Showing posts with label അലി സഹോദരർ. Show all posts
Showing posts with label അലി സഹോദരർ. Show all posts

Friday, 11 September 2020

സഹോദരിമാരെ പിച്ചി ചീന്തി 

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 


4.മതസാമ്രാജ്യങ്ങൾ ഇനിയില്ല 


കോഴിക്കോട് സാമൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ,മാപ്പിള ലഹളയിൽ നടന്ന ക്രൂരതകളുടെ ഭാഗം മയപ്പെടുത്തണമെന്ന് തൽപര കക്ഷികൾ വാദിച്ചപ്പോൾ വലിയ പ്രതിഷേധമുണ്ടായി.നടന്ന ക്രൂരതകൾ വൈസ്രോയിയുടെ ഭാര്യയായ ലേഡി റീഡിങിന് മലബാറിലെ സ്ത്രീകൾ അയച്ച സങ്കട ഹർജിയിൽ വിവരിച്ചിരുന്നു.

മലബാറിലെ സ്ത്രീകളുടെ സങ്കട ഹർജി 

ഞങ്ങൾ അടുത്തിടെയുണ്ടായ മാപ്പിള ലഹള എന്ന ഭീകരതയിൽ അക്രമത്തിനിരയായ മലബാറിലെ ഹിന്ദു സ്ത്രീകളാണ്.ഭവതി ഞങ്ങൾക്ക് കാരുണ്യ പൂർവം പരിഹാരം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ 100 വർഷത്തിനിടയിൽ ഞങ്ങളുടെ ദുരിത ജില്ല നിരവധി മാപ്പിള ലഹളകൾ കണ്ടിട്ടുണ്ട്.ഈ ലഹളയുടെ ഭീകരതയ്ക്കും വ്യാപ്തിക്കും ഉദാഹരണങ്ങളില്ല.ക്രൂര മാപ്പിളമാർ കാട്ടിയ അക്രമങ്ങളും ഭീകരതയും വേണ്ട പോലെ അറിഞ്ഞിട്ടുണ്ടാവില്ല.പൈതൃക വിശ്വാസം വിടാൻ വിസമ്മതിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ അംഗഭംഗം വന്ന ജഡങ്ങൾ കൊണ്ട് ഞങ്ങളുടെ കിണറുകളും കുളങ്ങളും നിറഞ്ഞു.പലതും പാതി ജീവനുള്ളതായിരുന്നു.ഗർഭിണികളെ കഷണങ്ങളാക്കി തെരുവുകളിലും കാടുകളിലും ഉപേക്ഷിച്ചു.ഗർഭസ്ഥ ശിശുക്കൾ ചതഞ്ഞ ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിന്നു.ഞങ്ങളുടെ ഒക്കത്ത് നിന്ന് കുഞ്ഞുങ്ങളെ വലിച്ചെടുത്ത് ഞങ്ങൾക്ക് മുന്നിൽ കഷണങ്ങളാക്കി.ഭർത്താക്കന്മാരെ,പിതാക്കളെ പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു.ബന്ധുക്കൾക്കിടയിൽ നിന്ന് ഞങ്ങളുടെ സഹോദരിമാരെ വലിച്ചു കൊണ്ട് പോയി,തിന്മ നിറഞ്ഞ മനസ്സുകൾക്ക് മാത്രം സങ്കൽപ്പിക്കാവുന്ന എല്ലാ വിധവും നാണം കെടുത്തി.ഞങ്ങളുടെ ആയിരക്കണക്കിന് വീടുകൾ കിരാതമായ സംഹാര ബുദ്ധിയോടെ ചാമ്പലാക്കി.ക്ഷേത്രങ്ങൾ നശിപ്പിച്ച് വിഗ്രഹങ്ങൾക്ക് മേൽ പശുവിൻറെ കുടൽ മാല ചാർത്തി.പൂമാലകൾ ചാർത്തിയിരുന്ന സ്ഥലമാണ്,അത്.ചില വിഗ്രഹങ്ങൾ തകർത്തു.തലമുറകളായി അധ്വാനിച്ചു നേടിയ സ്വത്ത് കൊള്ളയടിച്ചു.മുൻപ് ധനികരായിരുന്നവരെ ഉപ്പോ മുളകോ വെറ്റിലയോ വാങ്ങാൻ കോഴിക്കോട് തെരുവുകളിൽ യാചകരാക്കി.അരി ദയയോടെ ദുരിതാശ്വാസ ഏജൻസികൾ തന്നു.ഇതൊന്നും കെട്ടു കഥകളല്ല.

