ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ
പരിഭാഷ:രാമചന്ദ്രൻ
അധ്യായം/27, 2. ആറ്റങ്ങള്‍
ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ പ്രപഞ്ചത്തിലെ ഏതുവസ്തുവും ആറ്റങ്ങളാല്‍ നിര്‍മിതമാണ്. ഒരു മില്ലി ലിറ്ററിന്റെ പത്തിലൊന്ന് ദശലക്ഷമാണ് അതിന്റെ വ്യാസം. ഒരോ ആറ്റവും ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ ഉപ ആറ്റങ്ങളാല്‍ നിര്‍മിതമാണ്. എല്ലാ ആറ്റങ്ങളിലും ഇവ ഒന്നുതന്നെ; മൂലകങ്ങള്‍ അനുസരിച്ച് ഇവയുടെ എണ്ണത്തില്‍ വ്യത്യാസം കാണും. പ്രോട്ടോണുകളും ന്യൂട്രോണുകളും കൂട്ടമായി ഇടകലര്‍ന്ന് ആറ്റത്തിന്റെ ന്യൂക്ലിയസായി; ഇലക്‌ട്രോണുകള്‍ സ്വതന്ത്ര കണങ്ങളായി ന്യൂക്ലിയസിനെ വലയം ചെയ്യുന്നു. ന്യൂക്ലിയസിനു ചുറ്റും, എല്ലാ ഇലക്‌ട്രോണുകളും, നിശ്ചിത ഭ്രമണപഥത്തില്‍ നിശ്ചിത വേഗത്തിലാണ് ചുറ്റുന്നത്. ഒരാറ്റത്തില്‍ നിരവധി പ്രദക്ഷിണ വഴികളും ഓരോ പ്രദക്ഷിണ വഴിയിലും നിരവധി ഇലക്‌ട്രോണുകളുമുണ്ട്; ഇവയുടെ എണ്ണം 18 ല്‍ കവിയില്ല. ഓരോ ആറ്റത്തിലും കൂട്ടിയിടിക്കാതെ, ഇലക്‌ട്രോണുകള്‍ വേഗവും സ്ഥാനവും കൃത്യമായി നിര്‍ത്തുന്നു. ഒരു ഭ്രമണപഥത്തിലുള്ള എല്ലാ ഇലക്‌ട്രോണുകളും ഒരേ വേഗത്തില്‍ സഞ്ചരിക്കുന്നു. എന്നാല്‍, ഭിന്ന ഭ്രമണപഥങ്ങളിലെ ഇലക്‌ട്രോണുകള്‍ക്ക് ഭിന്നവേഗമാണ്. അതുപോലെ, ഒരേതരം ആറ്റങ്ങളില്‍ (ഒരേ മൂലകത്തിന്റെ ആറ്റങ്ങള്‍) ഭ്രമണപഥങ്ങളുടെ എണ്ണവും ഓരോന്നിലുമുള്ള ഇലക്‌ട്രോണുകളുടെ എണ്ണവും അവയുടെ വേഗവും ഒന്നാണ്; എന്നാല്‍ ഭിന്നമൂലകങ്ങളുടെ ആറ്റങ്ങളില്‍ ഇവ വ്യത്യസ്തമായിരിക്കും. ഒരേതരം ആറ്റങ്ങളില്‍ ഒരേതരത്തിലും ഭിന്ന ആറ്റങ്ങളില്‍ ഭിന്നമായും ഇലക്‌ട്രോണുകളുടെ ഭ്രമണപഥങ്ങളും വേഗങ്ങളും പ്രാപഞ്ചികമായി നിശ്ചയിച്ചത് ആരാണ്? പ്രപഞ്ചത്തില്‍ ഒരേപോലെ ഇത് നിശ്ചയിച്ചത് ഇലക്‌ട്രോണുകള്‍ തന്നെത്താന്‍ ആണോ? ഇത്ര ലയത്തോടെ, പാരസ്പര്യത്തോടെ ഇത് നിര്‍ണയിക്കാനുള്ള ബോധവും ധാരണയും അവയ്ക്കുണ്ടോ? ഇല്ല എങ്കില്‍, ഇത്ര കൃത്യതയോടെ, താളത്തോടെ, പാരസ്പര്യത്തോടെ, സമാനതയോടെ, ആറ്റങ്ങളിലെ ഇലക്‌ട്രോണുകളുടെ സഞ്ചാരം നിയന്ത്രിക്കാന്‍ പ്രപഞ്ചമാകെ, അവയില്‍ എത്തുന്നത് ആരാണ്? ഏകാഗ്രതയോടെ ചിന്തിക്കുക.
