Sunday, 14 July 2019

സുഹാസിനിയെ നമ്പ്യാർ വഞ്ചിച്ചു

ആദ്യ കമ്മ്യൂണിസ്റ്റ് വനിതയെ മലയാളി വഞ്ചിച്ച കഥ 

നാണുവിന് സുഹാസിനിയെ പരിചയപ്പെടുത്തിയത് ജ്യേഷ്ഠൻ മാധവൻ നമ്പ്യാരായിരുന്നു.ഇത് 1915 ൽ ആയിരിക്കണം .സരോജിനി നായിഡുവിൻറെ സഹോദരിയായ സുഹാസിനി അന്ന് ചേച്ചി മൃണാളിനിയുടെ മദ്രാസിലെ വസതിയിലായിരുന്നു.മൃണാളിനിയെ മാധവന് കേംബ്രിഡ്‌ജിൽ പഠിക്കുന്ന കാലം മുതൽ പരിചയമായിരുന്നു.ഇന്ത്യൻ വിദ്യാഭ്യാസ സർവീസിൽ വിദ്യാഭ്യാസ ഡയറക്‌ടർ ആയിരുന്നു ,മാധവൻ.തലശ്ശേരിയിൽ സ്‌കൂൾ കഴിഞ്ഞ് നാണു എന്ന എ സി നാരായണൻ നമ്പ്യാർ,വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഇളയ മകൻ ,മദ്രാസ് പ്രസിഡൻസി കോളജിൽ ചേർന്നു.അഞ്ചു കൊല്ലം കഴിഞ്ഞ് ലോ കോളജിൽ പഠിക്കുമ്പോൾ ഹിന്ദു പത്രത്തിൽ ഏതാനും മാസം അപ്രന്റീസ് ആയിരുന്നു.ഒരു വക്കീലിൻറെ ജൂനിയർ ആകാനുള്ള മോഹം തകർത്തു കളഞ്ഞത്,സുഹാസിനിയുമായുള്ള പ്രണയമാണ്.
സുഹാസിനി ( 1928 )
ചേട്ടൻ മാധവനുമായുള്ള ബന്ധം വഷളായി.ചേട്ടനുമായുള്ള ബന്ധം മുൻപും നന്നായിരുന്നില്ല.അച്ഛൻ ചേട്ടനെ ഓമനിച്ചിരുന്നതാണ്.കാരണം.മിടുക്കനായ മാധവനെ ടഗോർ തന്നെ പ്രശംസിച്ചിരുന്നു.നെഹ്രുവിനും മാധവനെ അറിയാമായിരുന്നു.1929 ൽ തറവാട് ഭാഗം വയ്ക്കുമ്പോൾ,ബ്രിട്ടനെ തുരത്താൻ ബർലിനിൽ പ്രവർത്തിക്കുന്ന നാണുവുമായുള്ള ബന്ധം മാധവൻ വിച്ഛേദിക്കുന്നതായി,രേഖപ്പെടുത്തുകയും ചെയ്‌തു.ഇത്ര വരെ ബന്ധം വഷളായതിനു പിന്നിൽ സുഹാസിനിയുമായുള്ള പ്രണയം തന്നെയായിരുന്നു.ഇരുവരും തമ്മിൽ ചൂട് പിടിച്ച തർക്കമുണ്ടായി.നാണു താമസിച്ചിരുന്നത് മാധവൻറെ വീട്ടിലാണെന്ന് പ്രത്യേകം പറയേണ്ടതില്ല.ബന്ധം അവസാനിപ്പിക്കാൻ മാധവൻ ആവശ്യപ്പെട്ടു.നാണു വീട്ടിൽ നിന്നിറങ്ങി. തർക്കം,പ്രണയത്തെ ശക്തമാക്കി.വീട്ടിൽ നിന്നിറങ്ങിയ നാണു പലയിടങ്ങളിൽ ജോലിക്ക് ശ്രമിച്ചു.മുംബൈയിൽ ബുക്ക് ഷോപ് മാനേജർ ആയി.അത് പറ്റാതെ മടങ്ങുമ്പോൾ ഹൈദരാബാദിൽ സുഹാസിനിയുടെ വീട്ടിൽ പോയി.മുഖ്യമന്ത്രി മഹാരാജാ കിഷൻ പ്രസാദിൻറെ സെക്രട്ടറി പോലെ നിരവധി ജോലികൾ നോക്കി.മനസ്സിൽ സുഹാസിനി നിറഞ്ഞ് മദ്രാസിൽ എത്തിയപ്പോൾ ഒന്നും ശരിയായില്ല.മനസ്സ് ആകുലമായ ഈ അവസ്ഥയിൽ സുഹാസിനിയെ വിവാഹം ചെയ്യാൻ ചങ്കൂറ്റം കാട്ടി.അച്ഛൻ 1914 ൽ മരിച്ചിരുന്നു.ആരോടും ചോദിക്കേണ്ടിയിരുന്നില്ല.മകനെ അന്വേഷിക്കാതെ അമ്മ 1925 ൽ കടന്നു പോയി.
