Sunday 10 November 2019

ആയാസ് ഖാൻ:ടിപ്പുവിനെ വിറപ്പിച്ച നായർ 

ഹിന്ദു വംശഹത്യയ്ക്ക് ടിപ്പു ഉത്തരവിട്ടു 

വെള്ളുവക്കമ്മാരൻ നമ്പ്യാർ ( 1713 -1799 ) ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത കഥയ്ക്ക് ഇന്ത്യയിൽ സമാനതകളില്ല.1970 കളിലെ ഗൾഫ് കുടിയേറ്റം വഴി കച്ചവട സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത മലയാളികളുണ്ട്‌.പതിനെട്ടാം നൂറ്റാണ്ടിൽ ഒരു പ്രവിശ്യ തന്നെ സ്വന്തമായി ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ ഖജനാവ്  അന്ന് 12 മില്യൺ പൗണ്ട് ( ഇന്നത്തെ 110 കോടി രൂപ ) മൂല്യമുള്ളതായിരുന്നു.അദ്ദേഹം ഹൈദരാലിയുടെ സൈന്യാധിപനും ഗവർണറും ആയിരുന്നു.ഇതെല്ലാം മതം മാറി നമ്പ്യാർ ആയാസ് ഖാൻ ആയ ശേഷമാണ് ഉണ്ടായത്.ഒടുവിൽ ബ്രിട്ടീഷുകാർ എല്ലാം കൈവശപ്പെടുത്തി,അനാഥനായി മരിച്ചു.മുംബൈ മസഗോണിൽ മരിക്കുമ്പോൾ 4000 രൂപ പെൻഷൻ ഉണ്ടായിരുന്നു.

ചാലിൽ വെള്ളുവ എന്ന മാടമ്പി കുടുംബത്തിൽ ആയിരുന്നു,ജനനം.പള്ളിയത്ത് കണ്ണനും കല്യാണിയും മാതാ പിതാക്കൾ.തൻറെ കുടിയാന്മാരോട് മാത്രം ദയ കാട്ടിയ ക്രൂരനായ അധികാരി രൈരു നമ്പ്യാരുടെ മകളായിരുന്നു കല്യാണി.കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ എടക്കാടിനടുത്ത് ഇന്ദേരി അഥവാ ഇന്ദ്രഗിരിയിൽ ആയിരുന്നു,വെള്ളുവ -ഇന്ദ്രഗിരിയിൽ കിഴക്കു നിന്ന് തെക്കുകിഴക്കായി കിടന്ന പ്രദേശത്തിനും അതേ പേരായിരുന്നു.കുടുംബത്തിന് രണ്ടു ശാഖകൾ:ചാലാട്,കല്യാട്ട്.കമ്മാരന് രണ്ടു സഹോദരിമാർ -ഒരാളെ ചാലാട്ടും മറ്റെയാളെ കല്യാട്ടും വിവാഹം ചെയ്ത് അയച്ചു.കല്യാട്ടിന് കുറ്റിക്കാട്ടൂരിൽ ഒരു ശാഖ പിന്നെയുണ്ടായി.രൈരു നമ്പ്യാർ ചാലാട് നിന്നായിരുന്നു.
ആയാസ് ഖാൻ 
എം ആർ കെ സി എന്ന സി ( ചെങ്കളത്ത് ) കുഞ്ഞിരാമ മേനോൻ 'വെള്ളുവക്കമ്മാരൻ' എന്ന നോവൽ എഴുതി. കമ്മു എന്ന് വിളിപ്പേരുള്ള കമ്മാരന് ദീർഘായുസ്സും നിരവധി ശത്രുക്കളും ജാതകത്തിൽ പ്രവചിച്ചു.വിദേശ വാസം,ഉന്നത പദവി,ധാരാളം സമ്പത്ത്,സുന്ദരിയായ ഭാര്യ.സന്താന ഭാഗ്യമില്ല.വാർധക്യത്തിൽ സന്യാസി.

അമരകോശം പഠിച്ച ശേഷം പത്തു വയസിൽകമ്മുവിനെ കളരിക്ക് അയച്ചു.കമ്മുവിന് 18 വയസുള്ളപ്പോൾ രൈരു നമ്പ്യാർക്ക് ഭ്രാന്തായി.കല്യാണിയുടെ മരണവും രണ്ടാം ഭാര്യയുടെ ആത്മഹത്യയും ആയിരുന്നു,കാരണം.നികുതി പിരിച്ചിരുന്ന കാര്യസ്ഥൻ പയ്യൻ കോമൻ നമ്പ്യാർക്ക് ആത്മഹത്യയിൽ പങ്കുള്ളതായി രൈരു സംശയിച്ചു.അവിഹിത ബന്ധമാകണം.ഇതിന് പകരം വീട്ടും വരെ ഇടതു കൈ കൊണ്ടേ ആഹാരം കഴിക്കൂ എന്ന് രൈരു പ്രതിജ്ഞ ചെയ്തു.

ഭാര്യയുടെ ആദ്യ ശ്രാദ്ധം കഴിഞ്ഞ് അടുത്ത നാൾ തൻറെ പിറന്നാൾ വിപുലമായി കൊണ്ടാടാൻ രൈരു തീരുമാനിച്ചു.നാട്ടിലെ ദിവ്യന്മാരെയൊക്കെ ക്ഷണിച്ചു.അടുത്ത ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമത്തിന് ശേഷം പ്രമാണിമാർ സദ്യയ്ക്ക് ഇരുന്നു.ഇലയിൽ വിഭവങ്ങൾ വിളമ്പി കഴിഞ്ഞപ്പോൾ,രൈരു നമ്പ്യാർ എഴുന്നേറ്റ്,കോമർ ഇരിക്കുന്നിടത്തേക്ക് ചെന്നു.അയാളെ എഴുന്നേൽപ്പിച്ച് വയറ്റിൽ ആഞ്ഞു കുത്തി.കോമറുടെ ചോരയിൽ രൈരു വലതു കൈ മുക്കി,തൻറെ ഇലയ്ക്ക് പിന്നിൽ ഇരുന്നു.ചോര കൊണ്ട് ചോറ് കുഴച്ച് ഒരുരുള ഉണ്ടു.എല്ലാവരും സ്തംഭിച്ചു.

കമ്മു തലശ്ശേരി അധികാരി മാവില ചന്തു നമ്പ്യാരെ വിവരം അറിയിച്ചു.കോലത്തിരിയുടെ റവന്യു ഉദ്യോഗസ്ഥനായ ചന്തുവെത്തി രൈരുവിനെ തടവിലാക്കി തലശ്ശേരി മാവിലാൻ കുന്നിലെ വീട്ടിലേക്ക് കൊണ്ടു പോയി.കോലത്തിരി,രൈരുവിൻറെ സ്വത്ത് കണ്ടു കെട്ടി.കോമർ കൊല്ലപ്പെട്ടത് ചാലാട് ആണെന്ന കിംവദന്തി തെറ്റാണെന്ന് ഈ വസ്തുതകൾ തെളിയിക്കുന്നു.അയാൾ കൊല്ലപ്പെട്ടത് ഇന്ദേരിയിൽ തന്നെ.

വർഷങ്ങൾ കഴിഞ്ഞ് ഗവർണർ ആയ ആയാസ് ഖാൻ തലശ്ശേരിയിൽ സ്വത്ത് വീണ്ടെടുക്കാൻ എത്തിയപ്പോൾ താമസിച്ചത്,മാവിലാൻ കുന്നിലാണ്;ചാലാട് പോയില്ല.1783 സെപ്റ്റംബറിൽ ( കൊല്ലവർഷം 959 കന്നി ) കോലത്തിരി അവിടെപ്പോയി ആയാസ് ഖാനെ കണ്ടു.

