Tuesday 22 October 2019

പണിക്കരും പാതിരാ സ്വാതന്ത്യവും

സർദാർ പണിക്കരും ജാലിയൻ കണാരനും

ജീവിതം നാട്ടുരാജ്യങ്ങൾക്കായി ഉഴിഞ്ഞു വച്ച് സുഖ ജീവിതം നയിച്ച സർദാർ കെ എം പണിക്കർ, സ്വാതന്ത്ര്യ സമര സേനാനിയെന്നു ഭാവിക്കുന്ന ഒന്നാണ്, അദ്ദേഹത്തിന്റെ ആത്മകഥ. 20 കൊല്ലം നാട്ടുരാജ്യങ്ങളിൽ മന്ത്രിയായും ഒടുവിൽ നാലു കൊല്ലം ബിക്കാനീറിൽ ദിവാനായും പ്രവർത്തിച്ച പണിക്കർ അതിൽ അവകാശപ്പെടുന്നത്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന ചടങ്ങ് 1947 ഓഗസ്റ്റ് 14 പാതിരയ്ക്ക് നടത്തിയത്, താൻ നെഹ്രുവിനോട് അങ്ങനെ പറഞ്ഞത് കൊണ്ടാണ് എന്നാണ്.

ഓക്സ്ഫഡിൽ പഠിച്ച പണിക്കരുടേത് ഒരു പ്രത്യേക തരം പ്രാചീന മലയാളമാണ്. പണിക്കർ അതിൽ എഴുതുന്നു ( പേജ് 198 ):

"ആഗസ്റ്റ് പതിനഞ്ചാം തീയതിയാണ് ഭാരത ഭൂമി പരാധീനത വിട്ട് സ്വാതന്ത്ര്യം കയ്യേൽക്കുവാനായി തീർച്ചയാക്കിയിരുന്ന പുണ്യ ദിനം. അതിൻറെ ചടങ്ങുകൾ ഏതാണ്ട് തീർച്ചപ്പെടുത്തിക്കഴിഞ്ഞ ശേഷമാണ് ഞാൻ അറിയാൻ ഇടയായത്. ആദ്യത്തെ നിശ്ചയ പ്രകാരം 15 ന് രാവിലെ 10 മണിക്ക് മൗണ്ട് ബാറ്റൻ രാജോചിതാഡാരംബരങ്ങളോട് കൂടി കാണസംബ്ലി ഹാളിൽ വരികയും അവിടെ വച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കയും ചെയ്യുമെന്നായിരുന്നു. അങ്ങനെ ചെയ്‌തു കഴിഞ്ഞ ഉടൻ തന്നെ ത്രിവർണ പതാക കാണസംബ്ലി ഹാളിൽ പാറക്കണമെന്നുമായിരുന്നു, നേതാക്കൾ ഉറച്ചിരുന്നത്. ഇത് അത്ര ശരിയല്ലെന്ന് എനിക്ക് തോന്നി. ബ്രിട്ടീഷ് പാർലമെന്റിന്റെ നിശ്ചയമാനുസരിച്ച് 14 അർധരാത്രിക്ക് ബ്രിട്ടീഷധികാരം ഇന്ദ്യയിൽ അവസാനിക്കും. അപ്പോൾ തന്നെ നാം അത് ഏറ്റെടുക്കേണ്ടതാണെന്നായിരുന്നു എൻറെ അഭിപ്രായം. അതേപ്പറ്റി ഞാൻ സരോജിനീ ദേവിയുമായി ആലോചിച്ചപ്പോൾ, അങ്ങനെ ഒരർധരാത്രി സമ്മേളനത്തിലാണ് നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപനം ചെയ്യേണ്ടതെന്ന് അവരും സമ്മതിച്ചു. പക്ഷെ അത് നെഹ്രുവിനോട് പറഞ്ഞെങ്കിലേ സാധിക്കുകയുള്ളു എന്നായിരുന്നു അവരുടെ ഉപദേശം. ഞാൻ ഇതേപ്പറ്റി വേറെയും ചിലരോട് സംസാരിച്ചു നോക്കിയെങ്കിലും അവരെല്ലാം അത് ഒരു നേരമ്പോക്കായി മാത്രമേ ഗണിച്ചുള്ളൂ.

