Sunday 13 August 2023

കേരളം അറിയാത്ത മാർക്സ്

മൗലികതയില്ലാതെ മാർക്സ് 


പതിനേഴാം വയസിൽ (1835) ബോൺ സർവകലാശാലയിൽ പഠനം തുടങ്ങിയെങ്കിലും ഒരു വർഷത്തിന് ശേഷം മാർക്സിനെ പിതാവ് ഹെൻറിച്ച് അരാജകത്വം നിമിത്തം അവിടന്ന് മാറ്റുകയായിരുന്നു. കുടുംബത്തിന് താങ്ങാൻ ആവുന്നതിനേക്കാൾ പണം മാർക്‌സ് ചെലവിട്ടു. ഇങ്ങനെ ചെലവാക്കൽ ആയുഷ്‌കാല ശീലമായി. പഠിക്കുമ്പോൾ ട്രയർ ടാവേൺ മദ്യ ക്ലബിലെ 50 അംഗങ്ങളിൽ ഒരാളായി. അതിൻറെ അഞ്ചു പ്രസിഡന്റുമാരിൽ ഒരാളുമായി. മാർക്സിനെ രാത്രി കുടിച്ചു ബഹളമുണ്ടാക്കിയതിന് സർവകലാശാല 24 മണിക്കൂർ തടവിലിട്ടു.

1836 ൽ രണ്ടു ചേരികളായി വിദ്യാർത്ഥികൾ തിരിഞ്ഞ്‌ നടത്തിയ സംഘട്ടനത്തിൽ മാർക്സിന് ഇടതു കണ്ണിന് മുകളിൽ പരുക്കേറ്റു. ആയുധങ്ങൾ കൈവശം വച്ചതിന് മാർക്സിനെ പിടിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. ഇങ്ങനെ ബോണിൽ ഒരു വർഷം തുലച്ചപ്പോഴാണ്, മാർക്സിനെ ബെർലിൻ സർവകലാശാലയിലേക്ക് മാറ്റിയത്. അപ്പോൾ ജെന്നിയുമായി മനസമ്മതം കഴിഞ്ഞിരുന്നു. മാർക്‌സിന്റെ ജൂത കുടുംബം നേരത്തെ ക്രിസ്‌തു മതത്തിലേക്ക് മാറിയിരുന്നു.

മാർക്സ് 

വിദ്യാർത്ഥിയായിരുന്നപ്പോൾ, മാർക്സ്, ഹെഗലിനെ പിന്തുണയ്ക്കുന്ന യങ് ഹെഗേലിയൻസ് ഗ്രൂപ്പിൽ പെട്ടു. മുൻ തലമുറ ആരാധിച്ചിരുന്ന ഗുരുവായിരുന്നു, ഹെഗൽ.

മോഷണം

ഹെഗൽ കഴിഞ്ഞാൽ, മാർക്‌സ് വിപുലമായി പകർത്തിയത്, ലുഡ്വിഗ് ഫോയർബാക്കിനെയാണ്. ഹെഗലിനെ വായിച്ചു തീർത്തപ്പോഴാണ്, 1841 ൽ ഒരു ബോംബ് പോലെ ഫോയർബാക്കിന്റെ The Essence of Christianity എന്ന പുസ്തകം വന്നു വീണത്. മാർക്‌സ് ഇച്ഛിച്ച പോലെ, മനുഷ്യനാണ് ദൈവമെന്ന് സമർത്ഥിച്ച ക്രിസ്‌തു മത ഖണ്ഡനമായിരുന്നു, അത്.

പണ്ഡിത കുടുംബത്തിൽ ജനിച്ച ഫോയർബാക്ക് (1804 -1872) തത്വ ചിന്തകൻ മാത്രമല്ല, നരവംശ ശാസ്ത്രജ്ഞനുമായിരുന്നു. യുവ ഹെഗേലിയൻ സംഘത്തോട് ചേർന്ന് നിന്ന അദ്ദേഹത്തിൻറെ ചിന്തകൾ 'വൈരുദ്ധ്യാത്മക ഭൗതിക വാദം' (dialectical materialism) വികസിപ്പിക്കുക മാത്രമല്ല, അദ്ദേഹം ഹെഗലിനും മാർക്‌സിനുമിടയിൽ പാലമാവുകയും ചെയ്‌തു. ഹെഗലിന്റെയും ഫോയർബാക്കിന്റെയും പുസ്തകങ്ങളിലെ ഖണ്ഡികകൾ ചേർത്ത് വച്ചാൽ മാർക്‌സിസം കിട്ടും.

ഹെഗലിന് എതിരായ ഫോയർബാക്കിന്റെ ആക്രമണത്തിൽ നിന്ന് രണ്ട് ആശയങ്ങൾ മാർക്‌സ് സ്വീകരിച്ചു. ഫോയർബാക്കിന്റെ ഭൗതിക വാദം ഒന്ന്. രണ്ട്, ഹെഗലിനെ തല കീഴായി നിർത്തൽ. അങ്ങനെ ചെയ്‌താൽ, ഭൗതിക ലോകത്തെ മനുഷ്യ ജീവിത സ്വഭാവം വെളിപ്പെടും; ദൈവ പ്രത്യക്ഷം, അപ്രത്യക്ഷമാകും.

സത്യത്തെ ശീർഷാസനത്തിൽ നിർത്തുന്ന ഈ സമ്പ്രദായം, ലോകമാകെ മാർക്സിസ്റ്റുകൾ പകർത്തി.

ഹെഗലിൻറെ വിചാരം പകർത്തി, ദൈവത്തെ വിച്ഛേദിച്ച സ്ഥലത്ത് മാർക്‌സ് പണത്തെ പ്രതിഷ്ഠിച്ചു. പണം, അദ്ദേഹത്തിൻറെ ജൂത പാരമ്പര്യത്തിൽ പ്രധാനമായിരുന്നു.

'ഹെഗലിൻറെ നന്മയുടെ തത്വ ശാസ്ത്ര നിരൂപണത്തിന് ഒരാമുഖം' എന്ന പ്രബന്ധം എഴുതി. ഇത് പൂര്ണമായില്ലെങ്കിലും, മാർക്സിസത്തിൻറെ ഉറവിടമാണ്. ഇതിലാണ് ആദ്യമായി 'തൊഴിലാളി വർഗ ദൗത്യം' വന്നത്.

