Monday, 26 August 2019

യൂഗോസ്ലാവ് സെക്രട്ടറിമാരെ സ്റ്റാലിൻ കൊന്നു

ടിറ്റോ അപ്പോൾ ചാരനായിരുന്നു 

സോവിയറ്റ് യൂണിയനിൽ രണ്ടാം ലോകയുദ്ധത്തിന് മുൻപ് പ്രവാസത്തിലായിരുന്ന നിരവധി വിദേശ കമ്മ്യൂണിസ്റ്റുകളെ 1937 -39 ലെ മഹാ ശുദ്ധീകരണത്തിൽ സ്റ്റാലിൻ കൊല്ലുകയുണ്ടായി.1928 ൽ ട്രോട് സ്‌കിയെ സ്റ്റാലിൻ പുറത്താക്കിയെങ്കിലും അദ്ദേഹത്തോട് കൂറ് പുലർത്തുന്നവർ എന്ന് വെറുതെ മുദ്ര കുത്തിയാണ് ഉന്മൂലനം ചെയ്‌തത്‌.യൂഗോസ്ലാവ് പാർട്ടി ജനറൽ സെക്രട്ടറി മിലൻ ഗോർകികിനെ 1937 ൽ വെടി വച്ച് കൊന്നു.
വിവിധ കാലങ്ങളിൽ യൂഗോസ്ലാവ് പാർട്ടി സെക്രട്ടറിമാർ ആയിരുന്ന ഫിലിപ് ഫിലിപോവിക് ,സിമ മാർകോവിക് ,ജൊവാൻ മാലിസിക്,ആന്റൺ മാവ്റക്,ഡ്യൂക് സിവിജിക്,വ്ളാദിമിർ കോപിക്,കാമിലോ ഹോർവറ്റിൻ  എന്നീ  നേതാക്കളെയും കൊന്നു.അങ്ങനെയാണ് ജോസഫ് ബ്രോസ് ടിറ്റോയ്ക്ക് വഴി ഒരുങ്ങിയത്.1937 മുതൽ 1980 വരെ ടിറ്റോ പാർട്ടിയെ ഭരിച്ചു.
ഗോർകിക് 
മിലൻ ഗോർകികിൻറെ ( 1904 -1937 ) ശരിപ്പേര് ജോസഫ് സിഷിൻസ്കി എന്നായിരുന്നു.1932 ലാണ് കോമിന്റേൺ പ്രമുഖ നേതാവായി മോസ്‌കോയിൽ പ്രവാസത്തിൽ ആയത്.സാരയേവോയിൽ കുടിയേറിയ ചെക് കുടുംബത്തിലെ അംഗം.ഈ മേഖല ഇന്ന് ബോസ്‌നിയയിലാണ്. അപ്ഹോൾസ്റ്ററി പണിക്കാരനായ പിതാവ് ചെക് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായിരുന്നു.പിതാവ് പണിമുടക്കിൽ പങ്കെടുത്തപ്പോൾ 1921 ൽ കുടുംബത്തെ ചെക്കോസ്ലോവാക്യയിലേക്ക് മടക്കി.ഗോർകിക് നല്ല വിദ്യാർത്ഥി ആയിരുന്നെങ്കിലും ഒന്നാം ലോകയുദ്ധം കാരണം പഠിപ്പ് നിർത്തി.1918 ൽ സരയേവോ കൊമേഴ്‌സ്യൽ അക്കാദമിയിൽ ചേർന്നു.15 വയസ്സിൽ മാർക്സ്,എംഗൽസ് കൃതികൾ ഒരു തൊഴിലാളി ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നതിൽ പങ്കെടുത്തു.ക്രൊയേഷ്യൻ എഴുത്തുകാരൻ മിറോസ്ലാവ് ക്രെൽസയുടെ പ്ലാമെൻ എന്ന മാസികയിൽ ഇടതു രചനകൾ വായിച്ചു.യങ് കമ്മ്യൂണിസ്റ്റ് ലീഗ് സെക്രട്ടറി ആയി.