നാണു 
ശ ങ്കരയ്യർ എന്ന സുഹൃത്ത് 1919 ൽ നാണുവിന് ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് പണം മുടക്കി.സുഹാസിനിയെ മദ്രാസിൽ വിട്ടായിരുന്നു,യാത്ര.അവർക്ക് പഠനം ബാക്കി ആയിരുന്നു.ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്ന നാണു,അധ്യാപകരെ വാർത്തെടുക്കുന്ന ലണ്ടൻ ഡേ ട്രെയിനിംഗ് കോളജിലേക്ക് മാറി.സവർക്കർ,സുഹാസിനിയുടെ സഹോദരൻ വീരേന്ദ്രനാഥ് ചതോപാധ്യായ (ചാറ്റോ),ലാലാ ഹർദയാൽ എന്നിവരുടെ പ്രഭാഷണങ്ങൾ കേട്ടു.മൂന്നു കൊല്ലം കഴിഞ്ഞ് മടങ്ങിയ നാണു മദ്രാസിൽ എത്തി മാധവനെ വിളിച്ചു.അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല;ഏഴു വർഷം മുൻപാണ് വീട് വിട്ടിറങ്ങിയത്.1930 ൽ ബർലിനിൽ എത്തി മാധവൻ നാണുവിനെ കണ്ടു.ഇക്കുറി നാണു ലണ്ടനിലേക്ക് മടങ്ങും മുൻപ് സുഹാസിനി ( 1901 -1973 )അവിടെ എത്തിയിരുന്നു.അവർ ഒന്നിച്ച് ഫ്ലാറ്റിൽ താമസിച്ചു.പഠിക്കുന്ന സുഹാസിനിയും രാഷ്ട്രീയത്തിൽ മുഴുകി.മദ്രാസിൽ ശങ്കരയ്യർ നടത്തുന്ന കമ്പനിയുടെ ലണ്ടൻ പ്രതിനിധിയായിരുന്നു,നമ്പ്യാർ.കമ്പനി പൊളിഞ്ഞ് നമ്പ്യാർക്ക് ജോലി പോയി.ഈ ഘട്ടത്തിൽ സന്ദർശകൻ ആയി എത്തിയ സരോജിനി നായിഡുവിൻറെ മകൻ ജയസൂര്യ,നമ്പ്യാരെയും സുഹാസിനിയെയും ബർലിനിൽ ഭാഗ്യം പരീക്ഷിക്കാൻ ക്ഷണിച്ചു.അവിടെ മെഡിസിന് പഠിക്കുകയായിരുന്നു,അയാൾ.1924 ൽ അവർ അവിടെ എത്തി.ഇൻഡോ ജർമൻ കൊമേർഷ്യൽ റിവ്യൂ പ്രസിദ്ധീകരിക്കുന്ന ഹിന്ദുസ്ഥാൻ ഹൗസിൽ നമ്പ്യാർ ചേർന്നു.അത് പൂട്ടേണ്ടി വന്നു.ചാറ്റോയുടെ കൂടെ Industrial and Trade Review for India എന്ന പ്രസിദ്ധീകരണം നടത്തി അതും പൂട്ടി.ഹിന്ദു വിൽ നിന്ന് ജർമൻ കത്ത് എഴുതാനുള്ള ക്ഷണം രക്ഷപ്പെടുത്തി.ബർലിൻ സർവകലാശാലയിൽ സുഹാസിനി ഇംഗ്ലീഷ് പഠിപ്പിച്ചു.