രൈരുവിനെ തടവുകാരനായി കൊണ്ട് പോയപ്പോൾ,കമ്മു അനുഗമിച്ചു.മാവിലാൻ കുന്നിലെ വീട്ടിൽ ചന്തുവിൻറെ മകൾ മാധവിയെ കമ്മു കണ്ടു.അവർ പ്രണയത്തിലായി.
ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 
ചന്തുവിൻറെ അമ്മാവൻ കുങ്കൻ നമ്പ്യാരാണ് 1704 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് തലശ്ശേരി കോട്ട സ്ഥാപിക്കാനുള്ള അനുമതി നേടിക്കൊടുത്തത്.ഇളയ വടക്കുംകൂറിൽ ( കുഞ്ഞി അമ്പു / ഉദയ വർമ്മ ) സ്വാധീനം ചെലുത്തിയും കോലത്തിരി രാജാവിന് കോഴ കൊടുത്തുമാണ് ഇത് സാധിച്ചത്.പകരം,മാവിലാൻ കുന്ന് കോലത്തിരി,കുങ്കന് കൊടുത്തു.അത് തലശ്ശേരിക്ക് അടുത്തായിരുന്നു.വടക്ക് എടക്കാട് മുതൽ തെക്ക് മയ്യഴിപ്പുഴ വരെ.ഇടഞ്ഞു നിന്ന കുഞ്ഞിരാമ വർമ്മ രാജകുമാരൻ ഇരുവള്ളിനാട്ടിലെ നായർ പട നായകൻ കുറങ്ങോത്ത് നായർക്കൊപ്പം,ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണ്ടകശാല 1708 കാലത്ത് ആക്രമിച്ചിരുന്നു.ഇതിനെപ്പറ്റി കമ്പനി പരാതിപ്പെട്ടപ്പോഴാണ്,ഉദയ വർമ്മ തലശ്ശേരി ഫാക്റ്ററിക്ക് സ്ഥലം കൊടുത്തത്.

ധനിക കർഷകൻ തണ്ടാരപ്പിള്ളി അമ്പു കുറുപ്പിൻറെ ഏക അനന്തരവൾ മാതുവായിരുന്നു,ചന്തുവിൻറെ ഭാര്യ.കുരുമുളക് കച്ചവടത്തിൽ വിശ്വാസ വഞ്ചന ആരോപിച്ച് ചില മാപ്പിള കച്ചവടക്കാർ അമ്പുവിനെ കൊന്നു.മാതുവിനെ ചന്തു അവിടന്ന് രക്ഷിച്ചു കൊണ്ട് വന്നു.ചന്തുവിൻറെ ഉദാരനായ അമ്മാവൻ കല്യാട്ട് കേളു നമ്പ്യാരുടെ വീട്ടിൽ മാതു ജീവിച്ചു.

മാപ്പിളമാർ ഹിന്ദുക്കളെ കൊന്നത്,മാപ്പിള ലഹളക്കാലത്ത് മാത്രമല്ല.വർഗ സമരമല്ല,കച്ചവട ലഹള.

തടവിലായി താമസിയാതെ രൈരു മരിച്ചു.കോമറെ പക വീട്ടാൻ കൊന്നതാണെന്ന് മരണക്കിടക്കയിൽ അയാൾ കമ്മുവിനെ അറിയിച്ചു.ഭ്രാന്ത് അഭിനയം ആയിരുന്നു.ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നേരത്തെ കണ്ടെത്തിയ സൂത്രം.41 ദിവസത്തെ പുലയ്ക്ക് ശേഷം,കമ്മുവിനോട് പട്ടാളത്തിൽ ചേരാൻ കോലത്തിരി ഉത്തരവിട്ടു.നായന്മാർക്ക് പട്ടാളം അന്ന് നിർബന്ധമായിരുന്നു.കമ്മു പട്ടാളത്തിൽ ഉയർന്ന് സൈന്യാധിപൻ ആയി;പട്ടാളക്കാർക്ക് ആദ്യമായി യൂണിഫോം നടപ്പാക്കി.

കോലത്തിരി വാർധക്യത്തിൽ ദുർബലനും രാജ്ഞിയുടെയും മന്ത്രി സുബ്രഹ്മണ്യ അയ്യരുടെയും കൈയിലെ പാവയും ആയിരുന്നു.തെക്കേ ഇളംകൂർ കുഞ്ഞിരാമ വർമ്മ ,വടക്കേ ഇളംകൂർ ഉദയ വർമ്മ രാജകുമാരന്മാർക്കിടയിൽ,രണ്ടാമൻ ദുര മൂത്ത് രാജാവിനെ അട്ടിമറിക്കാൻ തക്കം പാർത്തു.മന്ത്രി അയാൾക്കൊപ്പം ചേർന്നു.കാസർകോട് നീലേശ്വരം ആസ്ഥാനമായ ഇയാൾ,500 പടയാളികളെ എരിപുരം പുഴയിലേക്ക് തോണികളിൽ അയച്ചു -ഇന്നത്തെ പഴയങ്ങാടി പുഴ.വളപട്ടണം കോട്ട പിടിക്കുകയായിരുന്നു,ലക്ഷ്യം.പോരാട്ടത്തിൽ കമ്മു അയാളെ തോൽപിച്ചു.

പ്രാണഭയത്താൽ,ഉദയ വർമ്മ,കർണാടകയിലെ ഇക്കേരി രാജാവുമായി ഉടമ്പടിക്ക് ശ്രമിച്ചു.ഷിമോഗയിലെ സാഗരയിൽ നിന്ന് ആറു കിലോമീറ്റർ ആയിരുന്നു,ഇക്കേരിക്ക്.1560 -1640 ൽ കേലാടി രാജ വംശ ആസ്ഥാനം.കേലാടി അഥവാ കാനറാ രാജാക്കന്മാർക്കിടയിൽ കീർത്തി കേട്ട ശിവപ്പ നായിക്ക് തലസ്ഥാനം അവിടന്ന് ബേദനൂർക്ക് മാറ്റി.ബേദനൂർ എന്നാൽ,മുളകളുടെ നഗരം.1755 ൽ ഇക്കേരി രാജാവ് ഹിരിയ ബാസപ്പ നായിക് മരിച്ചപ്പോൾ,മകൻ സുന്ദര നായിക്കിന് ഒൻപത് വയസ് മാത്രമായിരുന്നു.വീരമ്മ രാജ്ഞി മന്ത്രി ദൊഡ്ഡപ്പയുടെ സഹായത്തോടെ ഭരിച്ചു.അവർ അയാളുടെ ഭാര്യയായി.കുട്ടിയെ ഒരു പ്രമാണിയുടെ വീട്ടിൽ തടവിലാക്കി.കുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ച് ദൊഡ്ഡപ്പ ഫലത്തിൽ രാജാവായി.
മധുഗിരി കോട്ട 
പ്രായപൂർത്തി ആയപ്പോൾ സുന്ദര നായിക്ക് ഹൈദരാലിയുമായി ബന്ധപ്പെട്ടു.1763 ൽ ഹൈദരാലിയെത്തി ബേദനൂർ പിടിച്ചത്,കമ്മുവിൻ്റെ ജീവിതത്തിൽ വഴിത്തിരിവായി.വീരമ്മയെ പിടികൂടി ഹൈദരാലി മകനൊപ്പം മധുഗിരി കോട്ടയിൽ തടവിലാക്കി.

