പുനലൂരിലെ ഒരു വനംവകുപ്പ് ക്ലർക്ക്, ഒരു ബ്രിട്ടിഷ് കലക്ടറെ വെടിവച്ചു കൊന്ന സംഭവം, കേരളത്തിൽ അധികം അറിയപ്പെടാത്തതാണ്- അപ്പോൾ എന്തുകൊണ്ട് അതൊരു ദേശീയ സംഭവമായില്ല എന്ന ചോദ്യത്തിനു പ്രസക്തിയില്ല. തിരുനൽവേലി കലക്ടർ റോബർട്ട് ആഷെയെ തീവണ്ടിയിൽ വെടിവച്ചു കൊന്ന വഞ്ചിനാഥൻ അയ്യർ, പുനലൂരിൽ ഫോറസ്ററ് ക്ലർക്കായിരുന്നെങ്കി ലും, ചെങ്കോട്ടക്കാരനായിരുന്നു; പിതാവ് രഘുപതി അയ്യർ, തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനായിരുന്നു (പുനലൂർ- ചെങ്കോട്ട 49 കിലോമീറ്റർ).
ഭഗത് സിംഗ് ബ്രിട്ടിഷ് പൊലിസ് ഓഫിസർ ജോൺ സാൻഡഴ് സിനെ വെടിവച്ചു കൊല്ലുന്നതിന് 17 വർഷം മുൻപാണ്, വഞ്ചിനാഥൻ, ആഷെയെ കൊന്നത്. എന്നിട്ടും, ഭഗത് സിംഗിന്റെ മുൻഗാമി, ഇന്ന് ദേശീയ ചിത്രത്തിൽ ഇല്ല.
തിരുനൽവേലിയിലെ മണിയാച്ചി റയിൽവേ സ്റ്റേഷന്റെ പേര്, ഇന്ന് വഞ്ചിമണിയാച്ചി എന്നാണ് . അതിലെ വഞ്ചി, ഒരു ധീര ദേശാഭിമാനിയാണെന്ന് ഒരാളും ഓർക്കില്ല. വഞ്ചി, മലയാളിക്ക് വഞ്ചിനാടോ ഒരു യാത്രാ സൗകര്യമോ മാത്രമാകാം.
റോബർട്ട് ആഷെ, തിരുനൽവേലി ജംഗ്ഷനിൽ, 1911 ജൂൺ 17 രാവിലെ ഒൻപതരയ്ക്ക്, മണിയാച്ചി മെയിലിൽ കയറിയത്, കൊടൈക്കനാലിൽ പോകാനാണ്. അദ്ദേഹത്തോടൊപ്പം ഭാര്യ മേരി ലിലിയൻ പാറ്റേഴ്സൺ ഉണ്ടായിരുന്നു. അയർലണ്ടിൽ നിന്ന് ഏതാനും ദിവസം മുൻപു മാത്രമാണ്, മേരി എത്തിയത്. 1898 ഏപ്രിൽ ആറിന് ബർഹാംപൂരിലായിരുന്നു , അവരുടെ വിവാഹം. ആഷെയെ ക്കാൾ ഒരു വയസു മൂത്തതായിരുന്നു, മേരി. കൊടൈക്കനാലിൽ വാടകക്കെടുത്ത ബംഗ്ലാവിലായിരുന്നു, അവരുടെ നാലു മക്കൾ- മോളി, ആർതർ, ഷീല, ഹെർബർട്ട്. അവരെക്കാണാനായിരുന്നു യാത്ര.
രാവിലെ 10.38 ന് മണിയാച്ചിയിൽ എത്തിയ ട്രെയിൻ, സിലോൺ ബോട്ട്മെയിൽ 10. 48 ന് എത്താൻ , കാത്തു കിടന്നു. ആഷെയും മേരിയും അഭിമുഖമായാണ് ഇരുന്നത്.
