത വരുമാനമായ 19 .8 മില്യൺ പൗണ്ടിൽ 0 .17 മില്യൺ മാത്രമാണ്,റോഡുകൾ,കനാലുകൾ,പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് ബ്രിട്ടൻ ഇവിടെ ഉപയോഗിച്ചത്.ഭരണ വർഗത്തിന് വേണ്ടി ആയിരുന്നു,ചെലവിൻറെ സിംഹ ഭാഗവും.

ബ്രിട്ടൻ നികുതി വഴി മാത്രമല്ല കൊള്ളയടിച്ചത്.കുത്തക,പിടിച്ചു പറി,കോഴ എന്നിവ വഴി വ്യക്തിപരമായും ബ്രിട്ടിഷുകാർ പണമുണ്ടാക്കി.1757 -'66 ൽ ഇന്ത്യയിൽ നിന്ന് കിട്ടിയ 'സമ്മാനങ്ങൾ' 60 ലക്ഷം പൗണ്ട് വരുമെന്ന് 'മൂലധനം' ഒന്നാം വാല്യത്തിലുണ്ട്.വാണിജ്യ കുത്തക വഴി പണം ഉണ്ടാക്കിയത് എങ്ങനെ എന്ന വിവരണവുമുണ്ട്.പാഠപുസ്തകങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്ന 1757 ലെ പ്ലാസി യുദ്ധത്തിന് പിന്നിലെ കൊള്ള വില്യം ഡാൽറിംപിൾ എഴുതിയ Anarchy ( 2019 ) എന്ന പുസ്തകത്തിൽ കാണാം.ബംഗാൾ നവാബ് സിറാജ് ഉദ് ധൗളയെ പുറത്താക്കി റോബർട്ട് ക്ലൈവ് ബംഗാൾ പിടിച്ചടക്കിയത്,ബ്രിട്ടീഷ് ഭരണത്തിൽ വഴിത്തിരിവായതാണ് കുട്ടികൾ പഠിക്കുന്നത്,എന്നാൽ ധൗളയെ പുറത്താക്കിയത്,ബംഗാളിലെ മാർവാഡി പണമിടപാടുകാരായ ജഗത് സേത് കുടുംബം അന്നത്തെ 40 ലക്ഷം പൗണ്ട് ക്ലൈവിന് കൊടുത്തിട്ടായിരുന്നു.
19 -0 നൂറ്റാണ്ട് ആയപ്പോൾ,കൊള്ളയ്ക്ക് വഴി,നികുതി ആയി.1857 ൽ ഇതന്വേഷിച്ച മാർക്‌സ് കണ്ടത്,ബ്രിട്ടീഷ് വ്യക്തികൾക്ക് കിട്ടിയ ലാഭവും വരുമാനവും വലുതായിരുന്നു എന്നാണ്.ഇത് ഇംഗ്ലണ്ടിന്റെ ദേശീയ സ്വത്ത് വളർത്താൻ ഉതകി.ഇന്ത്യയെ കോളനിയായി നില നിർത്താനുള്ള ചെലവ് നികുതി ദായകനിൽ അടിച്ചേൽപ്പിച്ചു.

