Wednesday 11 September 2019

ഏകദൈവവും സാമ്രാജ്യത്വവും 

അന്ധനായ മാർക്‌സ് 5

മാർക്‌സിന്റെ ജർമനിയിൽ,ഇന്ത്യയെ നന്നായി അറിഞ്ഞിരുന്ന ഒരു മഹാകവി ഉണ്ടായിരുന്നു-ഫ്രഡറിക് റൂക്കർട്ട് ( Friedrich Ruckert 1788-1866).ആറു വാല്യങ്ങളുള്ള അദ്ദേഹത്തിൻറെ മഹാകാവ്യത്തിൻറെ പേര് "ബ്രഹ്മ ജ്ഞാനം".ഇത് ഗോയിഥെയുടെ 12 വാല്യങ്ങളുള്ള മഹാകാവ്യമായ 'പശ്ചിമ -പൗരസ്ത്യ ഭാവഗീതങ്ങളെ'ക്കാൾ സുന്ദരമാണെന്ന് മാക്‌സ് മുള്ളർ പറയുന്നു.Weisheit des Brahmanen എന്ന് ജർമൻ ശീർഷകം.Wisdom of the Brahmins എന്ന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടെങ്കിലും,'ബ്രഹ്മജ്ഞാനം' ആണ് സംസ്‌കൃതത്തിൽ ഉചിതം.

കവിയും പരിഭാഷകനുമായ റൂക്കർട്ട് 1826 -49 ൽ പൗരസ്ത്യ ഭാഷാ പ്രൊഫസറായിരുന്നു . ആ സ്ഥാനം രാജി വച്ച് സ്വന്തം തോട്ടത്തിൽ വിശ്രമിച്ചു.30 ഭാഷകൾ അറിയാമായിരുന്ന അദ്ദേഹം നിരവധി പൗരസ്ത്യ കൃതികൾ ജര്മനിൽ എത്തിച്ചു.1836 -39 ൽ 'ബ്രഹ്മ ജ്ഞാനം' പൂർത്തീകരിച്ചു.ഗോയ്ഥെയുടെ രചന 1814 -19 ൽ വന്നിരുന്നു.റൂക്കർട്ടിന്റെ ഒരു സമാഹാരത്തിന്റെ ശീർഷകം 'കിഴക്കൻ പനിനീർപ്പൂക്കൾ' എന്നാണ്.ഗൊയ്ഥെയ്ക്ക് പേർഷ്യൻ കവി ഹാഫിസാണ് പ്രചോദനം.റൂക്കർട്ടിന് ഇന്ത്യ തന്നെ.

ലിപ്‌സിഗിൽ സംസ്‌കൃതം പഠിച്ച മുള്ളർ എഴുതി:

"ജർമനിയിൽ സംസ്‌കൃതം പഠിക്കുന്ന ഒരു പണ്ഡിതൻ സനാതന ജ്ഞാനത്തിൻറെ അഗാധവും അജ്ഞാതവുമായ മായികതകളിൽ ജ്ഞാനമുള്ളവനായിരിക്കും എന്നാണ് സങ്കൽപം.ഇന്ത്യയിൽ യാത്ര ചെയ്‌ത ഒരാൾ പറയുന്നത്,അയാൾ കണ്ടത്,കൽക്കട്ട,ബോംബെ,മദ്രാസ് എന്നീ സ്ഥലങ്ങൾ മാത്രമായാൽ പോലും,മാർകോ പോളോ പറയുന്നത് പോലെ ജർമൻകാർ കേട്ട് കൊണ്ടിരിക്കും.ഇംഗ്ലണ്ടിലാകട്ടെ,സംസ്‌കൃതം പഠിച്ചവനെ വിരസനായാണ് കാണുന്നത്."( 1 )
വില്യം ജോൺസ് 
മാർക്‌സ് ജർമനിയെ തന്നെയും വേണ്ട വിധം അറിഞ്ഞിരുന്നില്ല എന്നർത്ഥം.സാംസ്‌കാരിക മേഖലയെപ്പറ്റി അജ്ഞനായിരുന്ന മാർക്‌സിന്റെ ഏറ്റവും വലിയ കുഴപ്പം,ആത്മീയതയുടെ നിരാകരണം ആയിരുന്നു.കവികളാണ്,സൈദ്ധാന്തികരല്ല,സത്യത്തോട് അടുത്ത് നിൽക്കുക.മുള്ളറുടെ പിതാവ് കവി ആയിരുന്നു .പിതാവ് വക്കീൽ ആയിട്ടും റൂക്കർട്ട് രക്ഷപ്പെട്ടു.