പൊടുന്നനെ,മുണ്ടുടുത്ത രണ്ടു യുവാക്കൾ തീവണ്ടിക്കടുത്തെത്തി. അതിൽ, പച്ച ജാക്കറ്റണിഞ്ഞ് വിഭൂ തി ചാർത്തി, തലയിൽ കുടുമയുള്ളയാൾ, കമ്പാർട്മെന്റിൽ കയറി, ബൽജിയൻ നിർമ്മിത ബ്രൗണിങ് ഓട്ടോമാറ്റിക് പിസ്റ്റലെടുത്ത് , ആഷെയുടെ നെഞ്ചിൽ നിറയൊഴിച്ചു. ആഷെ കുഴഞ്ഞു വീണു.ആഷെയെ കൊന്ന വഞ്ചിനാഥൻ പ്ലാറ്റ് ഫോമിലൂടെ ഓടി, കക്കൂസിൽ കയറി, സ്വന്തം വായിലേക്കു നിറയൊഴിച്ചു. അയാളിൽ നിന്ന് കണ്ടെടുത്ത പിസ്റ്റളിൽ വേറെ വെടിയുണ്ടകൾ ഉണ്ടായിരുന്നില്ല. വെടിയുണ്ടകൾ രണ്ടു മാത്രം: ഒന്നു കൊലയ് ക്കും മറ്റൊന്ന് ആത്‍മഹത്യയ്ക്കും. വഞ്ചിനാഥന്റെ കീശയിലെ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു :"നമ്മുടെ രാജ്യം പിടിച്ചടക്കിയ ഇംഗ്ലണ്ടിലെ മ്ലേച്ചന്മാർ, ഹിന്ദുക്കളുടെ സനാതന ധർമം നശിപ്പിച്ചു. ബ്രിട്ടീഷുകാരെ ഓടിച്ചു സ്വരാജ്യം വീണ്ടെടുക്കാനും സനാതന ധർമം പുനഃസ്ഥാപിക്കാനും ഓരോ ഇന്ത്യക്കാരനും ശ്രമം നടത്തുന്നു. രാമനും ശിവജിയും കൃഷ്ണനും ഗുരു ഗോവിന്ദനും അർജുനനും ഭരിച്ചു ധർമം സംരക്ഷിച്ച ജന്മനാട്ടിൽ മ്ലേച്ചനായ, ഗോമാംസം ഭക്ഷിക്കുന്ന ജോർജ് അഞ്ചാ മനെ അവരോധിക്കാൻ ഒരുക്കങ്ങൾ നടത്തുകയാണ് ബ്രിട്ടീഷുകാർ. നമ്മുടെ രാജ്യത്തെത്തുമ്പോൾ തന്നെ ജോർജ് അഞ്ചാ മനെ വധിക്കാൻ മൂവായിരം തമിഴന്മാർ പ്രതിജ്ഞ ചെയ്തിരിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം മറ്റുള്ളവരെ അറിയിക്കാൻ, അക്കൂട്ടത്തിൽ എളിയവനായ ഞാൻ, ഈ ദിവസം ഈ കൃത്യം നടത്തിയിരിക്കുന്നു. ഇത്, ഓരോ ഇന്ത്യക്കാരനും അവന്റെ കടമയായി കരുതണം…വന്ദേമാതരം, വന്ദേമാതരം, വന്ദേമാതരം".
ആഷെയും കുടുംബവും |
വ ഞ്ചിനാഥൻ സവർക്കറുടെ അനുയായിയാണെന്ന് ഇതിൽനിന്നു വ്യക്തം. ചെങ്കോട്ടയിൽ 1886 ൽ ജനിച്ച വഞ്ചിനാഥന് 25 വയസ്സായിരുന്നു. ഭാര്യ, പൊന്നമ്മാൾ. ഒരു പെൺകുഞ്ഞു ജനിച്ചു താമസിയാതെ മരിച്ചിരുന്നു. വഞ്ചിനാഥന് തിരുവനന്തപുരം മഹാരാജാസ് കോള ജിൽ നിന്ന് എം. എ പാസായ ഉടൻ ജോലി കിട്ടി. 1894 ൽ ഇന്ത്യൻ സിവിൽ സർവീസ് (ഐസിഎ സ്) പരീക്ഷ പാസായ 61 പേരിൽ നാൽപ്പതാമത്തെ ആളായിരുന്നു, റോബർട്ട് വില്യം എസ്കൗർട്ട് ആഷെ. 