Wednesday 31 July 2019

എല്ലാം തുറന്ന് അന്ന


മധുവിധുവിലെ അപരൻ 

ധുവിധു കാലത്ത് ഒരു യുവതി മറ്റൊരാളുമായി പ്രണയത്തിൽ ആകുക അസാധാരണമാണ്;അന്ന അഹ്‌മത്തോവയുടെയും മോദിഗ്ലിയാനിയുടെയും പ്രണയം അങ്ങനെയാണ് ഉണ്ടായത്.
അന്നയ്ക്ക് 21 ,മോദിഗ്ലിയാനിക്ക് 26 .അന്ന റഷ്യയിൽ കവയിത്രിയായി അറിയപ്പെട്ടിരുന്നില്ല;മോദിഗ്ലിയാനി ലോകത്തിലെ ഏറ്റവും വിലയുള്ള ചിത്രകാരനും ആയിരുന്നില്ല.
അന്ന 
ആറടി ഉയരവും കൂർത്ത മൂക്കുമുള്ള അന്നയെ ആരും നോക്കിപ്പോകുമായിരുന്നു.1910 ൽ പാരീസ് തെരുവുകളിൽ കവിയായ ഭർത്താവ് നിക്കോളായ് ഗുമില്യോവിന്റെ  കൈയിൽ തൂങ്ങി നടന്നപ്പോൾ,അത് തന്നെയുണ്ടായി.ഇരുവരും കവിത എഴുതിയിരുന്നു.കലാകാരന്മാരുടെ കേന്ദ്രമായ മോണ്ട്പർണസ്സെയിൽ ആണ് അവരെത്തിയത്.ചെറിയ വാടകയ്ക്ക് ആധുനിക ചിത്രകാരന്മാർക്ക് സ്റ്റുഡിയോയ്ക്ക് സ്ഥലം കിട്ടിയിരുന്നത് അവിടെയാണ്.ചിത്രകാരന്മാർക്കും ശിൽപികൾക്കും കവികൾക്കും ഗായകർക്കും വില കുറഞ്ഞ കഫേകളും അവിടെ ആയിരുന്നു.അങ്ങനെ അലഞ്ഞവൻ ആയിരുന്നു,അമേദ്യോ  മോദിഗ്ലിയാനി.ഇറ്റലിയിൽ നിന്ന് നാലു വർഷം മുൻപാണ് അയാൾ എത്തിയത്.അയാൾക്കും കൂർത്ത മൂക്കായിരുന്നു.
മോദിഗ്ലിയാനി,1909 
ധനിക ഭൂപ്രഭു കുടുംബത്തിൽ 1889 ൽ ജനിച്ച അന്ന ആൻഡ്രീവ്ന ഗോറെങ്കോ സെൻറ് പീറ്റേഴ്‌സ്ബർഗിന്റെ പ്രാന്തത്തിലെ സാർ ചക്രവർത്തിയുടെ ഗ്രാമത്തിലാണ് വളർന്നത്.സാറിന് അവിടെ വേനൽക്കാല വസതി ഉണ്ടായിരുന്നു.1903 ക്രിസ്‌മസ്‌ തലേന്ന് ഷോപ്പിംഗിന് കടയിൽ നിൽക്കുമ്പോഴാണ് , ഗുമില്യോവിനെ  ആദ്യം കണ്ടത്.അയാൾക്ക് റീറ്റെയ്ൽ ശൃംഖല ഉണ്ടായിരുന്നു .1905 മുതൽ കുറേക്കാലം പിന്നാലെ നടന്ന് ആത്മഹത്യാശ്രമവും നടത്തിയാണ്,അന്നയെ അയാൾ സ്വന്തമാക്കിയത്.അപ്പോഴേക്കും അയാളെ അന്നയ്ക്ക് മടുത്തിരുന്നു.അയാളുടെ മാസിക സിറിയസി ലാണ് അന്നയുടെ ആദ്യ കവിത വന്നത്.1910 ഏപ്രിലിൽ കീവിൽ നടന്ന വിവാഹത്തിൽ അവളുടെ കുടുംബാംഗങ്ങൾ പങ്കെടുത്തില്ല.അന്ന സുഹൃത്തിന് എഴുതി:
മൂന്ന് കൊല്ലമായി അയാൾ എന്നെ പ്രേമിക്കുന്നു.അയാളുടെ ഭാര്യ ആവുക എൻറെ വിധിയാണെന്ന് തോന്നുന്നു.ഞാൻ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
കിടക്കുന്ന സ്ത്രീ / ക്രയോൺ 
മോദിഗ്ലിയാനി പാരിസിൽ എത്തുമ്പോൾ,സെൻറ് പീറ്റേഴ്‌സ്ബർഗിൽ കവിതയെഴുതി പരിശ്രമിക്കുകയായിരുന്നു,അന്ന.എഴുത്തുകാർ എത്തുന്ന കുപ്രസിദ്ധമായ Stray Dog Cafeyil അവൾ കവിതകൾ വായിച്ചു.കുടുംബത്തിൻറെ സൽപ്പേര് പോകാതിരിക്കാൻ തൂലികാനാമം സ്വീകരിക്കണമെന്ന് പിതാവ് നിർബന്ധിച്ചു.ഒരു തുർക്കി കാരണവരുടെ പേരായ അഹ്മത്തോവ വാലായി.പ്രണയമയമായിരുന്നു,കവിത;അവളുടെ ശബ്‌ദം ലഹരിയായി.സായാഹ്നം എന്ന ആദ്യ സമാഹാരം അടുത്ത മൂന്ന് തലമുറകളിലെ പ്രണയിതാക്കൾക്ക് പാഠപുസ്‌തകം ആയി.
കറുത്ത പെൻസിലും പേപ്പറും ( പ്രാചീന കല്ലറ മേൽ )