ഒടുവിൽ നെഹ്‌റുവിനെ തന്നെ സമീപിക്കുവാൻ ഞാൻ തീർച്ചയാക്കി.എൻറെ ആശയം വിശദമാക്കി ഒരു ചെറിയ നോട്ടെഴുതി കൊടുക്കുന്നതായിരിക്കും ഉത്തമം എന്ന് വിചാരിച്ചു. അങ്ങനെ ഒന്ന് അസംബ്ലിയിൽ വച്ച് തന്നെ തയ്യാറാക്കി അദ്ദേഹത്തെ ഏൽപിച്ചു. അത് വായിച്ചു നോക്കി നെഹ്‌റു പറഞ്ഞു:

"എനിക്കീ അഭിപ്രായം വളരെ രുചിച്ചു. പക്ഷെ എൻറെ സ്നേഹിതന്മാരിൽ രണ്ടു പേർ (പട്ടേലും ആസാദും) ഒൻപതു മണിക്ക് നിദ്രയെ പ്രാപിക്കുന്നവരാണ്."'

"അതിന് നിവൃത്തിയുണ്ടാക്കാം.അവർക്ക് രണ്ടു പേർക്കും ഓരോ കട്ടിൽ ഞാൻ എൻറെ ചെലവിൽ ഏർപ്പാട് ചെയ്യാം" എന്ന് ഞാനും നേരമ്പോക്കായി പറഞ്ഞു.

പിറ്റേ ദിവസം അസംബ്ലി സമയത്ത് നെഹ്‌റു എന്നെ വിളിച്ച് എൻറെ അഭിപ്രായം കാബിനറ്റ് സമ്മതിച്ചിരിക്കുന്നുവെന്നും അതിൻറെ ചടങ്ങുകൾ തീർച്ചയാക്കുവാനുള്ള കമ്മിറ്റിയിൽ എന്നെയും നിയമിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇങ്ങനെയാണ് ചരിത്ര പ്രസിദ്ധമായ അർധരാത്രി സമ്മേളനമുണ്ടായത്. ആ സമ്മേളനം നടന്നു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്ന് ലോകമെല്ലായിടത്തും കേൾക്കത്തക്കവണ്ണം ദിവാൻ ചമൻ ലാൽ ചെയ്ത പ്രക്ഷേപിണി പ്രസംഗത്തിൽ, "ഇതാ വരുന്നു ഈ അർധരാത്രി  സമ്മേളനത്തിൻറെ ജനയിതാവ്" എന്ന് എൻറെ പേരോട് ചേർത്തു പറഞ്ഞിരുന്നത് വഴിയാണ് ആ പ്രമേയം എന്നിൽ നിന്ന് ആവിർഭവിച്ചതാണെന്ന് ലോകമറിഞ്ഞത്".

ഇതാണ് പണിക്കർ പറയുന്ന പാതിരാക്കഥ.

ഈ കഥയിലെ സരോജിനീ ദേവി, സരോജിനി നായിഡുവാണ്. അവരോട് പണിക്കർ ഈ ആശയം പറഞ്ഞെങ്കിൽ അത് നിമിഷം കൊണ്ട് നടക്കുമായിരുന്നു; സരോജിനിയുടെ മകൾ പത്മജ നായിഡു നെഹ്രുവിന്റെ വെപ്പാട്ടി ആയിരുന്നു. നെഹ്രുവിന്റെ വീട് ഭരിച്ചിരുന്ന അവരെ നെഹ്‌റു പശ്ചിമ ബംഗാളിലും സരോജിനിയെ ഉത്തർ പ്രദേശിലും ഗവർണർ ആക്കുകയുണ്ടായി. ഉപകാര സ്മരണ.