എഡ്‌മണ്ട് ബർക്കിനെപ്പോലുള്ള എം പി മാർ 18 -0 നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയെ കൊള്ളയടിക്കുന്നത് തിരിച്ചറിഞ്ഞു.ബംഗാൾ ഗവർണർ ജനറൽ സർ ജോൺ ഷോർ,ചാൾസ് കോൺവാലിസ്‌ എന്നിവരും  ഇത് പരാമർശിക്കുന്നു.ജെയിംസ് മിൽ,മോണ്ട് ഗോമറി മാർട്ടിൻ എന്നിവരെപ്പോലുള്ള ലിബറലുകളുടെ മനഃസാക്ഷിയെ ഇന്ത്യൻ നാട്ടു രാജ്യങ്ങളുടെ നട്ടെല്ലൊടിച്ച കപ്പം വേദനിപ്പിച്ചു.1790 ൽ കൊച്ചിയിൽ ടിപ്പുവിന്റെ പടയോട്ട ഭീഷണി വന്നപ്പോൾ സംരക്ഷണത്തിന് കൊച്ചി കൊടുക്കേണ്ടി വന്ന കപ്പം പ്രതിവർഷം ഒരു ലക്ഷം രൂപ.1809 ൽ കരാർ പുതുക്കിയപ്പോൾ 176000 രൂപ.മൊത്തം രാജ്യ വരുമാനം അഞ്ചോ ആറോ ലക്ഷം മാത്രമായിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ നടത്തിയ ചൂഷണത്തെ വിമർശിക്കുന്ന മാഞ്ചസ്റ്റർ എം പി ജോൺ ബ്രൈറ്റിൻറെ പഠനങ്ങൾ മാർക്‌സ് ഉപയോഗിച്ചു.മാഞ്ചസ്റ്ററും സ്വതന്ത്ര ഇന്ത്യയെ നശിപ്പിച്ചത്,ബ്രൈറ്റ് കണ്ടില്ല.ഇന്ത്യയിൽ പരുത്തി വളർത്തുന്നത് വിലയിരുത്താൻ 1848 ൽ രൂപീകരിച്ച സെലക്ട് കമ്മിറ്റി അധ്യക്ഷൻ ആയിരുന്നു,ബ്രൈറ്റ്.1837 -46 ൽ മൊത്തം പരുത്തിയുടെ 15%  ഇന്ത്യയിൽ നിന്നായിരുന്നു.

നിലവിലുള്ള ഭൂവുടമ ബന്ധങ്ങൾ തകർത്ത 'കാർഷിക വിപ്ലവങ്ങൾ' വഴി,ജമീന്ദാരി -റയട്ട് വാരി തീർപ്പുകൾ വഴി,സ്വകാര്യ ഉടമ സൃഷ്ടിച്ച് ബ്രിട്ടൻ ഇന്ത്യയുടെ നികുതി ശേഷി കൂട്ടി.നാട്ടു രാജ്യങ്ങളെ, തിന്നാൻ വേണ്ടി കാളകളെ കൊഴുപ്പിക്കും പോലെ വിഴുങ്ങാനായി കൊഴുപ്പിച്ചു.കമ്പനിയുടെ സാമ്പത്തിക പ്രയാസങ്ങൾ തീർക്കാൻ,നാട്ടു രാജ്യങ്ങളെ നശിപ്പിച്ചതായി പാർലമെന്റിലെ ബെഞ്ചമിൻ ഡിസ്രേലിയുടെ പ്രസംഗം ചർച്ച ചെയ്‌ത്‌ മാർക്‌സ് നിരീക്ഷിച്ചു.നാട്ടുരാജാക്കന്മാരോട് മാർക്സിന് അനുഭാവം ഉണ്ടായിരുന്നില്ല.അവർക്ക് 'പഴമയുടെ കുലീനത' ഇല്ലെന്നും അവർ 'ഇംഗ്ലീഷ് ഏകാധിപത്യത്തിൻറെ കാൽകീഴിൽ അമർന്ന അടിമകൾ' ആണെന്നും മാർക്‌സ് എഴുതി.ഔധ്,ബ്രിട്ടൻ പിടിച്ചതിനെപ്പറ്റി മാർക്‌സ് എഴുതിയ The Annexation of Oude (Newyork Daily Tribune,28 May 1858 ) ഉദാഹരണം.

