റഷ്യ വരുന്നു,നമുക്ക് മരിക്കാം
കമ്മ്യൂണിസത്തിൽ നിന്ന് വഴി മാറി നടന്ന പോളിഷ് എഴുത്തുകാരൻ സെസ്ലാവ് മിലോസിൻറെ വിട പറച്ചിൽ കഥ പറയുന്ന The Captive Mind എന്ന പുസ്‌തകം തുടങ്ങുന്നത്,റെഡ് ആർമി 1939 ൽ പോളണ്ടിൽ ഇരച്ചെത്തിയപ്പോൾ ആത്മഹത്യ ചെയ്‌ത പോളിഷ് എഴുത്തുകാരനും ചിത്രകാരനുമായ സ്റ്റാനിസ്ലാവ് ഇഗ്നാസി വിറ്റ്കീവിസിനെ ( Stanislav Ignacy Witkiewicz ) ഓർമിച്ചു കൊണ്ടാണ്.കമ്മ്യൂണിസം കാരണം റഷ്യയിൽ ഉന്മൂലനം ചെയ്‌ത എഴുത്തുകാർ,ആത്മഹത്യ ചെയ്‌ത എഴുത്തുകാർ ധാരാളമുണ്ട്.ഭരണകൂടത്തിനെ വിമർശിക്കുന്നത് മാർക്സിസത്തിന് രുചിക്കാത്തതിനാൽ,കൊല്ലുന്നതാണ്;എന്നാൽ ചുവപ്പൻ പട്ടാളം വരുന്നു എന്ന് കേട്ട് ജീവനൊടുക്കിയ എഴുത്തുകാരൻ വിറ്റ്കീവിസ് ആ കൂമൻ കാലം മനസ്സിൽ കണ്ടു കാണണം.
|
വിറ്റ്കീവിസ് |
മിലോസിന് 1980 ലെ നൊബേൽ സമ്മാനം കിട്ടി.1951 ൽ ഇറങ്ങിയ പുസ്‌തകം 1982 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എം എ യ്ക്ക് പഠിക്കുമ്പോൾ,വീട്ടിൽ നിന്ന് ഹോസ്റ്റലിൽ കൊടുക്കാൻ അയച്ച പണം കൊണ്ട് വാങ്ങിയതാണ്;ഫൈൻ ആർട്സ് കോളജിനോട് ചേർന്ന് ഫുട് പാത്തിൽ ഒരു ചെറിയ പെട്ടിക്കടയിൽ ക്‌ളാസിക്കുകൾ കിട്ടിയിരുന്നു.സാർത്രിന്റെ Being and Nothingness എന്ന അനാവശ്യ തത്വചിന്തയും അവിടന്നാണ് കിട്ടിയത്.പിന്നീട് ജോലിയായി അവിടെ ചെന്നപ്പോൾ കട വലുതായി മോഡേൺ ബുക്ക് സെന്ററിനടുത്തേക്ക് മാറിയിരുന്നു.വ്യഭിചാര ആരോപണത്തെ തുടർന്ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി കോളജിൽ പിരിച്ചു വിട്ടു;സംഘടന അതിലെ തന്നെ അംഗങ്ങളെ കുത്തി തുടങ്ങിയിരുന്നില്ല.
ഇരുപതാം നൂറ്റാണ്ടിൻറെ പകുതിക്കടുത്താണ്,പല യൂറോപ്യൻ രാജ്യങ്ങളിലും വസിക്കുന്നവർ ദുർഗ്രഹവും സങ്കീർണവുമായ തത്വ ചിന്താ ഗ്രന്ഥങ്ങൾ തങ്ങളുടെ ജീവിത വിധിയെ നിർണയ്ക്കുമെന്ന് തിരിച്ചറിഞ്ഞതെന്ന് മിലോസ് എഴുതുന്നു.അത് വരെ ശ്രദ്ധിക്കാതിരുന്ന ചില ആശയ തർക്കങ്ങൾ,ജോലിയെയും അന്നന്നത്തെ അപ്പത്തെയും സ്വകാര്യ ജീവിതത്തെയും വരെ ബാധിക്കാൻ തുടങ്ങി.അത് വരെ തത്വ ചിന്തകൻ യാഥാർഥ്യത്തിൽ ഇല്ലാത്ത സ്വപ്‌ന ജീവി മാത്രമായിരുന്നു.അതുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർ തത്വ ചിന്തയെ ഉപയോഗ ശൂന്യവും അപ്രായോഗികവുമായി തള്ളിയിരുന്നു.അതു കൊണ്ട് വന്ധ്യമായ ഒരവധി ദിവസം അപ്രസക്തമായി കടന്നു പോകേണ്ടതായിരുന്നു,മാർക്സിസ്റ്റുകളുടെ ധിഷണാ ഹസ്ത മൈഥുനവും.