ആലീസ്,റീഡിങിൻറെ ഭാര്യ 

കിണറുകളിൽ എല്ലിൻ കൂടുകളാണ്.വീടുകൾ കൽകൂനകളായി.ക്ഷേത്രങ്ങൾ നിലം പൊത്തി.ഇവ തെളിവുകളാണ്.കൊല ചെയ്യുമ്പോഴുള്ള ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വാവിട്ട നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.മരണം ശാന്തി തരും വരെ അത് മുഴങ്ങിക്കൊണ്ടിരിക്കും.വീടുകളിൽ നിന്ന് അടിച്ചിറക്കപ്പെട്ട ഞങ്ങൾ പട്ടിണി സഹിച്ച് അർദ്ധ നഗ്നരായി കാടുകളിൽ അലഞ്ഞു.ഞങ്ങളെ ആ വേട്ടക്കാർ കണ്ടെത്താതിരിക്കാൻ കുഞ്ഞുങ്ങൾ കരയുമ്പോൾ ഞങ്ങൾ വാ പൊത്തി.രക്തദാഹികളായ ക്രൂരന്മാർ ഞങ്ങളെ മതം മാറ്റുമ്പോൾ,ഞങ്ങൾ ആയിരങ്ങൾ ധാർമിക,ആത്മീയ സംഘർഷത്തിൽ അകപ്പെട്ടു.കുലീന കുടുംബങ്ങളിൽ ജനിച്ചു വളർന്ന ഞങ്ങളുടെ ചില സഹോദരിമാരെ ബലമായി മതം മാറ്റി കുറ്റവാളികളായ കൂലികൾക്ക് വിവാഹം ചെയ്ത് കൊടുത്ത അസഹ്യമായ,ആയുഷ്കാല ദുരിതം ഞങ്ങൾക്ക് മുന്നിലുണ്ട്.കഴിഞ്ഞ അഞ്ചുമാസം പുതിയ ഒരു ഭീകര കഥ കേൾക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല.