ബേദനൂർ രാജാവ് സോമശേഖര നായിക്ക് 1732 ജനുവരിയിൽ കോലത്തുനാട് ആക്രമിച്ചു.അന്ന് മുതൽ വിദേശ ശക്തികൾ മലബാറിൽ ഇടപെട്ടു തുടങ്ങി.കണ്ണൂരിലെ ഡച്ച് മേധാവി മാർച്ച് 15 ന് നായിക്ക് സംഘത്തിന് ഭക്ഷ്യ വിതരണം വിച്ഛേദിച്ചു.ബേദനൂർ സേനാധിപൻ ഗോപാലപ്പ,ഡച്ചുകാരുമായി നടത്തിയ ചർച്ച അലസി.കോലത്തിരി കുടുംബത്തിൽ പിളർപ്പുണ്ടാക്കി ഡച്ചുകാർക്കുള്ള പ്രത്യേക അവകാശങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചു.കോലത്തിരി കൂർഗ് രാജാവ് ദൊഡ്ഡവീരപ്പയോട് ഇടപെടാൻ അഭ്യർത്ഥിച്ചു.കോലത്തിരി 18 ലക്ഷം നഷ്ട പരിഹാരം കൊടുത്താൽ പിന്മാറാമെന്ന് സോമശേഖര സമ്മതിച്ചു.

കോലത്തിരി വാക്ക് പാലിക്കാത്തപ്പോൾ,ദൊഡ്ഡവീരപ്പ സ്വന്തം കൈയിൽ നിന്ന് ഒൻപത് ലക്ഷം കൊടുത്തു.ബാക്കിക്ക് സേനാധിപൻ ബോണി മുത്തണ്ണയുടെ നേതൃത്വത്തിൽ 5000 പേരടങ്ങിയ സേനയെ അയച്ചു.വടക്കേ ഇളംകൂർ ഉദയ വർമ്മ തിരിച്ചടിക്കുമെന്ന് അറയ്ക്കൽ അലി രാജ വിവരം നൽകിയപ്പോൾ സേന പിൻവാങ്ങി.ഇളംകുർ,എമ്മൻ,ചാത്തു എന്നീ ദൂതന്മാരെ ഇക്കേരിക്ക് അയച്ചു.രണ്ട് ഉപാധികളിന്മേൽ കോലത്തിരിയെ ആക്രമിക്കാമെന്ന് സോമശേഖര സമ്മതിച്ചു.മൂന്ന് ലക്ഷം വരാഹന് തുല്യമായ 130000 പഗോഡ യുദ്ധച്ചെലവായി നൽകണം.യുദ്ധം കഴിഞ്ഞ് നീലേശ്വരം മുതൽ ഇക്കേരി വരെയുള്ള സ്ഥലം ഇക്കേരിക്ക് നൽകണം.
പണം സമയത്ത് കൊടുത്തില്ലെങ്കിൽ കോലത്തിരി നാട്ടിലെ നികുതി പിരിവ് ഇക്കേരി ഏറ്റെടുക്കും.

ചാരന്മാർ വിവരം നൽകിയപ്പോൾ,കമ്മു സേനയുമായി ചെന്ന് വടക്കേ ഇളംകൂറിനെ വളപട്ടണം കോട്ടയിൽ തടവുകാരനാക്കി.കമ്മു സ്വന്തം നിലയ്ക്ക് ഇക്കേരി രാജാവിനോട് ഏറ്റുമുട്ടാൻ പോയി.വിവരമറിഞ്ഞ ഇക്കേരി രാജാവ്,മാടായി പുഴയിൽ നിന്ന് സൈനികരടങ്ങിയ 40 തോണികൾ പിൻവലിച്ചു.ഇക്കേരിക്ക് പോകാതെ നീലേശ്വരത്ത് തങ്ങാൻ കോലത്തിരി കമ്മുവിന് സന്ദേശം അയച്ചു.ഇന്നത്തെ ചിറയ്ക്കൽ താലൂക്ക് മാത്രമേ കോലത്തിരിക്ക് ഉണ്ടായിരുന്നുള്ളു.കണ്ണൂർ അറയ്ക്കൽ അലി രാജാവിൻറെ കൈയിലായിരുന്നു.തെക്കൻ മേഖല രണ്ടു തറ അച്ചന്മാരുടെ കൈവശമായിരുന്നു.

തെക്കിളംകൂർ കുഞ്ഞിരാമ വർമ്മ തലശ്ശേരി ഫാക്റ്ററി സേനാ മേധാവി റോബർട്ട് ആഡംസിനെ ( 1728 ൽ വിരമിച്ചു ) സമീപിച്ചു.അദ്ദേഹം തയ്യാറാക്കിയ ഉടമ്പടി,ഇക്കേരി രാജാവിന് കൈമാറാൻ കമ്മുവിന് എത്തിച്ചു.കോലത്തിരിയുടെ മന്ത്രി സുബ്രഹ്മണ്യ അയ്യർ നീക്കങ്ങൾ മണത്ത്,മോചിതനായ വടക്കിളംകുറിനെ കൂട്ടി ഇക്കേരിയിൽ എത്തി.
ചിറയ്ക്കൽ കൊട്ടാരം 
ആഡംസും ഇക്കേരി രാജാവും തനിക്ക് രേഖാമൂലം സുരക്ഷിതതവം ഉറപ്പ് നൽകിയാൽ മാത്രം ഇക്കേരിക്ക് പോകാമെന്ന് കമ്മു അറിയിച്ചു.അത് നടന്നു.വടക്കിളംകുറിന്റെ സാന്നിധ്യം,കമ്മുവിൽ സംശയം ജനിപ്പിച്ചു.താൻ  ചോദിക്കാതെ തന്നെ,അയ്യരുടെ കുതന്ത്രം വഴി  തനിക്ക് വടക്കിളംകൂർ മാപ്പ് നൽകിയതായിരുന്നു,കാരണം.കമ്മുവിനെ കൊല്ലാൻ ഇക്കേരി രാജാവും വടക്കിളംകൂറും അയ്യരും ചേർന്ന് പദ്ധതിയുണ്ടാക്കി.തോട്ടത്തിലുള്ള വസതിയുടെ മൂന്നാം നിലയിലെ പടിഞ്ഞാറേ മുറി കമ്മുവിന് നൽകി.താഴെ നിന്ന് ഒരു ലിവർ വലിച്ചാൽ,മുറിയുടെ മരം കൊണ്ടുള്ള നിലം പിളർന്ന് മാറുമായിരുന്നു.32 അടി താഴെ പാറക്കൂട്ടങ്ങളുടെ കുഴിമാടത്തിലേക്ക് അതിഥി അപ്പോൾ നിലം പതിക്കും.

അത് സംഭവിച്ചു.രണ്ട് ഭടന്മാർ കമ്മുവിന്റെ ശരീരം ചാക്കിലാക്കി ബേദനൂർ പുഴ ലക്ഷ്യമാക്കി നടന്നു.വേട്ടക്കാരുടെ വേഷത്തിൽ അവിടെയുണ്ടായിരുന്ന ഹൈദരാലിയും അളിയൻ ഷെയ്ഖ് മക്ദും അലിയും ഭടന്മാർക്ക് നേരെ നിറയൊഴിച്ച് കമ്മുവിനെ രക്ഷിച്ചു.

ഈ കഥയിൽ ഭാവന നന്നായി ഉണ്ട്.യുവാവായ കമ്മുവിനെ 1766 ലെ മലബാർ പടയോട്ടക്കാലത്ത് ഹൈദരാലി തടവിലാക്കി എന്നാണ് പൊതു വിശ്വാസം. യുവാവല്ല,.കമ്മുവിന് അന്ന് 53 വയസ്സായിരുന്നു.മക്ദും അലി 1782 ൽ സേനയുമായി മലബാറിൽ എത്തി മേജർ അബിങ്ങ്ടൺ,കേണൽ തോമസ് ഫ്രഡറിക് ഹമ്പർസ്‌റ്റോൺ എന്നിവർ നയിച്ച ബ്രിട്ടീഷ് സേനയോട് തിരൂരങ്ങാടിയിൽ ഏറ്റുമുട്ടി കൊല്ലപ്പെട്ടു.

