Saturday, 29 June 2019

സാർത്ര്,മെർലോപോണ്ടി -വിച്ഛേദ കഥ

മെർലോപോണ്ടിയും മാർക്സിസം വിട്ടു 

ലയാളികൾ ഒരിക്കലും ശ്രദ്ധിക്കാത്തതും ശ്രദ്ധിക്കേണ്ടിയിരുന്നതുമായ ഫ്രഞ്ച് ചിന്തകനാണ്,മോറിസ് മെർലോപോണ്ടി ( 1908 -1961 ).ശ്രദ്ധിക്കാത്തതിന് കാരണം,മലയാളികൾ സാർത്ര്.കാമു എന്നിവരിലും അവരുടെ കാമുകിമാരിലും ഒതുങ്ങിപ്പോയി എന്നതിനാലും, അവരെ വായിക്കാത്തവർ ബുദ്ധിജീവികൾ ആവില്ല എന്ന് കരുതിയിരുന്നതിനാലും ആണ്.സാർത്ര് എഴുതിയ നോസിയ,റോഡ്‌സ് ടു ഫ്രീഡം നോവൽ ത്രയം എന്നിവ വായിക്കുമ്പോൾ വരണ്ട സാഹിത്യം എന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിലും,പൊതു ധാരണ അതായിരുന്നില്ല.അക്കാലത്തു തന്നെ കാഫ്‌കയും കാമുവും സർഗാത്മക സാഹിത്യകാരന്മാരാണ്  എന്ന ബോധ്യവും ഉണ്ടായി.വ്യക്തിയെ സംബന്ധിച്ച അടിസ്ഥാന ചോദ്യങ്ങൾ ആത്മീയം കൂടിയാണ് എന്നറിയാനുള്ള ചവിട്ടു പലകകൾ -അവിടെ നിന്ന് കസാൻദ് സാക്കിസിൽ എത്തുക എളുപ്പമായിരുന്നു

.
മെർലോപോണ്ടി 
മെർലോപോണ്ടിയാണ് തന്നെ മാർക്സിസത്തിൽ എത്തിച്ചതെന്ന് സാർത്ര് എഴുതിയിട്ടുണ്ട്.സാർത്ര് തുടങ്ങിയ ലെ ടെംപസ് മോഡേണെ യുടെ പത്രാധിപ സമിതി അംഗവുമായിരുന്നു,മെർലോപോണ്ടി.എഡ്‌മണ്ട് ഹുസ്സെളും മാർട്ടിൻ ഹൈഡഗറും സ്വാധീനിച്ച വഴിയിൽ,പ്രതിഭാസിക ശാസ്ത്ര പാതയിൽ മുന്നേറിയ അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസത്തെ മാത്രമല്ല,അവിടെ ലെനിൻറെയും സ്റ്റാലിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ ഭീകരതകളെയും വാരിപ്പുണർന്നു. അതിൻറെ ഫലമായിരുന്നു,1947 ൽ ഇറങ്ങിയ Humanism and Terror.അദ്ദേഹം 1955 ൽ Adventures of the Dialectic എഴുതി,മാർക്സിസം ഉപേക്ഷിക്കുകയും,അതിനു മുൻപേ സാർത്രിൽ നിന്ന് അകലുകയും ചെയ്തു.കാമുവിൻറെ പക്ഷത്ത് മെർലോപോണ്ടിയെ കാണുമ്പോൾ,അത് തന്നെയാണ്,മനുഷ്യ പക്ഷം.

