Sunday 7 July 2019

വിപ്ലവം , സ്വാമി വിവേകാനന്ദൻറെ വീട്ടിൽ

സ്വാമി വിവേകാനന്ദൻറെ അനുജൻറെ വിപ്ലവ പരീക്ഷകൾ 

വിദേശത്ത് പ്രവർത്തിച്ച ഇന്ത്യൻ വിപ്ലവകാരികളുടെ ചരിത്രം പരതുമ്പോഴാണ്,1917 ൽ സ്റ്റോക് ഹോമിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ചാറ്റോയും ഡോ ഭൂപേന്ദ്ര നാഥ് ദത്തും പങ്കെടുത്തിരുന്നു എന്ന് വായിച്ചത്. ചാറ്റോയുടെ വിപ്ലവ ജീവിതം  വായിക്കുകയും,1937 ൽ സ്റ്റാലിൻ അദ്ദേഹത്തെ ഉന്മൂലനം ചെയ്‌തു എന്നറിയുകയും ചെയ്തിരുന്നു.സരോജിനി നായിഡുവിൻറെ അനുജനാണ്,വീരേന്ദ്ര നാഥ് ചതോപാധ്യായ എന്ന ചാറ്റോ.ആരാണ് ഭൂപേന്ദ്രനാഥ് ദത്ത്?
സ്വാമി വിവേകാനന്ദൻറെ സഹോദരനാണ്,ഭൂപേന്ദ്ര നാഥ് ദത്ത്.ഇന്ത്യൻ  മാർക്‌സിസ്റ്റ് ബുദ്ധിജീവികളിൽ,എം എൻ റോയിയെക്കാൾ തലയെടുപ്പ് ഉണ്ടായിരുന്നയാൾ .ചാറ്റോയും ദത്തും  അന്ന് കോമിന്റേണിന്റെ ( കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ ) ആദ്യ ജനറൽ സെക്രട്ടറി അഞ്ചലിക്ക ബലനോവ,രണ്ടാം സെക്രട്ടറി കാൾ റാഡെക്,പാർട്ടിയിലും നയതന്ത്ര വിഭാഗത്തിലും പ്രധാനിയായ കെ എം ട്രോയനോസ്‌കി  എന്നിവരുമായി  പരിചയപ്പെട്ടു.മോസ്‌കോയിൽ നടക്കാൻ പോകുന്ന പൗരസ്ത്യ സെമിനാർ സംഘടിപ്പിക്കാൻ സംസ്കൃതവും തത്വ ചിന്തയും അറിയുന്നയാൾ എന്ന നിലയിൽ  ലാലാ ഹർദയാലിനെ നിർദേശിച്ചു.താൻ ഒരു 'സോഷ്യലിസ്റ്റ്' ആണെന്ന് സ്വാമി വിവേകാനന്ദൻ 1896 നവംബർ ഒന്നിന് വിംബിൾഡണിലെ മേരി ഹെയ്‌ലിന് എഴുതിയ കത്തിൽ പറഞ്ഞിരുന്നു ( Complete Works,Vol 6:381  ):
 I am a socialist not because I think it is a perfect system, but half a loaf is better than no bread.
The other systems have been tried and found wanting. Let this one be tried — if for nothing else, for the novelty of the thing. A redistribution of pain and pleasure is better than always the same persons having pains and pleasures. The sum total of good and evil in the world remains ever the same. The yoke will be lifted from shoulder to shoulder by new systems, that is all.
Let every dog have his day in this miserable world, so that after this experience of so-called happiness they may all come to the Lord and give up this vanity of a world and governments and all other botherations.
റൊട്ടിയില്ലാത്തതിലും നല്ലതാണ് അര റൊട്ടി .1895 സെപ്റ്റംബർ 9 ന്  പാരിസിൽ നിന്ന് അലസിങ്ക പെരുമാളിന് എഴുതിയ കത്തിൽ വിവേകാനന്ദൻ വിശദീകരിച്ചു:
I will have nothing to do with cowards or political nonsense. I do not believe in any politics. God and truth are the only politics in the world, everything else is trash.
രാഷ്ട്രീയ അസംബന്ധവുമായി തനിക്ക് ബന്ധമില്ല .ദൈവവും സത്യവും മാത്രമാണ് രാഷ്ട്രീയം .