3. ഭൗതിക ശരീരങ്ങള്‍ ഒരു ഭൗതിക ശരീരത്തിന്റെ അവസ്ഥ കുറെക്കൂടി സങ്കീര്‍ണവും എന്നാല്‍, സമാനമായ ജ്ഞാനം ഉളവാക്കുന്നതുമാണ്.
3.1 കോശങ്ങള്‍
മുതിര്‍ന്ന ഒരാളുടെ ശരീരത്തില്‍ പല വലിപ്പത്തിലും രൂപത്തിലും നിറത്തിലും തരത്തിലുമുള്ള 30 ദശലക്ഷത്തി ദശലക്ഷത്തിലധികം കോശങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്ന് വ്യാസമുള്ള ഗോളാകൃതിയുള്ള സങ്കലനം നടന്ന ഒരു അണ്ഡത്തില്‍ നിന്നാണ് ഒരു മനുഷ്യശരീരം ഉണ്ടാകുന്നത്. ആ കോശം വിഭജനംവഴി ഇരട്ടിച്ചുണ്ടാകുന്ന കണങ്ങള്‍ വിവിധതരം സവിശേഷ കോശങ്ങളായി മാറുകയും കൃത്യമായ ക്രമത്തില്‍ കൂട്ടംചേര്‍ന്ന്, നമുക്കുള്ളപോലെ, ഒരു വടിവുള്ള ശരീരമാവുകയും ചെയ്യുന്നു. ഓരോ മനുഷ്യകോശത്തിലും 46 അതിസൂക്ഷ്മ ക്രോമസോമുകളുണ്ട്; ഓരോ ക്രോമസോമിലും നൂറുകണക്കിന് ജീനുകളുണ്ട്. ഓരോ ജീനിലും, ശരീരത്തിലെ ഒരു ചെറിയ ഭാഗത്തെ സംബന്ധിച്ച ക്രമം, സ്വഭാവം, കര്‍മം എന്നിവ സംബന്ധിച്ച വിവരങ്ങളുണ്ട്. അങ്ങനെ, 46 ക്രോമസോമുകളിലെ എല്ലാ ജീനുകളും ഒരു ശരീരത്തിന്റെ പൂര്‍ണരൂപം വഹിക്കുന്നു. ഓരോ കോശവും, അതിന്റെ 46 ക്രോമസോമുകളില്‍, ശരീരത്തിനുള്ള സമ്പൂര്‍ണ രൂപകല്‍പനയും പദ്ധതിയും വഹിക്കുന്നു. ഓരോ കോശത്തിലും, പൊതുവേ, ക്രോമസോമുകള്‍ ജോഡികളായാണ് കാണുക; ഒന്ന് മാതാവില്‍നിന്ന്, മറ്റേത് പിതാവില്‍നിന്ന്. കോശങ്ങള്‍, വിഭജനംവഴി ഇരട്ടിക്കുന്നു; ഒന്ന് രണ്ടാകുന്നു, രണ്ട് നാലാകുന്നു, നാല് എട്ടാകുന്നു; അങ്ങനെ അങ്ങനെ. കോശം വിഭജിക്കാറാകുമ്പോള്‍, അതിന്റെ ക്രോമസോമുകളെല്ലാം അതിന്റെ കേന്ദ്രത്തില്‍ സമ്മേളിച്ച്, മധ്യരേഖയുടെ ഇരുവശത്തും 23 ക്രോമസോമുകളുടെ രണ്ടു സംഘങ്ങളായി തിരിയുന്നു. എന്നിട്ട്, ഈ സംഘങ്ങള്‍ ആ രേഖയില്‍നിന്ന് മാറുന്നു. കുറച്ചുകഴിഞ്ഞ്, ഓരോ ക്രോമസോമും രണ്ടായി വിഭജിക്കുന്നു. അതില്‍ ഓരോന്നും ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ണക്രോമസോം ആകുന്നു. ഒരു കോശത്തിലെ എല്ലാ ക്രോമസോമുകളിലും ഈ പ്രക്രിയ ഒരേ സമയമാണ് നടക്കുന്നത്. ക്രോമസോമിന്റെ പാതിയായ ഭാഗങ്ങള്‍ പൂര്‍ണമായി വളര്‍ന്നുകഴിയുമ്പോള്‍, കോശത്തിലെ ഓരോ സംഘത്തിനും 46 ക്രോമസോമുകളാവുകയും അവയില്‍ ഒന്നിച്ച് ഒരു ശരീരത്തിന്റെ വിവരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ക്രോമസോമുകളെപ്പോലെ, കോശത്തിന്റെ മറ്റുഭാഗങ്ങളും വിഭജിക്കുകയും അതേസമയം വികസിക്കുകയും ചെയ്യുന്നു. വികാസങ്ങള്‍ തീരുമ്പോള്‍, വീര്‍ത്ത കോശം രണ്ടു പുതിയ കോശങ്ങളായി മുറിയുന്നു. മുറിഞ്ഞ മൂലകോശത്തെപ്പോലെ തന്നെയാണ്, ഇത്. ഇതാണ് വിഭജനം കൊണ്ടുള്ള ഇരട്ടിക്കല്‍ പ്രക്രിയ. തീര്‍ച്ചയായും, ഈ പ്രക്രിയവഴി, ഓരോ പാതിക്കും, കൃത്യമായ പകര്‍പ്പ് കിട്ടി. കോശത്തിന്, ജീനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകമായ പോഷകങ്ങള്‍ കാണും. എന്നാല്‍, ഒരചേതന സംഗതിയുടെ വിഭജിച്ചുണ്ടായ പാതിക്ക്, വിഭജനത്തില്‍ നഷ്ടമായ ജീനുകളുടെ പകര്‍പ്പുകളെ സ്വയം സൃഷ്ടിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയുമോ? ഇല്ലെങ്കില്‍, വിഭജിച്ചുണ്ടായ പാതികളെ പൂര്‍ണക്രോമസോമുകളാക്കാന്‍ കൃത്യമായ പകര്‍പ്പുകള്‍ നല്‍കുന്ന ഈ പ്രക്രിയയ്ക്ക് പിന്നില്‍, ഒരു ബോധ ഏകകം ഉണ്ടാവില്ലേ? അതാരാണ്? ഓരോ പാതിക്കും നഷ്ടമായതെന്താണ് എന്നറിയാനുള്ള അവബോധവും കൃത്യവിവരങ്ങള്‍ അടങ്ങുന്ന പുതിയ ജീനുകളെ സൃഷ്ടിച്ചു സ്ഥാപിക്കാനുള്ള ശേഷിയും പ്രക്രിയയ്ക്കകത്ത് ഉണ്ടെന്ന് വ്യക്തം. ഇതൊക്കെ ചെയ്യാന്‍ കോശത്തിനകത്ത് കടക്കുന്നത് ആരാണ്? പ്രപഞ്ചമാകെ അനുസ്യൂതം എല്ലാ ജീവജാലങ്ങളിലും നടക്കുന്നതാണ് ഈ പ്രക്രിയ. തീര്‍ച്ചയായും ഇത് ചെയ്യുന്നയാള്‍, സര്‍വവ്യാപിയായ, ഒരതീത ബോധ ഏകകമായിരിക്കണം!
