Monday 24 July 2023

സ്വർണ വെള്ളയ്ക്ക; ഷേണായിയും

 ദേവിവർമ്മ എന്ന അദ്‌ഭുതം 

ദേവിവർമ്മ എൻ്റെ നാട്ടുകാരിയാണെങ്കിലും, 'സൗദി വെള്ളയ്ക്ക' ഇപ്പോഴാണ്, കണ്ടത്. ലോകത്തിൽ എവിടെയും പ്രദർശിപ്പിക്കാവുന്ന ചിത്രങ്ങൾ, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' മുതൽ പ്രവഹിക്കുന്നു. സാങ്കേതികതയിൽ, തിരക്കഥയിൽ, ലോകോത്തര കഥകളിൽ, എത്ര ഉയരെയാണ്, മലയാള സിനിമ. 'സൗദി വെള്ളയ്ക്ക'യിൽ, നാട്ടുകാരനായ വേറൊരു തമ്പുരാനും മിന്നി മറയുന്നത് കണ്ടു -അയിഷ റാവുത്തരെ നിരസിക്കുന്ന പെരുമ്പാവൂരിലെ മകൻ.

കുതിരവട്ടം പപ്പുവിൻ്റെ മകന് അപാര സിദ്ധികളുണ്ട്. അദ്ദേഹം അവസാനം പറയുന്നത് ഉജ്വലമാണ്: "മനുഷ്യൻ ഇത്രയ്‌ക്കേയുള്ളൂ എന്ന് സാധാരണ പറയും. എന്നാൽ, മനുഷ്യൻ ഇത്രയ്ക്കുമുണ്ട്." പണം വാങ്ങാതെ ഓട്ടോ ഡ്രൈവർ ആദ്യം പോകുന്നതു മുതൽ അവസാനം വരെ വലിയൊരു സ്നേഹപ്രവാഹമാണ്, 'വെള്ളയ്ക്ക".

ദേവിവർമ്മയുടെ ഭർത്താവിന് തൃപ്പൂണിത്തുറയിൽ ഒരു സിനിമാ തിയറ്റർ ഉണ്ടായിരുന്നു -ശ്രീകല. അതിൻ്റെ നേരെ എതിർവശമായിരുന്നു, എൻ്റെ വീട്. അവിടെ വന്ന ആദ്യത്തെ രണ്ടു സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്: മഹാകവി കാളിദാസ്, മോട്ടോർ സുന്ദരം പിള്ളൈ. അതിനാൽ, തിയറ്റർ വന്നത് 1966 ൽ ആയിരിക്കണം. രണ്ടും 1966 ലെ സിനിമകൾ. അതിനു മുൻപ് അവിടെ ഒരു സോപ്പ് ഫാക്റ്ററിയായിരുന്നു -അമൃതവല്ലി.

അവിടെ കളിച്ച സകല സിനിമകളിലെയും അദൃശ്യ നായിക ദേവിച്ചേച്ചിയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.


എൻ്റെ ആത്മസുഹൃത്തായിരുന്ന, കാൻസർ ബാധിതനായി അകാലത്തിൽ മരിച്ച കെ വി മുരളീധരൻ്റെ സഹോദരി രമയുടെ അമ്മായി അമ്മയുമാണ്, ദേവിച്ചേച്ചി. ഈ വിവരം എനിക്ക് തന്നത്, മുരളിയുടെ ഭാര്യ എളിമ ഏബ്രഹാം. എളിമയെ മുരളി തീവണ്ടിയിൽ ആദ്യം കാണുമ്പോൾ, ഞാൻ ഡൽഹിയിൽ ആയിരുന്നു. മുരളി നേരെ ഡൽഹിയിലെത്തി പ്രണയം പൂത്ത കഥ വിശദമായി എന്നെ കേൾപ്പിച്ചു. യുക്തിവാദി എം സി ജോസഫിൻ്റെ കൊച്ചുമകളാണ്, എളിമ-സി ജെ തോമസുമായും ബന്ധമുണ്ട്.

