Wednesday 6 November 2019

മാപ്പിള ലഹള:പണിക്കരും മതഭ്രാന്തും

34 ഹിന്ദുക്കളുടെ കൂട്ടക്കൊല വർഗസമരം !

മാപ്പിള ലഹളയുടെ ആദ്യത്തെ മാർക്സിസ്റ്റ് വ്യാഖ്യാനമാണ് അബനി മുക്കർജിയുടെ 'മാപ്പിള ലഹള' എന്ന ലേഖനം.1921 ഓഗസ്റ്റിൽ ലഹള നടന്ന് രണ്ടു മാസത്തിനകം തന്നെ പ്രസിദ്ധീകരിച്ച മുക്കർജിയുടെ ലേഖനത്തിലാണ്,ലഹള വർഗ സമരമാണെന്ന ദുർവ്യാഖ്യാനം ആദ്യം വന്നത്.മാർക്സിസ്റ്റ് ചരിത്രകാരൻ കെ എൻ പണിക്കർ എഴുതിയ Against Lord and State: Religion and Peasant Uprisings in Malabar, 1836-1921 ( 1989 ) എന്ന പുസ്തകമാണ്,മാർക്സിസ്റ്റുകൾ മാപ്പിള ലഹളയെപ്പറ്റിയുള്ള മാർക്സിസ്റ്റ് വ്യാഖ്യാനമായി കൊണ്ടു നടക്കുന്നത്.ഇതിന് മലയാള പരിഭാഷയുമുണ്ട്.എന്നാൽ,ആ പുസ്തകത്തിൽ മുക്കർജിയെ പരാമർശിക്കുന്നേയില്ല.

മുക്കർജിയുടെ ലേഖനം ലെനിനും സൈദ്ധാന്തികൻ ബുഖാറിനും അംഗീകരിക്കുക മാത്രമല്ല,അത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ 'The International എന്ന മുഖ പത്രത്തിൽ ജർമൻ,ഫ്രഞ്ച് ഭാഷകളിൽ വരികയും,1922 മാർച്ചിൽ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ The കമ്മ്യൂണിസ്റ്റ് റിവ്യൂ' അത് പരിഭാഷപ്പെടുത്തുകയും ചെയ്തു.അങ്ങനെ അതിന് ഔദ്യോഗിക അംഗീകാരമുണ്ട്.അതുകൊണ്ട്,ലഹളയുടെ മാർക്സിസ്റ്റ് വ്യാഖ്യാനം നടത്തുന്ന ഒരാൾ,ആദ്യം തേടിപ്പിടിക്കേണ്ട രേഖയാണ്,മുക്കർജിയുടെ ലേഖനം.ഇതിൻറെ അഭാവത്തിൽ,പണിക്കരുടെ ഗവേഷണം പ്രഹസനവും പുസ്തകം അപൂർണവുമാണ്.മുൻകൂട്ടി ഒരു നിഗമനം സംഘടിപ്പിച്ച ശേഷം ഗവേഷണം നടത്തിയ പണിക്കർ, അതിന് വിരുദ്ധമായ വസ്തുതകൾ കിട്ടിയപ്പോൾ അവയെ  വക്രീകരിക്കുകയോ ഞെരിച്ചു കൊല്ലുകയോ ആണ് ചെയ്തത്.
കെ എൻ പണിക്കർ 
മുക്കർജിയുടെ ലേഖനം കണ്ടിട്ടും പണിക്കർ ഉപേക്ഷിച്ചതാണെങ്കിൽ അതിൻറെ ന്യായം പണിക്കർ തന്നെ പറയണം.ചില ഗവേഷകർ,ഗവേഷണത്തിന് അടിസ്ഥാനമാക്കിയ പുസ്തകമോ പ്രബന്ധമോ പറയാതെ വിടാറുണ്ട്.പകർത്തിയ നിഗമനം സ്വന്തമായി അവതരിപ്പിക്കാനാണ്,ഇത്.അങ്ങനെ പണിക്കർ ഉപേക്ഷിച്ചതാണോ മുക്കർജിയുടെ ലേഖനം?

മുക്കർജിയുടെ ലേഖനത്തിൽ ലഹളയെ മതഭ്രാന്തന്മാർ വഴിതെറ്റിച്ചതായി പറയുന്നുണ്ട്.എന്നിട്ടാണ് അത് വർഗസമരമെന്ന നിഗമനത്തിൽ എത്തുന്നത്.മതഭ്രാന്ത് വർഗ്ഗസമരമാകുന്ന ചെപ്പടി വിദ്യ അദ്‌ഭുതകരമാണ്.നിയമ പ്രകാരം സർക്കാരിനെതിരെ കർഷകർ ആയുധം എടുത്തിരിക്കുന്നു എന്നാണ് മുക്കർജിയുടെ തുടക്കം.സായുധ സമരം നിയമപ്രകാരമുള്ള ഒന്നാണെന്നു മുക്കർജിക്ക് തോന്നിയത്,അദ്ദേഹം സായുധ സമരത്തിൽ വിശ്വസിച്ചത് കൊണ്ടാകണം.റഷ്യൻ വിപ്ലവത്തിന് പിന്നാലെ 1918 ൽ സോവിയറ്റ് പാർട്ടിയിൽ ചേർന്ന മുക്കർജി,1920 ൽ എം എൻ റോയിക്കൊപ്പം,താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചയാളാണ്.ആ പാർട്ടി സ്ഥാപനം പ്രഹസനമായിരുന്നു.ബ്രിട്ടൻ പുറത്താക്കിയ തുർക്കി ഖലീഫയെ തിരിച്ചു ഭരണത്തിലെത്തിക്കാൻ,ഇന്ത്യയിൽ സർവ്വതും ഉപേക്ഷിച്ച്,വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട മുഹജിറുകളെ തടുത്തു കൂട്ടിയാണ് അന്ന് പാർട്ടിയുണ്ടാക്കിയത്.അഫ്ഗാനിസ്ഥാനിൽ നിന്ന് സായുധ കലാപം വഴി ഇന്ത്യയിൽ വിപ്ലവമുണ്ടാക്കുക ആയിരുന്നു,ലക്ഷ്യം.

