അന്ധനായ മാർക്‌സ് 4
മാർക്‌സ് മൂലധനം എഴുതുന്നതിന് 21 വർഷം മുൻപ് 1846 ൽ,മാർക്‌സിന്റെ നാട്ടുകാരനായ മാക്‌സ് മുള്ളർ ( 1823 -1900 ) പാരിസിൽ ദ്വാരകാനാഥ് ടഗോറിനെ കണ്ടുമുട്ടി.രവീന്ദ്രനാഥ് ടഗോറിൻറെ മുത്തച്ഛനായ ദ്വാരകാനാഥ് പിയാനോ വായിച്ച് ഇന്ത്യൻ സംഗീതം ആലപിച്ചപ്പോൾ,അതിൽ ശ്രുതിയോ ലയമോ താളമോ മുള്ളർ കണ്ടില്ല.
ദ്വാരകാനാഥ്,ക്ഷുഭിതനായി:
"നിങ്ങൾ എല്ലാവരും ഒരുപോലെയാണ്.എന്തെങ്കിലും അപരിചിതമായാൽ,നിങ്ങളെ രസിപ്പിച്ചില്ലെങ്കിൽ, നിങ്ങൾ അതിനെ തള്ളും.ആദ്യം ഇറ്റാലിയൻ സംഗീതം കേട്ടപ്പോൾ അത് സംഗീതമായി എനിക്ക് തോന്നിയില്ല.കേട്ട് കൊണ്ടേയിരുന്നപ്പോൾ ഇഷ്ടമായി.ഞങ്ങളുടെ കവിത കവിതയല്ലെന്നും തത്വ ചിന്ത, തത്വ ചിന്തയല്ലെന്നും നിങ്ങൾക്ക് തോന്നാം.യൂറോപ്പിൽ ഉണ്ടായതൊക്ക ഞങ്ങൾ അറിയാൻ ശ്രമിക്കുന്നു.ഇന്ത്യയിൽ ഉണ്ടായതിനെയൊക്ക ഞങ്ങൾ അത് കൊണ്ട് പരിഹസിക്കും എന്ന് കരുതരുത്.ഞങ്ങളുടേതിനെ നിങ്ങളും അറിയാൻ ശ്രമിച്ചാൽ,അതിൽ ശ്രുതിയും ലയവും താളവും ഉണ്ടാകും.ഞങ്ങളുടേത് നിങ്ങൾ പഠിച്ചാൽ നിങ്ങൾ വിശേഷിപ്പിക്കും പോലെ ഞങ്ങൾ അവിശ്വാസികളോ കിരാതരോ അല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും.നിങ്ങൾക്കറിയാവുന്ന പോലെ,അതിലും കൂടുതൽ ഞങ്ങൾക്ക് അജ്ഞാനത്തെ തിരിച്ചറിയാം."
മാർക്സ് മൂലധനം എഴുതുന്നതിന് 21 വർഷം മുൻപ് 1846 ൽ,മാർക്‌സിന്റെ നാട്ടുകാരനായ മാക്‌സ് മുള്ളർ ( 1823 -1900 ) പാരിസിൽ ദ്വാരകാനാഥ് ടഗോറിനെ കണ്ടുമുട്ടി.രവീന്ദ്രനാഥ് ടഗോറിൻറെ മുത്തച്ഛനായ ദ്വാരകാനാഥ് പിയാനോ വായിച്ച് ഇന്ത്യൻ സംഗീതം ആലപിച്ചപ്പോൾ,അതിൽ ശ്രുതിയോ ലയമോ താളമോ മുള്ളർ കണ്ടില്ല.