3.2 അണ്ഡം (അണ്ഡകോശം)
സാധാരണ കോശങ്ങളല്ലാതെ, 23 ക്രോമസോം മാത്രമുള്ള അര്‍ധകോശങ്ങളുമുണ്ട്. അവയാണ് പുരുഷനിലെ ബീജവും സ്ത്രീയിലെ അണ്ഡവും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയില്‍ ഏതാണ്ട് 30 ലക്ഷം അണ്ഡമൂലങ്ങള്‍ (ovule) അണ്ഡാശയത്തില്‍ കാണും. പ്രായപൂര്‍ത്തിയായാല്‍, നാലാഴ്ചകളുടെ ഇടവേളകളില്‍ അവളുടെ മസ്തിഷ്‌കത്തിനു താഴെയുള്ള ശ്ലേഷ്മഗ്രന്ഥി (Pituitary Gland) എഫ്എസ്എച്ച് (follicle stimulating hormone) എന്ന ഹോര്‍മോണ്‍, ഒരണ്ഡമൂലത്തെ വികസിക്കാന്‍ പ്രചോദിപ്പിക്കുന്ന അത്ര, അവളുടെ രക്തത്തിലേക്ക് സ്രവിക്കുന്നു. 40 സെക്കന്‍ഡുകള്‍ക്കുള്ളില്‍ രക്തം ശരീരമാകെ ചംക്രമണം ചെയ്യുന്നുണ്ട്. ഒരണ്ഡാശയത്തില്‍ എഫ്എസ്എച്ച് എത്തിയാല്‍, ഒരണ്ഡമൂലം അതിനെ സ്വീകരിച്ച് ഒരണ്ഡമായി വികസിക്കും; താമസിയാതെ അത് അണ്ഡാശയത്തിന് മുകളിലേക്ക് ഉയരുകയും, പയര്‍ വലിപ്പമുള്ള ഒരു കുമിളപോലെ ഉന്തിനില്‍ക്കുകയും ചെയ്യും. അത് പാകമാവുമ്പോള്‍, ശ്ലേഷ്മഗ്രന്ഥി എല്‍എച്ച് (Luteinizing Hormone) എന്ന മറ്റൊരു ഹോര്‍മോണ്‍ രക്തത്തിലേക്ക് സ്രവിക്കുകയും അത്, കൃത്യമായി പാകമായ അണ്ഡത്തിലെത്തുകയും ചെയ്യും. ചെറുഗ്രന്ഥി പൊട്ടി അതിനടുത്തുള്ള അണ്ഡവാഹിനിക്കുഴലിലേക്ക് അണ്ഡത്തെ എടുത്തെറിയുന്നു. കുഴലിലെ മൃദുതരംഗങ്ങള്‍ അതിനെ ഉന്തുമ്പോള്‍, അത്, ഒരു ജീവന്‍ സൃഷ്ടിക്കാനുള്ള സങ്കലനത്തിനായി, പുരുഷബീജത്തെ സ്വീകരിക്കാന്‍, കുഴലിനുള്ളില്‍ ഉരുളുന്നു. അടിവയറിലെ അണ്ഡാശയം, തലയിലെ ശ്ലേഷ്മ ഗ്രന്ഥി, ശരീരമാകെ പ്രവഹിക്കുന്ന രക്തം തുടങ്ങി ശരീരത്തിലെ ഭിന്ന സംഗതികള്‍ ഭാഗഭാക്കാവുന്ന അതിസങ്കീര്‍ണമായ ഈ സൃഷ്ടി പ്രക്രിയകള്‍ എങ്ങനെ കൃത്യമായി, കൃത്യസമയത്ത്, ഒരു ബോധ ഏകകമില്ലാതെ നടക്കും? ലോകത്തിലെ എല്ലാ യുവതികളിലും ക്രമത്തില്‍ ഇതു നടക്കുന്നത്, ആകസ്മികമാണോ? അല്ലെങ്കില്‍ ലോകമാകെ, ആരാണ് ഇത് നിര്‍ദ്ദേശിക്കുന്നത്?
3.3 ശ്ലേഷ്മ ഗ്രന്ഥി
ശരീരത്തിലെ ഭിന്ന പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കാന്‍, ശരീരത്തില്‍ നിരവധി ഗ്രന്ഥികളുണ്ട്; അവ ഹോര്‍മോണുകള്‍ എന്ന സ്രവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. അതിലൊന്നാണ് മസ്തിഷ്‌കത്തിന് താഴെ കാണുന്ന പയര്‍ വലിപ്പമുള്ള ശ്ലേഷ്മഗ്രന്ഥി. ആവശ്യമുള്ളപ്പോള്‍ ഒന്നൊന്നായി അത് ഒന്‍പത് ഹോര്‍മോണുകള്‍ സ്രവിക്കുന്നു; അന്ത്യം