വിപ്ലവം വിട്ട് സാമൂഹിക ശാസ്ത്രജ്ഞനും നരവംശ ശാസ്ത്രജ്ഞനും ആയ ആളാണ്,ഭൂപേന്ദ്ര നാഥ് ( 1880 -1961 ).യൗവനത്തിൽ അരബിന്ദോയുടെ വിപ്ലവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു.തീവ്രവാദി സംഘടനയായ യുഗാന്തറിൽ പ്രവർത്തിച്ചു.1907 ൽ അറസ്റ്റിലാകും വരെ യുഗാന്തർ പത്രിക എഡിറ്റർ ആയിരുന്നു.
ഭൂപേന്ദ്ര നാഥ് 
കൊൽക്കത്തയിൽ വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിയുടെയും മകനായി 1880 സെപ്റ്റംബർ നാലിന് ജനിച്ച ഭൂപേന്ദ്രന്,നരേന്ദ്രൻ ( വിവേകാനന്ദൻ ) അല്ലാതെ,മഹേന്ദ്രൻ എന്ന ജ്യേഷ്ഠനും ഉണ്ടായിരുന്നു.കേശവ് ചന്ദ്ര സെനും ദേവേന്ദ്ര നാഥ് ടഗോറും  നേതൃത്വം നൽകിയ ബ്രഹ്മ സമാജത്തിൽ ചരിത്രകാരനും മത പരിഷ്‌കർത്താവുമായ ശിവ് നാഥ് ശാസ്ത്രിയെ പരിചയപ്പെട്ടത് വഴിത്തിരിവായി.ബ്രഹ്മ സമാജം ഭൂപേന്ദ്രൻറെ വിശ്വാസങ്ങളെ മാറ്റി മറിച്ചു.ജാതിരഹിത സമൂഹം,ഏക ദൈവം,അന്ധ വിശ്വാസങ്ങങ്ങൾക്ക് എതിരായ പോരാട്ടം എന്നിവ ബ്രഹ്മ സമാജ ലക്ഷ്യങ്ങൾ ആയിരുന്നു.സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ ഭാഗമാകാൻ പ്രമഥ നാഥ് മിത്ര രൂപം നൽകിയ ബംഗാൾ റവലൂഷനറി സൊസൈറ്റിയിൽ 1902 ൽ ചേർന്നു.നാലു കൊല്ലം കഴിഞ്ഞാണ്,യുഗാന്തർ പത്രികയുടെ സ്ഥാപക പത്രാധിപരാകുന്നത് -അങ്ങനെ അരബിന്ദോ,അദ്ദേഹത്തിൻറെ അനുജനും യുഗാന്തർ സ്ഥാപക നേതാവും പത്ര പ്രവർത്തകനുമായ ബരീന്ദ്ര ഘോഷ്,അഭിനാഷ് ഭട്ടാചാര്യ  എന്നിവരുടെ സൗഹൃദ വലയത്തിലായി.രണ്ടു ലേഖനങ്ങളുടെ പേരിൽ  രാജ്യ ദ്രോഹ കുറ്റത്തിന് 1907 ൽ അറസ്റ്റിലായി,ഒരു കൊല്ലം ജയിലിൽ കിടന്നു.കോടതിയിൽ വിശ്വാസമില്ലാത്തതിനാൽ,കോടതി നടപടികളിൽ സഹകരിച്ചില്ല .ബ്രിട്ടീഷ് ഇന്ത്യയിൽ രേഖപ്പെടുത്തിയ ആദ്യത്തെ നിസ്സഹകരണം ഇതാണ്. 