ഈ കഥ അനുസരിച്ചു തന്നെ, പണിക്കർക്ക് നെഹ്രുവുമായി അടുപ്പമില്ല. അത് കൊണ്ടാണ് കുറിപ്പ് കൊടുത്തതായും മറ്റുള്ളവരോട് പറഞ്ഞതായും പറയുന്നത്. എന്നാൽ ആത്മകഥയുടെ ചില ഭാഗങ്ങളിൽ ഗാന്ധിയുമായും മോത്തിലാലുമായും നെഹ്രുവുമായും അടുപ്പമുള്ളതായി പണിക്കർ ഭാവിക്കുന്നു. ബിക്കാനീറിലെ രാജാവിൻറെ ഉദ്യോഗസ്ഥൻ മാത്രമായ ഒരാളോട് അടുപ്പം ഉണ്ടാകേണ്ട കാര്യം നെഹ്രുവിനില്ല. കാണസംബ്ലി (Constituent Assembly) യിൽ ബിക്കാനീർ പ്രതിനിധിയായിരുന്നു, പണിക്കർ. കോൺഗ്രസുകാരനല്ല.

പണിക്കർ പറയുന്ന ദിവാൻ ചമൻ ലാൽ ഒരിടത്തും ദിവാൻ ആയിരുന്നില്ല. ചമൻ ലാൽ (1892 -1973) ഓക്സ്ഫഡിൽ പഠിച്ച രാഷ്ട്രീയ പ്രവർത്തകനും നയതന്ത്രജ്ഞനും പത്ര പ്രവർത്തകനും ആയിരുന്നു. 'ബോംബെ ക്രോണിക്കിൾ' പത്രാധിപർ ആയിരുന്ന അദ്ദേഹം, 1920 ൽ എ ഐ ടി യു സി സ്ഥാപക ജനറൽ സെക്രട്ടറിയും 1924 -31, 1944 -46 കാലങ്ങളിൽ കേന്ദ്ര നിയമസഭാഅംഗവും ആയിരുന്നു. 1946 -48 ൽ കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി അംഗം. അദ്ദേഹത്തിൻറെ പ്രക്ഷേപിണി പ്രസംഗം ചരിത്രത്തിൽ ഇല്ല. അങ്ങനെ ചമൻ ലാൽ പറഞ്ഞെങ്കിൽ തന്നെ, അത് സത്യമാകണം എന്നില്ല.

ഒന്നാന്തരം രണ്ടു ചരിത്രങ്ങൾ നമുക്ക് ആ ദിവസങ്ങളെപ്പറ്റിയുണ്ട് -ലാരി കോളിൻസും ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', വി പി മേനോൻ എഴുതിയ 'അധികാര കൈമാറ്റം' (Transfer of Power ). രണ്ടിലും പണിക്കരുടെ പേരില്ല. പണിക്കരുടെ ആത്മകഥ 1953 ലും മേനോൻറെ പുസ്തകം 1957 ലുമാണ് വന്നത്. പണിക്കരുടെ പാതിരാക്കഥ ശരിയെങ്കിൽ, സമുദായ സ്നേഹം മുൻനിർത്തി എങ്കിലും മേനോൻ ആവർത്തിക്കേണ്ടതായിരുന്നു.

