Wednesday 9 September 2020

ലീഗ് പറഞ്ഞു,മാപ്പിള കൊള്ള യുദ്ധച്ചെലവ് !

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

2.മാപ്പിള ലഹളയിലെ കൊള്ള യുദ്ധച്ചെലവ് !

യനിയർ പത്രം 1922  ജനുവരി 20 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്:

ലക്‌നൗ,18 ജനുവരി,1922 

ബാരാബങ്കിയിലെ കിംവദന്തികളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിൻറെ ബലത്തിൽ ദീർഘമായ പ്രസ്താവന ഇറക്കി.

നവംബർ 23 ന് പ്രവിശ്യയിൽ ക്രിമിനൽ നിയമ ഭേദഗതി ചട്ടം നടപ്പാക്കി.അതിൻറെ ഉടൻ ഫലം നന്ന്.നിരവധി സന്നദ്ധ ഭടന്മാരുടെ  യൂണിഫോം അഴിപ്പിച്ചു;ആയുധങ്ങൾ പിടിച്ചെടുത്തു.ഇവരെ പിരിച്ചു വിട്ടു.

എന്നാൽ,നവംബർ ഒടുവിൽ ബാരാബങ്കിയിൽ നിസ്സഹകരണ സമരം നടത്താനിരുന്ന ഖിലാഫത്ത് പ്രസ്ഥാനക്കാർ ഈ നടപടികളെ ലംഘിക്കാൻ ഉറച്ചു.സമരത്തെപ്പറ്റി അവർ 18 ന് പ്രസ്താവന ഇറക്കിയിരുന്നു.അവർ അവരുടെ യത്നങ്ങൾ ഇരട്ടിയാക്കി;വൻ തോതിൽ പണം പിരിച്ചു.ഖിലാഫത്ത് കമ്മിറ്റികൾ വഴിയും സന്നദ്ധ സേവകർ വഴിയും അങ്കോറ ഫണ്ടിന് പണം പിരിച്ചു.സന്നദ്ധ സേവകർക്ക് ശമ്പളം പ്രതിമാസം പണമായോ പിരിച്ച പണത്തിൽ നിന്ന് വിഹിതമായോ നൽകി.ഡിസംബർ 19 മുതൽ 24 വരെ നാല് സന്നദ്ധ സേവകരെ ചട്ടത്തിലെ 7 ( ഒന്ന് ),17 ( രണ്ട് ) വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്‌തു.ഇതിന് താൽക്കാലിക ഗുണമുണ്ടായി.ജനുവരി മൂന്നോടെ,ജില്ലാ പ്രതിനിധികൾ അഹമ്മദാബാദിൽ നിന്ന് മടങ്ങിയപ്പോൾ,പരസ്യമായി രംഗത്തെത്താൻ നേതാക്കൾ തീരുമാനിച്ചു.അവശിഷ്ട നേതാക്കളുടെ നേതൃത്വത്തിൽ നഗരത്തിൽ മാർച്ച് നടത്തുമെന്ന് നാലിന് വിവരം കിട്ടി.ലക്ഷ്യത്തെപ്പറ്റി കൃത്യ വിവരം കിട്ടിയില്ല.ഏഴിന് രാവിലെ കോൺഗ്രസ് ഓഫിസിൽ നിന്ന് സന്നദ്ധ സേവകരെ ബാച്ചുകളായി ഇറക്കാൻ തുടങ്ങി.ഓഫിസിന് മുന്നിൽ ഖിലാഫത്ത് കൊടി ഉയർത്തിയിരുന്നു.സന്നദ്ധ സേവകരാകാൻ ആളുകളെ ക്ഷണിച്ച് നോട്ടീസ് പതിച്ചിരുന്നു.ചെറുകിട ഭൂവുടമകൾ പുറം ഗ്രാമങ്ങളിൽ നിന്നാണ് സന്നദ്ധ സേവകരെ എത്തിച്ചത്.മതാവേശമുള്ള മുസ്ലിംകൾ ആയിരുന്നു,ഇവർ.
മൊഹാനി 

.ഇവർ കഴുത്തിൽ ഖുർ ആൻ തൂക്കിയിരുന്നു.നേതാക്കളുടെ പ്രഘോഷങ്ങളാൽ ഇവർ മതപരമായി ഉന്മാദത്തിൽ എത്തിയിരുന്നു.ബ്രിട്ടീഷ് സർക്കാർ മതത്തെ നശിപ്പിച്ചു എന്നാണ് നേതാക്കൾ പറഞ്ഞിരുന്നത്.സർക്കാരിനെയും ഉദ്യോഗസ്ഥരെയും പ്രത്യേകിച്ച് പോലീസിനെയും അവർ അപഹസിച്ചു.കോൺഗ്രസ് ഓഫിസിന് മുന്നിലെ മുസ്ലിം തെരുവ് ഇസ്ലാം വിജയിക്കട്ടെ എന്ന മുദ്രാവാക്യം കൊണ്ട് മുഖരിതമായി.അറസ്റ്റ് ചെയ്യുമ്പോൾ അല്ലാഹു അക്ബർ എന്ന യുദ്ധ വിളി മതഭ്രാന്തോടെ അവർ മുഴക്കി.