മലബാറിലും ഖിലാഫത്തിൻറെ പേരിൽ വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട ഒരു മത ഭ്രാന്ത സംഘത്തെ ന്യായീകരിക്കുകയാണ്,മുക്കർജി ചെയ്തത്.ആ വഴി പിന്തുടർന്ന പണിക്കരുടെ കണ്ടെത്തൽ മൗലികമല്ല.
മുക്കർജി ലഹള മതഭ്രാന്ത് തന്നെ എന്ന് കണ്ടെത്തുന്നു:

"മത ഭ്രാന്തന്മാരായ ഈ മുസ്ലിംകളുടെ പ്രാഥമിക ലക്ഷ്യം തുർക്കിയുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കലാണ് എന്ന് വ്യക്തമായിട്ടുണ്ട്.ആദ്യ കലാപത്തിന് ശേഷം,ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ  ലക്ഷ്യം മറന്നു എന്നാണ് ഞങ്ങൾ അറിയുന്നത്.മത ഭ്രാന്ത നേതാക്കളായ മുല്ലമാർ മുസ്ലിം അണികളുടെ ആക്രമണം സമാധാന കാംക്ഷികളായ ഹിന്ദു അയൽക്കാർക്ക് നേരെ തിരിച്ചു വിട്ടു.ഇവർക്ക് വച്ച് നീട്ടുന്നത് , 'മരണം അല്ലെങ്കിൽ ഇസ്ലാം'ആണ്.80 കുടുംബങ്ങളുടെ നിർബണ്ഡിത  മതം മാറ്റവും മതം മാറ്റം  എന്ന അപമാനത്തിന് പകരം മരണം തിരഞ്ഞെടുത്ത ഒരു ഡസൻ പേരുടെ കൊലയുമാണ് ഇതിൻറെ ഫലം."

ഹിന്ദുക്കൾക്ക്  മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളു എന്ന് മുക്കർജി അംഗീകരിക്കുന്നു.നിർബന്ധിത മതം മാറ്റം ഏതായാലും വർഗ്ഗസമരമല്ല.ഖിലാഫത്ത് നേതാക്കൾ മാസങ്ങൾ ആസൂത്രണം ചെയ്താണ് ഇത് നടപ്പാക്കിയത്.കെ വി ചേക്കുട്ടി എന്ന ധനിക മുസ്ലിമിനെ ആദ്യം കലാപകാരികൾ കൊന്നതിനാൽ ലഹള, മത ഭ്രാന്തല്ല എന്ന് മുക്കർജി പറയുന്നത്,ബാലിശമാണ്.ചേക്കുട്ടിയെ കൊന്നത്,കലാപകാരികളെപ്പറ്റി പട്ടാളത്തിന് വിവരം ചോർത്തിയതിനാണ്.മത ഭ്രാന്തിന് മുന്നിൽ,അധികാര ഭ്രാന്തിന് മുന്നിൽ,സ്വതന്ത്ര വ്യക്തിയില്ല.തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമായവനെ അവർ കശാപ്പ് ചെയ്യും.ഹിന്ദു മത ഭ്രാന്തന്മാർ ഇന്നും ഹിന്ദു യുക്തിവാദികളെ കൊല്ലുന്നു.

ഔധ് കലാപവും മലബാർ കലാപവും തമ്മിൽ മുക്കർജി ബന്ധിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ എന്ന് വ്യക്തമല്ല.The Annexation of Oude എന്നൊരു ലേഖനം 'ന്യൂയോർക് ഡെയ്‌ലി ട്രിബ്യുണി'ൽ മാർക്സ് 1858 മെയ് 28 ന് എഴുതിയത് മുക്കർജി കണ്ടു കാണില്ല.ഔധ് പ്രവിശ്യയിലെ ഭൂമിയുടെ അവകാശം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തതായി ഗവർണർ ജനറൽ കാനിംഗ്‌ പ്രഖ്യാപിച്ചെന്ന് മാർക്സ് അതിൽ ചൂണ്ടിക്കാട്ടി.ആ അവകാശം ശരിയെന്നു തോന്നും വിധം വിനിയോഗിക്കുമെന്നും വിളംബരത്തിൽ വ്യക്തമാക്കി.മലബാറിൽ ബ്രിട്ടൻ ഭൂമി കൈവശപ്പെടുത്തിയെങ്കിൽ മുക്കർജിയുടെ താരതമ്യത്തിൽ കഴമ്പുണ്ടാകുമായിരുന്നു.