അതിസുന്ദരിയായിരുന്നു സുഹാസിനി എന്ന് അമേരിക്കൻ പത്ര പ്രവർത്തകയും ചാറ്റോയുടെ പങ്കാളിയും ആയിരുന്ന ആഗ്നസ് സ്‌മെഡ്‌ലി എഴുതിയിട്ടുണ്ട്.അവരുടെ കുടുംബത്തിൽ ഏല്ലാവർക്കും കഴിവുകൾ ഉണ്ടായിരുന്നു.നൈസാം കോളജ് പ്രിൻസിപ്പൽ ഡോ അഘോർ നാഥ് ചതോപാധ്യയുടെ ഇളയ മകൾ.വീരേന്ദ്രനാഥ്,ഹരീന്ദ്രനാഥ്,ഭൂപേന്ദ്ര നാഥ്,രാമേന്ദ്ര നാഥ് എന്നിവർ സഹോദരന്മാർ;സരോജിനി നായിഡു,മൃണാളിനി,സുനാളിനി എന്നിവർ സഹോദരിമാർ.
ബർലിനിൽ നാണുവിൻറെയും സുഹാസിനിയുടെയും അടുപ്പത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി.സുഹാസിനിയുടെ രാഷ്ട്രീയം മാറുന്നത്,നാണു കണ്ടു.ഗാന്ധിസത്തിൽ നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള മാറ്റം.അവർ അന്ന് നടത്തിയിരുന്ന പരിഭാഷകൾ ആകാം കാരണം.ചാറ്റോയുടെ സ്വാധീനം വേറെ.അതിന് മുൻപ് ആ സഹോദരനെ സുഹാസിനി കണ്ടിരുന്നേയില്ല.അവർ ജനിക്കുമ്പോൾ,ചാറ്റോ ഇന്ത്യ വിട്ടിരുന്നു.
സുന്ദരി മാത്രമല്ല,നല്ല ഗായികയും നർത്തകിയും ആയിരുന്നെന്ന് ആഗ്നസ് എഴുതുന്നു.ആദ്യമായി സഹോദരനും സഹോദരിയും കണ്ടപ്പോൾ ഒന്നും മിണ്ടിയില്ല.സുഹാസിനി വിറയ്ക്കുന്നത് ആഗ്നസ് കണ്ടു.വീരൻറെ മുഖം കനത്തിരുന്നു.കാൽനൂറ്റാണ്ട് കഴിഞ്ഞാണ് സ്വന്തം കുടുംബത്തിൽ നിന്നൊരാളെ കാണുന്നത്.സുഹാസിനിയുടെ മുഖം അച്ഛൻറെയും രാജ്യത്തിൻറെയും ദുരന്തം മനസ്സിൽ കൊണ്ടു വന്നിരിക്കാം.വീരൻറെ സ്വാധീനത്തിൽ നിന്നാണ് സുഹാസിനി കമ്മ്യൂണിസ്റ്റ് ആയതെന്നും പിൽക്കാലത്ത് ഇന്ത്യയിൽ പോയി ഗായികയായി ജീവിച്ചെന്നും ഒരുപാട് കാലം കഴിഞ്ഞ് രാജ്യവുമായി ഇഴുകിക്കഴിഞ്ഞാണ് സുഹാസിനി ബ്രാഹ്മണ പ്രൗഢി ഉപേക്ഷിച്ചതെന്നും ആഗ്നസ് എഴുതുന്നു.ഓക്സ്ഫോഡിൽ നിന്നാണ്,ചാറ്റോയെ ആദ്യം കാണാൻ സുഹാസിനി ചെന്നത്.ബ്രിട്ടനെതിരെ പ്രവർത്തിച്ചു എന്ന സംശയത്താൽ അച്ഛനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.അദ്ദേഹത്തെ കൊൽക്കത്തയിൽ വീട്ടുതടങ്കലിലാക്കി.അങ്ങനെ അദ്ദേഹം മരിച്ചു.