1895 ഡിസംബർ നാലിന് ഇന്ത്യയിലെത്തിയ ആഷെ, അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1907 ൽ തിരുനൽവേലിയിൽ നിയമിക്കപ്പെട്ട് ദീർഘകാല അവധിക്കു ശേഷം 1908 ഫെബ്രുവരി 17 ന് അവിടെയെത്തി. തൂത്തുക്കുടിയിൽ ജോലിക്കായി ആഷെ ചെലവിട്ട രണ്ടു മാസമാണ്, അദ്ദേഹത്തിൻറെ വിധി നിർണയിച്ചത്. തെക്കേ ഇന്ത്യയിലെ പ്രധാന തുറമുഖമായ തൂത്തുക്കുടിയിൽ യൂറോപ്യൻ സൈനികനായ എ ആൻഡ് എഫ് ഹാർവിക്ക് കോറൽ മിൽ സ് എന്ന തുണി കമ്പനിയുണ്ടായിരുന്നു. ഹാർവിമാർ തന്നെയായിരുന്നു ബ്രിട്ടീഷ് ഇന്ത്യ സ്റ്റീ o നാവിഗേഷൻ കമ്പനി (സി ഐ എസ് എൻ സി) യുടെ ഏജന്റുമാർ. ഇതിന് തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ വാണിജ്യ കുത്തകയുണ്ടായിരുന്നു. തൂത്തുക്കുടിയിൽ രണ്ടുമാസം കഴിഞ്ഞു, ആഷെയെ ഗോദാവരിക്കു വിട്ടു. 1910 ഓഗസ്റ്റ് രണ്ടിന് തിരുന ൽവേലിയിൽ ആക്റ്റിംഗ് കലക്ടറായി ചുമതലയേറ്റു.ബാലഗംഗാധര തിലകനും ലാല ലജ്‌പത് റായിയും തുടക്കമിട്ട സ്വദേശി പ്രസ്ഥാനം വേരാഴ്ത്തിയ കാലമായിരുന്നു ഇത്. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ട വി.ഒ. ചിദംബരംപിള്ള ബ്രിട്ടനെ വെല്ലുവിളിച്ചു, സ്വദേശി സ്റ്റീo നാവിഗേഷൻ കമ്പനിക്കു വിത്തിട്ടു. രണ്ടു കപ്പലുകൾ പ്രയാസപ്പെട്ടു വാടകക്കെടുത്തു, പിള്ള ബ്രിട്ടീഷ് സ്റ്റീo നാവിഗേഷൻ കമ്പനിക്കു വെല്ലുവിളി ഉയർത്തി. ബ്രിട്ടീഷ് കമ്പനി സൗജന്യ ടിക്കറ്റും കുടയും വാഗ്‌ദാനം ചെയ്തിട്ടും നാട്ടുകാർ, കൊളംബോയ്ക്കു പോകാൻ പിള്ളയുടെ കപ്പലുകൾ ഉപയോഗിച്ചു. പിള്ളയെ വരുതിയിലാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചപ്പോൾ അദ്ദേഹം വഴങ്ങിയില്ലെന്നു മാത്രമല്ല, കോറൽ മില്ലിൽ പൊതു പണിമുടക്കുണ്ടാക്കുകയും ചെയ്തു. പിള്ളയെ ജീവപര്യന്തം ശിക്ഷിച്ചു കോയമ്പത്തൂർ ജയിലിൽ തടവുകാരനാക്കി. അപ്പീലിൽ ശിക്ഷ ഇളവ് ചെയ്ത്, കണ്ണൂർ ജയിലിലാക്കി. പിള്ളയുടെ കപ്പൽ കമ്പനി പാപ്പരായി, കപ്പലുകൾ ബ്രിട്ടീഷ് കമ്പനി ഏറ്റെടുത്തു. ജനം ക്ഷു ഭിതരായി.