മലബാർ തീരത്ത് വാസമുറപ്പിച്ച മാപ്പിളമാർ അറബി പോരാളികളുടെ മക്കളാണെന്നും അവർ പത്തു ലക്ഷം വരുമെന്നും മുക്കർജി പറയുന്നതിനും അടിസ്ഥാനമില്ല.തീരത്തെ മുക്കുവരെ നിർബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റിയിട്ടുണ്ട്;അന്ന് അറേബ്യയിൽ തന്നെ പത്തു ലക്ഷം മുസ്ലിംകൾ ഉണ്ടായിരുന്നെന്ന് തോന്നുന്നില്ല.ബുദ്ധിജീവികളെ ബൂർഷ്വകൾ ആക്കിയതിലും പിശകുണ്ട്.മുക്കർജി പറഞ്ഞ ഈ വിഭാഗമാണ്,മധ്യവർഗമായി ഇന്ന് നിൽക്കുന്നത്.അവർക്ക് ഭൂമിയിലേ നിക്ഷേപിക്കാൻ കഴിയൂ എന്ന് മുക്കർജി തന്നെ പറഞ്ഞ നിലയ്ക്ക് അവരെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല.മാർക്സിസ്റ്റുകൾ ബൂർഷ്വകളാകുന്നത് കേരളം പിൽക്കാലത്തു കണ്ടതാണ്.കുടിയാന്മാർ മുസ്ലിംകൾ മാത്രമായിരുന്നു എന്ന മട്ടിലാണ്,മുക്കർജിയുടെ വാദം.ഹിന്ദുക്കളും പൊതുവെ ദരിദ്രരായിരുന്നു.

കത്തിയും വാളും പണിയുകയും അതുമായി സേനയെ നേരിടുകയും ചെയ്യുന്നത്,സമാധാനപരമായ സമരമല്ല."അലി മുസ്‌ലിയാർ,കുംകി തങ്ങൾ തുടങ്ങിയ മത ഭ്രാന്തരായ മുല്ലമാർ ചില തെമ്മാടികളുടെ സഹായത്തോടെ ഈ അവസരം സർക്കാരിനെ മറിച്ചിടാനുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ശക്തി  കൂട്ടാൻ  ഉപയോഗിച്ചു" എന്ന് മുക്കർജി എഴുതുന്നു.അപ്പോഴും ഊന്നൽ മത ഭ്രാന്തിലാണ്.ഇവർ പൊലീസുകാർ ഉപേക്ഷിച്ച സ്റ്റേഷനുകൾ, "ഇവർ സൈനികർ വിട്ട ഔട്ട് പോസ്റ്റുകൾ എന്നിവിടങ്ങളിൽ  നിന്നു  വെടിക്കോപ്പും ആയുധങ്ങളും  സംഭരിച്ചു. .മലപ്പുറം ഖജനാവിൽ നിന്ന് കലാപകാരികൾ 40000 പൗണ്ടിന് സമാനമായ തുക ( ഇന്ന് 37 ലക്ഷം രൂപ ) കൊള്ളയടിച്ചു",മുക്കർജി എഴുതുന്നു.റഷ്യൻ വിപ്ലവകാലത്തും കൊള്ള തകൃതിയായി നടന്നു.

മുക്കർജി നിരത്തിയതിനെക്കാൾ മതഭ്രാന്തിന് തെളിവുകൾ പണിക്കരുടെ പുസ്തകത്തിലുണ്ട്.മതഭ്രാന്ത് വിവരിച്ച ശേഷം,അത് മനഃപൂർവമായിരുന്നില്ല,ഹിന്ദുക്കൾക്ക് എതിരായിരുന്നില്ല എന്ന് പറയുന്ന ശൈലിയാണ്,പണിക്കർ പുസ്തകത്തിൽ ഉടനീളം സ്വീകരിച്ചിരിക്കുന്നത്.നിർബന്ധിത മത പരിവർത്തനത്തെ 'മത പരിത്യാഗം'എന്ന് പറഞ്ഞാണ് പണിക്കർ രക്ഷിച്ചെടുത്തിരിക്കുന്നത്.ഹിന്ദുക്കൾക്ക് ഇസ്ലാമിൽ ചേരാൻ മുട്ടി നിൽക്കുകയായിരുന്നു എന്ന മട്ടിലാണ്,കഥാകഥനം.എന്നിട്ടും വാസ്തവം മൂടി വയ്ക്കാനാകാതെ,പണിക്കർ എഴുതുന്നു:
"കലാപകാരികളെ ഉത്തേജിപ്പിച്ചത് മത ഭ്രാന്തല്ലായിരുന്നു എന്ന് ഇവരുടെ പ്രവർത്തനങ്ങളുടെ ഘടന നിരീക്ഷിച്ചാൽ ബോധ്യമാകും.എങ്കിലും അവർ അഗാധമായ മതവിശ്വസമുള്ളവരായിരുന്നു.ഇത് കലാപങ്ങൾക്ക് പ്രേരണ കൊടുക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുകയുണ്ടായി.ഈ മത വിശ്വാസം കലാപത്തിന് വഴിയൊരുക്കി എന്നല്ല,മധ്യസ്ഥമരുളി എന്നാണ് പറയേണ്ടത്.മതവികാരങ്ങൾ വ്രണപ്പെട്ടതും മത പരിത്യാഗം മൂലമുണ്ടായതുമായ മൂന്ന് നാലു പ്രക്ഷോഭങ്ങൾ ഇതിന് ഒരപവാദമാണ്.കലാപങ്ങൾക്ക് മുൻപ് നടന്ന കോപ്പുകൂട്ടലുകൾ മതമെങ്ങനെ സംഭവങ്ങൾക്ക് ഉൾപ്രേരകമായി പ്രവർത്തിച്ചു എന്നത് കാണിക്കുന്നുണ്ട്....ഓരോ കലാപത്തിന് മുൻപും അംഗങ്ങൾ തെറ്റാതെ ജാറങ്ങളിലേക്ക് തീർത്ഥയാത്രകൾ നടത്തുകയോ തങ്ങൾമാരുടെയും മുസലിയർമാരുടെയും ആശീർവാദങ്ങൾ വാങ്ങുകയോ ,മൊയ്‌ലീദ്,റാത്തീബ് തുടങ്ങിയ മതാഘോഷങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നു...പോരാടി മരിക്കുക വഴി ശഹീദുകളാകുമെന്നും ഇത് ആനന്ദകരമായ സ്വർഗീയ ജീവിതത്തെ പ്രദാനം ചെയ്യുമെന്നുമായിരുന്നു ഇവരുടെ വിശ്വാസം".
ആലി മുസ്‌ലിയാർ 