പണിക്കരുടെ വാദം, ബ്രിട്ടൻ ഒഴിയുമ്പോൾ തന്നെ ഇന്ത്യ അധികാരം ഏൽക്കണം എന്നായിരുന്നു; വേറെ കാരണമൊന്നും പറയുന്നില്ല. എന്നാൽ, നെഹ്‌റു പാതിര തിരഞ്ഞെടുത്തതിന് കാരണം ജ്യോൽസ്യൻമാരുടെ ഉപദേശമായിരുന്നു. 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', രാമചന്ദ്ര ഗുഹയുടെ India After Gandhi എന്നീ പുസ്തകങ്ങളിൽ ഓഗസ്റ്റ് 14  സന്ധ്യയ്ക്ക്, നെഹ്രുവിന്റെ 17 യോർക്ക് റോഡ് ബംഗ്ലാവിൽ നടന്ന കിരീടധാരണ ചടങ്ങ് വിവരിക്കുന്നുണ്ട്. 1937 ഫോർഡ് ടാക്സിയിൽ രണ്ടു സന്യാസിമാർ ഡൽഹി തെരുവീഥികളിൽ നാദസ്വര അകമ്പടിയോടെ സഞ്ചരിച്ച് നെഹ്രുവിന്റെ വസതിയിൽ എത്തി.

ത്രിസന്ധ്യയ്ക്ക് നെഹ്രുവിന്റെ അറിവും സമ്മതവും അനുസരിച്ച്, അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ, അദ്ദേഹത്തിനായി മതാനുഷ്ഠാനങ്ങൾ തുടങ്ങി. വെള്ളപ്പട്ടിൽ സ്വർണം തുന്നിയ തിരു വസ്ത്രം. അഞ്ചടി നീളമുള്ള ചെങ്കോൽ, തഞ്ചാവൂരിലെ കാവേരി നദിയിൽ നിന്ന് അനുഷ്ഠാന പൂർവം വേദമന്ത്രങ്ങൾ ഉച്ചരിച്ചു ശേഖരിച്ച പുണ്യ ജലം, ബ്രിഹദീശ്വര ക്ഷേത്രത്തിൽ നടരാജന് അർപ്പിച്ച നിവേദ്യ ചോറ്, ഒരു മാൻ തോൽ എന്നിവയുമായി കശ്മീരി ശൈവ രാജാക്കന്മാരെ അരിയിട്ടു വാഴിക്കുന്ന പൂജാരികളും പുരോഹിതരും അടങ്ങുന്ന സംഘം വീട്ടിൽ എത്തി. പൂണൂൽ ധാരിയായ നെഹ്‌റു ധ്യാന നിരതനായി തൊഴുകൈയോടെ മാൻ തോലിൽ അവർക്ക് മുന്നിൽ ഇരുന്നു. അവർ പുണ്യജലം ശിരസ്സിൽ ഒഴിച്ച്, നിയുക്ത ചക്രവർത്തിയെ ശുദ്ധീകരിക്കും പോലെ നെഹ്‌റുവിനെ വിശുദ്ധനാക്കി. നെഹ്‌റു നെറ്റിയിലും നെഞ്ചിലും ഭസ്മം പൂശി. നെറ്റിയിൽ കുങ്കുമം ചാർത്തി. നിവേദ്യ ചോറ് വേദ മന്ത്രങ്ങൾ ഉരുവിട്ട് പുരോഹിതർ നെഹ്‌റുവിന് നൽകി. നെഹ്‌റു ഭക്തി പൂർവം സ്വീകരിച്ചു. തിരു വസ്ത്രം അണിയിച്ച് ചെങ്കോൽ കൈയിൽ കൊടുത്തു. അങ്ങനെ ചക്രവർത്തിയെ വാഴിക്കും പോലെ നിയുക്ത പ്രധാന മന്ത്രിയെ മതാചാര പ്രകാരം അണിയിച്ചൊരുക്കി. ശൈവ വിശ്വാസിയായ ചക്രവർത്തിയെ ദീർഘകാലം ഭരിക്കാൻ വാഴിച്ചു -17 കൊല്ലം ഭരിച്ചു.