പോലീസ് സൂപ്രണ്ട് കോൾട്ടൻ,സബ് ഡിവിഷനൽ ഓഫിസർ ബാബു അംബികാനന്ദൻ സിംഗ് എന്നിവരെ കോൺഗ്രസ് ഓഫിസിന് മുന്നിൽ സ്ഥാനമുറപ്പിക്കാനും നേതാക്കളെയും കടുത്ത ആവേശമുള്ള സന്നദ്ധ ഭടന്മാരെയും  അറസ്റ്റ് ചെയ്യാനും അയച്ചു.അവരെ നിർബാധം അഴിച്ചു വിടുന്നത് സുരക്ഷിതം അല്ലായിരുന്നു.പുതിയ സന്നദ്ധ സേവകർ നഗരത്തിലേക്ക് ഒഴുകയായിരുന്നു.അറസ്റ്റിലായവരെ അകമ്പടിയോടെ ജയിലിലേക്ക് നീക്കി.ഘോഷയാത്രയിൽ കാതടപ്പിക്കുന്ന സംഗീതവും നിസ്സഹകരണ മുദ്രാവാക്യങ്ങളും ഉണ്ടായി രുന്നു.ആവശ്യപ്പെട്ടത് പോലെ,ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലെത്താൻ ചൗധരി അത്തർ അലി വിസമ്മതിച്ചു.കോൺഗ്രസ് ഓഫീസിൻറെ പടികൾ കയറി അയാൾ ആൾക്കൂട്ടത്തോട് പ്രസംഗിച്ചു.ചില ഖുർ ആൻ വചനങ്ങൾ ഉദ്ധരിച്ച് ഈ ക്രൂര സർക്കാരിനെയും ഹീന വംശത്തെയും നശിപ്പിക്കണമെന്ന് അയാൾ ഉദ്‌ബോധിപ്പിച്ചു.

ഉന്മാദത്തിൽ എത്തിയ ആൾക്കൂട്ടം അലറി:'അമീൻ ,ഞങ്ങൾ നശിപ്പിക്കും."

അയാൾ ആക്രോശിച്ചു:"സന്നദ്ധ ഭടന്മാരായി ജയിൽ നിറയ്ക്കുക,ഇസ്ലാം ജയിക്കട്ടെ .'

ഈ യുദ്ധ പ്രഖ്യാപനം അവർ സ്വീകരിച്ചു.പ്രസംഗം വലിയ ആവേശം വിതയ്ക്കുന്നത് കണ്ട് ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് അയാളെ പിടിച്ചു കൊണ്ട് വരാൻ പോലീസിനോട് നിർദേശിച്ചു.ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് കൊണ്ട് വന്ന വണ്ടിയിൽ ജയിലേക്ക് പോകാൻ വിസമ്മതിച്ച അയാൾ നടന്നു പോകാൻ ഒരുങ്ങി.500 -1000 പേരെ നയിച്ച് വളഞ്ഞ വഴിയിലൂടെ അയാൾ ജയിലിലേക്ക് നീങ്ങി.പലയിടത്തും ഘോഷയാത്ര നിർത്തി മുദ്രാവാക്യങ്ങൾ മുഴക്കി.പോലീസിനെ ചീത്ത വിളിച്ചു.സർക്കാർ ഉദ്യോഗസ്ഥരെ പന്നികളെന്നും പട്ടികളെന്നും വിളിച്ചു.പത്ത് സന്നദ്ധ ഭടന്മാരെ അറസ്റ്റ് ചെയ്‌തു.നഗരം ബഹളത്തിൽ മുങ്ങി.സന്നദ്ധ ഭടന്മാരെ എണ്ണം കുറഞ്ഞു വന്നു.

നാലു ദിവസം സന്നദ്ധ ഭടന്മാർ പ്രശ്നങ്ങളുണ്ടാക്കി.മുസ്ലിം പ്രക്ഷോഭം ആയിരുന്നു അത്.ഒറ്റ ഹിന്ദു ഭടൻ പോലും ഉണ്ടായിരുന്നില്ല.മുസ്ലിം ഭടന്മാരും അവർക്ക് ആർപ്പു വിളിച്ച ആൾക്കൂട്ടവും മതാവേശവും ബ്രിട്ടീഷ് വിദ്വേഷവും നിറഞ്ഞവരായിരുന്നു.പോലീസിനെ അതിക്രമങ്ങളിലേക്ക് തള്ളിവിടുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യം.സർക്കാർ ഉദ്യോഗസ്ഥരെ ശിക്ഷാ ഭീതിയില്ലാതെ ചീത്ത വിളിക്കാം എന്ന് അവർക്ക് തെളിയിക്കേണ്ടിയിരുന്നു.ജയിലിലേക്ക് പോകാൻ മടിയില്ലായിരുന്നു.
ശിക്ഷിക്കപ്പെട്ട നവാബ് അലി എന്ന മുൻ വക്കീൽ രണ്ട് മജിസ്‌ട്രേറ്റുമാർക്കും പ്ലീഡർമാർക്കും ഇടയിൽ നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു:

"തടവ് കൊണ്ട് ജയിലിലെ ഭീകരത ശീലമാകും.വെടിവയ്‌പ് കൊണ്ട് വെടിയുണ്ടയ്ക്ക് മുന്നിൽ വിരിമാറു കാട്ടാനും പഠിക്കും.വെടിയേൽക്കാൻ തയ്യാറുള്ളവരെയാണ് ഇനി ഭടന്മാരാക്കേണ്ടത്."

പ്രതികളെ ശിക്ഷിച്ചു.

ഇതാണ് ബാരാബങ്കിയിൽ നടന്നത്.ഖിലാഫത്ത് പ്രസ്ഥാനം സമാധാനത്തിൽ നിന്ന് അക്രമത്തിലേക്ക് കടന്നതിന്,കലാപ  മാർഗങ്ങൾ മാത്രമല്ല,പരസ്യ പ്രഖ്യാപനങ്ങളും തെളിവാണ്.കറാച്ചി സമ്മേളന പ്രമേയം 1921 ഡിസംബറിൽ അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്ര്യവും ഇന്ത്യൻ റിപ്പബ്ലിക്കും പ്രഖ്യാപിക്കാനുള്ള മുസ്ലിം ലക്ഷ്യ പ്രഖ്യാപനം ആയിരുന്നു.കറാച്ചിക്ക് മുൻപ് അഹമ്മദാബാദിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിൻറെ വിഷയ സമിതിയിൽ പൂർണ സ്വാതന്ത്ര്യ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും അധ്യക്ഷൻ പ്രമേയം സമ്മേളനത്തിൽ പാസാക്കുന്നത് വിലക്കുകയായിരുന്നു.സമ്മേളനം പിരിഞ്ഞ ശേഷം ആ പ്രമേയം,സമ്മേളനത്തിലെ മുസ്ലിം ലീഗ് അംഗങ്ങൾ ചേർന്ന് പാസാക്കി.അപ്പോൾ ലീഗ് പ്രസിഡൻറ് നടത്തിയ പ്രസംഗം ലക്ഷ്യം വ്യക്തമാക്കുന്നു.1922 ജനുവരി ഒന്നിന് ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വരുമെന്നാണ് ഉച്ചയ്ക്ക് ലീഗ് പ്രസിഡൻറ് മൗലാനാ ഹസ്രത് മൊഹാനി നടത്തിയ പ്രസംഗത്തിൻറെ സാരം.യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എന്നായിരിക്കും റിപ്പബ്ലിക്കിൻറെ പേര്.പട്ടാള നിയമം വന്നാൽ ഗറില്ലാ യുദ്ധം നടത്തുമെന്ന് മൊഹാനി പറയുന്നു.