ചരിത്രം ഇതാണ്:വടക്കേ ഇളംകുർ കുഞ്ഞി അമ്പു / ഉദയ വർമ്മ 1734 ൽ ധർമ്മടം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൊടുത്തു.കോലത്തു നാട്ടിലെ തമ്മിലടിക്കുന്ന രാജകുമാരന്മാർ 1737 ൽ വീണ്ടും സോമശേഖരയെ ആക്രമണത്തിന് ക്ഷണിച്ചു.വടക്ക് മാടായി അതിരായി നിശ്ചയിച്ച് ഉടമ്പടിയിൽ എത്തി.അങ്ങനെ ബേദനൂരും കോലത്തുനാടും യൂറോപ്യൻ ശക്തികൾക്കും അറയ്ക്കൽ അലി രാജാവിനുമെതിരെ പൊരുതുന്ന ശക്തികളായി.1746 ജൂൺ അഞ്ചിന് ആംഗ്ലോ -ഫ്രഞ്ച് യുദ്ധത്തിനിടയിൽ ഉദയവർമ്മ മരിച്ചു.പിൻഗാമി തെക്കുംകൂർ കുഞ്ഞിരാമ വർമ കമ്പനിക്ക് എതിരായിരുന്നു.താലൂക്കുകളുടെ ഭരണം അദ്ദേഹം മക്കൾക്ക് വിട്ടു കൊടുത്തത് നീരസത്തിന് ഇടയാക്കി.ബേദനൂർ ഇടപെട്ടു.കോലത്തു നാട് ഭരണ അരാജകത്വത്തിലായി.രാജകുടുംബത്തിലെ സംബന്ധക്കാരികളെ സ്വാധീനിച്ച് ബ്രിട്ടൻ കൂടുതൽ സ്ഥലങ്ങൾ കൈവശപ്പെടുത്തി.
ബോദ്നെയ്‌സ് 
കടത്തനാട് രാജാവിൻറെ മകൾ ആയിരുന്നു,ഉദയ വർമ്മയുടെ ഭാര്യ.നമ്പ്യാർ മേഖലയായ ഇരുവഴി നാട്ടിൽ അവർക്ക് ഒരു വീട് പണിതിരുന്നു.ഇവർ കോട്ടയം ( പഴശ്ശി ) രാജാവുമായി ചേർന്ന് 1751 ൽ തലശ്ശേരി ബ്രിട്ടീഷ് കോട്ട ആക്രമിച്ചു.1750 ൽ കോട്ട മേധാവി തോമസ് ഡെറിൽ,കോലത്തിരി രാജാവുമായി സന്ധിയുണ്ടാക്കിയിരുന്നു ,കുഞ്ഞിരാമ വർമ്മയ്ക്ക് പകരം, ദുർബലനായ ഇളയവൻ അമ്പുവിനെ പിൻഗാമി ആക്കി,എങ്കിലും ഭരണം  രാമവർമ്മയുടെ കൈയിലായിരുന്നു.കമ്പനിയും കുഞ്ഞിരാമ വർമ്മയും തമ്മിൽ,കോട്ടയം രാജാവ് ഇടപെട്ട് 1752 മെയ് 22 ന് സന്ധിയുണ്ടാക്കി -രാമവർമയ്ക്ക് 50000 രൂപയും കോട്ടയം രാജാവിന് 10000 രൂപയും കിട്ടി.കുഞ്ഞിരാമവർമ്മ 1756 ൽ മരിച്ചു..1761 ൽ കോലത്തിരി, കടിഞ്ഞാൺ ഏന്തിയിരുന്ന തമ്പാനെ നീക്കിയെങ്കിലും മൂന്ന് വർഷം കഴിഞ്ഞ് അയാൾ അധികാരം പിടിച്ചു.ഇദ്ദേഹത്തെയാണ് ഹൈദരാലി കീഴടക്കി പുറത്താക്കിയത്.കോലത്തുനാട്ടിൽ ആദ്യമായി ഭൂനികുതി നടപ്പാക്കിയത്,ഇക്കേരി അധിനിവേശ ശേഷമായിരുന്നു.നെല്ലിനും തോട്ടത്തിനും പാട്ടത്തിന്റെ 20 %.1776 ൽ ഹൈദരാലി,സകല ഭൂമിക്കും നികുതി നടപ്പാക്കി.

ബേദനൂർ പിടിച്ച ശേഷം ഹൈദരാലി,പ്രശ്നങ്ങൾ പരിഹരിക്കാൻ അനന്ത റാവുവിനെ ഹൈദരാലി തലശ്ശേരിക്ക് അയച്ചു.അലി രാജ തുണച്ചത്, കാപ്പു തമ്പാൻ എന്ന കേരള വർമ്മയെ ആയിരുന്നു.ഇയാൾക്ക് വേണ്ടി ആക്രമണം നടത്താൻ അലി രാജയെ റാവു പ്രോത്സാഹിപ്പിച്ചു.ഹൈദരാലിയെ അലിരാജ മംഗലാപുരത്തു ചെന്ന് കണ്ടു.അങ്ങനെ 1776 ൽ ഹൈദരാലി മലബാർ അധിനിവേശം നടത്തി.

നോവലിൽ പറയുന്നത് കമ്മുവിനെ ,മക്ദുമിനൊപ്പം ശ്രീരംഗ പട്ടണത്തേക്ക് അയച്ചു എന്നാണ്.അഞ്ചാം ദിവസം ഉച്ചയ്ക്ക് അവിടെ എത്തുമ്പോൾ,ഹൈദരാലിയുടെ മകൻ ടിപ്പു ക്ഷേത്രത്തിനടുത്ത് കാളപ്പോരിൽ ആയിരുന്നു.ടിപ്പു കുതിരപ്പുറത്തു നിന്ന്കുന്തം കൊണ്ട് ഒരു കാളയുടെ വയർ കുത്തിക്കീറാൻ ശ്രമിച്ചു.ടിപ്പു ആരെന്നറിയാത്ത കമ്മു,തൻറെ കുതിരയെ ഓടിച്ച് ടിപ്പുവിനും കാളയ്ക്കുമിടയിൽ നിർത്തി കാളയുടെ ജീവന് വേണ്ടി നിന്ന് ടിപ്പുവിനെ വെല്ലു വിളിച്ചു.കമ്മുവും ടിപ്പുവും തമ്മിൽ ആജന്മ വൈരത്തിന് വിത്തിട്ടു -ഈ കഥയും ഭാവനയാകാം.നമുക്ക് ചരിത്രം നോക്കാം.

ഇക്കേരിയിൽ നിന്ന് മടങ്ങിയ ഹൈദരാലി,കമ്മുവിനെ ഇസ്ലാമിലേക്ക് മാറ്റി-മുഹമ്മദ് ആയാസ് ഖാൻ.മതം മാറിയവരുടെ പുതിയ സേനയായ ആസാദ് -ഇ ഇലാഹിയിൽ അയാളെ ചേർത്തു.ഫ്രഞ്ച് നേവി ക്യാപ്റ്റൻ ബർട്രൻഡ് ഫ്രാങ്സ്വ മാഹി ഡി ലാ ബോദനെയ്‌സ് അയാളുടെ ഗുരുവായി.ഈ ഗുരുവിൻറെ പേരിൽ നിന്നാണ്മാ,മയ്യഴി, മാഹി ആയത്.ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി മാഹി പിടിക്കുമ്പോൾ,ക്യാപ്റ്റൻ കാട്ടിയ ധീരതയാൽ സ്ഥലപ്പേര് സ്വന്തം പേരിനോട് ചേർത്തതാണെന്ന് പാഠഭേദമുണ്ട്.1720 -1745 ൽ അദ്ദേഹം ഇന്ത്യ സർവീസിൽ  ആയിരുന്നു.ജനറൽ ഡ്യൂപ്ലെയുമായി കലഹിച്ച് 1748 ൽ അറസ്റ്റിലായി.