കഴിയുമ്പോള്‍, നിര്‍ത്തുന്നു. രക്തരസ(chyle)ത്തില്‍നിന്ന് വേണ്ടത്ര വൈദ്യുത കണ(ion)ങ്ങളെ ശേഖരിച്ച്, വേണ്ട ഹോര്‍മോണിനെ പാകംചെയ്ത് ആവശ്യമുള്ള ശരീരഭാഗത്തിലെത്തിക്കാന്‍ രക്തചാലിലേക്ക് സ്രവിക്കുന്നു. ഉദാഹരണത്തിന്, ഒരു യുവതി പ്രത്യുല്‍പാദനത്തിന് പാകമായാല്‍, അവളുടെ ശരീരത്തില്‍ ശ്ലേഷ്മഗ്രന്ഥി എഫ്എസ്എച്ച് എന്ന ഹോര്‍മോണ്‍ ഒരണ്ഡമൂലത്തെ അണ്ഡമാക്കി മാറ്റാനുള്ള പ്രചോദനത്തിന് വേണ്ടത്ര ഉല്‍പ്പാദിപ്പിക്കുന്നു. അണ്ഡം പാകമാകുമ്പോള്‍, അത് എല്‍എച്ച് എന്ന ഹോര്‍മോണ്‍, അണ്ഡത്തിന് ചുറ്റുമുള്ള ഛിന്നഗ്രന്ഥി (follicle)യെ പൊട്ടിക്കാന്‍ വേണ്ടത്ര സ്രവിക്കുന്നു. അങ്ങനെ, അണ്ഡം അണ്ഡവാഹിനിക്കുഴലിലും ഗര്‍ഭപാത്രത്തിലുമെത്തും. പ്രസവം അടുക്കുമ്പോള്‍, ശ്ലേഷ്മഗ്രന്ഥി പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍, മുലകളില്‍ പാല്‍ ഉല്‍പാദിപ്പിക്കാനായി, സ്രവിക്കുന്നു. ഭ്രൂണം പ്രസവത്തിന് പാകമാവുമ്പോള്‍, ഗ്രന്ഥി റിലാക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നത്, ഇടുപ്പെല്ലുകളെ താങ്ങിയിരിക്കുന്ന തരുണാസ്ഥി (ligament)കളെ അയവാക്കി അവയുടെ പിടുത്തം മയപ്പെടുത്താനാണ്. ഗര്‍ഭപാത്രത്തെ സങ്കോചിപ്പിച്ച് കുഞ്ഞിനെ പുറന്തള്ളാന്‍, ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ പിന്നീട് സ്രവിക്കുന്നു. അമ്മയുടെ മുലക്കണ്ണില്‍ കുഞ്ഞിന്റെ ചുണ്ടു സ്പര്‍ശിക്കുമ്പോള്‍, ക്ഷീരഗ്രന്ഥികളില്‍നിന്ന് മുലക്കണ്ണിലേക്ക് പാല്‍ പ്രവഹിക്കാന്‍, ശ്ലേഷ്മഗ്രന്ഥി ഓക്‌സിറ്റോസിന്‍ തന്നെ സ്രവിക്കുകയും, കുഞ്ഞ് മുലകുടി നിര്‍ത്തുമ്പോള്‍ അതിന്റെ സ്രവം നിര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ അങ്ങനെ. വേണ്ടനേരത്ത് വ്യത്യസ്ത ഹോര്‍മോണുകളുടെ ഉല്‍പാദനം, പയര്‍പോലുള്ള ഒരു ഗ്രന്ഥി നിര്‍വഹിക്കുന്നത്, വിസ്മയമാണ്. ഭക്ഷ്യപദാര്‍ത്ഥം വൈദ്യുത കണങ്ങളായി വിഘടിക്കുന്നതും വേണ്ടത്ര കണങ്ങള്‍ രക്തചാലില്‍നിന്ന് വലിച്ചെടുക്കുന്നതും വേണ്ട ഹോര്‍മോണിന്റെ തത്സമയ ഉല്‍പാദനവും ആവശ്യം കഴിയുമ്പോള്‍ അതു നിര്‍ത്തുന്നതും ഗണ്യമായ ബോധവും ജാഗ്രതയും ബുദ്ധിയും വേണ്ട ഒന്നാണ്. അചേതനമായ ഒരു ഗ്രന്ഥിക്ക്, ഇത്ര സങ്കീര്‍ണമായ സംഗതികള്‍, ഒരു ബോധ ഏകകത്തിന്റെ പ്രചോദനവും നിര്‍ദ്ദേശവുമില്ലാതെ ചെയ്യാനാവുമോ? അത് എല്ലായിടത്തും എല്ലാവരിലും സംഭവിക്കുമ്പോള്‍, അതൊരു പ്രപഞ്ച ഏകകത്തിന്റെ അസ്തിത്വം വിളംബരം ചെയ്യുന്നില്ലേ?