എന്തായിരുന്നു,മുള്ളർ കണ്ട ഇന്ത്യ?

സംസ്‌കൃതത്തിലെ 'അഗ്നി'ക്ക് ലാറ്റിനിൽ 'ഇഗ്നിസ്'എന്ന് പറയും.സ്കോട്ടിഷിൽ 'ഇൻഗ്ലെ'.പല ഭാഷകളിലും തീക്ക് ഇത്തരം വാക്കുകൾ ആയിരുന്നിരിക്കും.പിന്നെ അവ മാറിയിരിക്കും.വാക്കുകൾക്കും നാശവും ഉയിർപ്പുമുണ്ട്.ഇങ്ങനെ ഒരു പൊതു നാഗരികത ഉണ്ടായിരുന്നു എന്ന് സങ്കൽപിച്ചാൽ അത് കാണാൻ ഇന്ത്യയിലേക്ക് നോക്കണം.രാഷ്ട്രീയ ചരിത്രമല്ല,മനുഷ്യ മനസ്സിൻറെ ചരിത്ര ഉറവിടം അറിയാൻ ഇന്ത്യയിലേക്ക് നോക്കണം.

ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ കൊള്ളക്കാരെപ്പോലെയോ ലണ്ടനിലെത്തി ബ്രിട്ടീഷ് പക്ഷപാതിയായ മാർക്സിനെ പോലെയോ ഇന്ത്യ വിരുദ്ധരായിരുന്നില്ല എല്ലാ ബ്രിട്ടീഷുകാരും.ആംഗ്ലോ -വെൽഷ് ഭാഷാ ശാസ്ത്രജ്ഞനായിരുന്ന സർ വില്യം ജോൺസ് ( 1746 -1794 ).ബംഗാളിലെ ഫോർട്ട് വില്യമിൽ സുപ്രീം കോടതി ജഡ്‌ജിയായ അദ്ദേഹം പ്രാചീന ഇന്ത്യ ചരിത്ര പണ്ഡിതനായിരുന്നു.യൂറോപ്പിലെ ഭാഷകളും ഇന്ത്യൻ ഭാഷകളും തമ്മിൽ ബന്ധമുണ്ട് എന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ട് വച്ച അദ്ദേഹമാണ്,ഹെൻറി തോമസ് കോൾബ്രുക്,നഥാനിയൽ ഹോൾഹെഡ് എന്നിവർക്കൊപ്പം 1784 ൽ ബംഗാളിൽ ഏഷ്യാറ്റിക് സൊസൈറ്റി ഉണ്ടാക്കിയത്.'യൂറോപ്പിലെ മഹാനായ ആദ്യ സംസ്‌കൃത പണ്ഡിതൻ'എന്നറിയപ്പെട്ട കോൾബ്രുക് ( 1765 -1837 ) ഈസ്റ്റ് ഇന്ത്യ കമ്പനി ചെയർമാൻ ജോർജ് കോൾബ്രുകിൻറെ മകനായിരുന്നു.ഗണിത ശാസ്ത്രജ്ഞനായ അദ്ദേഹം 1782 ൽ കൽക്കട്ടയിൽ ഈസ്റ്റ് ഇന്ത്യ കമ്പനി റൈറ്റർ ആയി.അപ്പീൽ കോടതി അധ്യക്ഷൻ വരെ ആയി.അദ്ദേഹത്തെ 1805 ൽ വെല്ലസ്ലി ഫോർട്ട് വില്യം കോളജിൽ ഹിന്ദു നിയമത്തിൻറെയും സംസ്‌കൃതത്തിന്റെയും പ്രൊഫസറാക്കി.ഇവിടെ വന്ന ശേഷം സംസ്‌കൃതം പഠിച്ചാണ് Digest of Hindu Laws എന്ന പരിഭാഷ തയ്യാറാക്കിയത്.വിജ്ഞാനേശ്വരൻറെ 'മിതാക്ഷരം',ജീമൂത വാഹനൻറെ 'ദയാഭാഗം'എന്നിവ പരിഭാഷപ്പെടുത്തി.Law of Inheritance,Sanskrit Grammar ( 1805 ),Essay on the Vedas എന്നിവയും എഴുതി.