ബരീന്ദ്ര ഘോഷ് 
മോചനത്തിന് ശേഷം,സിസ്റ്റർ നിവേദിതയുടെ സഹായത്തോടെ,രഹസ്യ വഴിയിൽ അമേരിക്കയിൽ എത്തി കുറച്ചു നാൾ ഇന്ത്യ ഹൗസിൽ തങ്ങി.ബ്രൗൺ സർവകലാശാലയിൽ പഠിച്ച് എം എ നേടി.അമേരിക്കയിൽ ലാലാ ഹർദയാലും കൂട്ടരും സ്ഥാപിച്ച ഗദർ പാർട്ടിയിൽ ചേർന്നാണ്,സോഷ്യലിസം,കമ്മ്യുണിസം എന്നിവ ശ്രദ്ധിച്ചത്.ഒന്നാം ലോകയുദ്ധ കാലത്ത് ജർമനിയിൽ എത്തി വിപ്ലവ പ്രവർത്തനങ്ങളിൽ മുഴുകുകയും,1916 ൽ ബർലിനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി സെക്രട്ടറി ആവുകയും ചെയ്‌തു.ഇൻഡോ -ജർമൻ ഗൂഢാലോചന എന്ന് രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന 1914 -1917 ലെ ഒരു ആസൂത്രണ പരമ്പരയിലെ കണ്ണിയായിരുന്നു,ഇൻഡിപെൻഡൻസ് കമ്മിറ്റി.രണ്ടു വർഷമാണ്,ഭൂപേന്ദ്രൻ അതിൻറെ സെക്രട്ടറി ആയിരുന്നത്.പ്രവാസി വിപ്ലവകാരികൾ ഒന്നാം ലോകയുദ്ധം മുൻ നിർത്തി,ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ നടത്തിയ ശ്രമമായിരുന്നു,അത്.ഇതിൻറെ ഭാഗമായിരുന്നു,അമേരിക്കയിലെ ഗദർ പാർട്ടി.ജർമനിയിൽ ഈ കമ്മിറ്റിയും.ജർമൻ വിദേശ വകുപ്പ്,സാൻ ഫ്രാൻസിസ്കോയിലെ ജർമൻ കോൺസുലേറ്റ്,എന്നിവയ്‌ക്കൊപ്പം,തുർക്കി ഭരണ കൂടവും ഐറിഷ് റിപ്പബ്ലിക്കൻ ആർമിയും ഈ നീക്കത്തെ തുണച്ചു.പഞ്ചാബ് മുതൽ സിംഗപ്പൂർ വരെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കലാപം ഉണ്ടാക്കുകയായിരുന്നു,ഉന്നം.1915 ഫെബ്രുവരിയിൽ നടത്താനിരുന്ന കലാപം,വിവരമറിഞ്ഞ് ബ്രിട്ടീഷ് ഇൻറലിജൻസ് പരാജയപ്പെടുത്തി.ഗദർ പാർട്ടിയിൽ നുഴഞ്ഞു കയറിയാണ്,ഇത് സാധിച്ചത്.1915 ലെ സിംഗപ്പൂർ കലാപം,1909 ലെ യുഗാന്തർ -ജർമൻ പദ്ധതി,കാബൂളിലേക്കുള്ള ജർമൻ ദൗത്യം,ഇന്ത്യയിൽ നടന്ന കൊണാട്ട് റെയ്‌ഞ്ചേഴ്‌സ് കലാപം 1916 ലെ ബ്ലാക് ടോം സ്ഫോടനം,1917 ൽ അമേരിക്കയിലെ ആനി ലാർസൻ ആയുധ പദ്ധതി  തുടങ്ങിയവയൊക്കെ ഇതിൻറെ ഭാഗമായിരുന്നു.അഹിംസ മാത്രമല്ല,ബ്രിട്ടൻറെ സ്വൈരം കെടുത്തിയത്.മൊത്തത്തിൽ ഇത് ഇന്ത്യയിൽ ലഹോർ ഗൂഢാലോചന കേസായും സാൻഫ്രാൻസിസ്‌കോയിൽ ഹിന്ദു -ജർമൻ ഗൂഢാലോചന കേസായും വിചാരണ ചെയ്‌തു.