ഇന്ത്യയിൽ കറപ്പിൻറെ കുത്തകയുണ്ടായിരുന്ന കമ്പനി,കള്ളക്കടത്തും യുദ്ധവും വഴി അത് ചൈനയ്ക്ക് മേൽ അടിച്ചേൽപ്പിച്ചു.ചൈനയിലെ കറപ്പ് വിൽപനയിൽ നിന്നുള്ള കമ്പനി വരുമാനത്തിൻറെ ഏഴിൽ ഒന്ന് ഇന്ത്യയിൽ നിന്നുള്ള കറപ്പ് വഴി ആയിരുന്നു.കറപ്പ്,ഇന്ത്യ നൽകേണ്ട കപ്പം പിരിക്കാനുള്ള വഴികൂടി ആയിരുന്നു.1858 ൽ ബ്രിട്ടന് ചൈനയുമായി,60 ലക്ഷം പൗണ്ടിൻറെ കച്ചവട കമ്മി ഉണ്ടായിരുന്നു.ചൈനയ്ക്ക് നൽകേണ്ട പണം,ബ്രിട്ടൻ ഇന്ത്യയുടെ തലയിൽ കെട്ടി വച്ചു.ചൈനയിൽ നിന്ന് തേയിലയും സിൽക്കും ബ്രിട്ടൻ നിർബാധം കടത്തി.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി,ഇറക്കുമതിയെക്കാൾ കൂടുതൽ ആയിരുന്നു.ഈ അന്തരം 1855 ൽ 2,25,0,000 പൗണ്ട് ആയിരുന്നു.തിരിച്ചൊന്നും നൽകാതെ,ഇത് കപ്പമായി ബ്രിട്ടൻ വിലയിരുത്തി.ബ്രിട്ടൻറെ ആഭ്യന്തര നിക്ഷേപത്തിൻറെ 70% ഇന്ത്യയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നുമായിരുന്നു.

ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചവർ,ആ പണം വ്യവസായത്തിൽ നിക്ഷേപിച്ചില്ല.പ്രതിവർഷം ഇന്ത്യ ബ്രിട്ടനിലേക്ക് അയയ്ക്കുന്ന ചരക്കിൻറെ മൂല്യം,ആറു കോടി കർഷക,വ്യവസായ തൊഴിലാളികളുടെ മൊത്തം വരുമാനത്തിൻറെ അത്ര വരുമെന്നാണ് മാർക്‌സിന്റെ കണക്ക്.സിന്ധ്,പഞ്ചാബ് എന്നിവ കീഴടക്കിയത് വഴി,ഇംഗ്ലീഷ് വ്യാവസായിക ഉൽപന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടി.1813 ൽ പുതിയ അവകാശ രേഖ വഴി കമ്പനി കച്ചവടം തുടങ്ങിയ ശേഷം,ചെറിയ കാലയളവിൽ അത് മൂന്നിരട്ടി ആയി.1813 വരെ കയറ്റുമതി ചെയ്‌തിരുന്ന ഇന്ത്യ അതിന് ശേഷം ഇറക്കുമതി രാജ്യമായി.1818 -'36 ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരുത്തി നൂൽ ( Twist ) കയറ്റുമതി 1 : 5200 എന്ന അനുപാതത്തിൽ കൂടി.1824 ൽ ബ്രിട്ടീഷ് മസ്ലിൻ കയറ്റുമതി ഇന്ത്യയിലേക്ക് 1000000 വാര മാത്രം ആയിരുന്നത്,1837 ൽ 64000000 വാര കടന്നു.1813 -'35 ൽ ഇന്ത്യയിൽ ബ്രിട്ടീഷ് തുണി ഉപയോഗം മൊത്തത്തിന്റെ 3 .9 % മാത്രമായിരുന്നു;1856 -'60 ൽ 35 .3;1880 -'81 ൽ 58 .4.പാവം കർഷകൻ ലങ്കാഷറിലെ തുണി വാങ്ങി,നാടൻ നെയ്ത്തുകാരനെ നിരാകരിച്ചു.തുണിക്ക് പേര് കേട്ട ഇന്ത്യൻ പട്ടണങ്ങൾ തകർന്നു.

ഈ തകർച്ചയിൽ നിന്നാണ്,സ്വാതന്ത്ര്യ ശേഷം ഇന്ത്യ ഉണർന്നത്.അപ്പോൾ വെബറിന് എവിടെയാണ് തെറ്റിയത് ?