അലക്‌സാണ്ടർ രാജാവ് 1920 ഡിസംബർ ഒടുവിൽ യൂഗോസ്ലാവ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു.ഗോർകിക്  അറസ്റ്റിലായി.ആറുമാസം ശിക്ഷ കിട്ടിയപ്പോൾ, അക്കാദമി പിരിച്ചു വിട്ടു.വീട്ടിൽ പോകാതെ സംഘടനാ പ്രവർത്തനം നടത്തി.മോചിതനായ ശേഷം തൊഴിലാളി മാസിക എഡിറ്ററായി.നരോദ് ( ജനം ) എന്ന മാസികയിലും പ്രവർത്തിച്ചു.വിയന്നയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ പൊലീസ് നിയന്ത്രണത്തെ മറികടന്ന് പങ്കെടുത്തു.ബെൽഗ്രേഡിലെ കമ്മിറ്റിക്ക് പുറമെ വിയന്നയിൽ പ്രവാസ പാർട്ടി കമ്മിറ്റിയും പ്രവർത്തിക്കുന്നതിനെ ചൊല്ലി എതിർപ്പുണ്ടായി;പ്രവാസ കമ്മിറ്റി പിരിച്ചു വിടുന്നതിനെ സിമ മാർകോവിക് എതിർത്തു.1922 ജൂലൈ സമ്മേളനത്തിൽ ഗോർകിക്കിന്റെ  പ്രവർത്തനങ്ങൾ വിമർശിക്കപ്പെട്ടു.ഗോർകിക്  സമ്മേളനം ബഹിഷ്‌കരിച്ചു.പ്രവാസ കമ്മിറ്റി വേണ്ടെന്ന് 16 -2 വോട്ടിന് തീരുമാനിച്ചു.
സിവിജിക് 
1923 ജൂലൈയിൽ രാജ്യം വിട്ട് മോസ്‌കോയിൽ ചെന്ന  ഗോർകിക്  അപൂർവമായേ പിന്നെ യുഗോസ്ലാവിയയിൽ എത്തിയുള്ളൂ.മൂന്ന് കൊല്ലം കോമിന്റേണിൽ യൂഗോസ്ലാവ് പാർട്ടി പ്രതിനിധിയായിരുന്ന ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തി.ബാൽക്കൻ രാജ്യങ്ങളുടെ ചുമതല കിട്ടി.കോമിന്റേൺ അംഗമായ ബെറ്റി നിക്കോളയെവ്‌ന ഗ്ലാനിനെ ജർമനിയിൽ വിവാഹം ചെയ്‌തു.1928 ആദ്യം കോമിന്റേൺ സെക്രട്ടറി.
അറുപതുകളുടെ ഒടുവിൽ യുഗോസ്ലാവിയ പാർട്ടിയിൽ വിഭാഗീയത തല പൊക്കി.ഇടത്,വലതു ചേരികൾ തമ്മിലായിരുന്നു,സംഘർഷം.ഇടതു പക്ഷം കോമിന്റേണിനൊപ്പം.വലതു പക്ഷത്തെ റിവിഷനിസ്റ്റുകൾ എന്ന് വിളിച്ചു.സ്റ്റാലിൻ ട്രോട് സ്‌കി പക്ഷത്തെ എന്ന പോലെ,വലതു പക്ഷത്തെ ഇടതുകാർ വേട്ടയാടി.സ്റ്റാലിന്റെ സൈദ്ധാന്തികൻ നിക്കോളായ് ബുഖാറിന് വേണ്ടപ്പെട്ടയാൾ എന്ന നിലയിൽ ഗോർകിക്,  സോമർ എന്ന വ്യാജപ്പേരിൽ യൂഗോസ്ലാവ് പാർട്ടി ജനറൽ സെക്രട്ടറി ആയി.അതോടെ സുരക്ഷാ കാരണങ്ങളാൽ യുഗോസ്ലാവിയയ്ക്ക് പോകാൻ പറ്റാതായി.വിയന്ന,പാരീസ്,മോസ്കോ എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം സി സി യെ നിയന്ത്രിച്ചു.

പ്രത്യയ ശാസ്ത്ര സ്ഥൈര്യത്തിനായി സോവിയറ്റ് യൂണിയനിലെ പ്രവാസ  കമ്മ്യൂണിസ്റ്റ് പാർട്ടികളെ ശുദ്ധീകരിക്കാൻ 1933 ൽ തീരുമാനിച്ചു.ഇത് യൂഗോസ്ലാവ് പാർട്ടിക്കും ബാധകമായിരുന്നു.എന്നാൽ ഡ്യൂക് സിവിജിക്, യൂഗോസ്ലാവ് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ സോവിയറ്റ് ഇടപെടലിനെ എതിർത്തു.1933 ഫെബ്രുവരി 28 ന് യൂഗോസ്ലാവ് സി സി ശുദ്ധീകരണ പ്രമേയം പാസാക്കി.സിവിജിക്കിനെതിരെ നടപടി വന്നു.ഭാര്യ തത്യാന  ( ജോസിപ ) മാറിനിക്കിനെ പുറത്താക്കി.തത്യാന ( 1897 -1966 ) അധ്യാപികയായ  ക്രൊയേഷ്യൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു.സിവിജിക് ആയിരുന്നു പാർട്ടി ഗുരു.കാമുകനായ എഴുത്തുകാരൻ ആന്റൺ സിമിക് ആണ് അവരെ തത്യാന എന്ന് വിളിച്ചത്.അയാൾ അവൾക്ക് പ്രണയ കവിതകൾ എഴുതി. സിമിക് ക്ഷയം വന്ന് നേരത്തെ മരിച്ചു.സിവിജിക് അവരെ കെട്ടി.പാർട്ടി പ്രവർത്തനത്തിൽ മുഴുകിയ തത്യാനയ്ക്ക് പൊലീസ് പീഡനത്തിൽ നട്ടെല്ലിന് പരുക്കേറ്റു.വിയന്നയിൽ ചികിത്സ കഴിഞ്ഞ് മോസ്‌കോയ്ക്ക് പോയ അവർ മാക്‌സിം ഗോർക്കി,ലെനിൻറെ ഭാര്യ ക്രൂപ് സ്കായ തുടങ്ങിയവരെ പരിചയപ്പെട്ടു.തത്യാനയെ പുറത്താക്കിയതിൽ സിവിജിക് പ്രതിഷേധിച്ചു.
താത്യാന 
നാലാം പാർട്ടി സമ്മേളന ഒരുക്കത്തിന്  1933 ഡിസംബറിൽ യുഗോസ്ലാവിയയിൽ പോയ ഗോർകിക് , താൽക്കാലിക നേതൃ ചുമതല ടിറ്റോയ്ക്ക് നൽകി.1934 ഡിസംബറിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തില്ല.1933 ഏപ്രിൽ 26 ന് ഇടക്കാല നേതാക്കളായ ഗോർകിക്,വ്ളാദിമിർ കോപിക്,ബ്ലാഗോജേ പറോവിക് എന്നിവർ ചേർന്ന് ശുദ്ധീകരണം ശരിയായിരുന്നു എന്ന് വിലയിരുത്തി.ഇതിന് സ്റ്റാലിന്റെ പിന്നീട് നടന്ന ശുദ്ധീകരണവുമായി ബന്ധമുണ്ടായിരുന്നില്ല.1935 ജൂലൈയിൽ  കോമിന്റേൺ ഏഴാം കോൺഗ്രസിൽ യൂഗോസ്ലാവ് പ്രതിനിധി സംഘത്തോട് ഗോർകിക്,ദേശീയ പ്രശ്‍നം സംസാരിച്ചു.ക്രൊയേഷ്യൻ പ്രശ്‍നം പ്രധാനമായിരുന്നു.അവിടത്തെ പാർട്ടി അംഗങ്ങൾ ക്രൊയേഷ്യൻ പെസൻറ് പാർട്ടിയിൽ ചേർന്ന് അത് പിടിക്കാൻ തീരുമാനിച്ചു.1937 ൽ ക്രൊയേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും സ്ലോവേനിയൻ പാർട്ടിയും നിലവിൽ വന്നു.