ബ്രിട്ടൻ ഇൻഡ്യാ നയം പരിഷ്‌കരിക്കാൻ ഇത് വഴി വച്ചു.റാഷ് ബിഹാരി ബോസ്,ജതിൻ മുക്കർജി,എം എൻ റോയ്,ശ്യാംജി കൃഷ്ണ വർമ്മ,മാഡം കാമ,ലാലാ ലജ് പത് റായ്,എസ് ആർ റാണെ,ദാദാഭായ് നവറോജി,മദൻലാൽ ദിൻഗ്ര,സവർക്കർ,ചാറ്റോ,എം പി ടി ആചാര്യ,ലാലാ ഹർദയാൽ,മുഹമ്മദ് ബർകത്തുള്ള,എസ് എൽ ജോഷി,ജോർജ് ഫ്രീമാൻ,മൈറോൺ ഫെൽപ്,സോഹൻ സിങ് ബക്ന,താരക് നാഥ് ദാസ്,റാം ചന്ദ്ര ഭരദ്വാജ്,ആർതർ സിമ്മർ മാൻ,മാക്സ് വോൻ ഓപ്പൻഹീം,ഫ്രാൻസ് വോൻ പാപ്പൻ തുടങ്ങി എത്രയോ പേർ പ്രവാസി വിപ്ലവ പ്രസ്ഥാനത്തിൽ പങ്കെടുത്തു.ശ്യാംജി  കൃഷ്ണ വർമ്മ ലണ്ടനിലും ഫെൽപ് മൻഹാട്ടനിലും ഇന്ത്യ ഹൗസ് സ്ഥാപിച്ചു.വിവേകാന്ദൻറെ ആരാധകനായിരുന്നു,ഫെൽപ്.ആ ഇന്ത്യ ഹൗസിലാണ് കുറെ നാൾ അമേരിക്കയിൽ ഭൂപേന്ദ്രൻ താമസിച്ചത്.ബർലിനിൽ ഭൂപേന്ദ്രൻ സെക്രട്ടറി ആയ കമ്മിറ്റിയുടെ ശിൽപികൾ സി ആർ പിള്ളയും വി എൻ ചാറ്റർജിയും ആയിരുന്നു എന്ന് രേഖകളിൽ കാണാം.സി ആർ പിള്ള എന്നാൽ,സാക്ഷാൽ ചെമ്പക രാമൻ പിള്ള.എ രാമൻ പിള്ള,ചെമ്പക രാമൻ പിള്ളയുടെ സഹോദരൻ സി പത്മനാഭൻ പിള്ള എന്നീ മലയാളികളും ഭൂപേന്ദ്രൻറെ സഹപ്രവർത്തകരായിരുന്നു.എ ആർ പിള്ള പിൽക്കാലത്ത് പത്ര പ്രവർത്തകനും പ്രസാധകനുമായി.അഭിനാഷ് ഭട്ടാചാര്യ,ഡോ അബ്ദുൽ ഹാഫിസ്,ഗോപാൽ പരഞജ്പെ എന്നിവരും കമ്മിറ്റിയിൽ ഉണ്ടായിരുന്നു.ശരിക്കും വിപ്ലവകാരികൾ ഈ മലയാളികളാണ്;എന്നാൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവർക്കാണ്,കേരളം ഭരണം കൊടുത്തത്.

ഒന്നാം ലോകായുദ്ധത്തിൽ ജർമനി തോറ്റപ്പോൾ,ബർലിൻ കമ്മിറ്റി പിരിച്ചു വിട്ടു.1919 ൽ മെക്‌സിക്കോയിൽ നിന്ന് സമ്പന്നനായി എം എൻ റോയ് ആദ്യമായി ബർലിനിൽ എത്തി.ഇന്ത്യൻ വിപ്ലവകാരികളിൽ ഭൂപേന്ദ്രൻ മാത്രമേ ശേഷിച്ചിരുന്നുള്ളു.റോയ് ഭൂപേന്ദ്രനെ കണ്ടപ്പോൾ,റോയിയുടെ ഇതുവരെയുള്ള പ്രവർത്തനത്തെപ്പറ്റി ഒരു റിപ്പോർട്ട് ആവശ്യപ്പെട്ടു.ഇന്ത്യൻ വിപ്ലവകാരികൾക്കായി ജർമനി റോയിയെ ഏൽപിച്ച വൻ തുകയെപ്പറ്റി അക്കൗണ്ടും ചോദിച്ചു.റോയ് വഴങ്ങിയില്ല.വ്യക്തിപരമായി കിട്ടിയതാണ് പണമെന്നും അതിൻറെ വിവരം ജർമനിയെ ബോധിപ്പിച്ചാൽ മതിയെന്നും റോയ് വാദിച്ചു.
