Tuesday, 29 September 2020

1799:ആദ്യ മലയാള വ്യാകരണ ഗ്രന്ഥം

ഇന്ത്യയിൽ ആദ്യമായി മലയാള ലിപി 

ഴശ്ശി രാജയുടെ പടത്തലവൻ എടച്ചേന കുങ്കനെ സംബന്ധിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി രേഖകൾ പരിശോധിക്കുമ്പോഴാണ്,റോബർട്ട് ഡ്രമ്മണ്ട് ( Robert Drummond ) 1799 ൽ എഴുതിയ Grammar of the Malabar Language എന്ന പുസ്തകം കണ്ടത്.കുങ്കൻറെ കഥയിൽ അലസനായിരുന്ന ഒരു ഡ്രമ്മണ്ട് ഉണ്ട്.അക്കാര്യത്തിലേക്ക് പോകും മുൻപ് 1799 ൽ ബോംബെ കുരിയർ പ്രസിൽ അടിച്ച ഈ പുസ്തകത്തിന് ആ വർഷം ഡിസംബർ 16 ന് റോബർട്ട് ഡ്രമ്മണ്ട് എഴുതിയ ആമുഖം സംഗ്രഹിക്കാം:

1792 മാർച്ചിൽ ടിപ്പു സുൽത്താനുമായി ഈസ്റ്റ് ഇന്ത്യ കമ്പനി ശ്രീരംഗപട്ടണം സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചതോടെ,കാവേരി നദി മുതൽ ചേറ്റുവ വരെ,സഹ്യ പർവ്വതത്തിനപ്പുറമുള്ള പശ്ചിമ ഘട്ട പ്രദേശങ്ങൾ,മലബാർ കമ്പനിയുടെ കൈയിൽ വന്നു.ബോംബെ പ്രസിഡൻസിയുടെ ചരിത്രത്തിൽ പുതിയ തുടക്കമായി.1766 ൽ ഹൈദരാലി പിടിച്ചടക്കും മുൻപുള്ള നാടുവാഴികൾ പല ജില്ലകളിലും ഉണ്ടായിരുന്നു.ഇവരെ പുനരധിവസിപ്പിക്കുക കമ്പനിയുടെ ഉത്തരവാദിത്തമായിരുന്നു.അവരിൽ പലരും പലായനം ചെയ്ത് തിരുവിതാംകൂറിൽ ആയിരുന്നു.


കമ്പനി രാജാക്കന്മാരെയും മാടമ്പി നായന്മാരെയും മുഖ്യ ജന്മിമാരെയും നികുതി പിരിവ് ഏൽപിച്ചു.അതിൽ ഉദാരമായി ഒരു ഭാഗം അവർക്കും കുടുംബങ്ങൾക്കും ക്ഷേത്രങ്ങൾക്കും നീക്കി വച്ചു.ഇതിൽ കൊള്ളയും ചൂഷണവും നടക്കാതിരിക്കാൻ കമ്പനി സ്വന്തം ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയമിച്ചു.നികുതി പിരിവിൻറെ മേൽനോട്ടവും കമ്മട്ടവും നീതി നിർവഹണവും ഇവരുടെ ചുമതല ആയിരുന്നു.ക്രിമിനൽ കുറ്റങ്ങൾ ഒരു നാടൻ ജഡ്ജിയുടെ കോടതി വിചാരണ ചെയ്തു.ആ ജഡ്ജിക്ക് പിഴച്ചാൽ ബ്രിട്ടീഷ് മജിസ്‌ട്രേറ്റിന് ഇടപെടാമായിരുന്നു.പ്രാദേശിക ഭാഷയിൽ നടന്ന വിചാരണ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തു.അത് പ്രവിശ്യയിലെ മുഖ്യ ജഡ്ജിക്ക് കൈമാറി.ഇതെല്ലാം നടപ്പാക്കാൻ 1796 മേയിൽ കമ്പനി കമ്മിഷണര്മാരെ വച്ചു.ഇവരാണ് ശിക്ഷ സ്ഥിരീകരിച്ചതും ഇളവ് ചെയ്തതും റദ്ദാക്കിയതും.ഇവർക്ക് ശിക്ഷ കൂട്ടാൻ അനുവാദം ഉണ്ടായിരുന്നില്ല.