വി വി എസ് അയ്യർ |
ഈ രംഗത്താണ്, വരാഹനേരി വെങ്കടേശ സുബ്രഹ്മണ്യം അയ്യർ എന്ന വി .വി .എസ് .അയ്യർ എത്തിയത്. തിരുച്ചിയിലെ വരാഹനേരിയിൽ ജനിച്ച അയ്യർ (1881 – 1925) സെന്റ് ജോസഫ്‌സ് കോളജിൽ നിന്ന് ചരിത്ര ബിരുദമെടുത്തു, 1902 മദ്രാസ് സർവകലാശാലയിൽ നിന്ന് പ്ലീഡർ പരീക്ഷ പാസായി, തിരുച്ചി ജില്ലാകോടതിയിൽ പ്രാക്ടീസ് ചെയ്തു. 1906 ൽ റങ്കൂണിൽ അഭിഭാഷകനായി. അവിടന്ന് 1907 ൽ ലണ്ടനിലെത്തി ലിങ്കൺസ് ഇ ന്നിൽ ബാരിസ്റ്റാറാകാൻ ചേർന്നു. ഇന്ത്യാ ഹൗ സിൽ വിനായക് ദാമോദർ സവർക്കറെ കണ്ടുമുട്ടിയത്, വഴിത്തിരിവായി. ലണ്ടനിലും പാരീസിലും വിപ്ലവകാരിയായ അയ്യ ർക്കെതിരെ 1910 ൽ ബ്രിട്ടീഷ് സർക്കാർ വാറന്റ് പുറപ്പെടുവിച്ചപ്പോൾ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മുസ്ലിം വേഷത്തിൽ ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിൽ ഒളിവിൽ താമസിച്ചു. പത്തു വർഷത്തോളം അവിടെ കഴിഞ്ഞ അയ്യർ, കവി സുബ്രഹ്മണ്യഭാരതിക്കും, അരവിന്ദഘോഷിനും വിപ്ലവ സുഹൃത്തായി. വഞ്ചിനാഥന്, വിപ്ലവഗുരുവായി. അയ്യർ നേതൃത്വം നൽകിയ സവർക്കറുടെ അഭിനവ് ഭാരത് സൊസൈറ്റിയുടെ പോണ്ടിച്ചേരി ശാഖയാണ്, ആഷെയുടെ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധമുള്ള ഭാരത് മാതാ അസോസിയേഷനിൽ അംഗമായിരുന്നു വഞ്ചിനാഥൻ. തോക്കിനും മറ്റും പശുവിന്റെ തോൽ ഉപയോഗിക്കാൻ അനുവദിച്ച ജോർജ് അഞ്ചാമനെ വധിക്കുകയായിരുന്നു, സംഘടനയുടെ ലക്ഷ്യം. പുനലൂരിൽ ജോലിയിലിരിക്കെയാണ്, വഞ്ചിനാഥൻ വി ഒ സി എന്നറിയപ്പെട്ട ചിദംബരം പിള്ളയെപ്പറ്റി അറിഞ്ഞത്. 1908 മാർച്ച് 12 ന് അറസ്റ്റ് ചെയ്യപ്പെട്ട പിള്ളയെ ആദ്യം നാഗർകോവിൽ പാളയം കോട്ട ജയിലിലെത്തിച്ച പ്പോൾ, സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തം തിളച്ചു. തിരുനൽവേലിയിലും തൂത്തുക്കുടിയിലും ജനരോഷം അണപൊട്ടി. ആഷെയെ കൊല്ലാനുള്ള ആസൂത്രണ ചുമതല കിട്ടിയ നീലകണ്‌ഠ ശാസ്ത്രിയുടെ അനുയായി ആയിരുന്നു, വഞ്ചിനാഥന്റെ അളിയൻ, ശങ്കര കൃഷ്ണയ്യർ. അദ്ദേഹം വഞ്ചിനാഥനെ നീലകണ്ഠന് പരിചയപ്പെടുത്തി. മൂവരും കൂട്ടുകാരും ചേർന്ന്, ഭാരത മാതാ സംഘം രൂപവൽക്കരിച്ചു. വഞ്ചിനാഥൻ തിരുവനന്തപുരം മൂലം തിരുനാൾ മഹാരാജാസ് കോളജിൽ (യൂണിവേഴ്സിറ്റി കോളജ്) നിന്ന് എം എ പാസായി, തിരുവിതാംകൂർ വനംവകുപ്പിൽ ജോലി നേടി അധികമായിരുന്നില്ല. 1911 ജനുവരി ഒൻപതിന് മൂന്നുമാസത്തെ അവധിയെടുത് വഞ്ചിനാഥൻ പോണ്ടിച്ചേരിയിൽ ചെന്ന് വി വി സ് അയ്യരെ കണ്ടു. റിവോൾവർ പരിശീലനം നേടി. ആഷെയുടെ നീക്കങ്ങൾ തിരുനൽവേലിയിലെത്തി നിരീക്ഷിച്ചു പോന്ന വഞ്ചിനാഥൻ, ജോർജ് അഞ്ചാമന്റെ കിരീടധാരണം നടക്കുന്ന 1911 ജൂൺ 11 ന് ആഷെയെ കൊല്ലാനാണ് പദ്ധതിയിട്ട ങ്കിലും, അന്ന് അയാളെ പുറത്തുകണ്ടില്ല.