ദ്വാരകാനാഥ്,ക്ഷുഭിതനായി:
"നിങ്ങൾ എല്ലാവരും ഒരുപോലെയാണ്.എന്തെങ്കിലും അപരിചിതമായാൽ,നിങ്ങളെ രസിപ്പിച്ചില്ലെങ്കിൽ, നിങ്ങൾ അതിനെ തള്ളും.ആദ്യം ഇറ്റാലിയൻ സംഗീതം കേട്ടപ്പോൾ അത് സംഗീതമായി എനിക്ക് തോന്നിയില്ല.കേട്ട് കൊണ്ടേയിരുന്നപ്പോൾ ഇഷ്ടമായി.ഞങ്ങളുടെ കവിത കവിതയല്ലെന്നും തത്വ ചിന്ത, തത്വ ചിന്തയല്ലെന്നും നിങ്ങൾക്ക് തോന്നാം.യൂറോപ്പിൽ ഉണ്ടായതൊക്ക ഞങ്ങൾ അറിയാൻ ശ്രമിക്കുന്നു.ഇന്ത്യയിൽ ഉണ്ടായതിനെയൊക്ക ഞങ്ങൾ അത് കൊണ്ട് പരിഹസിക്കും എന്ന് കരുതരുത്.ഞങ്ങളുടേതിനെ നിങ്ങളും അറിയാൻ ശ്രമിച്ചാൽ,അതിൽ ശ്രുതിയും ലയവും താളവും ഉണ്ടാകും.ഞങ്ങളുടേത് നിങ്ങൾ പഠിച്ചാൽ നിങ്ങൾ വിശേഷിപ്പിക്കും പോലെ ഞങ്ങൾ അവിശ്വാസികളോ കിരാതരോ അല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും.നിങ്ങൾക്കറിയാവുന്ന പോലെ,അതിലും കൂടുതൽ ഞങ്ങൾക്ക് അജ്ഞാനത്തെ തിരിച്ചറിയാം."
മാക്‌സ് മുള്ളർ |
രാഷ്ട്രീയചരിത്രം വഴി,ഭൗതികതയുടെ ഭൂതക്കണ്ണാടിയിലൂടെ ഇന്ത്യയെ കാണാൻ ശ്രമിച്ചതാണ് മാർക്സിന് പറ്റിയ തെറ്റ്.മുള്ളറുടെ പ്രഭാഷണം മാത്രമല്ല,'ഇന്ത്യയുടെ പ്രകാശത്തിൽ'( In Light of India ) എന്ന മെക്‌സിക്കൻ കവി ഒക്റ്റാവിയോ പാസിന്റെ പുസ്‌തകവും ഇന്ത്യയുടെ അനന്യ ചരിത്രം ലോകത്തിന് മുന്നിൽ വയ്ക്കുന്നു.
ടെറി ഈഗിൾടനെ പോലുള്ള മാർക്‌സിസ്റ്റ് ചരിത്രകാരന്മാർ തന്നെ,മാർക്‌സിന്റെ ഇന്ത്യയെ കണ്ടെത്തൽ പാളിപ്പോയി എന്ന് തന്നെയാണ് നിരീക്ഷിച്ചത് ( 1 ).മാർക്‌സിന്റെ കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ വിലയിരുത്തൽ അപ്പടി അവ്യക്തമാണെന്ന് ഈഗിൾടൺ പറയുന്നു.സോഷ്യലിസ്റ്റ് വിപ്ലവത്തെ പിന്തുണയ്ക്കുമെന്ന് തോന്നിയാൽ മാത്രം കൊളോണിയലിസത്തിന് എതിരായ പോരാട്ടത്തെ അനുകൂലിക്കുക എന്ന കാഴ്ചപ്പാടായിരുന്നു ആദ്യകാലത്ത് മാർക്സിന്റേത്.ചില ദേശീയതകൾ 'ചരിത്രപരം' അല്ലെന്നും അവ തകർന്നടിയുമെന്നും മാർക്‌സ് പ്രവചിച്ചത് അത് കൊണ്ട് കുപ്രസിദ്ധി നേടി.യൂറോപ്പിന് അനുകൂലമായി,ഒറ്റയടിക്ക് ചെക്കോസ്ലോവാക്യ,സ്ലോവേനിയ,ഡാൽമേഷ്യ,റൊമാനിയ,ക്രൊയേഷ്യ,സെർബിയ,മോറെവിയ.യുക്രൈൻ എന്നിവിടങ്ങൾ ചരിത്രത്തിൻറെ ചാരത്തിൽ ഒടുങ്ങുമെന്ന് മാർക്‌സ് എഴുതിയത് ഈഗിൾടൺ ചൂണ്ടിക്കാട്ടുന്നു.എംഗൽസ്,ഫ്രാൻസ് അൾജീരിയയെ കോളനി ആക്കിയതിനെയും മെക്‌സിക്കോയെ അമേരിക്ക പിടിച്ചടക്കിയതിനെയും പിന്തുണച്ചു.മാർക്‌സ് ആകട്ടെ,ലാറ്റിൻ അമേരിക്കയുടെ വിമോചകനായ സൈമൺ ബോളിവറെ ആദരിച്ചതേയില്ല.ഈ മട്ടിൽ തന്നെയാണ് മാർക്‌സ് ഇന്ത്യയ്ക്ക് ചരിത്രം ഇല്ലെന്നും ഉപഭൂഖണ്ഡത്തിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ബ്രിട്ടൻ അടിത്തറ പാകിയെന്നും പറഞ്ഞത്.കാന്റർബറി മുതൽ കാലിഫോർണിയ വരെ,ഉത്തര കൊളോണിയൽ പഠനങ്ങളിൽ മാർക്സിന് ഒരു മാർക്കും കിട്ടില്ലെന്ന് ഈഗിൾടൺ നിരീക്ഷിച്ചു.
