Tuesday 18 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 34,35

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/34, മനഃശുദ്ധി 

നഃശുദ്ധിയും കര്‍മശുദ്ധിയും ആത്മീയവികാസത്തിനുള്ള അവശ്യ ഉപാധികളാണ്. കര്‍മശുദ്ധി ആത്മാവിനെ കര്‍മത്തോടുള്ള അതിന്റെ ബന്ധത്തില്‍ നിന്നകറ്റുന്നു; മനശുദ്ധി, ദൈവവുമായുള്ള ലയത്തിന് കാരണമാകുന്നു. അഭിലാഷങ്ങളില്‍നിന്നുള്ള മുക്തിയാണ് മനഃശുദ്ധിയെന്ന്, ബ്രഹ്മബിന്ദു ഉപനിഷത്(1), മൈത്രായനി ഉപനിഷത് (4:6), ത്രിപുരതാപിനി ഉപനിഷത് (5:2)തുടങ്ങിയവ നിര്‍വചിക്കുന്നു.

 അവ പറയുന്നു: 
മനസ്സ് രണ്ടുതരത്തിലുണ്ടെന്ന് പറയുന്നു-ശുദ്ധവും അശുദ്ധവും; അഭിലാഷങ്ങളോടു ഭ്രമമുള്ളത് അശുദ്ധം; അവയില്ലാത്തത് ശുദ്ധം.
 ഈ ശ്ലോകത്തില്‍, 'ശുദ്ധം' എന്നാല്‍ ആത്മീയമായി ശുദ്ധം എന്നും, 'അഭിലാഷ'ങ്ങള്‍ എന്നാല്‍ ഭൗതിക ആഗ്രഹങ്ങളുമാണ്-ഭൗതിക സുഖങ്ങള്‍ക്കുള്ള ആഗ്രഹങ്ങള്‍. അത്തരം ആഗ്രഹങ്ങള്‍ മനസ്സിനെയും ബുദ്ധിയെയും ദൈവം, ആത്മീയാന്വേഷണം എന്ന ചിന്തകളില്‍നിന്ന് വ്യതിചലിപ്പിക്കുകയും, ഭൗതിക താല്‍പര്യങ്ങളിലേക്ക് വലിച്ച് കാമക്കാഴ്ചകളിലേക്ക് തുടര്‍ച്ചയായി തട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ആഗ്രഹങ്ങള്‍ മനസ്സിനെ മലിനമാക്കുന്നു. ബൈബിള്‍ ആറ്റിക്കുറുക്കി അത് ആവിഷ്‌കരിക്കുന്നു: ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? (യാക്കോബ് 4:4) .

ഭൗതികസുഖങ്ങളോടുള്ള അടുപ്പം, മനസ്സിനെ ദൈവവിചാരങ്ങളില്‍ നിന്നകറ്റുന്നു എന്നര്‍ത്ഥം. അഭിലാഷങ്ങളാണ് മനസ്സിനെ അഭിലഷിക്കേണ്ട വസ്തുക്കളോട് അടുപ്പിക്കുന്നത്. അടുപ്പം മനഃശുദ്ധിയെ ബാധിക്കുന്നു. പൊതുവേ, ലോകസുഖങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സ് അവയുമായി കൂടുതല്‍ കൂടുതല്‍ ചുറ്റിപ്പിണയുന്നു. ഏത് അഭിലാഷവും, സാധിച്ചു കഴിഞ്ഞാലും മരിക്കുന്നില്ല, കുറയുന്നില്ല. മുഴുകുന്തോറും, അത് കൂടുതല്‍ അള്ളിപ്പിടിക്കുകയും ശക്തമാകുകയും മനസ്സിനെ കീഴ്‌പ്പെടുത്തുകയും ചെയ്യും. ഉയരത്തില്‍ കത്തിയാല്‍ കൂടുതല്‍ കൂടുതല്‍ ഇന്ധനം ആഗ്രഹിക്കുന്ന തീപോലെ ശമിക്കാത്തതാണ് അത് (ഭഗവദ്ഗീത 3:37-39). ഭഗവദ്ഗീത നമ്മോട് പ്രത്യേകം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന ഒരഭിലാഷം, നമ്മുടെ കര്‍മങ്ങളുടെ ഫലത്തെ സംബന്ധിച്ച അഭിലാഷമാണ്. സാധാരണക്കാരന്‍ ജോലി ചെയ്യുന്നത് അതിന്റെ ഫലത്തിനും പ്രസിദ്ധിക്കും ഭാവി ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്ന നേട്ടങ്ങള്‍ക്കുമൊക്കെയാണ്. ഫലം ഇച്ഛിച്ചുകൊണ്ടു ചെയ്യുന്ന കര്‍മം, മനസ്സിനെ കര്‍മത്തോട് അടുപ്പിക്കുകയും അത് മനഃശുദ്ധിയെ ബാധിക്കുകയും ചെയ്യുന്നു. മറിച്ച്, ഫലേച്ഛയില്ലാത്ത കര്‍മം മനസ്സിനെ അതില്‍നിന്നെല്ലാം അകറ്റിനിര്‍ത്തുന്നു. തന്റെ കര്‍മങ്ങളുടെ ഫലങ്ങളെല്ലാം തന്റെ ശ്രമത്തിന്റെ സ്വാഭാവിക നേട്ടങ്ങളാണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്നു. അതിനാല്‍ അവ തനിക്ക് അവകാശപ്പെട്ടതാണ്. ആ വിചാരം കര്‍മത്തോട് അടുപ്പമുണ്ടാക്കുകയും മനസ്സ് കൂടുതല്‍ നേട്ടങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ കര്‍മത്തില്‍ മുഴുകുകയും ചെയ്യുന്നു. മനസ്സ് ഇച്ഛയില്‍ മുഴുകി അതിന്റെ അടിമയാകുന്നു. അത് മനസ്സിനെ വലിച്ചിഴയ്ക്കുകയും താഴ്ത്തിക്കെട്ടുകയും മലിനമാക്കുകയും ചെയ്യുന്നു. ഭൗതികതയിലെ അഭിരമണം, ഭക്തിയില്‍നിന്നുള്ള അകല്‍ച്ചയാണ്.