ഭാഷാ ശാസ്ത്രജ്ഞനായ ഹോൾഹെഡ് ( 1751 -1830 ) ഓക്സ്ഫോഡിൽ പഠിക്കുമ്പോൾ തന്നെ വില്യം ജോൺസിനെ പരിചയപ്പെട്ടിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി റൈറ്ററായി ഇന്ത്യയിൽ എത്തി വാറൻ ഹേസ്റ്റിങ്സ് പറഞ്ഞ പ്രകാരം,സംസ്‌കൃത മൂലത്തിൻറെ പേർഷ്യൻ തർജ്ജമയിൽ നിന്ന് ഹിന്ദു നിയമ സംഹിത ഇംഗ്ലീഷിലാക്കി,1776 ൽ A Code of Gentoo Laws എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചു.1778 ൽ അദ്ദേഹം എഴുതിയ 'ബംഗാളി ഗ്രാമർ' അച്ചടിക്കാനാണ് ആദ്യമായി ബംഗാളിൽ അച്ചടിശാല സ്ഥാപിച്ചത്.ബ്രിട്ടനിലേക്ക് മടങ്ങിയ ശേഷം 'മഹാഭാരതം' സ്വന്ത നിലയിൽ 'പ്രപഞ്ചത്തിൻറെ അപാരലീല' തിരിച്ചറിയാനായി അദ്ദേഹം പരിഭാഷപ്പെടുത്തി.അദ്ദേഹം ഇന്ത്യയെപ്പറ്റിയെഴുതിയ കയ്യെഴുത്ത് പ്രതികൾ ബ്രിട്ടീഷ് മ്യൂസിയത്തിലും 'മഹാഭാരതം' അപൂർണ തർജമ കൊൽക്കത്ത ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറിയിലും മരണാനന്തരം എത്തി.

മാർക്‌സ് ഇന്ത്യയെപ്പറ്റി മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നതിന് 70 വർഷം മുൻപ് 1783 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് താൻ  നടത്തിയ യാത്രയെപ്പറ്റി ജോൺസ് എഴുതിയ ഓർമ്മക്കുറിപ്പിൽ തന്നെ മാർക്സിന് മറുപടിയുണ്ട് ( 2 ):

"കഴിഞ്ഞ ഓഗസ്റ്റിൽ,ഇന്ത്യയിലേക്ക് ചിരകാലം ആഗ്രഹിച്ച കടൽ യാത്രയുടെ സായാഹ്നത്തിൽ ഞാൻ തിരിച്ചറിഞ്ഞു-ഇന്ത്യ ഇതാ മുന്നിലും,പേർഷ്യ ഇടത്തും.അമരത്ത് അറേബിയയിൽ നിന്നുള്ള കാറ്റ്.ആ നവോന്മേഷ അന്തരീക്ഷം മനസ്സിനെ തരളിതമാക്കി.ഈ പൗരസ്ത്യ ദേശത്തെ സംഭവ ബഹുലമായ ചരിത്രവും താദാത്മ്യം പ്രാപിച്ച കൽപിത കഥകളും വഴിയാണ് നേരത്തെ അറിഞ്ഞിരുന്നത്.ശാസ്ത്രങ്ങളുടെ വിളനിലവും സമ്പുഷ്ട കലകളുടെ തൊട്ടിലും മഹദ് സംഭവ വേദിയും മനീഷയുടെ ഉർവരദേശവുമായ,വിസ്‌തൃതമായ ഏഷ്യ വലയം ചെയ്‌ത ആ കുലീന രംഗ ഭൂമിയിൽ എത്തിയപ്പോൾ വിവരിക്കാനാകാത്ത ആഹ്ളാദമുണ്ടായി.മതങ്ങളും ആചാരങ്ങളും പെരുമാറ്റ രീതികളും ഭാഷകളും മനുഷ്യ രൂപങ്ങളും അനന്ത വൈചിത്ര്യങ്ങളിൽ കാണുകയാണ്.ഈ വിശാല ലോകം ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അതിൻറെ കരുത്തൻ സാദ്ധ്യതകൾ വികസിക്കാനുണ്ടെന്നും തോന്നി".

