Sunday 9 August 2020

സ്ഥലജല വിഭ്രാന്തിയിൽ,പിണറായി

കലിഗുലയുടെ തിരിച്ചു വരവ് 

പല തവണയായി പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ ആട്ടുന്നു; അവരോട് ആക്രോശിക്കുന്നു, ഇറങ്ങാൻ പറയുന്നു. കയറാൻ വേണ്ടിവന്ന ബദ്ധപ്പാട് കാരണമായിരിക്കും, തുടരെത്തുടരെ ഇത് പറഞ്ഞോണ്ടിരിക്കുന്നത്. മാധ്യമ പ്രവർത്തകർ ഒരു അധികാര സ്ഥാനത്തുo കയറാത്തതിനാൽ അവർക്ക് ഇറങ്ങേണ്ട ആവശ്യം വരുന്നില്ല. എന്നാൽ പിണറായി വിജയൻ ഇറങ്ങും. അല്ലെങ്കിൽ ജനം താഴെയിറക്കും. വെറുതെ കേരള എർദോഗൻ ചമയുകയാണ്, പിണറായി.

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന എർദോഗനെ തുർക്കിക്കാർ ഇറക്കിക്കോളും.

അധികാരത്തിലിരിക്കുന്നവന് സ്ഥല ജല വിഭ്രാന്തി പിടി പെടുക അസ്വാഭാവികമല്ല.
Caligula - Ancient History Encyclopedia
കലിഗുല

ആൽബേർ കാമുവിൻറെ ‘കലിഗുല’ എന്ന നാടകമാണ് ഓർത്തു പോകുന്നത്. അൾജീരിയയിൽ ജനിച്ച് ഫ്രാൻസിൽ ചിന്തകനായ കാമു, ഹിറ്റ്ലറുടെ ഭ്രാന്തിൻറെ മൂർദ്ധന്യത്തിലാണ്, ‘കലിഗുല’ എഴുതുന്നത്. 1938 ൽ എഴുത്തു തുടങ്ങി പലതവണ മിനുക്കി,1944 ലാണ് പ്രസിദ്ധീകരിച്ചത്.

റോമാ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ചക്രവർത്തിയായിരുന്നു, കലിഗുല. അയാളുടെ ക്രൂരതകൾ ഇവിടെ വിവരിക്കുന്നില്ല. അധാർമികതകളും വിസ്തരിക്കുന്നില്ല. അയാൾ വായനക്കാരുടെ മനസ്സിൽ നില്കുന്നത് സ്വന്തം കുതിരയെ ഉപദേഷ്ടാവാക്കി വച്ചു എന്നതിനാലാണ്. ഇൻസിറ്റാറ്റസ്‌ എന്നായിരുന്നു , കുതിരയുടെ പേര്.

പ്രാചീന ചരിത്രകാരൻ സ്യൂട്ടോണിയസ് ആണ് ആ കഥ ലോകത്തിനു മുന്നിൽ വച്ചത്.കുതിരയോടുള്ള സ്നേഹം മൂത്ത് കലിഗുല, അതിന് ദന്തം കൊണ്ട് തൊഴുത്തുണ്ടാക്കി. കഴുത്തിൽ ആഭരണങ്ങൾ അണിയിച്ചു.കൊട്ടാരം പണിതു. സ്വർണത്തരി കലർത്തിയ ഓട് സ് ആണ് കുതിരയ്ക്ക് കൊടുത്തിരുന്നതെന്ന് ചരിത്രകാരൻ കാഷ്യസ് ഡിയോ എഴുതി. ഇവർക്കുശേഷം വന്ന ചരിത്രകാരനാണ്, കുതിരയായിരുന്നു, ചക്രവർത്തിയുടെ ഉപദേഷ്ടാവ് എന്നെഴുതിയത്.

ഉപദേഷ്ടാക്കളുടെ ഘോഷയാത്രയാണ് പിണറായി ഭരണത്തിലുള്ളത്.

image.png

പുസ്തകങ്ങളും കാർട്ടൂണുകളും നിരോധിക്കുന്ന ഒരു ജനതയാണ്,നാം.കലിഗുല തുടങ്ങി താമസിയാതെ രണ്ടാം ലോകയുദ്ധം തുടങ്ങിയതിനാലും.ഹിറ്റ്‌ലർ ഉള്ളതിനാലും,കാമുവിന് പല തവണ നാടകം പരിഷ്‌കരിക്കേണ്ടി വന്നു.കാമുവിൻറെ അസംബന്ധ ചക്രത്തിൻറെ ഭാഗമായിരുന്നു,അത്.ഔട്ട് സൈഡർ,മിത്ത് ഓഫ് സിസിഫസ് എന്നിവയാണ്,മറ്റുള്ളവ.’ഞാൻ ചിന്തിക്കുന്നു,അതിനാൽ ഞാനുണ്ട്’ ( I think ,therefore I Am ) എന്ന ദെക്കാർത്തെയുടെ തത്വത്തെ,’ഞാൻ കലഹിക്കുന്നു , അതിനാൽ ഞാനുണ്ട്’ ( I rebel ,therefore I Am ) എന്ന് മാറ്റിയെഴുതിയ ചിന്തകനാണ്,കാമു.

