Sunday 8 December 2019

മാപ്പിള ലഹളകൾ 1921 ന് മുൻപ്

മഞ്ചേരി ക്ഷേത്രത്തിൽ 92 മരണം 

മലപ്പുറത്തെ ജന്മിയായ പറ നമ്പിയുടെ ആൾക്കാർ 1763 ൽ ഒരു പള്ളി ആക്രമിച്ചപ്പോൾ 44  മാപ്പിളമാർ മരിച്ചു വീണു.മലപ്പുറം നേർച്ച എല്ലാ വർഷവും ഈ ശുഹദാക്കൾക്ക് വേണ്ടിയാണ്.ഇവർ സ്വർഗത്തിൽ വിഹരിക്കുന്നതിനെപ്പറ്റി മോയിൻകുട്ടി വൈദ്യർ 1883 ൽ മലപ്പുറം പടപ്പാട്ട് എഴുതി..പോരിനിറങ്ങിയ മാപ്പിളയുടെ കൈയിൽ ഈ പാട്ട് മിക്കവാറും ഉണ്ടാകും.ഇതാണ് ബ്രിട്ടീഷ് ഭരണകാലത്തെ ആദ്യ ലഹള.
അടുത്തത് 1836 ൽ.പിന്നെ 1921 വരെ ചെറിയ ഇടവേളയോടെ.ഇതാ അവയുടെ നാൾ വഴി ( മലബാർ സ്‌പെഷ്യൽ പോലീസ് ഉണ്ടാകും വരെ പോലീസ് ചുമതല തഹസിൽദാർമാർക്കായിരുന്നു;അതിനാൽ ഇതിൽ അവർ കൊല്ലുന്നതും അവരെ കൊല്ലുന്നതും കാണാം.ഇത് ജന്മിക്ക് എതിരായ പോരായി തെറ്റിദ്ധരിക്കരുത്):

1836 നവംബർ 26:ഏറനാട് പന്തലൂരിൽ കല്ലിങ്കൽ കുഞ്ഞോലൻ,കണിയ സമുദായത്തിലെ ചാക്കു പണിക്കരെ കുത്തിക്കൊന്നു.അയാൾ മൂന്ന് പേരെക്കൂടി കുത്തി.തഹസിൽദാരും സംഘവും അയാളെ പിന്തുടർന്ന് 28 ഈദിന് കൊന്നു.
1837 ഏപ്രിൽ 15:ഏറനാട് കൽപറ്റ ചെങ്ങറ അംശത്തിലെ അലിക്കുട്ടി ഒരു നാരായണ മൂസതിനെ വെട്ടി സ്വന്തം കടയിൽ ഒളിച്ചു.തഹസിൽദാരും താലൂക്ക് ശിപായിമാരും പിടികൂടി.പോലീസ് അടുത്ത നാൾ വെടിവച്ചു കൊന്നു.
1839 ഏപ്രിൽ 5:വള്ളുവനാട് പള്ളിപ്പുറം.തോരയം പുലയ്ക്കൽ അത്തനും മറ്റൊരാളും കേളിൽ രാമനെ കൊന്ന് ക്ഷേത്രം അഗ്നിക്കിരയാക്കി.മറ്റൊരു ക്ഷേത്രത്തിൽ ഒളിച്ച അവരെ  തഹസിൽദാരും ശിപായിമാരും പിടികൂടി.ഒരു ശിപായി വെടിവച്ചു കൊന്നു.
1839 ഏപ്രിൽ 6:മാമ്പത്തൊടി കുട്ടിയാത്തൻ ഒരു പാറു തരകനെയും താലൂക്ക് ശിപായിയെയും മാരകമായി ആക്രമിച്ചു.അയാളെ പിടിച്ചു ശിക്ഷിച്ച് ജീവപര്യന്തം നാട് കടത്തി.
1840 ഏപ്രിൽ 19:ഏറനാട് ഇരിമ്പുള്ളി.പറത്തൊടിയിൽ അലിക്കുട്ടി ഒടയത്ത് കുഞ്ഞുണ്ണി നായരെയും മറ്റൊരാളെയും വെട്ടി കിടങ്ങിൽ ക്ഷേത്രം തീയിട്ടു.അടുത്ത നാൾ താലൂക്ക് ശിപായി വെടിവച്ചു കൊന്നു.
1841 ഏപ്രിൽ 5:വള്ളുവനാട് പള്ളിപ്പുറം.തുമ്പമണ്ണിൽ കുഞ്ഞുണ്ണിയനും എട്ടു പേരും അടങ്ങിയ സംഘം പെരുമ്പള്ളി നമ്പുതിരിയെയും മറ്റൊരാളെയും കൊന്ന് അഞ്ചു വീടുകൾ കത്തിച്ചു.മാപ്പിളമാരെ കാലാൾപ്പട 36 റെജിമെന്റും പോലീസ് ശിപായിമാരും 9 ന് വെടിവച്ചു കൊന്നു.