ടെറി ഈഗിൾടൺ |
കൊളോണിയലിസത്തിന് പുരോഗമനപരമായ വശങ്ങളുണ്ടെന്ന് പാശ്ചാത്യ കൊളോണിയൽ എഴുത്തുകാർ ഇന്നും കരുതുന്നതായി ഈഗിൾടൺ നിരീക്ഷിക്കുന്നു.പത്തൊൻപതാം നൂറ്റാണ്ടിലെ അയർലൻഡിൽ കൊളോണിയലിസം കൊണ്ട് വന്നത്,ക്ഷാമവും അക്രമവും അനാഥത്വവും വംശീയതയും മതപരമായ അടിച്ചമർത്തലും ഒക്കെയാണ്.
അതിർത്തികൾക്കപ്പുറം വ്യാപിച്ചു കിടന്ന കൊളോണിയലിസം എന്തുകൊണ്ടാണ് ഒരിടത്തും അനുകൂല പ്രതികരണങ്ങൾ ഉണ്ടാക്കാതിരുന്നത് എന്ന് ഈഗിൾടൺ ആശ്ചര്യപ്പെടുന്നു.
കൊളോണിയലിസം വിപ്ലവം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല,അത് വിപ്ലവ വിരുദ്ധമായ പ്രതിസന്ധി സമൂഹത്തിൽ ഉണ്ടാക്കുകയും ചെയ്‌തു എന്നാണ് ഇന്ത്യൻ മാർക്‌സിസ്റ്റ് ചരിത്രകാരൻ ഐജാസ് അഹമ്മദിൻറെ വിലയിരുത്തൽ.അങ്ങനെയാണ് പതിനെട്ടാം നൂറ്റാണ്ടോടെ സാങ്കേതികതയും ഉൽപാദന പ്രക്രിയയും ഇന്ത്യയിൽ തളർന്നത്.ആഭ്യന്തര തർക്കങ്ങൾ മൂർച്ഛിച്ച് കൊളോണിയലിസത്തിന് എതിരെ ഐക്യനിര കെട്ടിപ്പടുക്കാൻ ആകാതെ വന്നത്.ഏഷ്യ മാറ്റമില്ലാത്ത,ചലനരഹിതമായ വ്യവസ്ഥയാണെന്ന മാർക്സിന്റെ കണ്ടെത്തൽ ആകട്ടെ,പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നില നിന്ന വിശ്വാസം അതേപടി പകർത്തിയതാണ്.
കൃഷിഭൂമിയുടെ അവകാശം ഇന്ത്യയിൽ ഭരണ കൂടത്തിനായിരുന്നു എന്ന മാർക്‌സിന്റെ നിരീക്ഷണത്തിൽ നിന്ന് തന്നെ,ഇന്ത്യയെപ്പറ്റി അദ്ദേഹത്തിന് വിവരമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണെന്ന് അഹമ്മദ് നിരീക്ഷിക്കുന്നു.ബെർണിയറുടെയും മറ്റും വിവരണങ്ങളിൽ കാണുന്ന ഇത്തരം വിഡ്ഢിത്തങ്ങൾക്ക് ബ്രിട്ടൻ പ്രചാരണം നൽകിയിരുന്നു.നാലു വർഷത്തിന് ശേഷം മാർക്‌സ് ഇന്ത്യയെപ്പറ്റി രണ്ടാം പരമ്പര തുടങ്ങിയപ്പോഴാണ്,താൻ വ്യാജ നിർമിതികളെ ആശ്രയിക്കുകയായിരുന്നു എന്ന തിരിച്ചറിവുണ്ടായത്.എന്നിട്ടും ബ്രിട്ടൻ ഇന്ത്യയിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന സങ്കീർണമായ ഭൂമി ക്രയവിക്രയ പ്രക്രിയകൾ അദ്ദേഹത്തിന് പിടി കിട്ടിയിരുന്നില്ല.റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞനായ മാക്‌സിം കൊവാലെവ്‌സ്‌കിയുടെ Communal Land Holdings ( 1879 ) വായിച്ച് തിരിച്ചറിവുണ്ടാകുമ്പോഴേക്കും മാർക്സിന്റെ ശ്രദ്ധ റഷ്യയിലേക്ക് വഴുതിയിരുന്നു.യൂറോപ്പിൻറെ ചരിത്ര വികാസത്തിലെ അടിമത്തം,ജന്മിത്തം,മുതലാളിത്തം എന്നിവയെപ്പോലെ ക്രമാനുഗതമായിരുന്നില്ല ഇന്ത്യയിലെ മാറ്റങ്ങൾ."നിലനിൽക്കുന്ന സാമൂഹിക,സാമ്പത്തിക ക്രമത്തെ അട്ടിമറിച്ച് പുതിയതൊന്നിനെ പ്രതിഷ്ഠിക്കുക ഇവിടെ അപൂർവമായിരുന്നു;ഏഴാം നൂറ്റാണ്ട് മുതൽ ഇതാണ് വസ്‌തുത",അഹമ്മദ് എഴുതുന്നു.