ഹസ്രത്ത് മൊഹാനിയുടെ പ്രസംഗം:നമുക്ക് വേണ്ടത് ഇന്ത്യൻ റിപ്പബ്ലിക്

അഹമ്മദാബാദ്,ഡിസംബർ 30 

മാന്യരേ,

എന്നെക്കാൾ പ്രസിഡൻറ് ആകാൻ യോഗ്യർ മൗലാനാ മുഹമ്മദ് അലിയോ ഡോ കിച്ലുവോ മൗലാനാ അബുൽ കലാം ആസാദോ ആയിരുന്നു,ആദ്യ രണ്ടു പേരെയും പോലീസ് കൊണ്ട് പോയി.

ലീഗിൻറെ ഇന്നത്തെ അവസ്ഥ ദുർബലമാണ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ആവശ്യം വേണ്ടത്,ഹിന്ദു -മുസ്ലിം ഐക്യമാണ്.അത് സാധിച്ച നിലയ്ക്ക് അത് മുന്നോട്ട് കൊണ്ട് പോകേണ്ടത് ലീഗിൻറെ കടമയാണ്.ലീഗിൻറെ വേദിയിലാണ് എല്ലാ മുസ്ലിംകളും,തീവ്രവാദികളും മിതവാദികളും അഭിപ്രായം പറയുന്നത്.ഭാവിയിലും മുസ്ലിംകളെ ഒന്നിച്ചു നിർത്തുന്നത് ലീഗായിരിക്കും.ലീഗിൻറെ ദൗർബല്യ കാരണങ്ങൾ വിവരിക്കും മുൻപ്,അതിൻറെ ലക്ഷ്യങ്ങൾ പറയാം.ഒന്ന്:നിയമപരമായി ഇന്ത്യയുടെ സ്വരാജ് നേടുക.രണ്ട്:ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ,മത അവകാശങ്ങൾ സംരക്ഷിക്കുക.മൂന്ന്:ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റ് മതസ്ഥരുടെയും മൈത്രി സൂക്ഷിക്കുക.നാല്:ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുസ്ലിംകളുടെ സാഹോദര്യം വളർത്തുക.

ആദ്യത്തേത് കോൺഗ്രസിന്റെയും ലക്ഷ്യമാണ്.മുസ്ലിം അഭിലാഷത്തിനനുസരിച്ച് സ്വരാജ് എന്ന വാക്ക് നിർവചിക്കാത്തിടത്തോളം,അത് കൈവരിക്കാനുള്ള മാർഗങ്ങൾ വ്യക്തമല്ല.ലീഗിൻറെ മുസ്ലിം താൽപര്യങ്ങൾ സ്വാഭാവികമാണ്.ഹിന്ദു -മുസ്ലിം ഐക്യം എന്ന മൂന്നാം ലക്ഷ്യം,ലീഗിൻറെയും കോൺഗ്രസിന്റെയും പൊതു ലക്ഷ്യമാണ്.മുസ്ലിം ലോക ഐക്യം എന്ന നാലാം ലക്ഷ്യം ഖിലാഫത്തുമായി ബന്ധപ്പെട്ട് ഖിലാഫത്ത് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.

ശേഷിക്കുന്നത് മുസ്ലിം താൽപര്യ സംരക്ഷണമാണ്.അതിൻറെ ഭാഗമായി സ്വരാജ് ഇനിയും നേടേണ്ടതുണ്ട്.ജനങ്ങൾ അവരുടെ സവിശേഷ താൽപര്യങ്ങൾ ഇപ്പോൾ സംരക്ഷിക്കുന്ന പൊതു ശത്രുവിനെതിരെ ഒന്നിച്ചു നീങ്ങണം.സമയമാകുമ്പോൾ അത് നടക്കും.ജനാഭിപ്രായം അതിവേഗം ശക്തിപ്പെടുമ്പോഴും ഭൂരിപക്ഷം ലീഗ് അംഗങ്ങളും അവരുടെ ആദ്യ നിലപാടിൽ നിന്ന് മാറുന്നില്ല എന്നത് നിർഭാഗ്യമാണ്.അതിനാൽ ലീഗ് ഇന്നൊരു പഴയ കലണ്ടറാണ്.അതിൻറെ ദൗർബല്യ കാരണങ്ങൾ ഉടൻ നീക്കണം.സ്വരാജിലേക്ക് അടുക്കുന്തോറും അതിൻറെ ലീഗിൻറെ ആവശ്യം  കൂടി വരും.ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ മുസ്ലിം അവകാശ പ്രശ്നങ്ങൾ കൂടുതലായി ഉയരും.

