Wednesday, 2 October 2019

വേദിയിൽ കാമുവും സി ജെ യും

പ്രളയകാലത്തെ മൺവണ്ടി 12

മരണം ഒരു ഫലിതമാണ്,പ്രത്യേകിച്ചും അവനവൻറെ മരണം.
-സി ജെ തോമസ്

പ്രപഞ്ചത്തിൽ നമുക്ക് പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ചിലരുടെ ജീവിതങ്ങളുമായി പോലും നമ്മുടെ ജീവിതങ്ങൾ കർമ്മ പാശത്താൽ ബന്ധിതമാണ്; അങ്ങനെ ഒന്നാണ്,എന്നെ സംബന്ധിച്ച് സി ജെ തോമസിൻറെ ജീവിതം.

ടി എം എബ്രഹാമിൻറെ ഒരു നാടകാവതരണം ഞാൻ കാണുന്നത്,19 വയസ്സിലാണ്;ഏലൂർ ഉദ്യോഗ മണ്ഡലിൽ.'അഹം അഹം' നാടകാവതരണം ഗംഭീരമായിരുന്നു.പെരുന്തച്ചനായി ബാബു നമ്പൂതിരി നിറഞ്ഞു കളിച്ചു.അന്ന് രാത്രി താമസിച്ചത് ഫെഡോ ഡോക്യൂമെന്റേഷൻ മാനേജർ എൻ സി നമ്പൂതിരിപ്പാടിൻറെ വീട്ടിൽ.അദ്ദേഹം ലളിതാംബിക അന്തർജ്ജനത്തിൻറെ ഭർതൃ സഹോദരൻ.രാമപുരo അമനകര മന.

നമ്പൂതിരിപ്പാടിൻറെ അടുത്ത ചങ്ങാതി ആയിരുന്നു,സി ജെ.കൂത്താട്ടുകുളവും രാമപുരവും തമ്മിൽ അധികം അകലമില്ല.സി ജെ അവരുടെ വീട്ടിൽ പലപ്പോഴും എത്തിയിരുന്നു.അന്തർജ്ജനത്തിന് സി ജെ യോട് ആദരവ് കലർന്ന വാത്സല്യമായിരുന്നു.റോസി തോമസിൻറെ സഹോദരി ബേബി,എൻ സി നമ്പൂതിരിപ്പാടിൻറെ സഹപ്രവർത്തക ആയിരുന്നു -ലൈബ്രേറിയൻ.

പ്രസിദ്ധീകരിച്ച എൻറെ ആദ്യ ലേഖനം,സി ജെ യുടെ 'ആ മനുഷ്യൻ നീ തന്നെ',സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി'എന്നീ നാടകങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു;മാതൃഭൂമി വാരാന്തപ്പതിപ്പിൽ.

സി ജെ യും റോസി തോമസും 

തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ,സ്വാതി തിരുനാളിൻറെ 150 -o ചരമ വാർഷികം വന്നു. എന്താണ് പുതുതായി ചെയ്യുക എന്നാലോചിക്കുമ്പോൾ, ഇന്ത്യൻ ന്യൂറോളജിക്കൽ സൊസൈറ്റി കൊൽക്കത്തയിൽ നടത്തിയ സെമിനാറിൽ സ്വാതി തിരുനാളിനെപ്പറ്റി ഡോ കെ രാജശേഖരൻ നായർ പ്രബന്ധം അവതരിപ്പിച്ചത് അറിഞ്ഞു. 1996 ഡിസംബർ 23 ന് അദ്ദേഹത്തെ ഞാൻ കണ്ട വിവരം, അദ്ദേഹത്തിൻറെ  'മനസ്സിൻറെ ബന്ധങ്ങളും ശൈഥില്യങ്ങളും' എന്ന പുസ്തകത്തിലുണ്ട്.ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ മകനായ നായർ, വിഖ്യാത ന്യൂറോ വിദഗ്ദ്ധനും എഴുത്തുകാരനുമായ ഒലിവർ സാക്സിന്റെ സുഹൃത്താണ്.

സ്വാതി തിരുനാളിൻറെ രോഗ ലക്ഷണങ്ങൾ പലരും വിവരിച്ചത് വച്ച് അദ്ദേഹത്തിൻറെ രോഗം,കീഴ് മസ്‌തിഷ്‌ക ചുഴലി (Temporal Lobe Epilepsy) ആയിരുന്നു എന്നാണ് നായർ കണ്ടെത്തിയത്.പണ്ട് മരിച്ച ഒരാളുടെ രോഗം എന്തായിരുന്നുവെന്ന് പുതിയ വസ്തുതകളുടെ വെളിച്ചത്തിൽ കണ്ടെത്തുന്ന വൈദ്യ ശാസ്ത്ര ശാഖയാണ്,പാത്തോഗ്രഫി.ഇതിന് Retrospective diagnosis എന്ന് പറയും.

സി ജെ യ്ക്കും ഇതേ രോഗം ആയിരുന്നുവെന്ന് അതേ പ്രബന്ധത്തിൽ നായർ പറഞ്ഞത്,അദ്‌ഭുതപ്പെടുത്തി.തലച്ചോറിലെ മുഴ നീക്കാൻ വെല്ലൂരിൽ ശസ്ത്രക്രിയ നടത്തുമ്പോഴായിരുന്നു,1960 ജൂലൈ 14 ന് സി ജെ യുടെ മരണം. രോഗ ലക്ഷണങ്ങൾ,സ്വാതി തിരുനാളിനും സി ജെ യ്ക്കും ഒന്നായിരുന്നു എന്നത്, പുതിയ അറിവായി. ഇരുവരും അന്ത്യകാലത്ത് വേച്ചു വേച്ചാണ് നടന്നത്.എറണാകുളം ബ്രോഡ്‌വേയുടെ ഇങ്ങേയറ്റത്തു നിന്ന് അങ്ങേയറ്റം വരെ,തലയിലെ വേദന കൊണ്ട് പുളഞ്ഞ് ചെവിക്ക് മുകളിൽ കൈകൾ താങ്ങി സി ജെ ഓടുന്നത് കണ്ടെന്ന് നെൽസൺ ഫെർണാണ്ടസ് 'നാടക രാവുകളി'ൽ എഴുതി.