ആമുഖത്തിൻറെ ആദ്യ ഖണ്ഡികയിൽ ആദ്യമായി, കുപ്രസിദ്ധമായ 'മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്' (the opium of the people) എന്ന പ്രയോഗം വന്നു. മുഴുവൻ ഇങ്ങനെ:

Religion is the sigh of the oppressed creature, the heart of the heartless world, and the soul of the soulless conditions. It is the opium of the people.

ഇതച്ചടിച്ച മാർക്‌സിന്റെ മാസികയ്ക്ക് ആയിരം കോപ്പി മാത്രമായതിനാൽ, മരണാനന്തരമാണ് ഇതറിയപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിൽ,സമാന വാക്യങ്ങൾ പലരും എഴുതിയിരുന്നു. 1798 ൽ നൊവാലിസിന്റെ 'പരാഗം ' എന്ന കൃതിയിൽ, ഈ വാചകം കാണാം. മാർക്‌സ് എഴുതുന്നതിന് മൂന്ന് വർഷം മുൻപ് 1840 ൽ ഈ വാചകം, ഹെൻറിച്ച് ഹെയിൻ,  ലുഡ്വിഗ് ബോണിനെപ്പറ്റിയുള്ള പ്രബന്ധത്തിൽ എഴുതി. മാർക്‌സ് മരിച്ച് നാലു വർഷം കഴിഞ്ഞ് ചാൾസ് കിങ്‌സ്‌ലി, ചർച് ഓഫ് ഇംഗ്ലണ്ടിന്റെ സഭാ ചട്ടത്തിലും എഴുതി. കറപ്പ് അക്കാലത്ത്, വേദനാ സംഹാരി ആയിരുന്നു.

 മാർക്‌സ് യേശുവിൻറെ സ്ഥാനത്ത് തൊഴിലാളിയെ പ്രതിഷ്ഠിച്ചു. മാർക്‌സിസ പ്രതിഷ്‌ഠ നടക്കുമ്പോഴും, ബിംബം മതപരം തന്നെ: ഉത്ഥാനം അഥവാ ഉയിർപ്പ്.

മതമായിരുന്നു അടിത്തറ എന്നറിയാൻ 'ജൂത പ്രശ്നത്തെപ്പറ്റി' എന്ന ലേഖനം വലിയ തെളിവാണ്. പണം ദൈവമായ കച്ചവടത്തിൻറെ അന്യവൽകൃത ലോകത്ത് മനുഷ്യൻ സാമ്പത്തിക അന്യത്വം അനുഭവിക്കുന്നുവെന്ന് മാർക്‌സ് പറയുന്നു. ആധുനിക കച്ചവട ലോകം, പണാരാധനയുടെ മതലോകമാണ്. പണാരാധന ജൂതക്രമമാണ്. ജൂതർ ഇന്ന് മതലോകമോ വംശീയതയോ അല്ല, പ്രായോഗിക സ്വാർത്ഥതയുടെയും അഹന്തയുടെയും മതമാണ്. പണാധികാരം വഴി ജൂതർ രാഷ്ട്രീയ സ്വാധീനമുണ്ടാക്കുകയും പൊതു സമൂഹ മാത്സര്യത്തിൽ അധീശത്വം വഹിക്കുകയും ചെയ്‌തു. മാർക്‌സ് പറയുന്നു:

"പണമാണ് ഇസ്രയേലിൻറെ അസൂയാലുവായ ദൈവം.വേറൊരു ദൈവത്തെയും അത് സഹിക്കില്ല. പണം മനുഷ്യൻറെ ദൈവങ്ങളെ സ്ഥാനഭ്രഷ്ടരാക്കി,അവയെ ഉൽപന്നങ്ങളാക്കി മാറ്റുന്നു".

1843 ശിശിരത്തിലാണ് മാർക്‌സ് സാമ്പത്തിക ശാസ്ത്രം വായിക്കാൻ തുടങ്ങിയത്. 1844 വസന്തം ആകുമ്പോൾ ബോയിസ് ഗിൽബെർട്, ഫ്രാങ്സ്വാ ക്വിസ്‌നെ (17 -o നൂറ്റാണ്ടിൻറെ അവസാനം) മുതൽ ജെയിംസ് മിൽ, ഴാങ് സേ വരെയുള്ളവരെ വായിച്ച് കുറിപ്പുകൾ എടുത്തു. മാർക്‌സ് പേര് വെളിപ്പെടുത്താത്ത ഫ്രഞ്ച്, ഇംഗ്ലീഷ് സോഷ്യലിസ്റ്റുകളോടും ജർമൻ എഴുത്തുകാരോടും വെയ്റ്റ്ലിങ്, ഹെസ്, എംഗൽസ് എന്നിവരോടും കടപ്പാട് രേഖപ്പെടുത്തി. എംഗൽസ് എഴുതിയ Outlines of a Critique of Political Economy എന്ന പ്രബന്ധത്തിൽ നിന്നുള്ള ഭാഗങ്ങൾ പാരീസ് രേഖകളിൽ നന്നായുണ്ട്. സ്വകാര്യ സ്വത്തിൻറെയും അതുണ്ടാക്കുന്ന മത്സരത്തിൻറെയും വിമർശമാണ്, ഈ പ്രബന്ധം. ഉൽപാദന, മൂലധന പ്രതിസന്ധി ഇതിൽ വിഷയമാണ്. ഇതിൽ നിന്നുള്ള ഉദ്ധരണികൾ മൂലധന ത്തിൽ പലയിടത്തും കാണാം. ഇത് കഴിഞ്ഞാൽ മാർക്‌സ് നന്നായി പകർത്തിയിരിക്കുന്നത്, ഫോയർബാക്കിൽ നിന്നാണ്.

രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മാർക്‌സ് മൂന്ന് ഉറവിടങ്ങളെ ആശ്രയിച്ചു: ജർമൻ എഴുത്തുകാരൻ വില്യം ഷുൾസ് തൊഴിലാളികളുടെ പാപ്പരീകരണം, യന്ത്രങ്ങൾ വരുത്തുന്ന അമാനവീകരണം എന്നിവയെപ്പറ്റി എഴുതിയ പ്രബന്ധം, മുതലാളിത്തം തൊഴിലാളിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നാശത്തെപ്പറ്റി കോൺസ്റ്റാന്റിൻ പെക്വർ എഴുതിയ പ്രബന്ധം, തൊഴിലാളി വർഗ്ഗത്തിൻറെ ചൂഷണത്തെപ്പറ്റി യൂജിൻ ബുറെറ്റ് എഴുതിയ പുസ്തകം,എന്നിവ.

വാഗ്‌ദത്ത ഭൂമി

മാർക്സിസത്തിൻറെ അടിവേരിളക്കുന്ന കൽപന, അത് വാഗ്‌ദത്ത ലോകം മുന്നോട്ട് വയ്ക്കുന്നു എന്നതാണ്. ഇത് മാർക്‌സ് തട്ടിത്തെറിപ്പിച്ച ആശയ വാദത്തിന്റെ മറ്റൊരു രൂപമാണ്. മതത്തിൻറെ ലോകം, ഹെഗലിൻറെ ലോകം, വിഭ്രാന്തിയാണ് (Illusion) എന്ന വിമര്ശത്തിൽ  നിന്ന് ഫോയർബാക്കും മാർക്‌സും എത്തിപ്പെട്ടത്, മറ്റൊരു വിഭ്രാന്ത ലോകത്താണ്. പുതിയൊരു യാഥാർഥ്യം ഉണ്ടാക്കാനും വേറൊരു മതം സൃഷ്ടിക്കേണ്ടി വന്നു.

ജൂത പുരോഹിത പാരമ്പര്യത്തിലാണ് മാർക്‌സ് ജനിച്ചത്. ക്രിസ്ത്യൻ ഭരണ കൂടം നില നിന്ന പ്രഷ്യയിൽ ജോലി സംരക്ഷിക്കാൻ മാർക്‌സിന്റെ പിതാവ് ഹെൻറിച്ചിന് ക്രിസ്‌തുമതം സ്വീകരിക്കേണ്ടി വന്നു. ആറാം വയസിൽ ക്രിസ്ത്യാനി ആയി ജ്ഞാന സ്നാനവും ചെയ്‌ത മാർക്‌സ്, ഫോയർബാക്ക് ക്രിസ്‌തു മതത്തെ നിരാകരിച്ചപ്പോൾ അത് സ്വാഗതം ചെയ്‌തത്‌, സ്വാഭാവികം. കാന്റും ഹെഗലും ക്രിസ്ത്യാനികൾ ആയിരുന്നു -ദൈവ രാജ്യമുണ്ട്.

വാഗ്‌ദത്ത ലോകം, മാർക്സിന് പൈതൃകമായി കിട്ടിയ ജൂത മതത്തിൽ ഉള്ളതാണ്. അതാണ് ഹീബ്രൂ ബൈബിളിൻറെ നട്ടെല്ല്. ഒരു ക്ഷാമ കാലത്ത് യാക്കോബും 12 ഇസ്രയേൽ ഗോത്രങ്ങൾക്ക് ജന്മം നൽകിയ അവൻറെ പുത്രന്മാരും ഈജിപ്തിലേക്ക് കുടിയേറി. പെറ്റു പെരുകിയ അവർ അടിമകളായി പീഡിപ്പിക്കപ്പെട്ടു. ഒടുവിൽ ക്രിസ്തുവിന് മുൻപ് ഏകദേശം 1250 ൽ അവരെ പ്രവാചകനായ മോശെയുടെ നേതൃത്വത്തിൽ യഹോവ മോചിപ്പിച്ചു. ആ പുറപ്പാടിൽ, മോശെ, റീഡ്‌സ് കടലിലെ (ചെങ്കടലും അല്ല, ഇന്നത്തെ അഖബ ഉൾക്കടൽ ആണെന്ന് ആധുനിക ഗവേഷകർ) വെള്ളം പകുത്തു. ഫറവോയും അയാളുടെ സൈന്യവും അതിൽ മുങ്ങി ചത്തു. 40 സംവത്സരങ്ങൾ ഇസ്രേലികൾ കാനാന് തെക്കുള്ള സിനായിയിൽ അലഞ്ഞു. സിനായ് മലയിൽ, യഹോവ, യിസ്രയേലുമായി ഉടമ്പടിയിൽ ഏർപ്പെട്ടു. അതാണ് പത്തു കൽപനകൾ. അവസാനം, മോശെയുടെ പിൻഗാമി ആയ യോശുവ പ്രവാചകൻ, ഗോത്ര വർഗത്തെ യോർദാൻ നദി കടത്തി കാനാനിൽ എത്തിച്ചു. അതായിരുന്നു, വാഗ്‌ദത്ത ഭൂമി.

വാഗ്‌ദത്ത ഭൂമിയിൽ എത്തിയ അവർ കാനാനിലെ ജനത്തെ കൂട്ടക്കൊല ചെയ്‌താണ് അവരുടെ ഭൂമി സ്വന്തമാക്കിയത്-രക്ത രൂക്ഷിത വിപ്ലവം. ഹീബ്രു ബൈബിളിലെ ഈ രൂപകമാണ്, മാർക്‌സിന്റെ വാഗ്‌ദത്ത ലോകത്തിന് ആധാരം. ഭരണ കൂടത്തിൻറെ കൊഴിഞ്ഞു പോക്ക് ഉൾപ്പെടെയുള്ള വിഭ്രാന്തികളാണ് അതിൻറെ സർവ്വേക്കല്ലുകൾ.

ഇന്ത്യയെപ്പറ്റി

മാർക്‌സ് ഇന്ത്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1853 -58 കാലത്ത്, ന്യൂയോർക് ഡെയിലി ട്രിബ്യുണി ൽ 33 ലേഖനങ്ങൾ എഴുതി. ഇതിൽ രണ്ടെണ്ണമാണ് കുപ്രസിദ്ധം.1853 ജൂൺ പത്തിന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം, ജൂലൈ 22 ന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ എന്നിവ. ആദ്യ ലേഖനം ട്രിബ്യുൺ ജൂൺ 25 നും (ലക്കം 3804) രണ്ടാമത്തേത് ഓഗസ്റ്റ് എട്ടിനും (ലക്കം 3840) പ്രസിദ്ധീകരിച്ചു.

ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം നടപ്പാക്കിയ, ചരിത്രത്തിൻറെ അബോധാത്മകമായ ഉപകരണമായിരുന്നു എന്ന വങ്കത്തം വിളമ്പിയതായിരുന്നു, ആദ്യ ലേഖനം. ഹനുമാൻ എന്ന കുരങ്ങിൻറെയും കാമധേനു എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു എന്ന് മാർക്‌സ് അതിൽ പറഞ്ഞു.

മാർക്‌സ് 1853 ൽ എഴുതാൻ ആരംഭിക്കുമ്പോൾ, ഇന്ത്യയെ നന്നായി പഠിച്ചതിന് തെളിവൊന്നുമില്ല. യാത്രാവിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും പിന്നെയാണ് വായിച്ചത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖ ബ്രിട്ടീഷ് പാർലമെൻറ് പുതുക്കുന്ന ആ നേരത്ത്,ചില പാർലമെൻറ് രേഖകൾ വായിച്ചതിനെ തുടർന്നുണ്ടായ തോന്നലുകളോ തോന്ന്യാസങ്ങളോ ആണ് മാർക്‌സിന്റെ ഇന്ത്യ ലേഖനങ്ങൾക്ക് ആധാരമെന്ന് മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് തന്നെ പറയുന്നുണ്ട്. ഫ്രഞ്ച് വൈദ്യനായ ഫ്രാങ്സ്വാ ബെർണിയർ എഴുതിയ യാത്രാ വിവരണം, Travels in the Mogul Empire എന്ന പുസ്തകത്തെയും മാർക്‌സ് ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾക്ക് ആധാരമാക്കി.

ഫോയർബാക് 

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന ലേഖനം എന്ത് പറയുന്നു എന്ന് നോക്കാം:

ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നവരുമായി യോജിപ്പില്ലാത്തയാൾ ആണ് താനെന്ന് മാർക്‌സ് ആദ്യമേ പറയുന്നു. റിപ്പോർട്ടിൻറെ രണ്ടാം ഖണ്ഡികയുടെ ആദ്യ വാചകമാണ്, അത്. മൊത്തം ലേഖനത്തിൻറെ ആദ്യ വാചകം വിചിത്രമാണ്: ഏഷ്യൻ തോതിലുള്ള ഇറ്റലിയാണ് ഹിന്ദുസ്ഥാൻ. ഇന്ത്യയെ ഇറ്റലിയുമായി താരതമ്യപ്പെടുത്തി എഴുതാൻ വിവരമുള്ള ആരും ഇന്നുവരെ തയ്യാറായിട്ടില്ല.

മാർക്സിനെ ഉദ്ധരിക്കട്ടെ:

"പൗരസ്ത്യ ദേശത്തെ അയർലൻഡ് ആണ്, അത്. ഇറ്റലിയുടെയും അയർലൻഡിന്റെയും വിചിത്രമായ ഈ സംലയനം, സുഖ ഭോഗങ്ങളുടെ ലോകവുംകഷ്ടപ്പാടുകളുടെ ലോകവും ലോകവും തമ്മിലുള്ള ഈ ചേരുവ, ഹിന്ദുസ്ഥാനിലെ പ്രാചീന മത പാരമ്പര്യങ്ങൾ വിഭാവനം ചെയ്‌തിട്ടുള്ള ഒന്നാണ്. അതിരു കടന്ന കാമാസക്തിയുടെയും ആത്മ പീഡനത്തോളം എത്തുന്ന സർവസംഗ പരിത്യാഗത്തിൻറെയും മതമാണ്, അത്. ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ്.ഭിക്ഷുവിൻറെയും അതേസമയം ദേവദാസിയുടെയും മതമാണ്, അത്.

ഇത്രയും പറഞ്ഞിട്ടാണ് താൻ ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നില്ലെന്ന് മാർക്‌സ് ആണയിടുന്നത്. തുടർന്ന് മാർക്‌സ്, ജാവയിലെ ഇംഗ്ലീഷ് ഗവർണർ സർ സ്റ്റാഫോർഡ് റാഫിൾസ് പഴയ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പറ്റി നടത്തിയ വിലയിരുത്തൽ അതേ പടി ഉദ്ധരിച്ച്, ഡച്ചുകാരുടെ അനുകരണം മാത്രമാണ് ബ്രിട്ടൻ ഇന്ത്യയിൽ കാട്ടുന്നത് എന്ന് പറയുന്നു.

മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ കുപ്രസിദ്ധമായ ഖണ്ഡിക ഇതാണ്:

"ഇന്ത്യയിലെ അധ്വാന ശീലമുള്ള,പുരുഷാധിപത്യമുള്ള നിർദോഷകരമായ സാമൂഹിക സംഘങ്ങൾ ചിന്നിച്ചിതറി,ചെറു ഘടകങ്ങളായി ലയിച്ചു തീർന്നതും ദൈന്യതയുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടതും അവയിലെ ഓരോ അംഗത്തിനും പ്രാചീന നാഗരികതയും പരമ്പരാഗത ഉപജീവന മാർഗവും നഷ്ടപ്പെട്ടതും മനുഷ്യ വികാരത്തെ ഉലയ്ക്കുന്നതാണ്. എങ്കിലും നിർദോഷമെന്ന് തോന്നുന്ന ഈ അലസ ഗ്രാമ്യ ഗ്രാമ്യ വ്യവസ്ഥയാണ് എക്കാലവും പൗരസ്ത്യ ഏകഛത്രാധിപത്യത്തിൻറെ ഉറച്ച അടിത്തറ ആയിരുന്നത് എന്ന സത്യം വിസ്‌മരിച്ചു കൂടാ."

