Showing posts with label കുമാരനാശാൻ. Show all posts
Showing posts with label കുമാരനാശാൻ. Show all posts

Friday 23 June 2023

പുസ്തകം: ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ

കുമാരനാശാൻ്റെ  ഭാരതീയ മുഖം 

എൻ്റെ പുതിയ പുസ്തകം, ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ, ഡൽഹി ഇൻഡസ് സ്‌ക്രോൾസ് പ്രസിൻ്റെ ആദ്യ മലയാള പുസ്തകവുമാണ്. കുമാരനാശാൻ്റെ വലിയ കാവ്യങ്ങൾക്ക് മുൻപുള്ള രചനകളുടെ പശ്ചാത്തലത്തിൽ, അദ്ദേഹം ഭാരതീയ തത്വചിന്തയ്ക്ക് നൽകിയ സംഭാവനകളുടെ പഠനമാണ്, ഈ പുസ്തകം.


വില 150 രൂപ. 

വേദാന്തം നന്നായറിഞ്ഞ ആശാൻ, ശങ്കരാചാര്യരെ വിശേഷിപ്പിച്ചത്, ലോകഗുരുവായി തന്നെയാണ്. ആശാൻ ആദ്യമായി പരിഭാഷ ചെയ്തത്, ശങ്കരാചാര്യരുടെ ‘സൗന്ദര്യ ലഹരി’ ആയിരുന്നു. ജാതിവിവേചനത്തിനെതിരെ പോരാടാനുള്ള ഊർജം കുമാരനാശാന് കിട്ടിയതു തന്നെ, ശങ്കരനിൽ നിന്നാകണം. അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് ആശാൻ സമർത്ഥിച്ചു.

1907 ല്‍ ‘വീണപൂവ്’ എഴുതുന്നതുവരെ അദ്ദേഹം സ്‌തോത്ര കൃതികളാണ് രചിച്ചിരുന്നത്. അവയാകട്ടെ, അദ്വൈതസത്ത നിറഞ്ഞു നിൽക്കുന്നവയുമാണ്. പിൽക്കാലത്ത് ആശാനിൽ കണ്ട ബുദ്ധമത ധാരയും ഭാരതീയം തന്നെ. 

ഈഴവർ ബുദ്ധമതത്തിൽ ചേരണമെന്ന വാദങ്ങൾക്ക് മറുപടി ആയാണ് ആശാൻ, ‘മതപരിവർത്തന രസവാദം’ എഴുതിയത്. ഈഴവർ ഹിന്ദുമതത്തിൽ ഉറച്ചു നിൽക്കണം എന്ന വിശ്വാസത്തിൽ ആശാൻ എത്തിയത്, അഗാധമായ ആർഷജ്ഞാനം നിമിത്തമാണ്. അതിനാൽ, ഭാരതീയതയ്ക്ക് മേൽ കത്തിവയ്ക്കുന്ന ഏത് മതവിശ്വാസത്തിനും അദ്ദേഹം എതിരായിരുന്നു. അദ്വൈതം ആത്മാവിലുള്ള ആശാൻ , ഹിംസയിൽ ഊന്നിയ പ്രത്യയശാസ്ത്രങ്ങളെ വർജ്ജിച്ചു. അതിനാൽ, ഹിന്ദുവംശഹത്യ വരുത്തിവച്ച മാപ്പിളലഹളയെ ധീരമായി അദ്ദേഹം കാവ്യരൂപേണ ചെറുത്തു. മാർക്സിസം തിന്മയുടെ തത്വശാസ്ത്രമായതിനാൽ, സമകാലികരായ കാൾ മാർക്സ്, ലെനിൻ എന്നിവരെപ്പറ്റി ഒരക്ഷരം പോലും ആശാൻ എഴുതിയില്ല. 

ഹിന്ദുമതത്തെ ഉറപ്പിച്ചു നിർത്തി കുമാരനാശാൻ നടത്തിയ കാവ്യ, സാമൂഹിക പോരാട്ടങ്ങളെപ്പറ്റി വ്യത്യസ്തമായ ഒരു പഠനം.

Order at:

Amazon:

INDUS SCROLLS
B 98F,
Parsvnath Paradise
JP Garden Estate
JP Enclave, Arthala, Ghaziabad
Mobile: 9891412119, 9350889946
email: info@indusscrolls.com

Wednesday 11 January 2023

കുമാരനാശാൻ, മാപ്പിള ലഹളയ്ക്ക് ശേഷം

ആശാൻ നടന്ന ജാതിവിരുദ്ധ വഴികൾ 

സ്ലാമിക വര്‍ഗ്ഗീയതയെക്കുറിച്ച് കുമാരനാശാൻ മാപ്പിള ലഹളയ്ക്കു മുമ്പുതന്നെ ബോധവാനായിരുന്നു. നല്ല കവികൾ പ്രവാചകന്മാരുമാണ്. 1915 ഒക്ടോബറിലെ  'വിവേകോദയ'ത്തില്‍ ആശാന്‍ എഴുതി: ”നമ്മുടെ മഹാരാജ്യത്തിൻറെ അതിര്‍ത്തികളിലും, ബംഗാള്‍ മുതലായ പ്രദേശങ്ങളിലും രാജ്യദ്രോഹികള്‍ വീണ്ടും തലപൊക്കിയിരിക്കുന്നു. കുറേക്കൂടി അടുത്തുനോക്കുമ്പോള്‍ മലബാറില്‍ മാപ്പിളമാര്‍ വീണ്ടും ലഹളയ്ക്ക് ഭാവിക്കുന്നതായി കാണുന്നു” (1)

1915 ൽ തന്നെയാണ് വള്ളത്തോൾ 'ഒരു നായർ സ്ത്രീയും മുഹമ്മദീയനും' എന്ന കവിതയിൽ ക്രൂര മുഹമ്മദീയർ നടത്തുന്ന അത്യാചാരങ്ങളെക്കുറിച്ച് പരാമർശിച്ചതും അപലപിച്ചതും. അതിൽ വള്ളത്തോൾ എഴുതി:

വെറിയൻ അവൻ അതാതിടത്ത് 
തട്ടിപ്പറി തൊഴിലായ് പുലരും മുഹമ്മദീയൻ 
പകലിരവ് അവനാചരിക്കും ദുരിത 
തൊഴിലിൻറെ ലാഞ്ഛനങ്ങൾ

ഒരുവക വലുതായ കത്തി 
കൂറ്റൻ തിരുകിയിരുന്നു വലത്ത് 
പാന്ഥക്കുരുതിയിൽ അത് 
ഊളിയിടാത്ത നാൾ ചുരുങ്ങും 

എന്നാൽ, 1921 ലെ മാപ്പിളലഹളയ്ക്ക് സാക്ഷിയായ വള്ളത്തോൾ അന്നത്തെ ഹിന്ദു വംശഹത്യയെപ്പറ്റി കുറ്റകരമായ മൗനം പാലിച്ചത്, അദ്‌ഭുതകരം തന്നെ.

ആശാൻ ആകട്ടെ, ഹൈന്ദവ സംസ്‌കൃതിയെ ഉദ്‌ഘോഷിച്ചും ഇസ്ലാമിക മത തീവ്രവാദത്തെ അപലപിച്ചുമാണ്  'ദുരവസ്ഥ' എഴുതിയത്.

