Tuesday 16 November 2021

കറുപ്പനും പിള്ളയുടെ ജാതി വെറിയും

നാട് കടത്തിയിട്ടും ജാതിവാദി 

തിരുവിതാംകൂറിൽ സവർണർക്ക് എതിരെ അയ്യങ്കാളി പൊരുതുമ്പോൾ, കൊച്ചിയിൽ സമാനമായ സമരങ്ങൾ നടത്തിയത്, പണ്ഡിറ്റ് കെ പി കറുപ്പൻ ആയിരുന്നു. അയ്യങ്കാളിക്ക് എതിരെ അവിടെ പ്രവർത്തിച്ച ജാതിവാദി ആയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള അവിടെ നിന്ന് നാട് കടത്തപ്പെട്ട് കൊച്ചിയിൽ എത്തി, കറുപ്പനെതിരെ വാളെടുത്തു. അതായത്, ഒരു സവർണ കോമരം എപ്പോഴും അങ്ങനെ ആയിരിക്കും.

ദളിതർക്ക് സ്‌കൂൾ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഉത്തരവിനെതിരെ സ്വദേശാഭിമാനി മൂന്ന് മുഖ പ്രസംഗങ്ങൾ എഴുതിയിരുന്നു. എല്ലാറ്റിന്റെയും ഉള്ളടക്കം, ദളിത് വിദ്യാർത്ഥികളെ സർക്കാർ -എയ്‌ഡഡ്‌ സ്‌കൂളുകളിൽ പ്രവേശനം നൽകി സവർണ വിദ്യാർത്ഥികൾക്കൊപ്പം ഇരുത്തരുത് എന്നതായിരുന്നു. സ്വദേശാഭിമാനി 1910 മാർച്ച് രണ്ടിന് എഴുതിയ മുഖപ്രസംഗത്തിൽ ഇങ്ങനെ വിഷം ചീറ്റി:

"വര്‍ണ യോഗ്യതകളെ വകതിരിക്കാതെ നിര്‍ഭേദം ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്ന് ശഠിക്കുന്നതിനെ അനുകൂലിക്കുവാൻ ഞങ്ങൾ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തിട്ടുള്ള ജാതി ക്കാരെയും ത്രയോ തലമുറകളായി നിലം കൃഷി ചെയ്തുവന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധികൃഷിക്കാര്യത്തിനു ഒന്നായി ചേര്‍ക്കുന്നത് കുതിരയേയും പോത്തിനേയും ഒരു നുകത്തില്‍ കെട്ടുകയാകുന്നു."

നിലം കൃഷി ചെയ്ത ദളിതൻ പോത്ത്, ബുദ്ധി കൃഷി ചെയ്ത സവർണ്ണൻ കുതിര - ഇതാണ് രാമകൃഷ്ണ പിള്ളയുടെ കാഴ്ച. മാത്രമോ, കുട്ടികളെ അവരുടെ വർഗീയ യോഗ്യത പ്രകാരം തരം തിരിക്കുകയും വേണം. ഇതാണ്, പിള്ളയുടെ മാർക്സിസം. ലാലാ ഹർദയാൽ എഴുതിയ 'കാൾ മാർക്സ്: എ മോഡേൺ ഋഷി' എന്ന ദീർഘ പ്രബന്ധം പകർത്തി എഴുതിയതാണ്, പിള്ളയുടെ മാർക്സ് ജീവചരിത്രം. 1912 ൽ പിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാട് കടത്തി.

കറുപ്പൻ 

'ബാലാകലേശം ' നാടകം കറുപ്പൻ മൂന്ന് ദിവസം കൊണ്ടെഴുതിയതാണ്. അന്ന് സർക്കാർ ബാലികാ പാഠശാല സംസ്കൃത മുൻഷിയായിരുന്നു, കറുപ്പൻ. 1914 ൽ കൊച്ചി വലിയ തമ്പുരാന്റെ ഷഷ്ട്യബ്ദ പൂർത്തിക്ക് ടി. നമ്പെരുമാൾ ചെട്ടി ഏർപ്പെടുത്തിയ കവിതാ പരീക്ഷയ്ക്ക് വേണ്ടിയാണിത് രചിക്കപ്പെട്ടത്. മത്സരത്തിൽ കറുപ്പൻറെ നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. 