ഈ ആവശ്യങ്ങൾക്ക് മലബാറിലെ ഭാഷ പഠിക്കേണ്ടത് ആവശ്യമായി വന്നു.പരിഭാഷക്കാർ വരുത്തുന്ന പിഴവുകൾ നീതി നിർവഹണത്തിൽ താമസമുണ്ടാക്കി.അതിനാൽ ബ്രിട്ടീഷ് സർക്കാരിലെയും സൈന്യത്തിലെയും പല ഉദ്യോഗസ്ഥരും മലയാളം പഠിച്ചു.ബോംബെ ആസ്ഥാനത്ത് നിന്നുള്ള സിവിൽ സർവീസിലെ ഹേ ക്ലെഫാൻ,പട്ടാളത്തിലെ ലഫ്റ്റനന്റുമാരായ ജോസഫ് വാട്സൺ,ഹ്യൂഗ് സ്റ്റേസി ഓസ്ബോൺ,സർജനായ ജെയിംസ് വിൽഫോൺ,അസിസ്റ്റൻറ് സർജൻ ജോൺ വില്യം വൈ എന്നിവർ സാമാന്യം നന്നായി പഠിച്ചു.അത്ര നൈപുണ്യം നേടാത്തവർക്ക് പഠിക്കാൻ ഭാഷയുടെ അടിസ്ഥാന സിദ്ധാന്തങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.ഇത് പരിഹരിക്കാൻ,അത്യാവശ്യം ഭാഷ പഠിച്ച ശേഷം ഞാൻ വരാപ്പുഴ കർമലീത്താ മിഷൻ അധ്യക്ഷനും ഉസുല മെത്രാനുമായ ലൂയിസിനെ 1796 ഏപ്രിലിൽ സന്ദർശിച്ചു.ആ വർഷത്തെ മൺസൂൺ കാലം മുഴുവൻ അവിടെ ചെലവിട്ടു.നിരവധി കാലം ഇവിടെ താമസിച്ച് സകലരുടെയും ആദരം നേടിയ അദ്ദേഹത്തിന് ഭാഷയിൽ നല്ല പിടിപാടുണ്ടായിരുന്നു.

റോമിൻറെ നിർദേശാനുസരണം ക്രിസ്തു മതം പ്രചരിപ്പിക്കലായിരുന്നു മെത്രാൻറെ ലക്ഷ്യം.എങ്കിലും ഉദാരനായി അദ്ദേഹം കൈവശമുള്ള ഓലകൾ എല്ലാം എന്നെ കാട്ടി.ഇതുവരെ അടിമത്തത്തിൽ കഴിഞ്ഞവർക്ക് ക്രിസ്ത്യൻ സർക്കാരിന് കീഴിൽ നീതി നൽകാൻ ഉദ്യാഗസ്ഥരുടെ ഭാഷാ പഠനം സഹായിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അങ്ങനെ പൊതുജന സേവനത്തിന് ഞാൻ എഴുത്തു തുടങ്ങി.അനാരോഗ്യം വകവയ്ക്കാതെ തോമസ് മോറിസ് കീറ്റ്  സഹായിച്ചു.ഞാൻ ലാറ്റിനിൽ എഴുതിയത് അദ്ദേഹം ഇംഗ്ലീഷിലാക്കി.കഴിഞ്ഞ നവംബറിൽ ഞാൻ ബോംബെയിൽ മടങ്ങിയെത്തി.കമ്മീഷണർമാരുടെ മലബാർ പരിഭാഷകൻ ആയിരുന്നു ഞാൻ.1797 ലെ പ്രതിസന്ധി കാലത്തും ഞാൻ ഈ ജോലി ചെയ്തു.ഈ അനുഭവത്തിൽ നിന്ന്,മലബാറിലെ കാര്യങ്ങൾ മലയാളത്തിൽ തന്നെ താമസിയാതെ നടക്കുമെന്ന് എനിക്ക് പറയാൻ കഴിയും.ഇപ്പോൾ അവിടെ സമാധാനമുണ്ട്.ഏഴു കൊല്ലം മുസ്ലിംകളും ഹിന്ദുക്കളും വലിയ സംഘർഷത്തിൽ ആയിരുന്നു.അര നൂറ്റാണ്ട് മുൻപ് മതം മാറിയവരാണ് ഒരു പക്ഷം.

അനാരോഗ്യത്താൽ ജോലി വിട്ടാണ് ഞാൻ ഇത് എഴുതിയത് .ബോംബെയിൽ ബൈറാംജി ജീജാബോയ് എന്ന പാഴ്സി ചേംബേഴ്‌സ് ആർട്സ് ആൻഡ് സയൻസ് നിഘണ്ടു മാത്രം വച്ച് കുറച്ചു വർഷങ്ങൾക്ക് മുൻപ് മലയാളം അച്ചുകൾ ഉണ്ടാക്കിയിരുന്നു.ഗുസരാട്ടി അച്ചുകളാണ് അവ.ഇത്തവണ വീണ്ടും ഉണ്ടാക്കി.