1841 നവംബർ13:കൈതൊട്ടി പാടിൽ മൊയ്തീൻ കുട്ടിയും ഏഴു പേരും തോട്ടശേരി താച്ചു പണിക്കരെയും ഒരു ശിപായിയെയും കൊന്ന് പള്ളിയിൽ ഒളിച്ചു.മൂന്ന് നാൾ പോലീസിനെ പ്രതിരോധിച്ചു നിന്നു.17 ന് മൂന്ന് മതഭ്രാന്തർ കൂടി ഒപ്പം ചേർന്നു.എൻ ഐ 9 റെജിമെന്റിലെ 40 സിപ്പോയിമാർ ഇവരെ ആക്രമിച്ചു കൊന്നു.
1841 നവംബർ 17:വള്ളുവനാട് പള്ളിപ്പുറം.മുകളിൽ പറഞ്ഞ ക്രിമിനലുകളെ സംസ്കരിച്ച  സ്ഥലത്ത് കാവൽ നിന്ന പോലീസ് സംഘത്തെ 2000 വരുന്ന മാപ്പിളമാർ നേരിട്ടു.ജഡങ്ങൾ അവർ എടുത്ത് പള്ളിയിൽ കൊണ്ട് പോയി കബറടക്കി.ഇതിൽ 12 പേരെ ശിക്ഷിച്ചു.
1841 ഡിസംബർ 27 :ഏറനാട്.മേലെമണ്ണ കുനിയാട്ടനും ഏഴു പേരും തളാപ്പിൽ ചാക്കു നായരെയും മറ്റൊരാളെയും കൊന്ന് അധികാരിയുടെ വീട്ടിലെത്തി.വീട് വളഞ്ഞ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച അവരെ കൊന്നു.ജഡങ്ങൾ കോഴിക്കോട്ട് കൊണ്ട് വന്ന് കഴുമരത്തിന് താഴെ സംസ്കരിച്ചു.
1843 ഒക്ടോബർ 19:തിരുരങ്ങാടി.കുന്നത്തേരി അലി അത്തനും അഞ്ചു പേരും അധികാരി കപ്രാട്ട് കൃഷ്ണ പണിക്കരെ കൊന്നു.ഏഴാമതൊരു മാപ്പിളയുടെ നിർദേശ പ്രകാരം ഇവർ ചേറൂരിലെ ഒരു നായരുടെ വീട്ടിലെത്തി.24 രാവിലെ പട്ടാള സംഘം മാപ്പിളമാരെ ആക്രമിച്ചു.മാപ്പിളമാർ പുറത്തു വന്നപ്പോൾ സിപ്പോയിമാർ ഓടി.താലൂക്ക് ശിപായിമാരും നാട്ടുകാരും മത ഭ്രാന്തരെ കൊന്നു.സിപ്പോയിമാരെ പട്ടാളക്കോടതി വിചാരണ ചെയ്തു.
1843 ഡിസംബർ 4:പത്തു മുറിവുകളോടെ നായർ തൊഴിലാളിയുടെ ജഡം കണ്ടു.മാപ്പിളമാരെ സംശയിച്ചു.
1843 ഡിസംബർ 11 പാണ്ടിക്കാട്.അനാവട്ടത്ത് സോളിമനും ഒൻപത് പേരും അധികാരി കറുകമണ്ണ ഗോവിന്ദ മൂസതിനെയും സഹായിയെയും കൊന്നു.രണ്ടു ക്ഷേത്രങ്ങൾ മലിനമാക്കി ഒരു വീട്ടിൽ ഒളിച്ചു.പട്ടാളം എത്തി ഏറ്റുമുട്ടലിൽ അവരെ കൊന്നു.
1843 ഡിസംബർ 19:ഒരു ശിപായിയുടെ ജഡം ഒരു കയ്യും തലയും മാത്രം വെട്ടി വികൃതമാക്കാതെ കണ്ടു.മാപ്പിളമാരെ സംശയിക്കുന്നു.