ലീഗിൻറെ അംഗത്വ ഫീസ് കുറച്ച് കൂടുതൽ പേരെ ചേർക്കണം.കോൺഗ്രസിനെപ്പോലെ ഓരോ വർഷവും നേതാക്കളെ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കണം.മുസ്ലിം സാഹചര്യങ്ങൾ മാറിയതിനാൽ ആദ്യ ലക്ഷ്യത്തിലെ മാറ്റമാണ് ഉടൻ വേണ്ടത്.കോൺഗ്രസ് തത്വങ്ങളിൽ സ്വരാജ് എന്ന വാക്ക് ക്ലിഷ്ടവും അവ്യക്തവുമാണ്.ഖിലാഫത്ത്,പഞ്ചാബ് തെറ്റുകൾ ആവശ്യത്തിനനുസരിച്ച് ബ്രിട്ടൻ പരിഹരിച്ചാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്തെ സ്വരാജ് മതിയെന്നാണ് പറയുന്നത്.അതല്ലെങ്കിൽ സമ്പൂർണ സ്വാതന്ത്ര്യം ലക്ഷ്യം ആകണം.പൂർണ സ്വാതന്ത്ര്യം മാത്രം മുസ്ലിമിന് പോരാ.അതിൻറെ രൂപം കൂടി വ്യക്തമാകണം.അത് ഇന്ത്യൻ റിപ്പബ്ലിക് അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ ആകണം എന്നാണ് എൻറെ അഭിപ്രായം.

കോൺഗ്രസ് നയത്തിലെ  സ്വരാജ് 'സമാധാനപരമായി " നേടണം എന്ന വ്യവസ്ഥ അത് നേടാനുള്ള മാർഗങ്ങളെ പരിമിതപ്പെടുത്തുന്നു.അത് മുസ്ലിംകളുടെ മത താൽപര്യങ്ങൾക്ക് നിരക്കുന്നതല്ല.അതിനാൽ ലീഗിൻറെ നയം,"സാധ്യമായ ","ആവശ്യമായ " എന്നീ വാക്കുകൾ,"നിയമപരമായ","സമാധാനപരമായ " എന്നീ പ്രയോഗങ്ങൾക്ക് പകരം വയ്ക്കണം എന്നതാണ്.ഇത് ഞാൻ വിശദീകരിക്കാം.

ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമാകുമ്പോൾ മുസ്ലിംകൾക്ക് ഇരട്ടി പ്രയോജനം കിട്ടും.ഇന്ത്യയിലെ പൊതു പൗരന്മാർക്കൊപ്പം കിട്ടുന്ന പൊതു ഗുണങ്ങളാണ് ഒന്ന്.മുസ്ലിമിന് കിട്ടുന്ന സവിശേഷ ഗുണമാണ് രണ്ടാമത്തേത്.ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ അധികാരവും പ്രൗഢിയും കുറയുന്തോറും,മുസ്ലിം ലോകത്തിന് അതിൻറെ നില മെച്ചമാക്കാൻ അവസരം കിട്ടും.കാരണം,ബ്രിട്ടനാണ് അതിൻറെ വലിയ ശത്രു.ഇപ്പോഴത്തെ ഹിന്ദു -മുസ്ലിം മൈത്രിക്കിടയിലും ഈ വലിയ സമൂഹങ്ങൾക്കിടയിൽ തെറ്റിധാരണയും സംശയങ്ങളും നിലനിൽക്കുന്നു.ഈ തെറ്റിദ്ധാരണയുടെ വേരിലേക്ക് പോകണം.ഒരവസരം കിട്ടിയാൽ മുസ്ലിംകൾ പുറത്തു നിന്ന് മുസ്ലിംകളെ അധിനിവേശത്തിന് ക്ഷണിക്കുമെന്ന് ഹിന്ദുക്കൾ സംശയിക്കുന്നു.ഹിന്ദുസ്ഥാനെ ആക്രമിച്ച് കൊള്ളയടിക്കാൻ എത്തിയാൽ സഹായിക്കുമെന്ന് കരുതുന്നു.ഈ തെറ്റിദ്ധാരണ രൂഢമൂലമാണ്.ലോകമാന്യ തിലകൻ അല്ലാതെ വേറൊരാളും ഇതിൽ നിന്ന് രക്ഷപെട്ടിട്ടില്ല.

സ്വയംഭരണം നേടിയാൽ,ഹിന്ദുക്കൾക്ക് കൂടുതൽ രാഷ്‌ടീയധികാരം കിട്ടുമെന്ന് മുസ്ലിംകൾ ശങ്കിക്കുന്നു.മുസ്ലിംകളെ സംഖ്യാ ബലം കൊണ്ട് കീഴടക്കാം.പരസ്പരം ചർച്ച ചെയ്‌തും അറിഞ്ഞും മാത്രമേ തെറ്റിദ്ധാരണകൾ നീക്കാൻ കഴിയൂ.മൂന്നാം കക്ഷി ഇടയ്ക്കുണ്ടാകരുത്.