1936 വേനലിൽ സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ മഹാ ശുദ്ധീകരണം തുടങ്ങി.ഗ്രിഗറി സിനോവീവ്,മിഖയിൽ ടോംസ്‌കി,ഇവാൻ സ്‌മിമോവ്,അലക്‌സി റിക്കോവ്,ലെവ് കാമനെവ്,ഗ്രിഗറി സോകോൾനിക്കോവ് ഗോർകിൻറെ  ഗുരു ബുഖാറിൻ എന്നീ പഴയ ബോൾഷെവിക്കുകൾ കട പുഴകി.റിക്കോവിനെയും ബുഖാറിനെയും യൂഗോസ്ലാവ് പാർട്ടി, ' ട്രോട് സ്‌കിയിസ്റ്റ് -സിനോവീവിസ്റ്റ് ഫാഷിസ്റ്റ് തെമ്മാടികൾ ' എന്ന് വിളിച്ചു.ഇരുവരെയും സ്റ്റാലിന്റെ ഫയറിംഗ് സ്‌ക്വാഡ് വെടി വച്ച് കൊന്നു.യൂഗോസ്ലാവ് പാർട്ടി നേതാക്കൾ ഡോ ആന്റി കലിഗ,വോജ വുജോവിക് എന്നിവർ ഈ ശുദ്ധീകരണത്തിന് ഒപ്പം നിന്നില്ലെന്ന് സി സി കുറ്റപ്പെടുത്തി.ഇവരെ 'മുസ്സോളിനിയുടെ ചാരന്മാർ' എന്ന് വിളിച്ചു.ഗോർകിക്, സ്റ്റാലിനെ ഇങ്ങനെ തുണച്ച് സ്വന്തം ഉൻമൂലനത്തിന് സ്റ്റാലിനെ ക്ഷണിച്ചു.
ആന്റൺ മാവ്റക് 
യൂഗോസ്ലാവ് പാർട്ടി ആസ്ഥാനം 1936 ൽ വിയന്നയിൽ നിന്ന് പാരിസിലേക്ക് മാറ്റിയിരുന്നു .1937 ആദ്യം ജർമനിയിൽ, ഗോർകിക്,ഭാര്യ ബെറ്റിയെ  അവസാനമായി കണ്ടു.പാർട്ടി നേതൃത്വം പിടിക്കാനുള്ള പോരാട്ട സമയത്ത് ടിറ്റോ,സോവിയറ്റ് ചാരനായിരുന്നു.ഗോർകികിനെ മാറ്റാൻ ടിറ്റോ ചാര സംഘടന ( എൻ കെ വി ഡി ) യ്ക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു:

He has only one drawback: he holds everything in his hands – I talked about that at one session of the Central Committee. It's hard to say for which reason is he doing so. It is possible that he doesn't have enough confidence in the political ability of comrades. He behaves with people like he trusts them, and if a person is talkative it can earn his trust, and such people should be careful with, they need to be checked more often.
എല്ലാം കയ്യടക്കുന്ന ഒരു ദൗർബല്യമേ അയാൾക്കുള്ളൂ.-അത് ഞാൻ സി സി യിൽ പറഞ്ഞിരുന്നു.കാരണം അറിയില്ല.സഖാക്കളിൽ വിശ്വാസമില്ലായിരിക്കാം.വായിട്ടലയ്ക്കുന്നവരെയാണ് അയാൾക്കിഷ്ടം.അവരെയാണ് സൂക്ഷിക്കേണ്ടത്.

മോസ്‌കോ കോമിന്റേൺ ആസ്ഥാനത്തു നിന്ന് ഗോർകികിനെ 1937 ജൂണിൽ അടിയന്തരമായി വിളിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.ബ്രിട്ടീഷ് ചാരനാണ് അയാൾ എന്നായിരുന്നു ആരോപണം.ഒക്ടോബർ 23 ന് അറസ്റ്റ് ചെയ്‌ത്‌ ലുബിയാങ്ക ജയിലിൽ അയച്ചു.നവംബർ ഒന്നിന് കൊന്നു.ടിറ്റോ ജനറൽ സെക്രട്ടറി ആയ ശേഷം ഗോർകികിനെ മുൻകാല പ്രാബല്യത്തോടെ പാർട്ടിയിൽ നിന്ന് പുറത്താക്കി.മോസ്‌കോ സാംസ്‌കാരിക പാർക്ക് ഡയറക്ടറായ ഭാര്യ ബെറ്റിയെ അറസ്റ്റ് ചെയ്‌ത്‌,സ്റ്റാലിന്റെ മരണ ശേഷം 1954 ൽ വിട്ടു.