ഖിലാഫത്തിൻറെ പേരിൽ അഞ്ചു മാസം നടന്ന കാട്ടു ഭീകരതയാണ് അതിശയോക്തിയില്ലാതെ ഇവിടെ വിവരിച്ചത്.ആയിരക്കണക്കിന് സഹോദരിമാർ അനുഭവിച്ച ദുഃഖം പരിഭവമില്ലാതെ പറയുകയായിരുന്നു.ബലാൽസംഗത്തിന്റെയും ഒറ്റപ്പെടലിൻറെയും വിശദാംശങ്ങളിലേക്ക് പോയിട്ടില്ല.ഭൂതകാലം വേദനയും ആകുലതയുമാണെങ്കിൽ,ഭാവി ഭീതിദവും നിരാശാജനകവുമാണ്.തകർക്കപ്പെട്ട,വിജനമായ ഒരു നാട്ടിലേക്കാണ് പോകേണ്ടത്.ഞങ്ങളുടെ വീടുകൾ കത്തിക്കുകയോ തകർക്കുകയോ ചെയ്തു.വീട് പോറ്റിയിരുന്ന ആണുങ്ങൾ വധിക്കപ്പെട്ടു.സ്വത്ത് കൊള്ളയടിച്ചു.കന്നുകാലികളെ കൊന്നൊടുക്കി.
നഷ്ട പരിഹാരമില്ലാത്ത പുനരധിവാസം നാശവും യാചനയും പട്ടിണിയും ആയിരിക്കും.ജീവിതം വീണ്ടും തുടങ്ങാൻ നന്മയുള്ള സർക്കാർ വേണ്ടത് ചെയ്യില്ലേ ? ഞങ്ങളുടെ പ്രിയപ്പെട്ടവരെ കൊല്ലുകയും ഞങ്ങളെ കൊള്ളയടിക്കുകയും അപമാനിക്കുകയും ചെയ്ത ദുഷ്ടരായ ശത്രുക്കൾക്കിടയിൽ പാപ്പരായി ജീവിതം തുടങ്ങാനാണ് പറയുന്നത്.നരകത്തിന് പോലും അഴിച്ചു വിടാൻ കഴിയാത്ത ചെകുത്താന്മാർ.ആ അവശിഷ്ടങ്ങളിലേക്ക് മടങ്ങുന്നത് ആലോചിക്കുമ്പോൾ ചുരുങ്ങിപ്പോകുന്നു.സായുധരായ മാപ്പിളമാരെ ചിതറിച്ചെങ്കിലും,ലഹള പൂർണമായും നീങ്ങി എന്ന് പറയാനാവില്ല.നട്ടെല്ല് പാതി തകർന്ന പാമ്പിനെപ്പോലെയാണ് അത്.വിഷപ്പല്ലിന് ഒന്നും പറ്റിയിട്ടില്ല.കൊത്താനുള്ള ശക്തി കുറഞ്ഞെങ്കിലും,പോയിട്ടില്ല.ഏതാനും ആയിരം മാപ്പിളമാർ കൊല്ലപ്പെട്ടു.ആയിരങ്ങൾ തടവിലായി.എങ്കിലും ആയിരക്കണക്കിന് കലാപകാരികളും കൊള്ളക്കാരും തിന്മ നിറഞ്ഞ മത പ്രബോധകരും മനുഷ്യത്വ ഹീനരായ ചെകുത്താന്മാരും ഇപ്പോഴും വിഹരിക്കുന്നു.ചിലർ ഒളിവിലാണ്.ഭൂരിപക്ഷവും സ്വത്ത് തിരിച്ചെടുക്കാൻ വന്ന പരസ്യമായി ധിക്കാരത്തോടെ, പക പ്രഖ്യാപിച്ച് നടക്കുന്നു.മടങ്ങിയ പലരും കൊല്ലപ്പെട്ടു.

പുനരധിവാസം, വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ആകരുത്.ഈ ദരിദ്ര സങ്കട ഹർജിക്കാർക്ക് സാമ്പത്തിക സഹായവും രാക്ഷസന്മാരിൽ നിന്ന് സംരക്ഷണവും വേണം.ആ ക്രൂര മതത്തിലെ ആണുങ്ങളിലും പെണ്ണുങ്ങളിലും കുട്ടികളിലും ഭീകരത കുത്തി വച്ചുണർത്തിയിരിക്കുകയാണ്.അവർ അയലത്ത് എപ്പോഴും ഇര പിടിക്കാനുണ്ടാകും.ആകെ ഞങ്ങൾക്ക് ആശ്രയം സർക്കാരിൻറെ നന്മ മാത്രമാണ്.