3.4 ബീജം
മനുഷ്യ വിത്താണ് ബീജം. അതിന്റെ തലയിലെ ന്യൂക്ലിയസില്‍ 23 ക്രോമസോം മാത്രമുള്ള, ചലിക്കുന്ന അര്‍ധകോശമാണ് അത്. ഒരു മില്ലിമീറ്ററിന്റെ 1/2500 മാത്രം നീളമുള്ള തലയും കഴുത്തും വാലുമുള്ള ഒന്നാണ് അത്. നനഞ്ഞ യോനിയില്‍ അത് നിക്ഷേപിച്ചാല്‍, ഗര്‍ഭപാത്രത്തിന്റെ ആവരണസ്തര (mucous membrane) ത്തില്‍ നിന്നുള്ള ദ്രവസ്രവത്തില്‍, അതിവേഗം വാലാട്ടി അത് മുന്നോട്ടുനീന്തുന്നു. തീര്‍ച്ചയായും ബീജത്തില്‍ ജീവനുണ്ട്. മണിക്കൂറില്‍ ദശലക്ഷക്കണക്കില്‍ കുഴല്‍ ബീജങ്ങളായാണ് അവ ഓരോ വൃഷണത്തിലും ഉണ്ടാകുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത്, ഒറ്റ സ്ഖലനത്തില്‍ നൂറു ദശലക്ഷത്തിലധികം ബീജങ്ങള്‍ യോനിയില്‍ നിക്ഷേപിക്കപ്പെടുമെന്നും അതില്‍ ആയിരങ്ങള്‍ ഗര്‍ഭപാത്രത്തിലെ ന്യൂനമര്‍ദം വലിച്ചെടുക്കുമെന്നും അണ്ഡത്തിന് ചുറ്റുമുള്ള ന്യൂനമര്‍ദം അണ്ഡത്തിലേക്ക് ഒരു ബീജത്തെ ആവാഹിക്കുമെന്നുമാണ്. അണ്ഡവാഹിനിക്കുഴലില്‍ സങ്കലനം കാത്തുകഴിയുന്ന അണ്ഡത്തിന് ഒരു ബീജത്തെ സ്വീകരിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. അതിനുള്ള ഓട്ടത്തില്‍, അഞ്ചോ അതിലധികമോ ബീജങ്ങള്‍ അണ്ഡത്തിനടുത്ത് ഒന്നിച്ചെത്തുന്നു. അതിലൊന്നിനേ അണ്ഡം തുളച്ചുകടന്ന് സങ്കലനം ചെയ്യാനാവൂ. അണ്ഡം, ബീജത്തെക്കാള്‍ 200 മടങ്ങ് വലിപ്പമുള്ളതാണ്. അണ്ഡവും ബീജവും അര്‍ധകോശങ്ങളായതിനാല്‍, അവയുടെ സംയോഗം ഒരു കോശത്തെയാകും സൃഷ്ടിക്കുക. അണ്ഡത്തിലെ ജീനുകളില്‍ സ്ത്രീക്കുള്ള രൂപകല്‍പനയും, ബീജത്തിലെ ജീനുകളില്‍ പുരുഷനുള്ള രൂപകല്‍പനയും അടങ്ങിയിരിക്കുന്നു. അവ സംയോജിപ്പിക്കുമ്പോള്‍, സയോജിത അണ്ഡം, ഏകലിംഗ ശരീരമായാണ് വസിക്കേണ്ടത്. അങ്ങനെ, അണ്ഡത്തിലെ ജീനുകള്‍ക്ക് കൃത്യമായി ചേര്‍ന്ന (അവയെ ആശയക്കുഴപ്പത്തിലാഴ്ത്തുകയോ അവയ്ക്ക് പകര്‍പ്പാവുകയോ ചെയ്യാത്ത) ജീനുകളുള്ള ഒരു ബീജമേ അണ്ഡവുമായി ഐക്യപ്പെടാനാവൂ. അണ്ഡത്തിനടുത്തെത്തുന്ന ഒന്നിലധം ബീജങ്ങള്‍ക്ക് ഈ യോഗ്യതയുണ്ടാകാം; എന്നിട്ടും ഒരു ബീജത്തെ മാത്രമേ അണ്ഡവുമായി സംയോഗത്തിന് അനുവദിക്കുന്നുള്ളൂ. അതല്ലെങ്കില്‍, സംയോജിത അണ്ഡത്തില്‍ 