ഒരു മധ്യ വേനൽ അവധിയിലാണ്, റോസി തോമസ്, സി ജെ യുടെ അസുഖം അറിയുന്നത്. അതിന് മുൻപ് ഒരു വർഷം വിമോചന സമരം കൊടുമ്പിരി കൊണ്ട കാലത്ത്, ഒരു മെഴുകുതിരിയുടെ രണ്ടറ്റവും ഒന്നിച്ചു കത്തിക്കും പോലെ, സി ജെ രാവും പകലും അധ്വാനിച്ചു. ഈസ്റ്റർ ദിവസം എറണാകുളത്തു നിന്ന് വരാപ്പുഴ പുത്തൻ പള്ളിയിലെ വീട്ടിൽ സി ജെ ടാക്സിയിലാണ് എത്തിയത്. ഉച്ചഭക്ഷണത്തിന് പതിവുള്ള ചാരായം അന്ന് കുടിച്ചില്ല.
"എനിക്ക് സുഖമില്ല,രണ്ടു മൂന്ന് പ്രാവശ്യം തല ചുറ്റി,സാരമില്ല", സി ജെ പറഞ്ഞു.

ഊണ് കഴിഞ്ഞ്, വന്ന ടാക്സിയിൽ സി ജെ മടങ്ങി. പിറ്റേന്ന് രാത്രി പത്തോടെ,സി ജെ യെയും കൊണ്ട് ഡെമോക്രാറ്റിക് പബ്ലിക്കേഷൻസിലെ സുഹൃത്തുക്കൾ കാറിൽ വീട്ടിലെത്തി.തലേന്ന് മടങ്ങിയ സി ജെ എറണാകുളം സീ വ്യൂ ഹോട്ടൽ വാതിൽക്കൽ കൈയും താങ്ങി,ദീർഘ നേരം ഓർമ്മയില്ലാതെ നിന്നു.അതായിരുന്നു,ആദ്യ രോഗ ലക്ഷണം.

വീട്ടിൽ വന്ന സി ജെ പലതും മറച്ചു വയ്ക്കുന്നുവെന്ന് റോസിക്ക് തോന്നി.ഞരമ്പുകളുടെ ക്ഷീണം എന്ന നിഗമനത്തിൽ,പ്രസിദ്ധനായ നാട്ടു വൈദ്യൻ ചികിത്സ തുടങ്ങി.അത്താഴം കഴിഞ്ഞാൽ സി ജെ യോട് സംസാരിക്കരുതെന്ന് റോസിയെ വൈദ്യൻ വിലക്കി.ശക്തിയുള്ള ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നതിനാൽ, ബ്രഹ്മചര്യം വേണ്ടിയിരുന്നു.

സ്വാതി തിരുനാൾ 

ഒരുമാസം കഴിഞ്ഞ്,പുറത്തിറങ്ങാതെ അസ്വസ്ഥത മൂത്ത സി ജെ,രണ്ടു മൂത്ത കുട്ടികളെ വാരാപ്പുഴയിൽ നിർത്തി,റോസിയുമായി എറണാകുളത്തേക്ക് പോയി.വലതുകാലിന് വേദനയുണ്ടായിരുന്നു.സി ജെ അത് മറച്ച്, പുറത്തു പോയി രണ്ടു പൊതി ബിരിയാണി വാങ്ങി.വെല്ലൂർക്ക് പോകാൻ അന്നേ സുഹൃത്തുക്കൾ നിർബന്ധിച്ചിട്ടും സി ജെ വഴങ്ങിയില്ല. റോസി ആഭരണങ്ങൾ വിറ്റ് വെല്ലൂർക്ക് പോകാം എന്ന നിർദേശം വച്ചപ്പോൾ,''അതിന് ഉപയോഗമുണ്ടാകും'' എന്നായിരുന്നു,മറുപടി."എനിക്ക് കുറവുണ്ട് " എന്ന് ഇടക്കിടെ പറഞ്ഞ് അദ്ദേഹം വേദന ഒതുക്കി.വിലയേറിയ സിന്ദൂരങ്ങൾ,ആസവം,നെയ്യ് എന്നിവ കഴിച്ചു കൊണ്ടിരുന്നു.ശരീരത്തിന് പുഷ്ടി കൂടി.വല്ലാത്ത ശാന്തത മുഖത്ത് കളിയാടി.വീട്ടുകാര്യങ്ങളിൽ പതിവില്ലാത്ത ശ്രദ്ധ വന്നു.വല്ലപ്പോഴും 'ദീനബന്ധു'ഓഫിസിൽ പോയി.വൈകിട്ട് ടാറ്റ ഓയിൽ മിൽസിലെ ജോർജിനൊപ്പം പുറത്തു പോയി രാത്രി മടങ്ങി.അരിസ്റ്റോഫനീസിന്റെ 'ലിസിസ്‌ട്രറ്റ' മലയാളത്തിലാക്കി.

എന്തൊക്കെയോ പിടി വിട്ടു പോകുന്നെന്ന് റോസി ഊഹിച്ചു.

"നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയൂ",റോസി അപേക്ഷിച്ചു.

സി ജെ പറഞ്ഞു:

"ഗ്രാമഫോൺ സ്പ്രിംഗ് അയയുമ്പോൾ, എങ്ങനെ, അതുപോലെ എൻറെ ഓർമ്മയ്ക്ക് ഒരു വിഘ്നം. ഇടയ്ക്കു വച്ച് ചിതറിപ്പോകുന്നു".

ആയിടെ വീട്ടിൽ നിന്ന് വന്ന റോസിയുടെ അനുജത്തിയോട് സി ജെ ഉള്ളു തുറന്നു:

"ഈ മരുന്നൊന്നും ഒരു രക്ഷയുമില്ല.തലയ്ക്ക് കാൻസർ ആണെനിക്ക്."