കലാപത്തിന് കാരണക്കാരനായ മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ സർക്കാർ നാടുകടത്തി.തങ്ങളെപ്പറ്റി പണിക്കർ എഴുതുന്നു:

"മമ്പുറത്തു നിന്ന് കലാപകാരികൾ തേടിയത് പരോക്ഷമായ അനുമതിയായിരുന്നു.മതവിശ്വാസികളെ സംബന്ധിച്ച് തീർത്ഥാടനം തന്നെ ഒരനുമതി തേടലാണ്.വലിയ തങ്ങളുടെ കബറിന് മുന്നിൽ പ്രാർത്ഥന നടത്തുന്നത് തന്നെ ഇളയ തങ്ങളിൽ നിന്ന് അനുമതി ലഭിക്കുന്നതിന് തുല്യമാണെന്ന് ചിലർ വ്യാഖ്യാനിക്കുകയുണ്ടായി".

തങ്ങളെ നാട് കടത്തിയ കലക്‌ടർ കൊണോലിയെ കലാപകാരികൾ കൊന്നു -അതും വർഗ്ഗസമരത്തിൽ പെടുമോ ?

തങ്ങളെ നാട് കടത്തി 25 കൊല്ലം കലാപങ്ങൾ ഉണ്ടായില്ല എന്ന് പണിക്കർ സമ്മതിക്കുന്നു.ഇങ്ങനെ ഒരു സത്യം ഒരു ചരിത്രകാരന് കിട്ടിയാൽ,കലാപത്തിന് കാരണം മതം എന്ന നിഗമനമാണ് സ്വാഭാവികമായി വരേണ്ടത്.

പണിക്കർ തുടർന്ന് എഴുതുന്നു:
"മാപ്പിളമാരെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച മതനേതാക്കളെ സംബന്ധിച്ചിടത്തോളം,ഖിലാഫത് പ്രസ്ഥാനം അടിസ്ഥാനപരമായി ഒരു മതപ്രശ്‍നം തന്നെയായിരുന്നു.ഇതിൻറെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഒരു യാദൃച്ചികത മാത്രമായി ഇവർ കരുതി.പ്രസ്ഥാനത്തിൻറെ താനൂരിലെ നേതാവ് കുഞ്ഞി ഖാദർ,ഖിലാഫത്തിനെ ഒരു മതപ്രസ്ഥാനമായി മാത്രമായാണ് പരിഗണിച്ചത്.അതിനെ അർത്ഥശൂന്യമായ ഹൈന്ദവ പ്രചാരണ പദ്ധതികളുമായി കൂട്ടിക്കലർത്തുന്നതിനെ എതിർക്കുകയുo ചെയ്തു"

പിന്നീട്ഉ കോൺഗ്രസ് നേതാവായ ഉലമ കോൺഫറൻസ് സെക്രട്ടറി ഇ മൊയ്തു മൗലവി നടത്തിയ ഒരു പ്രസംഗവും ഉദ്ധരിക്കുന്നു:
"മെക്ക,മദീന ആദിയായ നമ്മുടെ വിശുദ്ധ സ്ഥാനങ്ങൾ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഖലീഫ തുർക്കിയിലെ സുൽത്താനെ നേരും നെറിയുമില്ലാതെയാണ്,നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്ന വെള്ളക്കാരും സഖ്യവും തകർക്കാൻ ശ്രമിക്കുന്നു എന്നത്,നമുക്കേവർക്കും അറിയാം.നമ്മുടെ പുണ്യ സ്ഥലങ്ങൾ പിടിച്ചെടുത്ത് ഇവരും ഇവരുടെ ചേരിക്കാരും പകുത്തെടുക്കുകയാണ്.ക്രിസ്തുമതത്തിന് എതിര് നിൽക്കുന്ന ഇസ്ലാം വിശ്വാസത്തെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കുക എന്ന ദുഷ്ട ലാക്കാണ് ഇതിന് പിന്നിലുള്ളത്"