ഞങ്ങൾക്ക് പകയില്ല.ഒരു ക്രൂര വംശത്തിന്മേൽ സമാനമായ ദുരിതം വിതച്ചാൽ ഞങ്ങളുടെ ദുരിതം കുറയുകയില്ല.കൊലയാളികളെ കശാപ്പ് ചെയ്താൽ മരിച്ചവർ മടങ്ങില്ല. ഞങ്ങൾ അനുഭവിച്ച ഹീനതകൾ മറന്നാൽ ഞങ്ങൾ മനുഷ്യരും ആകില്ല.ആ വംശത്തോട് എന്നും സൗഹൃദം പുലർത്തിയവരാണ് ഞങ്ങൾ.എല്ലാം കൊള്ളയടിക്കപ്പെട്ട ഞങ്ങൾ , അടിച്ചേൽപിക്കപ്പെട്ട ഈ ദാരിദ്ര്യ വേളയിൽ നഷ്ടപരിഹാരം ചോദിക്കാതിരിക്കുന്നത്,കാപട്യമായിരിക്കും.മാപ്പിള വംശത്തിൻറെ മതഭ്രാന്തിനാൽ ഇരകളാക്കപ്പെട്ട ഞങ്ങൾ അങ്ങയുടെ സഹോദരിമാർക്ക് സർക്കാരിൻറെ സംരക്ഷണം ചോദിക്കാതിരിക്കുന്നത് കഴിവുകേടായിരിക്കും .അവർക്ക് ജീവിക്കേണ്ടത് കലാപ ഭൂമിയിലാണ്.ഞങ്ങളുടെ ആഗ്രഹം ചെറുതാണ്:പട്ടിണിയില്ലാതെ ഞങ്ങൾക്കും കുട്ടികൾക്കും ജീവിച്ചു പോകാനുള്ള നഷ്ട പരിഹാരം,കശാപ്പിനും കലാപത്തിനും എതിരെ പട്ടാള സംരക്ഷണം.ഇത് നല്കാനാവുന്നില്ലെങ്കിൽ,അയൽ ദേശത്ത് കുറച്ചു ഭൂമി തന്നാൽ മതി.അവിടെ പ്രകൃതി വേണ്ട വിധം അനുഗ്രഹിച്ചില്ലെങ്കിലും,മനുഷ്യൻറെ ക്രൂരതകൾ ഉണ്ടാവില്ല.
----------------
ഹൃദയഭേദകമായ ഈ ഹർജിയിൽ ഒപ്പിട്ടവരിൽ നിലമ്പൂരിലെ സീനിയർ റാണിയും ഉൾപ്പെടും.നാട് ഭരിച്ചിരുന്ന സമ്പന്ന കുടുംബത്തിൽപ്പെട്ട അവർ തന്നെ ഒപ്പിട്ടത് നടന്ന ക്രൂരതകളുടെ സ്വഭാവവും ഭാവിയെ സംബന്ധിച്ച ആശങ്കകളും  വെളിവാക്കുന്നു.

സാമൂതിരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൻറെ തീരുമാനങ്ങൾ ഇവയാണ്:

താഴെ പറയുന്ന മാപ്പിള ക്രൂരതകൾ ചുരുക്കി കാണാനുള്ള തൽപര കക്ഷികളുടെ ശ്രമത്തെ യോഗം അപലപിക്കുന്നു.

1 .സ്ത്രീകളുടെ ബലാൽസംഗം 
2.മനുഷ്യരെ ജീവനോടെ തൊലി ഉരിക്കൽ 
3.പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കശാപ്പ് 
4.കുടുംബത്തെ കൂട്ടത്തോടെ ചുട്ടു കരിക്കൽ 
5.ആയിരങ്ങളെ നിർബന്ധമായി മതം മാറ്റൽ,നിരസിച്ചാൽ വധം 
6.പകുതി മരിച്ചവരെ കിണറ്റിലേക്ക് തള്ളൽ.അവർ രക്ഷപെടാൻ മണിക്കൂറുകൾ ശ്രമിച്ച ശേഷം മരണത്തോടെ മോചിതരാകും 
7.കലാപ ദേശങ്ങളിലെ ഹിന്ദു,ക്രിസ്ത്യൻ വീടുകൾ അപ്പാടെ തീയിടൽ.ഇതിൽ മാപ്പിള സ്ത്രീകളും കുട്ടികളും പങ്കെടുത്തു.സ്ത്രീകളെ നഗ്നരാക്കൽ.അമുസ്ലിംകളെ അനാഥരാക്കൽ.
8.ഹിന്ദു ക്ഷേത്രങ്ങൾ മലിനമാക്കലും തകർക്കലും വഴി ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തൽ.ക്ഷേത്ര വളപ്പിൽ ഗോഹത്യ.അവയുടെ കുടൽ മാല വിഗ്രഹങ്ങളിൽ ചാർത്തൽ.ഭിത്തിയിലും മേൽക്കൂരയിലും കൊന്ന പശുക്കളുടെ തലയോട് തൂക്കൽ.
---------------------------------
ക്രൂരതയെപ്പറ്റി ഇതിൽക്കൂടുതൽ എഴുതുന്നില്ല.പുരുഷന്മാരെ രണ്ട് രീതികളിൽ കൂടി പീഡിപ്പിക്കുകയുണ്ടായി -ജീവനോടെ തൊലിയുരിക്കലും അവരെ വെട്ടികൊല്ലും മുൻപ് അവരെക്കൊണ്ട് തന്നെ സ്വന്തം ശവക്കുഴി കുഴിപ്പിക്കലും.
അലി സഹോദരർ ജയിലിൽ 1921 സെപ്റ്റംബർ 