ഒരു രാത്രി പതിവ് പോലെ പത്തിന് മുൻപ് സി ജെ ഉറങ്ങാൻ കിടന്നു.കുറേശ്ശേ തണുപ്പുണ്ടായിരുന്നു.റോസി കമ്പിളി കൊണ്ട് പുതപ്പിച്ചു.അങ്ങനെ ചെയ്‌ത്‌ അടുത്തു നിന്ന് പോകുന്ന പതിവ് തെറ്റിച്ച് റോസി,സി ജെ യുടെ കവിളിൽ ചുംബിച്ചു.അപ്പോൾ റോസി ആ കവിളിൽ കണ്ണീരിൻറെ ഉപ്പ് അനുഭവിച്ചു.
"ഒരു ഭർത്താവിൻറെ കഴിവ് എനിക്ക് നഷ്ടപ്പെട്ടു", കുറെ നാളായി മൂടി വച്ച സത്യം സി ജെ വെളിപ്പെടുത്തി.ലിംഗത്തിനും കാലിൻറെ പെരുവിരലിനും മസ്‌തിഷ്‌ക കേന്ദ്രം ഒന്നാണെന്ന് വിഖ്യാത ന്യൂറോ സയന്റിസ്റ്റ് വി എസ് രാമചന്ദ്രൻ നിരീക്ഷിച്ചിട്ടുണ്ട്.ബ്രെയിൻ മാപ്പിംഗ്.അദ്ദേഹത്തിൻറെ Phantoms in the Brain ഒന്നാന്തരം പുസ്തകം.

"ഓ,അത് സാരമില്ല;ഇത്രയും നാൾ നമ്മൾ അങ്ങനെ ജീവിച്ചു,ഇനി സഹോദരീ സഹോദരന്മാർ",റോസി ആശ്വസിപ്പിച്ചു.കൊച്ചു കുഞ്ഞിനെയെന്ന പോലെ, സി ജെ,റോസിയെ കെട്ടിപ്പിടിച്ചു.റോസിയുടെ മൂർദ്ധാവിൽ സി ജെ യുടെ കണ്ണീർ വീണു കൊണ്ടിരുന്നു.

ഒരുനാൾ സി ജെ ഡ്രോയിങ് പേപ്പറിൽ പെൻസിൽ കൊണ്ട് അക്ഷരങ്ങൾക്ക് ഔട്ട് ലൈൻ ഇടാൻ ഭാവിച്ചപ്പോൾ,അക്ഷരങ്ങൾ പൂർത്തി ആയില്ല.മറ്റൊരു നാൾ ജോർജിനൊപ്പം പതിവ് സായാഹ്ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സി ജെ ചോദിച്ചു:
"നമ്മൾ എവിടന്നാണ് തിരിഞ്ഞത്?അത് ഏതു റോഡാണ്?"

പരിചിതമായ ബാനർജി റോഡ് മറന്നു പോയിരുന്നു.

സി ജെ എഴുത്തും വായനയും കവർ ചിത്രം വരയും നിർത്തി.ആയിടെ വാങ്ങിയ ജാപ്പനീസ് പെയിന്റിംഗുകളുടെ പുസ്തകം നിവർത്തി നിരാശയോടെ ശക്തിയായി അടച്ചു കൊണ്ടിരുന്നു.കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

ഒരു രാവിലെ പത്തു മണിയോടെ മൂത്ത കുട്ടികൾ ബിനോയിയും ബീനയും സ്‌കൂളിൽ പോയി.വേലക്കാരി ചന്തയിൽ പോയി.ഇളയവൻ പോൾ ഉറക്കം.തലേന്ന് വന്ന റോസിയുടെ അമ്മ,മിസിസ് എം പി പോൾ,ഡെന്റിസ്റ്റിനെ കാണാൻ പോയി.സി ജെ പൊടുന്നനെ ചാടി എഴുന്നേറ്റ്,ഉറക്കെ നില വിളിച്ച് മുറികളിൽ പാഞ്ഞു നടന്നു.മരണത്തെക്കാൾ വലിയ ആഘാതം റോസിക്ക് അനുഭവപ്പെട്ടു.റോസി സി ജെ യെ ബലമായി പിടിച്ച് കട്ടിലിൽ കിടത്തി അരികിലിരുന്നു.'ദീനബന്ധു' ഓഫിസിൽ നിന്ന് എ പി ഉദയഭാനു,കളത്തിൽ വേലായുധൻ നായർ ,എ കെ തമ്പി എന്നിവർ എത്തി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ന്യൂറോ വിദഗ്ദ്ധൻ ഡോ ജി കെ വാരിയരെ വിമാനത്തിൽ വരുത്തി.

ഒരു കിറുക്കൻ ജീനിയസ് ആയിരുന്നു,ഹരിപ്പാട് നങ്യാർകുളങ്ങര വാരിയത്തെ ഗോവിന്ദ കൃഷ്ണ വാരിയരും ( 1928 -1982 ).മുടി ചീകില്ല.കണ്ണുകൾ ചുമന്നിരിക്കും.പാന്റിൽ ടക്ക് ഇൻ ചെയ്‌ത ഷർട്ടിൻറെ ഭാഗങ്ങൾ അധികവും പുറത്തായിരിക്കും.നന്നായി മുറുക്കാത്ത ടൈ,ഇടതു തോളിൽ കയറി കിടന്നെന്നിരിക്കും.ഓവര്കോട്ട് മുഷിഞ്ഞതായിരിക്കും.കഥകളിപ്പദങ്ങൾ മൂളിക്കൊണ്ടിരിക്കും.ഷർട്ടിന്റെയും പാന്റിന്റെയും ടൈയുടെയും നിറങ്ങൾ തമ്മിൽ ബന്ധം ഉണ്ടാവില്ല.മോട്ടോർ ബൈക്ക് വാങ്ങി ഓടിക്കാൻ പഠിച്ച വാരിയർ,ഒരു രാത്രി രണ്ട് ഹെഡ് ലൈറ്റുകൾ എതിരെ വരുന്നത് കണ്ട്,രണ്ട് മോട്ടോർ ബൈക്കുകൾ എന്നു കരുതി അവക്കിടയിലൂടെ ഓടിച്ചു.ആ ലൈറ്റുകൾ ഒരു കാറിന്റേതായിരുന്നു.വാരിയരുടെ വലതു കണ്ണിന് താഴെ,കവിൾ വരെ എത്തുന്ന നീണ്ട പാട് ബാക്കിയായി.