അതിനാല്‍ ഭഗവദ്ഗീത (5:11) പറയുന്നു:

 ദേഹം മനം ബുദ്ധി കേവലേന്ദ്രിയങ്ങളിവറ്റിനാല്‍ 
സംഗം വിട്ടാത്മശുദ്ധിക്കു കര്‍മം ചെയ്യുന്നു യോഗികള്‍. 

പ്രായോഗിക തലത്തില്‍, ആത്മജ്ഞാനം സിദ്ധിച്ച യോഗി ചെയ്യുന്ന കര്‍മവും, അതില്ലാത്ത സാധാരണക്കാരനും ചെയ്യുന്ന കര്‍മവും തമ്മില്‍ വലിയ വ്യത്യാസമില്ല; ഒരേ തരത്തിലാണ് ഇരുവരും കര്‍മങ്ങള്‍ ചെയ്യുന്നത് (ഭഗവദ്ഗീത 3:25). കര്‍മത്തോടും ഫലത്തോടുമുള്ള സമീപനത്തിലാണ് വ്യത്യാസം. യോഗി, മനഃശുദ്ധിക്കായി, തന്റെ കര്‍മം അതില്‍ മുഴുകാതെയാണ് ചെയ്യുന്നത്; ഇച്ഛയോ ഇച്ഛയില്ലായ്മയോ ഇല്ലാതെ. ഫലേച്ഛയാണ് വ്യത്യാസമുണ്ടാക്കുന്നത്. ഫലേച്ഛ നിരസിച്ചുകൊണ്ട് യോഗികള്‍ അവരുടെ കര്‍മങ്ങളോട് ബന്ധമില്ലാതെ നില്‍ക്കുന്നു. ഫലേച്ഛ നിരസിക്കുന്നതോടെ, കാര്‍മികന്‍ കര്‍മബന്ധത്തില്‍നിന്ന് മുക്തനാകുന്നു. അയാള്‍ കര്‍മത്തിനുവേണ്ടിയാണ് കര്‍മം ചെയ്യുന്നത്; അതില്‍ വേറെ ലക്ഷ്യം ഇല്ല. ലോകത്തിലെ ഒരു ജീവി എന്ന നിലയില്‍, ലോകത്തെ നിലനിര്‍ത്താന്‍ തന്റെ സംഭാവനയും വേണം. അതുചെയ്‌തേ പറ്റൂ. അയാള്‍ക്ക് ഫലം കിട്ടാം, കിട്ടാതിരിക്കാം. അയാള്‍ അതേപ്പറ്റി വിചാരിക്കുന്നില്ല. ജോലിക്കിടയില്‍ സ്വാഭാവികമായി വരുന്ന കര്‍മങ്ങള്‍ ചെയ്യുന്നത് കടമയാണെന്ന്, അതില്‍ മുഴുകാത്ത കാര്‍മികന്‍ കരുതുന്നു. ആ കര്‍മം ദൈവപ്രചോദിതമായാല്‍ ചെയ്‌തേ പറ്റൂ. കടമ ചെയ്യുന്നു; അവിടെ, കര്‍മത്തിലെ താല്‍പര്യം തീരുന്നു. സാധാരണഗതിയില്‍ നേട്ടങ്ങള്‍ ഉണ്ടായാല്‍, അയാള്‍ അവയെടുക്കുന്നു. ഇല്ലെങ്കില്‍, 'അത് അതിന്റെ വഴിക്കുപോട്ടെ' എന്ന് അയാള്‍ കരുതുന്നു. കര്‍മം പ്രചോദിപ്പിച്ച സര്‍വവ്യാപിയായ ലോകയജമാനന് സ്വന്തം പദ്ധതിയുണ്ടാകാം. കാര്‍മികന് ആ ലക്ഷ്യങ്ങളോ ലോകം നിലനിര്‍ത്താനുള്ള അവന്റെ അജ്ഞാത വഴികളോ അറിയില്ല. അതിനാല്‍ അയാള്‍ക്ക് ഫലേച്ഛ ഇല്ല. കര്‍മബന്ധമില്ലാത്തതിനാല്‍, നേട്ടം കിട്ടിയാല്‍ ആനന്ദിക്കുന്നില്ല; കിട്ടിയില്ലെങ്കില്‍ ദുഃഖിക്കുന്നുമില്ല. ഇങ്ങനെ അകല്‍ച്ചയോടെ കര്‍മം ചെയ്യുന്നത് ഒരു യോഗം ആയി ഭഗവദ്ഗീത വിശേഷിപ്പി ക്കുന്നു-കര്‍മയോഗം (2:48,50). അത് മനസ്സിനെ ബന്ധങ്ങളില്‍നിന്നും അഭിലാഷങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും സ്വതന്ത്രമാക്കുന്നു. അത് മനസ്സിനെ പരമശുദ്ധിയില്‍ നിലനിര്‍ത്തുന്നു.
അധ്യായം/35, കര്‍മശുദ്ധി 