മാപ്പിളമാർ പള്ളികളിൽ യോഗം ചേർന്ന് കലാപത്തിന് കോപ്പ് കൂട്ടിയിരുന്നു.അതിനാൽ ഈ ദേശങ്ങളിൽ ഹിന്ദുക്കൾക്ക് പ്രതിരോധിക്കാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ല.ദുരന്തം മാസങ്ങൾ നീണ്ടു.ആയിരക്കണക്കിന് മുസ്ലിംകൾ ബ്രിട്ടീഷ് സേനയാൽ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരുക്കേറ്റു.ആയിരക്കണക്കിന് ഹിന്ദുക്കളെ വെട്ടിക്കൊന്നു.സ്ത്രീകൾ മാനഭംഗത്തിന് വിധേയരായി.ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.മനുഷ്യനെ ജീവനോടെ തൊലി ഉരിച്ചു.കുടുംബങ്ങളെ കൂട്ടത്തോടെ ചുട്ടു കരിച്ചു.മാനം രക്ഷിക്കാൻ സ്ത്രീകൾ കിണറ്റിലേക്ക് സ്വയം ചാടി മരിച്ചു.സ്വന്തം മതത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഭീകരതയും അക്രമവും മരണ ഭീഷണിയും വിഘാതമായി.ഖിലാഫത്ത് പ്രസ്ഥാനവും ഗാന്ധിയും അദ്ദേഹത്തിൻറെ ഹിന്ദു സുഹൃത്തുക്കളും മലബാറിന് നൽകിയത് ഇതാണ്.

മുസ്ലിം ലീഗ് പ്രസിഡൻറ് മാപ്പിള ക്രൂരതകളെ ന്യായീകരിച്ചത്,അത് ബ്രിട്ടനും ഹിന്ദുക്കൾക്കും എതിരായ യുദ്ധം ആയിരുന്നു എന്നതിനാലാണ്.ഗാന്ധിയും മാപ്പിളമാർക്ക്‌ വേണ്ടി നില കൊണ്ടു.ഇത് അവരുടെ ഡ്യൂപ്പുകൾക്ക് പോലും പിടിച്ചില്ല എന്നത് ആനി ബസന്റിന്റെ ലേഖനത്തിൽ നിന്ന് വ്യക്തമാണ്.ഇത്രയും പറഞ്ഞതിൽ നിന്ന് ഒരാൾക്കും ഖിലാഫത്തിനോട് അനുകമ്പ ഉണ്ടാകാനിടയില്ല.ഗാന്ധിയും അദ്ദേഹത്തിൻറെ ഡ്യൂപ്പുകളും ഏത് അടിയന്തര ഘട്ടത്തിലും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറപ്പ് ഖിലാഫത്തുകാർക്ക് നൽകി.മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിലും ഹിന്ദുക്കൾ കൂടെ നിൽക്കും എന്ന് അവർ കരുതി.ഈ ഇസ്ലാമിക ബോധം,ഇന്ത്യയ്ക്കപ്പുറമുള്ള സഹോദര്യത്തിൽ അധിഷ്ഠിതമാണ്.അത് ബ്രിട്ടൻ സ്വരാജ് ഇളവുകൾ നൽകുന്നതിനെ അംഗീകരിക്കുന്നില്ല.കാരണം,സ്വരാജ് ബ്രിട്ടീഷ് ഭരണത്തിനുള്ളിലാണ്.ബ്രിട്ടീഷ് കോമൺവെൽത്തിലെ അംഗരാജ്യങ്ങൾ അനുഭവിക്കുന്ന സ്വയംഭരണം.സാമ്രാജ്യ താൽപര്യങ്ങളെ കീഴ്‌പ്പെടുത്തുന്ന ഒരു ശക്തിക്ക് ബ്രിട്ടൻ ഭരണം കൈമാറില്ല.ഇന്ത്യയുടെ താൽപര്യം ആകട്ടെ,ഇന്ത്യയ്ക്ക് പുറത്ത് ശത്രുവായ ശക്തിക്ക് ബ്രിട്ടൻ ഒരിക്കലും അടിയറ വയ്ക്കില്ല.മതത്തെ ഇതിൽ ഘടകമാക്കിയത് അപകടകരമായിപ്പോയി.ഹിന്ദു -മുസ്ലിം ഐക്യത്തിന് മറ്റൊരു ഘടകം കണ്ടെത്തിയില്ലെങ്കിൽ ഇത് വിലപ്പോവില്ല.