ആദ്യം കാർ ഓടിച്ച നാൾ വിദ്യാർത്ഥികൾ വാരിയരെ കണ്ടത്,കൈയിൽ ഒരു ഇരുമ്പ് ദണ്ഡുമായാണ്.അത് കാറിൻറെ ഗിയർ റോഡ് ആയിരുന്നു!കണ്ണമ്പുഴ വാരിയത്തെ സുധയെ വിവാഹം ചെയ്‌ത ശേഷവും,വാരിയർ മയക്കു മരുന്നിന് അടിമയായിരുന്നു.നിരന്തരം ചാർമിനാർ വലിച്ചു തള്ളി.രോഗിയെ കണ്ടാൽ തന്നെ വാരിയർക്ക് രോഗം പിടി കിട്ടും -അപൂർവ സിദ്ധി.

കാലിക്കറ്റ് സർവകലാശാല മലയാളം വകുപ്പിൽ ഒരു മുഴുവൻ ദിവസം 'നളചരിതം'ക്‌ളാസ് എടുത്തു,വാരിയർ.നളചരിതം എഴുതിയ കാലത്തെപ്പറ്റിയായിരുന്നു,അദ്ദേഹത്തിൻറെ ആദ്യ പ്രബന്ധങ്ങളിൽ ഒന്ന്.വെല്ലൂർ മെഡിക്കൽ കോളജിലെ ആദ്യ പുരുഷ ബാച്ച്.

അടച്ച മുറിയിൽ സി ജെ യെ ഒരു മണിക്കൂർ പരിശോധിച്ചു പുറത്തു വന്ന ഡോ വാരിയർ,റോസിയോട് പറഞ്ഞു:

"ഏതായാലും വെല്ലൂർക്ക് കൊണ്ട് പോകാം.ട്യൂമർ ആകാം.നിങ്ങൾ പ്രത്യേകമൊന്ന് ശ്രദ്ധിക്കണം.നിങ്ങളെയും കുട്ടികളെയും കാണുമ്പോൾ,അദ്ദേഹം വികാര വിവശനാകുന്നു..ആ മുറിയിൽ നിവൃത്തിയുള്ളതും പോകണ്ട".

ഡോ ജി കെ വാരിയർ 

തലച്ചോറിൻറെ നാലു ഭാഗങ്ങളിൽ,താഴത്ത് ഇടവിട്ടുണ്ടാകുന്ന കോച്ചി വലിക്കലാണ്,കീഴ് മസ്‌തിഷ്‌ക്ക ചുഴലി.നാഡീ ഞരമ്പുകളെ ബാധിക്കുന്ന ഈ അസുഖത്താൽ,രോഗി ഇല്ലാത്ത ഗന്ധം ശ്വസിച്ചെന്ന് വരാം.ഓർമ്മകൾ നഷ്ടപ്പെടാം.ബോധം പോകാം.

ചുഴലികൾ രണ്ടു തരം -ഭാഗികം;സാമാന്യം.മുതിർന്നവരിൽ ഭൂരിപക്ഷവും,ഭാഗികം.

കീഴ് മസ്‌തിഷ്‌ക ചുഴലി രണ്ടു തരം -മധ്യവർത്തിയും ( medium ) പാർശ്വ വർത്തിയും ( Lateral ).മധ്യവർത്തിയാണ്,പൊതുവായി കാണുന്നത് ;പാർശ്വ വർത്തി,പുറം ആവരണത്തിലും (Neocortex ).

ഇവയാണ് രോഗലക്ഷണങ്ങൾ:
പരിചിതം അല്ലാത്തത്,ആണെന്ന തോന്നൽ.പരിചിതം,അല്ല എന്ന തോന്നൽ.ഇല്ലാത്ത ഗന്ധം,രുചി അറിയൽ,കാഴ്ചയുടെ വിഭ്രാന്തികൾ,ഭയം,ദേഷ്യം,അന്ത്യ ഘട്ടത്തിൽ രോഗം,ബോധത്തെ കീഴടക്കുന്നു.ചലനമറ്റ് നോക്കിയിരിക്കുക,അറിയാതെ കൈയും വായും അനക്കുക,പിച്ചും പേയും പറയുക,മസ്‌തിഷ്‌ക വീക്കം,ജ്വരം,ആഘാതം,മുഴ.

രോഗ ബാധയുണ്ടായ സ്ഥലത്ത് ഹെര്പിസ് വൈറസ് 6 (എച്ച് ഐ വി 6 ) കാണാറുണ്ട്.അതിനാൽ വൈറസാണ് രോഗ ഹേതു എന്ന നിഗമനത്തിൽ എത്താം.

പഴവിള രമേശൻ സി ജെ യെ കണ്ടത് ഒരിക്കൽ എന്നോട് ഓർമിച്ചു -1953 ൽ 17 വയസ്സിൽ രമേശൻ കൊല്ലത്ത് സി ജെ യെ കണ്ടു.കവിത എഴുതും എന്ന് പറഞ്ഞപ്പോൾ,കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ മഹാഭാരത വിവർത്തനം വായിക്കാൻ നിർദേശിച്ചു.കുറച്ചു നാൾ കഴിഞ്ഞ്,സി ജെ യുടെ സുഹൃത്ത് ജേക്കബ് ഫിലിപ് മഹാഭാരതവുമായി രമേശൻറെ അടുത്തെത്തി.

കര്മപാശം വഴി സി ജെ യുമായി കൂട്ടിക്കെട്ടപ്പെട്ട ആളാണ്,തമിഴ് എഴുത്തുകാരൻ സുന്ദര രാമസ്വാമി.ഒരിക്കൽ ട്രെയിനിൽ ഞാനും അനുജത്തി രാധയും ചെന്നൈയ്ക്ക് പോകുമ്പോൾ,എതിർ വശത്തിരുന്ന സ്ത്രീയെ പരിചയപ്പെട്ടു -സുന്ദര രാമസ്വാമിയുടെ സഹോദരി,ശാരദ രാജ.അമൃതാനന്ദമയീ മഠം അന്തേവാസി.