സുഹാസിനി ബർലിനിൽ നിന്ന് സോവിയറ്റ് യൂണിയനിൽ ഏഷ്യൻ വിദ്യാർത്ഥികൾക്കുള്ള ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ പോയി.ചാറ്റോ പറഞ്ഞ് റോയ് ഇതിന് ഇടപെട്ടിരുന്നു.കുറച്ചു കാലം ബർലിനിൽ തിരിച്ചെത്തി ഇന്ത്യയ്ക്ക് മടങ്ങി അവർ 1929 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു;ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യ വനിത.ബി ടി രണദിവെയുടെ തീവ്രവാദ ഗ്രൂപ്പിലായിരുന്നു,അവർ.ചൈനയിൽ മാവോ സ്വീകരിച്ച ആദ്യ ഇന്ത്യക്കാരൻ/ഇന്ത്യക്കാരി.അന്ന് മാവോ വിപ്ലവ നേതാവ് മാത്രമായിരുന്നു.
ബർലിൻ വിട്ട ശേഷം സുഹാസിനിയെ ഒരിക്കൽ കുറച്ചു നേരം മാത്രം 1950 ൽ നമ്പ്യാർ പ്രേഗിൽ കണ്ടു.ചുമരിൽ ചൈനീസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു.എന്തു കൊണ്ടാണ് ഇന്ത്യൻ നേതാക്കൾ ഇല്ലാത്തത് എന്ന് നമ്പ്യാർ ചോദിച്ചപ്പോൾ,സുഹാസിനി പറഞ്ഞു:"നിങ്ങൾ ഇപ്പോഴും ബൂർഷ്വയാണ്"
അത്,നമ്പ്യാർക്ക് മുഖത്തേറ്റ അടിയായിരുന്നു.

അവർ തമ്മിൽ പിരിയേണ്ടി വന്നത്,സുഹാസിനിയെ സോവിയറ്റ് യൂണിയൻ ഇന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാൻ അയച്ചത് കൊണ്ടല്ല.നമ്പ്യാർ വേറൊരു സ്ത്രീയുമായി ബർലിനിൽ ജീവിക്കാൻ തുടങ്ങിയത് കൊണ്ടായിരുന്നു.സുഹാസിനി സുന്ദരിയായിരുന്നു എന്ന് കണ്ടവർ പറയുന്നുവെങ്കിലും,അക്കാലത്തെ ഒരു ചിത്രവും ലഭ്യമല്ല.ചാര കേന്ദ്രങ്ങൾ അവരെ നിരീക്ഷിച്ചിരുന്നു എന്ന് രേഖകളിൽ നിന്നറിയാം.1938 ൽ നമ്പ്യാർ നിരീക്ഷണത്തിൽ നിന്ന് ഒഴിവായിട്ടും 1951 വരെ സുഹാസിനി നിരീക്ഷണത്തിൽ തുടർന്നു എന്ന് A Life in Shadow എന്ന മനോഹരമായ പുസ്തകത്തിൽ വാപ്പാല ബാലചന്ദ്രൻ എഴുതുന്നു;പുസ്തകം നമ്പ്യാരെപ്പറ്റിയാണ്.Red Star Over China  എഴുതിയ അമേരിക്കൻ പത്രപ്രവർത്തകൻ എഡ്‌ഗാർ സ്നോ മുംബൈയിൽ 1931 ൽ  എത്തിയപ്പോൾ,ആതിഥ്യം വഹിച്ചത് സുഹാസിനി ആയിരുന്നു.സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ നേതാക്കൾ നടത്തിയ സമരം പഠിക്കാൻ സ്നോ എത്തിയത്,ആഗ്നസ് സ്‌മെഡ്‌ലി, നെഹ്‌റുവിന് സ്‌നോയെ പരിചയപ്പെടുത്തുന്ന കത്തുമായാണ്.ആഗ്നസ് അന്ന് ഹോംഗ് കോംഗ് -ൽ ആയിരുന്നു.സരോജിനി നായിഡുവാണ് സുഹാസിനിയെ പരിചയപ്പെടുത്തിയത്.താൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് സ്നോ ഓർമിച്ചു.തുണിമില്ലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അടുത്ത് അവർ സ്‌നോയെ കൊണ്ടു പോയി.സുഹാസിനിയും അവരുടെ മൂന്ന് സഹോദരിമാരെയും പറ്റി സ്നോ ലേഖനം എഴുതി.അതിൽ ഹിന്ദുമതത്തിന് എതിരെ ഒരു ഖണ്ഡികയുണ്ട്:

Victimised by their religion and archaic social structure , a system of government which has kept them in dark ignorance and illiteracy and a philosophy based on one of the most fundamentally corrupting of all superstitions -that the suffering one endures in this life is the result of sin in a previous existence -the millions of Hindu women in semi slavery need to be awakened to the needless futility of their lives and to be shown how release is possible.( The Revolt of India's Women, Newyork Herald Tribune Magazine,October 25,1931).

ബർലിനിൽ നിന്ന് സുഹാസിനി മുംബൈയിൽ എത്തിയത്,ലെസ്റ്റർ ഹച്ചിൻസൺ എന്ന ബ്രിട്ടീഷ് തീവ്ര വാദിക്കൊപ്പമായിരുന്നു.1928 സെപ്റ്റംബർ 17 ന് എത്തിയ എസ് എസ് ക്രാക്കോവിയ എന്ന കപ്പലിൽ,ഹച്ചിൻസൺ,ഒരു പത്ര പ്രവർത്തകനായാണ്,വേഷം കെട്ടിയിരുന്നത്.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുകയായിരുന്നു,ഉന്നം.ഹച്ചിൻസൺ സുഹാസിനിയുടെ ഖാറിലെ വീട്ടിൽ താമസിച്ചു .സുഹാസിനിയുടെ സഹോദരി മൃണാളിനി പറഞ്ഞിട്ട് ടഗോറിൻ്റെ ഒരു നാടകത്തിൻറെ ഇംഗ്ലീഷ് പതിപ്പിൽ അഭിനയിക്കുകയും ചെയ്തു -Red Oleanders .ഗിർണി കംഗാർ യൂണിയൻ വൈസ് പ്രസിഡൻറായി അയാൾ .1929 മാർച്ച് 15 ന് മീററ്റ് ഗൂഢാലോചന കേസിൽ 31 പ്രതികൾക്കെതിരെ അറസ്റ്റ് വാറൻറ് ഇറങ്ങി.എസ് എ ഡാങ്കെ,മുസഫർ അഹമ്മദ്,എസ് വി ഘാട്ടെ,എസ് എസ് മിറാജ്‌കർ,ഷൗക്കത് ഉസ്‌മാനി തുടങ്ങിയവർ അതിലുണ്ടായിരുന്നു.ജൂണിൽ മുപ്പത്തി രണ്ടാമനെ നാഗ് പൂരിൽ പിടിച്ചു -ഹച്ചിൻസൺ.ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ആയ അയാൾ,ഫിലിപ് സ്പ്രാറ്റ്,ബെൻ ബ്രാഡ്‌ലി എന്നിവർക്കൊപ്പമാണ് അറസ്റ്റിലായത്.ഇവർക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിപ്ലവാവേശം കുത്തിവയ്ക്കാൻ കോമിന്റേൺ നിർദേശമുണ്ടായിരുന്നു.വർഷങ്ങൾക്കു ശേഷം ഹച്ചിൻസൺ ലേബർ പാർട്ടി എം പി ആയി.(എഡ്‌ഗാർ സ്നോ അന്ന് മീററ്റ് കേസും എഴുതി -The Trial of Britsh Communists at Meerut in India,China Weekly Review,September 19,1931 ).