എൻറെ ഈ ശ്രമം നൂതനമാണ്.ഈ മലബാർ ശേഷിപ്പുകൾ ഞാൻ വായനക്കാരന് നൽകുന്നു.അപൂർണതകൾ കണ്ടെത്താൻ ഇത് സഹായിക്കുമെങ്കിൽ എൻറെ ശ്രമത്തിന് ഗുണമുണ്ടായി എന്ന് കരുതാം.

ഇത്രയുമാണ് ആമുഖത്തിൽ.1795 -1811 ൽ ബോംബെ ഗവർണർ ആയിരുന്ന ജോനാഥൻ ഡങ്കനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മലയാള ലിപി ആദ്യമായി അച്ചടിച്ച പുസ്തകമാണ്,ഇത്;ആദ്യത്തെ ഇംഗ്ലീഷ് -മലയാളം വ്യാകരണവും.ഗുണ്ടർട്ടിൻറെ മലയാള വ്യാകരണം വരുന്നത് 1851 ൽ മാത്രമാണ്.

എ ശ്രീധര മേനോൻ 'കേരള ചരിത്ര ശിൽപികൾ ' എന്ന രചനയിൽ  ഈ പുസ്തകത്തെ പരാമർശിച്ചിട്ടുണ്ട്.

ആമുഖത്തിൽ പറയുന്ന മൂന്ന് പേർ കേരള ചരിത്രത്തിൽ പരാമർശമുള്ളവരാണ് :ഹേ ക്ലെഫാൻ,ജോസഫ് വാട്സൺ,ജോൺ വില്യം വൈ എന്നിവർ.പഴശ്ശി രാജയെ കൽപ്പുള്ളി കരുണാകര മേനോൻ പിടികൂടിയപ്പോൾ വെടി വച്ച് കൊന്നത് ക്ലെഫാനാണ് എന്ന് രേഖകളിലുണ്ട്.അദ്ദേഹത്തിന് പഴശ്ശി രാജയുടെ അരയിലെ സ്വർണ പട്ട സമ്മാനമായി കിട്ടി.ബ്രിട്ടീഷുകാരുടെ നായർ പട്ടാളമായ കോൽക്കാരുടെ തലവനായിരുന്നു വാട്സൺ.ഈ ബറ്റാലിയൻ രൂപീകരിക്കാൻ ആശയം കൊടുത്തത് സാമൂതിരിയുടെ പ്രധാനമന്ത്രി സ്വാമിനാഥയ്യർ ആയിരുന്നു.അദ്ദേഹത്തെ സാമൂതിരിയുടെ അനന്തരവൻ പടിഞ്ഞാറേ കോവിലകത്ത് രവിവർമ്മ കുത്തിയപ്പോൾ ചികിൽസിച്ചത് ആക്ടിങ് കമ്മിഷണർ ജോൺ വില്യം വൈ ( wye ) ആയിരുന്നു.

ഡ്രമ്മണ്ടും സർജൻ ആയിരുന്നു.1802 ഒക്ടോബർ 11 നാണ് എടച്ചേന കുങ്കനും സംഘവും വയനാട്ടിലെ പനമരം കോട്ട ആക്രമിച്ച് ബ്രിട്ടീഷുകാരിൽ നിന്ന് പിടിച്ചെടുത്തത്.ക്യാപ്റ്റൻ ഡിക്കൻസൻ,ലഫ് മാക്‌സ്‌വെൽ എന്നിവരും 25 സിപോയിമാരും കൊല്ലപ്പെട്ടു.അപ്പോൾ നാലാം ബോംബെ ഇൻഫൻട്രി ബറ്റാലിയൻ പനമരത്തിന് പടിഞ്ഞാറ് പുളിഞ്ഞാൽ ആസ്ഥാനത്തുണ്ടായിരുന്നു.360 ഭടന്മാരുമായി മേജർ ഡ്രമ്മണ്ട് ചുമ്മാതിരുന്നു.ഈ ഡ്രമ്മണ്ടിനെപ്പറ്റി അന്വേഷിക്കുമ്പോഴാണ് വ്യാകരണ ഗ്രന്ഥം കണ്ടത്.