സംസ്കൃത നാടകസങ്കേതങ്ങൾ  പരിപാലിച്ചുകൊണ്ടോ ആധുനിക നാടകരൂപസങ്കൽപ്പങ്ങളെ സ്വാംശീകരിച്ചുകൊണ്ടോ അല്ലാതെ നാടകരൂപത്തിലെഴുതിയ കൃതിയാണ് “ബാലാകലേശം’. ടി.കെ. കൃഷ്ണമേനോന്റെ മുഖവുരയോടെ അത് പ്രസിദ്ധീകരിച്ചു.

കൊച്ചി രാജാവിൻറെ  ഭരണ നേട്ടങ്ങളാണ്, ഉള്ളടക്കം. കലേശനും ബാലയുമാണ് പ്രധാന കഥാപാത്രങ്ങൾ. കഥയിലെ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് വലിയ സാമൂഹ്യ തിന്മയായി രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. കൊച്ചാലു എന്ന പുലയൻ തീണ്ടൽ അസംബന്ധമാണെന്ന് ഉയർന്ന ജാതിക്കാരുടെ മുഖത്തുനോക്കി ഉച്ചത്തിൽ ഉദ്ഘോഷിക്കുന്നുണ്ട്. ക്ഷുഭിതരായ സവർണർ കൊച്ചാലുവിനെ മതാചാരലംഘനത്തിൻറെ പേരിൽ വളഞ്ഞിട്ടുതല്ലി. പുലയനെ തല്ലിയവരെ വധശിക്ഷയ്ക്കും നാടുകടത്തലിനും വിധിക്കുന്നു. നാടകത്തിൽ കൊച്ചാലു എന്ന പുലയ കഥാപാത്രത്തെക്കൊണ്ട്‌ കുന്നലക്കോൻ എന്ന ന്യായാധിപൻ, കറുപ്പൻ്റെ ‘ജാതിക്കുമ്മി’യുടെ കുറെ ഭാഗങ്ങൾ ചൊല്ലിപ്പിക്കുന്നുണ്ട്.

ഈ നാടകം മുന്‍ നിര്‍ത്തിയാാണ് കൊച്ചി മഹാരാജാവ്, അദ്ദേഹത്തിനു 'കവിതിലകന്‍' പട്ടം നല്കുന്നത്. കേരളവര്‍മ വലിയകോയിതമ്പുരാൻ, കറുപ്പനെ വിദ്വാന്‍' പട്ടം നല്കി ആദരിച്ചു. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് രത്നമോതിരം നല്കി.

നാടകം എഴുതിയ ഉടൻ അത് പരിശോധിക്കാൻ കറുപ്പൻ, ദിവാൻ സെക്രട്ടറി സി അച്യുത മേനോന് തൃശൂർക്ക് അയച്ചിരുന്നു. ശിഷ്യൻ കെ പി പീറ്റർ വഴി അയച്ച നാടകം തീവണ്ടിയിൽ രാമകൃഷ്ണ പിള്ള വായിക്കുകയും 'സമ്മാനം കിട്ടും' എന്ന് പറയുകയും ചെയ്തതായി കേൾവിയുണ്ട്. 'സമ്മാനം' എന്തെന്ന് വ്യക്തമായത്, പിന്നീടാണ്.

'മംഗളോദയ'ത്തിൽ എഴുതിയ ദീർഘ ലേഖനത്തിൽ , പിള്ള കറുപ്പനെ നിശിതമായി വിമര്‍ശിച്ചു.വാല’ (മുക്കുവ) സമുദായത്തിൽപ്പെട്ട ആളാണ് കറുപ്പൻ എന്നതായിരുന്നു, കാരണം. ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത് ‘ എന്ന ചോദ്യമുന്നയിച്ചും 'ബാലാ കലേശം’ എന്ന രചനയുടെ പേര് കറുപ്പൻ്റെ സമുദായത്തെ ചേർത്താക്ഷേപിച്ച് ‘വാലാകലേശം’ എന്നാക്കിയും പിള്ള, ആക്ഷേപിച്ചു.