കുമാരനാശാൻ, മാപ്പിള ലഹളയ്ക്ക് ശേഷം എഴുതിയ 'ദുരവസ്ഥ' ലഹളക്കാലത്ത് നടന്ന ഹിന്ദു വംശഹത്യയ്ക്ക് എതിരായ കാവ്യ പ്രതിഷേധമാണ് എന്ന സത്യം കേരള സമൂഹം വിലയിരുത്തി കഴിഞ്ഞതാണ്. അയിത്തവും ജാതിവിവേചനവും നീക്കി ഹിന്ദുക്കൾ ഒറ്റക്കെട്ടായി വർഗീയതയ്ക്ക് എതിരെ പോരാടണം എന്ന ആഹ്വാനമാണ്, മാപ്പിള ലഹളയ്ക്ക് ശേഷമുള്ള കുമാരനാശാൻറെ ലഘു കവനങ്ങളിൽ കാണുന്നത്. ജാതിക്കെതിരായ ഹിന്ദു പരിഷ്കരണ പ്രസ്ഥാനമായ ആര്യസമാജവുമായി ആശാൻ, ലഹളയ്ക്ക് ശേഷം ബന്ധപ്പെട്ടു പോന്നത്, ജാതി വിരുദ്ധ വിചാരങ്ങളെ ഊർജ്ജസ്വലമാക്കി.

ഈ വിചാരം തുടിച്ചു നിൽക്കുന്ന ആശാൻറെ ലഹളനാന്തര ലഘു കവനങ്ങളാണ്, 'സിംഹനാദം', 'സ്വാതന്ത്ര്യഗാഥ' എന്നിവ. 'സിംഹനാദം' 1097 മേടത്തിൽ എരമല്ലൂരിൽ നടന്ന എസ് എൻ ഡി പി യോഗം 19 -)൦ വാർഷികത്തിൽ സന്നദ്ധഭടന്മാർക്ക് പാടാൻ എഴുതിയത് എന്നാണ് സമ്പൂർണ പദ്യ കൃതികൾ അടിക്കുറിപ്പിൽ പറയുന്നത്. (2) അതായത് 1922 ഏപ്രിൽ -മെയ്. 1922 ഏപ്രിലിൽ തന്നെയാണ് 'സ്വാതന്ത്ര്യഗാഥ'യും വരുന്നത്. (3) 'ഒരു ഉദ്ബോധനം' (1919) എന്ന കവിതയ്ക്ക് ഉശിരു പോരാ എന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞതിനാൽ ആശാൻ 1919 ഫെബ്രുവരിയിൽ എഴുതിയ കവിതയാണ് സിംഹനാദം എന്ന് എം കെ സാനു 'മൃത്യഞ്ജയം കാവ്യജീവിതം' എന്ന പുസ്തകത്തിൽ പറയുന്നത്, ഈ അടിക്കുറിപ്പുമായി ചേരുന്നതല്ല. മാത്രമല്ല, കുമാരനാശാനെപ്പോലെ ആന്തരിക ജീവിതമുള്ളവർ ആരെങ്കിലും പറഞ്ഞിട്ടല്ല കവിത എഴുതുക.

തൻ്റെ എഴുത്തിനെപ്പറ്റി ആത്മവിശ്വാസത്തോടെ ആശാൻ പറയുന്നതു നോക്കുക: "ഞാൻ വളരെ കവിതകൾ എഴുതാറില്ലെങ്കിലും എഴുതുന്നിടത്തോളം വളരെ സൂക്ഷിച്ച് എഴുതാറാണ് പതിവ്. ഒരു ഉൽകൃഷ്ട കലയുടെ നിലയിൽ കവിതയുടെ സാങ്കേതികമായ ഗുണദോഷങ്ങളുടെ എല്ലാ അംശങ്ങളേയും പറ്റി ഗാഢമായും നിർദ്ദയമായും ചിന്തിച്ചു ത്യാജ്യങ്ങളെ പാടുള്ളത്ര ത്യജിച്ചും ഗ്രാഹ്യങ്ങളെ കഴിയുന്നത്ര ഗ്രഹിച്ചും അല്ലാതെ ഞാൻ ഒരു 'മുക്തകം' പോലും രചിക്കാറില്ലെന്നുള്ളത് എനിക്ക് നല്ല നിശ്ചയമുള്ള സംഗതിയാണ്." (4) അതു കൊണ്ടാണ്, 'ദുരവസ്ഥ'യിലെ മുസ്ലിം വിമർശം അദ്ദേഹം തിരുത്താൻ വിസമ്മതിച്ചത്.

കുമാരനാശാൻ

'സഹോദരനി'ൽ 1919 ൽ ആശാൻ എഴുതിയ 'ഒരു ഉദ്ബോധന'ത്തിൻ്റെ തുടർച്ചയാണ്, ലഹളയ്ക്ക് ശേഷമുള്ള രണ്ടു കവനങ്ങളും -എന്നാൽ, ഈ കവനങ്ങൾക്ക് പിന്നാലെയാണ്, 'ദുരവസ്ഥ'യുടെ പിറവി എന്നത് നിസ്സാരമല്ല.അതിനാൽ തന്നെ, 1920 ഡിസംബറിൽ ആശാൻ എഴുതിയ 'പരിവർത്തനം' എന്ന കവിതയ്ക്ക് ചില ഇടതു കുബുദ്ധികൾ ആരോപിക്കും പോലെ, 1917 ലെ റഷ്യൻ വിപ്ലവ പ്രചോദനം ഉണ്ടാകാൻ ഒരു സാധ്യതയും ഇല്ല.(5) കാൾ മാർക്‌സിൻറെയും ലെനിൻറെയും സമകാലികരായിരുന്ന ശ്രീനാരായണ ഗുരുവും കുമാരനാശാനും അവരിരുവരെയും ഒരിടത്തും പരാമർശിക്കാതിരുന്നത്, അവർക്ക് വേണ്ടിയിരുന്നത് ഹിംസയിൽ മുങ്ങിയ വ്യാജ പരിവർത്തനം അല്ല എന്നതു കൊണ്ടാണ്. അവർ ലക്ഷ്യമിട്ടത്, സമുദായ പരിഷ്കരണം വഴി ഹിന്ദുമത ഐക്യമാണ്. 'മതപരിവർത്തന രസവാദ' ത്തിൽ, ജോൺ സ്റ്റുവർട്ട് മില്ലിനെയും ഇമ്മാനുവൽ കാന്റിനെയും പരാമർശിക്കുന്ന ആശാൻ, മാർക്സിനെയും ലെനിനെയും അറിഞ്ഞു കൊണ്ടു തന്നെ തള്ളിക്കളഞ്ഞതാകണം. 

ആശാൻറെ ഈ കാവ്യങ്ങൾ എല്ലാം 'മണിമാല' എന്ന സമാഹാരത്തിലാണ്  വന്നത്. 'പരിവർത്തനം' എന്ന കവിത, സൂര്യസ്തുതിയാണ്. 

കരഞ്ഞുകൊണ്ടു കൂമനും കുറുക്കനും ഗമിക്കവേ
വിരഞ്ഞു കുക്കുടങ്ങൾ മോദകാഹളം വിളിക്കവേ
എരിഞ്ഞുയർന്നെഴും ദിനേശ കൂസിടാതെയെങ്ങുമേ
തിരിഞ്ഞു നിന്നിടാതെ നിൻ‌വഴിക്കു പോക പോക നീ.