സി ജെ യെ ആധാരമാക്കി,സുന്ദര രാമസ്വാമി എഴുതിയ നോവൽ,'ജെ ജെ :ചില കുറിപ്പുകൾ" എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെ:
"ജോസഫ് ജെയിംസ് 1960 ജനുവരി അഞ്ചിന് 20 വയസിൽ മരിച്ചു.ആൽബേർ കാമു അപകടത്തിൽ മരിച്ചതിൻറെ പിറ്റേന്ന്".

സി ജെ മരിച്ചത് ഈ ദിവസം ആയിരുന്നെങ്കിൽ വലിയ ആകസ്മികത ആയേനെ. രണ്ടു മരണങ്ങൾക്കും അഞ്ചു മാസത്തെ ഇടവേളയുണ്ട്.കാമു ജനുവരി നാലിനും സി ജെ ജൂലൈ 14 നും. അൾജിയേഴ്സിൽ മരത്തിൽ കാറിടിച്ചാണ്,കാമു മരിച്ചത്.അപകടം നടന്നത് വികസനത്തിനായി ഗോത്ര വർഗത്തെ കട പുഴക്കിയ സ്ഥലത്താണെന്നും അത് ശാപം കിട്ടിയ സ്ഥലമാണെന്നും വായിച്ചത് ഓർക്കുന്നു.

സി ജെ 42 വയസ്സിലും കാമുവും 46 വയസ്സിലുമാണ് മരിച്ചത്.ഇരുവരും പത്രപ്രവർത്തകർ.രാഷ്ട്രീയ പ്രവർത്തകർ.കാമു 'കോംബാറ്റ്' എന്ന പ്രസിദ്ധീകരണം നടത്തി.ഇരുവരും നാടകം എഴുതി.കാമു,യുവാക്കൾ തുടങ്ങിയ Theatre de I' Equippe യിൽ അംഗമായിട്ടാണ്,സാംസ്‌കാരിക രംഗത്ത് എത്തിയത്.ഇരുവരും എഴുതിയത് നാല് നാടകങ്ങൾ വീതം.സി ജെ നാടക പരിഭാഷകൾ ഒടുവിൽ ചെയ്ത പോലെ,കാമുവും ഇഷ്ട കൃതികൾക്ക് നാടക രൂപം നൽകി.വില്യം ഫോക്‌നറുടെ Requiem For a Nun.ദസ്തയേവ്‌സ്‌കിയുടെ The Possessed എന്നിവ.

ഒരേ കാലത്ത് ഇരുവരും നാടകം എഴുതി.കാമു 1943 മുതൽ 15 വർഷവും സി ജെ 1947 മുതൽ 12 വർഷവും എഴുതി.മരണവും യുദ്ധവും പരസ്ത്രീഗമനവും സി ജെ നാടകങ്ങളിലുണ്ട്.യുദ്ധം തന്നെ ആയിരുന്നു,കാമുവിന് നാടകം.
സി ജെ യുടെ ഹൃദയവും മസ്തിഷ്‌കവും തുറക്കുന്ന താക്കോലാണ്,കാമു.മതം,കമ്മ്യൂണിസം,ദുര,ദുരന്തം എന്നിവ വച്ചാണ്,ഇരുവരും കഥാപാത്രങ്ങളെ കൊണ്ട് കളിച്ചത്.യുദ്ധം പോലെ കമ്മ്യൂണിസവും മനുഷ്യനെ കൊല്ലുന്നു.'അവൻ വീണ്ടും വരുന്നു' നാടകത്തിൽ,പട്ടാളം വിട്ട മാത്തുക്കുട്ടിയെ,കമ്മ്യൂണിസം ആണ്  കൊല്ലുന്നത്.യുദ്ധത്തിന് കഴിയാത്തത്,കമ്മ്യൂണിസം നടപ്പാക്കി.
കാമുവിൻറെ നാടകങ്ങൾ,തെറ്റിദ്ധാരണ ( The Misunderstanding 1943),കലിഗുല ( 1944 ),അധിനിവേശം ( The State of Siege 1948 ),സംഘ കൊലയാളികൾ ( The Just Assassins 1949 ).

സി ജെ യുടേത്:അവൻ വീണ്ടും വരുന്നു ( 1949 ),1128 ൽ ക്രൈം 27 ( 1954 ),ആ മനുഷ്യൻ നീ തന്നെ ( 1955),വിഷവൃക്ഷം ( 1959 ).

വിരുദ്ധോദ്ദേശ്യം ( The Cross Purpose ) എന്ന പേരിലും പ്രസിദ്ധീകരിച്ച 'തെറ്റിദ്ധാരണ'യാണ്,തന്നെ പ്രതിനിധീകരിക്കുന്ന ശരിയായ നാടകമെന്ന് കാമു പറയുകയുണ്ടായി.ഒരമ്മയും മകളും നടത്തുന്ന ലോഡ്ജിൽ അന്തേവാസിയായി ധനിക പ്രവാസി എത്തുന്നു;അയാളെ അമ്മയും മകളും ചേർന്ന് കൊല്ലുന്നു.കൊല്ലപ്പെട്ടത് സ്വന്തം മകൻ ആണെന്ന തിരിച്ചറിവിൽ,അമ്മയും മകളും നഷ്ടബോധം പങ്കിടുന്നു -ഇതാണ് നാടകം.ആ തിരിച്ചറിവിൽ,അമ്മ പറയുന്നു:

"ഇത് ശിക്ഷയാണ്.എല്ലാ കൊലയാളികൾക്കും ഇങ്ങനെ ഒരു നിമിഷമുണ്ട്.അവൻ എന്നെപ്പോലെ ഉള്ള് പൊള്ളയായും വന്ധ്യമായും ഭാവി ശൂന്യമായും ഇങ്ങനെ നിൽക്കേണ്ടി വരും."

ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളെ കാത്തിരിക്കുന്ന വിധിയാണ്,ധ്വനി.
''ജീവിച്ച ഒരു മനുഷ്യന് മരണം അസംബന്ധമാണ് " എന്ന് ഈ നാടകത്തിൽ,മകൾ അമ്മയോട് പറയുന്നത്,സി ജെ യുടെ ക്രൈം നാടകത്തിൽ,ഗുരു,''മരണം ഒരു ഫലിതമാണ്,പ്രത്യേകിച്ചും അവനവൻറെ മരണം" എന്ന് പറയുന്നതിനെ ഓർമിപ്പിക്കുന്നു.കാമുവിൻറെ നാടകത്തിൽ കാണുന്ന വൃദ്ധനെ ഓർമിപ്പിക്കുന്നു,സി ജെ യുടെ അവൻ വീണ്ടും വരുന്നു' നാടകത്തിലെ ഉപദേശി.ഘനഗംഭീര മൗനം കൊണ്ടാണ്,വൃദ്ധൻ,തിന്മയുടെ നിരാസം പ്രകടമാക്കുന്നത്.