മുപ്പത്തേഴാം വയസിൽ കപ്പലിൻറെ ഡെക്കിൽ നിന്ന് ഒരസ്തമയ നേരത്ത് ജോൺസ് കണ്ട സ്വപ്നത്തിൽ ഇന്ത്യയെപ്പറ്റി കുലീന പ്രതീക്ഷകൾ നിറഞ്ഞു നിന്നു.പഠിക്കാൻ വരുന്നവന്റെ മനസ്സിൽ ഇന്ത്യ വികാരസാഗരവും വിജ്ഞാന ഭണ്ഡാഗാരവുമാണ്.

വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറൽ ആയിരിക്കെ,വാരാണസിയിലെ നദീതീരത്തു നിന്ന് 172 പേർഷ്യൻ സ്വർണ നാണയങ്ങൾ കിട്ടി.ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ ബോർഡിന് ഇത് സമ്മാനമായി നൽകുമ്പോൾ ഹേസ്റ്റിംഗ്‌സിന് കൃതാർത്ഥത ഉണ്ടായി.എന്നാൽ ഈ പ്രാചീന നാണയങ്ങൾ ഉരുക്കിയെന്ന് പിന്നീട് വെളിവായി ( 3 ).ഇതാണ് കൊള്ളക്കാരൻ കണ്ട ഇന്ത്യ.ഇന്ത്യയിൽ തുറന്ന ശവകുടീരങ്ങളിൽ ഇത്തരം സ്വർണ നിക്ഷേപങ്ങൾ കണ്ടിരുന്നതായി ബംഗാൾ ഏഷ്യാറ്റിക് ജേര്ണലി ൻറെ അവസാന ലക്കങ്ങളിൽ ഒന്നിൽ കാണാം.ഉരുക്കി കളയാവുന്ന സ്വർണം ആയല്ല,ഓർമകളുടെ സുവർണ നിധി ആയാണ് ഇന്ത്യക്കാരൻ അവയൊക്കെ ത്യജിച്ചത്.

" ഈ ലോകത്ത് ഏറ്റവും സമൃദ്ധിയും ശക്തിയും പ്രകൃതി സൗന്ദര്യവുമുള്ള ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇന്ത്യയാണ്",മുള്ളർ എഴുതി."'ആകാശത്തിന് കീഴിൽ മനുഷ്യ മനസ്സ് ഏറ്റവും വളർന്ന മേഖലയാണ് അത്.പ്ളേറ്റോയ്ക്കും കാന്റിനും നിർധാരണം കഴിയാനാകാത്ത പ്രശ്നങ്ങൾക്ക് പരിഹാരം നിര്ദേശിക്കാനാകുന്ന രാജ്യം.ഗ്രീക്കുകാരും റോമക്കാരും ജൂതന്മാരും നൽകിയ തത്വങ്ങളിൽ ജീവിച്ചതാണ് യൂറോപ്.എന്നാൽ മനുഷ്യൻറെ ആന്തരിക ജീവിതം പൂർണമാക്കാനാവുന്ന അനന്തമായ സമഗ്ര മാനവിക ചിന്തയാണ് ഇന്ത്യയുടേത്".