എന്നു തുടങ്ങുന്ന കവിതയിൽ, 

കവി, പരിവർത്തനം കാംക്ഷിക്കുന്ന വരികൾ ഉണ്ട്:

അറയ്ക്കകത്തെഴുന്നൊരന്ധകാരവും വിഭോ ഭവാൻ
പറത്തുകിന്നഭസ്സിൽനിന്നു മൂടൽമഞ്ഞുപോലുമേ
വിറച്ചണഞ്ഞു വെയ്ലുകൊണ്ടിടട്ടെ വൃദ്ധഭൂ തണു-
ത്തറച്ചതൻ ഞരമ്പിലെങ്ങുമുഷ്ണരക്തമോടുവാൻ

അകന്നു മിന്നുവോരുഡുക്കളന്തികത്തിലായ് ദ്രുതം
പകച്ചു മങ്ങി നിന്നിടട്ടെ ദേവ പാഞ്ഞുപോക, നീ
പുകഞ്ഞെരിഞ്ഞുടൻ പൊടിഞ്ഞു താണിടട്ടെ പർവ്വതം
നികന്നിടട്ടെ വാരിരാശി നിന്റെ തേർത്തടങ്ങളിൽ.

തിമിർത്തൊരീർഷ്യയാൽ തടഞ്ഞിടട്ടെ വൻ‌ഗജങ്ങളോ
തിമിംഗലങ്ങളോ ഭവൽ പഥത്തെ-അല്പദൃഷ്ടികൾ.
അമർത്തലേറ്റു മസ്തകം ഞെരിഞ്ഞവറ്റ ചോരയാൽ
സമഗ്രമന്തിവർണ്ണമാക്കിടട്ടെ കുന്നുമാഴിയും.

സമത്വമേകലൿഷ്യമേവരും സ്വതന്ത്രരെന്നുമേ
സമക്ഷമിത്തമസ്സകറ്റിയോതി ലോകമാകവേ
ക്രമപ്പെടുത്തിടും ഭവാന്റെ ഘോരമാം കൃപയ്ക്കു ഞാൻ
നമസ്ക്കരിപ്പു, ദേവ പോകപോക നിൻ‌വഴിക്കു നീ

ഈ കവിതയിലെ സൂര്യൻ, സഹോദരൻ അയ്യപ്പനാണ് എന്ന് എം കെ സാനു വ്യാഖ്യാനിക്കുന്നതോടെ,  അൽപ പ്രാണികൾ ഈ കവിതയിൽ കാണുന്ന ബോൾഷെവിക് വിപ്ലവം ആവിയായി പോകുന്നു. (6) കവിതയുടെ ഒടുവിൽ ദേവൻ എന്നു തന്നെ കവി സൂര്യനെ സംബോധന ചെയ്യുന്നതോടെ, ഭാരതത്തിൻറെ, ഭാരതീയമായ പരിവർത്തനമാണ് കവി ലക്ഷ്യമാക്കുന്നത് എന്ന് വ്യക്തമാകുകയും ചെയ്യുന്നു.ബ്രിട്ടീഷ് അടിമത്തത്തിൽ നിന്നുള്ള മോചനം ഇതിവൃത്തമായ കവിതയാണ് ഇത് എന്ന് കാണാൻ ചരിത്രബോധമുള്ളവർക്ക് പ്രയാസം ഉണ്ടാവില്ല. ജാതിവിവേചനം നീക്കാൻ കോൺഗ്രസിന് (ഭാരതീയ ജനസഭ) കഴിയുമെന്ന് പല ലേഖനങ്ങളിലും പ്രത്യാശ ആശാൻ പ്രകടിപ്പിച്ചിട്ടുണ്ട് -കമ്യൂണിസത്തിൽ അല്ല.

'ഒരു ഉദ്‌ബോധനം' എന്ന കവിതയിൽ,

തരുശാഖയിലോ താഴെ
പ്പൊത്തിലോ കന്ദരത്തിലോ
ഗൃഹകോടിയിലോ സംഘം
കൂടി ക്ഷേമം നിനയ്ക്കുവിൻ

എന്ന വരികൾ ഗറില്ലാ യുദ്ധത്തിനുള്ള ആഹ്വാനമാണ് എന്നാണ്, മാർക്സിസ്റ്റ്  വ്യാഖ്യാനം. (7) എന്നാൽ, ആ കവിതയുടെ പ്രചോദനം ഇനിയുള്ള വരികളിൽ വ്യക്തമാണ്:

മുറിവേൽ‌പ്പിക്കിലും ധൂർത്തർ
പത്രം ചുട്ടുകരിക്കിലും
മുഷ്ക്കിന്നു കീഴടങ്ങാതെ
മരിപ്പോളം തടുക്കുവിൻ

കുമാരനാശാൻ ജീവിച്ചിരുന്ന കാലത്ത് അഗ്നിക്കിരയാക്കിയത്, പരവൂർ കേശവനാശാൻറെ 'സുജനാനന്ദിനി' എന്ന പത്രമാണ്. അതിന് തീയിട്ടത്, 1905 ൽ ഹരിപ്പാട് ഉണ്ടായ നായർ -ഈഴവ ലഹളക്കാലത്താണ്. അന്ന് 'കേരളഭൂഷണം' പ്രസിനും നായന്മാർ തീയിട്ടു.

വീണ്ടും, ജാതിക്കോമരങ്ങൾക്കെതിരായ പോരാട്ടമാണ് ആശാൻ ലക്ഷ്യമിട്ടത് എന്ന് വ്യക്തം. മുതലാളിത്തത്തിന് എതിരായ, മാർക്സിസ്റ്റ് ഗറില്ലാ യുദ്ധം അല്ല.

മുകിലൻ ആശാൻ കവിതയിൽ 

സൂര്യൻ കിഴക്കുദിക്കാറായ്
സരഘാനിവഹങ്ങളേ!
സ്വാതന്ത്ര്യമധു തേടീടാൻ
സോത്സാഹമെഴുനേൽക്കുവിൻ.

എന്നാണ് കവിതയുടെ ആരംഭം. തേനീച്ചകളോട് സ്വാതന്ത്ര്യ മധു നുകരാൻ എഴുന്നേൽക്കൂ എന്നാണ് ആഹ്വാനം. ഇത് ഈഴവരോടുള്ള ആഹ്വാനം ആണെന്നും ഈഴവർക്കും തേനീച്ചകൾക്കും ഉപജീവനമാർഗം മധുശേഖരണം ആണെന്നും ടി കെ മാധവൻ നിരീക്ഷിച്ചിട്ടുണ്ട്. 

പിൽക്കാലത്ത് മാപ്പിളമാർ ചെയ്തതു പോലെ, ആക്രമണം കവി നിർദേശിക്കുന്നില്ല:

ഉപദ്രവിക്കായുവിൻ പോ
യൊരു ജന്തുവിനേയുമേ
അപായം തടയാൻ ഘോര
ഹുങ്കാരം കൂട്ടി നിൽക്കുവിൻ.

ആശയസമരമാണ് മികച്ച ആയുധം:

മുഖത്തുണ്ടിന്നു നിങ്ങൾക്കു
ദൈവദത്തമൊരായുധം
മൃദുവെന്നാകിലും തീക്ഷ്ണം
പേടിക്കുമതു വൈരികൾ.

ആശാൻ തുടർന്ന് തിരുവിതാംകൂർ ആക്രമിച്ച ഒരു മുസ്ലിം സേനാനായകനെ  ഓർക്കുന്നത്, ആകസ്മികം ആവില്ല:

വഞ്ചിശ്രീയെക്കവരുവാൻ
പണ്ടു വന്നൊരു മുഷ്കരൻ
മുകിലൻ പടയോടൊത്തു
മുടിഞ്ഞു മക്ഷികാളിയാൽ.