'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവിഫലങ്ങൾ' എന്ന ലേഖനത്തിൽ ഇന്ത്യയിൽ മാർക്‌സ് ഒരു വിപ്ലവം പ്രവചിക്കുന്നത് നോക്കുക:
"ബ്രിട്ടനിലെ വ്യവസായ തൊഴിലാളി വർഗം അവിടത്തെ ഇപ്പോഴത്തെ ഭരണ വർഗത്തെ നിഷ്‌കാസനം ചെയ്‌ത് തൽസ്ഥാനം ഏൽക്കുകയോ ഇന്ത്യക്കാർ തന്നെ ഇംഗ്ലീഷ് നുകം പാടെ വലിച്ചെറിയാനുള്ള കരുത്താർജിക്കുകയോ ചെയ്യും വരെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ബൂർഷ്വാസി അവർക്കിടയിലേക്ക് വിതറിയിട്ടുള്ള പുതിയ സാമൂഹ്യ ബീജങ്ങളുടെ ഫലം അനുഭവിക്കാനാവില്ല.ഇന്നല്ലെങ്കിൽ നാളെ മഹത്തും കൗതുകം നിറഞ്ഞതുമായ ആ രാജ്യം ഉയിർത്തെഴുന്നേൽക്കും".
ഇന്ത്യയുടെ വഴി ഇതായിരുന്നില്ല.ഇനിയും ആയിരിക്കില്ല.രാജാറാം മോഹൻ റോയിയും സയ്യദ് അഹമ്മദ് ഖാനും മുതലുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപകർക്ക് വരെ ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി ( വിവരം ഉണ്ടായിരുന്നതിനാൽ ) ഇത്ര ഉറച്ച കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്ന് അഹമ്മദ് നിരീക്ഷിക്കുന്നു.ഒന്നാംലോകയുദ്ധ കാലത്ത് ഗാന്ധി തന്നെ ബ്രിട്ടീഷ് പട്ടാളത്തിന് ഭടന്മാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു.1919 മുതലുള്ള ഗാന്ധിയന്മാരും കമ്മ്യൂണിസ്റ്റുകളും ബ്രിട്ടീഷ് മൂലധനം ഇന്ത്യയിൽ ചില ഗുണഫലങ്ങൾ ഉണ്ടാക്കിയെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വിശ്വസിച്ചു പോന്നു.മാർക്‌സ് ബ്രിട്ടീഷ് പശ്ചാത്തലത്തിൽ 'തൊഴിലാളി വർഗം' എന്ന് പ്രയോഗിക്കുമ്പോൾ,ഇന്ത്യൻ സാഹചര്യത്തിൽ 'ഹിന്ദുക്കൾ ' എന്നാണ് പ്രയോഗം.ബ്രിട്ടനിൽ സോഷ്യലിസ്റ്റ് വിപ്ലവം,ഇന്ത്യയിൽ ദേശീയ വിപ്ലവം,ജാതി വ്യവസ്ഥയുടെ തകർച്ച എന്നിവ പെട്ടെന്ന് സംഭവിക്കുമെന്നാണ് മാർക്‌സ് പ്രവചിച്ചത്.ഇന്ത്യ സ്വതന്ത്രമായി.പക്ഷെ ബ്രിട്ടനിലെ വർഗ്ഗവും ഇന്ത്യയിലെ ജാതിയും മാഞ്ഞു പോയില്ല.'അധ്വാനത്തിൻറെ പരമ്പരാഗത വിഭജനം' എന്നാണ് ജാതിയെ മാർക്‌സ് വിശേഷിപ്പിച്ചത്.ഇന്ത്യയിൽ ഇപ്പോഴും മാർക്‌സിന്റെ വർഗ പ്രശ്‍നം ജാതി പ്രശ്‍നം തന്നെ.