പുസ്തകം എഴുതുന്ന 1799 ൽ അനാരോഗ്യം പറയുന്ന അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയിട്ടുണ്ടാകാം.വേറൊരു ഡ്രമ്മണ്ട് ഈ കാലത്തില്ല.ജോൺ ഡ്രമ്മണ്ട് മുൻ കാലത്ത് കമ്പനി ഡയറക്‌ടർ ആയിട്ടുണ്ട്.ക്യാപ്റ്റൻ റോബർട്ട് ഡ്രമ്മണ്ട് 1783 മാർച്ച് 17 ന് പോർട്സ് മൗത്തിൽ നിന്ന് ജോർജ് എലിയട്ട് എന്ന കപ്പലിൽ ബോംബെയ്ക്ക് പുറപ്പെട്ടതായി രേഖകളിലുണ്ട്.ആ കപ്പൽ നീറ്റിലിറങ്ങിയത് മുൻ വർഷം ആയിരുന്നു.ഈ കപ്പൽ സെപ്റ്റംബർ 24 ന് തലശ്ശേരിയിലും ഒക്ടോബർ നാലിന് അഞ്ചു തെങ്ങിലും എത്തി ബോംബെയ്ക്ക് മടങ്ങി.ക്യാപ്റ്റനാണ് പിന്നീട് മേജർ ആകുന്നത്.

എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും 150 പേരടങ്ങിയ സംഘവുമായാണ് പനമരം കോട്ട ആക്രമിച്ചത്.അവിടെ 70 സൈനികരുണ്ടായിരുന്നു.കോട്ട തകർത്തു.112 തോക്കുകൾ പിടിച്ചെടുത്തു.6000 രൂപ കൊള്ള ചെയ്തു.അഞ്ചു കുറിച്യർ കൊല്ലപ്പെട്ടു.ബ്രിട്ടീഷ് സൈനികർ മുഴുവൻ കൊല്ലപ്പെട്ടതായി മലബാർ മാനുവലിൽ കാണാം.ഏതാനും മൈൽ അകലെ പുളിഞ്ഞാലിൽ ഉണ്ടായിരുന്ന ഡ്രമ്മണ്ട് സൈന്യവുമായി നീങ്ങിയില്ല;വിവരം മുകളിൽ അറിയിച്ചില്ല.1802 നവംബർ മൂന്നിന് മലബാർ സൈനിക മേധാവി ആർതർ വെല്ലസ്ലി എഴുതിയത്,ഡ്രമ്മണ്ട് '' കൈതി " ( kyde ) ആണെന്നാണ്.ആ തമിഴ് വാക്കിനർത്ഥം തടവുകാരൻ.കമ്പനി തടവുകാരൻ ആക്കി എന്നല്ല,വിഡ്ഢി എന്ന അർത്ഥമാണ് സന്ദർഭത്തിൽ ഉള്ളത്.കമ്പനി രീതിയനുസരിച്ച് നടപടി ഉറപ്പാണ്.

പുസ്തകം വിക്കി ഗ്രന്ഥ ശാലയിലുണ്ട്.ലാറ്റിനിൽ 1772 ൽ ഒരു മലയാള വ്യാകരണ ഗ്രന്ഥം ഇറങ്ങിയിരുന്നു;ഇംഗ്ലീഷിൽ ആദ്യമായി വന്ന മലയാള വ്യാകരണ പുസ്തകമാണ് ഇത്.131 പേജുണ്ട്.ചതുരവടിവിലുള്ള ഇതിൽ കാണുന്ന മലയാള അക്ഷരങ്ങൾ ആണ് 1811ൽ പുറത്ത് വന്ന റമ്പാൻ ബൈബിളിനും ഉപയോഗിച്ചിരിക്കുന്നത്.ഌ, ൡ എന്നീ അക്ഷരങ്ങളുടെ ഉച്ചാരണവും ഉപയോഗവും ഇതിലുണ്ട്.oരം എന്ന രൂപത്തിൽ ആണ് ഈ.മലയാള അക്കങ്ങൾക്കായി ഒരു അദ്ധ്യായം തന്നെയുണ്ട് . നമുക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നു എന്ന വാദത്തെ ഈ പുസ്കത്തിലെ മലയാള അക്കങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ബലപ്പെടുത്തുന്നു .ഏ കാരത്തെയോ ഓ കാരത്തെയോ സ്വരങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 
ഡ്രമ്മണ്ട് ഒരു ഭാഷാ പുസ്തകം കൂടി എഴുതി: Illustrations of the Grammatical Parts of the Guzerattee, Mahratta & English Languages (Bombay: Courier Press, 1808).