നഃശുദ്ധി സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുംവിധം, കര്‍മം ചെയ്യുന്നതാണ്, കര്‍മയോഗംകര്‍മയോഗത്തില്‍, കര്‍മം ചെയ്യുന്നതില്‍ മൂന്ന് വിഛേദങ്ങള്‍ ഉണ്ടെന്ന് വിവരിച്ച് ഭഗവദ്ഗീത (2:47), കര്‍മയോഗത്തെ ഇങ്ങനെ അനാവരണം ചെയ്യുന്നു: 

കര്‍മാധികാരി മാത്രം നീ ചെറ്റുമൊല്ലാ ഫലങ്ങളില്‍
 കര്‍മത്തില്‍ ഫലമാശിക്കൊല്ല കര്‍മത്തിലിണങ്ങൊലാ. 

 1 .ആദ്യത്തെ വിഛേദം കര്‍മഫലത്തിനുള്ള ഇച്ഛയില്‍ നിന്നാണ്. സ്വാമി വിവേകാനന്ദന്‍ (സമ്പൂര്‍ണകൃതികള്‍ വാല്യം 1, പേജ് 245) നിരീക്ഷിച്ചു:
 ഇപ്പോഴത്തെ നമ്മുടെ കര്‍മങ്ങളെല്ലാം, മുജ്ജന്മ സംസ്‌കാരങ്ങളുടെ ഫലങ്ങളാണ്.
 സംസ്‌കാരം, കര്‍മഭാവത്തിന്റെ മറ്റൊരു പേരാണ്. ഇപ്പോഴത്തെ കര്‍മത്തിന് കാരണവും പ്രചോദനവുമായ മുജ്ജന്മ സംസ്‌കാരം (കര്‍മഭാവം) ഏതെന്ന് നമുക്കറിയില്ല. ഇപ്പോഴത്തെ കര്‍മത്തിന് കാരണമായ കര്‍മഭാവം, മുജ്ജന്മത്തില്‍ കൊടുത്തു തീര്‍ക്കാത്ത കടമോ, പൂര്‍ത്തീകരിക്കാത്ത ബാധ്യതയോ ഉള്ളതാണെങ്കില്‍, കര്‍മ പ്രചോദനം ആ കടമോ ബാധ്യതയോ വീട്ടാനുള്ളതായിരിക്കും. അപ്പോള്‍ ഇപ്പോഴത്തെ കര്‍മത്തിന്റെ ഫലമോ നേട്ടമോ, പഴയ ഉത്തമര്‍ണനോ അയാളുടെ പുനരവതാരത്തിനോ പോകും; ഇപ്പോഴത്തെ കാര്‍മികന് ഒന്നും കിട്ടില്ല- സ്വീകര്‍ത്താവ് നന്ദിപോലും പ്രകടിപ്പിക്കില്ല. അയാള്‍ക്ക് കിട്ടുന്നത് കുടിശ്ശികയാണ്. ഇവിടെ, കാര്‍മികന്റെ അവകാശം കര്‍മം ചെയ്യുക എന്നതു മാത്രമാണ്. അയാള്‍ക്ക് ഫലത്തിലോ നേട്ടത്തിലോ അവകാശമില്ല. പഴയ ബാധ്യത അറിയാതെ, കാര്‍മികന്‍ ഫലമോ നേട്ടമോ ആഗ്രഹിച്ചാല്‍ പരാജയപ്പെടും; അപ്പോള്‍ അയാള്‍ നിരാശനായാല്‍, ഒരു മരീചികയുടെ നഷ്ടത്തിലാണ് അയാളുടെ ദുഃഖം. മുജ്ജന്മങ്ങള്‍ മനുഷ്യര്‍ ഓര്‍ക്കാത്തതിനാലും, പഴയ ബാധ്യതയനുസരിച്ച് ഏതു കര്‍മം, അല്ലാതെ ഏത് എന്നറിയാത്തതിനാലും, ഒരു കര്‍മഫലവും ഇച്ഛിക്കാതിരിക്കാന്‍ ഭഗവദ്ഗീത നിര്‍ദ്ദേശിക്കുന്നു. സ്വാഭാവികമായി കിട്ടുന്നതെന്തോ അതില്‍ തൃപ്തിയടയുക. 'നിങ്ങളുടെ അവകാശം കര്‍മത്തില്‍ മാത്രമാണ്, അതിന്റെ ഫലങ്ങളില്‍ അല്ല.' മാനവസേവ എന്ന നിലയില്‍ കര്‍മം ചെയ്യുകയാണ് (ലോകസംഗ്രഹം) കര്‍മേച്ഛ ഒഴിവാക്കാന്‍ ഭഗവദ്ഗീത (3:20, 25) നിര്‍ദ്ദേശിക്കുന്നത്. എല്ലാ ആത്മാക്കളും ദൈവപ്രത്യക്ഷങ്ങളാകയാല്‍, മാനവസേവ ദൈവത്തിനുള്ള സേവ തന്നെയാകുന്നു. അതിന് ഫലം (ഗീത, 3:20) ഉണ്ട്. മറിച്ച്, ഫലം ഇച്ഛിച്ചുമാത്രം ചെയ്യുന്ന കര്‍മംകൊണ്ട് ആത്മാവിന് കോട്ടമുണ്ടാകും. (ഗീത, 3:13). അതുകൊണ്ടാണ് ഭാരതത്തിലെ എല്ലാ ചടങ്ങുകളും ഈ പ്രാര്‍ത്ഥനകൊണ്ട് അവസാനിക്കുന്നത്: 'എല്ലാവരും സന്തുഷ്ടരാകട്ടെ. എല്ലാവരും ദുരിതത്തില്‍നിന്ന് മുക്തരാകട്ടെ' (ലോകാ സമസ്താ സുഖിനോ ഭവന്തു; സര്‍വേ സന്തു നിരാമയ). 