|
മിലോസ് |
അങ്ങനെയിരിക്കെ 1932 ൽ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ കൗതുകകരമായ ഒരു പുസ്തകം പ്രത്യക്ഷപ്പെട്ടു-രണ്ടു വാല്യങ്ങളുള്ള നോവൽ,Insatiability ( മതിവരാത്തത് ).എഴുത്തുകാരനും ചിന്തകനും ചിത്രകാരനുമായ വിറ്റ്കീവിസ് എഴുതിയത്.ജർമൻ ഗണിത ശാസ്ത്രജ്ഞനും ഭാഷാ വിദഗ്ദ്ധനുമായ ഗോട്ഫ്രീഡ് ലീബ്‌നിസിന്റെ ( 1646 -1716 ) monadology പോലെ ഒരു തത്വക്രമം ഇയാൾ സൃഷ്ടിച്ചിരുന്നു.Farewell to Autumn ( 1927 )എന്ന മുൻ നോവൽ പോലെ,ദുർഗ്രഹ ഭാഷയായിരുന്നു,പുതിയ നോവലിലും.പുതിയ പദ സൃഷ്ടികൾ നിറഞ്ഞിരുന്നു.എഡ്‌മണ്ട് ഹുസ്സെളിനെപ്പോലുള്ള സമകാലിക ചിന്തകരെപ്പറ്റി ചർച്ച ചെയ്യുന്നതിനിടയിൽ,ഭീകരമായ രതിവർണനകൾ കടന്നു വന്നു.ദുർഗ്രഹതയിൽ മേതിൽ രാധാകൃഷ്ണൻറെ
സൂര്യ വംശ ത്തെ കടത്തി വെട്ടും എന്ന് തോന്നുന്നു.നോവലിസ്റ്റ് ഒരു കാര്യം പറയുന്നത് ഗൗരവത്തിലാണോ തമാശയിലാണോ എന്നറിയാൻ ഒരു വഴിയും ഇല്ലായിരുന്നു.വിഷയം ഫാന്റസി ആയിരുന്നു.
നോവൽ സംഭവിച്ചത് യൂറോപ്പിലോ പോളണ്ടിലോ വർത്തമാന കാലത്തോ ഭാവിയിലോ മുപ്പതുകളിലോ അൻപതുകളിലോ എന്നൊരു തിട്ടവുമില്ലായിരുന്നു.സംഗീതജ്ഞർ,ചിത്രകാരന്മാർ,ചിന്തകർ,ധനികർ,ഉന്നത പട്ടാള ഓഫിസർമാർ തുടങ്ങിയവരായിരുന്നു കഥാപാത്രങ്ങൾ.പുസ്തക വിഷയം ജീർണതയായിരുന്നു.ഭ്രാന്തമായ,അപസ്വരം നിറഞ്ഞ സംഗീതം,രതി വൈകൃതങ്ങൾ,മയക്കു മരുന്ന്,പിച്ചും പേയും,കത്തോലിക്കാ മതത്തിലേക്ക് വ്യാജ മാറ്റം,ഭ്രാന്ത് പിടിച്ച കഥാപാത്രങ്ങൾ.കിഴക്കു നിന്നുള്ള ചൈന -മംഗോളിയ പട്ടാളം പടിഞ്ഞാറൻ നാഗരികതയ്ക്ക് ഭീഷണിയായ ഘട്ടത്തിലാണ് കഥ നടക്കുന്നത്.പസിഫിക് മുതൽ ബാൾട്ടിക് വരെ അതിൻറെ അധീനതയിൽ ആയിരുന്നു.