ഇ എം എസ് |
" നാം വികാരങ്ങളിൽ മുങ്ങിക്കൊണ്ടിരുന്നാൽ,അവയ്ക്ക് കടിഞ്ഞാൺ ഉണ്ടാവില്ല.....എപ്പോഴും ലക്ഷങ്ങൾ ദരിദ്രരായിരിക്കും.ഇതറിഞ്ഞിട്ടാണ് പൂർവസൂരികൾ നമ്മോട് ആഡംബരവും സുഖഭോഗങ്ങളും ത്യജിക്കാൻ പറഞ്ഞത്.നമ്മുടെ പാർപ്പിടങ്ങളും പഠനവും പഴയത് പോലെ തന്നെ.ആയിരക്കണക്കിന് വർഷം മുൻപത്തെ കലപ്പ നാം വിട്ടില്ല.നമുക്ക് യന്ത്രങ്ങൾ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല.നാം അവയുടെ അടിമകളായാൽ,നമ്മുടെ ധാർമികാടിത്തറ ഇളകിപ്പോകുമെന്ന് പിതാമഹന്മാർ നമ്മെ പഠിപ്പിച്ചു.അതിനാൽ,കാലും കയ്യും കൊണ്ട് ചെയ്യേണ്ടതൊക്കെ ചെയ്യണമെന്ന് അവർ തപം വഴി പറഞ്ഞു.വൻ നഗരങ്ങൾ കെണിയും ബാധ്യതയും ആണെന്നും മനുഷ്യർക്ക് അവയിൽ സന്തോഷം ഉണ്ടാവില്ലെന്നും നാം കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടമാവുമെന്നും വ്യഭിചാരവും തിന്മയും അവിടെ പടരുമെന്നും പാവങ്ങളെ പണക്കാർ ചൂഷണം ചെയ്യുമെന്നും അവർ പറഞ്ഞു തന്നു.അവർ ചെറു ഗ്രാമങ്ങളിൽ ആഹ്‌ളാദത്തോടെ ജീവിച്ചു."
ഗാന്ധി 1909 ൽ ഗുജറാത്തിയിൽ ഇതെഴുതുമ്പോൾ,ഇന്ത്യയിൽ ഗ്രാമ്യ വ്യവസ്ഥ തളം കെട്ടിക്കിടക്കുന്നുവെന്ന മാർക്‌സിന്റെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നില്ല.മാർക്‌സിന്റെ പരിഹാസത്തിന് മറുപടി ഇതിൽ ഉണ്ട് താനും.മുതലാളിത്തത്തിന് വഴിയൊരുക്കാനുള്ള വ്യവസായ വിപ്ലവം സഖാവേ,ഞങ്ങളെ ഋഷിമാർ പഠിപ്പിച്ചിട്ടില്ല എന്നർത്ഥം.നഗരമില്ലെങ്കിൽ,കൊള്ളയില്ല,ചൂഷണമില്ല,വർഗ്ഗവുമില്ല!
അപ്പോഴും,സൈദ്ധാന്തികൻ അല്ലാത്ത ഇ എം എസ്, പത്തൊൻപതാം നൂറ്റാണ്ടിൽ തുടരുകയും, മാർക്‌സ് പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്‌തു.( 2 ).അദ്ദേഹത്തെ ഉദ്ധരിക്കട്ടെ:
"ഇന്ത്യൻ സമൂഹം നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയിലും ജീർണതയിലും ആയിരുന്നു.അതിൻറെ നാശം അനിവാര്യമായിരുന്നു.നിശ്ചലതയിലും ജീർണതയിലും കിടന്ന പഴയ സമൂഹത്തെ മാറ്റി മറിക്കാൻ ആഭ്യന്തര ശക്തികൾ ഇല്ലാതെ വന്നതിനാൽ പുറത്തു നിന്ന് 15,16 നൂറ്റാണ്ടുകളിൽ വന്ന യൂറോപ്യൻ കച്ചവട ബൂർഷ്വാസി,പ്രത്യേകിച്ചും അവരിൽ കരുത്തരായ ബ്രിട്ടീഷ് കച്ചവട,വ്യവസായ ബൂർഷ്വാസി,'ചരിത്രത്തിൻറെ അബോധാത്മക കരു' ആകുകയായിരുന്നു.അതുകൊണ്ട്,വിപ്ലവകാരിയായ മാർക്‌സ് ഈ നാശത്തിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചില്ല.അഗാധമായ മാനവികതയും ജനസ്നേഹവും നിമിത്തം അദ്ദേഹം ബ്രിട്ടൻറെ അടിച്ചമർത്തലിന് കീഴിൽ കഷ്ടപ്പെടുന്ന ഇന്ത്യക്കാരോട് അനുതാപവും ബ്രിട്ടനോട് വെറുപ്പും പ്രകടമാക്കി."