ആഗോളമായി നിൽക്കുന്ന ഇസ്ലാം -ക്രൈസ്തവ സ്പർദ്ധയും ലഹളയ്ക്ക് കാരണം എന്നർത്ഥം.'ഇവരുടെ ചേരിക്കാർ '',ഹിന്ദുക്കൾ.
ലഹളയ്ക്ക് മുന്നിട്ടു നിന്ന ആലി മുസ്ലിയാരെപ്പറ്റി പണിക്കർ ഏഴുതുന്നു :
"തുടക്കത്തിൽ ഗാന്ധിയൻ തത്വങ്ങളിൽ ആകൃഷ്ടനായിരുന്ന മുസ്ലിയാർ,ഖാദി ധരിക്കുന്നതിലും അഹിംസ ഉപദേശിക്കുന്നതിലും താൽപര്യം കാട്ടി.പക്ഷെ,അധികം കഴിയും മുൻപ് ഈ ആവേശം കെട്ടടങ്ങി.അഹിംസ ഉപേക്ഷിച്ചു എന്ന് മാത്രമല്ല,ശത്രുവിനെതിരെ ഹിംസ ഉപയോഗിക്കണമെന്ന് മത തത്വങ്ങൾ നിരത്തി വാദിച്ചു.1921 ആകുമ്പോഴേക്കും തിരൂരങ്ങാടിയെ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പടനിലമായി മുസ്ലിയാർ വികസിപ്പിച്ചെടുത്തു.സന്നദ്ധ ഭടനാർക്ക് ആയുധ പരിശീലനം നൽകുകയും പലപ്പോഴും തെരുവുകളിലൂടെ പട്ടാളച്ചിട്ടയിൽ പരേഡുകൾ സംഘടിപ്പിക്കുകയും ചെയ്തു.മുസ്ലിയാരുടെ രണ്ട് വിശ്വസ്താനുയായികൾ ആയിരുന്ന ലവക്കുട്ടിയും കുഞ്ഞലവിയും ഈ സമയത്ത് കത്തികളും വാളുകളും കുന്തങ്ങളും ശേഖരിക്കുന്നതിൽ വ്യാപൃതരായിരുന്നതായി പറഞ്ഞു കേട്ടിരുന്നു"

ആലി മുസ്ലിയാരെ ഗാന്ധിക്കും രക്ഷിക്കാൻ കഴിഞ്ഞില്ല എന്നർത്ഥം.
മറ്റൊരു ആസൂത്രകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,മുസ്ലിയാരുടെ ബന്ധുവായിരുന്നു.പോത്തു വണ്ടിക്കാരനായിരുന്നു,ഹാജി.പണിക്കർ എഴുതുന്നു:

"കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഏറനാടിൻറെ കിഴക്കു ദിക്കിൽ നേതൃത്വം ഏറ്റെടുത്ത് താൻ ഹിന്ദുക്കളുടെ രാജാവും മുസ്ലിംകളുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമാണെന്ന് ഹാജി സ്വയം പ്രഖ്യാപിച്ചു".
ഹാജി തൊഴിലാളി വർഗ്ഗത്തിൽ പെട്ടയാളാണെന്ന് പണിക്കർക്ക് വാദിക്കാം.ഹിന്ദുക്കളുടെ രാജാവാണെന്ന് വാദിക്കുന്ന ഒരാൾ മനുഷ്യ വർഗ്ഗത്തിൽ പെടുകയില്ല;ഒരു പോത്തായിരിക്കും.

നിർബന്ധ മത പരിവർത്തനത്തെ ഹാജിയും മുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും സീതിക്കോയ തങ്ങളും എതിർത്തു എന്ന് പണിക്കർ പറയുന്നതിന് അർത്ഥം,ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിർബന്ധിതമായി മാറ്റിയിരുന്നു എന്ന് തന്നെ.ഇവർ എതിർത്തതിനു തെളിവില്ല.'' തുടക്കത്തിൽ ഹിന്ദുക്കളെ ഉപദ്രവിക്കുന്നതിനെ വിലക്കിയിരുന്നവരും അങ്ങനെ ചെയ്യുന്നവരെ കഠിനമായി ശിക്ഷിച്ചിരുന്നവരുമായ ചെമ്പ്രശ്ശേരി തങ്ങൾ,കുഞ്ഞഹമ്മദ് ഹാജി എന്നിവർ കൂടി ഹിന്ദു ഭവനങ്ങൾ കൊള്ള ചെയ്യാൻ അനുമതി നൽകിയെന്ന് റിപോർട്ടുണ്ട്" എന്ന് പണിക്കർ ഏതാനും പേജ് കഴിഞ്ഞ് എഴുതുന്നതോടെ വെള്ള പൂശൽ ശ്രമം തോൽക്കുന്നു.താനൂർ നന്നമ്പ്ര പൂഴിക്കൽ നാരായണൻ നായരുടെ വീട്ടിൽ കടന്ന് എട്ടു പേരെയാണ് കൊന്നത്.നായരുടെ യുവതിയായ മകളെയും മകനെയും തട്ടിക്കൊണ്ടു പോയി.40 പേരെ നായർ കാവൽ നിർത്തിയത് ഭേദിച്ചായിരുന്നു,നവംബർ 14 ന് അക്രമം.
തടവിലായ മാപ്പിളമാർ 
അബനി മുക്കർജി ഉയർത്തിക്കാട്ടിയ ചേക്കുട്ടി കൊല പ്രതികാര നടപടി ആയിരുന്നു എന്ന് പണിക്കരുടെ വിവരണത്തിൽ നിന്ന് തെളിയുന്നു:
"1921 സെപ്റ്റംബർ 25 ന് തുവ്വൂരിൽ നടന്ന സംഭവം നാട്ടിൽ ഉടനീളം നടുക്കമുണ്ടാക്കി.ഇത് കലാപകാരികളുടെ നികൃഷ്ടതയ്ക്കും ക്രൂരതയ്ക്കും മത ഭ്രാന്തിനും മികച്ച ഉദാഹരണമായി ഉയർത്തിക്കാട്ടപ്പെട്ടു.ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ കൊല പോലെ ഇതും ഒരു പ്രതികാര നടപടിയായിരുന്നു.ഹിന്ദുക്കളും മാപ്പിളമാരും ഉൾപ്പെടെയുള്ള തുവൂർ ഗ്രാമക്കാർ പട്ടാളത്തിന് വിവരം ചോർത്തിക്കൊടുത്തതാണ്,കലാപകാരികളുടെ കോപം ക്ഷണിച്ചു വരുത്താൻ കാരണം.പട്ടാളം നീങ്ങിയ ഉടൻ തന്നെ കലാപകാരികൾ തുവൂരെത്തി.34 ഹിന്ദുക്കളെയും രണ്ടു മാപ്പിളമാരെയും നിരത്തി നിർത്തി കൊന്ന ശേഷം ജഡങ്ങൾ കിണറ്റിൽ എറിഞ്ഞു".