ഇക്കാലത്താണ് കോലത്തിരിയെ ചിറയ്ക്കൽ രാജാവ് എന്ന് വിളിക്കാൻ തുടങ്ങിയത്.കുടിശ്ശികയായ നഷ്ടപരിഹാര തുക മൂന്ന് ലക്ഷം നൽകാൻ ഇക്കേരി രാജാവ് സമ്മർദ്ദം ചെലുത്തി.കോലത്തിരി രാജാവിനെ അട്ടിമറിക്കാൻ സഹായിച്ചില്ലെന്ന് വാദിച്ച് ഇളംകൂർ ഇത് നിരസിച്ചു.1732 ൽ ഇക്കേരി സേനാധിപൻ രഘുനാഥ് നാവികപ്പടയുമായി ഏഴിമലയിൽ എത്തി.ഇത് ബ്രിട്ടീഷ്‌ തലശ്ശേരി ഫാക്റ്ററി പ്രവർത്തനത്തെ ബാധിച്ചു.ഫാക്റ്ററി ഭക്ഷ്യ വസ്തുക്കൾക്ക് മംഗലാപുരം തുറമുഖത്തെയാണ് ആശ്രയിച്ചിരുന്നത്.ഇംഗ്ലീഷ്,ഫ്രഞ്ച്,പോർച്ചുഗീസ്,മൂന്നാം ഇളംകുർ,കോട്ടയം രാജാവ്,അലി രാജ എന്നിവർ നിലനിൽപ്പിന് പരസ്പരം പോരാടി.വളപട്ടണം പുഴയ്ക്ക് വടക്കുള്ള സ്ഥലം ഇക്കേരിക്ക് നൽകാൻ കോലത്തിരി സമ്മതിച്ചപ്പോൾ പ്രശ്ന പരിഹാരമായി.1766 ൽ ഹൈദരാലി കീഴടക്കും വരെ ഇക്കേരി സേന ഇവിടെ ഉണ്ടായിരുന്നു.

ഹൈദരാലി ആയാസ് ഖാനെ ദുഷ്കരമായ ദൗത്യങ്ങളിൽ പരീക്ഷിച്ചു.തെക്കൻ അതിർത്തിയിൽ നിന്ന് മറാത്താ സേനയെ തുരത്താൻ ആവശ്യപ്പെട്ടു.ഖാൻ ചെന്നു;മറാത്താ സേനാധിപൻ ദാവെ പിന്മാറാൻ തുടങ്ങിയപ്പോൾ അയാൾക്ക് ഒരു ലക്ഷം രൂപ കൊടുക്കാൻ ഹൈദരാലി നിർദേശിച്ചു.പണം ടിപ്പുവിൻറെ പക്കൽ കൊടുത്തയച്ചു.ഏതാനും ദിവസം കാത്ത ശേഷം,പ്രാദേശികമായി പണം പിരിച്ച് കൊടുത്തു.ടിപ്പു പക തീർക്കുകയായിരുന്നു.ഹൈദർ,ഖാനെ  നൈസാമിനടുത്തേക്ക് അയച്ചു.അതും വിജയിച്ചു.അല്ലെങ്കിൽ അവർ ബ്രിട്ടീഷ് സേനയ്‌ക്കൊപ്പമോ ഹൈദരാബാദ് നൈസാമിനൊപ്പമോ ചേരാനിടയുണ്ടെന്ന് ഹൈദർ പറഞ്ഞു.ഡെക്കാനിലെ മുസ്ലിം ഭരണാധികാരികൾ തങ്ങൾ മാത്രമായതിനാൽ,നൈസാമുമായി ഒരു പോര് ഹൈദർ ആഗ്രഹിച്ചില്ല.അർദ്ധ ഹിന്ദുവായ ഹൈദറിനെ നൈസാം സംശയിച്ചിരുന്നു.ഹൈദറിനെതിരായ സംയുക്ത നീക്കത്തിൽ നിന്ന് നൈസാം പിന്മാറിയത് കേണൽ സ്മിത്തിനെ അമ്പരിപ്പിച്ചു.ഖാൻ ദൗത്യങ്ങളിൽ ജയിച്ചപ്പോൾ അയാളെ ചിത്രദുർഗയിൽ ഗവർണറാക്കി.കന്നടയോ ഹിന്ദിയോ എഴുതാനും വായിക്കാനും അറിയില്ല എന്ന കാരണത്താൽ ഖാൻ നിരസിച്ചു."വലതു കൈയിൽ ഒരു ചാട്ട കരുതുക;അത് മഷിയും പേനയും ചെയ്യാത്തതൊക്കെ ചെയ്തോളും",ഹൈദർ പറഞ്ഞു.
ഹൈദരാലി
ചിത്രദുർഗയിൽ 1779 മുതൽ ഖാൻ മൂന്നു വർഷം ഗവർണറായിരുന്നു.അത് കഴിഞ്ഞ് ബേദനുർക്ക് മാറി.മൈസൂരിലെ സമ്പന്ന പ്രവിശ്യയായിരുന്നു,ചിത്രദുർഗ;ശ്രീരംഗ പട്ടണം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കോട്ടയും.അത് തന്ത്ര പ്രധാനമായിരുന്നു -നൈസാമിനെയും മറാത്താ സേനയെയും അവിടന്നാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്.

ചിത്രദുർഗയിൽ സമാധാനം പുലർന്നപ്പോൾ ഖാൻ മാധവിയെ ഓർത്തു എന്നാണ് നോവലിൽ.ആദ്യം കണ്ട ശേഷം 20 കൊല്ലം കഴിഞ്ഞിരുന്നു.ഹൈദരാലിയോട് അനുവാദം വാങ്ങി,ബംഗളുരു വഴി അയാൾ കണ്ണൂരിൽ കല്യാട്ട് എത്തി,മുസ്ലിം ആയതിനാൽ വീട്ടിൽ കയറാതെ,ഔട്ട് ഹൗസിൽ പാർത്തു.മാധവിയെ കല്യാട്ട് നിന്ന് മൂന്ന് മൈൽ ദൂരെ ഇരിക്കൂർ പള്ളിയിൽ മതം മാറ്റി.ആമിനാ ബീഗം.ചിത്രദുർഗ ഗവർണറായപ്പോൾ 66 വയസുണ്ടായിരുന്നതിനാൽ,ഇത് ചരിത്ര സത്യം ആകണം എന്നില്ല.20 വർഷം പോരാ,45 വർഷം കഴിഞ്ഞു കാണും !

മതം മാറ്റത്തിൻറെ അന്തരീക്ഷം സംഭവങ്ങളിൽ വന്നു നിറയുന്നു -ഹൈദറും ടിപ്പുവും നിർബന്ധിത മതം മാറ്റത്തിന് നില കൊണ്ടതിനാൽ.ഞാൻ എന്തിന് നോവലിനെ ആശ്രയിക്കുന്നു എന്ന് ചോദിച്ചാൽ,മാർക്സിസ്റ്റ് ചരിത്രകാരി റോമില്ല ഥാപ്പറിന് മഹാഭാരതത്തിൽ വേര് ചികയാമെങ്കിൽ,എനിക്ക് നോവലിലും ആകാം.