ആ വിമർശവും കറുപ്പൻ്റെ മറുപടിയും 'ബാലാകലേശവാദം'എന്ന പുസ്തകത്തിൽ കാണാം. പിള്ള, ക്ലിഷ്ടമായ ഭാഷയിൽ പറയുന്നത് ഇതാണ്: അത്, ഒരു നാടകം അല്ല. അതിന് നാടക ലക്ഷണങ്ങൾ ഇല്ല.മനുഷ്യൻറെ കൈകളും ആനയുടെ തുമ്പിക്കയ്യും കുതിരയുടെ കാലുകളും സർപ്പത്തിൻറെ പല്ലും ഒക്കെയുള്ള മനുഷ്യ ജീവിയെ മനുഷ്യൻ എന്ന് വിളിക്കാമെങ്കിൽ, ഇതും നാടകമാണ്.

ദോഷ നിരൂപണങ്ങളിൽ മുഴുപ്പും തഴപ്പും ഉള്ളയാളാണ് പിള്ളയെന്ന് മറുപടിയിൽ കറുപ്പൻ നിരീക്ഷിച്ചു.ഔറംഗസേബിൻറെ വിധികളെ അതിശയിക്കുന്നതാണ്, പിള്ളയുടെ വിധി.പിള്ളയ്ക്ക്, കല്പ വൃക്ഷത്തെ കറുകപ്പുല്ലും കാമധേനുവിനെ കഴുതയുമാക്കാൻ കഴിയും. അതിരു വിട്ട നിരൂപണമാണ്, പിള്ളയുടേത്. ശകുന്തളത്തിനും നാടക ലക്ഷണങ്ങൾ ഇല്ലെന്ന് പറയാം.

കറുപ്പൻ തുടർന്ന് ചോദിച്ചു : " രാജ്യഭാരം വിഷയീകരിച്ചു മൂന്നങ്കത്തിൽ, സൗകര്യം പോലെ രണ്ടു മൂന്നു ദിവസം കൊണ്ട് എഴുതിയിരിക്കുന്ന 'ബാലാകലേശ'ത്തിൽ, നാടക ലക്ഷണങ്ങൾ പലതും ഇല്ലെന്ന് ഞാൻ ഒരു പ്രസംഗ പീഠത്തിലോ മൈതാനത്തിലോ മലമുകളിലോ കയറി നിന്ന് രണ്ടു കയ്യും പൊക്കി സമ്മതിക്കാം. സകല നാടക ലക്ഷണ സങ്കലിതമായ ഒരു മലയാള നാടകത്തെ യഥാവസരം വല്ല മൂലയിൽ ഇരുന്നെങ്കിലും വല്ലവർക്കും നിർദേശിച്ചു തരാമോ?"

കറുപ്പന് എതിരെ പിള്ള എഴുതിയത്, സവർണ മേധാവിത്വമുള്ള കൊച്ചി സാഹിത്യ സമാജത്തിൻറെ അവശ്യ പ്രകാരമായിരുന്നു. സമാജത്തിൻറെ അനുവാദമില്ലാതെ, 'കൊച്ചി സാഹിത്യ സമാജം വക' എന്ന കുറിപ്പോടെ കറുപ്പൻ നാടകം പ്രസിദ്ധീകരിച്ചത്, സുഹൃത്തായ സമാജം സെക്രട്ടറി ടി കെ കൃഷ്ണ മേനോൻ അനുവാദം വാങ്ങിക്കൊടുത്തോളും എന്ന് കരുതി ആയിരുന്നു. എന്നാൽ, പുസ്തകം ഇറങ്ങിയപ്പോൾ, മേനോന് എതിരായ നായർ ഗ്രൂപ്പ് ഒച്ചയുണ്ടാക്കി. മേനോൻറെ കൊച്ചിയിലെ വീടിന് പടിഞ്ഞാറു വശത്തെ കായലിലാണ്, കറുപ്പൻ മുൻകൈ എടുത്ത് പുലയർ യോഗം ചേർന്നതും പുലയ സമാജത്തിന് വിത്തിട്ടതും. 1909 ഏപ്രിലിൽ സെൻറ് ആൽബർട്സ് കോളജിൽ പുലയ മഹാസഭ രൂപീകരിച്ചപ്പോൾ, അതിൽ അധ്യക്ഷൻ ആയതും മേനോൻ ആയിരുന്നു. ഇതിൽ നായർ മേധാവികൾക്ക് ചൊരുക്കുണ്ടായിരുന്നു. ആ ജാതിവാദികളുടെ ചട്ടുകം ആവുകയായിരുന്നു, പിള്ള.