വേണാട് ആക്രമിച്ച മുഗൾ സേനാധിപനാണ് മുകിലൻ. ഉമയമ്മ റാണി വേണാട് ഭരിച്ചിരുന്ന കാലത്തായിരുന്നു (1677 - 1684) ഈ ആക്രണം. ഇത് കൊല്ലവർഷം 855-ലായിരുന്നു (എ.ഡി. 1680) എന്ന് കരുതപ്പെടുന്നു. കേരളത്തിലെ ആദ്യ മുസ്ലിം ആക്രമണം മുകിലൻ നടത്തിയതാണ്. (8)

വർക്കല മുതൽ തോവാള വരെയുള്ള പ്രദേശം മുകിലൻ പിടിച്ചെടുത്തു. തിരുവനന്തപുരത്തെ മണക്കാട് ആസ്ഥാനമാക്കി അദ്ദേഹം രാജ്യം ഭരിച്ചു തുടങ്ങി. കന്യാകുമാരി ജില്ലയിൽ ബുധപുരത്ത് നെയ്തശ്ശേരിമഠം വകയായ ഒരു ബലരാമ ക്ഷേത്രം ഉണ്ടായിരുന്നു. പ്രധാനദേവൻ ബലരാമൻ ആയിരുന്നു. കൂപക്കരപ്പോറ്റിക്കായിരുന്നു ഇവിടെ തന്ത്രം. മുകിലൻ ഈ ക്ഷേത്രം ആക്രമിക്കാൻ വരുന്നുണ്ടെന്നറിഞ്ഞ നെയ്തശ്ശേരിപ്പോറ്റി കൂപക്കരപ്പോറ്റിയുടെ സഹായത്തോടെ വിഗ്രഹങ്ങൾ ഇളക്കിയെടുത്ത് കുറച്ചു ദൂരെയുള്ള സ്വാമിയാർ മഠത്തിൽ എഴുന്നള്ളിച്ചു കുടിയിരുത്തി. ക്ഷേത്രം ആക്രമിക്കാനായി മുകിലൻ എത്തിയപ്പോൾ നായന്മാരും ചാന്നാന്മാരും അദ്ദേഹത്തെ നേരിട്ടു. അവരെ നിർദ്ദയം അരിഞ്ഞു വീഴ്ത്തിയ ശേഷം മുകിലൻ ക്ഷേത്രം കൊള്ളയടിച്ചു. അയാൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഗോക്കളെ കൊന്നു, ക്ഷേത്രം തകർത്തു.

മുകിലൻ സമ്പത്ത് കൊള്ളയടിക്കാനായി നാനാദിക്കിലേക്കും പടയാളികളെ നിയോഗിച്ചു. എട്ടരയോഗക്കാരും എട്ടുവീട്ടിൽ പിള്ളമാരും മുകിലന്റെ ആക്രമണസമയത്ത് ജാതിഭ്രഷ്ട് ഭയന്ന് ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം അടച്ചിട്ടു പലായനം ചെയ്തു എന്ന് ചരിത്രകാരൻ പി. ശങ്കുണ്ണി മേനോൻ എഴുതിയിട്ടുണ്ട്.

പദ്‌മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാൻ മുകിലൻ സ്വയം പുറപ്പെട്ടപ്പോൾ മണക്കാട്ടുള്ള പഠാണികളായ മുഹമ്മദീയർ അത് തടഞ്ഞു. അന്നദാതാക്കന്മാരായ വേണാട്ടരചന്മാർ തങ്ങളെ കാരുണ്യത്തോടെയാണ് സംരക്ഷിച്ചു പോരുന്നതെന്നും രാജവംശത്തിന്റെ പരദേവതാക്ഷേത്രം കൊള്ള ചെയ്യരുതെന്നും അവർ അപേക്ഷിച്ചു. അതിനാൽ മുകിലൻ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം ആക്രമിച്ചില്ല.

എന്നാൽ വർക്കല മുതൽ തോവാള വരെയുള്ള പ്രദേശങ്ങളിൽ അയാൾ നിർബന്ധിത മതം മാറ്റം നടത്തി.

ഇസ്ലാം സ്വാധീനം തെക്കൻ തിരുവിതാംകൂറിൽ അടിച്ചേൽപിച്ചത് മുകിലൻറെ ആക്രമണം ആയിരുന്നു.തീരപ്രദേശത്ത് വർക്കല മുതൽ വിളവങ്കോട് വരെ അയാൾ നിർബന്ധിത മതം മാറ്റം നടത്തി, സുന്നത്ത് പോലുള്ള ആചാരങ്ങൾ അടിച്ചേൽപിച്ചെന്ന് നാഗമയ്യ 'തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലി'ൽ രേഖപ്പെടുത്തിയിട്ടുണ്ട്.ആണുങ്ങൾ പുറത്തിറങ്ങുമ്പോൾ തല മറയ്ക്കണം,സ്ത്രീകൾ മാറു മറയ്ക്കണം,ആൺകുട്ടികൾക്ക് ചേലാകർമ്മം നടത്തണം,കല്യാണം പോലുള്ള ചടങ്ങുകളിൽ എല്ലാവരും ഒരേ പാത്രത്തിൽ നിന്നുണ്ണണം,കുട്ടികൾ തലയിൽ ഉറുമാൽ കെട്ടണം,സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ അരയ്ക്ക് മേൽ മറയ്ക്കണം എന്നീ നിബന്ധനകൾ നടപ്പാക്കി.

മുകിലനെ നേരിടാനായി ഉമയമ്മറാണി വയനാട്ടു നിന്നെത്തിയ കോട്ടയത്തു കേരളവർമ്മയെ നിയോഗിച്ചു. കേരളവർമ്മയുടെ പട മുകിലപ്പടയുമായി ഏറ്റുമുട്ടി. മുകിലൻറെ കുതിരപ്പടയുടെ വലിയ പങ്കും വർക്കല മുതൽ തോവാള വരെയുള്ള പ്രദേശത്തായി കരം പിരിക്കാൻ പോയിരിക്കുകയായിരുന്നു. മുകിലൻ തോവാളയിലേക്കു പിൻവാങ്ങി. സൈന്യവുമായി പിന്തുടർന്ന കേരളവർമ്മ തിരുവട്ടാറ്റു മുകിലനെ വധിച്ചു.

ഉമയമ്മ റാണി കേരളവർമ്മയെ വേണാട്ടു രാജകുടുംബത്തിലേക്കു ദത്തെടുത്ത് ഇരണിയൽ രാജകുമാരൻ എന്ന ഔദ്യോഗികാംഗീകാരം നൽകി. തുടർന്ന് കേരളവർമ്മയായിരുന്നു ഉമയമ്മ റാണിയുടെ പ്രണയ ഭാജനം.1696 ൽ അദ്ദേഹം കൊല്ലപ്പെട്ടു.ആട്ടക്കഥാകാരൻ കോട്ടയത്ത് തമ്പുരാൻറെ അനുജൻ ആയിരുന്നു.

പുലപ്പേടി,മണ്ണാപ്പേടി എന്നിവ അദ്ദേഹം നിരോധിച്ചതിന് പിന്നാലെയാണ് കൊല്ലപ്പെട്ടത്. വലിയൊരു ഭാഗം ജനങ്ങളെ പുലയർ, മണ്ണാൻ എന്നീ ജാതിക്കാരായ ആളുകളാൽ അപമാനിതരാക്കപ്പെടുന്നതിൽ നിന്ന് ഒഴിവാക്കുക പരിഷ്കരണ ലക്ഷ്യമായിരുന്നു.ഈ വിളംബരം പുലയ, പറയ, മണ്ണാൻ സമുദായത്തിൽ പെട്ട കുട്ടികളടക്കം അനേകരുടെ കൂട്ടക്കൊലയ്ക്കും ഗർഭസ്ഥശിശുക്കളുടെ നേരേ വരെയുള്ള കിരാതമായ ആക്രമണങ്ങൾക്കും വഴിതെളിച്ചതായി പറയപ്പെടുന്നു. റാണിയുടെ ഭരണത്തിന്റെ ശക്തി കേരളവർമ്മയാണ് എന്നു ധരിച്ച മാടമ്പിമാർ; അദ്ദേഹത്തെ ഇല്ലാതാക്കിയാൽ ഭരണം ശിഥിലമാകുമെന്നു കണക്കു കൂട്ടി അദ്ദേഹത്തെ കൊല്ലാൻ പദ്ധതികൾ തയ്യാറാക്കി.ഭരണം കൂടുതൽ രാജ കേന്ദ്രീകൃതമാകുന്നതിൽ എതിർപ്പുണ്ടായിരുന്ന എട്ടരയോഗം എന്ന ക്ഷേത്ര ഭരണക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നു കരുതപ്പെടുന്നു.