ഹിറ്റ്‌ലർ കീഴടക്കിയ ഫ്രാൻസിൽ ഇരുന്നാണ്,കാമു ഈ നാടകം എഴുതിയത്.സോഫോക്ലിസിൻറെ ഗ്രീക്ക് നാടകമായ
'ഇലക്ട്ര'യിൽ സഹോദരി,സഹോദരനെ തിരിച്ചറിയുന്നതും പുതിയ നിയമത്തിലെ ധൂർത്ത പുത്രൻറെ കഥയും പശ്ചാത്തലമായുണ്ട്.
'അവൻ വീണ്ടും വരുന്നു' നാടകത്തിനും ഇത് ബാധകം.

ആൽബേർ കാമു 

റോമൻ ചക്രവർത്തി 'കലിഗുല'യെ കഥാപാത്രമാക്കി കാമു എഴുതിയ നാടകത്തിലും മരണം ആണ് വിഷയം.ഭ്രാന്തനും ക്രൂരനുമായ കലിഗുല,സഹോദരിയും വെപ്പാട്ടിയുമായ ദ്രുസിലയുടെ മരണത്തിൽ നൊന്ത്,സ്വന്തം മരണം ആസൂത്രണം ചെയ്യുന്നു.എ ഡി 41 ജനുവരി 24 നായിരുന്നു സംഭവം.1957 ൽ ഇത് 'തിയറ്റർ അമേരിക്ക'യിൽ പ്രസിദ്ധീകരിച്ചപ്പോൾ,കാമു എഴുതി:

"സഹോദരിയും വെപ്പാട്ടിയുമായ ദ്രുസില മരിക്കുമ്പോൾ,മനുഷ്യർ,മരിക്കുമ്പോഴും സന്തുഷ്ടരല്ലെന്ന് കലിഗുല തിരിച്ചറിയുന്നു.അതിനാൽ,കേവല സത്യം അറിയാനുള്ള ത്വര കാരണം,അയാൾ,പുച്ഛവും ഭയവും നിറഞ്ഞ് കൊല വഴിയും മൂല്യങ്ങളെ കീഴ്മേൽ മറിച്ചും സ്വതന്ത്രനാകാൻ ആശിക്കുന്നു.ഒടുവിൽ,അതും നിഷ്‌ഫലം എന്നറിയുന്നു.അതിനാൽ,സൗഹൃദവും ഐക്യവും നന്മയും തിന്മയും അയാൾ നിരാകരിക്കുന്നു".

ഇങ്ങനെ ഒരു ആത്മഹത്യയുടെ നാടകമാണ്,'കലിഗുല'.1938 ൽ എഴുതാൻ തുടങ്ങിയ നാടകം,1941 ൽ മൂന്നങ്കത്തിൽ പൂർത്തിയായെങ്കിലും,രണ്ടാം ലോക യുദ്ധ  അസംബന്ധം കണ്ട്,1944 ൽ നാലാം അങ്കത്തിലേക്ക് വളർന്നു.'അന്യൻ' എന്ന നോവലും Myth of Sisyphus എന്ന തത്വ വിചാരവും 1942 ൽ ഇറങ്ങിയതോടെ,അസംബന്ധത്തിലും ആഹ്ളാദിക്കുക എന്ന സിദ്ധാന്തത്തിൽ കാമു എത്തിയിരുന്നു.നാറാണത്ത്  ഭ്രാന്തനെപ്പോലെ,മലയിൽ നിന്ന് നിരന്തരം കല്ല് മുകളിലേക്കും താഴേക്കും ഉരുട്ടിക്കൊണ്ടിരിക്കുന്ന ഗ്രീക്ക് കഥാപാത്രമാണ്,സിസിഫസ്.ആ അസംബന്ധത്തിലും ആഹ്ളാദിക്കുക എന്നതിനപ്പുറം അയാൾക്ക് ഒന്നുമില്ല.

സ്പെയിനിൽ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന് ഫ്രാൻസ് പിന്തുണ നൽകുകയും കത്തോലിക്കാ സഭ സ്പെയിനിലെ ക്രിസ്ത്യാനികളെ ഉപേക്ഷിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്,കാമു,'അധിനിവേശം' എഴുതിയത്.ഒരു പ്ളേഗ് വരുമ്പോൾ,കാദീസിൽ ഒരവസരവാദി ഏകാധിപതി ആകുന്നതാണ്,പ്രമേയം.1905 ൽ റഷ്യയിൽ ഗ്രാൻഡ് ഡ്യൂക് സെർജി അലക്‌സാൻഡ്രോവിച്ചിനെ സോഷ്യലിസ്റ്റ് വിപ്ലവകാരികൾ കൊന്ന സംഭവത്തിൽ നിന്നാണ് 'സംഘ കൊലയാളികൾ'.അതിൽ കൊലയും ഭീകരവാദവുമായി ബന്ധപ്പെട്ട ധാർമിക പ്രശ്നങ്ങൾ കാമു ചർച്ച ചെയ്യുന്നു.ബോറിസ് സാവിങ്കോവ് എഴുതിയ Memoirs of a Communist ൽ നിന്ന് കാമു,സ്റ്റെപ്പാൻ എന്ന കഥാപാത്രത്തെ നാടകത്തിലേക്ക് എടുത്തു.
കാമുവിന് 44 വയസ്സിൽ നൊബേൽ സമ്മാനം കിട്ടിയപ്പോൾ,ആ പണം കൊണ്ടാണ്,The Possessed നാടക രൂപത്തിന് വേദി ചിട്ടപ്പെടുത്തിയത്.കറങ്ങുന്ന വേദിയും വശങ്ങളിലേക്ക് നീങ്ങുന്ന ചുമരുകളുമായി ഒരു പരീക്ഷണം.