|
നോവൽ,ആദ്യ പതിപ്പ് |
നോവലിലെ കഥാപാത്രങ്ങൾ അതൃപ്തരായിരുന്നു.ജോലിയിൽ അർത്ഥമോ വിശ്വാസമോ ഇല്ല.രാജ്യം മുഴുവൻ ഈ ജീർണത നിറഞ്ഞിരിക്കുന്നു.ഈ ഘട്ടത്തിൽ,മൂർത്തി ബിങ് ഗുളികകളുമായി നാടോടികൾ നഗരങ്ങളിൽ വാണിഭത്തിന് എത്തുന്നു.ഒരു ജീവ തത്വം ജൈവികമായി വിനിമയം ചെയ്യുന്നതിൽ വിജയിച്ച മംഗോളിയൻ ചിന്തകനാണ് ,മൂർത്തി ബിങ്.ചൈന -മംഗോളിയ പട്ടാളത്തിൻറെ ശക്തി ജൈവ തത്വം സാന്ദ്രീകരിച്ച ഈ ഗുളികകൾ ആയിരുന്നു.ഗുളിക കഴിച്ചവൻ ആകെ മാറും.ശാന്തൻ,സന്തുഷ്ടൻ.അതുവരെ പ്രശ്നമായി കരുതിയതെല്ലാം അപ്രസക്തം.ആകുലരെ നോക്കി അയാൾ ചിരിച്ചു.അപരിഹാര്യമായ അസ്തിത്വ പ്രശ്നങ്ങളെയാണ് ഇത് കൂടുതലും ബാധിച്ചത്.ഗുളിക കഴിച്ചവന് ഇത് തീരെയില്ല.ആത്മീയ ദാഹത്താൽ രൂപം അന്വേഷിച്ച കല അസംബന്ധമായി.അവന് ചൈന -മംഗോളിയ സൈന്യം അവൻറെ നാഗരികതയുടെ ദുരന്തമല്ല.സഹജീവികൾക്കിടയിൽ അവൻ ജീവിച്ചത് ഭ്രാന്തിനിടയിലെ ആരോഗ്യവാനെപ്പോലെയാണ്.കൂടുതൽ ആളുകൾ ഗുളിക തിന്നു.അവരുടെ ശാന്തത,ചുറ്റുപാടിലെ ആകുലതയിൽ നിന്ന് വേറിട്ട് നിന്നു.
യുദ്ധം വന്നപ്പോൾ,കിഴക്കൻ പട്ടാളവും പടിഞ്ഞാറൻ പട്ടാളവും അഭിമുഖം വന്നു.നിർണായക നിമിഷത്തിൽ,വലിയ പോരാട്ടത്തിനു മുൻപ്,പടിഞ്ഞാറൻ പട്ടാള മേധാവി കിഴക്കിന് കീഴടങ്ങി.ആദരവോടെ അയാളുടെ തല വെട്ടി.കിഴക്കൻ പട്ടാളത്തിന് കീഴിൽ പുതിയ ജീവിതം,മൂർത്തി ബിങിസം ആരംഭിച്ചു.ഒരിക്കൽ താത്വിക അതൃപ്തി വലയം ചെയ്‌ത നോവലിലെ നായകർ പുതിയ സമൂഹത്തിൻറെ സേവനത്തിൽ ചേർന്നു.മുൻ കാലത്തെ അപസ്വര സംഗീതത്തിന് പകരം,അവർ പടപ്പാട്ടുകളും സ്തോത്രങ്ങളും പാടി.അമൂർത്ത ചിത്രങ്ങൾക്ക് പകരം,സാമൂഹിക പ്രയോജനമുള്ള ചിത്രങ്ങൾ വരച്ചു.മുൻ വ്യക്തിത്വം പാടെ മാറ്റാൻ ആകാത്തതിനാൽ,അവർ ഇരട്ട വ്യക്തിത്വം ഉള്ളവർ,ഷിസോഫ്രീനിയ ബാധിതർ ആയി.