വെബർ പറഞ്ഞ പോലെ ഒരു കാലത്തും ഇന്ത്യ യുക്തി രഹിത മത സംഘങ്ങളുടെ പിടിയിൽ ആയിരുന്നില്ല.വെബറിൻറെ തന്നെ കണക്കനുസരിച്ച്,ഇന്ത്യയിലെ ഭൂരിപക്ഷത്തിനും,മോക്ഷത്തെപ്പറ്റി ഒന്നും അറിയാമായിരുന്നില്ല.ഇഹലോകത്തിൽ തന്നെയാണ് ഭൂരിപക്ഷവും.ഹിന്ദു സംഘങ്ങളിൽ അംഗ സംഖ്യ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ ആയിരുന്നു.ജനസംഖ്യയുടെ 75 ശതമാനം വരുന്ന കർഷകർ,മതേതരത്വത്തിൽ ആയിരുന്നു !

സന്താന ലാഭം മുതൽ വിളവെടുപ്പിന് വരെ,ഒരുപാട് കാര്യങ്ങൾക്ക് വിശ്വാസ പൂർവമായ പ്രാർത്ഥനകൾ അന്നുമിന്നും നടക്കുന്നു.മതേതര കാര്യങ്ങൾക്കാണ് പ്രാർത്ഥനയും ആചാരങ്ങളും.മറ്റ് മതങ്ങൾ മുടിഞ്ഞു പോകട്ടെ എന്ന് ആരും പ്രാർത്ഥിക്കുന്നില്ല.ഇഹലോക കാര്യങ്ങൾക്കാണ് പ്രാർത്ഥനയും ആചാരങ്ങളും.മരുന്ന് കൊണ്ട് രോഗം മാറ്റാം;വളം കൊണ്ട് വിള കൂട്ടാം.ദൈവത്തിനുള്ളത് ദൈവത്തിന് ഇരിക്കട്ടെ.പ്രകൃതി ക്ഷോഭങ്ങൾ മനുഷ്യന് അടക്കാനാവില്ല.പരലോക സുഖം വാഗ്‌ദാനം ചെയ്യുന്ന മത സംഘങ്ങളിൽ ഇന്ത്യക്കാരന് മതിഭ്രമം ഉണ്ടായില്ല.പലതരം ഉയിർപ്പുകൾ പുരാണങ്ങളിൽ ഉള്ളതിനാൽ യേശു ഉയിർത്ത ഭാവന ഏശിയില്ല.മതിഭ്രമം 1911 ൽ ഉണ്ടായത് അഞ്ചു ശതമാനത്തിന് മാത്രമാണ്.ഈ ന്യൂന പക്ഷത്തിലാണ്,പാശ്ചാത്യ ലോകം ശ്രദ്ധിച്ചത്.