കാൻസർ ചികിത്സയ്ക്ക് തിരുവനന്തപുരം ആർ സി സി യിൽ വന്ന മുരളി, എൻ്റെ വീട്ടിൽ വന്ന് ഫ്രിഡ്ജിൽ നിന്ന് വിനാഗിരി കുടിച്ചതും, മരണത്തിന് തലേന്ന് എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇരച്ചെത്തിയ എന്നെക്കണ്ട് മുരളിയുടെ മുഖം വികസിച്ചതും ചിതാഭസ്മമൊഴുക്കാൻ എളിമ തിരുന്നാവായയിൽ വന്നതും മറക്കാനാവില്ല.

മുരളിയെ വിവാഹം ചെയ്യാൻ എളിമ, ആര്യസമാജത്തിൽ പോയി ഹിന്ദുവായി, വിനീതയായി മാറുകയും ചെയ്തു.

സിനിമയിൽ, പുതിയ തലമുറ, പഴയ തലമുറയെ നിഷ്കരുണം നിർമാർജ്ജനം ചെയ്തു കഴിഞ്ഞിരിക്കുന്നു. 'ഹോം', 'മുകുന്ദനുണ്ണി അസോഷിയേറ്റ്സ്', 'രോമാഞ്ചം', ജയഹേ, 'പാച്ചുവും അദ്‌ഭുതവിളക്കും' ഒക്കെ തെളിവാണ്. നാഷനൽ ഇൻഷുറൻസിലെ പഴയ സഹപ്രവർത്തകൻ്റെ മകനാണ്, 'മുകുന്ദനുണ്ണി' ചെയ്ത അഭിനവ് സുന്ദർ നായിക് എന്ന് സുദർശൻ എന്ന സുഹൃത്ത് പറഞ്ഞു. അച്ഛൻ ഇൻഷുറൻസിൽ കണ്ടു മടുത്ത തട്ടിപ്പുകൾ സിനിമയിലുണ്ട്; അച്ഛൻ വിദേശത്തേക്ക് പോയി.

അഭിനവ് വരും വരെ, കേരളത്തിലെ കൊങ്കണികൾ പൊതുവെ സിനിമാ സംവിധാനത്തിൽ കൈവച്ചിരുന്നില്ല ഇത് വരെ. ഷേണായ് ഗ്രൂപ്പ് സിനിമ പ്രദർശിപ്പിക്കും, ആർ എസ് പ്രഭു സിനിമ ഉണ്ടാക്കും. അത്രയുമാണ്, ഉണ്ടായിരുന്നത്. 'വെള്ളയ്ക്ക'യിൽ ഒരു ഷേണായ് വക്കീലുണ്ട്.

അപ്പോൾ, പഴയ ഒരു കഥ ഓർമ്മ വരുന്നു. 'ഇന്ത്യൻ എക്സ്പ്രസി'ൽ നിന്നാണ്, ടി വി ആർ ഷേണായ് 'മനോരമ' യിൽ വരുന്നത്. അദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ, പത്രാധിപർ കെ എം ചെറിയാൻ ചോദിച്ചു: "സാധാരണ കൊങ്കണികൾ പത്രപ്രവർത്തനത്തിൽ വരാറില്ല, കച്ചവടമാണ് ചെയ്യുക."

"പത്രപ്രവർത്തനവും കച്ചവടമായപ്പോഴാണ്, ഞങ്ങൾ അതിൽ വന്നത്," ഷേണായ് പറഞ്ഞു.

പിൽക്കാലത്ത്, ഈ കഥ ഷേണായ് എന്നോട് നിഷേധിച്ചു. അതുകൊണ്ട് കഥ അസത്യമാകണം എന്നില്ല. നാം ഒരു സന്ദർഭത്തിൽ പറയുന്നത്, പിന്നെ ഓർക്കണം എന്നില്ല.

അനിൽ അംബാനി, ടീന മുനിമിനെ വിവാഹം ചെയ്ത ശേഷം, ഷേണായ് കോട്ടയത്ത് കെ എം മാത്യുവിനെ കണ്ടപ്പോൾ, അദ്ദേഹം ചോദിച്ചു: "It is heard that he is a playboy."

ഷേണായ് പറഞ്ഞു: "After marrying Tina Munim, he has become a re-play boy!"

ഷേണായിയുടെ പേരും രാമചന്ദ്രൻ എന്നാണ്; അദ്ദേഹത്തെ അമ്മ ഗർഭത്തിൽ വഹിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ അച്ഛൻ മരിച്ചെന്ന ദുരന്തവുമുണ്ട്.


© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...