കര്‍മവും കര്‍മഫലവും ലോകനന്മയ്ക്ക് ഉതകാനുള്ള അര്‍പണമാണ്. ഇത്തരത്തില്‍ കര്‍മം ചെയ്താല്‍, കാര്‍മികന്‍ സ്വാര്‍ത്ഥതയോടെ കര്‍മം ചെയ്യുന്നില്ല. ഫലേച്ഛ ഒഴിവാക്കാന്‍ മറ്റൊരു വഴിയും നിര്‍ദേശിച്ചിട്ടുണ്ട്. യജമാനനായ ദൈവം, പ്രപഞ്ചവിധാതാവ് എന്ന നിലയില്‍, മാനവരാശിയുടെ ആത്യന്തിക നന്മയാണ് ശ്രദ്ധിക്കുന്നത് (ഭഗവദ്ഗീത 4:7,8). അതിനായി അവന്‍ കര്‍മങ്ങള്‍ കല്‍പന ചെയ്ത്, തന്റെ ജീവജാലങ്ങള്‍ വഴി ചെയ്യിക്കുകയാണ്. മനുഷ്യന് ദൈവ കല്‍പനകള്‍ ഒഴിവാക്കാനാവില്ല. ദൈവകല്‍പന പ്രപഞ്ചനന്മയ്ക്കുള്ളതാണ്. അവന്‍ സംഹാരം കല്‍പന ചെയ്താല്‍, അത് കൃത്യമായ സംരക്ഷണത്തിനുള്ള പുനരുത്ഥാനത്തിനു വേണ്ടിയായിരിക്കും. ഒരു പ്രപഞ്ച കര്‍മത്തിനുള്ള ദൈവ കല്‍പനയുടെ ഭാഗമാണ് ഓരോ മനുഷ്യകര്‍മവും എന്ന് ഋഷിമാര്‍ കണ്ടു. മനുഷ്യന് ആ കര്‍മത്തിന്റെ വ്യാപ്തിയോ പരപ്പോ അറിയില്ല. താന്‍ ചെറിയ സംഭാവന നല്‍കുന്നു എന്നു മാത്രമറിയാം. അതറിഞ്ഞ്, ദൈവത്തിന്റെ അതീവവ്യാപ്തിയുള്ള പ്രപഞ്ചകര്‍മം അറിയാനാവില്ല. ആനയുടെ തുമ്പിക്കൈ തൊട്ട അന്ധന് ആന ഒരു വലിയ അട്ടയാണെന്നേ കരുതാന്‍ കഴിയൂ. മൊത്തം കര്‍മത്തിനാണ് ഫലം; അതിനാല്‍ അത് ചെയ്യുന്ന ദൈവത്തിനാണ് ഫലത്തിന്റെ അവകാശം. അത് അവന്റെ ഇച്ഛയ്ക്ക് വിടണം. പ്രപഞ്ചകര്‍മത്തിന് ചെറിയ സംഭാവന മാത്രം നല്‍കുന്ന മനുഷ്യന്‍ അതിന് അവകാശം ഉന്നയിക്കാനോ ഫലം പ്രതീക്ഷിക്കാനോ പാടില്ല. അതിനാല്‍, ജ്ഞാനി തന്റെ കര്‍മങ്ങള്‍ ദൈവത്തിന് അര്‍പിക്കുന്നു. അതെല്ലാം ദൈവനാമത്തില്‍, ദൈവപ്രതിനിധിയായി, ചെയ്യുന്നു. അതിനാല്‍ അവന് കര്‍മത്തിന്റെ പ്രവൃത്തി മാത്രമേയുള്ളൂ; ഫലം ദൈവത്തിനാണ്. അഹന്ത നിറഞ്ഞ അര്‍ജുനന്‍ ദുഷ്ടരായ ബന്ധുക്കളോടുള്ള യുദ്ധം തന്റെ കര്‍മമാണെന്ന് ധരിച്ച്, ശത്രുക്കള്‍ നിരത്തിയ നിരപരാധികളെക്കൂടി കൊല്ലേണ്ടിവരുമെന്ന് ഖേദിച്ചു. അപ്പോള്‍, ആ യുദ്ധം, രാജ്യത്ത് നീതിയും സമാധാനവും നിലനിര്‍ത്താനുള്ള ദൈവകല്‍പനയുടെ ഭാഗം മാത്രമാണെന്ന് കൃഷ്ണന്‍ കാട്ടിക്കൊടുത്തു. അതില്‍ മനുഷ്യസംഹാരം, ദൈവത്തിന്റെ മുന്‍ നിശ്ചയിച്ച ആജ്ഞയാണ്. (ഭഗവദ്ഗീത 1:35, 11:26, 34). അതിനാല്‍, കൃഷ്ണന്‍ അര്‍ജ്ജുനന്റെ കര്‍മം, ദൈവത്തിന്റെ 'ഒരുപകരണമായി' മാത്രം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു (നിമിത്ത മാത്രം ഭവ, 11:33). അത് ഫലേച്ഛയില്ലാതെ ദൈവത്തിനര്‍പിച്ച് കര്‍മം ചെയ്യാനുള്ള നിര്‍ദേശമായിരുന്നു.