കവിതയാണ് അന്നയെയും മോദിഗ്ലിയാനിയെയും ഒന്നിപ്പിച്ചതെന്ന് കരുതുന്നു.ഭർത്താവ് പാരിസിലെ പഴയ സുഹൃത്തുക്കളെ തേടി നടന്നപ്പോൾ,അന്ന,മോദിഗ്ലിയാനിയെ പിന്തുടർന്നു.ആദ്യം കണ്ടത് കഫെയിൽ .അവർ പാർക്കിൽ നടന്നു.അന്ന ഓർമകളിൽ എഴുതി:

മഴ പെയ്‌തപ്പോഴൊക്കെ മോദിഗ്ലിയാനി ഒരു വലിയ പഴഞ്ചൻ കറുത്ത കുട ചൂടി.വേനൽ മഴയിൽ,ജാർഡിൻ ദു ലക്സംബർഗിലെ ബെഞ്ചിൽ ഞങ്ങൾ കുടക്കീഴിൽ ഇരുന്നു.ഇരുവർക്കും ഹൃദിസ്ഥമായ വെർലൈൻറെ വരികൾ ഞങ്ങൾ ഉരുവിട്ടു.ഒരേ താൽപര്യങ്ങളിൽ ഞങ്ങൾ ആഹ്ളാദിച്ചു.

അന്നയെക്കാൾ ഒരടി കുറഞ്ഞവനായിരുന്നു അയാൾ.അയാൾ ചക്രവർത്തി ഹാഡ്രിയാനെ പ്രണയിച്ച ഗ്രീക്ക് അർദ്ധ ദൈവം ആന്റിനസിനെപ്പോലെയെന്ന് അന്നയ്ക്ക് തോന്നി." അയാളുടെ കണ്ണുകളിൽ സ്വർണ തിളക്കം കണ്ടു",അന്ന എഴുതി,"അയാളെപ്പോലെ ലോകത്തിൽ ആരും ഉണ്ടായിരുന്നില്ല"
അന്ന സെൻറ് പീറ്റേഴ്‌സ്ബർഗിലേക്ക് മടങ്ങിയപ്പോൾ നിരാശനായ അയാൾ തുരുതുരെ കത്തുകൾ എഴുതി.ഒരുപാട് പെണ്ണുങ്ങളെ പ്രണയിച്ച അയാൾ മറ്റാർക്കും എഴുതിയില്ല.
നഗ്ന, കത്തിച്ച മെഴുതിരി 
അടുത്ത കൊല്ലം ഒറ്റയ്ക്ക് പാരിസിൽ എത്തി അന്ന ഏതാനും മാസം താമസിച്ചു.സെൻറ് സൽപിസ് പള്ളിക്കടുത്ത ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു.അവരുടെ പ്രണയത്തെപ്പറ്റി ഒരു കവിത എഴുതി:

Nothing Chains a Heart to Heart

Nothing chains a heart to heart,
If you’d like to leave.
Many joys will life impart
On the one who’s free.
I don’t cry, complain or pout,
Mine is not a life of bliss.
Do not kiss me, all worn out,
Death will come to kiss.
Bitter languor has been weathered
With the winter snows.
Why, o why, must you be better
Than the one I chose?