ലെനിൻ -അവസാന ചിത്രം 
കോമിന്റേണിൽ അംഗമാകാൻ 1921 ൽ ഭൂപേന്ദ്രൻ മോസ്‌കോയ്ക്ക് പോയപ്പോൾ അവിടെ എം എൻ റോയിയും ബീരേന്ദ്ര നാഥ് ദാസ് ഗുപ്‌തയും എത്തിയിരുന്നു.സത്യസന്ധരായ വിപ്ലവകാരികൾ അന്ന് ചെയ്തിരുന്നത് പോലെ,ഭൂപേന്ദ്രനും എം എൻ റോയിയുമായി തെറ്റി.ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി ഭൂപേന്ദ്രൻ രണ്ടാം കോമിന്റേൺ കോൺഗ്രസിന്  ഒരു സിദ്ധാന്തം   കൈമാറി.ദേശീയ,കൊളോണിയൽ പ്രശ്നങ്ങളെ സംബന്ധിച്ചായിരുന്നു,രണ്ടാം കോമിന്റേൺ കോൺഗ്രസിന് ഭൂപേന്ദ്രൻറെ സിദ്ധാന്തം.കൊളോണിയൽ പ്രശ്നത്തിൽ താൻ പറഞ്ഞത് എടുത്താൽ മതി എന്ന് ലെനിൻ മറുപടി നൽകി.
ചാറ്റോയുടെ  നേതൃത്വത്തിൽ ഭൂപേന്ദ്രനാഥ് അടങ്ങിയ 14 അംഗ സംഘം 1921 ഏപ്രിലിലാണ് മോസ്‌കോയിൽ കോമിന്റേൺ രണ്ടാം കോൺഗ്രസിന് എത്തിയത്.ഈ സംഘം സംഘടിതമായ കാഴ്ചപ്പാടോടെ അല്ല എത്തിയത്.രണ്ട് ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നു:ഇന്ത്യയിലെ കമ്യുണിസ്‌റ്റ് പ്രസ്ഥാനത്തിൻറെ നേതൃത്വം തങ്ങളിൽ ആവുക,റോയ് വൃന്ദത്തിൻറെ വിഭാഗീയതക്കെതിരെ പോരാടുക.റോയ് സംഘവുമായി ബർലിൻ സംഘം ഇരുന്നപ്പോൾ,പരസ്‌പരം ചെളി വാരിയെറിയൽ ആണുണ്ടായത്.കോമിന്റേൺ ഭിന്നത തീർക്കാൻ ഡച്ച് സൈന്താന്തികൻ സെബാൾഡ്  ററ്റ്‌ഗേഴ്സിന്റെ നേതൃത്വത്തിൽ കമ്മീഷനെ വച്ചു.അതിൽ റോയിയുടെ മോസ്‌കോ രക്ഷകൻ മിഖയിൽ ബൊറോഡിൻ ഉണ്ടായിരുന്നു.വിപ്ലവത്തിന് മുൻപ് അമേരിക്കയിലേക്ക് പലായനം ചെയ്‌ത്‌,വാൾ പരൈസോ സർവകലാശാലയിൽ പഠിച്ച് ഷിക്കാഗോയിൽ സ്‌കൂൾ തുടങ്ങിയ ബൊറോഡിൻ,അന്ന് ലെനിൻ നിയമിച്ച കോമിന്റേൺ ഏജൻറ് ആയിരുന്നു .തന്നെ നേതാവായി അംഗീകരിക്കാതെ അംഗങ്ങളെ കമ്മീഷൻ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിക്കുന്നതിൽ പ്രതിഷേധിച്ച് ചാറ്റോ ഇറങ്ങിപ്പോയി.കമ്മീഷൻ പിരിച്ചു വിട്ടു.വീണ്ടും ജെയിംസ് ബെല്ലിൻറെ നേതൃത്വത്തിൽ വന്ന കമ്മീഷനിലും ബൊറോഡിനെ കണ്ട്,ചാറ്റോ ഇറങ്ങിപ്പോയി.അന്ന് ചാറ്റോയ്‌ക്കൊപ്പം ആരുമില്ലാത്തതിനാൽ റോയ് ജയിച്ചു.ഈ കമ്മീഷന് മുന്നിൽ മൂന്ന് സിദ്ധാന്തങ്ങൾ ചർച്ചയ്ക്ക് വന്നു:ഒന്ന് റോയ് എഴുതിയത്.രണ്ട്,ചാറ്റോ,ഗുലാം ലുഹാനി,പാണ്ഡു രംഗ് കാൻഖോജെ എന്നിവർ തയ്യാറാക്കിയത്.മൂന്ന് ഭൂപേന്ദ്രന്റേത്.റോയിയുടേതുമായി സാമ്യമുള്ളതായിരുന്നു,ഭൂപേന്ദ്രന്റേത്.