69 അഥവാ 23 ന്റെ ഗുണിതങ്ങളായ ക്രോമസോമുകള്‍ അടങ്ങിയിരിക്കും-അത് ഒരു കോശത്തില്‍ സാധ്യമല്ല. ഈ സംയോഗ നിയന്ത്രണം ഇങ്ങനെയാണ് സംഭവിക്കുന്നത്: ആദ്യബീജം അണ്ഡത്തെ തൊടുമ്പോള്‍, ആ ബിന്ദുവില്‍ ബീജം ഒരു ദീപന രസം (enzyme) സ്രവിക്കുന്നു. തത്സമയം, ആ ബിന്ദുവിലെ അണ്ഡത്തിന്റെ പാട അലിയുന്നു. ആ തുളയിലൂടെ ബീജം അണ്ഡത്തിലേക്ക് തലനീട്ടുന്നു, സങ്കലനം നടക്കുന്നു. തത്സമയം, അണ്ഡത്തിന് ചുറ്റുമുള്ള വഴുവഴുപ്പന്‍ ആവരണം കട്ടിയാകുന്നു. ഇത്, മറ്റൊരു ബീജത്തിന്റെ പ്രവേശനത്തെ തടയുന്നു. ആദ്യ ബീജം അണ്ഡത്തിനുള്ളിലേക്ക് പൂര്‍ണമായി തലനീട്ടിയാല്‍, അതിന്റെ വാല്‍ പൊഴിഞ്ഞു വീഴുകയും, അണ്ഡപാടയിലുണ്ടായ തുള അടയുകയും ചെയ്യും. രണ്ടാമതൊരു ബീജത്തിന് തലനീട്ടാനാകാത്തവിധം വേഗത്തിലാണ് ഇതെല്ലാം നടക്കുന്നത്. സന്തുലിത അണ്ഡം, ഭ്രൂണമായി വളരുന്നു. എത്ര കൗശലത്തോടെ, വേഗത്തോടെയാണ്, സങ്കലിത അണ്ഡത്തിന് ഒരു സുരക്ഷിത കോട്ട ചമയ്ക്കുന്നത്! അണ്ഡവുമായി സംയോജിക്കുന്ന ബീജത്തിന്റെ തെരഞ്ഞെടുപ്പ് എത്ര സങ്കീര്‍ണമാണ്! അണ്ഡത്തിലെ ജീനുകളുടെ ഉള്ളടക്കം, സംയോജനം നടത്തേണ്ട ബീജം എന്നിവയെ സംബന്ധിച്ച കൃത്യമായ ബോധം ഇതിനുണ്ടായേ പറ്റൂ. ബീജമാണ്, അണ്ഡത്തിന് ജീവന്‍ കൊണ്ടുവരുന്നത്. ബീജം അണ്ഡവുമായി സംയോജിക്കുമ്പോള്‍, ബീജത്തിലെ ജീവന്‍, സംയോജിത അണ്ഡത്തിന്റെ ജീവനാകുന്നു. പിന്നീട് അത് കുഞ്ഞിലെ ജീവനാകുന്നു. അതിനാല്‍, അണ്ഡത്തില്‍ പ്രവേശിക്കുന്ന ബീജം ഏത് എന്നത് സുപ്രധാനമാണ്. യോനിയില്‍ നിക്ഷേപിച്ച 100 ദശലക്ഷം ബീജത്തില്‍ ഒന്നുമാത്രമാണ് അതിനെക്കാള്‍ 200 മടങ്ങ് വലിപ്പമുള്ള അണ്ഡത്തില്‍ കടക്കുന്നത് എന്നത് ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് അദ്ഭുതമാണ്. ഭൂമിയിലെ എല്ലാ യൗവനയുക്തകളിലും ഇത് കൃത്യമായി ഒരുപോലെ ക്രമമായി നടക്കുന്നതിനാല്‍, ഇത് ആക്‌സമികമാവില്ല; അത് ബുദ്ധികൂര്‍മതയോടെ നയിക്കപ്പെടുന്ന ഒന്നാകണം. ഒരു പ്രത്യേക ആത്മാവിന്റെ പുനര്‍ജന്മം സാധ്യമാക്കാന്‍, ഒരു പ്രത്യേക ബീജത്തെ കര്‍മാധ്യക്ഷന്‍ നിര് ദ്ദേശിച്ചതനുസരിച്ച്, തെരഞ്ഞെടുക്കുകയാണോ? (ഭഗവദ്ഗീത 14:4).