34 ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വേറൊരു സംഭവം കേരള ചരിത്രത്തിൽ ഇല്ല.ഡച്ചുകാരും പോർച്ചുഗീസുകാരും ചെയ്തില്ല.ക്രൂരരായ രാജാക്കന്മാരും ചെയ്തിട്ടില്ല.അത് പണിക്കരുടെ പുസ്തകത്തിൽ ഒരു വരി മാത്രമാണ്.ആ ഒരു വരി കൊണ്ട്,പുസ്തകം അവസാനമെത്തുമ്പോൾ,വർഗ സമരത്തിൽ കെട്ടിപ്പൊക്കിയ തൂവൽ കൊട്ടാരം ചോര വാർന്നു തകരുകയും മത ഭ്രാന്ത് ദംഷ്ട്രകളോടെ കേരള ചരിത്രത്തെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു .
മലബാറിൽ മാത്രമല്ല,കേരളത്തിലാകെ കുടിയാൻ പ്രശ്‍നം ഉണ്ടായിരുന്നു എന്നത് നേരാണ്.മലബാറിൽ ഇത് പഠിക്കാൻ തന്നെയാണ്,വില്യം ലോഗൻ വന്നത്.ലഹളയ്ക്ക് കാർഷികമാനമുണ്ടെന്ന്,സി പി ഐ വിട്ട് 1934 ൽ റവലൂഷനറി കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയ  സൗമ്യേന്ദ്ര നാഥ് ടാഗോർ 1937 ൽ എഴുതി.എന്നാൽ,ഭൂവുടമകളെയും കാണക്കാരെയും കലാപകാരികളിൽ നിന്ന് സംരക്ഷിക്കെണ്ട നിയമപരമായ ബാധ്യത ക്രിസ്തുമതത്തിൽ ഊന്നിയ ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായിരുന്നു.അത്,തുർക്കി ഖലീഫയെ ബ്രിട്ടൻ പുറത്താക്കിയപ്പോൾ,കേരളത്തിൽ ആഗോള ക്രിസ്ത്യൻ -മുസ്ലിം സ്പർദ്ധയുടെ ഭാഗമാവുകയും,ക്രിസ്ത്യൻ സംരക്ഷണം കിട്ടിയ ഹിന്ദുക്കൾക്ക് നേരെ മത ഭ്രാന്തായി പരിണമിക്കുകയും ചെയ്തു.മത ഭ്രാന്ത് വിളിച്ചോതുന്നതാണ്,ലഹളക്കാലത്തെ നിർബന്ധിത പരിവർത്തനം.മത ഭ്രാന്തായിരുന്നു ലഹള എന്നതിനാൽ,മത പരിവർത്തനം,പണിക്കർ പുസ്തകത്തിൻറെ അവസാനത്തേക്ക് വച്ചു.അത് നന്നായി -വായനക്കാരൻറെ മനസ്സിൽ അത് പച്ചയായി നിൽക്കും.

പണിക്കർ എഴുതുന്നു:
"ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിൽ ഒരു ഇസ്ലാമിക രാഷ്ട്രത്തിൻറെ രൂപീകരണത്തിലേക്ക് നയിക്കുമെന്ന് ചില മതമേധാവികളും അവരുടെ അനുയായികളും വിശ്വസിച്ചു.സ്വരാജ് -ഖിലാഫത്ത് ബന്ധമാവണം ഇവരിൽ ഈ ആശയം അങ്കുരിപ്പിച്ചത്.രാഷ്ട്രീയമെന്നതിനേക്കാൾ മത വിശ്വാസങ്ങളാൽ നയിക്കപ്പെട്ട തങ്ങൾമാരും മുസ്ലിയാർമാരും 'സ്വരാജി'നെ ഇസ്ലാമിക സംഹിതകളിൽ അധിഷ്ഠിതമായ ഖിലാഫത്ത് രാഷ്ട്രമായി വ്യാഖ്യാനിച്ചു.തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾക്ക് മേൽക്കോയ്മ സിദ്ധിക്കുന്ന ഇസ്ലാമിക രാഷ്ട്രം പിറക്കുന്ന സുദിനവും പ്രതീക്ഷിച്ച് അവർ ഇരുന്നു.ഇതിന് മുന്നോടിയെന്നവണ്ണം മാപ്പിളമാർ ചില സ്ഥലങ്ങളിൽ നായർ സ്ത്രീകൾക്ക് മുസ്ലിം നാമങ്ങൾ കൊടുത്തു രസിച്ചു...ഹിന്ദുക്കളെ ബലമായി മത പരിവർത്തനം ചെയ്യിച്ചതിലും ഇത്തരം ആളുകളുടെ സ്വാധീനം ആണുണ്ടായിരുന്നത് ...മാപ്പിളമാരുടെ നിലപാട് പൊതുവെ മതപരിവർത്തനങ്ങൾക്ക് എതിരല്ലായിരുന്നു.കലാപങ്ങളിൽ പങ്കെടുക്കാതിരുന്നവർ പോലും മത പരിവർത്തനത്തെ എതിർക്കുന്നത് പാപ പ്രവൃത്തിയായിക്കരുതി.കലാപ പ്രവർത്തനങ്ങൾക്ക് ആളെക്കൂട്ടാൻ മത പരിവർത്തനം സഹായിക്കുമെന്നും ചിലർ കരുതി".