|
സെൽഫ് പോർട്രെയ്റ്റ്,1938 |
നോവൽ ഇത്രയുമാണ് മിലോസ് പറഞ്ഞിട്ടുള്ളത്.നോവലിസ്റ്റ് വിറ്റ്കീവിസ് ,മതം,തത്വ ചിന്ത,കല എന്നിവ അവയുടെ അന്ത്യ കാലത്താണ് എന്ന് പലപ്പോഴും വിശ്വസിച്ചിരുന്നു.അവയില്ലാത്ത ജീവിതം പാഴാണെന്നും കരുതി.1939 സെപ്റ്റംബർ 17 ന് റെഡ് ആർമി പോളണ്ടിന്റെ കിഴക്കൻ അതിർത്തി കടന്നു എന്ന് കേട്ടപ്പോൾ ഉറക്ക ഗുളിക കഴിച്ച ശേഷം,കൈത്തണ്ട മുറിച്ച് ജീവനൊടുക്കി.
പോളണ്ടുമായി അതിർത്തി പങ്കിടുന്ന രാജ്യം ആയിരുന്നു,സോവിയറ്റ് യൂണിയൻ.പടിഞ്ഞാറു നിന്ന് ജർമനി ആക്രമിച്ച് പതിനാറാം ദിവസം,സെപ്റ്റംബർ 17 ന് കിഴക്കു നിന്ന് സോവിയറ്റ് യൂണിയൻ ആക്രമിക്കുകയായിരുന്നു.1939 ഓഗസ്റ്റ് 23 ന് ഉണ്ടായ മൊളോട്ടോവ് -റിബ്ബൺടോപ് സന്ധി പ്രകാരം,ജർമനി രഹസ്യമായി പോളണ്ട് കീഴടക്കാൻ അനുമതി നൽകുകയായിരുന്നു.ഔപചാരിക യുദ്ധപ്രഖ്യാപനം ഉണ്ടായില്ല.20 ദിവസം കഴിഞ്ഞ്,പോളണ്ടിനെ ഇരുവശത്തു നിന്നും വിഭജിച്ച് ഒക്ടോബർ ആറിന് ആക്രമണം നിർത്തി.320000 പോളണ്ടുകാരെ റെഡ് ആർമി തടവിലാക്കി.നവംബറിൽ,കീഴടക്കിയ പോളിഷ് ഭൂവിഭാഗം സോവിയറ്റ് യൂണിയൻ കൂട്ടിച്ചേർത്തു.ഒന്നേകാൽ കോടി പോളണ്ടുകാർ സോവിയറ്റ് പ്രജകളായി.പോളിഷ് പട്ടാള ഓഫിസർമാർ,പോലീസുകാർ,പുരോഹിതർ തുടങ്ങിയവരെ കൊന്നൊടുക്കി.1939 -1941 ൽ സൈബീരിയയിലേക്കും മറ്റും ആയിരക്കണക്കിന് പോളണ്ടുകാരെ നാട് കടത്തി.ഇന്നത്തെ യുക്രൈൻ,ബെലാറസ് രാജ്യങ്ങളിലേക്കാണ്,കിഴക്കൻ പോളണ്ട് അന്ന് കൂട്ടി ചേർത്തത്.രണ്ടാം ലോകയുദ്ധം തുടങ്ങിയത് ജർമനി പോളണ്ടിനെ ആക്രമിച്ചു കൊണ്ടായിരുന്നു.അതിൻറെ അവസാനം,1945 ഓഗസ്റ്റ് 16 ന് സോവിയറ്റ് യൂണിയൻ പോളണ്ടിൽ കമ്മ്യൂണിസ്റ്റ് പാവ സർക്കാരിനെ വാഴിച്ചു.സ്റ്റാലിനിസ്റ്റ് ബോലെസ്‍ലാവ് ബൈറൂത് പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമായി.പിന്നാലെ വ്‌ളാദിസ്ലാവ് ഗോമുൽക്ക വന്നു.
|
സോഫിയ റോമർ,1935 |
ലെനിൻ 1917 ൽ വിപ്ലവം എന്ന് പറയപ്പെടുന്ന അട്ടിമറി വഴി അധികാരം പിടിച്ച ശേഷം പോളണ്ടിനെ ആക്രമിച്ച് തോറ്റിരുന്നു;ഇതിന് സ്റ്റാലിൻ പക വീട്ടിയതായിരുന്നു,1939 ലെ അധിനിവേശം.