ഉത്തര മലബാർ ഇക്കേരി രാജാവ് ഭരിച്ചത് 1732 -1740 ലാണ്.1757 ആയപ്പോൾ തെക്കേ മലബാറിൽ പാലക്കാട് ഉൾപ്പെടെ ചില പ്രദേശങ്ങൾ കയ്യടക്കിയിരുന്നു.തരൂർ സ്വരൂപത്തിൽ പെട്ട പാലക്കാട് രാജാവ് കോമ്പി അച്ച ൻ ,ദിണ്ടിഗൽ ഫൗജിദാർ ആയ ഹൈദരാലിയെ വിളിച്ചു വരുത്തുകയായിരുന്നു.സാമൂതിരിയുടെ ശത്രുവായിരുന്നു,അച്ചൻ.അന്ന് ഉത്തര മലബാർ കീഴടക്കാൻ അലി രാജ നൽകിയ ക്ഷണം,ഹൈദരാലി നിരസിച്ചു.ഹൈദരാലി അധിനിവേശം നടത്തിയപ്പോൾ,അലി രാജ കോലത്തിരി കൊട്ടാരം കത്തിച്ചു.1763 ൽ ബേദനൂർ പിടിച്ച ഹൈദരാലി ശ്രീനിവാസ റാവുവിനെ ഗവർണറും സർദാർ ഖാനെ ഡെപ്യൂട്ടി ഗവർണറുമാക്കി.

സാമൂതിരിക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് കോമ്പി അച്ചൻ ഹൈദരോട് ആവശ്യപ്പെട്ടിരുന്നു.12 ലക്ഷം യുദ്ധച്ചെലവ് കൊടുത്ത് പാലക്കാടിൽ നിന്ന് പിടിച്ച പ്രദേശങ്ങൾ ഏറ്റെടുക്കാൻ സാമൂതിരി തയ്യാറായി.സാമൂതിരി വാക്ക് പാലിക്കാത്തതിനാൽ ആയിരുന്നു 1766 ൽ ഹൈദറുടെ രണ്ടാം വരവ്.സാമൂതിരി മതാനുഷ്ഠാനങ്ങൾ നടത്താനാകാതെ സ്വന്തം കൊട്ടാരത്തിൽ ബന്ദിയായി.മാനാഞ്ചിറ കൊട്ടാരത്തിലെ ആയുധപ്പുരയ്ക്ക് സാമൂതിരി തീയിട്ട് സാമൂതിരി ആത്മാഹുതി ചെയ്തു.കുടുംബത്തെ പൊന്നാനിക്ക് അയച്ചിരുന്നു.

മൈസൂർ സേന 1773 ൽ വീണ്ടുമെത്തി.1775 ൽ സർദാർ ഖാനെ തിരുവിതാകൂർ പിടിക്കാൻ ഹൈദർ അയച്ചു.തൃശൂർ കോട്ടയം വടക്കൻ കൊച്ചിയും പിടിച്ചു.അലിരാജയ്ക്ക് നഷ്ട പരിഹാരം നൽകാനാകാതെ വന്നപ്പോൾ,സ്വന്തം രാജ്യം ഇളംകുറിന് അടിയറ വച്ചു.1777 ൽ അമേരിക്ക ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടീഷ് നുകത്തിൽ നിന്ന് സ്വതന്ത്രമായി.ആംഗ്ലോ -ഫ്രഞ്ച് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.മാഹി തുറമുഖം ബ്രിട്ടൻ പിടിക്കുമെന്ന നിലയുണ്ടായി.ഈ തുറമുഖം വഴി ഫ്രഞ്ച് പീരങ്കികൾ ഇറക്കുമതി ചെയ്തിരുന്ന ഹൈദർ,ഒരു സേനയെ മാഹി തുറമുഖത്ത് തയ്യാറാക്കി നിർത്തി.വടക്കിളംകൂർ 1500 പേർ അടങ്ങുന്ന നായർ പട്ടാളത്തെ അയച്ചു.ബ്രിട്ടൻ 1778 ൽ ഹൈദറിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

മലബാറിലെ ബ്രിട്ടിഷ് -മുസ്ലിം പോരിന്റെ വേരുകൾ ഇവിടെയാണ്.ഖിലാഫത്തിൽ അല്ല.

മുംബൈയിൽ നിന്ന് ബേദനൂർ കോട്ട പിടിക്കാൻ ജനറൽ റിച്ചാഡ്മാത്യൂസിൻറെ സേനയെത്തി.ഈ ഘട്ടത്തിലാണ്,ആയാസ് ഖാനെ ചിത്രദുർഗയിൽ നിന്ന് ബേദനുർക്ക് മാറ്റിയത്.പ്രതിസന്ധിയിൽ വലംകൈയാണ് ഖാൻ എന്ന് ഹൈദർ പറഞ്ഞിരുന്നു.Kingdom of Hyderali and Tipu Sultan എന്ന പുസ്തകത്തിൽ,ഖാൻ ഹൈദറുടെ ദത്തു പുത്രൻ ആയിരുന്നുവെന്ന് ഉർദു ചരിത്രകാരൻ മഹ്‌മൂദ് ഖാൻ മഹ്‌മൂദ് എഴുതുന്നു.മാത്യൂസ് എത്തും മുൻപ്,കൊടക്,ബെല്ലട്ട കലാപങ്ങൾ ഖാൻ അമർച്ച ചെയ്തു.ഖാൻ ബേദനൂരിൽ എത്തുമ്പോൾ,കോട്ടയ്ക്കു കിഴക്ക് ദൊഡ്ഡപ്പ തടവിലായിരുന്നു.ആ പഴയ രാജ ശത്രുവിനെ കൊട്ടാരത്തിലേക്ക് വിളിച്ച്,നന്നായി ശകാരിച്ച്,ശ്രീരംഗപട്ടണം കോട്ടയിലേക്ക് തടവുകാരനായി അയച്ചു.ബേദനൂരിന്റെ പേര് ഹൈദർ നഗര എന്നാക്കി.
ചിത്രദുർഗ കോട്ട 
ടിപ്പു പൊന്നാനിയിൽ കേണൽ തോമസ് മക്കെൻസി ഹംബർസ്റ്റോണിൻറെ സേനയുമായി പോരാടുമ്പോഴാണ്,1782 ഡിസംബർ 12 ന്ഹൈദരാലി ആന്ധ്രയിലെ ചിറ്റൂരിൽ മരിച്ചത്.ആയാസ് ഖാൻ അധികാരം പിടിക്കുമെന്ന് ഭയന്ന് ടിപ്പു ശ്രീരംഗപട്ടണത്തേക്ക് കുതിച്ചു.ഖാൻ വിവരം അറിഞ്ഞിരുന്നില്ല.ടിപ്പു രാജാവായി ആദ്യം ചെയ്തത്,ബേദനൂർ കോട്ടയിലെ ഉപ സൈന്യാധിപൻ ഷെയ്ഖ് ഇബ്രാഹിം ഖാൻറെ അടുത്തേക്ക് കത്തുമായി ദൂതനെ അയയ്ക്കുക എന്നതായിരുന്നു.ദൂതൻ എത്തിയപ്പോൾ,ആയാസ് ഖാനും ഇബ്രാഹിമും ഒന്നിച്ചായിരുന്നു.കത്ത് ആയാസ് ഖാന് കിട്ടി.ആയാസ് ഖാനെ കൊന്ന് ഗവർണർ ആകാൻ,ഇബ്രാഹിമിനോട് ആവശ്യപ്പെടുന്നതായിരുന്നു,കത്ത്.മതം മാറിയ ഹിന്ദുവായിരുന്നു ഇബ്രാഹിമും.ഇപ്പോൾ ഒരു താൽപര്യ സംഘർഷം ഉണ്ടായി എന്ന് വ്യക്തമാക്കി,ആയാസ് ഖാൻ ഇബ്രാഹിമിനെ കുത്തിക്കൊന്നു.