മുസ്ലിം ജനസാമാന്യം, ഹിന്ദു സംഖ്യാ ബലത്തെ ഭയക്കുന്നു.അതിനാൽ,പൂർണ സ്വാതന്ത്ര്യത്തിന് പകരമുള്ള ഭരണ പരിഷ്കാരത്തിന് അവർ എതിരാണ്.വെറും ഭരണ പരിഷ്കാരത്തിൽ അവരെ സംശയിക്കാൻ രണ്ട് മേൽക്കോയ്മകൾ ഉണ്ടാകും.പൊതു ഇന്ത്യൻ സർക്കാരിന് കീഴിൽ ഹിന്ദുക്കളും മുസ്ലിംകളും.രണ്ടാമതായി സകല സർക്കാർ വകുപ്പുകളിലും മുസ്ലിം ഹിന്ദു നിരാസം അനുഭവിക്കും.ബ്രിട്ടീഷ് അധികാരത്തെ നീക്കിയാൽ ഹിന്ദുക്കളെ മാത്രം പേടിച്ചാൽ മതി.ഇന്ത്യൻ റിപ്പബ്ലിക് വന്നാൽ ഈ പേടി താനെ മാറിക്കോളും.ഇന്ത്യയിൽ മൊത്തത്തിൽ മുസ്ലിംകൾ ന്യൂനപക്ഷം ആയിരിക്കുമെങ്കിലും എല്ലാ പ്രവിശ്യകളിലും അങ്ങനെയല്ല.കശ്മീർ,പഞ്ചാബ്,സിന്ധ്,ബംഗാൾ -,അസം എന്നിവിടങ്ങളിൽ മുസ്ലിംകൾ ഭൂരിപക്ഷമാണ്.ഇത് കാരണം,ഹിന്ദു ഭൂരിപക്ഷമുള്ള മദ്രാസ്,ഡോ,ബോംബെ,യു പി പ്രവിശ്യകൾ മുസ്ലിം താൽപര്യങ്ങളെ ഹനിക്കില്ല.ഹിന്ദുക്കളുടെ അല്ലെങ്കിൽ മുസ്ലിംകളുടെ കൈയിൽ മാത്രം സ്വതന്ത്ര ഇന്ത്യ വരാത്തിടത്തോളം,ഹിന്ദുക്കൾ സദാ വിദേശ അധിനിവേശത്തെ പേടിക്കും.അതിനെ മുസ്ലിംകൾ സഹായിക്കുമെന്നും പേടിക്കും.മുസ്ലിമും ഹിന്ദുവും ഒരുപോലെ പങ്കിടുന്ന റിപ്പബ്ലിക്കിൽ ആശങ്കകൾക്ക് സ്ഥാനമില്ല.ഒരു മുസ്ലിം വിദേശി അധിനിവേശം നടത്തണമെന്ന് മുസ്ലിം ആഗ്രഹിക്കില്ല.

മാപ്പിള ലഹള 

ഹിന്ദു -മുസ്ലിം ഐക്യത്തിന് മുന്നുപാധിയായി,ഒരു മൂന്നാം കക്ഷി,ബ്രിട്ടൻ ഇടയ്ക്കുണ്ടാകരുത് എന്ന് ഞാൻ പറയുകയുണ്ടായി.അതുണ്ടെങ്കിൽ എല്ലാം തകരും.അതിന് ഉദാഹരണമാണ് മാപ്പിള സംഭവം.

ഇന്ത്യൻ ഹിന്ദുക്കൾക്ക് പൊതുവെ മാപ്പിളമാരെപ്പറ്റി പരാതിയുണ്ടെന്ന് നിങ്ങൾക്കറിയാം.നിരപരാധികളായ ഹിന്ദു അയൽക്കാരെ മാപ്പിളമാർ കൊള്ളയടിച്ചതായി നമുക്കെതിരെ പരോക്ഷമായും പരാതിയുണ്ട്.എന്നാൽ മാപ്പിളമാർക്ക് ന്യായമുണ്ട്.അത്തരമൊരു നിർണായക സന്ദർഭത്തിൽ,ബ്രിട്ടീഷുകാരുമായി ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ,അയൽക്കാർ നിഷ്‌പക്ഷരായി തങ്ങളെ സഹായിക്കുന്നില്ല.എല്ലാ വിധേനയും ബ്രിട്ടനെ സഹായിക്കുന്നു.തങ്ങളുടെ മതം സംരക്ഷിക്കാൻ വീട് വിട്ട് കാട്ടിൽ ഒളിച്ച് ബ്രിട്ടനെതിരെ പോരാടുമ്പോൾ,സൈന്യത്തിനായി ബ്രിട്ടീഷുകാരിൽ നിന്നോ അവരെ സഹായിക്കുന്നവരിൽ നിന്നോ പണവും ആവശ്യസാധനങ്ങളും കൈക്കലാക്കിയത് കൊള്ളയെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല എന്ന് മാപ്പിളമാർക്ക് ന്യായം പറയാം.രണ്ടു പരാതികളിലും കഴമ്പുണ്ട്.

ഞാൻ അന്വേഷിച്ചിടത്തോളം,ഇരു കക്ഷികളുടെയും പരാതിക്ക് കാരണം,മൂന്നാം കക്ഷിയുടെ ഇടപെടലാണ്.പെട്ടെന്ന് ഒരിടത്ത് ബ്രിട്ടീഷ് പട്ടാളം വന്ന് മാപ്പിളമാരെ കൊല്ലുമ്പോൾ,ഹിന്ദുക്കൾ അവരുടെ സുരക്ഷിതത്വത്തിന് ബ്രിട്ടീഷ് പട്ടാളത്തെ വിളിച്ചു വരുത്തിയതാണെന്ന് കിംവദന്തി പടരുന്നു.ബ്രിട്ടീഷ് സേന മടങ്ങുമ്പോൾ ഹിന്ദു അയൽക്കാരോട് പക വീട്ടാൻ മാപ്പിളമാർ മടിക്കുന്നില്ല.അവരിൽ നിന്ന് എടുക്കുന്ന പണവും മറ്റ് വസ്‌തുക്കളും യുദ്ധ ചെലവാണ്.ഒറ്റിയവരിൽ നിന്ന് ഇത് ഈടാക്കുന്നത് നിയമപരമാണ്.ഇതുണ്ടായിട്ടില്ലാത്ത ഇടങ്ങളിൽ ,ഇപ്പോഴും ഹിന്ദുക്കളും മാപ്പിളമാരും സ്നേഹിച്ചു കഴിയുന്നു.മാപ്പിളമാരെ കഴിയുന്നത്ര ഹിന്ദുക്കൾ സഹായിക്കുന്നു.