പ്ളേറ്റോയുടെ 'ക്രാറ്റിലസി'ൽ ( Cratylus ) കാണുന്ന സിംഹത്തിൻറെ തൊലിയിട്ട കഴുതയുടെ കഥ ഇവിടെ നിന്ന് പോയതാണ്.അഫ്രോഡൈറ്റ് പെണ്ണായി വേഷം മാറിയ കീരി,പെണ്ണായ ശേഷവും എലിയെ കണ്ടപ്പോൾ ചാടി വീണ കഥയും കിഴക്കു നിന്ന്.അന്യാപദേശ കഥകളുടെ കൂമ്പാരമാണ്,ബുദ്ധമതം.സോളമൻറെ കാലത്ത് ഇന്ത്യയും സിറിയയും പലസ്തീനും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്നു.ബൈബിളിൽ സംസ്‌കൃത വാക്കുകൾ കാണാം.ഒരു കുഞ്ഞിനായി രണ്ട് അമ്മമാർ തർക്കം ഉന്നയിച്ചപ്പോൾ കുഞ്ഞിനെ രണ്ടായി അമ്മമാർക്ക് വീതിക്കാൻ കൽപിച്ച സോളമൻ ജൂതന്മാർക്ക് ജ്ഞാനിയാണ്.ബുദ്ധൻറെ 'ത്രിപീടിക' യുടെ ടിബറ്റൻ പരിഭാഷയായ 'കാഞ്ഞൂറി'ൽ ഈ കഥയുണ്ട്.രാജാവിന് പരിഹാരം നിർദേശിക്കാൻ വയ്യാതായപ്പോൾ പ്രത്യക്ഷപ്പെട്ട വിശാഖൻ,കുഞ്ഞിനെ അവർ കൊണ്ട് പോയി സ്വയം പരിഹരിക്കട്ടെ എന്ന് നിർദേശിച്ചു.അമ്മമാർ ചാടി വീണ് കുഞ്ഞ്  പരുക്കേറ്റ് കരഞ്ഞപ്പോൾ,സഹിക്കാനാകാതെ ഒരമ്മ അതിനെ വിട്ടു.അങ്ങനെ പ്രശ്‍നം പരിഹരിച്ചു.ഈ കഥയിൽ മനുഷ്യ സ്വഭാവത്തിൻറെ ആഴമുള്ള വായനയുണ്ട്.കുഞ്ഞിനെ രണ്ടാക്കി മുറിക്കുന്ന ഹിംസ ഇതിൽ ഇല്ല.

ഇവിടെ നിയമങ്ങൾ പണ്ടേ ഉണ്ടായിരുന്നുവെന്ന് വില്യം ജോൺസിൻറെയും മറ്റും പരിഭാഷകളിൽ നിന്ന് വ്യക്തമാണ്.'മനുസ്‌മൃതി'
യുടെ പഴക്കം ബി സി 500 മുതൽ എ ഡി നാലാം നൂറ്റാണ്ടു വരെയാകാം."ഇന്ത്യയ്ക്ക് യൂറോപ്പിൻറെ ചരിത്ര ചരിത്രത്തിൽ മാത്രമല്ല,ചരിത്ര ജീവിതത്തിൽ തന്നെയും,മനുഷ്യ മനസ്സിൻറെ ചരിത്രത്തിലും സ്ഥാനമുണ്ട്",മുള്ളർ എഴുതുന്നു.ഒരു നല്ല ചരിത്രകാരനെ കണ്ടെത്താനാകാതെ നെടുവീർപ്പിട്ട മഹാനായ ഫ്രഡറിക് പറഞ്ഞത്,പ്രഷ്യയുടെ ചരിത്രമെഴുതിയവരെല്ലാം തൻറെ യൂണിഫോമിലെ ബട്ടണുകളുടെ എണ്ണമെഴുതി എന്നാണ്.അതുകൊണ്ടാണ് ഈ ചരിത്രകാരന്മാരുടെ പേരുകൾ ഭാവിക്ക് വേണ്ടി കരുതുകയില്ലെന്ന് സ്‌കോട്ടിഷ് ചരിത്രകാരൻ തോമസ് കാർലൈൽ പറഞ്ഞത്. നാം ചരിത്രം പഠിക്കുന്നത് ഇപ്പോൾ നിൽക്കുന്നിടത്തു നിന്ന് തുടങ്ങാൻ അല്ല.ഭൂതകാല അനുഭവങ്ങളിൽ നിന്ന് മുന്നോട്ട് പോകാനാണ്.അതുകൊണ്ട് ഇവിടെ ഭൂതകാലം തളം കെട്ടിക്കിടക്കുന്നുവെന്ന് മാർക്‌സ് പരിഹസിച്ചാൽ ,നാം അതിൽ അഭിമാനിക്കണം.പ്രാചീന ചരിത്രത്തിൽ വിട്ടുപോയ കണ്ണികൾ ഉണ്ടെങ്കിൽ അവ കണ്ടെത്താൻ ചരിത്രകാരന് ഇന്ത്യയാണ് ആശ്രയം.മനുഷ്യ കുലത്തിന്റെ ശൈശവ സ്‌മൃതികൾ ഇന്ത്യയിലാണ്.