ഗോർകികിന് മുൻപ് പാർട്ടിയെ നയിച്ച ഡ്യൂക് സിവിജികിനെ 1937 ലും ഫിലിപ് ഫിലിപോവിക്, ആന്റൺ മാവ്റാക്,കാമിലോ ഹോർവറ്റിൻ എന്നിവരെ 1938 ലും ഡോ സിമ മാർകോവിക്, ജൊവാൻ മാലിസിക്,വ്ളാദിമിർ കോപിക് എന്നിവരെ 1939 ലും കൊന്നു.1939 ലെ കൊലകൾ ഏപ്രിൽ 19 നായിരുന്നു.

ക്രൊയേഷ്യൻ വിപ്ലവകാരിയായ സിവിജിക് ( 1896 -1938) ചെറിയ കാലം വിയന്നയിൽ യുഗോസ്ലാവിയൻ പാർട്ടി  സെക്രട്ടറി ആയിരുന്നു.ഹൈസ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെ ക്രൊയേഷ്യ വൈസ്‌റോയ്‌/ ഓസ്ട്രിയഹംഗറി റോയൽ കമ്മീഷണർ സ്ലാവ്‌കോ കുവാജിനെ 1912 ൽ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി ആയിരുന്നു.എട്ടു വർഷത്തെ ശിക്ഷ ഒന്നര കൊല്ലം കഴിഞ്ഞ് ഇളവ് ചെയ്‌തു.പുറത്തു വന്ന് പത്ര പ്രവർത്തകനായി.ദേശീയ പ്രശ്‍നം ഉയർത്തിയുള്ള വിഭാഗീയതയിൽ സിവിജിക് ഇടതുപക്ഷത്തും സിമ വലതു പക്ഷത്തും നിന്ന് പോരാടി.വിഭാഗീയത മൂത്താണ് കോമിന്റേൺ 1927  പ്ലീനത്തിൽ സിമയെ മാറ്റി സിവിജികിനെ സെക്രട്ടറി ആക്കിയത്.1928 ഏപ്രിലിൽ മോസ്കോയിലേക്ക് നേതാക്കളെ വിളിച്ച് വിഭാഗീയത നിർത്താൻ ആവശ്യപ്പെട്ടു.നാലാം പാർട്ടി കോൺഗ്രസ് ഗ്രൂപ് പോരാട്ടത്തിൽ സിവിജികിനെ സ്ഥാനഭ്രഷ്ടനാക്കി.ജൊവാൻ മാലിസിക് പകരം വന്നു.1928 ൽ അറസ്റ്റിലായ സിവിജിക് മൂന്ന് കൊല്ലം ജയിലിൽ കിടന്നു.
സിമ മർകോവിക് 
വിയന്നയിലെത്തിയ സിവിജിക്, കോമിന്റേൺ 1932 ൽ വച്ച പാർട്ടി സെക്രട്ടറി ഗോർകികുമായി കൊമ്പു കോർത്തു.ജർമൻ പാർലമെൻറ് ദിമിത്രോവ് തീവച്ച കേസിൽ,സംഭവം നടന്ന നേരത്ത് ദിമിത്രോവ് തനിക്കൊപ്പമായിരുന്നു എന്ന് മൊഴി നൽകി.1933 ൽ ഗോർകിക് നടത്തിയ  ശുദ്ധീകരണത്തെ ചോദ്യം ചെയ്തപ്പോൾ നോട്ടപ്പുള്ളിയായി.മോസ്‌കോ കാർഷിക ഇൻസ്റ്റിട്യൂട്ട് ആർകൈവിലേക്ക് അയാളെ ഒതുക്കി.ടിറ്റോയുടെ ശത്രുത പിടിച്ചു പറ്റിയതോടെ 1937 മെയ് 17 ന് പുറത്താക്കി.കാർഷിക ഇൻസ്റ്റിട്യൂട്ട് ജോലി പോയി.ദാരിദ്ര്യത്തിന് നടുവിൽ നിന്ന് സ്റ്റാലിന് എഴുതിയെങ്കിലും ഫലമുണ്ടായില്ല.1937 ശിശിരത്തിൽ,സോയുസ്നായ ഹോട്ടൽ മുറിയിൽ നിന്നു പുറത്താക്കി.ഒരിക്കൽ പണിയെടുത്ത പ്രസ് ഗോഡൗണിൽ അന്ന് രാത്രി ഉറങ്ങി.1937 ഒടുവിൽ അറസ്റ്റിലായ അയാൾ മടങ്ങിയില്ല.1938 ഏപ്രിൽ 26 ന് മോസ്‌കോയ്ക്ക് തെക്കു കിഴക്ക് കോമുണർകയിൽ അയാളെ വെടി വച്ച് കൊന്നു.സഹോദരൻ സ്റ്റീഫൻ സിവിജിക്കിനെ ഒപ്പം കൊന്നു.
സിമ അറസ്റ്റിന് ശേഷം 
സെർബിയയിൽ ജനിച്ച സിമ ( 1888 -1939 ) ഗണിത,തത്വ ശാസ്ത്രജ്ഞനും യൂഗോസ്ലാവ് പാർട്ടി സ്ഥാപകരിൽ ഒരാളുമായിരുന്നു.ഗണിതത്തിൽ ഡോക്റ്ററേറ്റ് ഉള്ള അദ്ദേഹം പ്രൊഫസറുമായിരുന്നു.കോമിന്റേൺ നിലപാടിന് വിരുദ്ധമായി,ദേശീയതയുടെ കാര്യത്തിൽ   നിലപാടെടുത്തു.ഭിന്ന ദേശീയതകളെ അനുകൂലിക്കുന്നതല്ലായിരുന്നു സ്റ്റാലിന്റെ നിലപാട്.പിതാവ് ഭൂമിശാസ്ത്ര പ്രൊഫസറായിരുന്നു.ബെൽഗ്രേഡ് സർവകലാശാലയിലെ രണ്ടാമത്തെ ഗണിത ഡോക്റ്ററേറ്റ് ആയിരുന്നു സിമയുടേത്.ഒക്ടോബർ വിപ്ലവം രാഷ്ട്രീയ പ്രവർത്തനത്തിന് പ്രചോദിപ്പിച്ചു. ഗണിത ശാസ്ത്രജ്ഞൻ തന്നെയായ ഫിലിപ് ഫിലിപോവിക്കിനൊപ്പം 1920 ൽ പാർട്ടി സെക്രട്ടറി.1920 ൽ എം പി.നാഷനൽ അസംബ്ലി അംഗങ്ങൾ സിമ ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് പരാതിപ്പെട്ടിരുന്നു.കോമിന്റേൺ എക്‌സിക്യൂട്ടീവ് അംഗമായി ലെനിനോട് അടുത്തു.