ദേശീയ പാർലമെൻറ് 

ലീഗിൻറെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ ആദ്യ വ്യവസ്ഥയിൽ,സ്വരാജ് എന്ന വാക്ക് സമ്പൂർണ റിപ്പബ്ലിക് എന്ന് നിർവചിക്കണം.അതല്ലെങ്കിൽ,മൂന്നാം കക്ഷിയുടെ സാന്നിധ്യത്തിൽ,ബ്രിട്ടിഷ് സർക്കാരിനുള്ളിലെ സ്വയംഭരണം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.സ്വരാജ് നേടാനുള്ള മാർഗങ്ങൾ വ്യക്താക്കുന്നതാകണം രണ്ടാം ഭേദഗതി."സമാധാനപരമായ ",നിയമപരമായ "എന്നീ വാക്കുകൾക്ക് പകരം,"സാധ്യമായ","ആവശ്യമായ" എന്നീ പ്രയോഗങ്ങൾ അനുവദിക്കണം.നിസ്സഹരണം മാത്രമല്ല ഏക മോക്ഷമാർഗമെന്നും മറ്റു വഴികളുണ്ടെന്നും സത്യസന്ധമായി വിശ്വസിക്കുന്നവർക്ക് വേണം ലീഗിൽ പ്രവേശനം നൽകാൻ.അവസാനം വരെ നിസ്സഹകരണം സമാധാനപരമായിരിക്കില്ല എന്ന് വിശ്വസിക്കുന്നവരുടെ പരാതിക്ക് ഇതോടെ പരിഹാരമാകും.ഇവർ കോൺഗ്രസിൻറെ തത്വങ്ങളിലും ലീഗിൻറെ ഉദ്ദേശ്യ തത്വങ്ങളുടെ ആദ്യ വ്യവസ്ഥയിലും വിശ്വസിക്കുമ്പോൾ തന്നെ,ആത്യന്തികമായി ലക്ഷ്യം അഹിംസാത്മകമായിരിക്കില്ല എന്ന് കരുതുന്നു.

ഒരു സർക്കാരിനെ മാറ്റി മറിച്ച് മറ്റൊന്ന് സ്ഥാപിക്കാൻ രണ്ടു വഴികളേയുള്ളു.ഒന്ന്,വാൾ കൊണ്ട് നശിപ്പിക്കുക,മറ്റൊന്ന് കൊണ്ട് വരിക.ഇതാണ് ലോകത്ത് ഇതുവരെ നടന്നത്.രണ്ട്,ഈ സർക്കാരുമായുള്ള സകല ബന്ധവും വിച്ഛേദിച്ച് സമാന്തരമായി മെച്ചപ്പെട്ട,സംഘടിതമായ മറ്റൊന്ന് കൊണ്ട് വരിക.പഴയക്രമം മാറും വരെ അതിനെ വളർത്തുക.ഈ ലക്ഷ്യ സാധ്യത്തിന് നമ്മുടേതായ കോടതികളും സ്‌കൂളുകളും കലയും വ്യവസായങ്ങളും പട്ടാളവും പോലീസും ദേശീയ പാർലമെന്റും വേണം.അഹിംസാത്മക നിസ്സഹകരണത്തിന് സർക്കാരിനെ മരവിപ്പിക്കാനേ കഴിയൂ.നിലനിർത്താൻ കഴിയില്ല.അത്തരമൊരു സമാന്തര സർക്കാരിനെ അഹിംസാത്മക നിസ്സഹരണം കൊണ്ട് സ്ഥാപിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം.ശത്രുസർക്കാർ ഒരു കാരണവശാലും അത് അനുവദിക്കില്ല.സർക്കാർ ഇടപെടലോടെ,നാം അതിനായി പണിയെടുക്കാതെ സാവധാനം ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കാം.സമാധാനപരമായി മുന്നോട്ട് പോകാൻ കഴിയാത്ത ഒരു ഘട്ടം വരിക തന്നെ ചെയ്യും.സമാന്തര സർക്കാർ വേണ്ടി വരും.അഹിംസ വേണ്ടെന്ന് വയ്‌ക്കേണ്ടി വരും.

സർക്കാർ നയം 

സർക്കാരിൻറെ അടിച്ചമർത്തൽ നിങ്ങൾക്ക് മുന്നിലുണ്ട്.മത അനുശാസനങ്ങളുടെ പരസ്യ വിളംബരം ആദ്യം കറാച്ചി വിചാരണകൾ വഴി വിലക്കി.ജനം ഇത് വകവയ്ക്കാതെ നാടൊട്ടുക്കും പ്രഘോഷണം നടത്തിയപ്പോൾ പട്ടാള സേവനം നിയമവിരുദ്ധമായി.കറാച്ചി പ്രമേയത്തിന്റെ ആവർത്തനം സേനയിൽ അസ്വസ്ഥതയുണ്ടാക്കുമെന്നു ഭയന്ന് സർക്കാർ ഇത് കണ്ടില്ലെന്ന് നടിച്ചു.മുസ്ലിംകൾ പട്ടാളത്തിൽ  ചേരുന്നത് വിലക്കി ജനശ്രദ്ധ തിരിച്ചു.ഇത് നിസ്സഹകാരികൾക്ക് എതിരെ തിരിയാൻ സർക്കാരിന് അവസരം നൽകി.കത്തിച്ച മെഴുകു തിരിക്ക് ചുറ്റും ഈയാംപാറ്റകൾ വന്ന് എരിഞ്ഞൊടുങ്ങും പോലെ,നിസ്സഹകാരികൾ വൈസ്രോയ് റീഡിങ് പ്രഭുവിൻറെ ഈ പ്രഖ്യാപനം തള്ളി ആയിരങ്ങളായി ഒഴുകി ലക്ഷ്യത്തിൽ എത്തി.ഈ ആത്മത്യാഗം മഹാത്മാ ഗാന്ധിക്ക് ഹര്ഷോന്മാദം നൽകിയിരിക്കാം.എന്നാൽ],നാം മറ്റൊന്ന് കാണുന്നു- സർക്കാരിൻറെ അടിച്ചമർത്തലിന്റെയും ജന ക്ഷമയുടെയും അവസാന ഘട്ടം.ജനം കുറെ നാളത്തെ കഷ്ടപ്പാടും ജയിൽ വാസവും സഹിക്കും.എന്നാൽ,പട്ടാള നിയമം പ്രഖ്യാപിച്ചാൽ അഹിംസാത്മക നിസ്സഹരണം ഉപയോഗ ശൂന്യവും അപ്രസക്തവും ആയിത്തീരും.ഉപയോഗമില്ലാതെ ഒരു മുസ്ലിമും ആത്മത്യാഗം ചെയ്യില്ല.തോക്കിന് മുന്നിൽ നിൽക്കുമ്പോൾ ഒരു മനുഷ്യന് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാം.ഓടി രക്ഷപ്പെടാം അല്ലെങ്കിൽ ആത്മരക്ഷയ്ക്ക് ശത്രുവിനെ നരകത്തിലേക്ക് വിടാം.സന്തോഷത്തോടെ ശത്രുവിന് കീഴടങ്ങി അത് വിജയമെന്ന മൂന്നാം ബദൽ ഗാന്ധിക്കും അനുയായികളായ ഏതാനും ചിന്തകർക്കും മാത്രമുള്ളതാണ്.