ഇന്ത്യയും ഏഷ്യ ആകെയും ഒരിക്കലും മാറാത്ത അലസ വ്യവസ്ഥയാണെന്ന സങ്കൽപം, മാർക്‌സിസം പോലെ തന്നെ, മാർക്‌സിന്റെ സ്വന്തമല്ല. ഹെഗൽ ഇല്ലെങ്കിൽ മാർക്‌സ് ഇല്ല. ഇന്ത്യ അലസ വ്യവസ്ഥയാണെന്ന വിഢ്‌ഡിത്തം പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നവോത്ഥാന ചിന്തകരായ ഹോബ്‌സ്‌, മോണ്ടെസ്ക്യൂ എന്നിവരെ പിൻപറ്റി ഒരു കൂട്ടം ചമച്ചതാണ്. ഇന്ത്യ അലസ വ്യവസ്ഥയാണെന്ന മണ്ടൻ ആശയവും മാർക്‌സ് ഹെഗലിൽ നിന്ന് മോഷ്ടിച്ചതാണ്.

ഇന്ത്യ ദരിദ്ര രാജ്യമായിരുന്നു എന്നും ഇപ്പോഴും ദരിദ്രമാണെന്നും പ്രസംഗിക്കുന്ന പണ്ഡിതന്മാരുണ്ട്. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ, ഇന്ത്യയുടെ വരുമാനം ബ്രിട്ടന്റേതിനെക്കാൾ 16 ഇരട്ടി ആയിരുന്നുവെന്ന് ജെഫ്രി മൂർ എഴുതിയ 'ഇന്ത്യ ബ്രിട്ടാനിക്ക' യിൽ വായിച്ചത് ഓർക്കുന്നു. മാർക്‌സ് ജീവിച്ച 19 -o നൂറ്റാണ്ടിൻറെ ഒടുവിൽ ബ്രിട്ടൻറെ ഇറക്കുമതിയിൽ 20 ശതമാനവും ഇന്ത്യയിൽ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ, ഇന്ത്യയിലേക്ക് ബ്രിട്ടൻ അയച്ചിരുന്നത്, 1265 കോടി രൂപയുടെ ചരക്കുകൾ ആയിരുന്നു!

മാർക്സ് തുടരുന്നു:

"ഏതെങ്കിലും ആക്രമണകാരിയുടെ കണ്ണിൽ പെട്ട് അവൻ തൻറെ മേൽ ചാടി വീഴാൻ വന്നാൽ നിസ്സഹായനായി സ്വയം കുമ്പിട്ട് നിന്നിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കരുത്. മറുവശത്ത്, അന്തസ്സാര ശൂന്യമായ,ചൊടി കെട്ട ഈ വെറുങ്ങലിച്ച ജീവിതം, നിഷ്ക്രിയമായ ഈ നിൽപ്,വന്യവും ലക്ഷ്യ രഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചു വിടുകയും നരഹത്യയെ തന്നെ ഇന്ത്യയിലെ മതാചാരമായി മാറ്റുകയും ചെയ്‌തുവെന്ന വസ്‌തുതയും നാം വിസ്‌മരിക്കരുത്. ജാതി വ്യത്യാസങ്ങളും അടിമത്തവും ഈ കൊച്ചു കൊച്ചു സമുദായങ്ങളുടെ തീരാ ശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം, അവ, അവനെ ബാഹ്യ സാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്‌തത്‌ എന്നും സ്വയം വികസിച്ച ഒരു സാമൂഹ്യ വ്യവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതി ദത്തമായ തലവിധിയാക്കി മാറ്റി, അവ മൃഗപ്രായമായ ഒരു പ്രകൃതി പൂജയ്ക്ക് ജന്മം നൽകി എന്ന വസ്‌തുതയും നാം വിസ്മരിക്കരുത്. ഈ അധഃപതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാൻ എന്ന കുരങ്ങിൻറെയും ശബള (കാമ ധേനു) എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്യിച്ചു."

"ഇന്ത്യയിൽ ഇപ്രകാരമൊരു സാമൂഹ്യ വിപ്ലവം നടത്തുമ്പോൾ, ഇംഗ്ലണ്ടിന് ഏറ്റവും ഹീനമായ സ്വാർത്ഥ താൽപര്യം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആ വിപ്ലവം നടത്തിയ രീതിബുദ്ധി ശൂന്യമായിരുന്നു എന്നും സംശയമില്ല.ഇവിടെ പ്രശ്‍നം അതല്ല.ഏഷ്യയിലെ സാമൂഹ്യ സ്ഥിതിയിൽ, അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാക്കാതെ മനുഷ്യരാശിക്ക് അതിൻറെ ദൗത്യം പൂർത്തിയാക്കാനാവുമോ എന്നതാണ് പ്രശ്‍നം. ഇല്ലെന്നാണ് ഇതിനുത്തരം എങ്കിൽ,ഇംഗ്ലണ്ടിന്റെ അപരാധം എന്ത് തന്നെ ആയാലും, ഇങ്ങനെ ഒരു വിപ്ലവം നടത്തുന്നതിൽ അവർ ചരിത്രത്തിൻറെ അബോധാത്മക കരു ആണെന്ന് പറയേണ്ടി വരും."

ഹെഗൽ 

1853 ജൂലൈ 22 ന് മാർക്‌സ് എഴുതിയ 'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനം ഓഗസ്റ്റ് എട്ടിന് ട്രിബ്യുൺ പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിൽ മാർക്‌സ് എഴുതി:

''ബ്രിട്ടന് ഇന്ത്യയിൽ ഇരട്ട ദൗത്യമാണ് നിറവേറ്റാനുള്ളത്. ഒന്ന് സംഹാരാത്മകവും  മറ്റേത് ക്രിയാത്മകവും. ഏഷ്യാറ്റിക് സമൂഹത്തെ കടപുഴക്കി എറിയുക എന്നതാണ്, ആദ്യത്തേത്. ഏഷ്യയിൽ [പാശ്ചാത്യ സമൂഹത്തിൻറെ ഭൗതികമായ അടിത്തറ പാകുക എന്നതാണ്, രണ്ടാമത്തേത്."