ഡെപ്യൂട്ടി ഗവർണർ രഘുനാഥ് പന്തിനെ വിളിച്ച് തൻറെ പദ്ധതി ഖാൻ വെളിവാക്കി.ഖാൻ ടിപ്പുവിനെ നീക്കി സുൽത്താൻ ആകണമെന്ന് അനുകൂലികൾ ആഗ്രഹിച്ചെങ്കിലും,ഖാൻ ബേദനൂർ മാത്യൂസിന് വിട്ടു കൊടുത്തു.യാത്രികനായെത്തി കപ്പൽച്ചേതത്തിൽ ഹൈദറുടെ തടവിലായ ഡൊണാൾഡ് കാംപ്ബെൽ അതിന് ഖാനെ ഉപദേശിച്ചു.കാംപ്ബെലിനെ മോചിപ്പിച്ചു ഖാൻ മാത്യൂസുമായി മധ്യസ്ഥതയ്ക്ക് അയയ്ക്കുകയായിരുന്നു.മാത്യൂസ് ഖാൻറെ കൊട്ടാരത്തിലെത്തി വ്യവസ്ഥകൾ തയ്യാറാക്കി.

അന്ന് രാത്രി തനിക്ക് പ്രിയപ്പെട്ട ഫിറോസ് എന്ന കുതിരപ്പുറത്ത് ഖാൻ 50 ബ്രിട്ടീഷ് കുതിരപ്പടയാളികളുടെ അകമ്പടിയോടെ ബ്രിട്ടീഷ് ക്യാമ്പിലെത്തി.കപ്പലിൽ തന്നെയും ബന്ധുക്കളെയും കുതിരയെയും തലശ്ശേരിയിൽ എത്തിക്കണമെന്ന ഖാൻറെ അപേക്ഷ മാത്യൂസ് സ്വീകരിച്ചു.അടുത്ത രാവിലെ കോട്ടയിലെത്തി ഖാൻ ഖജനാവ് തുറന്നു.അതിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തിൽ പകുതി ഖാൻ എടുത്ത് മറ്റേ പകുതി രഘുനാഥ് പന്തിനും സൈനികർക്കും വീതിച്ചതായി കേൾവിയുണ്ട്.മൂന്നാം നാൾ തലശ്ശേരിയിൽ എത്തിയ ഖാൻ മാവിലാൻ കുന്നിൽ താമസിച്ചു.രൈരു നമ്പ്യാർക്ക് മരണക്കിടക്കയിൽ നൽകിയ വാക്ക് പാലിച്ച് ഖാൻ ഒരു ശിവക്ഷേത്രം പണിതു;ഒരു നമ്പൂതിരിക്ക് ഭൂമി ദാനം ചെയ്തു.ഇത് ഭാവനയാകാം.ഏത് ക്ഷേത്രം എന്ന് അറിവില്ല.

ക്ഷേത്രം പണിയുന്നത് ഒരു മുസ്ലിമിൻറെ പണിയല്ല,പൊളിക്കലാണ് ശീലം എന്നതിനാൽ,ഖാൻ കമ്മുവായി ഘർ വാപസി സംഭവിച്ചെങ്കിലേ സംഗതി ശരിയാകൂ.
ബേദനൂർ മിർ ജാൻ കോട്ട 
കമ്മുവിനും മാധവിക്കും ഏറെ നാൾ അവിടെ തുടരാൻ കഴിഞ്ഞില്ല.1784 ലെ ശിശിരത്തിൽ കുളത്തിലിറങ്ങി മുങ്ങിക്കുളിച്ച മാധവിക്ക് പനി വന്നു.പതിനൊന്നാം നാൾ മരണം.ടിപ്പുവിൻറെ മലബാർ പടയോട്ടം അവസാനിപ്പിച്ച മംഗലാപുരം ഉടമ്പടി ബ്രിട്ടീഷുകാരുമായി ഒപ്പു വച്ച വർഷം.ഉടമ്പടിയുടെ ഭാഗമായി,ഖാനെ യുദ്ധത്തടവുകാരനായി ഖാനെ വിട്ടുകൊടുക്കാൻ ടിപ്പു ആവശ്യപ്പെട്ടു .ബ്രിട്ടീഷുകാർ നിരസിച്ചു.
കൂത്തുപറമ്പിൽ സബ് രജിസ്‌ട്രാർ ആയിരുന്ന ഒതേനൻ മേനോൻറെ അപ്രകാശിത ഇംഗ്ലീഷ് രചന ആധാരമാക്കിയാണ്,നോവൽ.അദ്ദേഹം ചാലാട് വെള്ളുവ വീട്ടിൽ കുറേക്കാലം താമസിച്ചിരുന്നു.

ഖാന് സ്വത്ത് തിരിച്ചു കിട്ടിയെന്നും അദ്ദേഹം സന്യാസി ആയെന്നും നോവലിൽ പറയുന്നു.ടിപ്പുവിൻറെ വേട്ട ഭയന്ന് ബ്രിട്ടീഷുകാരോട് മുംബൈയിൽ പാർക്കാൻ അനുമതി ചോദിച്ചു.ടിപ്പു രഹസ്യ വധം ആസൂത്രണം ചെയ്തപ്പോൾ കമ്മു മുംബൈയിൽ മരിച്ചു എന്നത് ചരിത്രമാണ്.സന്യാസി ആയില്ല.

തന്നെ ഒരു ഹിന്ദു നായർ ഒറ്റിയത് ടിപ്പു സഹിച്ചില്ല.അയാൾ ആ സമുദായത്തെ വെറുത്തു."കോട്ടയത്തു ( വയനാട് ) നിന്ന് നായന്മാരെ പാലക്കാട്ടേക്ക് ആട്ടിപ്പായിക്കാൻ " ടിപ്പു സേനാധിപൻ എം ലാലിയോടും മിർ അസ്‌റാലി ഖാനോടും ഉത്തരവിട്ടു.Order of Extermination of Nairs അഥവാ നായർ ഉന്മൂലന ഉത്തരവ് എന്ന് ഇത് ചരിത്രത്തിലുണ്ട്.1786 -1789 ൽ നായന്മാരെ ശ്രീരംഗ പട്ടണത്തിൽ കൊണ്ട് പോയി പീഡിപ്പിച്ച് നിർബന്ധിതമായി മതം മാറ്റി.വിസമ്മതിച്ചവരെ കൊന്നു -വംശഹത്യ.

സർദാർ കെ എം പണിക്കർ,1788 മാർച്ച് 22 ന് ടിപ്പു എഴുതിയ കത്ത് ലണ്ടനിലെ ഇന്ത്യ ലൈബ്രറിയിൽ കണ്ടെത്തി.അതിൽ ഇങ്ങനെ അവകാശപ്പെട്ടു:"12000 ഹിന്ദുക്കളെ ഇസ്ലാമാക്കി ആദരിച്ചു".

1788 ഡിസംബർ 12 ന് കോഴിക്കോട്ടെ സേനാധിപൻ ഹുസൈൻ അലി ഖാന ടിപ്പു ഉത്തരവ് നൽകി:"ഹിന്ദുക്കളെ മുഴുവൻ പിടികൂടി കൊല്ലുക.20 ൽ താഴെ പ്രായമുള്ളവരെ തടവിലിടുക.ബാക്കിയിൽ നിന്ന് 5000 പേരെ കൊന്ന് മരങ്ങളിൽ കെട്ടിത്തൂക്കുക".