ഗാന്ധി അലിമാർക്കൊപ്പം,അലിഗഢ്,ഒക്ടോബർ 12,1920 

പട്ടാള നിയമത്തിന് മറുപടി ഗറില്ലാ യുദ്ധമാണ്.ഖുർ ആൻ പറഞ്ഞ പോലെ,"അവരെ കാണുന്നിടത്ത് കൊല്ലുക."മുസ്ലിംകളുടെ പ്രതിനിധികൾക്കാണ് ഉത്തരവാദിത്തം.നിസ്സഹകരണത്തിൽ നിന്ന് മാറുക അല്ലെങ്കിൽ അതിനെ അഹിംസ എന്ന പരിമിതിയിൽ നിന്ന് മോചിപ്പിക്കുക എന്നത് കടമയായി ഓരോ ലീഗുകാരനും എടുക്കണം.നിസ്സഹരണത്തെ സമാധാനപരമാക്കൽ നമ്മുടെ കടമയല്ല.ചങ്ങലകൾ സർക്കാർ ഉപയോഗിക്കുവോളം നിസ്സഹകരണം സമാധാനപരമായിരിക്കും.തൂക്കുമരമോ യന്ത്രത്തോക്കോ വന്നാൽ,പ്രസ്ഥാനം അഹിംസാത്മകമായിരിക്കില്ല.

മുസ്ലിം കടമ 

സ്വാതന്ത്ര്യ സമ്പാദനത്തിന് അഹിംസയും നിസ്സഹകരണവും കൊണ്ട് ഹിന്ദുക്കൾ തൃപ്തിപ്പെടുമ്പോൾ ഒരു പടി കൂടി കടക്കണമെന്ന് മുസ്ലിംകൾക്ക് എന്ത് നിർബന്ധം എന്ന് ചിലർ സംശയിക്കുന്നു.ഹിന്ദുവിനെപ്പോലെ തന്നെ ഹിന്ദുസ്ഥാനെ മോചിപ്പിക്കേണ്ടത് മുസ്ലിമിന്റെയും രാഷ്ട്രീയ കടമയാണ് എന്നാണ് ഉത്തരം.ഖിലാഫത്തോടെ അത് മുസ്ലിമിൻറെ മതപരമായ കടമയായി.

ഖാസി മുസ്തഫ കെമാൽ പാഷയുടെ പുകഴും സമീപ കാലത്തെ ഫ്രാങ്കോ -തുർക്കി സന്ധിയും ചിലരുടെ മനസ്സിൽ , സ്മിർണയിൽ നിന്നുള്ള ഗ്രീസിൻറെ ഒഴിഞ്ഞു പോക്കും ത്രേസ് തുർക്കിയോട് ചേരലും ഉടനുണ്ടാകുമെന്ന ധാരണ സൃഷ്ടിച്ചേക്കാം.പൂർവ ദേശത്തെ യുദ്ധം തീരുമെന്ന് പ്രതീക്ഷിച്ചേക്കാം.അവരെ ഞാൻ ഓർമിപ്പിക്കട്ടെ -ഇന്ത്യയിലെ മുസ്ലിമിന്റെ അവകാശങ്ങൾ രാഷ്ട്രീയത്തെക്കാൾ മതത്തിൽ അധിഷ്ഠിതമാണ്.ജസീറത്ത് ഉൽ അറബ് ( പലസ്തീനും മെസൊപൊട്ടേമിയയും  ഉൾപ്പെടെ )  അമുസ്ലിംകളിൽ നിന്ന് മോചിപ്പിക്കാത്തിടത്തോളം,ഖിലാഫത്തിൻറെ മുഴുവൻ രാഷ്ട്രീയ,സൈനിക അധികാരങ്ങൾ പുനഃസ്ഥാപിക്കാത്തിടത്തോളം,ഇന്ത്യയിലെ മുസ്ലിംകൾക്ക് പ്രക്ഷോഭം നിർത്താൻ കഴിയില്ല.

ഖിലാഫത്ത് ആവശ്യങ്ങൾ 

ഖിലാഫത്ത് സംബന്ധിച്ച മുസ്ലിം ആവശ്യങ്ങൾ ഇവയാണ്:

1.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജിൻറെ വാഗ്‌ദാനം അനുസരിച്ച് ത്രേസ്,ഷെയർന എന്നിവ സ്മിർണ നഗരം ഉൾപ്പെടെ പൂർണമായും തുർക്കി നിയന്ത്രണത്തിൽ വരണം.ഖിലാഫത്ത് മുസ്ലിമിൻറെ രാഷ്ട്രീയ നിലയ്ക്ക് ഒരു കോട്ടവും ഉണ്ടാകരുത്.
2.കോൺസ്റ്റാന്റിനോപ്പിൾ,മർമോറയുടെ തീരം,ദർദാനെൽസ് എന്നിവിടങ്ങളിൽ നിന്ന് അമുസ്ലിം നിയന്ത്രണം പുറത്തു പോകണം.കോൺസ്റ്റാന്റിനോപ്പിളിലെ ഖിലാഫത്തിൽ അമുസ്ലിം നിയന്ത്രണം പാടില്ല.
3.ഖലീഫയ്ക്ക് മേലുള്ള എല്ലാ പട്ടാള,നാവിക നിയന്ത്രണവും നീക്കണം.അതല്ലെങ്കിൽ അദ്ദേഹത്തിന് സ്വന്തം ഉത്തരവുകൾ നടപ്പാക്കാനാവില്ല.
4.ജസീറത്തുൽ അറബ്- ഹെജസ്,പലസ്തീൻ,മെസൊപൊട്ടേമിയ, ഉൾപ്പെടെ അമുസ്ലിം നിയന്ത്രണത്തിൽ നിന്ന് നീക്കണം.ബ്രിട്ടീഷ് നിയന്ത്രണം പാടില്ല,ഇത് പ്രവാചകൻ മരണക്കിടക്കയിൽ നൽകിയ ആജ്ഞയാണ്.

മെസൊപൊട്ടേമിയ,പലസ്തീൻ,ഹെജസ് എന്നിവ നാലാം ആവശ്യത്തിലുണ്ട് എന്നത് ശ്രദ്ധിക്കണം.

അറബികൾ മെക്ക ഷെരീഫിനെയോ തുർക്കി സുൽത്താനെയോ ഖലീഫയായി സ്വീകരിക്കുക എന്ന ചോദ്യവും ഹെജസ്,മെസൊപൊട്ടേമിയ,പലസ്തീൻ എന്നിവിടങ്ങളിലെ അറബ് സർക്കാരുകൾ സ്വതന്തരായിരിക്കുമോ ഖലീഫയുടെ മേൽക്കോയ്മ സ്വീകരിക്കുമോ എന്ന ചോദ്യവും,മുസ്ലിംകൾ തീരുമാനിച്ചോളും.ഞങ്ങൾക്ക് അമുസ്ലിം ഉപദേശമോ സഹായമോ വേണ്ട.

കോൺഗ്രസ് -ലീഗ് സഖ്യം 

കോൺഗ്രസും ലീഗും തമ്മിൽ ഉടൻ സഖ്യമുണ്ടാക്കുകയാണ് ഹിന്ദുസ്ഥാന് വേണ്ടത്.സ്വരാജുമായി ബന്ധപ്പെട്ട് സർക്കാരുമായി കോൺഗ്രസ്ഒ,ഖിലാഫത്ത് സംബന്ധിച്ച മുസ്ലിം ആവശ്യങ്ങൾ അംഗീകരിക്കും വരെ,രു സന്ധിയും ഉണ്ടാക്കരുത്.ഇവ അംഗീകരിച്ചു കഴിഞ്ഞാലും ഇന്ത്യൻ മുസ്ലിംകൾ സ്വാതന്ത്ര്യം നേടാനും സംരക്ഷിക്കാനും അവസാനം വരെ ഹിന്ദുക്കൾക്കൊപ്പം നിൽക്കും.

ഈ സഖ്യം ആവശ്യമാണ്.കാരണം,ഹിന്ദു -മുസ്ലിം സഖ്യ ശത്രുക്കൾ,ചതിയന്മാരായ ചില നാട്ടുകാർ വിദേശ ശക്തികൾക്കൊപ്പം കൂടി ഈ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നു.ഇരു സമുദായങ്ങൾക്കുമിടയിൽ അവിശ്വാസവും തെറ്റിധാരണയും പടർത്താൻ ശ്രമിക്കുന്നു. ഒരു വശത്ത് ഖിലാഫത്ത് സംബന്ധിച്ച് വ്യാജ പ്രതീക്ഷകൾ നൽകുന്നു.മറുവശത്ത് ഹിന്ദുക്കൾക്ക് രാഷ്ട്രീയ ഇളവുകൾ വാഗ്‌ദാനം ചെയ്യുന്നു.മുസ്ലിംകൾ ഖിലാഫത്ത് അവകാശങ്ങൾ ഉന്നയിക്കുകയും സ്വരാജ് നിരാകരിക്കുകയും വേണമെന്ന് ഇവർ ആഗ്രഹിക്കുന്നു.ഖിലാഫത്ത് അപ്രസക്തമായി കണ്ട് സ്വരാജ് ഉന്നയിക്കാൻ ഹിന്ദുക്കളോട് പറയുന്നു.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഒന്നേയുള്ളൂ.ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു നിന്ന് മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കണം.ഭാവിയിൽ ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ വഞ്ചിക്കാനോ ഇന്ത്യ വഞ്ചിക്കപ്പെടാനോ അവസരം നൽകരുത്.സ്വാതന്ത്ര്യ പ്രഖ്യാപന ശേഷം, കോൺഗ്രസിനും ലീഗിനും ലക്ഷ്യം ഒന്ന് മാത്രം:സ്വരാജിൻറെ സംരക്ഷണം.1922 ജനുവരി ഒന്നാണ് പറ്റിയ ദിവസം.സ്വരാജ് ഒരു വർഷത്തിനകം കൈവരിക്കുമെന്ന വാഗ്‌ദാനം അന്ന് പൂർത്തീകരിക്കാം.പടച്ചോൻറെയും മനുഷ്യൻറെയും മുന്നിൽ ഇന്ത്യൻ ജനത വിജയിക്കും.

_______________________________


ഹസ്രത്ത് മൊഹാനി ( 1875 -1951 ):ഉറുദു കവി.ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം 1921 ൽ സൃഷ്ടിച്ചു.1921 അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി സ്വാമി കുമാരാനന്ദിനൊപ്പം സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.അലിഗഢിൽ അലി സഹോദരന്മാർ സഹപ്രവർത്തകർ.ഗുലാം അലി പാടിയ ഗസൽ,ചുപ്‌കേ ചുപ്‌കേ രാത് ദിൻ എഴുതിയത് മൊഹാനി.1925 ൽ കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ ഒരാൾ.









 




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...