ആഷെ എന്തുകൊണ്ട് തീവ്രവാദികളുടെ ലക്ഷ്യമായി എന്നതിൽ ദുരൂഹത കാണുന്നവരുണ്ട്. അദ്ദേഹം ആക്റ്റിംഗ് കലക്ടർ മാത്രമായിരുന്നു. എൽ .എം. വിഞ്ച് ആയിരുന്നു കലക്ടർ. പിള്ളയെ ജീവപര്യന്തം ശിക്ഷിച്ച എ ഫ്. പിൻഹി ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നിട്ടും ആഷെയെ കൊന്നതിനു കാരണമായി, ചില ദളിത് ഗ്രൂപ്പുകൾ ഒരു വാദം നിരത്തുന്നുണ്ട്. ആഷെയുടെ ഭാര്യ മേരി സാമൂഹ്യപ്രവർത്തകയായിരുന്നു. ഭർത്താവിനൊപ്പം ഒരു നാൾ ചെങ്കോട്ടയിൽ പോയ മേരി പ്രസവ വേദനയിൽ പുളഞ്ഞ ഒരു ദളിത് യുവതിയെ കാളവണ്ടിയിൽ കയറ്റി, ബ്രാഹ്മണരുടെ അഗ്രഹാരം വഴി, ആശുപത്രിയിൽ കൊണ്ടുപോയി. ഇതിന് ബ്രാഹ്മണർ ആഷെയോട് മാപ്പു പറയാൻ ആവശ്യപ്പെട്ടുവെന്നും . അയാൾ അതിനു വഴങ്ങാതിരുന്നതിനാൽ അവർ ആഷെയെ കൊന്നെന്നുമാണ് ആ വാദം. ഇങ്ങനെ ഒരു സംഗതി, വിചാരണ വേളയിൽ ഉയർന്നു വന്നിരുന്നില്ല. മാത്രമല്ല, വഞ്ചിനാഥൻ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനു ധാരാളം തെളിവുകളുമുണ്ട്. അരവിന്ദഘോഷ് പത്രാധിപരായിരുന്ന ‘വന്ദേമാതരം’ പത്രം ബംഗാളിൽ നിരോധിച്ചപ്പോൾ അത് പാരീസിൽ നിന്ന് മാഡം കാമ ഇറക്കി യിരുന്നു. മുംബൈ യിൽ ധനിക പാഴ്സി കുടുംബത്തിൽ ജനിച്ച ബിഖാജി റസ്റ്റം കാമ (1861- 1936) എന്ന മാഡം കാമ, പാരീസിൽ, വി വി എ സ് അയ്യരുടെ സഹപ്രവർത്തകയായിരുന്നു. ആഷെയെ കൊല്ലുന്നതിനു തൊട്ടു മുൻപ് മേയിൽ പാരീസിൽ നിന്നിറങ്ങിയ ‘വന്ദേമാതര’ത്തിലെ ഒരു ലേഖനത്തിൽ, “ഒരു ബംഗ്ലാവിലെ യോഗത്തിലോ റയിൽവെയിലോ വണ്ടിയിലോ കടയിലോ പള്ളിയിലോ പൂന്തോട്ടത്തിലോ ഉത്സവത്തിലോ” ബ്രിട്ടീഷുകാരെ കൊല്ലുമെന്ന് വ്യക്തമാക്കിയിരുന്നു. അഗ്രഹാര കഥ അസംബന്ധമാണ്- സവർക്കറുടെ അനുയായികൾ അയിത്തത്തിനെതിരായിരുന്നു.അഗ്രഹാരക്കഥ സങ്കല്പികമാണെന്ന് ആഷെ വധക്കേസിൽ അറസ്റ്റിലായ 14 പേരിൽ നിന്നു തന്നെ തെളിയും: നീലകണ്ഠൻ, ശങ്കര കൃഷ്ണയ്യർ, മടത്തുക്കടൈ ചിദംബര പിള്ള (വി. ഒ. സി യുടെ ബന്ധു- പച്ചക്കറി കച്ചവടം), മുത്തുക്കുമാരസ്വാമി പിള്ള( കുടം വില്പന), സുബ്ബയ്യാപിള്ള (അഭിഭാഷക ക്ലർക്ക്), ജഗന്നാഥ അയ്യങ്കാർ (പാചകം), ഹരിഹരയ്യർ (കച്ചവടം), ബാപ്പുപിള്ള (കർഷകൻ), വി. ദേശികാചാരി(കച്ചവടം), വേമ്പു അയ്യർ (പാചകം), ശാ വടി അരുണാചലം പിള്ള (കർഷകൻ), അളഗപ്പാപിള്ള (കർഷകൻ), വന്ദേമാതരം സുബ്രഹ്മണ്യ അയ്യർ (സ്കൂൾ അധ്യാപകൻ), പിച്ചുമണി അയ്യർ (പാചകം).ഈ പട്ടികയിൽ പകുതിയും ചിദംബരം പിള്ളയുടെ വെള്ളാള സമുദായത്തിൽ നിന്നുള്ളവരാണ്; അ വർണർ..കേസുമായി ബന്ധപ്പെട്ട രണ്ടു പേർ ആത്മഹത്യ ചെയ്തു: ധർമ്മരാജ അയ്യർ വിഷം കഴിച്ചു; വെങ്കടേശ്വരയ്യർ സ്വന്തം കഴുത്തു കണ്ടിച്ചു.