ഭൂതകാല ചരിത്രം മലയാളികൾക്ക് ആവേശമാകട്ടെ എന്ന് ഉദാഹരിച്ച ശേഷം, കുമാരനാശാൻ ആ വലിയ സന്ദേശം നമുക്ക് പകർന്നു തന്നത്, ഈ കവിതയിലാണ്:

മലക്കുണ്ടിൽ മറിഞ്ഞെത്ര
കീടം ചാകുന്നു നാൾക്കുനാൾ
മധുകാത്തുറ്റ തേൻ‌കൂട്ടിൽ
മരിപ്പിൻ നിങ്ങൾ വേണ്ടുകിൽ.

സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയെക്കാൾ ഭയാനകം.

ഈ കവിത 1919 ൽ 'സഹോദരനി'ൽ വന്നുവെന്നാണ് സാനു പറയുന്നത്. (9)

ജാതിയെ പിശാചായും കലിയായും കാണുന്ന തീക്ഷ്ണ കവിതയാണ്, 'സിംഹനാദം'. ജാതിയെന്ന കരിവീരൻറെ മസ്തകം ഉടയ്ക്കാനുള്ള ആഹ്വാനം, ഭാരതീയമായ കല്പനകൾ വച്ചു തന്നെ:

കരനഖനിരകൊണ്ടു കൂരിരുട്ടാം
കരിയുടെ കുംഭമുടച്ചു ചോരതൂവി
ത്വരയൊടുദയമാർന്നു നിങ്ങളോടീ
‘ഹരി’യുരചെയ്‌വതു ഹന്ത! കേട്ടുകൊൾവിൻ

നേടിയൊരിരുൾ തുലഞ്ഞു രാത്രിയോടും
കൊടിയ പിശാചുക്കൾ കോടിപോയ്മറഞ്ഞു
മുടിവിനു നിഴൽകണ്ടു മൂലതോറും
കുടികളിൽ നില്പിതു ഘോരഭൂതമേകും.

ത്സടിതിയവനെയാഞ്ഞു വേട്ടയാടിൻ
നൊടിയളവിക്കലി നിൽക്കിലുണ്ടപായം
പടിമ പെരുതവന്നു പേപിടിപ്പി-
ച്ചടിമകളാക്കിടുമാരെയും ദുരാത്മാ.

പറക പണിയിരുട്ടു പെറ്റതാകും
പറയനിവൻ സ്വയമെന്തു വിദ്യയാലോ
മറയവരുടെ മണ്ടയിൽക്കരേറി-
ക്കുറകൾ പറഞ്ഞു മുടിച്ചു കേരളത്തെ.

നരനു നരനശുദ്ധവസ്തുപോലും
ധരയിൽ നടപ്പതു തീണ്ടലാണുപോലും
നരകമിവിടമാണു ഹന്ത! കഷ്ടം
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?

ജാതിയുടെ ഉന്മൂലനം ഇതിവൃത്തമായ ഒടുവിലെ കവിത,  സ്വാതന്ത്ര്യഗാഥയിൽ, ജാതിവ്യവസ്ഥയെ മായാവ്യവസ്ഥ എന്ന് വിളിക്കുന്നു; ബ്രിട്ടീഷ് ചക്രവർത്തിയോടുള്ള വിലാപമാണ്, ഇത് :

അന്ധകാരത്തിന്റെയാഴത്തിൽ ക്രൂരമാ-
മെന്തൊരു മായാവ്യവസ്ഥയാലോ
ബന്ധസ്ഥരായ് ഞങ്ങൾ കേഴുന്നു ദേവ, നിൻ
സ്വന്തകിടാങ്ങൾ, നിരപരാധർ.

ഓരുന്നു ഞങ്ങൾ പിതാവെ, നിൻ കൺ‌മുന
ദൂരത്തും തേന്മഴ ചാറുമെന്നും
ക്രൂരതതന്നുടെ നേരേയതുതന്നെ
ഘോരമിടിത്തീയായ് മാറുമെന്നും.

ചട്ടറ്റ നിൻ കരവാളിൽ ചലൽ‌പ്രഭ
തട്ടുമാറാക ഞങ്ങൾക്കു കണ്ണിൽ
വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ!
പൊട്ടിച്ചെറികയിക്കൈവിലങ്ങും

ചക്രവർത്തിയെ അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഈ വിലാപം എന്ന് കാണാൻ പ്രയാസമില്ല. അതിനാൽ തന്നെ, ജോർജ്‌ ആറാമൻറെ പട്ടും വളയും വാങ്ങിയ കവി എന്ന് ഇ എം എസ് ആക്ഷേപിച്ച ആശാനെ മാർക്സിസ്റ്റ് കവി എന്ന് വിളിക്കുന്നത് അസംബന്ധമാണ്. ഹിന്ദുമതത്തെ വിഘടിച്ചു നിർത്തിയ ജാതിപ്പിശാചിനെ ഉന്മൂലനം ചെയ്യാനുള്ള നിലവിളിയാണ് ആശാൻ കവിത. 

ഗുരുവും ആശാനും 

അതിനാൽ, ബ്രിട്ടീഷ് ഇന്ത്യയിൽ രംഗപ്രവേശം ചെയ്ത ആര്യസമാജത്തിൻറെ ജാതിവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രീനാരായണഗുരുവിനും കുമാരനാശാനും താൽപര്യം തോന്നി. മാപ്പിളലഹളയ്ക്ക് ശേഷം ആശാനും ആത്മസുഹൃത്ത്  പത്രാധിപർ ടി കെ നാരായണനും മലബാറിൽ പോയി. ദുരിതാശ്വാസ പ്രവർത്തനത്തിന് വന്ന  പണ്ഡിറ്റ് ഋഷിറാം, വേദബന്ധു ശർമ (ആർ വെങ്കിടാചലം) എന്നിവരുമായി ബന്ധപ്പെട്ടു. ടി കെ നാരായണൻ ആര്യസമാജത്തിൽ ചേർന്നു. 