ഞാൻ  തിരഞ്ഞെടുത്തവനെക്കാൾ,നീ എന്ത് കൊണ്ട് മികച്ചവനായി എന്ന് ചോദിച്ചാണ് കവിത അവസാനിക്കുന്നത് .ഒരിക്കൽ കാണാൻ ചെന്നപ്പോൾ അയാൾ ഇല്ലായിരുന്നു.ഒരു സൗന്ദര്യ പിണക്കം ഉണ്ടായതിനാൽ,കുറച്ചു നേരം കാത്തു.അന്ന എഴുതുന്നു:

കൈയിൽ ചുവന്ന പനിനീർപ്പൂക്കൾ കരുതിയിരുന്നു.സ്റ്റുഡിയോയുടെ അടഞ്ഞ വാതിലിന് മുകളിൽ ഒരു ജാലകം തുറന്നിരുന്നു.ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാൻ പൂക്കൾ ഓരോന്നായി ജാലകത്തിനുള്ളിലേക്ക് എറിഞ്ഞു.ഞാൻ പോയി.വീണ്ടും കണ്ടപ്പോൾ പൂട്ടിയ മുറിയിൽ എങ്ങനെ കടന്നുവന്ന് അയാൾ അദ്‌ഭുതപ്പെട്ടു.താക്കോൽ അയാളുടെ കൈയിലായിരുന്നു.നടന്നത് ഞാൻ പറഞ്ഞു." അത് നടക്കില്ല;അത് അത്ര സുന്ദരമായാണ് വിതറിയിരുന്നത്",അയാൾ പറഞ്ഞു.

ലൂവ്രേ മ്യൂസിയത്തിലെ ഈജിപ്ഷ്യൻ ഗാലറിയിൽ പല തവണ അയാൾ അന്നയെ കൊണ്ട് പോയി .ഈജിപ്ഷ്യൻ  രാജ്ഞിമാരെ,ദേവതമാരെ അന്ന മോദിഗ്ലിയാനിയെ ഓർമിപ്പിച്ചു.Kneeling Blue Caryatid ഈ സന്ദർശങ്ങങ്ങളിൽ ഉണ്ടായതാണെന്നു കരുതുന്നു." അയാൾക്ക്  ഈജിപ്തിനെപ്പറ്റി പറയുമ്പോൾ ആയിരം നാവായിരുന്നു",അന്ന എഴുതി," അയാൾ എൻറെ ശിരസ്സിൽ ഈജിപ്ഷ്യൻ രാജ്ഞിമാരുടെയും നർത്തകിമാരുടെയും പോലെ ആഭരണങ്ങൾ ചാർത്തി വരച്ചു".അപാരമായ ദൃശ്യ ഒര്മയുണ്ടായിരുന്ന മോദിഗ്ലിയാനി തൻറെ സാന്നിധ്യമില്ലാതെ വീട്ടിൽ ഓർമയിൽ നിന്ന് തന്നെ വരച്ചതായി അന്ന എഴുതിയിട്ടുണ്ട്.
Kneeling Blue Caryatid 
അന്ന എന്നേക്കുമായി പോയ ശേഷം അയാൾ മയക്കുമരുന്നിന് അടിമയായി.1919 ആയപ്പോൾ പല്ലു കൊഴിഞ്ഞു.മതഭ്രമങ്ങളിൽ പെട്ടു.ഭാര്യ ജീനിനും മകൾക്കുമൊപ്പം  അഴുക്കു പുരണ്ട വീട്ടിലായിരുന്നു അവസാനം.1920 ജനുവരി 22 ന് മരവിച്ച നിലയിൽ അയൽക്കാരൻ കണ്ടു.രണ്ടു ദിവസത്തിന് ശേഷം അനാഥരുടെ ആശുപത്രിയിൽ മസ്‌തിഷ്‌ക ജ്വരം വന്ന് മരിച്ചു.35 വയസായിരുന്നു.
അടുത്ത കൊല്ലം അന്നയ്ക്ക് ഒരു കുഞ്ഞുണ്ടായി -ലെവ്.എട്ടു കൊല്ലത്തിനു ശേഷം വിവാഹ മോചനം നേടി. ഗുമില്യോവിനെ  1921 ഓഗസ്റ്റ് 26 ന്  പ്രതി വിപ്ലവകാരി ആയതിനാൽ ലെനിൻറെ സംഘം വെടി വച്ച് കൊന്നു.ലെവ് മുതിർന്നപ്പോൾ മിക്കവാറും തടവിലായിരുന്നു.അപ്പോൾ അന്നയുടെ കാമുകൻ ആയിരുന്ന നിക്കോളായ് പ്യുണിനെ അറസ്റ്റ് ചെയ്‌തു കൊണ്ടേയിരുന്നു.അയാൾ  സ്റ്റാലിന്റെ തടവറയിൽ 1953 ൽ മരിച്ചു.ലെവ് അറിയപ്പെടുന്ന ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനും ആയി.
ഗുമില്യോവ് 
അന്നയുടെ കവിതകൾ സ്റ്റാലിൻ നിരോധിച്ചു.അവരെ നിശ്ശബ്ദയാക്കി,കവിത എഴുതിയ കടലാസ് കൂട്ടുകാർക്ക് കൊടുത്തു കവിതകൾ അവരുടെ ഓർമയിൽ നിർത്തുകയാണ് അന്ന ഇക്കാലത്ത് ചെയ്‌തിരുന്നത്‌.ഓർമയിൽ വച്ച ശേഷം കടലാസ് തിരിച്ചു കിട്ടിയാൽ തീപ്പെട്ടിക്കൊള്ളി ഉരച്ച് അത് കത്തിക്കും."എത്ര വേഗമാണ് ഇക്കൊല്ലം ശിശിരം വന്നത്" അന്ന ഉച്ചത്തിൽ പറയും.
അന്ന,രാജ്ഞിയെപ്പോലെ 

