Thursday, 1 August 2019

ലെനിൻറെ പെണ്ണുങ്ങൾ

കാല്പനികതയിലെ ചൂടും തണുപ്പും 

എം എസിൻറെ അറുപതാം വിവാഹ വാർഷികത്തിന് കാലേ കൂട്ടി അഭിമുഖം ചെയ്‌തപ്പോൾ അദ്ദേഹം കൗമാര,യൗവനങ്ങളിൽ പ്രണയത്തിൽ അകപ്പെട്ടോ എന്ന് ഞാൻ ചോദിക്കുകയുണ്ടായി -ഇല്ല എന്നായിരുന്നു,ഉത്തരം.ഇന്ത്യയ്ക്ക് പുറത്തു പോയ വിപ്ലവകാരികളും വിദേശ വിപ്ലവകാരികളും അങ്ങനെയല്ല.ഭൂരിപക്ഷത്തിനും ഒന്നിലധികം പങ്കാളികൾ ഉണ്ടായിട്ടുണ്ട്.വിപ്ലവം തന്നെ കാൽപ്പനിക സങ്കൽപം എന്ന് തോന്നും വിധമാണ്,ലെനിനും ട്രോട് സ്‌കിയും ഗോർക്കിയും കാസ്ട്രോയും ചെ ഗുവേരയും മാവോയും സ്ത്രീകളോട് പെരുമാറിയിട്ടുള്ളത്..മാർക്സ് ഭാര്യ ജെന്നി അഞ്ചാം  പ്രസവത്തിന് പോയപ്പോൾ വീട്ടു സഹായി ഹെലന് ഗർഭമുണ്ടാക്കിയത് ,കാല്പനികം അല്ല -കുഞ്ഞിൻറെ പിതൃത്വം എംഗൽസ് ഏറ്റെടുത്ത് മാർക്സിനെ രക്ഷിക്കുകയായിരുന്നു.

ലെനിൻറെ പ്രണയങ്ങൾ ഞാൻ എണ്ണാൻ ശ്രമിക്കുന്നില്ല.ഭാര്യ ക്രൂപ് സ്കായ അല്ലാതെ രണ്ട് ഉറച്ച പ്രണയങ്ങൾ വിവാഹിതനായ ലെനിന് ഉണ്ടായി.ക്രൂപ് സ്കായ ഫെമിനിസ്റ്റ് ആയതിനാൽ സഹിച്ചു.ഇതിൽ ഇനെസ്സ അർമാൻഡിനെപ്പറ്റി പുസ്‌തകം തന്നെയുണ്ട്.അപ്പോളിനാര്യ യാക്കുബോവ അത്ര ഇവിടെ അറിയപ്പെടുന്നില്ല.അവരുടെ ചിത്രം തന്നെ 2015 ലാണ് ലോകം കണ്ടത്.വ്ളാദിമിർ ബർട് സേവ് എന്ന വിപ്ലവകാരിയെപ്പറ്റി മോസ്‌കോ ആർകൈവ്സിൽ ഗവേഷണം നടത്തുമ്പോൾ, ലണ്ടൻ ക്വീൻ മേരി സർവകലാശാലയിലെ ഡോ  റോബർട്ട് ഹെൻഡേഴ്സൻ ആണ് ചിത്രം കണ്ടത്.യാക്കുബോവ സൈബീരിയൻ തടവറയിൽ കഴിയുമ്പോഴത്തെ ചിത്രം .
അപ്പോളിനാര്യ 
ഇനെസ്സയും യാക്കുബോവയും വിവാഹിതരായിരുന്നു -അപ്പോളിനാര്യ ലെനിൻറെ പ്രണയാഭ്യർത്ഥന നിരസിച്ചതായും കഥയുണ്ട്.അവർ വിപ്ലവ ദിശ കണ്ടെത്താൻ തന്നെ ലെനിനെ സ്വാധീനിച്ചിരുന്നു.