"ആ രാജ്യത്തിന് ഭൂതകാല ചരിത്രം എന്നൊന്ന് ഉണ്ടെങ്കിൽ അത്,വെട്ടിപ്പിടിത്തങ്ങളുടെ ചരിത്രം അല്ലാതെ മറ്റൊന്നും അല്ല.ഇന്ത്യൻ സമൂഹത്തിന് ഒരു ചരിത്രവും ഇല്ലെന്ന്, കുറഞ്ഞപക്ഷം,അറിയപ്പെടുന്ന ചരിത്രമില്ലെന്ന് പറയേണ്ടി വരും.ചെറുത്തു നിൽക്കാത്ത,മാറ്റമില്ലാത്ത ആ സമൂഹത്തിൻറെ നിഷ്ക്രിയമായ അടിത്തറ മേൽ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ ഒന്നിന് പുറകെ ഒന്നായി എത്തിയ കയ്യേറ്റക്കാരുടെ ചരിത്രത്തെയാണ്, നാം അതിൻറെ ചരിത്രമായി കൊണ്ട് നടക്കുന്നത്. അതിനാൽ ബ്രിട്ടന് ഇന്ത്യ പിടിച്ചെടുക്കാൻ അവകാശമുണ്ടായിരുന്നോ എന്നതല്ല, ബ്രിട്ടൻ പിടിച്ചടക്കിയ ഇന്ത്യയെക്കാൾ,തുർക്കിയോ പേർഷ്യയോ റഷ്യയോ പിടിച്ചടക്കിയ ഇന്ത്യയെ നാം കൂടുതൽ ഇഷ്ടപ്പെടേണ്ടതുണ്ടോ എന്നതാണ്, നമുക്ക് മുന്നിലെ പ്രശ്‍നം."

ബ്രിട്ടൻ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ച മാർക്സിന്, വെറും നാലു വർഷത്തിനുള്ളിൽ,1857 ൽ ആദ്യ സ്വാതന്ത്ര്യ വിപ്ലവം വഴി ചുട്ട മറുപടി കൊടുത്തു. 1857 ൽ ഝാൻസി റാണി നടത്തിയതാണ് ആദ്യ സ്വാതന്ത്ര്യ സമരം എന്ന് ചരിത്ര പുസ്തകങ്ങളിൽ സ്ഥിരമായി നാം വായിക്കുമെങ്കിലും, അതിനും 33 വർഷം മുൻപ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ ബ്രിട്ടനെതിരെ പോരാടി വീരമരണം വരിച്ചു എന്നതാണ്, മാർക്‌സും നമ്മിൽ ഭൂരിപക്ഷവും കാണാത്ത സത്യം.1824 ൽ അവർ ബ്രിട്ടനെതിരെ നടത്തിയത് സായുധ കലാപമായിരുന്നു.

അടുത്ത ഖണ്ഡികയിൽ മാർക്‌സ്,  ഇന്ത്യയുടെ നാഗരികത മികച്ചതാണെന്ന് കണ്ടെത്തി സ്വയം ചെറുതാകുന്നു:

"ഇന്ത്യയെ ചവിട്ടി അരച്ച അറബികളും തുർക്കികളും താർത്താറുകളും മുഗളന്മാരും എല്ലാം ഭാരതവൽക്കരിക്കപ്പെട്ടു. ശാശ്വത ചരിത്ര നിയമത്താൽ എന്ന പോലെ, കാടന്മാരായ ആ  അധിനിവേശക്കാർ അവരുടെ പ്രജകളുടെ മൊത്തം നാഗരികതയ്ക്ക് കീഴടങ്ങി. ഇന്ത്യൻ നാഗരികതയെക്കാൾ ഉയർന്നതും അതിന് അപ്രാപ്യവുമായ ഒരു നാഗരികതയുമായി വരുന്ന ആദ്യ അധിനിവേശക്കാർ ബ്രിട്ടീഷുകാരായിരുന്നു."

മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ ലേഖനങ്ങളിൽ ചിലത്, പിൽക്കാലത്ത് അതേപടി 'മൂലധന'ത്തിൽ എടുത്തു ചേർത്തു.

അപ്പോഴും, സൈദ്ധാന്തികൻ അല്ലാത്ത ഇ എം എസ്, പത്തൊൻപതാം നൂറ്റാണ്ടിൽ തുടരുകയും, മാർക്‌സ് പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്‌തു. അദ്ദേഹത്തെ ഉദ്ധരിക്കട്ടെ:

"ഇന്ത്യൻ സമൂഹം നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയിലും ജീർണതയിലും ആയിരുന്നു.അതിൻറെ നാശം അനിവാര്യമായിരുന്നു.നിശ്ചലതയിലും ജീർണതയിലും കിടന്ന പഴയ സമൂഹത്തെ മാറ്റി മറിക്കാൻ ആഭ്യന്തര ശക്തികൾ ഇല്ലാതെ വന്നതിനാൽ പുറത്തു നിന്ന് 15,16 നൂറ്റാണ്ടുകളിൽ വന്ന യൂറോപ്യൻ കച്ചവട ബൂർഷ്വാസി,പ്രത്യേകിച്ചും അവരിൽ കരുത്തരായ ബ്രിട്ടീഷ് കച്ചവട,വ്യവസായ ബൂർഷ്വാസി,'ചരിത്രത്തിൻറെ അബോധാത്മക കരു' ആകുകയായിരുന്നു.അതുകൊണ്ട്,വിപ്ലവകാരിയായ മാർക്‌സ് ഈ നാശത്തിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചില്ല.അഗാധമായ മാനവികതയും ജനസ്നേഹവും നിമിത്തം അദ്ദേഹം ബ്രിട്ടൻറെ അടിച്ചമർത്തലിന് കീഴിൽ കഷ്ടപ്പെടുന്ന ഇന്ത്യക്കാരോട് അനുതാപവും ബ്രിട്ടനോട് വെറുപ്പും പ്രകടമാക്കി."

ഹെഗലിൽ നിന്ന്:

മാർക്‌സ് മൗലിക ചിന്തകൻ അല്ല. സോവിയറ്റ് യൂണിയൻ മാർക്‌സ് എഴുതിയതെല്ലാം തപ്പിയെടുത്ത് ഇറക്കിയപ്പോൾ നിർബാധം മാർക്‌സ് പകർപ്പെഴുത്ത് നടത്തിയത് വെളിച്ചത്ത് വന്നു.