 2. കര്‍മഫലങ്ങള്‍ ഒഴിവാക്കുന്നതാണ് രണ്ടാമത്തെ വിഛേദം. കര്‍മഫലമില്ലാതെ കര്‍മം ചെയ്യാനുള്ള നിര്‍ദേശമാണ് ഇത്. സന്തോഷവും സന്താപവുമായി അനുഭവിക്കുന്നത്, കര്‍മഫലങ്ങളാണ്. അതിനാല്‍, കര്‍മഫലം ഒഴിവാക്കല്‍, സന്തോഷ സന്താപങ്ങള്‍ ഒഴിവാക്കലാണ്. ഒരാള്‍ക്ക് ദുരിതമകറ്റി സുഖങ്ങള്‍ മാത്രം ആസ്വദിക്കാന്‍ ആഗ്രഹിക്കാം; എന്നാല്‍, അത് സാധ്യമല്ല. ഈ ലോകത്തിന്റെ സുഖവും ദുഃഖവും വേര്‍തിരിക്കാനാകാത്ത വണ്ണം ബന്ധപ്പെട്ടിരിക്കുന്നു. അവക്കിടയില്‍, നൈമിഷികമായ ഭൗതികസുഖങ്ങളെക്കാള്‍ സാധാരണക്കാരനെ അഗാധമായും ദീര്‍ഘമായും ബാധിക്കുന്നത്, കഷ്ടപ്പാടുകളുടെ കയ്പായിരിക്കും. അതിനാല്‍ രണ്ടും ഒഴിവാക്കാന്‍ ഗീത ഉപദേശിക്കുന്നു. അതിനാവശ്യം കര്‍മഫലങ്ങള്‍ പാടെ ഒഴിവാക്കലാണ്. കര്‍മഫലങ്ങളില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാക്കുന്നത്, കര്‍മഭാവങ്ങള്‍ആണ്; കര്‍മബന്ധമാണ് കര്‍മഭാവങ്ങള്‍ക്ക് കാരണം. കര്‍മഫലത്തിലുള്ള ഇച്ഛയാണ് കര്‍മബന്ധത്തിന് കാരണം. അതിനാല്‍, കര്‍മഫലത്തിന്റെ അടിസ്ഥാന കാരണം, ഫലേച്ഛയാണ്; അതിനാല്‍ കര്‍മഫലം ഒഴിവാക്കാന്‍, ഫലേച്ഛ ഒഴിവാക്കണം. ഫലേച്ഛയില്ലായ്മ, കര്‍മബന്ധമില്ലായ്മയാണ്. കര്‍മമല്ല ഫലേച്ഛയാണ് കര്‍മഫലത്തോട് ബന്ധത്തിന് കാരണം; ഫലേച്ഛയില്ലാത്ത കര്‍മം, കര്‍മപാശത്തെയും കര്‍മഭാവങ്ങളുടെ ഉയിര്‍പ്പിനെയും കര്‍മഫലത്തോടുള്ള അടിമത്തത്തെയും ഒഴിവാക്കുന്നു.
 ഭഗവദ്ഗീത (18:61) നിരീക്ഷിക്കുന്നു: 
നില്‍പുണ്ടര്‍ജ്ജുന, സര്‍വര്‍ക്കും ഹൃദയത്തിങ്കലീശ്വരന്‍  
യന്ത്രം കേറ്റിബ്ഭൂതജാലം മായ കൊണ്ടുതിരിപ്പവന്‍. (ജയന്റ് വീലിലോ രഥത്തിലോ കയറിയവര്‍, ആ ചക്രമോ രഥമോ നീങ്ങുന്നപോലെ നീങ്ങുന്നു എന്നര്‍ത്ഥം.) 
ദൈവം പ്രചോദിപ്പിച്ച കര്‍മം, ദൈവകര്‍മമാണ്. അപ്പോള്‍ യഥാര്‍ത്ഥ കാര്‍മികന്‍ ദൈവവും, വ്യക്തി അതിനുള്ള ഉപകരണവുമാണ്. വ്യക്തി അതിന്റെ ഫലങ്ങള്‍ ദൈവത്തിന് വിട്ടുകൊടുക്കണം. കാര്‍മികന്‍ സ്വാര്‍ത്ഥത വെടിഞ്ഞ് ഇങ്ങനെ ചിന്തിച്ചാല്‍, അയാള്‍ കര്‍മപാശത്തില്‍നിന്ന് മുക്തനായി എപ്പോഴും ദൈവത്തെ ഓര്‍മിക്കും. അപ്പോള്‍ അയാളുടെ കര്‍മം സമര്‍പ്പിത സേവ, ദൈവത്തിനുള്ള വഴിപാട് ആകും. 
ഭഗവദ്ഗീത പറയുന്നു:
സര്‍വ പ്രഭാവനല്ലോ ഞാന്‍ സര്‍വമുണ്ടാവതെന്നിലാം എന്നോര്‍ത്തെന്നെബ്ഭജിക്കുന്നു ഭാവമൊക്കുന്ന പണ്ഡിതര്‍ (10:8)
 ആരിബ്ഭൂതങ്ങള്‍ സൃഷ്ടിപ്പതാരിലെല്ലാമിരിപ്പതോ ന്‍ കര്‍മം കൊണ്ടായവനെ മര്‍ത്യനര്‍ച്ചിച്ചു സിദ്ധനാം. (18:46)