1849 മെയ് 26:ഏറനാട്.ചക്കാലയ്ക്കൽ കമ്മദ്,കണ്ണഞ്ചേരി ചേരുവിനെയും മറ്റൊരാളെയും വെട്ടി മുറിവേൽപ്പിച്ചു.പള്ളിയിൽ ഒളിച്ചു.അനുനയിപ്പിച്ചു കീഴടക്കാൻ പോയ തഹസിൽദാറെ കത്തിയുമായി ആക്രമിച്ചപ്പോൾ ശിപായി അയാളെ കൊന്നു.1849 ഓഗസ്റ്റ് 25:ഏറനാട്,വള്ളുവനാട്.തൊരങ്ങൽ ഉണ്ണിയൻ,പാടിത്തൊടി തെയ്യുണ്ണിയെ കൊന്നു.അത്തൻ ഗുരുക്കളുമായി ചേർന്ന് മൂന്ന് പേരെക്കൂടി കൊന്ന് മഞ്ചേരി ക്ഷേത്രത്തിൽ ഒളിച്ചു.ക്ഷേത്രം മലിനമാക്കി,ഭാഗികമായി കത്തിച്ചു.നേരിടാനെത്തിയ എൻസൈൻ വൈസെയുടെ സംഘത്തിലെ നാലു പേർ കൊല്ലപ്പെട്ടു.ബാക്കിയുള്ളവർ ചിതറിയോടി.വൈസേ കൊല്ലപ്പെട്ടു.ആ രാത്രി മത ഭ്രാന്ത മാപ്പിളമാർ അങ്ങാടിപ്പുറം ക്ഷേത്രത്തിലേക്ക് നീങ്ങി.ഇവരെ തുരത്താൻ 94,39 റെജിമെന്റുകളിലെ ഓരോ വിഭാഗങ്ങളും നീങ്ങി.64 മാപ്പിളമാരെ കൊന്നു.
1850 ഒക്ടോബർ 2:ഏറനാട് പുലിയക്കോട്.മാപ്പിള അധികാരി പെരിയമ്പത്ത് അത്തൻറെ മക്കൾ മുങ്ങാംതമ്പലത്ത് നാരായണ മൂസതിനെ കൊന്ന് ശുഹദാക്കളാകാൻ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തി.ഒൻപത് പേർക്ക് പിഴ ശിക്ഷിച്ചു.
 1851 ജനുവരി 5:പയ്യനാട്,ഏറനാട്.ചൂണ്ടിയമൂഞ്ചിക്കൽ അത്തൻ രാമൻ മേനോൻ എന്ന ക്ലർക്കിനെ മാരകമായി മുറിവേല്പിച്ച് ഇൻസ്പെക്റ്ററുടെ വീട്ടിൽ കയറി വാതിൽ അടച്ചു.പോലീസിനെ വെല്ലു വിളിച്ചു.തഹസിൽദാർ കീഴടങ്ങാൻ അപേക്ഷിച്ചപ്പോൾ അയാൾ പുറത്തിറങ്ങി നിറയൊഴിച്ചു.അയാളെ വെടി വച്ച് കൊന്നു.
1851 ജനുവരി 17:മൂന്ന് മാപ്പിളമാർ ഗൂഢാലോചന നടത്തി.സേന മുൻ കരുതൽ എടുത്തു.
ബ്രിട്ടീഷ് സേന,1921 
1851 ഏപ്രിൽ 15:ഇല്ലിക്കോട്ട് കുനിയുണ്ണിയും അഞ്ചു പേരും കോട്ടുപറമ്പത്ത് കോമു മേനോനെയും മറ്റൊരാളെയും വീട്ടിൽ കയറി കൊല്ലാൻ ഗൂഢാലോചന നടത്തി.തെളിവില്ലാത്തതിനാൽ വിട്ടു.സംഭവം സത്യമായിരുന്നു.
1851 ഓഗസ്റ്റ് 22:കുളത്തൂർ,വള്ളുവനാട്.ആറു മാപ്പിളമാർ കോമു മേനോനെയും വേലക്കാരനെയും കോമു മേനോൻറെ സഹോദരൻ രാമൻ മേനോനെയും കടക്കോട്ടിൽ നമ്പുതിരിയെയും കൊന്നു.മാരകമായി മുറിവേറ്റ മുണ്ടങ്കര രാരിച്ചൻ നായർ മരിച്ചു.രാമൻ മേനോന്റെയും ചെങ്ങറ വാരിയരുടെയും വീടുകൾക്ക് തീവച്ചു.കുളത്തൂരിലേക്ക് നീങ്ങി അവർ വൃദ്ധനായ കുളത്തൂർ വാരിയരെയും രണ്ടു വേലക്കാരെയും കൊന്നു.
പട്ടാളത്തെ വിളിച്ചു മാപ്പിളമാരെ പുറത്തിറക്കി.17 മതഭ്രാന്തരെ കൊന്നു.നാല് യൂറോപ്യൻ ഭടന്മാരും ഒരു സുബേദാറും കൊല്ലപ്പെട്ടു.
1851 ഒക്ടോബർ 5:നെന്മിനി,വള്ളുവനാട്.തോട്ടിങ്കൽ മമ്മതും മൂന്ന് മാപ്പിളമാരും ഒരക്രമത്തിന് ഗൂഢാലോചന നടത്തി.കരുതൽ എടുത്തു.
