Saturday 21 December 2019

മാർക്സിന്റെ ഭാര്യയുടെ ജാരൻ

മാർക്സിനെ അയാൾ പോരിന് വിളിച്ചു 

സ്‌ട്രേലിയൻ നാടകകൃത്ത് അനിട്ര നെൽസൺ എഴുതിയ The Servant Of Revolution എന്ന നാടകം,അവരുടെ അനുവാദത്തോടെ ഞാൻ പരിഭാഷപ്പെടുത്തുകയുണ്ടായി.മാർക്സിന്റെ വീട്ടു വേലക്കാരി ഹെലൻ ദിമുത് -ൻറെ കഥയാണ്,നാടകം.അവരിൽ മാർക്സിന് ഫ്രഡ്‌ഡി എന്ന അവിഹിത സന്തതിയുണ്ടായി.മാർക്സിന്റെ ഭാര്യ ജെന്നി അഞ്ചാമതും ഗർഭിണി ആയിരിക്കെ ആയിരുന്നു,സംഭവം.മാർക്സിന്റെ അഭ്യർത്ഥന മാനിച്ച് സുഹൃത്ത് ഫ്രഡറിക്എംഗൽസ് പിതൃത്വം ഏറ്റു.

ഇക്കാര്യം അറിവുള്ളതാണ്.എന്നാൽ,നാടകത്തിൽ,മാർക്സിന്റെ ഭാര്യ ജെന്നിക്ക്, വില്ലിച്ച് എന്നൊരാളുമായി ബന്ധം ഉണ്ടായിരുന്നതായി നാടകത്തിൽ പറയുന്നു.നന്നായി ഗവേഷണം നടത്തിഎഴുതിയതാകയാൽ,നിഷേധിക്കാനാവില്ല.
മാർക്സ് വില്ലിച്ചിന് എതിരെ എഴുതിയ പുസ്തകം 
മാർക്സുമായി ബന്ധപ്പെട്ട വില്ലിച്ച് അദ്ദേഹത്തിൻറെ ശത്രുവായി തീർന്ന ഓഗസ്റ്റ് വില്ലിച്ച് ( 1810 -1878 ) ആണ്.മാർക്സിനെ ഒരിക്കൽ ദ്വന്ദ്വ യുദ്ധത്തിന് ക്ഷണിച്ചയാളാണ്,ഇയാൾ.മാർക്സിന്റെ അനുയായിയും ഇയാളുടെ സുഹൃത്തും ബെൽജിയത്തിൽ തോക്ക് യുദ്ധം നടത്തിയതായി ചരിത്രമുണ്ട്.ഇത്,ജെന്നിയെ ചൊല്ലി ആയിരുന്നു എന്നാണ് നാടക കൃത്ത് കണ്ടെത്തുന്നത്.

മാർക്സ് സാഹിത്യ രചന നടത്തിയതായി അധികം പേർക്കറിയില്ല -Knight of the Noble Spirit എന്നൊരു ഹാസ്യ കൃതി അദ്ദേഹം 1853 ൽ പ്രസിദ്ധീകരിച്ചു.ഇത് വില്ലിച്ചിനെ പരിഹസിച്ച് എഴുതിയതാണ്.ഇത് മാർക്സ് ജനിച്ച ജർമനി ട്രയറിലെ കാൾ മാർക്സ് ഹൗസ് പുസ്തക ശേഖരത്തിൽ ഉണ്ടായിരുന്നു.ഇപ്പോൾ അത് ബോണിലെ  ഫ്രഡറിക് എബെർട്ട് സ്റ്റിഫ് ട്യുങ് ലൈബ്രറിയിലുണ്ട്.

ജെന്നി 
ജൊവാൻ ഓഗസ്റ്റ് ഏണസ്റ്റ് വോൺ വില്ലിച്ച് പ്രഷ്യൻ പട്ടാളത്തിൽ ഓഫിസർ ആയിരുന്നു.കമ്മ്യൂണിസത്തിൻറെ ആദ്യ കാല വക്താക്കളിൽ ഒരാളായ അദ്ദേഹം പ്രഭുത്വ ചിഹ്നങ്ങൾ ഉപേക്ഷിച്ചാണ് കമ്മ്യൂണിസ്റ്റായത്.കിഴക്കൻ പ്രഷ്യയിലെ ബ്രോൺസ് ബർഗിൽ ജനിച്ചു.പട്ടാള ക്യാപ്റ്റൻ ആയിരുന്ന പിതാവ് വില്ലിച്ചിന്റെ മൂന്നാം വയസിൽ മരിച്ചു.സൈനിക വിദ്യാഭ്യാസം നേടി പട്ടാളത്തിൽ ചേർന്ന അയാൾ 1846 ൽ റിപ്പബ്ലിക്കനായി പട്ടാളം വിട്ടു.രാജിക്കത്ത് രാജ്യദ്രോഹമാണെന്നു കണ്ട് അറസ്റ്റിലായി സൈനിക കോടതി വിചാരണ ചെയ്ത ശേഷമാണ് രാജിക്ക് അനുവദിച്ചത്.