ഗാന്ധി ഖിലാഫത്തിന് വേണ്ടി ഏതറ്റവും വരെ പോകുമെന്ന് ഗാന്ധിയുടെ ഈ വാക്കുകളിൽ നിന്ന് മനസിലാക്കാം:

ഫ്രാൻസ് ബ്രിട്ടനിൽ നിന്ന്  ഡോവർ അപഹരിക്കുകയും ഇന്ത്യ ഫ്രാൻസിനെ രഹസ്യമായി സഹായിക്കുകയോ  അതല്ലെങ്കിൽ ഡോവർ നിലനിർത്താനുള്ള ബ്രിട്ടൻെറ ശ്രമങ്ങളോട് നിസ്സംഗതയോ ശത്രുതയോ പുലർത്തുകയും   ചെയ്താൽ,ബ്രിട്ടൻറെ നിലപാട് എന്തായിരിക്കും ? ബ്രിട്ടൻ ഖിലാഫത്തിനെ വെട്ടിമുറിക്കുമ്പോൾ ഇന്ത്യ കയ്യും കെട്ടി നോക്കി നിൽക്കണോ ?

ബ്രിട്ടനോട് ചോദിക്കുന്നതും, ഇന്ത്യ പീഡിതർക്ക് വേണ്ടി യുദ്ധത്തിന് പോകുന്നതും രണ്ടാണ്.സാമ്രാജ്യത്തിന് പുറത്തുള്ള ശക്തിക്ക് വേണ്ടി വാദിക്കുന്നത് ന്യായമല്ല.

എന്താണ് ഇപ്പോഴത്തെ അവസ്ഥ ? ഗാന്ധിയുടെ ഡ്യൂപ്പായ ജില്ലാ കോൺഗ്രസ് സെക്രട്ടറി കോഴിക്കോട്ടെ കെ മാധവൻ നായർ ജനുവരി നാലിന് എഴുതിയത്   ഞാൻ കടമെടുക്കാം:

ഇതാണ് ഇപ്പോൾ അവസ്ഥ -അഹിംസ ആധാരമാക്കി ഹിന്ദുക്കളും മുസ്ലിംകളും പൊതു ശത്രുവിനെതിരെ യുദ്ധം ചെയ്യുകയാണ്.ലക്ഷ്യ സാധ്യത്തിന് അക്രമം പ്രയോഗിക്കാമെന്ന് വാദിക്കുന്ന മൗലാന*യുടെ വിഭാഗമുണ്ട്.അവർ നാളെ അക്രമം നടത്തുന്നുവെന്നും മറുപക്ഷം അഹിംസയിൽ തുടരുന്നുവെന്നും ഇരിക്കട്ടെ.മൗലാനയുടെ വീക്ഷണം,അതിൻറെ പരിണാമ ഗുപ്തിയിലേക്ക് നീങ്ങിയാൽ അഹിംസാ വിഭാഗത്തിൻറെ അവസ്ഥ എന്തായിരിക്കും ? നിങ്ങളുടെ അയൽക്കാരൻ നിങ്ങളുടെ മാർഗം അംഗീകരിക്കാതിരിക്കെ ,നിരപരാധിയായ അയാൾക്കെതിരെ  അക്രമവും കൊലയും കൊള്ളയും അഴിച്ചു വിട്ട് സ്വാതന്ത്ര്യം നേടിയിട്ട് കാര്യമുണ്ടോ ? അത് വഴി ഖിലാഫത്തിനെ തിരുത്താനാവുമോ ? അക്രമത്തിൽ വിശ്വസിക്കാത്തവരെ ആകുലരാക്കുന്നതാണ് മൗലാനയുടെ നിലപാട്.