സഹോദരി ദ്രൂസിലയുടെ മരണത്തിൽ ദുഖിതനായ കലിഗുലയിലാണ്,നാടകം തുടങ്ങുന്നത്.സ്വന്തം വധം കലിഗുല തന്നെ ആസൂത്രണം ചെയ്യുന്നതായിട്ടാണ്,കാമുവിൻറെ വ്യാഖ്യാനം.എ ഡി 41 ജനുവരി 24 നായിരുന്നു,ചരിത്രത്തിൽ അയാളുടെ മരണം.

ആഹ്ളാദമില്ലാതെയാണ് മനുഷ്യർ മരിക്കുന്നത് എന്ന് കണ്ടെത്തുന്ന കലിഗുല,ആഹ്ളാദ വഴികൾ തേടുന്നു.കേവല സത്യം കണ്ടെത്താൻ അയാൾക്കുള്ള ഉപകരണം സർവ പുച്ഛവും പേടിപ്പിക്കലുമാണ്. കൊലപാതകവും മൂല്യങ്ങളുടെ തച്ചു തകർക്കലും വഴി,അയാൾ കണ്ടെത്തുന്ന സ്വാതന്ത്ര്യം വിലയില്ലാത്തതായി പരിണമിക്കുന്നു.സൗഹൃദവും സ്നേഹവും അയാൾക്ക് വേണ്ട.ഐക്യവും നന്മയും വേണ്ട.ഉപജാപക സംഘത്തിൻറെ വാക്കുകൾ വിശ്വസിച്ച് അവയ്ക്ക് യുക്‌തികൾ കണ്ടെത്തി, ചുറ്റുമുള്ളവരെ അയാൾ അരിഞ്ഞു വീഴ്ത്തുന്നു. സംഹാര ത്വരയാണ് അയാളുടെ ജീവിത പ്രചോദനം.സംഹാരം,അവനെ തന്നെ സംഹരിക്കും. ഉപജാപക സംഘത്തെ ആയുധം അണിയിച്ച് അയാൾ സ്വന്തം അന്തകനാകുന്നു.

ഏതു സ്റ്റാലിനിസ്റ്റ് ഭരണാധികാരിക്കും സ്തുതിപാഠകരെ ഇഷ്ടമായിരിക്കും. അതിൽ തന്നിഷ്ടം നോക്കികളായ മാധ്യമ ഉടമകളും പ്രവർത്തകരും കാണും. എന്നാൽ.പ്രോലിറ്റേറിയൻ ഭരണാധികാരി,ബൂർഷ്വ മാധ്യമത്തിന്റെ ബൂർഷ്വ ഉടമയുമായി ചങ്ങാത്തം കൂടി എന്നതിനാൽ മാധ്യമ പ്രവർത്തകരെല്ലാം കീഴാളരായി, “ഇറങ്ങടാ ” എന്ന് പറയാം എന്ന് കരുതിയാൽ, അത് പതനമാണ്. മാർക്സിസ്റ്റിന്റെ പരമ പദം ബൂർഷ്വയാണെന്ന് പ്രത്യയ ശാസ്ത്രത്തിൽ പറയുന്നില്ല എന്ന് മാത്രമല്ല, ദാരിദ്ര്യ കാലത്ത് കാൾ മാർക്സിന് അഷ്ടിക്ക് വക നൽകിയത്, ന്യൂയോർക് ഡെയിലി ട്രിബ്യു ൺ എന്ന പത്രമായിരുന്നു. മാർക്സ് പത്ര പ്രവർത്തകനായിരുന്നു. ദരിദ്രനായി തന്നെ മാർക്സ് മരിച്ചു. അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്‌കാരവും കേസരി -സ്വദേശാഭിമാനി പുരസ്കാരവും കിട്ടിയില്ല.

അടുത്ത തവണ ദരിദ്രരായ മാധ്യമ പ്രവർത്തകരെ ബൂർഷ്വയായ വിജയൻ ആട്ടുമ്പോൾ , ആ കൂട്ടത്തിൽ മാർക്സ് ഉണ്ടോ എന്ന് ഒരു നിമിഷം ശങ്കിക്കണം. അപ്പോൾ, വന്ന വഴിയിൽ കൂടി തിരിച്ചു നടക്കാൻ പറ്റും. നിങ്ങൾ ഓരോ തവണയും മാധ്യമങ്ങളോട് ഇറങ്ങാൻ പറയുമ്പോൾ, നിങ്ങൾ നാട്ടുകാരുടെ മനസ്സിൽ നിന്നിറങ്ങുകയാണെന്ന് ഓർമ്മ വേണം.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...