1851 ഒക്ടോബർ 27:ഇരിമ്പുളി,ഏറനാട്.കുളത്തൂർ അക്രമത്തിൽ പങ്കെടുക്കാനിരുന്ന രണ്ട് മാപ്പിളമാരിൽ നിന്ന് പിഴ ഈടാക്കി.
1852 ജനുവരി 4:മട്ടന്നൂർ,കോട്ടയം.ചൊറിയോട്ട് മായനും 14 പേരും 200 മാപ്പിളമാരുടെ പിന്തുണയോടെ കളത്തിൽ കേശവൻ തങ്ങളുടെ കുടുംബത്തിലെ 18 പേരെയും കൂട്ടക്കൊല ചെയ്തു.ക്ഷേത്രങ്ങൾ മലിനമാക്കി,വീടുകൾ തീവച്ചു.കല്യാട്ട് നമ്പ്യാരുടെ വീട് ആക്രമിക്കാൻ ശ്രമിക്കെ ജനുവരി എട്ടിന് സംഘം കൊല്ലപ്പെട്ടു.
1852 ജനുവരി 5:അഞ്ച് മാപ്പിളമാരിൽ നിന്ന് പിഴ ഈടാക്കി.
1852 ഫെബ്രുവരി 28:ഏറനാട്.മേൽ മുറി,കീഴ്മുറി അംശങ്ങളിലെ തിരിയക്കളത്തിൽ ചേക്കുവും 15 മാപ്പിളമാരും മത ലഹളയുണ്ടാക്കി മരിക്കാൻ തീരുമാനിച്ചു.അവരിൽ നിന്ന് പിഴ ഈടാക്കി.
1852 ഏപ്രിൽ -മെയ് ഏറനാട്.രണ്ടു ചെറുമർ ഇസ്ലാമിൽ ചേർന്ന് തിരിച്ചു വന്നു.ഇവർ കുടിലിൽ കണ്ണുകുട്ടി നായരുടെ വേലക്കാരായിരുന്നു,ശിപായി ആയ നായരെ ജീവന് ഭീഷണി കാരണം ഏറനാട് നിന്ന് പൊന്നാനിക്കും അവിടന്ന് കോഴിക്കോട്ടേക്കും മാറ്റിയിരുന്നു.ചെറുമരുടെ സാന്നിധ്യം പ്രശ്നമായതിനാൽ അവരെയും മറ്റ് താലൂക്കുകളിലേക്ക് മാറ്റി.
1852 ഓഗസ്റ്റ് 9:കുറുമ്പ്രനാട്.മൂന്ന് മാപ്പിളമാർ പുത്തുരിൽ വില്ലേജ് കണക്കപ്പിള്ളയുടെ വീട്ടിൽ കയറി ശുഹദാക്കളായി മരിക്കാൻ തീരുമാനിച്ചു.അവർ ഒരു ബ്രാഹ്മണനെ മുറിവേൽപ്പിച്ചു.12 ന് പോലീസ് അവരെ കൊന്നു.
1853 സെപ്റ്റംബർ 16:അങ്ങാടിപ്പുറം,വള്ളുവനാട്.കുന്നുമ്മൽ മൊയ്തീനും ചെറുകാവിൽ മൊയ്തീനും ചേങ്ങലരി വാസുദേവൻ നമ്പുതിരിയെ കൊന്നു.കൂട്ടത്തിൽ ചേരാൻ ആരെയും കിട്ടാതെ അവർ അങ്ങാടിപ്പുറത്തെ ഒരു മല മേൽ പ്രത്യക്ഷപ്പെട്ടു.തഹസിൽദാർ ശിപായിമാരുമായി ചെന്നപ്പോൾ,അവർ ചാടി വീണു.18 തവണ വെടി വച്ചു.സംഘത്തിലെ മുതിർന്നയാൾ കൊല്ലപ്പെട്ടു.ശിപായിമാർക്ക് മേൽ ചാടി വീണ ഇളയവനെ നാട്ടുകാർ കാല പുരിക്ക് അയച്ചു.
1855 സെപ്റ്റംബർ 12:ഒരു മാസം മുൻപ് ജയിൽ ചാടിയ കോഴിക്കോട്.വാലശ്ശേരി എമലു,പുളിയക്കുന്നത്ത് തേനു,ചെമ്പൻ മൊയ്തീൻ കുട്ടി,വെള്ളത്തടയാറ്റ് പറമ്പിൽ മൊയ്തീൻ എന്നിവർ  വള്ളുവനാട്ടേക്ക് തിരിച്ച് നിർബാധം സഞ്ചരിച്ച് സെപ്റ്റംബർ 10 ന് കോഴിക്കോട്ടെത്തി 11 രാത്രി ഒൻപതിന് കലക്‌ടർ ഹെൻറി വാലന്റൈൻ കൊണോലിയെ വെസ്റ്റ് ഹിൽ ബംഗ്ലാവിൽ കൊന്നു.