ഹൈദരാലിയുടെ,ടിപ്പുവിൻറെ മതഭ്രാന്തിൻറെ തുടർച്ചയാണ്,മാപ്പിള ലഹള.
ഹംബർസ്റ്റോൺ പോർട്രെയ്റ്റ് / ജെയിംസ് ഗിൽറെ ,1780 
ഹൈദർ കമ്മുവിനെ ബാലനായിരിക്കെ എടുത്തു വളർത്തിയതിന് സാധ്യതയില്ല.1755 ൽ ഇക്കേരി പടയോട്ടക്കാലത്തോ 1757 ൽ ഹൈദറിൻറെ മലബാർ പടയോട്ടക്കാലത്തോ ആയിരിക്കാം അവർ തമ്മിൽ കണ്ടിട്ടുണ്ടാവുക.അന്ന് കമ്മുവിന് 42 -44 വയസ്.കോലത്തിരിയിൽ നിന്ന് കമ്മു ഹൈദറിലേക്ക് കൂറ് മാറിയതാകാം;നിർബന്ധിത മതം മാറ്റമാകാം.1766 ൽ ഹൈദർ പിടികൂടിയ 15000 നായന്മാരെ ബേദനുർക്ക് കൊണ്ട് പോയി.ഗസറ്റിയർ അനുസരിച്ച് അതിൽ 200 പേരെ ശേഷിച്ചുള്ളൂ.ശേഷിച്ചവരിൽ ഒരാൾ ആയിരിക്കാം,കമ്മു.തുടക്കം മുതൽ ടിപ്പു ഖാനെ വെറുത്തിരിക്കണം എന്നില്ല.ബേദനൂർ വിട്ടു കൊടുത്ത ശേഷമാകാം.കമ്മു ദത്തു പുത്രൻ എങ്കിൽ അധികാര തർക്കം പേടിച്ചിരിക്കാം.മാധവിയെ മുൻപേ വിവാഹം ചെയ്ത കമ്മു അവരെ പിന്നീട് മതം മാറ്റിയിരിക്കാം.

ഉർദു ചരിത്രകാരൻ മഹ്‌മൂദ് ഖാൻ മഹ്‌മൂദ് പറയുന്നത്,ഹൈദർ ബേദനൂർ പിടിക്കുന്ന കാലത്ത് ( 1763 ) കോലത്തിരിയുടെ മകൾ അലി എന്ന ധനിക മുസ്ലിമുമായി പ്രണയത്തിലാവുകയും നായന്മാരെ ധിക്കരിച്ച് രാജാവ് അലിയെ അവൾക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു എന്നാണ്.അലിയെ പിൻഗാമിയാക്കിയപ്പോൾ നായർ കലാപമുണ്ടായി.ഇതിന് തെളിവില്ല.അറയ്ക്കൽ രാജവംശത്തിൻറെ ആരംഭ കഥ വളച്ചൊടിച്ചതാകാം.വിവാഹം കാരണമല്ലാതെ ഒരു കലാപം ഉണ്ടായിട്ടുണ്ട് -ചേരമാൻ പെരുമാളിന്റെ അനന്തരവൻ മഹാബലി കോലത്തിരി രാജകുമാരിയെ വിവാഹം ചെയ്ത കഥയുണ്ട്.മഹാബലി,മുഹമ്മദ് അലിയായി.

കമ്മു ഹൈദറിനെതിരെ നായർ കലാപം നടത്തി പിടിയിൽ ആയതിനാണ് സാധ്യത കൂടുതൽ.

മുംബൈ മസഗോണിൽ ആയാസ് ഖാന് 20 ഏക്കർ തോട്ടവും ബംഗ്ലാവും കൊടുത്തെന്നാണ് 1927 ൽ ഇറങ്ങിയ നോവലിൽ.പകരം ഓല മേഞ്ഞ മൂന്നു മുറി വീട് ഖാൻ സ്വീകരിച്ച്,ബംഗ്ലാവിൽ അനാഥാലയം നടത്തി.തോട്ടം പാട്ടത്തിന് കൊടുത്ത് പാട്ട സംഖ്യ അനാഥാലയം നടത്താൻ ഉപയോഗിച്ചു.

ഇത് ശരിയല്ല.ഖാൻ അനാഥാലയം നടത്തിയില്ല.ഒരു അനാഥാലയത്തിലെ അന്തേവാസി ആയിരുന്നു.അദ്ദേഹത്തിൻറെ വിധവകളും കുട്ടികളും ചരിത്രത്തിലുണ്ട്.ആമിന എന്ന മാധവിക്ക് മക്കൾ ഉണ്ടായിരുന്നില്ല,നോവലിൽ.ആമിനയ്ക്ക് മുൻപും പിൻപും ഖാന് വേറെ ഭാര്യമാരും മക്കളും ഉണ്ടായിരുന്നു.

പൈതൃക സ്വത്തിന് 1792 ൽ ഖാൻ അവകാശം ഉന്നയിച്ചെങ്കിലും,ബ്രിട്ടൻ അത് കൊടുത്തില്ല.അവകാശവാദം തട്ടിപ്പാണെന്ന് കണ്ട് തള്ളി.മുംബൈയിൽ താമസമായപ്പോൾ,4000 രൂപ പെൻഷൻ അനുവദിച്ചു.ഖാൻറെ പ്രായപൂർത്തിയാകാത്ത മകൻ ഫയാസ് അലി ഖാൻ ചരിത്രത്തിലുണ്ട്.ബാപ്പയുടെ പെൻഷൻ തനിക്ക് കിട്ടാൻ മുംബൈയിലും ലണ്ടനിലും നിയമ പോരാട്ടം നടത്തി.ലണ്ടനിലേക്കുള്ള യാത്ര ഉൾപ്പെടെ ഫയാസിന്റെ സകല നീക്കവും ബ്രിട്ടീഷുകാർ തടഞ്ഞു.ഫയാസിന്റെ വക്കീൽ മുഹിയലുദീൻ ലണ്ടനിൽ പോയി പോരാടിയത് വൻ കടബാധ്യതയായി.കേസ് രേഖകൾ ബംഗാൾ ഉൾക്കടലിൽ കപ്പൽ മുങ്ങിയപ്പോൾ നഷ്ടപ്പെട്ടു.പിന്നെ ഒന്നും വാദിക്കാൻ ഉണ്ടായിരുന്നില്ല.അധികാരം കണ്ണീർക്കടലിൽ മുങ്ങി.

നോവൽ മാപ്പിള ലഹളയ്ക്ക് തൊട്ടു പിന്നാലെ വന്നതിനാൽ,അതിൽ മൂടിവച്ച രാഷ്ട്രീയം ഞാൻ കാണുന്നു -മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ.ഇത് വായിച്ചാണ് ഞാൻ മാപ്പിള ലഹളയുടെ രാഷ്ട്രീയത്തിലേക്ക് പോയത്.ഇത്,ചരിത്രകാരന് കിട്ടാത്ത ഗുണമാണ്.

ഹൈദരാലിയും ടിപ്പുവും കാട്ടിയ ക്രൂരതകൾക്ക് അന്ന് തിരിച്ചടിക്കാൻ ഹിന്ദുക്കൾക്ക് ബ്രിട്ടീഷ് തുണ വേണ്ടിയിരുന്നു.
-----------------------------------------
Reference:
1.Velluvakkammaran/C Kunjirama Menon(he was known as MRKC-Chengalath Kunjirama Menon,in the reverse order.He was Editor,Kerala Pathrika,and Manager,Mangalodayam.
2.Malabar Manual/William Logan
3.Historical Sketches of South India/Mark Wilks
4.A Narrative of the Extra Ordinary Adventure/Donald Campbell
5.Counter flows to Colonialism/M H Fisher
6.Kingdom of Hyderali and Tipu Sultan/Mahmood Khan Mahmood.Trans:Anwar Haroon
7.History of Tipu Sultan/Mohibbul Hasan
8.Tipu Sultan:Villain or Hero?/Sitaram Goel
9.Religious Intolerance of Tipu Sultan/PCN Raja
10.Haidar Ali and Tipu sultan/Lewin Bentham Bowring 
11.Tellicherry Factory Diary Volume XVIII
12.Tellicherry Consultations,Vol VIII,1933. 
13.The Dutch Power in Kerala/M O Koshy


See https://hamletram.blogspot.com/2019/11/blog-post_5.html




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...