 അതിനാല്‍, എല്ലാ കര്‍മവും ദൈവത്തിനര്‍പ്പിക്കാന്‍ വേദങ്ങള്‍ നിര്‍ദേശിക്കുന്നു. നിങ്ങള്‍ തിന്നുന്നതും കുടിക്കുന്നതും, നിങ്ങള്‍ ചെയ്യുന്നതെന്തും, എല്ലാം ദേവമഹത്വത്തിനായി ചെയ്യുക (ബൈബിള്‍, 1 കോറിന്തോസുകാര്‍ 10:31) 
ചെയ്‌വതും തിന്മതും മോഹിക്കുന്നതും നല്‍കിടുന്നതും തപിപ്പതും
 ഹേ കൗന്തേയ, സമര്‍പ്പിച്ചീടുകെന്നില്‍ നീ. (ഭഗവദ്ഗീത 9:27) 
അപ്പോള്‍, എല്ലാ കര്‍മവും സര്‍വവ്യാപിയായ ദൈവത്തിന് നിവേദ്യമാകുന്നു. സ്വന്തം ശരീരത്തിനുള്ളിലെ ദൈവത്തിനുള്ള സേവയാകുന്നു തീറ്റ; മറ്റൊരാള്‍ക്കുള്ള സഹായം, അയാള്‍ക്കുള്ളിലെ ദൈവത്തിനുള്ളതാകുന്നു. അങ്ങനെ അങ്ങനെ (മത്തായി, 25:35-45). ഒരു നായയ്ക്ക് നല്‍കുന്ന ഇത്തരി ഭക്ഷണം അതില്‍ വസിക്കുന്ന ദൈവത്തിനുള്ളതാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു (സമ്പൂര്‍ണകൃതികള്‍, വാല്യം 5, പേജ് 246). എല്ലാ കര്‍മവും ദൈവത്തിനുള്ള വഴിപാടാകുമ്പോള്‍, അത് കര്‍മപാശവും കര്‍മഭാവങ്ങളുടെ ജനനവും ഒഴിവാക്കും.