മെർലോപോണ്ടിയുടെ അഞ്ചു വയസ്സിൽ പിതാവ് മരിച്ചതിനാൽ അമ്മയാണ് വളർത്തിയത്.അമ്മയുടെ തണലിൽ സന്തുഷ്ടമായ ബാല്യം, പല ചിന്തകരെയും അപേക്ഷിച്ച് മെർലോപോണ്ടിക്ക് സംയമനം സമ്മാനിച്ചു.മനഃശാസ്ത്രം പഠിക്കുകയും ഫിലോസഫിയിലേക്ക് തിരിയുകയും ചെയ്ത അദ്ദേഹം,രണ്ടിലും പ്രൊഫസറായി ജോലിചെയ്തു.ബാല മനഃശാസ്ത്രം എഴുത്തിൽ പ്രയോഗിച്ച അപൂർവം ചിന്തകരിൽ ഒരാളാണ് -റൂസോയും അത് ചെയ്തിട്ടുണ്ട്.കോളജിൽ സാർത്ര് ,സിമോങ് ദി ബുവ്വ,സൈമൺ വെയിൽ ,ഴാങ് ഹിപ്പൊലൈറ്റ് എന്നിവർ സമകാലികരായിരുന്നു.1929 ഫെബ്രുവരിയിൽ എഡ്‌മണ്ട് ഹുസ്സെളിന്റെ പാരീസ് പ്രഭാഷണങ്ങൾ കേട്ടു.1928 ൽ ജാക്വസ് ഹെല്ലർ എന്ന തൂലികാനാമത്തിൽ നോർഡ്  എന്ന നോവൽ എഴുതിയത് മെർലോപോണ്ടിയാണ് എന്ന് 2014 ൽ കണ്ടെത്തി.

സാർത്ര് തുടങ്ങിയവരുടെ കൂട്ടത്തിൽ മൗലികതയുള്ളയാളാണ് താനെന്ന് 1945 ൽ The Phenomenology of Perception എന്ന പുസ്തകം വഴി മെർലോപോണ്ടി തെളിയിച്ചു.ജീവിതത്തിൽ സന്ധി വേണമെന്ന പക്ഷത്തായിരുന്നു,അദ്ദേഹം..ബോധം, ലോകത്തിനു മേൽ വന്നു വീഴുന്ന മൂടുപടമാണ്.കുറച്ചു കഴിഞ്ഞ് ആ ആവരണം ഇല്ലാതെയാകും.
മൂടു പട ബിംബം അദ്ദേഹം,The Visible and the Invisible എന്ന അടുത്ത പുസ്തകത്തിലും ആവർത്തിച്ചു.

സാർത്രിനൊപ്പം 
നന്നായി നൃത്തം ചെയ്തിരുന്ന മെർലോപോണ്ടി,കുടുംബത്തെ നന്നായി നോക്കിയെന്ന് ഏക മകൾ മരിയൻ ഓർത്തിരുന്നു.പ്രതിസന്ധികളിലും പുഞ്ചിരിച്ചു .വിവാഹത്തിന് പുറത്ത് ഗൗരവമുള്ള ഒരു ബന്ധം സോണിയ ബ്രൗനെല്ലുമായി ഉണ്ടായി;അവരെയാണ് പിന്നീട് ജോർജ് ഓർവെൽ വിവാഹം ചെയ്തത്.സിറിൽ കൊണോലിയുടെ ഹൊറൈസൺ മാസികയ്ക്ക് ഒരു ലേഖനം ചോദിച്ചാണ് അവർ മെർലോപോണ്ടിയെ കണ്ടത്.ലണ്ടനിൽ പോയി ഒരാഴ്ച അവർക്കൊപ്പം താമസിച്ചു.ആ ഒരാഴ്ച നന്നായില്ല.സോണിയ ഓർമിപ്പിച്ചത് മെർലോപോണ്ടിയുടെ പഴയ കാമുകി എലിസബത്ത് ലെ കോയിനെ ആണ്.ഒരിക്കൽ അദ്ദേഹത്തെ കാണാൻ പാരിസിൽ എത്തിയ സോണിയയെ ഹോട്ടൽ മുറിയിൽ കാത്തിരുന്നത്,മെർലോപോണ്ടിയുടെ ഭാര്യ സുസൻറെ കുറിപ്പാണ് -അദ്ദേഹം തെക്കൻ ഫ്രാൻസിലാണ്.അതോടെ ബന്ധം അറ്റു.സോണിയ താമസിയാതെ മരണ  കിടക്കയിലായിരുന്ന ഓർവെല്ലിനെ വിവാഹം ചെയ്തു.