1919 ഫെബ്രുവരി മുതൽ 1921 മാർച്ച് വരെയായിരുന്നു,റഷ്യ തോറ്റ പോളണ്ടുമായുള്ള യുദ്ധം.രണ്ടാം പോളിഷ് റിപ്പബ്ലിക്കും യുക്രേനിയൻ റിപ്പബ്ലിക്കും പ്രോട്ടോ സോവിയറ്റ് യൂണിയനും തമ്മിൽ,ഇന്നത്തെ പശ്ചിമ യുക്രൈൻ,ബെലാറസ് പ്രദേശങ്ങൾക്ക് വേണ്ടി ആയിരുന്നു,യുദ്ധം.സോവിയറ്റ് റഷ്യയും സോവിയറ്റ് യുക്രൈനും ചേർന്നതാണ്,പ്രോട്ടോ സോവിയറ്റ യൂണിയൻ.
വിപ്ലവകാരിയായ പോളണ്ട് ഭരണത്തലവൻ ജോസഫ് പിൽസുഡ്സ്‌കി,പോളണ്ടിന്റെ നേതൃത്വത്തിൽ മധ്യ,പൂർവ യൂറോപ്യൻ സാമ്രാജ്യത്തിനായി,പോളണ്ടിന്റെ അതിർത്തികൾ വികസിപ്പിക്കാൻ ഒരുമ്പെട്ടു.പോളണ്ടിനെ ജർമനിക്കുള്ള പാലമാക്കി റഷ്യൻ സാമ്രാജ്യ സ്ഥാപനമായിരുന്നു,ലെനിൻറെ ലക്ഷ്യം.1919 ൽ പോളണ്ട് പശ്ചിമ യുക്രൈനും 1920 ഏപ്രിലിൽ കീവും പിടിച്ചു.റഷ്യൻ സേന പോളിഷ് സൈന്യത്തെ വാഴ്‌സയിലേക്ക് ഓടിച്ചു.വാഴ്സ യുദ്ധത്തിൽ പോളണ്ട് ജയിച്ചു.1920 ഒക്ടോബറിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു.1921 മാർച്ച് 18 ന് ഒപ്പിട്ട റിഗ സന്ധി പ്രകാരം,പോളണ്ടിന് അതിനു കിഴക്കുള്ള 200 കിലോമീറ്റർ പ്രദേശം അധികം കിട്ടി.പോളണ്ടിന്റെ വിജയം,റഷ്യൻ സ്വാധീനം ജർമനിയിലും ഹംഗറിയിലും റൊമാനിയയിലും വ്യാപിക്കാതെ കാത്തു.1989 ൽ പോളണ്ടിന്റെ ഭരണത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകൾ പുറത്താകും വരെ,ഈ യുദ്ധം പാഠപുസ്തകങ്ങളിൽ വന്നില്ല.ആരെങ്കിലും പ്രശ്‍നം ഉയർത്തിയാൽ,യുദ്ധത്തിന് കാരണം,'വിദേശ ഇടപെടൽ ' ആണെന്ന് പറഞ്ഞു പോന്നു.രണ്ടു രാജ്യങ്ങളെക്കൊണ്ടും ഇത് പറയിച്ചത്,കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്നു.മാർക്‌സിസം,സാമ്രാജ്യത്വത്തിന് ഇന്ധനമാകും എന്ന് ഗുണപാഠം.പിൽക്കാലത്ത് സോവിയറ്റ് ടാങ്കുകൾ കമ്മ്യൂണിസ്റ്റ് ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും കയറി.