ഓഗസ്റ്റ് 15 ഗ്രഹനില 

'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' പുസ്തകത്തിൽ, 'നക്ഷത്രങ്ങൾ ശപിച്ച ദിനം' എന്നൊരു അധ്യായം തന്നെ ഓഗസ്റ്റ് 15 നെപ്പറ്റിയുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ ബർമയിൽ കമാൻഡർ ആയിരുന്ന മൗണ്ട് ബാറ്റൻ ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത്, അത് ജപ്പാൻ കീഴടങ്ങിയ വാർഷിക ദിനം ആയതു കൊണ്ടായിരുന്നു. നിയമ നിർമാണ സഭയിൽ ആ തീയതി മൗണ്ട് ബാറ്റൻ പ്രഖ്യാപിച്ചപ്പോൾ, രാജ്യം ഒട്ടാകെ ജ്യോത്സ്യന്മാർ ഖിന്നരായി എന്ന് പുസ്തകത്തിലുണ്ട്. അത് ഒരു ബോംബ് വർഷം പോലെ ആയിരുന്നു. മൗണ്ട് ബാറ്റൻ ഏറ്റവും അടുത്ത സഹപ്രവർത്തകർക്കോ ഇന്ത്യൻ നേതാക്കൾക്കോ ഈ തീയതിയെപ്പറ്റി ഒരു സൂചന പോലും നൽകിയില്ല. ജപ്പാൻറെ നിരുപാധിക കീഴടങ്ങൽ വ്യക്തിപരമായ വിജയം കൂടി ആയിരുന്നു. ജ്യോൽസ്യന്മാരോട് ആലോചിക്കാതിരുന്നത്, വലിയ പാതകം ആയിരുന്നു. ആ ദിവസം വെള്ളിയാണെന്ന് ഏതു പഞ്ചാംഗം നോക്കിയാലും അറിയാമായിരുന്നു. റേഡിയോയിൽ തീയതി കേട്ട പാടെ, കാശിയിലും തെക്കേ ഇന്ത്യയിലെ പല കേന്ദ്രങ്ങളിലും അത് അശുഭ ദിനമാണെന്ന ജ്യോൽസ്യ വിധി പരന്നു. ഒരു ദിവസം കൂടി ബ്രിട്ടീഷുകാരെ സഹിച്ച് 16 ന് സ്വാതന്ത്ര്യം മതിയെന്ന് പലരും അഭിപ്രായപ്പെട്ടു.

കൊൽക്കത്തയിൽ സ്വാമി മാധവാനന്ദ പഞ്ചാംഗം ഉടൻ നോക്കി. 15 ൻറെ ഗ്രഹപ്പിഴ കണ്ടു ഞെട്ടി. അന്ന് മകര രാശി.പ്രതിലോമകരമായ നില. വിഭജനം അല്ലാതെ വഴിയില്ല. അന്ന് ശനിയുടെ ബാധയുമുണ്ട്. രാഹുവിൻറെ അപഹാരമുണ്ട്. 14 പാതിരാ മുതൽ 15 മുഴുവൻ ശനിയും വ്യാഴവും ശുക്രനും ശപിക്കപ്പെട്ട ഒൻപതാം കർമ്മ സ്ഥാനത്താണ്. അസമിലെ മലനിരയിലെ ഒരു ക്ഷേത്രത്തിൽ ധ്യാനത്തിലും താന്ത്രിക വിദ്യയിലും മുഴുകിയ ആൾ ആയിരുന്നിട്ടും സ്വാമിക്ക് സംയമനം നഷ്ടപ്പെട്ടു. ഒരു കടലാസ് എടുത്ത് അദ്ദേഹം നാശത്തിന് ഉത്തരവാദി ആയ മൗണ്ട് ബാറ്റന് കത്തെഴുതി; "ഒരു കാരണവശാലും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നൽകരുത്. വെള്ളപ്പൊക്കം, വരൾച്ച, ക്ഷാമം, കൂട്ടക്കൊല എന്നിവ ഉണ്ടാകും. അത് നക്ഷത്രങ്ങൾ ശപിച്ച ദിവസമാണ്."