ഇന്ത്യ വിദേശ ആധിപത്യത്തിൽ ആയതിനാൽ,വർഗങ്ങൾ എല്ലാം ചേർന്ന് സംയുക്തമായി വിപ്ലവം നടത്തണം.ഭൂപേന്ദ്രൻ മാർക്സിന്റെ Civil War in France ഉദ്ധരിച്ചു.രാഷ്ട്രീയ വിപ്ലവം കഴിഞ്ഞാൽ,സോഷ്യലിസ്റ്റ് വിപ്ലവം നടത്താൻ ആദ്യമേ കമ്മ്യുണിസ്റ്റ് പാർട്ടി വേണമെന്ന് ഭൂപേന്ദ്രൻ നിർദേശിച്ചു.കമ്മീഷൻ രണ്ടു ദിവസം ചർച്ച ചെയ്‌ത്‌,ചാറ്റോയുടെയും ഭൂപേന്ദ്രൻ്റെയും സിദ്ധാന്തങ്ങൾ തള്ളി.ലെനിനെ കാണണം എന്ന ബർലിൻ സംഘത്തിൻറെ ആഗ്രഹം നടന്നില്ല.മടങ്ങുമ്പോൾ റോയിയെ കണ്ട് യാത്ര പറയാൻ ഭൂപേന്ദ്രൻ ചെന്നു.വിജയിയായി കാണപ്പെട്ട റോയ് ഭൂപേന്ദ്രനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.പരിഹാസത്തോടെ റോയ് പറഞ്ഞു:"എൻറെ വിജയത്തിൽ സങ്കടപ്പെടേണ്ട;ഇവിടെ താമസിച്ച് ജോലി ചെയ്യൂ"
"നിങ്ങൾ ജയിക്കുകയോ,ഞാൻ തോൽക്കുകയോ ചെയ്തിട്ടില്ല",ഭൂപേന്ദ്രൻ തിരിച്ചടിച്ചു,"നിങ്ങൾ ഇവിടെ പടികൾ കയറുക;ഞാൻ വേറെ എവിടെയെങ്കിലും കയറിക്കോളാം".
എം എൻ റോയ് 
ബർലിനിൽ തിരിച്ചെത്തി ഭൂപേന്ദ്രൻ, ചാറ്റോയുമായുള്ള ബന്ധം വിച്ഛേദിച്ച്,അമേരിക്കയിൽ നിന്നെത്തിയ മൗലവി ബർകത്തുള്ളയുമായി ചേർന്നു.ചാറ്റോയുടെ സംഘം ചിതറി.അദ്ദേഹം ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.ബർകത്തുള്ള അമേരിക്കയ്ക്ക് മടങ്ങി.
1923 ൽ ഹാംബർഗ് സർവകലാശാലയിൽ നിന്നായിരുന്നു,നര വംശ ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ്.ഇന്ത്യൻ ന്യൂസ് ആൻഡ് ഇൻഫർമേഷൻ ബ്യുറോ തുറന്നു .തിരിച്ച് ഇന്ത്യയിൽ എത്തി,ട്രേഡ് യൂണിയൻ,കിസാൻ സഭാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്  കോൺഗ്രസിൽ ചേർന്നതോടെ,വിപ്ലവത്തിന് തിരശീല വീണു.1926 ഡിസംബർ 26 -28 ൽ ഗൗഹാട്ടിക്ക് അടുത്ത പാണ്ഡുവിൽ ചേർന്ന നാൽപ്പത്തൊന്നാം കോൺഗ്രസ് സമ്മേളനത്തിൽ ഭൂപേന്ദ്രൻ നടത്തിയത്,കമ്മ്യൂണിസ്റ്റ് പ്രസംഗം തന്നെയായിരുന്നു.റോയ് The Future of Indian Politics എന്ന മാനിഫെസ്റ്റോ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി സമ്മേളനത്തിൽ വിതരണം ചെയ്തത് ആരും ശ്രദ്ധിച്ചില്ല.ഭൂപേന്ദ്രൻ നടത്തിയ പ്രസംഗം,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണർവേകി.കോൺഗ്രസ് ജീർണിച്ച സംഘടനയാണെന്ന് ഭൂപേന്ദ്രൻ വിമർശിച്ചു.റോയ് ഭൂപേന്ദ്രനെ അഭിനന്ദിച്ചു.ഭൂപേന്ദ്രൻ ഒരിക്കലും പാർട്ടിയിൽ ചേർന്നില്ല.