ചീഫ് ജസ്റ്റിസ് സി. ആർനോൾഡ് വൈറ്റ് നേതൃത്വം നൽകിയ മൂന്നംഗ ബഞ്ചാണ് കേസ് വിചാരണ ചെയ്തത്. അതിൽ ഒരാളായിരുന്നു, സർ സി. ശങ്കരൻ നായർ. വില്യം എയ്‌ലിംഗ് ആയിരുന്നു മൂന്നാമൻ. 1911 സെപ്റ്റംബർ മുതൽ അഞ്ചുമാസം വിചാരണ നീണ്ടു. 93 ദിവസം. പബ്ലിക് പ്രോസിക്യൂട്ടർ സി. എഫ്. നേപ്പിയറെ അഭിഭാഷകരായ ടി. റിച്ച്മണ്ടും ആർ. സുന്ദര ശാസ്ത്രികളും സഹായിച്ചു.
വൈറ്റും എയ്‌ലിംഗും ഒറ്റ വിധി ന്യായം എഴുതിയപ്പോൾ , ശങ്കരൻ നായർ, പ്രത്യേക വിധി എഴുതി. സുബ്രഹ്മണ്യഭാരതിയുടെ ‘സ്വാതന്ത്ര്യം’ എന്ന കവിത ആ വിധിയിൽ ഉദ്ധരിച്ചു:
എൻട്രു തണിയും ഇന്ത സുതന്തിര ദാഹം
എൻട്രു മടിയും എങ്കൾ അടിമയിൻ മോഹം
പ്രതികൾക്കെതിരെ, കൊലപാതകക്കുറ്റം തെളിയിച്ചിട്ടില്ലെന്നു രേഖപ്പെടുത്തി. നീലകണ്ഠനും മറ്റൊരാളും രാജാവിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതായി നായർ കണ്ടെത്തി. ഭൂരിപക്ഷാഭിപ്രായ പ്രകാരം കോടതി നീലകണ്ഠന് ഏഴുവർഷവും ശങ്കരകൃഷ്‌ണന് നാലു വർഷവും കഠിന തടവ് വിധിച്ചു. മറ്റു പ്രതികൾക്ക് അതിൽ താഴെയുള്ള തടവുശിക്ഷകൾ നൽകി.
തിരുവിതാംകൂർ, സർ സി. പി. രാമസ്വാമി അയ്യരുടെ സേവനം ആദ്യം തേ ടിയത്, ആഷെ വധക്കേസുമായി ബന്ധപ്പെട്ടാണ്. അത് വക്കീൽ എന്ന നിലയ്ക്കായിരുന്നില്ല. വഞ്ചിനാഥനും പിതാവും തിരുവിതാംകൂറിന്റെ ജീവനക്കാരും ചെങ്കോട്ട തിരുവിതാംകൂറിലുമായിരുന്നതിനാൽ, ബ്രിട്ടീഷുകാർക്ക് തിരുവിതാംകൂർ രാജാവിനോട് നീരസo സ്വാഭാവികമായിരുന്നു. അത് നീക്കുകയായിരുന്നു ഉന്നം. ഇപ്പോഴും, സർ സി. പി. എന്താണ് തിരുവിതാംകൂറിനു വേണ്ടി ചെയ്തത് എന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട ഒരു ഉപകഥയിൽ മദ്രാസ് ഹൈക്കോടതിയുടെ ശ്രദ്ധ ഉടക്കിയപ്പോഴാണ്, തിരുവിതാംകൂർ സർ സിപിയുടെ സഹായം തേടിയത് എന്നു മാത്രമറിയാം- അന്ന് അദ്ദേഹം ദിവാൻ അല്ല. അന്നദ്ദേഹം വക്കീൽ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. 1936 ൽ മാത്രമാണ്, അദ്ദേഹം ദിവാൻ ആകുന്നത്. ചെറുപ്രായത്തിൽ തന്നെ പ്രാഗത്ഭ്യo തെളിയിച്ച സർ സിപിയെ ജഡ്ജിയാക്കാൻ സമ്മതം ചോദിച്ച ചീഫ് ജസ്റ്റിസിന്, അത് നിരസിച്ചുകൊണ്ട് അദ്ദേഹം എഴുതി: “ദിവസം മുഴുവൻ അസംബന്ധം കേൾക്കുന്നതിനേക്കാൾ ഒരു ദിവസം ഏതാനും മണിക്കൂർ മാത്രം അസംബന്ധം പറയുന്നതാണ് എനിക്കിഷ്ട്o ” (I prefer Mr. Chief Justice, to talk nonsense to a few hours each day than to hear nonsense everyday and all day long).