മാർക്സിനെ ഉളുപ്പില്ലാതെ പിന്താങ്ങിയത് വഴി,ഇ എം എസും ചരിത്ര നിരാകരണത്തിൽ പങ്കാളിയായി. മാർക്സിസത്തിൽ വന്ന പുതുക്കലുകൾ,തിരുത്തലുകൾ അറിയാതെ,മാർക്സിന്റെ മണ്ടത്തരങ്ങൾ വിളമ്പി,മുരട്ടു താർക്കികൻ കൃതാർത്ഥനായി.കഷ്ടം,ഡി ഡി കൊസാംബിയെപ്പോലും വായിച്ചിട്ടില്ല!
ഇന്ത്യയെപ്പറ്റിയുള്ള എഴുത്തിൽ മാർക്സിന് രണ്ട് അടിസ്ഥാന പിഴവുകൾ സംഭവിച്ചെന്ന് അഹമ്മദ് കണ്ടു.
ഒന്ന്,തെളിവുകളുടെ അഭാവം.ചലനമറ്റ സ്വയം പര്യാപ്‌ത ഗ്രാമ വ്യവസ്ഥ,കാർഷിക സമ്പദ് വ്യവസ്ഥയുടെ നിശ്ചലത,ഭൂമിയിൽ വ്യക്തിക്ക് അവകാശമില്ലായ്‌മ,കേന്ദ്രീകൃത ഭരണ കൂടം എന്നിങ്ങനെ മാർക്‌സ് നിരത്തിയതെല്ലാം കാല്പനികമായിരുന്നു.ആധുനിക ഗവേഷണങ്ങൾ കാട്ടുന്നത്,ഇന്ത്യയുടെ ഗ്രാമ സമ്പദ് വ്യവസ്ഥ വിസ്‌തൃതമായ ശൃംഖലകൾ വഴി വിനിമയം നടത്തുന്ന ഒന്നായിരുന്നു എന്നാണ്.കേന്ദ്രീകൃത ജലസേചന സംവിധാനം പോലെ തന്നെ,ചെറിയ അണയും മഴ വരുമ്പോൾ വെള്ളം നിറയുന്ന ആഴമില്ലാത്ത കിണറും പ്രാദേശിക കുളവും ജലസേചനത്തിൽ പ്രധാനമായിരുന്നു.കർഷകർക്കിടയിൽ സ്വകാര്യ സ്വത്ത് വ്യാപകമായിരുന്നു.കാർഷിക സാങ്കേതികത നിശ്ചലമായിരുന്നില്ല.
വേണ്ടത്ര തെളിവുകൾ ഇല്ലാതെ എടുത്തു ചാടിയ മാർക്സിന്,വിലയിരുത്തലിലും തെറ്റ് പറ്റി. ഇത് സൈദ്ധാന്തികമായ പിഴവ് കൂടി ആയതിനാൽ,അദ്ദേഹം തന്നെ നിർബന്ധം പിടിച്ച ചരിത്രപരമായ ഭൗതിക വാദ രീതിക്ക് അത് വിരുദ്ധമായി.തെളിവുകൾ ഇല്ലാത്ത അവകാശ വാദങ്ങൾ ഭൗതിക വാദത്തിന്റെ അടിത്തറ ഇളക്കും.ഈ ലേഖനങ്ങൾ അതേ പടി ചേർത്തതിനാൽ 'മൂലധന' വും കളങ്കിത പാഠമായി.
-------------------------------------------
1.Why Marx was Right/ Terry Eagletou, 2011
2. Evolution of Society, Language and Literature / EMS
Namboodiripad, in D P Chattopadhyaya, Marxism and Indology, 1981.
See https://hamletram.blogspot.com/2019/09/blog-post_10.html