കമ്മ്യൂണിസ്റ്റ് നേതാവ് എം  എൻ ഗോവിന്ദൻ നായർ ആത്മകഥയിൽ ഇങ്ങനെ എഴുതുന്നു: (10)

"എൻ്റെ നാട്ടിൽ (പന്തളം) നിന്ന് വിവാഹം കഴിച്ച ഒരു ടി കെ നാരായണൻ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ പ്രതിഷേധം കുട്ടികളായ ഞങ്ങൾക്ക് രസകരമായി തോന്നി. അദ്ദേഹത്തിൻറെ വേഷം വടക്കേ ഇന്ത്യക്കാരെപ്പോലെ പുറകിൽ ശിഖ, ബ്രാഹ്മണരെപ്പോലെ പൂണൂൽ, പൂജ നടത്താൻ പ്രത്യേക രീതിയിലുള്ള മുണ്ടുടുപ്പ് എന്നിവയായിരുന്നു. പൂജ നടത്താൻ തിരഞ്ഞെടുത്ത സ്ഥലം മണപ്പുറം. ധീരനായി പുരാണെതിഹാസങ്ങളെയും ജാതിവ്യവസ്ഥയെയും ക്ഷേത്രാരാധനയെയും വെല്ലുവിളിച്ചു കൊണ്ടും വേദങ്ങൾ മാത്രമാണ് ഹിന്ദുക്കളുടെ അടിസ്ഥാന ഗ്രന്ഥങ്ങളെന്ന് വാദിച്ചു കൊണ്ടും  അവയിലേക്ക് എല്ലാവരും മടങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള അദ്ദേഹത്തിൻറെ പ്രഖ്യാപനങ്ങൾ വീരസാഹസികത്വത്തിൻറെ മാതൃകയായിരുന്നു. വടക്കേ ഇന്ത്യയിൽ പ്രചുരപ്രചാരത്തിലിരുന്ന ആര്യസമാജത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തത്". 

ആദ്യം പറഞ്ഞ 'സുജനാനന്ദിനി'യുടെ പത്രാധിപർ ആയിരുന്ന ടി കെ നാരായണൻ, എസ് എൻ ഡി പി സംഘടനാ സെക്രട്ടറിയും ഇംഗ്ലീഷ് പണ്ഡിതനും ആയിരുന്നു. 

ശ്രീനാരായണ ഗുരു 1924 ലെ  ആലുവ സർവമത സമ്മേളനത്തിൽ പണ്ഡിറ്റ് ഋഷിറാമിനെ പങ്കെടുപ്പിച്ചു. ആര്യസമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദയും ഗുരുവും തമ്മിൽ കണ്ടു. അങ്ങനെ ഗുരുവും ആശാനും നാരായണനും ഭാരതീയ ആത്മീയ ധാരയിൽ നിന്നു. ആര്യസമാജ പശ്ചാത്തലത്തിൽ ആശാന് ജാതിവിമർശനത്തിന് ഒരു പ്രസ്ഥാന ബലം കൂടി കിട്ടി.

നാരായണൻറെ വീട്ടിലായിരുന്നു, ആശാൻറെ അവസാന അത്താഴം. തണുപ്പായതിനാൽ, നാരായണൻ തൻ്റെ കറുത്ത കോട്ട് ആശാനെ ധരിപ്പിച്ചു. റെഡീമർ ബോട്ടപപകടത്തിൽ മരിച്ച ആശാൻ ധരിച്ച ആ കോട്ടിൻറെ കീശയിൽ, നാരായണൻ എഴുതിക്കൊണ്ടിരുന്ന ഒരു ജീവചരിത്രം ഉണ്ടായിരുന്നു -ആര്യസമാജം സ്ഥാപകൻ സ്വാമി ദയാനന്ദ സരസ്വതിയുടെ ജീവചരിത്രം.


__________________________

1.കുമാരനാശാന്‍ (1982), കെ അശോകൻ, പേജ് 120, കേരള ഹിസ്റ്ററി അസോസിയേഷൻ, ഡോ പി ശിവപ്രസാദ്, ആർഷദർശനങ്ങളുടെ ആശാൻ കവിതകൾ, കേസരി വാരിക, 6 ജനുവരി 2023 2.കുമാരനാശാൻറെ സമ്പൂർണ പദ്യകൃതികൾ, എസ് പി സി എസ്, കോട്ടയം, 1971, പേജ് 734
3.സ്വാതന്ത്ര്യ ഗാഥ 'മാതൃഭൂമി' പത്രം 1923 ജൂലൈ 10 ന് പ്രസിദ്ധീകരിച്ചിരുന്നു.
4. ആത്മപോഷിണിയും പ്രരോദന നിരൂപണവും, കുമാരനാശാൻ, 1920, കുമാരനാശാൻറെ ഗദ്യലേഖനങ്ങൾ, വാല്യം ഒന്ന്, പേജ് 133 -142
5. ജാതിധ്വംസനം ആശാൻറെ ലഘു കവനങ്ങളിൽ, ഡോ എസ് ഷാജി, സഹോദരൻ, ജനുവരി, 2023
6 . do
7 . do
8. Menon, P. Shungoonny (1878). A History of Travancore from the Earliest Times, Volume 1. Madras: Higginbothams & Co. പുറങ്ങൾ. 102–105.
9.മൃത്യുഞ്ജയം കാവ്യജീവിതം, എം കെ സാനു, പേജ് 157, ചിന്ത പബ്ലിഷേഴ്‌സ്
10. എമ്മെൻറെ ആത്മകഥ, പ്രഭാത് ബുക് ഹൗസ്, പേജ് 48
.

© Ramachandran 

Saturday 17 September 2022

കുമാരനാശാൻ ആത്മീയ കവി തന്നെ

ദുരവസ്ഥയുടെ നാനാർത്ഥങ്ങൾ 

കുമാരനാശാനെ ഒരു ലേഖനത്തിൽ ഞാൻ 'ആത്മീയ കവി' എന്ന് വിശേഷിപ്പിച്ചതിൽ ക്ഷുഭിതനായി, അവിവേകിയായ ഒരാൾ എഴുതിയ മറുപടി കണ്ടു. അത് അദ്ദേഹം പടച്ചത്, സാഹിത്യത്തിലെ ആത്മീയത എന്താണെന്ന് അറിയാത്തത് കൊണ്ടോ വേണ്ടത്ര സാഹിത്യ ശിക്ഷണം ഇല്ലാത്തതു കൊണ്ടോ ലോകസാഹിത്യവുമായി പരിചയമില്ലാത്തതു കൊണ്ടോ ആകാം. കാൽ നൂറ്റാണ്ടു മുൻപ്, കടവല്ലൂർ അന്യോന്യത്തോട് അനുബന്ധിച്ചു നടന്ന ദക്ഷിണേന്ത്യൻ സാഹിത്യ സമ്മേളനത്തിൽ 'ചെറുകഥയും ആത്മീയതയും' എന്ന വിഷയത്തിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധം, മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രബന്ധത്തിൽ ചർച്ച ചെയ്തത്, ഒ വി വിജയൻ, പട്ടത്തുവിള കരുണാകരൻ, സി വി ശ്രീരാമൻ എന്നിവരുടെ കഥകളിലെ ആത്മീയതയെക്കുറിച്ചാണ്. 

കുമാരനാശാൻ

ലോകസാഹിത്യത്തിൽ, ദസ്തയേവ്സ്കി, കസാൻദ്സാകിസ് എന്നിവരുടെ രചനകൾ വായനക്കാർ ഇഷ്ടപ്പെടുന്നതു തന്നെ, അവയുടെ ആത്മീയ തലം മുൻ നിർത്തിയാണ്. 'കാരമസോവ് സഹോദരന്മാർ' എന്ന ദസ്തയേവ്സ്കിയുടെ നോവലിൽ, ഇവാനും അല്യോഷയും തമ്മിലുള്ള സംവാദത്തിലെ  ഗ്രാൻഡ് ഇൻക്വിസിറ്റർ വരുന്ന അധ്യായം, എഴുത്തുകാരൻറെ തന്നെ ആത്മീയ സംഘർഷം വെളിപ്പെടുത്തുന്ന ഒന്നാണ്. ഗ്രീക്ക് ദുരന്ത നാടകങ്ങളെ ഉദാത്തമായ തലത്തിലേക്ക് ഉയർത്തുന്നതും അവയിലെ ആത്മീയ ഉള്ളടക്കമാണ്. എഴുത്തച്ഛൻ, ശ്രീനാരായണ ഗുരു, കുമാരനാശാൻ എന്നിവരെ ഉയർന്ന പീഠത്തിൽ ഇരുത്തുന്നതും കവിതയിലെ ആത്മീയ ഉള്ളടക്കമാണ്.