3.5 ബീജസങ്കലനം
ബീജവും അണ്ഡവുമായുള്ള സംയോജനമാണ് ബീജസങ്കലനം. അതിന്റെ ഉല്‍പാദനം, സങ്കലനം നടന്ന അണ്ഡം അഥവാ അണ്ഡബീജം (oosperm)ബീജത്തിലേക് കുള്ള ആത്മാവിന്റെ പ്രവേശം പുനര്‍ജന്മത്തിന്റെ ഉപക്രമമായും, ആ ബീജം വഴിയുള്ള അണ്ഡ സംയോജനം പൂര്‍ണതയായും ഐതരേയ ഉപനിഷത് (2:1) കാണുന്നു. തുടര്‍ന്ന്, പുതിയ ജീവന്റെ സ്വഭാവിക വളര്‍ച്ചയാണ്. ഒരു കോശത്തിലെ 46 ക്രോമസോമില്‍ രണ്ടെണ്ണം ലിംഗക്രോമസോമുകളാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അവ X രൂപമുള്ളതോ Y രൂപമുള്ളതോ ആണ്. പെണ്ണില്‍, എല്ലാ കോശത്തിലും രണ്ടുലിംഗ ക്രോമസോമുകളും X രൂപത്തിലാണ്; അതിനാല്‍, അവളിലെ ഓരോ അര്‍ധ കോശവും (അണ്ഡം) ഒരു X ക്രോമസോം ഉള്‍ക്കൊള്ളുന്നു. പുരുഷനിലെ കോശങ്ങളില്‍, ഒരു ലിംഗ ക്രോമസോം X രൂപത്തിലും, മറ്റേത് Y രൂപത്തിലുമാണ്. അതിനാല്‍ ഒരു സമയത്ത് ആകെയുള്ള അര്‍ധകോശ(ബീജം)ങ്ങളില്‍ പാതി X ക്രോമസോമും മറ്റുപാതി Y ക്രോമസോമും അടങ്ങിയതായിരിക്കും. അണ്ഡവുമായി സംയോജിക്കുന്ന ബീജത്തിലുള്ളത് X ക്രോമസോം ആണെങ്കില്‍, സംയോജിത അണ്ഡത്തില്‍ രണ്ട് X ക്രോമസോമുകള്‍ ഉണ്ടാകും. അതിനാല്‍ വളരുന്ന കുഞ്ഞ് പെണ്ണായിരിക്കും. സങ്കലനം ചെയ്യുന്ന ബീജത്തില്‍ ഒരു Y ക്രോമസോം ആണെങ്കില്‍, സംയോജിത അണ്ഡത്തില്‍ ഒരു X, ഒരു Y ക്രോമസോം ഉണ്ടാകും; വളരുന്ന കുഞ്ഞ് ആണായിരിക്കും. ബീജം, അണ്ഡം എന്നിവയെ ദ്രവ നൈട്രജനില്‍ മരവിപ്പിച്ചു സൂക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടുണ്ട്; അതിനാല്‍, വന്ധ്യയുടെയോ വാടക അമ്മയുടെയോ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ സംയോജിത അണ്ഡമുണ്ടാക്കാം. പക്ഷേ, ഇവരെ, X വഹിക്കുന്ന ബീജത്തെ Y വഹിക്കുന്ന ബീജത്തില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷയുണ്ടെങ്കിലും, പ്രക്രിയ പ്രയാസമുള്ളതാണെന്ന് വ്യക്തം. എന്നാല്‍, ഇത് ഗര്‍ഭപാത്രങ്ങളില്‍ എളുപ്പത്തില്‍ സംഭവിക്കുകയും, ഒരു ഘട്ടത്തില്‍ ലോകത്തിലെ ഏതു ജില്ലയിലും ജനിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും എണ്ണം ഏതാണ്ട് തുല്യമായിരിക്കുകയും ചെയ്യും. എല്ലാ സമയത്തും എവിടെയും ഇതു ക്രമമായി നടക്കുന്നത് ആകസ്മികമാണോ? അല്ലെങ്കില്‍, ആരാണ്, എന്താണ്, ലോകമാകെ ഗര്‍ഭപാത്രത്തിനകത്തുള്ള പ്രതിഭാസത്തെ നയിക്കുന്നത്? ഖുര്‍ആന്‍ (3:6) പറയുന്നു: അവനാണ്, അവനിഷ്ടപ്പെട്ടപോലെ, ഗര്‍ഭപാത്രങ്ങളില്‍ നിന്നെ രൂപപ്പെടുത്തുന്നത്.