വേറെ തീയതികൾ നിർദേശിച്ചെങ്കിലും മൗണ്ട് ബാറ്റൻ പ്രഖ്യാപിച്ച തീയതിയിൽ ഉറച്ചു നിന്നു. അങ്ങനെ ജ്യോൽസ്യർ കണ്ടെത്തിയ അഭിജിത് മുഹൂർത്തം ആയിരുന്നു, ഓഗസ്റ്റ് 14 പാതിരയ്ക്ക് അടുത്ത് വരുന്നത്. ബ്രിട്ടീഷുകാർക്ക് ദിവസം തുടങ്ങുന്നത് പാതിരയ്ക്കും ഹിന്ദുക്കൾക്ക് സൂര്യോദയത്തിലുമാണ് എന്ന ന്യായവും കിട്ടി. 12 .15 ന് 24 മിനുട്ട് മുൻപും പിൻപും വരെ ആയിരുന്നു അഭിജിത് മുഹൂർത്തം. 11 .51 മുതൽ 12 .39 വരെ. 12 മണിക്ക് നെഹ്‌റു പ്രസംഗം അവസാനിപ്പിക്കാൻ നിർദേശിച്ചു. രാഷ്ട്ര പിറവി അറിയിച്ചു ശംഖ് ഊതുന്നതിന് വേണ്ടി ആയിരുന്നു, ഇത്.

ചടങ്ങിൽ നെഹ്‌റുവിന് പുറമെ, ചൗധരി ഖാലിക് ഉസ്സമാനും ഡോ എസ് രാധാകൃഷ്ണനും പ്രസംഗിച്ചു. ഉസ്താദ് ബിസ്മില്ലാ ഖാൻ ഷെഹനായ് വായിച്ചു. സുചേതാ കൃപലാനി വന്ദേമാതരം, സാരെ ജഹാം സെ അച്ഛാ, ദേശീയ ഗാനം എന്നിവ പാടി.

ഓഗസ്റ്റ് 15 അശുഭ ദിനമാണെന്ന് ഉജ്ജയിനിയിലെ ജ്യോതിഷികളായ ഹർദേവ് ശർമ ത്രിവേദിയും സൂര്യ നാരായൺ വ്യാസും രാജേന്ദ്ര പ്രസാദിനെ അറിയിക്കുകയായിരുന്നു എന്ന് കെ എൻ റാവു Journal of Astrology യിൽ എഴുതിയിട്ടുണ്ട്. Nehru Dynasty എന്ന പുസ്തകത്തിൽ, ജ്യോതിഷികളുടെ
ഇടപെടൽ നെഹ്‌റു മറച്ചു വച്ചെങ്കിലും, സ്വകാര്യമായി പോംവഴി തേടിയതായി റാവു എഴുതുന്നു. മൂന്ന് കാരണങ്ങളാൽ ഹർദേവ് ശർമ പാതിര നിർദേശിച്ചു.

ഒന്ന്: ആ നേരമാകുമ്പോൾ ചന്ദ്രൻ പൂയം നക്ഷത്രത്തിൽ എത്തും. ബംഗാളിൽ മഹാ നക്ഷത്രം എന്ന് പുഷ്യ നക്ഷത്രം അറിയപ്പെടുന്നു. ഒരു മുഹൂർത്തത്തിന് നല്ല നക്ഷത്രം.

രണ്ട്: അഭിജിത് മുഹൂർത്തം പാതിരയ്ക്കടുത്താണ്. അത് കണക്കാക്കിയത് ഇങ്ങനെ: 15 ന് സൂര്യോദയം രാവിലെ 5 :33 -31. അസ്തമയം 6 :57 -31. അസ്തമയം തൊട്ട് അടുത്ത സൂര്യോദയത്തിന് പത്തു മണിക്കൂർ 36 മിനിറ്റ്. ഇതിൻറെ പകുതി അഞ്ചു മണിക്കൂർ 18 മിനിറ്റ്. ഇത് അസ്തമയ നേരത്തോട് ചേർത്താൽ പാതിര 12:15. ഇതിന് 24 മിനിറ്റ് മുൻപും പിൻപും അഭിജിത് മുഹൂർത്തം.