പ്രതികളെ 17 ന് മേജർ ഹാലിയുടെ പോലീസ് കോറിലെ ഒരു സംഘവും 74 ഹൈലാൻഡേഴ്‌സ് കമ്പനി 5 ലെ ഒരു വിഭാഗവും ചേർന്ന് തിരുവാമ്പാടി  കൊന്നു.
പ്രതികളെ സഹായിച്ച ഗ്രാമങ്ങളിൽ നിന്ന് 38331 രൂപ പിഴ ഈടാക്കി.30936 രൂപ കൊണോലിയുടെ ഭാര്യയ്ക്ക് നൽകി.
കോഴിക്കോട് കൊണോലി കല്ലറ 
1855 നവംബർ:മലബാർ പോലീസ് കോർ വിട്ട രണ്ടു മാപ്പിളമാർ കൊലയ്ക്ക് ഒത്താശ ചെയ്‌തെന്ന് സംശയം.നല്ല നടപ്പിന് ചുമത്തിയ പിഴ അടയ്ക്കാത്തതിനാൽ ഇവരെ മൂന്ന് വർഷം തടവിലാക്കി.അത് കഴിഞ്ഞ് രാജ്യം വിടാൻ അനുവദിച്ചു.
1857 ഓഗസ്റ്റ്:പൊന്മല,ഏറനാട്.മതം മാറിയ ഒരു നായർ ഹിന്ദു മതത്തിലേക്ക് മടങ്ങിയത് കൊണ്ട് ഇസ്ലാമിന് നേരിട്ട അപമാനത്തിന് പകരം വീട്ടാൻ പൂവാടൻ കുഞ്ഞപ്പ ഹാജിയും ഏഴു പേരും ഗൂഢാലോചന നടത്തി എന്ന് സംശയം.ഉത്തരേന്ത്യയിലെ കലാപം കാരണം കാഫിറുകൾ ( ബ്രിട്ടീഷുകാർ ) ദുര്ബലപ്പെട്ടതിനാൽ അവരെ വരുതിയിലാക്കാം എന്നും കരുതി.ഈ മാപ്പിളമാരെ തടവിലാക്കി,മാപ്പിള ലഹള നിയമ പ്രകാരം ഏഴു പേരെ നാട് കടത്തി.
1858 ഫെബ്രുവരി,തിരുരങ്ങാടി,ഏറനാട്.1843 ഒക്ടോബർ 19 ലെ അക്രമം നടന്ന ഭൂമി ഒരു മാപ്പിള വാങ്ങി പള്ളി പണിത് വാർഷിക നേർച്ച നടത്തിയിരുന്നു.ഇങ്ങോട്ട് ഭക്തരുടെ വരവ് അപകടകരമാം വിധം കൂടി.ഭൂവുടമയെയും രണ്ട് മുല്ലമാരെയും നാട് കടത്തി.
1860 ഉത്തര മലബാർ.ഒരധികാരിക്ക് വധ ഭീഷണിയുണ്ടായി രണ്ട് മാപ്പിളമാരെ നാട് കടത്തി.
1864 ഫെബ്രുവരി 4:മേൽമുറി,ഏറനാട്.റമസാൻ നോമ്പ് വീടുന്നതിനിടെ മതഭ്രാന്തനായ അത്തൻ കുട്ടി എന്ന മാപ്പിള,അയാൾ കൊല്ലാൻ ലക്ഷ്യമിട്ട തീയൻറെ വീട്ടിൽ കണ്ട നോട്ട പണിക്കരെ കുത്തി കൊന്നു.അത്തനെ തൂക്കാൻ വിധിച്ചു.സഹായിയെ നാട് കടത്തി.ഗ്രാമത്തിന് 2037 രൂപ പിഴയിട്ടു.
1865 സെപ്റ്റംബർ 17:വള്ളുവനാട് നെന്മിനിയിൽ ശങ്കു നായരെ കൊന്ന മൂന്ന് മാപ്പിളമാർക്ക് ശിക്ഷ.വ്യക്തി വൈരാഗ്യമാണ് കാരണം എന്ന് കരുതിയിരുന്നു.കൊലയ്ക്ക് മൂന്ന് നാൾ മുൻപ് മാവലദ് നടന്നുവെന്നും അതിൽ കൊല നടക്കുമെന്ന് അറിയാവുന്നവർ പങ്കെടുത്തെന്നും വിവരം വന്നതോടെ,മത ഭ്രാന്ത് വ്യക്തമായി.ആറു പേരെ നാട് കടത്തി.