ഇന്ത്യയെ സംബന്ധിച്ച വ്യാഖ്യാനം മാർക്‌സ് മോഷ്ടിച്ചത്, ഹെഗലിൻറെ The Philosophy of History യിൽ നിന്നാണ്.1830 ൽ ഹെഗൽ എഴുതിയത്, മാർക്‌സ് 1863 ൽ പകർത്തി. ജെ സിബ്‌റി പരിഭാഷ ചെയ്‌ത (1956)  ഹെഗലിൻറെ പുസ്തകത്തിൽ (പേജ് 163) നിന്ന്:

The Hindoos have no history, no growth expanding into a veritable political condition. The diffusion of Indian culture had been a dumb,deedless expansion. The people of India have achieved no foreign conquests, but have on every occasion been vanquished themselves.

"ഇന്ത്യയ്ക്ക് ചരിത്രമേയില്ല; ഒരു രാഷ്ട്രീയാവസ്ഥയായി പരിണമിക്കാനുള്ള വികാസവുമില്ല. ഇന്ത്യൻ സംസ്കാരത്തിൻറെ വികാസം നിശബ്ദവും നിശ്ചേതനവുമായിരുന്നു. ഇന്ത്യൻ ജനത ഒരു വിദേശ രാജ്യവും കീഴടക്കിയില്ല, ഓരോ ഘട്ടത്തിലും കീഴടങ്ങുകയായിരുന്നു."

ഹെഗൽ ഈസ്റ്റ് ഇന്ത്യ റിപ്പോർട്ടിൽ നിന്ന് പകർത്തിയ ഈ വിഡ്ഢിത്തം മാർക്‌സ് 'ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനത്തിൽ പകർത്തിയത് നോക്കുക :

Indian society has no history, at least no known history. What we call its history is but the history of successive intruders who founded their empires on the passive basis of that unresisting and unchanging society. (The Newyork Daily Tribune / 8 August 1853)

"ഇന്ത്യൻ സമൂഹത്തിന് ചരിത്രമേയില്ല;അറിയപ്പെടുന്ന ചരിത്രം.അതിൻറെ ചരിത്രമെന്ന് നാം പറയുന്നത് മാറ്റമില്ലാത്തതും പ്രതിരോധിക്കാത്തതുമായ ആ സമൂഹത്തിൻറെ അലസമായ അടിത്തറയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത അധിനിവേശ ശക്തികളുടെ ചരിത്രത്തെയാണ് ".

ഹെഗൽ ഇന്ത്യൻ മതവിശ്വാസത്തെപ്പറ്റി ഇങ്ങനെ എഴുതി:

The ideology of the Hindoo culture is a pantheism of imagination, expressed in the universal deification of all finite existence and degradation of the Divine, deprivation of man of personality and freedom...the morality of which is involved in respect for human life is not found among the Hindoos. ( The Philosophy of History/Pages 140,141,150).

"ഹിന്ദു സംസ്കാരത്തിൻറെ കാതൽ ഭാവനയിൽ വിരിഞ്ഞ ദൈവ ശ്രേണിയാണ്. അവ നിലനിൽക്കുന്ന എല്ലാറ്റിനെയും ദൈവവൽക്കരിക്കുകയും ദൈവത്തെ താഴ്ത്തിക്കെട്ടുകയും മനുഷ്യ വ്യക്തിത്വം,സ്വാതന്ത്ര്യം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു....ഹിന്ദുക്കൾക്കിടയിൽ, മനുഷ്യ ജീവനെ ആദരിക്കുന്ന ദൈവികത കാണാനില്ല."

മാർക്‌സ് ആവർത്തിച്ചു:

The murder itself is a religious right in Hindoostan-a brutalizing worship of nature, exhibiting its degradation in the fact that man, the sovereign of nature, fell down on his knees in adoration of Hanuman, the monkey, and Sabbala, the cow. (The Newyork Daily Tribune/25 June 1853.)

"ഇന്ത്യയിൽ കൊല തന്നെ മതാചാരമാണ്-പ്രകൃതി ആരാധന മാരകമാണ്. പ്രകൃതിയുടെ യജമാനനായ മനുഷ്യനെ അത്, ഹനുമാൻ എന്ന കുരങ്ങനും പശുവായ കാമധേനുവിനും മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തി,താഴ്ത്തികെട്ടുന്നു".

ഇന്ത്യയ്ക്ക് ചരിത്രമില്ലെന്നും ഉള്ളത്  അധിനിവേശക്കാരുടേതാണെന്നും ഹെഗലിനെ വളച്ചൊടിച്ച് വിഡ്ഢിത്തം വിളമ്പിയ മാർക്‌സിനാകട്ടെ, ഇന്ത്യയിലെ ഏറ്റവും വലിയ മാർക്സിസ്റ്റ് ചരിത്രകാരൻ ദാമോദർ ധര്മാനന്ദ്‌ കോസംബി (1907 -1966) നിശിതമായി An Introduction to the Study of Indian History (Page 11 -12) യിൽ മറുപടി പറഞ്ഞു:

"മാർക്‌സിന്റെ പ്രസ്താവനയെ എതിർക്കാതെ വിട്ടുകൂടാ.ഇന്ത്യൻ ചരിത്രത്തിൻറെ മഹദ് ഘട്ടങ്ങൾ,മൗര്യ,ശതവാഹന,ഗുപ്‌ത കാലങ്ങൾക്ക് അധിനിവേശക്കാരുമായി ഒരു ബന്ധവുമില്ല.അക്കാലത്താണ് അടിസ്ഥാന ഗ്രാമ സമൂഹം രൂപം കൊണ്ടതും വികസിച്ചതും പുത്തൻ വാണിജ്യ കേന്ദ്രങ്ങൾ വളർന്നതും ".

മുസ്ലിം അധിനിവേശത്തെപ്പറ്റി മാർക്‌സ് അവലംബിച്ച മൗനവും പ്രധാനമാണ്.ഇന്ത്യയുടെ മതത്തിലും സമൂഹത്തിലും ആ അധിനിവേശം ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്‌തിരുന്നെങ്കിൽ, മാർക്‌സ് വഴി തെറ്റാതിരുന്നേനെ.അധിനിവേശം നടത്തിയ മുസ്ലിംകൾ ഹിന്ദുവൽക്കരിക്കപ്പെട്ടു എന്ന ലളിതമായ കണ്ടെത്തലിന് പിന്നിൽ,ഒളിക്കുകയായിരുന്നു,മാർക്‌സ്. മുസ്ലിം സംസ്‌കാരവും സാമൂഹിക ഘടനയും അവയുടെ മൗലിക സ്വഭാവങ്ങൾ നിലനിർത്തിയില്ല എന്ന് മാർക്‌സ് ധരിച്ചു. അങ്ങനെയെങ്കിൽ,ഹിന്ദുക്കളെ എന്തിന് ഇസ്ലാമിലേക്ക് മാറ്റി?