അതായത്,കലാപത്തിൻറെ പ്രധാന ഉള്ളടക്കമായിരുന്നു,മതം മാറ്റൽ.ഖിലാഫത്ത് വഴി ഇന്ത്യ മുസ്ലിം രാഷ്ട്രമാകുമ്പോൾ തങ്ങൾമാരും മുസ്ലിയാർമാരും മലബാർ സുൽത്താന്മാരും ഖലീഫമാരുമാകും.ആ രാജ്യത്ത് ഹിന്ദുക്കൾ വേണ്ട.

മത പരിവർത്തനങ്ങളിൽ അധികവും അനുവദിച്ചത്,കൊന്നാര തങ്ങളും അബ്‌ദു ഹാജിയും അബുബക്കർ മുസ്ലിയാരും ആയിരുന്നുവെന്ന് പണിക്കർ പറയുന്നു.സഹായികൾ വേറെ.കൊന്നാര തങ്ങളും മൊയ്തീൻ കുട്ടി ഹാജിയുമാണ് ഇതിൽ 75 ശതമാനത്തിനും നേതൃത്വം നൽകിയതെന്ന് കെ മാധവൻ നായർ 'മലബാർ കലാപ'ത്തിൽ എഴുതിയിട്ടുണ്ട്.ആലി മുസ്ലിയാരുടെ ശിഷ്യനായിരുന്നു,പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി ഉപാധ്യക്ഷനായ മൊയ്തീൻ കുട്ടി ഹാജി.അരീക്കോട് മാത്രം 500 ഹിന്ദുക്കളെ മുസ്ലിംകളാക്കി എന്ന് ഹാജി അവകാശപ്പെട്ടു.മാപ്പിളമാർ കൊന്നാര തങ്ങൾമാരെ ആദരിച്ചിരുന്നു.കലാപം തീർന്നപ്പോൾ ഹിന്ദുക്കൾ കൊന്നാര വലിയ തങ്ങളുടെ നെറ്റിയിൽ ഭസ്മക്കുറി വരച്ചു.ഇതിന് പ്രതികാരമായി ഇളയ തങ്ങൾ മുഹമ്മദ് കോയ അനേകം ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമാക്കി;സമ്മതിക്കാത്തവരെ കൊന്നു.
കൊല്ലപ്പെട്ട പട്ടാളക്കാരുടെ സ്മാരകം /
ബംഗളുരു സെൻറ് മേരീസ് കത്തീഡ്രൽ 
മാധവൻ നായർ,ഗോപാല മേനോൻ തുടങ്ങിയ പേരുകൾ ഉച്ചരിക്കുന്നതിന് തന്നെ അബ്ദു ഹാജി എതിരായിരുന്നെന്നും പേര് ഉച്ചരിക്കുന്നതിന് പകരം ഇവരെ കൊല്ലണമെന്ന് ഇയാൾ അഭിപ്രായപ്പെട്ടതായും ഹിച്ച്കോക്ക്‌ എഴുതി.അബ്ദുഹാജിയെ മതഭ്രാന്തനായാണ് മൊയ്തീൻകുട്ടി ഹാജി കണ്ടിരുന്നത് !

പണിക്കർ എഴുതുന്നു :
"പലപ്പോഴും അടുത്തുള്ള പുരോഹിതൻറെ സമീപത്തേക്ക് ഹിന്ദുക്കളെ കൂട്ടിക്കൊണ്ടു പോയി ബലാൽക്കാരേണ ഇത് നടത്തി.ചില കലാപ സംഘങ്ങളോടൊപ്പം പുരോഹിതനും സഞ്ചരിച്ചിരുന്നതിനാൽ തത്സമയം തന്നെ പരിവർത്തനം നടത്താൻ സാധിച്ചു."
ഇതിന് ധനികരെന്നോ നിർധനരെന്നോ മേൽജാതിയെന്നോ കീഴ്‌ജാതിയെന്നോ വേർതിരിവ് ഉണ്ടായിരുന്നില്ലെന്നും പണിക്കർ കണ്ടെത്തി -മത പരിവർത്തനം വന്നപ്പോൾ,വർഗ സമരം വാല് പൊക്കി ഓടി.

നിർബന്ധിത മത പരിവത്തനത്തിൽ ഏർപ്പെട്ട 678 മാപ്പിളമാരുടെ പട്ടിക സർക്കാർ തയ്യാറാക്കിയിരുന്നു.