ഇതിനെത്തുടർന്ന് സാഹിത്യ സമാജം, പുസ്തക വിൽപ്പന നിർത്തി വെക്കണമെന്നും ആനുകാലികങ്ങൾക്കോ പത്രങ്ങൾക്കോ അയച്ചു കൊടുത്തിട്ടുണ്ടെങ്കിൽ സമാജം വക എന്ന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിൻറെ ചർച്ചയ്ക്കായി ഒരു കമ്മിറ്റിയെ സമാജം നിശ്ചയിച്ചു. ഈ ഗ്രന്ഥത്തിന് സമാജം  സ്വീകരിക്കത്തക്ക ഗുണങ്ങളില്ലെന്നു കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ത്രീ വിരുദ്ധതയും സാമൂഹ്യ ദൂഷ്യവും ആരോപിച്ച് കമ്മിറ്റി അംഗങ്ങൾ പുസ്തകത്തിൽ നിന്ന് 'കൊച്ചി സാഹിത്യ സമാജം വക' എന്നത് ഒഴിവാക്കാൻ കറുപ്പനോട് ആവശ്യപ്പെട്ടു.‘ലോക സ്വഭാവത്തിനും വാസ്തവത്തിനും വിരുദ്ധവുമാണ് ഈ കൃതി' എന്നായിരുന്നു കമ്മിറ്റി അംഗമായ പിള്ളയുടെ അഭിപ്രായം. ആ കമ്മിറ്റി അതിൽ അംഗമായ പിള്ളയെ തന്നെ പ്രശ്‍നം പരിശോധിക്കാൻ ഏൽപിച്ചു. അതിനുള്ള ഉത്തരമാണ്, 'മംഗളോദയ' ത്തിൽ പിള്ള എഴുതിയത് .

ഇതിനു കറുപ്പൻ 'മംഗളോദയം' മാസികയിൽ, കാര്യമാത്ര പ്രസക്തമായ മറുപടി നൽകി. 'പനിഞ്ഞിൽ' പൊട്ടിയുണ്ടായ 'ബാലാകലേശം' ആകുന്ന 'ഉമ്പിളുന്ത', 'സാഹിത്യസമാജ' ക്ഷേത്രത്തിനുള്ളിലേക്കു കുതിച്ചുചാടുവാൻ തക്കവണ്ണം 'തൊണ്ടാൻ മാക്രി' (പൊക്കാച്ചിത്തവള) ആയിത്തീർന്നതുവരേയുള്ള രൂപവികാരങ്ങളും ലോകപ്രസിദ്ധമാണ്" എന്നു പിള്ള, വീണ്ടും മറുപടിയെഴുതി. കേരളോദയം വാരികയുടെ 1915 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ നാലു ലക്കങ്ങളിൽ പിള്ള ഛർദിച്ചു.

കൊച്ചിരാജാവിന്റെ കീഴിലുള്ള സർക്കാർ സർവീസിൽ ജോലിയിലിരിക്കെ എഴുതിയ ‘ബാലാകലേശം’ വായിച്ചശേഷം ഡോ. പൽപ്പു ചോദിച്ചത് ”ഇതെഴുതിയതിനുശേഷവും നിങ്ങളെ സർവീസിൽ വച്ചുകൊണ്ടിരുന്നോ?’' എന്നാണ്.