ബ്രഹ്മത്തിങ്കല്‍ ചേര്‍ത്തു കര്‍മം സംഗമെന്യേ ചരിപ്പവന്‍ നീര്‍കൊണ്ടു താമരയില പോലഘം കൊണ്ടല്‍പിതനാം.(ഭഗവദ്ഗീത 5:10).

യോഗി കര്‍മഫലം വിട്ടിട്ടുറപ്പില്‍ശ്ശാന്തിയേന്തിടും യോഗമറ്റോന്‍ കാമബലാല്‍ ഫലം കാമിച്ചു ബദ്ധനാം. (ഭഗവദ്ഗീത 5:12). 

ചുരുക്കത്തില്‍, ഫലേച്ഛയില്ലാതെ, ദൈവത്തിലര്‍പ്പിച്ച് കര്‍മം ചെയ്യലാണ്, കര്‍മഫലങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വഴി. അതിനാല്‍, രണ്ടാമത്തെ വിച്ഛേദം. മേല്‍ ഉദ്ധരിച്ച ശ്ലോകത്തില്‍ സൂചിപ്പിച്ച കര്‍മശുദ്ധിക്ക്, കര്‍മപാശത്തില്‍ നിന്നകലണം; അതിന് എല്ലാ കര്‍മവും ദൈവത്തിന് അര്‍പ്പിക്കണം. 3. മൂന്നാമത്തെ വിഛേദം, അകര്‍മത്തില്‍നിന്നാണ്. കര്‍ഫലങ്ങളുണ്ടാക്കുന്നതില്‍നിന്ന് വിഛേദം പാലിക്കാനുള്ള മുന്‍ നിര്‍ദ്ദേശം, കര്‍മത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി അല്ല. കര്‍മഫലത്തിനുള്ള അഭിലാഷങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പവഴിയുമല്ല, അകര്‍മം. ഭഗവദ്ഗീത അകര്‍മത്തെ തള്ളുകയും , സാധാരണഗതിയില്‍ ഉളവാക്കുന്ന കര്‍മങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. മനസ്സിലെ വികലചിന്തകള്‍ ഒഴിവാക്കാനും നിരന്തരകര്‍മം ആവശ്യമാണ്. കര്‍മങ്ങള്‍, ജീവിതത്തിന്റെ ഉള്ളടക്കമാണ്. ശരീരം, മനസ്സ്, സംസാരം എന്നിവ വഴി എന്തെങ്കിലും കര്‍മം ചെയ്യാതെ ഒരാള്‍ക്കും ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ആവില്ല. ശരീരമുള്ള ജീവജാലങ്ങള്‍ക്ക്, കര്‍മം പൂര്‍ണമായി ഒഴിവാക്കാന്‍ സാധ്യമേയല്ല (ഭഗവദ്ഗീത18:11). അസാധ്യമായതിനെ പിന്തുടരുന്നത് മണ്ടത്തരമാണ്; ഒരാള്‍ ചെയ്യേണ്ടത് പരമാവധി നന്നായി ചെയ്യുകയാണ് വിവേകം. അതിനാല്‍, ഭഗവദ്ഗീത നിര്‍ദ്ദേശിക്കുന്നു: 

ദൃഢം കര്‍മം ചെയ്ക കര്‍മ്മമകര്‍മ്മത്തിലുമുത്തമം ര്‍മ്മം ചെയ്യാതെ 
നിന്‍ ദേഹയാത്രപോലും നടന്നിടാ. (3:8) 
സഹജകര്‍മം വിടൊല്ലാ ദുഷ്ടമാകിലും ദോഷം 
കര്‍മത്തിലുണ്ടെന്നും തീയില്‍പ്പുക കണക്കിനെ. (18:48).