ഇവിടെ നിന്നാണ് നാം മെക്‌സിക്കൻ കവി ഒക്റ്റേവിയോ പാസിലേക്ക് പോകുന്നത്.1990ൽ സാഹിത്യ നൊബേൽ കിട്ടിയ അദ്ദേഹം 1951 ൽ ഡൽഹി മെക്‌സിക്കോ എംബസിയിൽ അറ്റാഷെയായിരുന്നു .11 വർഷം കഴിഞ്ഞ് സ്ഥാനപതി.ലാറ്റിനമേരിക്കൻ സാഹിത്യ കുലപതി.ഇവിടെ താമസിച്ച് ഇന്ത്യയെ കണ്ടെത്തിയ പാസ്,In Light of India ( 1995 ) എഴുതി.അതിൽ 'ഇന്ത്യൻ ചരിത്രത്തിൻറെ അനന്യത' എന്ന അധ്യായത്തിൽ അദ്ദേഹം നിരീക്ഷിച്ചു :

"മിസോ അമേരിക്കൻ,ഇൻക നാഗരികതകൾ മൗലികമാണെങ്കിലും,അവ ഉപനിഷത്തുക്കൾ,ഭഗവദ് ഗീത എന്നിവ പോലെയോ സാരാനാഥിലെ പ്രബോധനം പോലെയോ മഹത്തായ ഒന്നും നൽകിയില്ല.ഇന്ത്യൻ നാഗരികതയുടെ പ്രാചീനത ദീർഘമാണ്.സിന്ധു തട നാഗരികത ബി സി 2500 -1700 ആയിരുന്നു.മിസോ അമേരിക്കൻ ആകട്ടെ,ബി സി 1000 -എ ഡി 300.ഇന്ത്യ എപ്പോഴും പ്രാചീന ലോകത്തെ മറ്റ് നാഗരികതകളുമായി ആശയ വിനിമയത്തിൽ ആയിരുന്നു.മെസൊപൊട്ടേമിയ മുതൽ മംഗോളിയ വരെ.ഇന്ത്യൻ വിചാരധാര മറ്റുള്ളവർ പകർത്തി.ഇന്ത്യയും സ്വീകരിച്ചു.ബുദ്ധമതം ശ്രീലങ്ക.ചൈന,കൊറിയ,ജപ്പാൻ എന്നിവിടങ്ങളിലേക്ക് പോയ പോലെയോ ഗ്രീക്ക്,റോമൻ ശിൽപ കല ഇന്ത്യൻ കലയെ സ്വാധീനിച്ച പോലെയോ ക്രിസ്‌തു മതം,ബുദ്ധമതം,സൊരാഷ്ട്രിയൻ മതം എന്നിവ തമ്മിൽ നടന്ന വിനിമയങ്ങൾ പോലെയോ ഒന്നും മെക്‌സിക്കോയിൽ ഉണ്ടായില്ല.സിന്ധു തട നാഗരികത തന്നെ,പുതുതായി ഉണ്ടായതല്ല.അതൊരു പൂർവ്വഗാമിയാണ്.മോഹൻജെദാരോയിലും ഹാരപ്പയിലും ഹിന്ദു ചിഹ്നങ്ങളുണ്ട്-ശിവലിംഗം പോലെ."