പണിക്കർ കേരളത്തിൽ വെട്ടിത്തെളിച്ചത് ഗ്രാംഷിയൻ മാതൃകയാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ വെളുത്താട്ട് കേശവൻ പുസ്തകത്തിൻറെ മലയാള പരിഭാഷ നിരൂപണം ചെയ്ത് എഴുതി.*മമ്പുറം തങ്ങൾ,സനാ ഉള്ള മക്തി തങ്ങൾ,വെളിയങ്കോട്ട് ഖാസി എന്നിവരെ സാമ്പ്രദായിക ബുദ്ധിജീവികൾ എന്ന്വിളിച്ചത്,ഗ്രാംഷിയൻ സങ്കൽപനമാണെന്ന് വിലയിരുത്തിയ കേശവനും നിരൂപണത്തിനൊടുവിൽ സത്യം സമ്മതിക്കേണ്ടി വന്നു:

"കലാപകാരികളുടെ ക്രൂരതയുടെ കഥകൾ -വാസ്തവവും ഭാവനാസൃഷ്ടിയും -മാപ്പിളമാരെ സംശയ ദൃഷ്ടിയോടെ നോക്കാൻ ഹിന്ദുക്കളെ പ്രേരിപ്പിച്ചു.ഫലമോ ? വർഗീയ വിദ്വേഷത്തിൻറെ മുളകൾ ഇവിടെ പൊട്ടി.ഈ അവസ്ഥാന്തരത്തിൽ മലപ്പുറം ഏതെങ്കിലും തരത്തിലുള്ള സംഘടനകൾ ഉണ്ടായത്,മതത്തിൻറെ കൊടിക്കീഴിലായിരുന്നു.കേരളത്തിൻറെ മറ്റു പ്രദേശങ്ങളിൽ -മൊറാഴയിലായാലും കയ്യൂരിലായാലും -ജാതി മത ഭേദമെന്യേ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളായി ആവിഷ്കാരം നേടിയപ്പോൾ,മലപ്പുറം ജില്ലയിൽ അവയ്ക്ക് വർഗീയമായ ഒരു സ്വരൂപമാണ് കൈവന്നത്.അത് കൊണ്ടണല്ലോ ഈയൊരു പിൻബലം വച്ചു കൊണ്ട് ഏതു വഷളത്തവും കാട്ടാനും അതിനെതിരെ ശബ്ദിക്കുന്നവരെ ''രാഷ്ട്രീയമായി നേരിടും'' എന്ന് പറയാനും അവിടത്തെ വർഗീയ ശക്തികൾക്ക് സാധിക്കുന്നത്"
മലപ്പുറത്ത് ഇന്നുമുള്ള വർഗീയതയാണ് മാപ്പിള ലഹളയുടെ നീക്കി ബാക്കി എന്നർത്ഥം.മലപ്പുറം ജില്ല തന്നെ കൊടുത്തത് ഇ എം എസ് ആണ് എന്നും മറക്കരുത്.ഇവർക്കുള്ള മറുപടി മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻറെ 'ഖിലാഫത്ത് സ്മരണകൾ' ആണ്.മോഴിക്കുന്നം മരിച്ച അന്ന് വൈകിട്ട് ഇ എം എസിൽ നിന്ന് ഒരു ഓർമ്മക്കുറിപ്പ് ഞാൻ എഴുതിയെടുക്കുകയുണ്ടായി.

മാപ്പിള ലഹള മത ഭ്രാന്തായിരുന്നുവെന്ന് 1921 ഓഗസ്റ്റ് 30 ന് 'മലയാള മനോരമ' എഴുതിയതായി പണിക്കർ ഉദ്ധരിക്കുന്നു:
"മതവെറിയന്മാരായ മാപ്പിളമാരെ നിസ്സഹരണ വിഷയങ്ങൾ പഠിപ്പിച്ചത് വെടിമരുന്നിന് തീ കൊടുത്തത് പോലെയായി എന്നാണ് 'മലയാള മനോരമ' എഴുതിയത്.നിരക്ഷരായിരിക്കെ ആധുനിക രാഷ്ട്രീയത്തിൻറെ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള പാകത മാപ്പിളമാർ ആർജിച്ചിട്ടില്ല എന്നതായിരുന്നു ഇവിടെ വിവക്ഷ.ഇവരുടെ സ്വതവേയുള്ള കലഹ പ്രകൃതവും  അധികാര കേന്ദ്രങ്ങളെ ധിക്കരിക്കുന്ന പാരമ്പര്യവുമാണ് ഇതിന് വിമർശകർ ഉയർത്തിക്കാട്ടുന്നത്.ഇതുകൊണ്ടാണ് 'ഇവരെ ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഇടപെടുത്തിയത് ഒരു രാഷ്ട്രീയ അബദ്ധമായിപ്പോയി എന്ന് 'മനോരമ' അഭിപ്രായപ്പെട്ടത്".

കുറെ വർഷങ്ങൾ 'മനോരമ'യിൽ ജോലി നോക്കിയ എനിക്ക്, 'മനോരമ'യിലാണ് വിശ്വാസം -മാപ്പിള ലഹള മത ഭ്രാന്തായിരുന്നു.ഹിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഇടപെടുത്തിയത് അബദ്ധമായി എന്ന് 'മനോരമ' പറഞ്ഞതിന് അർത്ഥം,ഗാന്ധിക്ക് അബദ്ധം പറ്റി എന്ന് തന്നെ.

മാപ്പിളമാർ നിരക്ഷരരാണ് എന്ന് പണിക്കർ പറഞ്ഞ നിലയ്ക്ക് അവർ മാർക്സിസം എവിടെ നിന്ന് പഠിച്ചു എന്ന് വ്യക്തമാക്കേണ്ടത്,പണിക്കരാണ്.അവരുടെ കലഹ പ്രകൃതം മാർക്സിസ്റ്റുകൾക്ക് ചേരും.
-----------------------------------------
*മലബാർ കലാപം :മുളച്ചതും വിളഞ്ഞതും / വെളുത്താട്ട് കേശവൻ,മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജനുവരി 15 -22,2005 


See https://hamletram.blogspot.com/2019/11/blog-post.html












FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...