'അവൻ വീണ്ടും വരുന്നു' ദാരിദ്ര്യം മൂത്ത് പട്ടാളത്തിൽ ചേർന്ന് പരുക്കേറ്റ് വിമുക്തനായ മാത്തുക്കുട്ടിയുടെ കഥയാണ്.നവവധു സാറാമ്മയെ അമ്മയുടെ അടുത്താക്കി അയാൾ പോകുന്നു.അയൽക്കാരൻ കുഞ്ഞു വറീത് അവളെ ഗർഭിണിയാക്കുന്നു.അന്ധനായി മടങ്ങുന്ന മാത്തുക്കുട്ടി,അവളെ ഉപേക്ഷിച്ച ശേഷം,തെറ്റ് മനസിലാക്കി സാറാമ്മയെയും വറീതിനെയും ഒന്നിപ്പിച്ചു സമര മുഖത്ത് രക്ത സാക്ഷിയാകുന്നു.

സൈനികൻ യൂറിയാവിന്റെ ഭാര്യ ബത്ശേബയിൽ അനുരക്തനായ ദാവീദിൻറെ ധർമ്മ ഭ്രംശ കഥയാണ്,'ആ മനുഷ്യൻ നീ തന്നെ'.യുദ്ധ മുന്നണിയിൽ ,അയാൾ യൂറിയാവിനെ കൊല്ലുന്നു.ദാവീദിൻറെ ആദ്യ കുഞ്ഞ് മരിച്ചു.രണ്ടാമത്തേത് സോളമൻ.നാഥാൻ പ്രവാചകൻ ദാവീദിനോട്,സ്വന്തമായി ആട്ടിൻ കുട്ടികൾ ഉണ്ടായിട്ടും,അയൽക്കാരൻറെ ആട്ടിൻ കുട്ടിയെ കൊന്ന് ശാപ്പിട്ടവൻറെ ദൃഷ്ടാന്ത കഥ പറയുന്നു.അവനാരാണ് എന്ന് രാജാവ് ചോദിക്കുമ്പോൾ,പ്രവാചകൻ പറയുന്നു:

"ആ മനുഷ്യൻ നീ തന്നെ !''

മകൻ അബ്‌ശാലോം,ദാവീദിന്  എതിരായി സന്നാഹം ഒരുക്കുമ്പോൾ  നാടകം തീരുന്നു.

സ്നാപക യോഹന്നാൻറെ ശിരസ്സ് സമ്മാനമായി ചോദിച്ചവളുടെ കഥ സി ജെ,റേഡിയോ നാടകമാക്കി -'ശലോമി'( 1956 ).

ക്രൈം നാടകം,കുടുംബം,സമൂഹം,മാധ്യമം,കോടതി തുടങ്ങിയ പ്രസ്ഥാനങ്ങൾ അസംബന്ധമാകുന്ന കാഴ്ച അവതരിപ്പിക്കുന്നു.മരണം പ്രഹസനമാകുന്നു.സഖറിയ എന്ന പത്രപ്രവർത്തകന്,ജാരൻ വർക്കി,മാർക്കോസിനെ കൊന്ന സംഭവം,പത്ര സ്ഥലം നിറയ്ക്കാൻ പറ്റിയ സംഭവം.തന്നെ കോടതി തൂക്കാൻ വിധിക്കുമെന്ന് ശങ്കിച്ച്,വിധിക്ക് തലേന്ന്,വർക്കി തൂങ്ങി മരിക്കുന്നിടത്ത്,കോടതി പ്രഹസനമാകുന്നു.കൊല്ലപ്പെട്ട് കുമ്മായ ചൂളയിൽ തള്ളിയ മാർക്കോസ് തിരിച്ചു വരുന്നു.തിരിച്ചു വരവ്,അയാളുടെ ഭാര്യയ്ക്ക്,വില പേശാൻ കഴിയുന്ന സന്ദർഭം.ഗുരുവിനെയും ശിഷ്യനെയും വച്ച് നാടകം കളിക്കുന്ന സി ജെ,അവരെക്കൊണ്ട് പ്രേക്ഷകരോട് പറയുന്നത്,നിങ്ങൾ കാണുന്നത്,വെറും നാടകമാണ്,എന്നാണ്.

മിത് ഓഫ് സിസിഫസ് 

ഈ നാടകം അസംബന്ധ നാടകവേദി (Theatre of the Absurd) യിലോ ബ്രെഹ്തിൻറെ എപിക് തിയറ്ററിലോ വരുന്നത് എന്ന ചർച്ചയ്ക്ക് ഞാനില്ല.ഇതിൻറെ പൂർവ മാതൃക,അമേരിക്കൻ നാടകകൃത്ത് തോൻടൻ വൈൽഡറുടെ Our Town ആണെന്ന് ജി ശങ്കരപ്പിള്ള 'മലയാള നാടക സാഹിത്യ ചരിത്ര'ത്തിൽ പറഞ്ഞത്,ഭോഷ്‌കാണ്.ആ വൈൽഡർ  നാടകത്തിൻറെ പൂർവ മാതൃക പിരാന്തലോയുടെ Six Characters in Search of an Author ആണ്.

സി ജെയ്ക്ക് മാതൃകകൾ സോഫോക്ലിസും ഇബ്‌സനും കാമുവും ആണ്.സി ജെ മൊഴി മാറ്റിയ അരിസ്റ്റോഫനീസിന്റെ 'ലിസിസ്ട്രാറ്റ' വളരെ പഴയതാണ്.''നിങ്ങൾ ഇനി യുദ്ധത്തിന് പോയാൽ,ഞങ്ങൾ കിടക്ക പങ്കിടില്ല' എന്ന് ഭടന്മാരെ പെണ്ണുങ്ങൾ പേടിപ്പിക്കുന്ന യുദ്ധവിരുദ്ധ നാടകമാണ്,അത്.പഴയതെങ്കിലും ഫെമിനിസ്റ്റ്.

കാമുവിനെ സി ജെ എത്ര മാത്രം അറിഞ്ഞിരുന്നു ?