ജർമൻ പടക്കപ്പൽ എസ്എംഎസ് എംഡൻ 1914 സെപ്റ്റംബർ 22 ന് മദ്രാസ് തുറമുഖത്തെത്തി നഗരത്തിൽ ബോംബ് വർഷം നടത്തി. ഈ കപ്പൽ കൊച്ചി തുറമുഖത്തെത്തിയതായി ഭീതി പരന്നതിൽ നിന്നാണ്, മലയാളത്തിൽ ‘എമണ്ടൻ’ എന്ന വാക്കുണ്ടായത്. എംഡന്റെ വരവിനു പിന്നിൽ പോണ്ടിച്ചേരിയിലെ തീവ്രവാദികളാണെന്ന് ബ്രിട്ടൻ ആരോപിച്ചു. വി. വി. എസ്. അയ്യരെയും അനുയായികളെയും അവിടെ നിന്ന് ആഫ്രിക്കയ്ക്കു നാടുകടത്തണമെന്ന് ഫ്രഞ്ച് സർക്കാരിനോട് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഫ്രഞ്ച് പൊലിസ് ഇവർക്കെതിരെ പല കുറ്റങ്ങളും ചുമത്തിയെങ്കിലും, ശിക്ഷിച്ചില്ല. ഇക്കാലത്തു , അയ്യർ ‘തിരുക്കുറൾ’ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. രാജ്യം വിടേണ്ടി വന്നെങ്കിൽ, ഒരു പൈതൃകം അവശേഷിക്കാനായിരുന്നു ഇതെന്ന് അയ്യർ അവകാശപ്പെട്ടു. ഒന്നാം ലോക യുദ്ധത്തിനു ശേഷം അയ്യർ മദ്രാസിലെത്തി, ‘ദേശഭക്തൻ’ പത്രത്തിന്റെ പത്രാധിപരായി. രാജ്യദ്രോഹക്കുറ്റത്തിന് 1921 ൽ അറസ്റ്റിലായി ഒൻപതുമാസം ജയിലിൽ കിടന്നു. ജയിലിലിരുന്നു, A Study of Kambaramayana
എഴുതി. തമിഴിൽ ചെറുകഥ പിറന്നത് അയ്യരിൽ നിന്നാണെന്ന് വിമർശക മതമുണ്ട്.
അയ്യർ 1925 ജൂൺ മൂന്നിന്, പാപനാശം വെള്ളച്ചാട്ടത്തിൽ മുങ്ങിയ മകൾ സുഭദ്രയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മുങ്ങിമരിച്ചു.
അയ്യരുടെ കഥയിൽ ഞാൻ കാണുന്നത്, ഒരു വിപ്ലവകാരിയിൽ സന്യാസിയും ഉണ്ടെന്നതാണ് – അരവിന്ദ മഹര്ഷിയെപ്പോലെ. ഡോ. ശുദ്ധാനന്ദ ഭാ രതിയോടൊപ്പം അയ്യർ ചേരൻ മഹാ ദേവിയിൽ ഭ രദ്വാജ ആശ്രമം തുടങ്ങുകയുണ്ടായി. ശുദ്ധാ നന്ദഭാരതി (1897- 1990) പോണ്ടിച്ചേരിയിലെ അരവിന്ദാആശ്രമത്തിൽ1925 മുതൽ 25 വര്ഷം മൗന വ്രതത്തിൽ കഴിഞ്ഞു. ശിവഗംഗയിലായിരുന്നു ജനനം. The Pilgrim Soul ആണ്, ആത്മകഥ.