|
Multiple Self Portrait in Mirrors 1915 -1917 |
തിന്മ നിറഞ്ഞ ഈ അധിനിവേശ പ്രത്യയ ശാസ്ത്രത്തെയാണ് വിറ്റ്കീവിസ് ആത്മഹത്യയ്ക്ക് മുൻപ് എഴുതിയ നോവലിൽ പൊളിച്ചു കാട്ടിയത്.വാഴ്സയിൽ ചിത്രകാരനായ വിമർശകന്റെ മകനായി ജനിച്ച വിറ്റ്കീവിസ് ( 1885 -1939 ) വിറ്റ് കേസി എന്നാണ് അറിയപ്പെട്ടത്.മാതാപിതാക്കൾ ഇന്നത്തെ ലിത്വാനിയയിൽ നിന്നായിരുന്നു.ആറാം വയസിൽ പിയാനോ വായിക്കാൻ തുടങ്ങി .എട്ടാം വയസിൽ,പാറ്റകൾ എന്ന കഥ സ്വന്തം ചെറിയ പ്രസിൽ അച്ചടിച്ചു .വീട്ടിലിരുത്തി പഠിപ്പിച്ച പിതാവിൻറെ ആഗ്രഹത്തിന് വിരുദ്ധമായി ക്രാക്കോവ് ഫൈൻ ആർട്സ് അക്കാദമിയിൽ പഠിച്ചു.വലിയ ചിത്രകാരന്മാരായ ജോസഫ് മെഹ്‌റോഫർ,ജാൻ സ്റ്റാനിസ്ലാവ്സ്കി എന്നിവർ സഹപാഠികൾ ആയിരുന്നു.പോളിഷ് സംഗീതജ്ഞൻ കരോൾ സിമനോവ്സ്കി സുഹൃത്തായിരുന്നു .ബാല്യം മുതൽ നരവംശ ശാസ്ത്രജ്ഞൻ ബ്രോനിസ്‌ലാവ് മലിനോവ്‌സ്‌കി,ചിത്രകാരി സോഫിയ റോമർ കൂട്ടുകാരായിരുന്നു .സോഫിയ, മലിനോവ്‌സ്‌കിക്കും വിറ്റ്കീവിസിനും കാമുകി ആയിരുന്നു . 1911 ൽ എഴുതിയ ആദ്യ നോവൽ The 622 Demises of Bungo or The Demonic Woman ൽ നായിക കാമുകിയും നടിയുമായ ഐറീന സോൾസ്‌ക ആയിരുന്നു;നായകൻ ബുംഗൊ,വിറ്റ്കീവിസ് തന്നെ.ഇതിലെ ഡ്യൂക്ക്,മലിനോവ്‌സ്‌കി .ഈ അപൂർണ നോവൽ 1972 ലാണ് പ്രസിദ്ധീകരിച്ചത്.1914 ൽ മറ്റൊരു കാമുകി ജഡ്‍വിഗ ജസ്‌വീസ്‌ക ആത്മഹത്യ ചെയ്‌തത് താൻ കാരണമാണെന്ന് തോന്നി വിഷാദത്തിൽ അകപ്പെട്ടു.ഇക്കാലത്ത്,പാപ്പുവയ്ക്കുള്ള നരവംശ ശാസ്ത്ര യാത്രയിൽ,മലിനോവ്‌സ്‌കി ചിത്രകാരനും ഫോട്ടൊഗ്രഫറുമായി കൂട്ടി .ഒന്നാം ലോകയുദ്ധം യാത്രക്കിടയിൽ വിഘ്നമായി,ഓസ്‌ട്രേലിയയിൽ ഇരുവരും തർക്കിച്ചു പിരിഞ്ഞു .ജനനവശാൽ റഷ്യൻ സാമ്രാജ്യ പ്രജയായ വിറ്റ്കീവിസ് റഷ്യയിൽ പോയി പട്ടാളത്തിൽ ചേർന്നു.പിതാവിൻറെ ആഗ്രഹത്തിന് എതിരായിരുന്നു,ഇത് .1916 ൽ യുദ്ധത്തിൽ പരുക്കേറ്റ അദ്ദേഹം വിപ്ലവം നടക്കുമ്പോൾ സെൻറ് പീറ്റേഴ്‌സ്ബർഗിൽ ഉണ്ടായിരുന്നു.സ്വന്തം റെജിമെന്റിൽ രാഷ്ട്രീയ കമ്മിസാർ ആയി.ടാങ്കുകൾ തീ തുപ്പുമ്പോഴാണ് തനിക്ക് ആശയങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.വിപ്ലവം എന്ന് വാഴ്ത്തപ്പെട്ട ഈ അസംബന്ധമാണ്,അദ്ദേഹത്തിന് അധിനിവേശപ്പെടിയും എഴുതാൻ മറുഭാഷയും നൽകിയത്.