കമ്മ്യൂണിസ്റ്റ് ലീഗിൽ ഇടത് ചേരിയിൽ ആയിരുന്നു.1848 ലെ അലസിയ ജർമൻ വിപ്ലവത്തിൽ പങ്കെടുത്തു.അക്കാലത്ത് ഫ്രഡറിക് എംഗൽസ് സഹായി ആയിരുന്നു.സ്വിറ്റ്‌സർലൻഡ് വഴി ലണ്ടനിൽ എത്തി.ലണ്ടനിൽ ഫ്രഞ്ച് വിപ്ലവകാരി എമ്മാനുവൽ ബർത്തലെമിയുടെ സഹപ്രവർത്തകനായി.ജർമൻ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാപകരിൽ ഒരാളായ വില്യം ലീബക്നെറ്റ് വിവരിച്ച പ്രകാരം,*വില്ലിച്ചും ബർത്തലെമിയും യാഥാസ്ഥിതികനായ മാർക്സിനെ കൊല്ലാൻ തീരുമാനിച്ചു.വില്ലിച്ച്,മാർക്സിനെ പരസ്യമായി അവഹേളിച്ചു;പരസ്പര യുദ്ധത്തിന് വെല്ലുവിളിച്ചു.മാർക്സ് വഴങ്ങിയില്ല.മാർക്സിന്റെ യുവ അനുയായി കോൺറാഡ് ഷ്റാം അത് സ്വീകരിച്ചു.ബർത്തലെമി,വില്ലിച്ചിൻറെ പ്രതിപുരുഷനായി ഷ്റാമുമായി 1850 ൽ ഏറ്റുമുട്ടി.പിസ്റ്റൾ യുദ്ധത്തിൽ പരുക്കേറ്റ ഷ്റാം രക്ഷപ്പെട്ടു.തൊഴിലുടമയെയും മറ്റൊരാളെയും കൊന്ന കേസിൽ 1855 ൽ ലണ്ടനിൽ ബർത്തലെമിയെ തൂക്കി കൊന്നു.
പാരിസിൽ ജനിച്ച ബർത്തലെമി ( 1823 -1855 ) ഫ്രഞ്ച് വിപ്ലവകാരിയും ഫ്രഞ്ച് രാജാവ് ലൂയി ഫിലിപ്പിന് എതിരായ രഹസ്യ സംഘങ്ങളിൽ അംഗവും ആയിരുന്നു.1839 ൽ വെറും 16 വയസിൽ ഒരു മുനിസിപ്പൽ ഗാർഡിനെ  വെടിവച്ച കേസിൽ തടവിലായിരുന്നു.ഓഫിസർ കൊല്ലപ്പെട്ടെന്നും അല്ല പരുക്കേറ്റതേയുള്ളുവെന്നും വാദമുണ്ട്.1847 ൽ പൊതു മാപ്പിൽ രക്ഷപ്പെട്ടു.അടുത്ത കൊല്ലം അലസിപ്പോയ വിപ്ലവത്തിൽ പങ്കെടുത്ത് ശിക്ഷിക്കപ്പെട്ടു.രക്ഷപ്പെട്ട് 1850 ൽ ലണ്ടനിൽ എത്തി.അയാൾ ഫ്രഞ്ച് സർക്കാരിൻറെ ചാരനാണെന്ന് ചിലർ വിശ്വസിച്ചു.മാർക്സ്,വില്യം ലീബക്നെറ്റ് എന്നിവരുമായി പരിചയപ്പെട്ടു.മാർക്സിന്റെ വീട്ടിൽ പല തവണ പോയെങ്കിലും മാർക്സിന് ഇഷ്ടപ്പെട്ടില്ല.ജെന്നിക്ക് തീരെ പിടിച്ചില്ല.ബർത്തലെമിയുടെ അവസാന ദ്വന്ദ്വ യുദ്ധം 1852 ൽ ആയിരുന്നു.1854 ഡിസംബർ എട്ടിന് സോഡാ നിർമാതാവ് ജോർജ് മൂറിനെയും ഒരു പച്ചക്കറി കച്ചവടക്കാരനെയും കൊന്നു.ഒപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു.

ബർത്തലെമിയുടെ കഥ മാർക്ക് മുൾഹോളണ്ട് The Murderer of Warren Street എന്ന പേരിൽ പുസ്തകമാക്കി.