സോണിയ 
ഹുസ്സെളിനെപ്പറ്റി മെർലോപോണ്ടിയുമായി തർക്കിക്കുന്നതിനിടയിൽ 1941 ൽ,തങ്ങളുടെ ഭിന്നതകളുടെ വേരുകൾ കിടക്കുന്നത് ബാല്യത്തിലാണെന്ന് തിരിച്ചറിഞ്ഞതായി സാർത്ര് ഒരിക്കൽ പറയുകയുണ്ടായി.സാർത്ര് എഴുതിയതെല്ലാം തനിക്ക് വിചിത്രമായി തോന്നിയെന്ന് മെർലോപോണ്ടിയും ഒരഭിമുഖത്തിൽ നിരീക്ഷിച്ചു.അത് ചിന്താപരമായ ഭിന്നത ആയിരുന്നില്ല.വികാരപരമായിരുന്നു.പ്രത്യേകിച്ചും നോസിയ. ഇരുവരും വ്യത്യസ്ത മാനസിക നിലകളിൽ ലോകത്തെ കണ്ടത്,ഭിന്നമായിട്ടായിരുന്നു.ജീവിത ലക്ഷ്യത്തിലും അവർ ഭിന്നിച്ചു.കോളജ് ദ ഫ്രാൻസിൽ ഫിലോസഫി മേധാവിയായി 1953 ജനുവരി 15 ന് ചെയ്ത പ്രഭാഷണത്തിൽ നമ്മുടെ അനുഭവത്തിലെ അവ്യക്തതകൾ ആകണം ചിന്തകരെ ആകുലരാക്കേണ്ടതെന്ന് മെർലോപോണ്ടി നിരീക്ഷിച്ചു.യുക്തിയും ശാസ്ത്രവും വച്ച് വ്യക്തമായാണ്,അവ്യക്തതകളെ നേരിടേണ്ടത്.

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബിട്ടതോടെ.അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ യുദ്ധകാലത്തുണ്ടായിരുന്ന സഖ്യം പൊട്ടിത്തകർന്നു.ലോകം മൂന്നാം ലോകയുദ്ധത്തിൽ ഇല്ലാതാകും എന്ന ചിന്ത നിലനിൽക്കെ പടിഞ്ഞാറൻ യൂറോപ്പിൽ പലരും സോവിയറ്റ് യൂണിയനിൽ പ്രതീക്ഷ അർപ്പിച്ചു.അവിടെ നിന്നാകട്ടെ,ഉന്മൂലന ക്യാമ്പുകളുടെ കഥകൾ വന്നു.എന്നിട്ടും അമേരിക്കയുടെ ചൂഷണ ലോകത്തെക്കാൾ നല്ലത് സോവിയറ്റ് യൂണിയൻ എന്ന് കരുതിയ കൂട്ടത്തിലായിരുന്നു,സാർത്ര്.അമേരിക്ക കമ്മ്യൂണിസത്തെ അടിച്ചമർത്തിക്കൊണ്ടിരുന്നു.
സാര്‍ത്ര്, ക്രൂരമായ കൊലകള്‍ നടന്നിട്ടും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനൊപ്പം നിന്നു. ഇക്കാലത്ത്, സാര്‍ത്രിനോട് മെര്‍ലോപോണ്ടി ചോദിച്ചു:

 300 പേരെയും 3000 പേരെയും കൊല്ലുന്ന രണ്ടു സംഭവങ്ങളുണ്ടെങ്കില്‍, താങ്കള്‍ ഏതിന്റെ കൂടെ നില്‍ക്കും? എന്തു വ്യത്യാസമാണ്, തത്വചിന്താപരമായി ഇതിലുള്ളത്? 

സാർത്ര്  പറഞ്ഞു:

''കണക്കിലെ വ്യത്യാസമുണ്ട്. തത്വചിന്താപരമായി, വ്യത്യാസമൊന്നുമില്ല. ഒരു വ്യക്തി സ്വന്തം നിലയ്ക്കുതന്നെ അനന്ത പ്രപഞ്ചമാണ്. ഒരു അനന്തതയെ മറ്റൊരു അനന്തതയുമായി താരതമ്യം ചെയ്യാനാവില്ല. രണ്ടു സംഭവങ്ങളിലും കണക്കാക്കാനാകാത്തതാണ്, ജീവിത നഷ്ടം.''