മൂന്ന്: ആ സമയത്തുണ്ടാകുന്നത് വൃഷഭ ലഗ്നം. അടിത്തറയ്ക്ക് പറ്റിയ സമയം.
പാതിര തിരഞ്ഞെടുത്തത് ജ്യോതിഷ കാരണങ്ങളാൽ എന്ന് സർ വുഡ്രോ വ്യാറ്റ് 1988 മേയിൽ ലണ്ടൻ ടൈംസിൽ എഴുതി. ഓഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനമാക്കിയ പാകിസ്ഥാൻ കുഴപ്പത്തിലായി -മേട ലഗ്നം. ചന്ദ്രൻ മിഥുനത്തിൽ.അത് ബുധനുമായി ഇടർച്ചയിൽ. ഖല യോഗം. കന്യാ ലഗ്നത്തിൽ പ്രതിജ്ഞ ചെയ്ത ജിന്ന താമസിയാതെ മരിച്ചു.

മൗണ്ട് ബാറ്റൻ,നെഹ്‌റു,ജിന്ന -അവസാന ചർച്ച 

ഉജ്ജയിനിയിൽ സഹപാഠികൾ ആയിരുന്ന ശർമയും വ്യാസും വരാഹ മിഹിര സമ്പ്രദായത്തിൽ പെട്ടവരായിരുന്നു. ജ്യോൽസ്യരുടെ പോംവഴി സ്വീകരിച്ച മൗണ്ട് ബാറ്റൻ 14 രാവിലെ കറാച്ചിയിൽ പോയി വൈകിട്ട് ഡൽഹിയിൽ എത്തി. സ്വാതന്ത്ര്യ പ്രഖ്യാപന ശേഷം ഉദ്യോഗസ്ഥരുടെ യോഗത്തിൽ സ്റ്റാഫിൽ ജ്യോത്സ്യന്മാർ ഇല്ലാതിരുന്നതിൽ അദ്ദേഹം ഖേദിച്ചു. തുടർന്നുള്ള കാര്യങ്ങളിൽ ജ്യോൽസ്യരെ കാണുന്നതിന് പ്രസ് അറ്റാഷെ അലൻ കാംപ്ബെൽ ജോൺസണെ ശട്ടം കെട്ടി.

ഇതാണ് പാതിരാ സ്വാതന്ത്ര്യത്തിൻറെ കഥ. പുരോഹിതരെ വരുത്തി സ്വയം അഭിഷേകം ചെയ്ത നെഹ്‌റുവിന് ജ്യോൽസ്യൻമാർക്ക് പഞ്ഞം ഉണ്ടായിരുന്നില്ല. അത് കൊണ്ട് കെ എം പണിക്കരുടെ അവകാശ വാദം കേട്ടാൽ ആരും ജാലിയൻ കണാരനെ ഓർത്തു പോകും. നൈസാമിൽ നിന്ന് സർദാർ പട്ടേൽ ഹൈദരാബാദ് പിടിച്ചത് തൻറെ ഉപദേശം കേട്ടായിരുന്നു എന്നും പണിക്കർ തട്ടി വിടുന്നുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ബിക്കാനീർ എന്ന ചെറുകിട നാട്ടു രാജ്യവും അവിടത്തെ ദിവാനായ പണിക്കരും ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിൽ ചെറിയ അടിക്കുറിപ്പ് പോലും അല്ല. "അത് ഞമ്മളാണ് " എന്ന് പറഞ്ഞ എട്ടുകാലി മമ്മൂഞ്ഞിനെയും പണിക്കരിൽ കാണാം.
---------------------------------------------------
See https://hamletram.blogspot.com/2019/10/blog-post_67.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...