തഞ്ചാവൂർ ശീർകാഴി ക്കടുത്ത എരുക്കൂരിൽ നിന്നുള്ളയാളായിരുന്നു നീലകണ്ഠയ്യർ എന്ന നീലകണ്‌ഠ ശാസ്ത്രി പത്രപ്രവർത്തകനായ അദ്ദേഹം പോണ്ടിച്ചേരിയിൽ നിന്ന് ബ്രിട്ടിഷ് വിരുദ്ധ ലഘുലേഖകൾ അച്ചടിച്ചു മദ്രാസിൽ എത്തിച്ചിരുന്നു. വിചാരണ തുടങ്ങുമ്പോൾ നീലകണ്ഠന് 21 വയസുമാത്രമായിരുന്നു. നൂറിലധികം സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കായി ബ്രിട്ടിഷ് ബാരിസ്റ്റർ ജെ. സി. ആഡവും പിന്നീട് ആദ്യ മുഖ്യമന്ത്രിയായ ടി. പ്രകാശവും പിന്നീട് തിരുവിതാംകൂർ ചീഫ് ജസ്റ്റിസായ ടി. എം. കൃഷ്ണസ്വാമി അയ്യരും പിന്നീട് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ എം. ബി. ദേവദാസും ഹാജരായി. അഞ്ചo ഗ അപ്പീൽ കോടതിയിൽ മൂന്നു ബ്രിട്ടിഷ് ജഡ്ജിമാർ, അപ്പീൽ തള്ളി. ജസ്റ്റിസ് അബ്ദുൽ റഹിം പ്രതികളെ വിട്ടയക്കണമെന്ന് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി. ആർ. സുന്ദരയ്യർ ശിക്ഷയെപ്പറ്റി സംശയം പ്രകടിപ്പിച്ചു.
രാജീവ്ഗാന്ധിയാണ് മണിയാച്ചി ജംഗ്ഷന്റെ പേര് വഞ്ചി മണിയാച്ചി എന്നാക്കിയത്- അധികം വണ്ടികൾ നിർത്താത്ത ഈ സ്റ്റേഷനിൽ നിന്നു കിട്ടുന്ന ടിക്കറ്റിൽ, മണിയാച്ചിയുടെ കൂടെ, വഞ്ചി എന്നില്ല.
വിപ്ലവകാരിയായ സുബ്രഹ്മണ്യഭാരതിയിലു മുണ്ടായിരുന്നു, സന്യാസി. കൗമാരത്തിൽ കാശിയിൽ പോയ ഭാരതി, വിപ്ലവം നിർത്തിയ നാളുകളിൽ മധുരയിൽ നാടോടി സിദ്ധന്മാർക്കിടയിൽ നടന്നാണ്, കഞ്ചാവ് ശീലിച്ചത്. ഭാരതി പോണ്ടിച്ചേരിയിൽ എഴുതിയ വിവിധ ലഘുലേഖകൾ വഞ്ചിനാഥന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.
ആഷെ വധത്തിന്റെ സൂത്രധാരനായ നീലകണ്ഠൻ, 1889 ഡിസംബർ നാലിനാണു ജനിച്ചത്. ഏഴുവര്ഷമായിരുന്നു ശിക്ഷയെങ്കിലും, 1930 വരെ ജയിലിൽ കഴിയേണ്ടി വന്നു. വിട്ടയച്ച ശേഷവും അറസ്റ്റിലാവുകയായിരുന്നു. മോചിതനായ ശേഷം, സന്യാസിയായി- നീലകണ്‌ഠ ബ്രഹ്മചാരി. 1936 ൽ നന്ദിഹിൽസിൽ പഴയൊരു ശിവക്ഷേത്രം പുനരുദ്ധരിച്ച് ആശ്രമവാസിയായി സദ്ഗുരു ഓങ്കാർ എന്നറിയപ്പെട്ടു. അദ്ദേഹത്തെ സന്ദർശിച്ചവരുടെ കൂട്ടത്തിൽ മഹാത്മാഗാന്ധിയുമുണ്ടായിരുന്നു. സദ്ഗുരു ഓങ്കാർ 1978 മാർച്ച് നാലിന് സമാധിയായി .