ഇന്ത്യയിലെ അമുസ്ലിംകൾക്ക് ഖിലാഫത്ത് അവകാശവാദങ്ങൾ വിഷയമായിരുന്നില്ല.മുസ്ലിം പിന്തുണയ്ക്കായി ഗാന്ധിയും കൂട്ടരും അതൊരു ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമായി നിസ്സഹകരണ പ്രക്ഷോഭത്തിലേക്ക് ഏറ്റെടുത്തു.ഖിലാഫത്ത് പ്രസ്ഥാനത്തോടുള്ള ആ അമുസ്ലിം അനുതാപവും ഇല്ലാതായി.ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും ഇന്ത്യൻ സർക്കാരും മുസ്ലിം അവകാശങ്ങളെ അനുതാപത്തോടെ പരിഗണിക്കുന്നു എന്ന നിർഭാഗ്യകരമായ പ്രസ്താവനകളാണ് ഈ പ്രസ്ഥാനത്തിന് കരുത്ത് പകർന്നത്.മുസ്ലിം അവകാശങ്ങൾക്കൊപ്പം സെക്രട്ടറി മൊണ്ടേഗ് നിൽക്കുന്നുവെന്ന് പറഞ്ഞത് ആഗാ ഖാനാണ്.ഗാന്ധി ആവതെല്ലാം ചെയ്തു.ഗാന്ധിയോ ഇന്ത്യൻ മുസ്ലിംകളോ മുന്നോട്ട് വച്ച ഖിലാഫത്ത് അവകാശവാദത്തെ അമേരിക്കയിലോ ബ്രിട്ടനിലോ ഉള്ള ഏതെങ്കിലും പത്രമോ പ്രചാരകനോ പിന്തുണച്ചതായി കാണുന്നില്ല.എന്നാൽ,മൊണ്ടേഗിനും ഇന്ത്യൻ സർക്കാരിനും ഉണ്ടെന്ന് പറഞ്ഞു പരത്തിയ അനുതാപം,മിതവാദികളായ മുസ്ലിംകളെയും ഹിന്ദുക്കളെയും കൂടി അതിന് അനുകൂലമാക്കി.അങ്ങനെ തുടങ്ങിയ പ്രക്ഷോഭം അപകടകരമായ നിലയിലെത്തി.

മുസ്ലിം അവകാശവാദമോ സ്വരാജ് പ്രശ്നമോ ഒത്തുതീർപ്പിലെത്തണമെന്ന് ഖിലാഫത്ത് പ്രസ്ഥാനമോ ഗാന്ധിയോ ആഗ്രഹിക്കുന്നില്ല.അവർക്ക് വേണ്ടത് ബ്രിട്ടീഷ് സർക്കാരിൻറെ അന്ത്യമാണ്.അതുകൊണ്ടാണ് തുർക്കി പോലും പ്രായോഗിക രാഷ്ട്രീയമായി കാണാത്ത ആവശ്യങ്ങൾ ഇന്ത്യൻ പ്രക്ഷോഭകാരികൾ മുന്നോട്ട് വച്ചിരിക്കുന്നത്.സേവ്റെസ് സന്ധി പരിഷ്കരിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളെ അവർ തടസ്സപ്പെടുത്തി.ഗാന്ധിയുടെയും മുഹമ്മദ് അലിയുടെയും ഖിലാഫത്ത് സമീപനം ഒത്തുതീർപ്പിന് വിഘാതമായെന്ന് എല്ലാവരും തിരിച്ചറിയുന്നു.ഗാന്ധിയെയോ അലി സഹോദരർ നയിക്കുന്ന ഖിലാഫത് പ്രസ്ഥാനത്തെയോ ബ്രിട്ടൻ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് വിഫലമായ വ്യായാമം ആയിരിക്കും.ഗാന്ധിയും കൂട്ടരും പ്രോത്സാഹിപ്പിച്ച ഇന്ത്യൻ ആഗോള ഇസ്ലാമികത ഭാവിയിൽ എല്ലാ മതങ്ങൾക്കും നാഗരികതകൾക്കും എതിരായിരിക്കും.മുസ്ലിംകൾ ആഗോള ഇസ്ലാമികതയ്‌ക്കൊപ്പം ചേരുന്നത് എനിക്ക് മനസ്സിലാകും.ഒരുനാൾ ലോക മുസ്ലിംകൾ ഒരു പതാകയ്ക്ക് കീഴിൽ ഒന്നിക്കുമെന്ന വാഗ്ദാനം ഒരു മുസ്ലിമിന് ആവേശമായിരിക്കും.എന്നാൽ നാം ലോകയാഥാർഥ്യങ്ങൾ കാണുകയും പുനർനിർമിതിയിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികളെ കാണുകയും വേണം.