അലക്‌സാണ്ടർ രാജാവിനെ വധിക്കാൻ ശ്രമിച്ചപ്പോൾ 1921 ൽ പാർട്ടി നിരോധിക്കപ്പെട്ടു.മോസ്‌കോയിൽ കോൺഗ്രസിന് പോയ പ്രതിനിധി സംഘം യുഗോസ്ലാവിയയ്ക്ക് മടങ്ങാതെ രണ്ടായി പിരിഞ്ഞ് ഒന്ന് ബൾഗേറിയയ്ക്കും മറ്റേത് വിയന്നയ്ക്കും പോയി.ബൾഗേറിയയ്ക്ക് പോയത് അറസ്റ്റിലായി.സിമ വിയന്നയിൽ പാർട്ടി കമ്മിറ്റിയുണ്ടാക്കിയപ്പോഴാണ്,പാർട്ടിക്ക് ഇരട്ട നേതൃത്വം വന്നത്.

സ്റ്റാലിന്റെ നയത്തിന് വിരുദ്ധമായി The National Question in the Light of Marxism എന്ന പുസ്തകം എഴുതിയത് സിമയെ എന്നും വേട്ടയാടി.1925 ലെ കോമിന്റേൺ പ്ലീനം അയാളെ സോഷ്യൽ ഡെമോക്രാറ്റ് എന്ന് മുദ്ര കുത്തി.1926 ലെ പാർട്ടി സമ്മേളനത്തിൽ സിമയും സിവിജികും തുറന്ന പോരായി.സമ്മേളനത്തിൽ ബുഖാറിൻറെ പ്രതിനിധി ആയി പങ്കെടുത്ത ദിമിത്രോവ്,സിമയെ സെക്രട്ടറിയാക്കി.നവംബർ പാർട്ടി പ്ലീനം സിമയെ നീക്കി.1928 ലെ പാർട്ടി കോൺഗ്രസിൽ കോമിന്റേണെ പ്രതിനിധീകരിച്ച പാൽമിറോ തൊഗ്ലിയാട്ടി,സിമയെ പിച്ചി ചീന്തി.പാർട്ടിയിൽ നിന്ന് നീക്കിയ കാര്യം അയാൾ പൊലീസിൽ നിന്നാണ് അറിഞ്ഞത്.അതറിയാതെ 1929 പ്ലീനത്തിന് ചെന്നപ്പോഴാണ് പൊലീസ് പാർട്ടി രേഖ കാണിച്ചത്.