എംഗൽസ് 

ഇന്ത്യൻ ഗ്രാമങ്ങളെ മാർക്‌സ് കാണേണ്ടിയിരുന്നത്, മതത്തിലൂടെ ആയിരുന്നു. ഹിന്ദു മതത്തിൻറെ ആന്തരിക ജനാധിപത്യത്തിലൂടെ ആയിരുന്നു. ബഹു ദൈവങ്ങളുടെ ബഹുസ്വരതയിലൂടെ ആയിരുന്നു. അതാണ്, സാമൂഹിക ശാസ്ത്രജ്ഞർ ഇന്ന് ചെയ്യുന്നത്. അതാണ്, മാക്‌സ് വെബർ ചെയ്‌തത്‌.

തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ നാല് മഹാവാക്യങ്ങൾ വഴി അവനവൻ തന്നെയാണ് ദൈവം എന്ന് പറഞ്ഞ ഉപനിഷത്തുക്കളുടെ ഇന്ത്യയ്ക്ക് മാർക്സിസത്തിൽ നിന്ന് ഒന്നും കിട്ടാനില്ല. പ്രപഞ്ചം ഒന്നാണ്.മാനുഷ്യകം ഒന്നാണ്. അതിനെ രണ്ടായി കീറി മുറിക്കുന്നത്, അന്ധതയാണ്; മാർക്‌സ് പ്രവാചകൻ ആണെങ്കിൽ, അന്ധനായ പ്രവാചകനാണ്.

അരാജകത്വം 

ആദ്യ കുഞ്ഞ് മരിച്ച് ജെന്നി ദുഖിതയായപ്പോൾ, മാർക്‌സ് ഏംഗൽസിന് എഴുതി: "അവൾ ശാരീരികമായല്ല, ബൂർഷ്വാ കാരണങ്ങളാലാണ് രോഗിണി ആയിരിക്കുന്നത്."

ആദ്യ കുഞ്ഞ് മരിച്ചതിൽ ദുഃഖിക്കുന്ന  ഭാര്യയ്ക്കുള്ളത് ബൂർഷ്വാ വിഷമമാണെന്ന്  പറയുന്ന ഭർത്താവിന് മനോവൈകല്യമുണ്ട് .

ഓസ്‌ട്രേലിയൻ നാടകകൃത്ത് അനൈട്ര നെൽസൺ കുറച്ചു കാലം മുൻപ് അവർ എഴുതിയ Servant of the Revolution എന്ന നാടകം എൻറെ അപേക്ഷ പ്രകാരം, അയച്ചു തരികയുണ്ടായി. കാൾ മാർക്‌സ് അവിഹിത ഗർഭം ഉണ്ടാക്കിയ വീട്ടു വേലക്കാരി ഹെലൻ ഡിമുത്തിൻറെ കഥയാണ്, നാടകം. മൂന്നു പേരെ നാടകത്തിൽ ഉള്ളു -ഫ്രഡറിക് എംഗൽസ്, ഹെലൻ, മാർക്‌സിന്റെ ഇളയ മകൾ ടസ്സി (ഏലിയനോർ). ലെൻചൻ എന്നാണ് മാർക്‌സും ഭാര്യ ജെന്നിയും ഹെലനെ വിളിച്ചിരുന്നത്. ലെൻചന്റെ ഭാഗത്തു നിന്നാണ്, നാടകം.

മാർക്സ് ഉണ്ടാക്കിയ അവിഹിത ഗർഭം, മാർക്സിന്റെ വീട്ടിൽ കലഹമുണ്ടാക്കിയതിനെ തുടർന്ന് എംഗൽസ് ഏറ്റെടുത്തിരുന്നു. ഗർഭത്തിന് ഉത്തരവാദി മാർക്സ് ആണെന്ന് എംഗൽസ്, തൻറെ മരണക്കിടക്കയിൽ മാർക്‌സിന്റെ  ഇളയ മകളോട് വെളിപ്പെടുത്തി. അവിഹിത സന്തതി ഫ്രഡി ജീവിച്ചു.  ഫ്രഡ്‌ഡിയെ വളർത്താൻ ഒരു തൊഴിലാളി കുടുംബത്തെ ഏൽപിച്ച ശേഷം അവന് മാർക്സ് കുടുംബവുമായി ബന്ധം ഉണ്ടായില്ല. മാർക്സിന്റെ മരണ ശേഷം അവൻ അമ്മയെ കണ്ടു. ആശാരി ആയ ഫ്രഡ്‌ഡി ലേബർ പാർട്ടി അംഗമായിരുന്നു.ഏലിയനോർ ഇയാളെ കണ്ടെത്തി കുടുംബ സുഹൃത്താക്കി.

എംഗൽസ്, സഹവാസത്തിൽ 

എംഗൽസ്, സഹവാസത്തിന് തിരഞ്ഞെടുത്തത് മേരി, ലൂസി സഹോദരിമാരെയാണ്. പരുത്തിയിൽ ചായം കലക്കുന്ന ഐറിഷ് തൊഴിലാളികൾ. വേലക്കാരിയായിരുന്ന ലിസി, മേരി മരിച്ചപ്പോൾ, എംഗൽസിന്റെ കിടപ്പറയിലെത്തി. ലിസിയുടെ അനന്തരവൾ മേരി എല്ലനും ഇവിടെ കിടപ്പറ പങ്കാളിയായിരുന്നു എന്ന് സംശയമുണ്ട്. ഇവരോട് എംഗൽസ് പറഞ്ഞത്, വിവാഹം ബൂർഷ്വാ സങ്കൽപമാണ് എന്നാണ്. കുട്ടികൾ വേണ്ടെന്നും തീരുമാനിച്ചു. 



© Ramachandran


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...