യൂറോപ്പുമായി ഇന്ത്യൻ സംസ്‌കാരത്തിനുള്ള ബന്ധം വിവരിച്ച ജോർജസ് ഡുമേസിൽ വിവരിച്ച നിരത്തിയ ഉദാഹരണങ്ങൾ പാസ് പരാമർശിക്കുന്നു.സിന്ധു തട നാഗരികതയ്ക്ക് കൂടുതൽ ബന്ധം മെസൊപൊട്ടേമിയയുമായി ഉണ്ടെന്ന് വരാം.
ഇന്ത്യൻ സംസ്‌കാരം പാശ്ചാത്യ സംസ്‌കാരം പോലെയല്ല വികസിച്ചത്.ഗ്രീക്ക്,റോമൻ ഭരണം വികസിച്ച പോലെ ഒന്നല്ല അത്.റോം യൂറോപ്പിനെ കാൽകീഴിൽ കൊണ്ട് വന്നു.ഇന്ത്യ ഉപ ഭൂഖണ്ഡത്തിലെ ഏകീകരണ ശക്തി ഭരണാധികാരം അഥവാ രാഷ്ട്രീയം ആയിരുന്നില്ല.മതം ആയിരുന്നു.ഹിന്ദുമതവും ബുദ്ധമതവും അവയുടെ സാംസ്‌കാരിക,തത്വ ചിന്താ പദ്ധതികളുമായാണ് വ്യാപിച്ചത്.സീസർമാർക്കും ജനറൽമാർക്കും ഇവിടെ സ്വാധീനം ഉണ്ടായിരുന്നില്ല.മഹർഷിമാരും ശിഷ്യരും ഗരുക്കന്മാരും മത പരിഷ്കർത്താക്കളുമാണ് ഭരണം നയിച്ചത്.അശോകന് പ്രാമാണ്യം വി വന്നത്,ബുദ്ധമതത്തിൽ ചേർന്നത് കൊണ്ടാണ്.പ്രാചീന ഭാരത മഹത്വം കേന്ദ്രീകൃത ഭരണ കൂടം ഉണ്ടായിരുന്നില്ല എന്നതാണ്.അതാണ് ഇന്ത്യൻ ചരിത്രത്തെ നിർണയിച്ചത്.മൗര്യ,ഗുപ്‌ത,മുഗൾ വംശങ്ങൾ രാജ്യത്തെ മൊത്തം ഭരിച്ചില്ല.ബ്രിട്ടൻ വന്നപ്പോഴേ അതുണ്ടായുള്ളൂ.
ഒക്‌ടേവിയോ പാസ് 
പാസ് പറയുന്നതിൻറെ അർത്ഥം,ബ്രിട്ടന് അവകാശപ്പെടാൻ കഴിയുന്ന ചരിത്രം,റോമൻ അധീശത്വത്തിന്റേതാണ് എന്നാണ്.റോം ആ മേഖലയെ മാറ്റി മറിച്ചു.ക്രിസ്ത്യൻ ഏകദൈവ വാദം അവിടെ വേരാഴ്ത്തി.റോമൻ സാമ്രാജ്യം നിലം പതിച്ചപ്പോൾ,ക്രിസ്ത്യൻ സഭ പിടി മുറുക്കി.അക്രമം നടത്താൻ ഇറങ്ങി പുറപ്പെട്ടവർ ക്രിസ്ത്യാനികളായി.പൗരസ്ത്യ ദേശത്താകട്ടെ ക്രിസ്‌തു മതം ബൈസാന്റിയത്തിൽ ( ഇസ്താംബുൾ) ഒതുങ്ങി.പടിഞ്ഞാറൻ ലോകത്ത് ലാറ്റിൻ,മത,തത്വശാസ്ത്ര,സംസ്‌കാര ഭാഷ ആയി.ഇന്ത്യയിൽ ഇങ്ങനെ ഒന്നും നടന്നില്ല.പരമ്പരാഗത മതത്തിൽ നിന്ന് ബുദ്ധമതം ഉണ്ടായി എന്ന് മാത്രം.ഇസ്ലാം വന്ന് ഹിന്ദുമതം പുനരുജ്ജീവിച്ചതോടെ,ബുദ്ധമതം ഇന്ത്യയിൽ നിന്ന് നിഷ്‌കാസിതമായി.ഹിന്ദു,ഇസ്ലാം മതങ്ങൾ സഹവർത്തിത്വത്തിൽ കഴിഞ്ഞില്ല.വിശുദ്ധ അഗസ്റ്റിനോ തോമസ് അക്വിനാസോ പ്ളേറ്റോയോടും അരിസ്റ്റോട്ടിലിനോടും കാണിച്ച ആദരം,മുസ്ലിംകൾ വേദങ്ങളോടും ഉപനിഷത്തുക്കളോടും കാട്ടിയില്ല.ഇസ്ലാം ഇന്ത്യയിൽ വന്നപ്പോൾ,വൈകിപ്പോയി.