പാർട്ടി ബോസ്നിയയിലേക്ക് നീക്കിയ സിമ സോവിയറ്റ് യൂണിയനിൽ 1935 ൽ എത്തി സയൻസ് അക്കാദമിയിൽ റിസർച് അസോഷ്യേറ്റ് ആയി.കോമിന്റേൺ ഏഴാം കോൺഗ്രസ് അയാളെ തിരിച്ചെടുത്തു.ഉടനെ പല വിമതരും സിമയെ ബന്ധപ്പെടുന്നതായി ടിറ്റോ സോവിയറ്റ്  ചാര സംഘടനയെ അറിയിച്ചു.അയാളെ ഒഡേസയിലേക്ക് നീക്കി.മോസ്‌കോയിൽ പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നില്ല.1936 ൽ  Dialectical Materialism and Modern Physics എന്ന പുസ്തകം എഴുതിയെങ്കിലും വെളിച്ചം കണ്ടില്ല.1937 ൽ അറസ്റ്റിലായപ്പോൾ ദേശീയ പ്രശ്നത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു.1938 ജൂലൈ 20 ന് അറസ്റ്റിലായെന്ന് വേറെ ഭാഷ്യമുണ്ട്.പാർട്ടിയിൽ നിന്ന് പുറത്താക്കി മോസ്‌കോയിൽ 1939 ഏപ്രിൽ 19 ന് ഫയറിംഗ് സ്‌ക്വാഡ് വെടി വച്ച് കൊന്നു.
ഫിലിപോവിക് 
ഒന്നാം യുദ്ധ ശേഷം 1920 ൽ ബെൽഗ്രേഡ് മേയർ ആയ ഫിലിപോവിക് ( 1878 -1938 ) ഒരാഴ്ച മാത്രമേ ആ സ്ഥാനത്തുണ്ടായിരുന്നുള്ളു -പൊലീസ് അറസ്റ്റ് ചെയ്‌ത്‌ തടവിലാക്കി.സെർബിയയിൽ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സോഷ്യലിസ്റ്റ് ആയി.എന്ജിനീറിംഗ് പഠിക്കുമ്പോൾ സെർബിയ വിടേണ്ടി വന്നു.മിലൻ ഒബ്രനേവിക് രാജാവിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ പാർട്ടിക്കാർ വേട്ടയാടപ്പെട്ടതായിരുന്നു,കാരണം.പെട്രോഗ്രാഡിൽ പോയി ഗണിതം പഠിച്ചു.1905 ലെ ആദ്യ റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്തു.1912 ൽ മടങ്ങി.ഒന്നാം ലോകയുദ്ധ ശേഷം ബെൽഗ്രേഡിൽ 200 അംഗങ്ങളുമായി പാർട്ടി സംഘടിപ്പിച്ചു.1919 ൽ പാർട്ടി സെക്രട്ടറി.1920 ൽ എം പി.1924 ൽ കോമിന്റേൺ എക്‌സിക്യൂട്ടീവിൽ.യുഗോസ്ലാവിയയിലേക്ക് പിന്നെ മടങ്ങിയില്ല.1928 ഏപ്രിലിൽ മോസ്‌കോയിൽ വിളിച്ച് യുഗോസ്ലാവ് പാർട്ടിയെ ശുദ്ധീകരിച്ചപ്പോൾ ഫിലിപോവിക് ശക്തനായി.1932 ൽ ഫിലിപോവിക്കിനെ നീക്കി താൽക്കാലിക സെക്രട്ടറിയായി ഗോർകികിനെ കൊണ്ട് വന്നു.ഫിലിപോവികിനെ കാർഷിക ഇൻസ്റ്റിട്യൂട്ടിൽ ഒതുക്കി.1938 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്‌ത്‌ ഏപ്രിലിൽ കൊന്നു.
ജൊവാൻ മാലിസിക് 
വെറും 37 വയസ്സിലാണ് ജൊവാൻ മാലിസിക്കിനെ ( 1902 -1939 ) സ്റ്റാലിൻ കൊന്നത്.മോണ്ടിനെഗ്രോയിൽ ജനിച്ച അദ്ദേഹം 1928 -30 ൽ യൂഗോസ്ലാവ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്നു;ഫിലോസഫി പ്രൊഫസറും.1919 ലാണ് പാർട്ടിയിൽ ചേർന്നത്.1923 ൽ സോവിയറ്റ് യൂണിയനിലേക്ക് കുടിയേറി എന്നാണ് കരുതുന്നത്.റെഡ് ആർമി മിലിറ്ററി പൊളിറ്റിക്കൽ അക്കാദമിയിൽ പഠിച്ച് കമ്മ്യൂണിസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ദി നാഷനൽ മൈനോറിറ്റിസ് ഓഫ് ദി വെസ്റ്റിൽ അധ്യാപകൻ.1928 ലെ യൂഗോസ്ലാവ് പാർട്ടി ശുദ്ധീകരണത്തിൽ പാർട്ടിക്ക് പകരം വന്ന വിദേശ ബ്യുറോ അംഗമായി.1928 ലെ നാലാം കോൺഗ്രസിൽ പാർട്ടി ജനറൽ സെക്രട്ടറി.1929 ൽ ഏകാധിപത്യത്തിനെതിരായ കലാപത്തിൽ പാർട്ടിയിൽ ജോവാൻറെ വലം കൈ ജുറോ ജാക്കോവിക് കൊല്ലപ്പെട്ടു.ജൊവാനും ഫിലിപോവിക്കും മോസ്കോയുടെ ശകാരത്തിന് ഇരകളായി.പുതിയ പി ബി രൂപീകരിച്ച് ജോവാനെ നീക്കി.1931 -32 ൽ ന്യൂ ഡോൺ ഫാക്ടറി യൂണിയൻ സെക്രട്ടറിയായി ഒതുക്കി.എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി റെഡ് പ്രൊഫസേഴ്‌സ്  ഇൻസ്റ്റിട്യൂട്ടിൽ പഠിക്കാൻ വിട്ടു.എന്ജിനീറിംഗ്,ടെക്‌നിക്കൽ അക്കാദമി ഫിലോസഫി മേധാവിയായി.അവിടന്ന് സ്‌പാനിഷ്‌ കലാപത്തിലേക്ക് വിട്ടു.1938 ൽ മടങ്ങിയെത്തിയപ്പോൾ കോമിന്റേൺ മാനവ ശേഷി വിഭാഗത്തിലേക്ക് വിട്ടു.1938 നവംബർ 16 ന് അറസ്റ്റിലായി.സ്പെയിനിൽ സോവിയറ്റ് മേധാവികളെ ധിക്കരിച്ചു എന്നതായിരുന്നു കുറ്റം.1939 മാർച്ചിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി.1939 ഏപ്രിൽ 19 ന് വെടി വച്ച് കൊന്നു.