ഈ ന്യൂന പക്ഷത്തിന് ജന സ്വാധീനമുണ്ടായിരുന്നു എന്ന് കരുതിയപ്പോൾ വെബറിന് പിഴച്ചു.ഒരു സന്യാസിക്കോ ഗുരുവിനോ സാമ്പത്തിക വികാസത്തെ പിന്നോട്ടടിക്കാൻ ആവില്ല.ബ്രിട്ടനിലും ജർമനിയിലും പ്രൊട്ടസ്റ്റൻറ് മതം രാജ്യ മതമായത്,അത് സംഘടിത മതം ആയതിനാലാണ്,ഹിന്ദുമതം സംഘടിത മതമല്ല.വെബർ എഴുതിയ 1911 ലാണ് ബ്രിട്ടീഷ്‌ സാമ്രാജ്യം,ഇന്ത്യൻ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിക്ക് മാറ്റിയത്.1905 -1911 ൽ ഇന്ത്യയിൽ ഉണ്ടായ മാറ്റങ്ങൾ അദ്ദേഹത്തിന് മനസ്സിലായില്ല.ഹിന്ദു നവോത്ഥാനമാണ്,തലസ്ഥാന മാറ്റത്തിന് കാരണം.
കഴ്‌സൺ 
ബംഗാളിൽ മധ്യ വർഗം ഉയർന്നു വന്നത്,1793 ലെ സ്ഥിര ഉടമ്പടി ( permanent settlement ) യുടെ ഭാഗമായിട്ടായിരുന്നു.ഈ വർഗമാണ്,യുക്തിരഹിത വിശ്വാസങ്ങളിൽ കുടുങ്ങിയെന്ന് വെബർ കണ്ടത്.ഭൂമിയുടെ അവകാശം സംബന്ധിച്ച ആ ഉടമ്പടിയുടെ ഭാഗമായി,ഭൂവുടമകളായ ജമീന്ദാർമാർ ഉണ്ടായി.ഉടമസ്ഥതയുള്ള ഭൂമിയിൽ നിന്നകന്ന്,കൊല്കത്തയിലോ ഹൂഗ്ലി നദിക്കരയിലെ പട്ടണങ്ങളിലോ വസിക്കുന്നവർ.19 -0 നൂറ്റാണ്ടിൽ,അവർ വിദ്യാഭ്യാസത്തിലും ഭരണ നിർവഹണത്തിലും മുന്നേറി.ഇവർ  ബ്രഹ്മ സമാജം പോലുള്ള മത പരിഷ്‌കരണ പ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ആ നൂറ്റാണ്ടിൻറെ അന്ത്യത്തിൽ,ദേശീയ സ്വഭാവമുള്ള മത പ്രസ്ഥാനങ്ങളിലും ഇവർ പങ്കു കൊണ്ടു.ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഹിന്ദു സംസ്‌കാരത്തെ പുച്ഛിക്കുന്നതിലെ പ്രതികരണമായും ക്രിസ്ത്യൻ മിഷനറിമാരുടെ ഹിന്ദു വിരുദ്ധ പ്രചാരണത്തിന് എതിരായുമാണ് ഇവ ഉടലെടുത്തത്.ഈ ഹിന്ദു നവോത്ഥാനവും മതേതരമായിരുന്നു.കോൺഗ്രസ് നേതാവായ സുരേന്ദ്ര നാഥ് ബാനർജി 16 -0 നൂറ്റാണ്ടിലെ മത നേതാവായ ചൈതന്യ മഹാപ്രഭുവിനെ മതപരിഷ്‌കർത്താവായാണ് അവതരിപ്പിച്ചത്.ഈ ഹിന്ദു നവോത്ഥാനമാണ്,1885 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻറെ പിറവിക്ക് കാരണമായത്.1905 ൽ വൈസ്‌റോയ്‌ ജോർജ് കഴ്‌സൺ ബംഗാൾ വിഭജിച്ചപ്പോൾ,രാഷ്ട്രീയ പ്രവർത്തനം ഉച്ചസ്ഥായിയിൽ എത്തി.

സ്വാമി വിവേകാനന്ദൻ 1897 ൽ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷനും ദേശീയ സ്വഭാവത്തിൽ ആയിരുന്നു.1901 -1916 ൽ അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ വിപ്ലവകാരികളെ തട്ടി ഉണർത്തി.ഹിന്ദു നവോത്ഥാന പൈതൃകം ദേശീയതയിൽ നിക്ഷേപിക്കപ്പെട്ടു.വെബർ പറഞ്ഞ പോലെ മത സംഘങ്ങൾ,ഇഹ ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തെയല്ല പ്രോത്സാഹിപ്പിച്ചത്.1910 ഫെബ്രുവരിയിൽ വിപ്ലവപ്രവർത്തനത്തിൽ നിന്ന് അരവിന്ദ ഘോഷ് ഒളിച്ചോടിയത്,രണ്ടാം തവണ ബ്രിട്ടീഷുകാർ അറസ്റ്റിന് മുതിർന്നപ്പോഴാണ്.ഈ ഒറ്റപ്പെട്ട സംഭവം സാമാന്യതത്വമല്ല.സ്വാമി വിവേകാനന്ദൻറെ സഹോദരൻ ഭുപേന്ദ്ര നാഥ് ദത്ത ബ്രിട്ടനിൽ വിപ്ലവകാരി ആയിരുന്നു എന്ന കാര്യം മറക്കരുത്.