1873 സെപ്റ്റംബർ എട്ട്.പാറാൽ,വള്ളുവനാട്.തുത്തെക്കിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കുഞ്ഞപ്പ മുസലിയാർ വാള് കൊണ്ട് വെട്ടി കൊന്നു.സംഘം കൊളത്തൂരിലേക്ക് നീങ്ങി കൊളത്തൂർ വാരിയരുടെ കുടുംബാംഗത്തെ കൊന്നു.മലപ്പുറത്തു നിന്നുള്ള സേന വീട് വളഞ്ഞപ്പോൾ സംഘം സേനയെ ആക്രമിച്ചു.ഒൻപതിൽ  എട്ടു പേരെയും സേന കൊന്നു.ഒൻപതാമൻ ഒരു ബാലനായിരുന്നു.പരുക്കേറ്റ അവൻ രക്ഷപ്പെട്ടു.ഗ്രാമങ്ങൾക്ക് പിഴ 42000 രൂപ.
1877 മാർച്ച് 27:ഇരിമ്പുള്ളി,ഏറനാട്.ഒരു നായർ ഒരു മാപ്പിളയുടെ ഭാര്യയെ പിഴപ്പിച്ചതിനാൽ,അവിഞ്ഞിപ്പുറത്ത് കുഞ്ഞു മൊയ്തീനും നാല് മാപ്പിളമാരും ആക്രമണം ആസൂത്രണം ചെയ്തു.ഇതിൽ രണ്ടു പേർ മെക്കയ്ക്ക് നാട് വിടാൻ തയ്യാറായി.അവരെ നാട് കടത്തി.മൊയ്തീനെ നല്ല നടപ്പിന് ശിക്ഷിച്ചു.
1879 ജൂൺ.പാറാൽ,വള്ളുവനാട്.കുന്നത്ത് കുഞ്ഞി മൊയ്‌തു ആറു പേരെ അക്രമത്തിന് പ്രേരിപ്പിച്ചു.അതിന് മുൻപ് അറസ്റ്റ് ചെയ്തു.മൊയ്തീനെ നാട് കടത്തി.മറ്റുള്ളവരെ ശിക്ഷിച്ചു.
1880 സെപ്റ്റംബർ 9:മേലാറ്റുർ,വള്ളുവനാട്.ഇസ്ലാമിൽ ചേർന്ന് ഹിന്ദു മതത്തിലേക്ക് മടങ്ങിയ ചെറുമക്കുട്ടിയുടെ കഴുത്ത്,എം അലി വെട്ടി.അടുത്ത ദിവസം ഒരു കുശവനെ മുറിവേൽപ്പിച്ചു.വേറൊരാളെ ആക്രമിക്കാൻ പോയപ്പോൾ അലിയെ കാവൽക്കാരൻ വെടി വച്ച് കൊന്നു.അംശത്തിന് 4200 രൂപ പിഴ.ഏഴു മാപ്പിളമാരെ നാട് കടത്തി.ഒൻപതു പേർക്ക് പിഴ.
1883 ഒക്ടോബർ 31:പാണ്ടിക്കാട്,ഏറനാട്.ആശാരിത്തൊടി മൊയ്തീൻ കുട്ടി പുളിക്കൽ രാമനെ വാൾ കൊണ്ട് ആക്രമിച്ചു പിൻതുടർന്നു.സഹോദരനും മറ്റൊരു മാപ്പിളയും പറഞ്ഞപ്പോൾ അയാൾ വാൾ താഴെയിട്ടു.വിചാരണയിൽ ഭ്രാന്താണെന്ന് കണ്ട് വിട്ടു.
കൊണോലി സ്മാരകം / സെൻറ് ജോർജ് കത്തീഡ്രൽ.ചെന്നൈ 

1884 മാർച്ച് 4:വാകയിൽ മൊയ്തീൻ കുട്ടിയും മറ്റൊരാളും അപ്പത്തറ പട്ടരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് പരാതി കിട്ടി.രണ്ടു പേരെ നാട് കടത്തി.രണ്ടു പേർക്ക് പിഴയിട്ടു.
1884 ജൂൺ 18:ഇസ്ലാമിൽ ചേർന്ന് മാറിയ കണ്ണഞ്ചേരി രാമനെ രണ്ടു മാപ്പിളമാർ ക്രൂരമായി ആക്രമിച്ചു.അയാൾ രക്ഷപെട്ടു.ആറു പേരെ നാട് കടത്തി.അംശത്തിന് 15000 രൂപ പിഴ.1000 രൂപ ഇതിൽ നിന്ന് രാമന് നഷ്ട പരിഹാരം.