ദസ്തയേവ്സ്കി, ഈ നോവൽ എഴുതുമ്പോഴാണ്, അദ്ദേഹത്തിൻറെ രണ്ടു വയസുള്ള മകൻ അല്യോഷ മരിക്കുന്നത്. അദ്ദേഹത്തിന് എഴുത്തു തുടരാൻ കഴിയാതായി. ദുഃഖിതനായ അദ്ദേഹം, ഒപ്റ്റിന പുസ്‌റ്റിനെ ആശ്രമത്തിലേക്ക് തീർത്ഥാടനം നടത്തി. അവിടത്തെ സന്യാസിയുമായുമൊത്ത് രണ്ടു ദിവസം ചെലവിട്ടു. ആ സന്യാസി പിന്നീട് വിശുദ്ധ അംബ്രോസ് ആയി വാഴ്ത്തപ്പെട്ടു.

തീർത്ഥാടനത്തിൽ നിന്ന് മടങ്ങിയ ദസ്തയേവ്സ്കിക്ക് മാനസാന്തരം വന്നിരുന്നു. ഈ ആത്മീയ വ്യക്തിയാണ് നോവൽ എഴുതിയത്. അംബ്രോസ് പറഞ്ഞു: "ആത്മാവിൻറെ ആഹാരമാണ് പ്രാർത്ഥന. ആത്മാവിനെ പട്ടിണിക്ക് ഇടരുത്. ശരീരം പട്ടിണിയാകുന്നതാണ് ഭേദം."

അദ്ദേഹം വിശദീകരിച്ചു: "മനുഷ്യ ജീവിതത്തിൻറെ നിഗൂഢത കിടക്കുന്നത്, ജീവിച്ചിരിക്കുന്നതിൽ അല്ല. എന്തിനെങ്കിലും വേണ്ടി ജീവിച്ചിരിക്കുന്നതിലാണ്."

ഈ ധർമ്മമാണ് ദസ്തയേവ്സ്കി അല്യോഷ, സോസിമ എന്നീ കഥാപാത്രങ്ങൾ വഴി മുന്നിൽ വയ്ക്കുന്നത്. അംബ്രോസിൻറെ സ്ഥാനത്താണ്, സോസിമ. നോവലിലെ ഗ്രാൻഡ് ഇൻക്വിസിറ്റർ കമ്മ്യൂണിസം, നാസിസം, ഫാഷിസം എന്നിവയുടെ ഭീകരതകൾ പ്രവചിക്കുന്നതായി വിമർശകർ നിരീക്ഷിച്ചിട്ടുണ്ട്.

എഴുത്തിലെ ആത്മീയത കൂടുതൽ വിശദീകരിക്കാൻ, കസാൻദ്സാകിസിനെ  ഉദാഹരിക്കാം.

സ്വാതന്ത്ര്യ പോരാട്ടത്തിൽ, നാല് ആത്മീയ ഗുരുക്കന്മാരാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്: നീഷെ, ബെർഗ്‌സൻ, യേശു, ദസ്തയേവ്സ്കി. സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം ആണെന്ന് ധരിക്കരുത്. മാനസിക മോചനത്തിൻറെ ചവിട്ടു പടികളിൽ വഴികാട്ടികളായ ഗുരുക്കന്മാരാണ്, ഇവർ. അതേ സമയം, തന്നെ വേട്ടയാടിയ പല പ്രശ്നങ്ങൾക്കും ഉത്തരം നൽകിയത്, ശ്രീബുദ്ധൻ ആണെന്ന് അദ്ദേഹം ആത്മകഥയായ 'റിപ്പോർട്ട് ടു ഗ്രെക്കോ' യിൽ പറയുന്നുമുണ്ട്. കിഴക്കിൻറെ അവതാരമായ ബുദ്ധൻ കുമാരനാശാൻറെ ആത്മീയ തീർത്ഥാടന പാതയിൽ വരുന്നത് സ്വാഭാവികമാണ്. ഗ്രീസിൽ ജനിച്ച ഒരാളിൽ അസാധാരണവുമാണ്. അടിമത്തത്തെ ന്യായീകരിച്ച അരിസ്റ്റോട്ടിലിൻറെയും പ്ളേറ്റോയുടെയും നാട്ടിൽ ജനിച്ച ഒരാളിൽ, അപ്പോൾ, അങ്ങനെ സംഭവിച്ചത്, യൂറോപ്പിന് അപരിചിതമായ ആത്മീയ അന്വേഷണത്തിൽ അയാൾ ഏർപ്പെട്ടതു കൊണ്ടു മാത്രമാണ്. യൂറോപ്പിന് പ്രവാചകന്മാരില്ലെന്നും പ്രവാചകന്മാർ എല്ലാവരും ഏഷ്യൻ സമൂഹത്തിലാണെന്നും സ്വാമി വിവേകാനന്ദൻ നിരീക്ഷിച്ചത് ഓർത്തു പോകുന്നു.

ബുദ്ധമതത്തിൽ നിന്ന് കസാൻദ്സാകിസിന് പലതും കിട്ടിയെങ്കിലും, അതിനെ സ്വീകരിക്കൽ ഒട്ടും എളുപ്പമായിരുന്നില്ല. കർമ്മ പാതയിൽ ബുദ്ധമതം അദ്ദേഹത്തിന് ഒരു വിഴുപ്പായിരുന്നു. ബുദ്ധ സ്വാധീനം കുടഞ്ഞു കളയാൻ ശ്രമിച്ചിട്ടും, മോക്ഷത്തിൻ്റെയും ആത്മീയ പൂർത്തിയുടെയും പാതയിൽ ബുദ്ധൻ സദാ അദ്ദേഹത്തെ അനുയാത്ര ചെയ്തു. ബുദ്ധമതം, അദ്ദേഹത്തിൻറെ തത്വചിന്തയുടെ ഭാഗമായി. ബുദ്ധനുമായുള്ള ആത്മീയ സംഘർഷം,ബുദ്ധമത ഘടകങ്ങളുള്ള കസാൻദ്സാകിസിൻറെ പല രചനകൾക്കും കാരണമായി. "ബുദ്ധൻ" എന്ന ശീർഷകത്തിൽ തന്നെ അദ്ദേഹത്തിൻറെ ഒരു നാടകമുണ്ട്. നിർഭാഗ്യവശാൽ, അത് ആരും അത്ര ശ്രദ്ധിച്ചിട്ടില്ല. ദി സേവിയേഴ്‌സ് ഓഫ് ദി ഗോഡ്, സോർബ ദി ഗ്രീക്ക്, ദി ഒഡീസി: എ മോഡേൺ സീക്വൽ എന്നിവയും ബുദ്ധമത സ്വാധീനം ഉള്ളവയാണ്. കസാൻദ്സാകിസ് പറഞ്ഞതനുസരിച്ച്, അദ്ദേഹം, അലക്‌സാൻഡ്ര ഡേവിഡ് -നീലിൻറെ തിബത്തൻ ബുദ്ധമതം സംബന്ധിച്ച പുസ്തകം വായിച്ചിട്ടുണ്ട്. ഹെർമൻ ഓൾഡൻബർഗിൻറെ Buddha: His Life, His Doctrine, His Order എന്ന പുസ്തകത്തിന് മുഖവുര എഴുതി. ആത്മകഥയിൽ കസാൻദ്സാകിസ് വിവരിക്കുന്ന അന്തർസംഘർഷവും മനനവും അത് വായിച്ചവർക്ക് മറക്കാൻ കഴിയില്ല.