ബ്രാഹ്മണ സംസ്‌കാരത്തിലും,അത് വഴി ഹിന്ദു സംസ്‌കാരത്തിലും യുക്തിയുടെ ഘടകമുണ്ടെന്ന് വെബറിന് അറിയാമായിരുന്നു.ഇന്ത്യ 700 കൊല്ലം ഭരിച്ചത് സംഖ്യ ഭൗതികത ആണെന്ന് ഹെഗലോ മാർക്സോ വെബറോ കണ്ടിട്ടില്ല.ചാർവാകന്മാരുള്ള ഇന്ത്യയ്ക്ക് ഭൗതിക വാദം പുത്തരിയല്ല.ഇസ്ലാമിക സംസ്‌കാരം വഴി പടിഞ്ഞാറ് എത്തിയ അറബി അക്കങ്ങൾ ( Arabic numerals ) ബ്രാഹ്മണ സംഭാവന ആയിരുന്നു എന്ന് വെബറിന് അറിയാം.റോമൻ അക്കങ്ങൾ വഴിയുള്ള കൂട്ടി കിഴിക്കലുകളിൽ നിന്ന് ഇവ ഗണിത ശാസ്ത്രത്തെ മോചിപ്പിച്ചു.പൂജ്യത്തെ സംബന്ധിച്ച സിദ്ധാന്തം ഭാസ്‌കര,ബി സി മൂന്നാം ശതകത്തിൽ എഴുതി -ശൂന്യം അഥവാ നിർവാണം.വൈരുധ്യങ്ങളുടെ ആകെത്തുകയാണ്,പൂജ്യം.അനുകൂലവും പ്രതികൂലവുമായ സംഖ്യകൾ അതിൽ അടങ്ങുന്നു.അതിലാണ് അക്കങ്ങൾക്ക്,ഇരട്ടികളിലേക്ക് വികാസം ഉണ്ടാകുന്നത്.സംസ്‌കൃത ഭാഷ തന്നെ,യുക്തിയുടേതാണ്.വ്യഞ്ജനാക്ഷരങ്ങൾ ( consonants ) കണ്ഠം,അണ്ണാക്ക്,നാവ്,പല്ല്,ചുണ്ട് എന്നിങ്ങനെ സംസാരേന്ദ്രിയങ്ങളുടെ സ്ഥാനം അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.താളമോ യുക്തിയോ ഇല്ലാത്ത അരാജകത്വമാണ്,ഇംഗ്ലീഷ് അക്ഷരങ്ങൾ.ബ്രാഹ്മണികമായ തർക്ക ശാസ്ത്രവും യുക്തി തന്നെ.'കർമ്മ ഫലം ' എന്ന സിദ്ധാന്തം തന്നെ,ജീവിതത്തിന് ഒരു സൗജന്യവും നൽകുന്നില്ല.അനുഭവിച്ചേ മതിയാകൂ.
--------------------------------------
1.Irving M Zeitlin / Ideology and the Development of Sociological Theory,1968,Page 111
2 .H H Gerth and C Wright Mills/ From Max weber,1948,Page 35
3.Angus Maddison / Class Structure and Economic Growth,1971,Page 78

ഇതിൽ പറയുന്ന കണക്കുകൾ 'മൂലധനം' വാല്യം 3,Newyork Daily Tribune ൽ വന്ന താഴെ പറയുന്ന മാർക്‌സിന്റെ ലേഖനങ്ങൾ എന്നിവയിൽ നിന്ന് :
1853 :
Sir Charles Wood's East India Reforms ( June 22),The Future Results of British Rule in India ( August 8),Revolution in China and Europe ( June 14),East India Company;its History and Results ( July 11),The British Rule in India ( June 25)
1857:British Incomes in India ( September 21)
1858:History of the Opium Trade ( September 25)
1859:Trade with China ( October 10)

 1971 ലെ കാനേഷുമാരിയിൽ മുസ്ലിംകളുടെ ശതമാനം  കൂടുകയും ഹിന്ദുക്കളുടെ കുറയുകയും ചെയ്‌തു -ഹിന്ദു 84.മുസ്ലിം 10 .

Seehttps://hamletram.blogspot.com/2019/09/blog-post_58.html





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...