മാർക്സ് വിപ്ലവ വഞ്ചകൻ ആണെന്നായിരുന്നു ബർത്തലെമിയുടെ വാദം.ഇതിനെ ഖണ്ഡിക്കാൻ മാർക്സ് അദ്ദേഹത്തിൻറെ അറിയപ്പെടാത്ത Heroes Of  The  Exile എന്ന പരിഹാസ രചനയിൽ ശ്രമിച്ചിട്ടുണ്ട്.വിക്റ്റർ യൂഗോയുടെ
'പാവങ്ങൾ' എന്ന നോവലിൽ ഭീകരതയുടെ പ്രേത രൂപിയായി ബർത്തലെമിയെ ചിത്രീകരിച്ചിട്ടുണ്ട്.ബർത്തലെമിയുടെ മരണ ശേഷം,അയാളുടെ പേരിൽ സംഘാംഗങ്ങൾ ലഘു ലേഖയിറക്കി.പ്രൂധോൻ ഉൾപ്പെടെ യഥാർത്ഥ തൊഴിലാളി വർഗ വാദികളുമായി തർക്കിച്ചയാളാണ്,മാർക്സ്.ബെർത്തലെമിയുടെ അവസാന ആഗ്രഹം മിൽട്ടൻറെ 'പറുദീസാ നഷ്ടം' ഫ്രഞ്ചിൽ വരണം എന്നായിരുന്നു.
ബർത്തലെമി 
ജർമനിയിൽ 1822 ൽ ജനിച്ച ഷ്റാം കമ്മ്യൂണിസ്റ്റ് ലീഗ് പ്രവർത്തകൻ ആയിരുന്നു.1848 ലെ അലസിയ വിപ്ലവത്തിന് ശേഷം ലണ്ടനിൽ എത്തി.'ന്യൂ റീനിഷ് ന്യൂസ്' മാനേജർ ആയിരുന്നു.മാർക്സിന്റെയും എംഗൽസിന്റെയും സുഹൃത്ത്.ലണ്ടനിൽ ദ്വന്ദ്വ യുദ്ധങ്ങൾ വിലക്കിയതിനാലാണ് ഇയാളും ബെർത്തലെമിയും തമ്മിലുള്ളത് ബെൽജിയത്തിൽ നടന്നത്.തലയ്ക്ക് വെടിയേറ്റ ഷ്റാം 1858 ൽ മരിച്ചു.
ലണ്ടനിൽ ആശാരിപ്പണി ചെയ്ത വില്ലിച്ച്,അമേരിക്കയിൽ കുടിയേറി ബ്രൂക്ലിൻ നേവി യാർഡിൽ ആ പണി ചെയ്തു.അയാളുടെ കഴിവുകൾ കണ്ടെത്തി തീരദേശ സർവേ വിഭാഗത്തിൽ ജോലി നൽകി.സിൻസിനാറ്റിയിൽ ജർമൻ തൊഴിലാളി പത്രത്തിൻറെ എഡിറ്ററായി.1861 ൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പടയാളിയായി.യുദ്ധ ശേഷം സർക്കാർ സർവീസിൽ ഓഡിറ്റർ.1870 ൽ ജർമനിയിലേക്ക് മടങ്ങി പ്രഷ്യൻ പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല.ബർലിൻ സർവകലാശാലയിൽ നിന്ന് തത്വ ശാസ്ത്രത്തിൽ ബിരുദം നേടി.അമേരിക്കയ്ക്ക് മടങ്ങി ഒഹായോയിൽ മരിച്ചു.
വില്ലിച്ച് 
മാർക്സ്  Revelations Concerning the Communist Trial in Cologne എന്ന പ്രബന്ധത്തിൽ എഴുതി:"വടക്കൻ അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിൽ,താൻ ക്രാന്ത ദർശിക്കപ്പുറമാണെന്ന് വില്ലിച്ച് തെളിയിച്ചു".
മാർക്സ് സാധാരണ ശത്രുക്കളെപ്പറ്റി ഇത് പറയാത്തതാണ്.

നാടകത്തിൽ പറയുന്നത്, വില്ലിച്ച് ഒരിക്കൽ ഊറ്റത്തോടെ മാർക്സിന്റെ ലണ്ടനിലെ വീട്ടിലെ കിടപ്പുമുറിയിൽ പോയി,ജെന്നിയെ പങ്കിട്ട് മാർക്സ് കമ്മ്യൂണിസ്റ്റ് വിശ്വാസം തെളിയിക്കണം എന്നാവശ്യപ്പെട്ടു എന്നാണ്.മാർക്സ് അയാളെ വെറുപ്പോടെ തുറിച്ചു നോക്കിയെങ്കിലും.പിന്നീട് പലപ്പോഴും ഈ ആവശ്യം ഉന്നയിച്ചു.ജെന്നി അനുകൂലമായി പ്രതികരിച്ചു എന്നാണ് വേലക്കാരി ഹെലൻ പറയുന്നത്.
---------------------------------
* Wilhelm Liebknecht/ Karl Marx: Biographical Memoirs,1896 

See https://hamletram.blogspot.com/2019/08/blog-post_2.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...