1884 ഡിസംബർ 28:ഈ നിർദേശം മാപ്പിളമാരെ വിറളി പിടിപ്പിച്ചു.കൊളക്കാടൻ കുട്ടിയസനും 11 പേരും രാമൻറെ സഹോദരൻ ചോയിക്കുട്ടിയുടെ വീട്ടിലേക്ക് ചെന്ന് വെടി ഉതിർത്തു.ചോയിക്കുട്ടിക്കും മകനും പരുക്കേറ്റു.വീടിന് തീ വച്ചു.മലപ്പുറത്തേക്ക് പോകും വഴി മാപ്പിള സംഘം ഒരു ബ്രാഹ്മണനെ കൊന്നു.അവർ തൃക്കളുർ ക്ഷേത്രത്തിലേക്ക് നീങ്ങി.സേനയും പോലീസും ക്ഷേത്രം വളഞ്ഞ് നിറയൊഴിച്ചു. വാതിൽ ഡൈനാമിറ്റ് വച്ച് തകർത്ത് അകത്തു കടന്നു.12 മതഭ്രാന്തന്മാരിൽ മൂന്നു പേർക്ക് ജീവനുണ്ടായിരുന്നു.സംസാരം നഷ്ടപ്പെട്ടിരുന്ന രണ്ടു പേർ മരിച്ചു.മൂന്നാമൻ ഒരു ദിവസം കൂടി ജീവിച്ചു.ഒരു ഭടൻ കൊല്ലപ്പെട്ടു.രണ്ടു പേർക്ക് പരുക്കേറ്റു.
1885 മെയ് 1:ടി വി വീരാൻ കുട്ടിയും 11 പേരും അടങ്ങിയ മാപ്പിള സംഘം  കരിയൻ കുട്ടി എന്ന ചെറുമൻറെ വീട് തകർത്ത് അയാളെയും ഭാര്യയെയും നാല് മക്കളെയും കൊന്നു.വീടിനും അടുത്ത ക്ഷേത്രത്തിനും തീ വച്ചു.ഇസ്ലാമായ ഇയാൾ 14 കൊല്ലം മുൻപ് ഹിന്ദു മതത്തിലേക്ക് മടങ്ങിയിരുന്നു.അടുത്ത നാൾ മാപ്പിളമാർ സ്വന്തം ഗ്രാമത്തിൽ എത്തി.മൂന്നിന് പൊന്നാനി പൊന്മുണ്ടത്ത് ധനിക നമ്പൂതിരിയുടെ വീട് കൈയേറി.
ഉച്ചയ്ക്ക് മലപ്പുറത്ത് നിന്ന് സൗത്ത് വെയിൽസ് സേനാ വിഭാഗം എത്തി മുകൾ നിലയിലെ ജനൽ വഴി വെടി വച്ചു നാല് മാപ്പിളമാരെ പരുക്കേൽപിച്ചു.ജനാലകളിലേക്ക്മാപ്പിളക്കൂട്ടം മടക്കിയ വെടികളിൽ 12 മാപ്പിളമാരും കൊല്ലപ്പെട്ടു.
1885 ഓഗസ്റ്റ് 11:ഉണ്ണി മമ്മദ് എന്ന മാപ്പിള നെല്ല് വാങ്ങാനെന്ന മട്ടിൽ കൃഷ്ണ പിഷാരടിയുടെ വീട്ടിലെത്തി.പിഷാരടി കുളിക്കുകയായിരുന്നു.വേലക്കാരെ തള്ളി നീക്കി അകത്തേക്ക് കുതിച്ച മമ്മദ് പിഷാരടിയുടെ തലയ്ക്ക് മഴു കൊണ്ട് വെട്ടി കൊന്നു.മമ്മദിനെ തൂക്കി കൊന്നു.
1894"പാണ്ടിക്കാട്ടെ ഒരു സംഘം മാപ്പിളമാർ പോരിനിറങ്ങി.ക്ക്അഴിയുന്നിടത്തൊക്കെ ക്ഷേത്രങ്ങൾ മലിനമാക്കിയും തീ വച്ചും നടന്നു.കിട്ടിയ ബ്രാഹ്മണനെയും നായരെയും വക വരുത്തി.ഒരു ക്ഷേത്രത്തിൽ സേനയും പോലീസും അവരെ വളഞ്ഞു.അവിടന്ന് ഗർജ്ജിച്ചു ചാടി വീണ അവരെ വെടി വച്ചു കൊന്നു.