ലോകത്ത് മത സാമ്രാജ്യങ്ങളുടെ കാലം കഴിഞ്ഞു.മത കുരിശുയുദ്ധങ്ങൾ ഇനി സാധ്യമല്ല.മതപരവും ദേശീയവുമായ വൈജാത്യങ്ങൾക്കപ്പുറം പോകുന്ന കാലത്തിൻറെ ഉമ്മറപ്പടിയിലാണ് നാം.ആ ഐക്യത്തിൽ മതപരമായ വൈജാത്യങ്ങൾ ലയിക്കും.ആഗോള ഇസ്ലാമികത,ക്രിസ്തു മതം,ബുദ്ധ മതം എല്ലാം കാലഹരണപ്പെട്ട ലോകത്താണ്.ആഗോള ഹിന്ദുമതം എന്നൊന്നിനെപ്പറ്റി പറയേണ്ടതില്ല.ഈ ആഗോള സംഗതികൾക്കർത്ഥം നാശവും മത പ്രചാരണവും ലോകയുദ്ധത്തിന് കാരണമായ അധീശ ഭാവവുമാണ്.

ഈ അപകടകരമായ അടിത്തറയിലാണ് ഗാന്ധി പ്രസ്ഥാനം നിൽക്കുന്നത്.സ്വരാജ് അല്ല ലക്ഷ്യം.വിദേശികൾ നടത്തിയ തെറ്റുകൾ തിരുത്തുകയാണ് ലക്ഷ്യം.ഗാന്ധിയുടെ തത്വങ്ങൾ ഞാൻ വിശദീകരിച്ചു.സ്വരാജോ രാഷ്ട്രീയ സ്വാതന്ത്ര്യമോ അല്ല ഗാന്ധിക്ക് വേണ്ടത്.ഖലീഫയുടെ സങ്കടങ്ങളല്ല  ഗാന്ധിയെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് പ്രേരിപ്പിച്ചത്.എല്ലാ സർക്കാരുകളെയും വെറുക്കുന്നവനായി ഗാന്ധി ബ്രിട്ടീഷ് സർക്കാരിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു.

---------------------------------------------------------

*മൗലാനാ ഹസ്രത് മൊഹാനി 

വൈസ്രോയ് റീഡിങിന്റെ ഭാര്യ:ഇന്ത്യൻ വൈസ്രോയ് റൂഫസ് ഐസക്സ് റീഡിങിന്റെ ആദ്യഭാര്യ ആലീസ് എഡിത് ഐസക്സ് ( 1866 -1930 ).സ്റ്റോക് ബ്രോക്കറായ ഭർത്താവിനെ നിയമം ഉദ്യോഗമാക്കാൻ പ്രേരിപ്പിച്ചു.അദ്ദേഹം ബ്രിട്ടീഷ് ചീഫ്ജസ്റ്റിസായി.ഭർത്താവിൻറെ ഉയർച്ചയ്‌ക്കൊപ്പം പദവികൾ മാറി അവർ കൗണ്ടെസ് ആയത് 1917 ൽ.1921 ൽ റീഡിങ് വൈസ്രോയി ആയി.ഇവിടെ അവർ സ്ത്രീകൾക്കുള്ള കാരുണ്യ പ്രവൃത്തികളിൽ മുഴുകി.1921 ൽ ഇന്ത്യൻ സ്ത്രീ നിധിയുണ്ടാക്കി.പെഷവാറിൽ ആശുപത്രിയുണ്ടാക്കി.




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...