ചിലർ യാക്കുബോവയായിരുന്നു ലെനിൻറെ യഥാർത്ഥ കാമുകി എന്ന് കരുതുന്നു.കറുത്ത ഭൂമിയുടെ ആദിമ  ശക്തി എന്ന് സമകാലികർക്കിടയിൽ അറിയപ്പെട്ട അവർ ക്രൂപ് സ്കായയുടെ കൂട്ടുകാരി ആയാണ് ലെനിൻറെ ജീവിതത്തിൽ എത്തിയത്.സാർ ചക്രവർത്തിയുടെ ഭീകരതയിൽ നിന്ന് ഒളിച്ചോടി ലണ്ടനിൽ എത്തി അവിടെ യാക്കുബോവയും ഭർത്താവ് കോൺസ്റ്റാന്റിൻ തഖ് തറേവും  റീജൻറ് സ്‌ക്വയറിൽ  ബ്രിട്ടീഷ് മ്യൂസിയത്തിനടുത്ത് കഴിയുകയായിരുന്നു.1902 -11 ൽ ലെനിനും ഭാര്യയും ഇടക്കിടെ അവിടെ എത്തി.

ലെനിൻ നയിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നയങ്ങളെ യാക്കുബോവ വിമര്ശിക്കുന്നതിൻറെ കനം അനുസരിച്ച് പ്രണയം ചൂടാകുകയും തണുക്കുകയും ചെയ്‌തു.ലെനിൻ കേന്ദ്രീകരണത്തിനും യാക്കുബോവ തൊഴിലാളികൾക്ക് ആധിപത്യമുള്ള സംഘടിത ജനാധിപത്യത്തിനും വാദിച്ചു.തർക്കം രൂക്ഷമായപ്പോൾ അവരെ ലെനിൻ അരാജകവാദി എന്ന് വിളിച്ചു,അവർക്ക് പനി വന്നു.

ലിറോച് ക എന്നാണ് ലെനിൻ അവരെ വിളിച്ചത്.വൈറ്റ് ചാപ്പലിൽ സംവാദങ്ങൾ നടത്തുന്ന ചെറിയ ഗ്രൂപ്പിൽ അംഗമായിരുന്നു 27 വയസുള്ള യാക്കുബോവ.പുരോഹിതൻറെ മകൾ.സെൻറ് പീറ്റേഴ്‌സ്ബർഗ് വനിതാ കോളജിൽ ഫിസിക്സ്,മാത്‍സ് വകുപ്പിൽ പഠിക്കുമ്പോൾ,സായാഹ്നങ്ങളിലും ഞായറാഴ്ചയും അവർ തൊഴിലാളികൾക്ക് ക്‌ളാസെടുത്തു .അവിടെയാണ് ക്രൂപ് സ്കായയെ കണ്ടത്.ലെനിനെപ്പോലെ യാക്കുബോവയെയും സൈബീരിയയിലേക്ക് നാട് കടത്തി.അവിടന്ന് രക്ഷപ്പെട്ട് 7000 മൈൽ അകലെ ലണ്ടനിൽ വിപ്ലവകാരികളുടെ ആകർഷണ കേന്ദ്രമായി.ലെനിൻറെ പ്രണയാഭ്യർത്ഥന അവർ നിരസിച്ചെന്ന് 1964 ൽ അമേരിക്കൻ പത്ര പ്രവർത്തകൻ ലൂയി ഫിഷറാണ് അവകാശപ്പെട്ടത്.അതിന് സ്ഥിരീകരണമില്ല.ഏത് കഠിന ഹൃദയനെയും അലിയിക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നുവെന്ന് ഹെൻഡേഴ്സൻ എഴുതുന്നു.
വർഷങ്ങൾ കഴിഞ്ഞ് ലെനിൻ യാക്കുബോവയ്ക്ക് എഴുതി:

Perhaps it is very inappropriate that in a letter to you of all people I have to speak so often of a struggle. But I think that our old friendship most of all makes complete frankness obligatory.

ബന്ധം അപ്പോഴേക്കും പഴയതായിരുന്നു.