 സാര്‍ത്ര്, ഭരണകൂടത്തലവന്മാരുടെ കാഴ്ചപ്പാടു സ്വീകരിക്കുന്നതിനു പകരം, തത്വചിന്തകനെപ്പോലെ, മാത്രം സംസാരിക്കുന്നതായി അന്ന് കമ്യൂണിസ്റ്റ് പക്ഷപാതിയായ മെര്‍ലോപോണ്ടിക്കു തോന്നി. 
1940 ല്‍ പുറത്തുവന്ന ആർതർ കോയ്സ്ലറുടെ നട്ടുച്ചയ്ക്കിരുട്ട് എന്ന  നോവല്‍, അച്യുതാനന്ദനെപ്പോലെ അവസാനത്തെ ബോള്‍ഷെവിക്കായ, സ്റ്റാലിന്റെ സൈദ്ധാന്തികന്‍ നിക്കൊളായ് ബുഖാറിനെ, 1938 ല്‍ സ്റ്റാലിന്‍ തന്നെ മഹാശുദ്ധീകരണത്തില്‍ കൊന്നതിന്റെ കഥയാണ്. ഒരു വ്യാജ കുറ്റസമ്മതത്തില്‍ ഒപ്പിട്ട്, പാര്‍ട്ടിക്കൂറുള്ള ഒരാള്‍, 'ഭരണകൂടത്തിന്റെ നന്മ'യ്ക്കായി, സ്വയം മരണത്തിലേക്ക് പോകുന്ന സാങ്കല്‍പിക കഥയാക്കി, കോയ്സ്ലര്‍ അതിനെ മാറ്റി. ഒരു കമ്യൂണിസ്റ്റിന് പാര്‍ട്ടിയെയും ഭരണകൂടത്തെയും പ്രതിരോധിച്ച് എത്രവരെ മുന്നോട്ടുപോകാം എന്ന ചോദ്യം കോയ്സ്ലര്‍ ഉന്നയിച്ചു. 'യോഗിയും കൊമ്മിസ്സാറും' എന്ന ലേഖനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പിന്നെയും അദ്ദേഹം ഉയര്‍ത്തി. വിദൂരമായ ഒരാദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്ന കൊമ്മിസ്സാറാണോ, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന യോഗിയാണോ ശരി? പാശ്ചാത്യലോകത്തും തിന്മകളില്ലേ എന്ന മറുചോദ്യം, മെര്‍ലോ-പോണ്ടി, താനും സാര്‍ത്രും ചേര്‍ന്നു നടത്തുന്ന 'ലെ ടെംപസ് മൊഡേണെ' മാസികയില്‍, 'യോഗിയും തൊഴിലാളിയും' എന്ന ലേഖനത്തില്‍ ഉയര്‍ത്തി. കോയ്സ്ലര്‍ അതിനെ അവഗണിച്ചു
പക്ഷേ, കമ്യു രോഷാകുലനായി. ബോറിസ് വിയാന്റെ സായാഹ്ന വിരുന്നില്‍, മെര്‍ലോ-പോണ്ടിയെ കമ്യു ചീത്തവിളിച്ച് പുറത്തേക്കുപോയി. സാര്‍ത്ര് പിന്നാലെ ഓടി. സാര്‍ത്രും കമ്യുവും കുറെനാള്‍ മിണ്ടാതായി.കാമുവിനേക്കാൾ ഭേദമാണ് തങ്ങളെന്ന് മൂവരും കരുതി.