|
ജഡ്‍വിഗ ജസ്‌വീസ്‌ക |
പോളണ്ടിലേക്ക് മടങ്ങി പോർട്രെയ്റ്റുകൾ ചെയ്‌ത് ജീവിച്ചു.ചിത്രകലയെയും നാടകത്തെയും സൈദ്ധാന്തികമായി സമീപിക്കുന്ന ഒരു പുസ്തകം എഴുതി,പുതിയ ഘട്ടത്തിലേക്ക് കടന്നു.1918 നും 1925 നും ഇടയിൽ 40 നാടകങ്ങൾ എഴുതി;21 എണ്ണം അവശേഷിച്ചു.The Crazy Locomotive എന്ന നാടകത്തിൻറെ മൂലരൂപം നഷ്ടമായതിനാൽ,ഫ്രഞ്ച് പരിഭാഷയിൽ നിന്ന് തിരിച്ചു പോളീഷിൽ മൊഴി മാറ്റിയാണ് 1962 ൽ പ്രസിദ്ധീകരിച്ചത്.Insatiability പോളിഷ് ഭാഷയിലെ എണ്ണപ്പെട്ട നോവലാണ്.മയക്കുമരുന്ന് പരീക്ഷണങ്ങളെപ്പറ്റിയും എഴുതി.
|
സെസ്‌ലാവ |
റഷ്യ പോളണ്ടിനെ ആക്രമിച്ചപ്പോൾ,കാമുകി സെസ്ലാവ ഓക് നിൻസ്‌ക യുമൊത്ത്,കിഴക്കൻ അതിർത്തി പട്ടണമായ ജെസോറിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ്,ലൂമിനൽ കഴിച്ച കാമുകി കൈത്തണ്ട മുറിക്കാതെ രക്ഷപ്പെട്ടു.വിറ്റ്കീവിസിനെപ്പറ്റി Mystification എന്ന സിനിമ എടുത്ത ജാസെക് കോപ്രോവിസ് പറയുന്നത്,അദ്ദേഹം ആത്മഹത്യ നടിച്ച് 1968 വരെ രഹസ്യമായി ജീവിച്ചു എന്നാണ് -ആരും ഇത് ഗൗരവമായി കാണുന്നില്ല.ആൽബേർ കാമു ആവിഷ്‌കരിച്ച അസംബന്ധ തലം വിറ്റ്കീവിസിൽ കാണാം;അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.വിറ്റ്കീവിസിൻറെ ജഡം,രണ്ടാം ലോകയുദ്ധ ശേഷം പോളണ്ടിൽ പുനരധിവസിപ്പിച്ചു.സോവിയറ്റ് യൂണിയൻ നൽകിയ ശവപ്പെട്ടി ആരും തുറന്നു നോക്കിയില്ല.1994 ൽ ഇത് തുറന്നപ്പോൾ,ജഡം ഒരു സ്ത്രീയുടേതാണെന്ന് കണ്ടെത്തി.മിലോസ് ചർച്ച ചെയ്‌ത നോവൽ പോലെ,അസംബന്ധം.
വിറ്റ്കീവിസിൻറെ നോവൽ പറഞ്ഞതും അധിനിവേശത്തിൻറെ കഥ ആയതിനാൽ,അത് വരാനിരിക്കുന്ന സത്യത്തെ,ഒരസംബന്ധ പ്രത്യയ ശാസ്ത്രം ജനജീവിതത്തിലെ നന്മകൾ ഊറ്റിക്കളഞ്ഞ ഭീകരതയെ പ്രതീകാത്മകമായി വരച്ചു കാട്ടുകയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.1919 ൽ ലെനിൻ ആക്രമിക്കുമ്പോൾ പോളണ്ട് വിപ്ലവ രാഷ്ട്രം തന്നെ ആയിരുന്നു.വിറ്റ്കീവിസിൽ കാണുന്നതാണ്,രാഷ്ട്രീയ ബോധം;എൻ എസ് മാധവനിൽ കാണുന്നതല്ല.സോവിയറ്റ് പോളണ്ടിൽ നിന്ന് ജീവനും കൊണ്ടോടിയ മിലോസിൽ കാണുന്നതാണ്,രാഷ്ട്രീയ ബോധം;അശോകൻ ഏതെങ്കിലും ചെരിവിൽ കാണുന്നതല്ല.
See
https://hamletram.blogspot.com/2019/07/blog-post_29.html