തഖ് തറേവ് 
ലെനിനും യാക്കുബോവയും തമ്മിൽ പ്രണയം പൂത്തപ്പോൾ ക്രൂപ് സ്കായ, യാക്കുബോവയോട് മിണ്ടാതായി.ക്രൂപ് സ്കായ നീരസത്തോടെ കുറിച്ചു:"എനിക്ക് ലിറോച് ക x ആണ് ;അവരുടെ വിവാഹം ( പാർട്ടി സംഘാടകൻ കോൺസ്റ്റാന്റിൻ തഖ്‌തറേവ് ) ശരിയായില്ല".ചരിത്രകാരനായ തഖ് തറേവും ബുദ്ധിജീവികൾ വിപ്ലവം നയിക്കുമെന്ന ലെനിൻറെ വാദത്തോട് യോജിച്ചില്ല.1871 ൽ ജനിച്ച അദ്ദേഹം മിലിട്ടറി മെഡിക്കൽ അക്കാദമിയിൽ പഠിച്ചു.1898 ലെ സൂറിച് സമ്മേളനം,പാരിസിലെ രണ്ടാം ഇൻറർനാഷനൽ സമ്മേളനം എന്നിവയിൽ പങ്കെടുത്തു.പാരിസിൽ സോഷ്യോളജി 1903 -05 ൽ പഠിച്ചു;ഭർത്താവിൻറെ അസാന്നിധ്യം ലണ്ടനിൽ ഉണ്ടായിരുന്നു എന്നർത്ഥം.1917 ൽ പെട്രോഗ്രാഡ് സർവകലാശാലയിലും 1924 മുതൽ മാർക്സ് -എംഗൽസ് ഇൻസ്റ്റിട്യൂട്ടിലും പഠിപ്പിച്ചു.പ്രാചീന റഷ്യൻ ചരിത്രം എഴുതി.1925 ൽ മരിച്ചു.
യാക്കുബോവ ഭർത്താവുമൊത്ത് 1907  ൽ റഷ്യയിൽ തിരിച്ചെത്തി.അതിനു ശേഷം എന്തായി എന്നറിയില്ല.പ്ലഖനോവിനൊപ്പം തൊഴിലാളി ഉന്നമന സംഘം ഉണ്ടാക്കിയവരാണ്,യാക്കുബോവ.ലെനിനോ ക്രൂപ് സ്കായയോ അവരെ ചരിത്രത്തിൽ നിന്ന് വെട്ടി എന്ന് കരുതുന്നു.അവരുടെ മരണ വർഷം സോവിയറ്റ് രേഖകളിൽ 1913 എന്നും 1917 എന്നും കാണുന്നു.

സ്വ ന്തം മരണത്തിനു മുൻപ്,ലെനിനെ വ്യക്തിപരമായി ഉലച്ച സംഭവമായിരുന്നു,1920 സെപ്റ്റംബർ 24 ന്,വെപ്പാട്ടി ഇനെസ്സ ആർമാൻഡിന്റെ മരണം.തൻറെ 40 വയസിൽ 36 വയസുള്ള ഇനെസ്സയെ പാരിസിൽ കണ്ടുമുട്ടുമ്പോൾ,ലെനിനൊപ്പം ഭാര്യ ക്രൂപ് സ്കേയ താമസിച്ചിരുന്നു.ഇനെസ്സയുമായി ലെനിൻറെ ബന്ധം തീക്ഷ്ണമായപ്പോൾ,ക്രൂപ് സ്കേയ,കിടപ്പു മുറിയിൽ നിന്നിറങ്ങി;ലെനിൻറെ ജീവിതത്തിൽ നിന്നിറങ്ങിയില്ല.ഗോർബച്ചേവ് അധികാരമേറി,രഹസ്യ ആർകൈവ്സ് പരസ്യമായ ശേഷമാണ്,ലെനിൻറെ വെപ്പാട്ടിയെപ്പറ്റി വിശദമായി അറിയുന്നത്.