ഹച്ചിൻസൺ,സുഹാസിനി,മൃണാളിനി,മിസിസ് രാജം 
സുഹാസിനിയെ അറസ്റ്റ് ചെയ്തില്ല.1928 -30 ൽ സുഹാസിനിയും നമ്പ്യാരും തമ്മിൽ കത്തിടപാടുകൾ നടന്നു.പൊലീസ് കത്തുകൾ എല്ലാം വായിച്ചിരുന്നു.മുംബൈയിൽ എത്തി താമസിയാതെ ഒക്ടോബർ 26 ന് സുഹാസിനി എഴുതിയ കത്തിൽ ഹച്ചിൻസൺ താമസിക്കുന്ന കാര്യം പറയുന്നുണ്ട്.നാടകത്തിൻറെ കാര്യവുമുണ്ട്.നമ്പ്യാരോട് ഇന്ത്യയ്ക്ക് മടങ്ങാൻ അവർ അപേക്ഷിക്കുന്നു.ആ ഉപാധിയിലാണ് അവർ മടങ്ങിയതെന്നും കത്തിൽ പറയുന്നു.നമ്പ്യാർ ബേബി എന്ന് വിളിച്ചിരുന്നതിനാൽ,ബി എന്നാണ് ഒപ്പ്.ഇതേ തീയതിയിൽ ഹച്ചിൻസണും നമ്പ്യാർക്ക് എഴുതി.അവർ പരസ്‌പരം അറിഞ്ഞിരുന്നു.നവംബറിലെ കത്തിൽ,ഇന്ത്യയ്ക്ക് മടങ്ങുമെന്ന വാഗ്‌ദാനം നമ്പ്യാർ പാലിക്കാത്തത് എന്തു കൊണ്ടെന്ന് സുഹാസിനി ചോദിച്ചു.നമ്പ്യാരുടെ കത്തുകൾ ലഘുവായതിൽ സങ്കടവും അവർക്കുണ്ട്.നവംബറിലെ രണ്ടു കത്തുകളിൽ നമ്പ്യാർ ഒരു തീരുമാനവും പറയുന്നില്ല.
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി 1928 ൽ പുറത്താക്കിയ എം എൻ റോയ് അന്ന് മുംബൈയിലുണ്ട്.സ്പാർക് എന്ന മാസികയ്ക്ക് സുഹാസിനി റോയിയോട് ലേഖനം ചോദിക്കുകയുണ്ടായി.ഈ രേഖകളൊക്കെ മീററ്റ് ഗൂഢാലോചന കേസിൽ വന്നു.സുഹാസിനിയുടെ കത്തിൽ നിന്നാണ് റോയിയെ പൊലീസ് കണ്ടെത്തിയത്.1929 ഫെബ്രുവരിയിൽ മാന്യമായ കത്ത് പ്രതീക്ഷിക്കുന്നതായി അവർ നമ്പ്യാർക്ക് എഴുതി.ഒരു ജോലിക്കായി സുഹാസിനി പത്ര പരസ്യം കൊടുത്തു.നമ്പ്യാരിൽ നിന്ന് കിട്ടുന്ന രണ്ടു വരി മറുപടി കണ്ട് ഉറക്കം നഷ്ടപ്പെട്ടെന്ന് അവർ വീണ്ടും എഴുതി.പുതിയൊരു സംഭവ വികാസം ഉണ്ടായെന്ന് മറുപടിയിൽ നമ്പ്യാർ പറഞ്ഞു.അതോടെ അയാൾ വരില്ലെന്ന് ഉറപ്പായി.താൻ യൂറോപ്പിലേക്ക് വരാമെന്ന് പറയുന്ന ദീനരോദനം സുഹാസിനിയിൽ നിന്നുണ്ടായി.ഫെബ്രുവരി എട്ടിന് നമ്പ്യാർ എഴുതിയ കത്തിൽ സുഹാസിനി കേട്ട കാര്യം സ്ഥിരീകരിച്ചു:സുഹാസിനിയുടെ പ്രായമുള്ള ബവേറിയക്കാരിയുമായി താൻ ജീവിക്കുന്നു.ഇതാണ് പുതിയ സംഭവ വികാസം.ഇനി ഇന്ത്യയിൽ വരില്ല.പരസ്‌പരം പിരിയുകയാണ്.