അഗാധതയുള്ള ഏത് എഴുത്തുകാരനും ഇത്തരം ആത്മീയ സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ടി വരും. അതാണ് എഴുത്തിനുള്ള ബലി. ഇത്തരം സംഘർഷങ്ങൾ ഒന്നും കുമാരനാശാന് ഉണ്ടായിരുന്നില്ല എന്നാണ്, അദ്ദേഹം ആത്മീയ കവിയല്ല എന്ന് പരിമിത വിഭവൻമാർ കാച്ചി വിടുമ്പോൾ തോന്നുക. (2) ആശാൻറെ ജീവിത പശ്ചാത്തലത്തിൽ, ഗുരുവിലെത്തിയ ആത്മീയ അന്വേഷണത്തിൽ, ആത്മീയ സന്ദർഭങ്ങൾ കണ്ടെത്തിയ ശിക്ഷണത്തിൽ, ഒക്കെ അത്തരം അന്തഃസംഘർഷങ്ങൾ വേണ്ടുവോളമുണ്ട്. അതാണ്, അദ്ദേഹത്തെ കവിത്രയത്തിൽ ഏറ്റവും മുകളിൽ നിർത്തുന്നത്. എന്നാൽ, കവി എന്ന നിലയിൽ ആശാനും എത്രയോ മേലെയാണ് ശ്രീനാരായണ ഗുരു. ആശാൻ തന്നെ ഗുരുവിനെ വിശേഷിപ്പിച്ചത് മോദസ്ഥിതൻ എന്നാണ്. തടശില പോലെ തരംഗലീലയിൽ നിന്നവൻ. ഇത്തരം ഗുരുക്കന്മാരുടെ സ്ഥിതപ്രതിജ്ഞ ബുദ്ധനിൽ ഇല്ല. ബുദ്ധമതത്തിലേക്കുള്ള സമുദായ മാറ്റത്തെ ഗുരുവോ ആശാനോ അനുകൂലിച്ചുമില്ല.

ഓട്ടു കമ്പനി നടത്തിയയാൾക്ക് എന്ത് ആത്മീയത എന്ന്, ഇതേ ലേഖകൻ  ചോദിക്കുന്നത്, ആശാനെ അപമാനിക്കലാണ്. (3) ഒരാൾ വ്യവസായം നടത്തുന്നത് ഉപജീവനത്തിനാണ്. ഒരാൾ കവിയാകുന്നത് അയാളുടെ സ്വകാര്യ നിമിഷങ്ങളിൽ, ഏകാന്തത്തിൽ ആണ്. അപ്പോൾ നടക്കുന്നത്, ആത്മാവുമായുള്ള സംവാദമാണ്. അപ്പോൾ ദൈവവും കവിയും മാത്രമേയുള്ളൂ.

കസാൻദ്സാകിസ്

സർഗ്ഗവൈഭവമുള്ളയാൾക്ക് ജാതിയെ മറികടക്കാൻ കഴിയും എന്നത് ചരിത്രസത്യമാണ്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ ഞാൻ ഓർക്കുന്നത്, അതിന് മുന്നിൽ നിന്ന് 'കൃഷ്ണാ നീ ബേഗനെ ബാരോ' എന്നു പാടിയ കനക ദാസനെക്കുറിച്ചാണ്; അദ്ദേഹം ജനിച്ച പിന്നാക്ക കുരുബ സമുദായത്തെ അല്ല. സവർണർ ക്ഷേത്രത്തിൽ കയറ്റാത്തതു കൊണ്ട്, പുറത്തു നിന്ന് പാടിയ അദ്ദേഹത്തിനായി ശ്രീകൃഷ്ണൻ ശ്രീകോവിലിൻറെ പടിഞ്ഞാറു ഭാഗം പിളർന്നു എന്നാണ് ഐതിഹ്യം. ആ ഭാഗത്ത് 'കനകന കിണ്ടി' എന്നൊരു കിളിവാതിൽ ഇന്നുമുണ്ട്. അദ്ദേഹം എഴുതി എന്ന കാരണത്താൽ, യമുനാ കല്യാണിയിലെ ആ കീർത്തനം സവർണർ പാടാതിരിക്കുന്നില്ല.

മഹാഭാരതത്തിലെ 'വ്യാധ ഗീത' ഇറച്ചി വെട്ടുകാരൻറെതാണ്.

ദിവാൻ മാധവ റാവുവാണ് കുമാരനാശാനെ നിയമസഭയിൽ അംഗമാക്കിയത് എന്നു പറഞ്ഞ് ലേഖകൻ ഒഴിയുന്നത് ശരിയല്ല; (4) മാധവ റാവുവും സവർണ്ണൻ ആയിരുന്നു; കുമാരനാശാനെ ആ പദവിയിൽ പി രാജഗോപാലാചാരി നിലനിർത്തിയതും അയ്യങ്കാളിയെ നിയമ സഭാംഗമാക്കിക്കിയതുമാണ്, ഞാൻ ലേഖനങ്ങളിൽ പറയാറുള്ളത്. രാജഗോപാലാചാരിയുമായി കുമാരനാശാന് വലിയ സൗഹൃദമായിരുന്നു. അദ്ദേഹം തിരുവിതാംകൂറിൽ നിന്ന് മടങ്ങുമ്പോൾ ആശാൻ മംഗള കവിത എഴുതി; അദ്ദേഹത്തിന് എസ് എൻ ഡി പി സ്വീകരണം നൽകി. ആശാൻ ബഹുമാനിച്ച ഇത്തരം സവർണരെ നിന്ദിക്കുന്ന രീതി, ആ പാരമ്പര്യത്തിന് നിരക്കുന്നതല്ല. സ്വസമുദായത്തിലുള്ളവരെ മാത്രമല്ല, ആശാൻ ആദരിച്ചത്, പാണ്ഡിത്യത്തെയാണ് ആദരിച്ചു പോന്നത് എന്ന് അദ്ദേഹത്തിൻറെ നിരൂപണങ്ങൾ നോക്കിയാൽ അറിയാം.

;ഒരു കാര്യം കൂടി-കുമാരനാശാന് ഒരു വയസുള്ളപ്പോഴാണ്, ആറാട്ടുപുഴ വേലായുധപ്പണിക്കരെ തൊപ്പിയിട്ട കിട്ടനും സംഘവും കൊന്നത്. കിട്ടൻ തൊപ്പിയിട്ടത് പൊന്നാനിയിൽ പോയിട്ടാണ്. ആറാട്ടുപുഴയിൽ, പണിക്കർ മത പരിവർത്തനം തടഞ്ഞതിലുള്ള പ്രതികാരം ആയിരുന്നു ഇതെന്ന് അദ്ദേഹത്തിൻറെ കൊച്ചുമകനും മുൻ മന്ത്രിയുമായ എം കെ ഹേമചന്ദ്രൻ അരുവിപ്പുറം പ്രതിഷ്ഠ ശതാബ്‌ദി പതിപ്പിൽ എഴുതിയിരുന്നു. ഇസ്ലാമിലേക്ക് മതപരിവർത്തനം എന്ന  'ദുരവസ്ഥ' മുൻപേ ഉണ്ടായിരുന്നു എന്നർത്ഥം.

_____________________________________

1. ഡോ എസ് ഷാജി, സഹോദരൻ, സെപ്റ്റംബർ, 2022 
2. do 
3. do
4. do  


© Ramachandran 






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...