രാമകൃഷ്ണ പിള്ള 

കറുപ്പനെ എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ അധ്യാപകനാക്കിയപ്പോൾ, സഹ അധ്യാപക സവർണർ പ്രതിഷേധിച്ചു. പ്രതിഷേധിച്ചവർക്ക് പിരിയാം,കറുപ്പൻ നിൽക്കും എന്നാണ് രാജാവ് പറഞ്ഞത്. അക്കാലത്ത് കൊച്ചി ദിവാൻ ആയിരുന്ന പി രാജഗോപാലാചാരിയാണ് ഷൊർണൂർക്ക് റെയിൽപാത പണിതത്.അദ്ദേഹം തിരുവിതാംകൂർ ദിവാനായപ്പോൾ ഇംഗ്ലീഷിൽ സ്വാഗത മുഖ പ്രസംഗം എഴുതിയ സ്വദേശാഭിമാനി പിള്ള, പ്രജാസഭയിൽ അംഗത്വം കിട്ടാതായപ്പോൾ ദിവാന് എതിരായി .രാജഗോപാലാചാരിയിലെ പുരോഗമന വാദിയെയാണ്, അദ്ദേഹം അയ്യൻ കാളിയെയും കുമാരൻ ആശാനെയും പ്രജാസഭയിൽ എടുത്തപ്പോൾ കണ്ടത്.

കറുപ്പൻ്റെ നാടകം പിള്ളയ്ക്ക് ഇഷ്ടപ്പെടാത്തതിൻറെ യഥാർത്ഥ കാരണം, അതിൽ, അദ്ദേഹത്തെ നാട് കടത്തിയ ദിവാൻ പി രാജഗോപാലാചാരിയെ 'ആചാര്യ' എന്ന് വിശേഷിപ്പിച്ചത് കൊണ്ടാകാം എന്നാണ്, എനിക്ക് തോന്നുന്നത്. നാടകത്തിൽ, കാർന്നോരെയും കൂട്ടുകാരെയും തൂക്കിലിടാനും നാട് കടത്താനും വിധിക്കുന്നത്, അവരെ വിചാരണ ചെയ്യാതെ ആകയാൽ, അത്, രാജദ്രോഹത്തിൻറെ വകുപ്പിൽ വരും എന്നായിരുന്നു, പിള്ളയുടെ വിമർശനം. തിരുവിതാംകൂറിൽ രാജദ്രോഹത്തിന് ശിക്ഷിക്കപ്പെട്ട പിള്ള കൊച്ചിയിൽ വന്ന് അതേ കുറ്റം ഒരു പിന്നാക്കക്കാരനിൽ ആരോപിച്ചത്, ജനാധിപത്യ ബോധം തരിമ്പും ഇല്ലാത്തത് കൊണ്ടാണ്. ഒരു പിന്നാക്കക്കാരൻ കലയുടെ പേരിൽ ജയിലിൽ പോകണം എന്ന ജാതിക്കുശുമ്പും അതിൽ കാണാം.

പിള്ളയുടേത് സ്വയം കൃതാനർത്ഥം എന്നാണ് നാടുകടത്തിയപ്പോൾ കുമാരനാ ശാൻ എഴുതിയത്.പിള്ളയെ നാട് കടത്തിയ ദിവാൻ രാജഗോപാലാചാരിയുടെ സുഹൃത്തായിരുന്നു ആശാൻ; അംബുജ വിലാസം റോഡിന് കരണക്കാരിയായ വിദുഷിയും ഭർതൃമതിയുമായ അംബുജത്തെ ഇരുവർക്കും അറിയാമായിരുന്നു. .രാജഗോപാലാചാരി  തിരുവിതാംകൂർ വിട്ടപ്പോൾ ആശാൻ മംഗള ശ്ലോകം എഴുതി. ദിവാൻ ഭക്തിവിലാസത്തിൽ കോണാൻ ഉടുക്കാതെയാണ് ഇരിക്കുന്നത് എന്നാണ് , ഒരു മുഖപ്രസംഗത്തിൽ പിള്ള എഴുതിയത്. ജീവിച്ചിരുന്നെങ്കിൽ പിള്ളയ്ക്ക് 'തനിനിറം' പത്രാധിപർ ആകാൻ കഴിയുമായിരുന്നു.


© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...