സ്റ്റാലിന്റെ സൈദ്ധാന്തികൻ ഷഡാനോവ് അന്നയെ ചീത്ത വിളിച്ചു:
  • കാതറീൻറെ ( റാസ്‌പുട്ടിനെ അന്തഃപുരത്തിലേക്ക് ക്ഷണിച്ച രാജ്ഞി ) പഴയ സുന്ദര ദിനങ്ങൾ അഭിലഷിക്കുന്ന ( അന്ന ) സെക്‌സിന് പിന്നാലെ പായുന്നു.അവർ കന്യാസ്ത്രീയാണോ വേശ്യയാണോ എന്നുറപ്പിച്ചു പറയാൻ ആവില്ല.ആഗ്രഹങ്ങളും പ്രാർത്ഥനകളും ഇടകലർന്ന് രണ്ടും ചേർന്നതായിരിക്കാം.ഇവരുടെ ഇത്തരം രചനകൾ ലെനിൻഗ്രാഡിലെ മാസികകൾ അച്ചടിച്ചത്,സാഹിത്യ ജീവിതം ചീഞ്ഞതിന് തെളിവാണ്....സാഹിത്യം രാഷ്ട്രീയമായിരിക്കണം;അതിൽ പാർട്ടി വീര്യമുണ്ടാകണം.
മരണത്തിനു മുൻപ് രണ്ടു തവണ അവർ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.1965 നവംബറിൽ ഓക്സ്ഫോഡിൽ ഡോക്റ്ററേറ്റ് വാങ്ങാൻ അനുമതി കിട്ടിയ ശേഷം 1966 മാർച്ച് അഞ്ചിന് ,ഹൃദയാഘാതത്താൽ മരിച്ചു.
അന്നയുടെ 16 ചിത്രങ്ങളാണ് മോദിഗ്ലിയാനി വരച്ചത്.മിക്കതും നഗ്‌നമാണ്.രണ്ടു യുദ്ധങ്ങൾക്കിടയിൽ പലതും നഷ്ടപ്പെട്ടു.

See https://hamletram.blogspot.com/2019/07/12.html


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...