ഇന്ത്യയ്ക്ക് ശീലമുള്ള ആസ്തിക്യ തത്വ ചിന്തയും ക്രിസ്ത്യൻ,ജൂത ,ഇസ്ലാം ഏകദൈവ വാദവും തമ്മിൽ ഒരു ബന്ധവുമില്ല.ഏകദൈവ വാദത്തിന്റെ പ്രശ്‍നം,അതിന് പെട്ടെന്ന് ഒരു അധീശ ഭരണകൂടമായി മാറാൻ കഴിയും എന്നതാണ്.ഏകദൈവ വാദമാണ്,സാമ്രാജ്യത്വത്തിൻറെ അടിത്തറ.അത് ഖിലാഫത്തും ആകാം."ഏകദൈവ വാദം ജനത്തെ ഭിന്നിപ്പിക്കുകയും ഭീതിദമായ അസഹിഷ്‌ണുത വളർത്തുകയും ചെയ്യും എന്നതാണ്,ഇന്ത്യയിൽ ഇസ്ലാമിൻറെ തകർച്ചയ്ക്ക് കാരണം",പാസ് വിലയിരുത്തുന്നു.ഇസ്ലാം ഇന്ത്യയിൽ ലക്ഷങ്ങളെ മതം മാറ്റാൻ ഒരുമ്പെട്ടിട്ടും ഭൂരിപക്ഷം ഹിന്ദുമതത്തിൽ ഉറച്ചു നിന്നു."ഏകദൈവ വാദത്തിന്റെ ഇരട്ട മുഖത്തിന് തെളിവാണ് ഇത്",പാസ് എഴുതുന്നു,"ഐക്യം ഉണ്ടാക്കാനായില്ലെങ്കിൽ അത് വിഘടിപ്പിക്കും"( 4 ).

പ്ളേറ്റോയും അരിസ്റ്റോട്ടിലും സെനേക്കയും ഇല്ലാതെ ക്രിസ്തുമതത്തിന് തത്വചിന്ത ഉണ്ടാകുമായിരുന്നില്ല.ഇസ്ലാമിന് മേലും ഗ്രീക്ക്,റോമൻ തത്വചിന്തയ്ക്ക് സ്വാധീനം ഉണ്ടായി.അരിസ്റ്റോട്ടിലിൻറെ തത്വ ചിന്തയും ഗാലൻറെ വൈദ്യവും മധ്യകാല യൂറോപ്പിൽ എത്തിച്ചത്,അറബികളാണ് ( 5 ).പോർച്ചുഗീസുകാരും സ്പെയിൻകാരും  ഡച്ചുകാരും ബ്രിട്ടീഷുകാരും അധീശത്വത്തിന് മുതിർന്നതിന് അങ്ങനെ മതപരമായ കാരണങ്ങളുണ്ട്.
ഇത് മാർക്‌സ് കണ്ടില്ല.അതിന് കാരണം മാർക്‌സ്,ഹെഗലിനെ കടം കൊണ്ട ശേഷം ദൈവത്തെ വിച്ഛേദിച്ചിടത്താണ്.
-----------------------------------------------
1. India: What can it teach US? / Max Muller, Penguin, 2000.
2. The Works of William Jones/ ed. Anna Jones, 1799.
3. Cunningham, Journal of the Asiatic Society of Bengal, 1881.
4. In Light of India/Octavio Paz, 1995
5. ഏലിയസ് / ക്ളോഡിയസ് ഗാലനാണ് ( 129 -210 ) വൈദ്യ ശാസ്ത്ര പിതാവ്.റോമാസാമ്രാജ്യത്തിലെ പെർഗമനിൽ ( തുർക്കിയിലെ ബർഗാമി ) ജീവിച്ചു.കുരങ്ങുകളെ കീറി ശാസ്ത്രം പഠിച്ചു.

See https://hamletram.blogspot.com/2019/09/blog-post_65.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...