ക്രൊയേഷ്യൻ വിപ്ലവകാരി ആന്റൺ മാവ്റക് ( 1899 -1938 ) 1930 ഓഗസ്റ്റിൽ ഒളിവിലെ പാർട്ടി സംഘടനാ സെക്രട്ടറി ആയിരുന്നു.1931 വരെ തുടർന്നു.പാർട്ടിയിൽ നിന്ന് നീക്കിയ ശേഷം സോവിയറ്റ് യൂണിയനിൽ കാൾ യാക്കോലെവിച് എന്ന വ്യാജപ്പേരിൽ തുടർന്നു.അപ്പോൾ കൂലിപ്പണിക്കാരനായിരുന്നു.ബോസ്നിയയിൽ ജനിച്ചു.നിയമം പഠിച്ചു.പാർട്ടിയിൽ 1924 ൽ ചേർന്നു.1929 ൽ യൂഗോസ്ലാവ് പാർട്ടി വിഭാഗീയതയിൽ തകർന്നപ്പോൾ,മോസ്കോ 1930 ഓഗസ്റ്റിൽ മാവ്റകിനെ വിളിച്ച് സംഘടനാ സെക്രട്ടറി ആക്കുകയായിരുന്നു.1931 ഡിസംബർ ഏഴിന് ഫിലിപോവികിനെ സെക്രട്ടറി ആക്കിയപ്പോൾ മാവ്റകിന്റെ പാർട്ടി ജീവിതത്തിന് തിരശീല വീണു.1932 ഏപ്രിലിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി.റോസ്റ്റോവിൽ വ്യാജപ്പേരിൽ തൊഴിലാളിയായി.1938 ആദ്യം അറസ്റ്റ് ചെയ്‌തു.താമസിയാതെ വെടി വച്ച് കൊന്നു.
കോപിക്,സ്പെയിനിൽ 
ടിറ്റോയ്‌ക്കൊപ്പം മോസ്‌കോയിൽ,സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം സെർബോ -ക്രൊയേഷ്യയിലേക്ക് പരിഭാഷ ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ്,വ്ളാദിമിർ കോപികിനെ അറസ്റ്റ് ചെയ്‌തു കൊണ്ട് പോയി കൊന്നത്.ടിറ്റോ സഹായി ആയിരുന്നു.രണ്ടാം അധ്യായത്തിൽ എത്തിയിരുന്നതേയുള്ളൂ.'സെൻജോ ' എന്നറിയപ്പെട്ട കോപിക് ( 1891 -1939 ) സെർബിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ പിതാവിൻറെയും കത്തോലിക്കാ മാതാവിന്റെയും മകൻ ആയിരുന്നു.തയ്യൽക്കാരനായിരുന്ന പിതാവ് പിന്നീട് പള്ളിയിൽ സഹായി ആയിരുന്നു.14 മക്കൾ ഉണ്ടായിരുന്നു.കോപികിന്റെ മാമോദീസ ഓർത്തഡോക്സ് പള്ളിയിലായിരുന്നു.നിയമം പഠിച്ചു.ഒക്ടോബർ വിപ്ലവ ശേഷം ബോൾഷെവിക് ആയി.1919 ൽ ആദ്യ കമ്മ്യൂണിസ്റ്റ് സെൽ ഉണ്ടാക്കി.ആദ്യ രണ്ടു പാർട്ടി കോൺഗ്രസുകളിൽ ടെക്‌നിക്കൽ സെക്രട്ടറി;പിന്നെ എം പി.1925 ൽ സോവിയറ്റ് യൂണിയനിൽ പോയി ലെനിൻ സ്‌കൂളിൽ പഠിച്ചു.1932 -36 ൽ പി ബി അംഗം.1937 ൽ സ്പെയിനിൽ പോയി ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്തു.1938 നവംബറിൽ മോസ്‌കോയിൽ അറസ്റ്റ് ചെയ്‌ത്‌ 1939 ഏപ്രിൽ 19 ന് കൊന്നു.

ടിറ്റോയുടെ ജീവിത കഥയിൽ,1919 -20 ൽ ക്രൊയേഷ്യ -സ്ലോവേനിയ പാർട്ടി സെക്രട്ടറി ആയിരുന്ന കാമിലോ ഹോർവറ്റിൻ,ട്രോട് സ്‌കി പക്ഷത്താണോ എന്ന് കോമിന്റേൺ അദ്ദേഹത്തോട് ചോദിച്ചതായും അതറിയില്ലെന്ന് മറുപടി നൽകിയതായും പറയുന്നുണ്ട്.ഹോർവറ്റിനെ കൊല്ലുക മാത്രമല്ല,ഭാര്യ ജൊവാങ്കയെയും സ്റ്റാലിൻ തടവിലിട്ടു .ഹോർവറ്റിൻ ( 1896 -1938 ) പാർട്ടി പി ബി അംഗവും ആയിരുന്നു.പാർട്ടി പത്രം ബോർബ യുടെ എഡിറ്ററും.ക്രെൽസ്,സെസാറക്,സിവിജിക് എന്നിവരുടെ സുഹൃത്ത്.ഓസ്‌ട്രോ -ഹംഗേറിയൻ സ്ലാവ്‌കോ വൈസ്‌റോയ്‌ കുവജിന്റെ വധശ്രമത്തിൽ പങ്കാളി.ജയിലിൽ നിന്ന് മടങ്ങി ബാങ്ക് ക്ലർക്.1919 -20 ൽ സെക്രട്ടറി,സി സി,പി ബി അംഗം.കോമിന്റേൺ പ്രതിനിധി.വിഭാഗീയതയിൽ ഇടതു പക്ഷം.1929 കലാപ ശേഷം പ്രവാസി.ബോറിസ് നിക്കോളയെവിച് പെട്രോവ്‌സ്‌കി എന്ന പേരിൽ സോവിയറ്റ് യൂണിയനിൽ.മൈനോറിറ്റിസ് സർവകലാശാലയിൽ അധ്യാപകൻ.കാർഷിക ഇൻസ്റ്റിട്യൂട്ടിൽ ജോലി.ഏപ്രിൽ പ്ലീനത്തിൽ പുറത്തായി.1936 മധ്യത്തിൽ പുറത്തായ വ്ളാദിമിർ കോപ്പിക്കിന് പകരം സി സി യിൽ.1937 ജൂണിൽ സ്റ്റാലിൻ ട്രോട് സ്കിയിസ്റ്റുകളെ കൊല്ലുന്നതിനെ തുണച്ച് 'പ്രോലെറ്റേറി' ൽ ലേഖനം എഴുതി:

Trotskyist agents of fascism, Trotskyist provocateurs and spies are not only enemies of the Communists and the Communist Party; they are the enemy of all advanced, democratic elements. They are not only enemies of the Soviet Union, they are enemies of the working class; they are enemies of their people ... It is understandable that this gentleman should be smashed and immediately tripped.
ട്രോട് സ്കിയിസ്റ്റുകളെ ഇടിച്ച് ചമ്മന്തിയാക്കണം എന്നർത്ഥം.