 ഇന്ന് ചെയ്യാനുള്ളതെന്ന നിലയില്‍ വരുന്ന ഒരു കര്‍മവും ഒഴിവാക്കരുത്. മഹാഭാരതത്തില്‍ (വനപര്‍വം, അധ്യായം 205-2015)~ഒരു ഇറച്ചി വെട്ടുകാരന്‍, ഒരു ബ്രാഹ്മണന് വലിയ തത്വചിന്ത ഉപദേശിക്കുന്നുണ്ട്-വ്യാധ ഗീത .അ തിനൊടുവില്‍, മഹാനായ ഇത്തരമൊരു തത്വചിന്തകന്‍ എന്തുകൊണ്ട് ഇറച്ചിവെട്ടുകാരന്റെ വൃത്തികെട്ട ജീവിതം നയിക്കുന്നു എന്നു ബ്രാഹ്മണന്‍ ചോദിക്കുന്നു. അയാള്‍ മറുപടി പറഞ്ഞു: ഒരു കര്‍മവും വൃത്തികെട്ടതോ അശുദ്ധമോ അല്ല; ലോകത്തെ നിലനിര്‍ത്തുന്നതില്‍ എല്ലാ കര്‍മത്തിനും അതിന്റെ പങ്കുണ്ട്. ഇറച്ചിവെട്ടാണ് എനിക്ക് നല്‍കപ്പെട്ട കര്‍മം; കുട്ടിക്കാലത്തുതന്നെ ആ ജോലി പഠിച്ച്, കുടുംബത്തിന് സഹായം ചെയ്തു. ഒരു കുടുംബനാഥന്‍ എന്ന നിലയ്ക്ക് ഈ കര്‍മം ചെയ്യുന്നു. ഭക്ഷണത്തിന് ഇറച്ചി വേണ്ടിവര്‍ക്ക് സേവ ചെയ്യുന്നു. ദൈവേച്ഛ നിറവേറ്റുകയാണ് ഞാന്‍.
 ഇറച്ചിവെട്ടുകാരന്റെ വാക്കുകള്‍, ജീവിതത്തിന് നല്ല വഴി കാട്ടുന്നു- അകന്നുനിന്ന് കര്‍മം ചെയ്യുക. ദൈവേച്ഛയായി കരുതി, വരുന്ന കര്‍മമൊക്കെ ചെയ്യുക. ഒരാളുടെ കര്‍മഭാവത്തില്‍നിന്നാണ് കര്‍മങ്ങള്‍ വരുന്നത് എന്നതിനാല്‍, കര്‍മം അപ്പാടെ ഒഴിവാക്കുന്നത്, കര്‍മഭാവത്തില്‍ അടങ്ങിയ പ്രത്യാഘാതങ്ങളെ ഒഴിവാക്കലാവും. കര്‍മഭാവത്തിന്റെ ഫലസിദ്ധിയെ തടയലുമാകാം. ദൈവേച്ഛയാലാണ് കര്‍മഭാവങ്ങള്‍ പൂക്കുന്നത് എന്നതിനാല്‍, കര്‍മം ഒഴിവാക്കുന്നത്, ആ ഇച്ഛയെ നിരസിക്കലുമാകും. ലോകക്ഷേമത്തിന് സംഭാവന ചെയ്യാനുള്ള സ്വാഭാവിക ബാധ്യതയില്‍നിന്ന് ഓടിയൊളിക്കലുമാകും. നാം ജീവിക്കുന്ന ജീവിതത്തില്‍, മറ്റുള്ളവര്‍ ചെയ്ത കര്‍മത്തിന്റെ ഗുണവും നാം അനുഭവിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, വാഹനം, വീട് എല്ലാം മറ്റുള്ളവരുടെ കര്‍മത്തിന്റെ ഫലങ്ങളാണ്. തന്റെ മാത്രം ഗുണത്തിനായുള്ള വണ്‍വേ ട്രാഫിക് ആയിരുന്നു അവയെന്ന് ബുദ്ധിയുള്ള ആരും കരുതില്ല. മറ്റുള്ളവരുടെ കര്‍മത്തിന്റെ ഫലങ്ങള്‍ നമുക്ക് എടുക്കാമെങ്കില്‍, മറ്റുള്ളവരുടെ ഗുണത്തിന്, ജനക്ഷേമത്തിന്, നാമും കര്‍മം ചെയ്യണം. നമ്മുടെ ഭാഗത്തെ അലസത, ആ കര്‍മം, ആ ബാധ്യതയുടെ നിരാസമായിരിക്കും. അതിനാല്‍, തന്റെ വഴിക്കുവരുന്ന കര്‍മങ്ങള്‍ ചെയ്യാനും അകര്‍മത്തിനുള്ള ചായ്‌വ് ഒഴിവാക്കാനും ഗീത നിര്‍ദ്ദേശിക്കുന്നു . മേല്‍പറഞ്ഞ മൂന്ന് വിഛേദങ്ങള്‍ പാലിക്കുന്നതാണ് കര്‍മയോഗം. അത് കര്‍മശുദ്ധി ഉറപ്പുവരുത്തുകയും മനഃശുദ്ധിക്ക് സഹായിക്കുകയും ചെയ്യും; അത് കര്‍മപാശത്തില്‍നിന്ന് ജീവിതത്തെ ശുദ്ധീകരിച്ച്, ഉറച്ച ആത്മീയ ഉയര്‍ച്ചയും സ്ഥിരമായ മനസ്സമാധാനവും പ്രദാനം ചെയ്യും.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...