ഇനെസ്സ 
ഇനെസ്സ ഫയദറോവ്ന ആർമാൻഡ് ( 1874 -1920 ) പാരിസിലെ ഒരു ഓപെറ ഗായകന് ഹാസ്യനടിയിൽ ഉണ്ടായ  അവിഹിത സന്തതി ആയിരുന്നു.അവരാണ്,രാഷ്ട്രീയ സമരത്തിൽ പതറിയ ലെനിന് ഊർജം കൊടുത്ത്,മുന്നണിയിൽ നിർത്തിയത്.1919 ൽ മോസ്കോയിലെ ശക്തയായ സ്ത്രീ അവരായിരുന്നു.
പാരിസിൽ,1910 ശിശിരത്തിൽ അവന്യൂ ദി ഓർലിയൻസിലെ ഒരു കഫേയിലാണ്,ലെനിൻ,ഇനെസ്സയെ കണ്ടു മുട്ടിയത്.ബോൾഷെവിക്കുകൾ ബീർ നുണഞ്ഞ് കഫെയുടെ മുകളിലെ മുറിയിൽ രാഷ്ട്രീയം ചർച്ച ചെയ്‌തു പോന്നു.ലെനിന് പണം വരുന്ന വഴികൾ ഭരണകൂടം മരവിപ്പിക്കുകയും,ലെനിൻ പ്രോലിറ്ററി  ( Proletarri ) എന്ന മാസിക നിർത്തുകയും ചെയ്‌ത കാലം.നാലു ഭാഷകൾ അറിയാവുന്ന ഇനെസ്സ,അയാളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു.19 വയസ്സിൽ മോസ്കോയിലെ ഫ്രഞ്ച് സമൂഹത്തിൽപെട്ട,ധനിക തുണി കച്ചവട കുടുംബത്തിലെ മൂത്ത മകൻ അലക്‌സാണ്ടർ ആർമാൻഡിനെ വിവാഹം ചെയ്‌ത അവർ,ധനിക ആയിരുന്നു.ഒൻപതു കൊല്ലത്തെ ബന്ധത്തിൽ നാലു കുട്ടികൾ ഉണ്ടായി.28 വയസ്സിൽ ഇനെസ്സ,അലക്‌സാണ്ടറുടെ 17 വയസുള്ള സഹോദരൻ വ്ളാദിമിർ വോളോദ്യ യ്‌ക്കൊപ്പം പരസ്യമായി ജീവിച്ചു.വ്ളാദിമിറിൽ ഉണ്ടായ മകൻ ആൻഡ്രിയെ 1903 ൽ അലക്‌സാണ്ടർ ഏറ്റെടുത്തു.1909 ൽ വ്ളാദിമിർ ക്ഷയം വന്ന് മരിച്ചു.
ലെനിനും ഭാര്യയും 
കമ്മ്യൂണിസ്റ്റ് ആയ വ്ളാദിമിറിന് ഒപ്പം വിപ്ലവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന ഇനെസ്സ,ഭരണകൂടത്തെ ഭയന്നാണ്,പാരിസിൽ എത്തിയത്.അവർ ലോങ്ജുമോയിൽ വിപ്ലവ സ്‌കൂൾ തുടങ്ങി.അവിടെയാണ് ഇനെസ്സ ലെനിനോട് കാമം പറഞ്ഞത്.പ്രാഗിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ ബോൾഷെവിക്കുകൾക്ക് വ്യാജ ഭൂരിപക്ഷം ഉണ്ടാക്കാൻ ഇനെസ്സയാണ് തന്ത്രം മെനഞ്ഞത്.ഇനെസ്സയ്ക്ക് വേണ്ടി ബന്ധം പിരിയാൻ ക്രൂപ് സ്കേയ തയ്യാറായെങ്കിലും,ലെനിൻ സമ്മതിച്ചില്ല.രണ്ടു സ്ത്രീകളും ഫെമിനിസ്റ്റുകൾ ആയിരുന്നു.ഇനെസ്സയുടെ മരണശേഷം,അവരുടെ ഇളയ കുട്ടികളെ ക്രൂപ് സ്കേയ ഏറ്റെടുത്തു.