മുത്തലാക്കിനെക്കാൾ നാറിയ നീക്കമാണ് സംബന്ധ സംസ്‌കാരമുള്ള നമ്പ്യാരിൽ നിന്നുണ്ടായത് .അയാളിൽ ഒരു കാലത്തും വിപ്ലവം ഉണ്ടായിരുന്നില്ല.പ്രവാസി വിപ്ലവകാരികളിൽ സ്വാതന്ത്ര്യ വാഞ്ഛ ചാറ്റോയിലും ചെമ്പക രാമൻ പിള്ളയിലുമേ ഉണ്ടായിരുന്നുള്ളു.
ഈ കത്തിന് മറുപടി എഴുതിയത്,സുഹാസിനിക്കൊപ്പം താമസിച്ചിരുന്ന സഹോദരി മൃണാളിനിയാണ്.രോഗിണിയായ സുഹാസിനിക്ക് വധ ശിക്ഷയാണ് നമ്പ്യാർ നൽകിയത്;അവൾ കരഞ്ഞു കൊണ്ടേയിരിക്കുന്നു.
നമ്പ്യാരുടെ പിന്നീടുള്ള കത്തുകളിൽ ഒരു പശ്ചാത്താപവും കണ്ടില്ല.1929 മെയിൽ എത്ര കത്തെഴുതിയാലും താൻ മാറില്ലെന്ന് പറഞ്ഞ് അയാൾ അവസാനിപ്പിച്ചു.ബവേറിയൻ യുവതി സജീവ അംഗമാണെന്നും അവരുടെ ഭർത്താവ് ജയിലിൽ ആണെന്നും താൻ അവരെ വിവാഹം ചെയ്യുന്നത് ആലോചിക്കുന്നില്ലെന്നും കൂടി നമ്പ്യാർ എഴുതി -ഭർതൃമതിയായ സ്ത്രീയുടെ കൂടെയാണ് ജീവിക്കുന്നത് !
ഒരുകാരണവശാലും ബർലിനിലേക്ക് വന്നു പോകരുതെന്ന് ജൂലൈയിൽ അയാൾ സുഹാസിനിയെ ശാസിച്ചു.അവർ ഇന്ത്യയിൽ തന്നെ കഴിയുന്നതാണ് ഇരുവർക്കും നല്ലത്.
എ സി എൻ നമ്പ്യാർ 
സുഹാസിനി മീററ്റ് കേസിൽ മുഴുകി;അവിടെ പോയി.1930 മാർച്ച് അഞ്ചിന് സുഹാസിനിയുടെ സഹായം ചോദിച്ച്,നാണമില്ലാത്ത നമ്പ്യാർ എഴുതി.എം എൻ റോയിക്ക് ഒപ്പമുണ്ടായിരുന്ന തയ്യബ് ഷേഖ് തനിക്കെതിരെ ബർലിനിൽ നടത്തുന്ന നീക്കം തടയാൻ സുഹാസിനി പാർട്ടിയിലെ സ്വാധീനം ഉപയോഗിക്കണം എന്നാവശ്യപ്പെടുന്നതാണ്.,കത്ത്.സുഹാസിനി ഇടപെട്ടതിന് തെളിവില്ല.1930 സെപ്റ്റംബറിൽ അവസാനമായി,യൂറോപ്പിൽ ചെല്ലാനുള്ള സഹായം ചോദിച്ച് സുഹാസിനി നമ്പ്യാർക്ക് എഴുതി.1931 ൽ ബർലിനിൽ പോകാൻ പാസ്പോർട്ട് നിഷേധിച്ചില്ലായിരുന്നെങ്കിൽ,അവർ നമ്പ്യാരെ നേരിട്ട് കണ്ടേനെ .ഭീകരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ്,നമ്പ്യാർ വേറൊരു സ്ത്രീയെ കൂടെ പൊറുപ്പിക്കാൻ തീരുമാനിച്ചത് എന്ന് കൂടിയോർക്കണം.1940 ജൂണിൽ, സുഹാസിനി തൊഴിലാളി നേതാവ് രാമകൃഷ്ണ മഹാദേവ് ജാമ്പേക്കറെ വിവാഹം ചെയ്തു.