ഭൂപേന്ദ്രൻ എഴുതിയ രണ്ടു  പുസ്തകങ്ങളിൽ അൻപതുകളിൽ  വീണ്ടും കമ്മ്യൂണിസ്റ്റ് നിഴൽ  പ്രത്യക്ഷപ്പെട്ടു-Dialectics of Indian Ritualism ( 1950 ),Dialectics of Land Economics of India ( 1952 ) എന്നീ പുസ്തകങ്ങൾ .വിവേകാന്ദനെപ്പറ്റിയും പുസ്തകം എഴുതി-Swami Vivekananda:Patriot -Prophet,1954.കോമിന്റേൺ ആർകൈവുകൾ തുറന്നതോടെ,ഭൂപേന്ദ്രനും മറ്റും പണ്ട് നൽകിയ രേഖകൾ വെളിച്ചം കണ്ടു-Indo -Russia Relations 1917 -1947:Select Documents From the Archives of the Russian Federation,The Asiatic Society,Calcutta,1999.ലെനിന് കൈമാറിയ സിദ്ധാന്തത്തെ 1952 ലെ പുസ്തകത്തിൽ ഭൂപേന്ദ്രൻ പരാമർശിക്കുന്നു.ഇത് Lenin:Colleced Works Volume 45 ലും വരുന്നുണ്ട്.ഭൂപേന്ദ്രൻ നൽകിയ സിദ്ധാന്തത്തിന് ലെനിൻ 1921 ഓഗസ്റ്റ് 26 ന് ഇങ്ങനെ മറുപടി നൽകി:
Dear Comrade Datta,
I have read your thesis. We should not discuss about the social classes. I think we should abide by my thesis on colonial question. Gather statistical facts about, Peasant leagues if they exist in India.
Yours... 
                                                  V. Ulyanov (Lenin)

ഈ മറുപടി എന്തിനായിരുന്നു എന്ന് അതിൽ ഇങ്ങനെ വിശദീകരിക്കുന്നു:
Written by Lenin in reply to the thesis on the national liberation movement in India sent to him by the progressive Indian political leader Bhupendra Nath Datta, who later wrote that Lenin’s letter “came as a revelation to the writer. That the ‘peasant movement’ is of importance for the movement for national freedom has never struck a national-revolutionary. Sentimentalism is the backbone of nationalism. The middle class considers itself to be the representative of the nation and sees every movement in that perspective. Hence, the instruction of Lenin not to discuss the social classes but to get interested in peasant movement set the writer athinking. It changed his Anschauung regarding the means and methods of Indian fight for freedom” (Bhupendranath Datta, Dialectics of Land-Economics of India, Calcutta, p. III).
In his letter to Datta, Lenin mentioned his theses on the national and colonial questions for the Second Congress of the Communist International (see present edition,Vol. 31, pp. 144–51).

ലെനിൻറെ  മറുപടി വലിയ വെളിച്ചം നൽകിയെന്ന് ഭൂപേന്ദ്രന് തോന്നി.ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ കാർഷിക പ്രസ്ഥാനം നിർണായകമാണെന്ന് ഭൂപേന്ദ്രൻ കണ്ടില്ല.ദേശീയതയുടെ നട്ടെല്ലാണ് ,മനുഷ്യ   വികാരം.മധ്യവർഗം രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു എന്ന് സ്വയം കരുതുന്നു.അതിനാൽ,സാമൂഹിക വര്ഗങ്ങളെ മറന്ന് കാർഷിക പ്രസ്ഥാനത്തിൽ ശ്രദ്ധിക്കാൻ ലെനിൻ പറഞ്ഞത്,ഭൂപേന്ദ്രനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചു.
ഇതിൽ പിന്നീട് ഭൂപേന്ദ്രൻ ഉറച്ചു നിന്നില്ല എന്നാണ്,കോൺഗ്രസിലേക്കുള്ള യാത്രയിൽ നിന്ന് വ്യക്തമായത്.വിവേകാന്ദൻ വീട്ടിലുള്ളപ്പോൾ,വേറെ വിപ്ലവം എന്തിന് ?

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...