സി എ ഇന്നസ് 
1896 ഫെബ്രുവരി 25:
മലബാർ ഗസറ്റിയറിൽ നിന്ന്:
"ഈ വർഷമുണ്ടായ ദുരന്തം മുൻപൊന്നും ഉണ്ടായ പോലെയല്ല.അതിൽ പങ്കെടുത്ത മാപ്പിളമാരുടെ സംഖ്യ വലുതായിരുന്നു.അത് അടിച്ചമർത്തിയ രീതി അസാധാരണവും മിന്നൽ വേഗത്തിലുമായിരുന്നു.കാരണമില്ലാത്തതായിരുന്നു എന്നത് ഖേദകരം.അതിജീവിച്ചവർക്ക് ഒരു സങ്കടവും ബോധിപ്പിക്കാൻ ഉണ്ടായിരുന്നില്ല.25 ന് 20 മാപ്പിളമാരുടെ സംഘം,ചെമ്പ്രശ്ശേരിയിൽ നിന്ന് പോരിനിറങ്ങി.അഞ്ചു ദിവസം കഴിഞ്ഞ് സംഘം വികസിച്ച് ഗ്രാമങ്ങളെ ഭീതിയിൽ ആഴ്ത്തി.ഹിന്ദുക്കളെ കൊല്ലുകയോ കുടുമ്മികൾ മുറിക്കുകയോ ചെയ്തു.അവരെയൊക്കെ ഇസ്ലാമാക്കി.ക്ഷേത്രങ്ങൾ മലിനമാക്കി,കത്തിച്ചു.ആഹാരത്തിനും പണത്തിനും ആയുധത്തിനുമായി വീടുകൾ കൊള്ളയടിച്ചു.മാർച്ച് ഒന്നിന് സേനയുടെ വേട്ടയിൽ ഗതികെട്ട സംഘം,മഞ്ചേരി കാരണമുല്പാടിന്റെ ക്ഷേത്രത്തിൽ നിലയുറപ്പിച്ചു.1849 ലെ പോരിന്റെ വിശുദ്ധമായ വിജയ കേന്ദ്രമായിരുന്നു,അത് അവരുടെ കണ്ണിൽ.
ക്ഷേത്രത്തിന് എതിർവശത്തെ മലയിൽ 20 ഭടന്മാർ ട്രഷറിക്ക് കാവൽ നിന്നു.അവരുമായി മാപ്പിള സംഘം പരസ്പരം വെടിയുതിർത്തു.രാവിലെ ഒൻപതിന് മജിസ്‌ട്രേറ്റ് മുഖ്യ സേനയുമായി ഭടന്മാരുടെ രക്ഷയ്ക്ക് പരിഭ്രാന്തിയോടെ എത്തി.താഴ്വാരത്തിന് 750 വാര ദുരെ നിലയുറപ്പിച്ചു.വെടിവച്ച സേനയ്ക്ക് മുന്നിൽ നിന്ന് ഓടാതെ മാപ്പിളമാർ ക്ഷേത്ര പ്രാകാരത്തിൽ നിന്ന് വെടിയുണ്ടകൾ ഏറ്റു വാങ്ങി.അവർ കൂവുകയും നിലവിളിക്കുകയും വെടിവയ്ക്കുകയും ആയുധം വീശുകയും ചെയ്തു.സേന ആക്രമിച്ചു മുന്നേറി കീഴടങ്ങാൻ ആവശ്യപ്പെട്ടു.വെല്ലുവിളിയായിരുന്നു മറുപടി.പ്രതിരോധമില്ലാതെ സേന ക്ഷേത്രത്തിനുള്ളിൽ കടന്നു.92 മാപ്പിളമാർ അവിടെ കിടന്നു.ഭൂരിപക്ഷവും മരിച്ചിരുന്നു.20 പേരുടെ കഴുത്ത് ചെവി മുതൽ ചെവി വരെ,മാപ്പിളമാർ തന്നെ,തടവിലാകാതിരിക്കാൻ കണ്ടിച്ചിരുന്നു.ഏഴു 'ശുഹദാക്കൾ' ഒളിവിലായിരുന്നു. മാർച്ച് 13 ആയപ്പോൾ അവരെയും പിടിക്കുകയോ കൊല്ലുകയോ ചെയ്ത് ലഹള അമർത്തി.
1898 ഏപ്രിൽ:പയ്യനാട് മാപ്പിളമാർ പോരിനിറങ്ങി.മലപ്പുറം പൂക്കോയ തങ്ങളുടെ ഉദ്ബോധനത്തിന് വഴങ്ങി അവർ കീഴടങ്ങി.
1915:മജിസ്‌ട്രേറ്റ് സി എ ഇന്നെസ് വധ ശ്രമത്തിൽ നിന്ന് രക്ഷപെട്ടു.പ്രത്യേക പോലീസ് പ്രതികളെ കൊന്നു.
1919 ഫെബ്രുവരി:പുറത്താക്കപ്പെട്ട ഹെഡ് കോൺസ്റ്റബിളിന്റെ നേതൃത്വത്തിൽ മാപ്പിളമാർ പോരിനിറങ്ങി.ക്ഷേത്രങ്ങൾ മലിനമാക്കി,വഴിയിൽ കണ്ട ബ്രാഹ്മണനെയും നായരെയും കൊന്ന് മുന്നേറി.പോലീസ് അവരെ കൊന്നു.മൂന്ന് നമ്പുതിരിയും ഒരു എമ്പ്രാന്തിരിയും രണ്ടു നായന്മാരും കൊല്ലപ്പെട്ടു.

തയ്യാറാക്കിയത് രാമചന്ദ്രൻ.







FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...