1949 ഓഗസ്റ്റ് 29 ന് സോവിയറ്റ് യൂണിയൻ ആറ്റം ബോംബ് പൊട്ടിക്കുകയും ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കുകയും ചെയ്തതോടെ നില വഷളായി.ചൈനയും സോവിയറ്റ് യൂണിയനും ഉത്തര കൊറിയയെയും അമേരിക്ക ദക്ഷിണ കൊറിയയെയും തുണച്ചപ്പോൾ ഫ്രാൻസിൽ യുദ്ധ ഭീതി പരന്നു.സോവിയറ്റ് യൂണിയൻ ഫ്രാൻസിനെ ആക്രമിച്ചു കീഴടക്കുമെന്ന സംശയം ശക്തമായി.ചാഞ്ചാട്ടം കാട്ടിയ സാർത്രിനെ  റഷ്യ, പേനയേന്തിയ കഴുതപ്പുലി എന്ന് വിളിച്ചു.1948 ഏപ്രിലിൽ Dirty Hands എന്ന നാടകത്തിൽ സാർത്ര് സോവിയറ്റ് യൂണിയൻറെ ആക്രമണ പ്രവണത ച്ത്രീകരിച്ചപ്പോൾ,സോവിയറ്റ് സാംസ്‌കാരിക കമ്മിസാർ അലക്സാണ്ടർ ഫദായേവ് ആണ് അങ്ങനെ വിളിച്ചത്.

മെർലോപോണ്ടി സോവിയറ്റ് യൂണിയനൊപ്പം നിന്നു -കുട്ടിയെപ്പോലെ ഒന്നും സംഭവിക്കാത്ത മട്ടിൽ എന്ന് പിന്നീട് സാർത്ര് ഓർമിച്ചു.ആക്രമണം വന്നാൽ ന്യൂയോർക്കിൽ പോയി എലിവേറ്റർ ബോയ് ആകുമെന്ന് മെർലോപോണ്ടി തമാശ പറഞ്ഞു.സെയിന്റ് റാഫേലിൽ അവധി ആഘോഷിക്കുന്നതിനിടയിൽ ആകസ്മികമായി കണ്ട ഇരുവരും ഭാവി ചർച്ച ചെയ്തു.കൊറിയൻ പ്രശ്നത്തിൽ മാസിക നയം സ്വീകരിക്കണമെന്ന് സാർത്ര് പറഞ്ഞത്,മെർലോപോണ്ടി അംഗീകരിച്ചില്ല.
വിയോജിപ്പ് എഡിറ്റോറിയൽ നയത്തിനപ്പുറമായിരുന്നു.കമ്മ്യൂണിസത്തിൽ ഒരാളുടെ വിശ്വാസം ഏതറ്റം വരെ കൊണ്ടു പോകാം എന്നതായിരുന്നു,പ്രശ്‍നം.ഉത്തര കൊറിയ എന്ന കമ്മ്യുണിസ്റ്റ് രാഷ്ട്രം ദക്ഷിണ കൊറിയയെ ആക്രമിച്ചത് ശരിയായില്ലെന്ന് മെർലോപോണ്ടിക്ക് തോന്നി.മുതലാളിത്തലോകത്തെ പോലെ ആർത്തിയുള്ളതാണ്,കമ്മ്യൂണിസ്റ്റ് ലോകവും.പ്രത്യയ ശാസ്ത്രം മൂടുപടം മാത്രമാണ്.സോവിയറ്റ് ഉന്മൂലന ക്യാമ്പുകളും മെർലോപോണ്ടിയെ അസ്വസ്ഥനാക്കി.