റവ ജോസഫ് പീറ്റിൻറെ A Grammar of the Malayalim Language 1841 ലാണ് ഇറങ്ങിയത്.മലയാളത്തിലിറങ്ങിയ ആദ്യ വ്യാകരണ ഗ്രന്ഥമായ ജോർജ് മാത്തൻറെ 'മലയാഴ്മയുടെ വ്യാകരണം' 1863 ലും.ആദ്യ മലയാള പുസ്തകം 'സംക്ഷേപ വേദാർത്ഥം ' 1772 ൽ റോമിൽ അച്ചടിച്ചു.ഇന്ത്യയിൽ ആദ്യം അച്ചടിച്ച മലയാള പുസ്തകം റമ്പാൻ ബൈബിൾ 1811 ൽ ബോംബെ കുരിയർ പ്രസിൽ നിന്ന് തന്നെ.കേരളത്തിൽ 1824 ൽ കോട്ടയത്ത് സി എം എസ് പ്രസിലാണ് ആദ്യമായി മലയാളം പുസ്തകം അടിച്ചത് -'ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ 1824,ബെഞ്ചമിൻ ബെയ്‌ലി; അച്ചുകൾ മദ്രാസിലുണ്ടാക്കി.ആദ്യമായി അച്ചുണ്ടാക്കിയത് ബെയ്‌ലി അല്ല.

മലയാളലിപി ചിത്രമായി അച്ചടിച്ച ആദ്യ പുസ്തകം:ഹോർത്തൂസ് മലബാറിക്കൂസ് 1678 – ആംസ്റ്റർഡാം ,ഹെൻറിക്ക് വാൻറീഡ്. ലത്തീൻ കൃതി. മലയാളലിപിയിൽ ഉള്ള പ്രസ്താവനയും സസ്യങ്ങളുടെ ചിത്രങ്ങളിൽ മലയാളലിപിൽ ഉള്ള എഴുത്തും കാണാം. മലയാളലിപി ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല,ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചത് . മലയാളലിപി ചിത്രമായാണ് ചേർത്തത് .

അച്ചുവാർത്ത് മലയാളലിപി അച്ചടിച്ച ആദ്യ പുസ്തകം:ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം 1772 ,റോം.ലത്തീൻ കൃതി.ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ഇതിന് വേണ്ടി.

അച്ചുവാർത്ത് മലയാളലിപി അച്ചടിച്ച ആദ്യ സമ്പൂർണ്ണ മലയാള പുസ്തകം: സംക്ഷേപവേദാർത്ഥം 1772 ,റോം.

മലയാളം ഉൾക്കൊള്ളുന്ന ആദ്യത്തെ വിദേശ ഭാഷാ ഡിക്ഷ്ണറി: അർണ്ണോസ് പാതിരി / പൊർട്ടുഗീസ്-മലയാളം ഡിക്ഷ്ണറി (Vocabulario malavarico);ഏകദേശം 1730.

വിദേശികൾക്ക് വേണ്ടി ആദ്യമായി മലയാളം ലിപിയുപയോഗിച്ച് സംസ്കൃതവ്യാകരണവ്യാഖ്യാനം – അർണ്ണോസ് പാതിരിയുടെ Grammatica Grandonica, ഏകദേശം 1730.

അച്ചടിച്ച ആദ്യ മലയാളം -ഇംഗ്ലീഷ് നിഘണ്ടു / ബെഞ്ചമിൻ ബെയിലി – 1846.
അച്ചടിച്ച ആദ്യ ഇംഗ്ലീഷ് -മലയാളം നിഘണ്ടു / ബെഞ്ചമിൻ ബെയിലി – 1849.
അച്ചടിച്ച ആദ്യ മലയാളം – മലയാളം നിഘണ്ടു ,റിച്ചാർഡ് കോളിൻസ്,1865 

അച്ചടിച്ച ആദ്യ മലയാളം-മലയാളം വ്യാകരണം/ ഹെർമ്മൻ ഗുണ്ടർട്ട് ,മലയാളഭാഷാ വ്യാകരണം ,1851.
ഒരു മലയാളി എഴുതിയ ആദ്യ മലയാള വ്യാകരണ ഗ്രന്ഥം, ജോർജ്ജ് മാത്തൻ , മലയാഴ്മയുടെ വ്യാകരണം ,1863.


© Ramachandran 




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...