വെപ്പാട്ടിയാണെങ്കിലും,ലെനിൻ അവർക്ക് ഉത്തരവുകൾ നൽകിയിരുന്നു.റഷ്യയിൽ പോളിഷ് കർഷക വേഷത്തിൽ ഇനെസ്സ സെൻറ് പീറ്റേഴ്‌സ്ബർഗിലെ പാർട്ടി പുനഃസംഘടിപ്പിക്കാൻ പോയി തടവിലായി.അലക്‌സാണ്ടർ 6500 റൂബിൾ മുടക്കി ജാമ്യത്തിൽ ഇറക്കി.ജാമ്യവ്യവസ്ഥ ലംഘിച്ച് 1913 ൽ രക്ഷപ്പെട്ട്,ക്രാക്കോയിൽ ലെനിൻറെ അടുത്തെത്തി.അപ്പോൾ ലെനിൻ ബന്ധം അവസാനിപ്പിക്കാൻ ഒരുമ്പെട്ടതായി,ഇനെസ്സയുടെ അവശേഷിക്കുന്ന പ്രണയ ലേഖനത്തിൽ നിന്നറിയാം:
ചുംബനങ്ങൾ വേണ്ട,എനിക്കൊന്നു കണ്ടാൽ മതി;അങ്ങയോട് സംസാരിച്ചിരിക്കാൻ സുഖമാണ്;അതാരെയും വേദനിപ്പിക്കേണ്ടതില്ല.എനിക്ക് എന്തിന് അത് പോലും നിഷേധിക്കുന്നു ?*
ഇനെസ്സയും ഭർത്താവും,1893 
ലെനിൻ 1914 ജനുവരി മുതൽ ഇനെസ്സയ്ക്ക് 150 കത്തുകൾ അയച്ചു.ഇവയെല്ലാം ഉത്തരവുകൾ ആയിരുന്നു.കത്തിനൊടുവിൽ,കാണാൻ ആകാത്തതിൽ ദുഃഖം രേഖപ്പെടുത്തും.1916 ജനുവരിയിൽ സോഫി പോപോഫ് എന്ന കള്ളപ്പേരിൽ ഇനെസ്സയെ പാരിസിൽ അയച്ചപ്പോൾ വേണ്ടത്ര പിന്തുണ ബോൾഷെവിക്കുകൾക്ക് കിട്ടിയില്ല.ലെനിൻ അവരെ ശാസിച്ച് കത്തയച്ചപ്പോൾ ഇനെസ്സ പ്രതിഷേധിച്ചു.അവർ കോപിച്ച് ലേക് ജനീവയ്ക്ക് മുകളിൽ വിശ്രമത്തിന് പോയി.ലെനിൻ തുരു തുരെ കത്തുകൾ അയച്ചു.നിരന്തരം വിളിച്ചു -അവർ മറുപടി നൽകാതെ കളിപ്പിച്ചു.
1917 ഫെബ്രുവരി വിപ്ലവത്തിന് ശേഷം , റഷ്യയിൽ എത്തി.മാർച്ചിൽ ഇനെസ്സയെ മോസ്‌കോ സോവിയറ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാക്കി.ഓഗസ്റ്റ് 30 ന്  മൈക്കിൾസൻ പ്ലാൻറിൽ,ലെനിനെ റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയിലെ ഫാനി കപ്ലാൻ വെടി വച്ച് വീഴ്ത്തി.തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ലെനിനെ വിപ്ലവ വഞ്ചകനായി കണ്ട ഫാനി,തൻറെ പാർട്ടി നിരോധിക്കപെട്ടപ്പോഴാണ് ലെനിനെ കൊല്ലാൻ ശ്രമിച്ചത്.അവരെ സെപ്റ്റംബർ മൂന്നിന് വെടി വച്ച് കൊന്നു.