കാമുവിൻറെ റിബലിന് എതിരെ മാസിക ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ,കാമു സാർത്രിന് 17 പേജ് കത്തെഴുതി.ഫ്രാൻസിസ് ജിൻസൺ എന്ന സഹപ്രവർത്തകനെ കൊണ്ടാണ് സാർത്ര് കാമുവിന് എതിരെ എഴുതിച്ചത്.1953 ൽ സഹ എഡിറ്ററായ മെർലോപോണ്ടിയെ കാണിക്കാതെ സാർത്ര്,Communists and Peace എന്ന പ്രബന്ധത്തിൻറെ ആദ്യ ഭാഗം മാസികയിൽ പ്രസിദ്ധീകരിച്ചു.മര്യാദകേട് ആണെന്നറിഞ്ഞാണ് സാർത്ര് അത് ചെയ്തത്.കാണിച്ചിരുന്നെങ്കിൽ മെർലോപോണ്ടി കത്രിക വച്ചേനെ.മെർലോപോണ്ടി കാമുവിൻറെ പക്ഷത്തേക്ക് മാറിയിരുന്നു.1953 ആദ്യം വരെ ഇരുവരും തമ്മിൽ സംഘർഷം വർധിച്ചു.ജനുവരിയിൽ കോളജ് ദ് ഫ്രാൻസിൽ മെർലോപോണ്ടി മേധാവിയായ ചടങ്ങിൽ പങ്കെടുത്ത സാർത്ര്,ചെറു പ്രസംഗത്തിൽ,അദ്ദേഹത്തെ അഭിനന്ദിച്ചില്ല.പൊതു പ്രശ്നങ്ങളിൽ ചിന്തകർ ജാഗ്രത പുലർത്തണമെന്നും അവ്യക്തത ഒഴിവാക്കണമെന്നും മെർലോപോണ്ടി പ്രസംഗത്തിൽ പറഞ്ഞത് സാർത്രിനെ ലക്ഷ്യമാക്കി ആയിരുന്നു.കാര്യങ്ങൾ മെർലോപോണ്ടി ചെറിയ തോതിൽ അട്ടിമറിക്കുമെന്ന് താൻ കരുതുന്നതായി നീരസത്തോടെ സാർത്ര് പരിഹസിച്ചു.സന്ധിക്കായി സാർത്ര് റോമിൽ നിന്ന് എഴുതിയെങ്കിലും,മെർലോപോണ്ടിയുടെ മനസ്സ് മാറിയില്ല.മാസികയുടെ ജോലി ഏതാണ്ട് പൂർണമായും ചെയ്തിരുന്ന മെർലോപോണ്ടി എഡിറ്റോറിയൽ യോഗങ്ങളിൽ വൈകി.ഒരു സോവിയറ്റ് അനുകൂല ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ,അത് മാസികയുടെ നയമല്ല എന്ന് ആമുഖമായി മെർലോപോണ്ടി എഴുതിയത്,സാർത്ര് വെട്ടിയതോടെ,അവസാന ആണിയായി.ഫോണിൽ രണ്ടു മണിക്കൂർ തർക്കിച്ച ശേഷം,മെർലോപോണ്ടി കുടുംബത്തോട് പറഞ്ഞു:"അത് അവസാനിച്ചു."
ഈ വിച്ഛേദത്തിൻറെ ആഘാതം ചെറുതാക്കി,മെർലോപോണ്ടിയുടെ അമ്മ മരിച്ചു.

1955 ൽ Adventures of the Dialectic എഴുതി,മാർക്‌സിയൻ  പ്രത്യയ ശാസ്ത്രത്തിൽ നിന്ന് തന്നെ മെർലോപോണ്ടി സ്വയം  വിച്ഛേദിച്ചു.ജോർജ് ലൂക്കാച്ച് തുടങ്ങിയ മാർക്സിസ്റ്റ് സൈദ്ധാന്തികരെ പിച്ചിക്കീറുന്നതാണ്,പുസ്തകം.അതിൽ Sartre and Ultrabolshevism എന്ന നീണ്ട പ്രബന്ധത്തിൽ,സാർത്രിന്റെ പൊള്ളത്തരവും വിവരിക്കുന്നു.സാർത്രിന്റെ ചിന്തയ്ക്ക് നൈരന്തര്യമില്ല,പ്രായോഗികതയും.മെർലോപോണ്ടിയെ ആക്രമിച്ച് ബുവ്വ രംഗത്ത് വന്നു.പാർട്ടി തന്നെ നടത്തിയ ആക്രമണത്തിന് മുന്നിൽ ഇത് നിസ്സാരമായിരുന്നു.
മാർക്സിസത്തിൻറെ അവശേഷിക്കുന്ന തുരുത്തായ കേരളത്തിൽ മെർലോപോണ്ടി അറിയപ്പെടാത്തതിൽ അദ്‌ഭുതമില്ല.

















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...