ഒരിക്കൽ എം കെ സാനു ചെന്നപ്പോൾ അത് കാര്യമാക്കാതെ,സി ജെ ഒരു പുസ്തകത്തിൽ തല പൂഴ്ത്തിയിരുന്നു.അവസാന താളുകൾ വായിച്ചു തീർത്ത്,കിടക്കയിലേക്ക് എറിഞ്ഞ്,സി ജെ പറഞ്ഞു:
"ഈ പന്നിയുടെ എഴുത്ത് ഭയങ്കരം !''

പുസ്തകം,കാമുവിൻറെ,The Rebel.

ആർതർ മില്ലർ,ടെന്നസി വില്യംസ് എന്നിവരുമായി സി ജെ യ്ക്ക് കത്തിടപാട് ഉണ്ടായിരുന്നു -യു എസ് ഐ എസിൽ സി ജെ ജോലി ചെയ്തിരുന്നു.
ആത്മഹത്യയെ ദാർശനിക പ്രശ്നമാക്കി മാറ്റുന്ന Myth of Sisyphus ഫിലോസഫി പഠിച്ച സി ജെ യ്ക്ക് അന്യമായിരിക്കില്ല.മരണം എന്ന അസംബന്ധത്തിൽ ആഹ്ളാദിക്കുക എന്ന്  കാമു ദർശനം;സി ജെ യ്ക്ക് മരണം ഫലിതം.ക്രൈം നാടകം ഏഴാം രംഗത്തിൽ,ഗുരു,ആത്മഹത്യയെപ്പറ്റി നടത്തുന്ന വിചാരം ഇങ്ങനെ:

"എടോ,ആത്മഹത്യയും മരണത്തിൻറെ വകഭേദമാണ്.അത് കൊണ്ട് തന്നെ,അതൊരു ഫലിതവുമാണ്.തലവേദന ശമിക്കാൻ തല വെട്ടിക്കളയുന്നതു പോലെയുള്ള ഒരു ചികിത്സയാണ്,ആത്മഹത്യ.പക്ഷെ,ആത്മഹത്യാശ്രമം കുറ്റകരമാക്കിയിരിക്കുന്നത്,സന്മാർഗ്ഗപരമായ കാരണങ്ങൾ ഒന്നും കൊണ്ടല്ല.സമുദായത്തിന് അങ്ങനെയൊരു ബോധ്യമുണ്ടായിരുന്നെങ്കിൽ,ക്ലിയോപാട്രയുടെയും വേലുത്തമ്പിയുടെയും ആത്മഹത്യയെ വാനോളം വാഴ്ത്തുകയില്ലായിരുന്നു.ഈ നിയമം മറികടക്കാൻ പോകുന്നവരെ പറ്റിയുമല്ല ഉണ്ടാക്കിയിരിക്കുന്നത്.ജീവിതത്തെ ധൈര്യമായി നേരിടാൻ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല.എന്നാൽ,ജീവിതായോധനത്തിൽ നിന്ന് ഒളിച്ചോടുന്നതിനെ തടയാൻ നിയമമുണ്ട്.ഇതാണ് നിയമാവലിയിലെ ഏറ്റവും മൂർത്തിമത്തായ സ്വാർത്ഥത.മരിക്കാൻ പുറപ്പെടുന്നവൻറെ താൽപര്യത്തെ ആരും ഗണിക്കുന്നില്ല."

വധശിക്ഷയെ ശീര്ഷാസനത്തിൽ നിർത്തുന്ന ഈ നാടകത്തിൽ മരണത്തെ മറ്റൊരു മരണം കൊണ്ട് ഒളിപ്പിക്കാമോ എന്ന ചോദ്യം സി ജെ ഉയർത്തുന്നു.
കൊലയ്ക്ക് മറുപടി,വധശിക്ഷ എന്ന മറുകൊല ആണോ ?

കർമ്മ പാശത്തിന്റെ കഥയാണ്,പറഞ്ഞു വന്നത്.

ഭൂമിയുടെ രണ്ടു വ്യത്യസ്ത കോണുകളിൽ ജീവിച്ചിരുന്നവരാണ്,സി ജെ യും കാമുവും.അവരുടെ ജീവിതങ്ങൾ തെളിയിക്കുന്നത്.പ്രതിഭ കൊണ്ട് അമ്മാനമാടുന്നവരുടെ ആകുലതകൾ ഒന്നായിരിക്കുന്നു എന്നാണ്.പ്രതിഭകൾക്ക് മുന്നിൽ പൂർവ മാതൃകകൾ വിളിച്ചു പറയേണ്ടതില്ല.
മരണത്തിൽ കിട്ടാത്ത ആനന്ദം ഒരാൾക്ക് ആത്മഹത്യയിൽ കിട്ടുമോ എന്ന ആലോചന മോശമല്ല.മരണം അറിയാതെ നടക്കുന്നു.എന്നാൽ,ഓരോ ചുവടും വച്ചാണ്,ആത്മഹത്യ.അതുകൊണ്ടാകാം,ആത്മഹത്യയാണ് ഇന്നത്തെ ഏറ്റവും വലിയ ദാർശനിക പ്രശ്‍നം എന്ന് കാമു കണ്ടത്.
കാമു മരിച്ച അപകടം ആത്മഹത്യ ആകാം -ട്രെയിൻ യാത്ര വേണ്ടെന്നു വച്ച് സുഹൃത്തിൻറെ കാറിൽ കയറുകയായിരുന്നു,അദ്ദേഹം.അമിതമായി കുടിച്ച് സുഹൃത്തും പ്രസാധകനുമായ മൈക്കിൾ ഗല്ലിമർദ് അമിത വേഗത്തിലാണ് ഫേസൽ വേഗ കാറോടിച്ചത് എന്ന് പറയപ്പെടുന്നു.

പണ്ട് ജ്ഞാനേശ്വർ,'ജ്ഞാനേശ്വരി'യിൽ എഴുതിയ പോലെ,വേഷ പ്രച്ഛന്നമായി എത്തിയ മരണമാണ്,ജീവിതം.

അതിനാൽ ജീവിതമാകുന്ന മലയിൽ ഭ്രാന്തൻ കല്ലുകൾ ഉരുണ്ടു കൊണ്ടിരിക്കും.


See https://hamletram.blogspot.com/2019/07/blog-post_4.html






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...