ഗോർകികിനെ കൊന്ന ശേഷം,1938 ആദ്യം,ടിറ്റോ പാർട്ടിയെ സംബന്ധിച്ച വഷളായ വ്യാജ ചിത്രം കോമിന്റേണ് നൽകുകയാണെന്ന് ഹോർവറ്റിൻ ആരോപിച്ചു.1938 ഫെബ്രുവരി ഏഴിന് അയാളെ അറസ്റ്റ് ചെയ്‌തു.മാർച്ച് 15 ന് കൊന്നു.
ഹോർവറ്റിൻ 
സ്റ്റാലിനിസ്റ്റ് ആചാര പ്രകാരം,ടിറ്റോ പിന്നെ മോസ്‌കോയിൽ പോയപ്പോൾ കുമ്പസാരിക്കാൻ ആവശ്യപ്പെട്ടു.ടിറ്റോ മൊഴി നൽകി:"സിവിജിക്,റായ്‌ക്കോ ജൊവാനോവിക് എന്നിവർക്കൊപ്പം,ഹോർവറ്റിൻ ഇടതു പക്ഷത്തായിരുന്നു.ആ പക്ഷത്തിന് എതിരായിരുന്നു ഞങ്ങൾ.മുൻപ് ബുദ്ധിജീവി സ്വഭാവിയായി തൊഴിലാളികളോട് നന്നായി പെരുമാറിയിരുന്നില്ല.പ്രമാണിയായിരുന്നതിനാൽ ജനം തുറന്നു പറഞ്ഞില്ല.1928 ൽ പൊലീസിൽ ഒന്നിച്ചു കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കുള്ളത്ര വിഭാഗീയത ഹോർവറ്റിനിൽ കണ്ടില്ല. "

ഹോർവറ്റിന്റെ ഭാര്യ ജൊവാങ്കയെ ഒപ്പം അറസ്റ്റ് ചെയ്‌ത്‌ എട്ടു വർഷം തടവ് നൽകി.1946 ൽ നാട്ടിലെത്തി.

എന്തു കൊണ്ട് സ്റ്റാലിൻ, ടിറ്റോയെ കൊന്നില്ല?

യൂഗോസ്ലാവ് സി സി യിലെ 20 പേരെ സ്റ്റാലിൻ കൊന്നു.തൻറെ സഖാക്കളെ ടിറ്റോ , ട്രോട് സ്‌കിയിസ്‌റ്റുകളായി ഒറ്റിയിരിക്കാം എന്ന് ശത്രുക്കൾ പറയുന്നു.കോപിക് അറസ്റ്റിലായ ശേഷം ഒരു സഹപ്രവർത്തകൻറെ കൂടെ ചരിത്ര പരിഭാഷ നടത്തി ടിറ്റോ തെറ്റ് വരുത്തിയപ്പോൾ,ജർമൻ പൈതൃകമുള്ള ഒരു യൂഗോസ്ലാവ് കമ്മ്യൂണിസ്റ്റ് ടിറ്റോയെ ട്രോട് സ്‌കിയിസ്റ്റ് ആയി ചാര സംഘടനയ്ക്ക് ഒറ്റി.അപ്പോൾ ടിറ്റോയെ അല്ല,അയാളെയാണ് പിടി കൂടിയത്.ടിറ്റോയുടെ മുൻ ഭാര്യ പെലജ ബെലുസോവ ( പോൾക്ക ) യെയും ഭാര്യ ജൊവാന (അന) കോനിഗി ( ലൂസിയ ബോയർ ) നെയും സാമ്രാജ്യത്വ  ചാരപ്രവർത്തനത്തിന് 1936 ൽ അറസ്റ്റ് ചെയ്‌തിരുന്നു.പോൾക്ക രണ്ടു കൊല്ലം തടവിൽ കഴിഞ്ഞു.14 വയസുള്ള മകൻ സാർകോയെ ടിറ്റോ ബോർഡിങിൽ ചേർത്തു.ജർമൻകാരി അനയെ ജർമനിക്ക് ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച് ലുബിയാങ്ക ജയിലിൽ വെടിവച്ചു കൊന്നു.

തൊഴിലാളി പശ്ചാത്തലം,സൈദ്ധാന്തിക വാഗ്വാദങ്ങളിൽ നിന്ന് വിട്ടു നിൽക്കൽ,മികച്ച വ്യക്തിത്വം,സ്വാധീനമുള്ളവരെ കയ്യിലെടുക്കൽ തുടങ്ങി അനുകൂല ഘടകങ്ങൾ ടിറ്റോയ്ക്ക് പലതുണ്ടായിരുന്നു.ഏറ്റവും പ്രധാനം കഴിയുന്നതും സോവിയറ്റ് യൂണിയനിൽ പോകാതെ ഒഴിഞ്ഞു നിന്നു എന്നതാണ്.ഭാര്യയെ കൊന്നവനുമായി എന്ത് ചർച്ച?

See https://hamletram.blogspot.com/2019/08/blog-post_10.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...