ആറു കൊല്ലം അവർ നമ്പ്യാരുടെ തിരിച്ചു വരവിന് കാത്തു.ഇസ്‌കസ് സ്ഥാപകനായിരുന്നു,അദ്ദേഹം.സദാ പുക വലിച്ചിരുന്ന സുഹാസിനി,ഇപ്റ്റയുമായി ബന്ധപ്പെട്ടിരുന്നു-പാർട്ടിയുടെ നാടക സംഘം.കാൽമുട്ടിന് അസുഖമായതിനാൽ അവസാന കാലം വീൽ ചെയറിൽ ആയിരുന്നു-ഒരുപാട് പുക വലിച്ചിരുന്ന തോപ്പിൽ ഭാസിയെപ്പോലെ.
സുഹാസിനി, ജാമ്പേക്കറെ ആദ്യം കണ്ടത് മോസ്‌കോയിൽ പഠിക്കുമ്പോഴാണ്.ഇസ്‌കസ് നടത്തിയ കലാപ്രദര്ശനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.അദ്ദേഹം നല്ല ഗായകനായിരുന്നു.എഴുത്തുകാരനും പ്രഭാഷകനും.വ്യവസായ കുടുംബമായിരുന്നു.1973 ൽ സുഹാസിനി മരിച്ചപ്പോൾ,അവരെ ഓർത്ത് ജാമ്പേക്കർ മറാത്തിയിൽ കവിത എഴുതി.1999 ൽ ഇറങ്ങിയ അദ്ദേഹത്തിൻറെ സമാഹാരത്തിൽ,എനിക്കൊരു പങ്കാളിയെ നഷ്ടപ്പെട്ടു എന്ന ഈ കവിതയുണ്ട്.അദ്ദേഹം എഴുതി:

ഇനി ഒന്നിലും സംഗീതമില്ല
കേൾക്കുന്നത് അപസ്വരം മാത്രം


നമ്പ്യാരുടെ രണ്ടാം കാമുകി,ബർലിനിലെ ഇന്ത്യ ഇൻഫർമേഷൻ ബ്യുറോയിൽ  സെക്രട്ടറിയായി വന്ന ഈവ ഗെയ്സ്ലർ ആയിരുന്നു,എം എൻ റോയിയുടെ കാമുകി ലൂയിസിൻറെ സഹോദരി . നെഹ്രുവിന്റെ സുഹൃത്ത് ആയതിനാൽ,1953 ൽ സ്വീഡനിലും  1955 ൽ ജർമനിയിലും  സ്ഥാനപതി ആയ നമ്പ്യാർക്ക് 1958 ൽ പത്മ ഭൂഷൺ കിട്ടിയിരുന്നു .മുംബൈയിൽ 1964 ൽ എത്തിയ നമ്പ്യാർ സുഹാസിനിയെ കാണാൻ ശ്രമം നടത്തി.ഫോൺ ചെയ്ത നമ്പ്യാരോട് സുഖമില്ലാത്തതിനാൽ കാണാൻ ആവില്ലെന്ന് അപ്പുറത്തെ ശബ്ദം പറഞ്ഞു;സുഹാസിനി ആരോഗ്യവതിയാണെന്ന് അതിനു മുൻപ് മൃണാളിനി പറഞ്ഞിരുന്നു.




See https://hamletram.blogspot.com/2019/07/blog-post_85.html

https://hamletram.blogspot.com/2019/07/blog-post_10.html






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...