ലെനിൻ ഇനെസ്സയെ വരുത്തി.കാമം പൂത്തു.ഇനെസ്സയ്ക്ക് ക്രെംലിനിൽ വലിയ വീട് കിട്ടി.ലെനിൻറെ ക്ലോസ്‌ഡ്‌ സർക്യൂട്ട് ഫോൺ വലയത്തിൽ അയാളെ നേരിട്ട് വിളിക്കാൻ സൗകര്യം കിട്ടി.ക്രൂപ് സ്കേയ പിൻവാങ്ങി ക്രെംലിൻ വിട്ടു.1918 ൽ ഇനെസ്സ,മുൻ ഭർത്താവ് അലക്‌സാണ്ടറെ പാർട്ടി അംഗമാക്കി.അവർ കേന്ദ്ര കമ്മിറ്റി വനിതാ വിഭാഗം മേധാവി ആയി.14 മണിക്കൂർ ജോലി ചെയ്‌തു.അവർക്ക് ന്യുമോണിയ വന്നപ്പോൾ ലെനിൻ കത്തുകൾ വഴി ആശ്വസിപ്പിച്ചു:
ഫയർ പ്ളേസിൽ തീ കത്തിക്കാൻ വിറക് വേണോ?ഭക്ഷണം വേണോ ?പാചകത്തിന് ആരുണ്ട്?പെൺ മക്കളോട് ദിവസവും വിളിക്കാൻ പറയാം.
ഇനെസ്സയുടെ വിലാപ യാത്ര 
പനിയിൽ നിന്ന് രക്ഷപ്പെട്ട അവരെ കോക്കസസിലെ കിസ്ലോവോഡ്സ്കിൽ വിശ്രമത്തിന് അയച്ചു.കവർച്ചക്കാരുടെ ശല്യം കാരണം അവിടെ നിന്ന് സെപ്റ്റംബറിൽ സൈനിക ട്രെയിനിൽ ഇനെസ്സയെ കയറ്റി.ബൽസാനിൽ വച്ച് കോളറ പിടിപെട്ട് അവർ സെപ്റ്റംബർ 24 പുലർച്ചെ മരിച്ചു.എട്ടു ദിവസം കഴിഞ്ഞ് ജഡം മോസ്‌കോയിൽ എത്തിച്ചു.അലക്‌സാണ്ടർക്കൊപ്പം ലെനിൻ ജഡം കാത്തു നിന്നു.ജഡം റെഡ് സ്‌ക്വയറിൽ സംസ്‌കരിച്ചു."ലെനിൻ ബോധം കെട്ട് താഴെ വീഴുമെന്ന് തോന്നി",അലക്‌സാൻഡ്ര കൊല്ലോന്റായ് ഓർമിച്ചു.
എന്താണ് ചെയ്യേണ്ടത്? എന്ന ചേർനിഷേവ്സ്കിയുടെ നോവൽ ഇരുവർക്കും ഇഷ്ടമായിരുന്നു.പിയാനോയിൽ അവർ ബീഥോവൻറെ സൊണാറ്റകൾ വായിച്ചു.അവരുടെ മരണശേഷം ലെനിൻ കൂടുതൽ വൃദ്ധനായ പോലെ തോന്നി.ജനത്തിൽ നിന്നകന്നു.ലെനിൻറെ മരണശേഷം ജനുവരി 28 ന് ഇനെസ്സയുടെ  മകൾ ഇന്നയ്ക്ക് ക്രൂപ് സ്കേയ എഴുതി"അദ്ദേഹത്തെ ക്രെംലിനിൽ ജഡമായി സൂക്ഷിക്കാൻ പദ്ധതി വന്നപ്പോൾ,എനിക്ക് രോഷം തോന്നി.ചുവപ്പൻ മതിലിന് കീഴിൽ,സഖാക്കൾക്കൊപ്പം ഒന്നിച്ചു കഴിയാമായിരുന്നു.
ഈ കത്ത്,പൂർണമായും രഹസ്യം എന്നെഴുതി പി ബി സൂക്ഷിച്ചു .
ഇനെസ്സയുടെ അടുത്ത് ലെനിനെ അടക്കണം എന്നായിരുന്നു,ക്രൂപ് സ്കേയയുടെ ആഗ്രഹം.

https://hamletram.blogspot.com/2019/07/blog-post_31.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...